‘‘എന്റെ 15ാമത്തെ വയസ്സിലാണ് ശരീരത്തിനുനേരെയുള്ള മറ്റൊരു ആക്രമണം നടക്കുന്നത്. അപൂർണമായ മറ്റൊരു ആക്രമണം. എന്നാൽ ഭർത്താവൊത്തുള്ള ആദ്യരാത്രിയിൽ പോലും എന്റെ ഹൃദയത്തെ നിർത്തിക്കളഞ്ഞത്ര ഭയാനകമായാണത് വന്നത്. എന്റെ ചെറിയ കുഞ്ഞുങ്ങൾ പാലുകുടിക്കുമ്പോൾ പോലും നഖം തട്ടിയ നിമിഷം തലയ്ക്കുവന്നടിച്ചപോലെ ആ ഓർമ ചവർത്തു''-
പൊതുസ്ഥലങ്ങളിൽ ശരീരത്തിനുനേരെയുള്ള ആക്രമണങ്ങളോട് പെൺകുട്ടികൾ എങ്ങനെ പ്രതികരിക്കും? അത്തരം ആക്രമണങ്ങൾ അവരിൽ എത്രത്തോളം വൈകാരികവും മാനസികവുമായ ആഘാതമാണുണ്ടാക്കുന്നത്?- സ്വന്തം അനുഭവങ്ങളെ മുൻനിർത്തി എഴുത്തുകാരി ഇന്ദുമേനോൻ എഴുതുന്നു. ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന എന്റെ കഥ എന്ന ആത്മകഥയിലാണ് ആക്രമണകാരികളായ പുരുഷന്മാരെ ഒറ്റക്കു നേരിട്ട പെൺകുട്ടികളുടെ അനുഭവം അവർ എഴുതുന്നത്.
‘‘കുട്ടികളെ നന്നായി നോക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മകളായിട്ടു പോലും എനിക്കിത്തരം സംഗതികൾ അമ്മയോടുപോലും പറയാൻ കഴിഞ്ഞില്ല. ഞാനാണ് കുറ്റവാളിയെന്ന പോലെ മനസ്സ് തപിച്ചു. പള്ളിക്കാട്ടിൽ പൂ പറിയ്ക്കാൻ ഒറ്റക്കുപോയത് എന്ന കുറ്റകൃത്യമാണ് ആദ്യത്തെ സംഭവത്തിലെങ്കിൽ രണ്ടാമത്തേതിൽ സിനിമ കാണാൻ കാസറ്റ് വാടകക്കെടുക്കുക എന്ന അത്യന്തം കുറ്റകരമായ മറ്റൊരു കർമത്തിനാണ് ഞാൻ മുതിർന്നത്. ഒരാൺകുട്ടിയായിരുന്നെങ്കിൽ ന്യായീകരിക്കുമായിരുന്ന ഈ കൃത്യങ്ങൾ പെൺകുട്ടിയായതിനാൽ തന്നെ ഞാൻ മറച്ചുപിടിച്ചു. കാരണം ഓരോ പെൺശരീരവും ജനനം മുതലേ കുറ്റകരമാണ്. അതിന്റെ വളർച്ച, ചലനങ്ങൾ, നിൽപ്പുകൾ ഒക്കെ അപകടകരമായ രീതിയിൽ സദാ സമൂഹം കുറ്റകൃത്യകാരണമായി അടയാളപ്പെടുത്തുന്നു. ഒരേ സമയം അവജ്ഞയുടേയും അതേ സമയം ആദരവിന്റെയും കാതലാണ് ഇന്ത്യൻ സമൂഹത്തിൽ പെൺശരീരം.
ഭൂരിഭാഗത്തിനാകട്ടെ ഉടുപ്പിനുള്ളിൽ നൂണ്ടുകിടക്കുന്ന അതിനിസ്സഹായമായ വഴുവഴുപ്പാണ് ഓരോ പെൺശരീരവും. അതെത്രമാത്രം വഴുവഴുത്തെന്ന്, എത്രമാത്രം നിസ്സഹായമെന്ന്, അതിനെത്ര റാത്തൽ തൂക്കമുണ്ടെന്നു കണക്കാക്കിയാണ് പുരുഷൻമാർ ജീവിക്കുന്നതുതന്നെ. സ്ത്രീയെന്നാൽ അവർക്ക് വഴുവഴുത്ത തുടകളും ആഴമുള്ള പൊക്കിൾച്ചുഴികളും തുളുമ്പുന്ന മുലകളും രണ്ടുമൂന്നു ദ്വാരങ്ങളും മാത്രമാണ്.''
‘‘കാസറ്റു കടയിൽ വച്ച് ആക്രമിക്കാൻ അയാൾ തുനിഞ്ഞപ്പോൾ ഞാൻ വഴുക്കുകയല്ല തീ പിടിക്കയാണൂണ്ടായത്. സർവം കത്തിച്ചുകളയാൻ പര്യാപ്തമായ ഒരു കുതറൽ എന്റെ വശത്തുനിന്നുണ്ടായി. കാട്ടുതീ പോലെ എന്നിലത് പടർന്നു.''
‘‘സ്‌കൂളിലെന്തോ പരിപാടിയുണ്ടായിരുന്നു. ഞാനൊരു കറുത്ത പട്ടുപാവാടയിട്ടു. കാഞ്ചീപുരത്തിന്റെ കാക്കനിറക്കറുപ്പാർന്ന കരിമ്പട്ട്. അതിനു മാങ്ങാമോട്ടീഫ് തുന്നിയ കസവരിക്. ജിമിക്കിയും മൂന്നുകാശുള്ള മാലയും കറുത്ത വട്ടപ്പൊട്ടും കുളിപ്പിന്നിയിട്ട് അഴിച്ചിട്ട മുടിയും.''
‘‘അന്നു രാവിലെ അനീസ് വിളിച്ചിരുന്നു. സതി ലീലാവതി എന്നകമലഹാസൻ സിനിമയുടെ തീയേറ്റർ പ്രിൻറ് വന്നിരിക്കുന്നു. രാവിലെ തന്നെ വന്നു വാങ്ങണം. അല്ലെങ്കിൽ ആരെങ്കിലും എടുത്ത് കൊണ്ടു പോകും. രാമനാട്ടുകരയിൽ അങ്ങാടിയിൽ തന്നെ മുകൾനിലയിലാണ് കാസറ്റ് ഷോപ്പ്. 8 മണിയായതേയുള്ളു. ഞാൻ മുകളിലേയ്ക്കു കയറിച്ചെന്നു. അനീസ് എന്നെ കൗതുകത്തോടെ നോക്കി.
‘‘എന്താ വിശേഷം. നല്ല രസണ്ട്'' അയാൾ പൊടുന്നനെ വെളിയിലേയ്ക്ക് നോക്കി
‘‘ദീപ്തി വന്നില്ലല്ലെ?''
‘‘ഇല്ല.''
മ്മ്ഹ്‌മ്'' അയാൾ അമർത്തി മൂളി.
‘‘ഞാനെ കാസറ്റ് എടുത്തിട്ട് വേഗം വരാ. ഇപ്പോ എടുത്തിട്ട് വരാം''
വ്യാജപതിപ്പുകൾ പുറത്തൊരുടത്താണ് വെയ്ക്കുന്നത്. അനീസ് അതെടുക്കാൻ പോയി. ഞാൻ ഓരോ റാക്കുകകളിലായി പുതിയതായി വന്ന പ്രേതസിനിമകൾ തെരയുവാൻ തുടങ്ങി. കൃത്യം മൂന്നര മിനുട്ട് കഴിഞ്ഞതും എന്നെയാരോ പുറകിൽ നിന്നും അമർത്തികെട്ടിപ്പിടിച്ചു. പൂണ്ടടക്കം ഒരു പുരുഷന്റെ ആലിംഗനം. ഞാൻ കുതറവെ രണ്ട് വലിയ കൈകൾ എന്റെ മുലകളെ അമർത്തി ഞെരിച്ചു.
‘‘സുഖമുണ്ടോ?'' എന്ന് പിങ്കഴുത്തിൽ ചൂടാവിതട്ടി. ഞാൻ ബലം പിടിച്ച് അയാളെ തള്ളി. ഞാനും അയാളും കൂടി ഒരു റാക്കിന്റെമേലേക്ക് വീണു. വീഴ്ചയിൽ ഞാൻ സ്തബ്ധയായി. അതവനായിരുന്നു. അനീസ്. എനിക്ക് ഓർമ്മിക്കാൻ പോലും കഴിഞ്ഞില്ല. കിടന്ന കിടപ്പിൽ ക്യാസറ്റുകൾ പെറുക്കി ഞാനവനെ എറിഞ്ഞു. എനിക്ക് അസഹനീയമായ കോപവും വെറുപ്പുമുണ്ടായി. രണ്ട് റാക്കുകൾ കൂടി ഞാൻ ഭ്രാന്തിയെപ്പോലെ തള്ളിത്താഴെയിട്ടു. അയാളുടെ കയ്യിലിരുന്ന ക്യാസറ്റുകളെ തട്ടിപ്പറച്ച് രീൽ ഞാൻ പുറത്തേയ്ക്കു വലിച്ചെടുത്തു. ചിലത് ചവിട്ടിയും അടിച്ചും പൊട്ടിച്ചു. കലിതീരാതെ അയാളെ നേർക്ക് വലിച്ചെറിയുകയും ചെയ്തു.
‘‘സുഖമുണ്ടോ?'' എന്ന ചോദ്യത്തിന്റെ അശ്ലീലം ചെവിയിൽ വെറുപ്പാർന്ന് അന്നുതൊട്ടിങ്ങോളം കിടക്കുന്നുണ്ട്. പട്ടുപാവാടയിടാൻ തോന്നിയ നിമിഷത്തെ ഞാൻ വെറുത്തു. വളർന്ന മുലകളെ ഞാൻ പ്രാകി. കുളിക്കുമ്പോൾ നഖം തട്ടിയ മൂർച്ചയിൽ നെഞ്ചിനേക്കാളേറെ മനസ്സ് നീറി. പിന്നീടുള്ള ജീവിതത്തിൽ രതിയാകട്ടെ കുഞ്ഞുങ്ങളുണ്ണലാവട്ടെ അൽപ്പമൊന്ന് വേദനിച്ചാൽ മിന്നൽ പോലെ ഈ സംഭവം എന്നെ ആഞ്ഞടിച്ചു.
‘‘അതൊരു തിങ്കളാഴ്ച രാവിലെയാണ്. മഞ്ചേരിയിൽ നിന്നും വരുന്ന ഫാത്തിമ ബസിൽ ഐക്കരപ്പടിയിൽ നിന്ന് ആനന്ദിയും പതിനൊന്നിൽ നിന്നു ഞാനും കയറി. അൽപ്പം കഴിഞ്ഞപ്പോൾ അവൾ ഇരുന്നു വിയർക്കുന്നു. കൈകൾ ഭയത്താൽ തണുത്തുറഞ്ഞിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ശ്വാസഗതിപോലുമില്ലാതെ ഇരിക്കശ്ശവമായി അവളങ്ങനെ മരച്ചിരിക്കുന്നു. ഞാനവളെ തൊട്ടു.
‘‘എന്താ?'' അവൾ വിറയലോടെ കണ്ണു കാണിച്ചു.
ഒരു വിഷസർപ്പം ഇഴഞ്ഞു കയറിയപോലെ, സീറ്റിന്റെയും ബസിന്റെയും വിടവിലൂടെ കയറി വന്ന മനോഹരമായ ഒരു കൈ. ഒരാൺകൈ. മുപ്പതുകളുടെ യൗവ്വനഗ്രസ്തമായ കൈ. നവരത്‌ന മോതിരമിട്ട വിരൽ. ആനന്ദിയുടെ വയറരികിൽ തൊട്ടു തൊട്ടേ കളിയ്ക്കുകയാണ്. ഞാൻ വിടവിലൂടെ തിരിഞ്ഞു നോക്കി. അയാൾ ഉറക്കം നടിയ്ക്കുകയാണ്. മൂന്നു പുരുഷന്മാരിരിക്കുന്നതിനാൽ അൽപ്പം മുമ്പോട്ടാഞ്ഞ് ഞങ്ങളുടെ സീറ്റിന്റെ പുറകിൽ തല ചേർത്ത് വെച്ചിരിക്കയാണ്. ഉറക്കമല്ല നടിക്കമാണ്.
ചേതനച്ചേച്ചി പഠിപ്പിച്ച ‘‘തിരക്കിട്ട ബസ്സിലെ തിരക്കിട്ട കൈകൾക്കുള്ള മരുന്നു'' എന്ന പാഠം എന്നെ ഹരം കൊള്ളിച്ചു.
‘‘ശ്ശ്’’, ഞാൻ ചുണ്ടിൽ വിരൽ ചേർത്തു.
‘‘നെനക്കെന്താ വേണ്ടത്? പിന്ന്? കോമ്പസ്? ബ്ലേഡ്?''
‘‘ഏഹ്?'' ആനന്ദി കണ്മിഴിച്ചു
‘‘എടോ ഓനെ ശരിയാക്കാനെ നെനക്കെന്താ വേണ്ടത്? പിന്ന്? കോമ്പസ്? ബ്ലേഡ്?''
‘‘ശരിക്കും?'' അവളുടെ മുഖം പ്രത്യാശാപൂർണ്ണമായി.
‘‘ആ ശരിക്കും. നന്നായിട്ട് കൊടുത്തോ. നീ ആദ്യം ആ കയ്യ് ഒന്നു തൊടണം.ഓനെ ഒന്നു പ്രതീക്ഷ നൽകി സുയ്പ്പിക്കണം''
‘‘അഹ്. ഈഹ്.'' അവളറച്ചു.
‘‘അയാള് മൊത്തത്തിൽ കയ്യിപ്പറത്തിടണം. ഒന്നു തൊട്ടാൽ മതി. നമ്മളീക്ക് ഇഷ്ടാണെന്ന് കരുതി കയ്യ് എങ്ങനേം ഇട്ടു തരും. ദാ നോക്ക് ഇങ്ങനെ''
ഞാൻ അവളുടെ ഷാളിന്റെ തുമ്പിലെ നൂലുണ്ടയുടെ അറ്റമെടുത്ത് അയാളുടെ കൈത്തണ്ടയിൽ തഴുകി. ആ കൈകൾ വിജ്രംഭിതമായി. അയാൾ വിരലുകൾ പൂർണ്ണമായി ഇപ്പുറത്തേയ്ക്കിട്ടു. കൈപ്പത്തി മൊത്തമായും.
കൺനീരിനിടയിലും ആക്കളി കാൺകെ ആനന്ദി ചിരിച്ചു. അവൾ അയാളുടെ കൈവിരലുകളിൽ തന്റെ വിരൽ കോർത്തു മുറുക്കിപ്പിടിച്ചു.
‘‘എന്താ നെനക്ക് വേണ്ടത്?'' ഒന്നാലോചിച്ചു.
‘‘ബ്ലേഡ്'' അവന്റെ കൈകളെ തലോടിക്കൊണ്ട്, ആനന്ദിയുടെ മുഖം പിന്നെ സ്‌തോഭപൂർണ്ണമായി മുറുകി. ഞാൻ ഇൻസ്ട്രുമെൻറ് ബോക്സ്സിൽ നിന്നും ബ്‌ളേഡ് എടുത്തു കൊടുത്തു. ആനന്ദി അയാളൂടെ മോതിരമിട്ട വിരലുകളിലൂടെ സ്വന്തം വിരൽ അമർത്തിപ്പിടിച്ചു. സീറ്റിനു പുറകിൽ നിന്നും അയാളുടെ നിശ്വാസം ദ്രുതഗതിയിലാവുന്നത് ഞങ്ങൾ കേട്ടു.
‘‘ഹാ നല്ല സുഖം..''
‘‘എനിക്കും'' ആനന്ദി സീറ്റരികൊലേയ്ക്കു ചാഞ്ഞു മുഖം തിരിച്ച് അങ്ങനെ മറുപടി പറയുമെന്ന് ഞാൻ കരുതിയതേയില്ല. അവളുടെ ശബ്ദം ഭയത്തിനും ഉന്മാദത്തിനും ഇടയിലായിരുന്നു.
ആനന്ദി ഇടത്തെ കൈകൊണ്ട് അയാളുടെ കൈ അമർത്തിപ്പിടിച്ചു. വലത്തെക്കൈകൊണ്ട് ഒറ്റവര, രണ്ടു വര, മൂന്നു വര... എന്റെ ദൈവമേ.
ഒരു ഭ്രാന്തിയെപ്പോലെ അയാളുടെ കൈയ്യിൽ അവൾ വരഞ്ഞു കൊണ്ടേയിരുന്നു. ചോര വാർന്നു. അയാൾ ഉറക്കെ കരയാനോ അമറാനൊ കഴിയാതെ പിടഞ്ഞു. ചോരപ്രളയം.
ഞങ്ങളിരു പേരും ഓടി. മുന്നിലെ വാതിലിലൂടെ ഇറങ്ങി.
‘‘ഹെയ് ചോര'' കിളി ആനന്ദിയുടെ ഉടുപ്പിലേയ്ക്കു നോക്കി.
‘‘പിരീഡ്സ്സായതാണ്'' ആനന്ദി വളരെ ശാന്തമായി അവനോട് വിളിച്ചു പറഞ്ഞു.
ആ സംഭവം എന്നിലുണ്ടാക്കിയ ഞെട്ടൽ ഭയങ്കരമായിരുന്നു.
ഇതൊരു തുടക്കം മാത്രമായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. ആനന്ദിയുടെ പ്രതികാരങ്ങൾ ഭയാനകമായിരുന്നു. ബസിൽ കയറുന്ന ഓരോ പുരുഷനും ആനന്ദിയെ ഭയത്തോടെ നോക്കുന്ന ഒരവസ്ഥയുണ്ടായി.
അതൊരു ട്രാൻസ്പോർട്ട് ബസായിരുന്നു. നന്നെ കിളരം കൂടിയ മുഖത്ത് താടിരോമങ്ങൾ നനുങ്ങനെയുള്ള കാണാൻ നിഷ്‌കളങ്കക്കണ്ണുകളും നിറയെ പീലികളുമുള്ള ഒരാൾ. ഞങ്ങളുടെ അരികെ വന്നു നിന്നു. മുൻസീറ്റിലെ കമ്പിയിൽ പിടിച്ച കൈകൾക്ക് മീതെയായിരുന്നു ആദ്യം അറിയാതെ തൊടൽ. തിരക്കേറി വരികെ അയാൾ സീറ്റിലിരുന്ന ഞങ്ങളുടെ മേലേയ്ക്ക് ചാഞ്ഞു ചാഞ്ഞു വന്നു. അസ്വസ്ഥകരമായ ഒരു സ്പർശം തന്റെ വലതുഭാഗത്ത് തിരിച്ചറിഞ്ഞ് ദീപ്തി നടുങ്ങി. അവൾക്ക് ഓക്കാനിക്കാൻ വന്നു.
‘‘ബ്ലേഡുണ്ടോ?'' ആനന്ദി എന്റെ ചെവിയിൽ ചോദിച്ചു.
‘‘ഇല്ല ബാഗ് മോളിലല്ലേ'' ഞാൻ പറഞ്ഞു.
ആനന്ദി ചുരിദാർ ഷാളിൽ കുത്തിയ പിന്ന് പതുക്കെ ഊരിയെടുത്തു. വണ്ടി ഫറോക്ക് പാലത്തിലേയ്ക്ക് കയറാൻ പോകെ അവൻ ദീപ്തിയുടേ മേലേയ്ക്ക് അപ്പാടെ ചാഞ്ഞു. അവന്റെ മുഖത്ത് അന്നേരം അശ്ലീലകരമായ ഒരു ഭാവം വിടർന്നു. അവന്റെ മുണ്ടും വിടർന്നു തന്നെയിരുന്നു. ദീപ്തിയും ഞങ്ങളും അവന്റെ പ്രവർത്തിയിൽ ആഹ്‌ളാദിക്കുന്നുവെന്നോ മറ്റോയുള്ള മട്ട്. ഒരു നിമിഷം. ഒറ്റ നിമിഷം.. അടുത്തനിമിഷം അവൻ പ്രാണവേദനയാൽ അമറി. ആനന്ദി ഒന്നുമറിയാത്ത ഭാവത്തിൽ പുറത്തേയ്ക്കു നോക്കിയിരുന്നു. അതേ നിമിഷം ദീപ്തി ഛർദ്ദിച്ചു. കയ്യിൽ വെച്ച നീല പ്ലാസ്റ്റിക്ക് കൂടിലേയ്ക്ക്. അയാളുടെ അലർച്ചയെന്തിനെന്ന് ആർക്കും മനസ്സിലായില്ല. ആനന്ദി സാധാരണമായി ദീപ്തിയുടെ പുറം തടവി. അടിഭാഗത്തു നിന്നാണ് വലിയ പിന്ന് ഒന്നരയിഞ്ചുള്ളത് ആനന്ദി കുത്തിയത് എന്നു മാത്രമേ ആ തിരക്കിൽ എനിക്ക് മനസ്സിലായിരുന്നുള്ളൂ.
‘‘അവന്റെ ബാൾസ്സിലാണെന്ന് തോന്നുന്നു. ഫുള്ളായിട്ട് കേറ്റീട്ടുണ്ട്'' ബസ്സ് നിർത്തിയതും അയാൾ വെടികൊണ്ട വെരുകിനെപ്പോലെ തിരക്കിനെ തള്ളി മാറ്റി പ്രാണവെപ്രാളത്തോടെ കോയാസ്സിലിറങ്ങുന്നത് കാൺകെ അവൾ ക്രൂരമായ വെറിയോടെ മന്ത്രിച്ചു.
ആനന്ദി അവളുടെ കഥ പറഞ്ഞു. 11 വയസ്സുള്ള ആനന്ദി മരിയാ ഫിലിപ്പ് അന്നു വയസ്സറിയിക്കാത്ത ഒരു കൊച്ചു പെൺകുട്ടിയായിരുന്നു.
‘‘എനിക്ക് മുലകളുണ്ടായിരുന്നില്ല. പ്രായപൂർത്തിയാവാനുള്ള ഒരു ലക്ഷണവും എന്റെ ശരീരം കാണിച്ചിരുന്നില്ല. എല്ലുകൾ എണ്ണിയെടുക്കാൻ പാകത്തിന്കൊട്ടയായ ഒരു പിഞ്ചായിരുന്നു ഞാൻ. വലിയ മുറിയായിരുന്നു അത്. ഞാൻ കുളിക്കുന്നു. ലിറിലിന്റെ പത എന്റെ കണ്ണിലു വീണു നീറി. ഞാൻ കോപ്പ തപ്പ്വേരുന്നു. ആ സമയത്താ അയാള് കേറി വന്ന് എന്റെ വായപൊത്തിയത്. എന്നെ ആള് തള്ളിയിടുകയാണ് ചെയ്തത്. കുളിമുറിയുടെ തറയിൽ തല തല്ലി വീണ് എനിക്ക് മരവിച്ചു പോയി''
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയാണവളെന്ന് എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല. ആദ്യമായി കാണുമ്പോഴുള്ള ഭയം. ഞെട്ടൽ ആത്മവിശ്വാസമില്ലായ്മ. പിന്നെ ഉപദ്രവിക്കുന്ന ഓരോരുത്തനോടും പക പൂണ്ട പോലെയുള്ള ബ്‌ളേഡു വരച്ചിലുകൾ..
‘‘ആ സംഭവത്തിലാണ് എന്റെ തോളെല്ലും നട്ടെല്ലും ഒടിഞ്ഞത്.'' എട്ടാം ക്ലാസിൽ വരുേമ്പാൾ ആനന്ദി പ്ലാസ്റ്റർ ഇട്ടിരുന്നത് ഞാനോർത്തു.
‘‘ഇപ്പോഴും രാത്രിയിൽ ഒരു ജീവി വന്ന് എന്റെ നെഞ്ചിൽ പല്ലമർത്തി മാസംവും തൊലിയും കടിച്ചെടുക്കുന്നതായിട്ട് ഞാൻ സ്വപ്നം കാണും. എന്തോരു വേദനയാണെന്നറയോ.?'' പഴുത്ത് വേദനിച്ച ഇടതു മുലക്കണ്ണിൽ അവൾ തൊട്ടു.
‘‘ഇപ്പോഴുണ്ട് ആ വേന ആ കഴപ്പ്. മരിച്ചു തീർന്നാലും പോവില്ലത്.
ഓരോ നിമിഷത്തിലുമൊണ്ട്. അയാള് എന്റെ മുന്നില് കല്യാണോം കഴിച്ച് നല്ലോൻ ചമഞ്ഞ് വിരുന്നു നടക്കുമ്പോൾ എനിക്ക് എന്നെപ്പറ്റിയോർക്കെ സഹിക്കാൻ വയ്യാതാവും. ഇപ്പോഴും എനിക്ക് കുളിയ്ക്കുമ്പോ വാരിയെല്ല് വേനിക്കും. ചില രാത്രീല് പേടിയായ്റ്റ് തോള് കഴയ്ക്കണ പോലെ തോന്നും. മൂത്രമൊഴിയ്ക്കുമ്പോൾ എപ്പോഴും നീറും. ഞാനോരുത്തരേം അയാളെന്ന് കരുത്യാണ് ബ്ലേഡ് വരേണത്.. ഒരു സമാധാനം തോന്നും അപ്പോ..''
സൂര്യനെ ചുംബിച്ച ആൺകുട്ടികൾ
എന്റെ കഥ,ഇന്ദുമേനോന്റെ ആത്മകഥ
ട്രൂ കോപ്പി വെബ്‌സീനിൽ വായിക്കാം, കേൾക്കാം