ഒരു സ്ത്രീ തന്റെ ഗർഭകാലം എങ്ങനെയാണ് അനുഭവിക്കുന്നത്?.
അനക്കം, നടത്തം, ഇരിത്തം, കിടത്തം, ആഹാരം, കാഴ്ച, ശബ്ദം എല്ലാത്തിലും അതിസൂക്ഷ്മത. എല്ലാത്തിലും ശ്രദ്ധ. വെട്ടം, വെള്ളം, കാറ്റ്, മണ്ണ് പൂവ്, മരങ്ങൾ എല്ലാത്തിനോടും മൃദുവായി ഇടപെടുന്ന ഗ്രാമ്യമായ ജീവത്ദിവസങ്ങൾ. എന്നിട്ട്, ഒടുവിൽ... ജീവിതത്തിലെ ആഘാതഭരിതമായ ഒരു അനുഭവത്തിലൂടെ സഞ്ചരിക്കുകയാണ് ഇന്ദുമേനോൻ ട്രൂ കോപ്പി വെബ്‌സീനിൽ എഴുതുന്ന ആത്മകഥയായ ‘എന്റെ കഥ'യിൽ.
‘‘എന്റെ ആദ്യത്തെ ഓമനഗർഭം ഏഴാം മാസത്തിൽ ശിശുവിലേക്കുള്ള കൊടിയിൽ രക്തയോട്ടം നിലച്ച്, കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്ന് ഒരു ദുരന്തകഥയായി മാറിയ ഭ്രൂണമരണമായിരുന്നു. അവരെ കൊന്നുകളയാൻ മനഃപൂർവ്വമല്ലാതെ കാരണമായവരോട് ഞാൻ ക്ഷമിച്ചു. ഡോക്ടർ അവളെ മെഡിക്കലി എന്റെ വയറ്റിൽ നിന്ന് ചുരണ്ടിയെടുത്തുകളയുമ്പോൾ ഞാൻ നിർമമയാർന്നു കിടന്നു. പൊടരു ചീഞ്ഞു പോയ നെൽക്കതിർ പോലെ നിസ്സംഗമായി എന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണീരിൽ ഞാൻ മുഖം താഴ്ത്തി.''
‘‘2006 ഏപ്രിലിലെ ആദ്യഗർഭപ്പെരുമയിൽ ചെറുപൈമ്പെണ്ണിനെപ്പോലെ എന്റെ കണ്ണുകളടക്കം തെഴുത്തിരുന്നു. പൂത്തു നിന്ന മരം ഉണ്ണിക്കായ്കൾ കായ്പ്പിക്കുന്നതുപോലെ ഞാൻ നിന്നു. ‘പൂവുപെറ്റൊരുണ്ണിയെ-' ഞാൻ വെറ്റിലക്കൊടിപോലെ തളിരാർന്നു നിൽക്കുന്ന വയറിനെ വാത്സല്യത്തോടെ തൊട്ടുഴിഞ്ഞു. അക്കാലത്ത് ഞാനും ഭർത്താവും നല്ല പ്രേമത്തിലായിരുന്നു. അദ്ദേഹമെനിയ്ക്ക് ഏറെ ശ്രദ്ധ തന്നു. നല്ല സ്നേഹമായിരുന്നു. ഞങ്ങൾ ഹൃദയം കൊണ്ടും ആത്മാവു കൊണ്ടുമൊക്കെ ആഴത്തിൽ പ്രേമിക്കുന്ന കാലമായിരുന്നു. ആഹാരം, മരുന്ന്, പ്രേമം, ശ്രദ്ധ, സ്നേഹം, അലിവ്, സമ്മാനങ്ങൾ. ലോകത്തിലെ ഭാഗ്യവതികളായ സ്ത്രീയുടെ കാലമായിരുന്നു അന്നെനിയ്ക്ക്. ഞാൻ ജീവിച്ചു കൊണ്ടിരുന്നത് ആഹ്ലാദപ്പെരുക്കങ്ങളിലായിരുന്നു. നൂറ് പ്രസവിയ്ക്കാൻ എന്റെയുള്ള് തുടിച്ചു. ഒരു പുരുഷൻ നമ്മളെ സദാ നെഞ്ചിന്റെ ഇത്തിരിച്ചൂടിടത്തിൽ പ്രേമത്തോടെ പൊതിഞ്ഞു പൊത്തി സൂക്ഷിയ്ക്കുമെങ്കിൽ ഏതു സ്ത്രീയാണ് നൂറുപേറിനു മടിയ്ക്കുക?''
‘‘വിവാഹശേഷം പെട്ടെന്ന് കുഞ്ഞുണ്ടാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒരുവർഷത്തിലേറെയായി. അങ്ങനെയിരിക്കേ സെക്രട്ടറിയേറ്റിലെ ഒരു മീറ്റിങ്ങിനു പോയ സമയത്ത് കഠിനമായ വിശപ്പായി എന്റെ ഗർഭം എന്നെ ആദ്യം സ്പർശിച്ചു. ആ മീറ്റിങ്ങിന്റെ അവസാന ഘട്ടമായപ്പോഴേയ്ക്കും എനിയ്ക്ക് വിശന്ന് തലച്ചുറ്റി. എന്റെ സഹപ്രവർത്തകരുടെ മുമ്പിലുണ്ടായിരുന്ന, ബാക്കി വെച്ച ബിസ്‌കറ്റുകൾ ഞാൻ കൊതിയോടെ തിന്നു. അതുകണ്ട് മീറ്റിങ്ങ് ചെയർ ചെയ്തിരുന്ന മുഖ്യമന്ത്രി അച്ചുതാനന്ദൻ ചിരിയോടെ എന്റെയടുത്തേയ്ക്ക് അദ്ദേഹത്തിന്റെ പ്ളേറ്റ് നീക്കിത്തന്നു. എല്ലാരും അമ്പരന്നുനിൽക്കെ ഒരു ലജ്ജയുമില്ലാതെ ഞാനതിലെ അണ്ടിപ്പരിപ്പ് വാരി തിന്നാൻ തുടങ്ങി. എല്ലാവരും എനിയ്ക്കെന്തുപറ്റിയെന്ന മട്ടിൽ എന്നെ തുറിച്ചു നോക്കി. എന്റെ വയറിൽ തീകത്തുകയായിരുന്നു.''
‘‘കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ ഞാൻ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു; ഞാൻ ആർത്തവവതിയല്ല. അപ്പോഴീ കനപ്പ്? അടിവയറിന്റെ തടിപ്പ്? ഗർഭപരിശോധന നടത്താൻ എന്റെ മനസ്സ് പറഞ്ഞു. ഒരു പക്ഷേ സ്വപ്നത്തിൽ കണ്ടതുപോലെ നീ ഗർഭിണിയായിരിക്കാം. കുഞ്ഞ് ഉദരത്തിൽ ഉണ്ടായിരുന്നിരിക്കാം.''
‘‘വല്ലാത്ത ഗർഭമായിരുന്നു അത്. അനാരോഗ്യമില്ല, ക്ഷീണമില്ല, രോഗങ്ങളില്ല, വേദനകളില്ല. തീർത്തും ശാന്തമായ ഒരു ഗർഭകാലം. എന്നും നാലു ബസ് മാറിക്കയറി ഞാൻ എന്റെ ഓഫീസിലേക്ക് പോയിക്കൊണ്ടിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്നു. പേരിനു പോലും ഒരു തല ചുറ്റോ ഛർദ്ദിയോ എന്നെ അലട്ടിയില്ല. ഇരട്ടി വിശപ്പുണ്ടായിരുന്നത് മാത്രമായിരുന്നു എന്റെ പ്രശ്നം. അസാധാരണമായ കൊതിയായിരുന്നു ആകെയുള്ള പ്രശ്നം.''
‘‘ഞാനന്നൊരു കരാർ തൊഴിലാളിയാണ്. എന്റെ ഗർഭം എന്റെ തൊഴിൽ ദാതാവിന്റെ വിഷയമേ ആയിരുന്നില്ല. രോഗമോ വേദനയോ ഇല്ലാത്തതിനാൽ എനിയ്ക്കും പ്രശ്നമില്ല. യാത്രയും ഫീൽഡും കാട്ടിനുള്ളിലെ ഗവേഷണവുമൊന്നും മുടക്കമില്ലാതെ തന്നെ നടന്നു. മറ്റു ഗർഭിണികളെക്കാണുമ്പോൾ അവരുടെ ഛർദ്ദിയും പ്രതിസന്ധിയും കാണുമ്പോൾ ‘‘നിങ്ങളുടെ ഗർഭം എന്തു ഗർഭമാണ് മാഡം?'' എന്ന് പ്യൂണുമാരും ഡ്രൈവർമാരും അത്ഭുതം കൂറി.
‘‘തീറ്റഗർഭമെന്ന്'' കുടുംബക്കാരടക്കിച്ചിരിച്ചു. തിന്നാൻ കിട്ടിയാൽ കാട്ടിലെ ജോലികൾക്കു പോകാനും ഞാൻ മടി കാണിച്ചില്ല.
സത്യത്തിൽ ഗർഭിണിയായി കാട്ടിൽ നടക്കുക ഏറെ രസകരമാണ്. തെളിഞ്ഞ് സ്വച്ഛവും ശൂദ്ധവുമായ വായു നമ്മളെ ഉന്മേഷവാന്മാരാക്കും. പേരറിയാപ്പഴങ്ങളുടെ മധുരവും പുളിപ്പും ചവയ്ക്കുമ്പോൾ വായും വയറും നിറയും. കാട്ടെള്ളിന്റെ നേർത്തമണമുള്ള പിറ്റ്ൾ ത്യാനു പിഴിഞ്ഞ് കൈവള്ളെയിലിറ്റിച്ച് നക്കിക്കുടിക്കേ, ഈ കാട്ടിൽ ഈ പുഴയിൽ, ഈ മണ്ണുതണുപ്പിൽ, ഈ മലമടയ്ക്കിൽ, ഈ പുല്ലുതിട്ടിൽ, കിടന്ന് ഉടലിൽ കരിഞ്ചുട്ടി കുത്തിയ പുള്ളിപ്പുലിച്ചിയെപ്പോലെ കുഞ്ഞുങ്ങളെ പെറ്റുകൂട്ടിയാൽ മതിയാരുന്നെന്ന് തോന്നിപ്പോകും. പുഴയിൽ ഒഴുകി വരുന്ന കാട്ടുമാങ്ങ പെറുക്കിക്കൂട്ടി ഊരാളിക്കലത്തിൽ വേവിച്ച് ബെട്ടക്കുറുമ അജ്ജിമാർ കാശുമ്പുലിയെ കാച്ചുമ്പോളുയരുന്ന പുളിമണത്തിൽ എനിക്ക് കാട് പൊരിച്ചു തിന്നാൻ തോന്നി. മുളന്തണ്ടിനുള്ളിൽ കട്ടൂറ്റിയ കേതക്കിഴങ്ങ് കുംഭം കാച്ചുമ്പോൾ വിഷമണമുള്ള ആ കട്ടിന്റെ മാദകരുചിയെന്നെ മത്തുപിടിപ്പിച്ചു. ഇമ്പിമുള്ളുകൾ നിറഞ്ഞ ചെടികളും നാരകമുള്ളുകൾ നിറഞ്ഞ ചെടികളും കാൺകെ കാതുകുത്തിന്റെ ഓർമ വന്നു. ശാടെയ് വീശി കുഞ്ഞു ചെമ്മീനെപ്പിടിച്ച് എകിരിയുണ്ടാക്കി നീട്ടിയതിന്റെ എരിവോർത്ത് കണ്ണ് നീറി. മൂക്കട്ടപ്പഴവും ഞ്യാറൽപ്പഴവും മുട്ടിപ്പഴവും ആവോളം കടിച്ചുതന്നെ നാവു മദിർത്തു. ഗർഭിണിയ്ക്ക് കാടൊരു പഴരസത്തോട്ടം തന്നെയാണ്. പ്രത്യേകിച്ച് തീറ്റപ്രാന്തിയും അലസയും തണുപ്പു തേടുന്നവളുമായ ഒരുവൾക്ക്. ക്ഷീണവും ബുദ്ധിമുട്ടുമൊന്നും അതുകൊണ്ടുതന്നെ ഗോത്രസങ്കേതങ്ങളിൽ പോകാൻ പറയുമ്പോൾ ഞാൻ പ്രകടിപ്പിച്ചതേയില്ല. ജോലി കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല. അതിനാൽ ഒരു ജോലിയും ഒരു യാത്രയും വയ്യെന്നു പറയാനും എനിക്കു കഴിഞ്ഞില്ല.
നിലമ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 40-50 കിലോമീറ്റർ അകലെയാണ് പരിശീലനം നടക്കുന്ന ഗോത്രഗ്രാമം. യാത്ര തുടക്കത്തിൽ ശാന്തമായിരുന്നു. ഡ്രൈവർ ഭയന്ന പോലെ ഒന്നും ഉണ്ടായില്ല. പതിനാറോ പതിനേഴോ കിലോമീറ്റർ കഴിഞ്ഞപ്പോൾ കാട് അതിന്റെ തനി സ്വഭാവം കാണിയ്ക്കാൻ തുടങ്ങി. തോട്ടത്തിലേയ്ക്കുള്ള റോഡുകൾ അവസാനിച്ചിരുന്നു. ഉരുൾപൊട്ടിയും മഴവെള്ളം ഒലിച്ചും ഒഴുകിപ്പോയ റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഓഫ് റോഡ് യാത്രയെന്നാലെന്ത് എന്ന് ഞാനെന്റെ ജീവിതത്തിൽ ആദ്യമായി അറിയുകയായിരുന്നു. ഒരു വശം തോട്ടം മറുവശം കാടും കൊക്കയും താഴ്വാരവും. ചുവന്ന പൊടി മണൽക്കാറ്റു പോലെ ആകാശത്തേക്കുയർന്നു. ജീപ്പിന്റെ മുൻചില്ലിലൂടെ പുറകിലേക്ക് ചുവന്ന എക്കൽപൊടി വമിച്ചുകൊണ്ടിരുന്നു.
ശ്വാസം മുട്ടുന്നോ?
കണ്ണു നീറുന്നോ?
ഉഷ്ണം പെരുകുന്നോ?
ഉടൽ തുള്ളുന്നോ?
കുഞ്ഞ് വയറിനകത്തുനിന്ന് ചവിട്ടിക്കുതിക്കുന്നോ?
എനിക്ക് തലചുറ്റി.
ഞാനാകെ തളർന്നു. എങ്ങനെയാണ് ദുരിതത്തിൽ നിന്ന് രക്ഷപ്പെടുക എന്നെനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. തല കറങ്ങുകയും ഛർദ്ദിക്കാൻ വരികയും ശ്വാസം മുട്ടുകയും ചെയ്തു. ഞാനണയ്ക്കുന്നുണ്ടായിരുന്നു. ഒരുപാട് ഛർദ്ദിച്ചതിനാൽ ഉടൽ വിറകൊണ്ടു. ഹൃദയം ഭയാനകമായി മിടിച്ചു. പൊടിമണ്ണ് കയറി മുഖവും കയ്യും ഉടുപ്പും എല്ലാം ചുവന്ന നിറമായി.
ആകെയുള്ള ആശ്വാസം വയറ്റിലത്ര നേരം ചവിട്ടിക്കൊണ്ടിരുന്ന കുട്ടി ചവിട്ടുനിർത്തി ശാന്തനായി എന്നതായിരുന്നു.
വീണ്ടും എട്ടു- പത്തു കിലോമീറ്റർ അതേ കഠിനതരമായ യാത്ര. കുടൽമാലയടക്കം ഛർദ്ദിക്കത്തക്കവിധം.
ഞാൻ അവിടെ വണ്ടിയിറങ്ങി. വയറും ദേഹവും വേദനിയ്ക്കുന്നുണ്ടായിരുന്നു. ഗ്രാമത്തിലെ കാട്ടുനായ്ക്കുട്ടികൾ എന്നെ കൗതുകത്തോടെ നോക്കി. ഞാനപ്പടി ചെമ്മണ്ണിൽ പൊതിഞ്ഞ ഒരു പെൺരൂപമായി മാറിയിരുന്നു. അവരിൽ ചിലർ നനഞ്ഞ ഒരു തോർത്തു മുണ്ടുകൊണ്ട് ചൂടു വെള്ളം മുക്കിത്തുടച്ചു. കുറുന്തോട്ടിച്ചൂലുകൊണ്ട് എന്റെ ഉടുപ്പിലൂടെ പൊടി തൂത്തു.
അവർ ഗോത്ര മാന്ത്രികനുവേണ്ടി കാത്തിരുന്നു.
അയാൾ പച്ചമരുന്നുകൾ ചേർത്ത് എന്തോ കുടിയ്ക്കാൻ തന്നു.
‘‘ഗർഭിണികൾക്ക് നല്ലത്. വാത്തെടുപ്പ് നിൽക്കും'' എനിക്കദ്ദേഹത്തെ വിശ്വസിയ്ക്കാതെ തരമില്ലായിരുന്നു. പതുക്കെ എന്റെ ഓക്കാനം നിന്നു.
ഒരുമണിക്കൂറോളം ഞാൻ അവിടെയുള്ള ചെറിയ ബെഞ്ചിൽ കിടന്നുറങ്ങി. കണ്ണു തുറന്നപ്പോൾ ആളുകളൊക്കെ പോയിരുന്നു.
വെളിച്ചം മുഖത്ത് വല്ലാതടിച്ചപ്പോൾ പിന്നെയുമെണീറ്റ് പതിയെ ഞാൻ കുന്നു കയറി, കുത്തനെയുള്ള വഴികൾ കയറുമ്പോൾ കാൽമുട്ടുകൾ വയറിനും നെഞ്ചിനും തട്ടി. ഒരുപാട് പ്രയാസപ്പെട്ട് ആ കോളനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. ഒരുപക്ഷേ എവറസ്റ്റ് കൊടുമുടിയേക്കാളും ഉയരം കേറിയതായി എനിക്കു തോന്നി.
കഠിനമായ ക്ഷീണം കാരണം എനിക്ക് കിടക്കണം എന്നു തോന്നി. ഒരു വലിയ മരത്തിന്റെ കീഴിൽ വിരിച്ചു അവിടെത്തന്നെ കിടന്നു.
ഉണരുമ്പോൾ നെറ്റിയിൽ കൈ വെച്ച് മൊതലി മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. ഏതൊക്കെയോ അതീന്ദ്രിയ ശക്തികളെ അയാൾ കാണുന്നതായും അവരോട് സംവദിക്കുന്നതായും എനിക്കുതോന്നി. അയാളുടെ ദേഹത്ത് കോമരം പോലെ ഉറച്ചിൽ വന്നു.
‘‘എന്താണിത്?''; ഞാൻ പ്രമോട്ടറോട് ചോദിച്ചു.
അവരെന്നെ തുറിച്ചുനോക്കി. പിന്നെ മെല്ലെ പറഞ്ഞു; ‘‘ഹെത്ത്ച്ചില്ലാട്ടം''
‘‘ആരാണ് മരിച്ചത് ? ആരാണ് മരിച്ചത്?'' എന്റെ സ്വരം ഭയത്താലിടറി.
‘‘ആരാ, ആരാ'' ഞാൻ പ്രമോട്ടാറോട് വീണ്ടും വീണ്ടും ചോദിച്ചു.
അവർ കണ്ണുകൾ താഴ്ത്തി...
‘എന്റെ കഥ’, ഇന്ദുമേനോന്റെ ആത്മകഥ
പൊടരു പൊട്ടുന്ന തളിർപ്പെണ്ണുങ്ങൾ
സൗജന്യമായി വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 43