വിശപ്പുകളുടെ രാത്രിരതിനഗരത്തിൽ ഒരു സ്ത്രീ

എന്റെ കഥ-14

നിങ്ങൾക്കാരെ വേണം പുരുഷനെ വേണോ, സ്ത്രീയെ വേണോ, നപുംസകത്തെ വേണോ, സംഘരതി വേണോ? അധരരതി വേണോ? പിഗാൾ നഗരത്തിന്റെ മെനു കാർഡു കണ്ടാൽ നമ്മൾ ഭയന്നു പോകും..

ചുട്ടുതീനുകളുടെ ഞാൻ റാണി

സോമില്ലാഹ് സോസ്സെ അടുത്ത ദിവസം മുതൽ എന്നെ കാത്തു നിൽക്കുന്നത് പോലെ എനിക്ക് തോന്നി. തോന്നലല്ല സത്യമായിരുന്നു അത്. കണ്ണുകളിൽ ഇഷ്ടമോ സൗഹൃദമോ അലിവോ നിറച്ച നോട്ടവുമായി അയാളെന്നെ പിന്തുടരുന്നുണ്ടായിരുന്നു.

ദേവിയുടെ സർക്കാർവക ക്വാർ​ട്ടേസിന്റെ പറമ്പ് കഴിഞ്ഞാൽ സീൻ നദിയ്ക്കു സമാന്തരമായ റോഡാണ്. നിറയെ പൂവുകൾ നിറഞ്ഞു തൂങ്ങിയ മരങ്ങൾ തണുത്ത കാറ്റിൽ ഇളകി. റോഡിലേയ്ക്കു മഞ്ഞ നിറത്തിലും വെള്ള നിറത്തിലുമുള്ള പൂവുകൾ തൊഴിഞ്ഞു കിടന്നു. ഈറത്തനുവാർന്ന കാറ്റൂതി വീശി. മുഖം മാത്രം അതുതൊടെ എനിക്ക് തണുപ്പാൽ ഉടൽ കീറിപ്പിളരും പോലെ തോന്നി. പല്ലുകൾ കൂട്ടിയടിച്ചു. ചൂടു കാപ്പിയോ ചൂടുള്ള സൂപ്പോ കുടിക്കാൻ തോന്നി. അത്രയും അസഹനീയമായ തണുപ്പിൽ നഗരം പോലെ ഞാനും വിറങ്ങലിച്ചിരുന്നു.

ഇടയ്ക്ക് ഒരു ചുടുകാറ്റ് കിട്ടി. പുഴുക്കമണത്തോടെ കൊതിപ്പിക്കുന്ന ഒന്ന്.
ഷെഗത്തൻ എന്ന ചെസ്റ്റ്‌നട്ട് സൈക്കിളിൽ ഘടിപ്പിച്ച അടുപ്പിൽ നിന്നും പുഴുങ്ങുന്ന ബംഗ്ലാദേശി അഭയാർത്ഥികൾ. ഞാനവരോട് ചിരിച്ചു.
""ഹിന്ദീ ഹെ?''
""യെസ്, യെസ്​'' ഞാനും കയ്യുറകൾ കൊണ്ട് കവിൾ പൊത്തി.
ആവി പൊങ്ങിവരുന്നതിനടുത്തേയ്ക്ക് ചേർന്നു നിന്നു.
""വെള്ളം പൊങ്ങിയാൽ ബാംഗ്ലാദേശികൾക്ക് ആറുമാസ ടെംപററി റെഫ്യൂജിയായി ഇവിടെ വരാം. കൊറേ ആൾക്കാരു വരണുണ്ട്. പിന്നെ തമിഴരെപ്പോലെ തന്നെ കേസിടും. ഇവടെ പറ്റിക്കൂടും. ചെലരു തിരിച്ചു പോകും. ലൈസൻസ്സൊന്നും ഇല്ല. എന്നാലും ഇവരെ പൊലീസ്സ് പിടിക്കാറില്ല.'' ; ദേവി പറഞ്ഞത് ഓർത്തു ഞാൻ.

ആവിയിൽ ഷെഗത്തന്റെ കൊതിയൂറുന്ന മണം കനത്തു.
ഒരു യൂറോയ്ക്ക് ആറെണ്ണം കിട്ടും. ചക്കക്കുരു ചുട്ടതിന്റെ കുട്ടിക്കാല ഓർമ എന്നെ പൊതിഞ്ഞു. ഞാനാഹ്ലാദിച്ചു. വായിൽ മുട്ടയുടെ മഞ്ഞക്കരുപോലൊരു പൊടിയുടെ മഴമഴപ്പ് നിറഞ്ഞു. എനിക്ക് കൊതിയായി.

Photos: Arun Punalur

എനിക്ക് സകല തരം കുരുക്കളോടും ഭ്രാന്തമായ കൊതിയുണ്ടായിരുന്നു. കാട്ടുകുരുക്കൾ, കിഴങ്ങുകൾ, കാട്ടുപഴങ്ങൾ. അവയെല്ലാം തീയുടെ സ്വർണക്കനലിൽ ചുട്ടെടുക്കുന്നതിന്റെ പ്രാകൃത നരവംശ പാചകയോർമ്മ. കുരുവിൽ പ്രധാനികൾ പുളിങ്കുരു, ചക്കക്കുരു, കാളന്തട്ട, പറണ്ടക്കായ, പുഗോൾശ്ച് കായി, ലന്തക്കുരു, മത്തങ്കുരു, പറങ്കിയണ്ടി എന്നിവയായിരുന്നു. എല്ലാ ദിവസവും ഞാൻ അയൽപ്പക്ക വീടുകളിലെ അടുപ്പുകളിൽ കൊണ്ടു പോയി ഓരോ തരം കുരുക്കൾ ചുട്ടെടുത്തു. പുളിങ്കുരു ചുട്ടെടുത്ത് വെള്ളത്തിലിട്ടു. തേൻ നിറമുള്ള തോലു പോയാൽ വെള്ള തെളിയും. അവ പല്ലിനിടയിലിട്ട് സദാ ചവച്ചു നടന്നു. എന്റെ പോക്കറ്റിൽ അവയെല്ലാം ഭദ്രമായിത്തന്നെയിരുന്നു.

കാളരാത്രിയോ കാളന്തട്ടരാത്രിയോ?

കാളന്തട്ടയായിരുന്നു എനിക്കേറ്റവും കൗതുകം. അത് കാണാൻ ആട്ടിങ്കാട്ടം പോലെയുണ്ടാകും. പീനാറിമരമെന്നുമതിനു പേരുണ്ടായിരുന്നു.
ഓറഞ്ച് തോടിനു പുറത്ത് വെൽവെറ്റുപോലെ മിനുങ്ങുന്ന രോമങ്ങളുള്ള പഴങ്ങൾ. അവയ്ക്കുള്ളിൽ കറുത്ത തോലൻ കാളന്തട്ട. കറുത്ത തോല് ഊർന്നാൽ മെറൂൺ നിറമുള്ള തോല്​. പിന്നെ ഉള്ളിൽ വെള്ള. പച്ചയ്ക്കും തിന്നാം, ചുട്ടും തിന്നാം. ഞാനും അണ്ണാറക്കണ്ണനും മത്സരിച്ച് കാളന്തട്ടകൾ തിന്നു. ഞാൻ പച്ച പോരാഞ്ഞ് ചുട്ടും തിന്നു. അക്കാലത്ത് എന്റെ അയൽപ്പക്ക വീട്ടിൽ ഞുഞ്ഞുണ്ണിയെന്നു ഞാൻ വിളിയ്ക്കുന്ന ഒരു കാട്ടണ്ണാനുണ്ടായിരുന്നു. നന്നായി മെരുങ്ങുകയും ഇണങ്ങുകയും പരിശീലിക്കുകയും ചെയ്ത മിടുക്കനണ്ണാൻ. അവൻ മരത്തിൽ കയറി കാളന്തട്ട കടിച്ചിടും. ഞാനത് പൊളിച്ച് അവനുള്ള പങ്കുകൊടുക്കും. മാങ്ങയും കശുമാങ്ങയും എന്തു ഫ്രൂട്ടുകളും അവൻ മരത്തിൽ കയറി പറിച്ചിടുമായിരുന്നു. പൊലീസ് അവനെ പിടിക്കും വരെ ഞങ്ങൾ ആഹ്ലാദത്തോടെ ജീവിച്ചു. നത്ത് ശിവന്റെ പരുന്തിനെയും സുരേട്ടന്റെ ഞുഞ്ഞുണ്ണിയേയും പൊലീസ്​ വനം വകുപ്പുകാർക്ക് കൈമാറിയതായി വാർത്ത വന്നു.

ഒരു ദിവസം ഞങ്ങൾക്ക് വളരെയേറെ കാളന്തട്ടകളുള്ള ഒരു സ്ഥലത്തെക്കുറിച്ച്​അറിവു കിട്ടി. എന്റെ ക്ലാസിലെ മുസ്തഫയാണാ രഹസ്യം പറഞ്ഞത്. ഞങ്ങൾ അവൻ പറഞ്ഞ വഴിയിലൂടെ ആസ്യക്കുന്നുമ്മൽ പോയി. കവറുകണക്കിനു കാളന്തട്ടകൾ പെറുക്കിയെടുത്തു. അന്ന്​ ഞങ്ങൾക്കു കുശിയായിരുന്നു. ഞുഞ്ഞുണ്ണിയ്‌ക്കൊപ്പം കുത്തിയിരുന്ന് പച്ച കാളന്തട്ട മുഴുവൻ ഞാൻ തിന്നു. ഒരു പക്ഷെ അണ്ണാനെക്കാളധികം. വൈകുന്നേരമായപ്പോഴേയ്ക്കും കളി മാറി. വയറു വേദനയായാണ് തുടങ്ങിയത്. പിന്നെ ചോര തൂറാൻ തുടങ്ങി. കുടൽമാലയിൽ തീ കത്തും പോലെ ചെറുതായി. ആളിയ ഒരു കാളൽ മാത്രമായിരുന്നുവങ്കിൽ അതു പിന്നീട് കാട്ടുതീയായി. വയറു വേദനിച്ച് ഞാൻ അലറികരയുവാൻ തുടങ്ങി. അമ്മ ഭയന്നു പോയി. അയൽപ്പക്ക വൈദ്യനരികിലേയ്ക്ക്​ എന്നെ എടുത്തോടി. അതിനു മുമ്പൊരിക്കൽ റോഡിൽ തൊഴിഞ്ഞു കിടന്ന ശീവക്കായ്​ തോലു പൊളിച്ച് തിന്നിട്ട് എന്റെ വായ്ക്കകം പൊള്ളിയിരുന്നു. കാക്കയും ഞാനും മാത്രം കഴിയ്ക്കുന്ന കാക്കപ്പഴം തിന്ന്​ ഒരിക്കൽ ഞാൻ ഛർദ്ദിച്ചിരുന്നു. വേറെയൊരിക്കൽ ഇല പറിച്ചു തിന്ന് എനിക്ക് ദേഹം മുഴുവൻ തിണർത്തു പൊന്തി. പിന്നെയുമൊരിക്കൽ കാട്ടുമാങ്ങ തിന്നു ചുണ്ടു മുഴുവൻ പൊള്ളിപ്പോയി.

""ഇതൊക്കെ ആരെങ്കിലും കഴിക്ക്വൊ? ഈ കുട്ട്യെന്തായിങ്ങനെ?'' വൈദ്യരു വാ പൊളിച്ചു..

""ഡോക്ടേറുടെ അടുത്തെയ്ക്ക് തന്നെ കൊണ്ടു പോയ്‌ക്കോളൂ.''; അയൽപ്പക്ക മുട്ടുശാന്തി വൈദ്യൻ കയ്യൊഴിഞ്ഞു. ഡോക്​ടർ വയറു കഴുകിയെന്നാണ് ഓർമ. ഡ്രിപ്പിട്ടു കിടത്തി. ഇഞ്ചെക്ഷൻ വെച്ചു. എന്നിട്ടും വയറിനകത്ത് അന്നു മുഴുവനും തീ അണയാതെ കത്തിക്കൊണ്ടേയിരുന്നു. എത്ര തണുത്ത വെള്ളം കുടിച്ചിട്ടും ഒടുങ്ങാത്ത ഒരാളൽ, കത്തിപ്പുകയൽ. ആ രാത്രി മുഴുവൻ മുഴുവൻ വയറു വേദനിച്ചു. വയറു കാളി. പാവം അച്ഛൻ, രാത്രിമുഴുവൻ വയറു തടവിത്തന്നു കൊണ്ടേയിരുന്നു.
""കാളന്തട്ടരാത്രിയോ കാളരാത്രിയോ. അച്ഛനു മോളും എന്താച്ചാ ചെയ്‌തോളൂ'' അമ്മ ഉറങ്ങാൻ പോയി. അതിനു ശേഷം ഞാൻ ജീവിതത്തിൽ കാളന്തട്ട അങ്ങനെയും തിന്നില്ല. ചുട്ടും തിന്നിട്ടില്ല. ധൈര്യം വന്നിട്ടില്ല.

അമ്മ മരിച്ചതിന്റെ ആറാമത്തെയോ ഏഴാമത്തെയോ ദിവസം എന്നെ കാണാൻ ഇടുക്കിയിൽ നിന്ന്​ വന്ന ഊരാളി പിലാത്തി തേനനോട് എനിയ്ക്ക് പറണ്ടയ്ക്ക ചുട്ടു കൊണ്ടുത്തരാൻ ഞാൻ ആവശ്യപ്പെട്ടു. എനിക്കെന്റെ അമ്മയോട് സംസാരിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. സാപ്പോനിൻ എന്ന ഹാലുസിനോജനാണ് ആ കായയുടെ കട്ടിൽ. അത് തിന്നുറങ്ങിയാൽ നമ്മൾ രാത്രി മുഴുവൻ സ്വപ്നങ്ങൾ കാണും. അഞ്ചാറു പറൻടക്കായികൾ കട്ടു കളയാതെ ഞാൻ കഴിച്ചു.

അന്നു രാത്രിയും എനിക്ക് വയറാളി. പക്ഷെ കൺമഷിയെഴുതിക്കറുപ്പിച്ച കണ്ണുകളും വല്ലാതെ വെളുത്ത് മിനുങ്ങുന്ന മുഖവുമായി അമ്മ വന്നു. സ്വപ്നത്തിൽ വഴക്കു പിടിച്ചു.
""ഇല്ല ഇല്ല... കാളന്തട്ടകൾ ഞാൻ പിന്നീട് കഴിച്ചിട്ടില്ലാ അമ്മ'' എന്നു ഞാൻ ദുർബലമായി പറഞ്ഞുകൊണ്ടിരുന്നു. എന്റെ നാക്കുയർന്നില്ല. ഞാൻ കരഞ്ഞു കൊണ്ടെയിരുന്നു
""അസത്ത്'', അമ്മ വഴക്ക് പറഞ്ഞു. വയറിനുമേൽ മെല്ലെ തടവിക്കൊണ്ടിരിക്കുമ്പോൾ അമ്മയ്ക്ക് വീണ്ടും വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.
""മനുഷ്യനെ ഒറങ്ങാനും സമ്മെയ്ക്കില്ല. പോയി നെന്റെ അച്ഛനോട് പറയി'', അമ്മ എണീറ്റു പോയി വാതിൽ വലിച്ചടച്ചു.
ഞാൻ ഞെട്ടിയുണർന്നു. എന്റെ മുമ്പിൽ ആരുമില്ല. അമ്മയുമില്ല. അമ്മ ചൂടു പിടിച്ച തോർത്തുമില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഉറക്കത്തിലും മനുഷ്യർ കരയുമെന്നും കണ്ണീർ ചുരക്കുമെന്നും ഉറക്കം മുറിയുമെന്നും അന്നു ഞാനറിഞ്ഞു.
എന്റെ കുട്ടിക്കാലവും വളർച്ചയും ശരിക്കും പ്രാകൃത മനുഷ്യനെപ്പോലെയായിരുന്നു. അലഞ്ഞും നായാടിയും കിഴങ്ങും കുരുക്കളും പഴങ്ങളും ശേഖരിച്ചും എന്റെയുള്ളിലെ ആഫ്രിക്കൻപൂർവ്വികയുടെ ആദി ചോദനകൾ ഞാൻ ആവർത്തിച്ച് കൊണ്ടെയിരുന്നു.

അതുകൊണ്ടു തന്നെയായിരിക്കണം വായുവിൽ പരന്ന ആ അപൂർവ്വ കായുടെ ഗന്ധം എനിക്ക് വ്യാക്കൂണുണ്ടാക്കി. ദേവി ജനാൽക്കൽ നിന്നും മാറിയാലുടനെ അവൾ കാണാതെ അവരിൽ നിന്നും ഞാൻ പതിവായി ഷെഗത്തെൻ വാങ്ങിത്തിന്നു... ചൂട്ടു കിട്ടും കൊതിയും മാറും. അപ്പോഴൊക്കെ ഞാനാരാലോ നിരീക്ഷിക്കപ്പെടുന്നുവെന്നൊരു ഉൾത്തോന്നൽ ഉണ്ടായിരുന്നു.
""ഹ ഹ ഹ കറുമ്പനായിരിക്കും''
എനിക്കൊപ്പം റെയിൽവേസ്റ്റേഷനിലേയ്ക്കു വന്ന ദേവിയുടെ അയൽവാസി മൊറോക്കോ പെൺകുട്ടി കോർട്ട്ണി പൊട്ടിച്ചിരിച്ചു.
""ഞങ്ങൾക്ക് ഇന്ത്യക്കാരെ ഭയങ്കര ഇഷ്ടമാണ്.''
ഞാനവൾക്കൊരു ഷെഗത്തൻ നീട്ടി.
""ദേവി അറിയണ്ട, അവൾക്കിതൊക്കെ തിന്നുന്നത് മോശമാണ്''
""നമ്മക്ക് ദേവിയേയും ഇതിന്റെ ടെയ്സ്റ്റ് മനസ്സിലാക്കിക്കാം'' ഞാൻ കണ്ണിറുക്കി.
കോർട്ട്ണിയ്ക്ക് ചുരുണ്ട അടിപൊളി മുടിയായിരുന്നു. ശരിക്കുമുള്ള സ്പ്രിങ്ങ് പൊലെ. ഞാനും കുളിച്ചിട്ട് മുടി ചീകാതെ എന്റെ ചുരുൾ മുടി അഴിച്ചു പരത്തിയിട്ടു. മുട്ടിൽ നിന്നും ചുരുണ്ട് ചന്തിക്കുമീതെ പിരുപിരാ എന്റെ മുടി സ്പ്രിങ്ങായി നിന്നു.
""അമ്പമ്പോ'' കോർട്ട്ണി കൗതുകപ്പെട്ടു.

എന്റെ ജനിതകത്തിൽ കാപ്പിരിമുത്താച്ചികളും മുത്താച്ചന്മാരുമുണ്ടെന്ന് എന്റെ ഉടലിന്റെ ഓരോ ഭാഗവും എന്നോട് പറയുമായിരുന്നു. കുരുകുരാ കുരുത്ത ചുരുൾമുടി, അരക്കെട്ടിനിരുവശത്തെയും ഹമ്പുകൾ, എന്റെ പൂർവ്വികതയെ ആഫ്രിക്കയിൽ നിർത്തി. എന്റെ കണ്ണുകളും പുരികവും ചീനന്മാരെപ്പോലെയിരുന്നു. ചെംഗിസ്​ഖാനിന്റെയും കാപ്പിരി മുത്തശ്ശിമാരുടെയും പാരമ്പര്യം ഞാൻ ഉടലിലും ഉയിരിലും പേറി. പൊട്ടുവെയ്ക്കാത്ത എനിക്ക് മംഗളോയ്​ഡ്​ ഛായയാണെന്ന് പറയുന്ന ഒരു ഭൈമീ കാമുകനെപ്പറ്റി എനിക്കോർമ വന്നു. പക്ഷെ എന്റെ മുടിയുടെ ചുരുളല്ല കോർട്ട്ണിയുടെ മുടിച്ചുരുൾ. അതിനു ഭയങ്കര കട്ടിയും കൂടുതൽ വല്ലാത്തൊരു സ്​പ്രിംഗ്​ ഭാവവുമുണ്ടായിരുന്നു.
""എന്താ കഥ.? അത് വെയ്പ്പാണ് ചേച്ച്യേ''
""ശരിയ്ക്കും?''
""അതേ ശരിയ്ക്കും'' ദേവി ചിരിക്കാൻ തുടങ്ങി...
""എന്തോ ഒരു ആഫ്രിക്കൻ കൂട്ട് ചേർത്ത്. ഒരു തരം എണ്ണ, അതിട്ടാണ് ഈ മുടി ഒട്ടിയ്ക്കുന്നത്. കോർട്ട്ണീയ്ക്ക് നീളമുടിയില്ല. സംഭവം കാണാനൊക്കെ ഉഷാറാ. ഒന്നു മണത്താൽ മതി ന്റ്യമ്മോ?''
ആ ദിവസങ്ങളിൽ തന്നെ മാരകമായ ആ ആഫ്രിക്കൻ കാട്ടെണ്ണയുടെ മുശുക്ക് വാസന എനിയ്ക്ക് കിട്ടി..
എന്റെ ദൈവമേ...
സ്‌കൂൾ കാലഘട്ടത്തിൽ കുളിയ്ക്കാതെ തട്ടമിട്ട് വരുന്ന ഒരു ഷാഹിദയെ ഞാനോർത്തു. അവളാഴ്ചകളോളം തല കുളിയ്ക്കുമായിരുന്നില്ല. ഒരിക്കൽ ക്യൂ നിൽക്കുമ്പോൾ അവളുടെ മുടി വാസനിക്കാനുള്ള യോഗം എനിയ്ക്കുണ്ടായി. എന്റെ ദൈവമേ ചത്ത ഈരുകളുടേയും പച്ചപ്പേങ്കാട്ടത്തിന്റെയും കാറവെളിച്ചണ്ണയുടെയും അഴുകിയ വിയർപ്പിന്റെയും മണം. എന്റെമ്പോ...
എന്നാൽ ഈ മണം അതുക്കും മേലെയായിരുന്നു. ഞാൻ ട്രയിനിൽ നിന്നിറങ്ങാൻ കാത്തു നിൽക്കെ മുമ്പിൽ നിന്ന സ്ത്രീയുടെ തലയിൽ നിന്ന്​ എനിക്കാവാസന കിട്ടി... അത്രയും മോശമായ ഒരു ഗന്ധമായിരുന്നു അത്. എനിക്ക് സഹിക്കാനായില്ല. ഞാൻ ഛർദ്ദിക്ക വരെ ചെയ്തു പോയി.
""മാത്രമോ. ഇത് വെച്ച് മാസങ്ങളോളം മുടി കെട്ടിയിടും. അഴിയ്ക്കുമ്പോ കാണണം. പേനു വളർത്തു കേന്ദ്രമായിരിക്കും തല'', എയിഞ്ചൽ പൊട്ടിച്ചിരിച്ചു.
""യെന്നെ അക്കാ.. ഇന്ദുവാക്കാവോടെ മുടി പാത്തതും അവങ്ക്ക് കാതലാച്ച് എന്ന് നെനയ്ക്കിറേൻ. എന്നമാ ഒരു മണം'', എന്റെ മുടിയ്ക്ക് സദാ കാട്ടുകറിവേപ്പിലയുടെയും പച്ചക്കർപ്പൂരം വെന്ത തേങ്ങാപ്പാലിന്റെയും മണമായിരുന്നു. അതിരുചികരമായ എന്തോ ഭക്ഷ്യവിഭവത്തിന്റെ ഗന്ധമാണതെന്നു സദാ തോന്നിച്ചു..

യൂറോപ്യന്മാർക്ക് പൊതുവെ കുത്തുന്ന ഗന്ധം ഇഷ്ടമല്ല. സാമ്പാർ ഉണ്ടാക്കിയതിനു എന്റെ ഒരു സുഹൃത്തിനെതിരെ മൂന്നു തവണ അയൽപ്പക്കക്കാരിയായ സ്വിസർലെൻഡുകാരി പരാതി നൽകിയ കഥ ഞാനോർത്തു.
""തീർച്ചയായും എയ്ഞ്ചൽ. ഈ മുടിമണത്താണ് ചങ്ങാതി വരുന്നത്. ഞങ്ങൾക്ക് ഇന്ത്യൻ മണങ്ങൾ പ്രിയതരമാണ്'' കോർട്ട്ണീ എന്നെ കളിയാക്കി.

പക്ഷെ സത്യം അതൊന്നുമായിരുന്നില്ല. ആദ്യമൊക്കെ അയാളെ ഞാൻ പല കാഴ്ചയിടങ്ങളിലും സഹ കാഴ്ചക്കാരനായി മാത്രം കണ്ടു. അയാളും ഞാനും ഒരേ ക്യൂവിൽ നിന്നു ടിക്കറ്റ് എടുക്കാറുള്ളത് ഞാനോർത്തു. പിന്നീട് പിന്നീട് മനസ്സിലായി അയാളുടെ വിഷയം ഇന്ത്യൻ തലമുടിയോ പ്രേമമോ അല്ലായിരുന്നു. പണമായിരുന്നു. അയാളുടെ കയ്യിൽ പണമില്ലായിരുന്നു. റെയിൽവേയിൽ ടിക്കറ്റ് എടുക്കാൻ, യാത്രയ്ക്കു ഷോകൾക്ക് എവിടെയെങ്കിലും കയറുമ്പോൾ ടിക്കറ്റ് എടുക്കാനൊന്നും ഒട്ടും പണമുണ്ടായിരുന്നില്ല. ഒരാൾ ടിക്കറ്റ് കാണിക്കുമ്പോൾ തുറക്കുന്ന വാതിലുകളിലൂടെ എനിയ്‌ക്കൊപ്പം പെട്ടന്നു കടന്നു പോരാമെന്നതായിരുന്നു അയാളുടെ സൂത്രം...
""പണം തീർന്നു പോയി. നാട്ടിലേയ്ക്ക് തിരികെപ്പോകാനുള്ള റിസർവ്വ് പണത്തിൽ നിന്നും എടുത്തുകൂടാ..''
""അതെങ്ങനെ പെട്ടന്നു തീർന്നു?''
""പിഗാളിൽ പോയി'' അയാൾ സത്യം പറഞ്ഞു.
""കൊള്ളാം'' ഞാൻ തലവെട്ടിച്ചു..
""പിഗാൾ'' എന്റെയുള്ളിൽ സഹതാപം നിറഞ്ഞു. ഫൂക്കെറ്റിലെയും ബാങ്കോക്കിലെയും രതി തെരുവുകളുടെ തള്ളയായിരിക്കുന്ന തെരുവ്. പണക്കാർക്കു മാത്രം താങ്ങാനാകുന്ന കാഴ്ചകളും വിപണിയും വിലകളും.. നൃത്തങ്ങൾക്ക് പോലും 50 യൂറോ നൽകേണ്ടുന്നയിടം..
പിഗാൾ
പിഗാൾ
പിഗാൾ.....

വിശപ്പുകളുടെ രാത്രിരതിനഗരത്തിൽ ഒരു സ്ത്രീ

പിഗാൾ പാരീസിന്റെ രാത്രിവിശപ്പുകളുടെ നഗരമാണ്.
വിശക്കുന്ന ആണുങ്ങളുടെ നഗരം
വിശക്കുന്ന പെണ്ണുങ്ങളുടെ നഗരം.
വിശക്കുന്ന ട്രാൻസ് മനുഷ്യരുടെ നഗരം
ജിഗോളകളുടെയും ഗേകളുടെയും ലെസ്ബിയനുകളുടെയും ആഹ്ലാദനഗരം
പച്ചയിറച്ചി മൊത്തമായും ചില്ലറയായും വിൽക്കുന്ന നഗരം...
ചോരയിൽ കൊന്നുതൂക്കിയ അറവുമാടുകൾക്കു പകരം കവിളിൽ ചോന്ന റൂഷു തേച്ച പെണ്ണുടലുകൾ. കനത്ത തുടകളിൽ രക്തം പോലെ ഒഴുകിയിറങ്ങുന്ന മദാലസബൾബുകളുടെ പ്രലോഭനകരമായ വെളിച്ചം..
രതിയുടെ വികൃതിയുടെ വൈകൃതിയുടെ പ്രലോഭന നഗരം...

പകൽ സാധാരണമായിട്ട് തോന്നുന്ന പിഗാൾ, ഒരു സ്വാഭാവിക നഗരം. സന്ധ്യയാകുമ്പോഴെയ്ക്കും അസാധാരണമാകും. ചോന്ന ബൾബുകളും മിന്നുന്ന നീല ബൾബുകളും അവയെ കറക്കുന്ന സൂത്രങ്ങളും കണ്ണാടിക്കൂടുകളും തെളിഞ്ഞു വരും. 9 മണിയാവുമ്പോഴേയ്ക്കും സീൽക്കാരിയായ പെണ്ണെപ്പോലെയവൾ തെളിഞ്ഞു കത്തി നിൽക്കും

പലപല തലങ്ങളിൽ കിടക്കുന്ന തെരുവാണത്, പിഗാൾ.
ഉള്ളിലേയ്ക്കുള്ളിലേയ്ക്ക് ആവശ്യങ്ങൾക്കനുസൃതമായി ഗൂഢമായി വരുന്ന ചിലന്തിത്തെരുവാണത്. സൂക്ഷിച്ചില്ലെങ്കിൽ ആരും പെട്ടു പോകുന്ന ഭയങ്കരമായ തെരുവ്. ആദ്യത്തെ തട്ടിലെ കൗതുകങ്ങളൊന്നും ഉള്ളിലെ രഹസ്യങ്ങൾക്കില്ല. പണം കൊടുക്കുക ആഹ്ലാദങ്ങൾ വാങ്ങുക. അത്രമാത്രം. പച്ചയിറച്ചിയുടെ കച്ചവടം അത് മാത്രം. നിങ്ങൾക്കാരെ വേണം പുരുഷനെ വേണോ, സ്ത്രീയെ വേണോ, നപുംസകത്തെ വേണോ, സംഘരതി വേണോ? അധരരതി വേണോ? പിഗാൾ നഗരത്തിന്റെ മെനു കാർഡു കണ്ടാൽ നമ്മൾ ഭയന്നു പോകും..

മാഫിയകളാണ് പലതും നിയന്ത്രിക്കുന്നത്. മയക്കുമരുന്നും മദ്യവും രതിയും സമൃദ്ധം. പിഗാളിന്റെ കൂടുതൽ ഉൾത്തെരുവുകളിലേയ്‌ക്കോ രഹസ്യങ്ങളിലേയ്‌ക്കോ ഞാൻ പോയിട്ടില്ലെങ്കിലും പിഗാൽത്തെരുവിലൂടെ സ്ഥിരമായി പോകാറുണ്ടായിരുന്നു. ഫൂക്കറ്റിലാവട്ടെ ഞാൻ കൂടുതൽ ഉള്ളിലെ കാഴ്ചകളിലേയ്ക്ക് പോയിട്ടുണ്ട്.

നഗരത്തിനു വൈകുന്നേരമാണ് ജീവൻ വെയ്ക്കുക.
റോഡിലേയ്ക്ക് സീറ്റുകൾ നിരത്തിയിടുന്ന ബാറുകൾ.
പാട്ടുകാർക്കും ആട്ടക്കാർക്കുമൊരുങ്ങുന്ന സ്റ്റേയ്ജുകൾ.
പിങ് പോങ്ങ് ബാറുകളും ഗോഗോ ബാറുകളും.
നിരവധി സെക്‌സ് റ്റോയ് ഷോപ്പുകളും ലൈവ് അഡൾറ്റ് ഷോകളും.
നഗരം രതിമയമാണ്. മാനിക്യൂൻ ബൊമ്മ പോലെ കണ്ണാടിക്കൂട്ടിൽ സ്വന്തം ശരീരം പ്രദർശിപ്പിക്കുന്ന അസംഖ്യം സ്ത്രീകൾ. പുരുഷന്മാർ. ഗേകളും ലെസ്ബിയനുകളും ട്രാൻസ് മനുഷ്യരും. ഷീമെയിലുകളും. പച്ചയായ വികാരം വിറ്റാണ് പിഗാൾ ജീവിക്കുന്നത്. പിഗാളിലെ രതി ഷോകൾ ഞാൻ കണ്ടിട്ടില്ല. തായ്‌ലൻഡിലെ ഷോകൾ കണ്ടതിൽ പിന്നെ ഞാനൊരു ഷോകളും കാണാൻ പോകില്ലെന്നു തീരുമാനമെടുത്തതാണ്.

ആദ്യ ഫ്രാൻസ് യാത്രയിൽ പിഗാൾത്തെരുവിലും പപ്പായ ബീച്ചിലുമൊക്കെ തലയുയർത്തി നടക്കാൻ എനിക്ക് മടി തോന്നി. എങ്കിലും ഞാൻ ഒളികണ്ണാൽ ചുറ്റും നോക്കിക്കൊണ്ടേയിരുന്നു. എനിക്കൊപ്പം ക്യാമറയുമായി എന്റെ ഭർത്താവ് ഉണ്ടായിരുന്നു. കടകൾക്കു മുമ്പിൽ നിർത്തി ചാഞ്ഞും ചെരിഞ്ഞും എന്റെ ഫോട്ടോകൾ എടുത്തു. ലൈലാക് സാറ്റിന്റെ ഒഴുകുന്ന ഉടുപ്പു പോലത്തെ ഒരു ചുരിദാറാണ് ഞാൻ ധരിച്ചിരുന്നത്. ഇറങ്ങിയ കഴുത്ത് ഷാൾ കൊണ്ട് പുതച്ചിരുന്നു. പിഗാളിനു ചേരാത്ത മൂടിപ്പുതച്ച രീതി മാറ്റി ഞാൻ ഷാൾ സൈഡിലേയ്ക്കിട്ടു. മനോഹരമായ ഒരു ലൈലാക്ക് കടലലപോലെയത് ഉടലിൽനിന്നും ഒഴുകിക്കിടന്നു. കാറ്റു പാറിപ്പിടിച്ചു. ഇന്നു നോക്കുമ്പോൾ ആ ഫോട്ടോകളിലൊക്കെ എന്റെ മുഖഭാവങ്ങൾ നാണമോ കൗതുകമോ ആണെന്ന് കാണാം. ശരീരത്തോട് ചേർന്നു അഴകളവ് കാണിച്ച ഉടുപ്പിൽ നിൽക്കുന്നവളുടെ സംഭ്രമമോ ഭയമോ ആണെന്ന് കാണാം.

രതി നഗരം ശരിക്കും അന്നെന്നെ പേടിപ്പിച്ചു. അന്ന് ഇന്ത്യൻ പവലിയനിലെ രണ്ട് ഉദ്യോഗസ്ഥർ തോളിൽ കയ്യിട്ട് നടന്നു പോകുന്നത് കണ്ടു. ഞങ്ങളെക്കണ്ടപ്പോൾ ഒരുവൾ ലജ്ജയോടെ തലതാഴ്ത്തി. ഒരുവൾ തലയുയർത്തിപ്പിടിച്ച് തന്നെ ചിരിച്ചു. അവർ തോളിലൂടെ കയ്യിട്ട് അമർത്തിപ്പിടിച്ചിരുന്നു. അവരുടെ മുഖത്തും ചലനത്തിൽ എന്റെ എന്റെ എന്ന ഇണഭാവമുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അവരുടെ പ്രേമം സുവ്യക്തമാകുമായിരുന്നു. രഹസ്യങ്ങളെ കൊല്ലാനുള്ള നഗരം കൂടിയാണത് രണ്ട് ഡിപ്ലോമെറ്റുകൾ അവരുടെ പ്രേമത്തെ സെക്ഷ്വാലിറ്റിയെ ഇത്ര സ്വതന്ത്രമായി മറ്റ് ഇന്ത്യക്കാർക്കു മുമ്പിൽ പ്രദർശിപ്പിക്കുമെന്ന് ഞാൻ കരുതിയതേയില്ല. രതിനഗരം മനുഷ്യർക്കു നൽകുന്ന സ്വാതന്ത്ര്യം അത്ര വലുതാണ്.

ജട്ടിമൃഗശാലയിലെ വിചിത്രജന്തുക്കൾ

രണ്ടാമത്തെ സോളോ ഫ്രാൻസ്​ യാത്രയിൽ ഞാൻ കൂടുതൽ ധൈര്യമുള്ളവളായി തീർന്നു. അപ്പോഴേയ്ക്കും തായ്‌ലാൻഡിലും മലേഷ്യയിലും ഒറ്റയ്ക്ക് സഞ്ചരിച്ചതിന്റെ ധൈര്യം എനിക്കുണ്ടായിരുന്നു. പ്രത്യേകിച്ച് ഫൂക്കറ്റിൽ. സോളോയാത്രിക പാലിക്കേണ്ട യാത്രാ മുന്നൊരുക്കങ്ങൾ പാലിച്ച് മാത്രമേ ഇത്തരം സ്ഥലങ്ങളിൽ പോകാൻ പാടുകയുള്ളു. കൊള്ള സംഘങ്ങളും മാഫിയകളും മയക്കുമരുന്നു വിൽപ്പനക്കാരും ശരീരവിൽപ്പനക്കാരും ചേർന്ന് ഇടം ഒട്ടും തന്നെ സുരക്ഷിതമല്ല. അക്കാലങ്ങളിൽ ഫ്രാൻസ് ബെസ്റ്റ് റേപ്പ് സിറ്റികളിലൊന്നായിരുന്നു. അപകടകാരിയുമായിരുന്നു.

ഒന്നാമത്തെ തലത്തിലെ കടകളിൽ മാത്രം പ്രവേശിക്കുക എന്നതായിരുന്നു ആദ്യത്തെ നിയമം. മുഖ്യപാതയിലൂടെ മാത്രം നടക്കുക. ചെയ്യാവുന്നത് ആകെ വിൻഡോ ഷോപ്പിങ്ങ് മാത്രം. ഞാൻ നിർലജ്ജം വിൻഡോ ഷോപ്പിങ്ങ് നടത്തി. മനുഷ്യരെ വിൽക്കുന്ന രതിശാലകൾ, അടിവസ്ത്ര ഷോപ്പുകൾ, രതിയന്ത്ര ഷോപ്പുകൾ, രതി വൈകൃത ഷോപ്പുകൾ, രതി പ്രദർശന ഷോപ്പുകൾ, രതിപുസ്തക/സീഡീ ഷോപ്പുകൾ, ആത്മരതീ പാർലറുകൾ, മസാജ് പാർലർ, ഫെറ്റിഷ് ഷോപ്പുകൾ, രതിസർക്കസ്സ് ഷോപ്പുകൾ. ലോകത്ത് നമ്മൾ കാണാത്ത അസംഖ്യം ഷോപ്പുകളിൽ നിന്നും ഷോപ്പുകളിലേയ്ക്ക് ഞാൻ നടന്നു പോയി.

പലകടകളിലെയും വിൽക്കാൻ വെച്ച അടി വസ്ത്രങ്ങൾ കണ്ടാൽ നമ്മൾ ചിരിച്ചു ചാവും. ജട്ടിമൃഗശാല തന്നെ. പക്ഷെ മൃഗക്കുഞ്ഞുങ്ങളില്ല. എല്ലാം വലിയവർ. പ്രായപൂർത്തിയായവർ. ഞാനെല്ലാം സസൂഷ്മം കൗതുകക്കണ്ണുകൾ വിടർത്തിത്തന്നെ നോക്കി. കണ്ണാടിക്കൂട്ടിൽ നിറയെ ആനയുടെ തുമ്പിക്കയ്യും മുഖവുമുള്ള ജട്ടികൾ, കൊമ്പുകൾ പുറത്തേയ്ക്കു തള്ളി നിൽക്കുന്നു. ആഫ്രിക്കൻ ചെവിയായി സാറ്റിന്റെ പുള്ളിറേന്തകൾ. കുതിരമുഖ ജട്ടികൾ, ജിറാഫ് മുഖമുയർന്നു നിൽക്കുന്ന മഞ്ഞയിൽ പുള്ളിയുള്ള നിഷ്‌കളങ്കത, കറുമ്പൻ കരടിയുടെ കോണിച്ച മുഖം, വരയൻ കുതിരയുടെ കൂർത്ത മുഖം, പലജാതി മൃഗമുഖങ്ങൾ. ആദ്യമെനിക്കിവയുടെ പൊരുൾ തിരിഞ്ഞിരുന്നില്ല. ആദ്യകാഴ്ചയിൽ കൊച്ചുകുട്ടികൾക്കുള്ള പാവക്കുട്ടിക്കടപോലെ നിഷ്‌കളങ്കമാർന്നിരുന്ന ഒരു കട.

അല്പം കഴിഞ്ഞപ്പോൾ സംഗതി തിരിഞ്ഞു. അവയെല്ലാം ആനിമൽ ഡിൽഡൊകൾ ആയിരുന്നു. റാബിറ്റ് ഡിൽഡോകളും എലെഫെന്റ് ഡിൽഡൊകളും അങ്ങനെ പേരുപോലുമറിയാത്തയനവധി ലൈംഗികോപകരണങ്ങൾ. രതിക്കളിപ്പാട്ടങ്ങളുടെ കടകളായിരുന്നു അവയൊക്കെയും. എത്ര വലുതായിട്ടും ചെറുതാകാത്ത ചെറുപ്പവും കൊണ്ട് ഇണകളെ തേടുന്ന മനുഷ്യർക്കുള്ള പീടികകൾ

വൈബ്രേറ്ററുകളുടെ കൂറ്റൻ ഷെൽഫുകൾ നിറഞ്ഞ കടകൾ. അവ ലൈവായി പ്രദർശിപ്പിക്കുന്ന സ്ത്രീകൾ., ലെസ്ബിയൻ സ്ത്രീകൾക്കായുള്ള വൈബ്രേറ്റർ ഘടിപ്പിച്ച ഇരട്ടത്തലയൻ ഡിൽഡോ. വിരലിലണിയുന്ന കുഞ്ഞു ഫിൻഗ്ഗർ വൈബ്രേറ്ററുകൾ. രതിയുപകരണം കൊണ്ട് ആത്മരതി പ്രദർശിപ്പിക്കുന്ന കറുത്ത മനുഷ്യൻ. അയാളുടെകൂടിനു ചുറ്റും പെണ്ണുങ്ങൾ

മുക്കിനു മുക്കിനു കോണ്ടം വെൻടിങ്ങ് മെഷീനുകൾ. ഒരു യൂറോ ഒറ്റയൂറോ എന്നെഴുതിയ മെഷീനുകൾ.
മറ്റൊരു കടകണ്ടു ഞാൻ തലചുറ്റി വീണില്ലെന്നെയുള്ളു. മാർഗറീത്താ Mamelone എന്നെഴുതിയ അതിന്റെ ബോർഡിനു ചുറ്റും മുലക്കണ്ണുകളുടെ ത്രീഡീകൾ നിരന്നു നിന്നു. അവയ്ക്കുള്ളിൽ കത്തുന്ന ലൈറ്റുകൾ. മാർഗറീത്തയുടെ മുലക്കണ്ണെന്നു പേരിട്ട് ഒരു കടയുണ്ടാകുമെന്ന് ദുഃസ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. എന്റെ കൗതുകം എന്നെ അവിടെ കയറ്റുക തന്നെ ചെയ്തു. അവിടുത്തെ കൗണ്ടറിൽ ഒരു സ്ത്രീയാണിരുന്നത് എന്നതും എന്നെ ധൈര്യപ്പെടുത്തി.

മുലക്കണ്ണുകളെയും ചൂചുകങ്ങളെയും ആനന്ദിപ്പിക്കുന്ന ഉപകരണങ്ങൾക്കായി പെൺകുട്ടികൾ ഏറെ അന്വേഷിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് കൗണ്ടറിലെ ചെറുപ്പകാരിയായ മുതലാളി എന്നോട് പറഞ്ഞു. അവൾ അനാവശ്യമായ ഉയരമുള്ള സ്വർണ്ണത്തലമുടിക്കാരിയായിരുന്നു. മാരഗറീത്ത.
""എന്റെ രതി സ്വപ്നമാണ് ഞാനിവിടെ വിൽക്കുന്നത്''
നീളത്തിലുള്ള സിഗററ്റ് വലിച്ചു കൊണ്ട് കടയുടെ ലക്ഷ്യവും ആവശ്യവും പ്രാധാന്യവും അവർ എനിക്ക് വിവരിച്ചു തന്നു.

""പണ്ടു ഞാൻ കോൺവെൻറ്​ സ്‌കൂളിൽ ടീച്ചറായിരുന്നു. ഇംഗ്ലീഷ് ടീച്ചർ. പണവുമില്ല. പദവിയുമില്ല. എങ്കിലും കഷ്ടിച്ച് അങ്ങനെ കടന്നുപോയി. പള്ളി വക അനാഥാലയത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. പറയേണ്ടല്ലോ. സംഗീതം മാത്രമാണ് കൈമുതൽ. എന്റെ നല്ല കാലത്ത് ബോയ് ഫ്രെണ്ട് എന്നെ ചതിച്ച് ഗർഭിണിയാക്കി. സ്‌കൂളിലെ തന്നെ മറ്റൊരു മ്യൂസിക്ക് ടീച്ചർ. പള്ളി വക സ്‌കൂളല്ലെ എന്നെ പൊറത്താക്കി. ഗതിയുമില്ല. പാരെന്റ്‌സില്ല. അങ്ങനെയാണ് ഷോപ്പ് തുടങ്ങിയത്. ആദ്യം കാറ്റകൂംസ്സിനടുത്ത് കൗതുക വസ്തുക്കളുടെ കടയായിരുന്നു.'' അവൾ പുക വിഴുങ്ങി.

""അതും വലിയ മെച്ചമില്ലായിരുന്നു. നഷ്ടം എന്നു തന്നെ പറയാം. സെയിൽസ്സിനു വന്ന ഒരാളുമായി പാർട്ട്‌നെർഷിപ്പിൽ ഇത് തുടങ്ങേണ്ടി വന്നു. വെച്ചടി വെച്ചടി കയറി. തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാത്രിയിൽ ഇവിടെ പാടാൻ വന്ന പരിചയമെ ഉണ്ടായിരുന്നുള്ളു.''
അവർ മുമ്പോട്ട് നടന്നു. അലമാരയിൽ വീണുകിടക്കുന്ന ചൂചുകൊപകരണങ്ങൾ എടുത്തു വെച്ചു. പലതരത്തിലുള്ള നിപ്പിൾ ക്ലാമ്പുകൽ ഇരട്ടസഹോദരി മാരെപ്പോലെ തൂവൽ ചൂടിയും പൂചൂടിയും ആ അലമാരയിൽ ഭംഗിയിലിരുന്നു.
""അവറ്റകൾ പിടിച്ച് മാങ്ങ ഞെക്കി ജ്യൂസാക്കുമെന്നല്ലാതെ അത്ഭുതലോകത്തേയ്‌ക്കൊന്നും കൊണ്ടു പോകില്ല.''
""ഏഹ് എന്ത്?'' എനിക്കാദ്യം അവർ പറഞ്ഞത് മനസ്സിലായില്ല.

""ഈ പ്രത്യേക സെക്ഷനെ പറ്റി പറഞ്ഞതാണ്. പുരുഷന്മാർ മുലകൾ ഞെക്കിപ്പഴുപ്പിക്കുമെന്നല്ലാതെ നമുക്ക് പ്രയോജനമൊന്നുമില്ല.'' അവൾ ഊറിച്ചിരിച്ചു.

""എന്റെ രണ്ടാമത്തെ ഭർത്താവ് അങ്ങനെയൊരുത്തനായിരുന്നു. മൊറോക്കോ- ഫ്രെഞ്ച് മിക്സ്സ്. അത്തരം പുരുഷന്മാർ ശരിക്കും ഉഗ്രനാണ്. പക്ഷെ നിങ്ങൾ ക്ലാപ്‌സ് കരുതണമെന്നു മാത്രം'' ഞാൻ വാപൊളിച്ചു നിന്നു. എന്താണ് കേട്ടുകൊണ്ടിരിക്കുന്നത് എന്ന ഒരു ആശങ്കമാത്രം ബാക്കിയായി. അല്ലെങ്കിൽ കേട്ടത് തന്നെയോ ശരിയെന്ന ആശങ്കയായി.

പിങ്ക് നിറത്തിലുള്ള Aria Tongue Vibe ഒന്നെടുത്ത് അവർ തിരിച്ചും മറിച്ചും നോക്കി. സക്കർ പോലുള്ള ഒന്നായിരുന്നു അത്. ഞാനത് ആദ്യമായി കാണുകയായിരുന്നു. കുട്ടിക്കാലത്ത് ഓട്ടോറിക്ഷകളിൽ കാണാറുള്ള പോമ്പോം പ്രസവിച്ച കുഞ്ഞാണെന്നു തോന്നും. അതെടുത്ത് പിടിച്ച് പീച്ചി, അവർ എന്റെ നെഞ്ചിലേയ്ക്ക് തുറിച്ച് നോക്കി.

""ഇത് നിങ്ങൾക്ക് ഒന്നാന്തരമായിരിക്കും. വലിയ മുലകളുള്ള സ്ത്രീകൾക്ക് ഞാനിത് എപ്പോഴും റേക്കമെൻഡ് ചെയ്യാറുണ്ട്. നല്ല ഫേമാണ്. നല്ല വൈബ്രേഷൻ കിട്ടും. ഏരിയോള പൂർണമായും കവറു ചെയ്യും. കറക്ട് നാവിന്റെ ആ ഫേമ്‌നെസ്​ കിട്ടും'' അവൾ എനിക്ക് നീട്ടി. പുകയൂതി വിട്ട ശേഷം പറഞ്ഞു.

""ഒന്നു ട്രൈ ചെയ്യൂ. നിങ്ങളെപ്പോലുള്ള ഇന്ത്യക്കാരി പെണ്ണുങ്ങളാണിതിന്റെ റെഗുലർ കസ്റ്റെമെർസ്. തുണിയൂരാതെ സെക്സ്സ് ചെയ്യുന്ന പുരുഷന്മാരുള്ള ഒരു രാജ്യത്തിലെ സ്ത്രീകൾക്കിത് അത്യാവശ്യമാണ്.'' അവൾ പരിഹാസസ്വരത്തിൽ കുലുങ്ങി ചിരിച്ചുകൊണ്ടേയിരുന്നു. പിന്നെ അവർ ചുറ്റും നോക്കി എന്നിട്ട് ശബ്ദം താഴ്ത്തി എന്റെ മുലകളിലേയ്ക്ക് തുറിച്ചു നോക്കി.
""പ്രത്യേകിച്ച് നിങ്ങളെപ്പോലെ മുലഞെട്ടുകളില്ലാത്ത പെണ്ണുങ്ങൾക്ക്'' ഞാൻ ഞെട്ടിപ്പോയി.
""അയ്യൊ ഇതൊന്നും വാങ്ങാനല്ല. വേണ്ട. ഞാനിതൊക്കെ കാണാൻ വേണ്ടി വന്നതാണ്'' എനിക്ക് വല്ലാത്ത നാണക്കേടും പരിഭ്രമവും തോന്നി.
""ആയിക്കോട്ടെ. ഒന്നു ട്രൈ ചെയ്തിട്ടു പോകൂ'' അവർ എന്നെ വിടാൻ കൂട്ടാക്കിയില്ല. ഒരു പക്ഷെ ബലാത്കാരമായി നെഞ്ചിനുമീതെ അവരത് പിടിപ്പിക്കുമോ എന്നു പോലും ഞാനൊരു വട്ടം ഭയന്നു.

""നോക്കൂ സത്യമായും ഞാനിത് വാങ്ങാൻ വന്നതല്ല. വാങ്ങിയാലും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ എനിക്ക് കഴിയുകയില്ല. ഇത്തരം ഉത്പന്നങ്ങൾ ഇന്ത്യയിൽ നിരോധിച്ചവയാണ് അറിയാമല്ലോ. എനിക്ക് ഇവ കൊണ്ടു ഉപയോഗമില്ല. ഞാൻ ഇതു കാണുന്നതിൽ താങ്കൾക്ക് വിരോധമുണ്ടോ? ഇതൊന്നും ഞാൻ കണ്ടിട്ടേയില്ല''
""എന്തു വിരോധം? തീർച്ചയായും ഞാൻ കാണിക്കാമല്ലോ. എനിക്ക് സ്ത്രീകൾ ആഹ്ലാദിക്കുന്നത് സന്തോഷകരമാണ്. നിങ്ങൾക്ക് എന്റെ വലിയ ഷോറൂം കാണണോ? അതോ ഷോ എന്തെങ്കിലും? മസാജ്?''
""യെസ് യെസ് എനിക്ക് ഷോപ്പ് കാണണം.'' ഞാൻ കൗതുകം പൂണ്ടു തലയാട്ടി.

""തോമസ്സിൻ..'' അവർ അകത്തേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു. ഞാനൊരു കിളരം കൂടിയ പൂച്ചക്കണ്ണുള്ള ബ്രിട്ടീഷുകാരിയെ പ്രതീക്ഷിച്ചു. പുറത്തേയ്ക്കു വന്നത് നല്ല ഉയരമുള്ള തേൻനിറത്തിലുള്ള ചെറുപ്പക്കാരിയായ തമിഴ് പെൺകുട്ടിയായിരുന്നു. മെല്ലിച്ച കഴുത്തും ഉന്തിയ തോളെല്ലുമുള്ളവൾ. വിടർന്ന കണ്ണുകൾ നീണ്ട നാസിക. കണ്ടീഷണറിട്ടു തിളക്കിയ നിറം തേച്ച് മുടിയിഴകൾ. അസാമാന്യ വലുപ്പമുള്ള മുലകൾ മാത്രമാണ് പിഗാളിലെ ആ കടയുമായി അവളെ ചേർത്തു നിർത്തിയ ഏക ഘടകം. എത്രയൊക്കെ ഫാഷനബിളായിട്ടു നിന്നിട്ടും ഫ്രെഞ്ച് സ്‌റ്റൈലിൽ പെരുമാറിയിട്ടും അവൾക്കൊരു തമിഴ് ഛായയുണ്ടായിരുന്നു. പൂവും പൊട്ടുമില്ലെന്നു മാത്രം.
""ഇവൾ കാണിച്ചു തരും'' ഞാൻ തലയാട്ടി.

അവളുടെ വലിയ നെഞ്ചിലേയ്ക് ഇടയ്ക്കിടെ എന്റെ കണ്ണ് ലജ്ജയില്ലാതെ പാറി വീണു. "തോമസ്സിൻ കുനനായകം'- അവളെന്നെ നോക്കിയപ്പോൾ ഞാൻ നെയിം ബോർഡ് വായിക്കുന്നതായി അഭിനയിച്ചു. എന്റെ കൗതുകമോ പരിഭ്രമമോ അവൾ നിഷ്‌കളങ്കമായി ചിരിച്ചു. മുത്തടുക്കി വെച്ചപോലത്തെ ഇളം മഞ്ഞപ്പല്ലുകൾ. അവളുടെ കണ്ണിൽ ബന്ധുവിനെ കണ്ടതു പോലുള്ള സൗഹൃദവും സ്‌നേഹവും നിറഞ്ഞു.
""നീങ്കെ തമിഴാ?''
""അല്ല കേരളാ. മലയാളം''
""ഇങ്കെ മുതൽ ദടവാ?''
""അല്ല രണ്ടാവദ്'' ഞാൻ ചിരിച്ചു.
""വാങ്കോ പാപ്പോം''
അവളെന്നെയും കൂട്ടി അകത്തേയ്ക്ക് പോയി. കറുത്ത പെയിന്റടിച്ച ചുമരുകൾ വെളിച്ചം കുറഞ്ഞ ഇടവഴി പോലെ ഞാനൊന്നു ഭയന്നു.
""എന്നെ ഭയന്തിട്ടാങ്കളാ. ഇത് പുതു ഷോപ്പിലേയ്ക്കുള്ള വഴിതാനെ. ഭയം ഒണ്ണും വേണ. ഇങ്കെ ഷോപ്പ് മട്ടും. താൻ ഷോസ് ഇല്ലെ. അതെല്ലാമെ അന്ത തെരുല്. മോളാൻ റോഷ് അങ്കെ.''

ഞാനൊന്നു ചിന്തിച്ചു. അതെ Moulin Rouge. ആദ്യതവണ വന്നപ്പോൾ അതു വായിക്കാൻ തന്നെ എനിക്കറിയുമായിരുന്നില്ല. 1889 ൽ സ്ഥാപിച്ച ഫ്രെഞ്ച് ക്യാബറേ നൃത്തയിടം. അത്യധികം മനോഹരമായിരുന്നു അതിന്റെ ഉൾവശവും പുറകു വശവും. വളരെ പഴയ ഒരു കെട്ടിടമാണതെന്ന് എനിക്ക് അറിയുമായിരുന്നു. മണ്ണു കുഴച്ചു തേച്ച് പിടിപ്പിച്ച പോലെ കട്ട ചേർത്തോ മറ്റോ ആണത് പണിത് വെച്ചിരുന്നത്. അതിന്റെ പുറംകാഴ്ച തന്നെ ചൊവ്വാഗ്രഹത്തിന്റെ ചുവപ്പിലായിരുന്നു. അപൂർവ്വമായൊരു ചുവപ്പു. വാർന്നു വീഴുന്ന വെളിച്ചം. ഷോപ്പിനു മുകളിൽ ഒരു ചിമ്മിനി പോലെ. അതിന്റെ ഇരുമ്പഴിക്കിളിവാതിലിലൂടെ തീ നിറമുള്ള പ്രകാശം ചിതറി. അതിനു മീതെ കാറ്റാടി സ്ഥാപിച്ചിരുന്നു. അവയിലുമുണ്ടായിരുന്നു വിളക്കുകൾ. ചെറിയ ട്യൂബുകൾ. അവയും ചുവപ്പും ഓറഞ്ചും പ്രകാശമുതിർത്തു.
""പാത്താച്ചാ ഷോവെല്ലാം''?

""ഇല്ലിയെ. പാക്കണോന്ന് താൻ'' ഞാനെന്റെ ആശ വെളിപ്പെടുത്തി. പുറത്തേ ബോർഡുകൾ വായിച്ചു തന്നെ ഞാൻ കുഴങ്ങി. സെക്‌സി സ്റ്റോർ, സെക്‌സി ഷോപ്പ്, പുസ്സി, സോവെനീർ സെക്‌സി, Cuir, Lingeries and Latex, സൂപെർ മാർഷേ ഇറോറ്റിക്ക്, പീപ്പിങ്ങ് ബാർ, അസംഖ്യം മദ്യശാലകൾ കട കാണുന്നതിനേക്കാളധികം തോമസീൻ കഥ പറഞ്ഞു.
""ഞങ്ങൾക്ക് കമ്മീഷൻ ഉണ്ട്. 10 യൂറോ/ പേർസോൺ. അത് ഞാനും മാഡവും അഞ്ച് വീതം എടുക്കും'' അവൾ കാര്യങ്ങൾ വ്യക്തമാക്കി.
ആ ഷോപ്പ് തന്നെ എന്നെ അത്ഭുതപ്പെടുത്തി "മാർഗറീറ്റാ ഇറോട്ടിക്കാ സൂപ്പർ മാർഷെ' അഥവാ സൂപ്പർ മാർക്കെറ്റ്. ആലീസ്സ് ചെന്നെത്തിയ അത്ഭുത ലോകമായിരുന്നു ആ കട പോലും എനിക്ക്. പിഗാളിന്റെ ഉൾത്തെരുവുകളിൽ നിഗൂഢമായി ഇതിലും ഗൂഢമായി പലതുണ്ടെന്നെനിക്കറിയാമായിരുന്നു. ദേവിയും ഭർത്താവും വിലക്കിയിട്ടുണ്ടായിരുന്നു. ഒരു കാരണവശാലും പുറമെക്കടകളിലല്ലാതെ കയറുവാൻ പാടില്ലെന്നും പലരും ക്യാൻവാസ്സ് ചെയ്യും ജാഗ്രതയായിരിക്കണമെന്നും എന്നെ ഓർമ്മപ്പെടുത്തിയിരുന്നു.

""ഇത് പാത്തിരുക്കാ'' തോമസിൻ ഒരു കോർണെർ കാണിച്ചു.
""കിങ്കി??'' അതെന്തുകുന്തമാണ് പടച്ചോനെയെന്ന് ഞാൻ അത്ഭുതപ്പെട്ടു.
""കിങ്കി സെക്‌സ് റ്റോയ്സ്സ് അമ്മാ. നാൻ നെനെച്ചെ യിത് ഒണ്ണും നീങ്കെ പാത്തിരിക്കമാട്ടാ.'' അതെല്ലാം തടവു പുള്ളികൾക്കുള്ള ഉപകരണങ്ങൾ പോലെയോ ശിക്ഷാ ഉപകരണങ്ങൾ പോലെയോ തോന്നിച്ചു. BDSM : Bondage, Discipline, Sadism, And Masochism Toys എന്നെഴുതിയ ബോഡിലേക്കവൾ ചൂണ്ടിക്കാണിച്ചു.

""ഓഹ് അങ്ങനെ...'' അതൊരു രഹസ്യ ഭാഗം പോലെ നിഗൂഢമായി തോന്നി. മനുഷ്യരുടെ മനസ്സിലെ ഉന്മാദങ്ങളെപ്പറ്റിയാർക്കും പറയാൻ കഴിയില്ല. എന്റെയൊക്കെ ചിന്തയുടെ ആയിരം മടങ്ങു മേലെയായിരുന്നു ആ ഭാഗം. വിവിധതരം കോളറുകളും ചോക്കറുകളുമുണ്ടായിരുന്നു. ഇണയെ നായയെപ്പോലെ തടവിലിടുന്നവ. ഭംഗിയേറിയ ജീനികളും കടിഞ്ഞാണുകളുണ്ടായിരുന്നു. പെണ്ണിനെയും ആണിനേയും കുതിരയെപ്പോലെ അച്ചടക്കം പഠിപ്പിക്കുവാൻ. കണ്ണുകെട്ടുന്നവയും ഹൂഡ്സ്സുമുണ്ടായിരുന്നു. അപരിചിതരോടൊത്തുള്ള രഹസ്യരത്യാനന്ദത്തിനായായിരിക്കാം. ഇണയുടെ കണ്ണുകളിലെ പ്രേമം കാണാത്ത രതിയെന്ത് രതി? പപ്പി മുഖമ്മൂടികൾ. ചെവിയടയ്ക്കുന്ന സാമഗ്രികൾ. പൂർണ്ണ വിധേയത്വം തേടുന്നവർ ഇണകൾക്കണിയിക്കുന്ന പലതരം ഉപകരണങ്ങൾ. പലതരം വിലങ്ങുകൾ ഉണ്ടായിരുന്നു. കയ്യിലും കാലിലും മുതൽ ഉടലുടനീളം ബന്ധിപ്പിക്കാനുള്ള അനവധി ഉപകരണങ്ങൾ. ഓരോന്നും തോംസീൻ എനിയ്ക്ക് വിശദീകരിച്ചു തന്നു. ഞാൻ നോട്ടു ബുക്കിൽ അതെല്ലാം കുറിച്ചു വെച്ചു.

ആണുങ്ങൾക്കണിയാവുന്ന പടച്ചട്ടപോലുള്ള സ്റ്റീൽ ജട്ടികൾ എന്തിനെന്നു ഞാൻ അത്ഭുതം കൂടി.
""ഷാക്ക്ൾസ്സ് എണ്ണ് സൊള്ളുവാറ്. പസങ്കെകൾക്ക് മട്ടും താൻ. റൊമ്പ ജാസ്തിയിങ്കെ.'' അവൾ ആശ്വാസത്തോടെ ചിരിച്ചു. അവ കാൺകെ എനിക്ക് തലചുറ്റി. പീഡന മോചനയന്ത്രങ്ങളായി വേണമെങ്കിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാവുന്നവയായിരുന്നു അവയിലേറെയും.

ഇണയുടെ വായിലേയ്ക്കു പന്തു തിരുകുന്ന ബോൾ ഗാഗുകൾ, മറ്റു പലയിനം ഗാഗുകൾ, സ്‌പ്രെഡേർ ബാർസ്സ്. ഇണയെ ഉപദ്രവിക്കാനുള്ള വടികൾ, ചാട്ടകൾ, മുള്ളു ദണ്ഡുകൾ. അടക്കി നിർത്തുവാനുള്ള കൊളുത്തുകൾ പൂട്ടുകൾ.. ഓഹ് മനുഷ്യ മനസ്സിന്റെ വൈകൃതത്തെപ്പറ്റി ഓർക്കെ എനിക്ക് തല പുകഞ്ഞു.
""യിത് യെന്നെ ശിന്നത്. ഇതുക്കും മേലെയിറുക്ക് ഇങ്കെ. വാങ്കോ''
അതെന്തു കുന്തമെന്നു ഞാൻ കരുതി. ഫെറ്റിഷ് കോർണ്ണറായിരുന്നു അത്. ഇപ്പോൾ കണ്ടവയുടെയൊക്കെ അപ്പുറത്തുള്ള ഫെറ്റിഷ് സാമഗ്രികളായിരുന്നു അവ. തീട്ടത്തിന്റെ റേപ്ലിക്കയടക്കം.
""കോപ്രോ ഫീലിയാക്ക് മനിതർക്കും വേണോല്ലെ''
""മതി'' എനിക്ക് പൊടുന്നനെ മടുപ്പു വന്നു. മനസ്സിലാകെ ഒരുതരം ആത്മപുച്ഛം നിറഞ്ഞു. എന്തൊരു ലോകം. ഞാനടങ്ങുന്ന് വികൃതജന്തുക്കളുടെ എന്തൊരു ലോകം. ഇത് കാണാൻ വന്ന ഞാനെന്ത് തരം ജീവി?
""പണ്ട് ഇവിടെ വലിയ പാട്ടുകാരൊക്കെ താമസിച്ചിരുന്നില്ലെ?''
""ഇപ്പോഴും ധാരളാമാ. മ്യൂസിക് ഷോപ്പ്‌സ് ഇരിക്കെ. അന്തപ്പക്കം. നീങ്കെ നെനെയ്ക്ക മാതിരിയെ അല്ലെ വേറെ മാതിരി പസ്സങ്കെ. നെറയെ വിത്യാസമാന മനിതർകൾ. ഉള്ളുക്കുള്ളെ പോനാൽ റൊമ്പ ജാഗ്രതയാറ്ക്ക വേണം...
""ഈ പെൺകുട്ടികളൊക്കെ?''
""എല്ലാമെ വ്യാപാരം.. നല്ലാ പൈസാ കെടയ്ക്കുവേ''

എന്തൊരു ജീവിതം. ഓർക്കെ തലപുകഞ്ഞു നീറി. ഈ അലമാരിയിൽ അൽപ്പം മുമ്പ് ഞാൻ കണ്ട ഓരോ ഉപകരണങ്ങളും വാങ്ങി റോഡു മുറിച്ചു കടന്ന് പെൺകുട്ടികളെ പ്രദർശിപ്പിച്ച തെരുവുകളിലേയ്ക്കു നടന്നു പോകുന്ന പുരുഷന്മാർ. ഞാൻ ഹൃദയഭാരത്തോടെ നിന്നു.

എന്റെ കണ്ണുകൾ കൗണ്ടറിൽ ബില്ലടിക്കുന്ന ഒരു ഇന്ത്യക്കാരനിലേയ്ക്ക് തന്നെ പോയി. അവന്റെ കയ്യിൽ ഒരു വളയെക്കാളും അൽപ്പം ചെറുതായ ഒരു വെള്ളിവളയം അതിന്റെ നാലുഭാഗത്തും കൊമ്പുകൾ പോലെ നിൽക്കുന്ന സ്‌ക്രൂ ആണികൾ. അവയുടെ മുറുക്കത്തിനും അയക്കലിനും അനുസൃതമായ് ഉള്ളിലേയ്ക്കു കൂമ്പി നിൽക്കുന്ന നാലു നീളൻ ഇതളുകൾ. അയാൾ സ്‌ക്രൂ മുറുക്കുകയും അടയ്ക്കുകയും ചെയ്‌കെ അത് ഇതൾ പോലെ വിടർന്നു. എന്തായിരിക്കും അതെന്ന് ഞാൻ ഊഹിക്കെ തോമസ്സിൻ അടുത്തു വന്നു ചെവിയിൽ പറഞ്ഞു.
""ആനൽ സ്‌പെക്യുലാ. സ്‌റ്റ്രെച്ചിങ്ങിക്കാകെ യൂസ്സ് പണ്ണുവോം. അവനുക്ക് ഇന്ന് അപ്പോയിന്റ്‌മെന്റ് ഇറ്ക്ക്... ലാൻസില്യോട്ട് ഴാക്''
""എന്ത്?''
""അങ്കെ അന്ത തെരുല് മൂന്നാവത് കൂടെ പാത്തിയാ. അന്ത പൊണ്ണ് താൻ ലാൻസില്യോട്ട് ഴാക്. ഇണ്ണ് അവനുക്ക് നാന്താൻ അപ്പോയിന്റ്‌മെന്റ് സറിയാക്കി കുടുത്തത്. 10 യൂറോസ്സും കെടച്ചാച്ച്. പാവം അന്തപ്പൊണ്ണു''

തോമസീനെന്ന ഫ്രെഞ്ച് പൗരയുടെ പൂർവികത്വം തൂത്തുക്കുടിയുടെ ഉണങ്ങി വരണ്ട വരമ്പിലിരിക്കുന്ന പൊന്നുത്തായിയെന്ന തമിഴത്തിയുടെ അലിവിലേയ്ക്കും സങ്കടത്തിലേയ്ക്കും കൂപ്പ് കുത്തി.
""എന്നെ പണ്ണുവോ? എനക്കും പൊഴയ്ക്ക വേണ്ടാമാ?''
ഞാനൊരു കേരളക്കാരിയും അവളൊരു തമിഴത്തിയും മാത്രമായി
കൗണ്ടറിൽ അയാൾ സ്‌പെക്യുല നീട്ടി
""47 യൂറോ''
മൂന്നു യൂറോ തിരികെ നൽകുമ്പോൾ ടിപ്പിക്കൽ ഇന്ത്യൻ ആണിന്റെതായ വിടലച്ചിരിയോടെ എന്നെയും തോമസീനെയും അയാൾ ചുഴിഞ്ഞു നോക്കി.

അയാൾക്കൊരു വന്യമൃഗത്തിന്റെ ഛായയുണ്ടായിരുന്നു. ഏറെ നാളുകളായ് പട്ടിണികിടന്ന ഒരസ്സൽ ആർത്തിമൃഗത്തിന്റെ ക്രൂരത അയാളുടെ ചുണ്ടുകളിൽ ഉമിനീരായി വഴുക്കി. അയാൾ ചിരിയെ അഴുക്കുപോലെ തുടച്ചു. നിങ്ങൾ വരുന്നോ എന്ന പോലെ സവിശേഷമായ ഒരു വിളി ആ മുഖത്തുണ്ടായിരുന്നു.

താൻ വാങ്ങിച്ച വിചിത്രസാധനങ്ങളുടെ കവർ പിടിച്ച്, കണ്ണട ധരിച്ച് അയാൾ റോഡ് സാവകാശം മുറിച്ചു കടന്നു. വൈകൃതത്തിന്റെയും ക്രൂരതയുടെയും മണിക്കൂറുകൾ അയാൾ ബുക്കു ചെയ്തു കഴിഞ്ഞിരുന്നു.
ലാൻസില്യോട്ട് ഴാക് എന്ന മനോഹരിയായ പെൺകുട്ടി കണ്ണാടിക്കൂട്ടിലിരുന്നു അയാൾക്കു നേരെ കൈവീശി... 19 വയസ്സുള്ള ലാൻസില്യോട്ട്...
ചെറിയ പാവക്കുട്ടിയെപ്പോലെയുള്ള ലാൻസില്യോട്ട്.....

ആ നിമിഷം എനിക്ക് ഉറക്കെ കരയണമെന്നു തോന്നി...▮

(തുടരും)

ആർട്ടിസ്റ്റ് കെ.പി. മുരളീധരൻ കോവിഡ് ചികിത്സയിൽ ആയതിനാൽ ഇലസ്ട്രേഷൻ ചേർക്കാൻ കഴിഞ്ഞിട്ടില്ല.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments