ഇന്ദുമേനോൻ

പൊടരു പൊട്ടുന്ന തളിർപ്പെണ്ണുങ്ങൾ

എന്റെ കഥ- 30

എന്റെ ആദ്യത്തെ ഓമനഗർഭം ഏഴാം മാസത്തിൽ ശിശുവിലേക്കുള്ള കൊടിയിൽ രക്തയോട്ടം നിലച്ച്, കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്ന് ഒരു ദുരന്തകഥയായി മാറിയ ഭ്രൂണമരണമായിരുന്നു.

ർഭഗൗരി ഒരു ഒരു കഥയോ സ്വപ്നമോ അല്ല.
രണ്ടാം ഗർഭകാലത്ത് അടിമുടി പൂത്തുലഞ്ഞ് ഒരു ഞാവൽ ചെടി പോലെ ഒരുപാട് തളിർത്ത, വെള്ളവും വളവും കൊണ്ട് ഹരിതകപ്പച്ച ഉടലാകെ പച്ചിച്ചു നിന്ന കാലം.
അക്കാലത്തെ എന്റെ ദിനസരിയെഴുത്താണ് ഗർഭഗൗരി.

ഒരു ഗർഭകാലം എന്നാൽ എന്നാൽ വെറും പൂന്തളിരാവലല്ല. പൊടരു പൊട്ടുന്നതുപോലെ പോലെ ഒരു പെൺ തെളിഞ്ഞുവരുന്ന കാലമാണ്. എന്റെ ആദ്യത്തെ ഗർഭം ഏഴാം മാസമടുപ്പിച്ച് ഇല്ലാതായിരുന്നതിനാൽ രണ്ടാമത്തെ ഗർഭത്തിൽ ഞാൻ അതീവ ശ്രദ്ധാലുവായിരുന്നു. അനക്കം, നടത്തം, ഇരിത്തം, കിടത്തം, ആഹാരം, കാഴ്ച, ശബ്ദം എല്ലാത്തിനോടും അതിസൂഷ്മമായി മാത്രം ഇടപെട്ടു. അതുകൊണ്ടുമാത്രം തീരുമായിരുന്നില്ല എന്റെ ശ്രദ്ധ. എല്ലാത്തിലും ശ്രദ്ധയായിരുന്നു. വെട്ടം, വെള്ളം, കാറ്റ്, മണ്ണ് പൂവ്, മരങ്ങൾ എല്ലാത്തിനോടും മൃദുവായി ഇടപെടുന്ന ഗ്രാമ്യമായ ജീവത്ദിവസങ്ങളായിരുന്നു അവ. രാത്രിയിൽ കിടക്കുമ്പോൾ അടുത്തുള്ള ചതുപ്പിൽ നിന്ന് വെള്ളം കനാലിലേയ്ക്കു സഞ്ചരിക്കുന്ന ശബ്ദം കേട്ടു. അസംഖ്യം ജലജീവികൾ ഇണതേടിക്കരച്ചിലിൽ മുഴുകി.

ഇണകിട്ടിയവർ മുറുമുറുത്തും ആക്രന്ദിച്ചും പ്രേമശബ്ദത്താൽ ജലത്തിൽ നീന്തി. പ്ലും പ്ലും ജലശബ്ദം അത്രയും മധുരതരമായിരുന്നു. ജനലിലൂടെ നോക്കുമ്പോൾ അലക്‌സാണ്ടറങ്കിളിന്റെ പച്ചക്കറിത്തോട്ടത്തിൽ പച്ചയും വയലറ്റും വഴുതനകൾ മെഴുമെഴാ തൂങ്ങിനിൽക്കുന്നത് കണ്ടു. ചാമ്പയ്ക്കയുടെ നായ്മുല പോലത്തെ പിങ്ക് പഴങ്ങളും കാൺകെ എനിക്കുള്ളിൽ തണുപ്പ് വീണു.
എന്റെ മരിച്ചു പോയ ആദ്യത്തെ കുഞ്ഞ് സായ്വളയ്ക്കടുത്തുള്ള നിള-ള് മരത്തിൽ കുഞ്ഞിക്കണ്ണു മിഴിച്ച് കാട്ടുനായ്ക്കരുടെ പൂർവ്വികാത്മാക്കളോടൊപ്പം എന്നെ കാത്തിരിക്കുന്നത് ഞാൻ സ്വപ്നം കണ്ടു.

അക്കാലത്ത് ഞാനും ഭർത്താവും നല്ല പ്രേമത്തിലായിരുന്നു. അദ്ദേഹമെനിയ്ക്ക് ഏറെ ശ്രദ്ധ തന്നു. നല്ല സ്‌നേഹമായിരുന്നു. ഞങ്ങൾ ഹൃദയം കൊണ്ടും ആത്മാവു കൊണ്ടുമൊക്കെ ആഴത്തിൽ പ്രേമിക്കുന്ന കാലമായിരുന്നു.

നിള-ള് മരത്തിൽ അവൾ

എന്റെ ആദ്യത്തെ ഓമനഗർഭം ഏഴാം മാസത്തിൽ ശിശുവിലേക്കുള്ള കൊടിയിൽ രക്തയോട്ടം നിലച്ച്, കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്ന് ഒരു ദുരന്തകഥയായി മാറിയ ഭ്രൂണമരണമായിരുന്നു. അവരെ കൊന്നുകളയാൻ മനഃപൂർവ്വമല്ലാതെ കാരണമായവരോട് ഞാൻ ക്ഷമിച്ചു. ഡോക്ടർ അവളെ മെഡിക്കലി എന്റെ വയറ്റിൽ നിന്ന് ചുരണ്ടിയെടുത്തുകളയുമ്പോൾ ഞാൻ നിർമമയാർന്നു കിടന്നു. പൊടരു ചീഞ്ഞു പോയ നെൽക്കതിർ പോലെ നിസ്സംഗമായി എന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണീരിൽ ഞാൻ മുഖം താഴ്ത്തി...

2006 ഏപ്രിലിലെ ആദ്യഗർഭപ്പെരുമയിൽ ചെറുപൈമ്പെണ്ണിനെപ്പോലെ എന്റെ കണ്ണുകളടക്കം തെഴുത്തിരുന്നു. പൂത്തു നിന്ന മരം ഉണ്ണിക്കായ്കൾ കായ്​പിക്കുന്നതുപോലെ ഞാൻ നിന്നു.
‘‘പൂവുപെറ്റൊരുണ്ണിയെ-'' ഞാൻ വെറ്റിലക്കൊടിപോലെ തളിരാർന്നു നിൽക്കുന്ന വയറിനെ വാത്സല്യത്തോടെ തൊട്ടുഴിഞ്ഞു.
അക്കാലത്ത് ഞാനും ഭർത്താവും നല്ല പ്രേമത്തിലായിരുന്നു. അദ്ദേഹമെനിയ്ക്ക് ഏറെ ശ്രദ്ധ തന്നു. നല്ല സ്‌നേഹമായിരുന്നു. ഞങ്ങൾ ഹൃദയം കൊണ്ടും ആത്മാവു കൊണ്ടുമൊക്കെ ആഴത്തിൽ പ്രേമിക്കുന്ന കാലമായിരുന്നു. ആഹാരം, മരുന്ന്, പ്രേമം, ശ്രദ്ധ, സ്‌നേഹം, അലിവ്, സമ്മാനങ്ങൾ. ലോകത്തിലെ ഭാഗ്യവതികളായ സ്ത്രീയുടെ കാലമായിരുന്നു അന്നെനിയ്ക്ക്. ഞാൻ ജീവിച്ചു കൊണ്ടിരുന്നത് ആഹ്ലാദപ്പെരുക്കങ്ങളിലായിരുന്നു. നൂറ് പ്രസവിയ്ക്കാൻ എന്റെയുള്ള് തുടിച്ചു. ഒരു പുരുഷൻ നമ്മളെ സദാ നെഞ്ചിന്റെ ഇത്തിരിച്ചൂടിടത്തിൽ പ്രേമത്തോടെ പൊതിഞ്ഞു പൊത്തി സൂക്ഷിയ്ക്കുമെങ്കിൽ ഏതു സ്ത്രീയാണ് നൂറ് പേറിനു മടിയ്ക്കുക?

വിവാഹശേഷം പെട്ടെന്ന് കുഞ്ഞുണ്ടാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒരുവർഷത്തിലേറെയായി. അങ്ങനെയിരിക്കേ സെക്രട്ടറിയേറ്റിലെ ഒരു മീറ്റിങ്ങിനു പോയ സമയത്ത് കഠിനമായ വിശപ്പായി എന്റെ ഗർഭം എന്നെ ആദ്യം സ്പർശിച്ചു. ആ മീറ്റിങ്ങിന്റെ അവസാന ഘട്ടമായപ്പോഴേയ്ക്കും എനിയ്ക്ക് വിശന്ന് തലച്ചുറ്റി. എന്റെ സഹപ്രവർത്തകരുടെ മുമ്പിലുണ്ടായിരുന്ന, ബാക്കി വെച്ച ബിസ്‌കറ്റുകൾ ഞാൻ കൊതിയോടെ തിന്നു. അതുകണ്ട് മീറ്റിങ്ങ് ചെയർ ചെയ്തിരുന്ന മുഖ്യമന്ത്രി അച്ചുതാനന്ദൻ ചിരിയോടെ എന്റെയടുത്തേയ്ക്ക് അദ്ദേഹത്തിന്റെ പ്‌ളേറ്റ് നീക്കിത്തന്നു. എല്ലാരും അമ്പരന്നുനിൽക്കെ ഒരു ലജ്ജയുമില്ലാതെ ഞാനതിലെ അണ്ടിപ്പരിപ്പ് വാരി തിന്നാൻ തുടങ്ങി. എല്ലാവരും എനിയ്‌ക്കെന്തുപറ്റിയെന്ന മട്ടിൽ എന്നെ തുറിച്ചു നോക്കി. എന്റെ വയറിൽ തീകത്തുകയായിരുന്നു.

മീറ്റിങ്ങ് കഴിഞ്ഞതും ഞാനോടി. ഇന്ത്യൻ കോഫി ഹൗസിൽ സീറ്റൊഴിവില്ലായിരുന്നു. ദോശയുടെ മണം എന്നെ പ്രാന്തു പിടിപ്പിച്ചു. ഞാൻ രണ്ട് മസാലദോശ കൗണ്ടറിൽ വെച്ചേ കഴിച്ചു. വിശപ്പൊടുങ്ങുന്നില്ലായിരുന്നു. അന്നുരാത്രി മുഴുവൻ കണ്ടമാനം തിന്നതിന്റെയോ എന്തോ എനിക്ക് അടിവയർ വേദനിയ്ക്കയും തളർച്ച തോന്നുകയും ചെയ്തു.
പിറ്റേന്നു പുലർച്ചെ നാലുമണിയുടെ സ്‌പെഷ്യൽ ട്രെയിനിന് തൃശൂരിലേക്ക് പോകുന്നതിനു മുമ്പ്, ദിവസങ്ങൾ വൈകിയതിന്റെ ആർത്താവാസ്വാസ്ഥ്യമാകമെന്നു കരുതി ഞാൻ അതിനുള്ള മുന്നൊരുക്കം തുടങ്ങി. ട്രെയിനിലെ അപ്പർബർത്തിൽ കേറി വയറമർത്തി ഉറങ്ങി. ആ ഉറക്കത്തിൽ ഞാൻ ഗർഭിണിയാണെന്ന് സ്വപ്നം കണ്ടു.

അന്നുരാത്രി ഉറക്കത്തിൽ ഞാൻ വലിയ വയറോടുകൂടി ഗർഭിണിയായി അങ്ങനെ നിന്നു. ഇംഗ്ലീഷ് പള്ളിയ്ക്കു സമീപം മനോരമയ്ക്കു മുമ്പിലെ റോഡായിരുന്നു അത്. തെളിഞ്ഞ ആകാശത്തിനു കീഴിൽ നീലജലം പോലെ രാത്രി വെളിച്ചം വീണുകിടക്കുന്ന ടാറിട്ട റോഡിൽ നടുവിലൂടെ നടക്കുവാനരംഭിച്ചു ഞാൻ. എന്റെ ചുരുൾമുടിയിഴകൾ ഉരുണ്ടവയറിൽ കൈതല്ലിച്ചിരിച്ചു. ''അമ്മയായി.. ഞാൻ അമ്മയായി''; എന്റെ ആഹ്ലാദം അതിന്റെ പരകോടിയിലായിരുന്നു. ഇരുട്ടല്ല നിലാവാണ് റോഡിൽ പരന്നുകിടന്ന് വെള്ളി വിരിച്ചപോലെ തിളങ്ങുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്റെ മനസ്സിനകത്ത് കൊലുസ്സിന്റെ സംഗീതം ഉയർന്നു. ഞാനുലഞ്ഞു. എന്നെ വല്ലാതെ പിടിച്ചുകുലുക്കി കിലുങ്ങുന്നത് എന്റെ പാദസരം അല്ലയെന്നും വരാൻ പോകുന്ന ശിശുവിന്റെ കാൽത്തളയുടെ കുഞ്ഞിക്കിലുക്കമാണെന്നും തിരിച്ചറിഞ്ഞു. അവളുടെ അരഞ്ഞാണ മണിയുടെ പിച്ചനടത്തിന്റെ സംഗീതം തുളുമ്പുന്ന താളം, മൃദുതാളം, ഞാൻ തിരിച്ചറിഞ്ഞു.
അപ്പോൾ തീവണ്ടി അസാധാരണമായ കുലുക്കത്തോടെ രാത്രി മുറിച്ച് മുന്നോട്ട് പോയി. അത്രയും പുലർച്ചെയുള്ള വണ്ടിയായതിനാൽ ആളുകൾ നന്നെ കുറവായിരുന്നു. ഏറിയാൽ മൂന്നോ നാലോ പേർ. തീവണ്ടി ചതുരരൂപിയായ ഒരിരുമ്പ് തൊട്ടിൽ പോലെ കുലുങ്ങിക്കുലുങ്ങി, നീലമുഖവും അഗാധമായൈരുട്ടാഴവുമുള്ള രാത്രിയെ അതിദ്രുതം മുറിച്ചുമുറിച്ചുകടന്നു.
അതേ ചാഞ്ചക്കം ആട്ടത്തിൽ തന്നെയാണ് ഞാൻ കണ്ണു തുറന്നത്. കമിഴ്ന്ന് അപ്പർ ബർത്തിൽ കിടക്കുന്ന ഞാൻ ആ മനോഹരമായ സ്വപ്‌നത്തിന്റെ സുഖകരമായ ഓർമയിൽ കോരിത്തരിച്ചു.

കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ ഞാൻ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു; ഞാൻ ആർത്തവവതിയല്ല. അപ്പോഴീ കനപ്പ്? അടിവയറിന്റെ തടിപ്പ്? ഗർഭപരിശോധന നടത്താൻ എന്റെ മനസ്സ് പറഞ്ഞു

ആർത്തവ ദിനത്തിൽ തന്നെ ഇത്തരം സ്വപ്നങ്ങൾ കാണുന്നത് എനിക്ക് അമ്മയാവാനുള്ള അതിതീവ്രമായ ആഗ്രഹം മനസ്സിലുള്ളതു കൊണ്ടാണെന്ന് എനിക്കറിയാമായിരുന്നു.

തൃശ്ശൂരിലെ വീട്ടിലെത്തിയപ്പോഴും എന്റെ മനസാകെ കുളിർന്നു തന്നെയായിരുന്നു. ആ സ്വപ്നത്തിന്റെ സുഖകരമായ ആലസ്യം എന്നെ സംതൃപ്തയാക്കി. എത്രയും വേഗം ഗർഭിണിയാകണമെന്ന് മനസ് കുതികൊണ്ടു.
കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ ഞാൻ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു; ഞാൻ ആർത്തവവതിയല്ല. അപ്പോഴീ കനപ്പ്? അടിവയറിന്റെ തടിപ്പ്? ഗർഭപരിശോധന നടത്താൻ എന്റെ മനസ്സ് പറഞ്ഞു. ഒരു പക്ഷേ സ്വപ്നത്തിൽ കണ്ടതുപോലെ നീ ഗർഭിണിയായിരിക്കാം. കുഞ്ഞ് ഉദരത്തിൽ ഉണ്ടായിരുന്നിരിക്കാം.
ആയിരിക്കാം
ആയിരിക്കാം..
ഞാൻ ഉറങ്ങിക്കിടന്ന ഭർത്താവിനെ കുലുക്കിവിളിച്ച് എണീപ്പിച്ചു. അടിയന്തരമായി മെഡിക്കൽ ഷോപ്പിൽ നിന്ന് ഗർഭനിർണയകിറ്റ് വാങ്ങി വരാൻ നിർബന്ധിച്ചു.
‘‘ബേബുവല്ലെ, രാത്രി പാഡ് വാങ്ങിപ്പിച്ചത്? പിരീഡ്സ്സായി എന്നു പറഞ്ഞിട്ട്? രാവിലേയ്ക്കു ഗർഭവുമായോ? ബെല്ലാത്ത ഗർബ്ബം തന്നെ''
‘‘ഓടടാ. പോയി വാങ്ങിച്ചു വാ. ഉടലൊരു സമസ്യാന്ന് കേട്ടിട്ടില്ലെ?
‘‘എല്ലാ മാസവും ഈ ചെക്കിങ്ങ് നിർബന്താണോ? തലചുറ്റി വീഴണ്ടേ? ഛർദ്ദിക്കണ്ടെ? ഇന്നട്ട് പോരെ?''
‘‘പിന്നെ പിന്നെ? സിനിമയല്ലേ''?
എന്റെ പ്രതീക്ഷകൾ പക്ഷെ അസ്ഥാനത്തായിരുന്നു. ഗർഭനിർണയകിറ്റിൽ ഉറ്റിച്ച മൂത്രത്തുള്ളികൾ നിസ്സാരമായി രണ്ട് രഹസ്യ വരകളെയും കടന്നുപോയി. പ്രഗ്‌നൻസി പരിശോധനാ യന്ത്രത്തിലെ ഒറ്റ വര മാത്രം സാവകാശം ചുവന്നുവന്നു.
‘‘യ്യൊ, ഇത്തവണവയും കഷ്ടം.''
‘‘ഞാമ്പറഞ്ഞില്ലെ?''
‘ഓ്', ഞാൻ മടുപ്പോടെ ഗർഭനിർണയക്കിറ്റ് വേസ്റ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു.
അന്നു പിന്നെ മുഴുവനും മടുപ്പുള്ള ദിവസമായിരുന്നു. തൂക്കലു പിടിച്ചപോലെ ഗർഭിണിയാവാൻ പ്ലാൻ ചെയ്ത് ഫോളിക്കാസിഡ് ഗുളിക കഴിക്കുന്നതും മറ്റും വെറുതെയാണെന്ന് തോന്നിപ്പോയി.
‘‘ഭഗവാനേ, പ്ലാൻ ചെയ്ത് ഗർഭിണിയാകുന്നത് പോപ്പുലേഷൻ സ്റ്റഡീസ് പേപ്പറിലാണ്. സാധാരണ മനുഷ്യ സ്ത്രീകളൊക്കെ അങ്ങട്ട് ഗർഭിണിയാവലാ. ന്റമ്മേ, പീജിക്ക് ആ പേപ്പറിനു കൂടുതൽ മാർക്ക് വാങ്ങിയതിന്റെ കൊഴപ്പാ അണക്ക്''; ഫോൺ ചെയ്തപ്പോൾ സുജ കളിയാക്കി.
‘‘സമയമാവട്ടെടോ. എല്ലാം നടക്കും''; ശബു എന്നെ ആശ്വസിപ്പിച്ചു
രാത്രിയായി. ഞാൻ മുറി വൃത്തിയാക്കി ചണ്ടി കോരി വെയ്സ്റ്റിലിട്ടു. പെട്ടെന്ന് എന്റെ മനസ്സിൽ എന്തോ ബൾബ് കത്തിയതു പോലെ രണ്ടു വരകൾ തെളിഞ്ഞു. ഞാൻ ചാടിക്കുതിച്ച് ചണ്ടിപ്പാത്രം വലിച്ച് ഗർഭനിർണയക്കിറ്റ് പുറത്തെടുത്തു. ചുവന്ന വര.. രണ്ടു ചുവന്ന വര... ദൈവമേ ഞാൻ ഗർഭിണി.....
‘‘വാവാ'', ഞാൻ ഭർത്താവിനെ വായിട്ടലറി വിളിച്ചു.
വല്ലാത്ത ഗർഭമായിരുന്നു അത്. അനാരോഗ്യമില്ല, ക്ഷീണമില്ല, രോഗങ്ങളില്ല, വേദനകളില്ല. തീർത്തും ശാന്തമായ ഒരു ഗർഭകാലം. എന്നും നാലു ബസ് മാറിക്കയറി ഞാൻ എന്റെ ഓഫീസിലേക്ക് പോയിക്കൊണ്ടിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്നു. പേരിനു പോലും ഒരു തല ചുറ്റോ ഛർദ്ദിയോ എന്നെ അലട്ടിയില്ല. ഇരട്ടി വിശപ്പുണ്ടായിരുന്നത് മാത്രമായിരുന്നു എന്റെ പ്രശ്‌നം. അസാധാരണമായ കൊതിയായിരുന്നു ആകെയുള്ള പ്രശ്‌നം.

കരാർ പെൺ തൊഴിലാളി

ഞാനന്നൊരു കരാർ തൊഴിലാളിയാണ്.
എന്റെ ഗർഭം എന്റെ തൊഴിൽ ദാതാവിന്റെ വിഷയമേ ആയിരുന്നില്ല. രോഗമോ വേദനയോ ഇല്ലാത്തതിനാൽ എനിയ്ക്കും പ്രശ്‌നമില്ല. യാത്രയും ഫീൽഡും കാട്ടിനുള്ളിലെ ഗവേഷണവുമൊന്നും മുടക്കമില്ലാതെ തന്നെ നടന്നു. മറ്റു ഗർഭിണികളെക്കാണുമ്പോൾ അവരുടെ ഛർദ്ദിയും പ്രതിസന്ധിയും കാണുമ്പോൾ
‘‘നിങ്ങളുടെ ഗർഭം എന്തു ഗർഭമാണ് മാഡം?'' എന്ന് പ്യൂണുമാരും ഡ്രൈവർമാരും അത്ഭുതം കൂറി.
‘‘തീറ്റഗർഭമെന്ന്'' കുടുംബക്കാരടക്കിച്ചിരിച്ചു. തിന്നാൻ കിട്ടിയാൽ കാട്ടിലെ ജോലികൾക്കു പോകാനും ഞാൻ മടി കാണിച്ചില്ല.
സത്യത്തിൽ ഗർഭിണിയായി കാട്ടിൽ നടക്കുക ഏറെ രസകരമാണ്. തെളിഞ്ഞ് സ്വച്ഛവും ശൂദ്ധവുമായ വായു നമ്മളെ ഉന്മേഷവാന്മാരാക്കും. പേരറിയാപ്പഴങ്ങളുടെ മധുരവും പുളിപ്പും ചവയ്ക്കുമ്പോൾ വായും വയറും നിറയും. കാട്ടെള്ളിന്റെ നേർത്തമണമുള്ള പിറ്റ്ൾ ത്യാനു പിഴിഞ്ഞ് കൈവള്ളെയിലിറ്റിച്ച് നക്കിക്കുടിക്കേ, ഈ കാട്ടിൽ ഈ പുഴയിൽ, ഈ മണ്ണുതണുപ്പിൽ, ഈ മലമടയ്ക്കിൽ, ഈ പുല്ലുതിട്ടിൽ, കിടന്ന് ഉടലിൽ കരിഞ്ചുട്ടി കുത്തിയ പുള്ളിപ്പുലിച്ചിയെപ്പോലെ കുഞ്ഞുങ്ങളെ പെറ്റുകൂട്ടിയാൽ മതിയാരുന്നെന്ന് തോന്നിപ്പോകും. പുഴയിൽ ഒഴുകി വരുന്ന കാട്ടുമാങ്ങ പെറുക്കിക്കൂട്ടി ഊരാളിക്കലത്തിൽ വേവിച്ച് ബെട്ടക്കുറുമ അജ്ജിമാർ കാശുമ്പുലിയെ കാച്ചുമ്പോളുയരുന്ന പുളിമണത്തിൽ എനി്ക്ക് കാട് പൊരിച്ചു തിന്നാൻ തോന്നി. മുളന്തണ്ടിനുള്ളിൽ കട്ടൂറ്റിയ കേതക്കിഴങ്ങ് കുംഭം കാച്ചുമ്പോൾ വിഷമണമുള്ള ആ കട്ടിന്റെ മാദകരുചിയെന്നെ മത്തുപിടിപ്പിച്ചു. ഇമ്പിമുള്ളുകൾ നിറഞ്ഞ ചെടികളും നാരകമുള്ളുകൾ നിറഞ്ഞ ചെടികളും കാൺകെ കാതുകുത്തിന്റെ ഓർമ വന്നു. ശാടെയ് വീശി കുഞ്ഞു ചെമ്മീനെപ്പിടിച്ച് എകിരിയുണ്ടാക്കി നീട്ടിയതിന്റെ എരിവോർത്ത് കണ്ണ് നീറി. മൂക്കട്ടപ്പഴവും ഞ്യാറൽപ്പഴവും മുട്ടിപ്പഴവും ആവോളം കടിച്ചുതന്നെ നാവു മദിർത്തു. ഗർഭിണിയ്ക്ക് കാടൊരു പഴരസത്തോട്ടം തന്നെയാണ്. പ്രത്യേകിച്ച് തീറ്റപ്രാന്തിയും അലസയും തണുപ്പു തേടുന്നവളുമായ ഒരുവൾക്ക്. ക്ഷീണവും ബുദ്ധിമുട്ടുമൊന്നും അതുകൊണ്ടുതന്നെ ഗോത്രസങ്കേതങ്ങളിൽ പോകാൻ പറയുമ്പോൾ ഞാൻ പ്രകടിപ്പിച്ചതേയില്ല. കോടയുടെ തണുപ്പും വെയിലിൽ പോലും തണുക്കൈ തഴുകുന്ന കാറ്റും എനിക്ക് ഹൃദ്യമായി. എനിക്ക് മറ്റൊരു ചോയ്‌സും ഇല്ലായിരുന്നുവെന്നതും വാസ്തവമാണ്. കരാറിൽ ജോലിചെയ്യുന്ന ആൾക്ക് ജോലി ചെയ്യുക, പിരിഞ്ഞു പോകുക എന്നതു മാത്രമാണ് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നത്. ജോലി കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല. അതിനാൽ ഒരു ജോലിയും ഒരു യാത്രയും വയ്യെന്നു പറയാനും എനിക്കു കഴിഞ്ഞില്ല.
വയനാട്ടിലെ വനഭംഗിയും സുഖവുമൊന്നും നിലമ്പൂർ താഴവരയ്ക്കില്ല. നടന്നു പോകണം, അല്ലെങ്കിൽ റോഡില്ലാ വഴിയിലൂടെ ജീപ്പിൽ തുള്ളിത്തുള്ളിപ്പോകണം. വല്ലാത്ത യാത്രയാണത്. ഒക്ടോബറായപ്പോഴേയ്ക്കും എന്റെ വയർ വീർത്തുന്തിയെങ്കിലും ആരുമെന്നെ ഗർഭിണിയായി പരിഗണിച്ചില്ല. അത്തവണ എനിയ്ക്ക് നല്ല പണി കിട്ടി. അളയ്ക്കൽ സായ്വള, പാട്ടക്കരിമ്പ് സങ്കേതത്തിൽ ഒരു പരിശീലനം നടത്തുകയെന്നതായിരുന്നു അത്.
‘‘അയ്യോ ഇവരെയോ?'' ഡ്രൈവർ മൂക്കത്തു വിരൽ വെച്ചു.

ശ്വാസം മുട്ടുന്നോ? കണ്ണു നീറുന്നോ? ഉഷ്ണം പെരുകുന്നോ?
ഉടൽ തുള്ളുന്നോ? കുഞ്ഞ് വയറിനകത്തുനിന്ന് ചവിട്ടിക്കുതിക്കുന്നോ?
എനിക്ക് തലചുറ്റി. ‘‘ഒന്നു നിർത്ത്വോ?'' വണ്ടി നിന്നു.

‘‘മാഡം, കുഴപ്പം പിടിച്ച വഴിയാണ്. തുള്ളീത്തുള്ളി വേണം പോകാൻ. നടക്കാനുമെമ്പാടുമുണ്ട്.''
‘‘ആണോ?'' എനിയ്ക്ക് ചെറുങ്ങനെ പുറംവേദനയും നടുകഴപ്പുമൊക്കെ തുടങ്ങിയ കാലമായിരുന്നു.
‘‘നിലമ്പൂരിൽനിന്ന് സായ്വളേലിക്ക് റോഡ് യാത്ര ഭയങ്കര കുഴപ്പാണെന്നു പറയുന്നു.''
‘‘ആരു പറയുന്നു? റോഡൊക്കെ പെർഫെക്റ്റാണ്. ഒരു മാസം മുമ്പേ ഞാൻ പോയതല്ലെ? ഇതൊക്കെ ഒരോ ലേസി റീസൺസാണ്''
എന്റെ മേലധികാരി എന്നെ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല.
‘‘നല്ല റോഡാ, ഒരു കുലുക്കവുമില്ല''
‘‘എന്റെ മാഡം, കഴിഞ്ഞ മഴയ്ക്ക് ആ റോഡൊക്കെ പോയിണ്ടാവും. അവരു പറയുന്നത് കള്ളത്തരാണ്. ഈ അവസ്ഥയിൽ ആ റോഡിലൂടെ യാത്ര പാടില്ല.''
ഡ്രൈവർ വീണ്ടും എന്നെ ഉപദേശിച്ചു. ഞാൻ വീണ്ടും അവരെ സമീപിച്ചു.
‘‘ഓ, പണിയെടുക്കാൻ ശാരീകാവസ്ഥ സമ്മതിക്കുന്നില്ലെങ്കിൽ ജോലി രാജിവെച്ചോളൂ. കരാറിൽ ആൾക്കാരെ എടുക്കണതെന്നെ ജോലിയെടുക്കാനാ. സ്ത്രീകളെ ജോലിക്കെടുത്തതുകൊണ്ടുള്ള കുഴപ്പാണിത്. ഇങ്ങനെയുണ്ടോ?'' മേലധികാരിയ്ക്ക് ദേഷ്യം വന്നു.
‘‘ജോലി കളയാനാ പറയുന്നത്'', ഞാൻ വിഷണ്ണയായി.
‘‘ജോലി കളയ്'', ഡ്രൈവർക്ക് സംശയമേ ഇല്ലായിരുന്നു.
‘‘ഞങ്ങൾ രണ്ടു മതക്കാരാണ്. കുടുംബം സപ്പോർട്ട് തന്നിട്ടുണ്ടെങ്കിലും സ്വന്തായി പൈസ ഇല്ലാണ്ട് പറ്റില്ല. എനിയ്ക്ക് ജോലി കളയാനൊക്കില്ല'' ഞാൻ വീണ്ടും രണ്ടു തവണ കൂടി മേലധികാരിയെ കണ്ടു.
‘‘പ്ലീസ്. റോഡത്ര മോശായോണ്ടാ''
‘‘മുമ്പ് പോയിട്ടുണ്ടോ?''
‘‘ഇല്ല''
‘‘എന്നാൽ ഞാൻ പോയിട്ടുണ്ട്. നാലുമാസമായിട്ടില്ല. റോഡൊക്കെ പുത്തനാ''; അവരുടെ വാശിയ്ക്ക് അറുതിയില്ല.
‘‘ഒരുപക്ഷെ റോഡു കാണുമായിരിക്കും'' ഡ്രൈവർ എന്റെ ന്യായങ്ങളിൽ തൃപ്തനായില്ല. എന്റെയുള്ളിലും ഭയം വിങ്ങി.
പുതിയതായി മിശ്രവിവാഹം ചെയ്ത ദമ്പതികളിൽ സ്ത്രീയ്ക്കുണ്ടാകുന്ന സാമ്പത്തിക ആധി എന്നെ ഭയങ്കരമായി മഥിച്ചിരുന്നു. ജോലി കളയാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാനെത്ര ആവശ്യപ്പെട്ടിട്ടും ആ ജോലിയിൽ നിന്നെനിക്ക് വിടുതല കിട്ടിയതുമില്ല.
ഒക്‌ടോബറിലെ മൂന്നാമത്തെയോ നാലാമത്തെയോ ചൊവ്വാഴ്ചയായിരുന്നു. അന്നുരാവിലെയും ഞാൻ അവസാനമായി ഒഴിയാൻ ഒരു പരിശ്രമം നടത്തി നോക്കി.
‘‘പറ്റില്ല'', അവർ വാശിയോടെ എന്നോട് പറഞ്ഞു.
‘‘ഇതിപ്പോ ഏഴു മാസമാവാനായില്ലെ? വണ്ടിയിലിരുന്ന് ഇത്തിരി കുലുങ്ങിയതു കൊണ്ട് വലിയ കുഴപ്പൊന്നും വരില്ലടോ. ഒഴിവാക്കണതാണ് നല്ലത്. നമുക്കൊരു റിസ്‌ക് തോന്ന്യാ പിന്നെ അതിനു മുതിരരുത്''
എന്റേത് താത്ക്കാലിക ജോലിയാണെന്നും അതിന്റെ ബുദ്ധിമുട്ടും ജോലിയില്ലായ്മയുടെ വിഷമവുമൊക്കെ ഞാൻ പറഞ്ഞു
‘‘ശ്രദ്ധിക്കുക'', ഗൈനക്കോളജിസ്റ്റ് എന്തോ ഓർമിച്ചു കൊണ്ടു പറഞ്ഞു.

ബെരെമറെകളുടെ സായ്വളക്കാലം

നിലമ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 40-50 കിലോമീറ്റർ അകലെയാണ് പരിശീലനം നടക്കുന്ന ഗോത്ര ഗ്രാമം. തേങ്കുറുമരുടെ അവാന്തരവിഭാഗമായ പതിനായ്ക്കന്മാരുടെ ഇടം. കാട്ടുനായ്ക്കനും പതിനായ്ക്കനും ചോലനായ്ക്കനും ഒരേ ജെനെറിക് സ്റ്റോക്കായ സമൂഹങ്ങളാണ്. ചോലവങ്ങളിലും ഉൾക്കാട്ടിലും പതിയെന്ന താഴവാരത്തിലും താമസിക്കുന്നതിനനുസൃതമായി പേരുകൾ മാറിയെന്നു മാത്രം.

യാത്ര തുടക്കത്തിൽ ശാന്തമായിരുന്നു. ഡ്രൈവർ ഭയന്ന പോലെ ഒന്നും ഉണ്ടായില്ല. നല്ല ടാറിട്ട ഒന്നാന്തരം റോഡ്. ഉൾവനത്തിലേയ്ക്ക് പെരുമ്പാമ്പിനെപ്പൊലെ മലർന്നു കിടന്നു. തോട്ടങ്ങളുണ്ടായിരുന്നു. ആന വരാതിരിക്കാൻ അവയുടെ വശങ്ങളിൽ വൈദ്യുതി പ്രവഹിക്കുന്ന വേലികൾ കെട്ടിയുയർത്തിയിരുന്നു. എന്റെ മേലധികാരിയുടെ മുഖത്ത് പുച്ഛം. പണിയെടുക്കാതെ ശമ്പളം വാങ്ങാൻ നടക്കുന്ന ഒരു കരാർ തൊഴിലാളിയോടുള്ള പുച്ഛം. അവർ റോഡിലേയ്ക്ക് നോക്കി, പിന്നെ എന്നെയും ഡ്രൈവറെയും നോക്കി, കണ്ടല്ലോ എന്ന ഭാവം കാട്ടി. ഡ്രൈവർ നിശബ്ദനും നിസ്സംഗനുമായിരുന്നു. പതിനാറോ പതിനേഴോ കിലോമീറ്റർ കഴിഞ്ഞപ്പോൾ കാട് അതിന്റെ തനി സ്വഭാവം കാണിയ്ക്കാൻ തുടങ്ങി. തോട്ടത്തിലേയ്ക്കുള്ള റോഡുകൾ അവസാനിച്ചിരുന്നു. ഉരുൾപൊട്ടിയും മഴവെള്ളം ഒലിച്ചും ഒഴുകിപ്പോയ റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഡ്രൈവർ വണ്ടി നിർത്തിയിറങ്ങി. ജീപ്പിന്റെ മുന്നിലെ ചില്ല് ഒരു ക്ലിപ്പ് ഊരി ഉയർത്തി വെച്ചു. ഡാഷ് ബോർഡിൽ നിന്ന് തലയിലിടുന്ന ഒരു പോളിത്തീൻ കവർ തന്നു.
‘‘മുടി ഒട്ടും പൊറത്ത് വരാണ്ട് മൂടിക്കോളീ''
ജീപ്പിലെ യാത്രികരെല്ലാം മുടിമറയും വിധം തൊപ്പി ധരിച്ചു. എല്ലാവരും മുഖം മറയ്ക്കുന്നതു കണ്ട് ഇതെന്തിനെന്ന മട്ടിൽ ഞാനും തൂവാല കെട്ടി. ജീപ്പ് യാത്ര തുടങ്ങി. ഓഫ് റോഡ് യാത്രയെന്നാലെന്ത് എന്ന് ഞാനെന്റെ ജീവിതത്തിൽ ആദ്യമായി അറിയുകയായിരുന്നു. ഒരു വശം തോട്ടം മറുവശം കാടും കൊക്കയും താഴ്‌വാരവും. തുള്ളലല്ല പെരുന്തുള്ളൽ. ചുവന്ന പൊടി മണൽക്കാറ്റു പോലെ ആകാശത്തേക്കുയർന്നു. ജീപ്പിന്റെ മുൻചില്ലിലൂടെ പുറകിലേക്ക് ചുവന്ന എക്കൽപൊടി വമിച്ചുകൊണ്ടിരുന്നു.
ശ്വാസം മുട്ടുന്നോ? കണ്ണു നീറുന്നോ? ഉഷ്ണം പെരുകുന്നോ?
ഉടൽ തുള്ളുന്നോ? കുഞ്ഞ് വയറിനകത്തുനിന്ന് ചവിട്ടിക്കുതിക്കുന്നോ?
എനിക്ക് തലചുറ്റി.
‘‘ഒന്നു നിർത്ത്വോ?'' വണ്ടി നിന്നു.
ഞാൻ മൂന്നാലു മിനുട്ട് അങ്ങനെ ഇരുന്നു. കണ്ണ് തുറക്കാൻ പോലും കഴിയാത്ത വിധം ജീപ്പിനകത്ത് പുകച്ചുരുൾ പോലെ പൊടിമണ്ണ് പാറിക്കൊണ്ടിരുന്നു. മണ്ണടങ്ങിയപ്പോൾ ഞാൻ പുറത്തിറങ്ങി. എനിക്ക് എന്നെത്തന്നെ ഛർദ്ദിക്കാനുള്ള ഒരു ചോദനയുണ്ടായി. ചുവന്ന മണ്ണ് ആകാശത്തേയ്ക്ക് കുഴൽനീട്ടി ഒരു ഭീമകാരനായ ടൊർനാഡോ പോലെ പൊടിയും മേന്തി ആകാശത്തേയ്ക്കു കലങ്ങിക്കയറുന്ന പോലെയുണ്ടായിരുന്നു. എനിക്ക് ഭൂമിയും ആകാശവും കറങ്ങുന്നതു പോലെ തോന്നി. ചുവന്ന മണ്ണുപൊടി ആകാശത്തേയ്ക്കു വളർന്നു കൊണ്ടേയിരുന്നു. കുപ്പിയിൽ നിന്ന് മുക്കുവൻ പുറത്തിറക്കിയ ഭൂതത്തെപ്പോലെയായിരുന്നു അത്. രാക്ഷസരൂപി. എനിയ്‌ക്കൊട്ടും വയ്യായിരുന്നു.
‘‘ഞാൻ നടന്നോട്ടെ, ങ്ങള് ജീപ്പിനു പോരീ''
‘‘അയ്യോ, ഇനിണ്ട് പത്തു പന്ത്രണ്ട് കിലോമീറ്ററ്. പറ്റില്ല, പറ്റില്ല... മാഡം കേറ്. ഇത് കുഴപ്പം പിടിച്ച ആനത്താര്യാണ്. ഇങ്ങക്ക് വയ്യാന്ന് തോന്നീട്ട് ചവിട്ടീതാണ്. നിർത്തിയത് തന്നെ പേടിച്ച് പേടിച്ചാ''
‘‘പ്ലീസ്.. എനിക്ക് വയ്യ'' മണ്ണുശ്വസിച്ച് എന്റെ നെഞ്ചിനകം മുഴുവൻ ചളി നിറഞ്ഞപോലെ വരണ്ടു. ടവ്വലൂരിയതും ഞാൻ തുമ്മി. പിന്നെയെനിയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി.

എനിക്ക് തൊണ്ടയും ശ്വാസകോശവും കണ്ണുമൊക്കെ നീറി. കരച്ചിൽ വരുന്നുണ്ടായിരുന്നു. ഒന്നു കിടക്കണം എന്നുതോന്നി. ഇവടെ ഈ മണ്ണില് കിടന്നാലോ എന്നുതോന്നി. ആനകൾ വന്ന് ചവിട്ടിക്കൊന്നുപോട്ടെ എന്നുതോന്നി.

‘‘കുറച്ചുനേരം കൂടി നിന്നോട്ടെ... എനിക്ക് വയ്യാഞ്ഞിട്ടാണ്''; ഞാൻ കെഞ്ചി.
എന്റെ മേലാധികാരി ഫോണിലേക്കു തലകുമ്പിട്ടിരുന്നു. ഡ്രൈവറുടെ മുഖത്ത് ദേഷ്യവും കരുണയും ഒരുപോലെ തെളിഞ്ഞു. ആദ്യമേ പറഞ്ഞതല്ലേ എന്നതിന്റെ ദേഷ്യം ഒരുവശത്ത്. ഈ പെൺകുട്ടിയെ ഇത്തരത്തിൽ ദുരിതത്തിലാഴ്ത്തിയല്ലോ എന്നതിന്റെ അലിവ് മറുവശത്ത്. ഡ്രൈവർ നല്ല ഒരാളായിരുന്നു.
‘‘ശരി, ശരി; ഈ വെള്ളം കുടിക്കൂ'' അയാൾ ഒരു കുപ്പി നീട്ടി, എന്നെ ആശ്വസിപ്പിച്ചു.
‘‘പേടിക്കണ്ട. ഇപ്പോൾ തൽക്കാലം ആനയൊന്നൂല്ല'' അയാൾ കയറ്റത്തിലേയ്ക്കു ചാടിക്കയറി മൊത്തം സ്ഥലത്തെ ഒന്നു വീക്ഷിച്ചു.
ഞാനാകെ തളർന്നു. എങ്ങനെയാണ് ദുരിതത്തിൽ നിന്ന് രക്ഷപ്പെടുക എന്നെനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. തല കറങ്ങുകയും ഛർദ്ദിക്കാൻ വരികയും ശ്വാസം മുട്ടുകയും ചെയ്തു. ഞാനണയ്ക്കുന്നുണ്ടായിരുന്നു. ഒരുപാട് ഛർദ്ദിച്ചതിനാൽ ഉടൽ വിറകൊണ്ടു. ഹൃദയം ഭയാനകമായി മിടിച്ചു. പൊടിമണ്ണ് കയറി മുഖവും കയ്യും ഉടുപ്പും എല്ലാം ചുവന്ന നിറമായി.
‘‘അല്ല, കഴിഞ്ഞ ആഴ്ചയിലെ മറ്റേ ഡയറക്ടർക്ക് പ്രശ്‌നം ഉണ്ടായ സ്ഥലം ഏതാണ്?'' ജീപ്പിനുള്ളിൽ നിന്ന് അവരുടെ ചോദ്യമുയർന്നു.
‘‘ഇവിടെ തന്നെ''; അഞ്ചു മീറ്റർ അപ്പുറത്തുള്ള സ്ഥലം ഡ്രൈവർ ചൂണ്ടിക്കാണിച്ചു.
‘‘ഓ ഓ, ഇവിടെത്തന്നാന്നോ? അപ്പോ, ഇദ് കുഴപ്പം പിടിച്ച സ്ഥലാണല്ലേ. മതി, വേഗം കേറിക്കേ'' അവർ വിളിച്ചു പറഞ്ഞു
‘‘വണ്ടിയെടുക്ക്, വണ്ടിയെടുക്ക്'' അവർ കൽപ്പിച്ചുകൊണ്ടിരുന്നു. സൗമ്യനായ, അതുവരെ ശാന്തനായി നിന്നിരുന്ന ഡ്രൈവർ പെട്ടെന്ന് അവരോട് ക്ഷുഭിതനായി. ‘‘അതൊരു മനുഷ്യജീവിയാണ്. ശ്വാസം കഴിക്കാൻ ഇച്ചിരി സമയം അയ്‌നു കൊടുക്കണം. അത് ഗർഭിണിയുമാണ്. ഞാൻ ങ്ങളോട് എത്ര തവണ പറഞ്ഞതാണ്, ഓരും എത്ര തവണ നിങ്ങളോട് താണുകേണു കെഞ്ചീനു? ഈ റോഡ് ഒലിച്ചു പോയി എന്ന് എത്ര തവണ ഞങ്ങൾ പറഞ്ഞ്? ഓരിക്ക് എന്തെങ്കിലും പറ്റിക്കയ്ഞ്ഞാൽ ങ്ങൾ മാത്രയിരിക്കും അയ്‌നുത്തരവാദി''

എനിക്ക് തൊണ്ടയും ശ്വാസകോശവും കണ്ണുമൊക്കെ നീറി. കരച്ചിൽ വരുന്നുണ്ടായിരുന്നു. ഒന്നു കിടക്കണം എന്നുതോന്നി. ഇവടെ ഈ മണ്ണില് കിടന്നാലോ എന്നുതോന്നി. ആനകൾ വന്ന് ചവിട്ടിക്കൊന്നുപോട്ടെ എന്നുതോന്നി. എന്റെ നടുപ്പുറവും ഊരയുടെ ഭാഗങ്ങളും അറ്റു പോകുന്നതുപോലെ കഴച്ചു.

ആകെയുള്ള ആശ്വാസം വയറ്റിലത്ര നേരം ചവിട്ടിക്കൊണ്ടിരുന്ന കുട്ടി ചവിട്ടുനിർത്തി ശാന്തനായി എന്നതായിരുന്നുരുന്നു. എനിക്ക് അതിൽപ്രതി അൽപം സമാധാനം തോന്നി.
ഒരുപക്ഷേ ഈ ഭയങ്കരമായ ഉഷ്ണവും പൊട്യാധിക്യത്താലുണ്ടായ ശ്വാസം മുട്ടലും കാരണമായിരിയ്ക്കും കുട്ടിക്ക് അസ്വാസ്ഥ്യം ഉണ്ടായിരിക്കുക. ഇപ്പോൾ പൊടിയിൽ നിന്ന് മാറി നല്ല വായു കിട്ടിയതുകൊണ്ടായിരിക്കണം ഈ ആശ്വാസമെന്ന് ഞാൻ വെറുതെ ധരിച്ചു.
‘‘സമാധാനം, കുട്ടിയ്ക്കിത്തിരി സമാധാനണ്ട്''; ഞാൻ വയറിൽ കൈയമർത്തി ആരോടെന്നില്ലാതെ പറഞ്ഞു.
അവിടെയുള്ള ഒരു പാറമേൽ ഞാനിരുന്നു. 10-12 മിനിറ്റ് അവിടെ അങ്ങനെത്തന്നെ. പെട്ടെന്ന് ദൂരെയെവിടെ നിന്നോ ആനയുടെ അലർച്ച കേട്ട് ഡ്രൈവർ ജാഗരൂകനായി.

‘‘മതി, പെട്ടെന്ന് കേറീ മാഡം. മ്മള് ഈ താരിൽ നിക്കുന്നത് അപകടാണ്. കുറച്ചൂടി മുൻപോട്ടു പോയാല് കോളനി തുടങ്ങും. ഞാൻ ങ്ങളെ അവിടെ ഇറക്കാം. മാഡം പത്ക്കനെ നടന്നു വന്നാൽ മതി.''
എന്റെ മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. നേരം ഒമ്പതര കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ബാലസൂര്യന്റെ വെളിച്ചം, ചൂട് എന്നിവ ഭയാനകമായിരുന്നു. ഞാനാകെ വിയർത്തു കുഴഞ്ഞുപോയി.

വീണ്ടും ആനകളുടെ അലർച്ച, അത് മലകളിൽ തട്ടി പ്രതിധ്വനിച്ചു. എന്റുള്ള് വരെ വിറച്ചു പോയി. താഴെത്തേയ്ക്കുള്ള വഴികളിൽ ആനപ്പിണ്ഡം സമൃദ്ധിയായിക്കണ്ടു. പ്രത്യേകതരം ആനച്ചൂര് അടിച്ചുവരുന്നു. ആനകൾ വരിയിട്ട് വരികയായിരിയ്ക്കും. ഗത്യന്തരമില്ലാതെ ഞാൻ ഭയത്തോടെ വണ്ടിയിൽ കയറി.

വീണ്ടും എട്ടു- പത്തു കിലോമീറ്റർ അതേ കഠിനതരമായ യാത്ര. കുടൽമാലയടക്കം ഛർദ്ദിക്കത്തക്കവിധം. എന്തൊരു പൊടി. ജീപ്പിനു ചുറ്റും കനത്ത പൊടിയുടെ പുകവളയം. ജീപ്പിന്റെ മുന്നിലെ പൊന്തിച്ചുവെച്ച ഗ്ലാസിനുള്ളിലൂടെ അത് അകത്തേക്കുവരികയും ഞങ്ങളെയെല്ലാം കടന്ന് പുറത്തേക്ക് പോവുകയും ചെയ്തു. പിന്നെയത് മുകളിലേക്കുയർന്നു വീണ്ടും താഴ്ന്ന് മുന്നിലൂടെ വരികയും ചെയ്യുന്നതുപോലെ എനിക്കുതോന്നി. ദേഹം മുഴുവൻ പൊടി മൂടി. കണ്ണു തുറക്കാനാവാത്ത അവസ്ഥ. തലയും മുഖവും തൂവാല കെട്ടിയതിനാൽ ഉഷ്ണിയ്ക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാൻ വെട്ടി വിയർത്തുകൊണ്ടിരുന്നു. ഒന്നു തീർന്നാൽ മതിയായിരുന്നീ യാത്ര എന്നു കരുതുമ്പോഴേയ്ക്കും പതിയെ വണ്ടി മനുഷ്യവാസമുള്ള ഇടത്തെത്തി.
‘‘ഇവിടുന്ന് ഒന്ന് രണ്ട് കിലോമീറ്റർ നടക്കേണ്ടിവരും. വണ്ടി ഒരു കിലോമീറ്റർ വരെ പോകും. നമ്മുടെ ട്രെയിനിങ് വെച്ച സ്ഥലത്തേക്ക് അവിടുന്ന് വീണ്ടും നടക്കണം. ഇപ്പോ വന്ന വഴിയേക്കാളും മോശമാണ് അടുത്തു വരണ വഴി. അതുകൊണ്ട് ങ്ങള് നടന്നാ മതി. ഞാൻ പ്രമോട്ടറോട് പറയാം''
ഞാൻ അവിടെ വണ്ടിയിറങ്ങി. വയറും ദേഹവും വേദനിയ്ക്കുന്നുണ്ടായിരുന്നു. ഗ്രാമത്തിലെ കാട്ടുനായ്ക്കുട്ടികൾ എന്നെ കൗതുകത്തോടെ നോക്കി. ഞാനപ്പടി ചെമ്മണ്ണിൽ പൊതിഞ്ഞ ഒരു പെൺരൂപമായി മാറിയിരുന്നു. ആ കാഴ്ച അവർക്കു അപരിചിതമൊന്നുമായിരുന്നില്ല. പക്ഷേ ഞാനൊരു ഗർഭിണിയാണെന്നതും കൂനിവളഞ്ഞുള്ളതും കൗതുക കാഴ്ചയായിരുന്നു. കുട്ടികൾക്ക് മാത്രമല്ല ചെമ്മത്തിലെ മുതിർന്നവർക്കും എന്നോട് വളരെയധികം പാവം തോന്നി. അവർ എനിയ്ക്കു മുമ്പിൽ തടിച്ചുകൂടി. ഞാൻ അശരണമായി നിന്നു. നിന്നിടത്തു നിന്ന് അനങ്ങാനോ ഒരു പൊടിയെങ്കിലും ചലിയ്ക്കാനോ എനിക്കാകുമായിരുന്നില്ല. അവരിലൊരു സ്ത്രീ വന്ന് എന്നെ തോളിലൂടെ കയ്യിട്ടു പിടിച്ചു. തൊട്ടു മുമ്പിലെ വീട്ടിലേക്ക് കൊണ്ടുപോയി.

കോളനിയിലെ മറ്റൊരു വീട്ടിൽനിന്ന് ഒരു പ്ലാസ്റ്റിക്കിന്റെ ചാരിക്കിടക്കാവുന്ന തരം കസേരയുമായി ഒരാൺകുട്ടി വന്നു. അങ്ങനെ എനിക്കൊരു കസേര കിട്ടി. ഞാൻ അതിലിരുന്നു. അവരിൽ ചിലർ നനഞ്ഞ ഒരു തോർത്തു മുണ്ടുകൊണ്ട് ചൂടു വെള്ളം മുക്കിത്തുടച്ചു. കുറുന്തോട്ടിച്ചൂലുകൊണ്ട് എന്റെ ഉടുപ്പിലൂടെ പൊടി തൂത്തു.

അദ്ദേഹം കൈപ്പത്തി എന്റെ മൂക്കിനു കീഴേ വെച്ചു. ഞാനാഞ്ഞു വലിച്ചു. ഒരു ഇൻഹേയ്‌ലർ എടുത്തപോലെ എന്റെയുള്ളിലെ ഇടുങ്ങിപ്പോയ ശ്വാസകോശക്കുഴൽ തുറന്നുവന്നു.

ചിലർ കഴിക്കാൻ എന്തൊക്കെയോ തയ്യാറാക്കി കൊണ്ടുവന്നു. ചൂടു വെള്ളവും തന്നു. എന്റെ വായ്ക്ക് ഒരു രുചിയും തോന്നിയില്ല. വിശപ്പും തോന്നിയില്ല. രണ്ടു കഷണം ബ്രെഡല്ലാതെ ഞാനൊന്നും കഴിച്ചിരുന്നില്ല. പക്ഷെ കഠിനമായ ദാഹം തോന്നി. തണുത്ത വെള്ളം കിട്ടണമെന്നാശിച്ചു.
‘‘ഇത്തിരി വെള്ളം കിട്ട്വോ ചൂടില്ലാത്തത്?
‘‘അതു കുടിച്ചാ ഇനിയും ഛർദ്ദിക്കും. ആ കട്ട്‌ന്ടുത്തൂടി''
കട്ടൻചായയുടെ ഗന്ധം മൂക്കിലടിക്കേ ഞാൻ വീണ്ടും ചർദ്ദിച്ചു. എന്റെ പുറത്ത് മൂന്നോ നാലോ സ്ത്രീകൾ തടവിക്കൊണ്ടിരുന്നു. അവർ കാട്ടുനായ്ക്ക ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എനിക്കന്ന് ആ ഭാഷ മനസ്സിലാകുമായിരുന്നില്ല. ഞാനാണ്, എന്റെയീ ഗതികേടാണ് വിഷയമെന്നു മാത്രം മനസ്സിലായി.
‘‘കുഴപ്പമൊന്നുമില്ല. മൊതലി വരട്ടെ'', അവർ കൈകളും കാലുകളും നന്നായി ഉഴിഞ്ഞു പരുവപ്പെടുത്തി.

അവർ ഗോത്ര മാന്ത്രികനുവേണ്ടി കാത്തിരുന്നു. അൽപ്പം കഴിഞ്ഞതും അയാൾ വന്നു. കാടുപോലെ ചുരുണ്ട മുടി. കാർക്കശ്യമാർന്ന മുഖം. അലിവുള്ള കണ്ണുകൾ. വന്നതും കയ്യിൽ സൂക്ഷിച്ച ഇലകളിൽ കുറച്ച് പറിച്ചെടുത്ത് ഞരടി. വായുവിൽ സുഖകരമായ ഒരു തണുപ്പും വാസനയും വരുന്നത് ഞാനറിഞ്ഞു. അദ്ദേഹം കൈപ്പത്തി എന്റെ മൂക്കിനു കീഴേ വെച്ചു. ഞാനാഞ്ഞു വലിച്ചു. ഒരു ഇൻഹേയ്‌ലർ എടുത്തപോലെ എന്റെയുള്ളിലെ ഇടുങ്ങിപ്പോയ ശ്വാസകോശക്കുഴൽ തുറന്നുവന്നു.

‘‘ശ്വാസമ്മുട്ടിനാ. കയ്യിലു വെച്ചൊ''; അതെനിക്ക് മണപ്പിക്കാൻ തന്നു. മൂക്കിലൂടെ തലച്ചോറിലൂടെ ഉടലിലാകെ ഒരു തണുപ്പ് വ്യാപിക്കുന്നതായി എനിക്കുതോന്നി. നന്നായി വായു എന്റെയുള്ളിലേയ്ക്കു പ്രവഹിച്ചു വന്നു. കാടിന്റെ പച്ചമണവും മരങ്ങളുടെ തൊലിയുടെ ഗന്ധവുമാർന്ന കാറ്റ് മുഖത്തടിച്ചു. എനിയ്ക്ക് ആശ്വാസം തോന്നി.
‘‘ഇത് കുടിച്ചോളൂ'' അയാൾ പച്ചമരുന്നുകൾ ചേർത്ത് എന്തോ കുടിയ്ക്കാൻ തന്നു.
''ഗർഭിണികൾക്ക് നല്ലത്. വാത്തെടുപ്പ് നിൽക്കും'' എനിക്കദ്ദേഹത്തെ വിശ്വസിയ്ക്കാതെ തരമില്ലായിരുന്നു. പതുക്കെ എന്റെ ഓക്കാനം നിന്നു.
‘‘ചായ കുടിക്കി''
ഞാൻ മടിച്ചു മടിച്ചു കട്ടൻചായ കുടിച്ചു. ചൂടുള്ള പുഴുങ്ങിയ മുട്ടയും കഞ്ഞിയും കിഴങ്ങും എനിക്കു വേണ്ടി കൊണ്ടുവന്നു.
‘‘വേണ്ട''
‘‘പറ്റില്ല'' ആ ഹെത്തൻ ഉറക്കെ കൽപ്പിച്ചു. ഗത്യന്തരമില്ലാതെ ഞാൻ വാതുറന്നു. എന്നെയവർ ഊട്ടി.

എനിയ്ക്കുറക്കം വരുന്നുണ്ടായിരുന്നു. ഒരുമണിക്കൂറോളം ഞാൻ അവിടെയുള്ള ചെറിയ ബെഞ്ചിൽ കിടന്നുറങ്ങി. ഒന്ന് ആശ്വാസപ്പെട്ടപോലെ തോന്നി. കണ്ണു തുറന്നപ്പോൾ ആളുകളൊക്കെ പോയിരുന്നു. ഞാനുണരുന്നതും കാത്ത് പ്രമോട്ടർ ശാന്തയും ഏകാധ്യാപക വിദ്യാലയത്തിലെ നാരായണൻ മാഷും ഉണ്ടായിരുന്നു.
നടത്തം ഒട്ടും എളുപ്പമായിരുന്നില്ല. നന്നായി ഭക്ഷണം കഴിച്ചതിന്റെയും മരുന്നും വെള്ളവും കഴിച്ചതിന്റെയും അവരുടെ ഉഴിച്ചിലിന്റെയും ഒരു സുഖം എനിക്കുണ്ടായിരുന്നു. സൂര്യനുച്ഛിയിൽ. വഴുക്കലുള്ള പാറകൾ പാകിയ ഏങ്കോണിച്ച കയറ്റം വീണ്ടും. നടക്കുമ്പോൾ നല്ല ക്ഷീണം തോന്നി. ആയാസം തോന്നി. ഞാനൊരു പണക്കാരിയായിരുന്നെങ്കിൽ ആ യാത്രയ്ക്കു പരിശ്രമിക്കുമായിരുന്നില്ല. ജോലി പോട്ടെ പുല്ല് എന്ന് കരുതിയേനെ. എനിയ്ക്ക് സങ്കടം വന്നുകൊണ്ടേയിരുന്നു. നിന്നും ഇരുന്നും സത്യത്തിൽ ഇഴഞ്ഞും ചെങ്കുത്തായ ആ വഴികളിലൂടെ ഞാനാ യാത്ര മുഴുമിപ്പിക്കാൻ ശ്രമിച്ചു. ഒരു വലിയ മലയുടെ താഴ്‌വാരത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പോലെ ഞങ്ങടെ ജീപ്പ് കിടന്നിരുന്നു. കുത്തനെയുള്ള പാറകൾ തെറിച്ചു നിൽക്കുന്ന വല്ലാത്ത വഴിയിലൂടെ ഞാൻ പ്രയാസപ്പെട്ടുതന്നെ നടന്നു. ഒന്നു രണ്ട് കിലോമീറ്റർ നടന്നതുതന്നെ എന്നെ വളരെ ക്ഷീണിതയാക്കിയിരുന്നു. ഈ വലിയ കുന്നുകയറി എങ്ങനെ ഞാനിനി മോളിലെത്തുമെന്ന് ഞാൻ സങ്കടപ്പെട്ടു. ഒരു പുൽത്തകിടിയിൽ ഞാനിരുന്നു.
‘‘മതി മതി. നല്ല പ്രയാസാ. കുറച്ചു നേരം ഇരുന്നിട്ട് കേറിയാ മതി മാഡം''; പ്രൊമോട്ടർ പറഞ്ഞു. അത്ര നേരവും വലിയ കയറ്റമാണ് കയറിയിരുന്നത്. ഇതിപ്പോൾ അതിനേക്കാളും വലിയ ഒന്ന്.

വീണ്ടും അരമണിക്കൂർ ഞാനാ പുൽത്തകിടിയിൽ കിടന്ന് അങ്ങനെത്തന്നെ ഉറങ്ങി. വെളിച്ചം മുഖത്ത് വല്ലാതടിച്ചപ്പോൾ പിന്നെയുമെണീറ്റ് പതിയെ ഞാൻ കുന്നു കയറി, കുത്തനെയുള്ള വഴികൾ കയറുമ്പോൾ കാൽമുട്ടുകൾ വയറിനും നെഞ്ചിനും തട്ടി. ഒരുപാട് പ്രയാസപ്പെട്ട് ആ കോളനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. ഒരുപക്ഷേ എവറസ്റ്റ് കൊടുമുടിയേക്കാളും ഉയരം കേറിയതായി എനിക്കു തോന്നി.
തിരിഞ്ഞു താഴേയ്ക്കു നോക്കുമ്പോൾ ഞാൻ കയറിയ വഴി ഒരു ജലപ്പാതയാണെന്നു തോന്നി. മലയിൽ നിന്ന് വെള്ളം കുത്തടിച്ചൊഴുകിപ്പോകുന്ന ഒരു ജലപ്പാത. എന്റെ പുറകെ ഒരു വലിയ ലോകം ആനകളും മനുഷ്യനും മൃഗങ്ങളും ഉള്ള വിശാലമായ തോട്ടങ്ങളുള്ള ഒരു വലിയ ലോകം. അവരൊക്കെ എറുമ്പുകളെപ്പോലെ ചെറുതായി. എല്ലാം കടന്ന് ഞാൻ ആ കുന്നിൻ മുകളിൽ എത്തിച്ചേർന്നുവെന്നത് എന്നെ ആഹ്‌ളാദിപ്പിച്ചു. നിറയെ പൂത്തമരങ്ങൾ. അവിടവിടങ്ങളിലായി വയലറ്റും ചോപ്പും നിറം. താഴെക്കാണുന്ന അരുവികൾ വെള്ളിയാഭരണം പോലെയായിരുന്നു.
കഠിനമായ ക്ഷീണം കാരണം എനിക്ക് കിടക്കണം എന്നു തോന്നി. അതിനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. ആരും എന്നെ വീട്ടിനകത്തേയ്ക്കു പ്രവേശിപ്പിച്ചില്ല. എനിക്കൊരു കട്ടിൽ തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അഭിമാനം അതിനു സമ്മതിച്ചില്ല. ആരോ ഔദാര്യ പൂർവ്വം ഒരു ഒരു പായ കൊണ്ടുവന്നുതന്നു. അത് ഒരു വലിയ മരത്തിന്റെ കീഴിൽ വിരിച്ചു അവിടെത്തന്നെ കിടന്നു.

ഉണരുമ്പോൾ നെറ്റിയിൽ കൈ വെച്ച് മൊതലി മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. കൈ കൊണ്ട് വായ അടിക്കുന്നത് കണ്ടു. കാട്ടുനായ്ക്ക ഭാഷയിലുള്ള എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു

ആ മരം ഒരു സാധാരണ മരം ആയിരുന്നില്ല. അതൊരു ഹെത്തന്റെ ബരെമറെ ആയിരുന്നു. വരം കിട്ടിയ, അനുഗ്രഹം കിട്ടിയ മരം. 45- 50 തേൻ കൂടുകൾ ആ മരത്തിന്റെ ചില്ലകളിൽ വളർന്നു നിന്നു. ഒരു കൊല്ലം 50 കിലോ തേൻ, ഒരു വർഷം 2500 കിലോ തേൻ. ആ ഉടമയായ മുത്താച്ചൻ- അവരുടെ ഭാഷയിൽ ഹെത്തൻ- വലിയ പണക്കാരൻ തന്നെയെന്നു ഞാൻ ഊഹിച്ചു.

കാട്ടുനായ്ക്കർക്കും പത്തിനായ്ക്കർക്കും ബരെമെറയുണ്ട്. മാറ്റകൃഷി പോലും അറിയാത്ത അത്ര പഴയകാലത്താണ് ഇന്നും അവരുടെ ജീവിതം. അവരുടെ സ്വത്ത് മരങ്ങളും പുഴകളും പാറക്കുണ്ടകളുമൊക്കെയാണ്. വിവിധതരം തേനുകളും ഗാസുകളും ഇലകളും ശേഖരിച്ചാണ് അവർ ജീവിക്കുന്നത്. ഉൾവനങ്ങളിൽ കയറി, കാടുകളിൽ നിന്നുള്ള ആഴത്തിൽ കുഴി കുത്തി ഗാസുകൾ - നമ്മുടെ ഭാഷയിൽ കിഴങ്ങുകൾ കുത്തിയെടുക്കും. കുന്തിരിക്ക മരത്തിൽ നിന്ന് പന്തം ശേഖരിക്കും. കാട്ടു മഞ്ഞളും, ഇഞ്ചിയും, നെല്ലിക്കയും കാടങ്കുരുമുളകും മക്കു കായിയുമൊക്കെയടങ്ങുന്ന മറ്റു വനവിഭവങ്ങളും ശേഖരിക്കും. അത് സൊസൈറ്റിയിൽ കൊണ്ടു പോയി കൊടുത്ത് അവർ ജീവിച്ചുവരുന്നു.

ഗോത്രങ്ങൾ, ആദിവാസി സമൂഹങ്ങൾ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; ഊരുകൾ എന്നും മൂപ്പന്മാരെന്നും. എല്ലാ ഗോത്രസങ്കേതങ്ങളും ഊരുകളല്ല. എല്ലാ തലവന്മാരും മൂപ്പന്മാരുമല്ല. മലയാറ്റൂർ ‘പൊന്നി'യും മറ്റും എഴുതി അക്കാലത്ത് സിനിമകൾ ഒക്കെ വന്നതിനാൽ മനുഷ്യർക്ക് ഉള്ളിൽ അട്ടപ്പാടിയുടെ പദങ്ങളാണ്. അട്ടപ്പാടിയിലെ ഗോത്രഗ്രാമങ്ങൾ ഊരുകളാകുമ്പോൾ വയനാട്ടിൽ മുള്ളുക്കുറുമന് കുടിയും ബെട്ടക്കുറുമന് കീരെയും തച്ചനാടന് പാടിയും റാവുളന് കുന്റുമാണ്. ചോലനായ്ക്കനും കാട്ടുനായ്ക്കനും നിലമ്പൂർ ഗോത്രങ്ങൾക്കുമൊക്കെ ചെമ്മവും. തലവന്മാരുടെ പേരുകളും അങ്ങനെ തന്നെ,. തലച്ചില്വാൻ, പോര്‌നമുത്തൻ, മെഗാള്ൺ, ചെമ്മാക്കാരൻ, കരിമി, തമ്മാടിക്കാരൻ, കാണി, പിലാത്തി, വാത്തി തെവ്കാർനെൻ, മൂപ്പൻ ളേപ്പൻ, പിട്ടൻ, പൂപ്പൻ, ഒടെയ്ക്കാരൻ, മൊതലി... അങ്ങനെ അസംഖ്യം പേരുകൾ.

കാട്ടുനായ്ക്കരുടെ ദേശങ്ങൾ വ്യത്യസ്തങ്ങളായ ചെമ്മങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ചെമ്മത്തിനും ഓരോ ചെമ്മക്കാരൻന്മാരുണ്ടാകും. ഓരോ ദൈവങ്ങൾ ഉണ്ടാകും. ഒരോരോ പൂർവികന്മാർ ഉണ്ടാകും. ഒരു ചെമ്മത്തിലെ അംഗത്തിന് മറ്റൊരു ചെമ്മത്തിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ അവകാശമില്ല. മറ്റൊരാളുടെ ചെമ്മത്തിൽ പോയി വേട്ടയാടാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ അതൊരു വലിയ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. സ്വന്തം ചെമ്മത്തിൽ നിന്നു മാത്രമേ എന്തും ഒരാൾക്ക് എടുക്കാൻ കഴിയൂ. ഓരോ ചെമ്മത്തിൽ ജനിക്കുന്ന കുട്ടിയും അതത് ചെമ്മത്തിലെ മാത്രം അംഗങ്ങളാണ്. അമ്മയുടെ ചെമ്മാത്തിലും ചെറിയ ചില അവകാശങ്ങൾ കിട്ടുക പതിവുണ്ട്.

അവരുടെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ആ ചെമ്മത്തിൽ വച്ച് വേണം നടത്താൻ. മൊദ്ദെയെന്ന കല്യാണമാവട്ടെ, നെറ്ദ മൊദ്ദെയെന്ന വയസ്സറീക്കലാവട്ടെ, ചാവ് ആകട്ടെ എല്ലാ ചടങ്ങും അപ്രകാരം തന്നെ. ഒരാൾ മരിക്കുമ്പോൾ പോലും അവരുടെ ചെമ്മത്തിൽ വേണം അടക്കാൻ. ആ ചെമ്മത്തിലുള്ള നിള-ള് മരത്തിൽ കുടിയിരിക്കുന്ന പൂർവികരുടെ ആത്മാക്കൾക്കൊപ്പമാണ് മരിച്ചവരുടെ ലോകത്തേക്ക് ആത്മാവിനെ കൊണ്ടുപോകേണ്ടത് എന്നാണ് വിശ്വാസം. നിള-ള് മരം ഒരത്ഭുതമരമാണ്. പൂർവ്വികർക്ക് മരിച്ചവരുടെ ലോകത്തു നിന്ന് താഴേക്കും മരിച്ചവർക്ക് മരണാനന്തരലോകത്തേക്കുമുള്ള പ്രകാശകവാടം. അതിന്റെ ചില്ലയിൽ ഹെത്തന്മാരും ഹെത്ത്ച്ചികളും കുടിയിരിക്കുന്നു. ഒരാൾ മറ്റൊരാളുടെ ചെമ്മത്തിലൂടെ സഞ്ചരിക്കുമ്പോൾ പൊടുന്നനെ മരിച്ചുപോയി എന്നുകരുതുക. അയാളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും പിന്നീടുള്ള അവകാശി അയാളുടെ ചെമ്മമല്ല, അയാൾ ആത്മാവുമൊക്കെ മരിച്ച ചെമ്മത്തിന്റെ അവകാശത്തിലാവുന്നു. മരിച്ചവരുടെ നിള-ളു മരം പോലും ഈ ചെമ്മത്തിന്റേതാകുന്നു. പ്രത്യേക അനുമതിയും സമ്മതവുമൊക്കെ വാങ്ങി മാത്രമേ തിരികെ പോകാനാകൂ.

കാട്ടുനായ്ക്കരുടെ ശേഖരണവും വളരെ രസകരമാണ്. ആദ്യം കാണുന്നവനാണ് അതിന്റെ അവകാശി. ജ്യേനുവെന്ന തേനോ മറ്റു ഗാസോ ആദ്യം കണ്ട വ്യക്തി മരത്തിനു ചുവട്ടിൽ ചുള്ളി കമ്പുകൾ കൊണ്ട് അടയാളം വയ്ക്കുന്നു. പിന്നീട് ഒരാൾക്കും അതിനുമേലെ അവകാശമില്ല. ബരമെറെ ആകുമ്പോൾ അതൊരു ഒറ്റയാളുടെ പൂർവികാദായമാണ്. തലമുറ തലമുറയായി കൈമാറി വരുന്നു. ഈ മരത്തിലെ തേനിന്റെ അവകാശി ആ ഹെത്തൻ ആയിരിക്കും. ചിലപ്പോൾ ചില പെൺകുട്ടികളെ വിവാഹം ചെയ്യുവാൻ സ്ത്രീധനമായി ബരെമെറെ കൊടുക്കാറുണ്ട്.
അങ്ങനെയുള്ള ബരെമെറെയുടെ ചുവട്ടിലാണ് ഞാൻ കിടക്കുന്നത്. എല്ലാരും ദൂരെ മാറി എന്നെ നോക്കി താടിക്ക് കൈകൊടുത്തു നിൽക്കുന്നു. ആരും എന്റെ അടുത്തേക്ക് വരുന്നില്ല. ആരും എന്നെ തൊടാൻ തയ്യാറാകുന്നില്ല. എന്തോ ഒരുതരം വിലക്ക്, ഒരു തരം ഭയം അവരെ ചൂഴ്ന്നു കിടപ്പുണ്ട്. പ്രൊമോട്ടർ മാത്രം എന്റെ അടുത്ത് വന്നിരുന്നു. മൈഗ്രേയിനും തുടങ്ങിയിരുന്നു. ആരോ കൊണ്ടു തന്ന പുൽത്തൈലം പ്രമോട്ടർ നെറ്റിയിൽ തേച്ചു തന്നു. ഞാൻ വളരെയധികം ക്ഷീണിതയായിരുന്നു. കിടന്നതു മാത്രം ഓർമയുണ്ട്. ഞാൻ ഉറങ്ങിപ്പോയി.

ഉണരുമ്പോൾ നെറ്റിയിൽ കൈ വെച്ച് മൊതലി മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. കൈ കൊണ്ട് വായ അടിക്കുന്നത് കണ്ടു. കാട്ടുനായ്ക്ക ഭാഷയിലുള്ള എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു. ഹാഡിക്ക ബീഡെ കയ്യിൽ വച്ച് കുലുക്കി. ഏതൊക്കെയോ അതീന്ദ്രിയ ശക്തികളെ അയാൾ കാണുന്നതായും അവരോട് സംവദിക്കുന്നതായും എനിക്കുതോന്നി. അയാളുടെ ദേഹത്ത് കോമരം പോലെ ഉറച്ചിൽ വന്നു.
‘‘എന്താണിത്?''; ഞാൻ പ്രമോട്ടറോട് ചോദിച്ചു.
അവരെന്നെ തുറിച്ചുനോക്കി. പിന്നെ മെല്ലെ പറഞ്ഞു; ‘‘ഹെത്ത്ച്ചില്ലാട്ടം''
‘‘ആരാണ് മരിച്ചത് ? ആരാണ് മരിച്ചത്?'' എന്റെ സ്വരം ഭയത്താലിടറി.
‘‘ആരാ, ആരാ'' ഞാൻ പ്രമോട്ടറോട് വീണ്ടും വീണ്ടും ചോദിച്ചു.
അവർ കണ്ണുകൾ താഴ്ത്തി.
എട്ടു കുഞ്ഞുങ്ങളെ പുലിപിടിച്ചു തിന്ന മക്കിബെറി അളയുടെ മുഖത്തു തട്ടി എന്റെ കരച്ചിലും ചോദ്യവും പലകുറി പ്രതിധ്വനിച്ചു... ▮

അജ്ജിമാർ- ബെട്ടക്കുറുബ മുത്തശ്ശിമാർ കുംഭം കാച്ചുക- മുളയ്ക്കകത്ത് ആഹാരസാധനങ്ങളും കിഴങ്ങുമൊക്കെ നിറച്ചു സീലു ചെയ്തു തീക്കനലിട്ടു ചെയ്യുന്ന പാചകം ജ്യേനു- തേൻ മൊദ്ദെ- കല്യാണം നെറ്ദെമൊദ്ദെ- വയസ്സറിയിക്കൽ ഞ്യാറൽപ്പഴ- ഞാവൽ ബെരെമറെ- വരമരം, ചെമ്മം- Geographical division മൊതലി- പതിനായ്ക്കരുടെ തലവൻ മെഗാള്ൺ- ബെട്ടക്കുറുമരുടെ തലവൻ പോര്ന മുത്തൻ- മുള്ളൂക്കുറുമരുടെ ഗോത്രഗ്രാമമായ കുടി തലവൻ തലച്ചില്വാൻ- മുള്ളൂക്കുറുമരുടെ രാജാവ് പിട്ടൻ- കുറിച്യ തലവൻ ഒടെയ്ക്കാരൻ-കുറിച്യ തലവൻ പൂപ്പൻ- കുറിച്യ പൂർവ്വീകൻ, അപ്പൂപ്പൻ തെവ്ക്കാർനൻ- തച്ചനാടൻ ഗോത്ര രാജാവ് മൂപ്പൻ- തച്ചനാടൻ ക്ലാൻ തലവൻ ളേപ്പൻ- ഇളയ ലീനിയേജ് തലവൻ കരിമി, തമ്മാടിക്കാരൻ,- റാവുള മന്ത്രവാദികൾ മുട്ടുകാണി- കാണി തലവൻ, പിലാത്തി- ഊരാളി മാന്ത്രിക തലവൻ വാത്തി - മന്നാൻ മാന്ത്രികൻ ഹെത്ത്ച്ചില്ലാട്ടം- കാട്ടുനായ്ക്കരുടെ ഷാമനിക ചടങ്ങ്. ഒരാൾ മരിച്ചാൽ ആ ആത്മാവിനെ കൂട്ടിക്കൊണ്ട് പോകാനായി പൂർവീകരായ ഹെത്തന്മാരെ ഉടലിൽ ആവാഹിക്കുന്ന ചടങ്ങാണ്.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments