ഇന്ദു മേനോൻ

കളിമണ്ണുരുളയുടെ പുറ്റുപ്പിൽ കണ്ണീർക്കല്യാണി

എന്റെ കഥ- 33

ഒരു എൻ.ജി.ഒ നടത്തിയ സ്​ത്രീ ശാക്​തീകരണ പരിപാടിയിൽ, ഭക്ഷണമുണ്ടെന്നറിഞ്ഞ്​ അത്​ കഴിക്കാൻ മാത്രമായി വന്ന ആദിവാസി പെൺകുട്ടി കല്യാണി. വിശക്കുമ്പോൾ പുറ്റുമണ്ണു കുഴച്ചു തിന്നും. ഉരുട്ടി ഭംഗിയുള്ള ഉരുളകളാക്കി കടിച്ചുകടിച്ച് തിന്നും- ആദിവാസി ജീവിതത്തിൽനിന്ന്​ ചോരയിറ്റുന്ന ഒരധ്യായം

ല്യാണിയെക്കുറിച്ച് ഓർമിച്ചാൽ സങ്കടം തോന്നും.
ഇന്നും നെഞ്ചിലൊരു കല്ലുകുടുങ്ങും.
തൊണ്ടയിലൊരു പുറ്റു പൊട്ടി, അതുരുട്ടിയുണ്ടാക്കിയ കളിമണ്ണുരുള വിങ്ങും, വായിൽ ചോരച്ചവർപ്പൂറും.
സങ്കടം തോന്നും, 22 വയസ്സുള്ള പെൺകുട്ടിയാണ്. കണ്ടാൽ 14 വയസ്സ് കഷ്ടി തോന്നും. ഉണങ്ങിയ പ്രകൃതം. മുലയില്ല; നെഞ്ചുംകൂട് പക്ഷിപീഡയോ ഗ്രഹണിയോ ബാധിച്ച ശിശുവിനെപ്പോലെ ഉന്തിനിൽക്കുന്നു. എല്ലിച്ച വയലറ്റു അച്ചിങ്ങാപ്പയർ വിരലുകൾ. മണ്ണും കാലവും ചതവും തട്ടി മുരുമുരുപ്പാർന്ന തൊലി.
കല്യാണി വയനാട്ടുകാരിയാണ്.
മാനന്തവാടിക്കടുത്തുള്ള ഒരു ഊരിൽ നിന്ന് വരുന്നവൾ.
കണ്ണുകളിൽ പ്രത്യാശയുണ്ട്. പ്രതീക്ഷയുണ്ട്.
ഞാനന്ന് ഒരു എൻ.ജി.ഒ.യിൽ താൽക്കാലികമായി ജോലിക്കുചേർന്ന സമയമാണ്. പാർശ്വവത്കൃത സമൂഹങ്ങളിലെ സ്ത്രീകൾക്കായുള്ള ശാക്തീകരണ പരിപാടിയുടെ കോ-ഓർഡിനേറ്ററുമാണ്.

സമൂഹങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കോളനിയുടെ ഭൂദാന ഭൂമിത്തുടക്കത്തിൽ വീടെടുത്ത് ജനങ്ങൾക്കൊപ്പം താമസിച്ച അച്ഛന്റെ മൂല്യങ്ങൾ ഉള്ളിലെന്നോട് അധ്യാപികയാവുക എന്ന തോന്നലിനോട് സദാ കലഹിച്ചു. കോളേജിൽ പോണോ ഗോത്രഗ്രാമങ്ങളിൽ പോണോ എന്ന തോന്നലിൽ ഗോത്രഗ്രാമങ്ങൾ എന്റെ താത്പര്യമായിത്തീർന്നു.
ശാക്തീകരണം, നേതൃത്വപരിശീലനം, നിയമങ്ങൾ, പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ പരിശീലനങ്ങൾ തുടങ്ങി ഏറെയുണ്ടായിരുന്നു. ആ സ്ഥാപനത്തിലാവട്ടെ മിക്ക പരിശീലനപരിപാടികളും രാത്രി അവിടെത്തന്നെ താമസിച്ചുള്ളവയാണ്. പരിശീലനാർഥികളും പരിശീലകരും താമസിക്കും.

അവളുടെ ചുണ്ടുകളുടെ ഓരങ്ങൾ പഴുത്തുപൊട്ടിയിരുന്നു. വെള്ളം നിറഞ്ഞ ചെറുകുമിളകൾ. ഹെർപിസ് ലേബിയാലിസ്. എനിക്കു കാര്യം പെട്ടെന്നുതന്നെ പിടികിട്ടി. പകർച്ചവൈറസാണ്. വായ് വെച്ച് വെള്ളം കുടിച്ചാൽ തീർന്നു. പകർച്ച ഉറപ്പ്.

അവളെക്കുറിച്ച് ആദ്യത്തെ ദിവസം തന്നെ സഹപ്രവർത്തകർ പരാതിപ്പെട്ടു. കഴിഞ്ഞതിന്റെ മുമ്പത്തെ മാസത്തിലും അതിന്റെ രണ്ടുമാസം മുമ്പത്തെ പരിശീലനത്തിലും പങ്കെടുത്തവളാണ് കല്യാണി. വീണ്ടുമെന്തിനാണ് വന്നത്? അതും മൂന്നാംതവണ.
""മനഃപൂർവം, ഡി.എ. കിട്ടാനായിട്ട്'', സിന്ധു മാഡം ചൊടിച്ചു.
""വന്നതല്ലെ. തിരിച്ചുവിടണ്ട. ഇഷ്ടായിട്ടുവന്ന ഒരാളേം നമുക്ക് പഠിപ്പിക്കാലോ'', ഞാനാ വരവിനെ ശാക്തീകരണമായിക്കണ്ടു.
അന്നു വൈകീട്ടുതന്നെ അവളെക്കുറിച്ച് മറ്റു പരിശീലനാർഥികൾ പരാതി പറഞ്ഞു.
""ബായിൾ എൺച്ച്ണു നീർ കുടിച്ച്ദ്''
പൊതു കുടിവെള്ള ഗ്ലാസ്സിൽ വായ്‌വെച്ചു കുടിയ്ക്കുന്നുവെന്നതായിരുന്നു പരാതി.
""മാഡൊ, ബിദ്ധി പോദ്‌നു കൊഡ്ഡു''
""മാഡം ബുദ്ധി ഉപദേശിച്ച് കൊടുത്തിട്ട് കാര്യണ്ടാവോ?'' മദ്യപിക്കരുതെന്ന് പതിവായി ഞാൻ ഉപദേശിക്കാറുള്ള അജ്ജി കാലിയോട് ഞാൻ കളി പറഞ്ഞു.
""കിറിയിൽ മുഡ്ഗുറു''
""ചുണ്ടിലു കുരുവുണ്ടോ?''
""പഗർദ്ദ്‌നഡ്''
""ഏയ്യ്, അതൊന്നും പകരില്ല. ഞാൻ നോക്കട്ടെ''
അവളെ വിഷമിപ്പിക്കണ്ട എന്നു കരുതി ക്ലാസിനിടയിൽ ചെന്ന് പരസ്യമായി ആരും വെള്ളം വായ് വെച്ച് കുടിക്കരുത് എന്നുപറഞ്ഞു.
""സരി, മാഡം'', പക്ഷെ ഒരു പ്രയോജനവുമില്ലായിരുന്നു. അവൾ പഴയ രീതി തന്നെ തുടർന്നു. പൊതുഗ്ലാസിൽ വായ വെച്ചു തന്നെ കുടിച്ചു. രണ്ടാം ദിവസം എനിക്കവളോട് കാര്യം പറയാതെ വയ്യെന്നായി. ഞാൻ അവളോട് കാര്യം പറഞ്ഞു.
""ശരി മാഡം, ഇനി വാവെച്ചു കുടിക്കില്ല'' അവൾ സമ്മതിച്ചു.
കാലിയും മാദിയും ബൊമ്മിയും പറഞ്ഞത് ശരിതന്നെയാണ്. അവളുടെ ചുണ്ടുകളുടെ ഓരങ്ങൾ പഴുത്തുപൊട്ടിയിരുന്നു. വെള്ളം നിറഞ്ഞ ചെറുകുമിളകൾ. ഹെർപിസ് ലേബിയാലിസ്. എനിക്കു കാര്യം പെട്ടെന്നുതന്നെ പിടികിട്ടി. പകർച്ചവൈറസാണ്. വായ് വെച്ച് വെള്ളം കുടിച്ചാൽ തീർന്നു. പകർച്ച ഉറപ്പ്.
""ഡോക്ടറെ കണ്ടോ?'', അവളുടെ മുഖത്ത് പകച്ച ഭാവം മാത്രം
""ഇല്ല'', അവൾ തലയാട്ടി.
""കാണാം. ഞാൻ ഡോക്ടറെ വിളിക്കാം.''
അന്നത്തെ ദിവസം രാത്രിയും മൂന്നാമത്തെ ദിവസവും കുഴപ്പമില്ലാതെ കടന്നുപോയി.
രാത്രി എന്തോ ശബ്ദം കേട്ട് ഞാൻ പുറത്തിറങ്ങിവന്നു.
അവൾ കല്യാണി, ചുറ്റും നോക്കുന്നു. ആരുമില്ലെന്നുറപ്പുവരുത്തിയ ശേഷം അവൾ ഗ്ലാസ് ചുണ്ടോടുചേർത്ത് വയറു നിറയെ വെള്ളം കുടിച്ചു. തിരിഞ്ഞതും എന്നെ കണ്ടു. ഞാനൊന്നും മിണ്ടിയില്ല.
""എനിക്ക് ശ്വാസമ്മുട്ടുണ്ട്'', അവൾ കുറ്റബോധത്തോടെ തലതാഴ്ത്തി.
""അതോണ്ട്? വായ് വെക്കാതെ കുട്ച്ചൂടാ?''
""ഒഴിച്ചു കുടിക്കുമ്പോൾ ശ്വാസം മുട്ടുന്നു''
""ശരി. ആരു വിരോധം പറയുന്നു. എങ്കിൽ നിനക്കൊരു ഗ്ലാസ് കൊണ്ടു വന്നൂടെ?''
അതിനു മറുപടിയുണ്ടായില്ല. ശ്വാസം കുറുകുന്ന ശബ്ദം കാട്ടുപ്രാവിന്റെ ഒച്ച പോലെ കേട്ടു.
""രാത്രിയായാല് വല്ലാത്ത വലിവാ മേഡം. ആസ്തമ മരുന്നു കഴിക്കുമ്പോൾ എക്‌സീമാ ചൊറിയും വരുന്നുണ്ട്. അതോണ്ട് മരുന്നു കഴിക്കാറില്ല'', ഞാൻ വല്ലാതെയായി.
ഞാൻ എന്റെ മേലധികാരിയോട് അവളുടെ പ്രശ്‌നത്തെപ്പറ്റി പറഞ്ഞു.
""സാർ കുറച്ചു പൈസ അനുവദിയ്ക്കണം. ഡോക്ടറെ കാണണം.''
""എല്ലാത്തിനും കൂടി മരുന്നു വാങ്ങാൻ ഇന്റേലെവിടുന്നാ പൈശ?''
ആറാമത്തെ ദിവസം എനിക്കു ഹോസ്പിറ്റലിൽ കൊണ്ടുപോകുവാനുള്ള പെർമിഷൻ കിട്ടി. പക്ഷെ പണം സാംഗ്ഷനായില്ല. അയാൾക്ക് എന്റെ സൂത്രം മനസ്സിലായിത്തുടങ്ങിയിരുന്നു. മൂന്നുമാസത്തേക്കൊക്കെ മരുന്നു വാങ്ങി ഗോത്രഗ്രാമങ്ങളിലേയ്ക്ക് ഞാൻ കൊടുത്തയക്കുന്നുവെന്നത് അയാളെ ചൊടിപ്പിച്ചു. എന്നാൽ പറയാൻ മടിയായിരുന്നു. സേവനസന്നദ്ധതയ്ക്ക് കോട്ടമാവരുതല്ലോ.
""അതുമതി മതി. പൈസ വേണോന്നില്ല. ഞാൻ കൊണ്ടോയിക്കൊള്ളാം.''
അങ്ങനെ കല്യാണിയെയും കൊണ്ട് ഞാൻ സ്വകാര്യ ഹോസ്പിറ്റലിലെത്തി. എന്റെ സുഹൃത്തായ ഡോക്ടർ അനുതാപപൂർവം എന്നെ നോക്കി.
""നിങ്ങടെ എൻ.ജി.ഒ. തരുമോ പൈസ?''
""പ്രൈവറ്റിൽ സാധ്യതയേയില്ല''
""പിന്നെ?''
""ഞാനെടുക്കും.''
""കൊള്ളാം നടന്നതുതന്നെ. അന്റെ വളയാരിക്കും ഫീസ്. അന്റെമ്മ ഇന്നേം കൂടി ചീത്ത പറയും. ഈക്കുട്ടിക്ക് കൊറേ പ്രോബ്ലംണ്ട്. ടെസ്റ്റുകളും വേണം. ഞാൻ മെഡിക്കൽ കോളേജിലേക്ക് റഫറു ചെയ്യാം. ഒരുപാട് പണം ആവും. കുറച്ചേറെ ടെസ്റ്റുകൾ ഉണ്ടെടോ.''

ഞങ്ങൾ അന്നുതന്നെ മെഡിക്കൽ കോളേജിലേക്കു പോയി. പത്താമത്തെ ദിവസം സമാപനത്തിന് മന്ത്രിവരും, അന്ന് ഒരുപാട് പരിപാടികളുണ്ട്. ഗോത്രാരോഗ്യവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ എൻ.ജി.ഒ. നൽകിയ ഒരു പദ്ധതിയുടെ അവതരണത്തിന് മന്ത്രി സമയം തന്നിട്ടുണ്ട്. അതിന്റെ ചുമതല എനിക്കായിരുന്നു. അതുകൊണ്ട് ആശുപത്രിക്കാര്യം കൈയോടെ തീർക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ കരുതിയതുപോലെയായിരുന്നില്ല കാര്യങ്ങൾ. എന്റെ സുഹൃത്ത് പറഞ്ഞതിനും മീതെ പല പല ടെസ്റ്റുകൾ വന്നു കയറി.
ആറാം ദിവസം,
ഏഴാം ദിവസം,
എട്ടാം ദിവസമായി.
ഓരോ ദിവസവും ഓരോ വകുപ്പിലേക്ക് ഞങ്ങളെ വിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ ഡോക്ടർക്ക് റഫറൻസ് കിട്ടി. എന്റെ പരിചയക്കാരനായിരുന്നു. ക്ഷോഭം ഞാൻ മറച്ചുവെച്ചില്ല. ഇതെന്തുതരം ചികിത്സയാണ്. മരുന്നെഴുതുന്നില്ല. വെറുതെ വിടുന്നുമില്ല. കാര്യമൊട്ടു പറയുന്നുമില്ല. എനിക്ക് ദേഷ്യം വന്നു. ഞാൻ ഡോക്ടറോട് കാര്യം പറഞ്ഞു.
""മതി ചികിത്സിച്ചത് എന്ന ഉത്തരവ് എനിക്ക് മേലാളർ തന്നുകഴിഞ്ഞിട്ടുണ്ട്... ഞാൻ എന്തുചെയ്യും?''
""വരൂ'', ഡോക്ടർ കൺസൽട്ടിങ് മുറിയിലേക്ക് എന്നെയും കൊണ്ടുപോയി.
""പേഷ്യന്റ് ഭയങ്കര ആസ്ത്മാറ്റിക്ക് ആണ്. എസ്‌കിമയുണ്ട്, അലർജിക്കാണ്. ഹെർപിസുണ്ട്. അയൺ കണ്ടന്റ് തീരെയില്ല. ഡെഫിഷ്യൻസി വേറേ'', ഡോക്ടർ അവളുടെ കണ്ണുകളും വായും പരിശോധിച്ചു. എനിക്ക് സത്യത്തിൽ മടുത്തിരുന്നു. മെഡിക്കൽ കോളേജിലെ വകുപ്പുവകുപ്പാന്തരം കയറിയിറങ്ങൽ ഒട്ടുമെളുപ്പമല്ല.
""ശോധനയെങ്ങനെയാണ്?'', ഡോക്ടർ അവളുടെ വയറിൽ ഞെക്കി നോക്കി.
""ആഴ്ചയിൽ ഒരു ദിവസം''
ഞാൻ ഫോണിൽ നിന്ന് തലയുയർത്തി കേട്ടത് തെറ്റിയോ എന്നു നോക്കി.
""അതല്ല, ഒരു ദിവസം എത്ര തവണ വയറിൽനിന്ന് പോകും?''
""എന്നുമൊന്നും പോകൂല്ല. ആഴ്ചയിൽ ഒരു ദിവസം'', തെറ്റിയതല്ല, പറഞ്ഞത് കിറുകൃത്യമാണ്. എന്റെ മനസ്സിടിഞ്ഞുപോയി.
""പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും ഉണ്ട്''
""അതെന്താ?''
""ഇപ്പോ ഇവ്‌ടെ ട്രെയിനിങ്ങിനു വന്നതല്ലേ? എല്ലാ ദിവസവും ഭക്ഷണം കിട്ടും. ഭക്ഷണം കഴിക്കുന്ന ദിവസം നന്നായി വയറിൽ നിന്ന് പോകും''
ഞാൻ ഡോക്ടറെ മിഴിച്ചുനോക്കി. ഭക്ഷണം കഴിക്കാത്തതിനാലാണവൾക്ക് ശോധനയില്ലാത്തത്. പിന്നെയും പരിശോധന.
""ആർത്തവം.?''
''ഉണ്ടാകാറില്ല''

എന്റെ തൊണ്ടയ്ക്കുള്ളിൽ എന്തോ കുടുങ്ങിയ പോലെ തോന്നീ. സ്ത്രീ ശാക്തീകരണത്തിന്റെ കേൾവികേട്ട പരിപാടി. അതിന്റെ പുകഴ് എന്നത്, മികവ് എന്നത് വിളമ്പുന്ന ഭക്ഷണമാണെന്ന അറിവ് എന്നെ ഞെട്ടിച്ചു.

എന്റെ ഹൃദയം പശ്ചാത്താപവിവശമായി. അന്നും മൂന്നരകഴിഞ്ഞപ്പോൾ പിറ്റേന്നു വരാമെന്നു പറഞ്ഞ് ഇറങ്ങി. ഓഫീസിലെത്തിയപ്പോൾ മന്ത്രിയുടെ പരിപാടിയുടെ ഒരുക്കങ്ങൾ നടത്താത്തതിനാൽ ക്ഷുഭിതനായ മേലധികാരി.
""എത്ര ആളുകൾ ആവശ്യപ്പെട്ടു, എന്നിട്ടും ഞാനിത് നിങ്ങൾക്ക് തന്നു. ഈ പ്രൊജക്റ്റ് നന്നായി ചെയ്താലേ അംഗീകാരം കിട്ടൂ. നിങ്ങളിത് ഫുൾടൈം ആശുപത്രിയിലാണല്ലോ.''
""വേണ്ട സാർ, എനിക്കത് ചെയ്യണമെന്നില്ല. പ്രൊജക്റ്റ് മറ്റാർക്കെങ്കിലും നൽകിക്കൊള്ളൂ, എനിക്ക് ഈ ജോലി...'' എന്നെ മുഴുമിപ്പിക്കാൻ അയാൾ സമ്മതിച്ചില്ല.
""കൊറച്ചു ദിവസമായല്ലോ തുടങ്ങിയിട്ട്. എന്താ ഉദ്ദേശ്യം. ഇവർക്കെന്താ അസുഖം?''
""കണ്ടുപിടിച്ചില്ല. മൾട്ടിപ്പിൾ രോഗങ്ങളാണ്'', അത് കേട്ടതും മേലധികാരി മുറുമുറുത്തു. എൻ.ജി.ഒ.യുടെ തലവൻ എന്റെ സുഹൃത്തിന്റെ അച്ഛനാണെന്നതിൽ അയാൾക്ക് ഒരു പേടിയുണ്ടായിരുന്നു. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോവേണ്ട എന്ന് പച്ചയ്ക്കു പറയാൻ അതിനാൽ തന്നെ മടിയും ഉണ്ടായിരുന്നു.
""സാറേ, നമ്മള് ഹെൽത്ത് പ്രൊജക്റ്റല്ലേ കൊടുക്കാമ്പോണേ. ഇതിപ്പഴേ എതിർത്താ പദ്ധതി വരുമ്പോ എന്തുചെയ്യും?''
അവളെ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് ഞാൻ കൃത്യമായിത്തന്നെ പറഞ്ഞു.
റൂമിലിരിക്കുമ്പോൾ കല്യാണി വന്നു. അവൾ കരയുകയായിരുന്നു.
""എന്നെ രക്ഷിക്കണേ മാഡം, ഊരിലാരൂല്ല എന്നെ കൊണ്ടോവാൻ. അമ്മയ്ക്ക് തീരെ സുഖല്ല. കെടപ്പിലാണ്. അയലോക്കക്കാരാണ് ഇപ്പോ നോക്കണത്. ഈ പരിപാടിക്ക് വന്നാ നല്ലോണം ഭക്ഷണം കിട്ടും, അതാ ഞാൻ വന്നത്.'' അവളൊരു ദീർഘശ്വാസമെടുത്തു.
എന്റെ തൊണ്ടയ്ക്കുള്ളിൽ എന്തോ കുടുങ്ങിയ പോലെ തോന്നീ. സ്ത്രീ ശാക്തീകരണത്തിന്റെ കേൾവികേട്ട പരിപാടി. അതിന്റെ പുകഴ് എന്നത്, മികവ് എന്നത് വിളമ്പുന്ന ഭക്ഷണമാണെന്ന അറിവ് എന്നെ ഞെട്ടിച്ചു.
""എന്നെ വിട്ടുകളയല്ലേ. എനിക്കെന്തോ സൂക്കേടുണ്ട്. എപ്പോഴും വയ്യ. എനിക്ക് മരുന്നു വാങ്ങിത്തരണേ...'', അവൾ ഉരുൾപൊട്ടി താഴേക്കുവീഴും പോലെ നിസ്സഹായയായി കരയുകയാണ്.
""അമ്മക്കൊന്നും ആവൂല മേഡം. ഞാൻ കൂർഗില് ഇഞ്ചിപ്പണിക്കു പോക്വാണ്. അവ്ടുന്നു സികിത്സൊന്നും ആവൂല മേഡം. മരുന്നു വാങ്ങിത്തരണേ മേഡം.''
ഞാനെന്റെ സുഹൃത്തിനെ വിളിച്ചു.
‘‘നീയൊന്നു അച്ഛനോട് ഇടപെടാൻ പറയ്.''
‘‘എടീ, അത് നിന്റെ ഡ്രീം പ്രൊജക്റ്റല്ലേ? അതിലു വർക്കിയ്യണ്ടേ? ഇവടെ നിന്നാ മതിയോ? ഞാനീ ഡ്യൂട്ടി വേറാർക്കെങ്കിലും കൊടുക്കമ്പറയാം.''
‘‘അതിനേക്കാളും പ്രധാനമാണിത്. നീ വിചാരിക്കും പോലെ നിസ്സാരമായ ഒരു ആശുപത്രി കേസല്ല. ശരിക്കും നമ്മൾ ഇടപെട്ടു സഹായിക്കണം. നീയൊന്നു അച്ഛനോട് പറയാൻ പറ. ഈ പ്രൊജക്റ്റ് സുരേഷിനോ മറ്റോ കൊടുക്കാൻ.''
അവളെന്നെ പലതു പറഞ്ഞു വിശ്വസിപ്പിക്കാൻ, ബോധിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ പ്രൊജക്ടിൽ നിന്ന് ഒഴിയാനുള്ള തീരുമാനം ഉറപ്പിച്ചു. മെഡിക്കൽ കോളേജിൽ പോവുകയും വരികയും കാര്യങ്ങൾ ചെയ്യുകയും എളുപ്പമല്ല. ഞാനാകെ പരിക്ഷീണയാകുന്നു. അതുവേണ്ട.
""പ്ലീസ്, എന്റെ പ്രതീക്ഷയും സ്വപ്‌നവുമൊക്കെയാണ് ഈ പ്രൊജക്റ്റ്. അത് സത്യാണ്. പക്ഷെ അത് ആർക്കും ചെയ്യാം. ഇതിപ്പോ, ഇവിടെ വേറാരും ചെയ്യുന്ന് തോന്നണില്ല. ആ സാറിന്റെ സ്വഭാവം അത്ര സുഖകരമല്ല.''
ഒമ്പതാം ദിവസവും തീർന്നില്ല, മെഡിക്കൽ കോളേജിലെ പരിശോധന.
സൈക്ക്യാട്രിസ്റ്റിന്റെ അടുക്കൽ വരെ പോയി നോക്കി. പത്താമത്തെ ദിവസം ഉച്ചവരെയും പരിശോധന തന്നെ.
ഞാൻ ഡോക്ടറോട് പറഞ്ഞു; ""ഇന്നു വൈകീട്ട് ഇവൾക്ക് ഊരിലേക്കു മടങ്ങണം. ഇന്ന് ഒന്നു പ്രിസ്‌ക്രിപ്ഷൻ തരണം, അഞ്ചു ദിവസായി ഞങ്ങളിങ്ങനെ വരുന്നു.''
ഡോക്ടർ കണ്ണട ഊരി.
""കൊറച്ച് മരുന്നെങ്കിലും എഴുതിത്തന്നാല് ഇവിടുന്നു വാങ്ങിക്കൊടുക്കാൻ പറ്റും.''
""നിങ്ങൾ കരുതുംപോലെ സിമ്പിളല്ല കാര്യങ്ങൾ. ഈ കുട്ടിക്ക് ഒന്നുകിൽ ജനിതകമായ രോഗമുണ്ട്. തലസീമിയയോ സിക്കിൾസെൽ അനീമിയയോ പോലെ എന്തോ ഒന്ന്. അല്ലെങ്കിൽ... എച്ച്.ഐ.വി പോസിറ്റീവാകാനുള്ള സാധ്യത.''
ഞാനവളുടെ മുഖത്തേക്കു നോക്കി.
""സൈക്യാട്രിസ്റ്റുമായുള്ള ഒരു സെഷനിൽ, ചെറുപ്പം മുതലേ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ കുട്ടി പറഞ്ഞിട്ടുമുണ്ട്. അതിന്റെ ടെസ്റ്റുകളുടെ റിസൽറ്റ് കൂടി വരാനുണ്ട്.''

വിശക്കുമ്പോൾ പുറ്റുമണ്ണു കുഴച്ചു തിന്നുമെന്ന്. ഉരുട്ടി ഭംഗിയുള്ള ഉരുളകളാക്കി കടിച്ചുകടിച്ച് തിന്നുമെന്ന്. ഞാൻ വിശ്വാസം വരാതെ അവളെ തുറിച്ചുനോക്കി.
""സത്യായിട്ടും നല്ല സ്വാദാ.''

എന്റെ ശബ്ദം ഉള്ളിൽ വെച്ചേ അടഞ്ഞുപോയി. ഇനി നാളെ വരൽ ഇല്ല. ഇന്ന് മന്ത്രിയുടെ പരിപാടി കഴിഞ്ഞാൽ എൻ.ജി.ഒ. മുതലാളി ബസിൽ ഇവരെ നാട്ടിലെത്തിക്കും.
""മറ്റു അസുഖങ്ങൾക്കുള്ള മരുന്നുകൾ എഴുതുമോ? ആസ്ത്മ, എക്‌സീമ, ചുണ്ടിലെ വൈറസ് ബാധ.''
""ഇതു നോക്കൂ'', ഡോക്ടർ അവളുടെ വയറിന്റെ ഇടതുഭാഗം കാണിച്ചു. ഒരു വശത്തുമാത്രമായി നിറയെ കുരുക്കൾ.
""ഹെർപിസാണ്. കടുത്ത വേദനയുണ്ടാകും. ഈ കുട്ടിയിതെങ്ങനെ ഈ പരിപാടിക്ക് കേറി വന്നു? കിടന്നു വിശ്രമിക്കേണ്ടതല്ലേ?''
ഞാനവളുടെ പരീക്ഷീണമായ മുഖത്തേക്കു നോക്കി.
എന്തിനാണ് നീയിങ്ങനെ വന്നത് എന്നൊരു ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു.
""പക്ഷെ അതിനേക്കാളും പ്രധാനമായി... ഇവൾക്ക് അൾസറുണ്ട്. വയറ്റിലാകെ മുറിവ് വന്നിട്ടുണ്ട്. എനിക്കു തോന്നുന്നത്, കല്ലും മണ്ണും തിന്നുന്ന ശീലമുണ്ടെന്നാണ്?''
''മണ്ണുരുള തിന്നും. പുറ്റുമണ്ണ് കുഴച്ചുണ്ടാക്കണത്? നല്ല രുചിയാ. വെശപ്പ് വന്നാൽ അങ്ങനാ.''
വിശക്കുമ്പോൾ പുറ്റുമണ്ണു കുഴച്ചു തിന്നുമെന്ന്. ഉരുട്ടി ഭംഗിയുള്ള ഉരുളകളാക്കി കടിച്ചുകടിച്ച് തിന്നുമെന്ന്. ഞാൻ വിശ്വാസം വരാതെ അവളെ തുറിച്ചുനോക്കി.
""സത്യായിട്ടും നല്ല സ്വാദാ.''
""ഇത് മുഴുവനായിട്ട് നിർത്തണം'', ഡോക്ടർ അവളോട് പറഞ്ഞു.
""കാട്ടിലെത്ര ഇലകളുണ്ട്. കിഴങ്ങുകളുണ്ട്. പഴങ്ങളുണ്ട്. അത് തിന്നാൽ മതി. മണ്ണുരുള തിന്നരുത്.''
""ഇന്ന് റിസൾട്ട് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?'' ഞാൻ കെഞ്ചി നോക്കി.
""ഇപ്പോ നാലരയായില്ലേ? ഇനി നാളെ മാത്രമെ റിസൾട്ട് കിട്ടൂ.''
അവളുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.
മറ്റു രോഗങ്ങൾക്കുള്ള മരുന്ന്... ഇരുമ്പ്, വിറ്റാമിൻ ഗുളികകളും ഇൻഹേലറുകളും തൊലിപ്പുറത്തുള്ള മരുന്നുകളും പ്രോട്ടീൻ പൗഡറുകളും ഡോക്ടർ എഴുതി. നാലു മാസത്തേക്കുള്ളവ.
ഞാൻ കണക്കുകൂട്ടി നോക്കി; എട്ടായിരത്തിനടുത്ത് ബില്ലു വരും. എന്തുചെയ്യും? ഞാൻ എൻ.ജി.ഒ. മുതലാളിയെ വിളിച്ചു. അയാൾ എന്റെ ഫോൺ കട്ടു ചെയ്തു കളഞ്ഞു. ഞാൻ സിന്ധു മാഡത്തെ വിളിച്ചു.
""നെനക്കെന്താ വട്ടുണ്ടോ? ഇയാളാ പൈസ ഒന്നും റിലീസ് ചെയ്യില്ല. കൂടിയാൽ 500 രൂപ.''
ആ പ്രതീക്ഷയും തീർന്നു. അവളുടെ ദൈന്യവും പ്രത്യാശയും കലർന്ന മുഖം എന്നെ വിഷമിപ്പിച്ചു.
""കൃത്യായിട്ടു മരുന്നു കഴിച്ചാൽ മാറും അല്ലേ?''
ഞാൻ ഹതാശയായി. എന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഒരു കരച്ചിലു വന്ന് തൊണ്ടക്കുഴീലെരിവു പോലെ ഒട്ടി.
എന്തിയ്യും? ഞാൻ അച്ഛനെ വിളിച്ചു. എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. കല്യാണിയുടെ കാര്യം കുറേ ദിവസമായിട്ട് അച്ഛനറിയാമായിരുന്നു.
അച്ഛന്റെ ഉത്തരം വളരെ കൃത്യമായിരുന്നു; ""നിന്റെ കയ്യിലുണ്ടോ പൈസ?''
""ആ ശമ്പളം കിട്ടിട്ടുണ്ട്''
""എങ്കിൽ അതുപയോഗിക്കുക.''
""അമ്മ?'' എട്ടുമാസം കഴിഞ്ഞാൽ എന്റെ കല്യാണമാണ്. അമ്മയ്ക്ക് ശമ്പളപ്പൈസയത്രയും കൊടുക്കണം. ഈ മാസത്തെ ശമ്പളത്തിൽ മൂന്നു പവൻ സ്വർണം വാങ്ങും.
""അവരല്ല നിന്റെ ശമ്പളത്തിന്റെ കാര്യം തീരുമാനിക്കുന്നത്.''
കഴിഞ്ഞു... ഉത്തരം കിട്ടി.
""എൻ.ജി.ഒ.ക്കാര് റീ ഇമ്പേഴ്‌സ് ചെയ്യുന്നെങ്കിൽ പൈസ കിട്ടട്ടെ. ഇല്ലെങ്കിൽ പോട്ടെ.''

""വെശപ്പ് സഹിക്കാൻ വയ്യേനു. മണ്ണുണ്ട തിന്നിറ്റ് എനിക്ക് വയറിലു മുറിവായ്‌നു. കോഴീന്റെ ബിര്യാൻ, ഓല് തന്ന്. പയ്പ്പിനേക്കാളും വെലുത് ഒന്നുല്ല'', അവൾ കരഞ്ഞുകൊണ്ടേയിരുന്നു.

എന്റെ ഒരുമാസ ശമ്പളം പത്തായിരം രൂപയാണന്ന്. എന്നിട്ടും അച്ഛന് പക്ഷെ സംശയമേതുമില്ല. അതെന്നെ ആശ്വസിപ്പിച്ചു, സമാധാനിപ്പിച്ചു.
ബാഗിൽ നിന്ന് ഫോണെടുത്തു നോക്കി. ഓഫീസിൽ നിന്ന് നൂറു മിസ്ഡ് കോളെങ്കിലും വന്നിരിക്കും. നാലുമണിക്ക് മന്ത്രിയുമായുള്ള മീറ്റിങ്ങാണ്. പ്രൊപ്പോസൽ അവതരണം. എനിക്കതിൽ ഇനി കാര്യമില്ല എന്നതല്ല. അതിലും കാര്യം കല്യാണിയെന്നതാണ്. അവളുടെ കരച്ചിൽ, അവളുടെ കഥ അതെന്നെ ഉലച്ചുകളഞ്ഞിരുന്നു.
ഞാൻ ബോസിനെ വിളിച്ചു. അയാളപ്പോൾ ഫോണെടുത്തു. ഞാൻ കാര്യം പറഞ്ഞു.
""നോക്കൂ മാഡം ഇന്ദു, എനിക്കൊന്നും കേൾക്കേണ്ട. നിങ്ങളിപ്പോൾ വരണം. മന്ത്രിയുടെ മീറ്റിങ്ങിനെല്ലാരും നിർബന്ധമാണ്.''
‘‘വന്നുകൊണ്ടിരിക്കയാണു സാർ, ഞാനിപ്പം തന്നെയെത്തും. വണ്ടിയൊന്നുമില്ല. പിന്നെ, സാർ പ്ലീസ്, ഈ ട്രെയിനീസിനെ കൊണ്ടാക്കൽ നാളെയാക്കിക്കൂടെ? അല്ലെങ്കിൽ ഇവൾക്കൊരു സ്‌പെഷ്യൽ പെർമിഷൻ?''
‘‘ഓ, ഇതാണിപ്പോ നന്നായത്. ഇവറ്റെകളെവടെപ്പോയാണിതൊക്കെ കൊണ്ടുവന്നത്? ച്ചേ. നിങ്ങളിതൊക്കെ നിർത്തീട്ട് വന്നു പണിയെടുത്തേ. ആ പിന്നെ.''
അയാളുടെ ശബ്ദം അൽപ്പം ഉറച്ചു.
""ഭാസ്‌കരൻ സാറിനോട് മുൻകൂർ പറഞ്ഞ് കാര്യം സാധിക്കാമെന്നു കരുതണ്ട കേട്ടോ'', അയാളതേ പറയൂ എന്നെനിക്കറിയാമായിരുന്നു. ഞാൻ ഫോൺ കട്ടുചെയ്തു.

സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു; ചുമരിലെ വിടവിൽ നിറയെ പുറ്റുമണ്ണ് ഉരുട്ടിയുണ്ടാക്കിയ മണ്ണുരുളകൾ. മിക്കവയും മഴയിലലിഞ്ഞു പോയിരുന്നു. അവളുടെ വിശപ്പ്. അവരുടെ വിശപ്പ്.

ഞങ്ങൾ നടന്നു. കോവൂരും ചേവായൂരും കടന്ന് നടന്നു. മന്ത്രിപ്പരിപാടിയുടെ പേരു പറഞ്ഞ് അയാൾ ഞങ്ങൾക്ക് വണ്ടി വിലക്കിയിരുന്നു. ഞായറാഴ്ചയായതിനാൽ ബസും കുറവായിരുന്നു, ഓട്ടോയും.
നടക്കുമ്പോൾ അവൾ പറഞ്ഞു; ""ഞാൻ ഇങ്ങളെ നല്ലോണം വെഷമിപ്പിച്ചിനു. ഇനി ഭക്ഷണോം മരുന്നും ഇല്ലെങ്കി ചത്തുപോകുന്നാ ഡോക്ടറു പറഞ്ഞത്. നല്ല ഭക്ഷണത്തിനും മരുന്നിനും ഞാൻ എവടെപ്പോവും?. അദാ ട്രെയിനിങ്ങിനു വന്നേ. ഇന്റെ പ്രമോട്ടറോട് ഞാമ്പറഞ്ഞപ്പോ ഓല് സമ്മെയ്ച്ച്. ഞാൻ ചത്തോട്ടെ വെഷമല്ല. പക്ഷെ അമ്മന്റെ കാര്യം ഓർക്കുമ്പോ. അദാ'' ഞാനൊന്നും മിണ്ടിയില്ല. അവളെ നിശബ്ദമായി കേട്ടുകൊണ്ടിരുന്നു.
""മാഡം, ഇങ്ങളു ബൊമ്മിമൂപ്പത്തിക്ക് മരുന്നൊക്കെ വാങ്ങിക്കൊടുത്തിലേ കയ്ഞ്ഞ തവണ. അദാ ഞാൻ....'' അവൾ ദീർഘശ്വാസമെടുത്തു.
""ന്നോട് വെറുപ്പാണോ?''
""ശ്ശ്യോ, എന്തു വെറുപ്പ്'', ഞാൻ തലയാട്ടി
""ആ സൂക്കെടിനെ പറ്റിയൊക്കെ എനിക്കറിയാം. ഒന്നുരണ്ട് തവണ എന്റെ പിരെന്റെ അടുത്തുള്ള കോട്ടേസിലു താമസിക്കാൻ വന്ന മനുഷ്യരാണ്. പിന്നെ ഇഞ്ചിപ്പണിട്‌ത്തെ ആള്. പിന്നെ കൂപ്പില്.'' അവൾ നിസ്സഹായതയോടെ തല കുമ്പിട്ടു.
""വെശപ്പ് സഹിക്കാൻ വയ്യേനു. മണ്ണുണ്ട തിന്നിറ്റ് എനിക്ക് വയറിലു മുറിവായ്‌നു. കോഴീന്റെ ബിര്യാൻ, ഓല് തന്ന്. പയ്പ്പിനേക്കാളും വെലുത് ഒന്നുല്ല'', അവൾ കരഞ്ഞുകൊണ്ടേയിരുന്നു. ഞാനവളുടെ കൈ പിടിച്ചമർത്തി. ചേവായൂർ സന്തോഷ് മെഡിക്കൽസിൽ കേറി.
""ഒരു പാക്ക് കോണ്ടം'', അയാളെന്നെ തുറിച്ചു നോക്കി.
""ഇതല്ല. കൊറച്ച് വലുത്'', അയാൾ അൽപ്പം കൂടി വലിയ പാക്കറ്റ് തന്നു.
""മൂന്നെണ്ണം'', ഇവൾക്കിതെന്ത് കഴപ്പ് എന്ന മട്ടിൽ മരുന്നുവാങ്ങാൻ വന്ന സ്ത്രീ തുറിച്ചുനോക്കി.
""- എൻ.ജി.ഓയിലാ'' ഞാൻ എല്ലാവരോടുമായിപ്പറഞ്ഞു.
""എയിഡ്‌സ് പ്രൊജക്റ്റിലാ'', ആളുകളുടെ മുഖത്ത് അൽപം സമാധാനം ലഭിച്ചു.
""ദാ. ഉപയോഗിക്കാനറിയുമോ? ഇല്ലെങ്കിൽ ഓഫീസീന്നു പഠിപ്പിക്കാം. സിന്ധു മാഡത്തിന്റെ വിങ്ങിലെ ആൾക്കാര് സഹായിക്കും. സൂക്ഷിക്കുക. എനിക്കിത്രെയൊക്കെയേ ചെയ്യാനാവൂ'' അവളാകെ പരിഭ്രാന്തയായി.
""മേഡം, പ്ലീസ് മേഡം, ഇന്നെ ഒന്ന് പരിശോധിപ്പിച്ച് വിടണേ മേഡം. ഇനിക്കാരൂല്ല മാഡം'' അവളെന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
""സാരമില്ല, സാരമില്ല. ആ രോഗമൊന്നും ആവൂല. പേടിക്കണ്ട. ഇദ് മാനന്തവാടി ഹോസ്പിറ്റലിലേക്കുള്ള കത്താണ്, അവടെ കൊടുക്കണം. ഇദ് എന്റെ ഫോൺ നമ്പരാണ്. എന്തിനും വിളിക്കണം. ഇദൊക്കെ നാലു മാസത്തേക്കുള്ള മരുന്നാണ്. ഇദ് ഇൻഹേലർ. പ്രോട്ടീൻ പൗഡർ. എല്ലാം മുടങ്ങാണ്ട് കഴിക്കണം. ഭക്ഷണം കഴിക്കണം. ചോറെന്നെ ന്നില്ല. ഇയ്യ് ചപ്പും കെഴങ്ങും കാട്ടുപഴോം എടുത്ത് കയ്ച്ചാ മതി. ബിര്യാനും പൊറോട്ട്യൊന്നല്ല ഭക്ഷണം. കേട്ടോ. നിന്നെ വിളിക്കാൻ എന്തെങ്കിലും നമ്പരുണ്ടെങ്കിൽ തരണം. കത്തയക്കുമോ?'' അവൾ തലയാട്ടി. എന്റെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന 450 രൂപ കൂടി ഞാനവൾക്കു കൊടുത്തു.
""ആസ്പത്രീലു പോണം, ഉറപ്പായും പോണം''.
മന്ത്രിയുടെ വേദിയിൽ പാർശ്വവത്കൃതർക്കുവേണ്ടി ഹെൽത്ത് പാക്കേജ് എൻ.ജി.ഒ. എത്ര മനോഹരമായി നടപ്പിലാക്കും എന്ന് എന്റെ മേലധികാരി പ്രസംഗിച്ചു കൊണ്ടിരുന്നു... എനിക്കു ചെടിച്ചു.
വർഷങ്ങൾ കഴിഞ്ഞു.
അവളെന്നെ വിളിച്ചതേയില്ല. അവളെ വിളിയ്ക്കാൻ നമ്പരുമില്ല.
ഞാനയച്ച കത്തുകൾക്ക് മറുപടി കിട്ടിയില്ല.
ഞാൻ അതേ ഗോത്രമേഖലയിൽ സർക്കാരിൽ ജോലി നേടി.
അപ്പോഴും അവളെ തേടി. കണ്ടെത്തിയതേയില്ല.
ഒടുവിൽ ഞാനവളുടെ കോളനിയിൽ ചെന്നെത്തുക തന്നെ ചെയ്തു.
അവിടെ ഒന്നും ഉണ്ടായിരുന്നില്ല. മണ്ണ് നീങ്ങിയും ഉരുളുപൊട്ടിയും നശിച്ച വനഭൂമിയരിക്.
""ആ തള്ള ചത്ത്. ആ വയ്യാത്ത പെണ്ണുണ്ട്. ആറളത്തോ മറ്റോ ആണ്. മാറ്റിപ്പാർപ്പിച്ച പൊരേല്. ഇദായിരുന്നു പണ്ടത്തെ ഓലെ പിര'', ഒരു ഒറ്റച്ചുമരിനെ തൊട്ട് മെംബർ കാണിച്ചു. പാതി പൊട്ടിയ ഒരു കണ്ണാടി അതിൽ തൂങ്ങിക്കിടന്നു. മുത്തപ്പൻ മാഞ്ഞുപോയ ഒരു ഫോട്ടോ. ഫാക്ടംഫോസ് വളത്തിന്റെ പരസ്യമോ മറ്റോ. പാതി കീറിപ്പോയ യേശു.
സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു; ചുമരിലെ വിടവിൽ നിറയെ പുറ്റുമണ്ണ് ഉരുട്ടിയുണ്ടാക്കിയ മണ്ണുരുളകൾ. മിക്കവയും മഴയിലലിഞ്ഞു പോയിരുന്നു.
അവളുടെ വിശപ്പ്.
അവരുടെ വിശപ്പ്.
ഞാനൊരു കഷണം മണ്ണുരുള പൊട്ടിച്ച് വായിലിട്ടു. ജീവന്റെ പുളിപ്പ്. കാട്ടുമണ്ണിന്റെ പശിമയാർന്ന വന്യരുചി. തീവ്രവും അപാരവുമായൊരു ഭൂമൺ ഗന്ധം...
അവളുടെ കണ്ണീരിന്റെയും ചോരയുടേയും ഉപ്പാർന്ന് അവസാദപ്പെട്ട ഒരു കല്ല് എന്റെ ചങ്കിൽ കുടുങ്ങി... ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments