ഡോ. എ.കെ. ജയശ്രീ

ഒഴുകി നടന്ന ഞാനും ആഹ്‌ളാദം ചോർന്ന ഉത്സവങ്ങളും

എഴുകോൺ- 32

ട്രാഫിക്കിംഗ് എല്ലാവരും ഒരേപോലെ എതിർക്കുന്ന കാര്യമാണെങ്കിലും, അതിനെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ സ്വന്തം തീരുമാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും എപ്പോഴും ഇരകളായി ചിത്രീകരിച്ചു. ഇത് ഒരു വിഭാഗം മനുഷ്യരുടെ കർതൃത്വത്തെയും അസ്തിത്വത്തെ തന്നെയും നിഷേധിക്കുകയാണെന്ന യാഥാർഥ്യം അവർക്ക് കാണാൻ കഴിഞ്ഞില്ല.

ല കുഞ്ഞുകുഞ്ഞു ലോകങ്ങളിലൂടെയും കയറിയിറങ്ങിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. നാട്ടുനടപ്പനുസരിച്ച് നടന്നാലും അല്ലെങ്കിലും അങ്ങനെയാണ്.
മുമ്പേ പോകുന്നവർ തെളിക്കുന്ന വഴിയേ പോയാൽ ജീവിതം എളുപ്പമായേക്കും. എന്നാൽ, അത് ബോറാകാനും സാദ്ധ്യതയുണ്ട്. ചിലപ്പോൾ നിനച്ചിരിക്കാത്ത പ്രതിസന്ധികളിൽ ചെന്നുപെട്ടേക്കാം. അതിനാൽ, പലപ്പോഴും ജീവിതത്തെ അതിന്റെ വഴിക്കുവിടുകയാണ് ഞാൻ ചെയ്തത്. കരിയറിൽ ഏണിപ്പടികൾ കയറി മുകളിലേക്കുപോകുന്ന തരത്തിൽ ഞാനൊരു പ്ലാൻ തയാറാക്കിയില്ല. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട്. ഗുണം എന്തെന്നാൽ, ഭയം കൂടാതെ ചിന്തിക്കാം. അഭിപ്രായം പറയാം. നിയന്ത്രണത്തിന്റെ കാണാച്ചരടുകളുടെ എണ്ണം കുറഞ്ഞു കിട്ടും.
സ്വന്തമായി നിലനിൽക്കണമെങ്കിലും ഒഴുകിനടക്കണമെങ്കിലും, വിഭവങ്ങൾ ആവശ്യമാണ്. അറിവ് ഒരു വിഭവമാണെങ്കിലും എപ്പോഴും അതിന് നമ്മൾ കരുതുന്നതുപോലെ വില ലഭിക്കുകയില്ല. മനുഷ്യർ എപ്പോഴും പരസ്പരം പരതി നോക്കിക്കൊണ്ടിരിക്കുകയാണ്. ആരുടെ കൂടെ ചാഞ്ഞുനിന്നാലാണ് നമുക്ക് ജീവിതം സുഖകരമാക്കാൻ കഴിയുക? കൂടുതൽ സമയവും അധികാരകേന്ദ്രങ്ങളോട് ചാഞ്ഞുനിൽക്കാനാണ് മനുഷ്യർ താൽപര്യം കാട്ടാറ്. അതിൽ ഒരു സംരക്ഷണസുഖവും ലഭിക്കും. കുട്ടിക്കാലത്ത് മുതിർന്നവരിൽ നിന്ന് ലഭിക്കുന്ന രക്ഷാബോധം പോലെയാണത്. വളർന്നു കഴിഞ്ഞാലും ഇതിന്റെ അംശങ്ങൾ ഏറ്റക്കുറച്ചിലോടെ നമ്മളിൽ കൊഴിഞ്ഞു പോകാതെ കിടക്കും.
കീഴ്ജീവനക്കാർ, മേലുദ്യോഗസ്ഥരോട് അമിത വിനയം കാട്ടുന്നതും "നീയൊരു മണ്ടിയാണ്' എന്ന് ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ വച്ച് പറയുമ്പോൾ അതിബുദ്ധിമതിയായ ഭാര്യ അതാസ്വദിക്കുന്നതായി അഭിനയിക്കുന്നതും, ഈ ഓർമ ഉള്ളിൽ കിടക്കുന്നതു കൊണ്ടാണ്. ചില ആളുകൾ (അതിൽ കൂടുതൽ പുരുഷന്മാരും ചില സ്ത്രീകളും പെടും) ഈ വലയത്തിൽ നിന്ന് പുറത്തുകടക്കുകയും സ്വയം അധികാരകേന്ദ്രങ്ങളാകുകയും ചെയ്യും. അങ്ങനെ ചെയ്യണമെങ്കിൽ നമ്മൾ വിഭവങ്ങളുടെ സ്രോതസ്സ് കണ്ടെത്തണം. അത് കണ്ടെത്തിയാലും, നിലനിർത്തണമെങ്കിൽ നമ്മളെക്കാൾ കൂടുതൽ അധികാരവും വിഭവങ്ങളും ഉള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം. അങ്ങനെ വീണ്ടും പഴയതു പോലെയുള്ള ഒരു വലയത്തിൽ എത്തിപ്പെടുന്നു.

മറ്റുള്ളവരാൽ അടയാളപ്പെടുത്താൻ കഴിയാത്ത നമ്മുടെ സ്ഥാനം എവിടെയാണെന്നത് ഒരു പ്രശ്‌നമാണ്. ഒഴുകി നടക്കുന്നതിൽ ഒരു സുഖമുണ്ടെങ്കിലും താൽക്കാലികമായി എവിടെയെങ്കിലും നങ്കൂരമിടേണ്ടി വരും.

ഒരു മനുഷ്യജീവിയെ നിരുപാധികമായി, അവരായി കാണാൻ കഴിയാത്തിടത്തോളം ആളുകൾ കയ്യിലുള്ള പല കോലുകളും വച്ച് അളന്നുകൊണ്ടിരിക്കും. പേരെന്താണ്? മുഴുവൻ പേരെന്താണ്? വീട് പണിതോ? സ്വർണം ഇല്ലേ? സെറ്റിൽ ചെയ്തില്ലേ? കരിയർ പ്ലാൻ ചെയ്തില്ലേ? ഭർത്താവ് എവിട്യാണ്? കുട്ടികൾ എവിടെ പഠിക്കുന്നു? കല്യാണം കഴിഞ്ഞോ?... ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിക്കുക വഴിയാണ് ഓരോരുത്തരും അവരവരുടെ സ്ഥാനം ഉറപ്പിക്കുന്നത്. ചുറ്റുമുള്ളവരോട് ബന്ധപ്പെടുത്തിയാണ് അവരവരെയും അളന്നുറപ്പിക്കുന്നത്. വഴിമാറി നടന്നുതുടങ്ങുമ്പോഴാണ് ഇതൊക്കെയും നമുക്ക് ബോധ്യപ്പെടുന്നത്.

മറ്റുള്ളവരാൽ അടയാളപ്പെടുത്താൻ കഴിയാത്ത നമ്മുടെ സ്ഥാനം എവിടെയാണെന്നത് ഒരു പ്രശ്‌നമാണ്. ഒഴുകി നടക്കുന്നതിൽ ഒരു സുഖമുണ്ടെങ്കിലും താൽക്കാലികമായി എവിടെയെങ്കിലും നങ്കൂരമിടേണ്ടി വരും.
ജോലി തിരയുമ്പോൾ പല പ്രശ്‌നങ്ങളുമുണ്ട്. ചിലപ്പോൾ നമ്മളോടൊപ്പം ഉണ്ടാകേണ്ടവർ നമുക്ക് മുകളിലായിരിക്കാം. പാടുപെട്ട് നടത്തിക്കൊണ്ടുപോകുന്ന വ്യവസ്ഥയിൽ, എന്നെ പോലെയുള്ളവർ കുഴപ്പങ്ങളുണ്ടാക്കുമോ എന്ന പേടി മിക്കവർക്കുമുണ്ടാകും. ആ പേടിയില്ലാത്തവർ മാത്രമായിരിക്കും ജോലി തരാൻ തയാറാകുന്നത്. നമ്മളെക്കാൾ താഴെയുള്ള സ്ഥാനത്തുള്ളവർക്കും അസ്വസ്ഥതകളുണ്ടാകാം. മുകളിലേക്കുയരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിലേക്ക് അസ്ഥാനത്തേക്ക് കയറിപ്പറ്റിയവരെ പോലെയായിരിക്കും അവർക്ക് നമ്മളെ കാണാൻ കഴിയുന്നത്. നമ്മുടെ സ്ഥാനം എന്താണെന്ന് നിർണയിക്കാൻ കഴിയാത്തത് എപ്പോഴും മറ്റുള്ളവർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും.

നേരത്തെ ജോലി ചെയ്തിരുന്ന ഒരു സ്ഥാപനത്തിൽ ഞാൻ വീണ്ടുമൊരിക്കൽ ഒരു സന്ദർശനം നടത്തി. അവിടവുമായി ബന്ധപ്പെട്ടവരെയെല്ലാം സ്‌നേഹത്തോടെ ഒന്നുകാണുക എന്നതുമാത്രമായിരുന്നു ഉദ്ദേശ്യം. എന്നാൽ, പ്രതീക്ഷയിൽ കവിഞ്ഞ് വളരെ വലിയ ഒരു സ്വീകരണം അവർ ഒരുക്കിയതിൽ ഞാൻ അതിശയിച്ചു. തിരിച്ചു പോകാറായപ്പോഴേക്കും കാര്യം മനസ്സിലായി. ഞാൻ, അവർക്ക് ഫണ്ട് നൽകാൻ കഴിവുള്ള കുറച്ചുകൂടി വലിയ ഒരു ഏജൻസിയിൽ ജോലിക്കായി ഉടനെയെത്തും എന്നൊരു വാർത്ത അവിടെ പരന്നിരുന്നു. ആവേശപൂർവ്വം ഒരേ ആശയങ്ങൾ പങ്കിട്ടവർക്കിടയിലും അവർ പിന്നീട് ഉറപ്പിക്കുന്ന സ്ഥാനങ്ങൾക്കനുസരിച്ച് പെരുമാറ്റ ഭാഷയിൽ വ്യത്യാസങ്ങളുണ്ടാകും. ചിലർ ഫണ്ട് നൽകാൻ ശേഷിയുള്ളവരും, മറ്റു ചിലർ അത് കൃത്യമായി വിന്യസിക്കാൻ പ്രാപ്തിയുള്ളവരും ആയിരിക്കും. അധികാരസ്ഥാനങ്ങൾ കയ്യൊഴിഞ്ഞവർ, അതിരുകളിൽ സ്വാതന്ത്ര്യത്തോടെ കറങ്ങിനടക്കും. സ്ഥാനചലനങ്ങളിലൂടെ ഞാൻ ഒഴുകി നടന്നു.

നേത്രദാനത്തിന് പലരും മടി കാണിച്ചിരുന്നു. മരിച്ച ഉടനെ തന്നെ കണ്ണുകൾ എടുക്കേണ്ടതുണ്ട്. കണ്ണുകൾ എടുത്തുമാറ്റിയാൽ മോക്ഷം കിട്ടില്ലെന്ന് പൊതുവെ, വിശ്വാസമുണ്ടായിരുന്നതിനാൽ ആളുകൾക്ക് പലവിധ സന്ദേഹങ്ങളുണ്ടായിരുന്നു.

ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഞാൻ കുറച്ചുകാലം തിരുവനന്തപുരത്ത് ജോലി ചെയ്തു. ഗവണ്മെൻറ്​ പ്രോഗ്രാം ആയിരുന്നെങ്കിലും അത് സ്വതന്ത്രമായ ഒരു സൊസൈറ്റി ആയാണ് പ്രവർത്തിച്ചത്. കുറഞ്ഞ ശമ്പളമായിരുന്നതുകൊണ്ട് അതേറ്റെടുക്കാൻ അധികമാരും തയാറായിരുന്നില്ല. അന്ധതയുടെ പ്രധാന കാരണമായ തിമിരത്തിന് ഏവർക്കും ശസ്ത്രക്രിയ നൽകാനുള്ള ഏർപ്പാടുകൾ ഏകോപിപ്പിക്കുക, നേത്രദാനത്തിന് ആളുകളെ സജ്ജരാക്കുക എന്നതൊക്കെയായിരുന്നു അതിലെ പ്രധാന പരിപാടികൾ. അന്ധത അനുഭവിക്കുന്ന ആളുകൾ നടത്തുന്ന സംഘടനയും അവർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും, ഗവൺമെൻറ്​ സംവിധാനവും എല്ലാം ചേർന്നായിരുന്നു പരിപാടികൾ നടത്തിയത്.
കമ്യൂണിറ്റി മെഡിസിനിലെ ഡോ. വിജയകുമാർ ജില്ലയിലെ സ്‌കൂൾ അധ്യാപകർക്കെല്ലാം കാഴ്ചക്കുറവുള്ള കുട്ടികളെ കണ്ടെത്താൻ പരിശീലനം നൽകുകയും ധാരാളം കുട്ടികളെ കണ്ടെത്തുകയും ചെയ്തു. അവർക്കെല്ലാം സമിതി കണ്ണട വാങ്ങി നൽകിയത് പുതുമയുള്ളതും പഠിക്കുന്ന കുട്ടികൾക്ക് ഏറ്റവും ആവശ്യമുള്ളതുമായ ഒരു പരിപാടി ആയിരുന്നു. നേത്രദാനത്തിന് പലരും മടി കാണിച്ചിരുന്നു. മരിച്ചയുടൻ കണ്ണുകൾ എടുക്കേണ്ടതുണ്ട്. കണ്ണുകൾ എടുത്തുമാറ്റിയാൽ മോക്ഷം കിട്ടില്ലെന്ന് പൊതുവെ വിശ്വാസമുണ്ടായിരുന്നതിനാൽ ആളുകൾക്ക് പലവിധ സന്ദേഹങ്ങളുണ്ടായിരുന്നു. ശ്രീലങ്കയിലെ ബുദ്ധമതക്കാരിൽ നിന്നായിരുന്നു നമുക്കാവശ്യമായ കണ്ണുകൾ കിട്ടിയിരുന്നത്. ജനങ്ങളുടെ മനോഭാവം മാറ്റുന്നതിന് ഞങ്ങളുടെ സമിതി പ്രവർത്തിച്ചുകൊണ്ടിരുന്നു. അന്ധതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഒരു യുവാവ് കടലാസുകൾ ടൈപ്പ് ചെയ്യാനും മറ്റും എന്നെ സഹായിച്ചു. ചെറിയ ജോലിയാണെങ്കിലും അയാൾക്ക് അത് വലിയ ആശ്വാസമായിരുന്നു. മങ്ങിയ കാഴ്ചയോടെ ജോലി ചെയ്തിരുന്ന അയാൾക്ക് എത്ര കാലം അത് തന്നെ നില നിർത്താനാവുമെന്ന് അറിയുമായിരുന്നില്ല.

ഗവൺമെൻറിന്റെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തനങ്ങൾ കളക്ടർ ഏകോപിപ്പിച്ച് നടത്തുന്ന പരിപാടിയായിരുന്നു അത്. എപ്പോഴും പ്രസന്നവതിയും ഊർജ്വസ്വലയുമായിരുന്ന കളക്ടറായിരുന്നു അരുണ സുന്ദർരാജ്. അവരുടെ സാമീപ്യം ഉന്മേഷവും ഊർജ്ജവും പകരുന്നതായിരുന്നു. ഒരു പൊതുയോഗത്തിൽ വച്ച് സ്വന്തം പ്രവർത്തനങ്ങൾ വിവരിച്ച് ഒരു ഡോക്ടർ വികാരാധീനനാവുകയും കരയുകയും ചെയ്തപ്പോൾ, വികാരാധിക്യങ്ങളില്ലാതെ കർമനിരതയായിരുന്ന അവർ, ഡോക്ടർ എന്തിനാണ് കരയുന്നതെന്ന് അതിശയപ്പെട്ടു. അരുണക്കു പകരം വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു ഐ.എ.എസ്. ഓഫീസർ ചുമതല ഏറ്റതുമുതൽ പ്രോഗ്രാമിന്റെ ചാരുത നഷ്ടപ്പെട്ടതായി എനിക്കുതോന്നി. ഞാൻ അതു വിട്ട് എയ്ഡ്സ് നിയന്ത്രണ പരിപാടിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. ഇങ്ങനെ, എപ്പോഴും ഇഷ്ടമുള്ളതും ആസ്വദിക്കാനാവുന്നതുമായ പ്രവൃത്തികളിൽ മുഴുകാനുള്ള സ്വാതന്ത്ര്യമാണ് ഒരുപക്ഷെ, വഴി മാറി സഞ്ചരിച്ചതിലൂടെ എനിക്ക് ലഭിച്ചത്.

അരുണ സുന്ദരരാജൻ

സമിതിയുടെ ഓഫീസ് ജനറൽ ആശുപത്രിയിൽ തന്നെ ആയിരുന്നതിനാൽ ആത്മഹത്യക്ക് ശ്രമിക്കുന്നവരെ കണ്ട് കൗൺസിലിംഗ്​ നൽകുന്നതിനും അതോടൊപ്പം എനിക്ക് സാധിച്ചു. രാജാക്കന്മാരുടെ കാലത്തെ പഴയ കെട്ടിടങ്ങളും കാമ്പസിലെ മരങ്ങളുമൊക്കെയായി ശാന്തത നൽകുന്ന ജനറൽ ആശുപത്രി അന്തരീക്ഷം എനിക്ക് പ്രിയപ്പെട്ടതായി. ഇപ്പോൾ പുതിയ ധാരാളം കെട്ടിടങ്ങൾ ഉണ്ടാവുകയും അതിന്റെ രൂപമെല്ലാം മാറുകയും ചെയ്തിരിക്കുന്നു. പഴയ സൈക്കോളജിക്കൽ മെഡിസിന്റെ മുറികൾ ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. പഴയ ഓർമകൾ പുതുക്കാനായി ഞാൻ അവിടത്തെ കാന്റീനിൽ പോയി ചായയും പഴംപൊരിയും കഴിക്കാറുണ്ട്.

പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും സ്ഥാനങ്ങളും കയറ്റങ്ങളും പരിശോധിച്ചാൽ കരിയർ പോലെ തന്നെ ആണെന്ന് കാണാം. അതിൽ തന്നെ ജീവിതം ബലി കൊടുക്കേണ്ടി വരുന്നരുമുണ്ട്. സ്വസ്ഥമായ ഇടങ്ങളിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ വേറൊരു വിഭാഗമാണ്. പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടവർ സംസാരിച്ചു തുടങ്ങുമ്പോഴും അതൊരു പ്രസ്ഥാനമായി വളരുമ്പോഴും അത് രാഷ്ട്രീയപ്രവർത്തനമായി കണക്കാക്കാൻ ഔദ്യോഗികമായ പാർട്ടികൾക്ക് വിമുഖതയാണ് കണ്ടിട്ടുള്ളത്. വ്യക്തിപരമായി പിന്തുണക്കുന്ന പലരും ഉണ്ടായിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയസിദ്ധാന്തപരമായി ഉൾക്കൊള്ളാൻ വൈമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും അതോടൊപ്പം ഫെമിനിസ്റ്റുകളിൽ ഒരു വിഭാഗവും ഉണ്ടായിരുന്നു.

വൈകാരികതയേയും വിവേചനബുദ്ധിയെയും വേർതിരിച്ചു കണ്ടിരുന്ന ശാസ്ത്രങ്ങളുടെയും, സാമ്പത്തികാടിത്തറയെയും മൂല്യങ്ങളുടെ ഉപരിഘടനയെയും വേർതിരിച്ചു കണ്ട മാർക്‌സിസത്തിന്റെയും ഒക്കെ സ്വാധീനം ഫെമിനിസത്തിലും കടന്നുകൂടിയിട്ടുണ്ട്.

സ്വകാര്യ/പൊതു ഇടം എന്ന ദ്വന്ദ്വത്തിനിടയിലെ മതിൽ ഇടിച്ചു കളയുകയും സ്വകാര്യ ഇടത്തിലേക്ക് രാഷ്ട്രീയത്തെ കടത്തുകയും ചെയ്തത് ഫെമിനിസ്റ്റുകളാണ്. എന്നാൽ സ്ത്രീപുരുഷ പ്രണയത്തിലെ കാൽപനികവൽക്കരണത്തെയും ഒരു പരിധിക്കപ്പുറം കുടുംബ മൂല്യങ്ങളെയും ഉടച്ചുവാർക്കാൻ ഫെമിനിസത്തിനും കഴിയാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. വൈകാരികതയേയും വിവേചനബുദ്ധിയെയും വേർതിരിച്ചു കണ്ടിരുന്ന ശാസ്ത്രങ്ങളുടെയും, സാമ്പത്തികാടിത്തറയെയും മൂല്യങ്ങളുടെ ഉപരിഘടനയെയും വേർതിരിച്ചു കണ്ട മാർക്‌സിസത്തിന്റെയും ഒക്കെ സ്വാധീനം ഫെമിനിസത്തിലും കടന്നുകൂടിയിട്ടുണ്ട്. വൈകാരികതയും വിവേചനബുദ്ധിയും മൂല്യബോധവുമെല്ലാം വേർതിരിക്കാനാവാത്ത വിധം ഇഴുകി ചേർന്നാണുള്ളതെന്ന് ഇപ്പോൾ സയൻസ് മനസ്സിലാക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഇതിലെല്ലാമുള്ള ഏറ്റക്കുറച്ചിലുകളെയും സ്ത്രീപുരുഷദ്വന്ദ്വത്തെ തന്നെയും ഇപ്പോൾ പഴയ പോലെ അംഗീകരിക്കുന്നില്ല. സാമ്പ്രദായികമായ കുടുംബത്തിനകത്തും പുറത്തുമായി വേർതിരിക്കപ്പെട്ട ധർമങ്ങളെയും, അതുകൊണ്ടുതന്നെ അഴിച്ചു പണിയേണ്ടതുണ്ട്.

കൃത്യമായി കണക്കുപറഞ്ഞ് കച്ചവടം പോലെ നടത്തുന്ന വിവാഹങ്ങളേക്കാൾ കച്ചവടത്തിന്റെ പേരുപറഞ്ഞ് എതിർക്കപ്പെടുന്നത് ലൈംഗികതൊഴിലാണ്. സ്ത്രീശരീരത്തെ വസ്തുവൽക്കരിക്കുന്നു എന്ന പേരിലാണ് ഫെമിനിസ്റ്റുകൾ ലൈംഗികതൊഴിലിനെ പ്രധാനമായും എതിർക്കുന്നത്. ഇതേ വസ്തുവൽക്കരണം നടക്കുന്ന കുടുംബത്തിനുള്ളിൽ, പ്രണയബദ്ധരായവർ ഏർപ്പെടുകയാണെങ്കിൽ, അതിലെ ചൂഷണം കാണാതെ പോകുന്നത് സ്ത്രീപുരുഷ പ്രണയം ഉദാത്തവൽക്കരിക്കപ്പെട്ടതു മൂലമാണ്. കുടുംബത്തിനുള്ളിലെ സ്ത്രീയുടെ അദ്ധ്വാനവും സേവനവും കാണാതെ പോയിട്ടുണ്ട്.

രണ്ടുപേർ തമ്മിലുള്ള ഊഷ്മളവികാരങ്ങൾ പങ്കുവക്കപ്പെടുന്നതിലൂടെയാണ്, അതിന്റെ നിർവ്വഹണത്തിലൂടെയാണ് അതിന് ആ അർത്ഥമുണ്ടാകുന്നത്. അത് മുൻകൂട്ടി നിർദ്ദേശിച്ച് ഏൽപ്പിക്കുന്നതുവഴി ഉണ്ടാകണമെന്നില്ല. മറ്റുള്ളവർക്ക് അസ്വസ്ഥതയും ജോലികൾക്ക് തടസവും ഉണ്ടാകാത്ത തരത്തിൽ അത് കുടുംബത്തിനുപുറത്തും കൈമാറ്റം ചെയ്യപ്പെടാവുന്നതാണ്. അതേപോലെ കുടുംബത്തിനുള്ളിൽ നടക്കുന്ന പലവിധ ധർമങ്ങൾ, അതിൽ ഏർപ്പെട്ടിരിക്കുന്നവരുടെ താൽപര്യ പ്രകാരം വ്യത്യസ്തമാകാം. സ്ഥലം പങ്കുവക്കലോ, ഒരുമിച്ചുള്ള നിക്ഷേപങ്ങളോ, ലൈംഗികതയോ, വൈകാരിക ബന്ധങ്ങളോ, കുഞ്ഞുങ്ങളെ വളർത്തലോ, ഇവയുടെ വ്യത്യസ്ത ചേരുവകളോ ഒക്കെയാകാം. ഇത്തരത്തിലുള്ള മനസ്സിലാക്കലിലൂടെ ബന്ധങ്ങളിൽ ഏർപ്പെടാൻ കഴിയുമ്പോഴേ സ്വകാര്യ/പൊതു ദ്വന്ദ്വങ്ങളെ മറി കടക്കാൻ കഴിയൂ.

ലൈംഗികതൊഴിലാളികൾ ഉയർത്തിയ പ്രശ്‌നം അവർക്ക് നിലനിൽപിന്റേതാണെങ്കിലും, ഫെമിനിസ്റ്റുകൾ ആദ്യം മുന്നോട്ടു വച്ച ‘വ്യക്തിപരമായത് രാഷ്ട്രീയവുമാണ്' എന്ന ഉൾക്കാഴ്ചയെ വിശാലപ്പെടുത്താൻ അത് സഹായിക്കുന്നതാണ്.

കുടുംബങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവർ സംസാരിച്ചു തുടങ്ങുമ്പോൾ, അത് കേട്ടുതുടങ്ങുമ്പോഴാണ് അത്തരം ഒരു രാഷ്ട്രീയ പരിവർത്തനത്തിലേക്ക് നമ്മൾ സംക്രമിക്കുന്നത്. വിവാഹബന്ധങ്ങളെയും ലൈംഗിക ബന്ധങ്ങളെയും ഒരു ലൈംഗിക തൊഴിലാളിയുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു തിരിച്ചറിവാണ് നമുക്കുണ്ടാവുക. പലരും കരുതുന്നതുപോലെ പണവിനിമയം നടക്കുന്ന ലൈംഗികത ഒരു യാന്ത്രികമായ ശാരീരിക പ്രയോഗം മാത്രമല്ല. അതിൽ പല മാനസിക പ്രക്രിയകളും ഭാഗമാണ്. പണം കൊടുത്തു വാങ്ങുന്ന പുസ്തകവും സിനിമയും ആസ്വദിക്കുന്നിടത്ത് ഈ പ്രശ്‌നങ്ങളൊന്നുമില്ല. മസാജ് ചെയ്യുമ്പോഴും നൃത്തം കണ്ട് രസിക്കുമ്പോഴുമില്ല. നളിനി ജമീല ആത്മകഥയിൽ എഴുതുന്നു; ‘‘സ്‌നേഹം, പരിചരണം, ആശ്വസിപ്പിക്കൽ തുടങ്ങിയവ ശാരീരികമാണോ മാനസികമാണോ എന്നാലോചിച്ച് നമ്മൾ ബുദ്ധിമുട്ടുന്നത് പാഴ്‌വേലയാണ്. ലൈംഗികതയിൽ ശാരീരികത ഇത്ര കിലോ, മാനസികം ഇത്ര കിലോ, സമൂഹം അംഗീകരിക്കേണ്ടത് ഇത്ര കിലോ എന്നൊക്കെ കണക്കു കൂട്ടി തല പുകക്കുന്നവരുടെ കാര്യം കഷ്ടമാണ്.’’
മിക്ക ലൈംഗിക തൊഴിലാളികൾക്കും ഭാര്യമാരായിരുന്ന അനുഭവവുമുണ്ട്. നളിനി തന്നെ മറ്റൊരിടത്ത് പറയുന്നു; ‘‘ഭാര്യയായിരിക്കുന്നവർ പുരുഷന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുന്നു. അവരുടെ വസ്ത്രം അലക്കി കൊടുക്കുന്നു. ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നു. ലൈംഗികസേവനവും നൽകുന്നു. അയാൾ നൽകുന്നതെന്തോ അതു ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ ഭാര്യമാർക്ക് ബാദ്ധ്യതയുണ്ട്. ഞങ്ങൾ ഇതിൽ അവസാനത്തേത് മാത്രം ചെയ്യുകയും അതിന് വേതനം വില പേശി വാങ്ങുകയും ചെയ്യുന്നു.''

നളിനി ജമീല / Photo: Facebook Page

ഇതിൽ ഏത് നല്ല മാതൃക എന്നുള്ളതല്ല, വേറൊരു കാഴ്ചയിലൂടെ നമുക്ക് കുടുംബത്തെ കാണാനുള്ള ഒരു ലെൻസ് ലഭിക്കുകയാണ്. കുടുംബത്തിനകത്തും പുറത്തും എന്ന തരത്തിൽ വേർതിരിച്ച് ഉറപ്പിച്ചിരിക്കുന്ന ധർമങ്ങളെല്ലാം ആദ്യം പൊളിച്ചെടുത്ത് വീണ്ടും അടുക്കേണ്ടതുണ്ട്. ലൈംഗികതൊഴിലാളികൾ ഉയർത്തിയ പ്രശ്‌നം അവർക്ക് നിലനിൽപ്പിന്റേതാണെങ്കിലും, ഫെമിനിസ്റ്റുകൾ ആദ്യം മുന്നോട്ടു വച്ച "വ്യക്തിപരമായത് രാഷ്ട്രീയവുമാണ്' എന്ന ഉൾക്കാഴ്ചയെ വിശാലപ്പെടുത്താൻ അത് സഹായിക്കുന്നതാണ്.

തിരസ്‌കൃതരായ സ്ത്രീകളുടെ ശബ്ദം, എല്ലാ സ്ത്രീകളുടെയും മനുഷ്യരുടെ മൊത്തമായുമുള്ള വിമോചനത്തിനുള്ള ആഹ്വാനം കൂടിയാകുന്നു. മുൻകൂട്ടി നിശ്ചയിച്ച, ഉറച്ച സൈദ്ധാന്തിക നിലപാടിനേക്കാൾ അത് നൈതിക രാഷ്ട്രീയത്തിന്റെ വിസ്​തൃത സാദ്ധ്യതകളിലേക്കാണ് ദിശ തെളിക്കുന്നത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ പല ചോദ്യങ്ങളും വിവാദങ്ങളും, പുതിയ ചിന്തകളും അക്കാലത്ത് ഉയർന്നുവന്നു. അതിനിടയിലൂടെ ഞാനുൾപ്പെടെ പലരും അകവും പുറവും തിരിക്കാതെ ഒഴുകി നടന്നു. ചില സംഘടനകളിൽ അകത്താണോ പുറത്താണോ എന്ന് നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥയും വന്നുചേർന്നു. എങ്കിലും യുവ ഫെമിനിസ്റ്റുകൾക്ക് ഇത് മനസ്സിലാക്കുന്നതിലും, യോജിച്ച് പോകുന്നതിലും പ്രയാസമുണ്ടായില്ല.

ഒരു ദിവസം ഗർഭിണിയായ ഒരു യുവതി, അബോർഷൻ ചെയ്യാൻ സഹായിക്കണമെന്ന് പറഞ്ഞുവന്നു. അതിനു ശേഷം വിവാഹ മോചനം നടത്താനും കാമുകിയുമായി ഒരുമിച്ച് താമസിക്കാനും അവർ പ്ലാൻ ചെയ്തിരുന്നു.

ഇതിനിടെ കാനഡയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ദീപ, ലെസ്ബിയൻ സ്ത്രീകൾക്ക് കേരളത്തിൽ ഒരു കൂട്ടായ്മ ആവശ്യമാണെന്ന് പറഞ്ഞ് ഞങ്ങളെ സമീപിച്ചു. പലവിധ പ്രശ്‌നങ്ങൾ പറഞ്ഞ് എന്റെ അടുത്തുവന്ന യുവതികളെയൊക്കെ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. പലരും വിവാഹിതരും വിവാഹമോചിതരാകാൻ കൊതിക്കുന്നവരുമായിരുന്നു. സാമൂഹ്യസമ്മർദ്ദം മൂലം ഭർത്താവിനോടൊപ്പം താമസിക്കുന്നു എങ്കിലും അവർക്ക് പ്രണയിനിമാരുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ആ ബന്ധങ്ങളൊക്കെ നില നിർത്തിയിരുന്നത്. ഒരു ദിവസം ഗർഭിണിയായ ഒരു യുവതി, അബോർഷൻ ചെയ്യാൻ സഹായിക്കണമെന്ന് പറഞ്ഞുവന്നു. അതിനു ശേഷം വിവാഹ മോചനം നടത്താനും കാമുകിയുമായി ഒരുമിച്ച് താമസിക്കാനും അവർ പ്ലാൻ ചെയ്തിരുന്നു. ഞാൻ തന്നെ അവരെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൂട്ടിക്കൊണ്ടു പോയി ഒരു വിധത്തിൽ സമ്മതിപ്പിച്ചു. ഭർത്താവ് കൂടെ വന്നിട്ടില്ലാത്തതിനാൽ ഒരുപാട് വാദങ്ങൾക്ക് ശേഷമാണ് എന്റെ സുഹൃത്തു കൂടിയായ വനിതാ ഡോക്ടർ ഒരു ഡേറ്റ് തന്നത്. അവരോട് സ്വവർഗ്ഗപ്രേമത്തെ കുറിച്ച് ഞങ്ങൾ പറഞ്ഞതുമില്ല.

വൈകുന്നേരമായപ്പോൾ ആ യുവതി എന്നെ ഫോണിൽ വിളിച്ചു. ഞങ്ങൾ ഇറങ്ങിയതിനു തൊട്ടുപിന്നാലെ, ആരും അറിയാതെ പിന്തുടർന്നുവന്ന അവരുടെ ഭർത്താവ് ഡോക്ടറെ ചെന്ന് കണ്ടുവത്രേ. അതിനു ശേഷം എന്തൊക്കെ നടന്നു കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കുടുംബം കലക്കുന്ന ഫെമിനിസ്റ്റുകൾ, വഴിപിഴച്ച പെണ്ണുങ്ങൾ ഇവരുടെയൊക്കെ കൂട്ടത്തിൽപ്പെടുത്തി എന്നെ മനസ്സിലാക്കിയിരുന്നവർക്ക് ഇതും മറ്റൊരു സാമൂഹ്യവിരുദ്ധ പ്രവർത്തനമായി തോന്നിയിരിക്കാം. ക്വിയർ രാഷ്ട്രീയത്തെ പറ്റി വലിയ ധാരണയൊന്നും അന്നില്ലാതിരുന്നെങ്കിലും ഈ സ്ത്രീകൾ തമ്മിലുള്ള സ്‌നേഹത്തിന്റെ നേരും നെറിയും തിരിച്ചറിയാൻ കഴിഞ്ഞു. നിർവ്യാജമായ അവരുടെ വെളിപ്പെടുത്തലുകൾ ഒരു സഹജീവി എന്ന നിലയിലുണ്ടാക്കിയ അനുതാപം മാത്രമാണ്, പരാജയപ്പെട്ട ആ സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. സ്ത്രീശരീരത്തിന്റെ കാമനകൾ ആഘോഷിക്കാൻ അനുവദിക്കാതെ സാമൂഹ്യനിയന്ത്രണത്തിലൂടെ, അതിന്റെ ആഹ്‌ളാദങ്ങൾ ചോർത്തിക്കളയുകയാണ്.

ദീപ എത്തിയതിനുശേഷം ഞങ്ങൾ സഹയാത്രിക എന്ന പേരിൽ ലെസ്ബിയൻ സ്ത്രീകൾക്കായി ഒരു സപ്പോർട്ട് ഗ്രൂപ്പ് തുടങ്ങി. ധാരാളം സ്ത്രീകൾ ഞങ്ങളുമായി ബന്ധപ്പെട്ടു. രണ്ട് സ്ത്രീകൾ ചേർന്ന് തുടങ്ങുന്ന കുടുംബവും ട്രാൻസ്‌ജെന്റർ വ്യക്തികളുടെ കുടുംബവുമെല്ലാം നിലവിലുള്ള മാതൃകകൾക്ക് പുറത്താണല്ലോ. ക്വിയർ പ്രസ്ഥാനം ഉയർത്തുന്ന ചോദ്യങ്ങളും പഴയ സങ്കൽപ്പങ്ങളെ ഉടച്ച് വാർക്കാൻ ആവശ്യപ്പെടുന്നുണ്ട്.

ആ കാലഘട്ടത്തിലാണ് സെക്രട്ടേറിയറ്റിനുമുന്നിൽ ആദിവാസികളുടെ കുടിൽകെട്ടിയുള്ള സമരം നടന്നത്. അതിരുകളിൽ നിന്നും പൊതു സമൂഹത്തിലേക്ക് ദൃശ്യരായി കൊണ്ടുള്ള ആ സമരം സാധാരണ സെക്രട്ടേറിയറ്റിനു മുന്നിൽ കാണുന്ന സമരക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഊരുകളിൽ നിന്ന് കുട്ടികളും ഗർഭിണികളും വൃദ്ധരും അടങ്ങുന്ന സംഘങ്ങൾ വന്നുചേർന്നുകൊണ്ടിരുന്നു. കുടുംബങ്ങൾ ഒന്നടങ്കം അതിർത്തി ഭേദിച്ച് ഭൗതികമായി തന്നെ പൊതുസ്ഥലത്തേക്കൊഴുകി. വ്യത്യസ്തമായ ഈ സമരത്തെ എങ്ങനെ നേരിടണമെന്നതിൽ ഭരണാധികാരികൾക്ക് പുതിയ ആലോചനകൾ വേണ്ടി വന്നു. നിയമപ്രകാരമുള്ള ഭൂമിയും മറ്റു വിഭവങ്ങളും അവരുടെ കയ്യിൽ നിന്ന് ചോർന്നുപോകുന്നു എന്ന് തിരിച്ചറിഞ്ഞവരാണ് സമരം ചെയ്യാനൊരുങ്ങിയത്. മുൻധാരണകളോടെ പൊതുസമൂഹം ആദ്യമൊക്കെ അടക്കിപ്പിടിച്ച വർത്തമാനങ്ങൾ അവർക്കെതിരെ നടത്തിയിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ പൊതുബോധത്തിൽ പുതിയ ഭാവുകത്വം ഉണർത്താൻ അവരുടെ ഈ സമരത്തിന് കഴിഞ്ഞു. പല സുഹൃത്തുക്കളും പിൻതുണ നൽകി അവരോടൊപ്പം ചേർന്നു. നാടൻപാട്ടും നൃത്തവുമൊക്കെ സമരത്തിന്റെ ഭാഗമായി. ആനന്ദത്തോടൊപ്പം ആകുലതകളും നടമാടി. ഇടക്കിടെ പലരും രോഗങ്ങൾ മൂലം തളർന്നു. പ്രാഥമികാവശ്യങ്ങൾക്കൊക്കെ പ്രയാസപ്പെട്ടു. ഭരണകൂടം ഇടക്കിടെ അവരുമായി ചർച്ച നടത്തുകയും അതോടൊപ്പം പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമർത്തലിന് ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. സമയമുള്ളപ്പോഴൊക്കെ അവർക്കാവശ്യമായ പരിശോധനകളും ചികിത്സ നിർദ്ദേശങ്ങളും ഞാൻ നൽകി. പൊതുസ്ഥലങ്ങളിലെ ഇടപെടലുകൾക്ക് കൂടുതൽ സമയം വേണ്ടി വന്നപ്പോൾ പതിയെ എന്റെ സ്വകാര്യ ക്ലിനിക് നിർത്തിവച്ചു.

ഞങ്ങളുടെ സമ്മേളനങ്ങളിലെല്ലാം നൃത്തവും സംഗീതവും സ്വാഭാവികമായും സംഭവിക്കുമായിരുന്നു. സമരങ്ങളിലെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും ഉദാത്തവൽക്കരിക്കുന്നത് രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് ചിലപ്പോഴെങ്കിലും തടസ്സമാവുകയും ചെയ്യുന്നുണ്ട്.

ലൈംഗികതൊഴിലാളികളുടെ നേർക്കുള്ള മനുഷ്യാവകാശലംഘനങ്ങളും അതിനോടുള്ള അവരുടെ പ്രതിരോധവും ഒപ്പത്തിനൊപ്പം തുടർന്നുകൊണ്ടിരുന്നു. സമാനമായി ചിന്തിക്കുന്ന വിവിധ സ്റ്റേറ്റുകളിലെ സംഘടനകൾ അവസരമുണ്ടായപ്പോഴൊക്കെ ഒത്തുചേർന്നു. ഇന്ത്യയിൽ ലൈംഗികതൊഴിൽ നിയമപരമായി നിരോധിച്ചിട്ടില്ല. എന്നാൽ, അത് മിക്കപ്പോഴും ബന്ധിതവും നിർബ്ബന്ധിതവുമായ തൊഴിലടിമത്ത (Trafficking) വുമായി കൂട്ടിക്കുഴച്ചാണ് മനസ്സിലാക്കുന്നത്. സാധാരണക്കാർ മുതൽ ജഡ്ജിമാർ വരെ ഈ ചിന്താക്കുഴപ്പത്തിൽ വീണുകിടക്കുകയാണ്. സ്ത്രീകളുടെ ലൈംഗികസദാചാരത്തിലൂന്നിയ മൂല്യങ്ങൾ ഉറച്ചുപോയതിന് കാരണമാണിത്. ട്രാഫിക്കിംഗ് എല്ലാവരും ഒരേപോലെ എതിർക്കുന്ന കാര്യമാണെങ്കിലും, അതിനെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ സ്വന്തം തീരുമാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും എപ്പോഴും ഇരകളായി ചിത്രീകരിച്ചു. ഇത് ഒരു വിഭാഗം മനുഷ്യരുടെ കർതൃത്വത്തെയും അസ്തിത്വത്തെ തന്നെയും നിഷേധിക്കുകയാണെന്ന യാഥാർഥ്യം അവർക്ക് കാണാൻ കഴിഞ്ഞില്ല. ഇതിനെതിരെ നിരന്തരം ആശയപരമായ പോരാട്ടം നടത്തേണ്ടിയിരുന്നു.

2003ലെ അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം തിരുവനന്തപുരത്ത് ആഘോഷിക്കാൻ തീരുമാനിച്ചു. മറ്റു സംഘടനകളെല്ലാം സന്തോഷത്തോടെ അതിനുള്ള ആഹ്വാനം സ്വീകരിച്ചു. അതിനെ ആഹ്ലാദോത്സവമായാണ് (Festival of Pleasure) സങ്കൽപ്പിച്ചത്. അതിന് പല കാരണങ്ങളുണ്ടായിരുന്നു. ആഹ്ലാദം കുറ്റകരമാണെന്ന ഒരു മതാത്മകബോധം ഈ തൊഴിലിനെ എതിർക്കുന്നതിനുപിന്നിൽ അബോധമായി പ്രവർത്തിക്കുന്നതിനെ നേരിടേണ്ടതുണ്ട്. ആഹ്ലാദങ്ങൾക്കും ഉത്സവങ്ങൾക്കും മേലുള്ള സാമൂഹ്യ നിയന്ത്രണം ആര്, എപ്പോൾ, എവിടെ അത് ചെയ്യണം എന്നതിനെല്ലാം ക്രമങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയെ കീഴ്‌മേൽ മറിക്കേണ്ടത് സാധാരണ മനുഷ്യരുടെ സന്തോഷത്തിനാവശ്യമാണ്. ഏതു ദുരിതം അനുഭവിക്കുന്നവരും അവസരം കിട്ടുമ്പോൾ ആഹ്‌ളാദ പ്രവൃത്തികളിലേക്ക് പോകുമെന്നത് മനുഷ്യസഹജമായ ഒരു യാഥാർഥ്യവുമാണ്. ഞങ്ങളുടെ സമ്മേളനങ്ങളിലെല്ലാം നൃത്തവും സംഗീതവും സ്വാഭാവികമായും സംഭവിക്കുമായിരുന്നു. സമരങ്ങളിലെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും ഉദാത്തവൽക്കരിക്കുന്നത് രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് ചിലപ്പോഴെങ്കിലും തടസ്സമാവുകയും ചെയ്യുന്നുണ്ട്.

പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായി പ്രവർത്തിക്കുന്ന വ്യക്തികളേയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള വിപുലമായ പരിപാടികളാണ് ആലോചിച്ചത്. ഞങ്ങൾ നടത്തിയിരുന്ന മിക്ക പരിപാടികൾക്കും മുൻകൂട്ടി ഫണ്ട് സ്വരൂപിക്കുമായിരുന്നില്ല. ഫണ്ടിനുവേണ്ടി പോയാൽ രണ്ട് പ്രശ്‌നങ്ങളുണ്ടാകും. ഒന്ന്, നമുക്കാവശ്യമായ സമയത്തായിരിക്കില്ല അത് കിട്ടുന്നത്. രണ്ട്, ഫണ്ട് തരുന്നവർ ചില ഉപാധികൾ മുന്നോട്ടുവക്കും. തികച്ചും രാഷ്ട്രീയമായ, വ്യവസ്ഥയെ ചെറുതായെങ്കിലും അലോസരപ്പെടുത്തുന്ന പരിപാടികൾക്കായി ഫണ്ട് ചോദിക്കുന്നതിൽ തന്നെ വലിയ അർത്ഥമില്ല. ഇതിൽ പങ്കെടുക്കുന്നവർ തന്നെ ചെലവ് നിർവ്വഹിക്കുന്ന രീതിയാണ് സാധാരണ സ്വീകരിക്കുന്നത്. അതിന്റെ ഒരു പ്രശ്‌നം എന്താണെന്ന് വച്ചാൽ, പരിപാടി വിജയിക്കുമെന്നതിനു യാതൊരു ഉറപ്പുമുണ്ടാവില്ല. എന്നാൽ, ഞങ്ങളെ അദ്ഭുതപ്പെടുത്തി വലിയ ആവേശവും പങ്കാളിത്തവും ഇതിലുണ്ടായി. ഒരു കടബാധ്യതയുമുണ്ടായില്ല.

അനേകം പ്രതിസന്ധികളെ തരണം ചെയ്ത് ആർജ്ജിച്ചെടുത്ത കരുത്ത് ആ മുപ്പതു വയസ്സുകാരിയുടെ വെറ്റ മുറുക്കി ചുവപ്പിച്ച ചുണ്ടുകളിലൂടെ പുറത്തേക്കൊഴുകി കേൾവിക്കാരുടെ മനസ്സിൽ പതിഞ്ഞു.

എന്നാൽ പരിപാടി തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ആഹ്ലാദം കെടുത്തുന്ന ഒരു സംഭവമുണ്ടായി. മുത്തങ്ങയിലെ ഭൂമിയിൽ കുടിൽ കെട്ടിയ ആദിവാസികൾക്കുനേരെയുണ്ടായ വെടിവെപ്പും, മരണങ്ങളും നേതാക്കൾക്കേൽക്കേണ്ടി വന്ന ക്രൂരമർദ്ദനങ്ങളും ഒക്കെയായിരുന്നു അത്. രാഷ്ട്രീയ സമരങ്ങളെ അടിച്ചൊതുക്കുന്ന ഭരണകൂടത്തോട് എതിർപ്പ് പ്രകടിപ്പിക്കേണ്ട സന്ദർഭം കൂടിയായി അതുമാറി. ഉത്സവത്തിന്റെ ആഹ്ലാദം ശരിക്കും ചോർന്നുപോയി. ബ്രോഷറുകളും പോസ്റ്ററുകളും എല്ലാം തയാറാക്കിയിരുന്നു. അതിലെല്ലാം ഫെസ്റ്റിവൽ വിത്ത് നോ പ്ലഷർ (Festival with no pleasure) എന്ന് തിരുത്ത് വരുത്തി. മാർച്ച് 1,2,3 തീയതികളിലായി വി.ജെ.ടി ഹാളിലായിരുന്നു പരിപാടി. ഒരേസമയം അവിടെ ആഘോഷ പരിപാടികളും, കുമാരസ്വാമി ഹാളിൽ ചർച്ചകളും നടന്നു. ആഘോഷങ്ങൾ വിവിധ സ്റ്റേറ്റുകളിൽ നിന്ന് വന്നവരും ഇവിടെ ജോലി ചെയ്യുന്നവരുമായ സെക്‌സ് വർക്കർമാരുടെതായിരുന്നു. ഇടക്കൊക്കെ ഐക്യദാർഢ്യത്തോടെ മറ്റുള്ളവരും അവരുടെ കൂടെ ചേർന്നു. രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി സംഗീതവും കൊൽക്കത്തയിൽ നിന്നെത്തിയവരുടെ ബാവുൾ സംഗീതവും, കോമൾ ഗാന്ധാറിന്റെ നൃത്തപരിപാടികളും ബംഗാളി നാടകവും, ജയപ്രകാശിന്റെ ഗസലും ധാരാളം പേരെ വേദിയിലേക്കാകർഷിച്ചു. രാത്രി വൈകും വരെ പുറത്തുനിന്നുള്ളവരും പ്രതിനിധികളോടൊപ്പം ചുവടുവച്ച് ഇടയിലുള്ള സാംസ്‌കാരികമതിൽ ഇടിച്ചിളക്കി. പോസ്റ്ററുകളുടെയും ചിത്രങ്ങളുടെയും എക്‌സിബിഷനും നടന്നു.

സക്കറിയ, കെ.പി.കുമാരൻ, മുരളി, ബി.ആർ.പി. ഭാസ്‌കർ.

അടൂർ ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികരംഗത്തെ പ്രമുഖർ ഇടക്കിടെ വന്നുകൊണ്ടുമിരുന്നു. ലോയേഴ്‌സ് കളക്റ്റീവിൽ നിന്ന് ആനന്ദ് ഗ്രോവർ, യു.എൻ.ഡി.പി. പ്രതിനിധികൾ, തുടങ്ങി പല നേതാക്കളും മറ്റു സ്റ്റേറ്റുകളിൽ നിന്നെത്തിയിരുന്നു. മനുഷ്യാവകാശ കമീഷൻ ചെയർമാനായിരുന്ന ബലറാം, സക്കറിയ, ബി.ആർ.പി. ഭാസ്‌കർ, കെ.പി.കുമാരൻ, നടൻ മുരളി, തുടങ്ങി പല സാംസ്‌കാരിക പ്രവർത്തകരും അതിൽ പങ്കുചേർന്നു. പൊതുസമ്മേളനത്തിൽ കൊൽക്കത്തയിൽ നിന്നുവന്ന ‘ദുർബാർ' സെക്രട്ടറി അങ്കുരാ ബീഗത്തിന്റെ ആവേശകരമായ പ്രസംഗം എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. കൃത്യമായ കാഴ്ചപ്പാടും അവകാശബോധവും വ്യവസ്ഥയെ ഉലയ്ക്കാൻ പോന്ന ചോദ്യങ്ങളും അവരുടെ വാക്കുകളിൽ പ്രതിഫലിച്ചു. അനേകം പ്രതിസന്ധികളെ തരണം ചെയ്ത് ആർജ്ജിച്ചെടുത്ത കരുത്ത് ആ മുപ്പതു വയസ്സുകാരിയുടെ വെറ്റ മുറുക്കി ചുവപ്പിച്ച ചുണ്ടുകളിലൂടെ പുറത്തേക്കൊഴുകി കേൾവിക്കാരുടെ മനസ്സിൽ പതിഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുവന്ന ഷബ്നവും, ആന്ധ്രയിലെ സത്യവതിയും, കർണ്ണാടകത്തിലെ ലീലയും, ഇവിടുത്തെ ലളിതയുമെല്ലാം ഒരേ സ്വരത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടത് നഷ്ടപ്പെട്ട നീതിയാണ്. ചർച്ചക്കുള്ള വിഷയങ്ങളിൽ പുനരധിവാസം, അക്രമവും നിയമവും, എയ്ഡ്സ് രോഗ നിയന്ത്രണം, ട്രാഫിക്കിംഗ് ലൈംഗികവൈവിദ്ധ്യങ്ങൾ എന്നിവയൊക്കയാണുണ്ടായിരുന്നത്.

പുനരധിവാസമെന്നത് ഒരു കെട്ടിടത്തിൽ കൊണ്ടുപോയി തടവിലിടുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള ചേർത്തുപിടിക്കലാണെന്ന കാഴ്ചപ്പാടാണ് ഉയർന്നത്. പോലീസിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുണ്ടാകുന്ന ശാരീരികമായ അക്രമം, കുഞ്ഞുങ്ങളോടോപ്പം നടക്കാൻ പോകുമ്പോഴും ഭക്ഷണം കഴിക്കാൻ പോകുമ്പോഴും ഒക്കെ നടക്കുന്ന വിവേചന രഹിതമായ അറസ്റ്റുകൾ തുടങ്ങി അനവധി അനുഭവങ്ങൾ പ്രഭാഷകർ നിരത്തിവെച്ചു. ഇന്ത്യയിലെ നഗരങ്ങളിലും പലപ്പോഴും ഉണ്ടാകാറുള്ളതുപോലെയുള്ള കുടിയൊഴിപ്പിക്കലുകളെ കുറിച്ചാണ് ബംഗ്‌ളാദേശുകാരികൾ പ്രധാനമായും പറഞ്ഞത്. ഇവക്കെല്ലാം പരിഹാരമായി സെക്‌സ് വർക്ക് നിയമമുക്തമാക്കുമാകയാണോ പുതിയ നിയമങ്ങൾ കൊണ്ടുവരികയാണോ വേണ്ടത് എന്നതിൽ നിയമജ്ഞർ കൂടി പങ്കെടുത്തു കൊണ്ടുള്ള ചർച്ചകളാണ് നടന്നത്. ലേബർ നിയമങ്ങളെ കുറിച്ചുള്ള ചർച്ചകളും അമേരിക്കയിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന പ്രഭ കോടീശ്വരന്റെ നേതൃത്വത്തിൽ നടന്നു. ആഹ്‌ളാദം ഇടക്ക് ചോർന്നു പോയെങ്കിലും, വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആവർത്തിച്ചു പറഞ്ഞുകാണ്ടിരിക്കുന്നത് കുത്തിനോവിച്ചുവെങ്കിലും അതൊരു ഉത്സവമായിരുന്നു. മനസ്സുകളും ശരീരങ്ങളും ഒന്നുചേർന്ന ഉത്സവം.

തൊഴിൽ നിർത്തിയെങ്കിലും, കോൺഫറൻസുകൾക്കും മറ്റുമായി ഏതെങ്കിലും പുതിയ രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ പുരുഷന്മാരുടെ രീതികൾ അറിയാനായി സെക്‌സ് വർക്ക് ചെയ്യാറുണ്ട് എന്നാണ് ഇംഗ്ലണ്ടിൽ നിന്ന് പങ്കെടുത്ത സെക്‌സ് വർക്കർ ആയിരുന്ന ജോ ഡൊസേമ പറഞ്ഞത്​

ഇംഗ്ലണ്ടിൽ നിന്ന് പങ്കെടുത്ത സെക്‌സ് വർക്കർ ആയിരുന്ന ജോ ഡൊസേമ വെള്ളക്കാരിയായതിനാൽ കൂടുതൽ ശ്രദ്ധ നേടി. അവർ ഇതേ വിഷയത്തിൽ തന്നെ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. അവരെ പോലെ, പഠിച്ചതിനുശേഷം കരിയർ മാറിയ മറ്റൊരു യുവതിയെ തായ്​ലാൻറിൽ വച്ച് പരിചയപ്പെട്ടു. അവർ പറഞ്ഞത് തൊഴിൽ നിർത്തിയെങ്കിലും, കോൺഫറൻസുകൾക്കും മറ്റുമായി ഏതെങ്കിലും പുതിയ രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ പുരുഷന്മാരുടെ രീതികൾ അറിയാനായി സെക്‌സ് വർക്ക് ചെയ്യാറുണ്ട് എന്നാണ്. റിസ്‌ക് നല്ലതു പോലെയുള്ള ഒരു തൊഴിൽ മേഖലയാണിതെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഇതിൽ അതിജീവിക്കുന്നവർക്ക് അപരരുടെ ഉള്ള് അറിയാനുള്ള സൂക്ഷജ്ഞാനം ഉണ്ടാകേണ്ടതുണ്ട്. അപരരുമായി ഇടപഴകുന്നതുവഴി സ്ത്രീകളുടെ ആത്മബോധം മാറുകയും ചെയ്യും. പുരുഷന്റെ ശരീരസ്പർശം കൊണ്ട് നശിച്ചു പോകുമെന്ന ഭീതിയിൽ നിന്നുള്ള കുതറി മാറലിലൂടെയുണ്ടാകുന്ന സ്വയംബോധമാണത്.

ആഹ്‌ളാദത്തിനിടയിൽ അപകടവും ഉണ്ടാകാമെന്നതുപോലെ, വേദനയും പതിയിരിപ്പുണ്ടാകും. വേദനകൾക്ക് നടുവിലും മനുഷ്യർ ആഹ്ലാദം കണ്ടെത്തുകയും ചെയ്യും. വർഗീയ ലഹളയും അതിന്റെ ഭീകരമുഖവും പ്രമേയമാക്കിയ ‘മിസ്റ്റർ ആന്റ് മിസ്സിസ് അയ്യർ' എന്ന സിനിമയിലെ ഒരു രംഗം ഇത് നന്നായി ഒപ്പിയെടുത്തതായി അനുഭവപ്പെട്ടു. ഏതു നിമിഷവും നേരിട്ടേക്കാവുന്ന അപകടത്തെ ഭയന്ന് ഉൾ വിറയലോടെ കാടിനുള്ളിൽ കുറെ മനുഷ്യർ രാത്രി കഴിച്ചുകൂട്ടുമ്പോൾ, അകലെ നിലാവിൽ ജീവന്റെ തുടിപ്പുകളായി മാനുകൾ തുള്ളിനടക്കുന്ന കാഴ്ച അവരിലേക്കും നിമിഷനേരത്തേക്ക് ആനന്ദത്തിന്റെ തേനിറ്റു വീഴ്ത്തുന്നു. ജീവിതത്തിലെ വൈചിത്ര്യങ്ങളുടെ നേർക്കാഴ്ചയാണത്. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments