മൈത്രേയൻ, എ.കെ. ജയശ്രീ, കനി കുസൃതി

ക്രമം, അക്രമം, അപക്രമം

എഴുകോൺ- 33

ക്രമത്തിൽ, ചിലയിടങ്ങളിലൊക്കെ അക്രമം ഒളിഞ്ഞിരിക്കുന്നു.
മനുഷ്യ സമൂഹത്തിൽ, പുറത്തുനിന്ന് ഏൽപ്പിക്കുന്ന ക്രമങ്ങളിൽ പലപ്പോഴും വൈരുദ്ധ്യങ്ങൾ കാണാം. അത് ചിലപ്പോൾ പ്രകടമായ അക്രമങ്ങളിലേക്ക് പോകുമെങ്കിലും ഒളിഞ്ഞിരിക്കുന്ന അക്രമം നമ്മൾ തിരിച്ചറിയാറുപോലുമില്ല. ആരും പറയാതെ തന്നെ നമ്മൾ അനുസരിക്കുന്ന പല സാമൂഹ്യ ചട്ടങ്ങളുമുണ്ട്. കുടുംബങ്ങളിൽ അച്ഛനോ അമ്മാവനോ അതിന് മേൽനോട്ടം വഹിക്കുന്നു.

സ്ത്രീകളുടെ ‘അവിഹിത'ബന്ധങ്ങൾ കുടുംബത്തിന് ഏറ്റവും അപമാനകരമാണ്. ഇത് നടക്കാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. ആരും പറഞ്ഞു കൊടുത്തില്ലെങ്കിലും സ്ത്രീകൾ അത് ചുറ്റിലും നിന്ന് പഠിച്ചെടുക്കുന്നു. അച്ഛന്റെ ആജ്ഞാശക്തിയുടെ വാൾ അതിനുമേലെയാണ്. അച്ഛൻ എപ്പോഴും ശബ്ദം വക്കണമെന്നില്ല. നിശ്ശബ്ദമായി തന്നെ ആ ക്രമം പുലരും. ആ ക്രമത്തിന് ഭംഗം വന്നാൽ സമുദായനേതാക്കളുടെ മുന്നിൽ ഉത്തരം പറയേണ്ട ബാദ്ധ്യത അച്ഛനുണ്ട്. കുടുംബത്തിനുള്ളിലെ ക്രമം സാമൂഹ്യക്രമം തന്നെയാണ്. അച്ഛനോ മറ്റു പുരുഷന്മാരോ വീട്ടിലെ തന്നെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചാൽ അത് മൂടി വെയ്ക്കുക എന്ന ഉത്തരവാദിത്വം അമ്മയ്ക്കും മറ്റു മുതിർന്ന സ്ത്രീകൾക്കുമാണ്. നിശ്ശബ്ദതയുടെ വാൾ ഗൂഢമായ അക്രമാസക്തിയോടെ നില കൊള്ളുന്നു. ഒരു ട്രാൻസ്‌ജെന്റർ വ്യക്തിയോ സ്വവർഗ്ഗഅനുരാഗിയോ കുടുംബത്തിൽ വന്നു പിറന്നാൽ ക്രമം അത് വച്ച് പൊറുപ്പിക്കുകയില്ല. അവർ കുടുംബത്തിനുള്ളിൽ എരിഞ്ഞടങ്ങുകയോ വീടിനു പുറത്താവുകയോ ചെയ്യും.

അമിതമായ ലൈംഗികാവേശമുള്ളവരും മാനസികമായി ജീർണിച്ചവരുമായി ഫോറൻസിക് ടെക്‌സ്‌റ്റ്​ ബുക്കുകളിൽ ലെസ്ബിയൻ വ്യക്തികളെ വിവരിച്ചിരിക്കുന്നു.

ലിംഗ- ലൈംഗികതാത്പര്യങ്ങൾ വെളിപ്പെടുത്താതെ ജീവിക്കാൻ കഴിയുന്നവർ ചിലപ്പോൾ രക്ഷപ്പെട്ടു പോകും. അവരെ അടിച്ചമർത്താൻ സാമൂഹ്യക്രമം മാത്രമല്ല, ഇന്ത്യയിൽ അടുത്ത കാലം വരെ എഴുതപ്പെട്ട നിയമവുമുണ്ടായിരുന്നു. 2018 സെപ്റ്റംബറിൽ അത് വരെയുണ്ടായിരുന്ന ഐ.പി.സി 377 വകുപ്പ് പ്രകാരം മുതിർന്ന വ്യക്തികൾ തമ്മിലുള്ള സ്വവർഗ്ഗപ്രേമം കുറ്റകരമാക്കിയിരുന്ന നിയമം റദ്ദാക്കപ്പെട്ടു. 160ഓളം വർഷം പഴക്കമുള്ള, ഇന്ത്യൻ ഭരണഘടനക്ക് യോജിക്കാത്ത ആ നിയമം നിലനിർത്തിയിരുന്നത്, സ്വവർഗ്ഗരതി പ്രകൃതിവിരുദ്ധമാണെന്ന സങ്കല്പത്തിലായിരുന്നു. അത് റദ്ദു ചെയ്തു കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ്, എന്താണ് പ്രകൃതി വിരുദ്ധം എന്ന ചോദ്യം ചോദിക്കുന്നുണ്ട്. പ്രകൃതിയുടെ ക്രമം, മനുഷ്യർ നിർമിച്ചത് പോലെയല്ല, അത് വൈവിദ്ധ്യങ്ങളെ നിലനിർത്തുന്നതാണ്.

Photo : pexels.com

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദം മുതൽ, മനുഷ്യ വിരുദ്ധമായ സാമൂഹ്യ ക്രമങ്ങളെ ലോകത്തിന്റെ പല ഭാഗങ്ങളിലും ചോദ്യം ചെയ്തുകൊണ്ട് വ്യത്യസ്ത ലൈംഗികതാല്പര്യങ്ങളുള്ളവർ, ദൃശ്യരാകാൻ തുടങ്ങിയിരുന്നു. ഞങ്ങൾ സഹയാത്രിക തുടങ്ങിയത് പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ആദ്യം ദീപയോടൊപ്പം ഞാനും രേഷ്മയും മായയും മാത്രമാണുണ്ടായിരുന്നത്. സ്വവർഗ പ്രണയിനികളായ സ്ത്രീകൾക്ക് പിന്തുണ നൽകാൻ ഞങ്ങൾ പോസ്റ്റ് ഓഫീസ് ബോക്‌സ് എടുത്ത് അതിന്റെ നമ്പർ പ്രസിദ്ധം ചെയ്തു. ടെലിവിഷനിലൊക്കെ ഇതുമായി ബന്ധപ്പെട്ട് ചെറിയ പരിപാടികൾ കൂടി വന്നു തുടങ്ങിയതോടെ ധാരാളം സ്ത്രീകൾ ബന്ധപ്പെടാൻ തുടങ്ങി. അവരിൽ ട്രാൻസ്മാൻ വ്യക്തികളെ പ്രണയിക്കുന്നവരും ഉണ്ടായിരുന്നു.

ലെസ്ബിയൻ സ്ത്രീകളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ വിളിക്കാൻ ധൈര്യപ്പെട്ടവർ പോലുമുണ്ടായിരുന്നു. രണ്ട് സ്ത്രീകളെ ഒരുമിച്ച് പുരുഷന് കിട്ടുമെന്നൊക്കെയാണ് അവർ മനസ്സിലാക്കിയത്.

അമിതമായ പ്രതീക്ഷയോടെയാണ് പലരും മൈലുകൾ താണ്ടി എത്തിയത്. ചിലർ ഫോൺ വിളികളിൽ ഒതുങ്ങി നിന്നു. ഓരോ വിളികളും കുടുംബക്രമത്തിലെ നിശ്ശബ്ദമായ അക്രമം ബോദ്ധ്യപ്പെടുത്തി. നിയമപരമായോ സാമൂഹ്യമായോ ഉള്ള പിന്തുണ ഇല്ലാതെ അവർക്ക് ഇടം ഒരുക്കുക എന്നത് അസാദ്ധ്യവുമായിരുന്നു. കൂടാതെ അവർക്കൊന്നും തന്നെ സ്വന്തം ഐഡൻറിറ്റി വെളിപ്പെടുത്താനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നതുമില്ല. ഫെമിനിസ്റ്റ് സംഘടനകൾ തത്വത്തിൽ പിന്തുണച്ചിരുന്നെങ്കിലും ഇതൊരു പ്രധാന അജണ്ടയായി മുന്നോട്ടു വന്നിരുന്നില്ല. പൊതുസമൂഹത്തിലെ ചില പുരുഷന്മാരിൽ നിന്ന്​ വിചിത്രമായ പ്രതികരണങ്ങളാണുണ്ടായത്.

ലെസ്ബിയൻ എന്താണെന്നതിനെ പറ്റി നില നിൽക്കുന്ന ധാരണകൾ അബദ്ധജടിലവും പുരുഷഭാവനകളുടെ അനുബന്ധവുമാണ്. മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഇപ്പോഴും ചേർത്തിട്ടുള്ള ഭാഗങ്ങൾ കാണുമ്പോൾ അതിൽ അതിശയിക്കാനില്ലെന്നു തോന്നുന്നു. അതിൽ വലിയ വ്യതാസം വന്നിട്ടില്ലെന്ന് ചില ചർച്ചകളിൽ പങ്കെടുക്കുമ്പോൾ തോന്നാറുണ്ട്. അമിതമായ ലൈംഗികാവേശമുള്ളവരും മാനസികമായി ജീർണിച്ചവരുമായി ഫോറൻസിക് ടെക്‌സ്‌റ്റ്​ ബുക്കുകളിൽ ലെസ്ബിയൻ വ്യക്തികളെ വിവരിച്ചിരിക്കുന്നു. അത് സയൻസിന്റെ അടിസ്ഥാനത്തിലല്ല, സാമൂഹ്യനിയമങ്ങൾ പിന്തുടർന്നു കൊണ്ടുള്ള പക്ഷപാതപരവും സ്ത്രീവിരുദ്ധവുമായ നിലപാടുകളിൽ ഊന്നിയാണ്. ഇതനുസരിച്ച്, ഓരോരുത്തരും അവരവർക്ക് ചേർന്ന ഭാവനകൾ നെയ്തെടുക്കുന്നു. ലെസ്ബിയൻ സ്ത്രീകളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ വിളിക്കാൻ ധൈര്യപ്പെട്ടവർ പോലുമുണ്ടായിരുന്നു. രണ്ട് സ്ത്രീകളെ ഒരുമിച്ച് പുരുഷന് കിട്ടുമെന്നൊക്കെയാണ് അവർ മനസ്സിലാക്കിയത്. ആത്മഹത്യകളെ കുറിച്ചള്ള ഞങ്ങളുടെ അന്വേഷണങ്ങൾ, വ്യവസ്ഥ എങ്ങനെയാണ് സ്ത്രീ- സ്ത്രീ പ്രണയിനിയുടെ ഇഷ്ടങ്ങളെ ഞെരിച്ചുകൊല്ലുന്നത് എന്ന് മനസ്സിലാക്കി തന്നു. സ്വന്തം കുടുംബത്തിലുള്ളവർക്ക് അവരോട് തെല്ലും സ്‌നേഹമോ അനുകമ്പയോ ഇല്ലാതെ വരുമ്പോൾ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു.

സ്വവർഗ രതി കുറ്റകരമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ 2013 ഡിസംബർ 10ന്​ തൃശൂരിൽ നടന്ന പ്രതിഷേധ സംഗമം

ഒരു ദിവസം രാത്രിയിൽ ഏഷ്യാനെറ്റിന്റെ ഓഫീസിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ചു. രണ്ട് പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാൻ വീട് വിട്ടു പോയെന്നും, അതിലൊരാളെക്കുറിച്ചുള്ള വിവരങ്ങൾ പത്രത്തിൽ വന്നതിനാൽ, അവർക്ക് ഇപ്പോൾ എവിടെയും താമസിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞ് അവർ വിഷമിക്കുകയാണെന്നും കൂട്ടിചേർത്തു. ആ രാത്രി എന്തുചെയ്യണമെന്നറിയാത്തതിനാൽ, ഞങ്ങളുടെ വീട്ടിലേക്ക് തന്നെ കൂട്ടി കൊണ്ട് വന്നോളൂ എന്ന് മൈത്രേയൻ പറഞ്ഞു. രാത്രി ദീർഘനേരം അവരോട് സംസാരിച്ചതിൽ നിന്ന് അവർ ഒരിക്കലും വീടുകളിലേക്ക് മടങ്ങിപ്പോകില്ലെന്ന് മനസ്സിലായി. വീടുവിട്ടശേഷം അവർ ഒരു ഉൾനാടൻ പ്രദേശത്ത് പോയി ജോലി ചെയ്തു ജീവിക്കുകയായിരുന്നു. ചുറ്റുമുള്ളവർ കാര്യങ്ങൾ മനസ്സിലാക്കിയതോടെ അവിടെ താമസിക്കാൻ കഴിയാതെയായി. ആ സന്ദർഭത്തിൽ അവർക്ക് ഐഡൻറിറ്റി വെളിപ്പെടുത്താൻ കഴിയാത്തതിനാൽ മാധ്യമങ്ങളിലേക്കൊന്നും ഈ വിഷയം കൊണ്ടുപോകേണ്ട എന്ന് തീരുമാനമുണ്ടായി. പിറ്റേ ദിവസം മുതൽ അവർ ഞങ്ങളുടെ ഓഫീസിൽ വരുകയും രാത്രി ഞങ്ങളോടൊപ്പം തന്നെ താമസിക്കുകയും ചെയ്തു. സഹയാത്രികയുടെ മീറ്റിങ്ങുകളിൽ പങ്കെടുത്തു. അതിൽ ഒരാൾ ട്രാൻസ്മാൻ ആയിരുന്നു. അക്കാലത്ത് അത്തരം കാര്യങ്ങളൊന്നും വേർതിരിച്ച് ആരും പറയാതിരുന്നതിനാൽ, രണ്ട് സ്ത്രീകളായി തന്നെ അവരെ കണക്കാക്കി. ഒരാളുടെ വീട്ടിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് ഞങ്ങൾ തന്നെ വീട്ടിൽ കൊണ്ടുപോയി. അമ്മയുമായി നല്ല അടുപ്പം ആൾക്കുണ്ടായിരുന്നു. അവിടെ താമസിച്ചാൽ വീടിന്റെ ക്രമവും അങ്ങനെ വീട് തന്നെയും തകരുമെന്നതിനാൽ, കണ്ണീരോടെ ആ അമ്മ ആളെ ഞങ്ങളോടൊപ്പം അയച്ചു.

കുറച്ചുദിവസങ്ങൾക്കു ശേഷം അവർ രണ്ടുപേരും ഓഫീസിൽ പോകുന്ന സമയം മറ്റേ ആളിന്റെ അച്ഛൻ അവരെ കാണുകയും ബഹളം വച്ച് നാട്ടുകാരെ കൂട്ടുകയും ചെയ്തു. നാട്ടുകാർ അറിയിച്ച് പൊലീസ് എത്തി രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ഞങ്ങളവിടെ ഉണ്ടായിരുന്നില്ല. എങ്കിലും അവിടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളും സഹയാത്രികയുടെ പ്രവർത്തകരും ഓടിയെത്തിയിരുന്നു. കമീഷണറെ ഫോണിൽ വിളിച്ച് സംസാരിച്ചു. സാങ്കേതികമായി ഐ.പി.സി 377 അവർക്കെതിരെ ചാർജ്ജ് ചെയ്യാമെങ്കിലും അതിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ചില പൊലീസ് ഉദ്യോഗസ്ഥരെങ്കിലും ബോദ്ധ്യമുള്ളവരായിരുന്നു. അന്നത്തെ കമീഷണർ ഞങ്ങൾ പറഞ്ഞത് മനസ്സിലാക്കുകയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് കേസ് ചാർജ്ജ് ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. പക്ഷെ, അവിടെ കൂടിയ മാധ്യമങ്ങൾ, നാട്ടുനടപ്പനുസരിച്ച് തന്നെ പിറ്റേ ദിവസം റിപ്പോർട്ട് ചെയ്തു. ഓരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ച് ലൈംഗിക അരാജകത്വം, അതിന് മേമ്പൊടിയായി വരുന്ന മയക്കുമരുന്ന്, സദാചാരം, മാറുന്ന സംസ്‌കാരം തുടങ്ങിയവയെല്ലാം ചേർത്ത് വിവരണങ്ങൾ നൽകിയിരുന്നു.

ഇനിയും അവരുടെ അജ്ഞാതവാസത്തിന് അർത്ഥമില്ലാത്തതിനാൽ പിറ്റേന്ന്​ഞങ്ങൾ തന്നെ പ്രസ് മീറ്റ് നടത്താൻ തീരുമാനിച്ചു. തൃശൂരിലായിരുന്ന ഞാൻ ടിക്കറ്റില്ലാതിരുന്നിട്ടും എങ്ങനെയൊക്കെയോ രാവിലെ തിരുവനന്തപുരത്തെത്തി. പ്രസ് മീറ്റിൽ, അവരോടൊപ്പം ഞാനും രേഷ്മയും പങ്കെടുത്തു. അവർ തന്നെ അവരുടെ തീരുമാനങ്ങൾ വിശദീകരിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും മാധ്യമക്കാർ നേരിട്ട് ക്വിയർ വ്യക്തികളുമായി ഒരു അഭിമുഖം നടത്തുന്നത്. അതിനു മുമ്പ് ഇവരെ പറ്റി ഒരു പാട് കഥകളെഴുതിയ മഞ്ഞ പത്രങ്ങുടെ പ്രതിനിധികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ധാരാളം ചോദ്യങ്ങൾ വന്നുവെങ്കിലും എല്ലാത്തിനും അവർ കൃത്യമായി ഉത്തരം പറഞ്ഞു. പിറ്റേ ദിവസം മാധ്യമങ്ങളൊക്കെ നല്ല റിപ്പോർട്ടുകൾ കൊടുത്തു. മറഞ്ഞിരിക്കുന്നവരെ കുറിച്ച് എഴുതുന്നതുപോലെ അത്ര എളുപ്പമല്ല, അഭിമുഖം നിൽക്കുന്നവരെ പറ്റി എഴുതാൻ എന്നുതോന്നി. പിന്നീട് അവരെ പറ്റി പല ഫീച്ചറുകളും പ്രമുഖ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ആ വർഷാവസാനം മുംബൈയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിലും അവർ സംസാരിച്ചു.

ക്വിയർ വിരുദ്ധ നിയമം റദ്ദു ചെയ്യാൻ ഇന്ത്യയിലെ വിവിധ സംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരുന്നു. മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പലരും ആത്മഹത്യ ചെയ്യപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ഒക്കെ ഉണ്ടായിട്ടുണ്ട്.

ഇവരുടെ റിപ്പോർട്ട് വന്നശേഷം ധാരാളം പേർ ഒറ്റക്കും ഇണകളായും പുറത്തേക്ക് വരാൻ തുടങ്ങി. ഇവരിൽ പലരും മറ്റു സ്റ്റേറ്റുകളിൽ പോയി ജീവിക്കുന്നവരായിരുന്നു. സഹയാത്രിക ഇടക്കിടെ മീറ്റിങ്ങുകൾ നടത്തി. ഞങ്ങളുടെ കൂടെ അഞ്ചോ ആറോ പേർ എപ്പോഴും താമസിക്കാനുണ്ടായിരുന്നു. ചുറ്റുമുള്ളവർ ചിലപ്പോഴൊക്കെ പ്രശ്‌നമുണ്ടാക്കി. അപൂർവ്വമായെങ്കിലും അത് വഴക്കിലും അടിയിലുമൊക്കെ എത്തിയിട്ടുണ്ട്.

കേരളത്തിൽ ക്വിയർ മനുഷ്യരുടെ നിലനിൽപ്പിനു വേണ്ടി പല തലങ്ങളിൽ പ്രവർത്തിക്കേണ്ടിയിരുന്നു. നിരന്തരം പൊലീസുമായി ബന്ധപ്പെടുകയും നിയമ വകുപ്പുമായി ചേർന്ന് ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് 2004ൽ ഒരു സമ്മേളനം നടത്തി. പല സ്ഥലത്ത് നിന്നും വന്നവരായതിനാൽ താമസിക്കാൻ ഹോട്ടലിൽ റൂമുകൾ ഏർപ്പെടുത്തിയിരുന്നു. അവരുടെ വേഷങ്ങൾ ചട്ടം തെറ്റിയുള്ളതായിരുന്നതു കൊണ്ട് പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. രാത്രി പോയി വീണ്ടും പൊലീസുകാരെ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നു. പേരുകളും വസ്ത്ര രീതിയും തമ്മിൽ മാച്ച് ചെയ്യുന്നില്ല എന്നതൊക്കെ വലിയ പ്രശ്‌നമായി. പിറ്റേന്ന്​ സമ്മേളന ഹാളിനു ചുറ്റും, വലിയ ഒരു സമരം നടക്കുന്ന സ്ഥലത്തേക്കാളധികം പൊലീസുണ്ടായിരുന്നു. ഏതായാലും നാട്ടുകാരിൽ നിന്ന് വലിയ പ്രശ്‌നമുണ്ടായില്ല. വാസ്തവത്തിൽ, ക്രമസമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും പേരിൽ പൊതുസമൂഹവും ക്വിയർ സമൂഹവും തമ്മിലുള്ള വിടവ് നിലനിർത്തുകയാണ് അതിലൂടെ നടന്നത്. 2009 ആകുമ്പോഴേക്ക് ക്വിയർ പ്രൈഡ് മാർച്ച് നടത്താൻ സാധിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറി.

2014 ൽ നടന്ന ക്വിയർ പ്രൈഡ് മാർച്ച്

അതെസമയം, ഇന്ത്യയിലാകെ ക്വിയർ വ്യക്തികളും അവരെ പിന്തുണക്കുന്നവരും നിയമപരമായും സാമൂഹ്യമായും ഉള്ള അവകാശങ്ങൾക്കായി പോരാടിക്കൊണ്ടിരുന്നു. മറ്റു ഗ്രൂപ്പുകളുമായി കണ്ണിചേർന്നുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂർ കേന്ദ്രമായ ‘സംഗമ' ഇതിൽ എടുത്തു പറയേണ്ടതാണ്. കേരളത്തിൽ ട്രാൻസ്ജെന്റർ നയം കൊണ്ടുവരുന്നതിലൊക്കെ അവർക്ക് നല്ല പങ്കുണ്ട്. വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ജോലി ഇല്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ചിലരെയൊക്കെ സംഗമ അവിടെ താമസിപ്പിച്ച് ജോലിയും പരിശീലനവും നൽകിയിട്ടുണ്ട്.

കുടുംബത്തിലെയും സമൂഹത്തിലെയും ക്രമങ്ങൾ മാറ്റാൻ ഇപ്പോൾ സമയമായിട്ടുണ്ട്. അല്ലെങ്കിൽ മാറി വരുന്ന നിയമങ്ങൾ നമ്മളെ മാറ്റുക തന്നെ ചെയ്യും എന്ന് ബോധ്യമുണ്ടാകേണ്ടിയിരിക്കുന്നു

ട്രാൻസ് വുമൺ ആയിട്ടുള്ള ചിലർ സെക്‌സ് വർക്ക് ചെയ്തു ജീവിച്ചവരായിരുന്നു. വീട്ടിൽ നിന്ന് പുറത്താവുകയും മറ്റു ജോലികൾ ലഭിക്കാതെ വരുകയും ചെയ്യുമ്പോഴാണിത്. അവർ സ്ത്രീ ലൈംഗിക തൊഴിലാളികളെ പോലെയോ ചിലപ്പോൾ അതിനേക്കാളധികമായോ പീഡനങ്ങൾ അനുഭവിച്ചിരുന്നു. അതിനെതിരായും, ക്വിയർ വിരുദ്ധ നിയമം റദ്ദു ചെയ്യാനുമായി ഇന്ത്യയിലെ വിവിധ സംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരുന്നു. മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പലരും ആത്മഹത്യ ചെയ്യപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ഒക്കെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഞങ്ങളുടെ ആദ്യ സമ്മേളനത്തിൽ വന്നു സംസാരിച്ച ഫമീല, നാഷണൽ തലത്തിൽ തന്നെ ശബ്ദമുയർത്തിയിരുന്ന കജോൾ, കേരളത്തിൽ സംഘടനക്ക് നേതൃത്വം കൊടുത്തിരുന്ന സ്വീറ്റ് മറിയ, എന്നിവർ ഓർമയിൽ ജീവിച്ചിരിക്കുന്നു. പേരെടുത്ത് പറയാത്ത മറ്റു പലരും. 2004ൽ ബാംഗ്ലൂരിലെ ഒരു പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായ ലൈംഗികാക്രമത്തിനു വിധേയയായ കോകില എന്ന ട്രാൻസ് വുമണിന്റെ നീതിക്കായി ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഇന്ത്യ ഒട്ടാകെ അത് അലകളുണ്ടാക്കി. 377 നിയമത്തെ വെല്ലുവിളിച്ച് പലരും കേസുകൾ കൊടുത്തു തുടങ്ങി.

2009ൽ അനുകൂലമായി ഒരു വിധി വന്നു എങ്കിലും നാലുവർഷങ്ങൾക്കുശേഷം അത് റദ്ദു ചെയ്യപ്പെട്ടു. അതോടൊപ്പം പല വ്യക്തികളും ഐഡന്റിറ്റി വെളിപ്പെടുത്താൻ തയാറായി വരികയും ചെയ്തു. കൂടുതൽ സാഹിത്യകൃതികളും സിനിമകളുമുണ്ടായി. 2018ൽ 377 റദ്ദു ചെയ്തതതോടെ ധാരാളം വ്യക്തികളും ഗ്രൂപ്പുകളും സംസാരിക്കാൻ തുടങ്ങി. കുടുംബത്തിലെയും സമൂഹത്തിലെയും ക്രമങ്ങൾ മാറ്റാൻ ഇപ്പോൾ സമയമായിട്ടുണ്ട്. അല്ലെങ്കിൽ മാറി വരുന്ന നിയമങ്ങൾ നമ്മളെ മാറ്റുക തന്നെ ചെയ്യും എന്ന് ബോധ്യമുണ്ടാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ ജൂൺ ഏഴാം തീയതി മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഒരു ലെസ്ബിയൻ ഇണകൾക്കനുകൂലമായി വന്ന വിധി ഇതിന് അടിവരയിടുന്നു: ‘‘നിങ്ങളുടെ അജ്ഞത മനുഷ്യരോടുള്ള വിവേചനത്തിന് ന്യായീകരണമാവുന്നില്ല,'' എന്നാണ് ആ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ കാമ്പസുകളിലെ മാറ്റം ഈ വർഷത്തെ ക്വിയർ പ്രൈഡ് മാസത്തിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്. യുവാക്കൾ നിലവിലുള്ള ക്രമം തെറ്റിച്ച് നീതിയുടെ നേർക്ക് നടന്നു തുടങ്ങിയിരിക്കുന്നു. അതെത്രത്തോളം കുടുംബങ്ങളിലേക്കും പൊതുസമൂഹത്തിലേക്കുമെത്തുമെന്നത്, മാറാനുള്ള പഴയ മുറക്കാരുടെ സന്നദ്ധത ആശ്രയിച്ചിരിക്കുന്നു.

മദ്രാസ്​ ഹൈകോടതി ജഡ്​ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്

സ്ത്രീകൾക്കുള്ള ഉപജീവനമാർഗ്ഗങ്ങൾ പരിമിതവും മിക്കപ്പോഴും സേവനമേഖലയിലുള്ളതും കുറഞ്ഞ കൂലി ലഭിക്കുന്നതുമാണ്. അതിനൊരു പരിഹാരം ഉയർന്ന വില കൊടുത്ത് പണമുള്ള വരനെ വാങ്ങി ജീവിതം സുരക്ഷിതമാക്കുക എന്നതാണ്. ഇത് എല്ലാവർക്കും സാധിക്കുന്നതല്ല. കഴിയുന്ന രീതിയിൽ എല്ലാവരും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. സാധിക്കുന്നവരിൽ തന്നെ ഭാഗ്യമുള്ളവർക്ക് മാത്രമാണ് അത് അനുഭവിക്കാൻ കഴിയുക. പിന്നീടുള്ള ഓപ്ഷൻ വിനോദവ്യവസായമാണ്. പരമ്പരാഗതമായി സ്ത്രീകൾ നൃത്തം തൊഴിലായി സ്വീകരിച്ചിരുന്നു. സ്ഥാനമാനങ്ങളനുസരിച്ച് അവർ പല തട്ടുകളിലായി തിരിക്കപ്പെട്ടു. ഇപ്പോൾ, അത് സിനിമ വ്യവസായം ഏറ്റെടുത്തിട്ടുണ്ട്. വിശാലമായ ഒരു ഗണമായി വിനോദവ്യവസായം കണക്കാക്കിയാൽ എല്ലാ വിഭാഗത്തിലും പെടുന്ന കലാപ്രവർത്തകരും ലൈംഗിക തൊഴിലാളികളും ബാർ നർത്തകിമാരുമെല്ലാം അതിൽ പെടും. അവരിൽ പിന്തള്ളപ്പെട്ട വിഭാഗങ്ങളെ ഉൾപ്പെടുത്തി എന്റർടൈന്റ്‌മെൻറ്​ വർക്കേഴ്‌സ് അസോസിയേഷൻ (Entertainment Workers Asosciation) രൂപപ്പെടുത്തിയിരുന്നു.

മുംബൈയിലെ ബാറുകളിൽ ഡാൻസ് ചെയ്തിരുന്ന സ്ത്രീകൾ അവകാശങ്ങൾക്കായി സംഘടിച്ചതും ഈ പശ്ചാത്തലത്തിലാണ്. ലൈംഗിക തൊഴിലാളികളുടെ സമ്മേളനങ്ങളിലെല്ലാം ഉപജീവനം പ്രധാന വിഷയമായിരുന്നു. മാന്യമായി ജീവിക്കാനാവശ്യമായ പണം ലഭിക്കുന്ന തൊഴിലുകളിലേക്ക് മാറാൻ അവർ തയാറായിരുന്നു. അധികമൊന്നും അവർ ചോദിച്ചിരുന്നില്ല. എന്നാൽ, ഇടത്തരക്കാരിൽ താഴേ തട്ടിലെ പുരുഷന്മാർക്ക് ലഭിക്കുന്ന പണം അവർക്ക് കുടുംബം നടത്തി കൊണ്ട് പോകാൻ ആവശ്യമായിരുന്നു. നേരത്തെ തന്നെ തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയിൽ നവസാമ്പത്തിക പരിഷ്‌കാരങ്ങൾ കൂടി വരുമ്പോൾ, തൊഴിലവസരങ്ങൾ കുറയാനാണ് സാദ്ധ്യത എന്നും എല്ലാവരും മനസ്സിലാക്കി.

ആ സമയത്താണ് കേരള ഗവൺമെൻറ്​ ഏഷ്യൻ ഡെവലപ്‌മെൻറ്​ ബാങ്കിൽ നിന്ന് വികസനാവശ്യങ്ങൾക്കായി ഉപാധികളോടെയുള്ള വായ്പ എടുക്കാനുള്ള പുതിയ നയം കൊണ്ട് വരുന്നത്. ഈ നയം സാമ്പത്തിക നയത്തിലെ ഒരു പ്രധാന ചുവട് മാറ്റമായിരുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർദ്ധിക്കാനിടയുള്ള ഒരു ദിശയിലേക്ക് നമ്മുടെ നയങ്ങൾ മാറി. ഇതിനെതിരെ ഇവിടെയുള്ള മിക്കവാറും എല്ലാ ഇടതുപക്ഷ സംഘടനകളും പല തരത്തിൽ പ്രതികരിച്ചിരുന്നു. ഈ മാറ്റങ്ങളെ എത്രത്തോളം പ്രതിരോധിക്കാനാവുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു എങ്കിലും ആത്മാർത്ഥതയോടെ സമരം ചെയ്യാനൊരുങ്ങിയ സുഹുത്തുക്കളോടൊപ്പം ചേരാൻ ഞങ്ങളുടെ ടീമും തയാറായി. കണ്ണൂരിൽ നിന്നുള്ള ഗിരീഷ് കുമാറും ജോർജ്ജും രാജ്മോഹനുമൊക്കെയായിരുന്നു അതിനു മുന്നിട്ടു വന്നത്. തിരുവനന്തപുരത്ത് ഇതുമായി യോജിക്കുന്ന സംഘടനകളെ ഒക്കെ കൂട്ടി ‘ക്വിറ്റ് കേരള പ്രക്ഷോഭ സമിതി' എന്ന സംഘം രൂപീകരിച്ചു.

രാത്രിയും പകലും സമരപ്പന്തലിൽ ബസുകളുടെയും ട്രക്കുകളുടെയും സംഗീതം കേട്ട് കിടക്കുക പ്രത്യേക അനുഭവമായിരുന്നു. ഇടക്ക് എലികൾ വന്ന് കാൽ വിരലുകൾ മണപ്പിച്ചു നോക്കുകയും ഭക്ഷണയോഗ്യമാണോ എന്ന് കാർന്നു നോക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്താനാണ് തീരുമാനമെടുത്തത്. ആദ്യത്തെ നറുക്ക് എനിക്കാണ് വീണത്. അതിനു മുൻപും ശേഷവും ഞാൻ നിരാഹാരം ചെയ്തിട്ടില്ല. ആദ്യത്തെ രണ്ട് ദിവസങ്ങൾക്ക് ശേഷം നല്ല ക്ഷീണം തോന്നി. പക്ഷെ, ഭക്ഷണം വേണമെന്ന് തോന്നിയില്ല. ഇടക്കിടെ ഉപ്പിട്ട വെള്ളം കുടിച്ചിരുന്നു. രാത്രിയും പകലും സമരപ്പന്തലിൽ ബസുകളുടെയും ട്രക്കുകളുടെയും സംഗീതം കേട്ട് കിടക്കുക ഒരു പ്രത്യേക അനുഭവമായിരുന്നു. ഇടക്ക് എലികൾ വന്ന് കാൽ വിരലുകൾ മണപ്പിച്ചു നോക്കുകയും ഭക്ഷണയോഗ്യമാണോ എന്ന് കാർന്നു നോക്കുകയും ചെയ്തു. മയക്കത്തിനിടയിലെ സ്വപ്നങ്ങൾ വിചിത്രലോകത്തേക്ക് കൊണ്ടുപോയെങ്കിലും ഇടക്കിടെ വന്ന് അഭിവാദ്യമർപ്പിച്ചിരുന്ന സന്ദർശകർ സമരോദ്ദേശ്യത്തിന്റെ ഗൗരവം ഓർമിപ്പിച്ചു കൊണ്ടിരുന്നു. അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവശനിലയിലെത്തിയ എന്നെ ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ കീറ്റോൺ എന്ന വിഷാംശം കൂടിയിരുന്നു എങ്കിലും നാഡികളിലൂടെ ഉള്ളിലെത്തിച്ച ജീവജലം പെട്ടെന്നു തന്നെ ഓജസ്സ് തിരികെക്കൊണ്ടുതന്നു.

എനിക്ക് പിന്നാലെ സമിതി അംഗങ്ങളായ മൈത്രേയൻ, രേഷ്മ ഭരദ്വാജ്, ഒ.പി.രവീന്ദ്രൻ, ഗിരീഷ്, നളിനി ജമീല, ദിലീപ് രാജ് എന്നിവരെല്ലാം ഒന്നിനുപിറകെ ഒന്നായി നിരാഹാരം ഏറ്റെടുത്തു. സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയൻ, സേവ തുടങ്ങിയ സംഘടനകളും ഇടതു രാഷ്ട്രീയ പാർട്ടികളുമൊക്കെ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഞങ്ങൾ സമരം അവസാനിപ്പിക്കാൻ ഭാവമില്ലെന്നു കണ്ട ഗവൺമെൻറ്​ പുതിയ അടവ് പ്രയോഗിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലുള്ള എല്ലാ സമര പന്തലുകളും പൊളിച്ച് മാറ്റുകയും അവിടെ നിന്ന് 24 മണിക്കൂറിനകം സ്ഥലം ഒഴിയണമെന്നുമുള്ള ഒരു ഓർഡർ ഇറക്കുകയും അത് പന്തലുകളിലെല്ലാം ഒട്ടിക്കുകയും ചെയ്തു.

രേഷ്മ ഭരദ്വാജ്, ഒ.പി.രവീന്ദ്രൻ, നളിനി ജമീല, ദിലീപ് രാജ്

ദീർഘകാലമായി കിടപ്പാടമില്ലാത്തതിനാൽ പന്തൽ കെട്ടി സമരം ചെയ്തു കൊണ്ടിരുന്ന ദമ്പതികളുൾപ്പെടെ എല്ലാവരും വൈകുന്നേരമായപ്പോഴേക്കും, ഞങ്ങളെ തനിച്ചാക്കി എവിടെയോ പോയി മറഞ്ഞു. നിയമങ്ങൾ അനുസരിക്കുകയല്ല, ക്രമം തെറ്റിക്കുകയാണ് സമരത്തിന്റെ രീതി എന്ന് ബോദ്ധ്യമുണ്ടായിരുന്നതിനാൽ, ഫോഴ്‌സ് ഉപയോഗിച്ച് മാറ്റിയാലല്ലാതെ സ്വയം ഒഴിഞ്ഞു പോവില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. പിറ്റേന്ന് പകൽ ബുൾഡോസറുകൾ കൊണ്ട് വന്ന് ഭീതിദമായ ഒരന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് പന്തലുകൾ പൊളിച്ചു മാറ്റി. ഞങ്ങളെ സമീപിച്ചപ്പോഴേക്കും ഓരോരുത്തരും ഓരോ തൂണിൽ മുറുകി പിടിച്ചു കിടന്ന് പ്രതിഷേധം പ്രകടമാക്കി. അധികം താമസിയാതെ എല്ലാവരെയും അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സാരമായ വകുപ്പുകളൊന്നും ചാർജ്ജ് ചെയ്യാതിരുന്നതിനാൽ സ്വന്തം ജാമ്യത്തിൽ തന്നെ വിട്ടയക്കുകയും ചെയ്തു.

സമരങ്ങൾക്ക് ഫലം കാണാതെ വന്നപ്പോൾ വീണ്ടും നിയമം തെറ്റിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പന്തൽ കെട്ടി ഇരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ഏഴെട്ടു പേരെ കസ്റ്റഡിയിലെടുത്തു. സമാധാനപരമായി കുത്തിയിരുന്ന ഞങ്ങൾ പൊലീസിനെ ആക്രമിച്ചു എന്നും മറ്റുമൊക്കെ അവർ എഴുതി ഉണ്ടാക്കി.

പിന്നീട് നടന്ന ആലോചനകളിൽ കുറച്ച് കൂടി പ്രഭാവം ഉണ്ടാകുന്ന തരത്തിലുള്ള പരിപാടികൾ ആലോചിച്ചു. സെക്രട്ടേറിയറ്റ് ഉപരോധിച്ചു കൊണ്ടുള്ള സമരം ചെയ്ത് ഗിരീഷും മൈത്രേയനും ജയിലിൽ പോയി. ഒരു മാസത്തോളം അവർ ജയിലിൽ കഴിഞ്ഞു. ആ സമയത്ത് ഞങ്ങൾ പുറത്ത് കൂടുതൽ സമ്മേളനങ്ങളും പ്രചാരണപരിപാടികളും നടത്തി. ഷഹബാസ് അമൻ ഗസലുകൾ പാടി ഒപ്പമുണ്ടായിരുന്നു. അഭിനയയിലെ കലാപ്രവർത്തകരെ പോലെ ധാരാളം രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും നന്നായി പിന്തുണച്ചു. ലൈംഗിക തൊഴിലാളികൾക്കും ക്വിയർ മനുഷ്യർക്കും അയിത്തം അനുഭവിക്കാതെ ഓരോ ഘട്ടത്തിലും ഒരു പൊതുസമരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു.

ഗിരീഷും മൈത്രേയനും പുറത്തിറങ്ങിയ ശേഷവും പല രൂപത്തിൽ സമരം മുന്നോട്ടു കൊണ്ടുപോയി. ജനാധിപത്യ ഹർത്താൽ അത്തരം ഒരു പരിപാടിയായിരുന്നു. ഹർത്താൽ ഒരു സമര മാർഗമായി സ്വീകരിക്കുമ്പോൾ തന്നെ അത് ബലം പ്രയോഗിച്ച് അടിച്ചെൽപ്പിക്കുന്നതാവരുതെന്ന ബോദ്ധ്യത്തോടെയാണ് അങ്ങനെ പ്ലാൻ ചെയ്തത്. ഹർത്താൽ ദിവസം ആരും കടകൾ അടക്കുകയുണ്ടായില്ല. എങ്കിലും ഓരോരുത്തരെയും നേരിട്ട് കണ്ട് ഞങ്ങൾ നടത്തിയ പ്രചാരണ സമയത്ത് എല്ലാവരും മാനസികമായി ഒപ്പമുണ്ടെന്നു പറഞ്ഞു. ജനാധിപത്യ ഹർത്താൽ എന്ന് ഘോഷിച്ച്​ ഒരു ജീപ്പിൽ ഞങ്ങൾ ഉൾനാടൻ പ്രദേശങ്ങളിലൊക്കെയും സഞ്ചരിച്ചു. ഹർത്താൽ ദിനത്തേക്കാൾ അത് വിളിച്ചുപറഞ്ഞ്​ നടന്നതും ആ ആശയത്തോടുണ്ടായ ജനങ്ങളുടെ പ്രതികരണവുമാണ് രാഷ്ട്രീയപ്രവർത്തനമായി തോന്നിയത്. അനുഭാവസൂചകമായി ധാരാളം ഒറ്റ രൂപയുടേയും രണ്ട് രൂപയുടെയും തുട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. തുട്ടുകൾക്കു പകരം നോട്ടുകൾ നിക്ഷേപിച്ചിട്ട്, അവ ദീർഘകാലം ആ സമരത്തിന്റെ ഓർമക്കായി ഞാൻ സൂക്ഷിച്ചിരുന്നു.

സ്ത്രീകളെ സമരമുഖത്തേക്കു കൊണ്ട് വന്ന ‘രാത്രി സ്വന്തമാക്കൽ' പരിപാടിയാണ് മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു ദിനം. രേഷ്മയുടെ ആശയമായിരുന്നു അത്. അതിനുശേഷം കേരളത്തിൽ അതൊരുപാട് നടന്നിട്ടുണ്ടെങ്കിലും അന്നത് പുതുമയുള്ളതായിരുന്നു. സന്ധ്യക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിനു സ്ത്രീകൾ ദീപങ്ങൾ തെളിച്ചു. രാത്രി ജേണലിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആടിയും പാടിയും നടന്നു. ഇടയ്ക്ക് തട്ടുകടയിൽ നിന്ന് ചായ കുടിച്ചു. ആ സമരം, താൽക്കാലിക പരാജയമായിരുന്നു എങ്കിലും പിന്നീടുണ്ടായ പല മുന്നേറ്റങ്ങൾക്കും മുന്നോടിയായിരുന്നു.

സമരങ്ങൾക്ക് ഫലം കാണാതെ വന്നപ്പോൾ വീണ്ടും നിയമം തെറ്റിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പന്തൽ കെട്ടി ഇരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വൈകുന്നേരം നാല് മണിയോടെ ഞങ്ങൾ ഇരിപ്പ് ആരംഭിച്ചു എങ്കിലും ആറരയോടെയാണ് പൊലീസ് എത്തിയത്. ധാരാളം പേർ അവിടെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ ഏഴെട്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. അതിൽ ഞാനും ദീപയും മാത്രമാണ് സ്ത്രീകളായുണ്ടായിരുന്നത്. ഇത്തവണ തെറ്റായതും കഠിനമായതുമായ എല്ലാ വകുപ്പുകളും ചേർത്ത് എഫ്.ഐ.ആർ തയ്യാറാക്കി. സമാധാനപരമായി കുത്തിയിരുന്ന ഞങ്ങൾ പൊലീസിനെ ആക്രമിച്ചു എന്നും മറ്റുമൊക്കെ അവർ എഴുതി ഉണ്ടാക്കി. രാത്രി ഇരുട്ടിയതിനാൽ ജാമ്യമെടുക്കാനൊന്നും സാധിച്ചില്ല. എല്ലാവരും രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ തന്നെ കഴിച്ചു കൂട്ടി. കാനഡയിൽ വളർന്ന ദീപക്ക് മലയാളം ശരിക്ക് പറയാൻ അറിയുമായിരുന്നില്ല. നന്നായി ഇംഗ്ലീഷ് പറയുന്ന ഈ യുവതി എന്തിനാണ് ഇത്തരം കുരുക്കുകളിൽ വന്നു പെടുന്നതെന്നായിരുന്നു പൊലീസുകാരികളുടെ അതിശയം.

രാത്രി കഴിക്കാൻ എന്ത് വേണമെന്ന് ചോദിച്ചപ്പോൾ പൊറോട്ടയും ചിക്കനുമെന്ന് ദീപ പറഞ്ഞതനുസരിച്ച് അവർ അത് വാങ്ങിത്തന്നു. നിലത്ത് ന്യൂസ് പേപ്പർ വിരിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. രാത്രി മുഴുവനും ക്വിയർ വ്യക്തിയായ ദീപയെ, പെട്ടെന്ന് തന്നെ വിവാഹം കഴിക്കാനും ഇത്തരം പ്രശ്‌നങ്ങളിൽ ചെന്നുപെടാതിരിക്കാനും അവർ ഉപദേശിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് കോടതി ഞങ്ങളെ ജയിലിൽ അയക്കാൻ വിധിച്ചു. നേരം വൈകിപ്പിച്ച് അവർ ജാമ്യമെടുക്കാനുള്ള അവസരം കളഞ്ഞു. മാധ്യമങ്ങളുടെ അകമ്പടിയോടെ ജയിലിലേക്ക് യാത്രയായി. കൂട്ടുകാർ ജയിലിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി തന്നിരുന്നു. ജയിലിലേക്ക് പോകുന്ന വഴി ഞങ്ങളുടെ അഭിഭാഷക, മജിസ്ട്രേറ്റിന്റെ വീട്ടിൽ പോയി ജാമ്യമെടുക്കാമെന്ന് അറിയിക്കുകയും അങ്ങനെ ജാമ്യം ലഭിക്കുകയും ചെയ്തു. രേഷ്മയുടെ അമ്മ പ്രഭച്ചേച്ചിയാണ് എനിക്ക് ജാമ്യം നിന്നത്. ജയിലിലേക്കുള്ള യാത്ര പാതി വഴിയിൽ അവസാനിച്ചു.

സിനിമയിൽ നല്ല അവസരങ്ങൾ വന്നപ്പോൾ അവൾ വേണ്ടെന്നു വച്ചു. അതു ചെയ്തു കൂടെ എന്ന് ചോദിക്കാനുള്ള ഉൾപ്രേരണ ഉണ്ടായിട്ടും അവളുടെ തീരുമാനത്തിനു വില നൽകി മാറിനിന്നു.

ഈ കേസിന്റെ വിചാരണ കഴിയാൻ ഏഴു വർഷത്തോളം എടുത്തു. ഇടക്കിടെ കോടതിയിൽ പോകുന്നത് ഞങ്ങൾക്ക് വീണ്ടും ഒത്തു കൂടാനും രാഷ്ട്രീയം ചർച്ച ചെയ്യാനും കോടതിക്ക് പുറത്തുള്ള ചായക്കടയിൽ പോയിരിക്കാനുമൊക്കെ അവസരം തന്നു. പ്രതിക്കൂട്ടിൽ കയറി നിൽക്കുമ്പോൾ മനഃപൂർവ്വമല്ലെങ്കിലും ക്ഷീണം കൊണ്ടും മറ്റും അവിടുത്തെ ക്രമം തെറ്റിച്ച് ഞങ്ങൾ ചാഞ്ഞും ചരിഞ്ഞും നിന്നു. ഞങ്ങൾക്കെതിരെ ചാർത്തിയിരുന്ന നുണക്കുറ്റങ്ങളൊന്നും തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഞങ്ങളുടെ അഡ്വക്കേറ്റിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനും അവർക്ക് സാധിച്ചില്ല. അവസാനം, ഞങ്ങൾ സമരം ചെയ്തു എന്നതിന് തെളിവായി അന്നുപയോഗിച്ച ബാനർ, തൊണ്ടിമുതലായി ഒരു പൊതിക്കുള്ളിൽ ഹാജരാക്കിയിരുന്നു. അതിൽ ‘ക്വിറ്റ് കേരള പ്രക്ഷോഭ സമിതി’ എന്നെഴുതിയിരുന്നതായി പൊലീസുകാർ ഓർത്തു പറഞ്ഞു. ആ വാക്കുകൾ ഞങ്ങൾക്കും അഭിമാനം തരുന്നതാണ്. എന്നാൽ, തൊണ്ടി മുതൽ പൊതിയഴിച്ചപ്പോൾ ഒന്നും എഴുതിയിട്ടില്ലാത്ത ഒരു വെള്ളത്തുണി പ്രത്യക്ഷപ്പെട്ടു. കോടതിയിൽ ഉണ്ടായിരുന്നവർക്കെല്ലാം അത് ചിരിക്കാൻ വക നൽകി.

ഇക്കാലമൊക്കെയും കനി വളർന്നു കൊണ്ടിരുന്നു. അവൾ പത്താം ക്ലാസും പ്ലസ് ടുവും കടന്നു. പരീക്ഷകൾക്ക് അമിത പ്രാധാന്യം ഞങ്ങൾ കൊടുത്തിരുന്നില്ല. പിറകേ നടന്ന് പഠിപ്പിച്ചില്ല. അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വക്കുറവിനെ ആളുകൾക്ക് വിമർശിക്കാവുന്നതാണ്. പരീക്ഷ സമയത്ത് ഞാൻ സമരങ്ങളിൽ മുഴുകിയിരുന്നു. അവൾക്ക് അതൊക്കെ അനിശ്ചിതത്വങ്ങൾ ഉണ്ടാക്കിയിരുന്നിരിക്കാം. സ്‌കൂൾ സമയത്തു തന്നെ അഭിനയ തിയേറ്ററിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നതുകൊണ്ട് അതു തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും ഭാഗമായാണ് ഞാൻ കണ്ടത്. കമ്പ്യൂട്ടർ ഉപയോഗിക്കാനൊക്കെ അവൾ തനിയെ പഠിച്ചു. മലയാളം മീഡിയത്തിൽ പഠിച്ച അവൾ ചാറ്റ് ചെയ്തു ഇംഗ്‌ളീഷ് കൈകാര്യം ചെയ്യാൻ പഠിച്ചു എന്നാണ് എനിക്ക് തോന്നിയത്.

കനിയ്ക്കൊപ്പം ജയശ്രീ

ചിന്താക്കുഴപ്പത്തിലായിരിക്കെ തന്നെ അവൾ സ്വന്തമായ അന്വേഷണങ്ങൾ നടത്തി. ശരീരത്തിൽ സ്വയം നിർണായവകാശം പ്രഖ്യാപിച്ചും തല മൊട്ടയടിച്ചും പുതിയ കൂട്ടുകാരെ സ്വകാര്യതയിൽ കണ്ടെത്തിയും അവൾ വളർന്നു കൊണ്ടിരുന്നു. അപകടത്തിൽ പെടുമോ എന്ന് ആശങ്കപ്പെടുകയും അതോടൊപ്പം അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും വളർച്ചയെയും മാനിക്കുകയും ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്.
സിനിമയിൽ നല്ല അവസരങ്ങൾ വന്നപ്പോൾ അവൾ വേണ്ടെന്നു വച്ചു. അതു ചെയ്തു കൂടെ എന്ന് ചോദിക്കാനുള്ള ഉൾപ്രേരണ ഉണ്ടായിട്ടും അവളുടെ തീരുമാനത്തിനു വില നൽകി മാറിനിന്നു. നിങ്ങൾ തീരുമാനം എടുത്തുതന്നാൽ എളുപ്പമാണ് എന്ന് അവൾ തന്നെ ചിലപ്പോൾ പറഞ്ഞിട്ടുണ്ട്. എന്നാൽ, അതവരുടെ വളർച്ചയെ തടസ്സപ്പെടുത്തുമെന്ന് കരുതി ചെയ്തില്ല. വിഷമവലയങ്ങളിലൂടെ അവൾ കടന്നു പോകുമ്പോൾ ഒപ്പം ഉണ്ടാവുക മാത്രമാണ് ഞാനും മൈത്രേയനും ചെയ്തത്. ക്രമം തെറ്റിയ സഞ്ചാരം അവളും തുടർന്നു.

സാമൂഹികതയിൽ ഉറച്ച് പോകുന്ന ആത്മാവിനെ സ്വതന്ത്രമാക്കി വിടാൻ മാത്രമേ പ്രണയം ഉപകരിക്കൂ. അതിൽ ഉറച്ച് പോയാൽ പിന്നെ അതു തന്നെ ഭാരമാകും.

ബന്ധങ്ങളെ വ്യത്യസ്ത സാന്ദ്രതയിൽ ഞാൻ ഇളക്കി ചേർത്തു കൊണ്ടിരുന്നു. സ്‌നേഹവും മോഹവും ആസക്തിയും കൗതുകവും പ്രതിബദ്ധതയും വ്യത്യസ്ത ചേരുവയിൽ മാറി മറിഞ്ഞു കൊണ്ടിരിക്കും. സമൂഹ്യക്രമങ്ങൾ എപ്പോഴും ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള പ്രേരണ ചെലുത്തും. ഓരോരുത്തരോടും ഓരോ സമയത്തും ഉണ്ടാകുന്ന ബന്ധത്തിന്റെ സാന്ദ്രത വ്യത്യസ്തമാണ്. അത് ആ സന്ദർഭത്തിന്റെ പരിസരത്തിൽ മാത്രം രൂപപ്പെടുന്നതാണ്. ബന്ധങ്ങൾ രൂപപ്പെടുകയും രൂപാന്തരപെടുകയും കൊഴിയുകയും ചെയ്യും. വിട്ടു മാറാൻ വിസമ്മതിക്കുന്ന പ്രണയികളുമുണ്ട്. പ്രണയത്തിന്റെ നാട്യത്തിൽ അവർ കണക്കുകൾ കൂട്ടും. സ്ത്രീകൾ പ്രണയത്തിനായി വലിയ വില നൽകുമെന്ന് ചിലർ കരുതും. ഗൃഹസ്ഥകളായ സ്ത്രീകൾ അവരുടെ ജാരന്മാർ ബ്‌ളാക്‌മെയിൽ ചെയ്യുന്നതായി ഫോണിൽ വിളിച്ച് പറയാറുണ്ട്. സാമൂഹികതയിൽ ഉറച്ച് പോകുന്ന ആത്മാവിനെ സ്വതന്ത്രമാക്കി വിടാൻ മാത്രമേ പ്രണയം ഉപകരിക്കൂ. അതിൽ ഉറച്ച് പോയാൽ പിന്നെ അതു തന്നെ ഭാരമാകും. സ്വച്ഛന്ദമായി വിഹരിക്കുന്ന നമ്മുടെ ജീവനും ജീവരൂപവും, ക്രമത്തിൽ നിന്നും അപക്രമത്തിലേക്കും അവിടെ നിന്നു വീണ്ടും ക്രമത്തിലേക്കും ചരിക്കുന്ന പ്രപഞ്ചത്തിന്റെ ഒരിറ്റു തുള്ളി മാത്രം. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments