ഡോ.​ എ.കെ. ജയശ്രീ

ഞാനും നിന്നെപ്പോലെയാണ്

എഴുകോൺ- 34

ഉയർന്ന തട്ടിൽ പെടുന്ന ഉല്ലാസവതികളും താഴെ തട്ടിലായാൽ പോലും ആരെയും കൂസാത്ത അപഥസഞ്ചാരിണികളുമാണ് മെരുങ്ങി കഴിയുന്ന മദ്ധ്യവർത്തികളേക്കാൾ കൂടുതൽ എന്നെ അടുപ്പിക്കുന്നത്.

വിശാഖപട്ടണത്തിന് 200 കിലോമീറ്റർ തെക്ക് ഗോദാവരി തീരത്ത് കുടികൊള്ളുന്ന ചെറുപട്ടണമാണ് രാജമന്ദ്രി. അവിടെ എത്തുന്നതുവരെ ഞാനും മറ്റുള്ളവരെ പോലെ ഇംഗ്ലീഷ് ലിപി പിന്തുടർന്ന് രാജമുന്ദ്രി എന്നുപറഞ്ഞിരുന്നു. അവിടെ ചെന്നപ്പോഴാണ് പഴയ രാജ്യനാമമായി അറിയപ്പെട്ട രാജമഹേന്ദ്രവരം ലോപിച്ചാണ് രാജമന്ദ്രിയായത് എന്ന് മനസ്സിലായത്.

ഇവിടുത്തെ മുഖ്യആകർഷണം ഗോദാവരി നദിയും അതിനു കുറുകേയുള്ള നീണ്ട പാലവുമാണ്. ചൂടുകാലത്ത് കടൽക്കരയിലെന്നോണം ആളുകൾ കൂട്ടം കൂട്ടമായി നദിക്കരയിലെത്തുന്നു. നദീതീരത്തേക്ക് കടക്കുന്നിടത്ത് പുഷ്‌കരഘട്ടവും അതിനോടുചേർന്ന് ശിവലിംഗക്ഷേത്രവുമുണ്ട്. പുഷ്‌കരം എന്നത് മഹാനദികളെ ആരാധിക്കുകയും അവയിൽ മുങ്ങി സ്വയം സംശുദ്ധമാവുകയും ചെയ്യുന്ന കർമവും അതിലുള്ള വിശ്വാസവുമാണ്. പുഷ്‌കരം നടക്കുന്ന ഇന്ത്യയിലെ പന്ത്രണ്ട് മഹാനദികളിൽ ഒന്നാണ് ഗോദാവരി. സീസണിൽ ധാരാളം ആളുകൾ കൂടുന്ന വലിയ ഉത്സവമാണത്. മറ്റു കാലങ്ങളിൽ ദിവസവും അവിടെ മുങ്ങിക്കുളിക്കാനെത്തുന്ന ആരാധകരുണ്ടാവും.

ഞാൻ നിങ്ങളെ പോലെയല്ല എന്ന് മനസ്സിൽ പ്രഖ്യാപിച്ച് നീണ്ടുകിടക്കുന്ന നദിക്കരയിലേക്ക് നടക്കും. നദിക്കരയിലെ ആൾക്കൂട്ടത്തിനിടയിൽ തനിയെ ഇരിക്കാൻ നല്ല രസമാണ്.

പുഷ്‌കരസമയത്ത് വിഗ്രഹങ്ങളൊക്കെ നദിയിൽ ഒഴുക്കും. മഞ്ഞയും ഓറഞ്ചും നിറമുള്ള ജമന്തി പൂമാലകളോടൊപ്പം പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും എല്ലാതരം മാലിന്യങ്ങളും നദിയിൽ ഒഴുകിനടക്കും. വിശുദ്ധി സങ്കൽപ്പിച്ച് നടത്തുന്ന ആരാധനയുടെ ഭാഗമായി നദിയെ അശുദ്ധപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് അറിയുക പോലും ചെയ്യാത്ത, വൈവിദ്ധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും നാടായ ഇന്ത്യയിലെ ‘നിഷ്‌കളങ്കരായ' ഗ്രാമീണർ.

പുഷ്‌കരഘട്ടത്തിലേക്ക് കടക്കുന്നിടത്ത് നീണ്ട പടിക്കെട്ടുകളുണ്ട്. അവിടെ കുറച്ചുസമയം ഇരിക്കുമ്പോൾ, ആ വൃത്തികേടിൽനിന്ന് അൽപ്പം ഒഴിഞ്ഞുമാറാൻ തോന്നും. ഞാൻ നിങ്ങളെ പോലെയല്ല എന്ന് മനസ്സിൽ പ്രഖ്യാപിച്ച് നീണ്ടുകിടക്കുന്ന നദിക്കരയിലേക്ക് നടക്കും. നദിക്കരയിലെ ആൾക്കൂട്ടത്തിനിടയിൽ തനിയെ ഇരിക്കാൻ നല്ല രസമാണ്. നദിയിലൂടെ ചെറുതും വലുതുമായ തോണികൾ എപ്പോഴും ഒഴുകി നടക്കുന്നുണ്ടാവും. ബോട്ടിംഗ്, അവിടെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിനോദമാണ്. അകലെ ചില തുരുത്തുകൾ കാണാം. അരവിന്ദൻ, കാഞ്ചനസീത ചിത്രീകരിച്ചത് രാജമന്ദ്രിയിലാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്.

ഗോദാവരി നദി

പുഷ്‌കരഘട്ടിലെ ഉയരത്തിലുള്ള കൂറ്റൻ ശിവലിംഗപ്രതിമയും അതിൽ നിന്നുള്ള ജലധാരയുമാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു സംഗതി. ഇന്ത്യയിലെ മറ്റേതൊരു സ്ഥലത്തെയും പോലെ വിശ്വാസവിനോദവും ടൂറിസവും അവയുമായി ബന്ധപ്പെട്ട വാണിജ്യവുമെല്ലാം (faith industry) കൂടിക്കുഴയുന്ന പട്ടണമാണിത്. റോഡിൽ നമ്മളെയും വാഹനങ്ങളെയും മുട്ടിയുരുമ്മി നടക്കുന്ന വെള്ള കാളകളും പശുക്കളും എനിക്ക് ഭയം കലർന്ന കൗതുകമായിരുന്നു. കേരളത്തിൽ കാണുന്നതുപോലെ തവിട്ടും കറുപ്പും നിറമുള്ള പശുക്കളെ, അലഞ്ഞു നടക്കുന്നവയുടെ കൂട്ടത്തിൽ ഞാൻ കണ്ടില്ല. അതികഠിനമായ, ഈർപ്പം നിറഞ്ഞ ചൂടാണെങ്കിലും, അവിടുത്തെ മരങ്ങളും ചെടികളുമെല്ലാം കേരളത്തിലെ പോലെ തോന്നിച്ചു. ഇടവഴികളിലൂടെയും കുറ്റിക്കാടുകളിലൂടെയും പഴങ്ങളും കരിക്കും വിൽക്കുന്ന പാതയോരങ്ങളിലൂടെയും ഒഴിവു കിട്ടുമ്പോഴൊക്കെ ഞാൻ ചുറ്റിത്തിരിഞ്ഞു. ചെറിയ കടകളിൽ അഞ്ചുരൂപക്ക് അവർ ഇഡ്ഡലി വിളമ്പി. സാരി ഇസ്തിരിയിട്ടു തരുന്നതിന് വെറും രണ്ടുരൂപയാണ് വഴിയോരത്ത് അത് ചെയ്തിരുന്നവർ വാങ്ങിയത്.

തികച്ചും അവിചാരിതമായാണ് ഞാൻ രാജമന്ദ്രിയിലെത്തുന്നത്. എയ്ഡ്സ് നിയന്ത്രണ പരിപാടിയിലേക്ക് കടന്നതും താരതമ്യേന വൈകിയാണ്. മറ്റു പല രോഗങ്ങളും ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലുള്ളപ്പോൾ എയ്ഡ്‌സിനു മാത്രം കൂടുതൽ ഫണ്ടിംഗ്​, ഏജൻസികളൊക്കെ നൽകുന്നതായി തോന്നിയതിലുള്ള ചെറിയ പ്രതിഷേധം മൂലമായിരുന്നു അത്. ആത്മഹത്യ പോലെ ആരും അക്കാലത്ത് തിരിഞ്ഞുനോക്കാത്ത ഇടങ്ങളിൽ ശ്രദ്ധ കൊടുക്കാനായിരുന്നു എനിക്ക് താൽപര്യം.

ലൈംഗികതൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് എയ്ഡ്‌സിന്റെ ഭാഗമായും മറ്റും ധാരാളം ഫണ്ട് ലഭിക്കുന്നവരാണ് ഞങ്ങൾ എന്നൊക്കെ പലരും പറഞ്ഞു നടന്നെങ്കിലും വാസ്തവം അതായിരുന്നില്ല.

സെക്‌സ് വർക്കർമാരെ കൂടുതൽ അടുത്തറിയാൻ അവസരം കിട്ടുമെന്നതിനാലാണ് പിന്നീട് എയ്ഡ്സ് മേഖലയിലേക്ക് കടക്കുന്നത്. നമുക്കറിയാത്ത, നമ്മളെ പോലെയല്ലാത്തവരുടെ ലോകത്തിൽ ഒന്ന് ചുറ്റിയടിക്കാനുള്ള താൽപര്യം. പുരുഷന്മാരോടുണ്ടാകുന്ന താൽപര്യവും അങ്ങനെ തന്നെയാണ്. അപരരോടുള്ള ഒരനുഭാവം. കേരളം ആദ്യം തന്നെ എയ്ഡ്സ് നിയന്ത്രണ പരിപാടികൾ തുടങ്ങിയിരുന്നതിനാൽ, അതിൽ പ്രവർത്തിച്ച ഞങ്ങളെ പോലെയുള്ളവർക്ക് കരിയറിൽ ഉയർന്നു പോകാനുള്ള വാതിലുകൾ ഇഷ്ടം പോലെ തുറന്നിരുന്നു. എന്റെ കൂടെ ആദ്യം പ്രവർത്തിച്ചിരുന്നവർ മറ്റു രാജ്യങ്ങളിലൊക്കെ, ദേശീയതലത്തിൽ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നവരായി പെട്ടെന്ന് തന്നെ മാറി. വികസനം എന്ന ചട്ടക്കൂടിൽ നിന്ന് കൊണ്ട് വിവിധ രാജ്യങ്ങളിലെ ഭരണ സംവിധാനങ്ങളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു ശൃംഖലയുടെ ഭാഗമാണ് ആരോഗ്യപരിപാടികൾ. വമ്പിച്ച മൂലധന കേന്ദ്രങ്ങളെ അത് വണങ്ങി നിൽക്കുന്നു. മുകളിലേക്കു കയറും തോറും വണക്കത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. അതെനിക്കത്ര വഴങ്ങുമായിരുന്നില്ല. എനിക്കുണ്ടായിരുന്നതിനേക്കാളധികം സോഫിസ്റ്റിക്കേഷൻ അതിനാവശ്യമായിരുന്നു. വികസന ലോകത്ത് അതിന്റേതായ ഭാഷ രൂപപ്പെടും. അതും, നമ്മുടെ ചിന്തയിലൂടെയും ആളുകളുമായുള്ള ഇടപെടലുകളിലൂടെയും രൂപപ്പെടുന്ന ഭാഷയും തമ്മിൽ പൊരുത്തപ്പെടുത്തി എടുക്കാൻ കുറച്ച് പ്രയാസമുണ്ടാകും. അധികാരശ്രേണിയിൽ കുറച്ച് താഴെ നിലയുറപ്പിച്ചാൽ അതിൽ നിന്ന് ഭാഗികമായി മോചനം കിട്ടും. അങ്ങനെയുള്ള ഇടങ്ങളാണ് ഞാൻ തേടി കൊണ്ടിരുന്നത്. സ്വന്തമായി ഒരു സംഘടന രൂപപ്പെടുത്തിയിരുന്നെങ്കിലും അതിന് ഫണ്ട് സ്വരൂപിക്കുന്നിടത്ത് ഇതേ പ്രശ്‌നമുണ്ടായിരുന്നു.

സ്‌പോൺസർമാരുമായി ഞാൻ കുറച്ചുനേരം സംസാരിച്ചു കഴിയുമ്പോൾ ഇതത്ര ശരിയാവില്ല എന്നൊരു ബോദ്ധ്യം അവർക്കുണ്ടാകും. അങ്ങനെ സംഘടന ഉപേക്ഷിച്ച് കളയാം എന്നാലോചിക്കുമ്പോഴാണ് ഡോ. ജാന പുതിയ പദ്ധതിയുമായി വരുന്നത്. ലൈംഗിക തൊഴിലാളികളുടെ കാര്യത്തിൽ സമാനമായ നിലപാടുകളായതു കൊണ്ടും അദ്ദേഹം വികസനഭാഷയിൽ നിന്നൊക്കെ വ്യതിചലിച്ച് മിക്കപ്പോഴും സ്വന്തം ശൈലിയിൽ സംസാരിച്ചിരുന്നതുകൊണ്ടും എനിക്ക് അദ്ദേഹത്തോടോപ്പം കുറച്ചുകാലം ജോലി ചെയ്യുന്നതിൽ കുഴപ്പമില്ല എന്നു തോന്നി. ഇന്ത്യയിൽ എച്ച്​.ഐ.വി കൂടുതലുള്ള ആറു സംസ്ഥാനങ്ങളിൽ അത് നിയന്ത്രിക്കാൻ ബിൽ ആൻറ്​ മിലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷൻ (Bill and Melinda Gates Foundation) ഫണ്ട് ചെയ്യുന്ന പദ്ധതിയായിരുന്നു അത്. ഡോ. ജാന ആ സമയത്ത് ‘കെയർ ഇന്ത്യ'യുടെ തലപ്പത്ത് പ്രവർത്തിക്കുകയായിരുന്നു.

ജി. അരവിന്ദന്റെ കാഞ്ചനസീതയിലെ ഒരു രംഗം

ലൈംഗികതൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് എയ്ഡ്‌സിന്റെ ഭാഗമായും മറ്റും ധാരാളം ഫണ്ട് ലഭിക്കുന്നവരാണ് ഞങ്ങൾ എന്നൊക്കെ പലരും പറഞ്ഞു നടന്നെങ്കിലും വാസ്തവം അതായിരുന്നില്ല. അന്ന് എയ്ഡ്‌സിന് പ്രധാനമായും ഫണ്ട് നൽകിയിരുന്ന USAID പ്രധാനമായും മുന്നോട്ടു വച്ചിരുന്ന വ്യവസ്ഥ അവരുടെ ഫണ്ട് ലൈംഗിക തൊഴിലാളികളെ പിന്തുണക്കുന്ന സംഘടനകൾക്ക് നൽകരുത് എന്നതായിരുന്നു. എന്നാൽ, ഗേറ്റ്‌സ് സ്വന്തം നിലയിൽ തരുന്ന ഫണ്ടായതു കൊണ്ട് ഇത്തരം വ്യവസ്ഥ ഇല്ലായിരുന്നു എന്ന മാത്രമല്ല, അവർ സോനാഗാച്ചി മോഡലിൽ തന്നെ അവരുടെ പദ്ധതി നടപ്പാക്കാൻ താൽപ്പര്യം കാട്ടുകയും ചെയ്തു. അത് കൊണ്ടാവണം ഡോ. ജാന അതിനായി മുന്നിട്ടിറങ്ങിയത്.
രാജമന്ദ്രി, അക്കാലത്ത് ധാരാളം ലൈംഗിക തൊഴിൽ നടക്കുന്നതും എന്നാൽ എയ്ഡ്സ് നിയന്ത്രണ പരിപാടികളില്ലാത്തതുമായ സ്ഥലമായിരുന്നതിനാൽ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മാതൃകാപദ്ധതിയായി അവിടെ ഒരു പ്രോഗ്രാം തുടങ്ങാൻ തീരുമാനിക്കുകയും അതിനായി എന്നെ ക്ഷണിക്കുകയുമാണുണ്ടായത്. അത് സ്വീകരിച്ചതിന്റെ ഫലമായാണ് ഞാൻ രാജമന്ദ്രിയിലെത്തിയത്.

ലൈംഗിക തൊഴിലാളികൾ, മനുഷ്യർ എന്ന നിലയിൽ സംഘടിക്കുമ്പോൾ അത് പുതിയ ധാർമികത ഉയർത്തുന്നുണ്ട്.

ഈസ്‌റ്റ്​ ഗോദാവരിയിലേക്കുള്ള എന്റെ ആദ്യത്തെ പ്രവേശം അതിന്റെ ഹെഡ് ക്വർട്ടേഴ്‌സായ കാക്കിനടയിലൂടെയായിരുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള ഈ പട്ടണത്തിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടങ്ങളായ കെട്ടിടങ്ങൾ ഇപ്പോഴും കാണാം. ബീച്ചിലെ മണൽക്കാടുകളിൽ ലൈംഗിക സേവനം നടത്തുന്ന സ്ത്രീകൾ ഇവിടുത്തെ പ്രത്യേകതയാണ്. 2004 ൽ ഇന്ത്യ സമുദ്രത്തിലുണ്ടായ സുനാമി ഈ പ്രദേശത്തെ ഒക്കെയും സാരമായി ബാധിച്ചു. പ്രോഗ്രാമിന് മുന്നോടിയായി ജില്ലാഭാരവാഹികളെ കൂടി പങ്കെടുപ്പിച്ച്​ ഡോ. ജാന ഒരു സമ്മേളനം വിളിച്ചുകൂട്ടിയതിൽ പങ്കെടുക്കാനാണ് ഞാൻ പോയത്. എയ്ഡ്സ് നിയന്ത്രണത്തിൽ വളരെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്ന ആന്ധ്രയിലെ അതിന്റെ ഡയറക്ടർ ദമയന്തി, കളക്ടർ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഒക്കെ അതിൽ പങ്കെടുത്തു. നേരത്തെ തന്നെ കാക്കിനടയിൽ വെലുഗുരേഖ (വെള്ളി രേഖ) എന്ന പേരിൽ ലൈംഗികതൊഴിലാളികളുടെ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവർ കേരളത്തിൽ ഞങ്ങൾ നടത്തിയ സമ്മേളനത്തിലും പങ്കെടുത്തു. കാക്കിനടയുടെ പ്രാന്തപ്രദേശത്തുള്ള പെദ്ദാപുരം പരമ്പരാഗതമായി നൃത്തവും ലൈംഗികത്തൊഴിലും ചെയ്യുന്ന സ്ത്രീകൾക്ക് പ്രസിദ്ധി നേടിയതാണ്. കാക്കിനടയിൽ നിന്നും ഞങ്ങൾ രാജമന്ദ്രിയിൽ വന്നിട്ടാണ് ഹൈദരാബാദിലേക്ക് പോയത്. ആ യാത്രയിൽ തന്നെ ഈസ്‌റ്റ്​ ഗോദാവരിയെക്കുറിച്ചും അവിടുത്തെ ലൈംഗികതൊഴിലിനെക്കുറിച്ചും ചെറിയ ഒരു രൂപം കിട്ടി.

ഞങ്ങളുടെ മീറ്റിംഗിൽ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രോഗ്രാമായ ‘അവാഹാനി’ൽ (ആഹ്വാനം എന്നർത്ഥം) നിന്നുണ്ടായിരുന്നത് പത്മാ ചന്ദ്രശേഖർ എന്ന ഊർജ്വസ്വലയായ യുവതി ആയിരുന്നു. മക്എൻസി കമ്പനിയിൽ നിന്ന് വിരമിച്ച മലയാളിയായ അശോക് അലക്സാണ്ടർ ആയിരുന്നു അവരുടെ ഡയറക്ടർ. അവാഹാന്റെ ബിസിനസ്​ മോഡലിനെ കുറിച്ചും ഇന്ത്യയിലെ തെരഞ്ഞെടുത്ത ആറു സംസ്ഥാനങ്ങളിൽ ഈ പ്രവർത്തനങ്ങളുടെ തോത് വർദ്ധിപ്പിച്ച് എങ്ങനെ വിജയം നേടാമെന്നതിനെ കുറിച്ചുമാണ് അവർ സംസാരിച്ചത്. സെക്‌സ് വർക്കും ബിസിനസിന്റെ ലോകമാണെങ്കിലും അവരുടെ ജീവിത യാഥാർഥ്യങ്ങൾ വേറൊരു തലത്തിലാണ് നടക്കുന്നതെന്ന ബോദ്ധ്യം കേരളത്തിലെ അനുഭവങ്ങളിൽ നിന്ന് എനിക്കുണ്ടായിരുന്നു. എച്ച്​.ഐ.വി. തടയുന്നതിന് സുരക്ഷാ ഉറകൾ ഉപയോഗിക്കുക തന്നെ വേണം. ഓരോ ഹോട്ട്‌സ്‌പോട്ടു (കൂടുതൽ വ്യാപാരങ്ങൾ നടക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ട് എന്ന് പറയുന്നത്) കളിലും എത്ര സ്ത്രീകളുണ്ടെന്നും എത്ര ബന്ധങ്ങളുണ്ടാകാനിടയുണ്ടെന്നും കണക്കാക്കുകയും അത്രയും ഉറകൾ വിതരണം ചെയ്തു എന്നുറപ്പാക്കുകയുമാണ് ലളിതമായ കണക്കു കൂട്ടലിലൂടെ പ്ലാൻ ചെയ്യാൻ കഴിയുന്നത്. സമയബന്ധിതമായി അത് ചെയ്താൽ മാത്രമേ ഉദ്ദേശിക്കുന്ന തരത്തിൽ എച്ച്​.ഐ.വി നിയന്ത്രിക്കാൻ കഴിയൂ.
ലൈംഗിക വേല നിയമവിരുദ്ധമാണെന്നും തെറ്റാണെന്നുമുള്ള വിശ്വാസം നില നിൽക്കുന്ന സമൂഹത്തിൽ അതിലേർപ്പെടുന്നവരെ ചൂഷണം ചെയ്യാൻ മറ്റുള്ളവർക്ക് എളുപ്പമാണ്. ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഭാഗമായതിനാൽ അവർ എപ്പോഴും ഒരു മറക്കുള്ളിലാണ്. അതിനാൽ, അവർക്ക് നേരെയുള്ള അക്രമവും വിചാരണ ചെയ്യപ്പെടുന്നില്ല.

ഡോ. സ്മരജിത് ജാന

പരസ്പരം മത്സരിച്ച് ബിസിനസ്​ നടത്തുമ്പോഴും ഒരു പൊതു ധാർമികതയുടെ കുടക്കീഴിൽ അവർക്ക് അണിനിരക്കാൻ സാധിക്കുകയില്ല. അവർ തമ്മിൽ പോരടിക്കുകയോ അദൃശ്യരായിരിക്കുകയോ ചെയ്യുന്നു. ബ്രോതലുകൾ നടത്തുന്നവർ അധോലോകത്തിന്റെ ഭാഗമായി മാറുന്നു. സാമ്പത്തിക ഇടപാടുകളുടെ ലോകങ്ങളെല്ലാം തന്നെ ഏതെങ്കിലും തരത്തിൽ അധോലോകവുമായി കണ്ണിചേർക്കപ്പെടുന്നുണ്ട്. ഉപരി ലോകത്തിലെ ബിസിനസുകൾ ശുദ്ധമായും ധാർമികമായുമാണ് പ്രത്യക്ഷപ്പെടുന്നത്. ലാഭം നില നിർത്താൻ കഴിയുന്നിടത്തോളം ദീനാനുകമ്പ ചൊരിയാനും അവക്ക് സാധിക്കും. ബിസിനസ് തത്വങ്ങൾക്ക് കോട്ടം വരാതെയും നില നിൽക്കുന്ന ധാർമ്മികത ഉയർത്തി പിടിച്ച് കൊണ്ടുമാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (Corporate Social Responsibiity) അതിന്റെ ധർമം നിർവ്വഹിക്കുന്നത്.

ലൈംഗിക തൊഴിലാളികൾ, മനുഷ്യർ എന്ന നിലയിൽ സംഘടിക്കുമ്പോൾ അത് പുതിയ ധാർമികത ഉയർത്തുന്നുണ്ട്. വാക്‌സിനുകളും മരുന്നുകളും ഇല്ലാത്ത സാഹചര്യത്തിൽ അവരുടെ സംഘാടനം സുരക്ഷാ ഉറ ഉപയോഗത്തിലൂടെ എയ്ഡ്സ് നിയന്ത്രണത്തിന് ഫലപ്രദമായി മാറുന്നു എന്ന് കണ്ടതുകൊണ്ടാണ് ഗവണ്മെന്റുകളും മറ്റു ഏജൻസികളും അത് അംഗീകരിച്ചത്. ധാർമികതയേക്കാൾ പരിപാടിയുടെ വിജയമാണ് പൊതു ബോധത്തിൽ പ്രസക്തമായി വരുന്നത്. പരിപാടിയുടെ വിജയത്തിന് കുറെക്കൂടി എളുപ്പമുള്ള മറ്റൊരു മാർഗം കണ്ടെത്തിയാൽ അധികാരികൾ സ്ത്രീകളുടെ സംഘാടനത്തിന് പ്രാമുഖ്യം കൊടുക്കണമെന്നില്ല. ഉദാഹരണത്തിന് എയ്ഡ്‌സിന് ഫലപ്രദമായ വാക്‌സിൻ ഉണ്ടായിരുന്നു എങ്കിൽ ലൈംഗിക തൊഴിലാളികളോട് ആഭിമുഖ്യം കാട്ടുമായിരുന്നോ എന്ന് പറയാൻ കഴിയില്ല.

ലൈംഗിക തൊഴിലാളികളുടെ മുന്നേറ്റം ഒരു സാമൂഹ്യമാറ്റമാണ്. അത് അളന്നെടുക്കാൻ പ്രയാസമുള്ളതും ചിലപ്പോൾ പരാജയപ്പെട്ടു പോയേക്കാവുന്നതുമാണ്.

സ്ത്രീകൾ രാഷ്ട്രീയമായി ഒത്തു ചേരുന്നതോടൊപ്പമാണ് അവർക്ക് സാമൂഹ്യമാറ്റത്തിനുള്ള ഏജന്റുമാരാകാനും കഴിയുന്നതെന്നായിരുന്നു ഡോ. ജാനയുടെ കണ്ടെത്തൽ. അവർക്ക് ആത്മവിശ്വാസത്തോടൊപ്പമാണ് സാമൂഹ്യമായ ഉത്തരവാദിത്വവുമുണ്ടാകുന്നത്. അങ്ങനെ മുന്നോട്ടു വരുന്ന സ്ത്രീസംഘടന സമൂഹത്തിന്റെ ഘടനയെ പുതിയ ധാർമികതക്കനുകൂലമായി മാറ്റിയെടുക്കുകയും വേണം. ആരോഗ്യ വ്യവസ്ഥയിൽ ഇന്ന് നിലനിൽക്കുന്ന വിവേചനം മാറിയാൽ മാത്രമേ സെക്‌സ് വർക്കർമാർ അവിടെ നിന്നുള്ള നിർദ്ദേശങ്ങളും സേവനങ്ങളും ഉൾക്കൊള്ളൂ. ഇത് സോനാഗാച്ചിയിൽ ദുർബാർ എന്ന സംഘടനയിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ഇത് തത്വത്തിൽ അംഗീകരിക്കുന്നതിന് ഗേറ്റ്‌സിന്റെ അവാഹാൻ ഫൗണ്ടേഷന് പ്രശ്‌നമുണ്ടായില്ല. എന്നാൽ വിരുദ്ധമൂല്യങ്ങളിലൂടെ സ്ത്രീകളെ ഇല്ലായ്മ ചെയ്യാനോ ചൂഷണം ചെയ്യാനോ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെങ്ങും വ്യാപിച്ചു കിടക്കുന്ന വിവിധ സ്ഥാപനങ്ങളെ എങ്ങനെ മാറ്റിയെടുക്കും എന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു. ഏറ്റവും ഉയർന്ന തട്ടിൽ അവാഹാന്റെ കോർപ്പറേറ്റ് മാനേജർമാർ, അതിനു താഴെ ഞങ്ങളുടെ കെയർ ഇന്ത്യ പോലെയുള്ള ഏജൻസികളിലെ മാനേജർമാർ, ഫീൽഡ് തലത്തിലുള്ള സൂപ്പർവൈസർമാർ, സ്ത്രീ നേതാക്കളുടെ നിര എന്നിവ കഴിഞ്ഞാണ് അസംഘടിതരായ സ്ത്രീകളിൽ പ്രവർത്തനം ചെന്നെത്തേണ്ടത്.

AIDS ബോധവത്കരണത്തിന്​ ഫണ്ട് നൽകിയിരുന്ന USAID പ്രധാനമായും മുന്നോട്ടു വച്ചിരുന്ന വ്യവസ്ഥ അവരുടെ ഫണ്ട് ലൈംഗിക തൊഴിലാളികളെ പിന്തുണക്കുന്ന സംഘടനകൾക്ക് നൽകരുത് എന്നതായിരുന്നു. / Photo: nswp.org

ബിസിനസ് മോഡലിൽ കാര്യപ്രാപ്തിക്ക് വലിയ സ്ഥാനമുണ്ട്. നിരന്തരം ഉത്പന്ന മൂല്യം അവലോകനം ചെയ്യുന്ന ഒരു സംവിധാനവും അതിൽ ഉൾച്ചേർന്നിരിക്കും. ഇത്തരത്തിലുള്ള അവലോകനം പലപ്പോഴും അളന്നും എണ്ണിയും എടുക്കാൻ പാകത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് . ഇതിൽ എത്ര സുരക്ഷാ ഉറകൾ വിതരണം ചെയ്തു എന്നതിന്റെ കണക്കെടുപ്പായിരിക്കും നടക്കുന്നത്. സാമൂഹ്യമാറ്റം ഇത്തരത്തിൽ അളന്നെടുക്കാൻ കഴിയുന്നതാവില്ല. ലൈംഗിക തൊഴിലാളികളുടെ മുന്നേറ്റം ഒരു സാമൂഹ്യമാറ്റമാണ്. അത് അളന്നെടുക്കാൻ പ്രയാസമുള്ളതും ചിലപ്പോൾ പരാജയപ്പെട്ടു പോയേക്കാവുന്നതുമാണ്. ക്രമത്തിലുള്ള വളർച്ചയേക്കാൾ, സംഭവിച്ചേക്കാവുന്നതോ പരാജയപ്പെട്ടേക്കാവുന്നതോ ആയ ചില കുതിച്ചുചാട്ടങ്ങളെയാണ് അതിനായി സങ്കല്പിക്കാവുന്നത്. തമ്മിൽ ചേർത്ത് കൊണ്ട് പോകാൻ പ്രയാസമുള്ള ഈ രണ്ട് വ്യത്യസ്ത നിലകൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനുള്ള ദുർഘടമായ ഒരു സന്ധിയിലാണ് ഞാൻ പെട്ടിട്ടുള്ളതെന്ന് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി.

നേരത്തേ പറഞ്ഞ അഞ്ചു പാളികളിലുമുള്ള മനുഷ്യരെല്ലാം നില നിൽപ്പിനായും നില മെച്ചപ്പെടുത്താനും എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാൽ താഴത്തെ രണ്ട് പാളികളിലുള്ള ലൈംഗിക തൊഴിലാളികൾ പൊതു സമൂഹത്തിൽ നിന്ന് ബഹിഷ്‌കൃതരും മുകളിലുള്ളവരിൽ നിന്ന് വളരെ അകലത്തിൽ നിൽക്കുന്നവരുമാണ്. അവരുടെ ഭാഷ, ഭാവുകത്വം, അതിജീവനതന്ത്രങ്ങൾ എന്നിവയെല്ലാം മുകളിൽ നിൽക്കുന്നവരിൽ നിന്ന് വ്യത്യസ്തമാണ്. അവരുമായുള്ള യഥാർത്ഥ ഇടപെടൽ ഘടനാപരമായ മാറ്റം ആവശ്യപ്പെടുന്നുണ്ട്. ഇതൊന്നും ബിസിനസ്​ മോഡലിന്റെ മൂല്യനിർണയത്തിൽ കണക്കിലെടുക്കാൻ സാദ്ധ്യതയില്ല. എന്നാലും ഡോ. ജാനയുടെ സാന്നിദ്ധ്യം കഴിയാവുന്നത്ര മാറ്റങ്ങൾക്ക് അവസരം നൽകുമെന്നും പ്രതീക്ഷിച്ചു. ചില കാര്യങ്ങളിൽ ജാന ആദ്യം തന്നെ നിഷ്‌കർഷ പുലർത്തി. പദ്ധതികളിലെ സ്റ്റാഫ് റിക്രൂട്ട്‌മെൻറ്​ ബോർഡിൽ ലൈംഗിക തൊഴിലാളി സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാവുക, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നല്ല പ്രതിഫലം നൽകുക, അവരെ തന്നെ മറ്റുള്ളവർക്ക് പരിശീലകരാക്കുക, അവലോകനത്തിലും മൂല്യ നിർണയത്തിലും പങ്കാളികളാക്കുക എന്നിങ്ങനെയുള്ള ഘടനാപരമായ മാറ്റങ്ങൾക്കാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാജമന്ദ്രി മാതൃക ആറു സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള പദ്ധതിയായിരുന്നു തുടങ്ങി വച്ചത്.

ലൈംഗിക തൊഴിലാളികൾ പൊതു സമൂഹത്തിൽ നിന്ന് ബഹിഷ്‌കൃതരും മുകളിലുള്ളവരിൽ നിന്ന് വളരെ അകലത്തിൽ നിൽക്കുന്നവരുമാണ്. അവരുടെ ഭാഷ, ഭാവുകത്വം, അതിജീവനതന്ത്രങ്ങൾ എന്നിവയെല്ലാം മുകളിൽ നിൽക്കുന്നവരിൽ നിന്ന് വ്യത്യസ്തമാണ്.

പുതുമോടിയിൽ ഇതൊക്കെ കുറെയൊക്കെ നടക്കുകയും പിന്നീട് അവിടെയും ഇവിടെയുമൊക്കെയായി സ്ത്രീകൾക്ക്ചില പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എങ്കിലും പദ്ധതികൾ മുന്നോട്ടു പോയപ്പോൾ സ്ത്രീകളുടെ അവകാശരാഷ്ട്രീയത്തിലേക്കൊന്നും കടക്കാതെ, സുരക്ഷാ ഉറകൾ വൻ തോതിൽ ചെലവാക്കാൻ സംസ്ഥാനതലത്തിലുള്ള വലിയ പദ്ധതികൾക്ക് കഴിഞ്ഞപ്പോൾ ബിസിനസ്​ മോഡൽ സ്വാഭാവികമായും അങ്ങോട്ടേക്ക് ചാഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. ഏതായാലും വൻ തോതിൽ സുരക്ഷാ ഉറകൾ വിതരണം ചെയ്ത അവാഹാൻ പദ്ധതിയോടെ അത് നടപ്പാക്കിയ ദക്ഷിണേന്ത്യൻ സാംസ്ഥാനങ്ങളിലും നോർത്ത് ഈസ്റ്റിലും(ആന്ധ്ര, കർണ്ണാടക, തമിഴ്നാട് , മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്) എച്ച്​.ഐ.വി നന്നായി കുറഞ്ഞിട്ടുണ്ട്.

സമാന്തരമായി, സെക്‌സ് വർക്ക് രാഷ്ട്രീയത്തിനും, സാമൂഹ്യമേഖലയിൽ നേർത്തതെങ്കിലും ഒരു അടയാളം പതിപ്പിക്കാനും സാധിച്ചു. ലക്ഷ്യം വച്ച് തുടങ്ങിയ രൂപരേഖയിൽ നിന്നും അൽപ്പം മാറിയുണ്ടാകുന്ന മനോഹരമായ പരിണിതഫലങ്ങളുടെ ഒരു ഉദാഹരണം കൂടിയാണിത്.
സാധാരണ ജനങ്ങൾക്കുവേണ്ടിയുള്ള ഏതു പദ്ധതികളാണെങ്കിലും അതിന്​ നീക്കി വയ്ക്കുന്ന വിഭവങ്ങളും അതിന്റെ കയ്യാളലും വിതരണവും ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ മനസ്സിലാവും. പണം കയ്യിലെത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് കൂടുതൽ അധികാരം കൈവരും. ചെറിയ പദ്ധതികളുടെ തലപ്പത്തുള്ളവർ വലിയ വലിയ പ്രോജക്ടുകളിലേക്ക് പോകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇതുകൊണ്ടാണ്. ഈ പദ്ധതികളിലെ എല്ലാം വലിയൊരു വിഹിതം നിലവിലുള്ള വ്യവസ്ഥക്കനുസരിച്ച് പല വിധത്തിൽ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഉദാഹരണത്തിന് ബന്ധപ്പെട്ടവർക്ക് യാത്ര ചെയ്യാനുള്ള എയർ ടിക്കറ്റുകൾ, താമസിക്കാനുള്ള ഹോട്ടൽ സൗകര്യങ്ങൾ, കമ്പ്യൂട്ടറുകൾ പോലെയുള്ള സാമഗ്രികൾ എന്നിവക്ക് ചെലവാക്കുന്ന പണം തിരികെ എത്തുന്നത് മുതലാളിമാരുടെ കയ്യിൽ തന്നെയായിരിക്കും. വീണ്ടും ദീനാനുകമ്പ പ്രവർത്തനങ്ങൾക്കായി നമുക്ക് ഈ മുതലാളിമാരെ തന്നെ ആശ്രയിക്കേണ്ടി വരും. അന്ന് പോപ്പുലറായിരുന്ന കിംഗ്ഫിഷറിന്റെ ഉടമസ്ഥനെ ലൈംഗിക തൊഴിലാളികളുടെ സംഘടന അവർക്കാവശ്യമായ ക്ഷേമകാര്യങ്ങൾക്കായി സമീപിച്ചിരുന്നതായി ഓർക്കുന്നു. ആ സ്ഥാപനം പിന്നീട് തകർന്നു പോവുകയും അതിന്റെ ഉടമ കടം താങ്ങാനാവാതെ നാട് വിടുകയും ചെയ്തു. ബിസിനസിൽ എപ്പോഴും തകരാനുള്ള റിസ്‌ക് ഒളിഞ്ഞിരിപ്പുണ്ട്.

അവാഹൻ ഫൗണ്ടേഷൻ 2004 മുതൽ 2008 വരെ ലെെംഗിക തൊഴിലാളികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ വീശദീകരിക്കുന്ന ചാർട്ട് / Photo: gatesnotes.com

ഭാഷ തന്നെ വശമില്ലാത്ത പുതിയ സ്ഥലത്ത് ഇത്തരത്തിൽ പല വിധ സന്ദേഹചിന്തകളുണ്ടായെങ്കിലും കഴിയുന്നിടത്തോളം ശ്രമിച്ചു നോക്കാമെന്നു കരുതി ഞാൻ ജോലിയിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങൾ രാജമന്ദ്രിയിൽ ഒരു വീട് വാടകക്കെടുത്ത് സ്ത്രീകളെ കണ്ടെത്താനാരംഭിച്ചു. അവിടെയും ഇതിനായി വീടുകിട്ടാൻ ആദ്യം കുറച്ച് പ്രയാസപ്പെട്ടു. ഓഫീസിനടുത്ത് തന്നെ ഒരു ക്ലിനിക്കും തുടങ്ങി. ഞാനൊഴികെ പ്രോജക്റ്റിലുണ്ടായിരുന്ന എല്ലാവരും നാട്ടുകാരായിരുന്നത് കൊണ്ട് സ്ത്രീകളെ കണ്ടെത്താൻ വലിയ പ്രയാസമുണ്ടായില്ല. കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായി അവർക്ക് കുറേക്കൂടി പൊതുസമൂഹത്തിൽ ദൃശ്യത ഉണ്ടായിരുന്നു. എങ്കിലും കൂടുതൽ സ്ത്രീകളേയും അവരുടെ പ്രവർത്തനരീതികളെയും അറിയാൻ അവരിൽ നിന്ന് തന്നെയുള്ള നേതൃത്വം വളർത്തി എടുക്കേണ്ടതുണ്ട്.

ഈസ്റ്റ് ഗോദാവരി ജില്ലയിൽ ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നതും അല്ലാത്തതുമായ സ്ഥലങ്ങളുടെ ഒരു ഭൂപടം തയാറാക്കി. പ്രോജക്ടിന്റെ ഭാഷയും സ്ത്രീകളുടെ ഭാഷയും തമ്മിലുള്ള വൈരുദ്ധ്യം എനിക്ക് എപ്പോഴും അനുഭവപ്പെടുന്ന ഒന്നാണ്. ഭാഷ എന്ന് പറയുമ്പോൾ സംസാരഭാഷയെക്കുറിച്ചല്ല, ഓരോ ജീവിതവ്യവഹാരങ്ങളെയും ആവിഷ്‌കരിക്കുന്ന രീതിയാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. നമ്മൾ അവരുടെ അടുത്തേക്ക് പോകുന്നതുതന്നെ ചില ടൂളുകളുമായാണ്. അവ നമ്മുടെ പ്രവർത്തനങ്ങൾ അളക്കാനും മറ്റുള്ളവരെ കാണിക്കാനും ഉപകാരപ്രദമായിരിക്കും. എന്നാൽ അവരുമായുള്ള സംഭാഷണത്തിൽ ഉദ്ദേശിക്കുന്ന തരത്തിലുള്ള വിനിമയം നടക്കണമെന്നില്ല. ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയുമായിട്ടായിരിക്കും അവർ നമ്മുടെ അടുത്തെത്തുന്നത്. അവരുടെ ആവശ്യങ്ങളും നമ്മുടെ ആവശ്യങ്ങളും തമ്മിൽ ഒരു കൊടുക്കൽ വാങ്ങൽ എപ്പോഴും നടക്കും.

‘കലാവന്തലു' എന്ന ഉയർന്ന ജാതിയിൽ പെടുന്ന സ്ത്രീകളാണ് പെദ്ദാപുരം പോലെയുള്ള സ്ഥലങ്ങളിൽ സേവനം ചെയ്യുന്നത്. അവർ നൃത്തം കൊണ്ടും പാട്ടു കൊണ്ടും രാജാക്കന്മാരെ സന്തോഷിപ്പിച്ചിരുന്നവരാണ്.

ആരോഗ്യസ്ഥാപനങ്ങളിൽ നിന്ന് പൊതുവെ അപമാനവും വിവേചനവും നേരിടേണ്ടി വരുന്നതിനാൽ അവിടങ്ങളിൽ പോകാൻ അവർ താൽപ്പര്യം കാണിക്കാറില്ല. അതിനു പകരം ആന്ധ്രയിൽ അവർ RMP വിഭാഗത്തിൽ പെട്ട, ചില സർട്ടിഫിക്കറ്റുകൾ ഉള്ളവരുടെ അടുത്താണ് പോകാറുള്ളത്. കേരളത്തിലാണെങ്കിൽ ഇവരെ വ്യാജന്മാരായി കണക്കാക്കും. ലൈംഗികരോഗങ്ങൾ വരാതിരിക്കാൻ സ്ത്രീകൾ മാസം തോറും അവരുടെ അടുത്തുപോയി പെനിസിലിൻ ഇഞ്ചക്ഷൻ ചെയ്യുന്നു. എയ്ഡ്സ് രോഗം ഇത് മൂലം ഒഴിവാക്കാൻ കഴിയില്ല എന്ന് ഈ ചികിത്സകർക്കോ സ്ത്രീകൾക്കോ അറിയില്ല. അതെ സമയം, സ്ത്രീകൾക്ക് ഇപ്പോഴത്തെ, ‘പതിതരെന്ന' ലേബലിൽ അവരുടെ അടുത്തുപോയാലാണ് ആശ്വാസം ലഭിക്കുക. ആരോഗ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാമെങ്കിലും അതിൽ ശരിക്ക് മാറ്റം വരണമെങ്കിൽ സ്ത്രീകൾ സ്വയം സംഘടിച്ച് അവരുടെ ആത്മാഭിമാനം ഉയർത്തി കാട്ടേണ്ടതുണ്ട്. താൽക്കാലികമായി ക്ലിനിക്കുകൾ തുടങ്ങിയാലും ഭാവിയിൽ അത് വേണ്ടി വരും.

വളരെ വ്യത്യസ്ത സാഹചര്യങ്ങളിലാണ് അവിടെ ലൈംഗിക തൊഴിൽ നടന്നിരുന്നത്. റോഡിൽ വെറും അഞ്ചു രൂപക്ക് പോലും ശരീരം നൽകേണ്ടി വരുന്ന പാവപ്പെട്ടവർ മുതൽ പരമ്പരാഗതതൊഴിലായി സ്വീകരിച്ചിട്ടുള്ള ഉന്നതർ വരെ ഇതിൽ പെടുന്നു. ‘കലാവന്തലു' എന്ന ഉയർന്ന ജാതിയിൽ പെടുന്ന സ്ത്രീകളാണ് പെദ്ദാപുരം പോലെയുള്ള സ്ഥലങ്ങളിൽ സേവനം ചെയ്യുന്നത്. അവർ നൃത്തം കൊണ്ടും പാട്ടു കൊണ്ടും രാജാക്കന്മാരെ സന്തോഷിപ്പിച്ചിരുന്നവരാണ്. മുൻപ് ഒരു പെൺകുട്ടി വളർന്നു കഴിഞ്ഞാൽ അവൾ കുലത്തൊഴിലിലേക്ക് പോകണോ അതോ വിവാഹം കഴിക്കണോ എന്ന് അവരവർ തന്നെ തീരുമാനിച്ചിരുന്നു. കുലത്തൊഴിൽ സ്വീകരിക്കുന്നവർക്ക് ക്ഷേത്രത്തിൽ വിവാഹം പോലെയുള്ള ചടങ്ങുകളും ആഘോഷവുമൊക്കെ ഉണ്ടായിരിക്കും. രാത്രി ശിവനുവേണ്ടി അവർ നൃത്തം ചെയ്യുന്നു. പിറ്റേ ദിവസം അവരുടെ ആദ്യരാത്രി ഘോഷിക്കപ്പെടും. നല്ല പണം നല്കുന്നവർക്കാണ് സ്ത്രീകൾ സേവനം നൽകുന്നത്. സമുദായഭരണസമിതികളിൽ നിന്ന് പണ്ട് അവർക്ക് ഭൂമിയും ലഭിച്ചിരുന്നു.

രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും സേവനം നല്കിയിരുന്നതിനാൽ അന്നത് അവർ അഭിമാനമായി കരുതി. മറ്റുള്ളവരേയും അവർ രാജാക്കന്മാരെ പോലെ പരിചരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ടു. ഇഷ്ടപ്പെട്ട ഭക്ഷണം വിളമ്പുക, പാട്ടു പാടുക, ചാമരം കൊണ്ട് വീശുക, വെറ്റിലക്കൂട്ട് തയാറാക്കി കൊടുക്കുക, അതിഥി പോകാൻ തുടങ്ങുമ്പോൾ ‘പോകരുതേ' എന്ന് യാചിക്കുക എന്നതൊക്കെ അവർ ചെയ്തിരുന്നു. ഇതൊക്ക പുരുഷന്മാർ ഇഷ്ടപ്പെട്ടു. തങ്ങൾക്ക് ലഭിച്ചിട്ടുള്ള പ്രശസ്തി വിശിഷ്ടമായ സേവനത്തിന്റെ മഹിമയാണെന്നവർ കരുതുന്നു. അവിടെ നിന്നുയർന്ന പ്രശസ്തരായ സിനിമ താരങ്ങളും അവർക്കഭിമാനമാണ്. എല്ലാ ജാതിക്കാരും ചെയ്യുന്നതിനാൽ ഇപ്പോൾ കുലത്തൊഴിലിന് അപചയം വന്നതായി അവർ വിചാരിക്കുന്നു. അവരുടെ സമുദായ സംഘടന ഇത് അപമാനമായി കാണുന്നു. ജാതിയുടെ പേര് സൂര്യബരിജ എന്ന് മാറ്റുകയും ചെയ്തു. ഈ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ഇപ്പോൾ അവരുടെ ജാതിയിൽ നിന്ന് തന്നെ എതിർപ്പുണ്ടാകുന്നതായി അവർ പറയുന്നു. എന്നാൽ, പല സ്ത്രീകളും അവരുടെ ഭൂതകാലത്തിൽ അഭിമാനിക്കുകയും രാജകുമാരന്മാരെ സങ്കൽപ്പകാമുകരാക്കുകയും ചെയ്യുന്നുണ്ട്. ദേവദാസി പോലെ താഴ്ന്ന ജാതിയിൽ പെടുന്ന ദൊമ്മരു സമുദായവും ഇത് കുലത്തൊഴിലായി സ്വീകരിച്ചിരുന്നു.

രാജമന്ദ്രിയിൽ വന്നു ചേരുന്നവരിൽ ഭൂരിഭാഗവും എന്താണെന്നറിഞ്ഞു കൊണ്ട് തന്നെ സ്വയം തൊഴിൽ തേടി വരുന്നവരാണ്. പലരും ആദ്യം തന്നെ അഡ്വാൻസ് പണം വാങ്ങി വീട്ടിലേക്ക് അയച്ചു കൊടുക്കും. പിന്നെ ആ കടം വീട്ടാതെ തിരിച്ചു പോകാൻ കഴിയില്ല.

പ്രോജക്ടിന്റെ ആദ്യ സമയത്ത് രാജമന്ദ്രിയിലെ ലൈംഗിക വ്യാപാരത്തെ പറ്റി ഒരു പൊതുധാരണ ഉണ്ടാക്കാൻ പലയിടങ്ങളും സന്ദർശിച്ചു. ബ്രോതലുകൾ ഉള്ള സ്ഥലങ്ങൾ എവിടെയൊക്കെയാണെന്ന് ഞങ്ങൾ കണ്ടെത്തി. ബ്രോതൽ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം മുംബൈയിലെ കാമാത്തിപുരയിലോ സിനിമകളിലോ കാണുന്ന തരത്തിലുള്ള തടിച്ച, വെറ്റ മുറുക്കുന്ന, മൂക്കുത്തിയിട്ട, ആജ്ഞാശക്തിയും സേവകരുമുള്ള നടത്തിപ്പുകാരികളുള്ള കൂറ്റൻ കെട്ടിടങ്ങളാണ്. അവരെ ‘മാഡം' എന്ന രീതിയിൽ അഭിസംബോധന ചെയ്തിരുന്നതിനാൽ ഞങ്ങളുടെ പ്രോജക്ട് ഭാഷയിലും നടത്തിപ്പുകാരികൾ മാഡങ്ങളാണ്. ഈ ധാരണയൊക്കെ വച്ചുകൊണ്ട് അവിടത്തെ ബ്രോതലുകളിൽ ചെല്ലുമ്പോൾ അതിശയിച്ചു പോയി. അവ മൂന്നോ നാലോ സ്ത്രീകളുള്ള സാധാരണ വീടുകളായിരുന്നു. പ്രായം കുറഞ്ഞ കുട്ടികൾ ഉണ്ടെങ്കിലും അപൂർവമായിരുന്നു. നടത്തിപ്പുകാരായ സ്ത്രീകളേയും മറ്റുള്ളവരേയും വേർതിരിച്ചറിയുക പ്രയാസമാണ്. അവരും ജോലി എടുക്കുന്നവരാണ്. മെലിഞ്ഞവരും തടിയുള്ളവരും ശാന്തശീലമുള്ളവരും പൊട്ടിച്ചിരിക്കുന്നവരും കരയുന്ന മുഖഭാവമുള്ളവരും എല്ലാം അതിൽ പെടും. ഇവിടെ വന്നു ചേരുന്നവരിൽ ഭൂരിഭാഗവും എന്താണെന്നറിഞ്ഞു കൊണ്ട് തന്നെ സ്വയം തൊഴിൽ തേടി വരുന്നവരാണ്. പലരും ആദ്യം തന്നെ അഡ്വാൻസ് പണം വാങ്ങി വീട്ടിലേക്ക് അയച്ചു കൊടുക്കും. പിന്നെ ആ കടം വീട്ടാതെ തിരിച്ചു പോകാൻ കഴിയില്ല. ആ അർത്ഥത്തിൽ അതൊരു കരാർ ജോലിയായി മാറുന്നു. ഇത് നടത്തി കൊണ്ട് പോകുന്ന സ്ത്രീകൾ ചിലപ്പോൾ അതിനേക്കാൾ വലിയ കടക്കെണിയിലായിരിക്കുമെന്നതാണ് യാഥാർഥ്യം.

ചെറിയ ചെറിയ വീടുകൾ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഒരുമിച്ച് കോളനിയായും കാണാം. ഇവിടങ്ങളിൽ പോലീസ് റെയ്ഡ് സാധാരണമാണ്. സ്വന്തം വീടുകളിൽ നിന്ന് തന്നെ സ്വയം തൊഴിൽ ചെയ്യുന്നവരുമുണ്ട്. ഇതിൽ പാരമ്പര്യമുള്ളവരും അല്ലാത്തവരുമുണ്ട്. പൊലീസ് അവരെയും നോട്ടപ്പുള്ളികളാക്കുകയും ഇടക്കിടെ വീടുകളിൽ പോയി ഭീഷണിപ്പെടുത്തുകയും ചെയ്യും. ധാരാളം ദീർഘദൂര ട്രക്കുകൾ സഞ്ചരിക്കുന്ന നാഷണൽ ഹൈവേ കടന്നുപോകുന്ന സ്ഥലം കൂടിയാണത്. ദീർഘദൂരം ട്രക്ക് ഓടിച്ചു വരുന്ന ഡ്രൈവർമാർ അവരുടെ ചൂട് ശമിപ്പിക്കുന്നത് സ്ത്രീകളിലൂടെയാണ്. അവരെക്കൊണ്ട് സുരക്ഷാ ഉറകൾ ധരിപ്പിക്കാൻ ഈ സ്ത്രീകൾക്കാകുമോ എന്ന് ഞങ്ങൾ തല പുകഞ്ഞു. അവരെ കാണണമെങ്കിൽ അർദ്ധരാത്രി തന്നെ പോകണം. യുവാക്കളായ എന്റെ ഫീൽഡ് സ്റ്റാഫ് രാത്രി പോകാൻ ഉത്സാഹത്തോടെ തയാറായി. ഞങ്ങൾ ദിവസവും അർദ്ധരാത്രി ഹൈവേയിലേക്ക് പോയി. കേരളത്തിലാവുമ്പോൾ ഒന്നുകിൽ സ്‌കൂട്ടറിലോ അല്ലെങ്കിൽ ഓട്ടോ റിക്ഷയിലോ സഞ്ചരിച്ചിരുന്ന എനിക്ക് കമ്പനി വണ്ടിയും ഡ്രൈവറേയും ഒക്കെ ലഭിച്ചത് ലക്ഷ്വറി ആയി അനുഭവപ്പെട്ടു. ഹൈവേയിലെ കാഴ്ചകൾ ഏതോ അപര ലോകത്തെത്തിച്ചതുപോലെയായിരുന്നു.

നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ. ആവി പറക്കുന്ന ദോശയും ചായയും വിളമ്പുന്ന ധാബകൾ (തട്ട് കടപോലെയുള്ള ചെറിയ കടകൾ). നിരത്തിന്റെ രണ്ട് വശങ്ങളിലുമായി ഇളം പച്ച നിറത്തിൽ പനയോലകൾ കൊണ്ട് മേഞ്ഞ ചെറുകുടിലുകൾ, കൂണുകൾ പോലെ നേർത്ത നിലാവിൽ തിളങ്ങി നിൽക്കുന്നു. അതിനിടയിൽ നിന്ന് മിന്നുന്ന വിളക്കുകളും കണ്ണുകളും. ഞങ്ങൾ ധാബയിൽ പോയിരുന്ന് ചായ കുടിച്ചു. നേരത്തെ പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുണ്ടോ എന്ന് അവിടവിടെയായി തിരഞ്ഞു. അപൂർവ്വമായി ചിലരെ കണ്ടുമുട്ടി. അവർ സ്‌നേഹത്തോടെ ഞങ്ങളെ ചില കുടിലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാര്യമായ ബിസിനസ്​ നടക്കുന്ന സമയത്ത് ശല്യപ്പെടുത്തുകയാണല്ലോ എന്ന കുറ്റബോധത്തോടെ ക്ലയന്റുകളില്ലാത്ത കുടിലുകൾ നോക്കി ഞങ്ങൾ അലഞ്ഞു.
ഇത്രയും വൈവിദ്ധ്യമാർന്ന സ്ത്രീകളെ എങ്ങനെയാണ് ഒരേ കുടക്കീഴിൽ അണി നിരത്തുന്നതെന്ന് സത്യത്തിൽ ഞാൻ അമ്പരന്നു.

എച്ച്​.ഐ.വി ബാധിച്ചിരുന്ന കൊണ്ടമ്മ പത്ത് വർഷങ്ങൾക്ക് ശേഷം മരിച്ചു എങ്കിലും ഇപ്പോഴും മായാത്ത ഓർമയായി മനസ്സിൽ നിറയുന്നു. ആദ്യത്തെ മീറ്റിംഗിനുശേഷം നിങ്ങളുടെ ഉള്ളിൽ പിറന്ന ആശയമെന്താണെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ‘ഞാനും നിന്നെപ്പോലെയാണ്, എന്ന തിരിച്ചറിവാണ്' എന്നാണ്.

ക്രമേണ എല്ലായിടങ്ങളിൽ നിന്നും രണ്ടുമൂന്നു പേരെങ്കിലും ഞങ്ങളുടെ സെന്ററിലേക്കെത്തി. ക്ലിനിക്കിനെ പറ്റിയും എയ്ഡ്സ് തടയുന്നതിനെ പറ്റിയും ഒക്കെ പറഞ്ഞെങ്കിലും അതോടൊപ്പം കേരളത്തിലെ അനുഭവം വച്ച് അവർ ഒരുമിക്കേണ്ടതിന്റെ ആവശ്യത്തെ പറ്റിയും ഞാൻ മടികൂടാതെ ആവേശത്തോടെ പറഞ്ഞു. അവരുടെ പ്രശ്‌നങ്ങൾ പങ്കുവക്കുമ്പോൾ മനസ്സിലായ കാര്യം, ഏറെക്കുറെ എല്ലായിടങ്ങളിലും ഒരേ പ്രശ്‌നങ്ങളാണുള്ളതെന്നാണ്. ഡോ. ജാനയുടെ പദ്ധതി ആയതിനാൽ, അടുത്തുതന്നെ ഒന്നുകിൽ ദുർബാറിൽ നിന്ന് നേതാക്കൾ ഇങ്ങോട്ടെത്തുകയോ അല്ലെങ്കിൽ ഇവരിൽ ചിലരെ അങ്ങോട്ടയക്കുകയോ ചെയ്യുമെന്ന കാര്യം ഉറപ്പായിരുന്നു. അതിനാൽ സംഘടനാ കാര്യങ്ങൾ സംസാരിക്കുന്നതിൽ ഞാനും മടിച്ചില്ല. സ്ത്രീകൾ ആവേശത്തിലായിരുന്നു. വളരെ പെട്ടെന്ന് അവർ അതിന്റെ ആവശ്യം തിരിച്ചറിയുകയും സ്വയം ഐക്യപ്പെടുകയും ചെയ്തു. കെയർ ഇന്ത്യയിൽ ഞങ്ങളുടെ പദ്ധതിക്ക് നൽകിയ പേര് ‘സക്ഷം’ എന്നായിരുന്നു. ഒരു വലിയ പേരിന്റെ ചുരുക്കമായിരുന്നു ഏങ്കിലും ശക്തി എന്നൊരു അർത്ഥം കൂടി അതിനുണ്ടായിരുന്നു. സംഘടനക്ക് ഒരു പേര് ആലോചിച്ചപ്പോൾ അവർ തന്നെ അതിന് ‘സക്ഷ’ത്തോട് ചേർത്ത് ‘നാരീസക്ഷം’ എന്ന പേര് നൽകി. നേതാവായി, സീനിയറും വീട്ടിൽ നിന്ന് തെരുവിൽ വന്നു ജോലി ചെയ്യുന്ന ആളുമായ കൊണ്ടമ്മയെ തെരഞ്ഞെടുക്കുകയും ചെയ്തു. ‘നാരീസക്ഷമേ' എന്ന് കൊണ്ടമ്മ ആവേശത്തിൽ വിളിക്കുകയും മറ്റുള്ളവർ അതേറ്റു ചൊല്ലുകയും ചെയ്തു.

മുമ്പുതന്നെ എച്ച്​.ഐ.വി ബാധിച്ചിരുന്ന കൊണ്ടമ്മ പത്ത് വർഷങ്ങൾക്ക് ശേഷം മരിച്ചു എങ്കിലും ഇപ്പോഴും മായാത്ത ഓർമയായി മനസ്സിൽ നിറയുന്നു. ആദ്യത്തെ മീറ്റിംഗിനുശേഷം നിങ്ങളുടെ ഉള്ളിൽ പിറന്ന ആശയമെന്താണെന്ന് ചോദിച്ചപ്പോൾ അവർ ഒരുമിച്ച് ആലോചിച്ച് പറഞ്ഞത്, ‘ഞാനും നിന്നെപ്പോലെയാണ്, എന്ന തിരിച്ചറിവാണ്' എന്നാണ്. അപ്പോഴും, ഇപ്പോഴും ‘ഞാൻ ആരെ പോലെയാണ്' എന്ന് ചിന്തിച്ചു പോകാറുണ്ട്. പല തട്ടുകളിലായി കിടക്കുന്ന സ്ത്രീകളുടെ നിരകളിലൂടെ ചുറ്റി തിരിയുന്നു എന്നേ ആലോചിക്കാൻ കഴിയുന്നുള്ളൂ. ഉയർന്ന തട്ടിൽ പെടുന്ന ഉല്ലാസവതികളും താഴെ തട്ടിലായാൽ പോലും ആരെയും കൂസാത്ത അപഥസഞ്ചാരിണികളുമാണ് മെരുങ്ങി കഴിയുന്ന മദ്ധ്യവർത്തികളേക്കാൾ കൂടുതൽ എന്നെ അടുപ്പിക്കുന്നത്. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments