‘നാരീസക്ഷ'വുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്ന ലൈംഗികത്തൊഴിലാളി ജയ

ചിതറുകയും ചേരുകയും ചെയ്യുന്ന മനുഷ്യർ

എഴുകോൺ- 36

ഞാനും കനിയും മൈത്രേയനും മൂന്നു സ്ഥലങ്ങളിലായി. കനിക്ക് അവളുടെ തീരുമാനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ എടുക്കേണ്ടി വന്നു.

രാജമന്ദ്രിയിൽ ഉത്സവകാലമാകുമ്പോഴേക്കും സ്ത്രീകൾ ഗ്രാമങ്ങളിൽ നിന്ന് ഹൈവേയിലേക്കും പട്ടണത്തിലേക്കുമെത്തും. സൂര്യനിൽനിന്ന് ചിതറിയ ധൂളീപടലം പോലെ അവർ സ്വയം തിരയുകയും അതേ സമയം മറ്റുള്ളവരുടെ സാമീപ്യത്തിനായി കൈ നീട്ടുകയും ചെയ്യുന്നു. മനുഷ്യർ എല്ലായിടത്തും എല്ലാ കാലത്തും പരസ്പരമുള്ള ഈ അന്വേഷണത്തിലാണ്. ചിലർ തുടങ്ങുന്നിടത്ത് തന്നെ നിൽക്കുന്നു. മറ്റു ചിലർ സ്വയം നഷ്ടപ്പെട്ടു പോകുന്നു. വേറെ ചിലർ പുതിയ തുരുത്തുകളുണ്ടാക്കുന്നു. ‘പ്രപഞ്ചത്തിൽ എന്റെ സ്ഥാനം' എന്ന പേരിൽ സ്ത്രീകളുടെ കഥകൾ രേഖപ്പെടുത്തുന്ന ഒരു പദ്ധതി സക്ഷം തുടങ്ങിവച്ചു.

ജയ ഹൈവേയിലെത്തുന്നത്​ ഒരു ഗ്രാമത്തിൽ നിന്നാണ്.
ഹൈവേയിൽ നിന്ന് ചിലപ്പോൾ കുറെയൊക്കെ സമ്പാദിക്കാൻ പറ്റും. നാട്ടിൽ അമ്മയും സഹോദരന്മാരുമുണ്ട്. അവിടെ പൊലീസ് എന്തിന്റെയോ പേരിൽ കേസെടുത്തു. അന്യായമായ ആ കേസ് പിൻവലിപ്പിക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെയാണ് ജയ ‘നാരീസക്ഷ'ത്തിലെത്തുന്നത്. ഹൈവേയിലെ സ്ഥിതിയും വലിയ മെച്ചമൊന്നുമല്ല. ഗ്രാമത്തിലെ പോലെ പട്ടിണി കിടക്കേണ്ടി വരില്ലെന്നുമാത്രം. ഗെയി​ലിന്റെ ഗ്യാസ് സ്റ്റേഷനിൽ അത് നിറക്കാനെത്തുന്ന ട്രക്കർമാരും കർഷക തൊഴിലാളികളും മറ്റു ജോലിക്കാരുമൊക്കെയാണ് അവരുടെ സേവനത്തിനെത്തുന്നത്. അടുത്തുള്ള മുളങ്കാടുകൾ അവർക്ക് ശയ്യ ഒരുക്കുന്നു. പല അപകടങ്ങളും നേരിട്ടാണ് അവരിവിടെ ജോലി ചെയ്യുന്നത്. ചില ആളുകൾ ഉറയില്ലാതെ ബന്ധപ്പെടാൻ നിർബ്ബന്ധിക്കും. ക്രിമിനലുകൾ ബലം പ്രയോഗിച്ച് ബന്ധമുണ്ടാക്കുകയും പണം കവർന്നെടുക്കുകയും ചെയ്യും. ചില പൊലീസുകാർ അവരുടെ സമ്പാദ്യവും വസ്തുവകകളും എടുത്തുകൊണ്ടുപോകും. പൊലീസിന് പണം നൽകിയാണ് പലപ്പോഴും അവർ വെറുതെ ചാർജ്ജ് ചെയ്യുന്ന കേസുകൾ ഒഴിവാക്കിയിരുന്നത്.

മഞ്ഞ കനകാംബരപ്പൂ ചൂടി വരുന്ന ദിവസങ്ങളിൽ ജയ സന്തോഷവതിയാണ്. മനുഷ്യരെ പോലെ നമുക്കും അവകാശമുണ്ടെന്ന് കേൾക്കുമ്പോൾ ജയയും കൂട്ടരും സന്തോഷിക്കും. മുഖം അഭിമാനം കൊണ്ട് തിളങ്ങും. എന്നാൽ, പൊലീസുകാരെ പിണക്കി രാത്രി ഹൈവേയിൽ കഴിയാൻ പറ്റുമോ എന്ന ചിന്ത വരുമ്പോൾ മുഖത്ത് ആശങ്ക നിഴലിക്കും. രാത്രി സ്വസ്ഥമായി കിടന്നുറങ്ങാൻ സ്ഥലമുള്ള എന്നെപ്പോലെയുള്ളവരാണ് അവരോട് അവകാശത്തെ പറ്റി പറയുന്നത്. അതിൽ എത്ര മാത്രം മുഖവിലക്കെടുക്കാം എന്നാലോചിച്ചു തന്നെയാണ് അവർ അവരുടെ തീരുമാനത്തിലെത്തുന്നത്.

തല്ലിയ പൊലീസ് അവരുടെ സ്ഥലത്തെത്തി മാപ്പു പറഞ്ഞത് സ്ത്രീകൾക്ക് അഭിമാനകരമായി. അതിനായി തല്ലു കൊള്ളാനൊക്കെയുള്ള അവരുടെ സന്നദ്ധത സമൂഹത്തിനു വേണ്ടിയുള്ള ത്യാഗം കൂടിയാണ്.

ഒരു ദിവസം സീതംപേട്ടയിൽ ചെറിയ കമ്പനിവീട് നടത്തിയിരുന്ന വെങ്കടലക്ഷ്മി, ‘നാരീസക്ഷ'ത്തിന്റെ തീരുമാനത്തിനനുസരിച്ച്, പൊലീസിന് പണം നൽകാൻ കൂട്ടാക്കിയില്ല. നന്നായി തല്ലു കൊള്ളുകയും ചെയ്തു. പിറ്റേദിവസം ‘നാരീസക്ഷ'ത്തിന്റെ ക്രൈസിസ് ഇന്റെർവെൻഷൻ ടീം (Crisis Intervention Team) മേലധികാരികൾക്ക് പരാതി നൽകി. അതിനടുത്ത ദിവസം, തല്ലിയ പൊലീസ് അവരുടെ സ്ഥലത്തെത്തി മാപ്പു പറഞ്ഞത് സ്ത്രീകൾക്ക് അഭിമാനകരമായി. അതിനായി തല്ലു കൊള്ളാനൊക്കെയുള്ള അവരുടെ സന്നദ്ധത സമൂഹത്തിനു വേണ്ടിയുള്ള ത്യാഗം കൂടിയാണ്. സഹപ്രവർത്തകരായ സ്ത്രീകളുടെ നിസ്സഹായതയിൽ പ്രതികരിക്കുന്നതിനും സംഘടന പ്രേരണയായി. അരുണ എന്ന യുവതി വിവാഹമോചനം നേടിയ ശേഷം തൊഴിൽ തുടങ്ങിയതാണ്. ഇപ്പോഴുള്ള താൽക്കാലിക ഭർത്താവ് പണത്തിനായി ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. സ്വന്തമായും കടങ്ങൾ വീട്ടാനുണ്ട്. ഇതിനെല്ലാം പുറമെ അസുഖവും ബാധിച്ചു. വെസ്റ്റ് ഗോദാവരിയിൽ നിന്ന് ഇവിടെ തൊഴിലന്വേഷിച്ചുവന്ന് ഒരു കമ്പനിയിൽ കൂടിയതാണ്. അവർ ചികിത്സിക്കാൻ ആവശ്യമായ പണം നൽകാതിരിക്കുകയും കൂടി ചെയ്തപ്പോൾ അരുണ ആകെ തകർന്നു. അതറിഞ്ഞ ‘നാരീസക്ഷം' ഇടപെട്ട് കമ്പനിവീടിന്റെ നടത്തിപ്പുകാരിയെ കൊണ്ട് ചികിത്സിപ്പിക്കാൻ ആവശ്യമായതെല്ലാം ചെയ്തു.

പരമ്പരാഗതമായ കലാവന്തലു വിഭാഗത്തിൽ പെട്ട സ്ത്രീകൾ അവർ ജീവിച്ചുവന്ന ഭൂപ്രദേശത്തുതന്നെയാണ് സ്ഥിരതാമസം. പക്ഷെ, അവിടങ്ങളിലെല്ലാം പ്രചരിക്കുന്ന ഒരു പലായനത്തിന്റെ കഥയുണ്ട്. ഈസ്റ്റ് ഗോദാവരി, പെദ്ദാപുരം, അമലാപുരം, മൂറമണ്ട എന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ഇവർ വസിക്കുന്നത്. സ്ഥലത്തെ രാജാവിന്റെ ക്ഷണപ്രകാരം വർഷങ്ങൾക്കുമുമ്പ് പെരിയസീത എന്നും ചിന്നസീതയെന്നും അറിയപ്പെട്ട രണ്ട് സഹോദരിമാർ അവിടെ എത്തിചേർന്നു എന്നും അവരുടെ പരമ്പരകളാണ് ഇപ്പോഴുള്ള നൂറുകണക്കിന് സമുദായാംഗങ്ങൾ എന്നുമാണ് ആ കഥ. രാജമന്ദ്രിക്കടുത്തുള്ള തുമ്മലോവയിലും നൂറോളം സ്ത്രീകൾ ജീവിക്കുന്നുണ്ട്. അവർ നേരത്തെ അമ്പലത്തിലെ നർത്തകിമാരായാണ് ഉപജീവനം നടത്തിയിരുന്നത്. തൊട്ടടുത്ത മാർക്കറ്റുമായി ബന്ധപ്പെട്ടാവണം അവരിപ്പോൾ അവിടെ നിലകൊള്ളുന്നത്. അവർ സിറ്റിയിലേക്ക് ബിസിനസിന് പോവാറില്ല. സ്വന്തം വീടുകളിലോ അതല്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ പോയി വേറെ ഏതെങ്കിലും വീടുകളിലോ അതിഥികളെ സ്വീകരിക്കുന്നു. സിനിമാ വ്യവസായത്തിലുള്ളവരും ടൂറിസ്റ്റുകളുമാണ് അവരെ തേടിയെത്തുന്നത്. സിനിമകളിൽ അഡീഷണൽ നർത്തകിമാരായും അവർ ജോലി ചെയ്യുന്നു.

പുരുഷന്മാർക്ക് സേവനം നൽകി ഉപജീവനം കഴിക്കേണ്ട ഒരു വ്യവസ്ഥയിലേക്ക്, അവർ അവരുടേതല്ലാത്ത കാരണങ്ങൾകൊണ്ട് വന്നുചേരുകയാണ്. കുടുംബിനികൾ അവരെ ശത്രുക്കളായി കാണുന്നു.

ചില പ്രായമുള്ള സ്ത്രീകൾ അവരുടെ വീട്ടിലെ മുറികൾ ചെറുപ്പക്കാർക്കായി ഒരുക്കി നൽകിയാണ് ഉപജീവനം കണ്ടെത്തുന്നത്. ‘നാരീസക്ഷ'വുമായി ബന്ധപ്പെട്ട് അവിടുത്തെ സ്ത്രീകൾ അരുണോദയ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങുകയും സ്ത്രീകൾക്ക് ഒത്തുകൂടാനുള്ള സെന്റർ ഒരുക്കുകയും ചെയ്തു. അവിടെ വരുന്ന സ്ത്രീകൾക്ക് രോഗങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തു. ആരോഗ്യസേവനത്തിന് ആഴ്ച തോറും ക്ലിനിക്കുകൾ സംഘടിപ്പിച്ചു. താമസിക്കുന്ന ചെറിയ വീടുകളും അവർ നന്നായി അലങ്കരിച്ച് സൂക്ഷിച്ചിരുന്നു. സെന്ററും സ്വന്തമെന്നോണം പരിപാലിച്ചു. വിനായക ചവിത്തി (ചതുർത്ഥി) യും രംഗോലിയും (നിലത്ത് ചിത്രക്കളങ്ങൾ എഴുതുന്ന ആഘോഷം) പോലെയുള്ള പരമ്പരാഗത വിശേഷദിനങ്ങളെല്ലാം സെന്ററിൽ സ്ത്രീകൾ ഉത്സവമാക്കി. പ്രോജക്ടിനെ പറ്റി പഠിക്കാൻ പുറത്തുനിന്ന് വരുന്ന സന്ദർശകരുമായി ഇടപഴകാൻ അവർക്ക് സന്തോഷമായിരുന്നു.

‘നാരീസക്ഷം', മറ്റു സ്ഥലങ്ങളിലെ സ്ത്രീകളെ പോലെ തന്നെ ഉൽക്കണ്ഠപ്പെട്ട കാര്യം, അവരോട് മറ്റുള്ളവർ കാട്ടുന്ന അയിത്തവും ഒഴിവാക്കലുമാണ്. എവിടെ ജീവിക്കുമ്പോഴും മറ്റുള്ളവരുമായി കൂട്ടുചേർന്നുള്ള ജീവിതമാണ് മനുഷ്യർ വിലമതിക്കുന്നത്. ‘സക്ഷ'ത്തോടുചേർന്നുള്ള പ്രവർത്തനം അതിനുള്ള അവസരം കൂടിയാണെന്ന് അവർ തിരിച്ചറിഞ്ഞു. പുരുഷന്മാർക്ക് സേവനം നൽകി ഉപജീവനം കഴിക്കേണ്ട ഒരു വ്യവസ്ഥയിലേക്ക്, അവർ അവരുടേതല്ലാത്ത കാരണങ്ങൾകൊണ്ട് വന്നുചേരുകയാണ്. കുടുംബിനികൾ അവരെ ശത്രുക്കളായി കാണുന്നു. കുടുംബത്തിലെ പണം കൊണ്ടുപോയി സ്വന്തം ആണുങ്ങൾ വ്യഭിചാരിണികൾക്ക് നൽകുന്നു എന്നും, ഈ വ്യവസ്ഥയിൽ നമ്മളൊക്കെ ക്ലീൻ ആണെന്നും കുടുംബിനികൾ സങ്കൽപ്പിക്കുന്നു. പുരുഷന്മാരെ ആശ്രയിച്ചുകഴിയുന്ന കുടുംബിനിയും, പുറത്തായി പോയെങ്കിലും അതുതന്നെ ചെയ്യുന്ന പൊതുസേവികയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അവർ മനസ്സിലാക്കുന്നില്ല. രണ്ടും ഒരുമിച്ചുമാത്രമേ ഇല്ലാതാവുകയുള്ളൂ.

‘നാരീസക്ഷ'ത്തിൽ വന്നതിനുശേഷം ആരോഗ്യപ്രവർത്തകരാകുകയും കുട്ടികളെ തൊഴിലിൽനിന്ന് മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ, സാമൂഹ്യനില മെച്ചപ്പെട്ടതായി സെക്‌സ് വർക്കർമാർ അനുഭവിച്ചു. മീര ഒരിക്കൽ വന്നുപറഞ്ഞു; ‘എന്റെ അയൽപക്കത്തെ സുനന്ദ ഒരിക്കലും വീട്ടിൽ വന്നിരുന്നില്ല. മാത്രമല്ല, അയൽപക്കക്കാർ ചേർന്ന് എന്നെ അവിടെനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരും വരാത്ത വീട്ടിൽ ഇന്നലെ വാതിലിൽ മുട്ടുകേട്ട് തുറന്നു നോക്കുമ്പോൾ സുനന്ദയാണ്. അവരുടെ മകന്റെ കല്യാണം ക്ഷണിക്കാൻ വന്നതായിരുന്നു. നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളൊക്കെ ഇന്നലെ ടി.വിയിൽ കണ്ടപ്പോഴാണ് മനസ്സിലായതെന്നും, ഇതുവരെ അവഗണിച്ചതിന് ക്ഷമിക്കണമെന്നും അവർ പറഞ്ഞു' എന്ന്. ‘നാരീസക്ഷ'ത്തിന്റെ ശക്തി, അവരെ പരസ്പരം അടുപ്പിച്ചുകൊണ്ടിരുന്നു.

കോണ്ടം വിതരണം ചെയ്യുന്നവൾ കോണ്ടമ്മ എന്നൊക്കെ എല്ലാവരും കളിയാക്കുമ്പോൾ അതൊക്കെ സരസമായി ഉൾക്കൊള്ളാനും എല്ലാവരോടും എളുപ്പത്തിൽ ചേർന്നുപോകാനും അവർക്ക് കഴിഞ്ഞിരുന്നു.

ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൊണ്ടമ്മ എല്ലാ ദുരിതവും അപമാനവും സഹിച്ച് വന്നവളാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകത്ത് ഭർത്താവുപേക്ഷിക്കുമ്പോൾ അവർ ഗർഭിണിയായിരുന്നു. പിന്നീട് കുഞ്ഞിനെ വളർത്തേണ്ട ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. നെല്ലൂരുകാരിയായ കൊണ്ടമ്മ സഹോദരിയെ കാണാനാണ് രാജമന്ദ്രിയിലെത്തിയത്. കുഞ്ഞിനെ വളർത്താൻ മറ്റു വഴികളില്ലാതിരുന്ന കൊണ്ടമ്മ അയൽപക്കത്തുള്ള സ്ത്രീകളിൽ നിന്ന് സെക്‌സ് വർക്കിനുള്ള സാദ്ധ്യത മനസ്സിലാക്കി അത് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യമൊക്കെ വീട്ടിൽ തന്നെ കക്ഷികളെ സ്വീകരിച്ചെങ്കിലും പ്രായം ചെന്നതോടെ ക്ലയന്റുകൾ കുറഞ്ഞു. അപ്പോൾ തെരുവിൽ പോയി ജോലി ചെയ്യാൻ തുടങ്ങി. അത് മദ്യപാനത്തിലേക്കും കടത്തിണ്ണയിൽ കിടന്നുറങ്ങറുന്നതിലേക്കുമൊക്കെ എത്തിച്ചു. ആ സമയത്ത് ധാരാളം പൊലീസ് പീഡനം ഏൽക്കേണ്ടി വന്നു. അവരുടെ കഴുത്തിൽ പേരെഴുതി സ്ലേറ്റ് തൂക്കിയിടുകയും പല തരത്തിൽ അപമാനിക്കുകയും മർദ്ദിക്കുകയും ഒക്കെ ചെയ്തിരുന്നു. ഞങ്ങളുടെ പദ്ധതി തുടങ്ങിയതറിഞ്ഞിട്ടും ആദ്യം വരാൻ മടിച്ചിരുന്ന കൊണ്ടമ്മ, വന്നു തുടങ്ങിയപ്പോൾ വളരെ ഉത്സാഹത്തിൽ നേതൃസ്ഥാനം ഏറ്റെടുത്തു. മദ്യമൊക്കെ ഒഴിവാക്കി നന്നായി വസ്ത്രധാരണം ചെയ്ത് ഓഫീസിൽ വരാൻ തുടങ്ങി. പിന്നീട് പല വേദികളിലും പൊലീസ് ഇൻസ്‌പെക്ടർമാരോടും മന്ത്രിമാരോടും ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വളരെ അഭിമാനകരമായാണ് അവർ അനുഭവിച്ചത്. അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് പത്രത്തിൽ ഫോട്ടോയും വാർത്തകളുമൊക്കെ വരാൻ തുടങ്ങി. കോണ്ടം വിതരണം ചെയ്യുന്നവൾ കോണ്ടമ്മ എന്നൊക്കെ എല്ലാവരും കളിയാക്കുമ്പോൾ അതൊക്കെ സരസമായി ഉൾക്കൊള്ളാനും എല്ലാവരോടും എളുപ്പത്തിൽ ചേർന്നുപോകാനും അവർക്ക് കഴിഞ്ഞിരുന്നു. തെരുവിൽ ജീവിച്ചവൾ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നത് രസിക്കാത്ത ചില പത്രപ്രവർത്തകർ ഒരു സമ്മേളനത്തിൽ വച്ച് പ്രശ്‌നമുണ്ടാക്കി. അപ്പോഴും കൃത്യമായ അവകാശബോധത്തോടെ അവർ സംസാരിച്ചു. മറക്കാൻ കഴിയാത്ത മറ്റു പല നേതാക്കളെയും പോലെ അവരും അവസാനം എയ്ഡ്‌സിനു കീഴടങ്ങുകയായിരുന്നു.

രാജമന്ദ്രിയിലും പ്രാന്തപ്രദേശങ്ങളിലുമായി തൊഴിൽകേന്ദ്രങ്ങൾ ചിതറി കിടന്നു. അവിടവിടെയായി ചിതറി കിടക്കുന്ന, നിത്യജീവിതത്തിനായി ഒരുപാട് സാഹസപ്പെടേണ്ടി വരുന്ന, നിരന്തരം അപമാനിക്കപ്പെടുന്ന, അക്രമങ്ങൾക്ക് വിധേയപ്പെടുന്ന സ്ത്രീകളെ ‘നാരീസക്ഷ'ത്തിലൂടെ ഒരുമിച്ച് കൊണ്ടുവരിക വളരെ പ്രയാസമുള്ളതായിരുന്നു. അതിനാൽ ഓരോ പ്രദേശത്തുമുള്ള സ്ത്രീകൾ അവിടെ തന്നെ ഒരു ചെറു ഗ്രൂപ്പിലൂടെ ഒന്നിക്കുകയും ‘നാരീസക്ഷ’വുമായി ഒത്തുചേരുകയുമായിരുന്നു ചെയ്തത്. ഈ പ്രക്രിയ പല സ്ത്രീകളിലും ആത്മവിശ്വാസമുണ്ടാക്കി. ഓരോരുത്തരും സവിശേഷമായ വ്യക്തിത്വവും പശ്ചാത്തലവുമുള്ളവരാണ്. പത്തോളം സംഘങ്ങൾ ഇങ്ങനെ പല സ്ഥലങ്ങളിലും രൂപപ്പെട്ടു. അതിനൊപ്പം സ്വന്തം ശബ്ദത്തിൽ അഭിമാനം കൊണ്ട രൂപവതികളും. ദവളേശ്വരത്തെ ചൈതന്യ മഹിളാസംഘമാണ് ആദ്യം രൂപീകരിച്ച ഗ്രൂപ്പ്. അതിൽ പ്രധാന റോൾ എടുത്ത ചിന്നി ഒരു കമ്പനിവീട് നടത്തുകയാണ്.

വെള്ള പൂശാത്ത, നല്ല മേൽക്കൂര ഇല്ലാത്ത ഒരു ചെറിയ വീട്. മൂന്നു തലമുറക്കുമുമ്പ് ഈ തൊഴിലിനായി ഇവിടെ വന്ന കുടുംബമാണ് ചിന്നിയുടേത്. വളരെ ചെറുപ്പത്തിലേ ഒരു ലോറി ഡ്രൈവറുമായി വിവാഹം നടക്കുകയും മൂന്നു കുട്ടികളുണ്ടാവുകയും ചെയ്തു. ഒരു നവവധുവിനെ പോലെ ചെറുപ്പമായി തോന്നിച്ച ചിന്നിയുടെ മകളും വിവാഹിതയാണെന്ന് അതിശയത്തോടെയാണ് ഞാൻ കേട്ടത്. ഭർത്താവ് മരിച്ചശേഷം ചിന്നി, അമ്മയുടെ തൊഴിലിലേക്ക് ഇറങ്ങുകയായിരുന്നു. ശാലീനയായ യുവതിയായി തോന്നിച്ച ചിന്നി നല്ല ചങ്കുറപ്പുള്ളവളും സംഘാടകയുമായിരുന്നു. നിരന്തരം ഉപദ്രവിച്ചിരുന്ന പൊലീസ് സ്റ്റേഷനുമായി ഞങ്ങളുടെ പിന്തുണയോടെ നല്ല ബന്ധം സ്ഥാപിക്കുകയും വീടുകൾക്ക് സംരക്ഷണം കണ്ടെത്തുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയതോടോപ്പം മറ്റു ആഘോഷ പരിപാടികളും മത്സരവുമെല്ലാം അവർ സംഘടിപ്പിച്ചു. പതാക ഉയർത്തിയത് പൊലീസ് ഇൻസ്പെക്ടർ ആണ്. പഞ്ചായത്ത് പ്രസിഡന്റും മറ്റു നേതാക്കളും പരിപാടിയിൽ പങ്കെടുത്ത് അവർക്ക് ആശംസകളർപ്പിച്ചു. അതിനുശേഷം പൊലീസിന്റെ പെരുമാറ്റത്തിൽ വ്യത്യാസം വന്നിരുന്നു. സാമ്പത്തിക ബാദ്ധ്യതയിൽ വിഷമിക്കുമ്പോഴും ചിന്നി വീട്ടിൽ ജോലി ചെയ്യുന്നവർക്ക് അഡ്വാൻസ് പണം നൽകി.

ദവളേശ്വരത്ത് താമസിക്കുകയും ഹൈവേയിൽ ജോലി ചെയ്യുകയും ആയിരുന്ന പത്മ തീരെ ചെറുപ്പത്തിൽ സ്വന്തം അമ്മാവനെ ആചാരപ്രകാരം വിവാഹം കഴിക്കേണ്ടി വന്നവളാണ്.

ഇന്ത്യയിലെ നിയമം അനുസരിച്ച് ബ്രോതൽ നടത്തുന്നത് ശിക്ഷാർഹമാണ്. ഇതിലെ നീതിയൊന്നും ചിന്നിയെ പോലെയുള്ളവർക്ക് മനസ്സിലാകുമായിരുന്നില്ല. ബ്രോതൽ എന്ന് പുറത്തുള്ളവർ പറയുന്ന കൊച്ചുവീടുകളിൽ ഓരോ ദിവസത്തെയും അന്നത്തിനായി പാട് പെടുന്നവരാണവർ. അവർക്കുവേണ്ടി സമാന്തരമായി, സ്വയംതൊഴിൽ കണ്ടെത്താനുള്ള പരിപാടികൾക്കായും ‘അവാഹാനും' ‘കെയറു'മൊക്കെ ശ്രമിച്ചിരുന്നു. അതിനായുള്ള ഒരു ചർച്ചക്കായി അധികാരികൾ ഈ സ്ത്രീകളെ കാണാനെത്തി. അപ്പോൾ യാതൊരു മടിയുമില്ലാതെ കമ്പനിവീട് മെച്ചപ്പെടുത്താൻ അഞ്ചു ലക്ഷം രൂപ വായ്പ നൽകണമെന്ന് ചിന്നി പറഞ്ഞത് വന്നവരെ ഞെട്ടിപ്പിക്കുകയും അവരുടെ ജീവിതം അറിയാവുന്ന ഞങ്ങളെ ചിരിപ്പിക്കുകയും ചെയ്തു. സന്ദർശനത്തിനായെത്തിയ ഒരു അമേരിക്കക്കാരി അവരുടെ അവസ്ഥ കണ്ട് ബ്രോതലിലിരുന്ന് കണ്ണീർ പൊഴിച്ചപ്പോൾ ചിന്നിയും കൂട്ടരും നിസ്സംഗരായി അവരെ ആശ്വസിപ്പിച്ചു. ചിന്നിയും വർഷങ്ങൾക്കുശേഷം എയ്ഡ്സ് ബാധിച്ച് മരിച്ചു.

ദവളേശ്വരത്ത് താമസിക്കുകയും ഹൈവേയിൽ ജോലി ചെയ്യുകയും ആയിരുന്ന പത്മ തീരെ ചെറുപ്പത്തിൽ സ്വന്തം അമ്മാവനെ ആചാരപ്രകാരം വിവാഹം കഴിക്കേണ്ടി വന്നവളാണ്. അയാളെ വെറുത്തിരുന്ന പത്മ ഒരു ദിവസം തെനാലിയിലേക്ക് ഒളിച്ചോടി. അവിടെ ചില അക്രമകാരികൾ പിന്തുടരുന്നതുകണ്ട് ഒരാൾ അഭയം നൽകി. ക്രമേണ അവർ പ്രണയത്തിൽ പെട്ടു എങ്കിലും ആൾ ഹിന്ദുവും പത്മ മുസ്‌ലിമും ആയതുകൊണ്ട് വീട്ടുകാരിൽ നിന്നും വലിയ എതിർപ്പുണ്ടായി. അതൊക്കെ അവഗണിച്ച് അവർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ആദ്യമുണ്ടായിരുന്ന പേര് പത്മ എന്ന് മാറ്റുകയും ചെയ്തു. പത്തുവർഷത്തിനിടെ മൂന്നു കുഞ്ഞുങ്ങൾ ജനിച്ചു. പണം കടം കൊടുക്കുന്ന ബിസിനസ്​ ചെയ്തിരുന്ന ഭർത്താവ് ക്രമേണ മറ്റു സ്ത്രീകളുമായി അടുക്കുന്നത് പത്മ മനസ്സിലാക്കി. അതോടെ മദ്യപാനവും ശാരീരികപീഡനവും ആരംഭിച്ചു. അമ്മയുടെ പിന്തുണയോടെ അയാൾ ഒരു ഹിന്ദു സ്ത്രീയെ വിവാഹം ചെയ്തു. പുതിയ ഭാര്യ വന്നതോടെ പത്മ പൂർണമായും അവഗണിക്കപ്പെട്ടു. എന്തെങ്കിലും തൊഴിൽ തേടി ഇറങ്ങിയപ്പോൾ ഒരു സ്ത്രീ കൊണ്ടെത്തിച്ചത് അടുത്തുള്ള പട്ടണത്തിലെ ഒരു ബ്രോതലിലാണ്. അവിടെ തീരെ കുറഞ്ഞ ജോലിക്ക് പണിയെടുക്കേണ്ടി വന്നതോടൊപ്പം, ഇതറിഞ്ഞ ഭർത്താവ് തെനാലിയിലേക്ക് കാലുകുത്തരുതെന്ന് വിലക്കുകയും ചെയ്തു. കുട്ടികളുമായുള്ള ബന്ധവും അതോടെ വേരറ്റു.

കുറച്ചു നാൾക്കുശേഷം വേറൊരു സ്ത്രീയുടെ സഹായത്താൽ രക്ഷപ്പെട്ട് പെദ്ദാപുരത്തെ ഒരു ബ്രോതലിലേക്ക് മാറി. അവിടെ നിന്ന് ദവളേശ്വരത്തേക്ക് വരുകയും സ്വന്തമായി തൊഴിൽ കണ്ടെത്താനാരംഭിക്കുകയും ചെയ്തു. ഒരാളെ ലവർ ആയി സ്വീകരിക്കുകയും ക്ലയന്റുകളെ കണ്ടെത്താൻ അയാൾ സഹായിക്കുകയും ചെയ്തു വന്നു. ഈ കാമുകനും താമസിയാതെ മദ്യപാനിയാവുകയും ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി. ഗാർഹിക പീഡനം അനുഭവിക്കുന്ന ഭർതൃമതികളെ പോലെ പത്മയും സ്‌നേഹം കൊണ്ട് അതെല്ലാം ദീർഘകാലം സഹിച്ചു. വീട്ടിലെ ഓരോരോ സാധനങ്ങളായി അയാൾ വിറ്റു നശിപ്പിച്ചു. എങ്കിലും അയാൾക്ക് തീവ്രമായ രോഗം ബാധിച്ചപ്പോൾ, കഷ്ടപ്പെട്ട് സമ്പാദിക്കുന്നതൊക്കെ ചികിത്സക്കും സർജ്ജറിക്കുമായി ചെലവാക്കി. അതിനു ശേഷവും അൽപ്പം സുഖം കിട്ടിയപ്പോൾ അയാൾ മദ്യപാനവും ഉപദ്രവവും തുടങ്ങി. ആ സമയത്ത് അടുത്തുള്ള ക്രിസ്​ത്യൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചാണ് പത്മ വേദനകൾ അകറ്റിയിരുന്നത്. ഒരു രക്ഷിതാവിൽ നിന്ന് മറ്റൊരാളിലേക്കും, മതത്തിൽ നിന്ന് മതത്തിലേക്കും സഞ്ചരിച്ച പത്മക്ക് മക്കളുമായുള്ള ബന്ധം തുടരാനും കഴിഞ്ഞില്ല.

തിരുപ്പതി വെങ്കടേശ്വരനായി സൂക്ഷിച്ചിരുന്ന പണക്കുടുക്ക ആശുപത്രി ചെലവിനായി പൊട്ടിക്കാമെന്നും, അതിൽ ദൈവം സന്തോഷിക്കുകയേ ഉള്ളൂ എന്നും സാവിത്രി പറഞ്ഞു.

ഈ സമയത്താണ് ‘നാരീസക്ഷം’ അവിടെ പ്രവർത്തനം തുടങ്ങിയത്. ഇതൊക്കെ അറിഞ്ഞു വന്നപ്പോഴേക്കും മനസ്സ് മടുത്ത് പത്മ നാട് വിട്ടിരുന്നു. സംഘടനയുടെ പ്രവർത്തകർ പത്മയെ തേടി കണ്ടെത്തുകയും കാമുകന് വാണിംഗ് നൽകുകയും ചെയ്തു. തെല്ലും മനഃസാക്ഷി ഇല്ലാത്ത ആ മനുഷ്യൻ 2000 രൂപ വില വരുന്ന മോതിരം പത്മ മോഷ്ടിച്ചു എന്ന് പൊലീസിൽ പരാതി നൽകി. ‘നാരീസക്ഷ’ത്തിന്റെ സ്‌നേഹവും പിന്തുണയും ലഭിച്ച പത്മ പൊലീസിന് മുന്നിൽ വച്ച് 2000 രൂപ നൽകി ബന്ധത്തിൽ നിന്ന് പൂർണമോചനം നേടി. അതിനു ശേഷം ‘നാരീസക്ഷ’ത്തിന്റെ മുന്നണി പോരാളിയായി മാറുകയും പിശാചിൽ നിന്ന് മോചനം നേടിയതായി കൂട്ടുകാരോട് മനസ്സ് തുറക്കുകയും ചെയ്തു.

ഒരു ദിവസം ‘നാരീസക്ഷ’ത്തിന്റെ യോഗത്തിൽ ലളിത ഒരു പുതിയ വിഷയം കൊണ്ടുവന്നു. പൂർണഗർഭിണിയായ ഒരുവൾ, മറ്റു മാർഗ്ഗമില്ലാത്തതിനാൽ തെരുവിൽ തൊഴിൽ ചെയ്യുകയാണെന്ന് അവർ മറ്റുള്ളവരെ അറിയിച്ചു . പറഞ്ഞിട്ടും കേൾക്കാതെ അവൾ ഇന്നലെയും മൂന്നു പേർക്കൊപ്പം പോയതായി ഒരു കൂട്ടുകാരി പറഞ്ഞു. ആരും തുണക്കാനില്ലാത്തപ്പോൾ പിന്നെ എന്ത് ചെയ്യാനാവുമെന്നും അവളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും മറ്റുള്ളവർ വിശദീകരിച്ചു. അപ്പോൾ തന്നെ അനുഭാവപൂർണമായ തീരുമാനമുണ്ടായി. ഈ യുവതികൾ ‘നാരീസക്ഷ’ത്തിന്റെ മക്കളാണെന്നും നമ്മളുള്ളപ്പോൾ നമ്മുടെ മക്കൾ അനാഥരാകരുതെന്നും ആയിരുന്നു അത്. മറ്റുള്ള സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ചതിൽ നിന്ന് ആറോളം ഗർഭിണികൾ ഇങ്ങനെ കഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അവരെ കരുതാതിരുന്നതിൽ കുറ്റബോധത്തോടെ പെട്ടെന്ന് തന്നെ എല്ലാവരെയും സ്വന്തമായി ഏറ്റെടുക്കാൻ തീരുമാനിച്ചു.

പോഷകാഹാരക്കുറവും വിളർച്ചയും കൊണ്ട് അവർക്ക് ആരോഗ്യം നഷ്ടപ്പെട്ടിരുന്നു. ഗർഭിണികളായ മക്കൾക്ക് അമ്മമാർ മധുരപലഹാരങ്ങളും പഴങ്ങളും നൽകുന്ന ‘സീമന്തം' എന്ന ചടങ്ങ് എല്ലാവർക്കുമായി ഉടനെ നടത്താൻ ആവേശത്തോടെ അവർ ഒരുങ്ങി. കുങ്കുമവും മഞ്ഞൾപ്പൊടിയും വളകളും അണിയിക്കുന്ന പവിത്രമായ ചടങ്ങാണത്. ഓരോരുത്തരും അവയിലോരോന്നും കൊണ്ടുവരാൻ തയാറായി. അതോടൊപ്പം, ആചാരത്തിന്റെ ഭാഗമല്ലെങ്കിലും പോഷകഗുണമുള്ള എള്ള്, ശർക്കര, നിലക്കടല എന്നിവ ചേർത്ത പലഹാരവും വേണമെന്നും അത് കൊണ്ടുവരാമെന്നും ചിലർ ഏറ്റു. സ്പെഷ്യലായി പുളിഹോരയും പായസവുമുണ്ടാക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തിരുപ്പതി വെങ്കടേശ്വരനായി സൂക്ഷിച്ചിരുന്ന പണക്കുടുക്ക ആശുപത്രി ചെലവിനായി പൊട്ടിക്കാമെന്നും, അതിൽ ദൈവം സന്തോഷിക്കുകയേ ഉള്ളൂ എന്നും സാവിത്രി പറഞ്ഞു. ‘നാരീസക്ഷം’ നടത്തുന്ന ഭക്ഷണശാലയിൽ നിന്ന്​ രണ്ട് നേരം സൗജന്യമായി ഭക്ഷണം നൽകാനും വേണ്ട ചികിത്സയും ആരോഗ്യവിദ്യാഭ്യാസവും നൽകാനും തീരുമാനമായി.

കനി കുസൃതി / ഫോട്ടോ : എ.ജെ. ജോജി

തൊട്ടടുത്ത ഞായറാഴ്ച തന്നെ തോരണങ്ങളും ദീപങ്ങളും തൂക്കി ഹാൾ അലങ്കരിച്ചു. പട്ടുസാരികളണിഞ്ഞും അതിഥികളെ അണിയിച്ചും ആചാരം ആഘോഷമാക്കി. ആറു സ്ത്രീകളും ആനന്ദത്താൽ അശ്രുക്കളണിഞ്ഞു. ഇതുവരെ ജീവിതത്തിൽ ഇത്ര സന്തോഷം അനുഭവിച്ചിട്ടില്ലെന്ന് മറ്റു സ്ത്രീകൾ പറഞ്ഞു. പദ്ധതിയിൽ മുൻ കൂട്ടി എഴുതി വച്ചിട്ടില്ലാത്തതും സഹജമായുണ്ടാകുന്നതുമായ ഇത്തരം നിമിഷങ്ങളാണ് എനിക്കും വിലപ്പെട്ടതായി തോന്നിയത്.

ലൈംഗിക തൊഴിലാളികൾക്കും ക്ലയന്റുകൾക്കും ഇടയിലും ഏജന്റുമാരായി പ്രവർത്തിക്കുന്നവരുണ്ട്. ഞാനടക്കമുള്ള പ്രോജക്ട് സ്റ്റാഫുകളും കൺസൾട്ടന്റുമാരും ഇങ്ങനെ ജീവിച്ചവരാണ്.

എവിടെയൊക്കെയോ കിടന്നവർ ഒരുമിച്ച് ഒരു കുടുംബമായി സ്‌നേഹം പങ്കിടുന്നു.
അവാഹാൻ പദ്ധതിയുമായി ബന്ധപ്പെട്ടു വന്ന കൺസൾട്ടന്റുമാർക്ക് കണക്കില്ല. എല്ലാ വികസന പദ്ധതികളിലും ഇങ്ങനെ ആയിരിക്കും. പിന്നാമ്പുറത്തേക്ക് തള്ളിയവർക്കുള്ള വിഭവങ്ങൾ ഉപജീവിച്ചാണ് ഇടത്തരക്കാർക്കും കഴിയേണ്ടി വരുന്നത്. വികസന ലോകത്ത് പിടിച്ചു നിൽക്കാനും മുകളിലേക്കു കയറാനും പ്രത്യേക നൈപുണ്യവും ശ്രദ്ധയും വേണം. ഞാൻ ശ്രദ്ധ മുഴുവനും സ്ത്രീകളിലേക്ക് തിരിച്ചിരുന്നതു കൊണ്ടും എല്ലാവരേയും സുഹൃത്തുക്കളായി കരുതിയതുകൊണ്ടും ആ ലോകത്ത് പിടിച്ചുകയറാൻ നോക്കുന്നവരെ ശ്രദ്ധിച്ചതേ ഇല്ല. എങ്കിലും ഇപ്പോൾ മാറി നിന്ന് നോക്കുമ്പോൾ പല രസകരമായ കാര്യങ്ങളും തിരിച്ചറിയുന്നു. പല തരം കൺസൽട്ടൻസിയുമായി വന്നവരുടെ ബാഹുല്യം കൊണ്ടുതന്നെ എല്ലാവരെയും ഓർക്കാൻ കഴിയുന്നില്ല. പക്ഷെ, പെട്ടെന്ന് സൗഹാർദ്ദമുണ്ടാക്കാൻ കഴിയുന്നവരും മധുരതരമായി സംസാരിക്കുന്നവരും ആയ ആ യുവാക്കളുമായി സമയം ചെലവാക്കാൻ എനിക്ക് ഇഷ്ടമായിരുന്നു.

പദ്ധതികളുടെ വിശദ പട്ടികയും അതിനായുള്ള ബജറ്റും മുറിച്ചു മുറിച്ചു തയാറാക്കാനാണ് ഞങ്ങൾ കൂടുതൽ സമയവും ചെലവാക്കുന്നത്. ഗവണ്മെന്റുകളും ബ്യുറോക്രസിയിലൂടെ ഇതുതന്നെയാണ് ചെയ്‌തെടുക്കുന്നത്. ഇതെന്തിനാണെന്ന് മുൻപ് വ്യക്തമായിരുന്നില്ല. നേരിട്ട് ഉത്പാദനമോ സേവനമോ ചെയ്യുന്ന തൊഴിലുകളാണ് കൃഷി, വ്യവസായം, കരകൗശലം, കലാ പ്രവർത്തനങ്ങൾ, ആരോഗ്യ സേവനം, ലൈംഗിക സേവനം എന്നിവയെല്ലാം. എന്നാൽ, മറ്റൊരു വിഭാഗം മൂലധനത്തിനും അടിസ്ഥാനപരമായ തൊഴിലെടുക്കുന്നവർക്കും ഇടയിൽ ഉപജീവനം നടത്തുന്നവരാണ്. ലൈംഗിക തൊഴിലാളികൾക്കും ക്ലയന്റുകൾക്കും ഇടയിലും ഇങ്ങനെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരുണ്ട്. ഞാനടക്കമുള്ള പ്രോജക്ട് സ്റ്റാഫുകളും കൺസൾട്ടന്റുമാരും ഇങ്ങനെ ജീവിച്ചവരാണ്. ഒന്നിൽ നിന്ന് മറ്റൊരു പ്രോജക്ടിലേക്ക് മാറി മാറി, പദവിയിൽ ഉയർന്നുയർന്നു പോകാൻ ഇവർക്ക് സാധിക്കും. ഇവിടെയുള്ള മത്സരം, തിരിച്ചറിയാനാകാത്ത വിധം സൂക്ഷ്മമാണ്.

സമൂഹത്തിന്റെ ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ ഉതകാത്ത വിദ്യാഭ്യാസ രീതിയിലൂടെ പുറത്തു വരുന്ന അഭ്യസ്തവിദ്യർക്ക് അത് സാധാരണ ജീവിതമായി തന്നെയാണ് തോന്നുന്നത്. മാനസിക സമ്മർദ്ദവും രക്താതിമർദ്ദവും ഉണ്ടാകുമെങ്കിലും അതിന് പ്രകൃതി ഭക്ഷണവും യോഗ പരിശീലനവും നടത്തവും നീന്തലും ധ്യാനവും ഒക്കെ കൊണ്ട് പരിഹാരം നേടുകയും ചെയ്യാം. ഇക്കൂട്ടത്തിൽ വളരെയധികം കഷ്ടപ്പെട്ട് വരുന്നവരും, വികസിത രാജ്യങ്ങളിൽ തൊഴിൽ കിട്ടാത്തതിനാൽ, പിന്നാക്കമുള്ള രാജ്യങ്ങളിലേക്ക് വികസനത്തിനായി ലഭിക്കുന്ന ഫണ്ടിനെ ഉപജീവിക്കുന്ന മറ്റു രാജ്യക്കാരുമുണ്ട്. ഇവരെല്ലാം സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും അകന്നു കഴിഞ്ഞ് ശീലമുള്ളവരായതിനാൽ, ഒരുമിച്ചുള്ളപ്പോൾ നന്നായി സ്‌നേഹിക്കുമെങ്കിലും പിരിയാൻ പ്രയാസമില്ലാത്തവരാണ്. താൽക്കാലിക ഭർത്താക്കന്മാരെ പോലെ തന്നെ ഈ സുഹൃദ് ബന്ധങ്ങൾ ബാദ്ധ്യതകൾ ഉണ്ടാക്കുന്നില്ലെന്നത് നല്ല കാര്യമാണ്. ഒരു പദ്ധതിയിൽ ഒരുമിച്ച് മൂല്യങ്ങളും അദ്ധ്വാനവും പങ്ക് വച്ച ഒരു സുഹൃത്ത് വേറൊരു പദ്ധതിയിൽ വച്ച് കണ്ടപ്പോൾ വളരെ നിസ്സംഗമായി പരിചയം പുതുക്കിയത് എനിക്ക് കൗതുകമായി തോന്നി. പ്രാദേശികതലത്തിൽ നിന്ന് മുകളിലേക്കുയരും തോറും ബന്ധങ്ങളുടെ ഭാരം കുറഞ്ഞു കുറഞ്ഞു വരും.

പ്രാന്തവൽക്കരിക്കപ്പെട്ടവർക്കായുള്ള പദ്ധതികളിൽ അവരെ കൂടി ഉൾപ്പെടുത്തുമ്പോൾ, ആ ഒരു വിഭാഗം അവരിലെ സാധാരണക്കാരിൽ നിന്ന് വേർ തിരിഞ്ഞ് പുതിയൊരു വർഗ്ഗമായി മാറുന്നു. അവർക്കിടയിൽ വലിയ സംഘർഷം ഉണ്ടാകുമെങ്കിലും ഇത് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘട്ടമാണ്. ‘നാരീസക്ഷ’ത്തിൽ നിന്ന്​ ഒരു വിഭാഗം, സോഷ്യൽ ചേഞ്ച് ഏജന്റുമാരാകുകയും വേറൊരു വിഭാഗം അതിലും ഉയർന്ന ഫീൽഡ് വർക്കർമാരാകുകയും ചെയ്തു. വിദ്യാഭ്യാസം കൂടുതലുണ്ടായിരുന്ന മാനസി പെട്ടെന്നുതന്നെ ഫീൽഡ് വർക്കിലേക്ക് ഉയർത്തപ്പെട്ടു. ഉയർന്ന വിഭാഗത്തിൽ പെടുന്ന പുരുഷന്മാരെ ക്ലയന്റുകളായി സ്വീകരിച്ചിരുന്ന മാനസിക്ക് എളുപ്പം അതിനു കഴിഞ്ഞു. എപ്പോഴും സന്തോഷത്തോടെ പൊട്ടിച്ചിരിക്കാനും സാമർഥ്യത്തോടെ പ്രോജക്ട് ജോലി ചെയ്യാനും മറ്റുള്ളവർക്ക് അസൂയ ജനിപ്പിക്കാനും അവൾക്ക് കഴിഞ്ഞിരുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ ക്ലയന്റുകൾക്കൊപ്പം യാത്ര ചെയ്യാറുണ്ടെന്ന് മാനസി പറഞ്ഞു. ജീവിതത്തിൽ വലിയ ദുരിതങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത മാനസിക്ക് ഈ തൊഴിൽ ചെയ്യുന്നതിലും ഒരു സംഘർഷവും അനുഭവപ്പെട്ടില്ല. പുറത്തുനിന്നു വന്ന കൺസൾട്ടന്റുമാരിൽ ചിലർ മാനസിയെ പോലെയുള്ളവരുമായി എങ്ങനെ ഇട പെടണമെന്നറിയാതെ വിഷമിച്ചു.

ഞങ്ങളും, കുടുംബം എന്ന ഭൗതികസ്ഥലം വേർപെടുത്തിയ സമയമായിരുന്നു ഞാൻ രാജമന്ദ്രിയിലുണ്ടായിരുന്നത്. ഞാനും കനിയും മൈത്രേയനും മൂന്നു സ്ഥലങ്ങളിലായി.

സ്റ്റാഫുകളെ തെരഞ്ഞെടുക്കുമ്പോൾ, പലപ്പോഴും ഞാൻ അബദ്ധങ്ങളിൽ പെടാറുണ്ട്. വ്യവസ്ഥയിൽ നിന്ന്​ ഉപേക്ഷിക്കപ്പെടുന്നവർക്ക് ജോലി കൊടുത്തേക്കാമെന്ന ആലോചന ചിലപ്പോൾ വന്നു ഭവിക്കും. അവർ പിന്നീട് എനിക്ക് തന്നെ തലവേദനയായി മാറുകയും ചെയ്യും. വ്യത്യസ്തരായ മനുഷ്യരെ ഒരുമിച്ചുചേർത്ത് കൊണ്ടു പോവുക പലപ്പോഴും പ്രയാസമായി തീർന്നിട്ടുണ്ട്. സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ സമർത്ഥരും അനുസരണയുള്ളവരും ആയവരെ മാത്രം ജോലിക്ക് എടുക്കുന്നതാണോ, ഉപേക്ഷിക്കപ്പെട്ടവരും കുറച്ച് കുഴപ്പമുണ്ടാക്കുന്നവരെ എടുക്കുന്നതാണോ ശരി എന്ന് എനിക്ക് ഇപ്പോഴും തീരുമാനിക്കാൻ കഴിയാത്ത കാര്യമാണ്.
ആദ്യം സ്റ്റാഫിനെ എടുക്കുന്ന സമയത്ത് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രാമറാവു എന്നൊരാൾ അപേക്ഷിച്ചിരുന്നു. ഭാര്യയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെടുകയും മാനസാന്തരപ്പെടുകയും ഒക്കെ ചെയ്ത ഒരാളായിരുന്നു അത്. ഇന്റർവ്യൂവിന് വന്നപ്പോൾ വളരെ സൗമ്യനായിരുന്ന ആളെ റിക്രൂട്ട് ചെയ്യാമെന്ന ആലോചന ബോർഡ് മെമ്പർമാർ മുന്നോട്ടു വച്ചു. ഞാൻ അതിനനുസരിച്ച് ശുപാർശ കൊടുക്കുകയും ചെയ്തു. രാജമന്ദ്രിയിലെ സെൻട്രൽ ജയിൽ, പരിഷ്‌കരണങ്ങൾ നടന്നു വന്നിരുന്ന സ്ഥലമാണ്. ഒരിക്കൽ അവിടെ സന്ദർശിച്ചപ്പോൾ മറ്റു ജയിലുകളെ അപേക്ഷിച്ച് ഭേദപ്പെട്ട അന്തരീക്ഷവും പല തരത്തിലുള്ള ക്രാഫ്റ്റുകൾ പരിശീലിപ്പിക്കുന്നതും കാണാനിടയായി . പുറത്തിറങ്ങിയ ശേഷവും അവരുടെ ക്ഷേമത്തിന്നായി അവർ നിർദേശങ്ങൾ നൽകിയിരുന്നു. അതിനാലാവണം രാമറാവു അപേക്ഷ നൽകിയത്. അയാൾ പ്രതീക്ഷയോടെ പല പ്രാവശ്യം എന്നെ വിളിക്കുകയും ചെയ്തു. ‘കെയറി’ന്റെ കേന്ദ്ര ഓഫീസിൽ നിന്ന് അനുവാദം വരാൻ വൈകുകയും, അന്വേഷിച്ചപ്പോൾ വേണ്ട എന്ന മറുപടി കിട്ടുകയും ചെയ്തു. അവിടുത്തെ ഹ്യൂമൻ റിസോഴ്സ് മാനേജർ ആയ യുവതിയോട് ഞാൻ ദീർഘ നേരം വാദപ്രതിവാദം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുറച്ചു നാൾ മുൻപ് മലയാളത്തിലിറങ്ങിയ മുന്നറിയിപ്പ് എന്ന സിനിമ കണ്ടപ്പോൾ അന്നത്തെ എന്റെ തീരുമാനത്തിൽ കുറച്ച് സന്ദേഹം തോന്നാതിരുന്നില്ല.

ഞങ്ങളും, കുടുംബം എന്ന ഭൗതികസ്ഥലം വേർപെടുത്തിയ സമയമായിരുന്നു ഞാൻ രാജമന്ദ്രിയിലുണ്ടായിരുന്നത്. ഞാനും കനിയും മൈത്രേയനും മൂന്നു സ്ഥലങ്ങളിലായി. കനിക്ക് അവളുടെ തീരുമാനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ എടുക്കേണ്ടി വന്നു. പല ഓപ്ഷനുകളില്ലാത്ത നമ്മുടെ നാട്ടിൽ അത് തീർച്ചയായും പ്രയാസമുള്ള കാര്യമായിരുന്നു. അവൾ ഒന്നുരണ്ട് കോളേജുകളിൽ ചേർന്നിട്ട് അത് ശരിയാകാതെ ഉപേക്ഷിച്ചു. ബാംഗ്ലൂരിൽ നൃത്തം പഠിക്കാൻ പോയി. അതുപേക്ഷിച്ച് സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. നമ്മൾ അത് വരെ പരിചയിച്ചിരുന്ന കുട്ടിയല്ല, വളർന്ന ശേഷം ഉണ്ടാകുന്നത്. ഒരു തലമുറ പിറകിൽ നിന്ന് കാണുന്ന കാഴ്ചകളല്ല പുതിയ തലമുറ കാണുന്നത്. അവർ തുടങ്ങുന്നത് പുതിയ സ്ഥലത്ത് നിന്നായത് കൊണ്ട് ജീവിതത്തെ അറിയുന്നത് മറ്റൊരു തരത്തിലായിരിക്കും. അതിനാൽ, മകളാണെങ്കിലും അവളെ നിരന്തരം പരിചയപ്പെടേണ്ടി വരും. അവളോടൊപ്പം പുതിയൊരു സമൂഹത്തേയും പുതിയൊരു കാലഘട്ടത്തേയും കൂടിയാണ് ഞാൻ പരിചയപ്പെട്ടത്. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തുപോയി തന്നെയാണ് യുവാക്കൾ വളരേണ്ടത്. പക്ഷെ, അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴൊക്കെ സുരക്ഷിതത്വമില്ലാത്ത നമ്മുടെ നാട്ടിൽ ഞാൻ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു.

രാജമന്ദ്രിയിലെ പ്രോജക്ട് അംഗങ്ങളെല്ലാം കൂടി ‘ലേ'യിലേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നു. ഡൽഹിയിലെത്തിയപ്പോഴേക്കും വല്ലാത്ത മഞ്ഞു വീഴ്ച ഉണ്ടായതിനാൽ അവിടെ പോകാൻ സാധിക്കില്ലെന്ന് അറിഞ്ഞു. പരിപാടി മാറ്റി ഞങ്ങൾ ശ്രീനഗറിലേക്ക് പോയി. ആ സമയത്ത് ഡൽഹിക്കടുത്തുള്ള ഏതോ സ്ഥലത്ത് കനി ഉണ്ടായിരുന്നു. അവളെ കൂടെ യാത്രയിൽ കൂട്ടാൻ വേണ്ടി ഞാൻ വിളിച്ചു. മൈലുകളോളം സുഹൃത്തിനോടൊപ്പം മോട്ടോർ ബൈക്കിൽ സഞ്ചരിച്ചാണ് അവൾ വരുന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് ടെൻഷനായി. ശ്രീനഗറിൽ ഞങ്ങൾ ബോട്ട് ഹൗസിലാണ് താമസിച്ചത്. പകൽ ഞങ്ങളെല്ലാവരും സ്ഥലങ്ങൾ കാണാൻ പുറപ്പെടുമ്പോൾ കൂടെ വരാതെ അവൾ നാട്ടുകാരോടൊപ്പം വഞ്ചിയിലും മറ്റും പോകും. അതും ഒരു വശത്ത് എനിക്ക് ഉത്കണ്ഠ ഉണ്ടാക്കി എങ്കിലും, മറുവശത്ത് അവൾ വളരുകയാണല്ലോ എന്ന സന്തോഷവും നൽകി. ഇങ്ങനെ ഇടക്കിടെ ഒത്തു ചേർന്നുകൊണ്ട് മാത്രമാണ് അക്കാലത്ത് ഞങ്ങൾ പരസ്പരം അറിഞ്ഞത്. അവൾക്ക് മാനസികമായ പ്രതിസന്ധി ഉണ്ടാകുന്ന സമയത്ത് ഞങ്ങൾ മൂന്നു പേരും ഒന്നിക്കുകയും ദിവസങ്ങളോളം ഒരുമിച്ച് കഴിയുകയും ചെയ്യും.

ജയശ്രീയും മൈത്രേയനും

മൈത്രേയനും ഞാനുമായി ഒരുമിച്ചുള്ള സാമൂഹ്യ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൈത്രേയനെ സംബന്ധിച്ച് സാമൂഹ്യമായ നിലനിൽപ്പിൽ നിന്ന് വേറിട്ട് വ്യക്തിപരമായ ജീവിതമില്ലാത്തതിനാലും ഒരു വീട് പങ്ക് വക്കാത്തതിനാലും ഇടക്ക് എനിക്ക് വൈകാരികമായ ശൂന്യത അനുഭവപ്പെട്ടു. ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് അത് സംഭവിച്ചത് എന്നതിനാൽ എനിക്ക് ഞങ്ങളുടെ ബന്ധത്തെ പുനർനിർവ്വചിക്കേണ്ട ആവശ്യമുണ്ടായി. പക്ഷേ, എന്നെ വിസ്മയിപ്പിച്ച് വൈകാരികമായ ശൂന്യതക്ക് ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്ന തിരിച്ചറിവ് പെട്ടെന്നുതന്നെയുണ്ടായി. ചുറ്റുപാടും ശ്രദ്ധയോടെ തിരിഞ്ഞാൽ മാത്രം മതി, മനുഷ്യജീവിതങ്ങൾ അതിന്റെ നീരൊഴുക്ക് കൊണ്ട് ശൂന്യത അപ്പഴപ്പോൾ നിറച്ചു കൊണ്ടിരിക്കും. പാരസ്പര്യത്തിന്റെ വിവിധ ഭാവങ്ങൾ സ്വീകരിക്കാൻ ഉള്ളറ എപ്പോഴും ഒരുക്കിവെക്കണമെന്ന് മാത്രം. വൈകാരികമായി ഒരാളിലേക്ക് മാത്രം ഒതുങ്ങുന്നതിന്റെ പരിമിതി, ഉള്ളിൽ നിന്ന് ആ കെട്ട് അഴിയുമ്പോഴാണ് തിരിച്ചറിയാനാവുന്നത്.

ഏറെക്കാലം എന്റെ ഉള്ളം ഒരാളോടുമാത്രം പ്രതിബദ്ധമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് അതിൽ നിന്ന് പുറത്ത് വന്നപ്പോഴാണ്. സ്വതന്ത്രരായ വ്യക്തികൾ ഒരുമിച്ച് കഴിയുന്നത് വേറൊരു അനുഭവമാണ്. ഞാൻ രാജമന്ദ്രിയിൽ ആയിരിക്കുമ്പോഴും മൈത്രേയൻ ഇടക്കിടെ വന്ന് കൂടെ താമസിക്കുകയും എന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തിരുന്നു. അതേസമയം എനിക്ക് സ്വതന്ത്രമായി വിഹരിക്കാൻ സ്ഥലവും സമയവും ഉണ്ടാവുകയും ചെയ്തു. ഒറ്റക്കും നില നിൽക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായത് ഒറ്റക്ക് ജീവിച്ചപ്പോൾ തന്നെയാണ്. പല സാഹചര്യങ്ങളിലും പെട്ട് ഒറ്റക്കായ സ്ത്രീകളും , കുടുംബങ്ങളിൽ ജീവിക്കുമ്പോഴും ഒറ്റക്കാവുന്ന സ്ത്രീകളും, ഒക്കെ അവരുടെ ലോകങ്ങൾ സൃഷ്ടിച്ചെടുക്കുന്നുണ്ട്. അത് തൊഴിലിലൂടെയോ ആത്മീയതയിലൂടെയോ സേവനങ്ങളിലൂടെയോ ഒക്കെ ആയിരിക്കാം. അവരെയൊക്കെ കൂടുതൽ ഹൃദയം തൊട്ടറിയാൻ കഴിയുന്നത് സ്വകാര്യതയുടെ പരിമിതിക്ക് പുറത്ത് കടക്കുമ്പോഴാണ്. നിരന്തരം അകലുകയും അടുക്കുകയും ഒപ്പം അദൃശ്യകണങ്ങളാൽ ചേർത്തിണക്കപ്പെടുകയും ചെയ്യുന്ന വിശാല പ്രപഞ്ചത്തിലെ അചേതന വസ്തുക്കളുടെ മാതൃക തന്നെയാണ് മനുഷ്യരും പിന്തുടരുന്നത്. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments