എ. കെ. ജയശ്രീ

ഉണങ്ങുന്ന മുറിവുകൾ, ഉണങ്ങാത്ത മുറിപ്പാടുകൾ

എഴുകോൺ- 37

ഒരിക്കൽ ജ്വലിച്ചു നിന്ന ‘നാരീസക്ഷ’വും തൃശൂരിലെ ‘ജ്വാലാമുഖി’യും അങ്ങനെ തന്നെ നില നിൽക്കുന്നില്ലെങ്കിലും അതിലൂടെ തീപ്പന്തം പോലെ കടന്നുപോയവർ സമൂഹമനസ്സാക്ഷിയിൽ ഏൽപ്പിച്ച പൊള്ളലിന്റെ പാടുകൾ എക്കാലവും നില നിൽക്കും

സുന്ദരമായ ചിരിയും റോസ് നിറവും ചുരുണ്ട മുടിയുമായി ഓടിനടന്നിരുന്ന സ്വപ്നയാണ് ആരോഗ്യബൃന്ദത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത്. സ്വപ്നയുടെ കഴുത്തും താടിയും ഒരു ആസിഡ് അറ്റാക്കിനാൽ വികൃതമാക്കപ്പെട്ടിരുന്നു. ലൈംഗിക തൊഴിൽ ചെയ്യുന്ന സ്ത്രീകളോട് വെറുപ്പ് വച്ചുപുലർത്തിയിരുന്ന ഏതോ മനോരോഗിയാണ് അത് ചെയ്തത്. 25 ലക്ഷം രൂപ ചെലവാക്കി പല പ്രാവശ്യമായുള്ള ശസ്ത്രക്രിയയിലൂടെ കഴുത്തും മുഖവും രൂപപ്പെടുത്തിയെടുക്കാൻ സ്വപ്ന ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമം തുടങ്ങിവച്ചെങ്കിലും അത് ചെയ്‌തെടുക്കാൻ സാധിച്ചില്ല.

‘ആരോഗ്യബൃന്ദം' എന്നത് ‘നാരീസക്ഷ'ത്തിന്റെ ആരോഗ്യസേവനത്തിലുള്ള പ്രവർത്തനത്തിനായി രൂപീകരിച്ച സംഘമായിരുന്നു. ഏറ്റവും പ്രയാസമുള്ള കാര്യമായിരുന്നു അത്. ആരോഗ്യമുള്ള ശരീരമാണ് സെക്‌സ് വർക്ക് ചെയ്യുന്നവർക്ക് ആവശ്യം. അതുകൊണ്ടുതന്നെ ശരീരത്തിന്റെ വൃത്തിയും ശുദ്ധിയും ആരോഗ്യവുമെല്ലാം സ്വകാര്യമായി സൂക്ഷിക്കുക എന്നത് മത്സരമുള്ള ബിസിനസിൽ അവരുടെ ആവശ്യവുമാണ്.

പൊതുജനാരോഗ്യസംവിധാനങ്ങളിൽനിന്ന് ഏൽക്കേണ്ടി വരുന്ന അപമാനവും അവഗണനയും മൂലം അവർ എപ്പോഴും സമാന്തര ചികിത്സകരുടെയും വ്യാജ ചികിത്സകരുടെയും അടുത്താണ് പോകാറ്. ആ സാഹചര്യത്തിലാണ് കൂട്ടത്തോടെ പരിശോധിക്കാനും ചികിത്സിക്കാനുമൊക്കെയായുള്ള എയ്ഡ്സ് നിയന്ത്രണ പരിപാടികൾ വരുന്നത്. പൊതുസമൂഹത്തിലുള്ളവരെ വിശ്വാസത്തിലെടുക്കാൻതന്നെ അവർക്ക് പ്രയാസമുണ്ടാകും. സുരക്ഷാ ഉറകൾ നൽകുന്നതിനും മറ്റുമായി ലിസ്റ്റ് തയാറാക്കിയിരുന്ന ആദ്യഘട്ടത്തിൽ അവർ വല്ലാതെ ഭയന്നിരുന്നു. പട്ടിക തയാറാക്കുന്നത് പൊലീസിന് കൈമാറാനാണെന്ന് പലരും കരുതി. നിരന്തരം പൊലീസിനെ ഭയന്ന് കഴിയുന്നവർക്ക് അങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ.

ശരീരത്തിലെ ഓരോ അവയവവും വർണിക്കുന്നതിന്റെ കൂട്ടത്തിൽ യോനിയെ മുളകായി സങ്കൽപ്പിക്കുന്നു. സ്ത്രീകൾ ഒരുമിച്ച് സുരക്ഷിതമായ ഇടങ്ങളിൽ ചേരുമ്പോൾ ഇതുപോലെ പലതരം തമാശകളിൽ ഏർപ്പെടാറുണ്ട്.

മുകളിൽ നിന്ന് പദ്ധതികൾ ആവിഷ്‌കരിക്കുന്നവർക്ക് പലപ്പോഴും വ്യത്യസ്തമായ മനുഷ്യാവസ്ഥകളും ദൈനംദിനം അവർ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും മനസ്സിലാകാറില്ല. നിശ്ചിത കാലത്തിനുള്ളിൽ പ്രവർത്തനഫലം കണക്കുകളായി അളന്നെടുക്കുന്ന രീതിയാണ് വികസനപദ്ധതികളുടെത്. ഈ കാലഗണനയും സാധാരണ മനുഷ്യരുടെ ജീവിതത്തിലെ കാലവുമായി ഒത്തു പോകാറില്ല. മുകൾത്തട്ടിലെ മനുഷ്യർക്ക് കൃത്യസമയം പാലിക്കാൻ കഴിയുമെങ്കിലും ഗ്രാമങ്ങളിൽനിന്ന് വരുന്നവർക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല. സെക്‌സ് വർക്കർമാരുടെ കാര്യത്തിൽ അതിലും പ്രയാസമാണ്. അവരുടെ ജോലി സമയവും വീട്ടുകാര്യങ്ങൾക്കുവേണ്ട സമയവും ഒക്കെയായിട്ട് ഒത്തുപോകുന്ന തരത്തിൽ വേണം ക്ലിനിക്കുകളും മറ്റും പ്ലാൻ ചെയ്യാൻ.

പരസ്പരമുള്ള വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിച്ചാൽ മാത്രമേ ഒരുമിച്ച് പരിശോധനക്കുവരാനും ചികിത്സ സ്വീകരിക്കാനും സ്ത്രീകൾ തയാറാകൂ. അങ്ങനെയല്ലാതെ അവർ വരാൻ തയാറായാലും അവരുടെ ഉത്കണ്ഠകളും ആവശ്യങ്ങളും മറ്റുള്ളവർ മനസ്സിലാക്കേണ്ടതുണ്ട്. പ്രോജക്ട് തുടങ്ങുന്നതിനു മുൻപ് ഐ.സി.എം.ആർ (Indian Council of Medical Research) രോഗാവസ്ഥയെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. പരിശോധനക്ക് വരുമ്പോൾ നഷ്ടപ്പെടുന്ന സമയത്തിന് കോമ്പൻസേഷൻ ആയി ഒരു തുക നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയും അതവർ നൽകുകയും ചെയ്തു. എന്നാൽ, സ്ഥിരമായ പരിശോധനകൾ സ്ത്രീകളുടെ സഹകരണത്തോടെ മാത്രമാണ് ചെയ്യാൻ കഴിയുക. അതിനവർ ഐക്യപ്പെടുകയും അവരുടെ മറ്റു വിഷയങ്ങൾ കൂടി പരിഹരിക്കപ്പെടുകയും വേണം. ഒരുമിച്ച് കൂടാനും വിശ്രമിക്കാനും ആഘോഷിക്കാനുമൊക്കെയുള്ള സ്ഥലങ്ങളിൽ മാത്രമേ ആരോഗ്യസേവനവും നൽകാൻ കഴിയൂ.

ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, ലൈംഗിക തൊഴിലാളികൾ, ചേരി നിവാസികൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ 2012ൽ കേന്ദ്രമന്ത്രിയെ കാണാൻ ഡൽഹിയിലെത്തിയപ്പോൾ / Photo : wikimedia commons

‘നാരീസക്ഷം' സെന്ററിലെ ക്ലിനിക്കിനുപുറമെ, സ്ത്രീകൾക്ക് വരാൻ പറ്റിയ മറ്റു സ്ഥലങ്ങളിലും ക്ലിനിക്കുകൾ നടത്തി. പലതും രാത്രികാലങ്ങളിലായിരുന്നു. ടൗണിൽ തന്നെയുള്ള ശ്യാമള സെന്ററിലാണ് ആദ്യം രാത്രി ക്ലിനിക് ആരംഭിച്ചത്. അവിടെ നിന്നുള്ള നാഗമണിയും മറ്റു സ്ത്രീകളും തന്നെ അത് സംഘടിപ്പിച്ചു. ക്ലിനിക്കുകളിൽ സേവനം നടത്താൻ തയാറായ ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും കണ്ടെത്തുക എന്നതും ഞങ്ങൾക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. നഴ്സുമാരെ പോലെയുള്ള സേവനം നടത്താൻ സ്ത്രീകളെ തന്നെ പരിശീലിപ്പിക്കാമെന്ന ആശയം ഉണ്ടായതിനെ തുടർന്ന് ഞങ്ങളുടെ മറ്റു നഴ്സുമാർ താൽപര്യമുള്ള, തെരഞ്ഞെടുക്കപ്പെട്ട "നാരീസക്ഷം' പ്രവർത്തകർക്ക് പരിശീലനം നൽകി. അതിൽ ഏറ്റവും മുന്നിട്ടു നിന്നതും നേതൃത്വത്തിലേക്ക് വന്നതും സ്വപ്നയായിരുന്നു.

ഉള്ളിലേക്ക് സ്‌പെകുലം ( Speculum) കടത്തിയൊക്കെയുള്ള പരിശോധന ചെയ്യുമ്പോൾ വേറൊരു സെക്‌സ് വർക്കറെ കൂടെ നിർത്താൻ അനുവദിക്കണമെങ്കിൽ അത്രയും സ്‌നേഹവും വിശ്വാസവും ഉണ്ടാകണം. അവയുണ്ടാക്കിയെടുത്തവരായിരുന്നു സ്വപ്നയും അവരുടെ ടീമും. മറ്റുള്ളവരുടെ മുറിവുകളിൽ ഔഷധം പുരട്ടി, സ്വപ്ന സ്വന്തം മുറിവുകൾ കൂടി ഉണക്കിക്കൊണ്ടിരുന്നു.

മുളകും മറ്റു മസാലകളും നന്നായി ഉപയോഗിക്കുന്നവരാണ് ആന്ധ്രക്കാർ. എരിവിനെ കാമോദ്ദീപകമായി വിവരിക്കുന്ന ഒരു നാടൻപാട്ടും നാട്ടിൻപുറത്തെ സ്ത്രീകൾ പാടികേൾപ്പിച്ചിട്ടുണ്ടായിരുന്നു. ശരീരത്തിലെ ഓരോ അവയവവും വർണിക്കുന്നതിന്റെ കൂട്ടത്തിൽ യോനിയെ മുളകായി സങ്കൽപ്പിക്കുന്നു. സ്ത്രീകൾ ഒരുമിച്ച് സുരക്ഷിതമായ ഇടങ്ങളിൽ ചേരുമ്പോൾ ഇതുപോലെ പലതരം തമാശകളിൽ ഏർപ്പെടാറുണ്ട്. ഹോട്ടലുകളിൽ നല്ല ഭക്ഷണം കിട്ടാറുണ്ടെങ്കിലും നാട്ടിൻപുറത്തെ രുചികളറിയാൻ പുറത്ത് നിന്നുള്ള സഹപ്രവർത്തകരും ഞാനും ഉൾനാട്ടിലൊക്കെ അലഞ്ഞുനടന്ന് ചെറിയ കടകൾ കണ്ടെത്തും. വീട്ടിൽ പാചകം ചെയ്യാത്ത ഞാൻ ഓരോ ദിവസവും പുതിയ രുചികൾ തേടി ഭക്ഷണശാലകൾ കയറിയിറങ്ങി. വീടുകളിൽ തന്നെ രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകുന്നവരുമുണ്ട്. നല്ല പുളിരസമുള്ള ഗോംഗുര ഇലകൾ പല കറികളിലും അവർ ചേർക്കുന്നു. അതുകൊണ്ടുണ്ടാക്കുന്ന അച്ചാറും ചട്ണിയും നാവിലെ മുഴുവൻ രസമുകുളങ്ങളെയും ഉണർത്തുന്നതാണ്.

ഒരു പ്‌ളേറ്റിൽ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാൽ പോലും എയ്ഡ്സ് പകരില്ലെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ശാസ്ത്രീയമായി മനസ്സിലാക്കിയാലും മായാതെ ഉള്ളിൽ കിടക്കുന്നതാണ് അയിത്തം.

അവിടെ വലുതും ചെറുതുമായ ധാരാളം ഹോട്ടലുകളുണ്ടായിരുന്നു. എപ്പോഴും അവിടങ്ങളിലെല്ലാം നല്ല തിരക്കുമുണ്ടാവും. യെയ്ൽ (Yale) യൂണിവേഴ്സിറ്റിയുടെ പഠനത്തിനായെത്തിയ മലയാളിയായ ആനി ജോർജിന്റെ വീട്ടിൽ നിന്ന് ഞാൻ ഇടക്കിടെ ഭക്ഷണം കഴിച്ചു. ആനിയും അമ്മയും മാത്രം താമസിച്ചിരുന്ന വീട്ടിൽ ഞാൻ മിക്കപ്പോഴും അതിഥിയായി എത്തുകയും രാത്രി അവിടെ ഉറങ്ങുകയും ചെയ്തു. പകലെല്ലാം ഞാൻ ജോലിത്തിരക്കിലാവുന്നതുകൊണ്ട് ഈ രാത്രികളിൽ ഞങ്ങൾ ദീർഘനേരം പ്രോജക്ടിനെ പറ്റി സംസാരിച്ചു. വർക്ക് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും, എനിക്ക് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കി കണ്ണോടിക്കുന്നതിനും അത് സഹായകമായി.
അങ്ങനെയിരിക്കെ, ‘നാരീസക്ഷം' ഒരു ഭോജനശാല തുടങ്ങാൻ തീരുമാനിച്ചു. സംഘടനക്ക് സ്വന്തം നിലനിൽപ്പിനായി വരുമാനമുണ്ടാക്കുക എന്നത് പ്രധാന ലക്ഷ്യമായിരുന്നു എങ്കിലും അംഗങ്ങൾക്ക് പോഷക ഗുണമുള്ള ഭക്ഷണം ലഭ്യമാക്കുക എന്നതും അതിലൂടെ ഉദ്ദേശിച്ചിരുന്നു.

ജീവിതക്ലേശങ്ങൾ കൊണ്ട് പലരുടേയും ആരോഗ്യം ക്ഷയിച്ചിരുന്നു. ആൻറിബയോട്ടിക്കുകളും മറ്റും കഴിക്കുമ്പോൾ അത് ശരീരത്തിന് താങ്ങാൻ കഴിയാതെ വരുന്നവരുമുണ്ടായി. മൂന്നു നേരവുമുള്ള ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നുള്ളതും അവയുടെ പോഷകമൂല്യവുമെല്ലാം വിശദമായി ചർച്ച ചെയ്തു. കമ്മിറ്റിയിലെ ഒരാൾ നിർദ്ദേശിച്ച നാരീ ഭോജനശാല എന്ന പേര് എല്ലാവരും ഒന്നടങ്കം അംഗീകരിച്ചു. ഇഷുകവീഥിയിൽ, ബിസിനസ് നടത്തിയിരുന്ന സീനിയറായ കുമാരിയാണ് ഇതിൽ പ്രധാന പങ്കാളിയായത്. എങ്കിലും നാലഞ്ചു പേരടങ്ങുന്ന ഒരു ടീം എപ്പോഴും പിന്തുണക്കായി ഉണ്ടായിരുന്നു. ഇഷുകവീഥിയിൽ ഇടക്കൊക്കെ പൊലീസ് വന്ന് മുറികൾ പൂട്ടി പോയിരുന്നതിനാൽ അവർ വല്ലാതെ ബുദ്ധിമുട്ടനുഭവിച്ചു. കുമാരിയുടെ സഹോദരിയും അവരോടൊപ്പം ഉണ്ടായിരുന്നു. പക്ഷെ, അവർ സംഘടനയിലേക്ക് വന്നില്ല.

ഡോ. എ.കെ.ജയശ്രീ

ആദ്യമൊക്കെ അസുഖമുള്ളവർക്ക് വേറെ പ്‌ളേറ്റും ഗ്‌ളാസുമൊക്കെ മാറ്റിവെക്കണോ എന്നൊക്കെയുള്ള സന്ദേഹം സമുദായാംഗങ്ങൾക്കുണ്ടായിരുന്നു. എത്ര ശാസ്ത്രീയമായി പഠിച്ചാലും ചില മുൻവിധികൾ നമ്മുടെ ഉള്ളിൽ നിന്ന് തൂത്തെറിയാൻ വളരെ പ്രയാസമാണ്. ഒരു പ്‌ളേറ്റിൽ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാൽ പോലും എയ്ഡ്സ് പകരില്ലെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ശാസ്ത്രീയമായി മനസ്സിലാക്കിയാലും മായാതെ ഉള്ളിൽ കിടക്കുന്നതാണ് അയിത്തം. ഇത് വിദ്യാഭ്യാസമുള്ളവരിലും ഇല്ലാത്തവരിലും എല്ലാം ഒരു പോലെ കാണാം. പതിയെ പതിയെ ഇത്തരം ഉറച്ചു പോയ മുൻധാരണകളിൽ നിന്ന് അവർക്കു പുറത്തു കടക്കാനായി.

പ്രോജക്ട് സന്ദർശിക്കാനും കൺസൽട്ടേഷനും മറ്റുമായി എപ്പോഴും ഞങ്ങൾക്ക് ധാരാളം സന്ദർശകരുണ്ടായിരുന്നു. ചിലപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് ആളുകളെത്തും. നാരീഭോജനശാലക്ക് പിന്തുണ നൽകാൻ അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ തീരുമാനിച്ച അവരുടെ കണ്ണുകളിൽ നിന്ന് എരിവ് കൊണ്ട് കുടുകുടെ വെള്ളം ചാടി. ഇതുകണ്ട് വിഷമം തോന്നിയ ഭോജനശാലക്കാർ അവർക്കുവേണ്ടി എരിവ് കുറഞ്ഞ പ്രത്യേക ഭക്ഷണം ഉണ്ടാക്കാൻ പഠിക്കാൻ തീരുമാനിച്ചു. ടൗണിലെ ഹോട്ടലിൽ നിന്നും ഷെഫുമാരെ വരുത്തി, പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന രീതിയും അവർ പഠിച്ചെടുത്തു.

ജീവിതഭാരങ്ങൾക്കിടയിൽ, പ്രകടിപ്പിക്കാൻ സമയം കിട്ടാറില്ലെങ്കിലും കലാപരമായ കഴിവുകൾ, പ്രത്യേകിച്ച് നൃത്തവും സംഗീതവും തങ്ങളിൽ ഉറങ്ങി കിടപ്പുണ്ടെന്ന് ‘നാരീസക്ഷം’ തിരിച്ചറിഞ്ഞു.

മറ്റു അവാഹാൻ പദ്ധതികൾക്ക് സ്ത്രീകളുടെ ശാക്തീകരണത്തോടെയും പങ്കാളിത്തത്തോടെയുമുള്ള എയ്ഡ്സ് നിയന്ത്രണ പരിപാടി ഒരു മാതൃകയായി പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ‘സക്ഷം’ പദ്ധതി തുടങ്ങിയത്. പഠിതാക്കളായി എത്തുന്നവർ പരിപാടിയിൽ മുഴുകുകയും തമ്മിൽ ഇഴുകുകയും ചെയ്ത് സ്വയം, കാഴ്ചപ്പാടിൽ മാറ്റത്തിന് വിധേയമാകുക (Immersion) എന്നൊരു ആശയമായിരുന്നു അത്. മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ, സമുദായത്തിൽ നിന്നും എജ്യുക്കേറ്റർമാരായി തെരഞ്ഞെടുത്തവരായിരിക്കും. അവർ ഇവിടുത്തെ സ്ത്രീകളുമായി പരമാവധി സമയം ചെലവഴിക്കുകയാണ് ഉദ്ദേശിച്ചിരുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ സഞ്ചരിച്ച് വൈവിദ്ധ്യമാർന്ന അവസ്ഥകളും അവരുടെ ഒരുമിച്ചുള്ള പ്രതിരോധങ്ങളും അതെങ്ങനെ എയ്ഡ്സ് നിയന്ത്രണത്തെ സഹായിക്കുന്നു എന്നും മനസ്സിലാക്കി എടുക്കുകയാണ് ചെയ്യേണ്ടത്. രാജമന്ദ്രിയിൽ തന്നെ അവർക്ക് താമസസൗകര്യം ഒരുക്കിയിരുന്നതുകൊണ്ട് മിക്കവാറും, ഭക്ഷണം നമ്മുടെ ഭോജനശാലയിൽ തന്നെയാകും. ഇമേർഷൻ സന്ദർശനങ്ങൾ കച്ചവടം മെച്ചപ്പെടുത്താൻ അവസരം നൽകി. പാരമ്പര്യമായി ബിസിനസിൽ പ്രാവീണ്യമുള്ള ദുർഗ്ഗയും ഈ ടീമിൽ കൂടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു.

അധിക വരുമാനം സമ്പാദിക്കാൻ തുടങ്ങിയതോടെ പുതിയൊരു സംരംഭത്തിലേക്ക് കടക്കാനുള്ള ആലോചനയുമുണ്ടായി. ഇമേർഷൻ പരിപാടിയുടെ ഉദ്ഘാടനം വളരെ ഗംഭീരമായാണ് നടന്നത്. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും, ഉയർന്ന ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എല്ലാമായി മൂന്നു ദിവസം നീണ്ടു നിന്ന പരിപാടിയായിരുന്നു അത്. മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതിനാൽ പൊതുവെ സമൂഹത്തിൽ നിന്ന് ഒരു മനോഭാവമാറ്റം അനുഭവിക്കാൻ കഴിഞ്ഞു. അതുവരെ ചെയ്ത പ്രവർത്തനങ്ങൾ പല വിധത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. അവിടെ കൂടിയവർക്കെല്ലാം അതിന്റെ പതിപ്പുകൾ വിതരണം ചെയ്തു. പ്രൊജക്ടിൽ തന്നെയുള്ളവരെ ആ പരിപാടി കൂടുതൽ പ്രചോദിപ്പിക്കുകയും സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ സംരംഭത്തെ കുറിച്ചുള്ള ആലോചന ഉണ്ടായത്.

ഒരു ദിവസം സന്ധ്യക്ക്, നാട്ടിൽ പോയിരിക്കുകയായിരുന്ന ഡോ. രഞ്ജിത്ത് ഏഴു മണിക്കെത്തുമെന്നും ഒരു സർപ്രൈസിനായി ഞങ്ങൾ കാത്തുനിൽക്കണമെന്നും പറഞ്ഞു. ഞാനും ‘നാരീസക്ഷം’ നയിച്ചു കൊണ്ടിരുന്ന കൃഷ്ണയും മറ്റു രണ്ട് മൂന്നു പേരും സെന്ററിന് വെളിയിലിറങ്ങിനിന്നു. ഏഴു മണിക്ക് രഞ്ജിത്ത് ഒരു വെള്ള വാനിൽ വന്നിറങ്ങി. മുൻ കൂട്ടി പറയാതെ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് ‘നാരീസക്ഷ’ത്തിനു വേണ്ടി വാങ്ങി കൊണ്ട് വന്ന ‘നാരീ വിഹാരി' ആയിരുന്നു അത്.

നാരീഭോജനശാലയിൽ നിന്നുണ്ടായ ചെറിയ സമ്പാദ്യം പുതിയ ഒരു സംരംഭത്തിലേക്ക് നിക്ഷേപിക്കണമെന്ന് ‘നാരീസക്ഷം’ തീരുമാനിച്ചിരുന്നു. ഇമേർഷൻ പരിപാടിയിലേക്ക് വരുന്നവർക്ക് സഞ്ചരിക്കാനും, മറ്റു ഫീൽഡ് പ്രവർത്തനങ്ങൾക്കും ഞങ്ങൾക്ക് വാഹനം ആവശ്യമായിരുന്നു. ഒരു വാഹനം വാങ്ങി അത് ഇത്തരം ആവശ്യങ്ങൾക്ക് വാടകക്ക് നൽകാനായിരുന്നു അവർ പരിപാടി ഇട്ടിരുന്നത്. എന്നാൽ, അതുവരെ സമ്പാദിച്ച തുക അതിനടുത്തൊന്നും എത്തിയിരുന്നില്ല. അവരുണ്ടാക്കുന്ന ഭക്ഷണം പലപ്പോഴും പണമില്ലാത്തവർക്കും സൗജന്യമായി കൊടുത്തിരുന്നു. വിശക്കുന്നവരുമായി അടുത്ത് നിൽക്കുന്നവർ ലാഭം അവഗണിച്ച് ആവശ്യക്കാരെ ഊട്ടുന്നതിന് ഉത്സാഹിച്ചു. ഉദ്ഘാടന സമ്മേളനം എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നതുകൊണ്ട്, സംഘടനയെ ശക്തിപ്പെടുത്താൻ ചില ആലോചനകൾ ഉയർന്നു വന്നു. അതിലൊന്ന് പ്രോജക്ടിന് വേണ്ടി ആരോഗ്യസേവനം നൽകിയിരുന്ന ഡോ. അരുണയുടേതായിരുന്നു.

പത്ത് വയസ്സുള്ളപ്പോൾ ഭരതനാട്യം പഠിക്കാൻ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്ന ദേവി പതിനാലാം വയസ്സിൽ ‘റെക്കോർഡ് ഡാൻസർ' ആകാൻ നിർബ്ബന്ധിതയായി

യു.എന്നിൽ വോളന്റിയറായി കരീബിയൻ ദ്വീപുകളിൽ സേവനം നടത്തിയിരുന്ന അരുണ അവധിക്ക് നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി കൂടെ ചേരുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ആയിരുന്ന അവർ രാജമന്ദ്രിയിലെ മെഡിക്കൽ കോളേജിലും ജോലി ചെയ്തിരുന്നു. സുപ്രസിദ്ധ ഗായികയായ എസ്.ജാനകി തന്റെ അടുത്ത ബന്ധുവാണെന്നും ‘നാരീസക്ഷ’ത്തിനു വേണ്ടി അവർ ഒരു ഗാനമേള നടത്തി തരുമെന്നും അരുണ അറിയിച്ചു. ഇതെല്ലാവർക്കും സന്തോഷവും ആവേശവുമുണ്ടാക്കിയ കാര്യമായിരുന്നു. ഡൽഹി ഓഫീസിൽ നിന്ന് അനുമതി കിട്ടിയ ഉടൻ അതിന്​ ഒരുക്കം നടത്തി. ഒരു സന്ധ്യയിൽ രാത്രി വൈകും വരെ ജാനകിയമ്മ നിറഞ്ഞ സദസ്സിൽ ലൈംഗിക തൊഴിലാളി സ്ത്രീകൾക്ക് വേണ്ടി പാടി. രാത്രി ഏറെ നേരം യാതൊരു അയിത്തവും കൂടാതെ അവരോടൊപ്പം ഫോട്ടോ എടുക്കുകയും എല്ലാവരെയും സ്‌നേഹത്തോടെ ചേർത്ത് പിടിക്കുകയും ചെയ്തു. പാട്ടും പാട്ടുകാരിയും കുറെ നാളുകളിലേക്കെങ്കിലും അവരുടെ മുറിവുകൾക്ക് സാന്ത്വനമായി.

ആ പരിപാടിയിൽ നിന്ന്​ കുറച്ച് പണം സ്വരൂപിക്കാൻ കഴിഞ്ഞു. അപ്പോഴും വാഹനം വാങ്ങാൻ പണം തികയുമായിരുന്നില്ല. പ്രോജക്ടിനുവേണ്ടി ജോലി ചെയ്തിരുന്ന ഡോ. രഞ്ജിത്ത്, ഡോക്ടർ മാത്രമായിരുന്നില്ല. ബാംഗ്ലൂരിൽ കുടുംബപരമായ ബിസിനസും അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ നിന്ന്​ കുറച്ച് നാൾ മാറി നിൽക്കാനാഗ്രഹിച്ച് വന്ന രഞ്ജിത് പതിയെ ‘നാരീസക്ഷ’ത്തോട് അനുഭാവമുള്ള ആളായി മാറുകയായിരുന്നു . മറ്റുള്ളവർക്ക് ഇടക്കിടെ സർപ്രൈസ് നൽകുക രഞ്ജിത്തിന്റെ വിനോദമാണ്. ഒരു സർപ്രൈസായി കയ്യിൽ നിന്ന് പണം അഡ്വാൻസ് നൽകി വാഹനം വാങ്ങി കൊണ്ടുവന്നതും അങ്ങനെയാണ്. സ്ത്രീകൾ അപ്പോഴുണ്ടായിരുന്ന പണം നൽകുകയും നാരീവിഹാരി എന്നുപേരിട്ട് അത് സ്വന്തമാക്കുകയും ചെയ്തു. പിന്നീട് പല തവണകളായി അവർ പണം തിരിച്ചു നൽകി.

ജീവിതഭാരങ്ങൾക്കിടയിൽ, പ്രകടിപ്പിക്കാൻ സമയം കിട്ടാറില്ലെങ്കിലും കലാപരമായ കഴിവുകൾ, പ്രത്യേകിച്ച് നൃത്തവും സംഗീതവും തങ്ങളിൽ ഉറങ്ങി കിടപ്പുണ്ടെന്ന് ‘നാരീസക്ഷം’ തിരിച്ചറിഞ്ഞു. മനസ്സിലെ മുറിവുകളുടെ നീറ്റലകറ്റാൻ അതേറ്റവും നല്ല ഉപാധിയാണെന്ന് അവർ കണ്ടെത്തി. പല സ്ഥലങ്ങളിൽ നിന്നുമുള്ള കലാകാരികളെ ചേർത്ത് നാരീകലാവേദിക എന്ന പേരിൽ ഒരു കലാ സംഘം തുടങ്ങി. തിയേറ്റർ, ശബ്ദനിയന്ത്രണം, സംഗീതം, ധ്യാനം, യോഗചര്യകൾ ഇവയിലെല്ലാം ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിശീലനം നൽകാൻ കെയർ സന്നദ്ധമാവുകയും ചെയ്തു. പരിശീലനത്തിനു ശേഷം കൂടുതൽ ആത്മവിശ്വാസത്തോടെ അവർ പ്രദർശനങ്ങൾ നടത്തി. വിവിധ കലാപ്രകാശനങ്ങളിലൂടെ, അനുഭവിക്കുന്ന ചൂഷണത്തിന്റേയും അക്രമത്തിന്റേയും, രോഗക്കെടുതിയുടെയും തീവ്രവേദന മറ്റുള്ളവരിലേക്ക് പകർന്നു. ഇമേർഷൻ സന്ദർശനത്തിനെത്തിയവർക്ക് കൂടുതൽ താല്പര്യമുണ്ടാക്കാനും അത് സഹായിച്ചു. നാരീദ്ധ്വനി എന്നൊരു ന്യൂസ് ലെറ്ററും അതോടൊപ്പം അവർ എഴുതി ഉണ്ടാക്കിയിരുന്നു.

അന്ന് ചുറുചുറുക്കോടെയും ഉത്സാഹത്തോടെയും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ ഭൂരിഭാഗം പേരും രോഗാണു ബാധിച്ചവരായിരുന്നു.

ഇടവേളകളിൽ കലാകാരികൾ മനസ്സ് തുറന്നു. പത്ത് വയസ്സുള്ളപ്പോൾ ഭരതനാട്യം പഠിക്കാൻ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്ന ദേവി പതിനാലാം വയസ്സിൽ ‘റെക്കോർഡ് ഡാൻസർ' ആകാൻ നിർബ്ബന്ധിതയായി. റെക്കോർഡ് ഡാൻസ് പുരുഷന്മാർക്ക് കണ്ടാസ്വദിക്കാനായി സ്ത്രീകളെ കൊണ്ട് ചെയ്യിക്കുന്ന അർദ്ധനഗ്‌ന നൃത്തമാണ്. അതിന് സ്ത്രീകൾക്ക് പണം കിട്ടുമെങ്കിലും അത്, നടത്തുന്ന പുരുഷന്മാരുടെ നിയന്ത്രണത്തിലായിരിക്കും. ഡാൻസ് കണ്ട് ഉന്മത്തരായി വേദിയിലേക്കടുക്കുന്ന പുരുഷന്മാരെ ഇത് നടത്തുന്നവർ വടി കൊണ്ട് അടിച്ചോടിക്കും. ഇത് നിയമവിരുദ്ധമായതിനാൽ ചിലപ്പോൾ പൊലീസ് ഇടപെടും. നൃത്തത്തിൽ പരിശീലനം കിട്ടിയിട്ടില്ലാതിരുന്ന ദേവിക്ക് കലാവേദികയുടെ പ്രോഗ്രാമിൽ വന്നത് ദീർഘകാലത്തെ സ്വപ്നസാക്ഷാത്കാരമായിരുന്നു. ‘റെക്കോർഡ് ഡാൻസിൽ പണം മാത്രം കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ഞാൻ സാമൂഹ്യമാറ്റത്തിന്റെ ഒരു കണ്ണിയാവുക കൂടി ചെയ്യുന്നതിൽ അഭിമാനിക്കുന്നു' എന്ന് ദേവി പറഞ്ഞു.

കേരളത്തിലേത് പോലെയല്ല, സുരക്ഷാ ഉറകൾ ഉപയോഗിക്കണമെന്ന് പഠിച്ച് വരുമ്പോഴേക്കും ആന്ധ്രയിൽ പകുതിയോളം ലൈംഗിക തൊഴിലാളികൾക്കും എയ്ഡ്സ് ബാധിച്ചിരുന്നു. HIV ബാധിച്ചവർക്കുള്ള മരുന്നുകൾ അന്ന് ഇന്നത്തെ പോലെ ലഭ്യമായിരുന്നില്ല. ആദ്യം തന്നെ ചികിത്സ തുടങ്ങുന്നതിനാൽ ഇപ്പോൾ വൈറസ് ബാധിച്ചവർക്കും ദീർഘകാലം ജീവിക്കാനാകുന്നുണ്ട്. അന്ന് ചുറുചുറുക്കോടെയും ഉത്സാഹത്തോടെയും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ ഭൂരിഭാഗം പേരും രോഗാണു ബാധിച്ചവരായിരുന്നു. വർഷങ്ങളെടുത്ത് പതിയെ പതിയെ മാത്രം ആരോഗ്യം നശിപ്പിക്കുന്ന തരം വൈറസ് ആയത് കൊണ്ട് അന്നൊക്കെ അവരുടെ പ്രതീക്ഷകൾ ഒട്ടും മങ്ങിയിരുന്നില്ല. മരുന്നില്ലാതിരുന്നതിനാൽ പരിശോധന നടത്താനും നിർബ്ബന്ധിച്ചിരുന്നില്ല. രോഗം കാർന്നു തിന്നാൻ തുടങ്ങിയവരെ മാത്രമാണ് ടെസ്റ്റ് ചെയ്തിരുന്നത്. ടെസ്റ്റിൽ പോസിറ്റീവായി മാറുന്നവർ ക്ലയന്റുകളെ സ്വീകരിക്കാൻ ധാർമിക പ്രശ്‌നം അനുഭവിച്ചിരുന്നു. തൊഴിലിന്റെ രീതി കൊണ്ട് തന്നെ അയിത്തം അനുഭവിച്ചിരുന്നവർക്ക് HIV കൂടി ഉണ്ടാകുമ്പോൾ അത് ചിന്തിക്കാനാവാത്ത അവസ്ഥയാണ്. എന്നാലും അവർക്കും ജീവിക്കേണ്ടതുണ്ട്.

ആശുപത്രിസംവിധാനങ്ങളും മുദ്ര കുത്തപ്പെട്ട സ്ത്രീകളും തമ്മിൽ നേരത്തേ തന്നെ ഒരു വലിയ വിടവ് നില നിൽക്കുന്നു. അതിനോടൊപ്പം HIV കൂടി വരുമ്പോൾ, അത് വരെ കെട്ടിപ്പടുത്തു കൊണ്ട് വന്നതെല്ലാം തകരുകയാണ്. HIV ബാധിതർക്ക് ആവശ്യമായ പല ചികിത്സകളും, ആശുപത്രികളും ഡോക്ടർമാരും നിഷേധിക്കുന്ന അവസ്ഥ ഇപ്പോൾ പോലും നില നിൽക്കുന്നുണ്ട്.
ആ വിടവ് നികത്താൻ ഞങ്ങളും ‘നാരീസക്ഷ’വും നന്നായി പരിശ്രമിച്ചു. ആരോഗ്യസ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു. ടെസ്റ്റുകൾ ചെയ്യുന്ന സെന്ററുകൾ ഗവണ്മെൻറ്​ ആശുപത്രികളിലായതിനാൽ അത് വഴിക്കൊക്കെ ബന്ധപ്പെടാൻ കഴിഞ്ഞു. ക്ലയന്റുകൾക്ക് വേണ്ടി മത്സരമൊക്കെ ഉണ്ടെങ്കിലും, സഹപ്രവർത്തകരെ ഒരിക്കലും കൂടെയുള്ളവർ പൂർണമായി ഉപേക്ഷിക്കാറില്ല. മരുന്നുകൾക്കൊപ്പം പോഷകഗുണമുള്ള ഭക്ഷണവും ആവശ്യമാണല്ലോ. അതിനായി കൂടെയുള്ളവർ തന്നെ പണം സ്വരുക്കൂട്ടിയെടുത്തു. ആശുപത്രിയിൽ കിടക്കുന്നവരോടോപ്പം കൂട്ടിനുനിന്നു. ആവശ്യമായ സോപ്പ്, എണ്ണ , ടവൽ തുടങ്ങി എല്ലാ സാധനങ്ങളും എത്തിച്ചു കൊടുത്തു.

എപ്പോഴും കുഞ്ഞുങ്ങളുടെയും മറ്റു പ്രിയപ്പെട്ടവരുടെയും പരിചരണത്തിൽ മുഴുകിയിരിക്കുന്ന സ്ത്രീകൾ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതു തന്നെ അറിയാറില്ല.

ഞാൻ രാജമന്ദ്രിയിലുണ്ടായിരുന്ന കാലത്ത് അവിടെയും ഇവിടെയും മാത്രമാണ് രോഗം ബാധിച്ചവരെ കണ്ടിരുന്നത്. എന്നാൽ, അവിടെ നിന്ന് തിരികെ വന്ന് നാലഞ്ചു വർഷമാകുമ്പോഴേക്കും സ്വപ്നയടക്കം ‘നാരീസക്ഷം’ നയിച്ചിരുന്നവരിൽ കൂടുതൽ പേരും മരണത്തടിനടിപ്പെട്ടു എന്നത് യാഥാർഥ്യമായി ഉൾക്കൊള്ളാൻ പ്രയാസമാണ്. അവർ തുടങ്ങി വച്ച യജ്ഞം പിറകെ വന്നവർക്ക് വഴി തെളിച്ചു എന്ന് സമാധാനിക്കാമെന്നു മാത്രം. നാരീഭോജനശാലയും, നാരീവിഹാരിയും നാരീകലാവേദികയും, ‘നാരീസക്ഷം’ തന്നെയും ഒരു സ്വപ്നം പോലെ, നീറുന്ന മുറിപ്പാടുകൾ ശേഷിപ്പിച്ച് മറഞ്ഞതുപോലെ.

എപ്പോഴും കുഞ്ഞുങ്ങളുടെയും മറ്റു പ്രിയപ്പെട്ടവരുടെയും പരിചരണത്തിൽ മുഴുകിയിരിക്കുന്ന സ്ത്രീകൾ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതു തന്നെ അറിയാറില്ല. എയ്ഡ്സ് ബാധയുടെ പീഡയും ആ സ്ത്രീകൾ അങ്ങനെയാവണം താങ്ങിയിട്ടുണ്ടാവുക. മരിച്ചു വീഴുന്നതുവരേയും അവർ മറ്റുള്ളവരുടെ ക്ഷേമത്തിൽ മുഴുകിയിരിക്കുന്നു. മാധവിക്കുട്ടിയുടെ നെയ്​പായസം എന്ന കഥയിൽ കുട്ടികൾക്ക് വേണ്ടി പായസം അടക്കമുള്ള ഉച്ചഭക്ഷണം ഒരുക്കി വച്ച് കഴിയുമ്പോൾ അവരുടെ അമ്മ കുഴഞ്ഞു വീണ് മരിക്കുകയാണ്. ജീവിതത്തിന്റെ തുമ്പിലെത്തുന്നത് വരെ അവർ മറ്റുള്ളവരിലേക്ക് കരുതൽ വച്ചു നീട്ടി. ശവദാഹം കഴിഞ്ഞ് രാത്രി ഭർത്താവ് തിരിച്ചെത്തുമ്പോഴും, കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കി വച്ച തണുത്ത പായസം അവരുടെ ജീവന്റെ അവസാന തുടിപ്പുകൾ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മരിച്ചു പോയവരിൽ നിന്ന് ഊർന്നു വീണ വാക്കുകളും അവർ കെട്ടിപ്പടുത്ത സംഘസ്വപ്നങ്ങളും ഏതെങ്കിലും രൂപങ്ങൾ ആർജ്ജിച്ച് അവിടവിടെയായി നില കൊള്ളുന്നുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു.

പെദ്ദപുടിയിലെ സീതമ്മയെ പ്രണയിച്ച ഒരു യുവാവിനെ ഒരിക്കൽ പരിചയപ്പെടാനിടയായി. ഉയർന്ന വിദ്യാഭ്യാസത്തിനു ശേഷം ജോലിയും ജീവിതത്തിന്റെ ലക്ഷ്യവും അന്വേഷിച്ച് നടന്നതിനിടെ സീതമ്മയുടെ വീടിനടുത്ത് അയാൾ ഒറ്റക്ക് താമസിക്കുകയായിരുന്നു. ഒരിക്കൽ അയാൾക്ക് ചിക്കൻ പോക്‌സ് പിടി പെട്ടപ്പോൾ രാവും പകലും സീതമ്മ അയാളെ ശുശ്രൂഷിക്കുകയും ആഹാരമെല്ലാം തയാറാക്കി നൽകുകയും ചെയ്തു. ദേഹത്തെല്ലാം എണ്ണ തേപ്പിച്ച് കുളിപ്പിക്കുകയും വേപ്പിലകൾ കൊണ്ട് ഉഴിഞ്ഞ് ചൊറിച്ചിൽ അകറ്റുകയും ചെയ്തു. അമ്മയുടെ പ്രായമുള്ള സീതമ്മയുടെ പരിചരണം അയാളെ പ്രണയത്തിലേക്കും ശാരീരികബന്ധത്തിലേക്കുമൊക്കെ എത്തിക്കുന്നുണ്ട്. അതിനേക്കാളുപരി അയാൾ, അവരെ ആദരിക്കുകയാണെന്നതാണ് എനിക്ക് മതിപ്പുണ്ടാക്കിയത്. തന്റെ മനസ്സിനേറ്റ മുറിവുകളെല്ലാം അവർ ഉണക്കിയെടുത്തു എന്നയാൾ പറഞ്ഞു. അവർക്ക് പ്രായം കൂടുതലുണ്ടെന്നതോ ലൈംഗിക തൊഴിലാളിയാണെന്നതോ ഒന്നും അയാൾ ശ്രദ്ധിച്ചില്ല. അവരുടെ പരിചരണത്തിൽ അയാൾ മതിമറന്നു. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ പോലെ ഈ സംഭവം എനിക്കനുഭവപ്പെട്ടു. വർഷങ്ങൾക്ക് ശേഷം സീതമ്മ എയ്ഡ്സ് രോഗത്തിന്റെ അവസാനഘട്ടത്തിലാണെന്നറിഞ്ഞപ്പോൾ അവരെ പരിചരിക്കാൻ ആരുണ്ടാകും എന്ന് ഞാനോർത്തു.

ശരീരത്തിലെ മുറിവുണക്കാൻ ‘ആരോഗ്യബൃന്ദ’വും ജീവിതത്തിലെ മുറിവുണക്കാൻ ‘നാരീസക്ഷ’വും പണിപ്പെട്ടു എങ്കിലും, അവർ കുറെ സുഖകരമായ നിമിഷങ്ങൾ പങ്കുവച്ചു എങ്കിലും ഉണങ്ങാത്ത മുറിവുകളായി ശേഷിക്കുന്ന ഓർമകളാണധികവും. ആദ്യം കാണുമ്പോൾ തന്നെ എല്ലും തോലുമായി കഴിഞ്ഞിരുന്ന പന്തിലമ്മ, പട്ടിണിയുടെ അവതാരം പോലെ തോന്നിച്ചു. അഞ്ചു രൂപക്ക് പോലും സെക്‌സ് വർക്ക് ചെയ്തു കൊണ്ടാണ് അവർ തെരുവിൽ കഴിഞ്ഞത്. ഒരു ദിവസം അവർ തെരുവിൽ മരിച്ചു വീണു. ശവദാഹം കുറച്ച് ആദരവോടെ നടത്താൻ ‘നാരീസക്ഷ’ത്തിന് കഴിഞ്ഞു എന്നത് മാത്രമാണ് ആകെയുണ്ടായ ആശ്വാസം.

രണ്ടുമൂന്നു പൊലീസുകാർ ജയയെ ഒരു കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന മനുഷ്യൻ ലൈംഗികാക്രമണക്കേസിൽ പ്രതിയാണെന്നും അയാളിൽ നിന്ന്​ കയ്യുപയോഗിച്ച് ഉത്തേജനമുണ്ടാക്കി ശുക്ലം എടുത്ത് നല്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

രാജമന്ദ്രിയിലെത്തിയ ശേഷമുള്ള ആദ്യത്തെ ഇന്റർ നാഷണൽ സെക്‌സ് വർക്കേഴ്‌സ് ഡേ ആഘോഷിക്കുമ്പോഴാണ് ചുറുചുറുക്കുള്ള സരളയെ ഞാൻ ആദ്യമായി കാണുന്നത്. സമ്മേളനത്തിനിടെ അവർ എല്ലാവർക്കും കാപ്പി നൽകിക്കൊണ്ടിരുന്നു. നല്ല ആരോഗ്യമുള്ള ഒരു യുവതിയായാണ് എപ്പോഴും ഞാനവരെ കണ്ടത്. വീട്ടിൽ തന്നെ സെക്‌സ് വർക്ക് ചെയ്തു കൊണ്ടിരുന്ന സരള സംഘടനയിൽ സജീവമായിരുന്നു. ‘ആരോഗ്യബൃന്ദ’ത്തിനു വേണ്ടി അവർ ക്ലിനിക്കുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഒരു ദിവസം വൈകുന്നേരം സരള മരിച്ചതായി ഒരു സഹപ്രവർത്തകൻ വിളിച്ചറിയിച്ചു. ഞങ്ങൾ പെട്ടെന്ന് അവരുടെ വീട്ടിലേക്കോടിയെത്തി. തലക്കൽ വിളക്ക് കത്തിച്ച് മൂടിപ്പുതപ്പിച്ച് കിടത്തിയിരുന്ന ആ രൂപം ഇപ്പോഴും മനസ്സിലുണ്ട്.

കുറെയധികം ആൾക്കാർ ഒരുമിച്ച് തിങ്ങി പാർക്കുന്ന ഒരു തെരുവിലായിരുന്നു സരളയുടെ വീട്. എല്ലാം സിമന്റിട്ട, വൃത്തിയായി സൂക്ഷിച്ചിട്ടുള്ള വീടുകൾ. ധാരാളം ബന്ധുക്കളും അയൽക്കാരും അവിടെ കൂടിയിരുന്നു. പരമ്പരാഗതമായി തൊഴിലെടുക്കുന്നവരായതു കൊണ്ടാകാം, സെക്‌സ് വർക്കർ എന്ന തരത്തിലുള്ള അയിത്തമൊന്നും അവിടെ കണ്ടില്ല. വേണ്ട ഉപചാരങ്ങളോടെ ശരീരം ശ്മശാനത്തിലേക്കെടുത്തു. അന്ത്യോപചാരങ്ങളർപ്പിച്ച് ഞങ്ങളും തിരികെ പോന്നു. തീരെ അപ്രതീക്ഷിതമായതുകൊണ്ടായിരിക്കണം, എല്ലാവരിലും ആ വിയോഗം കുറെ നാളത്തേക്ക് വേദനയുണ്ടാക്കി. നേരത്തേ ഹൃദയത്തെ ബാധിച്ചിരുന്ന ഗുരുതരരോഗം മറച്ചു വച്ചായിരുന്നു അവർ പ്രവർത്തിച്ചിരുന്നതെന്ന് മരണശേഷം മാത്രമാണ് ഞങ്ങൾക്കറിയാൻ കഴിഞ്ഞത്.

സാധാരണ ചിരിച്ചുകൊണ്ടെത്താറുള്ള ജയ ഒരു ദിവസം അതീവ ദുഃഖിതയും ക്ഷീണിതയുമായാണ് സെന്ററിലെത്തിയത്. മനുഷ്യത്വവിരുദ്ധവും ഹൃദയശൂന്യവുമായ പ്രവൃത്തിക്ക് വിധേയയായാണ് അവർ എത്തിയിട്ടുള്ളതെന്ന് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ‘നാരീസക്ഷ’ത്തിന്റെ ഇടപെടൽ മൂലം പൊലീസിന്റെ ഉപദ്രവം ഏറെക്കുറെ കുറഞ്ഞിരുന്ന കാലമായിരുന്നു അത്. കേരളത്തിൽ പൊലീസ് ആക്ട് ഉപയോഗിച്ചിരുന്നതുപോലെ അവിടെ IPC 294 ആണ് സ്ത്രീകളെ നിയമക്കുരുക്കിൽ പെടുത്താനുപയോഗിച്ചിരുന്നത്. വേണ്ട രീതിയിൽ വസ്ത്രം ധരിച്ചില്ല എന്നും മറ്റുമുള്ള കാര്യങ്ങളാണ് ആ നിയമം കുറ്റമായി കാണുന്നത്. വ്രണിതരായവരെ വീണ്ടും വീണ്ടും കുത്തി നോവിക്കാനുപയോഗിക്കുന്ന നിയമങ്ങൾ. കള്ളക്കേസുകളെ കുറിച്ചും അവകാശങ്ങളെ കുറിച്ചുമൊക്കെ ബോദ്ധ്യം വന്ന സ്ത്രീകൾ പല സമര പരിപാടികളും നടത്തിയിരുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമ്മേളനങ്ങൾ നടത്തി. പൊലീസ് സ്റ്റേഷനുകളിൽ പോയി ലഘുലേഖകളും ഉറകളുമൊക്കെ വിതരണം ചെയ്തു.

അങ്ങനെയിരിക്കെയാണ് ഈ സംഭവമുണ്ടാകുന്നത്.
വളരെ അസാധാരണമായ ഒരു സംഭവം. രണ്ടുമൂന്നു പൊലീസുകാർ ജയയെ ഒരു കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന മനുഷ്യൻ ലൈംഗികാക്രമണക്കേസിൽ പ്രതിയാണെന്നും അയാളിൽ നിന്ന്​ കയ്യുപയോഗിച്ച് ഉത്തേജനമുണ്ടാക്കി ശുക്ലം എടുത്ത് നല്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അയാളുടെ ലൈംഗികാക്രമണ കേസ് തെളിയിക്കാൻ വേണ്ടിയാണെന്നാണ് പറഞ്ഞത്. അത്തരം ഒരു ഇൻവെസ്റ്റിഗേഷനെ പറ്റി എവിടെയും കേട്ടിട്ടില്ല. ജയക്കും കൂടെയുള്ളവർക്കും, മുൻപ് അത്തരം ഒരനുഭവം ഉണ്ടായിട്ടില്ല. ഈ സംഭവത്തോട്, കൂടെയുണ്ടായിരുന്ന സ്ത്രീകളെല്ലാം രൂക്ഷമായി പ്രതികരിച്ചു. ഇതിലെ മനുഷ്യാവകാശലംഘനവും അപമാനിക്കലും ഓരോരുത്തരും അവരുടേതായി തന്നെ ഏറ്റെടുത്തു. വിശദമായി പരാതി തയാറാക്കി പോലീസിൽ തന്നെ നൽകാൻ അവർ തീരുമാനിച്ചു. പരാതി എഴുതി തയാറാക്കാനുള്ള വൈദഗ്ദ്ധ്യമൊക്കെയുള്ളവർ കുറവായിരുന്നു. എങ്കിലും പ്രോജക്ട് സ്റ്റാഫിന്റെ സഹായത്തോടെ പരാതി എഴുതി പൊലീസ് സ്റ്റേഷനിൽ നൽകുകയും മറ്റു സംഘടനകളെ ഒക്കെ പിന്തുണക്കായി അറിയിക്കുകയും ചെയ്തു.

എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പരാതിയുമായി മുന്നോട്ടു പോകാനുള്ള സന്നദ്ധതയിൽ നിന്ന്​ ജയ പിൻവലിഞ്ഞു. മറ്റു സംഘടനാ പ്രവർത്തകർ അതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും അവർ തയാറായില്ല. ആരോ വളരെ ശക്തമായി ജയയെ ഭീഷണിപ്പെടുത്തി എന്ന് വ്യക്തമാണ്. അവർക്ക് വീണ്ടും ഹൈവേയിൽ ജോലി ചെയ്യാൻ സാധിക്കയില്ലെന്ന് ആരോ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടാവണം. സുരക്ഷിതമായി കഴിയുന്ന നമുക്ക് അവരുടെ ജീവിതത്തിൽ തീരുമാനമെടുക്കാനും കഴിയില്ലല്ലോ. നാളെയുണ്ടാകുന്ന അപകടങ്ങൾ അവരൊറ്റക്കാണ് നേരിടേണ്ടി വരുക. എത്രമാത്രം അപകടകരവും നിസ്സഹായവുമായ ഒരു ലോകം നമ്മെ ചൂഴ്​ന്നുനിൽക്കുന്നു എന്ന അറിവ് നൽകിയ ആ സംഭവം ദീർഘകാലം കുത്തി നോവിച്ചു കൊണ്ടിരുന്നു.

രാത്രി നിൽക്കുന്ന സ്ത്രീകളെ ചിലപ്പോൾ റൗഡികൾ കൂട്ടം ചേർന്ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത് കേരളത്തിലും കണ്ടിട്ടുണ്ട്. അതുതന്നെ അപൂർവ്വമായെങ്കിലും അവിടുത്തെ സ്ത്രീകൾക്കും ഉണ്ടാകുന്നത് കണ്ടു.

സലീന എന്ന് പേരുള്ള വളരെ സാധുവായ യുവതി സെന്ററിൽ വന്നു തുടങ്ങിയിരുന്നു. ടൗണിലെ ശ്യാമളാ സെന്ററിൽ രാത്രിയിലാണ് അവർ കക്ഷികളെ തേടിയിരുന്നത്. രാത്രി നിൽക്കുന്ന സ്ത്രീകളെ ചിലപ്പോൾ റൗഡികൾ കൂട്ടം ചേർന്ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത് കേരളത്തിലും കണ്ടിട്ടുണ്ട്. അതുതന്നെ അപൂർവ്വമായെങ്കിലും അവിടുത്തെ സ്ത്രീകൾക്കും ഉണ്ടാകുന്നത് കണ്ടു. അത്തരത്തിൽ ഒരു ഭീകരമായ അപകടത്തിൽ പെട്ടാണ് ഒരു ദിവസം സലീന സെന്ററിലെത്തിയത്. മറ്റു സ്ത്രീകൾ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും ശരി. സെന്ററിലെ ഡോക്ടർമാർ പെട്ടെന്ന്​ ശുശ്രൂഷകൾ ചെയ്ത ശേഷം ആശുപത്രിയിൽ എത്തിച്ചാണ് സലീനയുടെ ജീവൻ രക്ഷിച്ചത്. സലീന സുഖപ്പെട്ടു വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതമായിരുന്നു അവരുടേത്. രണ്ടുമാസങ്ങൾക്ക് ശേഷം സമാനമായ ഒരു സംഭവത്തിൽ സലീന കൊല്ലപ്പെടുകയാണുണ്ടായത്.

കേരളത്തിലും ട്രാൻസ്‌ജെന്റർ സെക്‌സ് വർക്കർമാരും സ്ത്രീകളും കൊല്ലപ്പെട്ട പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സലീനക്ക് വിപരീതമായി നല്ല തന്റേടവും ധൈര്യവുമുണ്ടായിരുന്ന തൃശൂരിലെ അമ്മുവും റയിൽപാലത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടിരുന്നു. കവിതകൾ എഴുതിയിരുന്ന അമ്മുവിനോടൊപ്പം ഒരിക്കൽ ബാംഗ്‌ളൂരിലേക്കും തിരിച്ചും ബസിൽ യാത്ര ചെയ്തപ്പോൾ അവരുടെ ധൈര്യവും തന്റേടവും കൂടെയുള്ള ഞങ്ങളിലേക്കും പകരുന്നതായി തോന്നി. ഇവരുടെയൊക്കെ അസ്വാഭാവികമായ വേർപാടുകൾ ഉണങ്ങാത്ത മുറിവുകളാണ്. ഒരിക്കൽ ജ്വലിച്ചു നിന്ന ‘നാരീസക്ഷ’വും തൃശൂരിലെ ‘ജ്വാലാമുഖി’യും അങ്ങനെ തന്നെ നില നിൽക്കുന്നില്ലെങ്കിലും അതിലൂടെ തീപ്പന്തം പോലെ കടന്നുപോയവർ സമൂഹമനസ്സാക്ഷിയിൽ ഏൽപ്പിച്ച പൊള്ളലിന്റെ പാടുകൾ എക്കാലവും നിലനിൽക്കും. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments