‘നാരീസക്ഷം’ പ്രവർത്തകർ

ഇനി ഞങ്ങൾ പറയട്ടെ, ‘ഐ.ടി.പി.എ റദ്ദു ചെയ്യാലീ'

എഴുകോൺ- 38

ലൈംഗികതൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കുന്നതിൽ ഒരു വലിയ പങ്ക് ITPA നിയമത്തിനുണ്ട്. അതുപയോഗിച്ച് ക്ലയന്റുകളെ കൂടി ശിക്ഷക്ക് വിധേയമാക്കാനായിരുന്നു പുതിയ നീക്കം. ക്ലയന്റുകൾ കൂടി ശിക്ഷിക്കപ്പെടുന്നിടത്ത് ഉപജീവനം വലിയ പ്രതിസന്ധിയിൽ പെടുമെന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു.

രയിലേക്കണയുന്ന കടലോരം, തിരകൾ കൊണ്ട് മിക്കപ്പോഴും പ്രക്ഷുബ്ധമായി കാണാം. ചിലപ്പോൾ ശാന്തമായി കരയെ തഴുകുക മാത്രമാവും. ഉടലിന്റെ ഓരമായ മനസ്സും ഒതുക്കിയ വികാരങ്ങളോടെ, ഉറ്റവരെ തലോടി നിൽക്കുന്നതു പോലെ തന്നെ പ്രക്ഷുബ്ധമാകുന്നതും കാണാറുണ്ട്.
നമ്മൾ അറിഞ്ഞു കൊണ്ടല്ലെങ്കിലും എപ്പോഴും പ്രിയരെ തഴുകിയാണ് മനസ്സ് നില കൊള്ളുന്നത്. അത് കൈവിട്ടു പോയാലോ കൈവിട്ടു പോകുമെന്ന് തോന്നിയാലോ മനുഷ്യർ അക്രമാസക്തരാകാം. കുട്ടിക്കാലത്ത് തന്നെ ചേർത്തുപിടിക്കാൻ ആരുമില്ലാത്തവർ, വളർന്നുവരുന്നതിനിടെ പകുതി വഴി ഉപേക്ഷിക്കപ്പെട്ടവർ, മുതിർന്നശേഷം സാഹചര്യങ്ങളാൽ അപമാനിതരാവുകയും വിശ്വാസം നഷ്ടപ്പെടുകയും ചെയ്തവർ എല്ലാം അക്രമത്തിനു തുനിയുകയോ, അമിത വിധേയത്വത്താലും കുറ്റബോധത്താലും അക്രമത്തിന് കീഴടങ്ങുകയോ ചെയ്യാം.

സാഹചര്യങ്ങളുടെ കൂട്ടത്തിൽ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും യന്ത്രങ്ങളും പെടും. തീവ്രബന്ധത്തിലാണെന്നു കരുതുന്നവരുടെ ഇടയിലും ഈ യന്ത്രങ്ങൾ അവരറിയാതെ പോലും പ്രവർത്തിക്കുന്നുണ്ട്. ഭരണരൂപങ്ങളുടെ ചെറുമാതൃകയായ കുടുംബത്തിനുള്ളിൽ, പുറത്തെ അധികാരികളാൽ അപമാനിക്കപ്പെട്ടും മുറിവേൽക്കപ്പെട്ടും എത്തുന്ന ആൺപ്രജ പെണ്ണുങ്ങളേയും കുഞ്ഞുങ്ങളേയും അക്രമത്തിന് വിധേയരാക്കുന്നത് സാധാരണമാണ്. സ്ത്രീകൾ അക്രമത്തിന് കീഴടങ്ങുന്നതോടൊപ്പം ചിലപ്പോൾ അക്രമകാരികളാകുകയും ചെയ്യുന്നു. കുടുംബത്തിന് പുറത്തുള്ള തീവ്രാനുരാഗികൾക്കിടയിലും ലൈംഗികവിമതർക്കിടയിലും അക്രമമുണ്ടാകുന്നത് കാണാം. അതിനാൽ അക്രമത്തിന്റെ ഘടനാപരമായ മാനങ്ങൾ, ഭരണകൂടത്തിന്റെയും ആൺകോയ്മയുടേയും മാദ്ധ്യസ്ഥത്തിലൂടെയാണെങ്കിലും വ്യക്തിബന്ധങ്ങൾക്കിടയിൽ പ്രകടമാകുന്ന പ്രക്രിയ, മാനസിക തലത്തിൽ കൂടി അന്വേഷിക്കേണ്ടതാണ്.

അടുത്ത ബന്ധങ്ങളിൽ സ്ത്രീയും പുരുഷനും പരസ്പരം അക്രമിക്കുമ്പോഴും, സ്ത്രീകൾ താരതമ്യേന ദുർബ്ബല ശരീരമുള്ളവരായതു കൊണ്ടും സ്ത്രീകളോടുള്ള വയലൻസ് പൊതുവെ അംഗീകരിക്കപ്പെട്ടതായതു കൊണ്ടും കൂടുതൽ പ്രകടമാകുന്നത് അതായിരിക്കും.

അടിയും ഇടിയും ഏറ്റ്, നീരു കെട്ടിയ ദേഹത്ത്, അവിടവിടെ മുറിവേറ്റ പാടുകളുമായി കൃഷ്ണ സെന്ററിൽ വന്നത് എല്ലാവരെയും കുറച്ച് അത്ഭുതപ്പെടുത്തി. ‘നാരീസക്ഷ’ത്തിന്റെ അഭിമാനമായ കൃഷ്ണ പറയുന്നത്, തെല്ല് അസൂയയും സൗന്ദര്യപ്പിണക്കവുമുള്ള മറ്റു സ്ത്രീകൾ പോലും എപ്പോഴും സമ്മതിച്ചു കൊടുക്കാറുണ്ട്. കൂട്ടത്തിൽ ബിരുദമുള്ളവളായതു മാത്രമല്ല, താഴെ തട്ടിലുള്ളവരെ പോലെ തെരുവിൽ നിന്ന് തന്നെ ജോലിചെയ്യുന്നതും, അഭിമാനം വ്രണപ്പെടുന്ന തരത്തിലുള്ള സംസാരം ആരുടെ ഭാഗത്തു നിന്നുണ്ടായാലും വച്ച് പൊറുപ്പിക്കാത്ത തരം മറുപടിയും അവരുടെ പോപ്പുലാരിറ്റിക്ക് കാരണമായിരുന്നു.

ഗവേഷണത്തിന്​ പുറത്ത് നിന്നെത്തുന്നവരോട് എത്തിക്കൽ കമ്മിറ്റി അംഗമായ കൃഷ്ണ ചോദിക്കുന്ന ചോദ്യങ്ങൾ, പലപ്പോഴും അസഹിഷ്ണുത ഉണ്ടാക്കിയിട്ടുണ്ട്. ഗവേഷണത്തിന്റെ ഫലങ്ങൾ എങ്ങനെയാവും നമ്മുടെ സമുദായാംഗങ്ങൾക്ക് ഗുണപ്രദമാവുക എന്നും മറ്റുമുള്ള കൃഷ്ണയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചിലർക്ക് ഉത്തരമില്ലായിരുന്നു. ഇങ്ങനെ ആയാൽ ഞങ്ങൾക്ക് ഈ ഗവേഷണം അവസാനിപ്പിക്കേണ്ടി വരുമെന്നും ചിലർ നീരസത്തോടെ പറഞ്ഞു. ഇത്രയും ഉറച്ച മനസ്സുള്ള കൃഷ്ണ, കാമുകനിൽ നിന്നുമാണ് ഈ പീഡകളെല്ലാം ഏറ്റു വാങ്ങുന്നതെന്നത് എല്ലാവരേയും ഏറെ അദ്ഭുതപ്പെടുത്തി. ഭർത്താവിന്റെ ചതി മൂലം ലൈംഗിക തൊഴിലിൽ എത്തുകയും പിന്നീട് അത് സ്വന്തം ഇച്ഛക്കനുസരിച്ചു മാത്രം ചെയ്യുമെന്ന് ഉറച്ചവളുമായ കൃഷ്ണ എപ്പോഴും വികാരങ്ങൾ തീവ്രമായി പ്രകടിപ്പിച്ചിരുന്നു.

ലോക എയ്​ഡ്​സ്​ ദിനത്തിൽ തയാറാക്കിയ സെൽഫ് അസെസ്‌മെന്റ് പ്രാക്ടീസ്, ആക്ഷൻ പ്ലാനുമായി ‘നാരിസക്ഷം’ പ്രവർത്തകർ

കൃഷ്ണയുടെ കാമുകനായിരുന്നത് ഞങ്ങളുടെ പ്രോജക്ടിന്റെ അടുത്ത ബന്ധുവായ രാജകുമാരനായിരുന്നു. ഇതേ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹവും തന്റെ ദേഹത്തുള്ള മുറിപ്പാടുകൾ കാണിച്ചു തന്നു. അടുത്ത ബന്ധങ്ങളിൽ സ്ത്രീയും പുരുഷനും പരസ്പരം അക്രമിക്കുമ്പോഴും, സ്ത്രീകൾ താരതമ്യേന ദുർബ്ബല ശരീരമുള്ളവരായതു കൊണ്ടും സ്ത്രീകളോടുള്ള വയലൻസ് പൊതുവെ അംഗീകരിക്കപ്പെട്ടതായതു കൊണ്ടും കൂടുതൽ പ്രകടമാകുന്നത് അതായിരിക്കും. പുരുഷന്മാർ ചിലപ്പോഴെങ്കിലും അത് മറച്ചു വെക്കാറുണ്ട്.

കൃഷ്ണ സെന്ററിൽ വന്നു തുടങ്ങിയ സമയത്ത് പ്രോജക്ടിലെ ചില സ്റ്റാഫുമായി കൂടുതൽ അടുത്ത ബന്ധമുണ്ടാകുന്നു എന്നൊരു പരാതി ഉയർന്നിരുന്നു. അടുത്തൊരു ദിവസം തന്നെ കൃഷ്ണ എന്റെ മുറിയിലേക്ക് കടന്നുവന്ന്, എന്ത് കൊണ്ടാണ് തനിക്ക് ഇവിടുത്തെ ജോലിക്കാരുമായി പ്രണയബന്ധം ഉണ്ടാക്കാൻ കഴിയാത്തതെന്നും അത് സെക്‌സ് വർക്കർമാരോടുള്ള വിവേചനം അല്ലേ എന്നും ചോദിച്ചു. അതിന് എനിക്ക് ഒരുത്തരം നൽകാൻ കഴിഞ്ഞില്ല. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേർ തമ്മിൽ പ്രണയിക്കാൻ പാടില്ല എന്ന് പറയാൻ കഴിയില്ലല്ലോ. അങ്ങനെ ഒരു നിബന്ധന എവിടെയും വക്കാൻ കഴിയില്ല. ഇത്തരം സ്ഥാപനങ്ങളിൽ ജോലിസ്ഥലം ബന്ധങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയാണ് വക്കാറ്​. എന്നാൽ, ഫീൽഡ് വർക്കും യാത്രകളുമൊക്കെ ജോലിയുടെ ഭാഗമാകുമ്പോൾ ജോലിസ്ഥലം നിർവ്വചിക്കാനൊക്കെ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. അത് മാത്രമല്ല, പിന്തള്ളപ്പെട്ടവർക്കുവേണ്ടി ജോലി ചെയ്യുന്നിടത്ത് അവരെ വീണ്ടും ചൂഷണം ചെയ്യാനും അധികാര ദുർവ്വിനിയോഗം നടക്കാനും സാദ്ധ്യത ഉണ്ടെന്നും വാദിച്ചു കാണാറുണ്ട്.

ലൈംഗികതയിലെ തുല്യതക്കും സമ്മതത്തിനും യാതൊരു മൂല്യവും കൊടുക്കാത്ത നമ്മുടെ സംസ്‌കാരത്തിൽ പെൺകുട്ടികൾ ഇരകളാകുകയും അവർക്ക് അതിൽ നിന്ന് പുറത്ത് വരാൻ കഴിയാതിരിക്കുകയും ചെയ്യുന്നു

സ്വന്തം ഇഷ്ടക്കാർക്ക് കൂടുതൽ ആനുകൂല്യം നൽകുമോ എന്ന സംശയം മറ്റുള്ളവർക്കുണ്ടാകാം. ഇതിനിടയിൽ മറ്റുള്ള ചിലർക്ക് അസൂയ ഉണ്ടാവുകയും അത് സംഘാടനത്തെ ബാധിക്കുകയും ചെയ്യാം. ഇതിനേക്കാളെല്ലാമുപരി, മാനദണ്ഡങ്ങൾ എന്തൊക്കെയാണെങ്കിലും നിലവിലുള്ള സദാചാര മാമൂലുകളനുസരിച്ച് മാത്രമായിരിക്കും സ്ഥാപനങ്ങളിൽ എല്ലാവരും സംസാരിക്കുന്നതും നടപടി എടുക്കുന്നതും. അതിനാൽ , കൃഷ്ണ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ എളുപ്പമായിരുന്നില്ല. പിന്തള്ളപ്പെട്ട അവരെ ശാക്തീകരിക്കുക എന്നൊരു പ്രക്രിയയാണല്ലോ നടക്കുന്നത്. അവരുടെ സ്വന്തം തീരുമാനമാണെന്ന് അവർ തന്നെ പറയുമ്പോൾ, അത് ചൂഷണമാണെന്ന് മറ്റുള്ളവർക്ക് പറയാൻ കഴിയില്ലല്ലോ. ഇത്തരം കാര്യങ്ങൾ അധികം ചർച്ച ചെയ്യപ്പെടാതെ, മാനേജ് ചെയ്തു പോവുക എന്നതാണ് പ്രോജക്ട് നടത്തിപ്പുകാരുടെ കഴിവായി വിലയിരുത്തപ്പെടുന്നത്.
ഇത്തരം സംശയങ്ങളും ആശങ്കകളുമുള്ള എന്നെപ്പോലെയുള്ളവർ നല്ല ലീഡർമാരായി എണ്ണപ്പെടുകയില്ല.

അതേസമയം, ദുർബ്ബലർക്കുനേരെയുള്ള ലൈംഗിക അക്രമവും ചൂഷണവും നിർബ്ബാധം തുടരുകയും ചെയ്യുന്നുണ്ട്. ഡോക്ടർമാർ രോഗികളെ പരിചരിക്കുന്നിടത്തുപോലും ഇത്തരം സംഭവങ്ങൾ നടക്കുന്നു. ലൈംഗികതയിലെ തുല്യതക്കും സമ്മതത്തിനും യാതൊരു മൂല്യവും കൊടുക്കാത്ത നമ്മുടെ സംസ്‌കാരത്തിൽ പെൺകുട്ടികൾ ഇരകളാകുകയും അവർക്ക് അതിൽ നിന്ന് പുറത്ത് വരാൻ കഴിയാതിരിക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു ചെറുപ്പക്കാരൻ അയാളുടെ പെൺസുഹൃത്തിനെ ഡോക്ടർ പരിശോധിക്കുന്നിടത്ത് ചൂഷണം നടക്കുന്നതായി സംശയമുണ്ടെന്ന് പറഞ്ഞു. ആയിടെ സമാനമായ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്തത് കാണുകയും ചെയ്തു. പെൺകുട്ടികൾ പൊതുവേ പരാതി നൽകുന്നതിൽ വിമുഖരാണ്. അത് അവർക്ക് അപമാനമുണ്ടാക്കുമെന്ന ഭയമായിരിക്കാം കാരണം. ഈ സംഭവത്തിൽ ഡോക്ടർ, നേരത്തെ നൽകിയ മരുന്നിന്റെ പാർശ്വഫലം മൂലം കുഴപ്പമുണ്ടോ എന്ന് അറിയാൻ അവരെ ഗൈനക്കോളജി പരിശോധന നടത്തുന്നു എന്നും അതാവശ്യമുള്ളതാണോ എന്നുമാണ് അവർ ചോദിച്ചത്. സാധാരണ അങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല. ആൺ ഡോക്ടർമാർ സ്ത്രീകളെ പരിശോധിക്കുകയാണെങ്കിൽ സാധാരണ നഴ്‌സുമാരെയോ രോഗിയുടെ ബന്ധുക്കളെയോ കൂടെ കൂട്ടാറുണ്ട്. ആവശ്യമുണ്ടെങ്കിൽ ഗൈനക്കോളജി പരിശോധനക്കായി ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് അയക്കാവുന്നതുമാണ്. പെൺകുട്ടി കൃത്യമായി പരാതി നൽകാത്തതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞില്ല.

ഡോക്ടർമാർ രോഗികളെ പരിചരിക്കുന്നിടത്തുപോലും ലൈംഗിക അക്രവും ചൂഷണവൂം നടക്കുന്നുണ്ട്​

രാജമന്ദ്രിയിൽ ഇതുപോലെ ഒരു സംഭവമുണ്ടായിട്ടുണ്ട്. അധികം ഡോക്ടർമാർ ഈ പദ്ധതിയിലേക്ക് വരാൻ തയാറില്ലാത്തതു കൊണ്ട് ചോയ്‌സിനൊന്നും സാദ്ധ്യത ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിൽ നിന്ന് പുതുതായി പഠിച്ചിറങ്ങിയ ഡോ. മാണിക്യമാണ് ആദ്യം ഞങ്ങളോടൊപ്പം ജോലി ചെയ്യാനെത്തിയത്. പ്രധാന സെന്ററിന് കുറച്ചകലെയുള്ള ഒരു കെട്ടിടത്തിലായിരുന്നു അന്ന് ക്ലിനിക്. ഒരു ദിവസം മേരിയുടെ പതിനാലു വയസ്സുള്ള മകൾ ഡോക്ടറെ പറ്റി പരാതി പറയുകയും ക്ലിനിക്കിൽ പോകാൻ മടി കാണിക്കുകയും ചെയ്യുന്നതായി ചില സ്ത്രീകൾ പറഞ്ഞു. സ്ത്രീകളുടെ പരിശോധനക്കുള്ളതാണെങ്കിലും അവരുടെ കുട്ടികൾക്കും അത്യാവശ്യമുള്ളപ്പോൾ ചികിത്സ നൽകാൻ നിർദ്ദേശിച്ചിരുന്നു. കുട്ടിയുടെ പരാതി വന്നതോടെ സ്ത്രീകൾ മറ്റു ചില പരാതികളും കൊണ്ടുവരാൻ തുടങ്ങി. അയാൾക്ക് ചില മുതിർന്ന സ്ത്രീകളുമാണ് ബന്ധമുണ്ടെന്നായിരുന്നു പരാതി. അതിലെ സദാചാര പ്രശ്‌നം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണെങ്കിലും കുട്ടിയുടെ കാര്യം ഗൗരവത്തോടെയാണ് ഞങ്ങൾ കണ്ടത്. കുട്ടിയിൽ നിന്ന് വിശദ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കെയറിലെ കംപ്ലയിൻറ്​ കമ്മിറ്റിക്ക് പരാതി സമർപ്പിച്ചു. കൂടെ ജോലി ചെയ്തിരുന്ന സ്ത്രീകളായ നഴ്സിനും ഫാർമസിസ്റ്റിനും മാണിക്യത്തെ പറ്റി മോശമായ അഭിപ്രായവും ഉണ്ടായിരുന്നില്ല. മാണിക്യത്തെ പറ്റി മേരി പറഞ്ഞ കഥ അവർ വിശ്വസിച്ചില്ല. എന്നാൽ, മേരിയുടെ മകളെ പരിശോധിക്കുമ്പോൾ നഴ്സായ ശൈലജ കൂടെയുണ്ടായിരുന്നില്ല എന്ന് അവർ പറഞ്ഞു.

പലപ്പോഴും ഉയർന്ന നിലയിലുള്ള പുരുഷന്മാർക്ക് മറ്റുള്ളവർ നൽകുന്ന ഉപാധികളില്ലാത്ത ബഹുമാനവും അവരുടെ മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റവും ലൈംഗിക അക്രമികളെ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കും. അതിനിടെ സ്റ്റാഫംഗങ്ങളുമായി മാണിക്യം തർക്കത്തിലേർപ്പെടുകയും നിയന്ത്രണമില്ലാത്ത തരത്തിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ചില മാനസികപ്രശ്‌നങ്ങളുള്ളതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം. വിശദീകരണം ആവശ്യപ്പെട്ട ഉടൻ ആൾ ഒരു രാജിക്കത്ത് നൽകി. സ്വയം പിരിഞ്ഞു പോയതിനാൽ ആളെ പിരിച്ചുവിടേണ്ട ബാദ്ധ്യത എനിക്ക് വന്നില്ല.

എങ്കിലും പിന്നീട് മറ്റൊരു സ്റ്റാഫിനെ സെക്‌സ് വർക്കർമാരുമായി ബന്ധത്തിലേർപ്പെടുന്നതിന്റെ പേരിൽ എനിക്ക് പിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. അത് പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നു എങ്കിലും മുകളിലുള്ള അധികാരികളിൽ നിന്ന് വന്ന തീരുമാനമായിരുന്നതിനാൽ എനിക്ക് അത് ചെയ്യേണ്ടി വന്നു. മറ്റു പല കാരണങ്ങളും പിരിച്ചുവിടാൻ ഉണ്ടായിരുന്നിട്ടും ഈ കാരണത്താൽ പിരിച്ചുവിടേണ്ടി വന്നത് എനിക്ക് മനസ്സിൽ സംഘർഷമുണ്ടാക്കി.

അയിത്തം ആന്തരവൽക്കരിച്ചിരിക്കുന്ന സെക്‌സ് വർക്കർമാരും സ്വയം നിന്ദിക്കുകയും ചില അവസരങ്ങളിൽ പരസ്പരം പീഡിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ ചില മുറകൾ ഉൾക്കൊണ്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

കുലത്തൊഴിലായി ഒരു കാലത്ത് നിലനിന്നിരുന്നു എങ്കിലും ലൈംഗിക തൊഴിലിനോട് പുച്ഛവും അവമതിപ്പും ആന്ധ്രയിലും വളർന്നുവന്നുകൊണ്ടിരുന്നു. എങ്കിലും വിവാഹേതര ബന്ധങ്ങൾ ഒളിഞ്ഞും തെളിഞ്ഞും അവർ ഏറെക്കുറെ അംഗീകരിക്കുന്നവരാണ്. ഈ വിഷയത്തിൽ കേരളത്തിലെ അത്രയും കാപട്യവും വയലൻസും അവിടെ കണ്ടില്ല. അതേസമയം ലൈംഗികബന്ധങ്ങളിലെ ബഹുത്വം അപരമാവുകയും അതിലേക്ക് വെറുപ്പ് പടരുകയും ചെയ്തുകൊണ്ടിരുന്നു. ആ സംസ്‌കാരത്തിൽ വളർന്നു വന്ന എന്റെ സഹപ്രവർത്തകരിലേക്കും, സെക്‌സ് വർക്ക് തൊഴിൽ പോലെയും അവരുടെ പ്രശ്‌നങ്ങൾ തൊഴിൽ പ്രശ്‌നങ്ങൾ പോലെയും കാണണമെന്ന ആശയം പകരുക കുറച്ച് പ്രയാസമുള്ളതായിരുന്നു. വൈകുന്നേരങ്ങളിൽ നീണ്ടു നിൽക്കുന്ന സംസാരങ്ങളിലൂടെയാണ് അതിന് അവസരം കണ്ടെത്തിയിരുന്നത്. സ്ത്രീകളുടെ സ്വാഭിമാനത്തെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു മാതൃകയാണ് ‘സക്ഷം’ പദ്ധതി മുന്നിൽ കണ്ടത്. അതിലേക്ക് നയിക്കാനായി മൂന്നു തന്ത്രപരമായ സമീപനങ്ങൾ കൈക്കൊണ്ടു.

സ്ത്രീകൾക്ക് ഓരോ തീരുമാനത്തിലും പ്രധാന പങ്ക് നൽകുകയും അവർക്ക് രാഷ്ട്രീയമായി ഒത്തു ചേരാൻ ഇടം ഒരുക്കുകയും ചെയ്യുക, മറ്റുള്ളവരുടെ സഹായത്തോടെ ആരോഗ്യസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുക, അധികാരികളുമായുള്ള നിരന്തര ഇടപെടലിലൂടെയും പൊതുസമരങ്ങളിലൂടെയും ഘടനാപരമായ മാറ്റങ്ങളുണ്ടാക്കുക എന്നിവയായിരുന്നു അത്. ഇതൊക്ക ഉൾക്കൊള്ളാൻ കൂടെയുള്ളവരിൽ ചിലർക്ക് പ്രയാസമായിരുന്നു. അയിത്തം ആന്തരവൽക്കരിച്ചിരിക്കുന്ന സെക്‌സ് വർക്കർമാരും സ്വയം നിന്ദിക്കുകയും ചില അവസരങ്ങളിൽ പരസ്പരം പീഡിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ ചില മുറകൾ ഉൾക്കൊണ്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സോഷ്യൽ ചേഞ്ച് ഏജന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവരവരുടെ ഏരിയയിൽ ഉറകൾ വിതരണം ചെയ്യുക, അസുഖമുള്ള സ്ത്രീകളെ കണ്ടെത്തി ക്ലിനിക്കിൽ കൊണ്ടുവരിക തുടങ്ങിയ ജോലികൾ ചെയ്യേണ്ടിയിരുന്നു. കൂടാതെ, മീറ്റിങ്ങുകൾ നടത്തുന്ന ദിവസങ്ങളിൽ സമയത്തെത്തുകയും ചെയ്ത ജോലിയുടെ റിപ്പോർട്ട് നൽകുകയും ചെയ്യണം . അവരിൽ തന്നെ നന്നായി ജോലി ചെയ്യുന്നവരെ അതിന്റെ മേൽനോട്ടത്തിനും ഏൽപ്പിച്ചിട്ടുണ്ടായിരുന്നു.

‘ദുർബാറി’ന്റെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ നടന്ന ലൈംഗിക തൊഴിലാളികളുടെ റാലി

ഒരു ദിവസം രണ്ട് സ്ത്രീകളെ വെയിലത്ത് നിർത്തിയിരിക്കയാണെന്ന് ഒരു സ്റ്റാഫംഗം വന്നു പറഞ്ഞു. 50 മുതൽ 52 സെൽഷ്യസ് വരെ ആ സമയത്ത് ചൂടെത്താറുണ്ടായിരുന്നു. എയർകൂളർ ഉപയോഗിച്ച് പോലും കിടന്നുറങ്ങാൻ കഴിയുമായിരുന്നില്ല. മിക്ക ആൾക്കാരും ചൂടുമൂലം ഉറങ്ങുന്നത് വീടിന് വെളിയിലായിരിക്കും. ആ സമയത്ത് ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ എനിക്ക് തല കറങ്ങി. മീറ്റിംഗിന് വരാൻ വൈകിയ സ്ത്രീകൾക്ക് അവരുടെ ഇടയിൽ നിന്ന് അവർ തന്നെ തെരഞ്ഞെടുത്ത സൂപ്പർവൈസർമാർ ഏർപ്പെടുത്തിയ ശിക്ഷാവിധിയാണ് അതെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. കുറ്റവും ശിക്ഷയും നമ്മുടെ എല്ലാം ആത്മാവിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുകയാണ്. വിധേയരാക്കപ്പെടുന്നവർ അതങ്ങനെ തന്നെ ആന്തരവൽക്കരിക്കുകയും മറ്റുള്ളവരിലേക്ക് ഏൽപ്പിക്കുകയും ചെയ്യുന്നു. സ്ഥാപനവൽക്കരിക്കപ്പെട്ട പീഡനത്തിന്റെ രൂപങ്ങൾ തന്നെ സമുദായങ്ങളിലും കുടുംബത്തിലും കാണുന്നു. രണ്ടു പേർക്കിടയിൽ, പ്രത്യേകിച്ച് അനുരാഗികൾക്കിടയിലുണ്ടാകുന്ന വയലൻസിലും ഇതിന്റെ അംശങ്ങൾ കാണുന്നുണ്ടെങ്കിലും അതിനപ്പുറം ജീവശാസ്ത്രപരവും മനഃശ്ശാസ്ത്രപരവുമായ അംശങ്ങൾ അതിൽ കൂടുതലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഘടനാപരമായ മാറ്റങ്ങൾക്ക് ശ്രമിക്കുമ്പോൾ നമ്മുടെ ചെറുലോകങ്ങളിൽ നടക്കുന്ന വയലൻസ് കൂടി നോക്കി കൊണ്ടിരിക്കേണ്ടതുണ്ട്. പെട്ടെന്നു തന്നെ വെയിലിൽ നിന്നവരെ വിളിച്ചു വരുത്തി ഈ വിഷയത്തിൽ ഒരുപാട് സമയം സംസാരിച്ചു. എങ്കിലും തീരെ പ്രതീക്ഷിക്കാതിരുന്ന ഈ സംഭവം കുറെ ദിവസത്തേക്ക് എനിക്ക് അസ്വസ്ഥതയുണ്ടാക്കി.

മാനാപമാനങ്ങൾ, ഒരാളുടെ ഉള്ളിൽ മാത്രം ഒതുങ്ങി നിലകൊള്ളുന്നതല്ല. ഏകകങ്ങളായ മനുഷ്യസത്വങ്ങളെ കടന്നുനിൽക്കുന്നതുകൊണ്ട് അവ സാമൂഹ്യവും ഘടനാപരവുമാകുന്നു

സത്യ വന്നത് പെദ്ദപുടി എന്ന ഉൾ നാടൻ ഗ്രാമപ്രദേശത്തുനിന്നായിരുന്നു. വർഷങ്ങൾക്കുമുൻപ് സദാചാരത്തിന്റെ പേരിൽ അവരെയും കൂടെയുള്ള മറ്റു രണ്ട് സ്ത്രീകളെയും സമുദായനേതാക്കൾ മരത്തിൽ കെട്ടിയിട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അതിനു ശേഷം അവർ ജോലി ടൗണിലേക്ക് മാറ്റി. ഇപ്പോൾ നല്ല വരുമാനവുമുണ്ട്. നാട്ടിൽ, പണിയെടുക്കുന്ന സ്ത്രീകൾ ഇപ്പോൾ ധാരാളമുണ്ട്. അവരുടെ ഇടയിൽ സോഷ്യൽ ചേഞ്ച് ഏജന്റായി പ്രവർത്തിക്കുന്നത് വഴി സത്യ സ്വാഭിമാനം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതായി സന്തോഷിച്ചു. മാനാപമാനങ്ങൾ, ഒരാളുടെ ഉള്ളിൽ മാത്രം ഒതുങ്ങി നിലകൊള്ളുന്നതല്ല. ഏകകങ്ങളായ മനുഷ്യസത്വങ്ങളെ കടന്നുനിൽക്കുന്നതുകൊണ്ട് അവ സാമൂഹ്യവും ഘടനാപരവുമാകുന്നു. ഒരു സമുദായം എന്ന നിലയിൽ ഏൽക്കേണ്ടി വരുന്ന അപമാനം കൂട്ടമായാണ് മറി കടക്കാനാവുക. എന്നാൽ, ഈ പ്രക്രിയയിൽ എപ്പോഴും അത് തകിടം മറിയാനും വേറൊരു തരത്തിലുള്ള ജീർണ വ്യവസ്ഥ പുനഃസ്ഥാപിക്കാനും ഇടയുണ്ട്.

ഉദാഹരണത്തിന് സൂര്യബലിജയിൽ കാണുന്നത് പോലെ ജാതിയുടെ പരിമിതികൾ കടന്ന് കൂടുതൽ വെളിച്ചം കടക്കാനുണ്ടാക്കിയ സംഘടന തന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. സ്വാതന്ത്ര്യവും സ്വാതന്ത്ര്യസമരവും അവസാനിക്കാത്ത പ്രക്രിയകളാണ്.
മൂറമണ്ടയിലെ പുഷ്പയുടെ കുടുംബത്തോടൊപ്പം വളരെ കുറച്ച് കുടുംബങ്ങൾ മാത്രമാണ് അവിടെ കുലത്തൊഴിൽ ചെയ്യുന്നത്. അമ്പതുകളിലെത്തിയിരുന്ന പുഷ്പ മകൾ ദമയന്തിയെ അഭിമാനത്തോടെയാണ് ശിവക്ഷേത്രത്തിൽ നടന്ന ആഘോഷ ചടങ്ങിൽ സമർപ്പിച്ചത്. ചിന്നസീതയുടെയും പെരിയസീതയുടെയും പാരമ്പര്യം അവർക്ക് അഭിമാനമായിരുന്നു. സമുദായാംഗങ്ങളിൽ നിന്നും അവർക്ക് ഇപ്പോൾ ഭീഷണി ഉണ്ടാകുന്നു. സമുദായത്തിന്റെ കരങ്ങൾ അവരിലേക്ക് അപമാനത്തിന്റെ കണികകൾ വീഴ്ത്തി തുടങ്ങിയിരിക്കുന്നു.

‘നാരീസക്ഷം’ പ്രവർത്തനം തുടങ്ങുന്ന സമയത്ത് സ്ത്രീകൾക്ക് അധികാര വിശകലനം (Power analysis) നടത്താനുള്ള പരിശീലനം കൊടുത്തിരുന്നു. ജീവിതത്തിന്റെ ഓരോ വ്യവഹാരങ്ങളിലും വന്നു പെടുന്നവരുമായുള്ള അധികാര ബന്ധങ്ങൾ എങ്ങനെയാണെന്ന് കൂട്ടായി രേഖാചിത്രങ്ങളിലൂടെ വരച്ചെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യത്തെ പരിശീലനം ആനന്ദ് റീജെൻസി എന്ന വലിയ ഹോട്ടലിലെ ഒരു കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു. ഭയമില്ലാതെയും സ്വസ്ഥമായും അവിടെ അവർക്ക് പഠനങ്ങളിൽ മുഴുകാൻ കഴിഞ്ഞു. നേരിട്ട് അനുഭവിക്കുന്ന അധികാരം പ്രധാനമായും പൊലീസിൽ നിന്നും അത് കഴിഞ്ഞാൽ റൗഡികളിൽ നിന്നുമാണെന്നും അവർ കണ്ടെത്തി. അടുത്ത ബന്ധുക്കളായ പുരുഷന്മാരുമായും അധികാര ബന്ധങ്ങളുണ്ടെങ്കിലും പൊലീസുമായി നോക്കുമ്പോൾ അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ താരതമ്യേന കുറവായാണ് മനസ്സിലാക്കിയത്. രാഷ്ട്രീയബോധവും ഐക്യവും വളർത്തുന്നതിന് ഈ പ്രക്രിയ അവരെ സഹായിച്ചിരുന്നു. വയലൻസ് നേരിടുന്നതിനായി ക്രൈസിസ് ഇന്റെർവെൻഷൻ ടീമു (CIT) കൾ ഉണ്ടാക്കുക എന്നത് അടുത്ത പടിയായി അവർ ഏറ്റെടുത്തു. സമാന പദ്ധതികളിലുള്ളവരെ എല്ലാം സഹായിക്കാൻ അവാഹാൻ പ്രത്യേക പരിപാടികൾ ആവിഷ്‌കരിച്ചിരുന്നു.

ഒരിക്കൽ ലോറിയിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ പൊലീസ് തടഞ്ഞു നിർത്തുകയും ‘നാരീസക്ഷ’ത്തിന്റെ പ്രവർത്തകരാണെന്ന് കണ്ട് സൗഹൃദത്തോടെ വിട്ടയക്കുകയും ചെയ്തത് അവർ അഭിമാനത്തോടെ റിപ്പോർട്ട് ചെയ്തു.

എസ്.പിമാർ, ഡി.ഐ.ജിമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി സ്ത്രീകൾക്ക് കൂടിക്കാഴ്ചക്ക്​ അവസരമുണ്ടാക്കി. ഒരിക്കൽ ഡി.ഐ.ജി ഞങ്ങളുടെ സെന്റർ സന്ദർശിച്ചത് സ്ത്രീകൾക്ക് ലോക്കൽ പോലീസുമായുള്ള അധികാരബന്ധത്തിൽ അല്പം നില ഉയർത്താൻ സഹായിച്ചു. സ്ത്രീകൾക്ക് പൊലീസിൽ നിന്ന് പ്രശ്‌നം നേരിടുമ്പോൾ 24 മണിക്കൂറിനകം ക്രൈസിസ് ടീം അതിൽ ഇടപെടേണ്ടിയിരുന്നു. അത് സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെയാണെങ്കിലും അടിയന്തര ഘട്ടത്തിൽ സഹായിക്കാൻ ഒരു ഓഫീസർ കെയറിൽ നിന്നുണ്ടാകും. ഇങ്ങനെ മിക്കപ്പോഴും പല സ്ത്രീകളെയും രക്ഷിച്ചെടുക്കാനും ക്രമേണ പൊലീസിന്റെ മനോഭാവത്തിൽ മാറ്റം വരുത്താനും കഴിഞ്ഞു. ആത്മവിശ്വാസമുണ്ടാക്കുന്ന കാര്യങ്ങൾ അവർ മീറ്റിംഗുകളിൽ വിവരിച്ചു. ഒരിക്കൽ ലോറിയിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ പൊലീസ് തടഞ്ഞു നിർത്തുകയും ‘നാരീസക്ഷ’ത്തിന്റെ പ്രവർത്തകരാണെന്ന് കണ്ട് സൗഹൃദത്തോടെ വിട്ടയക്കുകയും ചെയ്തത് അവർ അഭിമാനത്തോടെ റിപ്പോർട്ട് ചെയ്തു.

കൊൽക്കത്തയിൽ നടന്ന സെക്​സ്​ വർക്കർ ഫ്രീഡം ഫെസ്​റ്റിവൽ (2012)

‘നാരീസക്ഷം’ തുടങ്ങിവച്ച ഈ പരിപാടികൾ പിന്നീട് ജില്ലയിലേക്ക് മൊത്തമായി വ്യാപിപ്പിച്ചു. ‘നാരീസക്ഷ’ത്തിന്റെ മുൻകയ്യിൽ കിഴക്കേ ഗോദാവരിയിലെ വിവിധ സംഘടനകൾ ചേർന്ന്​ ‘‘ഗോദാവരി മഹിളാ സമഖ്യ'' രൂപീകരിച്ചു. പൊലീസ് അതിക്രമത്തിനെതിരെ പല സമരങ്ങളും അവർ ഒരുമിച്ച് നടത്തി. ഒരുമിച്ചു ചേർന്ന് അധികാരപ്രയോഗങ്ങളെ കുറിച്ച് വിലയിരുത്തി. പൊലീസുകാർ കുട്ടികളെയും സെക്‌സ് വർക്കർമാരെയും മാർക്കറ്റിൽ പോവുകയോ രാത്രി കിടന്നുറങ്ങുകയോ ചെയ്യുമ്പോഴും, ഏതു സമയത്തും ഭീഷണിപ്പെടുത്തുകയും അറസ്റ്റു ചെയ്യുകയും സെക്‌സ് സർവീസ് ആവശ്യപ്പെടുകയും ചെയ്യുന്നത് ജില്ലയുടെ ചില സ്ഥലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ടെന്ന് അവർ വിവരിച്ചു . ക്ലയന്റിന്റെ കണ്ണിലേക്ക് ടോർച്ചടിക്കാൻ ആവശ്യപ്പെടുക, നിർബ്ബന്ധിച്ച് മദ്യം കുടിപ്പിക്കുക എന്നതൊക്കെയും ചില സ്ഥലത്ത് നടന്നു വരുന്നു. സംഘടനകളെ പരിഹസിക്കുകയും മാനസിക സമ്മർദ്ദത്തിൽ പെടുത്തുകയും ചെയ്യുന്നവരുണ്ട്. ഏതു വകുപ്പുപയോഗിച്ചാണ് പൊലീസ് അറസ്റ്റു ചെയ്യുന്നതെന്നതിനെ കുറിച്ചൊന്നും അവർക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. കൂടുതൽ മനസ്സിലാക്കിയതോടെ അവർക്ക് സമരം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു.

അതേതുടർന്ന് മനുഷ്യാവകാശ കമീഷന് പരാതി നല്കാൻ തുടങ്ങി. ആയിടക്ക് പൊലീസുകാർ ചേർന്ന് ഒരു സെക്‌സ് വർക്കർക്കുനേരെ നടത്തിയ അക്രമത്തിനെതിരെ അവർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. പീഡനങ്ങളിൽ നിന്ന് മോചനത്തിന്​ അധികാരികളിൽ നിന്ന് ഉറപ്പുവാങ്ങി. മറ്റു സമയങ്ങളിൽ അവർ പൊലീസിനെ പരിപാടികൾക്ക് ക്ഷണിച്ചും ആശയങ്ങൾ അവരിലേക്കെത്തിച്ചും സമാധാനപരമായി അഡ്വക്കസി (Advocacy) നടത്തി.

നല്ല ഭക്ഷണവും പഠനസൗകര്യങ്ങളുമുള്ള കേരളത്തിലെ ഹോമുകളിലെ കുട്ടികളും സ്വാതന്ത്ര്യം പോലെ മറ്റെന്തൊക്കെയോ തിരയുന്നത് കാണാം.

ഇതിനിടെ, ജില്ലാ തലത്തിൽ ക്രൈസിസ് ഇന്റർവെൻഷൻ ടീം വികസിപ്പിച്ചെടുത്തു. അതിൽ കലക്ടർ അദ്ധ്യക്ഷനും പൊലീസ് സൂപ്രണ്ടും മറ്റു ഗവൺമെൻറ്​ഉദ്യോഗസ്ഥരും അംഗങ്ങളുമായിരുന്നു. ‘ഗോദാവരി മഹിളാ സമഖ്യ’യുടെ പ്രസിഡൻറ്​, കൺവീനറായി പ്രവർത്തിച്ചു. മൂന്നു മാസം കൂടുമ്പോൾ പുതുതായുണ്ടാകുന്ന പ്രശ്‌നങ്ങൾ വിലയിരുത്തി പൊലീസ് സൂപ്രണ്ട് തന്നെ പരിഹാരങ്ങൾ നിർദ്ദേശിച്ചു. കുട്ടികളെ ട്രേഡിലേക്ക് കൊണ്ടുവരുന്ന രീതി ആന്ധ്രയിൽ നിലനിന്നിരുന്നു. സ്വന്തം അമ്മമാർ പോലും പെൺകുട്ടികളെ വിൽക്കുന്ന സംഭവങ്ങൾ അപൂർവമായെങ്കിലും കാണാറുണ്ട്. ഇത് തടയപ്പെടേണ്ട അക്രമമായാണ് സെക്‌സ് വർക്കർമാർ കണ്ടത്. കൊൽക്കത്തയിലെ പോലെ സംഘടന ഒരു ‘സെൽഫ്​ റെഗുലേറ്ററി ബോർഡ്' (Self Regulatory Board)രൂപീകരിക്കുകയും നടപടികൾ തുടങ്ങുകയും ചെയ്യണം. കുട്ടികൾ ഫീൽഡിലെത്തുമ്പോൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതും അവരോട് മനസ്സു തുറന്ന് ഇടപെടാൻ കൂടുതൽ എളുപ്പവും നമുക്ക് തന്നെയാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. നിലവിലുള്ള ജില്ലാ ടീമിൽ നാഷണൽ ലീഗൽ സർവ്വീസ് അഥോറിറ്റിയിലെ ജില്ലാ ജഡ്ജിനെ കൂടി ചേർത്ത് ബോർഡ് രൂപീകരിച്ചു. ജാഗ്രതയോടെയുള്ള പ്രവർത്തനഫലമായി അവർ ഏതാനും കുട്ടികളെ രക്ഷിച്ചു. എന്നാൽ, വ്യവസ്ഥ അതിന് അത്ര അനുകൂലമല്ലെന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു.

കുട്ടികളോട് നന്നായി ഇടപഴകാനും കൗൺസിലിംഗ് നടത്തി അവരെ സമാധാനിപ്പിക്കാനും അവർക്ക് സാധിച്ചു. എന്നാൽ, വലിയ മാഫിയ സംഘങ്ങൾ പിന്നിലുള്ളതിനാൽ, സുരക്ഷിതരായി കുട്ടികളെ പാർപ്പിക്കാനുള്ള ഇടം കണ്ടെത്തുക എന്നത് വെല്ലുവിളിയായി. സുരക്ഷിതത്വം ഉറപ്പു വരുത്താൻ കഴിയുന്ന കെട്ടിടമോ, സോനാഗാച്ചിയിലെ പോലെ എണ്ണം കൊണ്ടും സ്ഥലവിസ്തൃതി കൊണ്ടുമുള്ള ബലമോ അവർക്കുണ്ടായിരുന്നില്ല. അവസാനം നിലവിലുള്ള മഹിളാ മന്ദിരങ്ങളിൽ കുട്ടികളെ കൊണ്ടുചെന്ന് വിടാൻ തുടങ്ങി. അധികം വൈകാതെ വിളർച്ചയും പോഷകാഹാരക്കുറവും വിഷാദവും ബാധിച്ച കുട്ടികളെ അവിടെ ചെന്നപ്പോൾ അവർ കണ്ടു. പലരും അവസരം കിട്ടിയപ്പോൾ അവിടെ നിന്ന് ഓടിപ്പോയി. വീണ്ടും വാണിജ്യത്തിൽ തന്നെ ചെന്നുപെട്ടു. നല്ല ഭക്ഷണവും പഠനസൗകര്യങ്ങളുമുള്ള കേരളത്തിലെ ഹോമുകളിലെ കുട്ടികളും സ്വാതന്ത്ര്യം പോലെ മറ്റെന്തൊക്കെയോ തിരയുന്നത് കാണാം.

ബാംഗ്ലൂരിലെ പൊലീസ് അതിക്രമത്തിനെതിരെ നടന്ന ലൈംഗിക തൊഴിലാളികളുടെ പ്രതിഷേധം

ലൈംഗികത്തൊഴിലാളികൾ എന്ന പേരിൽ പല സ്ഥലങ്ങളിലേയും സ്ത്രീകൾ സംഘടിക്കാൻ തുടങ്ങിയതോടെ ദേശീയ തലത്തിൽ തന്നെ നാഷണൽ നെറ്റ് വർക്ക് ഓഫ് സെക്‌സ് വർക്കേഴ്‌സ് ഓർഗനൈസേഷൻ (NNSW) എന്ന പേരിൽ അവ കണ്ണിചേർക്കപ്പെട്ടു. കൊൽക്കത്തയിലെ ദുർബാർ മഹിളാ സമന്വയ കമ്മിറ്റി, സാംഗ്ലിയിലെ വേശ്യാ അന്യായ മുക്തി പരിഷത്, കേരള സെക്‌സ് വർക്കേഴ്‌സ് ഫോറം, കർണാടക സെക്‌സ് വർക്കേഴ്‌സ് യൂണിയൻ, ആശോദയാ സമിതി, തിരുപ്പതിയിലെ വിൻസ് (WINS) എന്നിവയോടൊപ്പം ആന്ധ്രയിൽ നിന്ന്​ ഗോദാവരി മഹിളാ സമഖ്യയും ചേർന്നു. ഈ സംഘടനകളുടെ എല്ലാം പ്രധാന ആവശ്യം സെക്‌സ് വർക്ക് ക്രിമിനൽമുക്തമാക്കുക എന്നതായിരുന്നു. സെക്‌സ് വർക്ക് അപ്പാടെ തടയുന്ന ഒരു നിയമവും ഇന്ത്യയിൽ ഇല്ലെങ്കിലും ട്രാഫിക്കിംഗ് തടയാനുള്ള ഇമ്മോറൽ ട്രാഫിക്കിംഗ് പ്രിവൻഷൻ നിയമം (Immoral Traffic Prevention Act- ITPA) ഉപയോഗിച്ച് എപ്പോഴും, തൊഴിൽ ചെയ്യുന്ന സ്ത്രീകളെ ശിക്ഷിക്കുകയാണ് പതിവ്. ബ്രോതലുകൾ നടത്തുന്നതും പൊതുസ്ഥലങ്ങളിൽ കക്ഷികളെ ആകർഷിക്കുന്നതും ഇതിൽ കുറ്റകരമായ വകുപ്പുകളായി ചേർത്തിട്ടുണ്ട്. കുട്ടികളെ കച്ചവടം ചെയ്യുന്നത് തടയുന്നതിനുള്ള നിയമമാണ് ഇത്. ഫലപ്രദമായി ഈ നിയമം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഈ നിയമം ഉപയോഗിക്കാറുള്ളത് മിക്കപ്പോഴും ബ്രോതലുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നതിനും, ഇതിന്റെ പേരിൽ ഉടമകളുടെയോ കക്ഷികളുടെയോ കയ്യിൽ നിന്ന് പണം വാങ്ങുന്നതിനുമാണ്. ഇതിന്റെ പിൻബലത്തിൽ സെക്‌സ് വർക്ക് കുറ്റകരമെന്ന് വ്യാഖ്യാനിച്ച് മറ്റേതു നിയമം ഉപയോഗിച്ചും ഈ സ്ത്രീകളെ കുറ്റക്കാരാക്കുകയാണ്.

ലൈംഗികതൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കുന്നതിൽ ഒരു വലിയ പങ്ക് ITPA നിയമത്തിനുണ്ട്. അതുപയോഗിച്ച് ക്ലയന്റുകളെ കൂടി ശിക്ഷക്ക് വിധേയമാക്കാനായിരുന്നു പുതിയ നീക്കം

കുറ്റം എന്താണെന്ന് വിധി എഴുതാതെ മിക്കപ്പോഴും അറസ്റ്റ് ചെയ്യുകയോ, രേഖപ്പെടുത്തിയോ അല്ലാതെയോ ഇഷ്ടമുള്ള തരത്തിൽ പിഴ ചുമത്തുകയോ ആണ് ചെയ്യുന്നത്. ഇന്ത്യയിൽ, ലൈംഗിക തൊഴിൽ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെ സ്ത്രീകളെ ചൂഷണത്തിന് വിധേയമാക്കുന്ന അലിഖിത നിയമങ്ങളിലൂടെ ടോളറൻസ് (Tolerance) എന്ന സങ്കല്പത്തിൽ ഇത് നില നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ നിയമം ക്രിമിനൽ മുക്തമാക്കാൻ സംഘടനകൾ ആവശ്യപ്പെട്ടത്. അങ്ങനെയിരിക്കെ, 2005 ൽ ITPA ഒന്നുകൂടി കടുപ്പിക്കാനുതകുന്ന തരത്തിൽ ഒരു ബിൽ, പാർലമെൻറ്​ മേശപ്പുറത്ത് വച്ചു. ട്രാഫിക്കിംഗിനെതിരെ പല സ്ത്രീസംഘടനകളും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. അതിന് യു.എസ് ഗവൺമെന്റിന്റെയും അവരുടെ ഫണ്ടിന്റെയും ഒക്കെ പിൻബലമുണ്ട്. എന്നാൽ, സ്ത്രീസദാചാര പൊലീസിംഗ് ശക്തമായ സമൂഹത്തിൽ ട്രാഫിക്കിങ്ങും സെക്‌സ് വർക്കും ഒന്നാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. ലൈംഗികതൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കുന്നതിൽ ഒരു വലിയ പങ്ക് ITPA നിയമത്തിനുണ്ട്. അതുപയോഗിച്ച് ക്ലയന്റുകളെ കൂടി ശിക്ഷക്ക് വിധേയമാക്കാനായിരുന്നു പുതിയ നീക്കം. ക്ലയന്റുകൾ കൂടി ശിക്ഷിക്കപ്പെടുന്നിടത്ത് ഉപജീവനം വലിയ പ്രതിസന്ധിയിൽ പെടുമെന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു.

മുൻപേ തന്നെ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ സ്ത്രീകൾ ഇവിടെ നിലനിൽക്കുന്നതുതന്നെ അവഗണിച്ച് അവരുടെ അഭിപ്രായങ്ങളൊന്നും പരിഗണിക്കാതെയാണ് പുതിയ ബിൽ കൊണ്ടുവന്നത്. അതിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ഉയർത്താനും അവകാശങ്ങൾ ആവശ്യപ്പെടാനും നാഷണൽ നെറ്റ് വർക്ക് തീരുമാനിച്ചു. 2006 മാർച്ചിൽ പാർലിമെൻറ്​ സമ്മേളനം നടക്കുന്ന സമയത്ത് ഡൽഹിയിൽ ഒത്തുചേരാനും പൊതു പ്രതിഷേധം നടത്താനും അധികാരികളെ കാണാനുമുള്ള നീക്കങ്ങളുണ്ടായി. ‘ഗോദാവരി മഹിളാ സമഖ്യ’യും ഇതിൽ നല്ല പങ്ക് വഹിച്ചു. ഇതിനായുള്ള ചർച്ചകളും ഒരുക്കങ്ങളും രണ്ട് മാസം മുൻപ് മുതൽ ആരംഭിച്ചു. ഡൽഹിയിലേക്ക് ഗോദാവരിയിൽ നിന്ന്​ഇരുനൂറോളം സ്ത്രീകൾ യാത്ര ചെയ്യാൻ തയാറായി. ഇതുപോലെയുള്ള വലിയ ഒരു സമര പരിപാടി പ്രോജക്ടിന്റെ പരിധിയിൽ വരുന്നതായിരുന്നില്ല. സമയം ഉൾപ്പെടെ പ്രോജക്ടിന്റെ റിസോഴ്സ് ഉപയോഗിച്ച് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുക ‘കെയർ’ എന്ന സംഘടനക്കുള്ളിൽ നിന്നുകൊണ്ട് പ്രയാസമായിരുന്നു എങ്കിലും അതിനായി ഞങ്ങൾ മുഴുവൻ കഴിവുകളും പ്രയോഗിച്ചു. സ്ത്രീകളിൽ പൂർണമായും എയ്ഡ്സ് വ്യാപനം തടയുന്നത് സാദ്ധ്യമാക്കുക ദുഷ്‌കരമാണ്. അത് എപ്പോഴെങ്കിലും സാക്ഷാത്കരിക്കണമെങ്കിലും സ്ത്രീകൾക്ക് അവരുടെ നിലനിൽപ്പ് ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിശാലാർത്ഥത്തിൽ ഇത് സ്ഥാപിച്ചെടുക്കാൻ ഞങ്ങൾ പണിപ്പെടുകയും ഭാഗികമായി വിജയിക്കുകയും ചെയ്തു എന്ന് പറയാം.

രേണുകാ ചൗധുരി

ഡൽഹിയിൽ മാർച്ച് മൂന്നു മുതൽ എട്ടു വരെ നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് പ്ലാൻ ചെയ്തത്. ‘ദുർബാർ’ ആണ് പ്രതിനിധികളുടെ താമസം അടക്കമുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയത്. റാലികൾ, പ്രകടനങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ, സംവാദങ്ങൾ എന്നിങ്ങനെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. സെക്‌സ് വർക്ക് ഒരു തൊഴിൽ ആയി അംഗീകരിച്ച് ലേബർ നിയമങ്ങൾ നടപ്പാക്കുക, ITPA റദ്ദു ചെയ്യുക, ട്രാഫിക്കിംഗ് തടയാൻ സെക്‌സ് വർക്കർമാരുടെ സംഘടനകൾ ഉണ്ടാക്കിയ സെൽഫ് റെഗുലേറ്ററി ബോർഡുകൾക്ക് നിയമപരമായ സാധുത നൽകുക, തൊഴിലാളികൾക്ക് സാമൂഹ്യനീതി- സുരക്ഷാ പദ്ധതികൾ ഉറപ്പാക്കുക എന്ന പ്രധാന ആവശ്യങ്ങൾ തന്നെയായിരുന്നു സംസാരങ്ങളിലൂടെയും കലാപരിപാടികളിലൂടെയും അവതരിപ്പിക്കപ്പെട്ടത്. ചാന്ദ്നിചൗക് , ജന്തർമന്ദർ, പാലിക ബസാർ, കൊണാട് പ്ലേസ് തുടങ്ങി ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ പ്രദർശനങ്ങൾ നടത്തി. ‘ദില്ലി ഹാറ്റി’ൽ വൈകുന്നേരങ്ങളിൽ എലാ ഗ്രൂപ്പുകളും ഒത്തുചേർന്ന് വലിയ പരിപാടി അവതരിപ്പിച്ചു . ഇതിനിടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരത് സ്‌കൗട്‌സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് അങ്കണത്തിൽ 1200 സ്ത്രീകളെ പങ്കെടുപ്പിച്ച എട്ട് പാരലൽ സെഷനുകൾ നടത്തി. ഇതിൽ ആരോഗ്യരംഗത്തെ പ്രമുഖരും മറ്റു നേതാക്കളും പങ്കെടുത്തു.

ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതുമായി കൂടിക്കാഴ്ച ഉണ്ടായിരുന്നു. സ്ത്രീ- ശിശു സുരക്ഷാ വകുപ്പ് മന്ത്രിയായിരുന്ന രേണുകാ ചൗധുരിയുമായുള്ള ഒരു പൊതു മീറ്റിംഗിൽ അവർ ദീർഘനേരം സ്ത്രീകളുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. കഴിയുന്നത്ര ഈ തൊഴിലിൽ നിന്ന് മാറാനായും തൊഴിൽ സംരംഭങ്ങൾക്കായും വായ്പകൾ നല്കാനുദ്ദേശിക്കുന്നെണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ഇത്തരം ഏതു ഗവൺമെന്റ് പദ്ധതികൾക്ക് പോകുമ്പോഴും റേഷൻ കാർഡിനും മറ്റും അപേക്ഷിക്കുമ്പോഴും കുടുംബനാഥനായ പുരുഷന്റെ പേര് ആവശ്യപ്പെടുന്നത് നിർത്തണമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടു. അത്തരം നാഥന്മാർ ഞങ്ങൾക്കില്ലെന്നും ഇനിയും ആവശ്യമില്ലെന്നും ചിലർ പറഞ്ഞു. ക്ലയന്റുകളെ കൂടി ശിക്ഷക്ക് വിധേയമാക്കുന്നത് തൊഴിലവസരം കുറക്കുക മാത്രമല്ല, അധോലോകത്തിലേക്ക് നീങ്ങുമെന്നതിനാൽ കൂടുതൽ അപകടകരമാകുമെന്നും പല സ്ത്രീകളും ചൂണ്ടി കാട്ടി.

സ്ത്രീകളെ ഉപഭോക്താക്കളായി മാത്രം കാണുന്നതിന് പകരം അവരെ പ്രോഗ്രാമിന്റെ പ്രധാന പ്രയോക്താക്കളായാണ് തങ്ങളുടെ എയ്ഡ്സ് പ്രോഗ്രാമിൽ കാണുന്നതെന്നും അതിനായി അവരെ കുറ്റക്കാരായും അയിത്തമുള്ളവരായും കരുതുന്നത് തടസ്സമാണെന്നും അശോക് അലക്​സാണ്ടർ പറഞ്ഞു. ലൈംഗിക തൊഴിലും നിർബ്ബന്ധിത വേലയും തമ്മിൽ വേർ തിരിക്കണമെന്ന് ജസ്റ്റിസ് ആയ ലീലാ സേത്ത് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായി. ഇതിനെ ശരിവെച്ച്​ ഭരണഘടനയിൽ പറയുന്നതും ബലം പ്രയോഗിക്കുന്നതിനെതിരായാണെന്നും സെക്‌സ് വർക്ക് ക്രിമിനലൈസ് ചെയ്യുന്നത്, അതിനെ കൂടുതൽ അധോലോകത്തിലേക്ക് തള്ളിയിടുമെന്നും ജസ്റ്റിസ് കൃഷ്ണയും പറഞ്ഞു. കഥക് നർത്തകിയായ ഉമാ ശർമ്മ സെക്‌സ് വർക്ക് ഒരു കലയായാണ് താൻ കാണുന്നതെന്ന് വിവരിച്ചു.

സ്ത്രീകളുടെ വാക്കുകൾ കേട്ടതിനു ശേഷം രേണുകാ ചൗധുരി മറുപടി പറഞ്ഞതിങ്ങനെയാണ്: ‘‘ഞാനും എന്റെ വകുപ്പും സെക്‌സ് വർക്കർമാരെ മോശക്കാരായി കാണുകയില്ല. നിങ്ങൾക്ക് അന്തസും സുരക്ഷയും നൽകണമെന്ന് തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. തൊഴിൽ സ്ഥലത്തെ സുരക്ഷ മൗലികാവകാശമാണ്. സുരക്ഷിതമായ ലൈംഗികബന്ധത്തിനായി നിങ്ങൾ വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടണം.’’ ITPA നിയമത്തിൽ നിന്ന്​ സ്ത്രീകളെ കുറ്റക്കാരാക്കുന്ന സെക്ഷനുകൾ മാറ്റാനായി ശുപാർശ ചെയ്യുമെന്നും അവർ ഉറപ്പു നൽകി.

സെക്‌സ് വർക്കർമാരുടെ ഭാഗത്ത് നിന്നു നോക്കുമ്പോൾ ഏതു തരത്തിലുള്ള നിയമപരമായ മാറ്റങ്ങളാണ് അഭികാമ്യമായിട്ടുള്ളതെന്ന് ലോയേഴ്‌സ് കളക്റ്റീവിലെ അഡ്വക്കേറ്റ് ആനന്ദ് ഗ്രോവർ അവതരിപ്പിച്ചു. പലരും പറയുന്നതുപോലെ സെക്‌സ് വർക്ക് ലീഗലൈസ് ചെയ്യുന്നത് സ്ത്രീകളെ കൂടുതൽ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും വേണ്ടി ആയിരിക്കും ഇന്ത്യയിൽ ഉപയോഗിക്കപ്പെടുക എന്നതുകൊണ്ട് നിലവിലുള്ള നിയമം ക്രിമിനൽ മുക്തമാക്കുകയാണ് ആവശ്യമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ഡൽഹി റാലിക്കു ശേഷം സ്ത്രീകളെയും ട്രാഫിക്കിങ്ങിനെയും സംബന്ധിച്ച പ്രധാന നയരൂപീകരണപ്രക്രിയകളിലെല്ലാം സെക്‌സ് വർക്കർമാർ ക്ഷണിതാക്കളായി. വയലൻസ് കൊണ്ടും ദുരിതങ്ങൾ കൊണ്ടും ഒറ്റപ്പെട്ട മനസ്സുകൾക്ക് പരസ്പരം വിശ്വാസം ആർജ്ജിച്ചെടുക്കാനും ഈ യാത്ര സഹായിച്ചു.

നാലഞ്ചു ദിവസം നീണ്ടു നിന്ന പരിപാടികൾ എട്ടാം തീയതി നടത്തിയ വലിയ റാലിയോടെയാണ് സമാപിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ നാലായിരം സ്ത്രീകളും ട്രാൻസ്ജെന്റർ സെക്‌സ് വർക്കർമാരും അതിൽ പങ്കെടുത്തു. രാംലീല മൈദാനിൽ നിന്ന്​ തുടങ്ങിയ യാത്ര ജന്തർ മന്ദിറിൽ എത്തിയപ്പോൾ രണ്ട് മണിയായി. ഉച്ചക്ക് സിക്കുകാരുടെ ദർഗ്ഗയിലായിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. പല ഭാഷകൾ സംസാരിക്കുന്ന സ്ത്രീകൾ വികാരങ്ങളുടെ ഭാഷ പങ്ക് വച്ച് ആർത്തു വിളിച്ചു. ആവശ്യങ്ങൾ കൃത്യമായ ഭാഷയിൽ പ്ലക്കാർഡുകളിലും പോസ്റ്ററുകളിലും എഴുതി പിടിപ്പിച്ചിരുന്നു. മാദ്ധ്യമങ്ങളും ജനങ്ങളും കാഴ്ചക്കാരായ, സമാധാനപരമായ ആ റാലി ദേശീയ തലത്തിൽ, തലസ്ഥാനത്ത് സെക്‌സ് വർക്കർമാർ ആദ്യമായി നടത്തിയതെന്ന തരത്തിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പൊലീസുകാർ ആദ്യാവസാനം ഒപ്പം നടന്നെങ്കിലും യാതൊരു സംഘർഷവുമുണ്ടായില്ല.

റാലിയുടെ അവസാനം സംഘടനാ നേതാക്കൾ പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചു. ‘‘നിലവിലുള്ള നിയമങ്ങൾ ഞങ്ങളെ ചൂഷണത്തിനും അക്രമത്തിനും വിധേയരാക്കുകയാണെന്നും, അന്തസ്സായി ജീവിക്കാനാവശ്യമായ തൊഴിൽ നിയമങ്ങളാണ് ഞങ്ങൾക്കാവശ്യ''മെന്നും അവർ നിവേദനത്തിൽ പറഞ്ഞു. തിരിച്ച് നാട്ടിലെത്തിയ ശേഷം പുതിയ ഗവണ്മെൻറ്​ ഇതിൽ ശുപാർശ നൽകാനായി രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയിലേക്ക് ‘ഗോദാവരി മഹിളാ സമഖ്യ’ കത്തയച്ചു. തുടർന്ന് അവർ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനും പ്രസിഡൻറ്​ അബ്ദുൾ കലാമിനും എഴുതി. ഡൽഹി റാലിക്കു ശേഷം സ്ത്രീകളെയും ട്രാഫിക്കിങ്ങിനെയും സംബന്ധിച്ച പ്രധാന നയരൂപീകരണപ്രക്രിയകളിലെല്ലാം സെക്‌സ് വർക്കർമാർ ക്ഷണിതാക്കളായി എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. വയലൻസ് കൊണ്ടും ദുരിതങ്ങൾ കൊണ്ടും ഒറ്റപ്പെട്ട മനസ്സുകൾക്ക് പരസ്പരം വിശ്വാസം ആർജ്ജിച്ചെടുക്കാനും ഈ യാത്ര സഹായിച്ചിട്ടുണ്ട്. ഡൽഹിയിൽ റാലിദിവസം വൈകുന്നേരം എല്ലാവരും വീണ്ടും ഭാരത് സ്‌കൗട്‌സ് മൈതാനത്ത് ഒത്തു ചേരുകയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ മുദ്രാവാക്യങ്ങൾ ആവർത്തിക്കുകയും ചെയ്തു. Repeal ITPA!ITPA റദ്ദ് കരോ നാ ! ‘‘ITPA റദ്ദു ചെയ്യാലീ'' എന്ന് ഗോദാവരിയിലെ നാരിമാർ. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments