എ.കെ. ജയശ്രീ

'അതി'നും 'ഇതി'നും ഇടയിൽ

എഴുകോൺ- 39

കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശരാഷ്ട്രങ്ങളുടെയും ഘടന മാറി മറിഞ്ഞു വരുന്നതാണ്. ഈ മാറ്റങ്ങൾക്കും മറിച്ചിലുകൾക്കുമിടയിലാണ് വ്യക്തികൾ മാനസികസമ്മർദ്ദത്തിന് വിധേയരാകാറുള്ളത്.

ന്മാദത്തിനും ആത്മീയതക്കും ഇടയിൽ നേർത്തൊരു രേഖ മാത്രമാണുള്ളതെന്ന് എന്റെ ഗുരുവായിരുന്ന പ്രഭാകരസിദ്ധയോഗി പറഞ്ഞിരുന്നു. അതിലൂടെ ബാലൻസ് തെറ്റാതെ നടന്നില്ലെങ്കിൽ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വീണു പോകും. രണ്ടായാലും അപകടമാണ്. ഭ്രാന്ത് ചികിത്സിക്കാമെങ്കിലും അതിൽ രോഗിയായി മാറുന്ന ആളിന് ചികിത്സയിൽ വേണ്ട റോൾ കിട്ടാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.

ബന്ധങ്ങളിൽ നിന്നുള്ള മോചനം രോഗിയാക്കപ്പെട്ടയാൾ അഭിലഷിക്കുന്നുണ്ടെങ്കിലും അവർ കൂടുതൽ കൂടുതൽ ബന്ധങ്ങളുടെ ബന്ധനത്തിലേക്ക് ആഴ്ത്തപ്പെടുന്നു. ഉന്മാദത്തിൻറെ ഒരു പ്രശ്നം കടുത്ത മാനസിക വേദനയാണ്. അതിൽ നിന്ന് മോചിപ്പിക്കാനുള്ള ചികിത്സയും ചികിത്സയെ പിന്തുണക്കുന്ന ബന്ധങ്ങളുമാണ് അവർക്കാവശ്യം. വ്യക്തികൾ കുടുംബത്തിന്റെ മാനം നില നിർത്താനുള്ള ഉപകരണങ്ങൾ മാത്രമാകുമ്പോൾ രോഗം മറച്ചു വെക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്. ബന്ധങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സംഘർഷമായിരിക്കും ചിലപ്പോൾ മനസ്സിന്റെ താളപ്പിഴയായി മാറുന്നത്. അതിൽ കണ്ണികളായവർ തൽക്കാലമെങ്കിലും മാറി നിന്ന് രോഗിക്ക് പുതിയ ബന്ധങ്ങൾക്ക് അവസരം നൽകുകയോ അവരെ സ്വതന്ത്രരായി വിടുകയോ ചെയ്‌താൽ ചികിത്സ എളുപ്പമാകുന്നതാണ് കാണുന്നത്. പിന്നീട് അവർക്ക് ഇഷ്ടം തോന്നുമ്പോൾ വന്നു കൂടാൻ അവസരം ഉണ്ടായാൽ മതി.

കഴിഞ്ഞൊരു ദിവസം ആശുപത്രി കിടക്കയിൽ നിന്നും അഭ്യസ്തവിദ്യയായ ഒരുവൾ അയച്ച ഫോൺ സന്ദേശത്തിൽ, തന്നെ കെട്ടിയിട്ട് ഇഞ്ചക്ഷൻ നൽകുകയാണെന്ന് പറഞ്ഞു. അവളുടെ നാക്കു കുഴഞ്ഞിരുന്നു.

എന്നാൽ, അതിനുള്ള ഒരു അന്തരീക്ഷം നമുക്ക് ചുറ്റുമില്ല. സ്വന്തമാക്കി വച്ചിരിക്കുന്ന ആളെ നമുക്കിഷ്ടമുള്ള പോലെയാക്കി തിരികെ തരണമെന്നാണ് വിഷമമുണ്ടായ ആളിന്റെ ബന്ധുക്കൾ ചികിത്സകരോട് ആവശ്യപ്പെടുന്നത്. ചികിത്സകരും അത് വഴി വിഷമസന്ധിയിൽ പെടുകയേ ഉള്ളൂ. ബന്ധുക്കൾ മനസ്സിൽ സങ്കല്പിക്കുന്ന ആൾ അവിടെ യാഥാർത്ഥത്തിൽ ഉണ്ടാവില്ല. കഴിഞ്ഞൊരു ദിവസം ആശുപത്രി കിടക്കയിൽ നിന്നും അഭ്യസ്തവിദ്യയായ ഒരുവൾ അയച്ച ഫോൺ സന്ദേശത്തിൽ, തന്നെ കെട്ടിയിട്ട് ഇഞ്ചക്ഷൻ നൽകുകയാണെന്ന് പറഞ്ഞു. അവളുടെ നാക്കു കുഴഞ്ഞിരുന്നു. കുഴയുന്ന നാക്കു കൊണ്ട് അവൾക്ക് സംസാരിക്കാൻ പ്രയാസമായിരുന്നു.

സ്വന്തം വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നാണ് അവളുടെ പക്ഷം.
“ബലം പ്രയോഗിച്ച് കുത്തി വച്ച് മയക്കാൻ നോക്കുന്നു. എന്നാൽ ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും വീട്ടുകാർ വന്ന് ടോയ്​ലെറ്റിൽ പോകണമെന്ന് പറഞ്ഞ് വാതിലിൽ മുട്ടും. എന്തൊരു ദ്രോഹമാണിത്. ” ഇത്തരം അവസ്ഥയിലേക്കെത്തിച്ചത് ഭർത്താവിന്റെ അടുത്ത് നിന്നുണ്ടായ ഉപദ്രവങ്ങളാണെന്ന് അവൾക്കും വീട്ടുകാർക്കും ചികിത്സിക്കുന്നവർക്കും അറിയാം. എങ്കിലും അതെല്ലാം ചുറ്റും നിശ്ശബ്ദത പൂണ്ട് കിടക്കുകയാണ്. എല്ലാവരുടെയും ഉന്നം വക്കലും നേരേയാക്കലും അവളിൽ മാത്രം.

അവൾ സുഹൃത്തുക്കളെയൊക്കെ വിളിക്കുകയും, പലരും ആശുപത്രിയിൽ വിളിച്ചന്വേഷിക്കുകയും ചെയ്തപ്പോൾ ആശുപത്രിക്കാർ ഡിസ്ചാർജ് ചെയ്തു വിട്ടു. വീട്ടുകാർ അവളെ എവിടെയോ കൊണ്ട് പോയി. അവസാനം വിളിക്കുമ്പോൾ അതിർത്തി കടന്നു എന്നാണവൾ പറഞ്ഞത്. ഏത് അതിർത്തി? അറിയില്ല.

പതിനാലു വയസ്സുള്ള മകൾ ആന്റിസെപ്റ്റിക് എടുത്ത് കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു. വായും അന്നനാളവും ആമാശയവും പൊള്ളിയിട്ടുണ്ടാവണം. പെട്ടെന്നവളെ ആശുപത്രിയിലെത്തിച്ച് രക്ഷിക്കുന്നതിന് പകരം ബന്ധുവായ ഡോക്ടറെ വിളിച്ച് രക്ഷകർത്താക്കൾ ചോദിക്കുന്നു, " നീ എന്തെങ്കിലും പറഞ്ഞു താ. ആശുപത്രിയിൽ കൊണ്ട് പോകാതെ നമുക്ക് ഇതൊതുക്കാൻ പറ്റുമോ എന്ന് നോക്കണം. കൊണ്ട് പോയാൽ നാണക്കേടാണ്'.

രക്തബന്ധമെന്നത് ക്യാപ്പില്ലറികൾ പോലെ അന്തരാളത്തിൽ പിണഞ്ഞ് കിടക്കുന്നതാണെങ്കിൽ, അത് പറിച്ചെടുക്കുന്ന പോലത്തെ അനുഭവമാണ് അതിലൂടെ അവൾക്കുണ്ടാവുന്നത്. മാസങ്ങളെടുത്ത് അന്നനാളം ഉണങ്ങിയെങ്കിലും, സ്നേഹശൂന്യത കൊണ്ട് പൊള്ളിയ ഉള്ളകം ഇനിയും ഉണങ്ങേണ്ടതായാണുള്ളത്. അതിന് സ്നേഹം തുളുമ്പുന്ന പുതിയ ക്യാപ്പില്ലറികൾ വന്നു ചേരണം.

സ്വന്തം കുലത്തോട് ചേർന്ന് പോകാനും അതിൽ നിന്ന് വേറിട്ട് പോകാനുമുള്ള ത്വര മനുഷ്യരിൽ കാണുന്നുണ്ട്. ചിലർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്റ്റേറ്റിന്റെയും നിബന്ധനകൾ അത് പോലെ അനുസരിച്ച് പോകും. ചിലർ അതിൽ നിന്ന് പാടേ തെറിച്ചു പോകും. ചിലതൊക്കെ അനുസരിച്ചും ചിലതൊക്കെ തട്ടി തെറിപ്പിച്ചും കടന്നു പോകുന്നവരുമുണ്ട്. കുലം മുടിച്ചു പോകുന്നവർ പുതിയ ബന്ധങ്ങളും അത് വഴി പുതിയ കൂട്ടങ്ങളുമുണ്ടാക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശരാഷ്ട്രങ്ങളുടെയും ഘടന ഇങ്ങനെ മാറി മറിഞ്ഞു വരുന്നതാണ്. ഈ മാറ്റങ്ങൾക്കും മറിച്ചിലുകൾക്കുമിടയിലാണ് വ്യക്തികൾ മാനസികസമ്മർദ്ദത്തിന് വിധേയരാകാറുള്ളത്.

മാനസികരോഗ പരിചരണത്തിൽ ഏതു തരത്തിലുള്ള ബന്ധങ്ങളായിരിക്കും സഹായകരമാവുക എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അടുത്ത ബന്ധുക്കൾ സഹായകരമാവുന്നത് അപൂർവ്വമായേ കണ്ടിട്ടുളളൂ

ജനിതകപരവും മനോഘടനാപരവുമായ അടിസ്ഥാനമുണ്ടെങ്കിലും മിക്കപ്പോഴും ഗാഢബന്ധങ്ങളിലെ പ്രശ്നങ്ങളാണ് മാനസികപ്രശ്നങ്ങൾ തീവ്രമാക്കുന്നത്. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തകർച്ചയിലും സംശയരോഗം (paranoia) പോലെയുള്ള പല മാനസികപ്രശ്നങ്ങളും ഉണ്ടാകുന്നത് കാണാറുണ്ട്. അവിചാരിതമായ കാരണങ്ങളാൽ ജീവിതം അപ്പാടെ മാറി മറിയുന്ന സന്ധികളിലും ഇത് പോലെയുള്ള പ്രയാസങ്ങളുണ്ടാകാം.

മാനസികരോഗ പരിചരണത്തിൽ ഏതു തരത്തിലുള്ള ബന്ധങ്ങളായിരിക്കും സഹായകരമാവുക എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അടുത്ത ബന്ധുക്കൾ സഹായകരമാവുന്നത് അപൂർവ്വമായേ കണ്ടിട്ടുളളൂ. പുതുതായുണ്ടാകുന്ന ബന്ധങ്ങളോ അല്ലെങ്കിൽ സ്വയമുള്ള കരുതലോ ആണ് കൂടുതൽ സഹായകരമായി കണ്ടിട്ടുള്ളത്. എനിക്കറിയാവുന്ന, കുറെയൊക്കെ സ്വാതന്ത്ര്യം നേടിയ പലരും സ്വയം ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നവരാണ്. ചിലർ വലിയ കുഴപ്പമില്ലാതെ തന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. ചുരുക്കത്തിൽ, കൂട്ടം വിട്ടു മേയുമ്പോൾ കഴിയുന്നതും മനസ്സിന്റെ സമനില വിടാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്.

ആത്മീയതയിലേക്കുള്ള പ്രയാണവും ഇത് പോലെ ശ്രദ്ധിക്കേണ്ടതാണ് . അതീവ സ്വകാര്യമായി അത് സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ വ്യവസ്ഥക്കടിപെടേണ്ടി വരും. നമ്മുടെ സംസ്കാരത്തിൽ സ്ത്രീകളുടെ ദേശാടനം ഒന്നുകിൽ ആത്മീയതയിലേക്കോ അല്ലെങ്കിൽ പ്രണയത്തിലേക്കോ ആയിരിക്കും. അങ്ങനെയല്ലാതെ വെറുതെ വീട് വിട്ടിറങ്ങി പോകാനുള്ള സാഹചര്യങ്ങൾ സ്ത്രീകൾക്ക് വളരെ കുറവാണ്. ജോലി തേടിയോ സുഹൃത്തുക്കളുടെ അരികിലേക്കോ പോകാൻ ഇപ്പോൾ കുറേ കൂടി സാദ്ധ്യതകളുണ്ടെന്നു മാത്രം.

ആത്മീയത ആശ്രമങ്ങളിലോ പ്രണയം വിവാഹത്തിലോ അവസാനിക്കുന്നത് സാധാരണവുമാണ്. ആ വേഷങ്ങൾ അഴിച്ചു മാറ്റി വീണ്ടും പ്രയാണം തുടരുക വളരെ പ്രയാസവുമായിരിക്കും. ബ്രഹ്മകുമാരിമാരുടെയും മെഡിക്കൽ മിഷൻ സിസ്റ്റർമാരുടെയും പോലെ സ്ത്രീകൾ മാത്രമുള്ള സന്യാസിനി ആശ്രമങ്ങളിൽ നിന്നും തെളിഞ്ഞ മുഖങ്ങളിലെ പുഞ്ചിരിയും വൃത്തിയും വെടിപ്പുമുള്ള പാത്രങ്ങളിൽ പലഹാരങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ കീറുകൾ അവിടങ്ങളിൽ പാറി നടന്നു എങ്കിലും അവ എവിടെയെങ്കിലും ഉടക്കുമോ എന്നും തോന്നുന്നുണ്ടായിരുന്നു. തൂവെള്ള വസ്ത്രങ്ങളും ജപമാലയും ധരിച്ച ബ്രഹ്മചാരിണികൾ അനുഷ്ഠാനങ്ങളെ ഓർമ്മിപ്പിച്ചു.

ആത്മീയത സ്ഥാപനമാവുമ്പോൾ വേഷങ്ങൾ, സ്വയം അവതരിപ്പിക്കേണ്ട രീതി എന്നിവ ഒക്കെ ബാധ്യതയാകും. മെഡിക്കൽ മിഷൻ സിസ്റ്റർമാർ യൂണിഫോമിൽ നിന്ന് സ്വയം മോചിച്ചവരാണ്. സാധാരണ നമ്മൾ ഓർക്കാതെ പോകുമെങ്കിലും വേഷം സാമൂഹ്യപദവിയെ ശക്തമായി അടയാളപ്പെടുത്തുന്നു. അത് കൊണ്ട് മോചിച്ചു എന്ന് പറയുമ്പോൾ, അത് അധികാരനഷ്ടം കൂടിയാണ്. പദവിയിൽ അത് കൊണ്ടുണ്ടാകുന്ന നഷ്ടം സമർപ്പണം കൊണ്ടും പ്രവർത്തനം കൊണ്ടും ആർജ്ജിച്ചെടുക്കേണ്ടി വരും. വേഷത്തിൽ ശ്രദ്ധിക്കാതിരിക്കുന്നത് ഒരു വശത്ത് സ്വാതന്ത്ര്യവും മറുവശത്ത് പദവിനഷ്ടവുമാണ്. നന്നായി വേഷം ധരിച്ചതിന്റെ പേരിൽ ഒരിക്കലും എനിക്ക് അഭിനന്ദനങ്ങൾ കിട്ടിയിട്ടില്ല. എനിക്കതിൽ ശ്രദ്ധയില്ലാത്തതു കൊണ്ട് മാത്രമല്ല, എന്റെ ഇഷ്ടവും മറ്റുള്ളവരുടെ ഇഷ്ടവും ഒത്തു പോകാത്തത് കൊണ്ട് കൂടിയാണത്.

വെളുപ്പ്, റോസ്, ഗോതമ്പ് നിറമുള്ളവർക്ക് നിരന്തരം അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ബ്രൗൺ, കറുപ്പ് നിറമുള്ളവർക്ക് അവഹേളനവും കിട്ടിക്കൊണ്ടിരിക്കും.

ബ്രൗൺ നിറവും കറുപ്പ് നിറവുമുള്ളവർ ഇളം നിറങ്ങൾ ധരിക്കണമെന്ന് മറ്റുള്ളവർ പറയും. എന്നാൽ, എനിക്ക് ചിലപ്പോൾ കടും നിറങ്ങളോട് ഭ്രമമുണ്ടാകും. എല്ലാവരും പരുത്തിതുണി കേമമായി കരുതുമ്പോൾ എനിക്ക് ഷിഫോണും നൈലോണും ധരിക്കാൻ തോന്നും. എന്റെ മനസ്സിന്റെ ഭ്രമങ്ങളെയാണ് അക്കാര്യത്തിൽ ഞാൻ പിന്തുടരാറുള്ളത്. എന്നാൽ, ബോധപൂർവ്വമായല്ലാതെ അകമേ കയറി കൂടിയ ശീലങ്ങൾ അടിത്തട്ടിലുണ്ടാവുകയും ചെയ്യും. വസ്ത്രം പോലെ തെരഞ്ഞെടുക്കുന്നതല്ലെങ്കിലും തൊലിയുടെ നിറവും പദവിയുടെ സൂചകമാണ്. വെളുപ്പ്, റോസ്, ഗോതമ്പ് നിറമുള്ളവർക്ക് നിരന്തരം അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ബ്രൗൺ, കറുപ്പ് നിറമുള്ളവർക്ക് അവഹേളനവും കിട്ടിക്കൊണ്ടിരിക്കും. ഈ നിറങ്ങളിലുള്ളവർ സാമൂഹ്യ പദവി വ്യവസ്ഥക്ക് തങ്ങളാൽ കോട്ടം സംഭവിക്കരുതെന്ന വണ്ണം ശ്രീനിവാസൻ കഥാപാത്രങ്ങളെ പോലെ എപ്പോഴും സ്വയം ഇകഴ്ത്തി കൊണ്ടിരിക്കും. ഇതിൽ ലിംഗ വ്യത്യാസവും കാണാം.

ഇരുണ്ട തൊലിയുള്ള പുരുഷന്മാർക്ക് ചിലയിടങ്ങളിൽ നല്ല സർട്ടിഫിക്കറ്റു കിട്ടുമെങ്കിലും സ്ത്രീകൾക്ക് സാർവ്വത്രികമായി തന്നെ അത് കുറഞ്ഞ മാർക്കാണ് നൽകുക. ഞാൻ സുന്ദരിമാരായി കണ്ടവരിൽ എല്ലാ നിറക്കാരും ഉണ്ടായിരുന്നു. നിറം പോലെ ശരീരത്തിൻറെ മോർഫോളജിയിലെ പല ഘടകങ്ങളും സൗന്ദര്യത്തെയും അതിനനുസരിച്ച് പദവിയേയും കുറിക്കുന്നുണ്ട്. കോസ്‌മെറ്റോളജി വളരെ ലാഭകരമായ ഒരു ബിസ്സിനസ്സിന് സംഭാവന ചെയ്യുന്നതും ഇത് കൊണ്ടാണ്. മറ്റുള്ളവർ എന്ത് പറഞ്ഞാലും ഞാൻ എന്റെ ശരീരത്തെ അധമമായി കണ്ടില്ല. അവരെ തിരുത്താനും അധികം മെനക്കെട്ടില്ല. എന്നാൽ, ശരീരത്തെ താഴ്ത്തി കാണുന്നവരെ ഒരിക്കലും ഞാൻ പ്രണയികളായി സ്വീകരിക്കുകയില്ല. പ്രണയം പ്രാർത്ഥന പോലെയാണ്. പരസ്പരം സുന്ദരമായി നുകരാത്ത ഇഴുകിച്ചേരൽ വൃത്തികേടും അശ്ലീലവുമാണ് ഉത്പാദിപ്പിക്കുന്നത്. അതിൽ എന്തിന് പങ്കെടുക്കണം?

നാലഞ്ചു വർഷങ്ങൾക്ക് ശേഷം, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, രാജമന്ദ്രിയിൽ നിന്നും കെയറിന്റെ സുരക്ഷിതത്വത്തിൽ നിന്നും ഒരു വിടുതൽ ഞാൻ കൊതിച്ചു തുടങ്ങി. അങ്ങനെ ഒരഭിലാഷം വളർന്നു എങ്കിലും അത് നാരീസക്ഷത്തിൽ അവതരിപ്പിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു. വിടാനുള്ള കാരണം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുക വളരെ ബുദ്ധിമുട്ടായിരിക്കും എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഞാൻ ഒരു മാസം മുൻപ് വിടുതൽ നോട്ടീസ് കൊടുത്തു.

സാധാരണ ഉയർന്ന ഒരു പദവിയിലേക്ക് പോകാനായിരിക്കും ഒരു ജോലി ഉപേക്ഷിക്കുക. അന്ന്, കെയറിന്റെ തലപ്പത്തുണ്ടായിരുന്നത് ‘ഡോറ വാറൻ’ എന്ന വിദേശവനിതയായിരുന്നു. അവർ ഡൽഹിയിൽ നിന്നും എത്തി എനിക്ക് കുറച്ച് കൂടി ഉയർന്ന പദവി വാഗ്ദാനം ചെയ്തപ്പോൾ അവരോട് എന്റെ തീരുമാനം വിഷമത്തോടെയാണെങ്കിലും ഉറപ്പിച്ച് പറഞ്ഞു. മതിയായി എന്ന തോന്നലല്ലാതെ അത് വിടാൻ മറ്റൊരു കാരണവും എനിക്കും കണ്ടെത്താനായില്ല. ആദ്യം ഞാൻ വിടുന്നത് നാരീസക്ഷം പ്രവർത്തകർ എതിർത്തെങ്കിലും, പിന്നീട് അംഗീകരിച്ച ശേഷം അവർ സമ്മാനപ്പൊതികളുമായി വരാൻ തുടങ്ങി. കിന്നരിയും തൊങ്ങലുകളും പിടിപ്പിച്ച സാരികളും, ഷാളുകളും മുത്തുമാലകളും ഒക്കെ സമ്മാനിച്ച് അവർ സ്നേഹം പങ്ക് വച്ചു. നൃത്തവും സംഗീതവും ഒക്കെയായി വലിയ ഒരു യാത്ര അയപ്പും അവരും കെയറും ചേർന്ന് നൽകി.

മത്സരിക്കുന്നതിനേക്കാൾ, അതിനെത്തുന്നവരെ വിജയിക്കാൻ വിടുന്നതിലായിരുന്നു എനിക്ക് താത്പര്യം. മത്സര ഓട്ടത്തിൽ കൂടെയുള്ളവരെ തള്ളിയിട്ടു കൊണ്ടാണ് പലരും മുന്നേറുന്നത്

ഞാൻ ഒഴിയുമ്പോൾ സ്ഥാനപ്രാപ്തി എളുപ്പമായവർ സന്തോഷിച്ചിരിക്കണം. ഏറ്റവും കൂടുതൽ വിഷമിച്ചത് കൃഷ്ണയും അവരുടെ കാമുകനുമായിരുന്നു. യാത്രയാവുന്നതിനു തലേ രാത്രി ഏറെ ഇരുട്ടുന്നതു വരെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അവിടെ നിന്ന് അൽപ്പം വേദനയോടെയാണ് ഞാൻ വിട വാങ്ങിയത്.
വികസനപദ്ധതികളിൽ പിടിച്ചു മുകളിലേക്ക് കയറാൻ ആവശ്യം, ബജറ്റ് നന്നായി വിനിയോഗിക്കാൻ അഥവാ പണം എവിടെയൊക്കെ ഉണ്ടെന്ന് കണ്ടെത്താനും അത് വിനിയോഗിക്കാനുമുള്ള കഴിവാണ്. കൃത്യമായി അളന്നു മുറിച്ച് ഓരോ രൂപയും ചെലവാക്കണം. അതിലേക്ക് ശ്രദ്ധ ചെലുത്തുമ്പോൾ ഒരിക്കലും മനുഷ്യരുടെ മാറി മറിയുന്ന പ്രശ്നങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനായി ആ പണം ഉപയോഗിക്കാൻ കഴിയില്ല. പൈപ്പ് ലൈനിലൂടെ നീങ്ങുന്ന പ്ലാനിനും ബജറ്റിനും, ഒപ്പം ഓടിയാൽ വീണു കിട്ടുന്നതൊക്കെ പെറുക്കി എടുക്കാമെന്ന് മാത്രം. പദ്ധതികൾ എത്ര കഴിയുമ്പോഴും ജനങ്ങളുടെ ജീവിതം വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന തരത്തിൽ അദ്‌ഭുതകരമായ കഴിവോടെയാണ് അവ രൂപപ്പെടുത്തി എടുക്കുന്നത്.

അഭ്യസ്തവിദ്യരായ ഇടത്തരക്കാർക്ക് ഉപജീവനം കണ്ടെത്താനും മത്സരത്തിലൂടെയാണെങ്കിലും അവരുടെ സാമൂഹിക നില മെച്ചപ്പെടുത്താനും ഇവ ഉപകരിക്കുകയും ചെയ്യും. അടിത്തട്ടിലുള്ളവരുടെ പുരോഗതി എപ്പോഴും കയ്യെത്തി പിടിക്കാവുന്ന ദൂരത്തെന്ന പോലെ മുന്നിലുണ്ടാവുകയും ചെയ്യും. മത്സരിക്കുന്നതിനേക്കാൾ, അതിനെത്തുന്നവരെ വിജയിക്കാൻ വിടുന്നതിലായിരുന്നു എനിക്ക് താത്പര്യം. മത്സര ഓട്ടത്തിൽ കൂടെയുള്ളവരെ തള്ളിയിട്ടു കൊണ്ടാണ് പലരും മുന്നേറുന്നത്. മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ വലുതാക്കി കാണിക്കുകയും, അവരെ ചവിട്ടി താഴെയിട്ട് അവസരങ്ങൾ കൈക്കലാക്കുകയും ചെയ്യണമെങ്കിൽ ജീവിതത്തിന്റെ ഗതികേട് ആ പാവങ്ങളെ അത്രയും വലച്ചിട്ടുണ്ടാവണം. അങ്ങനെയുള്ള ഇടങ്ങളിൽ നിന്ന് ഓടി, ഒരു പാർലറിൽ പോയി ഐസ്ക്രീം കഴിക്കാനോ ഒരു പഴയ സുഹൃത്തിന്റെ വീടിന്റെ വരാന്തയിലിരുന്ന് ഇളംകാറ്റേൽക്കാനോ ആണെനിക്ക് തോന്നുക.

ഡൽഹിയിൽ ഉണ്ടായിരുന്ന സുഹൃത് ദമ്പതികൾ എന്റെ തീരുമാനം അറിഞ്ഞ് അങ്ങോട്ടു ക്ഷണിച്ചു. എന്തിനെന്നില്ലാതെ തന്നെ ഞാൻ അവിടേക്ക് പോകാൻ തീരുമാനിച്ചു. എങ്ങോട്ടു പോകുന്നു എന്ന് എല്ലാവരും ചോദിക്കുമ്പോൾ പോകാനൊരിടം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. അജയും അഞ്ജുവും ചേർന്ന് ഗൗതം നഗറിൽ എനിക്ക് ഒരു മുറി ശരിപ്പെടുത്തി. അഞ്ചോ ആറോ നിലകളുള്ള ഒരു വലിയ ഫ്ലാറ്റിലായിരുന്നു അത്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസി(AIIMS)നടുത്തുള്ള റസിഡൻഷ്യൽ ഏരിയയായിരുന്നു ഗൗതം നഗർ.

ഗൗതം നഗറിലെ ഒരു തെരുവ്‌

അഞ്‍ജു എയിംസിൽ ജോലി ചെയ്തിരുന്നു. അവരും അതിനടുത്ത് മറ്റൊരു ഫ്ലാറ്റിൽ താമസിച്ചു. താഴത്തെ നിലകളിൽ ഒന്നിലായിരുന്നു എന്റെ മുറിയുടെ ഉടമസ്ഥരുണ്ടായിരുന്നത്. ഒറ്റക്ക് ഒരു സ്ത്രീക്ക് വീട് നല്കാൻ കേരളത്തിലൊക്കെ പലരും മടിക്കാറുണ്ടെങ്കിലും അവിടെ അങ്ങനെ ഒരു പ്രശ്നം കണ്ടില്ല.

വീടുകൾ പല വലുപ്പത്തിലുള്ളവയായിരുന്നു. വീടെന്ന് പറയാൻ കഴിയാത്തത്ര ചെറുതായിരുന്നു എനിക്ക് കിട്ടിയ വാസസ്ഥലം. അടുക്കളക്കും ടോയ്‌ലറ്റിനും വേണ്ടി മുറിയുടെ നടുഭാഗം വേർ തിരിച്ചിരുന്നതിനാൽ അകത്തും പുറത്തുമായി രണ്ട് മുറികളുള്ളതായി തോന്നിച്ചു. അകത്തെ മുറി ജനലുകളൊന്നുമില്ലാത്തതിനാൽ ഒരു ഗുഹ പോലെയാണ്. പുറത്തെ മുറി പോലെയുള്ള ചെറിയ സ്ഥലത്ത് ഒരു കട്ടിലുണ്ട്. ഉണ്ടായിരുന്ന സാധനങ്ങളെല്ലാം മുറിയുടെ ഒരു ഭാഗത്ത് കൂട്ടി വച്ചു. ഡൽഹിയിൽ തണുപ്പായിരുന്നതു കൊണ്ട് തറയിലെല്ലാം കയറ്റു പായയും പരവതാനിയും വിരിച്ചു. അജയ് പല തരം പഴച്ചാറുകളുടെ കാനുകൾ കൊണ്ട് വന്ന് ഒരു മൂലയിൽ നിരത്തി. അത്യാവശ്യത്തിന് വേണ്ട സാധനങ്ങളൊക്കെ അവർ കൊണ്ട് വന്നു തന്നു. സാധാരണക്കാർ തിങ്ങി പാർക്കുന്ന ഗൗതം നഗറിൽ ഫ്‌ളാറ്റുകൾ അടുപ്പിച്ച് നിരത്തിയിരിക്കയാണ് . പസിൽ ഗെയിമുകളിലെ പോലെ പരസ്പരം ബന്ധിക്കപ്പെട്ട വീതി കുറഞ്ഞ റോഡുകൾ. അത്യാവശ്യത്തിനു വേണ്ട സാധനങ്ങളെല്ലാം റോഡിന്റെ ഇരു വശങ്ങളിലുമുള്ള ചെറിയ കടകളിൽ നിന്നും കിട്ടും. കുറേ കൂടി വിപുലമായി സാധനങ്ങൾ ആവശ്യമുണ്ടെങ്കിൽ അര കിലോമീറ്റർ നടന്നാൽ മൊയ്തീൻ മാർക്കറ്റിലെത്തും. നല്ല തിരക്കുള്ളതും വില കുറവുള്ളതുമായ ആ മാർക്കറ്റും സാധാരണക്കാർക്കുപകരിക്കും. തെരുവോരങ്ങളിൽ ഇസ്തിരിയിട്ടു കൊടുത്തും ഷേവ് ചെയ്തും മുടി വെട്ടിയും പച്ച കുത്തിയും പല തരത്തിൽ ആളുകൾ ഉപജീവനം നടത്തുന്നു. രാജമന്ദ്രിയിൽ രണ്ട് രൂപക്ക് ഇസ്തിരിയിട്ടു കൊടുത്തപ്പോൾ ഇവിടെ അതിന് ഇരുപത് രൂപയായിരുന്നു.

ബിൽ ഗേറ്റ്സിനും മെലിൻഡക്കും വേണ്ടി ഡൽഹിയിൽ ഒരുക്കിയ ഒരു മീററിംഗിലും ചായസൽക്കാരത്തിലും പങ്കെടുത്തിരുന്നു. എല്ലാവരും കോട്ടും സൂട്ടുമണിഞ്ഞും ഏറ്റവും വില കൂടിയ വസ്ത്രങ്ങൾ ധരിച്ചുമാണ് അതിൽ പങ്കെടുത്തത്. ഗേറ്റ്‌സുമാർ സാധാരണ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ആഴ്ചയിൽ രണ്ട് ദിവസം വൈകുന്നേരങ്ങളിൽ ഗൗതം നഗറിലെ എല്ലാ റോഡുകളും, ഓരത്ത് വിജനമായി കിടക്കുന്ന സ്ഥലങ്ങളും പച്ചക്കറികളും പഴങ്ങളും പലചരക്കുകളും വിൽക്കുന്ന ഒരു വലിയ മാർക്കറ്റായി പരിണമിക്കും. തോട്ടത്തിൽ നിന്നും അപ്പോൾ പറിച്ച് കൊണ്ട് വരുന്ന, പുതുമയുടെ മണം പരത്തുന്ന പച്ചക്കറികൾ തീരെ വില കുറച്ചാണ് നമുക്ക് കിട്ടുന്നത്. ഗ്രാമങ്ങളിൽ നിന്നും ബഹുദൂരം താണ്ടി കൃഷിക്കാർ കൊണ്ട് വരുന്നതാകും അവ. ബ്രോക്കോളിയും ചീരയും വഴുതനയും മുരിങ്ങക്കായുമൊക്കെ ഇത്രയും വില കുറച്ച് കേരളത്തിൽ കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഒരു പക്ഷെ, കൃഷിക്കാർക്കും കച്ചവടക്കാർക്കും വളരെ കുറച്ച് ലാഭം മാത്രമായിരിക്കാം കിട്ടുന്നത്. മുന്നിലെ മാർക്കറ്റിൽ കവിഞ്ഞു കിടക്കുന്ന വിളകൾ എനിക്ക് സമൃദ്ധി തോന്നിച്ചപ്പോൾ, വിളവൊരുക്കുന്നവർ ദാരിദ്ര്യമാണ് അനുഭവിച്ചതെങ്കിലോ?

ഗൗതം നഗറിലെ പച്ചക്കറിച്ചന്ത

ഡൽഹിയിൽ ഇത് പോലെ സാധനങ്ങൾ വില കുറച്ചു കിട്ടുന്ന ധാരാളം മാർക്കറ്റുകളുണ്ട്. രാത്രിയിൽ തീരെ വില കുറച്ച് വസ്ത്രങ്ങളും തുണികളും വിൽക്കുന്ന മാർക്കറ്റുകൾ ഉണ്ടാവും. പത്ത് രൂപക്ക് പോലും ഡ്രസും കമ്പിളി വസ്ത്രങ്ങളുമൊക്കെ കിട്ടിയിരുന്നു. എന്നാൽ, നല്ല പണം ചെലവാക്കി വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്ന ബൊട്ടിക്കുകളും ആവശ്യത്തിലധികമുണ്ട്. രണ്ട് സ്ഥലങ്ങളിൽ നിന്നും കിട്ടുന്നവ തമ്മിൽ എങ്ങനെ തിരിച്ചറിയാമെന്ന് ഞാൻ പലപ്പോഴും അദ്‌ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ, അത് മിക്കവാറും എല്ലാവർക്കും തിരിച്ചറിയാം. പണവും പദവിയും കൂടുതലുള്ളവർ, സാധാരണക്കാരിൽ നിന്നും സ്വയം വേർതിരിഞ്ഞു നിൽക്കുന്നത് ഈ സൂക്ഷ്മവ്യതാസങ്ങളിലൂടെയാണ്. കെയറിലായിരിക്കുമ്പോൾ ബിൽ ഗേറ്റ്സിനും മെലിൻഡക്കും വേണ്ടി ഡൽഹിയിൽ ഒരുക്കിയ ഒരു മീററിംഗിലും ചായസൽക്കാരത്തിലും പങ്കെടുത്തിരുന്നു. എല്ലാവരും കോട്ടും സൂട്ടുമണിഞ്ഞും ഏറ്റവും വില കൂടിയ വസ്ത്രങ്ങൾ ധരിച്ചുമാണ് അതിൽ പങ്കെടുത്തത്. ഗേറ്റ്‌സുമാർ സാധാരണ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഡൽഹിയിലെ മഞ്ഞുകാലത്തിൻറെ തുടക്കം പുതിയൊരു അനുഭവമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ, ആരോടും ഉത്തരം പറയാനില്ലാതെ ഞാൻ രാവിലെ മൂടി പുതച്ചുറങ്ങുകയോ, ചിലപ്പോൾ നടക്കാൻ പോവുകയോ ചെയ്തു. നടക്കാൻ പോകുന്ന പ്രഭാതങ്ങളിൽ, പ്രധാന റോഡിലേക്ക് തുറക്കുന്ന പാതയോരത്ത് തറയിലിരുന്നു ചായയുണ്ടാക്കുന്ന വൃദ്ധനും അനുചരന്മാരുമായിരുന്നു എന്റെ പ്രധാന ആകർഷണം. സ്ത്രീകളൊന്നും തന്നെ അവിടെ വന്ന് ചായ കുടിക്കുന്നത് കണ്ടിട്ടില്ല. നാലോ അഞ്ചോ പുരുഷന്മാർ അവിടവിടെയായി നിന്ന് ചായ കുടിക്കുന്നുണ്ടാകും. ഇഞ്ചിയും ഏലക്കായയും ഒക്കെ നന്നായി ചതച്ച് ചേർത്ത് കുറെ സമയമെടുത്താണ് അവർ ചായ ഉണ്ടാക്കിയത്. ചായ ഓർഡർ ചെയ്ത ശേഷം ഞാൻ അടുത്തുള്ള കല്ലിൽ കയറി ഇരിക്കും. പ്രഭാതത്തിലെ തണുപ്പിന്റെ രുചി കൂടി ചേർന്ന ആ ചായയോളം ആസ്വാദ്യമായത് വേറെ ലഭിച്ചിട്ടില്ല.

പ്രഭാതഭക്ഷണമായി ഞാൻ ബ്രെഡും മുട്ടയും കാപ്പിയും കഴിച്ചു. പിന്നീട് അരിയോടൊപ്പം പച്ചക്കറികളും പയറും കൂടി വേവിച്ചുണ്ടാക്കുന്നത് ലഞ്ചും ഡിന്നറുമായി മാറ്റി. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ സമീകൃതമായ ആഹാരം ഉണ്ടാക്കി കഴിക്കാം എന്നാണ് ഞാൻ നോക്കിയത്. എന്നാൽ, രുചിക്ക് ഞാൻ എപ്പോഴും പ്രാധാന്യം കൊടുത്തു. പ്രകൃതി പാകം ചെയ്തു വച്ചിട്ടുള്ള പഴങ്ങളും പച്ചക്കറികളും, അണ്ടിപ്പരിപ്പുകളുമൊക്കെ തന്നെ എനിക്ക് വിഭവസമൃദ്ധമായ സദ്യയായാണ് തോന്നാറുള്ളത്. വൈകുന്നേരങ്ങളിൽ ചിലപ്പോൾ റോഡ് സൈഡിലുള്ള ഒരു കടയിൽ നിന്നും മോമോസ് വാങ്ങി കഴിച്ചു. വടക്കു കിഴക്കൻ സ്റ്റേറ്റുകളിൽ ധാന്യപ്പൊടിയും ചീസും പച്ചക്കറികളും ചേർത്ത് ആവിയിൽ വേവിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് മോമോ. ടിബറ്റിലെയും ഭൂട്ടാനിലെയും നാടൻ ഭക്ഷണമായാണ് ഇത് പറയപ്പെടുന്നത്.

തെരുവോര കച്ചവടക്കാരും ചായവിൽപ്പനയും ഇല്ലാതെ വിജനമായി നീണ്ടു കിടക്കുന്ന നഗര പ്രദേശങ്ങളിൽ ജീവന്റെ തുടിപ്പ് അനുഭവിക്കാൻ കഴിയില്ല. എന്തോ നഷ്ടപ്പെട്ട ശൂന്യത തണുത്തുറഞ്ഞു കിടക്കും.

പകൽ സമയങ്ങളിൽ ഞാൻ പാർക്കുകളിൽ പോയി അവിടുത്തെ ജീവിത ചലനങ്ങളിൽ മുഴുകിയിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഇത് പോലെയുള്ള ഇടങ്ങളിൽ പോയിരിക്കാൻ കഴിയുമെന്നതാണ് വലിയ നഗരങ്ങളിലെ ഗുണം.
ഗൗതം നഗറിന്റെ ഗേറ്റു കടന്ന് റോഡിന്റെ അപ്പുറത്തെത്തിയാൽ സൗകര്യങ്ങളുള്ള ആൾക്കാർ താമസിക്കുന്ന ഗ്രീൻ പാർക്ക് എന്ന സ്ഥലമാണ്. വലുപ്പവും വൃത്തിക്കൂടുതലുമുള്ള വീടുകൾ ഉൾക്കൊള്ളുന്ന ഫ്‌ളാറ്റുകളും വലിയ വില്ലകളുമാണവിടെയുള്ളത്. നിരത്തുകൾ വിജനമായിരിക്കും. തെരുവോര കച്ചവടക്കാരും ചായവിൽപ്പനയും ഇല്ലാതെ വിജനമായി നീണ്ടു കിടക്കുന്ന ഇതേ പോലത്തെ നഗര പ്രദേശങ്ങളിൽ ജീവന്റെ തുടിപ്പ് അനുഭവിക്കാൻ കഴിയില്ല. എന്തോ നഷ്ടപ്പെട്ട ശൂന്യത തണുത്തുറഞ്ഞു കിടക്കും. ഡോബർമാനുകളും ലാബ്രഡോറുകളും പൂഡിലുകളും തല പുറത്തേക്ക് നീട്ടി പഥികരെ ഉറ്റു നോക്കുകയോ കുരയ്ക്കുകയോ ചെയ്യുന്നത് നിശ്ശബ്ദത ഭഞ്ജിച്ചേക്കാം. വൃത്തിയായി വെട്ടിയൊരുക്കിയ പൂന്തോട്ടങ്ങൾക്ക് പിന്നിൽ, വീടിൻറെ മുൻവാതിലുകൾ അടഞ്ഞു കിടക്കും. ഒരു റോഡിനാൽ വേർ തിരിക്കപ്പെട്ടു കിടക്കുന്ന ഗ്രീൻ പാർക്കും ഗൗതം നഗറും തമ്മിലുള്ള അന്തരം വിസ്മയിപ്പിക്കുന്നതാണ്.

നാസ് ഫൗണ്ടേഷൻറെ സ്ഥാപകയും പ്രമുഖ സാമൂഹ്യപ്രവർത്തകയുമായ അഞ്‌ജലി ഗോപാലൻ ഗ്രീൻ പാർക്കിലായിരുന്നു താമസിച്ചിരുന്നത്. സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന IPC 377നെതിരെയുള്ള നിയമ പോരാട്ടം നടത്തിയതിൽ അവർ മുന്നിലായിരുന്നു. എയ്ഡ്‌സ് ബാധിച്ച കുട്ടികൾക്കായി ഒരു സ്ഥാപനവും എയ്ഡ്സുമായി ബന്ധപ്പെട്ട പരിശീലനങ്ങളും അക്കാലത്ത് അവർ നടത്തിയിരുന്നു. സുഹൃത്തായിരുന്നതു കൊണ്ട് ഞാൻ ഇടക്കിടെ അവരുടെ വീട്ടിൽ പോയി. ഞങ്ങൾ സംസാരിക്കുന്നതിനിടെ അതിനേക്കാൾ ഉച്ചത്തിൽ രാഹുൽ എന്ന് പേരായ കൂറ്റൻ തത്ത ചിലച്ചു കൊണ്ടിരിക്കും.

നാസ് ഫൗണ്ടേഷൻറെ സ്ഥാപകയും മനുഷ്യാവകാശ പ്രവർത്തകയുമായഅഞ്‌ജലി ഗോപാലൻ / Photo: screengrab from Its Get Better India Video.

ഗ്രീൻ പാർക്കിലേക്ക് നടക്കുന്ന വഴിയിൽ അവിടുത്തെയും തൊട്ടടുത്തുള്ള ഗുൽമോഹർ പാർക്കിലേയും ഉദ്യാനങ്ങളും ഞാൻ കണ്ട് വച്ചു. ഓരോരോ ഉദ്യാനങ്ങളിലും ഞാൻ മാറി മാറി സമയം ചെലവഴിച്ചു. ഗൗതം നഗറിലെ വിശാലമായ പാർക്കിനെ അപേക്ഷിച്ച് മറ്റു സ്ഥലങ്ങളിൽ ആളുകൾ കുറവായിരുന്നു. നടക്കാൻ വരുന്ന യുവാക്കളെ മാത്രമേ അവിടെ കണ്ടുള്ളൂ. കമിതാക്കളെ ഒരു സ്ഥലത്തും കണ്ടില്ല. അവർക്ക് ഉല്ലാസത്തിലേർപ്പെടാൻ ഡൽഹിയിൽ എനിക്കറിയാത്ത മറ്റു സ്ഥലങ്ങളുണ്ടാവും. അതല്ലെങ്കിൽ അത് സാധാരണീകരിക്കപ്പെട്ട ഒരു കാര്യമായതിനാൽ, അവർക്ക് എവിടെയും തുറന്ന് ഇട പെടാൻ കഴിയുമായിരിക്കും. ഗ്രാമങ്ങളിലെ പോലെ അവർക്ക് മേൽ സംശയത്തിന്റെയും അസൂയയുടേയും അക്രമോത്സുകദൃഷ്ടികൾ പതിയുക ഉണ്ടാവില്ലായിരിക്കാം. ഗൗതം നഗർ പാർക്കിൽ വന്നിരുന്നവർ കൂടുതലും കുട്ടികളും ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന യുവതീ യുവാക്കളും വൃദ്ധരുമായിരുന്നു. മദ്ധ്യവയസ്കരായ സ്ത്രീകൾ കൂട്ടം ചേർന്ന് വന്ന് ഭജനപ്പാട്ടുകൾ പാടുന്നതാണ് എനിക്ക് ഏറ്റവും കൗതുകമുണ്ടാക്കിയത്. കൈകൾ കൂട്ടിയടിച്ച് അവർ താളവും കൊട്ടി കൊണ്ടിരുന്നു. സ്ത്രീകൾക്ക് വീട്ടിൽ നിന്ന് പുറത്ത് കടക്കാനും പരസ്പരം ഒത്തു ചേർന്ന് സന്തോഷിക്കാനും ഒരവസരമാണല്ലോ അതെന്ന് ഞാൻ കരുതി.

പെന്തക്കോസ്ത് പോലെ ഏതെങ്കിലും മതാചാരത്തിന്റെ പ്രേരണയിലും മേൽനോട്ടത്തിലുമാണോ അതെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ സ്ത്രീകൾക്ക് ഇറങ്ങി നടക്കാനും കൂട്ട് ചേരാനും ഇത് പോലെ പാട്ടു പാടി ആഹ്‌ളാദിക്കാനും കഴിഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നി. രാവിലെ മുതൽ രാത്രി വരെ പാർക്കിൽ, വിടരുകയും നിറം മാറുകയും ചെയ്യുന്ന ലോകങ്ങൾ ഞാൻ മാറിയിരുന്ന് കണ്ടു. ഗുഹപോലെയുള്ള എന്റെ മുറിയിലെ ഏകാന്തതയും ബഹളമയമായ പാർക്കിലെ ധ്യാനവും മനസ്സ് കഴുകി വെടിപ്പാക്കി കൊണ്ടിരുന്നു.

ഗുൽമോഹർ പാർക്ക്‌

കുറച്ച് നാളുകൾക്ക് ശേഷം ഇടക്കിടെ മലയാളി കൂട്ടുകാരെയൊക്കെ കാണാൻ തുടങ്ങി. ഷാഹിനയും രാജീവും സുദീപും ആരതിയും ശ്രീജിതയുമെല്ലാം അവരുടെ ചെറിയ ഒത്തു ചേരലുകളിലും ആഘോഷങ്ങളിലും എന്നെയും കൂട്ടി. ഒരുമിച്ച് സംഗീതം കേൾക്കാനും സിനിമക്കും പോയി. അവർ എനിക്ക് പുതിയ ഇടങ്ങൾ പരിചയപ്പെടുത്തി തന്നു. ആവശ്യം പോലെ സ്നേഹം ചൊരിഞ്ഞു. ഉന്മാദത്തിലേക്കും തടവിലിടുന്ന ആത്മീയതയിലേയും വഴുതി വീഴില്ലെന്ന് ഞാനുറപ്പിച്ചു.

ചാരുതയോടൊപ്പം , അപകടത്തിന്റെ ഒരു മുഖവും ഡൽഹിക്കുണ്ട്. സന്ധ്യ കഴിഞ്ഞാൽ കൂടുതൽ ശ്രദ്ധിച്ചു മാത്രമേ ഡൽഹിയിൽ സഞ്ചരിക്കാനാവൂ. നല്ല തിരക്കുള്ള ഷോപ്പിംഗ് ഏരിയ ആണെങ്കിലും ചിലപ്പോൾ ലൈറ്റുകളെല്ലാം പെട്ടെന്ന് അണയും. നൊടിയിട കൊണ്ട് സ്ഥലം വിജനമാകും. അങ്ങനെ വരുമ്പോൾ പെട്ടെന്ന് ഒരു വാഹനമെടുത്ത് താമസസ്ഥലത്തേക്ക് പോകുന്നതാണ് നല്ലത്. അവരവരുടെ സുരക്ഷിതത്വം അവരവർ തന്നെ ഉറപ്പാക്കേണ്ട വ്യവസ്ഥയാണല്ലോ നമ്മുടെ നാട്ടിലുള്ളത്. പല സുഹൃത്തുക്കളും കഷ്ടിച്ച് അപകടങ്ങളിൽ നിന്ന് രക്ഷ പെട്ട കഥകൾ കേട്ടിട്ടുണ്ട്. നിയമങ്ങളെയും നീതിവ്യവസ്ഥയെയും പിടിച്ചു കുലുക്കിയ നിർഭയ സംഭവമുണ്ടായത് വർഷങ്ങൾക്ക് ശേഷമാണെങ്കിലും മുൻപും സമാനമായ സംഗതികളുണ്ടായിട്ടുണ്ട്.

എന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നത് കാശ്മീരിൽ നിന്നുള്ള സുൽത്താനയായിരുന്നു. അവൾ റഷ്യയിൽ നിന്നും മെഡിക്കൽ ബിരുദം നേടിയതിനു ശേഷം ഇന്ത്യയിൽ എത്തിയതാണ്. ഇവിടുത്തെ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരീക്ഷ പാസ്സായാൽ മാത്രമേ വിദേശങ്ങളിൽ പരീക്ഷ എഴുതി വരുന്നവർക്ക് പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിക്കുകയുള്ളൂ. രണ്ട് മൂന്നു തവണ എഴുതിയിട്ടും അവൾക്ക് പാസാകാൻ പറ്റിയില്ല. പാവം മുറി നിറയെ ബുക്കുകൾ കൂട്ടിയിട്ട് രാത്രിയും പകലുമില്ലാതെ പഠിക്കുകയാണ്. ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിൽ നിന്നാണ് അവൾ വരുന്നത്. മനോഹരമായ സ്ഥലമാണെങ്കിലും സംഘർഷത്തിനടിപ്പെട്ട കാശ്മീരിൽ നിന്ന് പുറത്ത് പോയി താമസിക്കാനാണ് സുൽത്താന ഇഷ്ടപ്പെട്ടത്. അവളുടെ രക്ഷകനായി സഹോദരനായ മുനീറിനെയും വീട്ടുകാർ കൂടെ അയച്ചിട്ടുണ്ട്. പഠിക്കാൻ വലിയ താൽപര്യമില്ലാത്ത മുനീർ ബിസ്സിനസുകൾ നോക്കാനാണ് പദ്ധതി ഇട്ടിട്ടുള്ളത്. സഹോദരന്മാരും അമ്മാവന്മാരും ഇംഗ്ലണ്ടിൽ പല തരം ബിസിനസ്സുകൾ ചെയ്യുന്നുണ്ട്. അയാളും അങ്ങോട്ടു പോകാൻ ആഗ്രഹിക്കുന്നു. എങ്കിലും സ്വന്തം നിലയിൽ അൽപ്പം അപകർഷതാ ബോധം അനുഭവിക്കുന്നുണ്ട്.

സുൽത്താനയുടെ മുറിയിൽ പോകുമ്പോഴെല്ലാം മുനീറിനെ കൂടാതെ, കൂടെ പഠിക്കുന്ന ഒരു ചെറുപ്പക്കാരനെയും കണ്ടു. മദ്ധ്യപ്രദേശിൽ നിന്നുള്ള ആദിത്യ ഇവിടുത്തെ മെഡിക്കൽ പി.ജി എൻട്രൻസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ്. യാദൃശ്ചികമായി പരിചയപ്പെട്ട അയാൾ സുൽത്താനയെ നന്നായി സഹായിക്കുന്നുണ്ട്. മുഴുവൻ സമയവും കൂടെയിരുന്ന് പഠിപ്പിച്ചു കൊടുക്കുകയും സ്വയം പഠിക്കുകയും ചെയ്യുന്നു. സുൽത്താന ഇതിനിടെ മൂന്നു പേർക്കുമുള്ള ഭക്ഷണവുമുണ്ടാക്കും. മുനീറും ആദിത്യയും ഇല്ലാതിരുന്ന ഒരു ദിവസം റൂമിൽ ചെല്ലുമ്പോൾ സുൽത്താന ആദിത്യയുമായി പ്രണയത്തിൽ പെട്ടിരിക്കുകയാണെന്ന് പറഞ്ഞു. മുനീറിന് ഇതറിയാമെന്നും അയാൾ നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും അവൾ കരുതി.

സ്വന്തം വീട്ടുകാർ ഇതിനനുവദിക്കയില്ലെന്ന് സുൽത്താനക്കും മുനീറിനും അറിയാമെങ്കിലും സഹോദരി കാശ്മീരിൽ നിന്ന് രക്ഷ പെട്ടു പോയി കൊള്ളട്ടെ എന്നൊരു വിചാരം മുനീറിനുണ്ട്. എന്നാൽ, വീട്ടുകാരെ പറ്റി ഓർക്കുമ്പോൾ അയാൾക്ക് ദു:ഖവുമുണ്ട്. മദ്ധ്യപ്രദേശിലെ ആദിത്യയുടെ വീട്ടുകാർ സുൽത്താനയെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ അയാൾക്കുറപ്പില്ല. എങ്കിലും പരീക്ഷ ഒക്കെ പാസായി കഴിഞ്ഞാൽ ഡൽഹിയിൽ ഒരുമിച്ച് താമസിക്കാമെന്ന് അവർ കരുതുന്നു.

അൽപ്പം അപകർഷത അനുഭവിക്കുന്ന മുനീർ അവരിലൂടെ സ്വന്തം പദവി അൽപ്പം പൊലിപ്പിച്ചു കാട്ടാനാണ് എന്നെ അവിടേക്ക് കൂട്ടിയതെന്നു തോന്നി.

അവരുടെ ഒരു അകന്ന ബന്ധു അടുത്തൊരു ഫ്‌ളാറ്റിൽ താമസിക്കുന്നുണ്ട്. അവിടേക്ക് മുനീർ പല പ്രാവശ്യവും എന്നെ ക്ഷണിച്ചു. സുൽത്താനയും ആദിത്യയും പഠനത്തിൽ മുഴുകുമ്പോൾ മുനീർ എന്ത് ചെയ്യണമെന്നറിയാതെ സമയം തള്ളി നീക്കുകയാണ്. ഒരു ദിവസം ഉച്ചക്ക് ശേഷം ഞാൻ മുനീറിനോടൊപ്പം അവിടെ പോയി. മുനീറിന്റെ ബന്ധു ഒരു ബിസിനസുകാരനും സൗകര്യത്തിൽ ജീവിക്കുന്നയാളുമായിരുന്നു. അൽപ്പം അപകർഷത അനുഭവിക്കുന്ന മുനീർ അവരിലൂടെ സ്വന്തം പദവി അൽപ്പം പൊലിപ്പിച്ചു കാട്ടാനാണ് എന്നെ അവിടേക്ക് കൂട്ടിയതെന്നു തോന്നി.

മേശ നിറയെ അവർ പല വിഭവങ്ങൾ ഒരുക്കി വച്ചിരുന്നു.
ദൗർഭാഗ്യവശാൽ, ഞാനന്ന് സ്വയം വേവിച്ച് കഴിച്ച പർപ്പിൾ നിറമുള്ള കാബേജ് എനിക്ക് ഓക്കാനമുണ്ടാക്കി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് ഛർദ്ദിക്കുകയും ചെയ്തു. അവരുടെ ആതിഥ്യം ആസ്വദിക്കാൻ എനിക്ക് സാധിച്ചില്ല. അസുഖമുള്ള സമയത്ത് എന്നെ കൂട്ടി ചെന്നതിൽ ബന്ധു നീരസം പ്രകടിപ്പിച്ചു എന്നും മുനീർ പറഞ്ഞു. രണ്ട് വശത്തും ഒരു ഇമ്പ്രഷൻ ഉണ്ടാക്കാനുള്ള മുനീറിന്റെ ഉദ്യമം വിഫലമായതിൽ എനിക്കും വിഷമം തോന്നി. എങ്കിലും പിന്നീട് പല പ്രാവശ്യവും ഞാനാ വീട്ടിൽ പോയി. അവിടെ അകത്ത് വിശ്രമിച്ചിരുന്ന പ്രായമായ ഉമ്മയുടെ ചെറുതും വലുതുമായ അസ്വാസ്ഥ്യങ്ങൾക്ക് പരിഹാരങ്ങൾ പറഞ്ഞു കൊടുക്കുകയും മരുന്ന് എഴുതി കൊടുക്കുകയും ചെയ്തു. സംഭാഷണങ്ങളിൽ കാശ്മീരിലെ പാരമ്പര്യത്തെ പറ്റി അവർ അഭിമാനം പൂണ്ടു.

അടുത്തിടെയായി മരണശേഷം എത്തി ചേർന്ന ഒരു പൂവനത്തിനും ഇളംനീല കംബളം കൊണ്ട് മേലാപ്പ് വിരിച്ച ഒരു കല്യാണ പന്തലിനും ഇടയിലൂടെ താൻ ഒഴുകി പോകുകയാണെന്ന് അവർ പറഞ്ഞു. അവരുടെ ഹൈസ്‌കൂളിൽ പഠിക്കുന്ന ചെറുമകളാണ് വർത്തമാനം വിവർത്തനം ചെയ്തു തന്നിരുന്നത്. ഇംഗ്ലണ്ടിൽ ബിസിനസ് ചെയ്യുന്ന അവരുടെ ചെറുമകനെ കൊണ്ട് സുൽത്താനയെ വിവാഹം കഴിപ്പിക്കുമെന്നും അവൾ നല്ല കുട്ടിയാണെന്നും അവർ പറഞ്ഞു. ആ വിവാഹ ശേഷം മയ്യത്താകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ പലപ്പോഴും മുനീറിനോടും ആവർത്തിച്ചു. കാശ്മീരിലേക്ക് കൊണ്ട് പോകാൻ മകനോട് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അത് സാധിക്കുമെന്ന് അവർക്ക് വിചാരമില്ല. എങ്കിലും മക്കളിലൂടെയും ചെറുമക്കളിലൂടെയും പാരമ്പര്യം അവിടെ നിലനിന്ന് കാണണമെന്ന് അവർ ആശിക്കുന്നു. ബോധത്തിന്റെയും സ്വപ്നത്തിന്റെയും ഇടനാഴിയിലൂടെ സഞ്ചരിക്കുന്നു. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments