ഡോ. എ.കെ. ജയശ്രീ

മയക്കം എന്ന മഹാദ്ഭുതം

എഴുകോൺ- 40

കൗമാരകാലം മുതൽ അനുഭവിച്ച കുളിരു കോരുന്ന പ്രകൃതിയുടെ ജാലവിദ്യകൾ കേവലം ഹോർമോൺ രാസകണികകളുടെ സമ്മാനം മാത്രമായിരുന്നോ? ഞാൻ, എന്റേത് എന്ന് വിചാരിച്ചതൊക്കെ പൊളിയായിരുന്നോ?

ൽഹിയിൽ തണുപ്പേറി വന്നു.
ഞാൻ കമ്പിളി വസ്ത്രങ്ങൾ കൂടുതൽ ശേഖരിച്ചു.
കേരളത്തിലും ആന്ധ്രയിലുമൊക്കെ ജീവിക്കുന്ന സമയത്ത്, തണുപ്പുസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ളവ മാത്രമാണുണ്ടായിരുന്നത്. ഡൽഹിയിൽ ദിവസവും മാറി മാറി ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങേണ്ടിവന്നു. ഗുഹാജീവിതത്തിൽ അത് വേണ്ടിയിരുന്നില്ല. പക്ഷെ, തണുപ്പ് കൂടി വന്നപ്പോഴേക്കും ഞാൻ ഒരു സംഘടനക്കുവേണ്ടി ക്ലാസെടുക്കാൻ പോയി തുടങ്ങി. ഇന്ദിരാഗാന്ധി ഓപൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് അവർ എയ്ഡ്സ് ചികിത്സക്ക് ഒരു ഡിപ്ലോമ കോഴ്‌സ് നടത്തിയിരുന്നു. ദിവസവും രാവിലെയോ വൈകുന്നേരമോ അവരുടെ കോഴ്‌സ് കോ-ഓർഡിനേറ്ററായിരുന്ന ശ്രീജയ വന്നെന്നെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങൾ പെട്ടെന്ന് നല്ല കൂട്ടുകാരായി. ഒരുമിച്ച് നടക്കാൻ പോവുകയും റോഡരികിൽനിന്ന് പാനിപുരി വാങ്ങി കഴിക്കുകയും ചെയ്തു.

ലൈംഗികബന്ധം വഴി പകരുന്നതിനാലും ആദ്യഘട്ടത്തിൽ ചികിത്സിച്ച് സുഖപ്പെടുത്താൻ മരുന്നുകളില്ലാതിരുന്നതിനാലും എയ്​ഡ്​സ്​ രോഗികളുടെ നേരെയുള്ള വിവേചനവും ഭയപ്പാടും അയിത്തവും ചിന്തിക്കാൻ കഴിയാത്തതായിരുന്നു

വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് എച്ച്.ഐ.വി മെഡിസിനിൽ ഒരു ഫെല്ലോഷിപ്പ് എടുത്തിരുന്നത് എനിക്ക് സഹായകമായി. അത് ഓൺലൈൻ കോഴ്‌സ് ആയിരുന്നതുകൊണ്ട് ഇടക്കൊക്കെ മാത്രം നേരിട്ടുള്ള ക്ലാസുകൾക്ക് പോയാൽ മതിയായിരുന്നു. ജനകീയാരോഗ്യ പ്രസ്ഥാനമായിരുന്ന മെഡിക്കോ ഫ്രണ്ട്‌സ് സർക്കിളിൽനിന്ന് പരിചയപ്പെട്ടിരുന്ന ഡോ. ആനന്ദ് സക്കറിയ ആയിരുന്നു അതിന്റെ ഡയറക്ടർ. വിവിധ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധർ ക്ലാസ് നൽകി. ഒതുങ്ങിയതും ശാന്തവും വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞതുമായ വെല്ലൂർ മെഡിക്കൽ കോളേജ് കാമ്പസ് മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷം ഒരുക്കിയിരുന്നു. രോഗത്തെയും രോഗചികിത്സയേയും ശ്രദ്ധയോടെയും അർപ്പിത മനസ്സോടെയുമാണ് അവിടത്തെ ചികിത്സകർ സമീപിക്കുന്നതെന്ന് തോന്നി. സ്വകാര്യ ചികിത്സാ സമ്പ്രദായം അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ മുഴുവൻ സമയവും അവിടെയുള്ളവർ ചികിത്സക്കും അദ്ധ്യാപനത്തിനും ഗവേഷണത്തിനുമായി ചെലവഴിച്ചു. എന്റെ കൂടെ കോഴ്‌സ് ചെയ്തവരിൽ മിക്ക പേരും എയ്ഡ്സ് രോഗികളെ ചികിത്സിക്കുന്നവരായിരുന്നു. അവരും അദ്ധ്യാപകരും തമ്മിൽ നടന്നുവന്ന ഇടപെടലുകൾ എല്ലാവർക്കും പ്രായോഗിക അറിവ് നൽകി. ഇടക്ക് ഞങ്ങൾ വാർഡുകളിൽ പോയി രോഗികളെ സന്ദർശിച്ചു. പലരും ക്ഷീണിതരായിരുന്നു. ഡോക്ടർമാരുടെ സന്ദർശനം അവരുടെ മങ്ങിയ കണ്ണുകളെ നിമിഷനേരത്തേക്ക് പ്രകാശിപ്പിച്ചു. രോഗികളെ സംബന്ധിച്ച ക്ലിനിക്കൽ മീറ്റിങ്ങുകൾ എപ്പോഴും ആധുനിക ചികിത്സയോടുള്ള എന്റെ ആദരവ് വർദ്ധിപ്പിക്കാറുണ്ട്. വെല്ലൂരിലെ ഓരോ ദിനങ്ങളും അതിന്റെ മാറ്റ് കൂട്ടിക്കൊണ്ടിരുന്നു.

വെല്ലൂർ മെഡിക്കൽ കൊളേജ് / cmch-vellore.edu
വെല്ലൂർ മെഡിക്കൽ കൊളേജ് / cmch-vellore.edu

എയ്ഡ്സ് രോഗചികിത്സ എന്നാൽ, പല രോഗങ്ങളുടെ ചികിത്സയാണ്. രോഗാണുബാധ ഉണ്ടായി വർഷങ്ങൾ കഴിയുമ്പോൾ പതിയെ രോഗപ്രതിരോധശേഷി കുറഞ്ഞുവരികയും മിക്കവാറും എല്ലാ രോഗങ്ങളും ഒന്നിനുപിറകെ ഒന്നായി ബാധിക്കുകയും എല്ലാ അവയവങ്ങളും തകരാറിലാകുകയും ചെയ്യും. വാക്‌സിനുകൾ ലഭ്യമല്ലെങ്കിലും രോഗാണുക്കളുടെ എണ്ണം കുറക്കാനും അവ നശിപ്പിക്കുന്ന പ്രതിരോധ കോശങ്ങളെ കഴിയുന്നത്ര പിടിച്ചുനിർത്താനുമുള്ള മരുന്നുകൾ 2000മാണ്ട് ആകുമ്പോഴേക്കും നിലവിൽ വന്നിരുന്നു. ഇപ്പോൾ കൂടുതൽ ഫലപ്രദമായതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ മരുന്നുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.
ലൈംഗികബന്ധം വഴി പകരുന്നതിനാലും ആദ്യഘട്ടത്തിൽ ചികിത്സിച്ച് സുഖപ്പെടുത്താൻ മരുന്നുകളില്ലാതിരുന്നതിനാലും രോഗികളുടെ നേരെയുള്ള മനുഷ്യരുടെ വിവേചനവും ഭയപ്പാടും അയിത്തവും ചിന്തിക്കാൻ കഴിയാത്തതായിരുന്നു. ഇതത്ര എളുപ്പം പകരാത്ത രോഗമായിട്ടു കൂടി മിക്ക പേരേയും വീടുകളിൽനിന്ന് പുറത്താക്കുകയും, ആശുപത്രികൾ ചികിത്സ നിഷേധിക്കുകയും സ്ഥാപനങ്ങൾ ജോലി നൽകാതിരിക്കുകയും കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കാൻ വിസമ്മതിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോഴും ഈ അവസ്ഥ പൂർണമായി മാറി എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ എയ്ഡ്‌സിനുശേഷം ചികിത്സയിലെ നൈതികത, സാമൂഹ്യമാനങ്ങൾ, അവകാശങ്ങൾ, മാനസിക വശങ്ങൾ എന്നിങ്ങനെ ഒട്ടേറെ തലങ്ങൾ പുനർചിന്തിക്കുകയും പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്.

ലൈംഗികതയിൽ നിശ്ശബ്ദതയും അക്രമവും പുലർത്തിപ്പോന്ന ഇന്ത്യൻ സംസ്‌കാരത്തിൽ ഇതെങ്ങനെ സംസാരിക്കും എന്നത് വലിയ തലവേദന ആയിരുന്നു.

ചികിത്സയിലെ നൈതികതയെ കുറിച്ച് ഇത്ര ചർച്ചക്കിടയാക്കിയ മറ്റൊരു രോഗമില്ല. മറ്റു രാജ്യങ്ങളിൽ ചികിത്സാ പ്രോട്ടോകോളുകളും കൗൺസിലിംഗ് സർവ്വീസുമൊക്കെ തുടങ്ങിയതിനു ശേഷമാണ് ഇന്ത്യയിൽ ഇതെത്തിയത്. അതുകൊണ്ട് ആദ്യമൊക്കെ ഇവയിൽ അന്താരാഷ്ട്രനിലവാരം തന്നെ പുലർത്തി. രോഗം പകരുന്നത് ലൈംഗികബന്ധത്തിലൂടെ ആയതിനാൽ നിവാരണത്തിന് സുരക്ഷിത ലൈംഗികബന്ധം ആയിരുന്നു ചെയ്യാനുള്ളത്. എന്നാൽ, ലൈംഗികതയിൽ നിശ്ശബ്ദതയും അക്രമവും പുലർത്തിപ്പോന്ന ഇന്ത്യൻ സംസ്‌കാരത്തിൽ ഇതെങ്ങനെ സംസാരിക്കും എന്നത് വലിയ തലവേദന ആയിരുന്നു.

ഇവിടെ അതിനായി എ, ബി, സി എന്നൊരു തന്ത്രം കൊണ്ടുവന്നു. ‘എ' എന്നാൽ ആബ്സ്റ്റിനെൻസ് (Abstinence) അഥവാ ബ്രഹ്മചര്യം. സന്യാസിമാർക്കും ആൺ- പെൺ വിവാഹത്തിൽ നിലകൊള്ളാത്തവർക്കും ഇന്ത്യയിൽ പറഞ്ഞേൽപ്പിച്ചിട്ടുള്ളതാണിത്. ഇത് പാലിക്കാൻ കഴിയുന്നതല്ല എന്നതിന്റെ തെളിവായാണ് എച്ച്.ഐ.വി ഇവിടെ പടർന്നു കൊണ്ടിരിക്കുന്നത്. എങ്കിലും നമ്മൾ ആചാരത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ഇതൊരാചാരമായി ആദ്യം പറയുന്നു. ഇതിന് നിരീക്ഷണ സംവിധാനമൊന്നുമില്ലാത്തതിനാൽ അത് സദാചാരപാലക അക്രമികൾക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.

‘ബി' എന്നാൽ ‘ബി ഫെയ്ത്ഫുൾ റ്റു യുവർ പാർട്ണർ'. ഇതും ആദ്യത്തേതുപോലെ തന്നെയാണ്. ‘സി' എന്നാൽ കോണ്ടം അഥവാ സുരക്ഷിത ഉറ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ കടക്കുന്നത് തടയാനുള്ള ഫലപ്രദമായ മാർഗമാണിത്. എന്നാൽ ഇതേക്കുറിച്ച് പറയണമെങ്കിൽ സെക്‌സിനെ കുറിച്ച് പറയേണ്ടി വരും. അത് സദാചാര വിരുദ്ധമായി കരുതുന്നതിനാൽ, ചെയ്യാൻ കഴിയുന്നത്, അതിന്റെ തടവറക്കുപുറത്ത് കടന്നവർക്കുമാത്രമാണ്. അതുകൊണ്ടുമാത്രം ലൈംഗിക തൊഴിലാളികൾക്കും ലൈംഗിക വിമതർക്കും മറ്റുള്ളവർക്ക് ആരോഗ്യവിദ്യാഭ്യാസം നൽകുന്ന എഡ്യുക്കേറ്റർമാരാകാൻ അവസരം ലഭിച്ചു. എന്നാൽ, ആരോഗ്യപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും മനോരോഗവിദഗ്ധർക്കുമെല്ലാം തന്നെ ഇത് പഠിക്കേണ്ടി വന്നു.

എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മുൻവിധികൾക്കെതിരെ ലോകാരോഗ്യ സംഘടന തയ്യാറാക്കിയ ക്യാമ്പയിൻ പോസ്റ്ററുകളിലൊന്ന് / Photo: Twitter, WHO/Europe
എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മുൻവിധികൾക്കെതിരെ ലോകാരോഗ്യ സംഘടന തയ്യാറാക്കിയ ക്യാമ്പയിൻ പോസ്റ്ററുകളിലൊന്ന് / Photo: Twitter, WHO/Europe

എച്ച്.ഐ.വി ചികിത്സയിലും പ്രതിരോധത്തിലും കൗൺസിലിംഗ് പ്രധാന ഘടകമാണ്. അതിൽ അവരുടെ ലൈംഗികസ്വഭാവങ്ങളെ കുറിച്ചറിയുകയും അതിന്റെ റിസ്‌ക് നിർണയിക്കുകയും ശരിയായ അറിവ് പകർന്നുകൊടുക്കുകയും വേണം. അതിനേക്കാൾ പ്രധാനം, മൂല്യനിരപേക്ഷമായ (Non-judgemental) സമീപനം കൈക്കൊള്ളുക എന്നതാണ്. കൗൺസിലർമാരെ സംബന്ധിച്ച് ഏറ്റവും പ്രയാസമുള്ള കാര്യവും അതുതന്നെയാണ്. അതിനുള്ള ഒരു പരിശീലനത്തിനും ഞാൻ വെല്ലൂർ മെഡിക്കൽ കോളേജിൽ തന്നെയാണ് പോയത്. പരിശീലകരായുള്ളവർ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുകയും റോൾ പ്ലേ പോലെയുള്ള ബോധന മാർഗങ്ങളിലൂടെ അത് കൂടുതൽ വ്യക്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. കാൽനൂറ്റാണ്ടിനു മുമ്പാണിതെന്നോർക്കണം. ഏറെക്കുറെ ഈ മാർഗം പാലിക്കാൻ ചില ഡോക്ടർമാർക്കും കൗൺസിലർമാർക്കും സാധിക്കാറുണ്ട്. നന്നായി ചെയ്തിരുന്നത് എപ്പോഴും സദാചാരക്കൂട്ടിൽ നിന്ന് പുറത്തുകടന്ന സന്നദ്ധസംഘടനകളിലുള്ളവർ തന്നെ ആയിരുന്നു. ഓരോരുത്തരും മൂല്യനിരപേക്ഷ സമീപനം ഉൾക്കൊള്ളുന്നതിന്റെ സൂക്ഷ്മതകൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.

പക്ഷപാതം പല രൂപത്തിൽ കടന്നുവരും. പുറമെ പ്രകടമാകാത്ത തരത്തിലായിരിക്കും ഇത്. ചിലർക്ക് കൂടുതൽ സമയം അനുവദിക്കുക, ചിലരുടെ കാര്യം ചർച്ചക്കിടയിൽ ഒഴിവാക്കുക, അവരുടെ ബന്ധുക്കളെ കുറിച്ച് കൂടുതൽ ഉത്കണ്ഠ പ്രകടിപ്പിക്കുക ഇങ്ങനെ പലതും ആളുകൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്.
കൗൺസിലിങ് ചെയ്യുന്നവരുടെ നിരന്തരമായ ആത്മപരിശോധന കൊണ്ടുമാത്രമേ ഉള്ളിലുള്ള പക്ഷപാതിത്വം പുറത്തുകളയാൻ കഴിയൂ. അനായാസമായി ഇതുൾക്കൊള്ളുന്ന ആളുകളെയും ധാരാളം കാണാം. പരിശീലനത്തോടൊപ്പം, പൊതുമനോഭാവത്തിൽ വരുന്ന മാറ്റത്തിനും ഇതിൽ വലിയ പങ്കുണ്ട്. കാൽനൂറ്റാണ്ടിനു ശേഷം നമ്മുടെ പൊതുമനോഭാവത്തിൽ യുവതലമുറയിലെ ആളുകൾക്കിടയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അത് കൗൺസിലിംഗിലും കുറെയൊക്കെ പ്രതിഫലിക്കുന്നുണ്ടെങ്കിലും നമുക്കാവശ്യമായത്രയും മാനസികാരോഗ്യപരിപാലകർ ഇല്ല തന്നെ.

കൗൺസിലിങ് ചെയ്യുന്നവരുടെ നിരന്തരമായ ആത്മപരിശോധന കൊണ്ടുമാത്രമേ ഉള്ളിലുള്ള പക്ഷപാതിത്വം പുറത്തുകളയാൻ കഴിയൂ. ചിലർക്ക് കൂടുതൽ സമയം അനുവദിക്കുക, ചിലരുടെ കാര്യം ചർച്ചക്കിടയിൽ ഒഴിവാക്കുക, അവരുടെ ബന്ധുക്കളെ കുറിച്ച് കൂടുതൽ ഉത്കണ്ഠ പ്രകടിപ്പിക്കുക ഇങ്ങനെ പലതും ആളുകൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. / Photo: Stephanie DeAngelis, Ig
കൗൺസിലിങ് ചെയ്യുന്നവരുടെ നിരന്തരമായ ആത്മപരിശോധന കൊണ്ടുമാത്രമേ ഉള്ളിലുള്ള പക്ഷപാതിത്വം പുറത്തുകളയാൻ കഴിയൂ. ചിലർക്ക് കൂടുതൽ സമയം അനുവദിക്കുക, ചിലരുടെ കാര്യം ചർച്ചക്കിടയിൽ ഒഴിവാക്കുക, അവരുടെ ബന്ധുക്കളെ കുറിച്ച് കൂടുതൽ ഉത്കണ്ഠ പ്രകടിപ്പിക്കുക ഇങ്ങനെ പലതും ആളുകൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. / Photo: Stephanie DeAngelis, Ig

എച്ച്.ഐ.വി ടെസ്റ്റിന് മുൻപും ശേഷവും ടെസ്റ്റിനായെത്തുന്നവർക്ക് നൽകുന്ന മാനസികപരിചരണം വളരെ പ്രധാനമാണ്. വെല്ലൂരിൽ കണ്ട പ്രത്യേകത, ഡോക്ടർമാരും നഴ്സുമാരും ജൂനിയർമാരും ആരോഗ്യപ്രവർത്തകരും ഒരു ടീമായി പ്രവർത്തിക്കുന്നു എന്നതാണ്. കൂടെയുള്ളവരുമായി ഡോക്ടർമാർക്ക് ജോലി പങ്കുവക്കാൻ കഴിഞ്ഞാൽ കൂടുതൽ നല്ല സേവനം നൽകാൻ കഴിയും. രോഗികളുമായി തട്ടിച്ചുനോക്കുമ്പോൾ ഡോക്ടർമാരുടെ അനുപാതം കുറഞ്ഞിരിക്കുന്നതാണ് ചികിത്സയിൽ രോഗികൾക്കുണ്ടാകുന്ന തൃപ്തിക്കുറവിനു കാരണം. സ്വകാര്യ പ്രാക്ടീസിനായുള്ള ഡോക്ടർമാരുടെ മത്സരവും ഡോക്ടറെ സ്വന്തമായി വില കൊടുത്ത് ലഭിക്കണമെന്ന ആളുകളുടെ ആഗ്രഹവുമുള്ള ഒരു സാഹചര്യമാണ് ജോലി പങ്കുവക്കുന്ന ടീം വർക്കിന് തടസം. സ്വകാര്യ ആശുപത്രികൾ കൂടുതൽ ലാഭോന്മുഖമായതുകൊണ്ട് ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറവായിരിക്കുകയും ചെയ്യും. വെല്ലൂരിലെ മാതൃക പല കാര്യങ്ങളിലും നന്നായി തോന്നി.

ഭർത്താവിൽ നിന്ന് രോഗാണുബാധ ഉണ്ടായ പുഷ്പയെ അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാരെല്ലാം ചേർന്ന് ഒരു ഓലപ്പുര കെട്ടി താമസിപ്പിച്ചത് കേരളത്തിൽ കണ്ടിരുന്നു. അത് പോലെയുള്ള എണ്ണിയാൽ തീരാത്ത സംഭവങ്ങളുണ്ട്.

രോഗികേന്ദ്രിത ചികിത്സയെ പറ്റി എല്ലായിടത്തും പറയുമെങ്കിലും എയ്ഡ്‌സിന്റെ കാര്യത്തിൽ അത് കൂടുതൽ ഉറപ്പാക്കേണ്ടി വന്നു. എച്ച്.ഐ.വി ബാധിതരുടെ കൂട്ടായ്മയും പങ്കാളിത്തവും മറ്റു രാജ്യങ്ങളിലെ പോലെ ഇവിടെയും ഉണ്ടായി. ഇന്ത്യയിലെ ആദ്യത്തെ സംഘടനാ നേതാവായിരുന്ന അശോക് പിള്ളയുടെ മരണദിനം ഇപ്പോഴും എല്ലാ വർഷവും ആദരപൂർവം ആചരിക്കപ്പെടുന്നു. ഇത് അയിത്തത്തിന്റെ മറുവശമാണ്. എച്ച്.ഐ.വി പോസിറ്റീവ് ആയ ആളുകളുടെ സംഘടനകൾ രോഗത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിക്കുകയും അംഗങ്ങൾക്ക് വേണ്ട സേവനങ്ങൾ നൽകുകയും ചെയ്തു വന്നു. ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റത്തെ കുറിച്ചും പരിശോധനകളെ കുറിച്ചും മരുന്നുകളെ കുറിച്ചും അവർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ളവർ പോസിറ്റീവായവരിൽ ഉണ്ടായിരുന്നു. ഭർത്താവിൽ നിന്ന് രോഗാണുബാധ ഉണ്ടായ പുഷ്പയെ അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാരെല്ലാം ചേർന്ന് ഒരു ഓലപ്പുര കെട്ടി താമസിപ്പിച്ചത് കേരളത്തിൽ കണ്ടിരുന്നു. അത് പോലെയുള്ള എണ്ണിയാൽ തീരാത്ത സംഭവങ്ങളുണ്ട്. തമിഴ്നാട്ടുകാരിയായ ഹേമലതക്കും ഭർത്താവിൽ നിന്നാണ് രോഗം കിട്ടിയത്. ആദ്യകാലങ്ങളിൽ ചികിത്സ ഫലപ്രദമല്ലാതിരുന്നതിനാൽ കോളേജ് അദ്ധ്യാപകനായിരുന്ന ആൾ മരിക്കുകയും ചെയ്തു. സംഘടനയിൽ സജീവമായി പ്രവർത്തിച്ച ഹേമലത ദേശീയതലത്തിൽ പെട്ടെന്നു തന്നെ കൺസൾട്ടന്റായി മാറി. പല മീറ്റിങ്ങുകളിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുക്കുകയും റൂം പങ്ക് വക്കുകയും ചെയ്തിട്ടുണ്ട്. ഹേമലത ജോലി ഡൽഹിയിലേക്ക് മാറ്റിയപ്പോൾ സാരി ഉപേക്ഷിച്ച് സൂട്ടിലേക്ക് മാറി. കുറെ സാരികൾ എനിക്ക് സമ്മാനിച്ചു. കുറെ കാലം ഞാനവ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തു. ദീർഘകാലം അവർ നന്നായി ആരോഗ്യം കാത്ത് സൂക്ഷിച്ചു. പിന്നീടെപ്പോഴോ സമ്പർക്കം നഷ്ടപ്പെട്ടു.

Indian Network of People Living with HIV/AIDS സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന അശോക് പിള്ള
Indian Network of People Living with HIV/AIDS സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന അശോക് പിള്ള

കേരളത്തിലും സംഘടനകൾ നന്നായി പ്രവർത്തിച്ചിരുന്നു. അവരുടെ ആവശ്യങ്ങളും വിഷമതകളും അവർ തന്നെ വേദികളിൽ സംസാരിച്ചു. പിന്തുണക്കും പരിചരണത്തിനുമായി സെന്ററുകൾ തുടങ്ങി. പലരും പരസ്പരം താങ്ങായി വിവാഹിതരായി. അന്നുമുതൽ മരുന്നുകൾ കഴിച്ചു തുടങ്ങിയവരിൽ കൂടുതൽ പേരും ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു. ഞങ്ങളോടൊപ്പം കേരളത്തിൽ പ്രവർത്തിരുന്ന അശോകൻ ഈയിടെ കാൻസർ ബാധിച്ച് വിട വാങ്ങി. എച്ച്.ഐ.വിക്കെതിരെ സ്വന്തം ശരീരം കൊണ്ടും മറ്റുള്ളവർക്ക് വേണ്ടിയും നന്നായി പൊരുതിയ പോരാളിയായിരുന്നു അശോകൻ. മറ്റൊരു പോസിറ്റീവ് ആയ വ്യക്തിയെ വിവാഹം ചെയ്യുകയും അവരുടെ കുട്ടികൾക്കും താങ്ങാവുകയും ചെയ്തു. അശോകൻ മരിച്ചപ്പോൾ "അച്ഛൻ മരിച്ചു' എന്ന് വിളിച്ചറിയിച്ചത് സഹധർമിണിയുടെ മകനാണ്. മരുന്നുകൾ ലഭ്യമാക്കുന്നതിനും മറ്റു അവകാശങ്ങൾക്കുമായുള്ള നിയമപരമായ പിന്തുണക്കും വേണ്ടി ഞാനും അശോകനോടൊപ്പം ഡൽഹിയിൽ പോയി പല സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചിരുന്നു. ജീവിതത്തെയും മരണത്തെ പോലും പോസിറ്റീവായി സമീപിച്ച ആളാണ് അശോകൻ.

ഡൽഹിയിലെ എന്റെ പ്രവർത്തനം മിക്കവാറും അദ്ധ്യാപനത്തിൽ ഒതുങ്ങിനിന്നു. ഫിസിക്കൽ മെഡിസിനിലും പാലിയേറ്റീവ് മെഡിസിനിലുമൊക്കെ ഡിപ്ലോമക്ക് പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഈ കോഴ്സിനും ചേർന്നിരുന്നത്. അവർക്ക് കൂടുതലും തിയറി ക്ലാസുകളായിരുന്നു ഞങ്ങൾ നൽകിയത്. ശരീരത്തിന്റെ എല്ലാ വ്യവസ്ഥകളെ കുറിച്ചും പകർച്ച വ്യാധികളെ കുറിച്ചും അവർക്ക് പറഞ്ഞു കൊടുക്കേണ്ടിയിരുന്നു. ഇന്ത്യയിൽ എയ്ഡ്സ് രോഗികളെ പ്രധാനമായും ബാധിക്കുന്നത് ക്ഷയരോഗമാണെന്നതുകൊണ്ട് മിക്കവാറും അതിന്റെ ചികിത്സയെ കുറിച്ചും ഇവിടുത്തെ ആരോഗ്യപ്രവർത്തകർക്ക് നല്ല ഗ്രാഹ്യമുണ്ടായിരിക്കണം. വിദ്യാർത്ഥികൾ, അവർ കാണുന്ന രോഗികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ധാരാളം സംശയങ്ങൾ ചോദിച്ചു. ഇടക്ക് നാസ് ഫൗണ്ടേഷന്റെ കെയർ ഹോമിൽ പോയി അവിടുത്തെ കുട്ടികളെയും ഞാൻ സന്ദർശിച്ചിരുന്നു. മിക്കവാറും അച്ഛനും അമ്മയും എയ്ഡ്സ് ബാധിച്ചു മരിച്ച അനാഥക്കുട്ടികളായിരിക്കും അവിടെയുള്ളത്. അനാഥത്വവും രോഗചികിത്സയോടൊപ്പം അവർക്ക് നേരിടേണ്ടിയിരുന്നു.
ഈ മേഖലയിൽ സേവനത്തിനെത്തിയവരിൽ മിക്ക പേരും അതിനായി ജീവിതം മാറ്റിവച്ചവരാണ്. അതിൽ എയ്ഡ്സ് ബാധിതരെ വിവാഹം ചെയ്തവർ പോലുമുണ്ട്. സമാരാദ്ധ്യയായ ഒരു പ്രവർത്തക ഒരു എയ്ഡ്സ് രോഗിയെ വിവാഹം ചെയ്യുകയും ദിവസങ്ങൾക്കകം അവരുടെ എല്ലാ ശുശ്രൂഷകളേയും നിഷ്പ്രയോജനമാക്കി അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. അവർ സ്വന്തം കർമപരിപാടികൾ തുടർന്നുകൊണ്ടിരുന്നു.

സ്ഥാപനങ്ങൾക്ക് കീഴടങ്ങേണ്ടി വന്ന സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ കഴിയില്ല. അത്തരം സ്ഥാപനങ്ങളിലുള്ളവരെ ലൈംഗികരോഗങ്ങളുണ്ടോ എന്ന പരിശോധനക്ക് വിധേയരാക്കാറുണ്ട്

ഒഴിവുള്ള ചില സമയങ്ങളിൽ ഞാൻ ഡൽഹിയിലെ ജി.ബി. റോഡിൽ പോയി ബ്രോതലുകൾ സന്ദർശിച്ചു. അവിടുത്തെ ബ്രോതലുകളിലെ സ്ഥിതി ദുസ്സഹമായാണ് പുറമെ നിന്ന് ചെല്ലുന്നവർ അനുഭവിക്കുക. സ്ഥാപനങ്ങൾക്ക് കീഴടങ്ങേണ്ടി വന്ന സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ കഴിയില്ല. അത്തരം സ്ഥാപനങ്ങളിലുള്ളവരെ ലൈംഗികരോഗങ്ങളുണ്ടോ എന്ന പരിശോധനക്ക് വിധേയരാക്കാറുണ്ട്. രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ചികിത്സിക്കാതെ നാട്ടിലേക്ക് മടക്കി അയക്കുന്ന ബ്രോതലുകളുമുണ്ട്. മിക്കവാറും ലൈംഗികരോഗങ്ങൾ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൊളോണിയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ച സിഫിലിസ്, ആന്റിബയോട്ടിക്കുകൾ കൊണ്ട് ചികിത്സിച്ചു സുഖപ്പെടുത്താം. മരുന്നുകൾ കണ്ടുപിടിക്കുന്നതിനു മുൻപ് ഇത് ഭീതിദമായ അവസ്ഥ സൃഷ്ടിച്ചിരുന്നതാണ്. ഇത് തുടങ്ങുന്ന ഘട്ടത്തിൽ ജനനേന്ദ്രിയങ്ങളിൽ കട്ടിയുള്ള വ്രണങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. ചികിത്സിക്കാതെ കാലപ്പഴക്കം ചെന്നാൽ തലച്ചോറിനെയും ഹൃദയത്തെയുമൊക്കെ ബാധിക്കുന്ന സങ്കീർണതകളുണ്ടാകും.

ജെ.ബി. റോഡ് ബ്രോതലിലെ ഒരു ലെെംഗികത്തൊഴിലാളി / Photo: Kat Katha
ജെ.ബി. റോഡ് ബ്രോതലിലെ ഒരു ലെെംഗികത്തൊഴിലാളി / Photo: Kat Katha

ആന്റിബയോട്ടിക്കുകൾ വ്യാപകമായതോടെ ഇത് നമ്മുടെ നാട്ടിൽ നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പഴക്കം ചെന്ന സിഫിലിസ് മാത്രം അപൂർവ്വമായി കാണുന്നു. ചികിത്സ വ്യാപകമായി ഇല്ലാതിരുന്ന കാലത്ത്, ഇത് ദുരൂഹതയും ഭീതിയും ഉണ്ടാക്കിയിരുന്നു. തുറന്നു സംസാരിക്കാത്ത ഒരു രോഗമായാണ് കുട്ടിക്കാലത്ത് ഇത് മനസ്സിലാക്കിയിരുന്നത്. സ്‌കൂൾ സമയത്ത് വായിച്ച കേശവദേവിന്റെ "അയൽക്കാർ' എന്ന നോവലിൽ, ഇതേപ്പറ്റി ഉഷ്ണപ്പുണ്ണ് എന്നോ പറങ്കിപുണ്ണ് എന്നോ ഉള്ള പരാമർശമാണ് അതെപ്പറ്റിയുള്ള ഓർമ. ഒരു ഉയർന്ന തറവാട്ടിലെ സ്ത്രീകളുടെ അധഃപതനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വിഷയം നോവലിൽ കൊണ്ടുവരുന്നത്. ഇന്നതേക്കുറിച്ചൊന്നും ആരും ഗൗനിക്കുന്നതേയില്ല. പുതിയ രോഗങ്ങളുടെ ആവിർഭാവവും രോഗചികിത്സയും നിർമാർജ്ജനവുമെല്ലാം സാംസ്‌കാരിക പരിസരത്തെ മാറ്റി മറിക്കുന്നു. ഇതുപോലെയുള്ള രോഗങ്ങളെ പ്രസക്തമല്ലാതാക്കി മാറ്റിയ ആന്റിബയോട്ടിക്കുകളുടെ ഗുണഗണങ്ങളെ നമ്മുടെ എഴുത്തുകാരൊന്നും അധികം വാഴ്ത്തി കാണാറുമില്ല. കുഷ്ഠരോഗചികിത്സയുടെ പ്രകരണത്തിൽ എഴുതിയ തോപ്പിൽ ഭാസിയുടെ "അശ്വമേധം' എന്ന നാടകം ഇതിനൊരപവാദമായി പറയാം.

പുതിയ ചികിത്സക്ക് യോജിച്ച ഒരു സംസ്‌കാരം ആർജ്ജിക്കാൻ സമൂഹമെന്ന നിലക്ക് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പാരമ്പര്യചികിത്സാരീതികളിലെ പോലെ ചികിത്സകരിൽ വിശ്വാസമർപ്പിക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്.

ആധുനിക ഔഷധങ്ങളുടെ അദ്ഭുതകരമായ സുഖപ്പെടുത്തലുകളുടെ മുന്നിൽ എപ്പോഴും പ്രണമിക്കുന്നു ആളാണ് ഞാൻ. വേദനയും പനിയും ഒപ്പിയെടുത്ത്, കുളിരു പകരുന്ന പാരസെറ്റമോൾ മുതൽ ജീവൻ രക്ഷാമരുന്നുകളായ സ്റ്റീറോയ്ഡുകൾ വരെ, എത്രയെത്ര മായാജാലങ്ങൾ. കൃത്യമായ അളവിൽ രക്തത്തിൽ അലിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ താളപ്പിഴകൾ മാറ്റി നമ്മളെ പൂർവസ്ഥിതിയിൽ കൊണ്ടെത്തിക്കുന്ന മരുന്നുകളെ എത്ര വണങ്ങിയാലാണ് മതിയാവുക? ശരീരകലകളെ കഴിയാവുന്നത്ര സംരക്ഷിച്ച് രോഗാണുക്കളെ നിർമാർജ്ജനം ചെയ്യുന്ന ആന്റിബയോട്ടിക്കുകളില്ലാത്ത കാലത്ത് എത്രമാത്രം മനുഷ്യർ സഹിച്ചിരിക്കണം? ക്ഷയരോഗം കൊണ്ട് കഷ്ടപ്പെട്ട അനവധി എഴുത്തുകാരേയും, ചിന്തകരേയും പറ്റി പോലും നമ്മൾ അറിയുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിതം എന്തുമാത്രം ദുരിതപൂർണമായിരുന്നിരിക്കണം?
പക്ഷെ, നമ്മുടെ നാട്ടിൽ മരുന്നുകൾക്കും ചികിത്സാരീതികൾക്കും അർഹിക്കുന്ന ഒരു ആദരവും ലഭിച്ചു കാണാറില്ല. മറിച്ച്, മരുന്നുകൾ വിഷമാണെന്ന് ആളുകൾ വിശ്വസിക്കുകയും ചെയ്യുന്നു. ചികിത്സയിൽ ആശ്വസിക്കുന്നവർ തന്നെ അത് ചികിത്സകരുടെ കഴിവായി വിലയിരുത്തുകയും അവരിൽ വിശ്വാസം അർപ്പിക്കുകയുമാണ്.

ആധുനിക ചികിത്സയിൽ ശരിക്ക് ചികിത്സകർക്ക് വ്യക്തികളെന്ന നിലയിൽ വഹിക്കാനുള്ള പങ്ക്, സയൻസിന്റെ കൂട്ടായതും കാലങ്ങൾ കൊണ്ട് കൂട്ടിയെടുത്തതും, വ്യക്തികൾക്ക് അത്രമേൽ കയ്യൊപ്പിന്റെ അധികാരം നൽകാത്തതുമായ സംഭാവനയേക്കാൾ വളരെ ചെറുതാണ്. എവിടെന്നോ കൊടുത്തയച്ച വിലമതിക്കേണ്ട ഒരു സമ്മാനമായാണ് നമ്മളത് സ്വീകരിക്കേണ്ടത്. പക്ഷേ, പുതിയ ചികിത്സക്ക് യോജിച്ച ഒരു സംസ്‌കാരം ആർജ്ജിക്കാൻ സമൂഹമെന്ന നിലക്ക് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പാരമ്പര്യചികിത്സാരീതികളിലെ പോലെ ചികിത്സകരിൽ വിശ്വാസമർപ്പിക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. ദൈവത്തേക്കാൾ ത്രസിപ്പിക്കുന്ന ഭാവുകത്വം ഉണർത്തുന്ന പ്രപഞ്ചവിസ്മയം തുറക്കാൻ വിജ്ഞാനത്തിന് കഴിഞ്ഞശേഷവും പുരോഹിതന്മാരുടെ മുന്നിൽ പ്രസാദത്തിനായി കൈ നീട്ടി നിൽക്കുന്നവരുടെ ഗതികേടാണത്.

രാജമന്ദ്രിയിൽ വച്ച് ഇടക്കൊക്കെ മാസം തോറും അമിതമായ ബ്ലീഡിംഗ് എനിക്കുണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്ത ഗൈനക്കോളജിസ്റ്റായ ഡോ. അരുണയുടെ സഹായത്തോടെ അൾട്രാ സൗണ്ട് സ്‌കാൻ (Ultra Sound Scan) ചെയ്തു നോക്കി. ഗർഭാശയത്തിൽ ഫൈബ്രോയ്ഡ് (Fibroid) എന്ന മുഴകൾ കാണാൻ സാധിച്ചു. ഒരു ഡോക്ടറെ സംബന്ധിച്ച് നിസ്സാര പ്രശ്‌നം മാത്രമാണത്. വ്യക്തിപരമായി അഗാധമായ വേദന അനുഭവിച്ചിരുന്ന അരുണ മറ്റുള്ളവരുടെ വേദനകൾ മാറ്റാൻ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ആസ്തമയുടെ ശ്വാസംമുട്ടലും മനോവേദനയോടൊപ്പം അവർ അനുഭവിച്ചിരുന്നു.

ആ കാലത്തുതന്നെ കഴുത്തിൽ തടവുമ്പോൾ ഒരു ചെറിയ മുഴയിൽ എന്റെ കൈ തടഞ്ഞു. കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടായ മുഴയാണതെന്ന് മനസ്സിലായി. പുറമേ നോക്കുന്നവർക്ക് കാണാൻ സാധിക്കുന്നതിനേക്കാൾ ചെറുതായിരുന്നു അത്. എങ്കിലും അത്തരം മുഴകൾ കാൻസർ ആകാനും സാദ്ധ്യതയുണ്ട്. തൈറോയ്ഡിൽ, കൂടുതൽ മുഴകൾ ഒരേ സമയം പ്രത്യക്ഷപ്പെടുകയാണെങ്കിൽ കാൻസർ ആകാൻ സാദ്ധ്യത കുറവാണ്. ചെറുപ്പകാലത്ത് കഴുത്തിന്റെ മുൻഭാഗത്ത് ചെറിയ വീക്കം സാധാരണ കാണാറുണ്ട്. യുവതികളായിരിക്കുമ്പോൾ ഈ വീക്കവുമായി ഡോക്ടർമാരെ സമീപിക്കുമ്പോൾ, അത് പെൺകുട്ടികൾക്ക് സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നുപറഞ്ഞ് അവർ ഞങ്ങളെ മടക്കി അയച്ചിരുന്നു. സന്ദർഭത്തിനു യോജിക്കാത്ത ഇത്തരം കമന്റുകൾ ഇക്കാലത്ത് ആൺഡോക്ടർമാർ പെൺകുട്ടികളോട് ആലോചിച്ചു മാത്രമേ പറയാൻ പാടുള്ളൂ.

അരുണയോടൊപ്പം ഒരു ഹോസ്പിറ്റലിൽ പോയി എന്റെ തൈറോയ്ഡ് മുഴയും പരിശോധനക്ക് വിധേയമാക്കി. ഉള്ളിലേക്ക് സൂചി കടത്തി കോശങ്ങൾ വലിച്ചെടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് നോക്കുകയാണെങ്കിലും അത് കാണാതെ പോകാനുള്ള ചെറിയ സാദ്ധ്യതയുണ്ട്. അതിനാൽ, മാസങ്ങൾക്കുശേഷം വീണ്ടും പരിശോധിക്കണം. മുഴ ചെറുതായി വളർന്നുകൊണ്ടിരുന്നു എങ്കിലും അത് മിക്കവാറും മറന്നു കിടന്നു.
ഡൽഹിയിൽ വച്ച് വീണ്ടും ഇതിനെക്കുറിച്ച് ഓർത്തു. തിരുവനന്തപുരത്ത് അടുത്ത തവണ പോകുമ്പോൾ സർജ്ജറി ചെയ്യാമെന്ന് മനസ്സിലുറച്ചു. ഒരു ദിവസം വയറിൽ കൈ വച്ചപ്പോൾ ഒരു വശത്ത് പാറക്കഷണം പോലെ ഘനമുള്ളതെന്തോ തടഞ്ഞു. നല്ല വലുപ്പവുമുണ്ട്. നേരത്തേ ഉണ്ടായിരുന്ന ഫൈബ്രോയ്ഡ് വളർന്നതാണെന്ന് മനസ്സിലായി. ബ്ലീഡിംഗ് കൂടുതലായി വന്നിരുന്നെങ്കിലും മറ്റൊരു അസ്വാസ്ഥ്യവും എനിക്കില്ലായിരുന്നു. എങ്കിലും ഇത്രയും വലുപ്പമുള്ള മുഴ ഉള്ളിൽ കൊണ്ടുനടക്കുന്നത് അഭംഗിയായി തോന്നിയതുകൊണ്ട് അത് തന്നെ ആദ്യം നീക്കം ചെയ്യണമെന്ന് തീരുമാനിച്ചു. തിരുവനന്തപുരത്തെത്തിയപ്പോഴേക്കും, തൈറോയ്ഡ് മുഴ ചെറുതാണെങ്കിലും കൂടുതൽ റിസ്‌കുള്ളതായതു കൊണ്ട് ആദ്യം അതിൽ തീരുമാനമെടുത്താലോ എന്ന ആലോചനയുണ്ടായി.

സർജറിക്ക് മുമ്പുള്ള സൈറ്റോളജി പരിശോധനയിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്നതിൽ എന്റെ അച്ഛനും കനിയും ഉത്കണ്ഠപ്പെടുകയും ഇല്ലെന്നുകണ്ട് അവർ സമാധാനിക്കുകയും ചെയ്തു. സർജ്ജറിക്കുള്ള ഒരുക്കങ്ങളും ചെക്കപ്പുകളും ഞാൻ നന്നായി ആസ്വദിച്ചു.

എൻഡോക്രൈനോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരം അനന്തപുരി ഹോസ്പിറ്റലിലെ ഡോ. സാമന്തഭദ്രനെ കണ്ടു. അടുത്തുതന്നെ സർജ്ജറി ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. സർജ്ജറിക്കുമുമ്പ് വിശദ പരിശോധനകൾ നടത്താനായി ഞാനെന്റെ അടുത്ത കൂട്ടുകാരിയായ സുധയോടൊപ്പമാണ് പോയത്. ഞങ്ങൾ രണ്ടുപേരും കൂടി ഐസ്‌ക്രീമൊക്കെ കഴിച്ച് ആ ദിവസം ആഘോഷമാക്കി. ഇടക്കെപ്പോഴോ ഞാൻ ഫൈബ്രോയ്ഡിന്റെ കാര്യം സർജ്ജനോട് പറഞ്ഞു. അവിടെ തന്നെ ഗൈനക്കോളജി കൺസൾട്ടേഷൻ നടത്തിയ ശേഷം അവർ നിർദ്ദേശിക്കുകയാണെങ്കിൽ രണ്ട് സർജറിയും ഒരുമിച്ച് നടത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുധയുടെ മാമി കൂടിയായ ഡോ. ശാരദാദേവി പരിശോധനക്കുശേഷം പുഞ്ചിരിയോടെ സമ്മതിച്ചു. അടുത്ത കടമ്പ അനസ്‌തേഷ്യയുടേതാണ്. അനസ്തേഷ്യോളജിസ്റ്റിന്റെ സമ്മതം വേണമെന്ന് രണ്ടുപേരും പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ദീർഘകാല സേവനപാരമ്പര്യമുള്ള ഡോ. മഹാദേവനായിരുന്നു ഇവിടെയും അനസ്‌തേഷ്യയുടെ ചുമതല. ശാരദാദേവിയും മഹാദേവനും സാമന്തഭദ്രനും മെഡിക്കൽ കോളേജിൽ എന്റെ അദ്ധ്യാപകരായിരുന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കീ സർജ്ജറി ഒരു വീട്ടുകാര്യം പോലെയാണ് തോന്നിയത്. ഓപ്പറേഷനുമുമ്പുള്ള ദിവസം മൈത്രേയനും രാജശ്രീയും, കനിയും കനിയുടെ കൂട്ടുകാരും എല്ലാം എത്തിചേർന്നു. സർജറിക്ക് മുമ്പുള്ള സൈറ്റോളജി പരിശോധനയിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്നതിൽ എന്റെ അച്ഛനും കനിയും ഉത്കണ്ഠപ്പെടുകയും ഇല്ലെന്നുകണ്ട് അവർ സമാധാനിക്കുകയും ചെയ്തു. സർജ്ജറിക്കുള്ള ഒരുക്കങ്ങളും ചെക്കപ്പുകളും ഞാൻ നന്നായി ആസ്വദിച്ചു. തൈറോയ്ഡ്, അതിനോടൊപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥികൾ എന്നിവയൊക്കെ എടുത്തുമാറ്റുന്ന, അത്യാവശ്യം സങ്കീർണമായ ഒരു മേജർ ഓപ്പറേഷനാണ് ടോട്ടൽ തൈറോയ്ഡിക്ടമി (Total Thyroidectomy) എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. മൂന്നാം വർഷം എം.ബി.ബി. എസ് മുതൽ കാണുന്ന ഇത് സർജറിയുടെ ആദ്യപാഠങ്ങളിലൊന്നാണ്. മൂന്നു മണിക്കൂറൊക്കെ എടുത്താണ് ഇത് നിർവ്വഹിക്കാറുള്ളത്. ഏതാനും വർഷങ്ങൾക്കകം ഈ ശസ്ത്രക്രിയ എന്റെ ക്ലാസ്‌മേറ്റായ ഡോ. തോമസ് വർഗ്ഗീസ് ലഘൂകരിച്ച് പുതിയൊരു രീതി വികസിപ്പിച്ചെടുത്തു. തോമസിന്റെ പേരിൽ അറിയപ്പെടുന്ന ഈ ശസ്ത്രക്രിയ ഞാൻ എന്റെ സുഹൃത്തുക്കൾക്ക് നിർദ്ദേശിക്കാറുണ്ട്. ഗർഭാശയം എടുത്ത് മാറ്റുന്നതോടൊപ്പം ഓവറി കൂടി മാറ്റുന്നതാണ് നല്ലതെന്ന് ഡോ. ശാരദ പറഞ്ഞു. ഒരുമിച്ച് ചെയ്യുന്നതിനാൽ സാധാരണ ചെയ്യുന്ന വജൈനൽ ഹിസ്ട്രക്ടമിക്ക് (Vaginal Hysterectomy) പകരം അടിവയറ്റിൽ മുറിവുണ്ടാക്കി അബ്ഡോമിനൽ ഹിസ്ട്രക്ടമി ആയിരിക്കും ചെയ്യുന്നതെന്നും ഞാൻ മനസ്സിലാക്കി. ഗർഭാശയത്തിലെ മുഴകളിൽ ചിലത് വളരെ വലുതുമായിരുന്നു.

എ.കെ. ജയശ്രീ, കനി കുസൃതി
എ.കെ. ജയശ്രീ, കനി കുസൃതി

തൈറോയ്ഡ് സർജ്ജറിക്കുശേഷമായിരിക്കും ഇത് ചെയ്യുന്നത്. അഞ്ചാറു മണിക്കൂർ അനസ്‌തേഷ്യയിൽ ആയിരിക്കും.
മെഡിക്കൽ സയൻസിൽ ഞാൻ ഏറ്റവും ആദരവോടെ കാണുന്ന വിഭാഗമാണ് അനസ്‌തേഷ്യ. മലയാളത്തിൽ പകുതി തമാശയായി മയക്കം എന്നും സ്‌പെഷ്യലിസ്റ്റുകളെ മയക്കുഡോക്ടർ എന്നും പറയും. ഈ മയക്കം ഇന്നെത്തിച്ചേർന്ന അവസ്ഥ കൊണ്ടാണ് ഞാനടക്കമുള്ള പലരും ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ എല്ലാ സംസ്‌കാരങ്ങളിലും അതിപുരാതനകാലം മുതൽ ശസ്ത്രക്രിയ ചെയ്തിരുന്നതായി രേഖകളുണ്ട്. ക്രിസ്തുവിനു മുമ്പുതന്നെ ഇന്ത്യയിൽ സുശ്രുതൻ സർജ്ജറി ചെയ്തിരുന്നതായി സംഹിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന, ഈജിപ്ത്, മെസൊപ്പൊട്ടേമിയ സംസ്‌കാരങ്ങളിലൊക്കെ ഇതിനുള്ള ശ്രമങ്ങളുണ്ടായതായി പറയപ്പെടുന്നു. എന്നാൽ, വളരെ ചെറിയ തോതിൽ മാത്രമാണ് ഇത് ചെയ്യാൻ സാധിച്ചിരുന്നതെന്നത് ഊഹിക്കാം. രോഗാണുക്കളെ കുറിച്ച് ധാരണയില്ലാത്ത കാലത്ത് ശരീരം തുറക്കുമ്പോൾ, പഴുപ്പുകൊണ്ട് തന്നെ ആളുകൾ കൂടുതലും മരിച്ചുപോവുകയേ ഉള്ളൂ. അതിനേക്കാൾ ഭീകരമായിരിക്കും ആ സമയത്ത് സഹിക്കേണ്ടി വരുന്ന വേദന. അതിൽ ഭേദം മരിക്കുകയാണ് എന്നുമാത്രമേ ആളുകൾക്ക് ചിന്തിക്കാനാവൂ. കയ്യും കാലുമൊക്കെ പിടിച്ചു കെട്ടിയിട്ട് നടത്തുന്ന സർജ്ജറിയെ കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാൻ പോലുമാവില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ രോഗാണുസിദ്ധാന്തം കൊണ്ടുവന്നതോടെ മുറിവ് പഴുക്കാതിരിക്കാതിരിക്കാനുള്ള അണുനാശിനി ഉപയോഗിക്കാൻ കഴിഞ്ഞത് സർജറിയുടെ വളർച്ചയെ കാര്യമായി സഹായിച്ചു. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കുതിച്ചു ചാട്ടമായിരുന്നു വേദന ഒഴിവാക്കുന്ന മയക്കത്തിന്റേത്. ഫാർമക്കോളജിയിലും ഫിസിയോളജിയിലുമുണ്ടായ പുതിയ വികാസങ്ങളാണ് ഇതിനു സഹായിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ശ്വാസനാളിയിലേക്ക് ട്യൂബ് കടത്തി ശ്വാസം നൽകാനും കൃത്യമായ അളവിൽ മയക്കു മരുന്ന് നൽകാനും കഴിഞ്ഞപ്പോഴാണ് അനസ്‌തേഷ്യ വേറിട്ട ശാസ്ത്രശാഖയായി വളർന്നത്. ആദ്യകാലങ്ങളിൽ മദ്യവും, കറപ്പിന്റെയും (poppy) കഞ്ചാവിന്റേയും വിവിധ രൂപങ്ങളുമൊക്കെ ഇതിനായി ഉപയോഗിച്ചിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കറപ്പ് ചെടിയുടെ ആനന്ദദായക ഗുണങ്ങൾ ബാബിലോണിയക്കാരും പേർഷ്യക്കാരുമൊക്കെ കണ്ടെത്തിയിരുന്നു. ഉറക്കത്തിന്റെ ദേവതയായ ഹിപ്‌നോസും മരണത്തിന്റെ ദേവതയായ തനറ്റോസും പോപ്പിചെടികൾ കയ്യിലേന്തുന്നതായി ഗ്രീക്ക് മിത്തിൽ പറയുന്നു. വീഞ്ഞും കഞ്ചാവും കലർത്തിയാണ് ഇന്ത്യയിൽ ഓപ്പറേഷന് രോഗികളെ മയക്കിക്കിടത്തിയതായി ‘സുശ്രുത സംഹിത'യിൽ പറയുന്നത്. എട്ടാം നൂറ്റാണ്ടിൽ മാത്രമാണ് കറപ്പ് ചെടി ഇന്ത്യയിലെത്തുന്നത്.

രോഗികളെ ബോധം കെടുത്തി, ആഴത്തിലും സങ്കീർണവുമായ ശസ്ത്രക്രിയകൾ നടത്താൻ മദ്യം, കഞ്ചാവ്, കറപ്പ് എന്നിവ മറ്റു മരുന്നുകളോടൊപ്പം ചേർത്തിരുന്നു എന്നുകാണാം.

ചൈനയിൽ ബി.സി. മൂന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയിൽ ചില മരുന്നുകളുടെ മിശ്രിതം ഉപയോഗിച്ച് രോഗികളെ ബോധം കെടുത്തി, ആഴത്തിലും സങ്കീർണവുമായ ശസ്ത്രക്രിയകൾ നടത്തിയതായി കാണുന്നുണ്ട്. ഇവയിലെല്ലാം മദ്യം, കഞ്ചാവ്, കറപ്പ് എന്നിവ മറ്റു മരുന്നുകളോടൊപ്പം ചേർത്തിരുന്നു എന്നുകാണാം. പതിനെട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഡൈ ഈതൈൽ ഈതർ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ മയക്കുഗുണങ്ങൾ കണ്ടെത്തി. സ്‌കോപ്പോലമിൻ (Scopolamine), അട്രോപ്പിൻ (Atropine) തുടങ്ങിയ മരുന്നുകളുടെ സഹായത്തോടെ ജപ്പാനിലും ചൈനയിലും പത്തൊമ്പതാം നൂറ്റാണ്ടാവുമ്പോഴേക്കും ജനറൽ അനസ്‌തേഷ്യ, ബ്രെസ്റ്റ് കാൻസർ സർജ്ജറിക്കും മറ്റും ഉപയോഗിച്ച് തുടങ്ങി. ഇംഗ്ലണ്ടിലും അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഇതേ പോലെ തന്നെ നൈട്രസ് ഓക്‌സൈഡും മോർഫിനും ക്‌ളോറോഫോമും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയകൾ ഈ കാലഘട്ടത്തിൽ തന്നെ നടന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ഞരമ്പുകളിൽ കൂടി നൽകാവുന്ന മയക്ക് ഇഞ്ചക്ഷനുകൾ, ബ്രോങ്കോസ്‌കോപ്പുകൾ, ലാരിങ്കോസ്‌കോപ്പുകൾ എന്നിവയെല്ലാം ചേർന്ന് ഇത് വൈദഗ്ദ്ധ്യമേറിയ മേഖലയാക്കി മാറ്റി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡിജിറ്റൽ വിപ്ലവം കൂടുതൽ ദൃശ്യത നൽകുന്ന തരം ലാരിങ്കോസ്‌കോപ്പുകളൊക്കെയായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ബോധം, വേദന, ഓർമ, പ്രതികരണം, പേശീബലം എന്നിവയെല്ലാം ഒരേസമയം മയങ്ങി പോകുന്ന അവസ്ഥയിലേക്കാണ് നമ്മൾ അനസ്‌തേഷ്യയിലൂടെ എത്തിച്ചേരുന്നത്. പോപ്പിച്ചെടികൾ ഒരുക്കി വച്ച അദ്ഭുതസിദ്ധികളിൽ നിന്ന് പ്രചോദനം കൊണ്ട് വളരെ പരിഷ്‌കൃതമായ മയക്കസംവിധാനങ്ങൾ വളർത്തിയെടുത്തു എങ്കിലും ശരീരകലകളിൽ അത് പ്രവർത്തിക്കുന്ന രീതിയുടെ സൂക്ഷ്മാംശങ്ങൾ ഇനിയും അറിയേണ്ടതായുണ്ട്. മസ്തിഷ്‌കത്തിന്റെ വിവിധ മേഖലകളിലേക്കും വലക്കണ്ണികളിലേക്കും തന്മാത്രകളിലേക്കും കടന്നുചെന്ന് പ്രഭാവമുണ്ടാക്കാൻ കെൽപ്പുള്ളവയാണ് ഈ മരുന്നുകൾ. മയക്കുന്ന ആളിന്റെ ശാരീരിക സവിശേഷതകളും ശീലങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുമെല്ലാം മയക്കു ഡോക്ടർ നേരത്തെ മനസ്സിലാക്കേണ്ടതുണ്ട്. മദ്യം കൂടുതൽ ഉപയോഗിക്കുന്നവരിലൊക്കെ ആവശ്യമായ മരുന്നിന്റെ അളവിൽ വ്യത്യാസം വന്നേക്കാം. നിമിഷങ്ങൾക്കകം മയക്കത്തിലേക്ക് വീഴുന്ന മരുന്നുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ശ്വാസചലനങ്ങൾ, ഹൃദയമിടിപ്പ്, മിഴിയനക്കം, രക്തസമ്മർദ്ദം, പ്രാണവായുവിന്റെ നില തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഡോക്ടർ നിരീക്ഷിച്ചു കൊണ്ടിരിക്കണം. ഏതു പ്രശ്‌നമുണ്ടായാലും മറുമരുന്ന് നൽകാനാവശ്യമായ മരുന്നുകൾ തയാറാക്കി അടുത്ത് വക്കണം. മയങ്ങുന്ന ആളിന്റെ അടുത്ത് പൂർണമായ ഉണർവ്വോടെ ഡോക്ടർ ഉണ്ടാവണം.

ഇപ്പോൾ നിലനിർത്തുന്ന ജീവന് മയക്കം, ശസ്ത്രക്രിയ, മരുന്നുകൾ എന്നിങ്ങനെ സയൻസിനോടും മനുഷ്യന്റെ ആർജ്ജിതവിജ്ഞാനത്തോടും കടപ്പെട്ടിരിക്കുന്നു.

മയക്കത്തിലാഴുന്ന സമയം നമ്മൾ പ്രാണന്റെ ഭാരം, മനുഷ്യന്റെ സഞ്ചിതമായ അറിവിൽ നിന്ന് ഉടൽപൂണ്ട അനസ്‌തേഷ്യ മെഷീനും അതിന്റെ അമരത്തിരിക്കുന്ന മയക്കു ഡോക്ടർക്കും സമർപ്പിക്കുന്നു. ഞാനും അഞ്ചാറു മണിക്കൂർ പ്രാണൻ മഹാദേവന്റെ കൈകളിൽ ഏൽപ്പിച്ചു. തിരികെ വന്നപ്പോൾ ആദ്യം കണ്ടത് മൈത്രേയനെയാണ്. തിരികെ കിട്ടിയ ജീവന്റെ നിറവിൽ മുറിവിന്റെ വേദന നിസ്സാരമാകുന്നു. ഇപ്പോൾ നിലനിർത്തുന്ന ജീവന് മയക്കം, ശസ്ത്രക്രിയ, മരുന്നുകൾ എന്നിങ്ങനെ സയൻസിനോടും മനുഷ്യന്റെ ആർജ്ജിതവിജ്ഞാനത്തോടും കടപ്പെട്ടിരിക്കുന്നു.

മൈത്രേയൻ എല്ലാവരേയും അറിയിച്ചതിനാലാവണം ഒരു പാട് സുഹൃത്തുക്കൾ സർജ്ജറിക്കുശേഷമുള്ള എന്റെ വിശ്രമസമയത്ത് കാണാനെത്തി. അതൊരു ഉല്ലാസ കാലമായി. എന്നാൽ, ഓവറിയുടേയും ഹോർമോണുകളുടേയും നഷ്ടം ശരീരത്തിൽ ദീർഘകാലം ആഘാതങ്ങളേൽപ്പിച്ചുകൊണ്ടിരുന്നു. ശരീരത്തിന്റെ ശീതളിമ നഷ്ടപ്പെട്ടു. ഫാനിന്റെ സ്പീഡ് എത്ര കൂട്ടിയിട്ടാലും ചിലപ്പോൾ ചൂടുതോന്നും. ശരീരം മൊത്തം കൂടിയങ്ങ് ഛർദ്ദിച്ചു കളയാൻ പലപ്പോഴും തോന്നി. കൗമാരകാലം മുതൽ അനുഭവിച്ച കുളിരു കോരുന്ന പ്രകൃതിയുടെ ജാലവിദ്യകൾ കേവലം ഹോർമോൺ രാസകണികകളുടെ സമ്മാനം മാത്രമായിരുന്നോ? ഞാൻ, എന്റേത് എന്ന് വിചാരിച്ചതൊക്കെ പൊളിയായിരുന്നോ? ചില റിസ്‌കുകളുള്ളതിനാൽ, റീപ്‌ളേസ്‌മെൻറ്​ തെറാപ്പിയിലൂടെ ഹോർമോണുകളെ വീണ്ടും വിളിച്ചുകൊണ്ടുവരേണ്ട എന്നുതോന്നി. പതിയെ, പതിയെ ശരീരം തനിയെ കണ്ടെത്തിയ പുതിയ സംവിധാനങ്ങളിലൂടെ ശീതളിമ തിരികെ വരുന്നുണ്ട്. പുതിയ ഉന്മേഷങ്ങളുണ്ടെങ്കിലും നഷ്ടം, നഷ്ടം തന്നെയാണ്. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments