ഡോ. എ.കെ. ജയശ്രീ / Photo: Neethu S, Fb

സ്ത്രീകളും സ്ത്രീകളും പിന്നെ, സ്ത്രീകളും

എഴുകോൺ- 41

പുരുഷന്മാരുണ്ടാക്കിയ ഒരു ലോകത്തിൽ അപരരായി പല തരം വേഷങ്ങൾ ചമച്ച് അതിജീവനം നടത്തുന്ന സ്​ത്രീകളുടെ അനുഭവങ്ങൾ

ൽഹി വാസക്കാലത്ത് കുറച്ച് ദിവസം കോലാപ്പൂരിൽ ചെലവഴിച്ചു.
ക്ഷേത്രങ്ങളും, കൈത്തറി, തോൽച്ചെരുപ്പ് തുടങ്ങിയ വ്യാപാരങ്ങളുമുള്ള പുരാതന നഗരമാണ് കോലാപ്പൂർ. പൂനെ വിമാനത്താവളത്തിൽ നിന്ന്​ നാഷണൽ ഹൈവേ വഴി ആദ്യം കോലാപ്പൂരിലേക്ക് പോകുമ്പോൾ ഷബാന കാസിയെ പോലെ ധീരതയും പ്രസന്നതയുമുള്ള സ്ത്രീകളുടെ ചിത്രം മനസിൽ തെളിഞ്ഞു വന്നു.

ലൈംഗികത്തൊഴിലാളികളുടെ ഇടയിൽ എയ്ഡ്സ് നിവാരണത്തിനും അവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്ന മീന സരസ്വതി ശേഷുവിന്റെ ക്ഷണം അനുസരിച്ചാണ് ഞാൻ കോലാപ്പൂരിലേക്ക് പോയത്. അവർക്കുവേണ്ടി ചെറിയ ജോലികൾ ചെയ്തു കൊടുക്കാൻ ഞാൻ ആലോചിച്ചിരുന്നു. ഒരു പഠനത്തിനായി വിവരങ്ങൾ ശേഖരിക്കുക, ഡൽഹിയിൽ ചില മീറ്റിങ്ങുകൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുക എന്നതൊക്കെയായിരുന്ന അവ. കോലാപ്പൂരിൽ അവർക്ക് സംഗ്രാം (SANGRAM) എന്ന പേരിൽ ഒരു സംഘടനയും അതിന്റെ ഓഫീസും ഒക്കെ ഉണ്ടായിരുന്നു. വേശ്യാ അന്യായ മുക്തി പരിഷത് (VAMP) എന്ന ലൈംഗികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഘടന അതോട് ചേർന്നു രൂപപ്പെട്ടതാണ്. സാംഗ്ലിയിലാണ് അവർ പ്രവർത്തനങ്ങൾ തുടങ്ങിയതെങ്കിലും ഇപ്പോൾ കർണാടകത്തിന്റെ വടക്കൻ ഭാഗങ്ങളടക്കം പല ജില്ലകളിലും അത് വ്യാപിപ്പിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം സ്ത്രീകൾ അതിൽ അംഗങ്ങളാണ്.

ആന്ധ്രയിലെ പോലെ ഇവിടെയും വൈവിദ്ധ്യമാർന്ന സാഹചര്യങ്ങളാണ് സ്ത്രീകൾക്കുള്ളത്. അവർ ലൈംഗികത്തൊഴിലാളികൾ എന്നതിനേക്കാൾ വേശ്യാവൃത്തി അഥവാ ബിസിനസ് ചെയ്യുന്നവർ എന്ന തരത്തിലാണ് സ്വയം അറിയപ്പെടാൻ ആഗ്രഹിച്ചത്. ചെറിയ കുടിലുകൾ മുതൽ ടെക്​സ്​റ്റയിൽസ്​ ബിസിനസ്​ സെന്ററുകളിലെ വലിയ കെട്ടിടങ്ങൾ വരെ വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നു. ട്രക്കുകൾ തമ്പടിക്കുന്നിടത്തും ധാബകൾക്കടുത്തും, ചന്തകളിലും, ലോഡ്ജുകളിലും ഗ്രാമങ്ങളിൽ നിന്ന്​ സ്ത്രീകൾ എത്തി ബിസിനസ്​ നടത്തിയിരുന്നു. പരമ്പരാഗതമായ ദേവദാസി വിഭാഗത്തിലുള്ള ധാരാളം സ്ത്രീകൾ ഇവരിലുണ്ട്. അവർ യെല്ലമ്മ എന്ന ദേവിയെ വരിച്ചവരാണ്.

മീന സരസ്വതി ശേഷു / Photo: American Jewish World Service

ഷബാന പന്ത്രണ്ടാമത്തെ വയസ്സിൽ വേശ്യാവൃത്തിയിൽ വന്നതായി പറയുന്നു. ഇപ്പോൾ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാനും അവരെ ഒന്നിപ്പിക്കാനും മുന്നിലുണ്ട്. ഒരു സ്ത്രീക്ക് പ്രസവവേദനയുണ്ടാവുകയും അവരെ ആശുപത്രിയിൽ എത്തിക്കാൻ സമയം കിട്ടാതെ വരുകയും ചെയ്തപ്പോൾ പരിശീലനം ഒന്നും കിട്ടിയില്ലെങ്കിലും കുഞ്ഞിനെ പുറത്തെടുക്കാൻ സഹായിച്ച കഥയും ഷബാന പറഞ്ഞിട്ടുണ്ട്. HIV ബാധിച്ച, കൂടെയുള്ളവരുടെ മരണം നേരിട്ട് കാണുകയും അസുഖം ബാധിച്ചാൽ അത് ജോലിയെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചു അറിയുകയും ചെയ്യുന്നത് കൊണ്ട്, അത് തടയുന്നതിനായി VAMP പ്രവർത്തകർ നന്നായി പണിയെടുത്തിരുന്നു. ബിസിനസിലെ മത്സരമെല്ലാം മറന്ന് അവർ പരസ്പരം സഹായിക്കാനും സന്നദ്ധരായി.

ഒരു വശത്ത് സമൂഹത്തിന്റെ വിവേചനത്തിനും ചൂഷണത്തിനും വിധേയരാകുമ്പോൾ തന്നെ, എച്ച്​.ഐ.വി ബാധിതരായ സ്​ത്രീകൾ ഐക്യദാർഢ്യത്തിലൂടെ കരുത്താർജ്ജിക്കുകയുമാണ്. എപ്പോഴും നിസ്സഹായരായ ഇരകൾ മാത്രമല്ല, പൊരുതി ജീവിക്കുന്നവർ കൂടിയാണ് ഈ സ്ത്രീകൾ

പൊതുസമൂഹത്തിലുള്ളവർ HIV ബാധിതരായ കുടുംബാംഗങ്ങളെ തിരസ്‌കരിക്കുമ്പോൾ, ഇവർ പരസ്പരം പിന്തുണക്കുന്നു എന്നത് ശ്രദ്ധാർഹമാണ്. സ്ത്രീകളുടേതായ ഒരു സമുദായം അദ്ധ്വാനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആശയപരമായി കരുത്താർജ്ജിക്കുന്നതാണ് ‘വാമ്പി’ലൂടെ കാണാൻ കഴിയുന്നത്. സ്ത്രീകൾ മരിക്കുമ്പോൾ അവരുടെ ശവദാഹത്തിന് പുരുഷന്മാർ സഹായിക്കാത്ത അവസ്ഥയും അവർ നേരിടുന്നുണ്ട്. മതങ്ങൾ സ്ത്രീകൾക്ക് അനുവദിച്ചു കൊടുക്കാത്ത ഈ ചടങ്ങുകൾ, അതിലെ കായികാദ്ധ്വാനം അടക്കംഈ സ്ത്രീകൾക്ക് നിർവ്വഹിക്കേണ്ടി വരുകയും അവർ അങ്ങനെ ഒരു സാംസ്‌കാരികമാറ്റത്തിന് നിമിത്തമായി തീരുകയും ചെയ്യുന്നു. ഒരു വശത്ത് സമൂഹത്തിന്റെ വിവേചനത്തിനും ചൂഷണത്തിനും വിധേയരാകുമ്പോൾ തന്നെ അവർ ഐക്യദാർഢ്യത്തിലൂടെ കരുത്താർജ്ജിക്കുകയുമാണ്. എപ്പോഴും നിസ്സഹായരായ ഇരകൾ മാത്രമല്ല, പൊരുതി ജീവിക്കുന്നവർ കൂടിയാണ് ഈ സ്ത്രീകൾ. സംഘടന കൂടുതൽ കരുത്തും മൂല്യങ്ങളും അവർക്ക് നൽകുകയും ചെയ്യുന്നു.

സ്ത്രീകൾ ദേവതകളോ പിശാചുക്കളോ എന്ന ചോദ്യം പുരുഷലോകത്തിൽ പുരാതനകാലം മുതൽ നിലനിന്നുപോരുന്നു. ഇതിൽ ഏതെങ്കിലും ഒന്നിൽ അവരെ തളക്കുകയും വേണം. പുരുഷന്മാരുണ്ടാക്കിയ ഒരു ലോകത്തിൽ സ്ത്രീകൾ അവരുടെ അപരരായി പല തരം വേഷങ്ങൾ ചമച്ച് അതിജീവനം നടത്തുകയാണ്. അത് മതങ്ങളുണ്ടാക്കിയ കെട്ടുകഥകളിലെ പോലെ സ്ത്രീയുടെ സഹജമായ ചാപല്യം കൊണ്ടല്ല. ജീവശാസ്ത്രപരമായ സവിശേഷതകൾ ഒരു ദൗർബ്ബല്യവുമല്ല. കാലം കടന്നു പോകുന്നതിനിടയിൽ സ്ത്രീകളുടെ മേൽ പതിച്ച ഒരനിവാര്യതയായി അത്കാണാവുന്നതാണ്. മനുഷ്യരാശിയുടെ നില നിൽപ്പിനായി സ്ത്രീകൾ അവരുടെ ശരീരവും ആത്മാവും വിട്ടു നൽകുകയായിരുന്നോ? ആണെങ്കിൽ തീർച്ചയായും അത് എന്നെന്നേക്കുമായല്ല. അവരവരുടെ വ്യത്യസ്തനിലകളിൽ നിന്ന് കൊണ്ട് സ്വന്തം അസ്തിത്വം തിരയുക കൂടി ചെയ്തു കൊണ്ടാണവർ ജീവിക്കുന്നത്. സ്ത്രീകൾ മനുഷ്യരാണെങ്കിൽ മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും ഏറിയും കുറഞ്ഞും സ്ത്രീകളിലും ഉണ്ടാവും.

HIV ബാധിതരെക്കുറിച്ച് സമൂഹത്തിൽ പ്രചരിക്കുന്ന തെറ്റായ മുൻവിധികളെ ചെറുക്കാൻ SANGRAM നടത്തിയ ക്യാമ്പയ്ൻ. / Photo: SANGRAM

സ്ത്രീകളിലെല്ലാം ഒരേ ഭാവത്തിൽ എല്ലാ സ്ഥലത്തും എല്ലാ കാലത്തും കണ്ടെത്തിയിട്ടുള്ള ഗുണം മാതൃത്വത്തിന്റേതാണ്. എപ്പോഴും എല്ലാവർക്കും, തങ്ങൾക്കുള്ളതെല്ലാം നൽകി കൊണ്ടിരിക്കുന്ന ഈ വിശിഷ്ടഗുണത്തെ പ്രകൃതിയുമായി താരതമ്യം ചെയ്യുന്നതും കാണാം. മറ്റുള്ളവർക്ക് കവർന്നെടുക്കാനുള്ളതെല്ലാം അതിൽ അടങ്ങിയിട്ടുണ്ടത്രേ. അതിൽ ചില അമ്മമാരും സന്തുഷ്ടി കണ്ടെത്തുന്നു. വീട്ടിലെ പുരുഷന്മാരുടെയോ മറ്റുള്ളവരുടെയോ കൊള്ളരുതായ്മകളൊന്നും അവരെ ബാധിക്കുകയില്ല. ഇതു പോലെയുള്ള ഒട്ടനവധി സാധ്വികളായ സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും.
കഴിഞ്ഞ ആഴ്ച വരെ എനിക്ക് ഭക്ഷണം എടുത്തു തന്ന എൺപത്തൊമ്പതു വയസ്സായ എന്റെ അമ്മ ഇപ്പോൾ കട്ടിലിൽ വീണു കിടക്കുന്നു. അമ്മക്ക് ഇപ്പോൾ മറ്റുള്ളവർ ഭക്ഷണം വായിൽ വച്ചു കൊടുക്കണം.എന്നെയും എന്റെ അനുജത്തിയേയും മകളേയും കുളിപ്പിക്കുകയും ദീർഘകാലം ഊട്ടി വളർത്തുകയും ചെയ്തത് അമ്മയാണ്. അധ്യാപികയായിരുന്നു എങ്കിലും സ്‌കൂളിൽ നിന്ന് തിരിച്ചു വന്നാൽ പിന്നെ അടുക്കളയും ഭക്ഷണവും ഞങ്ങളുടെ പഠിപ്പുമായിരുന്നു അമ്മയുടെ ലോകം. അച്ചടക്കത്തിന്റെ ഒരു പ്രതിരൂപമായിരുന്നു അമ്മ എന്ന് പറയാം.

സ്ത്രീയിൽ ജനിക്കുന്നത് ആരുടെ കുഞ്ഞാണെന്ന ഉത്കണ്ഠ പുരുഷനെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കും. അതിന് സ്ത്രീയെ വരുതിയിലാക്കി സ്വന്തമാക്കി വച്ചു കൊണ്ടിരിക്കുകയേ മാർഗ്ഗമുള്ളൂ.

കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുകയും അത് സ്വന്തം ആളുകളെ കൊണ്ട് കഴിപ്പിക്കുയും ചെയ്തിരുന്ന ആളായിരുന്നു അമ്മ. അമ്മയുടെ രണ്ടാമത്തെ തലമുറയിൽ ഇപ്പോഴുള്ള ഒരേ ഒരാൾ കനിയാണ്. അവൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ ജനിച്ചിട്ടില്ലെന്നതിനാൽ പാരമ്പര്യം എങ്ങനെ നിലനിർത്താനാവും എന്ന കാര്യത്തിൽ അമ്മ ഇടക്കിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം തന്നെ വീട്ടിലുള്ള ഞങ്ങൾക്കാർക്കും തന്നെ അത്തരം ഉത്കണ്ഠ ഇല്ലാത്തതിനാൽ അമ്മക്ക് അതിന്റെ ആവശ്യകതയെ പറ്റിയുള്ള ബോദ്ധ്യം കുറയുകയും ചെയ്യാറുണ്ട്. ഓർമകൾ മങ്ങി കൊണ്ടിരിക്കുന്ന ഈ വേളയിലും ഇടക്കിടെ ഈ ചിന്ത ഉണ്ടാകുന്നുണ്ടെന്ന് തോന്നുന്നു. കനിക്കുശേഷം ആരാണുണ്ടാവുക എന്നൊരു ചോദ്യം ഇടക്കെപ്പോഴോ പൊന്തി വന്നു.

കനി കുസൃതി ജയശ്രീയുടെ അമ്മയ്ക്കൊപ്പം

തലമുറകളിലൂടെ മനുഷ്യരാശിയെ നില നിർത്തുക എന്നത് അബോധത്തിലും ബോധത്തിലും എല്ലാവരിലും ഉണ്ടാകും. എന്നാൽ, അത് സ്വന്തം ശരീരത്തിലൂടെ തന്നെ സംഭവിക്കണമെന്ന് സ്ത്രീകളും സ്വന്തം ബീജം തന്നെ വിതച്ചു കൊയ്യണമെന്ന് പുരുഷന്മാരും ആഗ്രഹിക്കുന്നത് സമൂഹം കൽപ്പിച്ചു കൂട്ടിയെടുത്ത ആശയത്തിൻ മേലാണ്. ബീജത്തിൽ നിന്നും സ്വന്തമായി കുഞ്ഞിനെ രൂപപ്പെടുത്തിയെടുക്കാൻ പുരുഷന് സ്ത്രീയുടെ സഹായം ഉണ്ടെങ്കിലേ കഴിയൂ. സ്വന്തം കുഞ്ഞിനെ ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷന് മറ്റു പുരുഷന്മാരുമായി മത്സരിച്ചു മാത്രമേ ഇത് സാദ്ധ്യമാകൂ. സ്ത്രീയിൽ ജനിക്കുന്നത് ആരുടെ കുഞ്ഞാണെന്ന ഉത്കണ്ഠ പുരുഷനെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കും. അതിന് സ്ത്രീയെ വരുതിയിലാക്കി സ്വന്തമാക്കി വച്ചു കൊണ്ടിരിക്കുകയേ മാർഗ്ഗമുള്ളൂ. സ്ത്രീയേയും കുഞ്ഞുങ്ങളെയും പോറ്റാനുള്ള വിഭവങ്ങൾ പണിയെടുത്തോ മറ്റുള്ളവരെ ആക്രമിച്ച് കീഴ്പ്പെടുത്തിയോ ചൂഷണം ചെയ്‌തോ ഉണ്ടാക്കാനുള്ള ബാദ്ധ്യത പുരുഷന് വന്നു ചേരുന്നു. ഇവ ഉപയോഗിച്ച് സ്ത്രീയുടെ മേൽ ആധിപത്യം നേടുന്നു. മറുവശത്ത് സ്ത്രീകൾ ഒരു പുരുഷനെ സ്വന്തമാക്കി വക്കുക വഴി കുഞ്ഞുങ്ങളുടെയും തന്റേയും നില നിൽപ്പ് ഭദ്രമാക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരം ഉപയോഗം കണ്ടെത്തുന്നുണ്ടെങ്കിലും, എത്രത്തോളം പരസ്പരം വിശ്വസ്തമായിരിക്കാമെന്ന ഭീതി ഇരു കൂട്ടരേയും അലട്ടി കൊണ്ടിരിക്കുകയും ചെയ്യും.

വിവാഹം പോലെയുള്ള വ്യവസ്ഥകൾ കൊണ്ടാണ് ഈ ഭീതി മറി കടക്കാൻ ശ്രമിച്ചിട്ടുള്ളത്. ശരീരത്തിന്റെ കാമനകൾ ഈ സാമൂഹ്യാവശ്യങ്ങൾക്കും അപ്പുറത്തുള്ളതാണ്. അതിനാൽ എന്തെല്ലാം വ്യവസ്ഥകളുണ്ടായാലും, മനുഷ്യർ തമ്മിൽ വിവാഹത്തിനു പുറത്തും ഗാഢബന്ധങ്ങളുണ്ടാകാം. മനുഷ്യരെ സംബന്ധിച്ച് വൈകാരികവും ധാർമികവും സർഗ്ഗാത്മകവുമായ മണ്ഡലങ്ങൾ കൂടി വികസിച്ചിട്ടുണ്ട്. അതിനാൽ, മനുഷ്യരുടെ ചോദനകൾ പ്രജനനത്തിലും അതിന്റെ തൊട്ടടുത്ത പരിസരത്തിലും മാത്രമൊതുങ്ങുന്നില്ല. പ്രജനനം ഭാവിയിലേക്കുള്ള സ്വയം എടുത്തെറിയലും, നശ്വരതയെ കീഴടക്കാനുള്ള ശ്രമവുമാണെന്നിരിക്കെ, സർഗ്ഗാത്മക ചിന്തയേയും സൃഷ്ടികളെയും കൂടി അങ്ങനെ അനുഭവിക്കാൻ സാധിക്കും. ഒരു പടി കൂടി കടന്ന് ഉണ്മയിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആൾ കാലം തന്നിലൂടെ കടന്നു പോകുന്ന മായാജാലമായി അനുഭവിച്ചു കൊണ്ട് നശ്വരത മറി കടക്കും. ഇങ്ങനെ വ്യത്യസ്തങ്ങളായ രീതിയിൽ ഉത്കണ്ഠകൾ ശമിപ്പിക്കുകയാണ് എല്ലാ കാലത്തും സ്ത്രീകളും പുരുഷന്മാരും ക്വിയർ ജനങ്ങളും ചെയ്തിട്ടുള്ളത്. എന്നാൽ ജീവനമാർഗ്ഗങ്ങളുടെ പരിമിതികൾ കൊണ്ട് എല്ലാവർക്കും സർഗ്ഗാത്മകമായ സരണികൾ പിന്തുടരാൻ കഴിയുന്നില്ല.ആവശ്യങ്ങൾ ഞെരുക്കുന്ന ജീവിതങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്. ഈ പശ്ചാത്തലത്തിൽ നമുക്ക് സ്ത്രീകളുടെ വ്യത്യസ്തമായ ജീവിതാവസ്ഥകൾ കാണാൻ കഴിയും.

എന്നെ പോലെ സ്വതന്ത്രമായി പൊട്ടിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മ ഇപ്പോൾ എന്നെ അനുകരിച്ച് അതേ പോലെ ചിരിക്കുന്നു. നീ ഇങ്ങനെയാണ് ചിരിക്കുന്നതെന്ന് പറഞ്ഞ് സന്തോഷിക്കുന്നു.

പഴയ തലമുറയിലൊക്കെ എന്റെ അമ്മയെ പോലെയുള്ള സ്ത്രീകളെയാണ് ധാരാളമായി കണ്ടിട്ടുള്ളത്. സ്വന്തം കുട്ടികൾക്കും കുടുംബത്തിനും വേണ്ടി സേവനം ചെയ്തു കൊണ്ടിരിക്കാൻ അവർ സദാ സന്നദ്ധരാണ്. അസ്വാതന്ത്ര്യത്തിന്റെ തടവിലാകുമ്പോഴും അവർ ഓരോരോ തരത്തിൽ ഉയിരിനെ ഉരുവം ചെയ്തെടുക്കുന്നു. ദേവതകളിലോ ഉപാസനാ മൂർത്തികളിലോ മനസ്സർപ്പിച്ച് സ്വന്തം ധർമ്മം നിർവ്വഹിക്കുന്നവരുണ്ട്. വഴിപാടുകളിലൂടെയും പൂജയിലൂടെയും തങ്ങളുടെ കർമ്മങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിച്ച് ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നവരുണ്ട്. ആധുനിക ജീവിതത്തിൽ സ്ത്രീകളും വീടിനു പുറത്തുള്ള പദ്ധതികളിൽ കൂടി ഏർപ്പെടുന്നവരാണ്. അവിടെ നിന്നും അവർ ആത്മസാധനക്ക് പുതിയ ഉപകരണങ്ങളും കണ്ടെത്തുന്നു. കൂടെ ചേർന്ന് നിൽക്കുന്നവർ നടത്തുന്ന ചൂഷണവും കൊള്ളരുതായ്മകളും അറിയുക പോലും ചെയ്യാത്തവരുണ്ട്. എന്റെ അമ്മ സ്‌കൂളിൽ അദ്ധ്യാപിക ആയിരുന്നത് കൊണ്ട് അച്ചടക്കവും പരീക്ഷകളും മറ്റുമാണ് ജീവിതമൂല്യങ്ങളായി കണ്ടിരുന്നത്. അമ്മക്ക് നൽകപ്പെട്ട കർത്തവ്യങ്ങൾ തികഞ്ഞ അച്ചടക്കത്തോടെ പരിപാലിച്ചു. ഉപ്പും ഉള്ളിയും മുളകും തീരുന്നതിനു മുൻപ് കൃത്യമായി അത് ഓർത്തു വച്ച് പലചരക്കുകടയിൽ ആളെ വിട്ടു. പാലുകാരനും അലക്കുകാരിക്കും കൃത്യദിവസം പണം നൽകണമെന്ന് ഓർത്തു വച്ചു. രാവിലെ ദോശയുണ്ടാക്കാൻ തലേ ദിവസം മാവ് തയാറാക്കി വെക്കാൻ മറന്നില്ല. അമ്മക്കുള്ള പല തരം മരുന്നുകൾ തെറ്റാതെ കൃത്യമായി എടുത്ത് കഴിച്ചു. എപ്പോഴും ഇതെല്ലാം മറന്നു പോവുകയും തെറ്റിക്കുകയും ചെയ്യുന്ന എന്നെ ഓർമ്മപ്പെടുത്തി. ആവർത്തനവിരസത ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് രസകരമായും സന്തോഷത്തോടെയും ചെയ്യാൻ സാധിക്കുന്നതെന്നത് എന്നെ എപ്പോഴും അതിശയിപ്പിച്ചിരുന്നു. അയലത്തെ വീട്ടുകാർ കൊണ്ടു തരുന്ന കറിവേപ്പില ഇതളുകളിൽ പോലും ആഹ്ലാദം കണ്ടെത്തുന്ന ആളാണ് എന്റെ അമ്മ. വാർദ്ധക്യം മൂലം അമ്മക്ക് ഓർമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. മറന്നു പോകുന്നതിനെ കുറിച്ചുള്ള ഓർമ്മകൾ അമ്മയെ ദുഃഖിപ്പിക്കുന്നു. തെറ്റി, തെറ്റി എന്നാവർത്തിച്ച് കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിയാത്തതിൽ വേവലാതിപ്പെടുന്നു. ബോധത്തിന്റെ കെട്ടുകൾ അഴിയവേ, നേരത്തേ അടഞ്ഞു കിടന്ന ചില വഴികൾ കണ്ടെത്തുകയും ചെയ്യുന്നു. എന്നെ പോലെ സ്വതന്ത്രമായി പൊട്ടിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മ ഇപ്പോൾ എന്നെ അനുകരിച്ച് അതേ പോലെ ചിരിക്കുന്നു. നീ ഇങ്ങനെയാണ് ചിരിക്കുന്നതെന്ന് പറഞ്ഞ് സന്തോഷിക്കുന്നു.

സഹോദരി രാജശ്രീക്കും അമ്മയ്ക്കും അച്ഛനുമൊപ്പം ജയശ്രീയും മൈത്രേയനും.

ഞാൻ കുട്ടിക്കാലം മുതൽ കണ്ട് വളർന്നവരിൽ അമ്മയുടെ ഒരു സഹോദരി പൂർണമായും ഒരു വീട്ടമ്മ അഥവാ മുഴുവൻ സമയ ഗൃഹസേവിക ആയിരുന്നു. മറ്റു സഹോദരിമാർ അമ്മയെ പോലെ കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോയവരാണ്. വീട്ടിൽ സാമ്പത്തികമായി ഏറ്റവും പിൻനിലയിലുണ്ടായിരുന്നത് പുറത്ത് ജോലി ലഭിക്കാത്ത കുഞ്ഞമ്മയായിരുന്നു. എങ്കിലും, ജീവിതത്തിൽ ഏറ്റവും പരാതിയില്ലാതെ എപ്പോഴും മറ്റുള്ളവരിലേക്ക് എല്ലാം ചൊരിഞ്ഞു കൊണ്ടിരുന്നതും അവരായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും നല്ല ഉടുപ്പുകൾ നൽകിയത് അവരാണ്. ആരോടും കയർത്തു സംസാരിച്ചു കണ്ടിട്ടില്ല. ഇത് പോലെയുള്ളവർ കർമം കൊണ്ട് ഏതു മഹാത്മാക്കളേയും മറി കടക്കുന്നു. എപ്പോഴും അവർ മറ്റുള്ളവരിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ സ്വയം ഭാരം അനുഭവിക്കുകയില്ല. ഈശ്വരന്റെ ഒരു കടാക്ഷം അവരിൽ വീണു കൊണ്ടിരിക്കും. പക്ഷെ, നിങ്ങൾ അങ്ങനെയാകണമെന്ന് പറയാൻ മറ്റുള്ളവർക്ക് അധികാരമുണ്ടോ എന്നതാണ് ചോദ്യം.

വെയിലത്ത് പണിയെടുക്കുന്ന സ്ത്രീക്ക് പൊൻ നിറവും ചുവന്നു തുടുത്ത കവിളും ഉണ്ടാകണമെന്നില്ല.അവളുടെ കൈകൾ പണിയെടുത്ത് തഴമ്പുള്ളതിനാൽ പരുപരുത്തവയായിരിക്കും. അവളുടെ കുഞ്ഞിന് മുലപ്പാൽ നല്കുന്നതെങ്ങനെ?

മാതൃത്വം ഉദാത്തമായി കാണുമ്പോഴും, സാമൂഹ്യമായി സ്ത്രീകൾ രണ്ടാം തരം മനുഷ്യരായി ഇകഴ്ത്തപ്പെടുന്നു എന്ന സ്ത്രീകളുടെ തിരിച്ചറിവ് ഉണ്ടാകാൻ തുടങ്ങിയത് പുതിയ കാലത്താണ്. സാങ്കല്പികമായ സ്ത്രീമാതൃകക്കനുസരിച്ച് സമ്പൂർണയായ ഒരു സ്ത്രീയെ ഒരു പക്ഷേ, എവിടെയും കാണാൻ കഴിയില്ല. പുരുഷന്റെ അപരയായി മാത്രം കാണപ്പെട്ടിട്ടുള്ള സ്ത്രീകളുടെ വിഷയിത്വം ഇനിയും രൂപപ്പെടേണ്ടതായാണുള്ളതെന്ന് ഇറിഗാരെയെ (Irigaray) പോലെയുള്ള ഫെമിനിസ്റ്റുകൾ പറയുന്നുണ്ട്. സ്ത്രീകളുടെ ധർമങ്ങൾ പുരുഷകേന്ദ്രിതമായ സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിർവ്വചിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. ചരിത്രത്തിലുടനീളം സ്ത്രീകൾ വിവിധ തരം റോളുകൾ വഹിച്ചിരുന്നു എന്ന് കാണാം. അതിൽ ഏത് വേണ്ടത്, ഏത് വേണ്ടാത്തത് എന്നത് സമൂഹത്തിന്റെ പൊതുവായ ആവശ്യത്തിനനുസരിച്ച് നിർധാരണം ചെയ്യപ്പെടുകയാണ്. മാതൃത്വം എല്ലാ കാലത്തും സ്ത്രീകൾക്ക് ഏറ്റവും പ്രധാനമായി കരുതി പോന്നു. മറ്റു റോളുകൾ കാലത്തിനനുസരിച്ചും. കൃഷിയിലും കച്ചവടത്തിലും കലഹങ്ങളിലും യുദ്ധങ്ങളിലും എല്ലാം സ്ത്രീകൾ പങ്കെടുത്തിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച ധാരണകൾ, തൊഴിലിന്റെ അടിസ്ഥാനത്തിൽ, പല തരത്തിൽ അവരെ വിഭജിച്ച് നിർത്തുന്നതിന് കാരണമായി. ഉന്നത കുടുംബത്തിൽ ജീവിക്കുന്ന സ്ത്രീകൾ, ഗൃഹിണികളായി മാത്രം കഴിയുക എന്നത് മാതൃകയായി പോലും കരുതുന്നുണ്ട്. വർഗ്ഗപരമായും ജാതിപരമായും താ​ഴ്​ന്ന സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പണിയെടുക്കട്ടെ എന്നാണ്. ഇതിൽ ആരാണ് സ്ത്രീ? പണിയെടുക്കുന്ന സ്ത്രീ വാഴ്​ത്തപ്പെടുന്ന സ്ത്രീമഹിമകൾക്ക് യോജിച്ചവളാകില്ല. വെയിലത്ത് പണിയെടുക്കുന്ന സ്ത്രീക്ക് പൊൻ നിറവും ചുവന്നു തുടുത്ത കവിളും ഉണ്ടാകണമെന്നില്ല.അവളുടെ കൈകൾ പണിയെടുത്ത് തഴമ്പുള്ളതിനാൽ പരുപരുത്തവയായിരിക്കും. അവളുടെ കുഞ്ഞിന് മുലപ്പാൽ നല്കുന്നതെങ്ങനെ? മുലപ്പാലിനെ ഏറെ വാഴ്​ത്തുമ്പോഴും മുലപ്പാൽ നൽകാത്തത് സ്ത്രീയുടെ കുറ്റമായി ആരോപിക്കുമ്പോഴും മിക്ക പണിസ്ഥലങ്ങളിലും മുലപ്പാൽ നൽകാനോ കുഞ്ഞിനെ നോക്കാനോ ഉള്ള സംവിധാനങ്ങളുണ്ടാവില്ല. അതിനുള്ള അവധിയും പല തൊഴിൽദായകരും നൽകാറില്ല.

ലൂസ് ഇറിഗാരെ / Photo: Sussex Centre for Cultural Studies

വീടിനുള്ളിൽ ദേവതയെ പോലെ പൂജിച്ച് ഇരുത്തിയിട്ടുള്ള സ്ത്രീകളുടെ അവസ്ഥയും അവരുടെ അനുഭവത്തിൽ സന്തോഷകരമാണെന്ന് പറയാൻ കഴിയില്ല. വിക്ടോറിയൻ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലും മറ്റും ഉന്നതകുലജാതരായ സ്ത്രീകളുടെ ദുർബ്ബല ശരീരം സ്ത്രീത്വത്തിന്റെ ലക്ഷണമായി കരുതിയിരുന്നു. ബുദ്ധിപരവും കായികവുമായ പ്രവർത്തനങ്ങളിൽ സ്ത്രീകൾ ഏർപ്പെടുന്നത് സ്‌ത്രൈണതയെ കളങ്കപ്പെടുത്തുന്നതായാണ് മനസ്സിലാക്കിയത്. അവരുടെ ഊർജ്ജം മുഴുവൻ ഗർഭാശയത്തിലേക്കും പ്രത്യുത്പാദനത്തിലേക്കും കേന്ദ്രീകരിക്കണമെന്നായിരുന്നു സങ്കൽപ്പം. വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രമായിരിക്കും ഇത് ജീവിതത്തിലേക്ക് പകർത്താനായിട്ടുണ്ടാവുക. പല സ്ത്രീകളും അതിന് ശ്രമിക്കുകയും ഒരു അതിജീവനകല എന്ന തരത്തിൽ പരിശീലിക്കാൻ നോക്കിയിട്ടും ഉണ്ടാവും എന്ന് മാത്രം. ഇപ്പോഴും അതിന്റെ സൂക്ഷ്മമായ അംശങ്ങൾ ലിംഗപദവിവ്യവസ്ഥയിൽ കുടി കൊള്ളുന്നു. സ്ത്രീകൾ അത് ഏറെക്കുറെ ഉൾക്കൊള്ളുന്നത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഉയർന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകളും അവരുടെ കരിയർ താൽപ്പര്യങ്ങളെ പിന്നോട്ട് മാറ്റി വർഷങ്ങൾ പ്രത്യുത്പാദനത്തിനു വേണ്ടി ചെലവാക്കുന്നത്. തൊഴിൽ സ്ഥലത്ത് സ്ത്രീകൾ പിന്നിലാകുന്നത് അവർ അപമാനമായി കാണുന്നില്ല. രണ്ടും അതിവിദഗ്ധമായി കൊണ്ട് പോകുന്നവരും കുടുംബകാര്യങ്ങൾ ഞങ്ങൾ ഒരിക്കലും പ്രൊഫഷന് വേണ്ടി വിട്ടുവീഴ്ചക്ക് വിട്ടു കൊടുക്കില്ലെന്ന് അഭിമാനപൂർവ്വം പറയുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സീനിയർ ആയ പെൺകുട്ടികൾ, വീട്ടുകാർ വിവാഹം ആലോചിക്കുന്നതും അതെ പറ്റി ആഘോഷമായി സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ പാരച്യൂട്ടിൽ അഭ്യാസം കാണിക്കുന്നവരും രാഷ്ട്രീയ പ്രബുദ്ധത ഉള്ളവരും ഒക്കെയായ പെൺകുട്ടികളൊക്കെ ഉണ്ടായിരുന്നിട്ടും പല പെൺകുട്ടികളും മന്ദം മന്ദം കാൽ വിരൽ നോക്കി നടക്കാനും പതിയെ സംസാരിക്കാനും പരിശീലിച്ചതായി കണ്ടിട്ടുണ്ട്.

വീടിനു പുറത്ത് പണിയെടുക്കുകയും സേവനം നൽകുകയും ചെയ്യുന്നവരായ സ്ത്രീകൾ കുടുംബത്തിലെ ധർമ്മത്തിൽ നിന്ന് വ്യതിചലിച്ചവരായാണ് സ്വയം മനസ്സിലാക്കുന്നത്. ഈ അവസ്ഥ ഏറെക്കുറെ എല്ലാ സ്ത്രീകളിലും പല തോതിൽ കാണുന്നുണ്ട്.

എന്തായാലും, കുടുംബസേവനം കൊണ്ട് നിങ്ങൾക്ക് ലഭ്യമാകും എന്ന് പറയുന്ന സംരക്ഷണയിലും പൂജനീയതയിലും സംശയാലുക്കളായ സ്ത്രീകൾ ആധുനിക കാലത്ത് കൂടുതലായി ഉണ്ടായി കൊണ്ടിരിക്കുന്നു. അവരിലൂടെയാണ് കാലം മാറ്റങ്ങൾ കൊണ്ട് വരുന്നത്. എന്നാൽ മാറ്റത്തിന്റെ വാഹകരായാണ് തങ്ങൾ നില കൊള്ളുന്നതെന്ന് പലരും അറിയുന്നില്ല. സ്വന്തം ധർമത്തെ പോലും പഴിക്കേണ്ട അവസ്ഥയിലേക്ക് വ്യവസ്ഥിതി അവരെ തള്ളി വിടുന്നുണ്ട്. വീടിനു പുറത്ത് പണിയെടുക്കുകയും സേവനം നൽകുകയും ചെയ്യുന്നവരായ സ്ത്രീകൾ കുടുംബത്തിലെ ധർമ്മത്തിൽ നിന്ന് വ്യതിചലിച്ചവരായാണ് സ്വയം മനസ്സിലാക്കുന്നത്. ഈ അവസ്ഥ ഏറെക്കുറെ എല്ലാ സ്ത്രീകളിലും പല തോതിൽ കാണുന്നുണ്ട്. സ്ത്രീകളെ ദേവതകളെന്നോ പിശാചുക്കളെന്നോ രണ്ട് തരത്തിൽ മാത്രം കാണുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ല.
കാൽപ്പനികതയുടെ തടവറയിൽ നിന്ന് മോചിതരാകുന്നതിനനുസരിച്ച് സ്ത്രീകർതൃത്വങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കും.

സ്ത്രീകളെ സംബന്ധിച്ച ധാരണകൾ, തൊഴിലിന്റെ അടിസ്ഥാനത്തിൽ, പല തരത്തിൽ അവരെ വിഭജിച്ച് നിർത്തുന്നതിന് കാരണമായി. ഉന്നത കുടുംബത്തിൽ ജീവിക്കുന്ന സ്ത്രീകൾ, ഗൃഹിണികളായി മാത്രം കഴിയുക എന്നത് മാതൃകയായി പോലും കരുതുന്നുണ്ട്. / Photo: Muhammed Fasil

എന്റെ വീടിനടുത്തുണ്ടായിരുന്ന ശാരദചേച്ചി കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയി തുടങ്ങിയത് പതിനേഴാമത്തെ വയസ്സിലാണ്. സഹോദരന്മാർ സ്‌കൂളിൽ പഠിക്കുകയായിരുന്നു. പ്രായമായ അമ്മക്കും അച്ഛനും ജോലിക്കു പോകാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. കടും നിറമുള്ള ലുങ്കി ഒരു കൈ കൊണ്ട് വകഞ്ഞു മാറ്റി ചോറ്റുപാത്രം കയ്യിൽ തൂക്കി നിറഞ്ഞ ചിരിയുമായി, മൊരിഞ്ഞ കശുവണ്ടിയുടെ നിറമുള്ള ശാരദ ചേച്ചി ദിവസവും രാവിലെയും സന്ധ്യക്കും എന്റെ വീടിന്റെ മുൻ വശത്തു കൂടി നടന്നു പോയിരുന്നു. ഒരു ദിവസം താലിയും തടിയൻ പൂമാലയും കഴുത്തിലിട്ട് അവർ കല്യാണച്ചെറുക്കനുമായി വീടിന്റെ മറുവശത്തെ റോഡിലൂടെ നടന്നകന്നത് ഓർക്കുന്നു. അവരുടെ വീടിന്റെ മുറ്റത്ത് ചെറിയ പന്തലിട്ടിരുന്നു. അതിനുള്ളിൽ വച്ചാണ് താലികെട്ട് നടന്നത്. പന്തലിൽ തലേ ദിവസം വൈകുന്നേരം ചായയും പലഹാരങ്ങളും വിളമ്പി. കല്യാണത്തിനും കല്യാണത്തലേന്നും എത്തുന്ന ബന്ധുക്കളും നാട്ടുകാരും കയ്യിൽ ഒരു ചെറിയ പൊതി കരുതിയിരിക്കും. അതിൽ സംഭാവനത്തുകയായ അഞ്ചു രൂപയോ പത്തു രൂപയോ ഒക്കെ ഉണ്ടാകും. അതു വാങ്ങാനിരിക്കുന്നവർ തുകയും അത് നൽകുന്ന ആളിന്റെ പേരും ഉറക്കെ വിളിച്ചു പറയും. മറ്റൊരാൾ അത് ഒരു പേപ്പറിൽ എഴുതി എടുക്കും. വിവാഹശേഷം തുക എണ്ണി തിട്ടപ്പെടുത്തി വധുവിന്റെ അച്ഛനെ ഏൽപ്പിക്കും. നാട്ടിലുള്ള പല വിവാഹങ്ങൾക്കും പ്രതിനിധിയായി പണപ്പൊതി തന്ന് അച്ഛൻ എന്നെ അയച്ചിരുന്നു. പൊതുവേ ആൾക്കൂട്ടത്തിൽ പോകാൻ ഇഷ്ടമില്ലാതിരുന്ന എനിക്ക് അത് പരീക്ഷയേക്കാൾ വലിയ ടെൻഷൻ ഉണ്ടാക്കി. പൊതിയഴിച്ച് പേരും തുകയും വായിക്കുന്നത് ഞാൻ അപമാനമായാണ് അനുഭവിച്ചത്. ആരുടെ മാനമാണ് പോകുന്നതെന്ന് എനിക്ക് വ്യക്തമല്ലായിരുന്നു. എനിക്ക് വിവാഹം വെറുത്തു പോകുന്നതിന് ഈ ദൂതപ്പണിയും കാരണമായിട്ടുണ്ട്. തൊട്ടടുത്ത വീടായിരുന്നതു കൊണ്ട് ഈ വിവാഹത്തിന് അമ്മയും ഞാനും ഒരുമിച്ചാണ് പോയത്. ഇടക്ക് അച്ഛനും പോയി വന്നു. എനിക്ക് പണം കൈ മാറാനുള്ള ബാദ്ധ്യത ഉണ്ടായില്ല.

പണിയെടുക്കുന്ന സ്ത്രീകളുടെ കൈകൾ എപ്പോഴും എനിക്ക് അഭിമാനകരമായാണ് തോന്നിയിട്ടുള്ളത്. വളകളില്ലെങ്കിൽ പ്രത്യകിച്ചും. അവരതെങ്ങനെയാണ് കാണുന്നതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല

ഇടക്കിടെ ശാരദചേച്ചി വീട്ടിൽ വരുന്നതു കാണാമായിരുന്നു. കഴുത്തിലെ സ്വർണ്ണമാല പതുക്കെ അപ്രത്യക്ഷമായി. താലി ഒരു കറുത്ത ചരടിൽ കോർത്തു കണ്ടു. മാസങ്ങളും വർഷങ്ങളും കടന്നു പോകുമ്പോഴേക്കും ചേച്ചിയുടെ ചിരിയുടെ മാസ്മരികത കുറഞ്ഞു വന്നു. ചെറിയ ഒന്ന് രണ്ട് കുട്ടികളും കൂടെയുണ്ടാകും. കശുവണ്ടി ഫാക്ടറിയിലെ ജോലി അവർ തുടർന്നു. അന്ന് തല്ലുന്ന ജോലിയായിരുന്നു അവർ ചെയ്തിരുന്നത്. തല്ലുകാർക്ക് കൂലി കൂടുതൽ കിട്ടുമെങ്കിലും കൈവിരലുകൾ മൊരിഞ്ഞ കശുവണ്ടിയുടെ നിറത്തിൽ കറുത്തും മൊരിഞ്ഞുമിരിക്കും. പണിയെടുക്കുന്ന സ്ത്രീകളുടെ കൈകൾ എപ്പോഴും എനിക്ക് അഭിമാനകരമായാണ് തോന്നിയിട്ടുള്ളത്. വളകളില്ലെങ്കിൽ പ്രത്യകിച്ചും. അവരതെങ്ങനെയാണ് കാണുന്നതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. സമരം നടക്കുന്നത് മൂലം ചേച്ചിക്ക് തൊഴിൽ നഷ്ടപ്പെടുന്ന സമയങ്ങളും ഉണ്ടായിട്ടുണ്ട്. അവരൊക്കെ യൂണിയനുകളിൽ അംഗങ്ങളാണ്. കേരളത്തിൽ യൂണിയനുകളിൽ അംഗങ്ങളായ പണിയെടുക്കുന്ന സ്ത്രീകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം കണ്ടിട്ടുണ്ട്. പക്ഷേ, യൂണിയനുകളിലെ അവരുടെ കർത്തവ്യങ്ങളും നിലയും, നിലവിലുള്ള സ്ത്രീപുരുഷ ശാക്തികബന്ധങ്ങൾക്കനുസരിച്ചാണ്. ജോലിയുടെ സ്വഭാവത്തിലും ഇത് പ്രതിഫലിച്ചു കാണാം. ഭരണനിർവഹണം, മാനേജ്മെൻറ്​ എന്നതിലൊക്കെ പുരുഷന്മാർ തന്നെയാവും ഉണ്ടാവുക. ചില സർക്കാർ ജോലികൾ മാത്രമാണ് ഇതിന് അപവാദമാകുന്നത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നിടത്തും, നിർമ്മാണപ്രവർത്തനങ്ങളിലുമെല്ലാം ഇത് വളരെ പ്രകടമാണ്. കെട്ടിടനിർമ്മാണം, ഫാക്ടറികൾ എന്നിവയിലെല്ലാം മേൽനോട്ടക്കാരും കൃഷിപ്പണിയിൽ കാര്യസ്ഥന്മാരും പുരുഷന്മാരായിരിക്കും. ജോലി ലഭിക്കുന്നതിനും കൃത്യസമയത്ത് കൂലി ലഭിക്കുന്നതിനുമൊക്കെ, ഇടനില മാനേജർമാരായ പുരുഷന്മാരെ പ്രീതിപ്പെടുത്തേണ്ടതായുണ്ടാവും. ചിലപ്പോൾ മുതലാളിമാർക്കും ഇടനില മാനേജർമാർക്കും ലൈംഗികസേവനം നടത്തേണ്ടതായും വരും.

അതാത് സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തൊഴിൽ, സാമ്പത്തികസുരക്ഷിതത്വം, വൈകാരികത, ധാർമ്മികബോധം, സദാചാരം, ഉടൽബോധം എന്നിവയിലൂടെയെല്ലാം തെന്നി നീങ്ങുകയും വീണ്ടും വീണ്ടും ചുറ്റുകയും ചെയ്തു കൊണ്ടാണ് സ്ത്രീകൾ സ്വത്വം ഉറപ്പിക്കുന്നത്.

ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം കുടുംബത്തിലെന്ന പോലെ തൊഴിൽമേഖലയിലും കാണാം. എല്ലാ തൊഴിൽ മേഖലയിലും ഇപ്പോഴും നില നിൽക്കുന്ന ലൈംഗിക അക്രമങ്ങൾ ഈ സംസ്‌കാരത്തിന്റെ തുടർച്ചയാണ്. പൊതുവേ, തൊഴിലാളി സമരങ്ങളുടെ നേതാക്കളായും സ്ത്രീകളെ കാണാറില്ല. ഭൂരിഭാഗവും സ്ത്രീകൾ തൊഴിലാളികളായ നഴ്‌സ് വിഭാഗത്തിലും യൂണിയൻ നേതാക്കളായി പുരുഷന്മാരെ കാണാറുണ്ട്. സ്ത്രീകളുടെ സ്വത്വനിർമ്മിതിയിലും സ്ത്രീപക്ഷരാഷ്ട്രീയത്തിലും ഈ അവസ്ഥ സ്വാധീനം ചെലുത്തുന്നു. ടെക്സ്റ്റൈൽസ് തൊഴിലാളി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി രൂപപ്പെട്ട സ്ത്രീത്തൊഴിലാളിസംഘടന, തോട്ടം തൊഴിലാളികൾ സംഘടിച്ച പെമ്പിളൈ ഒരുമൈ, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ, ദുർബാർ മഹിളാ സമന്വയ കമ്മിറ്റി തുടങ്ങിയ സ്ത്രീകളുടെ സ്വതന്ത്ര യൂണിയൻ അംഗങ്ങളുടെയും പൊതുവായ യൂണിയൻ അംഗങ്ങളായ സ്ത്രീകളുടെയും സ്വത്വബോധം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അന്വേഷിക്കാവുന്നതാണ്.

വർഗ്ഗപരമായും ജാതിപരമായും താഴ്ന്ന സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പണിയെടുക്കട്ടെ എന്നാണ്. പണിയെടുക്കുന്ന സ്ത്രീ, വാഴ്ത്തപ്പെടുന്ന സ്ത്രീമഹിമകൾക്ക് യോജിച്ചവളാകില്ല. / Photo: Muhammed Fasil

ദിവസക്കൂലിക്കാരായ സ്ത്രീകൾ തൊഴിലിനെ സംബന്ധിച്ചു നടത്തുന്ന തെരഞ്ഞെടുപ്പുകൾ അവരുടെ അവസ്ഥക്ക് യോജിച്ച തരത്തിലായിരിക്കും.കുടുംബിനികളായി മാറുന്നതാണോ വീട്ടിലിരുന്ന് ചെയ്യാവുന്ന കുടിൽ വ്യവസായതൊഴിൽ ചെയ്യുന്നതാണോ പണിശാലകളിൽ പോയി ജോലി ചെയ്യുന്നതാണോ നിലനിൽപ്പിന് നല്ലതെന്ന് സ്ത്രീകൾക്ക് നിരന്തരം നോക്കി കൊണ്ടിരിക്കേണ്ടി വരും. ലൈംഗികത്തൊഴിലാളികളെ പോലെ തന്നെ ദിവസക്കൂലിക്കാരായ സ്ത്രീകളും, ജോലിയിലൂടെ സുരക്ഷിതത്വം തിരയുന്നതോടൊപ്പം ഒരു പുരുഷന്റെ സംരക്ഷണയിലൂടെയുള്ള സുരക്ഷിതത്വവും അതും തമ്മിൽ എപ്പോഴും തട്ടിച്ചു നോക്കുകയും പരീക്ഷിച്ചു നോക്കുകയും ചെയ്യുന്നു. വിവാഹത്തിനു മുൻപ് പണിക്കു പോയി തുടങ്ങുന്ന സ്ത്രീകൾ മിക്കപ്പോഴും പണി ചെയ്തു നേടുന്ന സമ്പാദ്യം സ്വന്തം വിവാഹത്തിനായി സ്വരുക്കൂട്ടി വക്കുന്നു. മിക്കവാറും സ്വർണമാലയോ കമ്മലോ വളയോ ഒക്കെ ആയിട്ടായിരിക്കും അത്. ഈ നിക്ഷേപം സുരക്ഷിതമായ ഒരു കുടുംബജീവിതം പ്രദാനം ചെയ്യുമെന്ന് അവർ സ്വപ്നം കാണുന്നു. എന്നാൽ, കുടുംബത്തിനകത്തെ ശാക്തിക ബന്ധത്തിൽ ഇടത്തരക്കാരായ സ്ത്രീകളെക്കാൾ വിലപേശൽ കഴിവുണ്ടാകുമെങ്കിലും ഇവരിൽ പലരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോകാറുണ്ട്. ആ സമയത്ത് പണിയെടുത്തുള്ള മുൻ പരിചയം, വീണ്ടും തൊഴിലെടുത്ത് ജീവിക്കാൻ അവർക്ക് പ്രാപ്തി നൽകും. കൂടുതൽ പേരും അവരുടെ അഭിലാഷങ്ങളും, വൈകാരികമായ നിക്ഷേപവും കുട്ടികളിൽ അർപ്പിക്കുന്നു. എങ്കിലും വീണ്ടും ഒരു പുരുഷനിൽ സുരക്ഷിതത്വം തേടുന്നവരുമുണ്ട്. സ്വന്തമായി വരുമാനമുണ്ടാക്കുന്നവരും, ഏതു തരം അക്രമം സഹിച്ചും പുരുഷന്മാരെ കൂടെ നിർത്തുന്നതും ചിലപ്പോൾ കാണാം. ഇതിന് അപവാദമായി, സ്വാഭിമാനത്തെ മുന്നിൽ നിർത്തി വിവാഹമോചനം നേടുന്ന സ്ത്രീകളുമുണ്ട്. അതാത് സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തൊഴിൽ, സാമ്പത്തികസുരക്ഷിതത്വം, വൈകാരികത, ധാർമ്മികബോധം, സദാചാരം, ഉടൽബോധം എന്നിവയിലൂടെയെല്ലാം തെന്നി നീങ്ങുകയും വീണ്ടും വീണ്ടും ചുറ്റുകയും ചെയ്തു കൊണ്ടാണ് സ്ത്രീകൾ സ്വത്വം ഉറപ്പിക്കുന്നത്.

ഒറ്റക്ക് തൊഴിൽ ചെയ്ത് കുഞ്ഞുങ്ങളെ പോറ്റുന്ന ധാരാളം സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അവർക്ക് നഷ്ടപ്പെട്ട കുടുംബജീവിതം സ്ഥിരവരുമാനമുള്ള ജോലിയിലൂടെ മക്കൾക്ക് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അവർ ജീവിക്കുന്നത്

പത്താം ക്ലാസ് ജയിച്ച ശേഷം ഒരു തൊഴിലിന് പോകാനൊന്നും പ്രമീള ശ്രമിച്ചില്ല. അച്ഛൻ ഇല്ലാതിരുന്നിട്ടും അമ്മ അവളെയും സഹോദരങ്ങളേയും അരുമയായി, അല്ലലറിയിക്കാതെ വളർത്തിയിരുന്നു. ഒരു ആരോഗ്യപഠനത്തിന്റെ ഭാഗമായാണ് ഞാൻ അവളെ പരിചയപ്പെട്ടത്. അമ്മ ജോലി ചെയ്തുണ്ടാക്കുന്ന പണത്തിൽ നിന്നും മിച്ചം പിടിച്ച് പെൺകുട്ടികൾക്ക് ആഭരണം പണിയിച്ചു. വിവാഹം ചെയ്യാൻ സന്നദ്ധയായിരുന്ന അവളെ ഇരുപതാം വയസ്സിൽ അവർ കല്യാണം കഴിപ്പിച്ചു. അധികം വൈകാതെ അവർക്ക് ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു. കുഞ്ഞിന്റെ മുലകുടി മാറുന്നതിനു മുൻപ് തന്നെ അയാൾ വിവാഹിതയായ വേറൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. സഹോദരൻ ഇതേ പറ്റിയുള്ള സൂചനകൾ നൽകിയെങ്കിലും പ്രമീള അത് വിശ്വസിച്ചില്ല. താലിച്ചരടിൽ നമ്മുടെ യുവതികൾ അത്രയേറെ വിശ്വാസം അർപ്പിക്കുന്നുണ്ട്. ഒരു ദിവസം അലമാരിയിൽ നിന്നും സ്വർണ്ണമെല്ലാം എടുത്തു കൊണ്ട് അയാൾ അപ്രത്യക്ഷമായപ്പോഴാണ് അവൾ യാഥാർഥ്യത്തിലേക്കുണർന്നത്. ഇപ്പോൾ സെയിൽസ് ഗേളായി ജോലി ചെയ്ത് കുട്ടിയെ പഠിപ്പിക്കുകയാണ്. സ്വന്തമായി അദ്ധാനിച്ച് കുട്ടിയെ വളർത്തുന്ന പ്രമീളയുടെ സ്വത്വബോധം പഴയതിൽ നിന്ന് മാറിയിരിക്കുമെന്നതിൽ സംശയമില്ല. പതിമൂന്നു വയസ്സുള്ള മകൾ പഠിച്ച് ജോലി വാങ്ങുന്നതാണ് ഇപ്പോൾ പ്രമീളയുടെ ഏറ്റവും വലിയ അഭിലാഷം. അവൾ കൂട്ടുകാരനോടൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോ കാണുന്നതുമെല്ലാം പ്രമീളയെ ഭയപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ഒറ്റക്ക് തൊഴിൽ ചെയ്ത് കുഞ്ഞുങ്ങളെ പോറ്റുന്ന ധാരാളം സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അവർക്ക് നഷ്ടപ്പെട്ട കുടുംബജീവിതം സ്ഥിരവരുമാനമുള്ള ജോലിയിലൂടെ മക്കൾക്ക് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അവർ ജീവിക്കുന്നത്. എന്നാൽ, മറ്റൊരു സാഹചര്യത്തിൽ വളരുന്ന ഈ കുട്ടികൾ അവരുടെ അഭിലാഷങ്ങൾക്കനുസരിച്ച് ജീവിക്കണമെന്നില്ല. കുട്ടികളേയും കുടുംബത്തെയും മാത്രം വൈകാരികമായി ആശ്രയിക്കാതെ സഹപ്രവർത്തകരും കൂട്ടുകാരും അയൽപക്കക്കാരും എല്ലാംഅടങ്ങുന്ന സ്വന്തമായ ഒരു ലോകമുണ്ടാക്കുന്ന സ്ത്രീകളേയും ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്.

പ്രമീളയുടെ ഭർത്താവ് രണ്ടാമത് കൂട്ടി കൊണ്ട് പോയ സ്ത്രീയെ പെട്ടെന്ന് തന്നെ ഉപേക്ഷിച്ച് എവിടേക്കോ പോയി. പുരുഷനെ സ്വന്തമാക്കൽ, സ്ത്രീത്വത്തിന് അവശ്യഘടകമായിരിക്കുന്ന നമ്മുടെ സംസ്‌കാരത്തിൽ അയാൾക്ക് വേറൊരു നാട്ടിൽ പോയി വീണ്ടും വിവാഹം ചെയ്യാം. ഒരു താലി കഴുത്തിലുണ്ടാവുകയാണ് പ്രധാനം. അതോടൊപ്പം കൂടെയുണ്ടാവുകയും ചെലവിന് കിട്ടുകയും ചെയ്താൽ അതൊരു ഭാഗ്യമായി സ്ത്രീകൾ കരുതും. അടുത്തിടെ എന്റെ സഹപ്രവർത്തക ഒരു വിവാഹത്തിനു പോയിട്ടു വന്നു. ഭാര്യയും മക്കളുമുള്ള ഒരാളെയാണ് അവരുടെ കൂട്ടുകാരിയായ സ്ത്രീ വിവാഹം ചെയ്തത്. അമ്പലത്തിൽ വച്ച് പൂജിച്ചു കെട്ടിയ ഒരു താലിച്ചരടിൽ അവർ എല്ലാ വിശ്വാസവും അർപ്പിച്ചിരിക്കുകയാണ്. ഒരു പക്ഷേ, ഇത്തരം വിശ്വാസങ്ങളിലൂടെ അവർ സ്വയം നില നിൽക്കാനുള്ള ആത്മവിശ്വാസം കണ്ടെത്തുകയാവാം. ജോലി ചെയ്തു ജീവിക്കുന്ന ആ സ്ത്രീക്ക് ഉപജീവനത്തിനായി ഒരു പുരുഷനെ ആശ്രയിക്കേണ്ട ആവശ്യമില്ല. എന്നാൽ, വൈകാരികവും ധാർമ്മികവുമായ ഉത്കണ്ഠകകളാണ് അതിന് പ്രേരിപ്പിക്കുന്നത്. ധാർമികമായും വൈകാരികവുമായ നിക്ഷേപങ്ങൾ ഒരാളിലേക്ക് മാത്രം ഒതുക്കാതിരിക്കാൻ ഉന്നത വിദ്യാഭ്യാസം നേടിയ അപൂർവ്വം സ്ത്രീകൾക്കെങ്കിലും ഇപ്പോൾ കഴിയുന്നുണ്ട്. ബഹുലമായ കാമനകളെ അവർ തടയുന്നില്ലെന്നു മാത്രമല്ല, അതിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുരുഷനെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, അവിടെ സ്ത്രീപുരുഷബന്ധത്തിലെ അധികാരം കീഴ്‌മേൽ മറിയുന്നു. ക്വിയർ ജനങ്ങൾ ദൃശ്യരായി കൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരികപരിസരത്തിൽ ഇതെളുപ്പമാണ്. (എല്ലാത്തരം ലിംഗ - ലൈംഗിക വിഭജനങ്ങളേയും ആഭിമുഖ്യങ്ങളേയും അതാതിന്റെ അടഞ്ഞ അറകളിൽ നിന്ന് മോചിപ്പിച്ച് സ്വതന്ത്രരാകുന്നവരാണ് ക്വിയർജനങ്ങൾ)

വൈവിദ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞ സ്ത്രീജീവിതങ്ങളാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കാണുന്നത്. ലിംഗവിഭജനത്തിന്റെ വാർപ്പുമാതൃകകൾ നില നിർത്താൻ ബാദ്ധ്യത ഉണ്ടാകുന്നത് മിക്കപ്പോഴും ഇടത്തരക്കാർക്കായ സ്ത്രീകൾക്കാണ്. എന്നാൽ, അവരെല്ലാം തന്നെ ഒരേ മാതൃക പിന്തുടരുന്നില്ല. ഏതെങ്കിലും തരത്തിലൊക്കെ ബോധപൂർവ്വമോ അല്ലാതെയോ വ്യത്യസ്തരാകുന്നുണ്ട്. ചിലർ അതിജീവിക്കുകയും മറ്റു ചിലർ തകരുകയും ചെയ്യുന്നു. എന്റെ കൗമാരകാലത്ത് ചേച്ചിമാരായി സ്‌കൂളിൽ ഉണ്ടായിരുന്നവരിൽ ചിലരെ വീണ്ടും കണ്ടു മുട്ടാനിടയായിട്ടുണ്ട്. ഭൂതകാലത്തെ ചുറുചുറുക്ക് നഷ്ടപ്പെട്ടാണ് വിവാഹിതരായഅവരിൽ പലരെയും കണ്ടത്. അവരുടെ സ്വകാര്യജീവിതത്തിന്റെ വാതിലുകൾ മിക്കവാറും അടഞ്ഞു കിടന്നു. ജോലി ചെയ്യുന്നവരായാൽ പോലും സംഭാഷണങ്ങൾ മിക്കവാറും കുട്ടികളെ കേന്ദ്രീകരിച്ചാവും.

എല്ലാവരും സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്ന കൗമാരകാലത്ത്, മറ്റു പല സാഹസങ്ങളും കാട്ടിയിരുന്ന ഒരു ഉമചേച്ചി എനിക്ക് കൂട്ടായി. വീട്ടിലുള്ള പ്രായമായവർക്ക് മരുന്ന് വാങ്ങാൻ ഞങ്ങൾ ദൂരെയുള്ള ഒരു വൈദ്യശാലയിൽ ഒരുമിച്ച് പോയിരുന്നു. പോകുന്ന വഴിയിൽ ദിക്ക് തെറ്റിച്ച് ഞങ്ങൾ അലഞ്ഞു നടന്നു. കൈത്തോടുകളിൽ നിന്ന് മാനത്തുകണ്ണികളെ കയ്യിൽ കോരിയെടുക്കുകയും തിരികെ വെള്ളത്തിൽ വിടുകയും ചെയ്തു. മുകളിൽ റയിൽപാലംവഹിക്കുന്ന കലുങ്കിന് താഴെ ഉറക്കെ ശബ്ദിച്ച് പ്രതിദ്ധ്വനി ഉണ്ടാക്കി. പഠിത്തത്തിൽ ചേച്ചിക്ക് ശ്രദ്ധ കുറവായിരുന്നു. പത്താം ക്ലാസിൽ പരീക്ഷ പാസാകാത്തതിനാൽ വീട്ടുകാർ പഠിപ്പ് നിർത്തി ചേച്ചിയെ തുന്നൽ പഠിപ്പിച്ചു. സാധാരണ യുവതികളെ പോലെ വിവാഹത്തിന് യാതൊരു താൽപ്പര്യവും അവർക്കുണ്ടായിരുന്നില്ല. മറ്റൊരു ജീവിതം തെരഞ്ഞെടുക്കാനില്ലാത്തതു കൊണ്ട് മാത്രമായിരിക്കണം ചേച്ചി വിവാഹത്തിന് നിന്ന് കൊടുത്തത്. അധികം താമസിയാതെ തന്നെ സ്ത്രീകൾക്ക് വേണ്ട ഗുണങ്ങളൊന്നും തന്നെ അവർക്കില്ലെന്ന് പറഞ്ഞ് ഭർത്താവ് തിരികെ വീട്ടിൽ കൊണ്ട് വന്നാക്കി. വീട്ടുകാർ ചേർന്ന് ഒത്തുതീർപ്പുണ്ടാക്കി വീണ്ടും തിരിച്ചയക്കുകയും രണ്ട് കുട്ടികൾ ജനിക്കുകയും ചെയ്തു. പിന്നീട് വിഷാദരോഗത്തിലേക്ക് വീണു പോയ ചേച്ചിയെ കണ്ടപ്പോഴൊന്നും പഴയ ആളെ ആ മുഖത്തും കണ്ണുകളിലും കാണാനായില്ല. കുറേക്കാലം കഴിഞ്ഞ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്ന ഒരു സന്ദേശത്തോടെ ചേച്ചിയെ കുറിച്ചുള്ള വാർത്തകൾ അവസാനിച്ചു.

സ്വാഭിമാനം കണ്ടെത്താൻ ആത്മഹത്യയും സംഘം ചേരലും അതിനിടയിലുള്ള മറ്റു പല വഴികളും തിരയുന്ന സ്ത്രീകളുടെ നിരകളാണ് ചരിത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കാണുന്നത്. സമൂഹം ഏൽപ്പിച്ചിട്ടുള്ള കർത്തവ്യങ്ങൾക്കകത്ത് നിന്ന് കൊണ്ട് തന്നെ സ്വതന്ത്രരാകാനുള്ള ശ്രമങ്ങൾ എല്ലാ സ്ത്രീകളും നടത്തുന്നുണ്ട്. ആത്മീയതയും മതാചാരങ്ങളും അവർ ഇതിനായി ഉപയോഗിക്കാറുണ്ട്. അമ്മയുടെ വേഷം കൈക്കൊള്ളാതെ ആത്മീയതയിലൂടെ സ്വതന്ത്രരാകാൻ ശ്രമിക്കുന്നവരേയും, ആദർശപരമായി അതേ തട്ടകത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നത് കാണാം. സാമൂഹ്യമേഖലയിൽ കർമ്മനിരതയായിരുന്ന മദർ തെരേസക്കും, അവർ ചെയ്ത സേവനങ്ങളേക്കാളുപരി അമ്മസ്ഥാനം നൽകുകയാണ് പതിവ്. എല്ലാ സ്ത്രീകളും അമ്മമാരാകാൻ ആഗ്രഹിക്കുന്നവരായിരിക്കണമെന്നില്ല. നിർബ്ബന്ധിച്ച് അങ്ങനെ ചെയ്യിക്കുന്നത് വഴി കുട്ടികൾ വിഷമങ്ങൾ അനുഭവിക്കേണ്ടിയും വന്നേക്കാം. ജനിക്കുമ്പോൾ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാരേയും, പിന്നീട് ഉപദ്രവിക്കുന്നവരെയും ഒക്കെ സ്ത്രീകളുടെ ഇടയിൽ കാണുമ്പോൾ ഇത് മനസ്സിലാക്കാവുന്നതാണ്. സ്ത്രീകളെ ദേവതകളായി കാണുന്നതിന് പകരം മനുഷ്യരായി കണ്ടാൽ ഈ വിഷമസന്ധി മറി കടക്കാം.അതേ സമയം കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ലൈംഗിക തൊഴിലാളികളെ സദാചാരത്തിന്റെ പേരിൽ അവരുടെ കുട്ടികളിൽ നിന്ന് അകറ്റുകയും ചെയ്യും.

സ്ത്രീകൾക്ക് കർതൃത്വം നിഷേധിക്കപ്പെടുന്നിടത്തോളം, പുരുഷന്മാരും ഭീതിയിലും അസ്വസ്ഥതയിലും കഴിയേണ്ടി വരും. ക്വിയർ സമൂഹത്തോടൊപ്പം ലൈംഗികകർത്തൃത്വം ആർജ്ജിക്കുന്ന സ്ത്രീകളും ഇപ്പോൾ സാമ്പ്രദായികമായ "പുരുഷത്വ'ത്തെ അസ്വസ്ഥമാക്കുന്നുണ്ട്.

അപ്പച്ചിയുടെ വീടിനു തൊട്ടടുത്ത് ഒരു കുടുംബം താമസിച്ചിരുന്നു. ഒരമ്മയും പ്രായപൂർത്തിയായ രണ്ട് പെൺമക്കളും അമ്മയുടെ സഹോദരിയുമാണ് അവിടെയുണ്ടായിരുന്നത്. അമ്മയുടെ സഹോദരി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. അമ്മ മിക്കപ്പോഴും യാത്രയിലായിരിക്കും. അവർ ആണുങ്ങളെ അന്വേഷിച്ചു പോകുന്നതാണെന്ന് ആളുകൾ അടക്കം പറഞ്ഞു. ഉയർത്തി കെട്ടിയ മുടിക്കുള്ളിൽ,അവർ നീട്ടി വളർത്തിയ ജഡ ഒളിപ്പിച്ചു വച്ചിരുന്നു. നെറ്റിയിൽ എപ്പോഴും ചന്ദനവും കുങ്കുമവും ചാർത്തി. ചുണ്ടുകളിൽ മുരുകന്റേയും ആറ്റുകാലമ്മയുടേയും നാമങ്ങൾ ഉരുക്കഴിച്ചു. പഴനിക്ക് പോകാൻ കാവടിയും തോളിലേറ്റി അവർ ഭിക്ഷയെടുത്തിരുന്നു. സുഖമില്ലാത്ത അനിയത്തിക്ക് മരുന്നും പെൺ മക്കൾക്ക് നല്ല വസ്ത്രവും അവർ വാങ്ങി കൊടുത്തു. മൂത്തവളുടെ കണ്ണിൽ എപ്പോഴും വിഷാദം നിറഞ്ഞു നിന്നിരുന്നു. നിറമില്ലാത്ത വസ്ത്രങ്ങൾ ധരിച്ച് അവർ ജോലിക്കുള്ള അപേക്ഷയുമായി അലഞ്ഞു. ഇളയവൾ പാദസരവും കുപ്പിവളകളും കടും നിറമുള്ള വസ്ത്രങ്ങളും അണിഞ്ഞ് ഉല്ലാസവതിയായി എപ്പോഴും പൊട്ടിച്ചിരിക്കുകയും കിട്ടുന്ന ജോലികളൊക്കെ സ്വീകരിക്കുകയും ചെയ്തു. ആണുങ്ങൾ എപ്പോഴും ആ വീടിനു ചുറ്റും വട്ടമിട്ടു നടന്നു. ചിലപ്പോൾ വഴിയരികിൽ നിന്ന് പെൺമക്കളിൽ ഒരാളുമായി ദീർഘനേരം സംസാരിച്ചു. വനജ എന്ന അമ്മയെ കാണുമ്പോൾ ആളുകൾ അൽപ്പം ബഹുമാനത്തോടെ മാത്രം സംസാരിച്ചു. മലയാളമാസം ഒന്നാം തീയതി കണി കാണാൻ അമ്മയെയും മക്കളേയും വീടുകളിലേക്ക് ക്ഷണിച്ചു. അവർ കണ്ണിൽ നിന്ന് മറയുമ്പോൾ അടക്കത്തിൽ അപഖ്യാതികൾ പറഞ്ഞു.

പുരുഷന്മാർ കൈയൂക്കുകൊണ്ടും തന്ത്രങ്ങൾ കൊണ്ടും ആധിപത്യം ഉണ്ടാക്കിയ ലോകത്ത് അതോട് എതിരിട്ടും ഇണക്കിയും പല തരത്തിൽ അതിജീവനതന്ത്രങ്ങൾ മെനഞ്ഞാണ് സ്ത്രീകൾ ജീവിച്ചു പോരുന്നത്. ആത്മീയ സ്ഥാപനങ്ങളും തൊഴിലിടങ്ങളും സേവന കേന്ദ്രങ്ങളുമെല്ലാം അതിന് ഇടമൊരുക്കുന്നുണ്ട്. സ്ത്രീകളുടെ അതിജീവനതന്ത്രങ്ങളിൽ പെട്ട് പുരുഷന്മാരും ഉലഞ്ഞു പോകാറുണ്ട്. സ്ത്രീകൾക്ക് കർതൃത്വം നിഷേധിക്കപ്പെടുന്നിടത്തോളം, പുരുഷന്മാരും ഭീതിയിലും അസ്വസ്ഥതയിലും കഴിയേണ്ടി വരും. ക്വിയർ സമൂഹത്തോടൊപ്പം ലൈംഗിക കർത്തൃത്വം ആർജ്ജിക്കുന്ന സ്ത്രീകളും ഇപ്പോൾ സാമ്പ്രദായികമായ "പുരുഷത്വ'ത്തെ അസ്വസ്ഥമാക്കുന്നുണ്ട്. പുരുഷൻമാർ അവരുടേതുമാത്രമായി കരുതിയിരുന്ന പല റോളുകളും സ്ത്രീകൾ ഇപ്പോൾ നിർവ്വഹിച്ചു പോരുകയും ചെയ്യുന്നു. സ്ത്രീത്വത്തിന്റേതായ ഗുണങ്ങൾ മറ്റുള്ളവർക്കും ഉൾക്കൊള്ളാവുന്നതാണ്. സ്ത്രീത്വത്തിന്റെ അഭിലഷണീയമായ സവിശേഷ ഗുണങ്ങൾ ലിംഗഭേദമില്ലാതെ എല്ലാവരും ഉൾക്കൊള്ളുമ്പോഴാണ് സ്ത്രീകൾ "സ്ത്രീകളാ'കുന്നത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments