ലൈംഗികസദാചാരമൂല്യങ്ങളുടെ കാര്യത്തിൽ ആധുനിക മലയാളിയുടെ മൂല്യബോധം തന്നെയാണ് അച്ഛൻ ഉൾക്കൊണ്ടിരുന്നത്. ഏതൊരു ഗാഢബന്ധത്തിലും ഉണ്ടാകാവുന്ന പോലെയുള്ള ആത്മസംഘർഷം ഞങ്ങൾ തമ്മിലുണ്ടായിരുന്നത് ഈ കാര്യത്തിന്മേലായിരുന്നിരിക്കണം
വീണ്ടും എന്തെങ്കിലും ജോലിയോ ഗവേഷണമോ ചെയ്യാൻ ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് എനിക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് ക്ഷണം ലഭിക്കുന്നത്. കമ്യൂണിറ്റി മെഡിസിനിലെ രണ്ട് പ്രൊഫസർമാർ ജോലി വിടുന്നത് മൂലം അവിടെ അദ്ധ്യാപകരുടെ കുറവുണ്ടായിരുന്നതു കൊണ്ട് സുഹൃത്തായ ഡോ. മുബാറക് സാനിയാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. അടിയന്തിരമായി വന്ന് ചേരണമെന്നും അവർ ആവശ്യപ്പെട്ടു.
പെട്ടെന്നുതന്നെ ഒന്നു രണ്ട് പെട്ടികളിൽ അത്യാവശ്യത്തിനു വേണ്ട സാധനങ്ങൾ പെറുക്കിയെടുത്ത് കണ്ണൂരിലേക്ക് തിരിച്ചു. അതേ ട്രെയിനിൽ തന്നെ മൈത്രേയനും കയറിയിരുന്നതിനാൽ ഞങ്ങൾ ഒരുമിച്ച് പഴയങ്ങാടി സ്റ്റേഷനിൽ വണ്ടിയിറങ്ങി. സ്റ്റേഷനിൽ സാനിയും പങ്കാളിയായ ഡോ. ആരിഫയും എത്തിയിരുന്നു. ഓങ്കോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരിഫ എന്റെ ഫെമിനിസ്റ്റ് സുഹൃത്ത് കൂടിയാണ്. പഴയങ്ങാടിയിൽ നിന്നും പരിയാരത്തേക്കുള്ള പാതയുടെ ചുറ്റും, ദേശാടനക്കിളികൾ പറന്നിറങ്ങുന്ന വയലുകളും വള്ളിപ്പടർപ്പുകളും തണൽ മരങ്ങളും നിറഞ്ഞ വെളിമ്പ്രദേശവും, ഡൽഹിയിൽ നിന്നെത്തിയ എന്റെ മനസ്സ് കുളുർപ്പിച്ചു. അടുത്ത തവണ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി വളവുകളും തിരിവുകളും, ഇടക്ക് ഇരു വശത്തും ഇട തൂർന്ന മരങ്ങളുമുള്ള നാഷണൽ ഹൈവേ വഴി പരിയാരത്തേക്ക് യാത്ര ചെയ്തപ്പോൾ അത് കുറേക്കൂടി ഉൾനാട്ടിലുള്ള ഒരു പാതയാണെന്നാണ് ഞാൻ കരുതിയത്. ഏതായാലും ഒരു കാടിനുള്ളിലെന്ന പോലെ നില കൊള്ളുന്ന മെഡിക്കൽ കോളേജ് എനിക്കിഷ്ടമായി.
ജോലികളൊക്കെ തീർത്ത് വാതിലടച്ച് ഉറങ്ങാൻ കിടക്കുന്ന ലാഘവത്തോടെയാണ് അച്ഛൻ മരണത്തെ കണ്ടിരുന്നത്. ദൈവവിശ്വാസം ഇല്ലായിരുന്നു എങ്കിലും ജാതകത്തിലും സംഖ്യാശാസ്ത്രത്തിലും വിശ്വസിച്ചിരുന്നു. ആ വർഷം മരിക്കുമെന്ന് നേരത്തേ കണക്കു കൂട്ടി വച്ചു
കോളേജിൽ വന്ന് അപേക്ഷ കൊടുത്തതിനു ശേഷം ഞാൻ തിരുവനന്തപുരത്ത് അച്ഛനോടും അമ്മയോടുമൊപ്പം രണ്ടാഴ്ച താമസിച്ചു. അച്ഛനോടൊപ്പം അവസാനമായി കഴിഞ്ഞ നാളുകളായിരുന്നു അത്. ഞാൻ മെഡിക്കൽ കോളേജിൽ ജോലി ചെയ്യാൻ പോകുന്നു എന്നത് അച്ഛന് സന്തോഷമുള്ള കാര്യമായിരുന്നു. ഈ കോളേജിന്റെ പശ്ചാത്തലത്തെ പറ്റിയൊക്കെ ഇടക്ക് ഞങ്ങൾ തമ്മിൽ സംസാരിച്ചു. 1995 ൽ കേരളത്തിൽ ആദ്യമായി സഹകരണമേഖലയിലും സ്വകാര്യമേഖലയിലും തുടങ്ങിയ മെഡിക്കൽ കോളേജായിരുന്നു അത്. പിന്നീട് ഇരുപതിലധികം സ്വകാര്യ മെഡിക്കൽ കോളേജുകൾ കേരളത്തിലുണ്ടായി. രാഷ്ട്രീയപ്പാർട്ടിയുടെ നേതൃത്വത്തിൽ തുടങ്ങിയ മെഡിക്കൽ കോളേജെന്ന സവിശേഷതയും ഇതിനുണ്ട്. രാഷ്‌ടീയപാർട്ടികളാണ് കോളേജ് വികസിപ്പിച്ചെടുത്ത സഹകരണസംഘം നടത്തിയിരുന്നത്. തുടക്കം മുതൽ തന്നെ എതിർപ്പുകളും സമരങ്ങളും ഉണ്ടാവുകയും എപ്പോഴും മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന ഒരു ചരിത്രവുമുണ്ടിതിന്. ഭരണം മാറി മാറി വരുകയും അതിനനുസരിച്ച് സമരം ചെയ്യുന്ന ആളുകൾ മാറുകയും ചെയ്തിരുന്നു.
ഇതുപോലെയുള്ള ചില പൊതുകാര്യങ്ങളും അച്ഛന്റെ ചികിത്സയെ പറ്റിയും ഇടക്ക് സംസാരിക്കുന്നതൊഴിച്ചാൽ, പൊതുവെ ഞങ്ങൾ രണ്ട് പേരും സ്വകാര്യ ഇടങ്ങളിൽ ഒതുങ്ങി. എങ്കിലും അവസാനനാളുകളിൽ കുറച്ച് ദിവസം ഒരുമിച്ചു കഴിഞ്ഞു എന്നത് എനിക്ക് സമാധാനം തന്നു. ദീർഘകാലമായി ഹൃദ്രോഗത്തിനുള്ള ചികിത്സയിലായിരുന്ന അച്ഛന് ആ സമയത്ത് ചെറിയ അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. എങ്കിലും പുറത്ത് പോയി സാധനങ്ങൾ വാങ്ങുകയും നൂറിലധികം പടികളുള്ള കുറുക്കു വഴിയിലൂടെ അതുമായി കയറി വരുകയും ചെയ്തു. കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നു എങ്കിലും ഈ ആയാസം ഒഴിവാക്കുന്ന കാര്യം അച്ഛൻ അനുസരിച്ചില്ല. ജോലികളൊക്കെ തീർത്ത് വാതിലടച്ച് ഉറങ്ങാൻ കിടക്കുന്ന ലാഘവത്തോടെയാണ് അച്ഛൻ മരണത്തെ കണ്ടിരുന്നത്. ദൈവവിശ്വാസം ഇല്ലായിരുന്നു എങ്കിലും ജാതകത്തിലും സംഖ്യാശാസ്ത്രത്തിലും അച്ഛൻ വിശ്വസിച്ചിരുന്നു. ആ വർഷം മരിക്കുമെന്ന് നേരത്തേ കണക്കു കൂട്ടി വച്ചു. സ്വയം പ്രവചിച്ചിരുന്നതിന് രണ്ട് മൂന്നു മാസങ്ങൾക്ക് മുൻപായി എന്ന് മാത്രം. വളരെ കുറച്ചു മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. വാത്സല്യമൊന്നും അധികം പ്രകടിപ്പിച്ചിരുന്നില്ല. അവസാന ദിനങ്ങളിൽ ഞാൻ കൂടെ താമസിക്കുമ്പോൾ, ബാങ്കിൽ അച്ഛന്റെ പേരിലുള്ള നിക്ഷേപം അധികം താമസിയാതെ ഞങ്ങൾക്ക് ലഭിക്കും എന്ന് പറഞ്ഞു.
പരിയാരത്ത് ചേർന്ന ശേഷം ഡൽഹിയിലെ താമസമൊക്കെ അവസാനിപ്പിക്കുന്ന നടപടികൾക്കായി അവിടെ പോയിരുന്ന സമയത്താണ് നാട്ടിൽ നിന്നും അച്ഛനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഫോൺ വന്നത്. അർദ്ധരാത്രി എറണാകുളത്തെത്തുന്ന ഒരു ഫ്‌ളൈറ്റ് ആണ് കിട്ടിയത്. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ ടിക്കറ്റ് ആരോ എടുത്ത് തന്നു. റയിൽവേ സ്റ്റേഷനിൽ രാത്രി കഴിച്ച് കൂട്ടിയ ദീർഘമായ മണിക്കൂറുകളിൽ എന്നോടൊപ്പം ചന്ദ്രൻ എന്ന സുഹൃത്ത് ഉണ്ടായിരുന്നു. ജീവിതത്തിൽ അര നൂറ്റാണ്ട് എന്നോടൊപ്പമുണ്ടായിരുന്ന ആൾ പിരിയുകയാണോ എന്ന ചിന്ത എനിക്കുണ്ടായി. അച്ചാച്ചൻ എന്ന് ഞാൻ വിളിച്ചിരുന്ന അമ്മയുടെ അച്ഛൻ മരിച്ചിട്ട് നാലഞ്ചു വർഷങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ ടിയെൻ ജോയ്, നിങ്ങളുടെയൊക്കെ മാതാപിതാക്കൾ ഇപ്പോഴും സംരക്ഷിക്കാനുണ്ടല്ലോ എന്ന് പറയുമായിരുന്നു. ഒരു സുഹൃത്തിന്റെ അച്ഛൻ മരിച്ച സമയത്ത്, ജയശ്രീയുടെ അച്ഛൻ ഒരു ദിവസം മരിക്കും, കേട്ടോ' എന്നും ജോയ് ഓർമ്മിപ്പിച്ചു. എങ്കിലും മൂർത്തമാകുന്ന ആ മുഹൂർത്തം, അത് സംഭവിക്കുന്നത് വരെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.
അന്നു രാവിലെയാണ് അച്ഛന് ശ്വാസംമുട്ടനുഭവിക്കാൻ തുടങ്ങിയത് . തൊട്ടു തലേ ദിവസവും പടിക്കെട്ടുകൾ മുഴുവൻ കയറി വന്നയാളാണ്. തെരഞ്ഞെടുപ്പായതു കൊണ്ട് രാവിലെ വോട്ടു ചെയ്യാൻ പോകാനും തയാറെടുത്തിരുന്നു. ഞാനും രാജശ്രീയും മൈത്രേയനും ഒന്നും തന്നെ നാട്ടിൽ ഉണ്ടായിരുന്നില്ല. അടുത്ത് താമസിക്കുന്ന പ്രിയപ്പെട്ട ഉഷയും സുരേന്ദ്രനുമാണ് പെട്ടെന്ന് കോസ്മോപോളിറ്റൻ ആശുപത്രിയിലെത്തിച്ചത്. ഉടൻ തന്നെ ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങളൊക്കെ എത്തുന്നത് വരെ അമ്മക്ക് തുണയായി ആശുപത്രിയിൽ ദേവികയും സുധയും ഉണ്ടായിരുന്നു എന്നത് വലിയ ആശ്വാസമായി.
വൈകാരികമെന്നതിനേക്കാൾ യുക്തിപരമായും കണക്കുകൂട്ടലിലൂടെയുമാണ് അച്ഛൻ ജീവിതത്തേയും മരണത്തേയും നേരിട്ടത്. മിക്ക ആളുകളെയും പോലെ മറ്റുള്ളവരുടെ പരിചരണത്തിൽ ദീർഘനാൾ കഴിയാൻ ആഗ്രഹിച്ചില്ല
കുടുംബത്തിന്റെ അധിപന്മാരായിരിക്കുന്ന അച്ഛന്മാർ അവരുടെ ജീവിതസായാഹ്നങ്ങൾ എങ്ങനെയൊക്കെ ആയിരിക്കും അഭിമുഖീകരിക്കുക? തങ്ങളുടെ സാമ്രാജ്യം ഒഴിഞ്ഞു പോകാൻ നിർബ്ബന്ധിതരാവുകയാണല്ലോ. തീർച്ചയായും എല്ലാവരും ഒരു പോലെ ആയിരിക്കില്ല. എന്നാൽ, ചില പൊതുസ്വഭാവങ്ങളുണ്ടായിരിക്കുകയും ചെയ്യും. എന്റെ അച്ഛൻ യാഥാർഥ്യ ബോധത്തോടെ ജീവിതത്തെ കണ്ടിരുന്ന ആളാണ്. വൈകാരികമെന്നതിനേക്കാൾ യുക്തിപരമായും കണക്കുകൂട്ടലിലൂടെയുമാണ് അച്ഛൻ ജീവിതത്തേയും മരണത്തേയും നേരിട്ടത്. മിക്ക ആളുകളെയും പോലെ മറ്റുള്ളവരുടെ പരിചരണത്തിൽ ദീർഘനാൾ കഴിയാൻ ആഗ്രഹിച്ചില്ല. ശരീരം ചുക്കി ചുളിഞ്ഞ് തീരെ അവശനായി മരണക്കിടക്കയിൽ കിടക്കാൻ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതു കൊണ്ടു തന്നെ വളരെ നാൾ ജീവിച്ചിരിക്കാനും. ഏറ്റവും പുതിയ കൃതൃമപ്പല്ലിന്റെ സെറ്റ് വായിൽ ഉണ്ടാവണമെന്ന് നിർബ്ബന്ധമായിരുന്നു. അവസാനം വരെ സാമ്പത്തിക കാര്യങ്ങൾ സ്വന്തമായി തന്നെ കൈകാര്യം ചെയ്തു. അച്ഛൻ ആഗ്രഹിച്ചത് പോലെ,ആശുപത്രിയിലാകുന്നത് വരെ എല്ലാ ജീവിതചര്യകളും സ്വയം ചെയ്തു പോന്നു.
മെഡിക്കൽ സയൻസിന്റെ ഇടപെടൽ മൂലം മനുഷ്യരുടെ ആയുർദൈർഘ്യം വർദ്ധിച്ചതും ജീവിതാന്ത്യപരിചരണം (End of life care) സമ്പൂർണ്ണമായും മെഡിക്കലൈസ് ചെയ്‌തതും അസ്തിത്വപരമായ വലിയ പ്രതിസന്ധി മനുഷ്യരിലുണ്ടാക്കിയിട്ടുണ്ട്. ഇതിനോട് മെഡിക്കൽ സയൻസ് തന്നെയുണ്ടാക്കിയിട്ടുള്ള നീക്കുപോക്കുകളാണ് പാലിയേറ്റീവ് (Palliative) മെഡിസിനും ജെറിയാട്രിക് (Geriatric) കെയറും മറ്റും. ഈ പ്രശ്നം പല സാമൂഹ്യവിമർശകരും ഉയർത്തിയിട്ടുണ്ടെങ്കിലും, പൊതു സമൂഹത്തിൽ കുറേശ്ശ, ഇതേ കുറിച്ചുള്ള അവബോധം വന്നു തുടങ്ങിയിട്ടേ ഉള്ളൂ.
പ്രായമായവർക്ക് മരണം ഒരു സ്വാഭാവിക സംഭവമാണെന്നിരിക്കെ, വീണ്ടും ആയുസ്സ് കൂട്ടാനുള്ള ശ്രമങ്ങളാണ് ആശുപത്രികളിൽ നടക്കുന്നത്. അവസാനകാലത്ത് പ്രായം ചെന്നവർ പ്രിയപ്പെട്ടവരിൽ നിന്ന് അകലത്തായിരിക്കുകയും കൃതൃമശ്വാസം പോലെ വിഫലമായേക്കാവുന്ന പല പ്രയാസമുള്ള ഇടപെടലുകൾക്കും വിധേയരാവുകയും ചെയ്യുന്നത് കഷ്ടമാണെന്ന് അതുൽ ഗവാന്റെ (Atul Gawande) എന്ന വൈദ്യശാസ്ത്രജ്ഞൻ, ബീയിങ് മോർട്ടൽ (Being Mortal) എന്ന പുസ്തകത്തിൽ പറയുന്നു. വാർദ്ധക്യത്തിലെത്തി മരിക്കുന്നവരുടെ സൗഖ്യത്തിനും സമാധാനത്തിനുമാണ് അവയവപരിചരണത്തേക്കാൾ പ്രാധാന്യം നൽകേണ്ടത്. എന്നാൽ, മനുഷ്യരെ പരമാവധി ജീവിപ്പിക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ടാണ് ആധുനിക ആശുപത്രികൾ പ്രവർത്തിക്കുന്നത്. അവരുടെ അവസാനകാല ജീവിതത്തിന്റെയും മരണത്തിന്റെയും അന്തസ്സിനും ഉന്മേഷത്തിനും വില നൽകുന്നില്ല. ഓരോ അവയവത്തേയും ശരീരത്തിലെ വിവിധ വ്യവസ്ഥകളേയും പരമാവധി പ്രവർത്തിപ്പിക്കാൻ നോക്കുകയാണ് മെഡിക്കൽ സയൻസ് ചെയ്യുന്നത്. മിക്ക പകർച്ചവ്യാധികളെയും പകരാവ്യാധികളെയും കാര്യക്ഷമമായി നേരിടുന്നതിനും ആയുർദൈർഘ്യം കൂട്ടുന്നതിനും ഇത് സഹായകമായിട്ടുണ്ട്. മനുഷ്യബന്ധങ്ങളേയും സാമൂഹ്യക്രമങ്ങളേയും, ഈ വളർച്ച സ്വാധീനിക്കുന്നു. അതെ സമയം പുതിയ ഉത്കണ്ഠകളുണ്ടാവുകയും ചെയ്യുന്നു. കുറേക്കൂടി ഊഷ്മളമായ പരിചരണം ലഭിക്കുന്ന ഹോസ്പിസുകൾ (hospice) ഇതിനുള്ള പരിഹാരമെന്ന നിലക്ക് പല സ്ഥലങ്ങളിലുമുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലെ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ഇത് പോലെ കൂടുതൽ സേവനങ്ങൾ നടത്താൻ പ്രാപ്തമാക്കുന്ന തരത്തിൽ വികസിപ്പിക്കാവുന്നതാണ്.
എന്നാൽ, ചില സമയത്ത് മെഡിക്കൽ ഇടപെടലുകൾ വളരെ ആവശ്യവുമായിരിക്കും. ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചും, അവർക്ക് കഴിയുന്നത്ര അറിവുകൾ നൽകിയും സ്വയം തീരുമാനമെടുക്കാനുള്ള അവസരം ഉണ്ടാവണം. മനുഷ്യർക്ക് അവരുടെ മേലും അടുത്ത പരിസരത്തിലുമുള്ള നിയന്ത്രണം കൈ വിട്ടു പോകുന്ന അവസ്ഥ കൂടിയാണ് ജീവിതാന്ത്യത്തിലുള്ളത്. ഇതിന് ഒരു തയാറെടുപ്പ് ആവശ്യമാണ്. കൂടുതൽ പേരും ജീവിതാന്ത്യപരിചരണത്തിന് കൃത്രിമോപകരണങ്ങളുടെ സഹായം ഇഷ്ടപ്പെടുന്നവരല്ല. അവരവർക്ക് സൗകര്യമെന്നു തോന്നുന്ന ദിവസം പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ ഇന്റെർവെൻഷനുകൾ നിർത്തി വച്ച് മരണത്തെ സ്വയം വരിക്കുന്ന അവസ്ഥയിലേക്ക് പോലും ഇപ്പോൾ ആളുകൾ എത്തി ചേരുന്നുണ്ട്. അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനും ന്യൂറോസർജ്ജനുമായിരുന്ന ഡോ. പോൾ കലാനിധി, ക്യാൻസർ രോഗത്തിന്റെ കെടുതികൾ മൂലം അവസാനം ഇതേ പോലെ സമാധാനമായി വീട്ടിൽ വച്ച് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സ്വന്തം തീരുമാനപ്രകാരം ജീവിതം അവസാനിപ്പിച്ചു . “വെൻ ബ്രെത് ബികംസ് എയർ” (When Breath Becomes Air) എന്ന തന്റെ ആത്മകഥയിൽ ഇതിന്റെ വിവരണമുണ്ട്. മരണശേഷം അദ്ദേഹത്തിന്റെ ജീവിതപങ്കാളിയാണ് പുസ്തകം എഴുതി തീർത്തത്.
എന്നാൽ, ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല എന്ന് കരുതുന്നവരുമുണ്ടാകും. ഇതേ കുറിച്ച് സംസാരിക്കുക എന്നത് തന്നെ നമ്മുടെ സംസ്കാരത്തിൽ വരേണ്ട മാറ്റമാണ്. ആശുപത്രിയിൽ മരിക്കാൻ കിടക്കുന്ന രോഗികളിൽ നിന്നും മരണ കാര്യം മറച്ചു വക്കുന്നതിനെ പറ്റിയും അതിനെ കുറിച്ച് ബോദ്ധ്യമുള്ള ആളുകൾക്ക് എങ്ങനെ അത് സമാധാനപരമായി മരിക്കാൻ സഹായകമാകുന്നു എന്നുമൊക്കെയുള്ള സ്‌ട്രോസി (Strauss) ന്റേയും ഗ്ലേസറി (Glacer) ന്റേയും പഠനം പുറത്തു വന്നത് 1965 ലാണ്. അവയർനെസ്സ് ഓഫ് ഡയിങ് (Awareness of Dying) എന്ന പേരിൽ ഇറങ്ങിയ ആ പുസ്തകം പഠന രീതിയിൽ തന്നെ ഒരു പുതിയ വഴി തുറന്നു. മരണത്തെ കുറിച്ച് സംസാരിക്കുകയും, രോഗികളോട് തുറന്നു പറയുകയും ചെയ്യുക ഇപ്പോൾ വൈദ്യശാസ്ത്ര നൈതികതയുടെ ഭാഗമായി മാറി.
ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ അച്ഛൻ ഇന്റൻസീവ് കെയർ യൂനിറ്റിലായിരുന്നു. വെന്റിലേറ്ററിന്റെ ഉപയോഗവും മറ്റും അച്ഛനെ അസ്വസ്ഥപ്പെടുത്തിയതായി കണ്ടില്ല. കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനെതിരെ അച്ഛൻ വൈകാരികത ഒന്നും പ്രകടിപ്പിക്കുന്നതായി ഒരിക്കലും കണ്ടിട്ടില്ല. ഉള്ളിൽ നിന്നും ഡോക്ടർമാർ കഫവും മറ്റും വലിച്ചെടുത്തു എന്നും അത് നല്ല ആശ്വാസം നൽകി എന്നും അച്ഛൻ എന്നോട് പറഞ്ഞു. ബാങ്കിൽ നിന്നും ആവശ്യത്തിനുള്ള പണം എടുക്കുന്നതു പോലെയുള്ള പ്രായോഗിക കാര്യങ്ങൾ സംസാരിച്ചു. അന്ന് കനി, ഫ്രാൻസിൽ പഠിക്കുകയായിരുന്നു. പോകാൻ നേരം അവൾ അച്ഛനെ കെട്ടി പിടിച്ച് യാത്രയായതൊക്കെ ഞാനോർത്തു. ഇടക്ക് അവളെ ഫോൺ ചെയ്ത് അച്ഛന്റെ അവസ്ഥ അറിയിച്ചു. എന്നാൽ, അച്ഛൻ അതൊന്നും ഓർത്ത് വികാരം കൊള്ളുന്നത് കണ്ടില്ല. ജീവിതത്തിലും അമിതമായ വികാരപ്രകടനം അച്ഛനിൽ ഉണ്ടായി കണ്ടിട്ടില്ല. ശാരീരിക വേദന സഹിക്കുന്നതിനും വലിയ പ്രയാസം അച്ഛനില്ലായിരുന്നു. മനുഷ്യരുടെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ സ്വീകരിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കഴിയുന്നത്ര അച്ഛൻ പാലിച്ചു പോന്നു. എന്നാൽ, പ്രയോഗികബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒട്ടും കുറ്റബോധമില്ലാതെ നിരാകരിക്കുകയും ചെയ്തു. ആദ്യം ഹൃദ്രോഗമുണ്ടായ സമയത്ത് ഡോക്ടർമാർ രാവിലെ രണ്ട് ഇഡ്ഡലി മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. അച്ഛൻ മൂന്ന് ഇഡ്ഡലി കഴിക്കുകയും, ഡോക്ടർമാരും കുറച്ച് അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് ഒരു ന്യായീകരണം കണ്ടെത്തുകയും ചെയ്തു. അച്ഛനെ പോലെ ഒരാൾ മരിക്കുന്ന സമയത്ത് വീട്ടിലെ അന്തരീക്ഷം വേണമെന്നോ ചികിത്സയിൽ വിട്ടുവീഴ്ച വേണമെന്നോ ആഗ്രഹിക്കാനിടയില്ല. അച്ഛൻ ഐ.സി.യുവിൽ കിടക്കുന്ന സമയത്ത് തന്നെ എനിക്ക് പരിയാരത്തേക്ക് വരേണ്ടി വന്നു. ഞാൻ ഡ്യൂട്ടി ഉപേക്ഷിച്ച് അവിടെ നിൽക്കണമെന്നൊന്നും ഒട്ടും അച്ഛൻ ആഗ്രഹിക്കുകയില്ല. ഞാൻ തിരികെ വന്നതിന്റെ പിറ്റേ ദിവസം തന്നെ അച്ഛനെ റൂമിലേക്ക് മാറ്റി. രാത്രി ടെലിവിഷനിൽ ന്യൂസ് കണ്ടതിനു ശേഷം ഉറങ്ങാൻ കിടന്നു. ഏതാനും മിനിറ്റുകൾക്കകം അനക്കമറ്റതായി കൂടെയുണ്ടായിരുന്ന എന്റെ അനിയത്തി മനസ്സിലാക്കി. അപ്പോൾ തന്നെ അവൾ എന്നെ വിളിച്ച് പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ താഴ്ന്നതായിരുന്നു പെട്ടെന്നുള്ള മരണ കാരണം. അർദ്ധരാത്രി തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇലക്ട്രിക് ശ്മശാനത്തിന്റെ കവാടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിൽ വിവേചനമില്ലാത്തതിനാൽ ഭൗതിക ശരീരത്തിൻറെ അന്തിമ വിലയത്തിലും ഞങ്ങൾ കൂടെയുണ്ടായി. അച്ഛന്റെ ജ്യേഷ്ഠൻറെ മകളായ ഇന്ദിര അക്ക എന്റെ കൂടെ ചേർന്ന് നിന്നു. അവരുടെ താഴെയുള്ള മൂന്നു സഹോദരങ്ങളും നേരത്തേ മരിച്ചു പോയിരുന്നു. ഞങ്ങളാണ് ഇപ്പോഴുള്ള സഹോദരങ്ങൾ എന്ന് അവർ വിശ്വസിക്കുന്നു.
സാധാരണ പറയാറുള്ളത് പോലെ തന്നെ പെൺകുട്ടിയായിരിക്കുന്ന സമയത്ത് അച്ഛനോടായിരുന്നു അമ്മയേക്കാൾ എനിക്ക് അടുപ്പം ഉണ്ടായിരുന്നത്. അടുക്കളയിലെ കരിയും പുകയും ഏറ്റ് എപ്പോഴും അസ്വസ്ഥയാകുന്ന അമ്മയെപ്പോലെയായിരുന്നില്ല സ്വസ്ഥമായി ഏതു സമയവും വർത്തമാനപത്രം വായിച്ച് കൊണ്ടിരുന്ന അച്ഛൻ. അച്ഛന്റെ വായന കണ്ട്, അദ്ധ്യാപകനായിരുന്നു എങ്കിലും, ആരെങ്കിലും അച്ഛനെന്താണ് ജോലിയെന്ന് ചോദിച്ചാൽ പത്രം വായന എന്ന് ഞാൻ മറുപടി പറഞ്ഞിരുന്നു. എപ്പോഴും ലാളിക്കാറില്ലെങ്കിലും, വല്ലപ്പോഴും മടിയിൽ കയറാൻ അവസരം ലഭിക്കുമ്പോൾ കുറ്റിരോമമുള്ള കവിളിൽ, എന്റെ കവിൾ ചേർത്ത് ഉരസുന്നതും സിഗററ്റിന്റെ മണവും എന്നെ ഹരം കൊള്ളിച്ചു. സിഗരറ്റ്, മൂക്കുപ്പൊടി, മുറുക്ക് എന്നിങ്ങനെ മൂന്നു തരത്തിലാണ് അച്ഛൻ പുകയില ഉപയോഗിച്ചിരുന്നത്. ഹൃദ്രോഗമുണ്ടായ അന്ന് മുതൽ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു. വളരെ അപൂർവ്വമായി മദ്യം വീട്ടിൽ വാങ്ങി കൊണ്ട് വന്ന് കഴിക്കുകയാണെങ്കിൽ എനിക്കും അതിന്റെ രുചി നോക്കാൻ തന്നു. ആരാണ് അച്ഛൻ? ജീവശാസ്ത്രപരമായി കുഞ്ഞിന് ജന്മം നൽകുന്ന ആളും അതെ സമയം സാമൂഹ്യമായി കുഞ്ഞിനെ ഒരു ഉത്തരവാദപ്പെട്ട പൗരയോ പൗരനോ ആക്കി മാറ്റുന്ന മുതിർന്ന ആളുമാണെന്ന് പറയാം. എന്നാൽ, ആധുനിക സമൂഹത്തിലും ആധുനിക പൂർവ്വ സമൂഹത്തിലും പല കല്പിതമായ അർത്ഥങ്ങൾ പേറുന്ന ബിംബമാണ് അച്ഛൻ എന്നത്. ഇതിനനുസരിച്ച് പല വേഷങ്ങളും കെട്ടിയാടാൻ വിധിക്കപ്പെട്ടവരാണ് അച്ഛന്മാർ. കുടുംബത്തിന്റെ പരമാധികാരിയായിരിക്കെ തന്നെ കുഞ്ഞുമായി ഇഴുകിച്ചേർന്നുള്ള ആത്മബന്ധത്തിൽ നിന്നും അച്ഛൻ അകറ്റപ്പെട്ടിരിക്കുന്നു എന്നത് വിരോധാഭാസമാണ്. പുരുഷാധിപത്യം നിലനിർത്തുന്നതിൽ ഒരു പ്രധാന റോൾ, ഈ പിതൃബിംബമാണ് വഹിച്ചിട്ടുള്ളത്. എന്നാൽ, മാതൃഭാവത്തിന് ലഭിച്ചിട്ടുള്ളത് പോലെ കുഞ്ഞുമായുള്ള ബന്ധത്തിന്റെ ആഴം പിതൃബന്ധത്തിനില്ല. അഭാവത്തിലൂടെയോ അകന്നു നിൽക്കുന്നതിലൂടെയോ ആണ് അച്ഛന്റെ അധികാരം നില നിർത്തപ്പെടുന്നത്. അമ്മമാർക്ക് കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനുള്ള വൈഭവം സ്വാഭാവികമെന്ന തരത്തിൽ ഉയർത്തി കാട്ടുമ്പോൾ സങ്കീർണ്ണമായും ആഴത്തിലും ബോധപൂർവ്വം വളർത്തിയെടുക്കേണ്ട അച്ഛനുമായുള്ള ബന്ധത്തെ നിശ്ശബ്ദതയിലൂടെ നിരാകരിക്കുന്ന സംസ്കാരമാണ് നിർമ്മിക്കപ്പെട്ടത്. ആൺകോയ്മാ സംസ്കാരത്തിനനുസൃതമായി വികസിച്ച മനോവിജ്ഞാനീയം ഈ ധാരണകളെ അതിൻറെ സങ്കൽപ്പനങ്ങളിലൂടെ ഉറപ്പിച്ചെടുത്തു. സിഗ്മണ്ട് ഫ്രോയ്ഡ് വികസിപ്പിച്ചെടുത്ത മനഃശാസ്ത്ര ചിന്താപദ്ധതിയിൽ വ്യക്തിവികാസത്തിൽ കുഞ്ഞിൻറെ വളർച്ചാ സമയത്ത് പ്രധാന പങ്ക് വഹിക്കുന്നത് പിതൃബിംബമാണ്. ഈഡിപ്പൽ പൂർവ്വ ഘട്ടത്തിലെ അച്ഛന്റെ അഭാവവും, അമ്മയുടെ അനിവാര്യതയും സൈക്കോ അനാലിസിസ് ഉറപ്പിച്ചെടുക്കുന്നു. കുഞ്ഞുമായി വിദൂരവും അമൂർത്തവുമായ ബന്ധം സ്ഥാപിച്ച് കൊണ്ട് വ്യക്തിപരമെന്നതിനേക്കാൾ വ്യവസ്ഥാപിതമായ പുരുഷമേധാവിത്വത്തിൽ "അച്ഛൻ' പങ്കാളിയാവുകയാണ്. ഫ്രോയ്ഡിന് ഇപ്പോൾ മനഃശാസ്ത്രത്തിൽ വലിയ സ്ഥാനം നല്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഈഡിപ്പൽ കാഴ്ച പുരുഷാധികാരം ഉറപ്പിച്ചെടുക്കുന്ന പുരുഷനോട്ടമായി ഇപ്പോഴും നില നിൽക്കുന്നു. പുനർ വിചിന്തനവും സംവാദങ്ങളും നടക്കേണ്ട മേഖലയാണിത്.
അച്ഛൻ എന്ന ബിംബത്തിന്റെ സാംസ്കാരികശക്തി വെളിപ്പെടുന്നത് "തന്തയില്ലായ്മ’യുടെ ആധിയിൽ കൂടിയാണ്. കുഞ്ഞിനെ വളർത്തുന്ന ഇടത്ത് കാര്യമായ പങ്ക് വഹിക്കുന്നില്ല എങ്കിലും അച്ഛൻ എന്ന ബിംബം വ്യക്തിയുടെ സ്വത്വം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് പേറുന്നു
അടുക്കളയിൽ നിന്നും മറ്റു ഗൃഹജോലികളിൽ നിന്നും അച്ഛൻ എപ്പോഴും "മാന്യ'മായ അകലം പാലിച്ചിരുന്നു. ആധുനികസങ്കൽപ്പത്തിനനുസരിച്ചുള്ള ഒരു അണുകുടുംബം കെട്ടിപ്പടുക്കുന്നതിനുള്ള അറിവ് പുസ്തകങ്ങളിലൂടെയും ജീവിത നിരീക്ഷണങ്ങളിലൂടെയും ആർജ്ജിച്ചെടുത്തു. അതേസമയം ധാർമ്മിക മൂല്യങ്ങൾക്കും അദ്ദേഹം വില നൽകി. പാരമ്പര്യത്തേക്കാൾ ആധുനിക മൂല്യങ്ങൾക്കാണ് മുൻതൂക്കം നൽകിയിരുന്നത്. വിവാഹം ചെയ്യുമ്പോൾ സ്ത്രീധനത്തിനല്ല, വധുവിന്റെ പഠിത്തത്തിനും ജോലിക്കുമാണ് സ്ഥാനം കൊടുത്തത്. കൂട്ടുകുടുംബത്തിലേക്ക് അമ്മയെ കൊണ്ട് വരുന്നതിനു പകരം, സ്വന്തമായി ഒരു വീട് പണിതതിനു ശേഷം മാത്രം വിവാഹം കഴിച്ചു. അമ്മയെ വീട്ടു ജോലിയിൽ സഹായിക്കാൻ എപ്പോഴും ആരെയെങ്കിലും ഏർപ്പെടുത്തി. കുഞ്ഞുങ്ങളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആഡംബരത്തെക്കാൾ പ്രാധാന്യം നൽകി. വസ്ത്രങ്ങൾക്കും ആഡംബരവസ്തുക്കൾക്കും മിതമായ പ്രാധാന്യമാണ് അച്ഛൻ നൽകിയിരുന്നത്. പോഷകാഹാരത്തെ കുറിച്ച് നല്ല ധാരണ ഉണ്ടാക്കുകയും അത് ഉറപ്പാക്കുകയും ചെയ്തു. മാംസ്യവും വിറ്റാമിനുകളുമുള്ള ആഹാരം തെരഞ്ഞെടുത്ത് ഞങ്ങൾക്ക് നൽകി. മീനും ഇറച്ചിയും മുട്ടയും പച്ചക്കറികളും പയറുകളും എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. കുട്ടികൾ തമ്മിലുള്ള പ്രായത്തിന്റെ അകലം, ആധുനിക കുടുംബ ക്ഷേമ സങ്കൽപ്പത്തിനനുസരിച്ച് തന്നെ പാലിച്ചു. ആദ്യത്തെ കുട്ടിയായ എനിക്ക് കിട്ടേണ്ട പരിചരണത്തെ കുറിച്ചുള്ള ബോദ്ധ്യത്തോടെ രണ്ടാമത്തെ കുട്ടിയുടെ ജനനം നീട്ടി വച്ചു. എന്നാൽ, ഒറ്റ കുട്ടിയായി വളരുന്നതിനേക്കാൾ ഒരു സഹോദരിയോ സഹോദരനോ ഉണ്ടാകുന്നതാണ് കുട്ടികളുടെ വളർച്ചക്ക് നല്ലതെന്ന മനഃശാസ്ത്ര നിർദ്ദേശങ്ങളും ഉൾക്കൊണ്ടു.
അച്ഛൻ എന്ന ബിംബത്തിന്റെ സാംസ്കാരികശക്തി വെളിപ്പെടുന്നത് "തന്തയില്ലായ്മ’യുടെ ആധിയിൽ കൂടിയാണ്. കുഞ്ഞിനെ വളർത്തുന്ന ഇടത്ത് കാര്യമായ പങ്ക് വഹിക്കുന്നില്ല എങ്കിലും അച്ഛൻ എന്ന ബിംബം വ്യക്തിയുടെ സ്വത്വം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് പേറുന്നു. അച്ഛൻ ആരെന്നറിയാത്ത കുട്ടികൾക്ക് സമൂഹം അപമാനവും വേദനയും വച്ചുനീട്ടുന്നു. പുരുഷാധിപത്യസമൂഹത്തിൽ ഇത് ആണിനാണ് കൂടുതൽ ബാധകമാകുന്നത്. സ്ത്രീകളുടെ സ്വത്വനിർമ്മിതി നിരന്തരം നീട്ടി വക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനാലും അവർ സ്വന്തം പുരുഷന്മാരിൽ തങ്ങളുടെ അഭിമാനം കണ്ടെത്തുന്നതിനാലും അവരെ താരതമ്യേന കുറവായാണ് ഇത് ബാധിച്ചു കാണാറുള്ളത്. മാത്രവുമല്ല, സ്ത്രീകൾക്ക് പൊതുവെ അപ്രാപ്യമായിരിക്കുന്ന പൊതു ഇടങ്ങളിലാണ് ഇത്തരം സംസാരങ്ങൾ നടക്കുന്നതും അത് വഴി വീണ്ടും പുരുഷാധിപത്യ മൂല്യങ്ങൾ ഉറപ്പിക്കപ്പെടുന്നതും. അച്ഛന്റെ ഭൗതികസാന്നിദ്ധ്യത്തെക്കുറിച്ചല്ല വേവലാതി ഉണ്ടാകുന്നത്. മറിച്ച് കലർപ്പില്ലാതെ അച്ഛന്റെ ജനിതകസാന്നിദ്ധ്യം ഉറപ്പിക്കുന്നിടത്താണ്. അച്ഛൻ അമേരിക്കയിൽ ജോലി ചെയ്യുകയാണെങ്കിൽ, കുട്ടിക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ആരും പറയുകയില്ല. എന്നാൽ, എത്ര പേർ വളർത്താനുണ്ടായാലും അച്ഛനാരെന്നറിയാത്ത കുട്ടിയാണെങ്കിൽ എല്ലാ ദോഷങ്ങളും ആ കുട്ടിയിൽ ആരോപിക്കപ്പെടും. കുട്ടിക്കാലത്ത് ഞങ്ങളോടൊപ്പം കളിക്കാൻ കൂടിയിരുന്ന ഒരു ആൺകുട്ടിക്ക് അവന്റെ അച്ഛനെ പറ്റി മറ്റുള്ളവർ ഗോസിപ്പ് ചെയ്ത അറിവ് മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന പഴികൾ മൂലവും, സ്‌കൂളിൽ കൊണ്ടു വരാൻ അച്ഛനില്ലാത്തതിനാലും അവൻ നിരന്തരം അപമാനിതനായി. ചിലപ്പോൾ വികാരങ്ങളുടെ നിയന്ത്രണം അവന് കൈമോശം വന്നു. കാരണമില്ലാതെ ദ്വേഷ്യപ്പെടുകയും മറ്റു കുട്ടികളോട് വഴക്കുണ്ടാക്കുകയും ചെയ്തു. അച്ഛനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയുടെ കുടുംബവുമായി അവൻ പതിയെ അടുത്തു. അയാൾ നാട് വിട്ടു പോയിരുന്നു എങ്കിലും ആ വീട്ടുകാർ അവനെയും സ്വന്തമായി കരുതി. അവന് ഏറെക്കുറെ സമാധാനം കൈ വന്നു.
അമ്മയും കുഞ്ഞും തമ്മിലുണ്ടാകുന്ന വിലക്കപ്പെടേണ്ടതും സ്വകാര്യവുമായ ബന്ധത്തിന് മീതെ സദാചാരപരവും സാമൂഹ്യവുമായ ഒരു സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന കർത്തവ്യമാണ് ഫ്രോയ്ഡിന്റെ മനഃശാസ്ത്രപ്രകാരം അച്ഛന് ചെയ്യാനുള്ളത്. മനഃസാക്ഷി ഉണ്ടാക്കി എടുത്ത് കൊണ്ട് കുഞ്ഞിനെ ഒരു ധാർമിക ജീവിയായി പരിണമിപ്പിക്കുന്നത് അച്ഛനാണെന്നതാണ് സങ്കൽപ്പം. അമ്മയുടെ അടുപ്പത്തിലൂടെയുള്ള പരിചരണം സ്വകാര്യവും സങ്കുചിതവുമായി വ്യാഖ്യാനിക്കുന്നു. സ്വകാര്യ-പൊതു ദ്വന്ദ്വവൽക്കരണത്തെ സ്ത്രീപക്ഷചിന്തകർക്ക് നിരാകരിക്കേണ്ടി വരുന്നത് തന്നെ ഈ വിഭജനത്തിലൂടെ പുരുഷമേധാവിത്വം ഉറപ്പിച്ചെടുക്കുന്നതു കൊണ്ടാണ്.
പുത്രന്മാരെ, പിതൃമേധാവിത്വപരവും ആൺ- പെൺ ബന്ധത്തിലടിസ്ഥാനപ്പെടുത്തിയതുമായ വ്യവസ്ഥയിലേക്ക് ആനയിക്കുന്നതോടൊപ്പം പുത്രിമാരുടെയും കുടുംബത്തിലെ മറ്റു സ്ത്രീകളുടെയും ലൈംഗികസദാചാരപരമായ അച്ചടക്കം കാത്ത് സൂക്ഷിക്കുക എന്നതും അച്ഛന്റെ കടമയാണ്. എന്റെ അച്ഛനെ പോലെയുള്ളവർ നേരിട്ടുള്ള നിയന്ത്രണമല്ല, വളരെ സൂക്ഷ്മമായ തരത്തിലാണ് അത്തരം അച്ചടക്കം ഏൽപ്പിച്ചിരുന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന തരത്തിലാവും മറ്റു പൊതുസ്ഥലങ്ങളിലെ ഇടപെടലുകൾ നിയന്ത്രിക്കുന്നത്. ഇത് തിരിച്ചറിയാൻ കുട്ടിക്കാലത്ത് പ്രയാസമാണ്. ഞങ്ങൾ, സ്ത്രീകളുടെ യാത്രകൾ അച്ഛന് വലിയ താത്പര്യമില്ലാതിരുന്നത് പുറത്തിറങ്ങുന്ന സ്ത്രീകളോടുള്ള മറ്റു പുരുഷന്മാരുടെ മനോഭാവവും പ്രവൃത്തിയും ആലോചിച്ചിട്ടാവണം. അത് തുറന്നു സംസാരിക്കാതിരിക്കുകയും സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു ഇടത്തിനായി പൊരുതുന്ന സ്ത്രീകളോടൊപ്പം നിൽക്കാതിരിക്കുകയും ചെയ്യുമ്പോൾ അത് പുരുഷന്മാരുമായുള്ള സൂക്ഷ്മമായ ഐക്യപ്പെടലാണ്. അത് തിരിച്ചറിയാൻ ഒരിക്കലും സ്നേഹപാത്രങ്ങളായ സ്ത്രീകൾക്ക് കഴിയില്ല. ഞാനും അത് തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെ ചിന്തിക്കുന്നത് തന്നെ പാപമാണെന്ന് നമ്മൾ കരുതും. ആൺ പെൺ ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾ, ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ തെല്ലു കുറ്റബോധത്തോടെ, ഞങ്ങൾ പുരുഷന്മാർക്കെതിരല്ല എന്ന് പറയുന്നത് ആണായ അച്ഛനുമായുള്ള ബന്ധം വളർച്ചയുടെ സമയത്ത് തന്നെ ആഴത്തിൽ വേരോടിയിട്ടുള്ളത് കൊണ്ടാണ്. നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട പുരുഷനും രൂപപ്പെട്ടിട്ടുള്ളത് പാട്രിയാർക്കൽ ബോധത്തിലൂടെയാണെന്ന തിരിച്ചറിവുണ്ടായാൽ മാത്രമേ വ്യവസ്ഥയെ മാറ്റാൻ കഴിയൂ. അതിൽ നിന്നും അവർക്ക് എത്രത്തോളം പുറത്ത് കടക്കാനായി എന്ന് നിരന്തരം നിരീക്ഷണം ചെയ്യേണ്ടതുണ്ട്. ആണത്ത അധികാരത്തിന്റെ ബാധ്യതകളിൽ നിന്ന് പുറത്ത് വരാൻ അവരെ സഹായിക്കാൻ സ്ത്രീകൾക്ക് വിമർശത്തിലൂടെ കഴിയും.
പിതൃത്വത്തിന്റെ സാമൂഹ്യമായ പങ്ക് പുനർനിർവ്വചിക്കേണ്ടതുമുണ്ട്. എന്നാൽ, ഇപ്പോൾ ആരോഗ്യശാസ്ത്രത്തിൽ ഉയർന്നു വരുന്ന അച്ഛന്റെ രക്ഷാകർതൃത്വത്തിലുള്ള പങ്ക് മിക്കവാറും പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്നവയാണ്.
കുഞ്ഞുങ്ങളുടെ വളർച്ചയിൽ അച്ഛനുള്ള പങ്ക് ഈ അടുത്ത കാലത്തായി ആരോഗ്യരംഗത്ത് ഉയർന്നു വന്നിട്ടുണ്ട്. പുരുഷമേധാവിത്വത്തോടുള്ള ഫെമിനിസ്റ്റ് വിമർശവും, സംസ്കാരത്തിൽ നിന്ന് മറക്കപ്പെട്ടിരുന്ന ഇതരലൈംഗികവിഭാഗങ്ങളുടെ ഉയർത്തെഴുന്നേൽപ്പും ഉണർത്തിയ പ്രതികരണം കൂടിയാവാം ഇത്. കോമാക് മക്കാർതി (Cormac McCarthy) യുടെ "ദ റോഡ്" (The Road) എന്ന നോവൽ അച്ഛന്റെ കരുതലും സ്നേഹവും അമ്മയുടേതിന് മീതെ പ്രതിഷ്ഠിക്കുന്നു. ഇതിലെ അച്ഛനെ അവതരിപ്പിച്ചിരിക്കുന്നത് പോസ്റ്റ് ഫെമിനിസ്റ്റ് മാതൃകയിലാണെന്ന് നിരൂപകർ പറയുന്നു. ദുരന്തഘട്ടത്തിൽ കുഞ്ഞിനോട് കരുതൽ കാണിക്കാതെ ആത്മഹത്യ ചെയ്യുന്ന അമ്മയെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. അതെ സമയം, അമ്മമാരിൽ നിന്ന് സാധാരണ പ്രതീക്ഷിക്കുന്ന കരുതലും കരുത്തും അച്ഛൻ പ്രകടമാക്കുകയാണ്. വരാനിരിക്കുന്ന കാലത്ത് പിതൃത്വത്തിനുള്ള പ്രാധാന്യം നോവൽ എടുത്ത് കാട്ടുന്നതായാണ് ചില വിമർശകർ കാണുന്നത്. എന്നാൽ, മാതൃത്വത്തിന്റെ അപര്യാപ്തതയും ഉപരിപ്ലവത്വവും വരച്ചു കാട്ടുകയും പരമ്പരാഗതമായ മാതൃസങ്കല്പത്തിൽ തന്നെ കൂപ്പു കുത്തുകയും സ്ത്രീകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് വഴി, സ്ത്രീവിരുദ്ധമായ ആഖ്യാനമായി ഫെമിനിസ്റ്റ് വിമർശകർ ഇത് വായിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ലിംഗഭേദത്തിനതീതമായ, നൂതനമായ സമാന്തരകുടുംബ മാതൃകയിൽ നിന്ന് ഏറെ ദൂരെയാണ് ഇതിലെ പിതൃമാതൃക എന്നും വിമർശകർ കാണുന്നു.
പിതൃത്വത്തിന്റെ സാമൂഹ്യമായ പങ്ക് പുനർനിർവ്വചിക്കേണ്ടതുമുണ്ട്. എന്നാൽ, ഇപ്പോൾ ആരോഗ്യശാസ്ത്രത്തിൽ ഉയർന്നു വരുന്ന അച്ഛന്റെ രക്ഷാകർതൃത്വത്തിലുള്ള പങ്ക് മിക്കവാറും പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്നവയാണ്. അച്ഛൻ കൂടെയില്ലാതെ വളരുന്ന കുട്ടികൾ അനാരോഗ്യകരമായ മനസ്സോടെയാണ് വളരുന്നതെന്ന കാഴ്ചപ്പാട് ആരോഗ്യമേഖലയിൽ ശക്തമായി നില നിൽക്കുന്നുണ്ട്. അവർ അക്രമകാരികളോ ചെറുപ്പത്തിലേ സെക്സിൽ ഏർപ്പെടുന്നവരോ, പഠിത്തത്തിൽ പിറകിലാകുന്നവരോ ഒക്കെ ആകാമെന്നാണ് ഇവരുടെ നിഗമനം. ആൺകുട്ടികൾക്ക് വളരാൻ, അച്ഛൻ റോൾ മോഡൽ ആയുണ്ടാകണമെന്നാണ് ഈ ചിന്താഗതി ഉള്ളവർ പറയുന്നത്. ഇത് പുരുഷാധിപത്യത്തെ ഉറപ്പിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? അമ്മമാരെ പോലെ തന്നെ അച്ഛന്മാർക്കും കുട്ടികളുടെ വളർച്ചയിൽ പങ്കുണ്ടെന്നത് പഴയ ചിന്തയിൽ നിന്ന് ഒരു മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, അമ്മമാരെ പോലെ തന്നെ അച്ഛനായിരിക്കുന്നതും ഒരു സത്താപരമായ (Essentialist) സവിശേഷതയായി കാണുമ്പോൾ അത് പരിവർത്തനോന്മുഖമായ, ഉത്തരവാദിത്വത്തോടെയുള്ള പുതിയ തലമുറബന്ധങ്ങളെ പിന്തുണക്കുന്നില്ല. ആണും പെണ്ണും ആയിരിക്കുന്നതിനാൽ അമ്മയ്ക്കും അച്ഛനും വ്യത്യസ്തമായ റോളുകളാണ് ഇവർ വിഭാവനം ചെയ്യുന്നത്. പക്ഷേ, ജീവശാസ്ത്രപരമായി അച്ഛനോ അമ്മയോ ആയിരിക്കുന്നവർ പോലും കുഞ്ഞുങ്ങളുടെ വളർച്ചക്ക് അനിവാര്യമല്ലെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്.
സ്ഥിരമായും കരുതലോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറുന്ന ഒരു മുതിർന്ന വ്യക്തി മാത്രമേ ഒരു കുട്ടിയുടെ വളർച്ചക്ക് ആവശ്യമുള്ളൂ. ഇത് കണക്കിലെടുത്ത് ‘പ്രാഥമിക രക്ഷിതാവ്’ (Primary Care Taker) എന്ന വാക്കാണ് അച്ഛനമ്മമാർ എന്നതിന് പകരം കുഞ്ഞുങ്ങളുടെ പരിചരണത്തിന്റെ പ്രകരണത്തിൽ ഇപ്പോൾ ഉപയോഗിക്കാറുള്ളത്. ഇത് ബയോളജിക്കൽ ആയ അമ്മയോ അച്ഛനോ, ലിംഗഭേദമില്ലാതെ വേറെ ഏതൊരു വ്യക്തിയോ ആകാം. എന്നാൽ, നിരന്തരം ശ്രദ്ധയും ശ്രമവും ആവശ്യമുള്ള ജോലിയായതു കൊണ്ട് ഒരു കുടുംബഘടനയിൽ ഒന്നിലധികം ആൾക്കാർ ഉണ്ടാവുന്നത് പ്രാഥമിക രക്ഷിതാവിന്റെ ഭാരം ലഘൂകരിക്കുകയും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ഈ കുടുംബഘടനയിൽ രക്തബന്ധത്തിൽ പെട്ടവർ തന്നെയാകണമെന്നോ വ്യത്യസ്ത ലിംഗ വിഭാഗത്തിൽ പെട്ടവർ ഉണ്ടാകണമെന്നോ നിർബ്ബന്ധമില്ല. ഈ കാഴ്ചപ്പാടിൽ, വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവർക്കോ ക്വിയർ വ്യക്തികൾക്കോ വിവാഹ മോചിതരായവർക്കോ ഒക്കെ ആരോഗ്യകരമായ രീതിയിൽ കുട്ടികളെ വളർത്തുന്നതിന് തടസ്സമില്ല. പലപ്പോഴും വിവാഹമോചിതരാകുന്നവർക്കും ക്വിയർ വ്യക്തികൾക്കും മറ്റും യാതൊരു പിന്തുണയും സമൂഹത്തിൽ നിന്നും സർക്കാരുകളിൽ നിന്നും ലഭിക്കാത്തതു മൂലമാണ് കുട്ടികളുടെ ജീവിതത്തിന് പ്രശ്‌നമുണ്ടാകുന്നത്. അതങ്ങനെ തിരിച്ചറിയുന്നതിനു പകരം, ‘മുതിർന്നവർ,’ നില നിൽക്കുന്ന സാമൂഹ്യ മാതൃകകളിൽ നിന്ന് വ്യതിചലിക്കുന്നതാണ് കാരണമെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചില പഠനങ്ങൾ ചെയ്യുന്നത്.
വിവാഹത്തിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. എന്നാൽ, ലൈംഗികസദാചാരമൂല്യങ്ങളുടെ കാര്യത്തിൽ ആധുനിക മലയാളിയുടെ മൂല്യബോധം തന്നെയാണ് അച്ഛൻ ഉൾക്കൊണ്ടിരുന്നത്.
പിതൃമേധാവിത്വത്തിന്റെ ബിംബവൽക്കരണത്തെ ഉടച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഞാനും അച്ഛനും ഒരുമിച്ച് ജീവിച്ചത്. അച്ഛൻ എന്ന സങ്കല്പം ദേശത്തിനും കാലത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. നമുക്കോരോരുത്തർക്കും അച്ഛൻ ഓരോരോ മൂർത്തീഭാവങ്ങളായിരിക്കും. എങ്കിലും നമ്മുടെ സംസ്കാരത്തിൽ പൊതുവായി വാഴുന്ന ഒരു പ്രതിരൂപമുണ്ട്. അത് കൽപ്പിച്ചു കൂട്ടുന്നതിലും അഴിച്ചു പണിയുന്നതിലും എല്ലാവരും കൂട്ട് ചേരുന്നു. നമ്മുടെ/സമൂഹത്തിന്റെ സങ്കല്പത്തിൽ കൂടിയാണ് അച്ഛൻ പിറക്കുകയും വളരുകയും ചെയ്യുന്നത്. സ്വന്തം അച്ഛൻ മരിച്ച ശേഷം ദീർഘകാലം ആ വേദനയിൽ ബോധം മറയുന്ന ഒരു കൂട്ടുകാരിയും എനിക്കുണ്ട്. ഒരിക്കലും അറിയാൻ കഴിയാത്ത അച്ഛനെ ജീവിതകാലം മുഴുവൻ തെരഞ്ഞു നടക്കുന്നവരുണ്ട്. ഒരു കടങ്കഥയായി അവരിൽ ശേഷിക്കാനുള്ള ശക്തി ഈ ബിംബത്തിനുണ്ട്. എങ്കിലും ഫെമിനിസങ്ങൾക്കും ക്വിയർ പ്രസ്ഥാനങ്ങൾക്കും ശേഷം അത് ഉടഞ്ഞു കൊണ്ടുമിരിക്കുന്നു.
അഞ്ചു വയസ്സിൽ അച്ഛൻ മരിച്ചു പോയതുകൊണ്ട്, മൂത്ത ജ്യേഷ്ഠനാണ് എന്റെ അച്ഛന് പിതൃതുല്യനായിരുന്നത്. വാത്സല്യം ചൊരിഞ്ഞു കൊണ്ട് എല്ലാ ആവശ്യങ്ങളും അദ്ദേഹം നിറവേറ്റി കൊടുത്തു എങ്കിലും ഏറെക്കുറെ സ്വതന്ത്രനായാണ് അച്ഛൻ വളർന്നത്. പക്ഷികളേയും മൃഗങ്ങളേയും കരുതിയിരുന്ന അമ്മയിൽ നിന്നും ധാർമ്മിക മൂല്യങ്ങളും അച്ഛൻ ഉൾക്കൊണ്ടിരുന്നു. മക്കളായ ഞങ്ങളുടെ തീരുമാനങ്ങളെ ഏറെക്കുറെ അംഗീകരിക്കാൻ അച്ഛന് കഴിഞ്ഞത് ഇങ്ങനെ ഒരു പശ്ചാത്തലമുണ്ടായത് കൊണ്ടായിരിക്കാം. വ്യക്തിപരമായ ഞങ്ങളുടെ ജീവിതത്തിൽ അച്ഛൻ ഒരിക്കലും ഇടപെട്ടില്ല. ആധുനികമായ മൂല്യങ്ങളായിരുന്നു മുന്നിട്ടു നിന്നിരുന്നത്. സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാനും അച്ഛൻ തയാറായിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളുമായും വികാരപരമായ അടുപ്പമൊന്നും കാത്തു സൂക്ഷിച്ചില്ല. അതേസമയം, അച്ഛന് ധാർമികമെന്നു തോന്നുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കുകയും ചെയ്തു. സ്ത്രീകൾ ഗാർഹിക പീഡനം അനുഭവിക്കേണ്ട യാതൊരു കാര്യവുമില്ലെന്നതിൽ അച്ഛന് യാതൊരു സംശയവുമില്ലായിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വിവാഹ മോചനം ഉടനെ ചെയ്തു കൊള്ളണമെന്നാണ് ബന്ധുക്കളായ സ്ത്രീകളോട് അച്ഛൻ നിർദ്ദേശിച്ചത്. കുട്ടിക്കാലം മുതൽ സ്വന്തമായി ജോലി ചെയ്ത് ഉപജീവനം നടത്തണമെന്ന് ഇടക്കിടെ എന്നെ വിളിച്ച് അച്ഛൻ പറയുമായിരുന്നു. സാമ്പത്തിക കാര്യങ്ങളിലും സ്ഥിരം ജോലി നേടുന്ന കാര്യത്തിലും ജീവിത രീതിയിലും ഞങ്ങൾ വ്യത്യസ്തത പുലർത്തി. വിവാഹത്തിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. എന്നാൽ, ലൈംഗികസദാചാരമൂല്യങ്ങളുടെ കാര്യത്തിൽ ആധുനിക മലയാളിയുടെ മൂല്യബോധം തന്നെയാണ് അച്ഛൻ ഉൾക്കൊണ്ടിരുന്നത്. ഏതൊരു ഗാഢബന്ധത്തിലും ഉണ്ടാകാവുന്ന പോലെയുള്ള ആത്മസംഘർഷം ഞങ്ങൾ തമ്മിലുണ്ടായിരുന്നത് ഈ കാര്യത്തിന്മേലായിരുന്നിരിക്കണം. എന്നാൽ, നേരിട്ടുള്ള ഒരു തർക്കത്തിലേക്കോ വാഗ്‌വാദത്തിലേക്കോ ഒരിക്കലും ഞങ്ങൾ പോയിട്ടില്ല. സ്വന്തം മക്കളായാൽ പോലും മറുപക്ഷത്തുള്ള ആളിന്റെ തീരുമാനങ്ങളെ ഉൾക്കൊള്ളുന്നതിന് അച്ഛൻ മടി കാണിച്ചില്ല. വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നത് തെറ്റാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ, നാട്ടിൽ നില നിൽക്കുന്ന ബോധത്തിൽ നിന്ന് വ്യതിചലിക്കാനുള്ള ഒരു പദ്ധതി അച്ഛനുണ്ടായിരുന്നില്ലല്ലോ. ചെയ്യുന്നത് പോകട്ടെ, വർഷങ്ങൾക്ക് ശേഷവും വീണ്ടും വീണ്ടും ഇക്കാര്യം മാദ്ധ്യമങ്ങളിലൂടെ ആവർത്തിക്കേണ്ട കാര്യമെന്താണെന്ന് അച്ഛൻ സൗമ്യതയോടെ ചോദിച്ചിട്ടുണ്ട്. അതേ പോലെയുള്ള മറ്റു ചില സന്ദർഭങ്ങളും ഞാനോർക്കുന്നു. ഒന്ന്, ഒരുമിച്ച് ജീവിച്ചു തുടങ്ങുന്നതിനു മുൻപ് ഞാനും മൈത്രേയനും ഒരു കുടക്കീഴിൽ നാട്ടിൽ കൂടി നടന്നത്. മറ്റൊന്ന്, ആൺ സുഹൃത്തുക്കളോടൊപ്പം വീടിനടുത്ത് നടക്കാൻ പോകുന്നത്. ഇക്കാര്യങ്ങളൊന്നും തന്നെ അച്ഛനെ ബാധിക്കുന്നതായിരുന്നില്ല. നാട്ടുകാരുടെ കമന്റുകൾ മാത്രമാണ് പ്രശ്‌നമാകുന്നത്. താരതമ്യേന സ്വതന്ത്രമായി ജീവിക്കുന്ന ഒരു വ്യക്തിയെ പോലും സമൂഹം എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് നമ്മൾ അതിശയിക്കും. ഏറ്റവും പ്രിയപ്പെട്ടവർക്ക് വേദന ഉണ്ടാക്കുമ്പോഴും, നമുക്ക് ബോദ്ധ്യങ്ങൾ കൈ വിടാനാകില്ലല്ലോ. ജീവിതം പങ്കുവക്കുന്നിടത്ത് എത്രത്തോളം വിട്ടുവീഴ്ചകൾ സാദ്ധ്യമാണ്? പരസ്‌പരം അംഗീകരിക്കുന്ന മനസ്ഥിതി ഉള്ളിടത്ത് അധികം വേദനിക്കാതെയും വേദനിപ്പിക്കാതെയും ബന്ധത്തിന്റെ കെട്ടു പിണച്ചിലുകൾ അഴിച്ചെടുക്കാം. മരണത്തിന്റെ വേർപാട് പോലെ തന്നെ ജീവിച്ചിരിക്കുമ്പോഴും നമ്മൾ പല തവണ ബന്ധത്തിന്റെ കെട്ടുകൾ അഴിച്ച് വേർ പിരിഞ്ഞു കൊണ്ടിരിക്കുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.