ഡോ. എ.കെ. ജയശ്രീ

രതിരഥയാത്രകൾ

എഴുകോൺ- 43

ശ്രുതി മുതലാം തുരഗം തൊടുത്തൊരാത്മ പ്രതിമയെഴും കരണ പ്രവീണനാളും രതിരഥമേറിയഹന്ത രമ്യരൂപം പ്രതി പുറമേ പെരുമാറിടുന്നജസ്രം

(കർണം പോലെയുള്ള ഇന്ദ്രിയങ്ങൾ കുതിരകളായി, ബോധമാർന്ന അന്തഃകരണം തേരാളിയായി, മോഹമാകുന്ന തേരിലേറി അഹന്ത പ്രിയരൂപങ്ങൾ തേടി സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു- ആത്മോപദേശ ശതകം - നാരായണ ഗുരു)

പ്പോഴും കുതിരയെ പോലെ പായാൻ ഒരുമ്പെട്ടുനിൽക്കുന്ന താനുടൽ. സഞ്ചരിക്കാനുള്ള ത്വര അതിനെപ്പോഴുമുണ്ടെങ്കിലും ദൈനംദിന വ്യവഹാരങ്ങൾ അതിലേക്ക് കെട്ടിയിടും. കുട്ടിയായിരിക്കുമ്പോൾ പാഠങ്ങളും ഹോം വർക്കും പരീക്ഷകളുമാണ് ദൈനംദിന വ്യവഹാരം. സ്‌കൂളിൽ ഹാജർ വിളി, പ്രാർത്ഥന, പ്രതിജ്ഞ ചൊല്ലൽ, ബെല്ലടി കൊണ്ട് അളന്നു മുറിച്ച ക്ളാസ് പീരിയഡുകൾ എന്നിവ. ഇതിനിടയിലും നമ്മൾ അഭിലാഷങ്ങളിലൂടെ സഞ്ചരിക്കാനുള്ള സമയം നെടുകേ പിളർന്നെടുക്കും. അഞ്ചു മിനിറ്റ് ഇന്റർവെൽ സമയത്ത് ഇടവഴികളും കയ്യാലകളും ഓടി കടന്ന് പുളിമരച്ചോട്ടിലെത്തും. അടുത്തുള്ള കിണറിൽ നിന്ന് കൂട്ടുകാർ കോരിയെടുത്ത് കൈക്കുമ്പിളിലേക്കൊഴിച്ചു തരുന്ന വെള്ളത്താൽ ദാഹം ശമിപ്പിക്കും. വീണ്ടും ദാഹിച്ചു കൊണ്ടേയിരിക്കും. വൈകുന്നേരം തിരിച്ചു വീട്ടിലെത്തിയാൽ കൃത്യമായി ചെയ്യുന്ന ഹോം വർക്കിനെക്കാൾ വേഗത്തിൽ മനോരഥം സഞ്ചരിക്കും. പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും പലവിധ പൊലിമകൾ. ചിലരിൽ മോഹം ഉടക്കി നിൽക്കും. ഉടുപ്പുകളിലെ ചില ഡിസൈനുകൾ, ഇടംപല്ലുകൾ, മെലിഞ്ഞുണങ്ങിയ ദേഹം, കുറ്റിത്തലമുടി, തലയിൽ ചൂടിയ റോസാപ്പൂ, ഇങ്ങനെ എന്തും മോഹിച്ച് മറ്റൊരാളിലേക്ക് മനസ്സ് ചേർത്തു വക്കും.

യഥാർത്ഥത്തിൽ ഞാൻ തലയിൽ പൂ ചൂടുന്നതും മുലകൾ വളരുന്നതും അക്കാലത്ത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഇറോട്ടിക് താത്പര്യങ്ങളിലും, ഈ വൈരുദ്ധ്യം ഉണ്ടാകാറുണ്ട്.

ഫാന്റസികളിലൂടെ എത്ര ദൂരം വേണമെങ്കിലും, എത്രസമയം വേണമെങ്കിലും സഞ്ചരിക്കാം. യഥാർത്ഥത്തിൽ, ചെയ്യാനിഷ്ടപ്പെടാത്ത പലതും ഫാന്റസികളിലൂടെ സങ്കൽപ്പിക്കാൻ എനിക്കിഷ്ടമായിരുന്നു. മെലിഞ്ഞ കുട്ടിശരീരത്തെ ഞാൻ അഭ്രപാളികളിലെ രാഗിണിയെ പോലെയോ കെ. ആർ.വിജയയെ പോലെയോ സങ്കൽപ്പിച്ചു. സ്‌കൂളിലെ കുട്ടികളുടെ ശരീരത്തിലെ പല ഭാഗങ്ങൾ ചേർത്ത് പുതിയ ഒന്നുണ്ടാക്കി. ക്രോപ്പ് ചെയ്ത മുടി അരക്കൊപ്പം നീണ്ടതായി സങ്കൽപ്പിച്ചു. അതിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കറുപ്പും പച്ചയും നിറമുള്ള പൂക്കൾ ചൂടി. പക്ഷെ, യഥാർത്ഥത്തിൽ ഞാൻ തലയിൽ പൂ ചൂടുന്നതും മുലകൾ വളരുന്നതും അക്കാലത്ത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഇറോട്ടിക് താത്പര്യങ്ങളിലും, ഈ വൈരുദ്ധ്യം ഉണ്ടാകാറുണ്ട്. പൗരുഷത്തിന്റെ അതിരുകടക്കൽ, ഫാന്റസിയിലോ അപൂർവമായ ഒരു യഥാർത്ഥ നിമിഷത്തിലോ ചിലപ്പോൾ സ്ത്രീകൾ ഇഷ്ടപ്പെട്ടേക്കാം. പക്ഷെ, അതൊരു സ്ഥിരം കലാപരിപാടിയാക്കാൻ, മസോക്കിസ്റ്റ് താൽപര്യമുള്ളവർ ഒഴിച്ച് സ്ത്രീകൾ ഒരിക്കലും ഇഷ്ടപ്പെടുകയില്ല. അത് തന്നെയും സ്ഥിരമായ താത്പര്യം ആകണമെന്നില്ല.

സ്കൂൾ കാലഘട്ടത്തിലെ ചിത്രം

മനോരഥങ്ങളിൽ കയറി എത്ര സഞ്ചരിച്ചാലും തിരികെ എത്തുന്നത് തന്നിലേക്കുതന്നെയാണ്. ഉടൽ വളരുന്നതിനോടൊപ്പം, അഹന്തയും ഉറഞ്ഞുകൂടുന്നു. ഉറച്ചിരിക്കുന്നതു പോലെ തന്നെ അവിടെനിന്ന് ഇളകി മാറാനുള്ള ത്വരയും നമുക്ക് സഹജമായി തന്നെയുണ്ട്. അഭിലാഷങ്ങൾ മറ്റുള്ളവയിലേക്കും മറ്റുള്ളവരിലേക്കും കൊണ്ടുപോകും. തിരികെ വരുമ്പോൾ അവിടെ നിന്ന് എന്തെങ്കിലും കൂടെ കൊണ്ടുപോരും. അവ ബാഹ്യമായോ ആന്തരികമായോ അലങ്കാരമായി നമ്മളോട് ചേർന്നിരിക്കും. എന്റെ ചെറുപ്പകാലത്ത് സിനിമക്കുപോയി വന്ന ശേഷം യുവതികൾ നായികമാരുടെ സംഭാഷണശൈലി സ്വന്തമാക്കിയിരുന്നു. അവർ താടിയും കണ്ണുകളും അരക്കെട്ടും പ്രത്യേക താളത്തിൽ ചലിപ്പിക്കുകയും ചെയ്തു.

കണ്ണാടിയിൽ നോക്കി ദിവസവും നമ്മൾ രൂപം ഉറപ്പിച്ചെടുക്കുമല്ലോ. കണ്ണടച്ച് അകക്കാമ്പും മിനുക്കി വെക്കാറുണ്ട്. കണ്ണാടിയിൽ നോക്കാത്തവർ ചങ്ങാതിമാരിലൂടെയും കണ്ണടച്ചും സ്വയം ഉറപ്പിക്കുന്നു. കണ്ണാടിയിൽ നോക്കാത്ത എന്റെ ഒരു കൂട്ടുകാരി, രോഗബാധയുടെ ഫലമായി മുഖത്തുണ്ടായ തടിപ്പും നിറ വ്യത്യാസവും, മറ്റു കൂട്ടുകാരികൾ പറഞ്ഞാണ് തിരിച്ചറിഞ്ഞത്. ഏതു വിധത്തിലായാലും നമുക്ക് നമ്മളെ പറ്റി ഒരു ഉറപ്പുണ്ട്. സഞ്ചാരങ്ങളിലൂടെ അത് ചിലപ്പോഴെങ്കിലും ഇളകുകയും വീണ്ടും ഉറയ്ക്കുകയും ചെയ്യുന്നു. ഉറയ്ക്കലും ഇളകലും ചേർത്തുകൊണ്ടുപോകുന്ന കലയായി ജീവിതത്തെ കാണാം. പരിചിതമല്ലാത്തതിനെ കൂടി ഉൾക്കൊള്ളാനുള്ള വഴക്കം ഉണ്ടാക്കി എടുത്താൽ അത് കൂടുതൽ സുന്ദരമാകും.

കുഴിയാനകളുടെ ചെറുതും വലുതുമായ മൺകുഴികൾ. കുഴിയുടെ വലുപ്പത്തിനനുസരിച്ച് ആനകളുടെ വലുപ്പത്തിനും വ്യത്യാസമുണ്ടാകും. മണൽ മെത്ത വിരിച്ച്, പിറകോട്ട് നടക്കുന്ന ഈ കുഴിയാനകളെ പിടിച്ച് ഭൂപടം വരപ്പിക്കുക എന്ന ക്രൂരകൃത്യം ചെയ്യാൻ ഞാനും കൂട്ടുകാരോടൊപ്പം ചേർന്നിരുന്നു.

അതിരുകൾ കടന്ന് ദേശങ്ങളിലേക്കോ മറ്റുള്ളവരുടെ ഉള്ളിലേക്കോ യാത്ര ചെയ്യുമ്പോൾ നമുക്ക് മാറ്റമുണ്ടാകുന്നു. യാത്രകൾ ഞാൻ പ്ലാൻ ചെയ്യാറില്ല. അതിനായി തയാറായിരിക്കുക മാത്രം ചെയ്യുന്നു. എപ്പോഴും യാത്രക്ക് പോകാൻ ഒരു ബാഗ് ഒരുക്കി വെക്കുന്നതുപോലെ, നിനച്ചിരിക്കാതെ പടിവാതിലിലെത്തുന്ന അതിഥിക്കായി ഒരു പുഞ്ചിരി കരുതിവെക്കും പോലെ നമ്മൾ പ്രതീക്ഷിച്ചിരിക്കണം. പ്രണയത്തിൽ മുങ്ങിക്കുളിക്കുമ്പോഴും, അപരിചിതമായ സ്ഥലങ്ങളിൽ എത്തിപ്പെടുമ്പോഴും മറ്റു പല അനുഭവങ്ങളിലൂടെയും നമ്മുടെ കട്ടിപിടിച്ച പുറന്തോട് ഇളകി മാറുന്നു. ചെറുപ്പത്തിലെ ഊഞ്ഞാൽ അനുഭവം എനിക്ക് അത്തരത്തിൽ ഒന്നായിരുന്നു. ഓണത്തിന് പേരിനു മാത്രമായി വീട്ടിൽ കെട്ടുന്ന ചെറിയ ഊഞ്ഞാൽ എനിക്ക് താൽപര്യമില്ലായിരുന്നു. നാട്ടിലുള്ള കുട്ടികളും ചെറുപ്പക്കാരുമെല്ലാം ഒത്തുചേരുന്ന കളിസ്ഥലത്ത് വലിയ തട്ടൂഞ്ഞാൽ കെട്ടിയിരുന്നു. അതിൽ ആദ്യമൊക്കെ ഒറ്റക്ക് കയറാൻ ഭയമാകും. ആടുന്നത് പോലെ തന്നെ മറ്റുള്ളവരെ ആട്ടുന്നതിലും രസമുണ്ട്. ഊഞ്ഞാൽ തള്ളി മുന്നോട്ടു കൊണ്ടുപോയി ആകാശത്തേക്ക് വലിച്ചെറിയുന്നതിന് ഉണ്ടയിടുക എന്നാണ് ഞങ്ങളുടെ നാട്ടിൽ പറഞ്ഞിരുന്നത്. പെൺകുട്ടികളേക്കാൾ, കരുത്തുള്ള ആൺകുട്ടികളുടെ പരുപരുത്ത കൈകളാണ് കൂടുതൽ ഉയരത്തിലേക്കെത്തിക്കുന്നത്. മുന്നോട്ട് ആയത്തിൽ കൊണ്ടുപോകുമ്പോൾ ഭയമുണ്ടാകുമെങ്കിലും അതാസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

പ്രണയത്തിൽ മുങ്ങിക്കുളിക്കുമ്പോഴും, അപരിചിതമായ സ്ഥലങ്ങളിൽ എത്തിപ്പെടുമ്പോഴും മറ്റു പല അനുഭവങ്ങളിലൂടെയും നമ്മുടെ കട്ടിപിടിച്ച പുറന്തോട് ഇളകി മാറുന്നു. ചെറുപ്പത്തിലെ ഊഞ്ഞാൽ അനുഭവം എനിക്ക് അത്തരത്തിൽ ഒന്നായിരുന്നു / Photo: Muhammed Fasil

മുകളിലെത്തുമ്പോഴേക്കും അടിവയറ്റിലേക്ക് ഭയം ഇരച്ചുകയറുകയും, തിരികെ വരുമ്പോൾ ഉള്ളിൽ ശൂന്യതയുടെ കുളിര് വന്നു നിറയുകയും ചെയ്യും. ആകാശവും കൂടെ പോന്നോ എന്നുതോന്നിപ്പോകും. ചിലപ്പോൾ കുട്ടികൾ ഭയം കൊണ്ട് നില വിളിക്കുമെങ്കിലും അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റേയും ചാഞ്ചാട്ടം പതിയെ നമ്മൾ ആസ്വദിച്ച് തുടങ്ങും. രണ്ടുവർഷം മുൻപ് സൗത്ത് ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി ക്രൂയ്സ് കപ്പലിൽ കടലിനുള്ളിലേക്ക് നടത്തിയ വിനോദയാത്രയും ഏതാണ്ടിതേ അനുഭവമാണ് നൽകിയത്. പ്രായം ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല. തിരമാലക്കൊപ്പം ഉയർന്നുപൊങ്ങുകയും ചരിഞ്ഞ് താഴുകയും ചെയ്യുന്ന കപ്പലിൽ എല്ലാവരും ഒരുമിച്ച് മാറിമാറി നിലവിളിക്കുകയും നിശ്വസിക്കുകയും ചെയ്യുമ്പോഴും, ഇതേപോലെ ഭയത്തിൽ നിന്ന് പിറക്കുന്ന ആഹ്‌ളാദമാണ് അനുഭവിച്ചത്. ജീവൻ തന്നെ അനിശ്ചിതത്വത്തിലാകുന്ന നിമിഷം, ചുറ്റുമുള്ളതിനെയെല്ലാം ചേർത്തു പിടിക്കാനുള്ള പ്രേരണയുമുണ്ടാക്കുന്നു. ആട്ടവും സഞ്ചാരവും നൽകുന്ന ചലനം ചിന്തയുടെ വേഗത കൂട്ടുകയും ചെയ്യും. ഊഞ്ഞാലുകളും ബസ് യാത്രയും ട്രെയിനും പ്ലെയിനും എല്ലാം എനിക്ക് ഭാവനയും ചിന്തയും പിറക്കുന്ന ഇടങ്ങളാണ്.

നമ്മുടെ നാട്ടിൽ പെൺകുട്ടികൾ കൈകൾ കോർത്ത് പിടിക്കുന്നതിൽ ആരും മുൻപ് അപാകതകൾ കണ്ടിരുന്നില്ല. ഇപ്പോൾ ആരിഫയും ഞാനും കൈ പിടിച്ചു നടക്കുമ്പോൾ ആളുകൾ സംശയത്തോടെ നോക്കുന്നു.

എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, കുട്ടിക്കാലത്ത് നമുക്ക് അധികം സഞ്ചരിക്കേണ്ടതില്ല. പ്രകൃതിയും ഋതുക്കളും പതുങ്ങിയും ചിലപ്പോൾ തുള്ളിച്ചാടിയും നമ്മുടെ അടുത്തേക്ക് ഓടിയെത്തുകയാണ്. വെള്ളപ്പട്ട് തൂവാലക്കീറുകൾ ഒഴുകി നടക്കുന്ന നീലാകാശവും പച്ച പടരുന്ന പാടങ്ങളും പുൽപ്പരപ്പുകളും, പല ഭാവങ്ങൾ പേറി വരുന്ന കാറ്റും വെയിലിന്റെ നിറഭേദങ്ങളും പുതിയ ഉടുപ്പുകൾ അണിഞ്ഞ് വരുന്ന പൂമ്പാറ്റകളും എണ്ണിയാലും എണ്ണിയാലും തീരാത്ത തരം നിറമുള്ള പൂക്കളും കിളികളും നമുക്ക് ചുറ്റുമുള്ളപ്പോൾ യാത്രയെന്തിന്? വൈകുന്നേരവും രാവിലെയും ഉച്ചക്കും ഇട നേരങ്ങളിലും എല്ലാം ഇവ ഉണർത്തുന്നത് വിവിധ ഭാവങ്ങളാണ്. പറമ്പിന്റെയും പാതയുടേയും കുറ്റിക്കാടുകളുടെയും കാവുകളുടേയും തോട്ടങ്ങളുടേയും മൂലകളെല്ലാം ഓരോരോ ചെറുജൈവ ലോകങ്ങളാണ്. തെരഞ്ഞുപോയാൽ ഒരുപാട് ചെറു ലോകങ്ങൾ കണ്ടെത്താൻ കഴിയും. കുഴിയാനകളുടെ ചെറുതും വലുതുമായ മൺകുഴികൾ. കുഴിയുടെ വലുപ്പത്തിനനുസരിച്ച് ആനകളുടെ വലുപ്പത്തിനും വ്യത്യാസമുണ്ടാകും. മണൽ മെത്ത വിരിച്ച്, പിറകോട്ട് നടക്കുന്ന ഈ കുഴിയാനകളെ പിടിച്ച് ഭൂപടം വരപ്പിക്കുക എന്ന ക്രൂരകൃത്യം ചെയ്യാൻ ഞാനും കൂട്ടുകാരോടൊപ്പം ചേർന്നിരുന്നു. ദൈവത്തിന് എണ്ണയും പാലും കൊണ്ട് പോകുന്ന ചുവപ്പും കറുപ്പും വരകളുള്ള തിളങ്ങുന്ന പുഴുവിന് ബഹുമാനത്തോടെ ഞങ്ങൾ വഴി മാറി കൊടുക്കുകയും ചെയ്തു. മോഹനയും പത്മജയും സുധർമ്മയും ഞാനും തമ്മിൽ, കളികൾ തീരുമ്പോഴും അമ്മയുടെ വിളി കാതിൽ വീഴുമ്പോഴും മാത്രം വേർ പിരിഞ്ഞു. അത് വരെ കൈകൾ കോർത്തു പിടിച്ചു. നമ്മുടെ നാട്ടിൽ പെൺകുട്ടികൾ കൈകൾ കോർത്ത് പിടിക്കുന്നതിൽ ആരും മുൻപ് അപാകതകൾ കണ്ടിരുന്നില്ല. ഇപ്പോൾ ആരിഫയും ഞാനും കൈ പിടിച്ചു നടക്കുമ്പോൾ ആളുകൾ സംശയത്തോടെ നോക്കുന്നു.

കൂട്ടുകാർ കൂടെയില്ലാത്തപ്പോൾ കരിയില മണമുള്ള മണ്ണിനോടും മരങ്ങളോടും ഒപ്പം ചേർന്ന് കിടക്കാനായിരുന്നു എനിക്കിഷ്ടം. ആ സമയം പൗരാണികവും വന്യവുമായ ആസക്തികൾ വന്നു നിറയും. വട്ടമരത്തിന്റേയും വേലിക്കലുള്ള കടലാവണക്കിന്റെയും ഇലകൾക്ക് മനുഷ്യമുഖങ്ങളുമായി സാദൃശ്യം ഞാൻ കണ്ടു പിടിച്ചു. കുഞ്ഞുങ്ങളാകുന്ന തളിരിലകൾ മുതൽ ചുളിവുകളും കുഴിഞ്ഞ കണ്ണുകളുമുള്ള വൃദ്ധരെ വരെ ഞാൻ ആ തലയാട്ടുന്ന ഇലകളിൽ കണ്ടു. വിഷാദവും ആലസ്യവും സന്തോഷവും പേറുന്ന മുഖങ്ങൾ അവരിലുണ്ട്. പുസ്തകങ്ങൾ വായിക്കാനും പാട്ടു കേൾക്കാനും, ഉണങ്ങിയ കമ്പുകളും കൊഴിഞ്ഞ പൂക്കളും ദ്രവിച്ച ഇലകളും വീണു കിടക്കുന്ന മരച്ചോടുകൾ ഞാൻ തെരഞ്ഞു പിടിച്ചു. ചാഞ്ഞു കിടക്കുന്ന കൊമ്പുകളിൽ, ഇത്തിൾ ചെടി പോലെ പറ്റി കിടന്നു. ഓരോ ദിവസവും ഓരോ യാത്രകളായിരുന്നു. ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ നാട്ടുവഴിയേ ഒരു വിരുന്നുകാരനോ വിരുന്നുകാരിയോ വരുന്നുണ്ടോ എന്ന് പറങ്കിമാവിൻ ചില്ലകൾക്കിടയിലൂടെ എന്നും ഞാൻ നോക്കി കൊണ്ടിരുന്നു. പ്രതീക്ഷിക്കുന്നത് പോലെ കുഞ്ഞമ്മമാരും മാമനും അവരുടെ കൂട്ടുകാരും ചിലപ്പോഴൊക്കെ ആ വഴിയിലൂടെ പുതിയ വർത്തമാനങ്ങളുമായി വന്നു ചേർന്നു. ചുറ്റുപാടുകൾ, നമ്മളിലേക്ക് വന്നു ചേരുന്ന ഈ എതിർ സഞ്ചാരം പോലും ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനാൽ, നമ്മൾ അങ്ങോട്ടു പുറപ്പെടുന്ന യാത്രകൾ എനിക്ക് എപ്പോഴും അധികം മധുരം വിളമ്പി.

കൗമാരക്കാർക്ക് സമപ്രായത്തിലുള്ളവരേക്കാൾ മുതിർന്നവരോട് കൂടുതൽ താൽപര്യം തോന്നാനിടയുണ്ട്. അതില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. കാരണം, ലോകത്തിന്റെ അതിശയങ്ങളും മനുഷ്യരുടെ കഴിവുകളും ചെറിയവർ വലിയവരിൽ ദർശിക്കും. എന്നാൽ, തങ്ങളുടെ വൃത്തികെട്ടതും അധമവുമായ, താത്പര്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.

കോളേജിലേക്കുള്ള ബസ് യാത്രകളായിരുന്നു എന്റെ കന്നിസഞ്ചാരം. സ്ത്രീകൾക്ക് മാത്രമുള്ള ബസിൽ ഓരോ ബസ് സ്റ്റോപ്പിൽ നിന്നും കയറുന്ന സുന്ദരിമാരെ ഓരോരുത്തരെയായി മനസ്സിൽ സൂക്ഷിച്ചിരുന്നു. സൂര്യകാന്തിപ്പൂ പോലെ ചിരിക്കുന്ന സൂസി, ഉയർന്ന പുരികവും വിടർന്ന കണ്ണുകളുമുള്ള ലിസി, നീളം കുറഞ്ഞ മുടിയും പൊക്കവുമുള്ള സൂസന്ന, ഇരുണ്ടനിറമുള്ള ശ്രീദേവി. ഞങ്ങളേക്കാൾ ഉയർന്ന ക്ളാസുകളിൽ പഠിക്കുന്ന ഇവരോരോരുത്തരും കയറുമ്പോൾ ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ അവരുടെ ഫയലുകൾ വാങ്ങി മടിയിൽ വക്കാൻ ഞങ്ങൾ ഉത്സാഹിച്ചു. ഫയൽ വാങ്ങുമ്പോഴും തിരികെ നൽകുമ്പോഴും ലഭിക്കുന്ന പുഞ്ചിരി ഞങ്ങളെ സന്തോഷിപ്പിച്ചു. അമ്മയുടെ വീട്ടിലേക്കും മറ്റുമുള്ള ചെറിയ ബസ് യാത്രകൾ മറ്റൊരു അനുഭവമാണ് തന്നിരുന്നത്. യാത്രക്കാരെ പിന്നിലാക്കി കടന്നുപോകുന്ന മലകളും ആറുകളും ചെറിയ വഞ്ചികളും വയലുകളും റബർ തോപ്പുകളും ആമ്പൽകുളങ്ങളും അവയുടെ വൈവിദ്ധ്യം കൊണ്ട് ഒരിക്കലും ആവർത്തനവിരസത ഉണ്ടാക്കിയില്ല.

അനുജത്തി രാജശ്രീയ്ക്കൊപ്പം ജയശ്രീ

ബന്ധുവീടുകളിൽ ചെന്നെത്തുമ്പോൾ ചുറ്റുവട്ടത്തുള്ളവരുടെ സംഭാഷണശൈലിയിലെ ചെറിയ മാറ്റങ്ങളും അവർ പരസ്പരം ഉണ്ടാക്കിയെടുത്തിട്ടുള്ള പല തരം കൂട്ടായ്മകളും, സ്വാധീനിച്ച് കടന്നുപോകും. ചില വ്യക്തികൾ ചിലപ്പോൾ കൂടുതൽ ആഴത്തിൽ സ്പർശിക്കും. ഒരു ദിവസം ഞാനും എന്നേക്കാൾ പ്രായത്തിൽ ചെറിയ വ്യത്യാസം മാത്രമുള്ള കുഞ്ഞമ്മയും ബസിൽ വരികയായിരുന്നു. എനിക്ക് ആദ്യം സീറ്റ് കിട്ടിയതുകൊണ്ട് ഞാനിരുന്നു. ഇറങ്ങുന്ന സമയത്ത് ഗന്ധർവനെ പോലെ ഒരാൾ ചെവിയിൽ മന്ത്രിച്ചു, "ചേച്ചിയെ നിർത്തിയിട്ട് അനിയത്തി ഇരുന്നത് ശരിയായില്ലല്ലോ' എന്ന്. മുതിർന്ന പുരുഷന്മാർ സൗമ്യമായി ചെവിയിൽ മന്ത്രിക്കുന്നത്, രതിജന്യമായ അനുഭവമാണ്. എന്നാൽ, ബസിൽ കയറുമ്പോഴും സഞ്ചരിക്കുമ്പോഴും കയ്യിൽ കിട്ടുന്ന ഭാഗങ്ങളിലൊക്കെ പിച്ചുകയും മാന്തുകയും ചെയ്യുന്ന തരം പുരുഷന്മാർ രതിതാൽപ്പര്യങ്ങൾ ഇല്ലാതാക്കുകയും ആ വർഗത്തിനു തന്നെ അപമാനമാകുകയും ചെയ്യുന്നു. വിളക്കിലേക്കടുക്കുന്ന ഈയാംപാറ്റകളെ പോലെ അവർ സ്വയം എരിഞ്ഞുവീഴുന്നു. കൗമാരക്കാർക്ക് സമപ്രായത്തിലുള്ളവരേക്കാൾ മുതിർന്നവരോട് കൂടുതൽ താൽപര്യം തോന്നാനിടയുണ്ട്. അതില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. കാരണം, ലോകത്തിന്റെ അതിശയങ്ങളും മനുഷ്യരുടെ കഴിവുകളും ചെറിയവർ വലിയവരിൽ ദർശിക്കും. എന്നാൽ, തങ്ങളുടെ വൃത്തികെട്ടതും അധമവുമായ, താത്പര്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.

വെളുപ്പാൻ കാലത്ത് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരു കാപ്പി കുടിക്കുന്നത് എന്ത് സുഖമാണ്. റെയിൽവേ സ്റ്റേഷനുകൾ ആശുപത്രികളെ പോലെ സംഭവബഹുലവും ജൈവികവുമായ ഇടമാണ്.

ആദ്യകാലത്തെ എന്റെ ട്രെയിൻ യാത്രകൾ എഴുകോണിൽ നിന്ന് പുനലൂർ വരെയോ കൊല്ലം വരെയോ മീറ്റർ ഗേജിലായിരുന്നു. പിന്നീട് കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ബ്രോഡ് ഗേജിലേക്കും കടന്നു. ട്രെയിൻ പോകുന്ന വഴികൾ മിക്കവാറും കാടും കുന്നുകളും നിറഞ്ഞതായിരിക്കും. കാഴ്ചകൾ കുറച്ചകലത്തേക്ക് നമ്മളെ നയിച്ചുകൊണ്ടുപോകും. അപരിചിതവും അവ്യക്തവുമായ ഇമേജുകൾ ചിലപ്പോൾ ഭൂതകാലത്തിലേക്കും തള്ളിവിടും. മിന്നൽ വേഗത്തിൽ വണ്ടി കടന്നുപോകുമ്പോൾ കാണുന്ന ഓരോ വീടിന്റെയും വാതിലിലൂടെയും ജനലിലൂടെയും ഉള്ളിലേക്ക് നോക്കി അവിടുത്തെ മനുഷ്യരുടെ ജീവിതം അറിയാനുള്ള വെമ്പലുണ്ടാകും. മനുഷ്യർ തമ്മിൽ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നതും കല്യാണങ്ങളും ബലാൽസംഗങ്ങളും കൊലപാതകങ്ങളും നടക്കുന്നതും ഈ വീടുകളിലാണല്ലോ എന്ന ചിന്ത വരും. ട്രെയിൻ പോകുന്ന പാതയുടെ വശങ്ങളിൽ കൈ വീശുന്ന കുഞ്ഞുങ്ങളെ ഏതു നാട്ടിൽ പോയാലും കാണാം. സാമൂഹികമായ ഇടപെടലുകൾ തുടങ്ങിയ ശേഷം കേരളത്തിൽ തെക്ക് വടക്ക് യാത്ര ചെയ്യുന്നത് വളരെ സാധാരണമായി. എത്ര പ്രാവശ്യം ചെയ്താലും മടുക്കാത്തതാണ് ട്രെയിൻ യാത്രകൾ. ഒരേ വഴിയാണെങ്കിലും ഓരോ പ്രാവശ്യവും മാറി മറിയുന്ന ലോകങ്ങളാണല്ലോ നമുക്ക് മുന്നിൽ അവതരിക്കുന്നത്. മഴയും വെയിലും കാറ്റും, മൺതരികളെയും കാൽപ്പാടുകളെയും മായ്ക്കുകയും ചെടികളും മരങ്ങളും വീണ്ടും തളിർക്കുകയും പൂക്കൾ കൊഴിയുകയും ഒക്കെ ചെയ്തിരിക്കുമല്ലോ. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഘടന തന്നെ മാറി കൊണ്ടിരിക്കും. വടക്കൻ കേരളത്തിൽ കാണുന്ന പഴയ ഇരുനില കെട്ടിടങ്ങൾ പുരാതനകാലത്തെ ഓർമ്മയുണർത്തും. തിരുവനന്തപുരം കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ഞാൻ ഇറങ്ങിയിട്ടുള്ളത് തൃശൂർ റയിൽവേ സ്‌റേഷനിലായിരിക്കും. അവിടേക്കെത്തുമ്പോൾ തൃശ്ശിവപേരൂർ എന്ന് നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന ബോർഡായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. വെളുപ്പാൻ കാലത്ത് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരു കാപ്പി കുടിക്കുന്നത് എന്ത് സുഖമാണ്. റെയിൽവേ സ്റ്റേഷനുകൾ ആശുപത്രികളെ പോലെ സംഭവബഹുലവും ജൈവികവുമായ ഇടമാണ്. ചായക്കടകൾ, പുസ്തകക്കടകൾ, നായ്ക്കൾ, ഭക്ഷണശാലകൾ, യാചകർ, പൊലീസ്, പോർട്ടർമാർ, ശുചീകരണ തൊഴിലാളികൾ, സാധാരണക്കാർ മുതൽ ഉന്നതർ വരെയുള്ള യാത്രക്കാർ എല്ലാം ചേർന്ന് ഒരു ചടുലമായ ലോകമുണ്ടാക്കുന്നു. പുറമേ പോയി വരാൻ തുടങ്ങിയപ്പോൾ, വാളയാർ കഴിഞ്ഞ് കേരളത്തിലേക്ക് കടക്കുമ്പോഴുള്ള പച്ച ഭൂമി എപ്പോഴും കോരിത്തരിപ്പിച്ചു. സ്വന്തമെന്ന വികാരം ആ സമയം അടക്കാൻ കഴിയില്ല.

മിന്നൽ വേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ കാണുന്ന ഓരോ വീടിന്റെയും വാതിലിലൂടെയും ജനലിലൂടെയും ഉള്ളിലേക്ക് നോക്കി അവിടുത്തെ മനുഷ്യരുടെ ജീവിതം അറിയാനുള്ള വെമ്പലുണ്ടാകും. അപരിചിതവും അവ്യക്തവുമായ ഇമേജുകൾ ചിലപ്പോൾ ഭൂതകാലത്തിലേക്കും തള്ളിവിടും / Photo: Muhammed Fasil

ഒരു യാത്ര പോയേക്കാം എന്ന് പ്ലാൻ ചെയ്ത് ഇതുവരെയും എവിടെയും പോയിട്ടില്ല. സമ്മേളനങ്ങൾക്കോ പഠനങ്ങൾക്കോ ഉള്ളതും അല്ലാതെയുമുള്ള യാത്രകൾ,
മിക്കവാറും കൂടെ ജോലി ചെയ്യുന്നവർക്കോ സഹപാഠികൾക്കോ ഒപ്പമായിരിക്കും. ഒരു സ്ഥലത്തെത്തി പുതിയ കാഴ്ചകൾ കാണുന്നു എന്നതിനേക്കാൾ എത്രത്തോളം, ഉള്ളുലച്ചു എന്നതാണ് യാത്രയുടെ അർത്ഥമായി ഞാൻ മനസ്സിലാക്കുന്നത്. പുറപ്പെടുന്ന സ്ഥലവും എത്തി ചേരുന്ന സ്ഥലവും തമ്മിലുള്ള ഭൗതികമായ ദൂരത്തേക്കാൾ, ദേശത്തിന്റെ അതിർത്തിയേക്കാൾ, എത്രത്തോളം സ്വയം പുറത്തുകടക്കാനായി എന്നതാണ് യാത്രയുടെ കാതൽ. മൂന്നു സമുദ്രങ്ങൾ ഒരുമിച്ചു ചേരുകയും സൂര്യാസ്തമയങ്ങൾ ഒരു പോയിന്റിൽ നിന്ന് കാണാൻ കഴിയുകയും ചെയ്യുന്ന കന്യാകുമാരി വിസ്മയമാകേണ്ടതാണ്. എന്നാൽ, പല തവണ പോയിട്ടും പ്രത്യേകിച്ച് ഒരു ആകർഷണവും എനിക്കുണ്ടായിട്ടില്ല. അതേസമയം, പോകുന്ന വഴിക്കുള്ള മരുത്വാമല, പല തരത്തിലുള്ള ഓർമകൾ വരഞ്ഞിട്ടിട്ടുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നാരായണഗുരുവുമായി ബന്ധപ്പെട്ട മിത്തുകൾ. രണ്ട്, കേരള യൂണിവേഴ്സിറ്റിയിലെ ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പ്രൊഫസറായിരുന്ന ഡോ. നന്ദമോഹനോടൊപ്പം അവിടേക്ക് നടത്തിയ യാത്രകൾ. കായികമായ പരിമിതി മൂലം അദ്ദേഹത്തിന് മലയിലേക്ക് ആദ്യത്തെ ചുവടുവയ്പ്പ് പോലും സാദ്ധ്യമല്ല. എങ്കിലും, വിദ്യാർത്ഥികളും സുഹൃത്തുക്കളുമായി അദ്ദേഹം ഇടക്കിടെ അവിടെ പോവുകയും താഴെ വിശ്രമിക്കുകയും ചെയ്യും. ഞങ്ങളെല്ലാവരും മല കയറുമ്പോൾ മനോരഥത്തിലേറി അദ്ദേഹം മലമുകളിലെത്തുന്നത് ഭാവനയിൽ എന്റെ മനസ്സിലൂടെ ഓടി കൊണ്ടിരിക്കും. അദ്ദേഹത്തിന് ആ യാത്രയിലെ അനുഭവം എന്തായിരിക്കും?

സ്ത്രീകൾ സരസമായും സ്വതന്ത്രമായും കളിതമാശകൾ പറയുകയും കളിയാക്കുകയും ചെയ്യുമ്പോൾ എങ്ങനെ എതിരിടണമെന്നറിയാതെ കുഴങ്ങുന്ന ആൺ സുഹൃത്തുക്കളും എനിക്ക് കൗതുകമായി. പതിവുരീതികളിൽ നിന്നു മാറി, വ്യത്യസ്ത ഭാവചലനങ്ങളോടെ സ്ത്രീകൾ നേർക്കുനേർ വരുന്നിടത്ത് ഉള്ളം അഴിച്ചു പണിയാൻ മറ്റുള്ളവരും ബാദ്ധ്യസ്ഥരാകുന്നു.

ഗുഹകളിൽ കഴിയുകയും ആരെങ്കിലും നൽകുന്ന ഭിക്ഷയിൽ ഉപജീവനം നടത്തുകയും ചെയ്യുന്ന സന്യാസിമാർ ഞങ്ങൾക്ക് ചിലപ്പോൾ ചായയുണ്ടാക്കി തന്നു. അവിടേക്കെത്തുന്ന സന്ദർശകർ, ഔഷധഗുണമുള്ള അഗസ്ത്യപ്പച്ച തേടി നടക്കുകയും ഞങ്ങൾക്ക് കാണിച്ചു തരികയും ചെയ്തു. എന്നോടിഷ്ടമുള്ള ഒരു യുവാവ് പ്രണയസമ്മാനം പോലെ മഞ്ഞ റോസാപ്പൂക്കളുടെ ഒരു ചെണ്ട് തന്നതും അവിടെ വച്ചാണ്. അത് സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് ഓർമകളിലിപ്പോഴും ആ നിമിഷം വരഞ്ഞു കിടക്കുന്നു. ഒരു പൗർണമി രാത്രി മുഴുവനും മൈത്രേയനോടൊപ്പം അതിന്റെ ഉത്തുംഗ ശൃംഗത്തിൽ, കഷ്ടിച്ച് മൂന്നു പേർക്ക് കിടക്കാവുന്ന സ്ഥലത്ത് കഴിച്ചു കൂട്ടിയതും മറക്കാൻ കഴിയാത്ത അനുഭവമാണ്. സന്ധ്യയായപ്പോൾ കുടിക്കാനുള്ള വെള്ളവും മറ്റുമായി വളരെ സാഹസപ്പെട്ട് ഞങ്ങൾ മല കയറി. കയറ്റവും പിറ്റേ ദിവസം രാവിലെ ഇളവെയിലിൽ തിരിച്ചിറങ്ങിയതും നല്ല ക്ഷീണമുണ്ടാക്കിയെങ്കിലും, എപ്പോഴും ഓർത്ത് കിടുങ്ങാൻ പറ്റുന്ന അനുഭവമായിരുന്നു അത്.

മരുത്വാമല / Photo: maruthwamala.com

ഡാർജിലിംഗിലെ ടൈഗർ ഹില്ലിൽ സൂര്യോദയം കാണാൻ പോയത് ഇപ്പോഴും സുഖമുള്ള ഓർമയാണ്. വടക്കു കിഴക്കൻ പ്രദേശവും അവിടുത്തെ തണുപ്പുമെല്ലാം പുതിയ ഒരു മേഖലയിലേക്ക് കൊണ്ട് പോയതിനാലായിരിക്കും അത് കന്യാകുമാരിയിൽ നിന്ന് വ്യത്യസ്തമായത്. യാത്ര പോകുമ്പോൾ അതിന്റെ സന്ദർഭവും മനസ്സിന്റെ അവസ്ഥയും കൂടെയുള്ളവരുമെല്ലാം ചേർന്നാണ് അതൊരു അനുഭവമാക്കുന്നത്. ഡാർജിലിംഗിലെ ഒരു ഹോട്ടലിൽ നിന്ന് അതിരാവിലെ എഴുന്നേറ്റ് ജീപ്പിൽ ടൈഗർ ഹില്ലിലേക്ക് പുറപ്പെടണം. അവിടെ നിന്ന് നോക്കിയാൽ കൊടുമുടികളായ എവറസ്റ്റും കാഞ്ചൻഗംഗയും കാണാം. സൂര്യോദയത്തിൽ സ്വർണം പോലെ തിളങ്ങുന്ന കാഞ്ചൻജംഗ, എവറെസ്റ്റിനേക്കാൾ അടുത്തായതു കൊണ്ട് അതാണ് കൂടുതൽ ഉയരമുള്ളതെന്ന് തോന്നും. അവിടുത്തെ സൂര്യോദയം അതിമനോഹരമായ കാഴ്ച തന്നെയാണ്. ഒപ്പം, എന്നെ ആകർഷിച്ചത് കാപ്പി വിൽക്കുന്ന സൂര്യമുഖമുള്ള പെണ്ണുങ്ങളാണ്. വെളുപ്പാൻ കാലത്ത് വലിയ ഫ്ളാസ്‌കുകളിൽ ചായയുമായി അവർ കൈ കാണിച്ച് ഞങ്ങളുടെ ജീപ്പിൽ കയറി. വേറെയും സ്ത്രീകൾ ഇതേപോലെ കാത്തുനിൽപ്പുണ്ട്. അവർ ഓരോ ജീപ്പുകളിൽ കയറും. ആ തണുപ്പത്ത് ആരാണ് ചൂടുകാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തത്? കുടുംബം നടത്തിക്കൊണ്ടുപോകാൻ സന്തോഷത്തോടെ ആ സ്ത്രീകൾ അതിരാവിലെ മുതൽ പണിയെടുക്കുന്നു.

സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഞങ്ങളുടെ ടീമിൽ ചെറുപ്പക്കാരായ കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ആൺമേൽ നോട്ടമില്ലാത്തതിനാൽ അവർക്ക്, സ്വതന്ത്രമായി പുരുഷന്മാരോട് ഇടപെടാൻ കഴിയുന്നത് കണ്ടതും എന്നെ സന്തോഷിപ്പിച്ചു. സരസമായും സ്വതന്ത്രമായും കളിതമാശകൾ പറയുകയും കളിയാക്കുകയും ചെയ്യുമ്പോൾ എങ്ങനെ എതിരിടണമെന്നറിയാതെ കുഴങ്ങുന്ന ആൺ സുഹൃത്തുക്കളും എനിക്ക് കൗതുകമായി. പതിവുരീതികളിൽ നിന്നു മാറി, വ്യത്യസ്ത ഭാവചലനങ്ങളോടെ സ്ത്രീകൾ നേർക്കുനേർ വരുന്നിടത്ത് ഉള്ളം അഴിച്ചു പണിയാൻ മറ്റുള്ളവരും ബാദ്ധ്യസ്ഥരാകുന്നു. സിലിഗുരി, കൊൽക്കത്ത തുടങ്ങി പശ്ചിമബംഗാളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഞങ്ങൾ മടങ്ങുമ്പോൾ നല്ലൊരു മാറ്റം എനിക്കനുഭവപ്പെട്ടു.

കാഞ്ചൻജംഗ മലനിരകൾ. ഡാർജിലിംഗിലെ ടെെഗർ ഹില്ലിൽ നിന്നുള്ള ദൃശ്യം / Photo: Wikimedia Commons

മഞ്ഞു വീഴുന്ന വടക്കൻ സംസ്ഥാനങ്ങളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും കേരളത്തിൽ നിന്ന് പോകുന്നവർക്ക് വ്യത്യസ്ത അനുഭവമാണ് നൽകുന്നത്. ഹിമാചൽ പ്രദേശിലെ ധരംശാലയും ഡൽഹൗസിയും ടിബറ്റൻ സംസ്‌കാരത്തിന്റെ അടരുകൾ കൂടി പേറി നിൽക്കുന്നു. വഴിയോരക്കടകളിൽ കൂടുതലും കമ്പിളി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും കാർപെറ്റുകളും ഷോളുകളും സ്റ്റോളുകളും നിരത്തിയിട്ടുണ്ടാവും. അതിരാവിലെ മഞ്ഞിൽ മൂടിക്കിടക്കുന്ന മലനിരകൾ, നേരം പോകെ കുറേശ്ശ മേനി പ്രദർശിപ്പിച്ചു തുടങ്ങും. നല്ല വെയിലിൽ വെള്ളി പോലെ വെട്ടി തിളങ്ങുന്ന മല നിരകളും കൺ കുളുർപ്പിക്കുന്നതാണ്.

സെക്‌സ് വർക്കർമാരുടെ പരിപാടികളുമായി ബന്ധപ്പെട്ട് പല തവണ പോകേണ്ടി വന്ന രാജ്യമാണ് തായ്‌ലാൻഡ്. സെക്‌സ് ടൂറിസം ഒരു നയമായി തന്നെ എടുത്തിട്ടുള്ളതുകൊണ്ട്, അവിടെ സ്വതന്ത്രമായി ഭയമില്ലാതെ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കാം

ഞാൻ ആദ്യമായി ഒറ്റക്ക് വിദേശയാത്ര നടത്തിയത് കമ്പോഡിയയിലേക്കാണ്. തായ്‌ലാൻഡിനും വിയറ്റ്‌നാമിനും ഇടയിൽ കിടക്കുന്ന മറ്റൊരു ചെറിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യമാണത്. ഔദ്യോഗികമായി ബുദ്ധമതം അംഗീകരിക്കപ്പെട്ടതും തെരെഞ്ഞെടുക്കപ്പെട്ട രാജാവും മന്ത്രിയും ഉള്ളതുമായ സ്ഥലമെന്ന നിലക്ക് കംബോഡിയ എനിക്ക് കൗതുകമുള്ളതായിരുന്നു. അതിനേക്കാളുപരി, ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ ത്രില്ലും ഞാൻ അനുഭവിച്ചു. സിയെം റീപ് (Siem Reap) എന്ന ടൗണിലായിരുന്നു എനിക്ക് പങ്കെടുക്കാനുള്ള സമ്മേളനം നടന്നത്. കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നി (phnom penh) ലാണ് ആദ്യം വിമാനമിറങ്ങിയത്. അവിടെ നിന്നും സിയെം റീപ്പിലേക്ക് ചെന്നിറങ്ങുമ്പോൾ ഏതാണ്ട് ഉച്ചയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലേതു പോലെ ചുറ്റും പച്ചപ്പൊക്കെ കാണാവുന്ന സ്ഥലമായിരുന്നതിനാൽ അപരിചിതത്വം തോന്നിയില്ല. എന്നാൽ, പുറത്തിറങ്ങുമ്പോൾ ബുദ്ധക്ഷേത്രങ്ങൾ കൊണ്ടും ഫ്രഞ്ച് കോളനിയുടെ അവശിഷ്ടങ്ങളായ കെട്ടിടങ്ങൾ കൊണ്ടും പുതിയൊരു ലോകമാണ് കാണാനായത്.

മിത്തോളജിയിലെ സുമേരു പർവതത്തെ അനുസ്മരിപ്പിക്കുന്നതാണ് അവിടുത്തെ അങ്കോർ ക്ഷേത്രം. ബുദ്ധമതവിശ്വാസമനുസരിച്ച് ലോകത്തിന്റെ കേന്ദ്രമാണ് സുമേരു പർവ്വതം. അതിപുരാതനമായ ശില്പങ്ങളുടെ ചാരുതയും ഗന്ധവും അനുഭവിപ്പിക്കുന്ന ഇതിന്റെ ഏറ്റവും ഉയരം കൂടിയ ടവറിലേക്ക് കുത്തനെയുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ളിൽ ഏകാന്തത വന്നു നിറഞ്ഞു. മാർക്കറ്റുകൾക്കിടയിൽ തിങ്ങി നിലകൊള്ളുന്ന ഇന്ത്യയിലെ ചെറിയ അമ്പലങ്ങളും മാർക്കറ്റുകളായി മാറിയ വലിയ ക്ഷേത്രങ്ങളും ഉൽപാദിപ്പിക്കുന്ന ശബ്ദ-വസ്തു മലിനീകരണങ്ങൾക്കു വിപരീതമായി അവിടെ വൃത്തിയും ശാന്തതയും കാണാൻ കഴിഞ്ഞു. യുനെസ്‌കോയുടെ ഹെറിറ്റേജ് വില്ലേജിന്റെ ഭാഗമായാണ് ഇവിടുത്തെ ക്ഷേത്രങ്ങളൊക്ക സൂക്ഷിച്ചിരിക്കുന്നത്. തനതു നാടൻകലാരൂപങ്ങൾ പ്രിന്റ് ചെയ്ത തുണികളും സഞ്ചികളും മറ്റും യുനെസ്‌കോ ഹെറിറ്റേജ് സെന്ററുകളിൽ നിന്ന് സന്ദർശകർ വാങ്ങും.

അങ്കോർ വാട്ട് ക്ഷേത്രത്തിലെ ബുദ്ധ സന്ന്യാസികൾ / Photo: Wikimedia Commons

ആതിഥേയയായ വന്ദന നാടൻ ഭക്ഷണം ലഭിക്കുന്ന റസ്‌റോറന്റുകളിൽ എന്നെ കൊണ്ടുപോയി. പച്ചക്കറികളും സാലഡും മീനും ചോറും അടങ്ങിയ രുചികരമായ ഭക്ഷണം എല്ലായിടത്തും ലഭിച്ചു. ചില സൂപ്പുകളിൽ തവളയുടെ കണ്ണുകളും തലയുമൊക്കെ അവർ കാണിച്ചു തന്നു. ഒരു സ്ഥലത്ത് പോകുമ്പോൾ നമുക്ക് ഏറ്റവും വെല്ലുവിളിയായി തീരാവുന്ന ഒന്നാണ് ഭക്ഷണം. ശീലിച്ചു വന്ന ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് യാത്രകൾ. ഇതുവരെ തിന്നിട്ടില്ലാത്ത ജീവികളെ തിന്നാൻ കഴിയില്ല എന്നതൊഴിച്ചാൽ, മിക്കവാറും എല്ലാ തരം ഭക്ഷണവും എനിക്ക് കഴിക്കാനാവും.

സെക്‌സ് വർക്കർമാരുടെ പരിപാടികളുമായി ബന്ധപ്പെട്ട് പല തവണ പോകേണ്ടി വന്ന രാജ്യമാണ് തായ്‌ലാൻഡ്. സെക്‌സ് ടൂറിസം ഒരു നയമായി തന്നെ എടുത്തിട്ടുള്ളതുകൊണ്ട്, അവിടെ സ്വതന്ത്രമായി ഭയമില്ലാതെ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കാം. റസ്‌റോറന്റുകളിൽ സുന്ദരിമാർ നിങ്ങൾ കൊതിക്കുന്നതുപോലെ മുഖചേഷ്ടകൾ കാണിക്കുകയോ തഴുകുകയോ മടിയിലിരിക്കുകയോ ഉമ്മ വക്കുകയോ ഒക്കെ ചെയ്യും. എന്നാൽ, ഈ സേവനങ്ങൾ ലഭ്യമാകുന്നത് പുരുഷന്മാർക്കും, പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങളിലുള്ളവർക്കുമാണെന്ന യാഥാർഥ്യം നില നിൽക്കുന്നുണ്ട്. ഹോട്ടലുകളിൽ താമസിക്കുമ്പോൾ, നിങ്ങൾക്കാവശ്യമായുള്ള സേവനങ്ങൾ ലഭ്യമാക്കാനോ, സേവനങ്ങൾ നൽകാനുള്ള അവസരങ്ങൾക്കോ താൽപ്പര്യമുണ്ടോ എന്നും ചിലപ്പോൾ ചോദിക്കാറുണ്ട്. എങ്കിലും അനുവാദമില്ലാതെ ആണുങ്ങൾ കടന്നു കയറുമോ എന്ന ഭയം അവിടെ ഉണ്ടാകില്ല. ലൈംഗിക വാണിജ്യം രഹസ്യമായി നടത്തുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ സ്ത്രീകൾക്ക് എപ്പോഴും കടന്നുകയറ്റം ഭയന്ന് കഴിയേണ്ട അവസ്ഥയാണുള്ളത്. സാംസ്‌കാരികമായി ഏകദേശം കംബോഡിയ പോലെ തന്നെയാണ് തായ്‌ലാൻഡും. റോഡരികിൽ നിന്ന് വില കുറഞ്ഞതും ആരോഗ്യകരവും രുചിയുള്ളതുമായ ഭക്ഷണം കിട്ടുന്നത് എന്നെ സന്തോഷിപ്പിച്ചിരുന്നു. നല്ല സുഖം തരുന്ന മസാജ് പാർലറുകളുമുണ്ട്. ഒരിക്കൽ സെക്‌സ് ഷോ നടക്കുന്നിടത്തേക്ക് ഒരു ബംഗാളി സുഹൃത്ത് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഷോയുടെ ഇടയിൽ എനിക്കിഷ്ടമല്ലാത്ത കൊക്കോകോള എന്ന പാനീയം അവർ കൊണ്ടുതന്നു. പുരുഷന്മാരെ ആനന്ദിപ്പിക്കാനായി നടത്തുന്ന വിചിത്രമായ ശരീരചേഷ്ടകളും കൊക്കോകോളയും കൂടി ചേർന്നപ്പോൾ എനിക്ക് ഛർദ്ദിക്കാൻ തോന്നി. എങ്കിലും അതാസ്വദിക്കാൻ ആളുകളും, സേവനം നൽകി ജീവിതം കഴിച്ചു കൂട്ടാൻ തയാറാവുന്നവരും ഉണ്ടെങ്കിൽ അവരുടെ മേൽ എന്റെ ഓക്കാനം കൊണ്ടിടാൻ പാടില്ലല്ലോ എന്ന ബോധം ഉടനെ ഉണ്ടാവുകയും ചെയ്തു. അക്കാദമികവും ഭരണപരവുമായ സന്ദർഭങ്ങളിലും നിത്യവ്യവഹാരത്തിൽ തന്നെയും ഓക്കാനം വരുന്ന എത്രയോ സന്ദർഭങ്ങളിൽ കൂടി നമ്മൾ കടന്നു പോവുന്നു? അതുപോലെ ഇതും സഹിക്കാമല്ലോ.

ഫുക്കെറ്റ് നഗരത്തിലെ രാത്രിജീവിതം, തായ്‌ലാൻഡ് (2019) / Photo: Shankar S, Flickr

യൂറോപ്പിലും ഇംഗ്ലണ്ടിലും സഞ്ചരിക്കുമ്പോൾ അവിടുത്തെ മനുഷ്യർ പാലിക്കുന്ന സാമൂഹ്യ മര്യാദകളാണ് ആകർഷകമായി തോന്നിയത്. ജനീവയിൽ ഡോ. ലാലിന്റേയും സന്ധ്യയുടെയും അതിഥിയായി പോയതുകൊണ്ട് യാതൊരു ഭീതിയും അപരിചിതത്വവും തോന്നിയില്ല. അവർ മറ്റെവിടെയോ പോയിരിക്കുകയായിരുന്നതുകൊണ്ട് എന്നെ കൂട്ടിക്കൊണ്ടു പോകാൻ വരാൻ വൈകുമെന്ന് അറിയിച്ചിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ എയർപോർട്ടിൽ എനിക്ക് തനിച്ചിരിക്കേണ്ടിവന്നു. അതെനിക്ക് ഒട്ടും പ്രശ്‌നമായി തോന്നിയില്ല. യാത്രകളിൽ ഞാൻ ഏറ്റവും ആസ്വദിക്കുന്നത് എയർപോർട്ടുകളിലും റയിൽവേ സ്റ്റേഷനുകളിലും ചെലവഴിക്കുന്ന സമയമാണ്. എവിടെ നിന്നോ വരുന്ന മനുഷ്യർ ഒഴുകിക്കൊണ്ടേ ഇരിക്കുന്നു. തിരക്കുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങൾ സഞ്ചാരികളുടെ മുഖങ്ങളിൽ തെളിയും. പ്രിയപ്പെട്ടവർ രോഗശയ്യയിലാണെന്നോ മരണപ്പെട്ടെന്ന് അറിഞ്ഞിട്ടോ പോകുന്നവർ. ആകാംക്ഷ നിറഞ്ഞ മുഖവുമായി പ്രണയികളെ സ്വീകരിക്കാനോ യാത്ര അയക്കാനോ വരുന്നവർ. അവധിക്കായി, നാട്ടിൽ പോകുന്ന ജോലിക്കാരും വിദ്യാർത്ഥികളും. ധാരാളം ലഗേജുമായി അവധി കഴിഞ്ഞ് തിരിച്ചു പോകുന്നവർ. കരഞ്ഞും ശാഠ്യം പിടിച്ചും അച്ഛനമ്മമാരേയും മറ്റു യാത്രക്കാരേയും വിഷമിപ്പിക്കുന്ന കുഞ്ഞുങ്ങൾ. നിമിഷനേരം കൊണ്ട് ഭാവം മാറി ചിരിച്ചും തുള്ളിച്ചാടിയും അവർ ചുറ്റുമുള്ളവരുടെ ഓമനകളാകുന്നു. ഇതിനിടയിൽ പൊടി പൊടിച്ച് നടക്കുന്ന കച്ചവടങ്ങൾ. വാക്‌സിനേഷൻ ബൂത്തുകളും രാഷ്ട്രീയ ജാഥകളും ഇവിടെ പ്രത്യക്ഷപ്പെട്ടേക്കും. റയിലുകളും മോട്ടോർ വാഹനങ്ങളും വിമാനങ്ങളും ഇല്ലാതിരുന്ന കാലത്തെ യാത്രയെ കുറിച്ച് അവിടെ തന്നെയിരുന്ന് ചിന്തിക്കാം. അന്നൊരു പക്ഷേ, വഴിയോര സത്രങ്ങളിൽ ഇത് പോലെയുള്ള പുതുകൂട്ടായ്മകളുണ്ടായിരുന്നിരിക്കാം. സാമൂഹിക ജീവിതത്തിന്റെ തീക്ഷ്ണതയും ക്ഷണികതയും വേഗതയുമേറിയ ഒരു പതിപ്പാണ് റയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും ബസ് സ്റ്റാന്റുകളും. മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും ഏറിയും കുറഞ്ഞും ഇവിടങ്ങളിലും പ്രതിഫലിക്കും.

കേരളം പോലെയുള്ള പച്ചപ്പാണ് സ്വിറ്റ്‌സർലാന്റിലും ഞാൻ കണ്ടത്. പക്ഷെ, പൊടി പടലമില്ലാത്തതിനാലാവണം, മരങ്ങളുടേയും ചെടികളുടേയും പച്ചനിറം നന്നായി തെളിഞ്ഞിരിക്കും

സാധാരണ എല്ലാവരെയും പോലെ അവിടെ ഇരുന്ന് ബുക്കുകൾ വായിക്കുക ഞാനും ചെയ്യാറുണ്ട്. എന്നാൽ, വായനയേക്കാൾ കൂടുതൽ വായനോക്കലായിരിക്കും നടക്കുന്നത്. മറ്റുള്ളവരെ, അവരറിയാതെ അറിയാനുള്ള ഒരു വെമ്പൽ ഉള്ളിൽ ഉയർന്നുവരും. ജനീവയിലെ എയർ പോർട്ടിലിരിക്കുമ്പോൾ, അന്ന് ഞാൻ കുറച്ചധിക നേരം ബുക്കിലേക്ക് ആഴ്ന്നുപോയി. ഒരു ട്രോളിയിൽ എന്റെ ബാഗും മറ്റൊരു ട്രോളിയിൽ സന്ധ്യയുടെ വീട്ടിൽ നിന്നു തന്നയച്ച ചില വില പിടിപ്പുള്ള സാധനങ്ങളും ഞാൻ വച്ചിരുന്നു. കുറച്ചു കഴിഞ്ഞ് പുസ്തകത്തിൽ നിന്ന് തല പൊന്തിച്ചു നോക്കുമ്പോൾ സന്ധ്യയുടെ പായ്ക്കറ്റ് വച്ചിരുന്ന ട്രോളി കാണാനില്ല. ജനീവ എയർ പോർട്ടിൽ ഒരു മോഷണം തീരെ പ്രതീക്ഷിക്കാതിരുന്ന ഞാൻ പെട്ടെന്ന് അന്തം വിട്ടുപോയി. എവിടെ പരാതി പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ല. പരിചയമുള്ള ഒരാളും അടുത്തെവിടെയുമില്ല. ആരോടോ എന്തൊക്കെയോ എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ച് എയർ പോർട്ട് അധികൃതരെ വിവരം അറിയിച്ചു. അവർ പറഞ്ഞതുപോലെ പരാതി ഒക്കെ എഴുതി കൊടുത്തു. ലാലും സന്ധ്യയും വരുമ്പോൾ എന്ത് പറയും എന്ന ചിന്തയിൽ ഞാൻ വിഷമിച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് ഒരാൾ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ഒരു മൂലയിൽ ട്രോളിയും അതിലുള്ള പായ്ക്കറ്റും എന്റേതാണോ എന്ന് തിരിച്ചറിയാൻ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട, എന്റേതല്ലാത്തതിനാൽ കൂടുതൽ ഉത്തരവാദിത്വമുള്ള, ആ പൊതി തിരികെ കിട്ടിയ നിമിഷം ഞാൻ ഏറെ സന്തോഷിച്ചു.

കേരളം പോലെയുള്ള പച്ചപ്പാണ് സ്വിറ്റ്‌സർലാന്റിലും ഞാൻ കണ്ടത്. പക്ഷെ, പൊടി പടലമില്ലാത്തതിനാലാവണം, മരങ്ങളുടേയും ചെടികളുടേയും പച്ചനിറം നന്നായി തെളിഞ്ഞിരിക്കും. നമുക്ക് ഭാവന ചെയ്യാൻ പറ്റാത്ത തരത്തിൽ അവർ നഗരം വൃത്തിയായി സൂക്ഷിക്കുന്നു. സന്ധ്യയോടൊപ്പം അവിടത്തെ ഗവണ്മെന്റ് ബസ്സിലും ട്രെയിനിലും ചില സ്ഥലങ്ങളിൽ പോയി. പണം എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്ഥലത്ത് ഒരു സ്ത്രീ കുറച്ചധികം യൂറോ മടക്കി തന്നു. അത് തിരിച്ചറിഞ്ഞ സന്ധ്യ അപ്പോൾ തന്നെ അത് അനുകമ്പയോടെ മടക്കി നൽകി. ആ സ്ത്രീ വളരെ സന്തോഷത്തോടെ നന്ദി പ്രകാശിപ്പിച്ചു. അവർക്ക് കണക്കു കൂട്ടാൻ അത്ര വശമില്ലായിരിക്കണം എന്ന് ഞങ്ങൾ അടക്കം പറഞ്ഞു. ഞാൻ പങ്കെടുത്ത യു.എൻ എയ്ഡ്‌സിന്റെ സമ്മേളനത്തിൽ ഇന്ത്യക്കാരും അവരിൽ തന്നെ മലയാളികളും ഉണ്ടായിരുന്നതിനാൽ അമ്പരപ്പുകളൊക്കെ മാറ്റിവച്ച് വീണ്ടും എന്റെ അഹന്തയിലേക്ക് തിരിച്ചു വന്നു.

കനി, ആ സമയത്ത് പാരീസിലുണ്ടായിരുന്നതിനാൽ അവിടേക്ക് ഒരു ട്രെയിനിൽ ഞാൻ യാത്ര തിരിച്ചു. യൂറോപ്പിൽ അധികം സഞ്ചരിച്ചിട്ടില്ലാത്തതു കൊണ്ടാവണം, ആ യാത്ര ഇപ്പോഴും ഏറ്റവും ഹരിതാഭയോടെ തന്നെ മനസ്സിലുണ്ട്. മിഴിവും തെളിവുമുള്ള പച്ച മരങ്ങളും ചെടികളും തന്നെയാണ് കേരളത്തിൽ നിന്ന് ആ സ്ഥലങ്ങളെ വ്യത്യസ്തമാക്കുന്നത്. പാരീസിൽ കനിയുടെ അടുത്തെത്തിയ ശേഷം, അവൾ തിരക്കിലാലായതുകൊണ്ട് ഒറ്റക്ക് യാത്ര ചെയ്യാമെന്നു കരുതി. ലിയോണിൽ അവളുടെ സുഹൃത്തായ ജ്സായി ഉള്ളതുകൊണ്ട് അങ്ങോട്ടു പോകാമെന്ന് തീരുമാനിച്ചു. റയിൽവേ സ്റ്റേഷനിൽ അവൾ ഉണ്ടാകുമെന്നു പറഞ്ഞതുകൊണ്ട് ഞാൻ ലാഘവബുദ്ധിയോടെ ട്രെയിനിൽ കയറി. കയ്യിൽ പണമോ കാർഡോ ഒന്നും കരുതിയിരുന്നില്ല. രണ്ട് മൂന്നു കൂട്ടുകാരുടെ ഫോൺ നമ്പറുകൾ മാത്രം. പ്ലാറ്റുഫോമിൽ കുറെ നേരം നിന്നിട്ടും ജ്സായിയെ കണ്ടില്ല. അതിനാൽ ഞാൻ പതിയെ പുറത്തേക്കുള്ള ഗേറ്റിലേക്ക് നടന്നു. കയ്യിൽ പണമില്ലാത്തതിനാൽ ആരെയും വിളിക്കാൻ നിവർത്തിയില്ല. എല്ലാവരും ഫ്രഞ്ചിലാണ് സംസാരിക്കുന്നത്. ആരോട് ചോദിക്കണമെന്നറിയാതെ അൽപ്പനേരം അന്ധാളിച്ച് നിന്നു. വിദ്യാർത്ഥികളെന്ന് തോന്നിക്കുന്ന രണ്ട് മൂന്നു ചെറുപ്പക്കാരോട് ഇംഗ്‌ളീഷിൽ കാര്യം പറഞ്ഞു. ജ്സായിയെ കണക്ട് ചെയ്യാൻ പറ്റിയില്ല. അവർ അവരുടെ ഫോണിൽ നിന്ന് അവിടെ അടുത്ത് താമസിക്കുന്ന മറ്റൊരു സുഹൃത്തായ ശ്രീഷിനെ കണക്ട് ചെയ്തു തന്നു. രണ്ടുമൂന്ന് സ്റ്റേഷനുകൾക്കപ്പുറം താമസിക്കുന്ന ശ്രീഷ് അപ്പോൾ തന്നെ എത്താമെന്നു പറഞ്ഞു. ആശ്വാസത്തോടെ പുറത്തിറങ്ങി വലിയ ക്‌ളോക്ക് സ്ഥാപിച്ചിട്ടുള്ള പുരാതനമെന്ന് തോന്നിക്കുന്ന സ്റ്റേഷൻ പരിസരത്ത് ആഹ്‌ളാദം പൂണ്ടു. കോമ്പൗണ്ടിനു നടുവിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമക്ക് ചുറ്റുമുള്ള ഉയർത്തി കെട്ടിയ തറയിൽ ആളുകൾ കൂടിയിരിക്കുന്നതും ഉല്ലസിക്കുന്നതും കണ്ടപ്പോൾ എനിക്ക് വീട്ടിലെത്തിയതു പോലെ തോന്നി. നിമിഷങ്ങൾക്കകം ശ്രീഷ് എത്തി മറ്റൊരു ട്രെയിനിൽ കയറി അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെട്ടെന്ന് ബീഫ് കൊത്തിയരിഞ്ഞത് നന്നായി എരിവ് ചേർത്ത് ഒരു ഡിഷ് ഉണ്ടാക്കി തന്നു. അങ്ങനെ ഒരു ക്രൈസിസിൽ കൂടി കടന്നു വന്നില്ലായിരുന്നു എങ്കിൽ ബീഫിന് അത്ര രുചിയുള്ളതായും ശ്രീഷ് അത്രയും പ്രിയമുള്ളവനായും തോന്നുകയില്ലായിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും ജ്സായിയും വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് അവിടെ എത്തി. ഞങ്ങൾ തമ്മിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പരസ്പരം കാണാതെ നഷ്ടപ്പെട്ടതാണ്. എന്നെ കാണാതെ വന്നപ്പോൾ ജ്സായി സ്റ്റേഷൻ അധികൃതരുമായി ബന്ധപ്പെടുകയും അവർ അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു. കനി കുസൃതിയുടെ അമ്മ എന്നുകൂടി എഴുതി കൊടുത്തതു കൊണ്ട് അവർ അനൗൺസ് ചെയ്തത് മിസ്സിസ് കുസൃതി എന്നാണ്. ടെൻഷനിലായിരുന്നത് കൊണ്ടോ അവർ ഫ്രഞ്ചിലോ എനിക്ക് മനസ്സിലാകാത്ത ഇംഗ്ലീഷിലോ പറഞ്ഞതു കൊണ്ടോ എന്നറിയില്ല, ഞാനത് കേട്ടു മനസ്സിലാക്കിയതേ ഇല്ല.

ലിയോൺ റെയിൽവേ സ്റ്റേഷനിലെ ടവർ ക്ലോക്ക് / Photo: Wikimedia Commons

ലിയോണിന്റെ പല ഭാഗങ്ങളിലും ഒറ്റയ്ക്കും ജ്‌സായിയോടൊപ്പവും ഞാൻ പുരാതനമായ പള്ളികളും ഇത് വരെ കണ്ടിട്ടില്ലാത്ത മരങ്ങളും നോക്കി നടന്നു. പാരീസിൽ നിന്ന് ചരിത്രപരമായും സാംസ്‌കാരികമായും വ്യത്യാസമുള്ള നഗരമാണ് ലിയോൺ. ഫ്രാൻസിൽ നല്ല മ്യൂസിയങ്ങളുണ്ടെങ്കിലും വെറുതേ പുറത്ത് ചുറ്റി കറങ്ങാനായിരുന്നു എനിക്ക് കൂടുതൽ താത്പര്യം.
ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് കുറച്ചുനാൾ അകന്നു നിന്നതിനാൽ 2010ൽ മലേഷ്യയിൽ വച്ച് നടക്കുന്ന ഏഷ്യൻ അസോസിയേഷൻ ഓഫ് വിമൻസ് സ്റ്റഡീസ് കോൺഫറൻസിൽ പങ്കെടുത്ത് ഓർമ പുതുക്കാമെന്ന് കരുതി. അതിലേക്ക് ഒരു പേപ്പർ അയക്കുകയും അവരത് സ്വീകരിക്കുകയും ചെയ്തു. മലേഷ്യയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന ചെറുദ്വീപായ പെനാംഗിൽ വച്ചായിരുന്നു ആ സമ്മേളനം. ഇവിടെ നിന്ന് തിരിക്കുമ്പോൾ ഞാൻ ഒറ്റക്കായിരുന്നു എങ്കിലും, അവിടെ എത്തിയപ്പോൾ പല മലയാളികളെയും കൂട്ടുകാരികളായി കിട്ടി. സാധാരണ ഫെമിനിസ്റ്റ് സമ്മേളനങ്ങളിൽ ഉണ്ടാകാറുള്ളതുപോലെതന്നെ ബൗദ്ധികമായ ചർച്ചയോടൊപ്പം ഊഷ്മളമായ വൈകാരിക സ്പർശങ്ങളും,ചേർത്തുപിടിക്കലുകളും പൊട്ടിച്ചിരികളും ഒക്കെയായി അവിടെയും ഞങ്ങൾ ആഘോഷമായി കൊണ്ടാടി. അവിടെ താമസിക്കുന്ന മലയാളി സുഹൃത്തുക്കൾ ഞങ്ങളെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോവുകയും ദീർഘകാല സുഹൃത്തുക്കളെ പോലെ പരിചരിക്കുകയും ചെയ്തു. ദുബായിൽ നിന്നെത്തിയ ത്രേസ്യയുടെ നേതൃത്വത്തിൽ, വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ചെറിയ മലയാളി ഗ്രൂപ്പിന്റേതായ വിനോദപരിപാടികൾ നടത്തി. രുചികരമായ ധാരാളം വിഭവങ്ങൾ എല്ലായിടത്തുനിന്നും ലഭിച്ചു. ചുരുട്ടിയ വാഴയിലയിൽ തയാറാക്കിയ പലഹാരം ഏറെ സ്വാദുള്ളതായി തോന്നി.

യാത്രകളിലെ അനിശ്ചിതത്വവും അമ്പരപ്പും കടന്നു പോകുന്ന പ്രതിസന്ധികളും സഹായത്തിനെത്തുന്ന മനുഷ്യരും, വേറിട്ട സംസ്‌കാരങ്ങളും എല്ലാം നമ്മെ പുതിയ മനുഷ്യരാക്കി കൊണ്ടിരിക്കുന്നു.

ബലാൽസംഗത്തിന് വിധേയരായ സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന സമ്പ്രദായം അവിടെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്തരം ഒരു സംഭവത്തിൽ നീതിക്കായി ആവശ്യപ്പെട്ട് ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പ് നടത്തിയ ക്യാമ്പയിൻ സന്തോഷത്തിന്റെ മൂഡ് ഇല്ലാതാക്കി. പെനാംഗിലേക്ക് നേരിട്ട് ഫ്ളൈറ്റ് ഇല്ലാത്തതിനാൽ കോലാലംപൂർ വഴിയാണ് അവിടേക്ക് പോകുന്നതും വരുന്നതും. പരിപാടി കഴിഞ്ഞ് പെനാംഗിൽ നിന്ന് കോലാലംപൂരിലേക്ക് വീണ്ടും ഒറ്റക്കുതന്നെ തിരിച്ചു. കോലാലംപൂരിൽ നിന്ന് ചെന്നെയിലേക്കായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അവിടെ നിന്ന് കണ്ണൂരിലേക്ക് ട്രെയിനും. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന ഒരു പ്രതിനിധി കൂടി ഉണ്ടായിരുന്നു. അവർ മറ്റൊരു ഫ്ളൈറ്റിൽ നേരത്തേ ചെന്നെയിൽ എത്തുമെന്നതു കൊണ്ട് രണ്ടുപേർക്കും കൂടി റൂം ബുക്ക് ചെയ്യാനും ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. കോലാലംപൂരിൽ പാസ്‌പോർട്ട് ചെക്ക് ചെയ്യുന്ന സമയത്ത്, അങ്ങോട്ടു പോയപ്പോൾ ഡിസ്എംബാർക്ക് ചെയ്ത സീൽ കാണാനില്ല എന്നവർ പറഞ്ഞു. അതിനെ കുറിച്ച് എനിക്ക് വലിയ ബോധം ഇല്ലായിരുന്നു. കോലാലംപൂരിലോ പെനാംഗിലോ ഏതോ ഒരിടത്ത് കുറെ നേരം വെയ്റ്റ് ചെയ്തിട്ടും ആരെയും കാണാതെ വന്നപ്പോൾ പുറത്തിറങ്ങി പോയത് അപ്പോൾ എനിക്ക് ഓർമ വന്നു. ഇതിനെ കുറിച്ച് അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി. അവർ സംസാരിക്കുന്ന മലായ് ഭാഷ എനിക്ക് ഒരക്ഷരം മനസിലാകുന്നതുമില്ല. സമയം കടന്നു പോയ്‌ക്കൊണ്ടിരുന്നു. എന്റെ ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ മിനിറ്റുകൾ മാത്രം. നിയമവിരുദ്ധമായ കാര്യം ചെയ്തതിന്റെ പേരിൽ അവിടെ കുടുങ്ങി പോകുമോ ജയിലിലാകുമോ എന്നൊക്കെയുള്ള ചിന്ത എന്നെ അലട്ടാൻ തുടങ്ങി.

കോൺഫറൻസിന്റെ പേപ്പറുകളും അവരുടെ അഡ്രസും മറ്റും ഞാൻ കാട്ടി കൊടുത്തു. സമയം പോകുന്തോറും എനിക്ക് ആധി കൂടി വന്നു. എങ്കിലും ഉള്ളിന്റെ അടിത്തട്ടിൽ ശാന്തമായ എന്തോ ഒന്ന് അടങ്ങിക്കിടന്ന് എന്നെ സമാധാനിപ്പിക്കുന്നതായും തോന്നി. അവസാനം ഫ്ളൈറ്റ് എടുക്കാൻ രണ്ടോ മൂന്നോ മിനിറ്റു ബാക്കിയുള്ളപ്പോൾ അവർ എനിക്ക് അനുമതി തന്നു. വലിയ ബാഗും തൂക്കി അമിത ശ്വാസവേഗതയോടെ ഞാൻ ഓടി. എന്റെ വിമാനം കാണാൻ പാകത്തിൽ എത്തിയപ്പോൾ അർത്ഥശൂന്യമായ പ്രവൃത്തി എങ്കിലും കൈ വീശി കാണിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഏതായാലും അവസാന നിമിഷം ഞാൻ കടന്നു കൂടി. പിന്നീട് കുറേ കാലത്തേക്ക് യാത്ര ചെയ്യാനുള്ള മോഹം അടങ്ങിക്കിടന്നു. വീണ്ടും അത് പതിയെ പത്തിയുയർത്തി തുടങ്ങി. യാത്രകളിലെ അനിശ്ചിതത്വവും അമ്പരപ്പും കടന്നു പോകുന്ന പ്രതിസന്ധികളും സഹായത്തിനെത്തുന്ന മനുഷ്യരും, വേറിട്ട സംസ്‌കാരങ്ങളും എല്ലാം നമ്മെ പുതിയ മനുഷ്യരാക്കി കൊണ്ടിരിക്കുന്നു.
ജീവനുള്ളിടത്തോളം മനുഷ്യരുടെ മോഹങ്ങളും, അപരത്തെയും അത് വഴി ആത്മത്തെയും അറിയാനുള്ള ത്വരയും അവസാനിക്കില്ല.
നാരായണഗുരു ആത്മോപദേശ ശതകത്തിൽ പറയുന്നത് പോലെ, തീക്കൊള്ളി ചുഴറ്റുമ്പോൾ മാറി മറിയുന്ന വിവിധ രൂപഭാവങ്ങളോടെ അലച്ചിൽ തുടർന്നുകൊണ്ടിരിക്കുന്നു... ‘‘അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ് ധര മുതലായ വിഭൂതിയായി താനേ മറിയുമവസ്ഥയിലേറി മാറി വട്ടം തിരിയുമലാതസമം തിരിഞ്ഞിടുന്നു.''


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments