ഡോ. എ.കെ. ജയശ്രീ

ലജ്ജയിൽ മുങ്ങിയും പൊങ്ങിയും

എഴുകോൺ-44

‘മീ ടൂ’വിൽ തകർന്നു പോകുന്ന നമ്മുടെ ആൺ സുഹൃത്തുക്കൾ സ്വയം ലജ്ജിക്കാൻ പഠിക്കുകയാണ് വേണ്ടത്. അതവരേയും ലജ്ജയുടെ അസ്തിത്വപരവും ക്രിയാത്മകവുമായ തലത്തിലെത്തിക്കും.

നുഷ്യർക്കുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ ഭാവം ലജ്ജയാണ്.
പക്ഷേ, അത് യോജിച്ച സ്ഥലത്തായിരിക്കണം. അസ്ഥാനത്താകുമ്പോൾ അത് അശ്ലീലവുമാകും. എഴുപതുകളിൽ എന്റെ കൗമാരകാലത്ത്, പിടിച്ചുലച്ച പല സിനിമാഗാനങ്ങളിലും ലജ്ജ ഒരു വിഷയമായിരുന്നു.

‘‘പൂർണേന്ദുമുഖിയോടമ്പലത്തിൽ വച്ച് പൂജിച്ച ചന്ദനം ഞാൻ ചോദിച്ചൂ കണ്മണി അത് കേട്ടു നാണിച്ചു നാണിച്ചു കാൽ വിരൽ കൊണ്ടോരു വര വരച്ചൂ''

പി.ഭാസ്‌കരൻ കുരുക്ഷേത്രം എന്ന സിനിമക്കുവേണ്ടി എഴുതിയ പാട്ടാണിത്. ഇപ്പോഴും ഹൃദയത്തിൽ പൂജിച്ചു വയ്ക്കുന്ന ഒരു പാട്ട്. അക്കാലത്ത് വയലാറും ഇത് വിഷയമാക്കി മനോഹരമായ പാട്ടുകളെഴുതിയിട്ടുണ്ട്. മനസിന്റെ ഉള്ളറയിൽ കാൽപനികമായി, അത് സൂക്ഷിക്കാമെങ്കിലും ഒരു യഥാർത്ഥ കാമുകന്റെ മുന്നിൽ കാൽനഖം കൊണ്ട് വരച്ച് നാണിച്ചു നിൽക്കാൻ അന്നത്തേയും കാമുകിമാർക്ക് കഴിയുമായിരുന്നോ? സംശയമാണ്. ബുദ്ധിശാലിനികൾ ഒരു പക്ഷേ ആ റോൾ എടുത്തണിഞ്ഞ്, ജീവനതന്ത്രമെന്ന നിലയിൽ പുരുഷന്മാരെ വരുതിയിൽ നിർത്തിയിട്ടുണ്ടാവാം എന്നുമാത്രം. കാമുകന്മാരുടെ അടുത്ത് പോയിട്ട്, അമ്പലത്തിലെ സാക്ഷാൽ ദേവന്റെ മുന്നിൽ ചെന്നുനിൽക്കുമ്പോൾ പോലും തല കുനിക്കാനോ തൊഴാനോ എനിക്ക് സാധിച്ചിരുന്നില്ല. പണ്ടത്തെ സിനിമാപ്പാട്ടുകളിലൊക്കെ അമ്പലത്തിന്റെ പരിസരവും ദേവനുമൊക്കെയായിരുന്നു പ്രണയത്തിന്റെ കൂട്ടുകൾ.

‘നാണമില്ലേ?' എന്ന ചോദ്യത്തിലൂടെ സാമൂഹ്യസ്ഥാപനങ്ങൾ മനുഷ്യരുടെ പദവി ഒരിടത്ത് ഉറപ്പിച്ചു നിർത്താൻ ശ്രമിക്കുന്നു. ജാതിയുടേയോ ലിംഗത്വത്തിന്റെയോ, ലൈംഗിക ചായ്‌വിന്റെയോ, ശരീരഘടനയുടെയോ വസ്ത്രധാരണത്തിന്റെയോ ഒക്കെ പേരിൽ സ്ഥാപനങ്ങൾ മനുഷ്യരെ ലജ്ജക്ക് വിധേയരാക്കും.

ലജ്ജ സ്ത്രീകൾക്ക് വേണ്ട ഗുണമായാണ് നമ്മൾ കരുതിപ്പോന്നിട്ടുള്ളത്. പുരുഷാധിപത്യ സമൂഹത്തിൽ അത് സ്ത്രീകളെ നിയന്ത്രിക്കാനുള്ള ഉപകരണമായും തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗികതയുടെ പൊതുവായ സാമൂഹ്യനിയന്ത്രണത്തിലും ഇത് അതേപോലെ ഉപയോഗിക്കപ്പെടുന്നുണ്ട്. സദാചാരപരമായ പെരുമാറ്റച്ചട്ടങ്ങൾക്ക് സ്ത്രീകളുടെ അത്ര കർക്കശമല്ലെങ്കിലും പുരുഷന്മാരും വിധേയരാണ്. ഇതേ സിനിമാപ്പാട്ടിന്റെ മറ്റു വരികൾ അത് കൂടി സൂചിപ്പിക്കുന്നു.‘‘നാമിരുപേരും തനിച്ചിങ്ങ് നിൽക്കുകിൽ നാട്ടുകാർ കാണുമ്പോൾ എന്ത് തോന്നും?''

ഈ സന്ദർഭത്തിൽ പ്രണയത്തിൽ പെട്ടിരിക്കുന്ന കാമുകനും സംശയാലുവാണ്. നാട്ടു നടപ്പനുസരിച്ചുള്ള ആചാരപരമായ ബന്ധത്തിനപ്പുറത്തേക്ക് താൻ കടക്കുന്നുണ്ടോ, അത് ശരിയാണോ എന്നതൊക്കെയാണ് കാമുകൻ ചിന്തിക്കുന്നത്. കാമുകിയെ സംബന്ധിച്ച് മനസിന്റെ ഈ ചാഞ്ചല്യം പതിന്മടങ്ങാണ്. സ്വന്തം ഇടത്തിന്റെ അതിരുകൾക്കുള്ളിലേക്ക് മറ്റൊരാളെ കടത്തുന്നിടത്താണ് ലജ്ജ പ്രകടമാകുന്നത്. ആകാമോ, ആയിക്കൂടേ, എന്നുള്ള സന്ദിഗ്ദ്ധതയാണ് അതുണ്ടാക്കുന്നത്. മനുഷ്യരുടെ ഉണ്മയുടെ വശത്ത് നിന്നുമുള്ള അതിരിനും അതിരു കടക്കലിനും സമാന്തരമായി, സാമൂഹ്യമായി നിർമിതമാകുന്ന അതിരുകളുമുണ്ട്. ഇത് മിക്കപ്പോഴും നമ്മൾ വേർ തിരിച്ച് അറിയാറില്ല.

‘നാണമില്ലേ?' എന്ന ചോദ്യത്തിലൂടെ സാമൂഹ്യസ്ഥാപനങ്ങൾ മനുഷ്യരുടെ പദവി ഒരിടത്ത് ഉറപ്പിച്ചു നിർത്താൻ ശ്രമിക്കുന്നു. ജാതിയുടേയോ ലിംഗത്വത്തിന്റെയോ, ലൈംഗിക ചായ്‌വിന്റെയോ, ശരീരഘടനയുടെയോ വസ്ത്രധാരണത്തിന്റെയോ ഒക്കെ പേരിൽ സ്ഥാപനങ്ങൾ മനുഷ്യരെ ലജ്ജക്ക് വിധേയരാക്കും. ഇത് അപമാനിക്കലുമാണ്. അസഹനീയമായ ആ അനുഭവം ഭയന്ന് ആളുകൾ അനുസരണയോടെയും സ്വഭാവ നിയന്ത്രണത്തോടെയും ജീവിക്കുന്നു. അപമാനം ഭയന്ന് മുമ്പ് നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ഇറക്കം കുറഞ്ഞ പാവാട ധരിച്ച് പുറത്തിറങ്ങിയിരുന്നില്ല. അങ്ങനെ ചെയ്യാൻ ആലോചിക്കുമ്പോൾ ലജ്ജയുണ്ടാകണമെന്നത് സാമൂഹ്യമായി ഏൽപ്പിച്ചതാണ്. വിവാഹശേഷവും ഭർത്താവിന്റെ മുഖത്ത് നോക്കുന്നത് ലജ്ജാകരമാണെന്ന് സ്ത്രീകൾ പഠിപ്പിക്കപ്പെട്ട കാലവുമുണ്ടായിരുന്നു. ഇവയൊക്കെ തങ്ങൾക്ക് മേലുള്ള അധികാരപ്രയോഗമാണെന്ന് സ്ത്രീകളും മറ്റു വിധേയരും മനസ്സിലാക്കുന്നതോടെ അത് രാഷ്ട്രീയ വിഷയമാകുന്നു. അധികാരം മറിച്ചിടാനുള്ള മുന്നേറ്റങ്ങളുണ്ടാകുന്നു. അതേസമയം, മനുഷ്യരുടെ ഉണ്മയുടെ വശത്തുനിന്ന് ഉണരുന്ന ലജ്ജയെ, അതിന്റെ ക്രിയാത്മവും ഗുണപരവുമായ അംശത്തെ, എങ്ങനെ സാമൂഹ്യഅപമാനത്തെ പ്രതിരോധിക്കാനായി ഉപയോഗപ്പെടുത്താമെന്ന ആലോചനയും ഉണ്ടാകുന്നു. ഈ ലജ്ജ സാമൂഹ്യമായി ഏൽക്കേണ്ടി വരുന്ന കളങ്കത്തിൽ നിന്ന് വ്യത്യസ്തമാണ്. പ്രണയം പോലെയുള്ള സന്ദർഭങ്ങളിലുണ്ടാകുന്ന ലജ്ജയിൽ ഇവ തമ്മിൽ വേർ തിരിച്ചറിയാൻ പ്രയാസവുമാകും.

ശരീരഘടനയുടെയോ വസ്ത്രധാരണത്തിന്റെയോ ഒക്കെ പേരിൽ സ്ഥാപനങ്ങൾ മനുഷ്യരെ ലജ്ജക്ക് വിധേയരാക്കും. ഇത് അപമാനിക്കലുമാണ്. അസഹനീയമായ ആ അനുഭവം ഭയന്ന് ആളുകൾ അനുസരണയോടെയും സ്വഭാവ നിയന്ത്രണത്തോടെയും ജീവിക്കുന്നു. വിവാഹശേഷവും ഭർത്താവിന്റെ മുഖത്ത് നോക്കുന്നത് ലജ്ജാകരമാണെന്ന് സ്ത്രീകൾ പഠിപ്പിക്കപ്പെട്ട കാലവുമുണ്ടായിരുന്നു. / Photo: Mani Kaul's Dhuvida , Mubi

മനുഷ്യാവസ്ഥയോട് ഉൾചേർന്നു കിടക്കുന്ന ഒന്നാണ് ലജ്ജ.
ശൈശവദശയിൽ മുതിർന്നവരെ ആശ്രയിച്ചു കഴിയേണ്ട ദൈന്യതയാണ് ഇതിനാധാരം. വളരുമ്പോഴും വളർന്നു കഴിഞ്ഞാലും ഈ ആശ്രിതത്വം ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ടാകും. സ്വതന്ത്രമായി നില കൊള്ളാനുള്ള ഇച്ഛയും, ആശ്രിതത്വത്തിൽ അനുഭവിച്ചു പോന്ന സംരക്ഷണം തുടർന്നും അനുഭവിക്കാനുള്ള ത്വരയും തമ്മിൽ ഏറ്റു മുട്ടുന്നിടത്താണ് ലജ്ജ ഉണരുന്നത്. മുതിർന്നവർ പല ആവശ്യങ്ങളും കുട്ടികൾക്ക് മേൽ ഏൽപ്പിക്കുന്നു. കുട്ടികളായിരിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സ്‌നേഹത്തിൽ പൊതിഞ്ഞ കളിയാക്കലുകളും അപമാനിക്കപ്പെടുമോ എന്ന ഭയവും ചെറിയ ശിക്ഷകളും എല്ലാം തന്നിഷ്ടത്തോടെ രൂപപ്പെടുന്ന താൻബോധത്തിന് ഭീഷണിയാണ്. അതേ സമയം മറ്റുള്ളവരോട് ഇണങ്ങിയും ഇടഞ്ഞും മാത്രമേ സാമൂഹികമായി മനുഷ്യർക്ക് വളരാൻ കഴിയുകയുമുള്ളൂ. സമപ്രായക്കാരായ കുട്ടികളോട് ഇടപെട്ടാണ് കുട്ടികൾക്ക് ബാലൻസ് ചെയ്ത് വളരാൻ സാധിക്കുന്നത്.

ഉള്ളിലേക്ക് നമ്മളെ വലിച്ചു കൊണ്ടു പോകുന്ന ഈ ലജ്ജ മുറിപ്പാടുകളിൽ നിന്ന് രക്ഷിക്കുന്നതാണെങ്കിലും അമിതമാകുമ്പോൾ വിനാശകരമായിരിക്കും.

കുട്ടിയായിരിക്കുമ്പോൾ സ്‌കൂളിൽ നിന്ന്​ കുറച്ചു മുതിർന്ന കുട്ടികൾ പുതുതായി പിറന്ന എന്റെ അനുജത്തിയെ കാണാൻ വീട്ടിൽ വന്നതോർക്കുന്നു. പെട്ടെന്ന് തന്നെ ഞാൻ ഒരു മുറിയിൽ കയറി അവരെ കാണാതെ മാറി നിന്നു. ഇതെനിക്ക് കൂട്ട് കൂടാത്തവൾ എന്ന ചീത്തപ്പേരുണ്ടാക്കി എങ്കിലും അപ്പോൾ സമാധാനമാണ് തന്നത്. അപരിചിതരായവരോട് അകൽച്ച പാലിച്ച എനിക്ക് കുട്ടിക്കാലം മുതൽ ധാരാളം കൂട്ടുകാരുണ്ടാവുകയും ചെയ്തു. വളരെ പതുക്കെയാണ് ഞാൻ കൂട്ടുകാരോട് അടുത്തിരുന്നത്. കുഞ്ഞമ്മയോടൊപ്പം ബാലജനസഖ്യത്തിൽ പോയപ്പോൾ അവിടെയുണ്ടായിരുന്നവർ എന്നോട് നൃത്തം ചെയ്യാനാവശ്യപ്പെട്ടു. എന്റെ സമപ്രായത്തിലുള്ള ഒരു പെൺകുട്ടി നാണിച്ചു മാറി നിന്നപ്പോൾ ഞാൻ മുന്നോട്ടു പോയി അവർ ആവശ്യപ്പെട്ടത് ചെയ്തു. അവളുടെ ലജ്ജയും എന്റെ ലജ്ജയില്ലായ്മയും രണ്ടായി ഞാൻ കാണുന്നില്ല. ഇവിടെ ലജ്ജക്ക് കാരണം നമ്മൾ വിലയിരുത്തപ്പെടുമോ എന്നും അത് അഹംബോധത്തെ മുറിപ്പെടുത്തുമോ എന്നുമുള്ള ഭയമായിരിക്കണം. മുൻപ് കടന്നു പോയ സന്ദർഭങ്ങളിലൂടെ അത് നേരിടാനുള്ള തയാറെടുപ്പ് നടന്നതിനാലാവണം ഞാൻ അപ്പോൾ ലജ്ജയില്ലാതെ പെരുമാറിയത്.

പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോൾ ഞങ്ങളുടെ മുന്നിലെ ബഞ്ചിൽ ആൺ കുട്ടികളാണ് ഇരുന്നത്. അതിൽ ഒരാളെ ഞങ്ങൾ മൂന്നു പെൺകുട്ടികൾ ചേർന്ന് വിരൽ കൊണ്ട് കുത്തി. ഓരോ കുത്തു കിട്ടുമ്പോഴും അവൻ ലജ്ജ കലർന്ന പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. ലജ്ജയോടെയാണെങ്കിലും അവൻ ഉള്ളിലേക്ക് ഞങ്ങളെ എതിരേൽക്കുകയായിരുന്നു. അവന്റെ അടുത്തിരുന്ന കുട്ടിയോടും ഞങ്ങൾ ഇത് തന്നെ ആവർത്തിച്ചു. അവൻ ക്രോധത്തോടെ ഞങ്ങളെ തുറിച്ചു നോക്കി. ലജ്ജയെ പോലെ ദേഷ്യവും നമ്മുടെ അതിരുകൾ മറ്റുള്ളവർക്കായി എത്ര മാത്രം തുറക്കാൻ തയാറാണെന്ന് സൂചിപ്പിക്കുന്നതാണ്. ആ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ അകറ്റി നിർത്തണമെന്ന ഒരു ബോധം അവനിൽ രൂപപ്പെട്ടിരുന്നോ എന്നറിയില്ല. അപമാനിക്കപ്പെടുമോ, അംഗീകരിക്കപ്പെടുമോ എന്നൊക്കെയുള്ള ഭയം മൂലം എത്രത്തോളം പുറത്തേക്ക് സ്വയം പ്രദർശിപ്പിക്കാനാവും എന്നത് സന്ദിഗ്ദ്ധതയോടെ സ്വയം വിലയിരുത്തി കൊണ്ടാണ് ഓരോരുത്തരും വളരുന്നതും നിലയുറപ്പിക്കുന്നതും. ഒച്ചിനെ പോലെ തല പതിയെ പുറത്തേക്കിടുകയും അപകടമെന്ന് കണ്ടാൽ അകത്തേക്ക് വലിയുകയും ചെയ്ത് വളരുന്നതിന്, ലജ്ജയാണ് നമുക്ക് തുണയാവുന്നത്.

ശ്യാമപ്രസാദിന്റെ 'അകലെ'യിൽ ഗീതു മോഹൻദാസ്

ഉള്ളിലേക്ക് നമ്മളെ വലിച്ചു കൊണ്ടു പോകുന്ന ഈ ലജ്ജ മുറിപ്പാടുകളിൽ നിന്ന് രക്ഷിക്കുന്നതാണെങ്കിലും അമിതമാകുമ്പോൾ വിനാശകരമായിരിക്കും. ഗ്‌ളാസ് മെനിജറി എന്ന ഇംഗ്ലീഷ് നാടകത്തെ ഉപജീവിച്ച്, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ' എന്ന സിനിമയിലെ ബ്ലൂ റോസ് എന്ന കഥാപാത്രത്തെ ഈ സന്ദർഭത്തിൽ ഓർക്കുന്നു. കാലിന് അൽപ്പം മുടന്തുള്ളതിനാൽ ഉൾവലിഞ്ഞ സ്വഭാവമാണ് റോസിനുള്ളത്. അമ്മ വളരെ ഉത്സാഹത്തോടെ അവൾക്ക് വരനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു ചെറുപ്പക്കാരന് വീട്ടിൽ വിരുന്നൊരുക്കുന്നു. അമ്മ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു എങ്കിലും ലജ്ജയും ഭയവും അവളെ കൂടുതൽ തളർത്തുകയാണ്. കുട്ടിക്കാലം മുതൽ അവൾ ലജ്ജിച്ചും ഒറ്റപ്പെട്ടും കഴിയുന്നത് ശരീരത്തിന്റെ പൂർണ്ണതയെ കുറിച്ചുള്ള സാമൂഹ്യമായ അളവ് കോലുകൾ വച്ച് പല തരത്തിൽ ആളുകൾ അളക്കുന്നത് കൊണ്ട് കൂടിയാകണം. ഹ്രസ്വനേരത്തെ ഇടപെടൽ കൊണ്ട് വിരുന്നുകാരനായി വന്ന ചെറുപ്പക്കാരന് അവളെ സ്വയം ഒതുങ്ങി കൂടിയ അകക്കൂട്ടിൽ നിന്ന് പുറത്ത് കൊണ്ട് വരാനായി. മറ്റുള്ളവരിൽ നിന്നുണ്ടായേക്കാവുന്ന അപമാനത്തിൽ നിന്ന് രക്ഷക്കായുള്ള ആവരണമെന്ന നിലക്കാണ് അവൾ ലജ്ജ എടുത്തണിയുന്നത്. അയാൾ അവളുടെ ഗുണങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിലൂടെ താൻ അപമാനിതയാവില്ലെന്ന ഒരുറപ്പ് അവൾ അനുഭവിക്കുന്നു. ശോകനിർഭരമായ ഉൾവലിവിനെ, പ്രേമം കൊണ്ട് മഴവില്ലു പോലെ നനവാർന്ന ലജ്ജാഭാവമായി മാറ്റാൻ ഏതാനും നിമിഷങ്ങളിലേക്കാണെങ്കിലും അവൾക്ക് കഴിയുന്നു. നൃത്തം ചെയ്യുകയും പ്രിയപ്പെട്ട ഗ്‌ളാസ് കുതിരയെ കൂട്ടുകാരന് സമ്മാനിക്കുകയും ചെയ്യുമ്പോൾ ലജ്ജയുടെ മറ്റൊരു ഭാവമാണ് കാണാൻ കഴിയുന്നത്. സാമൂഹ്യവും ബാഹ്യവുമായ ഘടകങ്ങൾ സ്വാധീനം ചെലുത്തുമ്പോഴും, ബോധത്തിന് കയ്യാളാൻ കഴിയുന്ന അന്തരംഗത്തിലാണ് ലജ്ജ വിഹരിക്കുന്നത്. ചെറുപ്പക്കാരന് ജീവിതപങ്കാളിയാകാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകുന്ന നിമിഷം റോസ് വീണ്ടും തന്റെ ഉള്ളിലേക്ക് തന്നെ വലിയുന്നു. താൽക്കാലികമായുണ്ടായ ആത്മബലത്തിന് ദീർഘകാലത്തെ ബാഹ്യസ്വാധീനത്താൽ ഉറച്ചു പോയ ആത്മനിന്ദയെ അതിജീവിക്കാനാവുന്നില്ല. അവൾ എന്നെന്നേക്കുമായി മനോരോഗിണിയായി മാറുകയാണ്.

ഏതു തരം ശാരീരിക ഭിന്നതകളുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ ശരീരത്തെ അപകർഷപ്പെടുത്തുക എന്നത് സംസ്‌കാരമാണെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. അതിൽ മുങ്ങിത്താണ് ജീവിതം നഷ്ടപ്പെടുന്നവരും, കര കയറി വരുന്നവരുമുണ്ട്.

എന്റെ അടുത്ത ബന്ധുവായ അമ്മുച്ചേച്ചി അസാധാരണമായ തരത്തിൽ തനിക്ക് പൊക്കം കുറവാണെന്ന് മനസ്സിലാക്കിയത് ഒരു പക്ഷെ, ഹൈസ്‌കൂളിലെത്തിയപ്പോഴായിരിക്കണം. അത് വരെ മറ്റു കുട്ടികളോടൊപ്പം മാറത്ത് പുസ്തകവും ചേർത്ത് പിടിച്ച് മുടി കുളി പിന്നൽ കെട്ടി പാട്ടുപാവാടയും ഉടുത്ത് ചേച്ചിയും മറ്റുള്ളവരെ പോലെ സ്‌കൂളിൽ പോയി. പക്ഷേ, കൂട്ടുകാരുടെ കൂടെ കളിചിരികൾക്കൊന്നും കൂടുന്നത് കണ്ടിട്ടില്ല. അക്കാലത്ത് പെൺകുട്ടികൾ വയസ്സറിയിക്കുന്ന സമയത്ത്, വലിയ ചടങ്ങുകളൊന്നുമില്ലെങ്കിലും ബന്ധുക്കളൊക്കെ പലഹാരപ്പൊതിയൊക്കെ സമ്മാനമായി നൽകാറുണ്ടായിരുന്നു. സന്തോഷത്തോടെ അമ്മുചേച്ചിയും അതൊക്കെ സ്വീകരിച്ചതായാണ് ഓർമ്മ. അതിനു ശേഷം പെൺകുട്ടികൾക്ക് അധികം പൊക്കം വെക്കാറില്ല എന്ന ഒരു പൊതു അറിവ് നില നിന്നിരുന്നു. പ്രായത്തിനനുസരിച്ച് പൊക്കമില്ലാത്ത ചേച്ചിക്ക് ഇനി പൊക്കം വരില്ലല്ലോ എന്ന് മുതിർന്ന സ്ത്രീകൾ അടക്കം പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ചേച്ചിയുടെ പൊക്കമില്ലായ്മ കൂടുതൽ പ്രകടമായി വന്നു. ആളിന് സ്‌കൂളിൽ പോകാൻ മടിയായി തുടങ്ങി. ആരോടും അധികം സംസാരിക്കാതെ ആയി. വീട്ടിൽ പോയാൽ ആളെ പുറത്തെങ്ങും കാണാറുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ കുറച്ചു ദിവസം എന്റെ വീട്ടിൽ താമസിക്കണമെന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്ന് അനുവാദം വാങ്ങി ചേച്ചി വന്നു. ഒരു അതിഥി വീട്ടിൽ താമസിക്കാൻ വന്നതിൽ ഞാൻ സന്തോഷിച്ചു. എന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. ഇടക്കിടെ ചേച്ചി എന്നെ രൂക്ഷമായി നോക്കാൻ തുടങ്ങി. പൊക്കം കൂടുതലുള്ള കുട്ടികളോടൊക്കെ ദേഷ്യമാണെന്ന് എനിക്ക് മനസ്സിലായി. ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കയ്യിൽ കടന്നു പിടിച്ച് പതുക്കെ കഴിക്കാൻ ആജ്ഞാപിച്ചു. അങ്ങനെ വീട്ടിൽ ഭയന്ന് കഴിയേണ്ട ഒരു സ്ഥിതിയും എനിക്ക് വന്നു ചേർന്നു. ക്രമേണ ചേച്ചിയുടെ സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ കാണാൻ തുടങ്ങി. വളരെ അന്തർമുഖിയായിരുന്ന ആൾ ഒരു ദിവസം റേഡിയോ പാട്ടിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. സ്ഥിതിയുടെ ഗൗരവം മനസ്സിലാകാതിരുന്ന ഞാൻ നൃത്തം പഠിച്ചിട്ടില്ലാത്ത ചേച്ചി നന്നായി നൃത്തം ചെയ്യുന്നത് കണ്ട് സന്തോഷിച്ചു. രാത്രി ഏറെ വൈകിയിട്ടും നൃത്തം അവസാനിപ്പിക്കാതിരുന്നപ്പോഴും ഇനി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവില്ലെന്ന് വാശി പിടിച്ചപ്പോഴുമാണ് എനിക്ക് പ്രശ്‌നം സീരിയസ് ആണെന്ന് മനസ്സിലായത്. നിർബ്ബന്ധിച്ച് വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടു പോയപ്പോൾ വിഷമം തോന്നിയെങ്കിലും ഭയമായിരുന്നു എന്റെ മനസ്സിൽ മുന്നിട്ട് നിന്നിരുന്നത്.

അനുജത്തി രാജശ്രീയ്ക്കൊപ്പം ജയശ്രീ

പലപ്പോഴും ചേച്ചി ഓടിക്കുന്നതും കഷ്ടിച്ച് രക്ഷപ്പെടുന്നതുമൊക്കെ സ്വപ്‌നം കാണുക പതിവായി. അവർ പിന്നീട് വീടിന്റെ ഒരു മൂലയിൽ ഒതുങ്ങി കൂടുകയായിരുന്നു. ഞാൻ കൂടി ഉൾപ്പെട്ട സ്വന്തക്കാരൊന്നും തന്നെ അവർ അനുഭവിച്ചിരുന്ന വിഷമത്തിന്റെ ഭീകരത മനസ്സിലാക്കിയിരുന്നില്ലല്ലോ എന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തിരിച്ചറിയുന്നത്. ശരീരത്തിന്റെ പ്രതിച്ഛായ, വളർന്നു വരുന്ന സമയത്ത് അത് നല്ലതായാലും ചീത്തയായാലും ആളുകളിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കും. മറ്റുള്ളവരുടെ നോട്ടം എപ്പോഴും ശരീരത്തിൽ പതിഞ്ഞു കൊണ്ടിരിക്കുന്നു എന്നുള്ള ദൈന്യമായ അറിവ് നമുക്കുണ്ടെന്നതാണ് മനുഷ്യരുടെ പ്രത്യേകത. മറ്റുള്ളവർ വച്ചു നീട്ടുന്ന സർട്ടിഫിക്കറ്റ് വാങ്ങുകയേ നിവൃത്തിയുള്ളൂ. ഏതു തരം ശാരീരിക ഭിന്നതകളുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ ശരീരത്തെ അപകർഷപ്പെടുത്തുക എന്നത് സംസ്‌കാരമാണെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. അതിൽ മുങ്ങിത്താണ് ജീവിതം നഷ്ടപ്പെടുന്നവരും, കര കയറി വരുന്നവരുമുണ്ട്. വിവാഹച്ചന്തയിലെ പെണ്ണുകാണൽ ചടങ്ങ് സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കുന്നതിന്റെ നിരന്തരമായ ആവർത്തനമാണ്. കോമഡി ഷോകളിലും സിനിമകളിലും മറ്റു മാധ്യമങ്ങളിലും പൊക്കം കുറഞ്ഞവരും കറുത്തവരും തടിച്ചവരും എല്ലാം പരിഹാസത്തിന് വിധേയരാക്കപ്പെടുകയാണ്. എന്നാൽ, അതിന് വിധേയരാകുന്നവർ അതിനോട് വ്യത്യസ്ത രീതികളിലാണ് പൊരുത്തപ്പെടുന്നത്. മിക്ക പേരും ആൾക്കൂട്ടത്തോട് ചേർന്ന് സ്വയം പരിഹാസത്തിനും ലജ്ജക്കും വിധേയരാകുകയാണ്. അവർ മറ്റുള്ളവരെ ആരാധിക്കുകയും സ്വയം വെറുക്കുകയും ചെയ്യുന്നു.

അങ്ങ് കറുത്ത് പോയല്ലോ, ഒണങ്ങി പോയല്ലാ, തുടങ്ങിയ കമന്റുകൾ എത്ര തവണ കേട്ടിരിക്കുന്നു? കൗമാര കാലത്തെ വളർച്ചാ സമയത്ത് നിറം, പൊക്കം, വണ്ണം, മുടി, പല്ല്, നടപ്പ്, ഉടുപ്പ് ഇതെല്ലാം കർശനമായും മറ്റുള്ളവരുടെ നിരീക്ഷണത്തിനും അപമാനിക്കലിനും വിധേയമാകും. പലരും ലജ്ജ കൊണ്ട് ഉൾവലിഞ്ഞു പോകുകയും, ചിലർ മനോരോഗത്തിനടിപ്പെടുകയും ചെയ്യാറുണ്ട്. ഇതൊക്കെ തിരിച്ചറിഞ്ഞ് ആളുകൾ പെരുമാറുന്ന ഒരു സമൂഹം നമുക്ക് സ്വപ്നം കാണാം.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്, മിടുക്കികളായ പെൺകുട്ടികളോട് പ്രണയ അഭ്യർത്ഥന നടത്തുന്നവരോട് പ്രതികൂലമായി പ്രതികരിച്ചാൽ അവർ പല വിധത്തിലുള്ള പ്രതികാരം ചെയ്യുന്നത് കണ്ടിരുന്നു. എന്നാൽ, ഇന്നത്തേത് പോലെ അവ കൊലപാതകങ്ങളിലൊന്നും എത്തിയിരുന്നില്ല

സ്വയം അച്ചടക്കം ഏർപ്പെടുത്തുന്നതിലൂടെ, സാമൂഹ്യമായ നിയന്ത്രണം കൊണ്ട് വരുന്നതിന് ശക്തമായി ഉപയോഗിച്ചു പോന്ന വികാരമാണ് ലജ്ജ. സ്ത്രീകളും മറ്റു പുരുഷേതരരും ലൈംഗികമായി നേരിടുന്ന അക്രമങ്ങൾ ആരും അറിയാതെ തങ്ങളോടൊപ്പം തന്നെ കുഴിച്ചു മൂടിയിരുന്നു. ഇത് പുറത്ത് വന്നാൽ അത് നേരിട്ടവർക്ക് ലജ്ജാകരമാണെന്ന തരത്തിൽ മനസ്സ് രൂപപ്പെട്ടിരിക്കും. കോളേജുകളിലൊക്കെ പെൺകുട്ടികളുടെ സാമർഥ്യം ഒതുക്കുന്നതു മുതൽ അതിക്രൂരമായ അതിക്രമങ്ങൾ വരെ സാധാരണമാണെന്ന തരത്തിൽ നിശ്ശബ്ദമാക്കപ്പെടുകയും അക്രമം നടത്തുന്നവർക്ക് സാധൂകരണം കിട്ടുകയും ചെയ്യുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്, മിടുക്കികളായ പെൺകുട്ടികളോട് പ്രണയ അഭ്യർത്ഥന നടത്തുന്നവരോട് പ്രതികൂലമായി പ്രതികരിച്ചാൽ അവർ പല വിധത്തിലുള്ള പ്രതികാരം ചെയ്യുന്നത് കണ്ടിരുന്നു. എന്നാൽ, ഇന്നത്തേത് പോലെ അവ കൊലപാതകങ്ങളിലൊന്നും എത്തിയിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മതിലിൽ അപവാദങ്ങൾ എഴുതി വക്കുക, അധികാരികൾക്കും വീട്ടുകാർക്കും ഊമക്കത്തുകൾ അയക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് അന്ന് ചെയ്തിരുന്നത്. ഇതൊക്കെ നിസ്സാരമല്ലേ എന്ന് വിചാരിക്കേണ്ട. വിധേയരാകുന്ന സ്ത്രീകളെ സംബന്ധിച്ച് അവരുടെ ജീവിതം തകർന്നു പോകുന്ന അനുഭവമാണുണ്ടാകുന്നത്. എന്റെ ഒരു കൂട്ടുകാരി ദിവസങ്ങളോളം ക്ലാസ്സിൽ വന്നില്ല. കോളേജിന്റെ മതിലിൽ വളരെ വലുതായി അപവാദങ്ങൾ പ്രത്യക്ഷപ്പെട്ടതായിരുന്നു കാരണം. ആഴ്ചകൾ കൊണ്ട് ഒരു വിധം മനോധൈര്യം വീണ്ടെടുത്തു എങ്കിലും അതവളുടെ പഠനത്തെ പിന്നീട് കാര്യമായി ബാധിച്ചിരുന്നു. ഞാൻ ആദ്യമായി ഹോസ്റ്റലിൽ ചേർന്നപ്പോൾ അവിടെ സീനിയർ ആയിരുന്ന ഒരു പെൺകുട്ടി എല്ലാവരുടെയും നോട്ടപ്പുള്ളിയായിരുന്നു. അവർ കടന്നു പോകുമ്പോൾ മറ്റുള്ളവർ അടക്കം പറഞ്ഞു. അവരുടെ മുറിയിൽ എപ്പോഴും കൂടിയാലോചനകളുണ്ടായി. കൂട്ടുകാരികൾ എല്ലായ്പോഴും അവരുടെ മേൽ സഹതാപം ചൊരിഞ്ഞു. ബുദ്ധിയുടെ ലക്ഷണങ്ങളുള്ള മുഖമായിരുന്നു അവരുടേത്. എപ്പോഴും തലയുയർത്തി നടക്കുകയും പഠനത്തിൽ മുഴുകുകയും ചെയ്തു. മറ്റുള്ളവരോട് നന്നായി പെരുമാറുകയും ചെയ്യുമായിരുന്നു. എങ്കിലും ദുരൂഹമായ എന്തോ ഒന്ന് അവരെ പൊതിഞ്ഞു നിന്നു. ഹോസ്റ്റലിനടുത്തുള്ള ഒരു കൂട്ടം റൗഡികൾ ഒരിക്കൽ പ്രതികരിച്ചതിനുള്ള പ്രതികാരമെന്നോണം എപ്പോഴും അവർക്ക് ചുറ്റും വട്ടമിട്ടു നടക്കുകയും ഭീഷണിക്കത്തുകളയക്കുകയും മറ്റും ചെയ്തിരുന്നു. മറ്റു വിദ്യാർത്ഥിനികളുടെ സുരക്ഷിതവലയത്തിൽ മാത്രം എപ്പോഴും സഞ്ചരിക്കുവാൻ അവർ നിർബ്ബന്ധിതയായി. അദ്ധ്യാപകരും രക്ഷിതാക്കളും അവളെ മോശക്കാരിയായി കാണുന്ന വിധത്തിൽ എതിരാളികൾ ഊമക്കത്തുകളയച്ചു. അടുത്ത നടപടി എന്തായിരിക്കുമെന്നറിയാത്തതിനാൽ അവളും കൂട്ടുകാരും എപ്പോഴും മുൾമുനയിലെന്ന പോലെ കഴിഞ്ഞു. അന്തസ്സോടെ പ്രതികരിച്ചു എന്ന കാരണത്താൽ മാത്രം, ലജ്ജാകരമായ എന്തോ ചെയ്തവൾ എന്ന ഇമേജ്, നിഴൽപോലെ അവളോടൊപ്പം കൂടി. പതിനേഴു വയസ്സ് പ്രായമുണ്ടായിരുന്ന എനിക്ക് ഈ അന്തരീക്ഷം വല്ലാത്ത വിഹ്വലതയുണ്ടാക്കി. എന്നെ പോലെ അവിടെ ഉണ്ടായിരുന്ന അനേകം പെൺകുട്ടികൾ, ഇതോടെ സ്ത്രീകൾ പാലിക്കേണ്ട ചട്ടങ്ങൾ ആത്മാവിൽ ഉൾക്കൊണ്ടിട്ടുണ്ടാവണം.

മനുഷ്യാവസ്ഥയോട് ഉൾചേർന്നു കിടക്കുന്ന ഒന്നാണ് ലജ്ജ. ശൈശവദശയിൽ മുതിർന്നവരെ ആശ്രയിച്ചു കഴിയേണ്ട ദൈന്യതയാണ് ഇതിനാധാരം. വളരുമ്പോഴും വളർന്നു കഴിഞ്ഞാലും ഈ ആശ്രിതത്വം ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ടാകും. സ്വതന്ത്രമായി നില കൊള്ളാനുള്ള ഇച്ഛയും, ആശ്രിതത്വത്തിൽ അനുഭവിച്ചു പോന്ന സംരക്ഷണം തുടർന്നും അനുഭവിക്കാനുള്ള ത്വരയും തമ്മിൽ ഏറ്റു മുട്ടുന്നിടത്താണ് ലജ്ജ ഉണരുന്നത്. / Photo: Muhammed Fasil

സ്ത്രീയുടെ ശരീരം പുറത്ത് കാണുന്നത് ഏറ്റവും ലജ്ജയും അപമാനവും ഉണ്ടാക്കുന്നതായി കരുതുന്നു. അത് മറി കടക്കുന്നവരെ ഉപദ്രവിക്കുന്നതിന് സമൂഹം മൗനം കൊണ്ടോ നുണപ്രചാരണം കൊണ്ടോ അനുവാദം നൽകും. പെൺകുട്ടികളെയും സ്ത്രീകളേയും ബ്‌ളാക്‌മെയിൽ ചെയ്ത് പുരുഷാധികാരം ഊട്ടിയുറപ്പിക്കാൻ ഈ മനോഭാവത്തിന് കഴിയുന്നു. സ്ത്രീകളെ ആത്മഹത്യയിൽ എത്തിക്കാനും അവരുടെ ബന്ധുക്കളെ കൊലപാതകത്തിന് പ്രേരിപ്പിക്കാനുമുള്ള ശക്തി ഇതിനുണ്ട്. ദൃശ്യം എന്ന സിനിമ വീണ്ടും വീണ്ടും ആഘോഷിക്കപ്പെട്ടതും ഈ മനോഭാവത്തിന്റെ ചെലവിലാണ്.

അപമാനം കൊണ്ടുണ്ടാകുന്ന ലജ്ജയാൽ ലൈംഗികത നിശബ്ദമാക്കപ്പെടുന്നത് പൊതു ഇടങ്ങൾക്കൊപ്പമോ അതിനേക്കാളധികമോ കുടുംബങ്ങൾക്കുള്ളിലാണ്. വാത്സല്യവും സംരക്ഷണവും ലൈംഗികമായ കടന്നു കയറ്റവും വേർതിരിച്ചറിയാൻ കുട്ടിക്കാലത്ത് നല്ല പ്രയാസമാണ്. സാധാരണ വളർച്ചയിൽ കുടുംബാംഗങ്ങളുടെ സംരക്ഷണയിൽ നിന്ന് കൊണ്ട് തന്നെ സമപ്രായക്കാരുമായും പിന്നീട് മുതിർന്നവരുമായും കുട്ടികൾ പുതിയ ബന്ധങ്ങളുണ്ടാക്കുന്നു. അവിടെ ലജ്ജ, അല്ലെങ്കിൽ സ്വന്തം നിയന്ത്രണത്തിലുള്ള ഉൾവലിവ് വളർച്ചക്ക് സഹായിയായ ഉപകരണമാണ്. ഉള്ളിന്റെ അതിരുകളിലുണ്ടാകുന്ന സ്‌നേഹപ്രവാഹത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു നിർത്താൻ ഈ ലജ്ജ സഹായകമാണ്. ഇഷ്ടമുള്ളവരെ പതിയെ തെരഞ്ഞെടുക്കാനുള്ള സാവകാശം ഇത് നൽകുന്നു. ഈ ആത്മപുരോഗതിയെ സ്വയം വഞ്ചിക്കാൻ വിട്ടു കൊടുത്തു കൊണ്ടാണ് സാമൂഹ്യനിയമങ്ങൾക്ക് കീഴ്വഴങ്ങേണ്ടി വരുന്നത്. സാമൂഹ്യജീവിതത്തിനു വേണ്ടി വ്യക്തിസത്വങ്ങൾ നടത്തുന്ന ഒത്തു തീർപ്പാണത്. ഇവിടെ ലജ്ജ സാമൂഹ്യനിരീക്ഷണത്തിനുള്ള ഉപാധിയും വ്യക്തികളെ തളർത്തുന്നതുമായി ഭവിക്കാം.

പീഡകനെ വീട്ടിൽ നിന്ന് പുറത്താക്കുകയും കുട്ടിയെ വീട്ടിൽ താമസിപ്പിക്കുകയും വേണമെന്ന നേരും നെറിയും നമുക്ക് കാണാൻ പോലും കഴിയുന്നില്ലെന്നിടത്താണ് ലജ്ജയുടെ രാഷ്ട്രീയം പ്രസക്തമാകുന്നത്.

പതിനെട്ടു വയസ്സുള്ള സുമിത്രയെ അമ്മ ക്ലിനിക്കിൽ കൊണ്ട് വന്നത് നിരന്തരം അവൾ പുരുഷന്മാരുമായുണ്ടാക്കുന്ന ബന്ധങ്ങളിൽ അവർക്കുണ്ടായ വിഷമം മൂലമാണ്. സുമിത്രയെ അപ്പോഴേക്കും കടുത്ത വിഷാദരോഗം ബാധിക്കുകയും ചെയ്തിരുന്നു. അഞ്ചോ ആറോ വയസ്സു മാത്രം പ്രായമുള്ളപ്പോൾ തന്നെ അവളെ സ്വന്തം അച്ഛൻ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഇത് അമ്മക്കും അറിവുള്ള കാര്യമാണ്. സുമിത്ര ഇത് സ്വയം തിരിച്ചറിഞ്ഞ ദിവസം ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറി. അനുനയിപ്പിച്ച് വീണ്ടും വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത് അമ്മ തന്നെയാണ്. അതിനു ശേഷം അവൾ ഓരോ പുരുഷന്മാരുമായും പ്രണയത്തിൽ പെടാൻ തുടങ്ങി. അച്ഛനിൽ നിന്ന് കിട്ടികൊണ്ടിരുന്നു എന്ന് വിശ്വസിച്ചിരുന്ന സംരക്ഷണമാണ് അവൾ ഓരോ പുരുഷന്മാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതിൽ തൃപ്തി കണ്ടെത്താൻ കഴിയാത്തപ്പോൾ ബന്ധം അവസാനിപ്പിക്കുകയും പുതിയ ഒന്ന് തേടുകയും ചെയ്യുന്നു. എല്ലാവരെയും പോലെ,മാതാപിതാക്കളുടെ സംരക്ഷണം അൽപ്പാൽപ്പം വിട്ടു കൊണ്ട് സ്വയം വളരാനുള്ള സാഹചര്യം അവൾക്കുണ്ടായില്ല. ഈ അമ്മയുടെ അവസ്ഥയെന്താണ്? അവർക്ക് ഇതൊന്നും ആരോടും പറയാൻ കഴിയാതെ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് പുറമേ നിന്ന് ഏൽപ്പിക്കുന്ന ലജ്ജയും നിശ്ശബ്ദതയുമാണ്. ഇന്ന്, കേരളത്തിലെ ഷെൽട്ടർ ഹോമുകളിൽ കഴിയുന്ന ധാരാളം പെൺകുട്ടികളുടെ അവസ്ഥ ഇതാണ്. അവർ കൗൺസിലിംഗിൽ മാത്രം തൃപ്തരാകുന്നില്ല. ഓരോരുത്തരും സ്വന്തമായി സ്‌നേഹിക്കാൻ ഒരാളെ ആഗ്രഹിക്കുന്നു. കൂടുതൽ പേർക്കും അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകാൻ മോഹമുണ്ട്. അവിടെ അവർക്ക് സ്വന്തമായി അമ്മയും സഹോദരങ്ങളുമുണ്ടാകും. ഉപദ്രവകാരിയായി അച്ഛനോ വേറൊരു പുരുഷനോ അവിടെ ഉണ്ടെന്നതാണ് അവരെ ഹോമിൽ താമസിപ്പിക്കുന്നതിനു കാരണം. പീഡകനെ വീട്ടിൽ നിന്ന് പുറത്താക്കുകയും കുട്ടിയെ വീട്ടിൽ താമസിപ്പിക്കുകയും വേണമെന്ന നേരും നെറിയും നമുക്ക് കാണാൻ പോലും കഴിയുന്നില്ലെന്നിടത്താണ് ലജ്ജയുടെ രാഷ്ട്രീയം പ്രസക്തമാകുന്നത്. ക്യാമ്പുകൾ നടത്തുമ്പോഴും പുറമേയുള്ള പരിപാടികൾക്ക് പോകുമ്പോഴും അവർ പുരുഷന്മാരോട് ചങ്ങാത്തം കൂടുന്നത് ഹോം നടത്തിപ്പുകാർക്ക് തലവേദനയായി മാറുന്നു. കുട്ടികൾക്ക് പകരം പീഡകരായ പുരുഷന്മാരെയാണ് തടവിൽ പാർപ്പിക്കേണ്ടത്. കുട്ടികൾക്ക് വളരാൻ ചോറും സ്‌കൂൾ വിദ്യാഭ്യാസവും മതിയെന്നാണ് നമ്മൾ കരുതുന്നത്. കൊടുക്കൽ വാങ്ങലുകൾക്ക് ഇടം നൽകുന്ന ഗാഢബന്ധങ്ങളാണ് മനുഷ്യർ വളർച്ചക്കായി തേടി കൊണ്ടിരിക്കുന്നത്. സ്‌കൂളുകളിൽ അതിനുള്ള അവസരങ്ങളുണ്ടാകാം. എന്നാൽ, അപമാനിതരായ പെൺകുട്ടികൾക്ക് അതിനുള്ള സാഹചര്യം ഉണ്ടോ എന്നു കൂടി നമ്മൾ നോക്കേണ്ടതുണ്ട്. മറ്റു കുട്ടികൾക്കിടയിൽ അവർ ഒറ്റപ്പെട്ടു പോയേക്കാം.

സ്ത്രീകൾക്ക് സ്വയം കുറ്റം ചെയ്യാതിരിക്കുമ്പോൾ തന്നെ, മറ്റുള്ളവരുടെ കുറ്റം മൂടി വക്കാനായി നിശ്ശബ്ദതയിലും വിനാശകരമായ ലജ്ജയിലും മുങ്ങിക്കഴിയേണ്ടി വരുന്നത് എന്ത് കൊണ്ടാണ്? സാമൂഹികജീവിതത്തിനായി ഒത്തുതീർപ്പുകൾ നടത്തുമ്പോൾ അത് എങ്ങനെ വിവേചനപരമാവുന്നു എന്ന് തിരിച്ചറിയാനുള്ള ടൂളുകൾ ലഭ്യമല്ലാത്ത സ്ത്രീകളെ സംബന്ധിച്ച്, അനുഭവങ്ങൾ ഉള്ളപ്പോൾ തന്നെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവുകയില്ല. മറ്റുള്ളവർ ചൂണ്ടി കാട്ടുന്നതു പോലെ സ്വന്തം തെറ്റു കൊണ്ടോ വിധി കൊണ്ടോ ഇങ്ങനെയൊക്കെ സഹിക്കേണ്ടി വരുന്നു എന്നാണ് സാധാരണക്കാർ കരുതുന്നത്. സാമൂഹ്യമായി നില നിൽക്കുന്ന മൂല്യങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് ഇത് സ്വയം വിലയിരുത്തുന്നതിലേക്കും, ആത്മവിശ്വാസവും സ്വാഭിമാനവും നഷ്ടപ്പെടുന്നതിലേക്കുമാണ് സ്ത്രീകളെ എത്തിക്കുന്നത്.

ഷെയിമിങ്ങിന്റെ അധികാര ബലതന്ത്രം തിരിച്ചറിയാനുള്ള ടൂളുകൾ ഫെമിനിസ്റ്റുകൾ വികസിപ്പിച്ചെടുത്തതോടെ അതിന്റെ ദിശ പീഡകർക്ക് നേരെ തിരിയാൻ തുടങ്ങി. ഗാർഹികാതിക്രമത്തിന് വിധേയയാകുന്നവളെ അനുസരണക്കേട് കാണിക്കുന്നവളായാണ് മറ്റുള്ളവർ കാണുന്നത്. ആര് ആരെ തല്ലുന്നതും അശ്ലീലമായി മാത്രമേ എനിക്ക് എന്നും കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ചെറുപ്പത്തിൽ എന്റെ ബന്ധുവായ ഒരു സ്ത്രീ വീട്ടിൽ വന്ന് സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് ഒരു വലിയ വടി കൊണ്ടു വന്ന് അവരെ തല്ലാൻ തുടങ്ങി. ആ സ്ത്രീ നിലവിളിച്ച്​ അയാൾക്കൊപ്പം പോയി. കണ്ട് നിന്നവരുടെ നിശ്ശബ്ദതക്കൊപ്പം ആ രംഗവും കൂടി ചേർന്ന് എനിക്ക് അറപ്പും മനം പുരട്ടലുമുണ്ടാക്കി. ആ സമയത്ത് അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് വിവരം അറിഞ്ഞപ്പോൾ അവരുടെ വീട്ടിൽ അന്വേഷിക്കാനായി പോയി എങ്കിലും അവർ രണ്ട് പേരും കൂട്ട് ചേർന്നിരിക്കുന്നത് കണ്ട് ഒന്നും ചോദിക്കാതെ തിരികെ പോന്നു. ഇത് മനസ്സിലാക്കാനുള്ള ടൂളുകളൊന്നും കൈവശമില്ലായിരുന്നു എങ്കിലും എനിക്കത് ഒട്ടും ഉൾക്കൊള്ളാനാവുമായിരുന്നില്ല. ഇത്തരം സംഭവങ്ങൾ അയല്പക്കങ്ങളിൽ മിക്കപ്പോഴും കാണാമായിരുന്നു. ഇപ്പോഴും പല രീതികളിൽ ഇതെല്ലം തുടരുന്നുണ്ട്.

സ്ത്രീയുടെ ശരീരം പുറത്ത് കാണുന്നത് ഏറ്റവും ലജ്ജയും അപമാനവും ഉണ്ടാക്കുന്നതായി കരുതുന്നു. അത് മറി കടക്കുന്നവരെ ഉപദ്രവിക്കുന്നതിന് സമൂഹം മൗനം കൊണ്ടോ നുണപ്രചാരണം കൊണ്ടോ അനുവാദം നൽകും. പെൺകുട്ടികളെയും സ്ത്രീകളേയും ബ്‌ളാക്‌മെയിൽ ചെയ്ത് പുരുഷാധികാരം ഊട്ടിയുറപ്പിക്കാൻ ഈ മനോഭാവത്തിന് കഴിയുന്നു. ദൃശ്യം എന്ന സിനിമ വീണ്ടും വീണ്ടും ആഘോഷിക്കപ്പെട്ടതും ഈ മനോഭാവത്തിന്റെ ചെലവിലാണ്.

എങ്കിലും ഫെമിനിസത്തിനു ശേഷം ഷെയ്​മിങ്, പീഡകനായ ഭർത്താവിനു നേരെ തിരിക്കാനുള്ള ശ്രമങ്ങൾ സ്ത്രീസമൂഹത്തിൽ നിന്നുണ്ടാകുന്നു. അയാളെ സംതൃപ്തനാക്കേണ്ട കടമയിൽ നിന്ന് സ്ത്രീകൾ സ്വയം വിടുതൽ നേടുമ്പോൾ മാത്രമാണിത് സാദ്ധ്യമാകുന്നത്. സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പരസ്പരം ബന്ധപ്പെടുത്തുകയും അനുതാപം വളർത്തിയെടുക്കുകയും ചെയ്തതിലൂടെയാണ് ഷെയ്​മിങ് പീഡകർക്ക് നേരെ തിരിച്ചു വിടാമെന്ന കണ്ടെത്തലുണ്ടായത്. അത് സ്ത്രീകൾക്ക് പിന്തുണ നൽകുന്ന പല നിയമങ്ങളും കൊണ്ട് വരുന്നതിലേക്ക് പോലും നയിച്ചു എങ്കിലും പൊതുമൂല്യമായി മാറ്റിയെടുക്കാൻ ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നതേ ഉള്ളൂ. നിയമങ്ങളുണ്ടെങ്കിലും സ്ത്രീകൾ പരാതിപ്പെടാൻ തയാറാകാത്തത് അനുഗുണമായ സാമൂഹ്യമോ ആന്തരികമോ ആയ അന്തരീക്ഷം വളർന്നു കഴിഞ്ഞിട്ടില്ലാത്തതിനാലാണ്. സ്ഥാപനങ്ങളിൽ രഹസ്യമായി പരാതി പറയാൻ തയാറാകുന്ന സ്ത്രീകൾ അത് എഴുതി നൽകാൻ മടിക്കുന്നു.

വിനാശകാരിയായ ലജ്ജയിൽ നിന്നും അവർക്ക് സ്വയം മോചിതരാകാൻ കഴിയുന്നില്ല എന്ന് കൂടിയാണിത് കാണിക്കുന്നത്. എന്നാൽ, നേരത്തേയുള്ളതു പോലെ അവർ സ്വയം തരംതാഴ്​ത്തി കുറ്റബോധത്തിൽ കഴിയുന്നുണ്ടോ എന്നു സംശയമാണ്. പകരം, ഉള്ളിൽ രോഷവും വെറുപ്പുമുണ്ടാവുകയും ചെയ്‌തേക്കാം. അതിജീവനത്തിന്റെ ഭാഗമായി തന്ത്രപരമായി അവർ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. ഇന്റേൺഷിപ്പ് സമയത്ത്, കൂടെ വരുന്ന സീനിയർ ഡോക്ടർമാരുടെ അരോചകമായ കടന്നു കയറ്റം ചില വനിതാ ഡോക്ടർമാർ റിപ്പോർട്ട് ചെയ്യാറുണ്ട്. അവരുടെ പേര് പുറത്ത് വരാത്ത തരത്തിൽ ഇത് അവസാനിപ്പിക്കാൻ കഴിയുമോ എന്നാണവർ അന്വേഷിക്കുന്നത്. പരാതി എഴുതി നൽകിയാൽ, നേരിടേണ്ടി വരുന്ന കൂടുതൽ അവമതിയെ പറ്റി അവർക്ക് ബോധമുണ്ട്. എന്നാൽ, പഴയ സ്ത്രീകളെ പോലെ അവർ തെല്ലും കുറ്റബോധം പേറുന്നില്ല. സ്ത്രീകൾ എപ്പോഴെങ്കിലും പരാതി നൽകുകയാണെങ്കിൽ, ഒത്തു തീർപ്പിനെത്തുന്നത് പ്രമുഖരായവരും ചിലപ്പോൾ കൂടെയുള്ള സ്ത്രീകൾ തന്നെയുമാവും. അക്രമികളായ പുരുഷന്മാർക്ക് നേരെ ഇപ്പോൾ സ്ത്രീകൾ തിരിച്ചു വിടുന്ന ലജ്ജിപ്പിക്കലിൽ നിന്ന് അവരെ രക്ഷിച്ചു നിർത്താനുള്ള തിടുക്കമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ കാണുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കുറ്റാരോപിതനായ ആളുടെ പേരും രഹസ്യമാക്കി സൂക്ഷിക്കണമെന്ന് പറയുകയും സ്ത്രീസംഘടനകൾ അതിനെതിരായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് അവരുടെ അനുഭവം പരസ്യമാക്കണമെന്ന് താല്പര്യമുണ്ടെങ്കിലും അതിന് അനുവാദം നൽകുന്നുമില്ല. പുരുഷന്മാർക്ക് നേരെ തിരിച്ചു വിടുന്ന ഷെയ്മിംഗിന്റെ മൂർച്ച കുറക്കാനാണ് ബോധപൂർവ്വമോ അല്ലാതെയോ ഉള്ള ഈ നീക്കങ്ങൾ സഹായകമാവുന്നത്.

സ്ത്രീകൾക്ക് അശുദ്ധി കൽപ്പിച്ച് മാറ്റി നിർത്തുന്ന ആർത്തവം, അതിന്റെ ചിട്ടവട്ടങ്ങൾ അനുസരിക്കാത്ത സ്ത്രീകളെ ലജ്ജയില്ലാത്തവരായും മനോരോഗമുള്ളവരായും ഒക്കെ ചിത്രീകരിച്ചേക്കാം.

സാമൂഹ്യസാഹചര്യങ്ങൾക്കനുസരിച്ച് സൂക്ഷ്മമായ അർത്ഥവ്യത്യാസങ്ങളോടെയാണ് ലജ്ജ ഇന്ന് വ്യവഹരിക്കപ്പെടുന്നത്. പുരുഷാധിപത്യത്തിന്റെ ചിഹ്നാവലിയിൽ നിന്നും ലജ്ജയെ സ്വതന്ത്രമാക്കുകയും വ്യവസ്ഥക്കെതിരെ തിരിയുന്ന പുതിയ അർത്ഥമാനങ്ങൾ നൽകുകയും ചെയ്യാൻ ഫെമിനിസത്തിന് കഴിഞ്ഞു. പഴയതും പുതിയതുമായ മൂല്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. സ്ത്രീകൾ ഉള്ളിലേക്ക് തിരിഞ്ഞു നോക്കി കൊണ്ടും, പരസ്പരം സംസാരിച്ചും മാറാൻ ശ്രമിക്കുമ്പോഴും , സാമൂഹ്യസമ്മർദ്ദങ്ങളെ അതിജീവിക്കുക ഇപ്പോഴും ദുഷ്‌കരമായി തുടരുന്നു. പരാതി പരിഹാര കമ്മിറ്റികളിൽ പോകുമ്പോഴെല്ലാം ഇതിന്റെ ആവർത്തനമാണ് കാണുന്നത്. സമൂഹത്തിൽ ആധിപത്യമുള്ള സ്ത്രീകൾക്ക് പോലും ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പ്രയാസമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കനിയും സുഹൃത്തുക്കളുമായി കൊല്ലത്തെ തിരുമുല്ലവാരത്ത് കടലിനുള്ളിലേക്ക് കടന്നു നിൽക്കുന്ന പാലത്തിൽ നടക്കാൻ പോയി. വൈകുന്നേരം ആറു മണി കഴിഞ്ഞത് കൊണ്ടോ കൂടെ ആൺസുഹൃത്തുക്കളായതു കൊണ്ടോ നാട്ടിലെ ചെറുപ്പക്കാർ പോലീസിനെ പോലെ പെരുമാറുകയും ഉപദ്രവിക്കാൻ നോക്കുകയും ചെയ്തു. ആരോ പെട്ടെന്ന് പോലീസിൽ അറിയിച്ചത് കൊണ്ട് അപകടം കൂടാതെ രക്ഷപെട്ടു. അക്ഷരാർത്ഥത്തിൽ കടലിനും ചെകുത്താനും ഇടയിൽ പെട്ടത് പോലെയായിരുന്നു അവർ. ഉപദ്രവിക്കാൻ വന്നവർക്കെതിരെ സ്വാഭാവികമായും കേസ് ചാർജ്ജ് ചെയ്യപ്പെട്ടു. സാധാരണ നടക്കാറുള്ളതു പോലെ, കേസ് രജിസ്റ്റർ ചെയ്താൽ സ്ത്രീകൾക്ക് മോശമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാനുള്ള അമിതമായ ശ്രമമൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞ് ഒരു പ്രതിയായ ചെറുപ്പക്കാരന്റെ അമ്മയും അച്ഛനും എന്നെ കാണാൻ വന്നു. തങ്ങളുടെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവന് വിദേശത്ത് ജോലിക്കു പോകാൻ കേസ് തടസ്സമായതു കൊണ്ട് അത് പിൻവലിക്കണമെന്നും അഭ്യർത്ഥിക്കാനായിരുന്നു അവർ വന്നത്. കേസ് പെട്ടെന്ന് തീർപ്പായി അവരുടെ മകന് ജോലിക്ക് പോകാൻ ഇടയാകട്ടെ എന്ന് അവരുടെ വിഷമം കണ്ടപ്പോൾ എനിക്ക് ഉള്ളിൽ തോന്നി. എന്നാൽ, അത് പെൺകുട്ടിക്ക് മാനക്കേടുണ്ടാകാതിരിക്കാൻ കൂടിയാണെന്ന ധ്വനി അവരുടെ വാക്കുകളിൽ ഉണ്ടായപ്പോൾ കൃത്യമായി അതിന് മറുപടി പറഞ്ഞു. അവർ മടങ്ങി പോയ ശേഷം, ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ അനുയായി ആണെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ വിളിച്ചു. ഈ കേസ് മുന്നോട്ടു പോയാൽ എന്റെ മകളുടെ ഭാവി അപമാനം മൂലം തകരുന്നതെങ്ങനെയെന്ന് പറഞ്ഞു മനസ്സിലാക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു. അയാൾക്കതിൽ നല്ല ഉറപ്പുണ്ടായിരുന്നു. അയാളുടെ ആ ഉറപ്പ് തകർക്കാൻ എന്റെ മറുപടി വാക്കുകൾക്കായി എന്ന് ഞാൻ വിശ്വസിക്കുന്നു.

സ്ത്രീകൾക്ക് അശുദ്ധി കൽപ്പിച്ച് മാറ്റി നിർത്തുന്ന ആർത്തവം, അതിന്റെ ചിട്ടവട്ടങ്ങൾ അനുസരിക്കാത്ത സ്ത്രീകളെ ലജ്ജയില്ലാത്തവരായും മനോരോഗമുള്ളവരായും ഒക്കെ ചിത്രീകരിച്ചേക്കാം. സ്ത്രീകൾക്ക് വേണ്ട ഗുണമെന്ന് കരുതുന്ന അടക്കവും ഒതുക്കവും ലജ്ജയെ ആണ് സൂചിപ്പിക്കുന്നത്. ആർത്തവത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ഒരിക്കലും സ്വയം അശുദ്ധയായി സങ്കൽപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ജാതി കൊണ്ട് താഴ്ന്നവരാണെന്ന് സ്വയം കരുതുന്നതു പോലെയാണ്. ഇക്കാര്യത്തിൽ സ്ത്രീകൾ ഒരേ സമയം ഇരയും പങ്കാളിയുമാണ്. നേരിട്ടുള്ള അടിച്ചമർത്തലിനേക്കാൾ, സ്വയം നിരീക്ഷണം നടത്താനാണ് സ്ത്രീകൾ പരിശീലിപ്പിക്കപ്പെടുന്നത്. അങ്ങനെ സമൂഹത്തിന്റെ സ്റ്റാറ്റസ് കോ ഉറപ്പിക്കുന്നതിൽ, വിധേയരാകുന്ന സ്ത്രീകളും പങ്കാളികളാകുന്നു. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും സമൂഹം സ്വയം നിയന്ത്രണത്തിനുള്ള അനുവാദം നൽകുമെന്ന് കരുതാൻ വയ്യ. 2018 ൽ ശബരിമല വിഷയമുണ്ടായപ്പോൾ സ്ത്രീകളെ പൊതുനിരീക്ഷണത്തിന് വിധേയരാക്കുകയുണ്ടായല്ലോ. അതേ സമയം, സ്ത്രീകളെ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്ന തന്ത്രത്തിനെതിരെ ചിന്തിക്കുന്നവർക്ക് പരസ്പരം ബന്ധപ്പെടാനും ചില സ്പേസുകളിലെങ്കിലും ആചാരസംരക്ഷകരെ അവരുടെ പിന്തിരിപ്പൻ ആശയങ്ങളുടെ പേരിൽ ലജ്ജിപ്പിക്കാനും കഴിഞ്ഞു. അടിച്ചമർത്താനുപയോഗിക്കുന്ന ലജ്ജ എന്ന ഉപാധിയെ അതേ പോലെ പ്രതിരോധത്തിനായും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നത് മാറ്റത്തിന്റെ മുന്നോടിയാണ്.

പുറമേ നിന്ന് അടിച്ചേൽപ്പിക്കുന്നതോ സ്വയം അനുശീലിച്ചെടുത്തതോ ആയ ലജ്ജയുടെ ആഘാതത്തിൽ നിന്ന് മോചിതരായ സ്ത്രീകൾ ഒരുമിച്ച് ഉയർത്തുന്ന ശബ്ദമാണ് മീ ടൂ പ്രസ്ഥാനം./ Photo : Wikimedia Commons

മാതൃത്വത്തിന്റെ പേരിലാണ് സ്ത്രീകളെ കൂടുതലും മെരുക്കിയെടുക്കാൻ കഴിയുന്നത്. വിവാഹത്തിനു മുൻപ് അമ്മയാകുന്നവളും വിവാഹത്തിനു ശേഷം അമ്മയാകാത്തവളും അപമാനം പേറണം. വിവാഹിതയാണെങ്കിലും നാല്പത്തഞ്ചു വയസ്സിനു ശേഷം ഗർഭിണിയായി ഒരു സ്ത്രീ ആശുപത്രിയിൽ വന്നപ്പോഴുണ്ടായ പുകിലുകൾ ഓർക്കുന്നു. ഗർഭം തീരെ പ്രതീക്ഷിക്കാതിരുന്ന അവർ എന്തോ അസുഖമാണെന്നു കരുതി ആശുപത്രിയിൽ വന്നതാണ്. പ്രായം കഴിഞ്ഞു ഗർഭിണിയായ ആ സ്ത്രീക്ക് അതോടൊപ്പം സ്വാഭാവികമായി ലജ്ജയുണ്ടായതല്ല. മറിച്ച്, അവർക്ക് കുഞ്ഞിനോടുള്ള വാത്സല്യമായിരുന്നു മുന്നിട്ടു നിന്നത്. എന്നാൽ, ചുറ്റുമുള്ളവർ അവരിലേക്ക് ലജ്ജ ഏൽപ്പിച്ചു കൊണ്ടേയിരുന്നു. അവർക്ക് വിവാഹിതയായ ഒരു മകളുമുണ്ടായിരുന്നു. അതിനാൽ, സാമൂഹ്യമായി ഉണ്ടാക്കിയെടുത്ത ലജ്ജ ആദ്യം സ്വന്തം കുടുംബത്തിലേക്കും പിന്നീട് ബന്ധുകുടുംബത്തിലേക്കും പടർന്നു കയറി. അവസാനം കുഞ്ഞിനെ അനാഥമന്ദിരത്തിലേക്ക് അയക്കാൻ ആ അമ്മ നിർബ്ബന്ധിതയായി. കുഞ്ഞുമായി നാട്ടിൽ തിരിച്ചു പോകാൻ കഴിയില്ലെന്ന് അച്ഛൻ പോലും തീർത്തു പറഞ്ഞു. ഇതൊരു ലജ്ജാകരമായ കാര്യമായി രണ്ട് തലമുറ മുൻപ് കേരളത്തിൽ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. സാംസ്‌കാരികമാറ്റങ്ങൾക്കനുസരിച്ച് ലജ്ജയുടെ പരിസരവും മാറി വരുന്നു.

മാതൃത്വത്തിൽ അൽപ്പവും കുറവ് വരുത്താതെ കാത്ത് സൂക്ഷിച്ചില്ലെങ്കിലും സ്ത്രീകൾ ഷെയ്മിംഗിന് വിധേയരാക്കപ്പെടും. വന്ധ്യത സ്ത്രീയുടെ കുറ്റമായി ഇപ്പോഴും കാണുന്നു. വിവാഹിതരായി കഴിഞ്ഞാൽ പഠനത്തിന് വേണ്ടി പോലും ഗർഭധാരണം മാറ്റി വക്കാൻ സാമൂഹ്യനിയമങ്ങൾ അനുവദിക്കുന്നില്ല. മാസത്തിൽ ഒരു സ്ത്രീയെങ്കിലും വീട്ടുകാരറിയാതെ അബോർഷൻ ചെയ്യാനെന്താണ് മാർഗ്ഗമെന്നന്വേഷിച്ച് വിളിക്കാറുണ്ട്. കൂടുതൽ പഠിക്കണമെന്നും സാമൂഹ്യമായി വളരണമെന്നുമുള്ള മനുഷ്യസഹജമായ അവരുടെ ആഗ്രഹത്തെ സ്വന്തപ്പെട്ട ആൾക്കാരുടെയടുത്ത് അവർക്ക് വെളിപ്പെടുത്താൻ കഴിയുന്നില്ല. ആരും അറിയാതെ രഹസ്യമായി അബോർഷൻ ചെയ്യുന്നവർ സ്വന്തം വീട്ടിൽ ഒരു കള്ളിയെ പോലെ ആത്മനിന്ദയും അത് മൂലമുള്ള ലജ്ജയുമായി കഴിയേണ്ട അവസ്ഥ ഒന്നാലോചിക്കൂ. എന്നാൽ, ഈ അപകടം ഒഴിവാക്കാൻ ഉതകുന്ന തരത്തിലുള്ള അറിവോ തീരുമാനമെടുക്കാനുള്ള അവസരമോ പോലും തടഞ്ഞു കൊണ്ടാണ് അവരെ ഒതുക്കി വക്കുന്നത്. ഇത് പത്തൊമ്പതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിലോ അല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസ്ഥയാണ്. മുലപ്പാൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തുന്ന പ്രചാരണങ്ങളും, അതിന് സാഹചര്യമില്ലാത്തവർക്ക് കുറ്റബോധത്തിനും ലജ്ജക്കും ഇടയാക്കുന്നു.

മനുഷ്യർക്ക് അപരരോടുള്ള വിധേയത്വത്തെയും അസ്തിത്വപരമായ ദൈന്യതയെയും ഉൾക്കൊണ്ട് തന്നെ ലജ്ജയുടെ ക്രിയാത്മകമായ വശം ഉയർത്തിയെടുക്കുകയും അന്യരെ കീഴ്പ്പെടുത്താനുള്ള പ്രവണത അമർത്തുകയും ചെയ്യുന്നതാണ് മീ ടൂ ക്യാംപയിൻ.

2006 ൽ തുടങ്ങിയ ‘മീ ടൂ’ പ്രസ്ഥാനം എങ്ങനെ നമ്മുടെ ജീവിതത്തെ മാറ്റുന്നു എന്നുള്ള ആലോചനയാണ് ലജ്ജ എന്ന വിഷയത്തിലേക്കെത്തിച്ചത്. പുറമേ നിന്ന് അടിച്ചേൽപ്പിക്കുന്നതോ സ്വയം അനുശീലിച്ചെടുത്തതോ ആയ ലജ്ജയുടെ ആഘാതത്തിൽ നിന്ന് മോചിതരായ സ്ത്രീകൾ ഒരുമിച്ച് ഉയർത്തുന്ന ശബ്ദമാണ് മീ ടൂ പ്രസ്ഥാനം. വ്യക്തിത്വത്തെ വികലപ്പെടുത്തുന്ന അധികാരഘടനയോട് ഇനിയും അടിപ്പെട്ട് നിൽക്കണ്ട എന്ന് അവർ തീരുമാനിക്കുന്ന നിമിഷം ലജ്ജ പ്രതിരോധത്തിനുള്ള ഉപാധിയാകുന്നു. നിയന്ത്രണത്തിനായി ലജ്ജ ഏൽപ്പിക്കുന്നത് ലജ്ജാകരമാകുന്നു. സ്വത്വം രൂപപ്പെടുന്നതിൽ പങ്ക് വഹിക്കുന്ന ഭാവമെന്ന നിലക്ക് ധാർമ്മികമായ സ്വയം പരിശോധനക്കുള്ള വൈഭവവും ലജ്ജക്കുണ്ട്. അത് തിരിച്ചറിയണമെന്നു മാത്രം. ലജ്ജാകരമായ അനുഭവത്തെ കുറിച്ച് പറയുകയും, അത് അനുഭവിച്ചവരുടെ മാനമല്ല നഷ്ടപ്പെടേണ്ടത്, അതിന് കാരണക്കാരായവരുടേതാണ് എന്ന് ഉറപ്പിക്കുകയും വേണം. സാമൂഹ്യമായി നില നിൽക്കേണ്ട ധാർമികതയെ നിഷേധിക്കുകയല്ല, അതിനായി ദുരുപയോഗം ചെയ്യുന്ന ലജ്ജയെ വിനാശകരമാകാതെ നില നിർത്തുകയാണ് മീ ടൂ ചെയ്യുന്നത്. മീ ടൂവിൽ തകർന്നു പോകുന്ന നമ്മുടെ ആൺ സുഹൃത്തുക്കൾ സ്വയം ലജ്ജിക്കാൻ പഠിക്കുകയാണ് വേണ്ടത്. അതവരേയും ലജ്ജയുടെ അസ്തിത്വപരവും ക്രിയാത്മകവുമായ തലത്തിലെത്തിക്കും. മനുഷ്യർക്ക് അപരരോടുള്ള വിധേയത്വത്തെയും അസ്തിത്വപരമായ ദൈന്യതയെയും ഉൾക്കൊണ്ട് തന്നെ ലജ്ജയുടെ ക്രിയാത്മകമായ വശം ഉയർത്തിയെടുക്കുകയും അന്യരെ കീഴ്പ്പെടുത്താനുള്ള പ്രവണത അമർത്തുകയും ചെയ്യുന്നതാണ് മീ ടൂ ക്യാംപയിൻ. ഇത് എല്ലാവരും എത്രത്തോളം ഉൾക്കൊള്ളുന്നു എന്നതിനും സാഹചര്യങ്ങൾ എത്രത്തോളം അനുഗുണപ്പെട്ടു വരുന്നു എന്നതിനും അനുസരിച്ചാണ് അതിന്റെവിജയം.

ലജ്ജ എപ്പോഴും വിനാശകാരിയായ ഒന്നല്ല. സ്വന്തം വരുതിയിൽ ഒരുക്കി നിർത്തി, ഒതുക്കത്തോടെ മറ്റുള്ളവരുടെ ഉള്ളം കവർന്ന് വളരാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ് ലജ്ജ. അത് കടന്നു കയറ്റത്തിൽ നിന്ന് നമ്മളെ പിന്നോട്ട് വലിക്കുന്നതും മറ്റുള്ളവരോടുള്ള കരുതലുമാകാം. എന്നാൽ, അത് തന്നെ അടിച്ചമർത്താനുളള ഉപാധിയായും ഉപയോഗിക്കപ്പെട്ടു പോന്നു. അതിന്റെ ഇരയായി തീർന്നവർ അതിൽ നിന്ന് മോചിക്കുകയും, അത് വിമർശനത്തിലൂടെ , ഉപയോഗിച്ചവർക്ക് നേരെ തിരിച്ചു വിടുകയും ചെയ്യുന്നു. മറ്റുള്ളവരെ ലജ്ജയിലേക്കും അപമാനത്തിലേക്കും തള്ളിയിട്ട വിഭാഗങ്ങൾ വ്യക്തിപരമായല്ലെങ്കിലും, സ്വയം ലജ്ജിക്കുന്നതിലൂടെ, സ്വജാതിക്കാർ ചെയ്ത കുറ്റത്തിന്റെ ഭാരത്തിൽ നിന്ന് മുക്തി നേടട്ടെ. ▮​

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments