നിതിനയുടെ അമ്മ ബിന്ദുവിനെ ആശ്വസിപ്പിക്കുന്ന ഡോ. സു ആൻ സഖറിയ / Photo: Deshabhimani

ആരാകണം ഡോക്ടർ?

എഴുകോൺ-45

നിർഭാഗ്യവശാൽ നമ്മുടെ സംസ്‌കാരത്തിൽ നേരെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് പോകാനുള്ള പ്രവണത കാണുന്നു. ഇത് പലപ്പോഴും ചില രോഗങ്ങൾ കണ്ടുപിടിക്കാൻ കഴിയാതിരിക്കുന്നതിന് ഇടവരുത്തുന്നുണ്ട്​

നിതിന എന്ന യുവതിയുടെ കൊലപാതകത്തെ തുടർന്ന്, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ മറ്റൊരു വാർത്തയുണ്ട്. നിതിനയുടെ അമ്മയായ ബിന്ദുവിനെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ‘സു ആൻ സക്കറിയ'. നിലവിളിക്കുന്ന ബിന്ദുവിനെ മണിക്കൂറുകളോളം കൈ പിടിച്ച് ആശ്വസിപ്പിക്കുന്ന വാർത്തയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകൾ അതേറ്റെടുത്തു. രോഗികളോട് അനുകമ്പയുള്ള ഡോക്ടർമാർ ധാരാളം ഉണ്ടായിരിക്കും. എന്നാൽ, ഡോ. സുവിന്റെ ഈ ഒരു അനുകമ്പാഭാവം ജനങ്ങളിലുണ്ടാക്കിയ പ്രതികരണം ശ്രദ്ധിക്കപ്പെടേണ്ടതാണ്. മനുഷ്യർ എപ്പോഴും മറ്റുള്ളവരിൽ നിന്ന് കൊതിച്ചു കൊണ്ടിരിക്കുന്നത് ഈ സാന്ത്വനമാണ്. പ്രത്യേകിച്ചും മരണത്തിലും രോഗത്തിലും ഉപചരിക്കുന്ന ഡോക്ടർമാരിൽ നിന്നും. ഡോക്ടർമാർ ടെക്നോക്രാറ്റുകളായി പരിണമിച്ചെങ്കിലും ജനങ്ങൾ പഴയതുപോലെ പ്രതീക്ഷിക്കുകയാണ്.

ആരോഗ്യമേഖലയിലെ പല പ്രവർത്തനങ്ങൾക്കും പിൻവാങ്ങലുകൾക്കും ശേഷം വളരെ വൈകിയാണ് ഞാൻ മെഡിക്കൽ അധ്യാപനത്തിലേക്ക് കടന്നത്. മെഡിക്കൽ പരിശീലനത്തിന്റെ ബോധനരീതി മിക്കവാറും വസ്തുനിഷ്ഠ പഠനത്തിന്റേതായതു കൊണ്ട് അതിനുശേഷം രോഗികളോടുള്ള അനുകമ്പ നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ, പലരും പരിശീലനം ആരംഭിക്കുന്നതോടെ അത് സ്വന്തം പരിശ്രമത്താൽ തിരിച്ചുകൊണ്ടുവരുന്നത് കാണാം. 2019-ൽ മെഡിക്കൽ ബോധനത്തിൽ പുതുതായി കൊണ്ടുവന്ന മാറ്റങ്ങളിൽ പഠനാരംഭത്തിൽ തന്നെ വിദ്യാർഥികളിൽ അനുകമ്പ വളർത്താനുള്ള മാർഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അത് പഠനാവസാനം വരെ നിലനിർത്തുകയും വേണം.

ഇപ്പോൾ ത്രിമാന വീഡിയോകളൊക്കെ വച്ച് പഠിക്കാനുള്ള സൗകര്യം വിദ്യാർഥികൾക്കുണ്ട്. പണ്ട്, ഞങ്ങൾ പൂർണമായും ശരീരങ്ങളെ തന്നെ ആശ്രയിച്ചായിരുന്നു പഠിച്ചിരുന്നത്. ശവശരീരത്തെ വണങ്ങിയിട്ടാണെങ്കിലും, അതിൽനിന്ന്​ പേശികളെയും, ദശനാരുകളെയും കുറിച്ചും ധമനികളുടെയും, സിരകളുടെയും നാഡികളുടെയും കെട്ടുപിണച്ചിലുകളെയും കുറിച്ചുമൊക്കെ കൃത്യതയോടെ പഠിച്ചുവരുമ്പോഴേക്കും മനുഷ്യരെപ്പറ്റിയുള്ള ധാരണയിൽ മാറ്റം വന്നിരിക്കും. ഒരു അസ്ഥികൂടം വില കൊടുത്തു വാങ്ങി പഠിച്ച്, അതിലുള്ള കുണ്ടും കുഴിയും ദ്വാരങ്ങളുമെല്ലാം അണുവിട തെറ്റാതെ അറിഞ്ഞിരിക്കണം. ആദ്യത്തെ ആഴ്ച മുതൽ ഇന്റേണൽ പരീക്ഷകളുള്ളതിനാൽ ക്ഷീണിക്കുമ്പോൾ ഈ അസ്ഥിക്കഷണങ്ങൾക്കിടയിൽ കിടന്നായിരിക്കും ഉറങ്ങുന്നതുതന്നെ. പ്രേതങ്ങളിലുള്ള ഭയമൊക്കെ ഇതോടെ മാറിക്കിട്ടുകയും ചെയ്യും.

അച്ചാച്ചന്റെ തൊണ്ടയിൽ നിന്നും ബയോപ്‌സി പരിശോധനക്കായി ടിഷ്യൂ മുറിച്ചെടുത്തു. പരിശോധനക്കായി വായ തുറന്നുവച്ച ശേഷം അടയ്ക്കാൻ പറയാത്തതിനാൽ പുള്ളി അങ്ങനെ തന്നെ കുറേ സമയം ഇരുന്നു. അബദ്ധം മനസ്സിലാക്കിയപ്പോൾ വേണ്ടതരത്തിൽ നിർദ്ദേശം നൽകാത്തതിന് ശബ്ദം ഇല്ലാതിരുന്നിട്ടും ഡോക്ടറോട് ദേഷ്യപ്പെട്ടു. ഡോക്ടറോട് രോഗിക്കും അതൃപ്തി പ്രകടിപ്പിക്കാനാവുമെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.

നൂറ്റാണ്ടുകളിലൂടെ വിവിധ ശാസ്ത്രശാഖകൾ വികസിപ്പിച്ചെടുത്ത ധാരാളം അറിവുകളുടെ പ്രയോഗമാണ് ഇപ്പോഴത്തെ മെഡിസിൻ. പഴയ കാലത്തെ പല ധാരണകളെയും തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തിയെഴുതിയാണ് ഇവിടെയെത്തിയിട്ടുള്ളത്. മതപരമായ അറിവുകൾ ഇതിന് വെല്ലുവിളിയാവുകയും ചിലപ്പോൾ പിന്തുണയ്ക്കുകയും ഉണ്ടായിട്ടുണ്ട്. ശവശരീരങ്ങൾ കീറിമുറിക്കാൻ ആദ്യകാലത്ത് അനുവാദമില്ലായിരുന്നു എന്നോർക്കണം. അനാറ്റമി പഠനത്തിന്റെ ആദ്യകാലത്ത് കീറിമുറിച്ചുള്ള പഠനം ചിത്രകാരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞരും കൂട്ടുചേർന്നാണ് നടത്തിയിരുന്നത്. അവ ചിത്രങ്ങളായി രേഖപ്പെടുത്തി സൂക്ഷിച്ചു.

കാലങ്ങളായി ആർജിച്ച വിജ്ഞാനത്തിന്റെ സമന്വയം കൂടുതൽ കൃത്യതയോടെയുള്ള രോഗനിർണ്ണയത്തിലേയ്ക്കും ചികിത്സയിലേയ്ക്കും നയിച്ചതിനാൽ അവ സ്വായത്തമാക്കുക മെഡിക്കൽ വിദ്യാർഥികൾക്ക് അനിവാര്യമാണ്. പക്ഷേ, അവർ ചിന്തിക്കുകയും മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഭാഷ രോഗികളിൽനിന്ന് വ്യത്യസ്തമാവും. രോഗികൾക്ക് മനസ്സിലാകുന്ന ഭാഷയിലേയ്ക്ക് ചികിത്സയുടെ കാര്യങ്ങൾ തർജ്ജമ ചെയ്യുക എന്നത് ആദ്യം ക്ലിനിക്കിലേക്ക് കടക്കുന്ന ഒരു വിദ്യാർഥിക്ക് ചലഞ്ച് ആണ്. രോഗത്തെക്കുറിച്ചും രോഗി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും എങ്ങനെയാണ് സുഖപ്പെടാൻ പോകുന്നതെന്നുമൊക്കെ സംസാരിക്കുക ആവശ്യമായും വരും. വേദനയിൽ അസ്വസ്ഥനായിരിക്കുന്ന രോഗി, പഠിക്കാനെത്തുന്ന വിദ്യാർഥികൾ തന്റെ ശരീരത്തെ പലവിധത്തിൽ ഉറ്റുനോക്കുമ്പോൾ, തിരിച്ച് അവരെ എങ്ങനെയാണ് നോക്കുന്നതെന്നൊന്നും അപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.

വ്യത്യസ്ത ഭാഷകളിൽ ചിന്തിക്കുന്ന രണ്ടുപേർ തമ്മിലുള്ള ഇടപെടലാണ് അവിടെ നടക്കുന്നത്. അതൊരു സവിശേഷ വൈഭവം ആവശ്യപ്പെടുന്നതാണ്. മിക്കവാറും സീനിയറായ ഡോക്ടർമാരിൽ നിന്ന് അത് ബോധപൂർവ്വമല്ലാതെ തന്നെ വശത്താക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ ഈ വിഷയങ്ങളൊക്കെ മുമ്പത്തേക്കാൾ കൂടുതലായി മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസാരിക്കുന്നുണ്ട്. ഞാൻ പഠിച്ചുതുടങ്ങിയ സമയത്ത് എന്റെ സീനിയർ വിദ്യാർഥികളിൽ ഒരാളായിരുന്ന ഡോ. രവികുമാർ, രോഗികളെ പരിശോധിക്കുന്നതും ഇട പെടുന്നതുമായ രീതി എനിക്ക് നന്നായി തോന്നി. അദ്ദേഹം ഞങ്ങൾക്ക് പഠിപ്പിച്ചു തരികയും ചെയ്തിരുന്നു. പഠനത്തോടൊപ്പം, ഓരോ മെഡിക്കൽ വിദ്യാർഥിയും സ്വായത്തമാക്കേണ്ട ഒരു കരവിരുത് കൂടിയുണ്ട്. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ മേധാവിയായി വിരമിച്ച ഡോ. രവികുമാർ, കോവിഡ് കാലത്ത് വിശ്രമമില്ലാതെ ഇന്റൻസീവ് കെയർ യൂണിറ്റിലും മറ്റും നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവരും ചെയ്യുന്നത് ഒരേ ചികിത്സയാണെങ്കിലും മനോഭാവം കൊണ്ട് ഇതേപോലെ പലരും വേറിട്ടു നിൽക്കുന്നു.

ഡോ. രവികുമാർ
ഡോ. രവികുമാർ

പഠനത്തിന്റെ ആദ്യ വർഷങ്ങളിൽ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ രോഗികളായെത്തുമ്പോഴായിരുന്നു സായൻസികമായ വശത്തേക്കാൾ കൂടുതൽ സംവേദനാത്മകമായ വശത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നത്. അതിലൊരാൾ, എന്റെ ആദ്യ അധ്യാപകനും വായിക്കാൻ പുസ്തകങ്ങൾ തരുകയും ചെയ്ത എന്റെ വല്യച്ഛനായിരുന്നു (അച്ചാച്ചൻ). ഞാൻ രണ്ടാമത്തെ വർഷമോ മറ്റോ പഠിക്കുമ്പോൾ അദ്ദേഹം ശബ്ദം നഷ്ടപ്പെട്ടതിനാൽ ചികിത്സയ്ക്കായി എത്തി. മരുന്നുകൾ കഴിച്ചിട്ടൊന്നും വ്യത്യാസം ഉണ്ടായില്ല. അത് കാൻസർ ആകാൻ സാധ്യത ഉള്ളതിനാൽ എന്റെ ചിന്ത ആ വഴിക്ക് നീങ്ങി. ആദ്യ വർഷങ്ങളിൽ കുറച്ച് പഠിക്കുമ്പോൾ എല്ലാ അസുഖങ്ങളും നമുക്കും ഉണ്ടോ എന്ന് സംശയം തോന്നും. ശരീരത്തിൽ എന്തെങ്കിലും ചെറിയ മാറ്റങ്ങൾ കണ്ടാൽ ഉടൻ തന്നെ പോയി സീനിയർ ഡോക്ടർമാരെ കൺസൾട്ട് ചെയ്യും. രോഗമില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ സമാധാനം കിട്ടൂ. പരീക്ഷാപ്പേടി, പുതിയ അന്തരീക്ഷം, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, പ്രണയപ്രശ്‌നങ്ങൾ, രോഗഭയം, സാമ്പത്തിക പ്രശ്‌നങ്ങൾ ഇങ്ങനെ ഒട്ടേറെ ആധികളിലായിരിക്കും വിദ്യാർഥികളുള്ളത്. ഓരോ വർഷവും ചുരുങ്ങിയത് രണ്ട് മെഡിക്കൽ വിദ്യാർഥികളെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ടാവും. ഓരോ മെഡിക്കൽ വിദ്യാർഥിക്കും വേണ്ട ശ്രദ്ധ നൽകേണ്ടതും നല്ല ഡോക്ടർമാർ ഉണ്ടായിവരാൻ ആവശ്യമാണ്.

പഠനത്തിന്റെ ആദ്യ സമയത്തുതന്നെ നമുക്ക് വേണ്ടപ്പെട്ട ഒരു രോഗി ഉണ്ടെങ്കിൽ ആ പ്രശ്‌നം ആഴത്തിൽ പഠിക്കാൻ ശ്രമിക്കും. ആദ്യം തന്നെ രണ്ട് മൂന്നു രോഗികളെ അവരുടെ ജീവചരിത്രത്തിന്റെയും ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ശാസ്ത്രീയ പഠനത്തോടൊപ്പം ഇടപെടലിലൂടെ അറിയാൻ അനുവദിക്കുന്നത്, രോഗികളോട് അനുകമ്പ വളർത്തിയെടുക്കാൻ നല്ലതായിരിക്കും. കമ്മ്യൂണിറ്റി മെഡിസിൻ പഠനത്തിന്റെ ഭാഗമായി ഇപ്പോൾ വിദ്യാർഥികളെ വീടുകളിൽ കൊണ്ടുപോവുകയോ, വീടുകൾ അവർക്കായി നൽകുകയോ ഒക്കെ ചെയ്യുന്നുണ്ട്. ഇത്തരം സമ്പ്രദായങ്ങളൊന്നും ഞങ്ങൾ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല.

അച്ചാച്ചന് ഇ.എൻ.ടി. വിഭാഗത്തിൽ ചികിത്സ തുടങ്ങി. ഞാൻ സമയമുള്ളപ്പോൾ കൂടെ പോയി വേണ്ട സഹായങ്ങൾ ചെയ്തു. എങ്ങനെയൊക്കെ, എവിടെയൊക്കെ പോയാണ് ടെസ്റ്റുകൾ ചെയ്യേണ്ടതെന്നും വിവിധ ചികിത്സകൾ സ്വീകരിക്കേണ്ടതെന്നും ഒക്കെ കണ്ടുപിടിക്കുക എന്നത് തന്നെ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോഴും, ജോലി ചെയ്യുന്നിടത്ത് പോലും ഓരോ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ഞാൻ തന്നെ വട്ടംകറങ്ങാറുണ്ട്. പിന്നെ, സാധാരണ ആളുകൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും? അതൊക്കെ കണ്ടുപിടിക്കുകയും റിപ്പോർട്ടുകൾ വാങ്ങി കൊണ്ടുവരികയും ചെയ്യുക എന്ന സഹായങ്ങളൊക്കെയാണ് ഞങ്ങൾ ചെയ്തുകൊടുക്കുന്നത്. ഓരോ നാട്ടിൽ നിന്നും വരുന്ന രോഗികൾക്ക് അവരുടെ നാട്ടിൽ നിന്നും ഒരാൾ അവിടെ പഠിക്കാനുണ്ടെങ്കിൽ വളരെ ആശ്വാസമാണ്. ഇതിന് ഞങ്ങളുടെ ഭാഷയിൽ പി.പി. (പ്രൈവറ്റ് പേഷ്യൻറ്​) അടിക്കുക എന്ന് പറഞ്ഞിരുന്നു. പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നതിനാൽ ഇതിഷ്ടപ്പെടാത്തവരും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ പഠനസമയത്തെ വളരെ വിലപ്പെട്ട സമയമായിട്ടാണ് ഞാൻ ഇതെടുത്തിരുന്നത്. നമുക്ക് അടുപ്പമുള്ള ആളിന്റെ രോഗത്തെക്കുറിച്ച് പഠിക്കാൻ കൂടുതൽ പ്രചോദനം ഉണ്ടാകും.

വെെദ്യശാസ്ത്ര പഠനത്തിന്റെ ആദ്യവർഷങ്ങളിൽ രോഗികളുടെ അവസ്ഥ കാണുമ്പോഴുണ്ടാകുന്ന വികാര വിചാരങ്ങൾ അവസാന വർഷവും പരിശീലന ഘട്ടവുമൊക്കെ എത്തുമ്പോഴേക്കും മാറിയിരിക്കും. ഉയർന്ന ക്ലാസ്സിലെത്തുമ്പോഴേക്കും വിദ്യാർഥികളിൽ അനുകമ്പ കുറയുന്നതായും കൂടുന്നതായും, അതേപോലെ നിലനിൽക്കുന്നതുമായ പഠനങ്ങളുണ്ട്.

അച്ചാച്ചന്റെ തൊണ്ടയിൽ നിന്നും ബയോപ്‌സി പരിശോധനക്കായി ടിഷ്യൂ മുറിച്ചെടുത്തു. പരിശോധനക്കായി വായ തുറന്നുവച്ച ശേഷം അടയ്ക്കാൻ പറയാത്തതിനാൽ പുള്ളി അങ്ങനെ തന്നെ കുറേ സമയം ഇരുന്നു. അബദ്ധം മനസ്സിലാക്കിയപ്പോൾ വേണ്ടതരത്തിൽ നിർദ്ദേശം നൽകാത്തതിന് ശബ്ദം ഇല്ലാതിരുന്നിട്ടും ഡോക്ടറോട് ദേഷ്യപ്പെട്ടു. ഡോക്ടറോട് രോഗിക്കും അതൃപ്തി പ്രകടിപ്പിക്കാനാവുമെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. തികഞ്ഞ അനുസരണയോടെ നിൽക്കുന്ന രോഗികളെ മാത്രമേ അതുവരെ ഞാൻ കണ്ടിരുന്നുള്ളൂ. രോഗിയുടെ ശരീരത്തെ കൈകാര്യം ചെയ്യുമ്പോഴെല്ലാം അത് വിശദീകരിച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. ചെയ്യുന്ന ജോലിയുടെ കൃത്യത തെറ്റാതെ ശ്രദ്ധിക്കുകയും, ഇടപെടുന്നത് മനുഷ്യ ശരീരത്തോടാണെന്നതിനാൽ, അവരുടെ വികാരങ്ങളെ മാനിക്കുകയും ഒരേസമയം ചെയ്യുക എന്നത് നൈപുണ്യം ആവശ്യമായ കാര്യമാണ്.

കുറച്ചുനാൾ മുമ്പ് ഫിസിയോതെറാപ്പിയുടെ ഭാഗമായി മൈത്രേയന്റെ കൈയിൽ മെഴുക് ചൂടാക്കി ഒഴിച്ചപ്പോഴും ഇതേ പ്രശ്‌നമുണ്ടായി. സഹിക്കാവുന്ന ചൂടാണോ ഉള്ളതെന്ന് അത് ചെയ്ത ടെക്‌നീഷ്യൻ ചോദിക്കേണ്ടിയിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നതിനാൽ ചൂട് കൂടിയിട്ടും അത് സഹിച്ച് മൈത്രേയൻ ഇരുന്നു കൊടുക്കുകയും പിന്നീട് നീറ്റലുണ്ടാവുകയും ചെയ്തു. ഒരിക്കൽ കൂട്ടുകാരൊക്കെ ചെയ്യുന്ന ഹെയർ സ്പാ എന്താണെന്നറിയാനായി ഞാനത് ചെയ്യാൻ പോയി. തലയോട്ടി ചൂടുപിടിപ്പിക്കുന്ന സമയത്ത് പൊള്ളുന്നതുപോലെ തോന്നിയതിനാൽ പെട്ടെന്ന് നിർത്താൻ ഞാനാവശ്യപ്പെട്ടു. പാകത്തിനാണോ ചൂട് എന്ന് അത് ചെയ്യുന്നവർ ചോദിച്ചറിയേണ്ടതാണ്. ഇതൊക്കെ വളരെ നിസ്സാരങ്ങളായ കാര്യങ്ങളാണ്. ചികിത്സകർ സീരിയസ് ആയതും അല്ലാത്തതുമായ പലതരം ഇന്റെർവെൻഷനുകൾ മനുഷ്യശരീരത്തിൽ നടത്താറുണ്ടല്ലോ. ഏറ്റവും നിസ്സാരമായതു മുതൽ സീരിയസ് ആയതു വരെ ശ്രദ്ധയോടെ ചെയ്യുന്നവർ നല്ല ചികിത്സകരാണ്.

രോഗിയുടെ ശരീരത്തെ കൈകാര്യം ചെയ്യുമ്പോഴെല്ലാം അത് വിശദീകരിച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. ചെയ്യുന്ന ജോലിയുടെ കൃത്യത തെറ്റാതെ ശ്രദ്ധിക്കുകയും, ഇടപെടുന്നത് മനുഷ്യ ശരീരത്തോടാണെന്നതിനാൽ, അവരുടെ വികാരങ്ങളെ മാനിക്കുകയും ഒരേസമയം ചെയ്യുക എന്നത് നൈപുണ്യം ആവശ്യമായ കാര്യമാണ്. / Illustration: lupus.net
രോഗിയുടെ ശരീരത്തെ കൈകാര്യം ചെയ്യുമ്പോഴെല്ലാം അത് വിശദീകരിച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. ചെയ്യുന്ന ജോലിയുടെ കൃത്യത തെറ്റാതെ ശ്രദ്ധിക്കുകയും, ഇടപെടുന്നത് മനുഷ്യ ശരീരത്തോടാണെന്നതിനാൽ, അവരുടെ വികാരങ്ങളെ മാനിക്കുകയും ഒരേസമയം ചെയ്യുക എന്നത് നൈപുണ്യം ആവശ്യമായ കാര്യമാണ്. / Illustration: lupus.net

അച്ചാച്ചന്റെ ബയോപ്‌സിക്കുള്ള സാമ്പിൾ പരിശോധനയ്ക്ക് കൊണ്ടു കൊടുത്തതും റിസൾട്ട് വാങ്ങാൻ പോയതും ഞാനാണ്. പാതോളജി ഡിപ്പാർട്ട്‌മെന്റ് വേറൊരു കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ വരെ നടന്നു പോവുകയും വരുകയും ചെയ്യുന്നതിനിടെ ധാരാളം കാര്യങ്ങൾ ആലോചിക്കാൻ സമയം കിട്ടും. പാതോളജി പഠിച്ചു തുടങ്ങിയിരുന്നതേയുള്ളൂ എങ്കിലും അതിന്റെ സാധ്യതകളൊക്കെ ആലോചിച്ചുകൊണ്ട് ഞാൻ നടന്നു. മിക്കവാറും കാൻസർ തന്നെ എന്നുറപ്പിച്ചു റിസൾട്ട് വാങ്ങാൻ പോയ ഞാൻ അവിടെ വച്ചുതന്നെ റിപ്പോർട്ട് വായിച്ചു. ക്ഷയരോഗമെന്ന് അനുമാനിക്കാവുന്ന കോശങ്ങളായിരുന്നു അതിൽ കണ്ടെത്തിയിരുന്നത്. ഏതായാലും കാൻസർ അല്ലല്ലോ എന്നത്, റിപ്പോർട്ട് വിശദീകരിച്ചു കൊടുക്കാൻ ബാധ്യതയുണ്ടായിരുന്ന എനിക്ക് ആ സമയത്ത് വലിയ ആശ്വാസം നൽകി. കണ്ഠത്തിനുള്ളിലെ സ്വനഗ്രാഹിയെ (Larynx) ക്ഷയരോഗം ബാധിച്ചത് കണ്ട് മനസ്സിലാക്കിയതുകൊണ്ട്, ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും അത് ബാധിക്കുമെന്ന അറിവും ആ സമയത്തുണ്ടായി. ക്ഷയരോഗ നിർമ്മാർജ്ജനം ഊർജ്ജിതമായി നടക്കുന്ന ഇക്കാലത്തും ശ്വാസകോശേതര ഭാഗങ്ങളിൽ ധാരാളമായി ക്ഷയരോഗം കണ്ടുവരുന്നു.

ആദ്യവർഷങ്ങളിൽ രോഗികളുടെ അവസ്ഥ കാണുമ്പോഴുണ്ടാകുന്ന വികാര വിചാരങ്ങൾ അവസാന വർഷവും പരിശീലന ഘട്ടവുമൊക്കെ എത്തുമ്പോഴേക്കും മാറിയിരിക്കും. ഉയർന്ന ക്ലാസ്സിലെത്തുമ്പോഴേക്കും വിദ്യാർഥികളിൽ അനുകമ്പ കുറയുന്നതായും കൂടുന്നതായും, അതേപോലെ നിലനിൽക്കുന്നതുമായ പഠനങ്ങളുണ്ട്. പരിശീലനത്തിന്റെയും നിർണ്ണയത്തിന്റെയും രീതി, റോൾ മോഡലുകളുടെ സാന്നിധ്യം, സാമൂഹിക മാറ്റങ്ങൾ തുടങ്ങി പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ടാവാം. അത് പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ എന്ന ചോദ്യവും പ്രയോഗത്തിലൂടെ കഴിയുമെന്ന ഉത്തരവുമുണ്ടായിട്ടുണ്ട്.

ആദ്യവർഷങ്ങളിലെ ചില സന്ദർഭങ്ങളിൽ അമിതമായ വികാരത്തിനും ആശങ്കയ്ക്കും ഞാൻ വിധേയപ്പെട്ടിട്ടുണ്ട്. ഒന്ന്, അബോർഷനു വേണ്ടി ഒരു സ്ത്രീയെ സക്ഷന് (suction) വിധേയമാക്കിയത് കണ്ടപ്പോഴായിരുന്നു. ജീവനുള്ള ഒരു ശരീരത്തിൽ നിന്നും അമിതമായ രക്തപ്രവാഹം ആദ്യമായി കണ്ടപ്പോഴുണ്ടായതാണത്. രണ്ടാമത്തേത്, മാനസികരോഗാശുപത്രിയിലെ രോഗികളുടെ മനുഷ്യജീവിതത്തിന് അന്യമെന്ന് തോന്നുന്ന അവസ്ഥ കണ്ടപ്പോഴുണ്ടായ ഞെട്ടലാണ്. സുഗതകുമാരിയും മറ്റു പ്രവർത്തകരുമൊക്കെ ഇട പെട്ടതിന്റെ ഫലമായി ഇപ്പോൾ ആ അവസ്ഥയൊക്കെ കുറേ മാറി. അനുകമ്പയുടെ ഒരംശം ഇതിലുണ്ടെങ്കിലും പെട്ടെന്നുള്ള വികാരാധീനതയിൽ നിന്ന് മെഡിക്കൽ വിദ്യാർഥികൾ പുറത്തുവരേണ്ടതുമുണ്ട്. പ്രാവീണ്യം നേടുന്നതോടൊപ്പം അനുകമ്പ ഒരു ഗുണവിശേഷമായി വേറൊരു തലത്തിൽ വളർത്തിയെടുക്കേണ്ടതാണ്. രോഗികളുടെ വാമൊഴി ചരിത്രങ്ങൾ വിശദമായി രേഖപ്പെടുത്തുക, സാഹിത്യരചനകൾ, സിനിമകൾ, തിയേറ്റർ ഫോമുകൾ തുടങ്ങിയവ ആവിഷ്‌കരിക്കുകയും പഠിക്കുകയും ചെയ്യുക എന്നൊക്കെയുള്ള രീതികൾ ഇപ്പോൾ പല മെഡിക്കൽ സ്‌കൂളുകളും ചെയ്തുവരുന്നുണ്ട്.

തന്റെ അടുത്തുവരുന്ന രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയുമെന്നും അതിനുള്ള ശക്തി തന്നിൽ നിക്ഷിപ്തമാണെന്നും പ്രതീക്ഷിച്ചായിരിക്കും കൂടുതൽ വിദ്യാർഥികളും മെഡിക്കൽ പഠനത്തിനെത്തുന്നത്. ഏറെക്കുറെ ഇത് ശരിയായി വരുമെങ്കിലും ക്രമേണ പല പരിമിതികളും നമുക്ക് ബോധ്യപ്പെടും. ചില പരിമിതികൾ വ്യക്തിപരമായി പരിഹരിക്കാവുന്നതാണെങ്കിലും മറ്റു ചിലത് നമ്മുടെ സാമൂഹ്യഘടനയും വ്യവസ്ഥയുമായും മറ്റും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. കോഴ്സിനു ചേർന്നതുമുതൽ ഇതേപോലെയുള്ള ചിന്തകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം വ്യക്തിപരമായ തലത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചിരുന്നു. സ്വയം അനുഷ്ഠിക്കുന്ന സാധനയിലൂടെ ശരീരത്തിന് സന്തുലിത കൈവരുത്തുന്നത് ആരോഗ്യം നിലനിർത്തുന്നതിന് സഹായകമാണെന്ന ധാരണ ഞാൻ പിന്തുടർന്നു. രോഗം വരുമ്പോൾ ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതിന് ജീവിതചര്യകൾ പ്രധാനമാണെന്നും ഞാൻ ചിന്തിച്ചുവന്നു. ഭാരതീയമായ തത്വചിന്തയുടെ, പ്രത്യേകിച്ച് വേദാന്തത്തിന്റെ സ്വാധീനമാണ് എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചതെന്ന് പറയാം. അതോടൊപ്പം മെഡിക്കൽ കോളേജിലെ രോഗചികിത്സയിൽ കണ്ട പരിമിതികളും. രോഗത്തിന്റെ അന്ത്യഘട്ടത്തിലാണ് രോഗികൾ മിക്കവാറും മെഡിക്കൽ കോളേജിലെത്തുന്നതെന്നതുകൊണ്ട് ധാരാളം പേർ മരണമടയുന്നുണ്ടാവും. എല്ലാവർക്കും ഒരേപോലെ ചികിത്സ പ്രാപ്യമല്ല എന്ന ധാരണയൊന്നും എനിക്കന്നുണ്ടായിരുന്നില്ല. രോഗത്തിന്റെ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നുകിടക്കുന്നതും കാണാൻ കഴിഞ്ഞിരുന്നില്ല. രോഗത്തിന്റെ ഉറവിടം വ്യക്തിയിൽ തന്നെയാണെന്നും യോഗചര്യയിലൂടെയും ധ്യാനത്തിലൂടെയും മറ്റും ആരോഗ്യമുള്ള ശരീരം നിലനിർത്താമെന്നും കരുതി. ആരോഗ്യവീക്ഷണത്തിൽ ഭാരതീയമായ പാരമ്പര്യം പാശ്ചാത്യലോകത്ത് വികസിച്ച മേഡേൺ മെഡിസിനേക്കാൾ ഉയർന്ന സ്ഥാനത്താണെന്നും ഞാൻ വിശ്വസിച്ചു.

ഇങ്ങനെയെല്ലാം ചിന്തിക്കുന്നതിന് മോഡേൺ മെഡിസിനിലും അതിന്റെ വിദ്യാഭ്യാസത്തിലും നടത്തിപ്പിലുമുള്ള ചില പോരായ്മകൾ കാരണമാണെന്നതാണ് വാസ്തവം. ധാരാളം അറിവുകൾ ദിവസം തോറും കൂട്ടിച്ചേർത്ത്‌ വർധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അതിന്റെ വൈകാരികതലം നഷ്ടമായതായി എനിക്ക് തോന്നി. വസ്തുനിഷ്ഠപഠനത്തിനായി ഒരുപാട് സമയം ചെലവഴിക്കുമ്പോൾ രോഗികളുമായും അധ്യാപകരുമായും ഹൃദയവായ്പോടെ ഇടപെടുന്നതിന് അധികം സമയം ലഭിച്ചില്ല. ഇടപെടലുകൾ പരീക്ഷാകേന്ദ്രീകൃതവും വൈകാരികതയെ അകറ്റി നിർത്തുന്നവയുമായിരുന്നു.

മണിക്കൂറുകൾ ഇടവിട്ട് ലെക്ച്ചർ ഹോളുകളിലേക്ക് ഓടിപ്പോകുന്നതും സ്പീഡിൽ പറഞ്ഞുപോകുന്ന നോട്ടുകൾ എഴുതുന്നതും ഞാൻ വെറുത്തു. ഒരിക്കലും അത്രയും സ്പീഡിൽ നോട്ടുകൾ എഴുതി എടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ടെക്‌സ്‌റ്റ്​ ബുക്കുകൾക്കുള്ള വിലക്കൂടുതലും ഫോട്ടോസ്റ്റാറ്റുകൾ ഇല്ലാത്ത അക്കാലവും പഠനത്തിന് വിഷമമുണ്ടാക്കിയിരുന്നു. എന്നാൽ, വാർഡുകളിലും ഔട്ട് പേഷ്യൻറ്​ ക്ലിനിക്കുകളിലും രോഗികളുമായും അധ്യാപകരുമായും അടുത്ത് ഇടപഴകുന്ന സെഷനുകൾ ഞാൻ ആസ്വദിച്ചു. ബുദ്ധിപരവും വൈകാരികവുമായ തലങ്ങൾ ഒരേസമയം പഠനത്തിനാവശ്യമാണെന്ന അറിവ് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിപ്പുറം മാത്രമാണ് ശാസ്ത്രീയമായി മനസ്സിലാക്കാൻ തുടങ്ങിയത്. അതിനുമുൻപ്, അറിവ് നേടുന്നതിന് ബൗദ്ധികമായ തലത്തിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്. വൈകാരികത താഴ്ന്ന വികാരവും അത് മസ്തിഷ്‌കത്തിന്റെ താഴേ തലങ്ങളിൽ മാത്രം ആലേഖനം ചെയ്തിട്ടുള്ളതായുമാണ് മനസ്സിലാക്കിയിരുന്നത്. അത്തരം വേർതിരിവ് പുതിയ ന്യൂറോബയോളജിക്കൽ പഠനങ്ങൾ അംഗീകരിക്കുന്നില്ല. ന്യൂറോണുകളുടെ വലക്കണ്ണികൾ തലച്ചോറിന്റെ വ്യത്യസ്ത തലങ്ങളെ തമ്മിൽ ചേർക്കുകയും അറിവുണ്ടാക്കുന്നതിൽ ഇതെല്ലാം ഒരേപോലെ പങ്കെടുക്കുന്നതുമായാണ് ഇപ്പോൾ കാണുന്നത്. അതിനനുസരിച്ച് വിദ്യാഭ്യാസത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

അറിവ് നേടുന്നിടത്തും വൈകാരികബന്ധത്തിന്റെ ആവശ്യം ആഗ്രഹിച്ചിരുന്ന ഞാൻ ആ ആവശ്യങ്ങൾക്കായി ഗുരുകുലത്തെയും ഗുരുവിനെയുമാണ് തേടിയത്. അതുകൊണ്ടുതന്നെ രോഗങ്ങളെയും ചികിത്സയെയും മനസ്സിലാക്കുന്നതിൽ ഭാരതീയമായ ചിന്തയാണ് മുന്നിൽ എന്ന ആശയം എന്നെ സ്വാധീനിച്ചു. അറിവ് സ്വാംശീകരിക്കുന്നതിൽ അത് ഓർമ്മയിലേയ്ക്ക് ശേഖരിച്ചു വയ്ക്കുന്ന പ്രക്രിയ മാത്രമല്ല, അത് നേടുന്ന അന്തരീക്ഷവും പങ്കുവയ്ക്കുന്ന ആളുകളുമായുണ്ടാകുന്ന വൈകാരിക ബന്ധവും പ്രധാനമാണെന്ന് ഇന്ന് ഞാൻ കൂടുതലായി തിരിച്ചറിയുന്നു.

നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും മറ്റെല്ലാ വ്യവസ്ഥകളും, ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ ബ്യൂറോക്രാറ്റിക് സംവിധാനത്തിൽ സന്തുഷ്ടി കണ്ട് നിലനിർത്തിയിരിക്കുകയാണ്. അഴിമതിക്കും വിഭവങ്ങൾ പരമാവധി ദുരുപയോഗം ചെയ്യുന്നതിനുമാണ് ഇത് സഹായകമായിട്ടുള്ളത്. ഇതിൽ പങ്കെടുക്കുക അനാവശ്യവും തലവേദന ഉണ്ടാക്കുന്നതുമായി എനിക്ക് തോന്നി.

മെഡിക്കൽ കോളേജിലൊക്കെ അത്തരം വൈകാരികമായ പങ്കുവയ്ക്കലുകൾ നടക്കുന്നത് കലാപരിപാടികളിലും സാഹിത്യപ്രവർത്തനങ്ങളിലുമൊക്കെയാണ്. ഈ പരിപാടികൾ രണ്ടുതരത്തിൽ നടക്കാറുണ്ട്. ഒന്ന്, ട്രെൻഡ് അനുസരിച്ചുള്ള യാന്ത്രികമായ, സർഗാത്മകത കുറഞ്ഞ പരിപാടികളായിരിക്കും. അവയായിരിക്കും കൂടുതൽ പോപ്പുലർ ആവുക. എന്നാൽ, തീക്ഷ്ണമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടികളും അപൂർവ്വമായി ഉണ്ടാകാറുണ്ട്. സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളുടെയോ മന്ദതയുടെയോ പ്രതിഫലനം കൂടിയായിരിക്കും അത്. ജനകീയ സാംസ്‌കാരികവേദിയുടെ പ്രവർത്തനകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലും സമാനമായ പല പ്രവർത്തനങ്ങളും നടന്നിരുന്നു. ഡോ. ബ്രഹ്മപുത്രന്റെ കാലഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന ആ സമയത്ത് പഠിച്ചിറങ്ങിയ പലരും പൊതുവായ ഡോക്ടർ സമൂഹത്തിൽ നിന്ന് വ്യതിരിക്തമായ രീതിയിൽ പ്രവർത്തിച്ചു കാണുന്നുണ്ട്. പാലിയേറ്റീവ് മെഡിസിന് നേതൃത്വം നൽകുന്ന ഡോ. സുരേഷ്, ജനകീയനായ ഡോ. കുര്യാക്കോസ്, മാനവിക ജ്ഞാനോദയ പ്രചാരകനായ ഡോ. വിശ്വനാഥൻ തുടങ്ങി പലരും ആ പട്ടികയിൽ പെടുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, ചില വേറിട്ട അനുഭവങ്ങൾക്ക് അവസരമൊരുക്കിയത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരിപാടികളായിരുന്നു. ചിലപ്പോൾ കടമ്മനിട്ടയെയും മാധവിക്കുട്ടിയെയുമൊക്കെ വിദ്യാർഥി നേതാക്കൾ ക്ഷണിച്ചുകൊണ്ടു വന്ന് പരിപാടികൾ നടത്തി. അതിൽ പങ്കെടുത്തത് മിക്കവാറും സുഹൃത്തുക്കളുടെ പ്രേരണ കൊണ്ടായിരുന്നു. പൊതുവേ അന്തർമുഖത്വവും ലജ്ജാശീലവുമുണ്ടായിരുന്ന ഞാൻ, സഹപാഠികളായ അനിത, ഉമ, വത്സല, പ്രഭ, തോമസ് ടി. തോമസ്, വിജയകുമാർ, വിജയാനന്ദ് തുടങ്ങിയവരുടെയൊക്ക സ്വാധീനത്താൽ മാത്രമാണ് അത്തരം പരിപാടികളിൽ പങ്കെടുത്തത്. അന്ന് കോളേജ് യൂണിയനുകൾ വഴിയൊക്കെ പരിചയമായിരുന്ന ഡോ. കെ. വിജയകുമാർ, ഡോ. രാജ്‌മോഹൻ, ഡോ. ജി.ആർ. സന്തോഷ്‌കുമാർ എന്നിവരൊക്കെ തന്നെ പിന്നീട് സാമൂഹ്യാരോഗ്യമേഖലയിൽ സംഭാവനകൾ ചെയ്യുന്നവരായി മാറിയിട്ടുണ്ട്.

എം.ബി.ബി.എസ്. അവസാന വർഷമായപ്പോഴേക്കും ഞാൻ ആശയപരവും ഭൗതികവുമായ പ്രതിസന്ധിയിലായിരുന്നു. വീണ്ടും എല്ലാവരും ചെയ്യുന്നതുപോലെ പോസ്റ്റ് ഗ്രാജുവേഷന് ഒരു മത്സരപരീക്ഷയ്ക്കുവേണ്ടി പഠിക്കാൻ ഞാൻ മാനസികമായി തയ്യാറല്ലായിരുന്നു. നീണ്ട നാളത്തെ പഠനത്തിനു ശേഷം ജോലി ചെയ്യുകയാണ് കൂടുതൽ നല്ലതെന്ന് ഞാൻ കരുതി. മുറികളിലിരുന്ന് പഠിക്കുന്നതിനേക്കാൾ ജനങ്ങളുമായി ബന്ധപ്പെട്ട പഠനമാണ് മെഡിക്കൽ ഫീൽഡിൽ വേണ്ടതെന്ന് തോന്നി. വർഷങ്ങളോളം കുത്തിയിരുന്ന് എൻട്രൻസ് പരീക്ഷയ്ക്ക് പഠിക്കാതെ പ്രാക്ടീസ് കൂടി ചെയ്യണമെന്ന് ഞാൻ എന്റെ വിദ്യാർഥികളോടും പറയാറുണ്ട്.

പി.എസ്.സി. പരീക്ഷകളോടും എനിക്ക് യോജിപ്പില്ലായിരുന്നു. ഒരു പ്രൊഫഷനിൽ കഴിവുണ്ടോ എന്ന് തെളിയിക്കാൻ വേണ്ടി ആദ്യം ഒരു പരീക്ഷ എഴുതിയിട്ടുണ്ട്. ജോലിക്ക് എടുക്കുമ്പോൾ അതിലുള്ള താൽപര്യവും മറ്റും ഒരു ഇന്റർവ്യൂവിലൂടെ മനസ്സിലാക്കുന്നതിൽ കുഴപ്പമില്ല. പകരം വീണ്ടും എഴുത്ത് പരീക്ഷയും, പിന്നെ ഇന്റർവ്യൂവും നടത്തി ഒരു ലിസ്റ്റുണ്ടാക്കുന്നു. ആ ലിസ്റ്റിൽ വരുന്ന എല്ലാവർക്കും ജോലി ലഭിക്കുകയുമില്ല. അതവിടെ കിടന്ന് കാലാവധി കഴിഞ്ഞ് ചിലപ്പോൾ മരിച്ചു പോകും. ജോലി കിട്ടുന്നവരോ, ട്രാൻസ്ഫർ എങ്ങനെ ഒഴിവാക്കാമെന്ന ഗവേഷണത്തിൽ ഏർപ്പെടും. ട്രാൻസ്​ഫർ ഇല്ലാത്ത ഒരു സിസ്റ്റമാണ് എല്ലാവർക്കും നല്ലതെങ്കിൽ അത്തരം ഒരു സംവിധാനം എന്തുകൊണ്ട് ആയിക്കൂടാ. നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും മറ്റെല്ലാ വ്യവസ്ഥകളും, ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ ബ്യൂറോക്രാറ്റിക് സംവിധാനത്തിൽ സന്തുഷ്ടി കണ്ട് നിലനിർത്തിയിരിക്കുകയാണ്. അഴിമതിക്കും വിഭവങ്ങൾ പരമാവധി ദുരുപയോഗം ചെയ്യുന്നതിനുമാണ് ഇത് സഹായകമായിട്ടുള്ളത്. ഇതിൽ പങ്കെടുക്കുക അനാവശ്യവും തലവേദന ഉണ്ടാക്കുന്നതുമായി എനിക്ക് തോന്നി. കഴിയുന്നതും അവ ഒഴിവാക്കാനാണ് ഞാൻ നോക്കിയത്. അപൂർവ്വം ചില സമയത്ത് പങ്കെടുത്തപ്പോൾ മാനസികമായ താല്പര്യമില്ലായ്മ മൂലം ഹാളിലിരുന്ന് ഉറങ്ങുകയോ പെട്ടെന്ന് ഇറങ്ങി പോരുകയോ ചെയ്തു.

പിന്നെ എന്താണ് ചെയ്യുക എന്നതും വലിയ പ്രതിസന്ധി ആയിരുന്നു. ഡേവിഡ് വെർണറുടെ ‘വെയർ ദെയർ ഈസ് നോ ഡോക്ടർ' (Where there is no doctor), ബോസ്റ്റൺ വിമൻസ് ഹെൽത്ത് കളക്ടീവ് എന്ന സംഘടനയുടെ ‘ഔവർ ബോഡീസ് ഔർസെൽവ്‌സ്’ (Our bodies, Ourselves) എന്ന പ്രസിദ്ധീകരണങ്ങളൊക്കെ ജനകീയാരോഗ്യ സംരംഭങ്ങളെ കുറിച്ച് പുതിയ അറിവ് പകർന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്​ കൂടാതെ മെഡിക്കോ ഫ്രണ്ട്‌സ് സർക്കിൾ പോലെയുള്ള ജനകീയാരോഗ്യപ്രസ്ഥാനങ്ങളൊക്കെയായി അന്ന് ബന്ധപ്പെട്ടിരുന്നു. അതിൽ ചിലരൊക്കെ വ്യവസ്ഥയിൽ നിന്ന് മാറി നിന്ന് വിമർശമുയർത്തിയവരാണ്. ഡോ. ബിനായക്‌സെൻ ഒക്കെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സന്ദിഗ്ധതകളെല്ലാം ഉണ്ടായിരുന്നെങ്കിലും കുടുംബവും വിവാഹവുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്നതിനാൽ സാമ്പത്തികമായി സ്വതന്ത്രമായ ഒരു നിലനിൽപ്പും എനിക്ക് അക്കാലത്ത് ആവശ്യമായിരുന്നു. തൽക്കാലം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യാമെന്നു കരുതി അമല ഹോസ്പിറ്റലിൽ ചേർന്നു. അത് താൽക്കാലികം മാത്രമാണെന്നുള്ള ധാരണയും അപ്പോൾ തന്നെ ഉണ്ടായി.

കുടുംബവ്യവസ്ഥയുമായുള്ള ഏറ്റുമുട്ടൽ മൂലം എന്റെ ജീവിതവീക്ഷണം അപ്പാടെ മാറി മറിഞ്ഞിരുന്നു. ഉള്ളിലേക്ക് നോക്കിയും വ്യക്തി ജീവിതത്തിൽ മാറ്റം വരുത്തിക്കൊണ്ടും മാത്രം ഇപ്പോഴത്തെ പ്രതിസന്ധി മറി കടക്കാൻ കഴിയില്ലെന്ന ഒരു ബോദ്ധ്യമുണ്ടായി. സാമൂഹ്യമായ ഇടപെടലുകളാണ് വ്യക്തി ജീവിതത്തിലായാലും കുടുംബത്തിലായാലും സ്ഥാപനങ്ങളിലായാലും വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരിക എന്ന് തിരിച്ചറിഞ്ഞു. എങ്കിലും അത്രയും കാലം ഉൾക്കൊണ്ട ആശയങ്ങളും അതിനനുസരിച്ച് ശരീരത്തിൽ തന്നെ എഴുതിച്ചേർത്തിട്ടുള്ള രേഖകളും ജീവിതശൈലിയും മാറ്റുക ഒട്ടും എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും നമ്മുടെ കാഴ്ചപ്പാടുകൾ ഉറക്കുന്ന കൗമാരവും യൗവ്വനാരംഭവുമൊക്ക കടന്നു കഴിഞ്ഞ വേളയിൽ.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ വീണ്ടും ഞാൻ വിലയിരുത്തി തുടങ്ങി. വേറൊരു കാഴ്ചപ്പാടിൽ ആയിരുന്നു എന്ന് മാത്രം. ആധുനിക വൈദ്യശാസ്ത്രം വളർന്നു വികസിച്ചതിന്റെയോ അത് നമ്മുടെ നാട്ടിൽ എങ്ങനെ വേര് പിടിച്ചു എന്നതിനെ പറ്റിയോ അതിനു മുമ്പ് ഇവിടെ നില നിന്ന വൈദ്യസമ്പ്രദായത്തെ കുറിച്ചോ ഉള്ള ഉൾക്കാഴ്ചകളൊന്നും അത് നൽകുന്നില്ല. മറ്റു വിജ്ഞാനശാഖകളിൽ നിന്നെല്ലാം വിട്ടു നിന്ന് ഒരു സ്‌പെഷ്യാലിറ്റി എന്നതിലേക്ക് വൈദ്യശാസ്ത്രം ചുരുങ്ങുകയാണ് ചെയ്തത്. മാത്രവുമല്ല, ഒരവയവസമുച്ചയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്, വീണ്ടും പിരിയുകയും അതിന്റെ തന്നെ ഒരു ഘടകത്തിലേക്ക് പിന്നെയും ചുരുങ്ങുകയും ചെയ്യുന്ന തരത്തിലേക്ക് സ്‌പെഷ്യലൈസേഷൻ ഉണ്ടായി കൊണ്ടിരുന്നു. ഇങ്ങനെ പിരിയുന്നതിന് അതിന്റെ ഗുണങ്ങളുണ്ട്. പ്രായോഗികമായ ജീവിതത്തിൽ മാത്രം ഊന്നൽ കൊടുത്താൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നുമില്ല. ഇങ്ങനെ പ്രയോഗികതയിലേക്ക് പോകുമ്പോഴും, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു മേഖലകളും ജ്ഞാനശാസ്ത്രത്തിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുമൊക്കെ ചില ഡോക്ടർമാർ സ്വയം താല്പര്യമെടുത്ത് പഠിക്കുന്നത് കാണാറുണ്ട്. ഇത് മിക്കവാറും പുരുഷന്മാരായ ഡോക്ടർമാരായിരിക്കും. വിപ്ലവ കാലഘട്ടത്തിലൊക്കെ പല സ്ത്രീകളും അതിലേക്കൊക്കെ വന്നിട്ടുണ്ടെങ്കിലും, വിവാഹ ശേഷം കൂടുതൽ പേരും ജോലിയും കുടുംബവുമായി ബാലൻസ് ചെയ്തു പോവുകയാണ് പതിവ്. ഒറ്റക്ക് ചെയ്യാവുന്ന വ്യത്യസ്തമായ തരം സേവനങ്ങളിൽ പലരും ഏർപ്പെടുമെങ്കിലും, പൊതുവായ ചർച്ചകളിലേക്ക് സ്ത്രീകൾക്ക് കടക്കാനുള്ള സ്പേസ് കാണാറില്ല. സ്ത്രീകളുടെ കുടുംബത്തിലെ റോളിന് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലെ മാത്രം വിഷയമാണിത്. ഒരിക്കൽ എനിക്ക് ഒരു ഡോക്ടറുടെ വിവാഹാലോചന വന്നിരുന്നു. ഞാൻ അതെല്ലാം അപ്പോൾ തന്നെ ഉപേക്ഷിച്ചിരുന്നതിനാൽ, ആ ഡോക്ടർ മറ്റൊരു വനിതാ ഡോക്ടറെ വിവാഹം ചെയ്ത് സന്തോഷപൂർവ്വം ജീവിച്ചു. അവരുടെ സന്തോഷകരമായ ജീവിതത്തെ പറ്റി ഒരിക്കൽ ആ ഡോക്ടറുടെ അമ്മ എന്റെ അമ്മയോട് വിവരിച്ചു. ""അവൾ രാവിലെ വീട്ടു ജോലിയെല്ലാം തീർത്ത് ക്ലിനിക്കിൽ പോകുന്നു. ജോലി കഴിഞ്ഞ് മിക്കപ്പോഴും ഇവിടെ വന്ന് എന്നെ സഹായിച്ച ശേഷം രാത്രിയിൽ മടങ്ങി പോവുകയും ചെയ്യും. അങ്ങനെ നല്ല സന്തോഷത്തോടെ ജീവിക്കുന്നു'' എന്ന്. എങ്ങാനും ആ ഡോക്ടറെ ഞാൻ വിവാഹം ചെയ്തിരുന്നെങ്കിൽ അതൊരു ദുരന്തമായി പരിണമിക്കുമായിരുന്നു.

ഈച്ചയേയും കൊതുകിനെയും പിടിക്കുന്നവരെന്നും, കക്കൂസ് ഉണ്ടാക്കുന്നവരെന്നുമുള്ള തരത്തിൽ മറ്റുള്ളവർ കമ്മ്യൂണിറ്റി മെഡിസിൻ പഠനത്തെ അവഹേളിച്ചിരുന്നു. എന്നാൽ, അവിടെയും അതിന്റെ പ്രായോഗിക പഠനങ്ങൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നു. ആളുകളെയും അവരുടെ ആരോഗ്യപ്രശ്‌നങ്ങളെയും, ജീവിത സാഹചര്യങ്ങളിൽ വച്ചു പഠിക്കുന്നതിനായി ചേരി പ്രദേശങ്ങളിലും കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളുള്ള സമൂഹത്തിലേക്കും പോയി നേരിട്ട് മനസ്സിലാക്കുകയായിരുന്നു അതിലൊന്ന്. / Photo: amrita.edu
ഈച്ചയേയും കൊതുകിനെയും പിടിക്കുന്നവരെന്നും, കക്കൂസ് ഉണ്ടാക്കുന്നവരെന്നുമുള്ള തരത്തിൽ മറ്റുള്ളവർ കമ്മ്യൂണിറ്റി മെഡിസിൻ പഠനത്തെ അവഹേളിച്ചിരുന്നു. എന്നാൽ, അവിടെയും അതിന്റെ പ്രായോഗിക പഠനങ്ങൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നു. ആളുകളെയും അവരുടെ ആരോഗ്യപ്രശ്‌നങ്ങളെയും, ജീവിത സാഹചര്യങ്ങളിൽ വച്ചു പഠിക്കുന്നതിനായി ചേരി പ്രദേശങ്ങളിലും കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളുള്ള സമൂഹത്തിലേക്കും പോയി നേരിട്ട് മനസ്സിലാക്കുകയായിരുന്നു അതിലൊന്ന്. / Photo: amrita.edu

രോഗം അനുഭവിക്കുന്നതും ചികിത്സയ്ക്ക് പ്രാപ്യതയുണ്ടാകുന്നതും സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് കൂടിയാണെന്ന തിരിച്ചറിവ് ആരോഗ്യത്തെ മനസ്സിലാക്കുന്നതിൽ വലിയ മാറ്റമാണുണ്ടാക്കിയത്. ചരിത്രപരമായ പശ്ചാത്തലവും ഇതിൽ പ്രധാനമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമുണ്ടായ ചില ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ രോഗശാസ്ത്രത്തിന്റെ പാരഡൈം തന്നെ മാറ്റി മറിച്ചു. രോഗാണുക്കൾ, ആന്റിബയോട്ടിക്, വാക്‌സിനുകൾ, വിറ്റാമിനുകൾ എന്നിവയായിരുന്നു അവ. മനുഷ്യർ ജീവിക്കുന്ന പരിസരം, ശുദ്ധമായ കുടി വെള്ളം, പാർപ്പിടം എന്നതെല്ലാം രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായി. അതിനു മുമ്പ് മനുഷ്യരുടെ ഭൗതികവും മാനസികവുമായ ചില സ്വഭാവവിശേഷങ്ങളാണ് രോഗകാരണമെന്ന് കരുതി. വാതം, പിത്തം, കഫം എന്നിങ്ങനെ ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയ രോഗനിർണ്ണയം ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ഇതിന്റെയൊക്കെ വലിയ സ്വാധീനം ഇപ്പോഴും ജനങ്ങളിലുണ്ട്. ശരീരത്തിന് പോഷകഗുണമുണ്ടാക്കുന്ന പാൽ, പഴം, ചില പച്ചക്കറികൾ, മാംസം, മത്സ്യം എന്നിവയൊക്കെ കഴിക്കാൻ അസുഖമുള്ളപ്പോൾ പലരും മടിക്കാറുണ്ട്. മരുന്നുകൾ കൃത്യമായി നൽകിയാലും ആളുകളുടെ സാംസ്‌കാരിക പശ്ചാത്തലത്തിലേയ്ക്കിറങ്ങി ചെന്ന് ഇടപെടുന്നില്ലെങ്കിൽ ഒരു ഡോക്ടർക്ക് പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവില്ല. ഇതിന് പല വിധ തടസ്സങ്ങളുള്ളതിനാൽ ആത്മാർത്ഥമായി ചികിത്സിക്കാനാഗ്രഹിക്കുന്ന ഡോക്ടർ പ്രതിസന്ധികൾ നേരിടും. സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളും ഇതിൽ പെടുന്നു. അതിനെക്കുറിച്ചുള്ള അറിവൊന്നും മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന് ലഭിക്കുകയുമില്ല. ഔഷധ നിർമ്മാണവും മറ്റും വ്യവസായത്തിന്റെ മേഖലയിൽ വരുന്നതുകൊണ്ട് അത്തരം താത്പര്യങ്ങൾ ചികിത്സയേയും സ്വാധീനിക്കും. അപൂർവ്വമായ രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ലാഭകരമല്ലാത്തതു കൊണ്ട് ചിലപ്പോൾ ലഭ്യമാവുകയില്ല. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടതുണ്ടാവും. അവശ്യമരുന്നുകൾ പോലും ചിലപ്പോൾ കമ്പനികൾ കുത്തക കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ സാധാരണക്കാർക്ക് ലഭ്യമല്ലാതെ വരും. ഇതൊക്കെ മനസ്സിലാക്കിയില്ലെങ്കിൽ വലിയ കുഴപ്പമില്ല. എന്നാൽ, തിരിച്ചറിഞ്ഞ ശേഷം ഏതു രീതിയിലാണ് ഇതുമായി പൊരുത്തപ്പെടുകയോ മാറി നിൽക്കുകയോ എതിർക്കുകയോ ഒക്കെ ചെയ്യേണ്ടതെന്ന വലിയ ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ പെട്ടിരുന്നത്.

ഏതു പ്രതിസന്ധിയിലും നമുക്ക് രോഗചികിത്സ നടത്തിയേ മതിയാകൂ എന്നതും യാഥാർഥ്യമാണ്. ഒരു വശത്ത് രോഗികളുമായി നേരിട്ട് ബന്ധമുള്ള ക്ലിനിക്കൽ മെഡിസിൻ വല്ലാതെ വശീകരിക്കുന്നു. എന്നാൽ, എം.ബി.ബി.എസ്. മാത്രമുള്ളവരുടെ അടുത്ത് ചികിത്സക്ക് പോകാൻ നമ്മുടെ നാട്ടിൽ ആളുകൾക്ക് വിമുഖതയുണ്ട്. സ്‌പെഷ്യലിസ്റ്റുകളുടെ കൂടെ ജോലി ചെയ്യുമ്പോൾ മിക്കപ്പോഴും തീരുമാനങ്ങളെടുക്കുന്നത് അവരായിരിക്കും. രോഗിയെ ചികിത്സിച്ചതായി നമുക്ക് തോന്നുകയില്ല. ഏത് സ്‌പെഷ്യാലിറ്റി തെരഞ്ഞെടുക്കുമെന്നതും ഒരു പ്രശ്‌നമായിരുന്നു. വാസ്തവത്തിൽ ഏതു രോഗത്തിനും അടിസ്ഥാനപരമായ ചികിത്സ നൽകാൻ കഴിയുന്ന ജനറൽ പ്രാക്ടീഷണർ ചികിത്സയിൽ പ്രധാനമാണ്. പക്ഷെ, നിർഭാഗ്യവശാൽ നമ്മുടെ സംസ്‌കാരത്തിൽ നേരെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് പോകാനുള്ള പ്രവണതയാണ് കാണുന്നത്. ഇത് പലപ്പോഴും ചില രോഗങ്ങൾ കണ്ടുപിടിക്കാൻ കഴിയാതിരിക്കുന്നതിന് ഇട വരുത്തുന്നതായും കണ്ടിട്ടുണ്ട്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനം ബേസിക് ഡോക്ടറെ വച്ചാണ് സംവിധാനങ്ങളുണ്ടാക്കിയിരിക്കുന്നതെന്നത് ആശ്വാസകരമാണ്. ഇപ്പോൾ ധാരാളം ആളുകൾ അവിടെ നിന്ന് ചികിത്സ സ്വീകരിക്കുന്നു. രോഗിയെ സമഗ്രമായും കുടുംബപശ്ചാത്തലത്തിലും ചികിത്സിക്കാനുദ്ദേശിച്ചിട്ടുള്ള ഫാമിലി മെഡിസിൻ പതിയെ രംഗത്ത് വരുന്നുണ്ട്. അക്കാലത്ത് തന്നെ ഞങ്ങൾ ആലോചിച്ചിട്ടുണ്ടായ കാര്യമായിരുന്നു അത്.

പല ഘട്ടങ്ങളിലൂടെ പരിണമിച്ചെത്തിയ സമകാലീന വൈദ്യശാസ്ത്രത്തിന്റെ ചരിത്രവും, ആരോഗ്യം സമൂഹത്തിൽ വിന്യസിക്കപ്പെടുന്നതും, വ്യാപനശാസ്ത്രവും, അതിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വശങ്ങളും, നയങ്ങളും ആരോഗ്യവിദ്യാഭ്യാസവും, ഗവേഷണവും, രോഗ പ്രതിരോധവും സാന്ത്വന ചികിത്സയും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത അജണ്ടയാണ് കമ്മ്യൂണിറ്റി മെഡിസിനുള്ളത്

മറുവശത്ത് പബ്ലിക് ഹെൽത്ത് അഥവാ കമ്യൂണിറ്റി മെഡിസിൻ രോഗത്തിന്റെ സാമൂഹ്യമാനങ്ങളെ അഭിമുഖീകരിച്ച് നില നിൽക്കുന്നുമുണ്ട്. ഞങ്ങൾ എം.ബി.ബി.എസിന്​ പഠിക്കുന്ന കാലത്ത് അതിന് യാതൊരു പ്രാധാന്യവും കണ്ടിരുന്നില്ല. തിയറി ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ ഉറങ്ങുകയോ ബഹളം വക്കുകയോ ചെയ്തു. ഈച്ചയേയും കൊതുകിനെയും പിടിക്കുന്നവരെന്നും, കക്കൂസ് ഉണ്ടാക്കുന്നവരെന്നുമുള്ള തരത്തിൽ മറ്റുള്ളവർ അവഹേളിച്ചിരുന്നു. എന്നാൽ, അവിടെയും അതിന്റെ പ്രായോഗിക പഠനങ്ങൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നു. ആളുകളെയും അവരുടെ ആരോഗ്യപ്രശ്‌നങ്ങളെയും, ജീവിത സാഹചര്യങ്ങളിൽ വച്ചു പഠിക്കുന്നതിനായി ചേരി പ്രദേശങ്ങളിലും കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളുള്ള സമൂഹത്തിലേക്കും പോയി നേരിട്ട് മനസ്സിലാക്കുകയായിരുന്നു അതിലൊന്ന്. പലപ്പോഴും അടഞ്ഞ ക്ളാസ് മുറികളിൽ നിന്ന് പുറത്തേക്ക് പോകാനുള്ള അവസരമായി ആഘോഷിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്തിരുന്നതെങ്കിലും ആളുകളുടെ സാഹചര്യങ്ങളും രോഗങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഇതുപകരിച്ചു. കൂടാതെ, ഹൗസ് സർജൻസി സമയത്ത് മൂന്നു മാസം ഗ്രാമീണ മേഖലയിലുള്ള ഹെൽത്ത് സെന്ററിൽ ജോലി ചെയ്യേണ്ടതുമുണ്ടായിരുന്നു.

എയ്ഡ്സ്, സാഴ്‌സ്, കോവിഡ് - 19 തുടങ്ങി ഓരോ പുതിയ രോഗാണുബാധ ഉണ്ടാകുമ്പോഴും അതിന്റെ വ്യാപനരീതികളെയും വ്യാപനസാദ്ധ്യതകളെയും ലക്ഷണസമുച്ചയങ്ങളെയും ചികിത്സയെയും പ്രതിരോധത്തേയും എല്ലാം കൃത്യമായി പഠിച്ച് പ്രോട്ടോകോളുകളുണ്ടാക്കുന്നത് എപ്പിഡെമിയോളജിക്കൽ പഠനങ്ങളിലൂടെയാണ്
എയ്ഡ്സ്, സാഴ്‌സ്, കോവിഡ് - 19 തുടങ്ങി ഓരോ പുതിയ രോഗാണുബാധ ഉണ്ടാകുമ്പോഴും അതിന്റെ വ്യാപനരീതികളെയും വ്യാപനസാദ്ധ്യതകളെയും ലക്ഷണസമുച്ചയങ്ങളെയും ചികിത്സയെയും പ്രതിരോധത്തേയും എല്ലാം കൃത്യമായി പഠിച്ച് പ്രോട്ടോകോളുകളുണ്ടാക്കുന്നത് എപ്പിഡെമിയോളജിക്കൽ പഠനങ്ങളിലൂടെയാണ്

എന്നാൽ, കമ്യൂണിറ്റി മെഡിസിൻ എത്രയോ പ്രാധാന്യമുള്ളതാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. പല ഘട്ടങ്ങളിലൂടെ പരിണമിച്ചെത്തിയ സമകാലീന വൈദ്യശാസ്ത്രത്തിന്റെ ചരിത്രവും, ആരോഗ്യം സമൂഹത്തിൽ വിന്യസിക്കപ്പെടുന്നതും, വ്യാപനശാസ്ത്രവും, അതിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വശങ്ങളും, നയങ്ങളും ആരോഗ്യവിദ്യാഭ്യാസവും, ഗവേഷണവും, രോഗ പ്രതിരോധവും സാന്ത്വന ചികിത്സയും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത അജണ്ടയാണ് അതിനുള്ളത്. മെഡിസിന്റെ ചരിത്രത്തിൽ ഉണ്ടായ പ്രധാന കണ്ടെത്തലുകളുടെ വഴികളാണ് രോഗത്തിന്റെ വ്യാപനശാസ്ത്രം വളരാൻ കാരണമായത്. കമ്മ്യൂണിറ്റി മെഡിസിൻ എന്ന പേര് ഇതെല്ലാം ഉൾക്കൊള്ളുന്നതുമല്ല. ക്ലിനിക്കൽ മെഡിസിനും എപ്പിഡെമിയോളജിക്കും സമാന്തരമായി മാത്രമേ പോകാൻ കഴിയുകയുള്ളൂ. എയ്ഡ്സ്, സാഴ്‌സ്, കോവിഡ് - 19 തുടങ്ങി ഓരോ പുതിയ രോഗാണുബാധ ഉണ്ടാകുമ്പോഴും അതിന്റെ വ്യാപനരീതികളെയും വ്യാപനസാദ്ധ്യതകളെയും ലക്ഷണസമുച്ചയങ്ങളെയും ചികിത്സയെയും പ്രതിരോധത്തേയും എല്ലാം കൃത്യമായി പഠിച്ച് പ്രോട്ടോകോളുകളുണ്ടാക്കുന്നത് എപ്പിഡെമിയോളജിക്കൽ പഠനങ്ങളിലൂടെയാണ്. നേരത്തേ നില നിൽക്കുന്ന രോഗങ്ങളുടെ കാര്യത്തിലും ഇങ്ങനെയാണ്.
ഇങ്ങനൊക്കെയാണെങ്കിലും തന്തയില്ലാത്ത സന്തതിയായാണ് എപ്പിഡെമിയോളജി കരുതപ്പെടുന്നത്. സ്വന്തമായതോ തനതായതോ ആയ പാരമ്പര്യം അതിന് അവകാശപ്പെടാനില്ല. ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫർമേഷൻ ടെക്നോളജി, മോളിക്യുലർ ബയോളജി, മാനേജ്മെൻറ്​, ജിയോളജി, സോഷ്യോളജി എന്നിങ്ങനെ വിവിധ ശാഖകളെ സംയോജിപ്പിച്ചാണ് എപ്പിഡെമിയോളജി അതിന്റെ ധർമ്മം നിറവേറ്റുന്നത്. ഇരു വശത്തും മൂർച്ചയുള്ള ഒരു വാൾ പോലെ അത് ഉപയോഗിക്കാൻ കഴിയും. ഒരു വശത്ത് ആരോഗ്യമേഖലയിലെ സാമൂഹ്യവും നൈതികവുമായ പ്രശ്‌നങ്ങൾ ഉയർത്തി കൊണ്ട് വരാൻ അതിനു കഴിഞ്ഞിട്ടുണ്ട്. മറു വശത്ത് രോഗനിയന്ത്രണത്തിന്റെ പേരിൽ മനുഷ്യരുടെ മേൽ നിരീക്ഷണവും നിയന്ത്രണവും നടത്തുക വഴി അധികാരകേന്ദ്രങ്ങൾക്ക് സഹായകമാവുകയും ബഹിഷ്‌കൃതരായവരെ രോഗഭീതി പരത്തി മറ്റുള്ളവരിൽ നിന്ന് അകറ്റാൻ കാരണമാവുകയും ചെയ്യുന്നു.

ഇതെല്ലാം മനസ്സിലാക്കിയ ശേഷം ഒരിടത്തും ഉറച്ചു നിൽക്കാത്ത ഒരു സ്ഥിതിയിലേക്ക് നീങ്ങാമെന്നാണ് ഞാൻ വിചാരിച്ചത്. ഓരോ സാഹചര്യങ്ങളും, കൊണ്ട് തരുന്ന വിഷയങ്ങളിൽ, എനിക്കുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയും, ധാർമ്മികമായ വിഷമസന്ധിയിൽ പെടുകയാണെങ്കിൽ അതിൽ നിന്ന് വിടുകയും ചെയ്യാമെന്ന് കരുതി. കേരളത്തിൽ ചികിത്സാ മേഖലയിലും പബ്ലിക് ഹെൽത്തിലും കുറച്ചു നാൾ പ്രവർത്തിച്ച ശേഷമാണ് ഞാൻ പോസ്റ്റ് ഗ്രാഡുവേഷന് വേണ്ടി വീണ്ടും മെഡിക്കൽ കോളേജിൽ ചേരുന്നത്. അത് കമ്മ്യൂണിറ്റി മെഡിസിനിൽ ആയിരുന്നു എങ്കിലും അതോട് അധികമായ താത്പര്യം ഒന്നുമില്ലായിരുന്നു. യാദൃശ്ചികമായ ഒരു തെരഞ്ഞെടുപ്പ്, എന്നതിനേക്കാളുപരി, മറ്റു വിഷയങ്ങളേക്കാൾ സവിശേഷമായി അത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, മോഡേൺ മെഡിസിനും, ഇപ്പോഴത്തെ സാമൂഹ്യ ജീവിതത്തിനും അതില്ലാതെ കഴിയുകയുമില്ല. മാസ് സ്‌കെയിലിലുള്ള രോഗനിയന്ത്രണമാണ് അതിന്റെ പ്രധാന ഉന്നം. അതുകൊണ്ട് സ്റ്റേറ്റുകൾക്കാണ് പ്രധാനമായും അത് സേവ ചെയ്യുന്നത്. കോവിഡ് നിയന്ത്രണത്തിലൊക്കെ അത് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനിടയിലുണ്ടാകുന്ന ഒറ്റപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ചിലപ്പോൾ ശ്രദ്ധിക്കാതെ പോവുകയും ചെയ്യും.

അടുത്തിടെ പേവിഷ ബാധയേറ്റ് ഏഴു വയസ്സായ ഒരു കുട്ടി മരണമടഞ്ഞു. പബ്ലിക് ഹെൽത്തിന്റെ നിർദ്ദേശമനുസരിച്ചുള്ള വാക്‌സിൻ എടുത്ത ശേഷമാണ് ആ കുട്ടി മരിച്ചത്. അത് നമുക്കുള്ള അറിവ് പ്രകാരം സംഭവിച്ചു കൂടാത്തതാണ്. കോവിഡിന്റെ അതേ പ്രാധാന്യത്തോടെയുള്ള അന്വേഷണം അതിലും നടക്കണം. പക്ഷേ, ഒരു മാസ് സ്‌കെയിൽ അഥവാ ഭൂരിപക്ഷ പക്ഷപാതം നമുക്കുണ്ടാകുന്നു. ഇങ്ങനെയുള്ള പല പക്ഷപാതങ്ങളും ബ്ലൈൻഡ് സ്‌പോട്ടുകളും എപ്പിഡെമിയോളജിക്ക് മേലെയുള്ള വിമർശനങ്ങളാണ്. പല പ്രോഗ്രാമുകളിലും പങ്കാളിയായതോടൊപ്പം ഞാൻ പബ്ലിക് ഹെൽത്ത് പഠിപ്പിക്കുന്നുമുണ്ട്. എപ്പോൾ വേണമെങ്കിലും ഉറക്കത്തിലേയ്ക്ക് വീഴാവുന്നതും നമ്മുടെ ജീവൻ ഏറ്റി പോകുന്നതുമായ ഒരു ഡ്രൈവറെ പോലെയാണ് ഈ വിജ്ഞാനം. ആൾ ഉറങ്ങി പോകാതെ നോക്കിയിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

പലപ്പോഴും ഓരോ അസുഖങ്ങളുടേയും ആരോഗ്യപ്രശ്‌നങ്ങളുടേയും പേരിൽ ദിനങ്ങൾ ആഘോഷിക്കുന്നതും ഉദ്ഘാടന പരിപാടികളും മറ്റും നടത്തുന്നതും അനാവശ്യവും അരോചകവുമാണ്. മാസ് സ്‌കെയിലിൽ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ കണ്ടെത്തുന്നതുപോലെ തന്നെ ഒറ്റപ്പെട്ട ആളുകളുടെ അസാധാരണമായ പ്രശ്‌നങ്ങളേയും തൊട്ടറിയാൻ പബ്ലിക് ഹെൽത്തിന് കഴിയണം. വ്യവസ്ഥയുടെ പക്ഷപാതിത്വം മൂലം പ്രശ്‌നമനുഭവിക്കുന്നവരെ പ്രോഗ്രാമിന്റെ കേന്ദ്രത്തിലേക്ക് കൊണ്ട് വരണം. നൈതികതയുടെ വശത്തു നിന്നുള്ള ഇത്തരം സംരംഭങ്ങൾ എയ്ഡ്സ് നിയന്ത്രണത്തിലും മറ്റും കണ്ടിട്ടുണ്ട്. എന്നാൽ, അവ മിന്നി മറയുന്നതല്ലാതെ, ഒരു സ്ഥിരസ്വഭാവമായി നിലനിർത്താൻ കഴിയുന്നില്ല. ആദിവാസി സമൂഹങ്ങളിൽ പോഷകാഹാരക്കുറവ് മൂലം ചാപിള്ളകൾ പിറക്കുകയും അമ്മമാർ മരിക്കുകയും ചെയ്യുന്നു. പ്രസവിച്ച് അധികം താമസിയാതെ രണ്ട് യുവതികൾ ക്ഷയരോഗം ബാധിച്ച് ഇക്കഴിഞ്ഞ വർഷം മരിച്ച വിവരങ്ങൾ ശേഖരിക്കാനിടയായി. പോഷകാഹാരക്കുറവ് കൊണ്ടും സമയത്ത് ചികിത്സ കിട്ടാത്തതു കൊണ്ടുമാണ് അവർ മരിക്കാനിടയായത്. ട്രാൻസ്ജെന്റർ യുവതികളുടെ ആത്മഹത്യകൾ തുടർന്നു കൊണ്ടിരിക്കുന്നു. കോളേജ് വിദ്യാർത്ഥികളിലെ ആത്മഹത്യയും കൂടുകയാണ്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, രോഗനിർണ്ണയവും ചികിത്സാവിധികളും സർജറികളും ഏറ്റെടുത്തു തുടങ്ങി കഴിഞ്ഞു. എന്നാൽ, അടുത്ത കാലത്തൊന്നും ഈ കാര്യങ്ങളിൽ മനുഷ്യരെ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്നാണ് അതിലെ വിദഗ്ധർ പറയുന്നത്. അതിൽ കൂടുതൽ ആശങ്കപ്പെടാനൊന്നുമില്ല. വസ്തുനിഷ്ഠപഠനം ആരംഭിച്ചപ്പോൾ തന്നെ അതിലേക്കുള്ള വഴി തുറന്നു കഴിഞ്ഞിട്ടുണ്ട്. ചികിത്സകർ യന്ത്രത്തിന്റെ റോൾ എടുത്ത് കഴിഞ്ഞിരുന്നു. അത് മോശമാണെന്ന തരത്തിലല്ല. അത് മനുഷ്യരുടെ വൈദഗ്ധ്യം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. സാക്ഷാൽ യന്ത്രങ്ങൾ തന്നെ അതേറ്റെടുത്താലും മനുഷ്യർക്ക് മറ്റുള്ളവരുടെ പരിചരണം ആവശ്യമായേക്കാം. ഇപ്പോൾ നഴ്സുമാർ ചെയ്യുന്ന കാര്യങ്ങൾ തന്നെ മതിയായിരിക്കാം. അങ്ങനെയാവുമ്പോൾ ഡോക്ടർമാരുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായേക്കാം. പക്ഷെ, അനുകമ്പ മനുഷ്യരുടെ സ്വഭാവ സവിശേഷത ആയിരിക്കുന്നിടത്തോളം ഡോക്ടർമാരുടെ റോൾ അവസാനിക്കാനിടയില്ല. അതിന്റെ സ്വഭാവം മാറിയേക്കാമെന്നു മാത്രം. ക്ലിനിക്കൽ മെഡിസിനും, എപ്പിഡെമിയോളജിയും പ്രതിസന്ധികൾ നേരിടുമ്പോഴും ഡോ. സുവിനെ പോലെ ധാരാളം ഡോക്ടർമാർ അനുകമ്പയോടെ കൈ പിടിക്കുകയും പൾസ് അറിയുകയും ചെയ്യുന്നു. പല കാരണങ്ങൾ കൊണ്ടും അതിവിശാലമായ മെഡിക്കൽ ലോകത്ത് പകച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങ് നൽകുന്ന അദ്ധ്യാപകരെയും കാണുന്നുണ്ട്. ടെക്നോളജിയുടെ മേന്മ എത്രമാത്രം വർദ്ധിച്ചാലും, മനുഷ്യസഹജമായ അനുകമ്പ വറ്റി പോകാത്തവരായ ഈ ഡോക്ടർമാരെയാണ് ആളുകൾ എല്ലാ കാലത്തും മനസ്സിൽ സൂക്ഷിക്കുന്നത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments