അമ്മ നഷ്ടപ്പെട്ടപ്പോൾ അമ്മക്കാലം ഓർമ്മ വന്നു, അമ്മയോടൊപ്പം കിടന്ന നാളുകൾ ഓർത്തു

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന കൊച്ചു കുടുംബത്തേക്കാൾ, കൂടുതൽ പേരുള്ളതും എപ്പോഴും അയൽക്കാരും ബന്ധുക്കളും വന്നു പോവുകയും ചെയ്യുന്ന അമ്മവീട് ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടു. വൈകാരികമായ അടുപ്പം രണ്ട് വ്യക്തികൾ തമ്മിലുള്ള ഇടപാട് മാത്രമല്ല. ഊഷ്മളത നിറഞ്ഞു നിൽക്കുന്ന ഒരു മണ്ഡലത്തിൽ ചേർന്നു നിൽക്കുന്നവർ തമ്മിൽ പങ്കിടുന്നത് കൂടിയാണ്. സെപ്തംബർ 24 ന് അന്തരിച്ച അമ്മയെ കുറിച്ച് എ.കെ.ജയശ്രീ എഴുതുന്നു.

Truecopy Webzine

തൊട്ടരികിൽ കൂടെ ചേർത്ത് നിർത്താൻ ഒരാളുണ്ടെന്ന തോന്നലാണ് എല്ലാവർക്കും ആവശ്യമായുള്ളത്. മനുഷ്യർ ദേഷ്യം പിടിക്കുന്നതും അക്രമിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും ആ തോന്നൽ നഷ്ടപ്പെടുമ്പോഴാകാം. അരികിലുള്ളത് ആരുമാകട്ടെ. ഇന്ന ആൾ വേണമെന്ന് വാശി പിടിക്കേണ്ട. ആ വാശി ഉപേക്ഷിച്ചാൽ തന്നെ മിക്കവാറും അരികത്ത് ആളുണ്ടാവും. അമ്മയെ നഷ്ടപ്പെട്ടപ്പോൾ അമ്മിഞ്ഞക്കാലം, അമ്മക്കാലം ഒക്കെ ഓർമ്മ വന്നു. അമ്മ മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ എന്റെ അനുജത്തി അമ്മയോട് ചേർന്ന് കിടന്നു. അപ്പോൾ ഞാൻ കുട്ടിക്കാലത്ത് അമ്മയോടൊപ്പം കിടന്ന നാളുകൾ ഓർത്തു. അനുജത്തി ജനിക്കുന്നതു വരെ ഞാൻ അമ്മയുടെ അടുത്തു കിടന്നായിരുന്നു ഉറങ്ങിയത്. എനിക്ക് ഏഴു വയസ്സായപ്പോൾ മാത്രമാണ് അവൾ ജനിച്ചതെന്നതിനാൽ, അതുവരെ അമ്മയുടെ കൂടെ കിടക്കാനുള്ള പ്രിവിലേജ് എനിക്കായിരുന്നു. അടുത്ത് രാത്രിയിൽ കിടക്കുമ്പോൾ, ഇരുളിന്റെ ഭയം ഉള്ളിൽ വന്നു നിറയുകയും, അമ്മയുടെ സാമീപ്യവും വാക്കുകളും, നുറുങ്ങു പാട്ടുകളും അത് പതുക്കെ അലിയിച്ച് കളയുകയും ചെയ്യും. ഭയം ഇല്ലാതിരിക്കുന്നതിനേക്കാൾ അതുണ്ടായി മറയുന്നതിലാണ് സുഖം. മിക്കവാറും ദൂരെ നിന്ന് കേൾക്കുന്ന മൂങ്ങയുടെ മൂളലും സാങ്കല്പികമായ കുറുക്കന്റെ ഓരിയിടലുമാണ് പേടിയുണ്ടാക്കുന്നത്.

ജനിച്ചു കഴിഞ്ഞാൽ ശ്വാസത്തോടൊപ്പം തന്നെ മുതിർന്നവരുമായുള്ള അടുപ്പവും നമുക്കാവശ്യമായി വരുന്നു. അത് ലഭിക്കാതെ വരുന്നവർ വളരുമ്പോൾ മാനസികമായി വൈകല്യമുള്ളവരായി മാറാനിടയുണ്ടെന്നൊക്കെയാണ് പഠനങ്ങൾ പറയുന്നത്. മുതിർന്നയാൾ ജീവശാസ്ത്രപ്രകാരമുള്ള അമ്മ തന്നെയാകണമെന്ന് നിർബ്ബന്ധമുള്ളതായി തോന്നുന്നില്ല. പ്രസവസമയത്ത് അമ്മ മരിച്ചിട്ടുള്ള കുഞ്ഞുങ്ങളും മറ്റാരെങ്കിലും കരുതാനുള്ളപ്പോൾ നന്നായി വളരുന്നത് കാണാറുണ്ടല്ലോ.

അമ്മ പ്രസവത്തിനായി എന്നെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയപ്പോൾ തന്നെ ഞാൻ കിടപ്പ് അമ്മയുടെ അച്ഛമ്മയോടോപ്പം മാറ്റിയിരുന്നു. ഞങ്ങൾ അവരെ അമ്മാമ്മ എന്നാണ് വിളിച്ചിരുന്നത്. അമ്മാമ്മക്കൊപ്പം കിടക്കുമ്പോൾ അമ്മയുടെ അടുത്തെന്നതിനേക്കാൾ സന്തോഷവും സുരക്ഷിതത്വവും ഞാൻ അനുഭവിച്ചു. കുട്ടിക്കാലത്ത്, വഴിയിൽ കാണുന്നവരായാൽ പോലും വൃദ്ധരോട് എനിക്ക് ഏറെ അടുപ്പം തോന്നിയിരുന്നു. ചെറുപ്പക്കാരുടെ പരുപരുത്ത തൊലിയേക്കാൾ മാർദ്ദവവും പതുപതുപ്പുമുള്ള അവരുടെ തൊലിയോട്, എന്റെ മുഖം ചേർത്ത് വയ്ക്കാൻ ഞാൻ കൊതിച്ചു. അമ്മാമ്മയുടെ വെറ്റിലമണവും എനിക്കിഷ്ടമായിരുന്നു.

പൂർണ്ണരൂപം വായിക്കാം, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 48 ൽ

അരികത്തായ്... | എഴുകോൺ-46 | ആത്മകഥ | ഡോ. എ.കെ. ജയശ്രീ |

Comments