മൈത്രേയനും ഡോ. എ.കെ. ജയശ്രീയും

​ഇനി വേറെയായ് ...

എഴുകോൺ-47

കുടുംബം ഉപേക്ഷിച്ച് ഞാനും മൈത്രേയനും വേറെ താമസിക്കാൻ തീരുമാനിക്കുമ്പോഴും അതൊരു പിരിയൽ അല്ലെങ്കിൽ കൂടിയും ഒരു തീവ്രാനുഭവത്തിൽ കൂടി ഞാൻ കടന്നുപോയി. അതിൽ, വൈകാരികവും പ്രായോഗികവുമായ ഘടകങ്ങൾ ഉണ്ടായിരുന്നു.

ഇനി വേറെയായ് കഴിയുന്നതാണ് വേദന... സജിനീ...

ഷഹബാസ് അമന്റെ പാട്ടുകളെ സ്‌നേഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ‘സജിനി’. ഒരുപക്ഷേ, മനുഷ്യരുടെ ഏറ്റവും തീവ്രമായ വികാരം, വിരഹവും അതിന്റെ വേദനയും ആയിരിക്കും. പ്രണയിനിയും സ്‌നേഹം നിറഞ്ഞ കൂട്ടുകാരും സന്യാസിനിയും വിപ്ലവകാരിയും ബാലരും വൃദ്ധരും അതനുഭവിക്കുന്നു, പല ആവൃത്തികളിലായിരിക്കുമെന്ന് മാത്രം.

അഞ്ചുവയസുള്ളപ്പോൾ എനിക്ക് രണ്ട് കുഞ്ഞു പൂച്ചകളെ കിട്ടി.
രണ്ടുപേർക്കും തിളങ്ങുന്ന കറുപ്പ് നിറമായിരുന്നു.
ഒന്ന് ശാന്തസ്വഭാവമുള്ളതും മറ്റേത് തൊട്ടാലുടനെ മാന്തുന്നതും. സ്വാഭാവികമായും മാന്താത്ത പൂച്ചക്കുഞ്ഞ് കൂടുതൽ പ്രിയമുള്ളതായി. ഒരുദിവസം രാത്രി അവൾ മുറ്റത്ത് എന്നോടൊപ്പം കളിച്ചുകൊണ്ടിരുന്നു. ഞാൻ അകത്തുപോയ നേരം ഒരു അപകടം തോന്നി. ഒരു നായയുടെ മുരളിച്ചപോലെ. തിരികെ വന്നുനോക്കുമ്പോൾ മുറ്റത്ത് ഒരു കറുത്ത നിഴൽ. ഒരു നിമിഷം എന്റെ ഉള്ള് കാളി. എന്റെ പൂച്ചക്കുഞ്ഞ് മരിച്ചുകിടക്കുന്നതായിരിക്കുമോ അത്? മുകളിൽ വലിച്ചുകെട്ടിയിരുന്ന അയയിൽ തൂങ്ങിക്കിടക്കുന്ന തുണികളിലൊന്നിന്റെ നിഴലായിരിക്കട്ടെ അതെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു. അടുത്തുപോയി നോക്കിയില്ല. എന്റെ പൂച്ചക്കുട്ടി അകത്ത് വികൃതിക്കുട്ടിയുമായി കളിക്കുകയാവും എന്ന് സങ്കൽപ്പിച്ചു. ഞാൻ മുറ്റത്ത് മരവിച്ചിരിക്കെ മറ്റുള്ളവർ വന്ന് മരിച്ചുകിടന്ന പൂച്ചക്കുഞ്ഞിനെ സങ്കടപ്പെട്ട് അടക്കംചെയ്തു. കുറച്ചുദിവസത്തേക്ക് എന്റെ ഉള്ളിൽ ആ വേദന ഉരുകാത്ത ഐസ് പോലെ കട്ടിപിടിച്ചുകിടന്നു.

മകൾ വളർന്നു തുടങ്ങിയപ്പോൾ ചുറ്റുമുള്ളവർ ചോദിക്കാൻ തുടങ്ങി, ‘കല്യാണമായില്ലേ' എന്ന്. ‘ആദ്യം ഞാൻ വിവാഹം കഴിക്കട്ടെ' എന്ന് ഞാൻ തമാശയായി അവരോട് പറഞ്ഞു.

ബാല്യം വിട്ട് കൗമാരമെത്തിയപ്പോഴേക്കും ഉറക്കം വരാത്ത രാത്രികളിൽ എവിടെ നിന്നോ ഗസൽ സംഗീതം ഒഴുകിവന്നു. വിരഹത്തിന്റെ വേദന തലമുറകളിലൂടെ കൈ മാറുന്ന ജനിതകം, മസ്തിഷ്‌കത്തിൽ എഴുതിയുണ്ടാക്കുന്ന ഓർമച്ചിത്രങ്ങളിലൂടെ ഉള്ളുണർത്തുകയായിരിക്കാം. ക്ലാസിക് കഥകളിൽ നിന്ന് ദ്രൗപദിയും അനാർക്കലിയും ഓർമയിൽ വേദനയായി തങ്ങിനിന്നു.
മറ്റൊരാളെ ഉള്ളിൽ പേറി നടക്കുന്നത് മനുഷ്യരുടെ സ്വഭാവമായി കാണുന്നു. എന്നാൽ, ഉള്ളിലേക്ക് മറ്റാരെയും അധികം കടത്തിവിടാതെ സ്വസ്ഥമായി കഴിയുന്നവരെയും കാണാം. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ചില ചെറുപ്പക്കാരെ കണ്ട് അതിശയിച്ചിട്ടുണ്ട്. അവരുടെ പണികളിൽ മുഴുകിയിരിക്കുകയും മറ്റുള്ളവരെ പറ്റി അധികം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവർ. ഒരു പ്രേമഭാജനത്തിനായി അവർ എപ്പോഴെങ്കിലും ദാഹിക്കുമോ എന്ന് സംശയം തോന്നും.

ഷഹബാസ് അമൻ / Photo: Facebook

ചിലരുടെ ജീവിതം അവരറിയാതെ നിരീക്ഷിച്ചിട്ടുമുണ്ട്. വിവാഹിതരായതിനുശേഷം അവർ ദീർഘകാലം ബന്ധത്തിൽ തുടർന്നില്ല എന്നും കണ്ടു. എന്നാൽ, അവരോട് നേരിട്ട് ഇക്കാര്യം സംസാരിച്ചിട്ടില്ലാത്തതിനാൽ അവരുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. മറുവശത്ത്, ജീവിതകാലം മുഴുവൻ മറ്റൊരാളെ ഉള്ളിൽ കൊണ്ട് നടക്കുന്നവരെയും കാണാം. കോഴിക്കോട്ടെ കാഞ്ചനമാലയുടെ കഥ അടുത്തിടെ ചലച്ചിത്രമാക്കിയിരുന്നു. കാമുകനുവേണ്ടി അവർ ഒരുപാട് കാലം കാത്തിരിക്കുകയും, വിവാഹം നടക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹം അപകടത്തിൽപെട്ട് മരിച്ചുപോവുകയും ചെയ്തു. ഓർമയിൽ അദ്ദേഹത്തെ സൂക്ഷിച്ചുകൊണ്ട് അവിവാഹിതയായി അവർ ജീവിതം തുടർന്നു. അവരെ ഒരുപാട് വർഷങ്ങൾക്കുമുൻപ് ഞാൻ സന്ദർശിച്ചു. സ്വന്തമായി ഓട്ടുകമ്പനി നടത്തുകയും അതോടൊപ്പം മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തനങ്ങളും അവർ ചെയ്തിരുന്നു. അതെല്ലാം കുറെ നേരം സംസാരിച്ചു എങ്കിലും ഈ വിഷയത്തിലേക്ക് കടക്കാൻ കഴിഞ്ഞില്ല.

പരസ്പരമുള്ള കരുതലിനോടൊപ്പം തന്നെ, നഷ്ടപ്പെടുമോ എന്ന ഭയവും അസൂയയും ഉണ്ടാകുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞു. ഒരുപാട് കാലം മൈത്രേയന് മറ്റൊരു ബന്ധമുണ്ടാകുന്നത് എന്റെ സ്വപ്നങ്ങളിൽ അഥവാ, ദുഃസ്വപ്നങ്ങളിൽ കടന്നുവന്നിരുന്നു.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രാഞ്ചെസ്‌കോ പെട്രാർക് (Francesco Petrarch) എന്ന ഇറ്റാലിയൻ കവിയുടെ റൈം സ്പെയേഴ്സ് (Rime Sparse), ലോറ എന്ന തന്റെ പ്രണയിനിയെക്കുറിച്ച് കാൽനൂറ്റാണ്ട് കൊണ്ട് രചിച്ച 366 കവിതകളാണ്. മറ്റു പൗരാണിക സാഹിത്യ കൃതികളിലെന്ന പോലെ, മോഹവും വിരഹവും മിസ്റ്റിസിസവും കലർന്നുകിടക്കുന്നതാണ് ഈ രചന. അവിൻയോണി (Avignon) ലെ സെയിൻറ്​ ക്ലെയർ (Saint Clare) ചർച്ചിൽ വച്ച് ലോറ എന്ന സ്ത്രീയെ കണ്ടപ്പോൾ മുതൽ അദ്ദേഹത്തിനുണ്ടായ അഭിനിവേശമാണ് ഈ കവിതകളിലുള്ളത്. ഇത് സാങ്കല്പികമാണോ യഥാർഥമാണോ എന്നുപോലും നിർണയിക്കാനാവുന്നില്ല. ആ സ്ത്രീ നേരത്തേ തന്നെ വിവാഹിതയായതുകൊണ്ട് ഒരിക്കലും പ്രാപിക്കാനാകാത്തതിനാലാണ് അദ്ദേഹത്തിന്റെ വിരഹം തീവ്രമാകുന്നത്. ക്രിസ്തീയ സദാചാരം ചെറുപ്പകാലം മുതൽ സ്വാധീനിച്ചിട്ടുള്ള ആളായിരുന്നു പെത്രാർക്. ആത്മീയമായ പ്രണയത്തിനും ശരീരബദ്ധമായ അഭിനിവേശത്തിനും ഇടയിൽ ഉഴറുന്നതാണ് ഈ കവിതകളിലുള്ളത്. ലോറയുടെ നിറവും മുടിയിഴകളുടെ ഇളകലുമെല്ലാം ഉടലിനോടുള്ള ആകർഷണം തന്നെയാണ്. എന്നാൽ, ഇത് കാല്പനികമായ ബിംബവൽകരണമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആകൃഷ്ടമായ ശരീരം, ആകർഷണം അനുഭവിക്കുന്ന ആളിന്റെ ശരീരത്തിലുണ്ടാക്കുന്ന പീഡയും ആനന്ദവുമാണ് എനിക്കിതിൽ താല്പര്യമുണ്ടാക്കുന്നത്. അകന്നിരിക്കുമ്പോഴും വിരഹത്തിലും മാത്രം അനുഭവിക്കാനാകുന്ന ഒരവസ്ഥയാണത്. ഈ അവസ്ഥയിൽ മനസ്സിനുണ്ടാകുന്ന ചാഞ്ചല്യമാണ് അതിന്റെ മറ്റൊരു സവിശേഷത. വിരഹിണിയോ വിരഹിയോ, മാറിമാറി വേദനിക്കുകയും, ആനന്ദമൂർച്ഛയിലെത്തുകയും, കരയുകയും ചിരിക്കുകയും പ്രതീക്ഷിക്കുകയും, നിരാശപ്പെടുകയും ചെയ്യും. സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിൽ ഒഴുകിനടക്കുകയാണിവർ. Now I seem to find her, now I realiseshe's far away, now I'm comforted, now despair,now longing for her, now truly seeing her. (Rime Sparse: Petrarch)

വിരഹം ശരീരത്തിലേൽപ്പിക്കുന്ന ആഘാതം സംസ്‌കൃതകൃതികളിലും സുലഭമാണ്. ജയദേവന്റെ ഗീതാഗോവിന്ദത്തിൽ എത്ര മനോഹരമായാണ് അത് വിവൃതമാകുന്നത്?‘‘സരസമസൃണമപി മലയജപങ്കം പശ്യതി വിഷമിവ വപുഷി സശങ്കം ശ്വസനപവനമനുപമപരിണാഹം മദനദഹനമിവ വഹതി സദാഹം’’ തുടങ്ങി ഒട്ടേറെ പദങ്ങൾ വിരഹത്തിന്റെ വർണനയാണ്.
കൃഷ്ണന്റെ വിരഹത്താൽ കുളിർചന്ദനം കൊണ്ടുള്ള ലേപനം വിഷം പോലെയും ആസക്തിയാൽ ശ്വാസനിശ്വാസങ്ങൾ പൊള്ളുന്നതായുമാണ് രാധ അനുഭവിക്കുന്നത്. കാളിദാസന്റെ നായികമാരായ കുമാരസംഭവത്തിലെ പാർവതിയും അഭിജ്ഞാന ശാകുന്തളത്തിലെ ശകുന്തളയും വിരഹം കൊണ്ട് മെലിച്ചിലും പലവിധ ശരീരപീഡകളും അനുഭവിക്കുന്നുണ്ട്. സംസ്‌കൃതഭാഷയിൽ അതിമനോഹരമായാണ് ശരീരപീഡകൾ വർണിക്കുന്നതെങ്കിലും ക്ലിനിക്കിലെ രോഗവിവരണത്തേക്കാൾ അധികമാണല്ലോ ഇവ എന്ന് എനിക്ക് തോന്നാറുണ്ട്.
വള്ളുവരുടെതിരുക്കുറളിലും വിരഹപീഡകളെക്കുറിച്ച് സമാനമായ വിവരണങ്ങളുണ്ട്. ‘‘His mere look was once a delight; but nowEven his embrace saddens, fearing separation''Can fire, which hurts when touched, Hurt like the passion of love even untouched?’’‘‘വരാനിരിക്കുന്ന വിരഹത്തെക്കുറിച്ചുള്ള ആലോചനയാൽ കാമുകന്റെ ആലിംഗനം പോലും ദുഃഖകരമാകുന്നു. അകന്നിരിക്കുമ്പോൾ പ്രണയാസക്തിയുണ്ടാക്കുന്നത്രയും വരുമോ തീയോടടുത്താലുള്ള പൊള്ളൽ?'' എന്നൊക്കെയാണ് പറയുന്നത്.
തിരുക്കുറളിലെ പ്രണയകാണ്ഡത്തിൽ കൂടുതലും സംയോഗത്തേക്കാൾ, വിരഹവും ലജ്ജയും സമൂഹത്തിൽ അത് പരത്തുന്ന ഊഹാപോഹങ്ങളും ചേർന്നുണ്ടാക്കുന്ന സന്ദേഹങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.

ഡോ. എ.കെ. ജയശ്രീയും കനിയും

ആധുനികപൂർവ കാലത്തെ പ്രണയത്തിന്റെ ആഖ്യാനങ്ങൾ ഇപ്പോൾ നോക്കുന്നത് രസകരമല്ലേ? അന്ന്, ശരീരത്തെയും മനസ്സിനെയും വേർതിരിച്ചുള്ള ഒരു സങ്കൽപ്പം ഉണ്ടായിരുന്നില്ല എന്നത് കൗതുകകരമാണ്. പ്രണയവും വിരഹവും ഒക്കെ അനുഭവിക്കുന്നത് ശരീരങ്ങളാണ്. വിഷയിയോ കർതൃത്വമോ ഒന്നും അവിടെ കടന്നുവരുന്നില്ല. ശരീരത്തിന്റെയും സമൂഹത്തിന്റെയും ധർമങ്ങളാണ് പ്രസക്തമായി വരുന്നത്. ശരീരത്തിനതീതമായി കാണുന്നത് ആത്മാവിനെയാണ്. അതിന് കർതൃത്വം ഒന്നുമില്ല. അനുഭവങ്ങളിൽ നിന്ന് ആഖ്യാനങ്ങളുണ്ടാകുന്നത് പോലെ, ഇത്തരം ആഖ്യാനങ്ങൾ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. വെറുതേ, സ്വാധീനിക്കുന്നു എന്നുപറഞ്ഞാൽ പോരാ, അത് ഉടലിൽ മുദ്രണം ചെയ്യപ്പെടുകയാണ്.

ആധുനിക കാലത്താണ് ജീവിക്കുന്നതെങ്കിലും പഴയ മൂല്യങ്ങളൊക്കെ ശക്തമായി നിൽക്കുന്ന കാലത്തായിരുന്നു എന്റെ യൗവനം. അതേസമയം, ആധുനികമൂല്യങ്ങളിൽ ജീവിക്കുന്ന ഒട്ടേറെപേർ ചുറ്റുമുണ്ടായിരുന്നു താനും. വിവാഹത്തിലും ദാമ്പത്യത്തിലും അവസാനിക്കുന്ന കാൽപ്പനിക പ്രണയങ്ങളും, പ്രണയമില്ലാത്ത പ്രായോഗികമതിത്വം മുന്നിട്ടുനിൽക്കുന്ന ദാമ്പത്യങ്ങളുമായിരുന്നു ചുറ്റിലും കണ്ടത്. വ്യക്തികൾ രൂപപ്പെട്ടു എങ്കിലും സ്ത്രീകൾ വിദ്യാഭ്യാസം പോലെ പൊതുരംഗത്തേക്ക് വന്നു എങ്കിലും ശരീരത്തിലേക്കുള്ള ഏകപക്ഷീയമായ പുരുഷനോട്ടത്തെക്കുറിച്ച് അന്നാരും പറഞ്ഞുകേട്ടിരുന്നില്ല. അത് കൊണ്ടൊക്കെ ആവാം, പ്രണയത്തിന്റെ വിഷയത്തിൽ, ചെറുപ്പകാലത്ത് ആധുനികതയെക്കാൾ ഞാൻ ആകർഷിക്കപ്പെട്ടത് പൗരാണികതയിലേക്കാണ്. ദാമ്പത്യത്തിലേക്ക് ആനയിക്കപ്പെടുന്ന പ്രണയം ഞാൻ ആഗ്രഹിച്ചില്ല. പകരം, ശരീരത്തെ വിരഹപീഡകൾക്ക് വിട്ടുകൊടുത്ത് നിഗൂഢമായ ഒരു ലോകത്ത് മറഞ്ഞിരിക്കാനാണ് ഞാൻ കൊതിച്ചത്. അതോടൊപ്പം ഉണ്ടാകുന്ന ആനന്ദനിമിഷങ്ങളിലും സാധനകളിലൂടെ ഒരിക്കൽ കൈവന്നേക്കാവുന്ന പരമമായ ആത്മീയാനുഭൂതിയെപ്പറ്റിയുള്ള സങ്കല്പങ്ങളിലും ഞാൻ തൃപ്തയായിരുന്നു. ആസക്തി ഉണ്ടാക്കുന്ന ആൾക്കാരെ ഞാൻ അകലത്തിൽ തന്നെ നിർത്തി. അവരുമായി എന്തെങ്കിലും ഇടപാടുകൾ നടത്തണമെങ്കിൽ തീർച്ചയായും അതിനുചേരുന്ന അന്തരീക്ഷവും തയാറെടുപ്പുകളും വേണം. ഈ ആസക്തി എത്ര കാലം നിലനിൽക്കുമെന്നും അറിയാൻ കഴിയില്ല. ചിലപ്പോൾ ദിവസങ്ങളായിരിക്കും. മറ്റു ചിലപ്പോൾ മാസങ്ങളും. മാസങ്ങളോളം നീണ്ടുനിൽക്കുമ്പോൾ വിരഹവും വേദനയുമൊക്കെ അനുഭവിക്കാനാകും. സാങ്കല്പികമായിരിക്കെ ഉണ്ടാകുന്ന അനുഭവം യാഥാർഥ്യമാകുമ്പോൾ എങ്ങനെ ആയിരിക്കും എന്ന് അറിയാൻ കഴിയില്ല. ചിലപ്പോൾ അവ ദുരന്തങ്ങളിലും അവസാനിച്ചേക്കാം. തിരസ്‌കരിക്കപ്പെടുമെന്ന ഭയമോ, മുന്നിട്ടുനിൽക്കുന്ന ആത്മരതിയോ, സാഹചര്യങ്ങളുടെ പ്രാതികൂല്യമോ ഒക്കെ ആയിരിക്കാം അഭിനിവേശങ്ങൾ ഉള്ളിൽ മാത്രം ഒതുക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ അതിശയകരമായ ഒരു വേവലാതിയും ആനന്ദവും അതൊപ്പം കൊണ്ടുവന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ ഉണരുമ്പോഴും ഒപ്പം ഒരാളുണ്ടാവുക എന്നത് പുതുമ തന്നെയാണ്

വേറൊരാളുമായി ബന്ധത്തിലേർപ്പെടുക്കുക തികച്ചും പുതുമയുള്ള കാര്യമായിരുന്നു. നമ്മുടെ നാട്ടിൽ ഡേറ്റിങ് ഒന്നും പരസ്യമായി അനുവദിച്ചിട്ടില്ലല്ലോ. എങ്കിലും ഞങ്ങൾ കഴിയുന്നത്ര കുറേശ്ശെ പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചു. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴേക്കും, ആധുനികമായ എല്ലാ സ്വഭാവങ്ങളും ഉയിർത്തെഴുന്നേൽക്കാൻ തുടങ്ങി. ഒരാൾ അപ്പുറത്ത് വരുമ്പോൾ ഇപ്പുറത്തെ വ്യക്തിക്ക് തല പൊക്കാതിരിക്കാൻ ഇപ്പോഴത്തെ സാമൂഹ്യജീവിതത്തിൽ സാധിക്കുകയില്ല. സ്ത്രീക്ക് എന്തെല്ലാം സവിശേഷതകളുണ്ടായാലും അവർ വ്യക്തി തന്നെയാണ്. ശരീരത്തിന്റെ വേദനയായാലും ആനന്ദമായാലും, ഉള്ളിൽ ഉണർന്നിരിക്കുന്ന ഞാൻ തന്നെയായിരിക്കണം അതിന്റെ നിയന്താവ് എന്ന ബോധം വന്നത് വേറൊരാൾ ജീവിതത്തിൽ വന്നപ്പോഴാണ്. വ്യക്തികളെക്കുറിച്ചുള്ള സങ്കൽപ്പം രൂപപ്പെട്ട ആധുനിക കാലത്തിനുശേഷം സ്ത്രീപുരുഷബന്ധങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത സമസ്യയാണ്. ഫെമിനിസത്തിനുശേഷം കാൽപനിക പ്രണയവും പ്രശ്‌നത്തിലായി. മനുഷ്യർ സ്ത്രീകളും പുരുഷന്മാരും മാത്രമല്ലെന്ന തിരിച്ചറിവ് വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

മൈത്രേയൻ

ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ അതിശയകരമായ ഒരു വേവലാതിയും ആനന്ദവും അതൊപ്പം കൊണ്ടുവന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ ഉണരുമ്പോഴും ഒപ്പം ഒരാളുണ്ടാവുക എന്നത് പുതുമ തന്നെയാണ്. ഒറ്റയടിക്ക് സ്വകാര്യത നഷ്ടപ്പെടുകയുമാണ്. അതേസമയം സ്വയം തിരിച്ചറിയാനുള്ള ഒരവസരം ഉണ്ടാവുകയും ചെയ്യുന്നു. മറച്ചുവെക്കപ്പെട്ടിട്ടുള്ള പല സ്വഭാവങ്ങളും സ്വയം വെളിവാക്കുന്നു. വേവലാതിയോടൊപ്പം വലിയ ഒരു സംരക്ഷണവലയത്തിൽ സ്വസ്ഥമാകുന്നത് പോലെയും അന്നെനിക്ക് തോന്നി.

പരസ്പരമുള്ള കരുതലിനോടൊപ്പം തന്നെ, നഷ്ടപ്പെടുമോ എന്ന ഭയവും അസൂയയും ഉണ്ടാകുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞു. ഒരുപാട് കാലം മൈത്രേയന് മറ്റൊരു ബന്ധമുണ്ടാകുന്നത് എന്റെ സ്വപ്നങ്ങളിൽ അഥവാ, ദുഃസ്വപ്നങ്ങളിൽ കടന്നുവന്നിരുന്നു. ബന്ധങ്ങളിൽ എല്ലാ കാലത്തും മനുഷ്യർ നേരിട്ടിട്ടുള്ള പ്രശ്‌നമാണ് സെക്ഷ്വൽ ജലസി. ഷേക്സ്പിയർ കൃതികളിലും ആധുനിക സാഹിത്യത്തിലും എപ്പോഴും പ്രമേയമായി വരുന്ന വിഷയമാണിത്. ജീവിതത്തിലും അങ്ങനെ തന്നെയാണല്ലോ. പരസ്പരമുള്ള ഇഴുകിചേരൽ ‘ഞാൻ' എന്നതിനെ ഉലച്ചുകൊണ്ടിരിക്കും. മറ്റേയാളില്ലാതെ നിലനിൽക്കാൻ കഴിയുമോ എന്ന സന്ദേഹം, നഷ്ടപ്പെടുമോ എന്ന ഭയത്തിലേക്ക് നയിക്കുന്നു. ഈ ഉത്കണ്ഠയോടൊപ്പം തന്നെ പുതിയ ബന്ധങ്ങളിലേക്ക് വഴുതിവീഴാനുള്ള ത്വരയും എപ്പോഴുമുണ്ടെന്നതും കൗതുകകരമാണ്. സാധാരണജീവിതത്തിൽ പലവിധ ആചാരങ്ങളാലും നിയമങ്ങളാലും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കാണുന്നത്. എന്നാൽ, അവ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടുമില്ല. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിലും പ്രാരാബ്ധങ്ങളിലും മുഴുകിപ്പോകുന്നവർ ഇതൊക്കെ താൽക്കാലികമായി മറന്നുപോയേക്കാം. സദാചാരബോധനം ഉറച്ചുപോയവരിൽ ഈ വികാരങ്ങളൊക്ക അമർത്തപ്പെട്ടിട്ടുണ്ടാവാം. വിശ്രമവേളകളിൽ മറ്റുള്ളവരുടെ ‘അവിഹിത' ബന്ധങ്ങളെ പറ്റിയുള്ള ദൂഷണങ്ങളിലൂടെ, സംതൃപ്തിയും സദാചാരം നിലനിർത്തുന്നു എന്ന തോന്നലുമുണ്ടാകും.

സമൂഹത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിയാത്തതുകൊണ്ട് അത് പുരുഷനിലൂടെ നേടാമെന്നതാണ് സ്ത്രീക്ക് പുരുഷനെ ചിലപ്പോൾ ‘ടോക്‌സിക്’ ആകുന്ന തരത്തിൽ സ്വന്തമാക്കി വക്കാൻ പ്രേരകമാകുന്നത്.

ഇത്തരം വികാരങ്ങൾ എല്ലാവരിലും ഉണ്ടാകുമെങ്കിലും പുരുഷന്മാർക്ക് സെക്ഷ്വൽ ജലസി കൂടുതലായി ഉണ്ടാകാമെന്ന് പൊതുവെ ധാരണയുണ്ട്. ഇതിന് അതിജീവനപരമായതോ ജീവശാസ്ത്രപരമായതോ ഒക്കെ ഉള്ള കാരണങ്ങൾ നിരത്തുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതിന്റെ ആഖ്യാനങ്ങൾ കാലഘട്ടം മാറുന്നതിനനുസരിച്ച് മാറുകയും ചെയ്യുന്നു. പ്രത്യേകിച്ച് കൊലയിലേക്കും അനിയന്ത്രിതമായ ക്ഷോഭത്തിലേക്കും പോകുന്നിടത്ത്. പഴയ കൃതികളിൽ സ്വാഭാവികമായും അനിവാര്യമായുമുള്ളതായാണ് അത്തരം ക്ഷോഭങ്ങൾ ചിത്രീകരിക്കപ്പെട്ടത്. ജീവിതത്തിലും അങ്ങനെ തന്നെയാണ് കാണുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അസൂയ ഉണ്ടാകുമെങ്കിലും പ്രതികരിക്കുന്നത് രണ്ട് തരത്തിലാണ്. പെട്ടെന്നുള്ള ക്ഷോഭംമൂലം പുരുഷന്മാർ ഭാര്യയെയോ ജാരനെയോ രണ്ടുപേരെയുമോ കൊലപ്പെടുത്താം. തപസ് കൊണ്ട് മനഃസംയമനം സിദ്ധിച്ച മഹർഷിമാർ പോലും അത് ചെയ്തിരിക്കുന്നു. അതിന് കഴിയാത്തവർ മദ്യപിക്കുകയോ നിരന്തരം പങ്കാളിയെ പീഡിപ്പിക്കുകയോ ചെയ്തുകൊണ്ടിരിക്കും. ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. യഥാർത്ഥത്തിൽ ഒന്നും ഉണ്ടായില്ലെങ്കിൽ പോലും ആധി കൂടിയ മനുഷ്യർ പരനോയ്ഡ് ഡെൽയൂഷൻ (paranoid delusion) എന്ന മാനസികരോഗത്തിനടിപ്പെടുന്നു. മനോരോഗ ചികിത്സാകേന്ദ്രങ്ങളിൽ എത്തുന്നവരിൽ നല്ലൊരു ശതമാനം ഈ പ്രശ്‌നമുള്ളവരാണ്.

ഡോ. എ.കെ. ജയശ്രീ

സംശയരോഗത്തിനടിപ്പെടുന്നവർ അതിനുള്ള തെളിവുകളും കൊണ്ടുവരും. എന്റെ അടുത്ത് വന്നിരുന്ന ഒരു സ്ത്രീ, ഭർത്താവ് വേറൊരു സ്ത്രീയുമായി യാത്ര ചെയ്യുന്നു എന്നതിന് തെളിവായി തലമുടിയിൽ ചൂടുന്ന പൂക്കളും സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങളും ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് കൊണ്ടുവന്നിരുന്നു. മരുന്നുകൾ കഴിച്ചപ്പോൾ അവരുടെ ചിന്ത മാറുകയും ചെയ്തു. ഒരുകാലത്ത് മൈത്രേയനോട് ചില സ്ത്രീകൾ കാണിക്കുന്ന അമിതമായ അടുപ്പം എനിക്ക് അതിൽ ഒരു ഒബ്‌സെഷൻ ഉണ്ടാക്കിയിരുന്നു. അതുതന്നെ ചിന്തിച്ചകൊണ്ടിരിക്കുമ്പോൾ ഭാവനയിൽ നമ്മൾ ഇല്ലാത്തതു കാണാൻ തുടങ്ങും. രോഗാവസ്ഥയിലേക്ക് ആളുകൾ എങ്ങനെയാണ് എത്തുന്നതെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

സ്വന്തം പങ്കാളി നഷ്ടപ്പെടുമോ എന്ന ഭയത്തേക്കാൾ, പുരുഷന്മാർക്ക് അതിൽ ഒരു അപമാനം കൂടി പേറേണ്ടിവരുന്നുണ്ട്. പുരുഷനും സ്ത്രീയും തമ്മിൽ ഗാഢബന്ധം നിലനിൽക്കുമ്പോഴും പുരുഷന്മാർ എപ്പോഴും മറ്റു പുരുഷന്മാർക്ക് മുകളിൽ ഒരു സ്ഥാനം ഉറപ്പിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. സ്ത്രീകളെ സ്വന്തമാക്കി വക്കുകയും അവരെ പൂർണമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുക എന്ന ഒരു വൈകല്യം അവരിൽ കടന്നുകൂടി. സ്ത്രീകളുമായി ബന്ധമുണ്ടാക്കുക മാത്രമല്ല, അത് മറ്റു പുരുഷന്മാരുടെ മുന്നിൽ പ്രദർശിപ്പിക്കുകവഴി അവരുടെമേൽ ആധിപത്യമുണ്ടാക്കുന്നത് കൂടിയാണ് പുരുഷന് അഭിമാനം. അതിനാൽ, തന്റെ പെണ്ണ് വേറൊരുത്തനുമായി ബന്ധമുണ്ടാക്കുമ്പോൾ, തന്നെ അപമാനിക്കുന്നതായി അവൻ അനുഭവിക്കുന്നു. ഇത്തരം മൂല്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നത് സ്ത്രീകൾ കൂടി അതിന് ഒത്താശ ചെയ്തുകൊടുക്കുന്നതുകൊണ്ടുമാണ്. സ്ത്രീകളുടെ അസൂയയ്ക്ക് അടിസ്ഥാനമാകുന്നത് അവരുടെ വിഭവക്കുറവായിരിക്കും. ഭൗതികമായതുമാത്രമല്ല, സാമൂഹ്യവിഭവങ്ങളും അധികാരവും പുരുഷന്റെ കൈയിലാണല്ലോ. സമൂഹത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിയാത്തതുകൊണ്ട് അത് പുരുഷനിലൂടെ നേടാമെന്നതാണ് സ്ത്രീക്ക് പുരുഷനെ ചിലപ്പോൾ ‘ടോക്‌സിക്’ ആകുന്ന തരത്തിൽ സ്വന്തമാക്കി വക്കാൻ പ്രേരകമാകുന്നത്. സ്ത്രീകളും ഇതെല്ലാം ആർജിച്ചുകഴിഞ്ഞാൽ പിന്നെ, ഉയർന്ന കവിളെല്ലുകളും കനത്ത ശബ്ദവുമൊക്കെ മാത്രമാകും പുരുഷന് ആകർഷണീയത ഉണ്ടാക്കുന്നത്. ഇന്നത്തെ പോലെ കൈവിട്ടുപോകുമോ എന്ന ആശങ്കയൊന്നും അപ്പോൾ സ്ത്രീകൾക്ക് ഉണ്ടാകില്ലായിരിക്കാം.

ഇപ്പോഴത്തെ അവസ്ഥയിൽ, സ്ത്രീകൾ കുടുംബവ്യവസ്ഥയ്ക്ക് വല്ലാതെ അടിപ്പെട്ടിരിക്കുന്നു. സ്വന്തമായ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായാൽ, അത് പുതിയ കാമുകിയുടെ മാത്രം പ്രശ്‌നമായാണ് ഭാര്യ കാണുന്നത്. അവരെ ഒഴിവാക്കി ഭർത്താവിനെ തിരിച്ചുപിടിക്കാനാണ് സ്ത്രീകൾ കോടതിയിലൊക്കെ എത്തുന്നത്. സ്ത്രീകൾക്ക് വൈകാരികതയ്ക്ക് പുറമേ സാമ്പത്തികമായും പുരുഷനെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണിത്. എന്ത് പ്രയാസം സഹിച്ചും ഭർത്താവിനെ തിരികെ കൊണ്ടുവരേണ്ട ഗതികേടിലാണ് സ്ത്രീകൾ. പണ്ട് എന്റെ വീടിനടുത്ത് ഒരു ദമ്പതിമാർ താമസിച്ചിരുന്നു. സ്ത്രീയ്ക്ക് അൻപത് വയസ്സിലേറെ പ്രായവും പുരുഷന് മുപ്പതിനും നാല്പതിനും ഇടയ്ക്ക് പ്രായവും വരും. അവർ മറ്റൊരാളിന്റെ ഭാര്യയായിരുന്നപ്പോൾ ഈ ചെറുപ്പക്കാരനുമായുള്ള രഹസ്യബന്ധം അറിയാനിടയായ ഭർത്താവ് ഇവരെ നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിച്ചതാണത്രേ. ഇങ്ങനെയുള്ള പല സംഭവങ്ങളും അക്കാലത്ത് കേട്ടിരുന്നു.

പ്രിയപ്പെട്ടവരുടെ ഉപേക്ഷ മനുഷ്യരിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നതായാണ് കാണുന്നത്. നേരത്തേയുള്ള മുറിവുകളുടെ പാടുകൾ തിണർത്തു കിടക്കുന്നതിനാൽ പെട്ടെന്ന് മുറിവുകളുണ്ടാകാം. അവരുടെ പ്രണയവും സ്‌നേഹവും തീക്ഷ്ണമായിരിക്കും.

ഭർത്താക്കന്മാരുടെ ഇത്തരം ചെയ്തികൾക്ക് സമൂഹത്തിന്റെ സമ്മതി ഉള്ളതുകൊണ്ട് കൂടിയാണ് അവ നടക്കുന്നത്. ദിവസക്കൂലിക്ക് പണിയെടുത്ത് കൊണ്ടിരുന്ന അയാളോടൊപ്പം ആ സ്ത്രീയെ എപ്പോഴും കണ്ടിരുന്നു. അയാൾക്ക് അവർ പണിയിൽ സഹായിച്ചുകൊടുക്കുകയും ചെയ്യും. ചായക്കടയിലും ബീഡി വലിക്കുന്നിടത്തും അവർ കൂടെയുണ്ടാവും. അവരെ അയാൾ നിരന്തരം ഉപദ്രവിച്ചുകൊണ്ടുമിരുന്നു എന്നതാണ് വിചിത്രമായ കാര്യം. അയാൾ വിട്ടുപോകുമോ എന്ന ഭയം അവരെ പിടികൂടിയിരിക്കണം. സ്വതന്ത്രമായി ഒന്ന് ശ്വാസംവിടാൻ പോലും ഇടം കൊടുക്കാത്ത അവരുടെ പെരുമാറ്റം അയാൾക്ക് കോപമുണ്ടാക്കി. എത്രമാത്രം പീഡനങ്ങൾ അനുഭവിക്കുമ്പോഴും കൂടുതൽ സ്ത്രീകളും ഭർത്താവ് പിരിഞ്ഞുപോകരുതെന്ന് കരുതുന്നവരാണ്. മിക്കപേരുടെയും മുന്നിൽ കുട്ടികളുടെ വിവാഹം, ദൈനംദിന ജീവിതത്തിലെ ചെലവ് തുടങ്ങിയ പ്രായോഗികപ്രശ്‌നങ്ങളാണുള്ളത്. എന്നാൽ, അതിനുമപ്പുറം ഒരുമിച്ച് കഴിഞ്ഞുപോന്നവർ തമ്മിൽ പിരിയുമ്പോഴുണ്ടാകുന്ന വേദനയും ഏറ്റക്കുറച്ചിലുകളോടെ നിലനിൽക്കുകയും ചെയ്യും.

പല ആത്മഹത്യകളുടേയും പിൻവഴികൾ അന്വേഷിച്ചുപോകുമ്പോൾ ഒറ്റപ്പെടൽ കാണാറുണ്ട്. പ്രിയപ്പെട്ടവരുടെ ഉപേക്ഷ മനുഷ്യരിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നതായാണ് കാണുന്നത്. ഇത് കുട്ടിക്കാലം മുതൽ ഉണ്ടാകുന്നതാകാം. അവരവർ തന്നെ അത് തിരിച്ചറിയണമെന്നില്ല. കുട്ടിക്കാലത്ത് തന്നെ അത്തരം അനുഭവങ്ങളുള്ളവർ പ്രണയത്തിൽ പെടുമ്പോഴും ദാമ്പത്യത്തിൽ ആയിരിക്കുമ്പോഴും പങ്കാളിയെ മുറുകെ പിടിക്കുന്നവരായിരിക്കും. നേരത്തേയുള്ള മുറിവുകളുടെ പാടുകൾ തിണർത്തു കിടക്കുന്നതിനാൽ പെട്ടെന്ന് മുറിവുകളുണ്ടാകാം. അവരുടെ പ്രണയവും സ്‌നേഹവും തീക്ഷ്ണമായിരിക്കും. അതിൽ പുതുതായെത്തുന്ന പങ്കാളി ഭ്രമിച്ചു പോകും. പക്ഷെ, അതുതന്നെ അവർ തിരിച്ച് പങ്കാളിയിൽ നിന്നും പ്രതീക്ഷിക്കും. നിസ്സാരമായ തഴയൽ പോലും അവരെ കഠിനമായി വേദനിപ്പിക്കും. അങ്ങനെ വരുമ്പോഴാണ് ബന്ധം മുന്നോട്ടു കൊണ്ട് പോകാൻ പ്രയാസമുണ്ടാകുന്നത്. അവർക്ക് പരമാവധി കരുതൽ നൽകാൻ ശ്രമിക്കേണ്ടതാണ്. ചിലപ്പോൾ പുറമേ നിന്നുള്ളതോ ക്ലിനിക്കൽ ആയതോ ഒക്കെയുള്ള സഹായങ്ങൾ വേണ്ടി വരും. പ്രശ്‌നം രണ്ട് പേർക്കിടയിലാണ് ഉരുത്തിരിയുന്നതെങ്കിലും ഇത് അവരുടെ മാത്രം പ്രശ്‌നമായി കാണാൻ കഴിയില്ല. വ്യക്തികളിൽ പ്രകടമാകുമ്പോഴും അത് സംസ്‌കാരത്തിന്റെ പല തലങ്ങളിൽ ആണ്ടു കിടക്കുന്നതു കൂടിയാണ്. കാര്യമായ കരുതൽ നൽകിയവർ, പ്രിയപ്പെട്ടവർ ആത്മഹത്യ ചെയ്യുകയാണെങ്കിൽ മുഴുവൻ കുറ്റവും പേറേണ്ടതില്ല. അത് മൂലം കുറ്റബോധത്താൽ നീറി കഴിയുന്നവരേയും നമുക്കിടയിൽ കാണാറുണ്ട്.

മൈത്രേയനും ഡോ. എ.കെ. ജയശ്രീയും കനിയ്‌ക്കൊപ്പം

ചേരലിനെ പോലെ ചിലപ്പോൾ പിരിയലും അനിവാര്യമാകാം. പ്രത്യേകിച്ച് സ്വതന്ത്ര വ്യക്തികൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത്. അപ്പോഴും അത് വേദന ഉണ്ടാക്കുന്നതാണ്. മനസ്സിന്റേതെന്ന് കരുതുമ്പോഴും മനസ്സ് വേറിട്ടു നിൽക്കാത്തതിനാൽ നമ്മളോട് ഇഴുകി ചേർന്ന ഒന്നിനെ ഇളക്കി മാറ്റുമ്പോഴുള്ള ശാരീരികവേദനയാണത്. നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെടുന്നതിനാൽ, അത് നമ്മൾ ഹൃദയത്തോട് ചേർത്ത് കാണുന്നു. എവിടെ എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും എന്നിൽ എവിടെയോ മറ്റേ ആൾ ഉൾചേർന്നിരിക്കുന്നു. ആൾ തന്നെയാണോ, അതോ ആളെ കുറിച്ചുള്ള എന്റെ സങ്കൽപ്പമാണോ അതോ രണ്ടും കൂടിയതാണോ എന്നൊക്കെ ആലോചിക്കാവുന്നതാണ്. അവിടെയാണ് സാംസ്‌കാരികമായി നമ്മൾ ആർജ്ജിച്ചിട്ടുള്ള വാസനകളും സങ്കല്പങ്ങളും മൂല്യങ്ങളും എല്ലാം കടന്നു വരുന്നത്. ഒരാളെ നമ്മൾ ഇഷ്ടപ്പെടുമ്പോൾ നമ്മുടെ ഉള്ളിൽ കടഞ്ഞു വച്ചിട്ടുള്ള ഒരാളെ ആ ആളിലേക്ക് ആരോപിക്കുകയാണ്. അവയിൽ ചില ഗുണങ്ങൾ ആ ആളിലുണ്ടാകുമെങ്കിലും പൂർണമായും അങ്ങനെ ഒരാളാകണമെന്നില്ല. എങ്കിൽ പോലും സങ്കൽപ്പത്തിലുള്ളതും യാഥാർത്ഥത്തിലുള്ളതുമായതിനെ ചേർത്ത് കൊണ്ടുള്ള ഒരു ശിൽപ്പം നമ്മൾ ഉള്ളിൽ പണിതു വക്കുന്നുണ്ട്. അതവിടെ നിന്ന് ഇളക്കി മാറ്റാൻ നിർബ്ബന്ധിതരാകുമ്പോൾ പ്രയാസമായി മാറുന്നു. സെലിബ്രിറ്റികളോടുള്ള ആരാധനയിലും ഏതാണ്ട് സമാനമായ കാര്യമാണ് സംഭവിക്കുന്നത്. അവർ മരിക്കുമ്പോഴും അവർക്ക് അപമാനമോ ആപത്തോ സംഭവിക്കുമ്പോഴും ആരാധകർ ക്ഷുഭിതരാവുകയോ, ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാറുണ്ടല്ലോ.

കുടുംബം ഉപേക്ഷിച്ച് ഞാനും മൈത്രേയനും വേറെ താമസിക്കാൻ തീരുമാനിക്കുമ്പോഴും അതൊരു പിരിയൽ അല്ലെങ്കിൽ കൂടിയും ഒരു തീവ്രാനുഭവത്തിൽ കൂടി ഞാൻ കടന്നുപോയി. അതിൽ, വൈകാരികവും പ്രായോഗികവുമായ ഘടകങ്ങൾ ഉണ്ടായിരുന്നു. പ്രയോഗികമായുള്ളത് പല കാര്യങ്ങളും ഒറ്റക്ക് ചെയ്തു ശീലിച്ചിട്ടില്ലാത്തതു കൊണ്ടുള്ളതായിരുന്നു. അത് പ്രാക്ടീസ് കൊണ്ട് പെട്ടെന്ന് പരിഹരിക്കാൻ പറ്റുന്നതാണ്. പ്രധാനമായത് വൈകാരികം തന്നെയാണ്. എവിടെ നിന്നോ കാരണമില്ലാത്ത ശോകചിന്തകൾ വന്ന് അലട്ടാൻ തുടങ്ങി. വികാരങ്ങൾ, അവ എന്ത് തന്നെയായാലും ചുറ്റുപാടുകളുടെ ഓർമകളിലൂടെയും ഗാനങ്ങളിലൂടെയും ഒക്കെയാണ് ഞാൻ അനുഭവിക്കാറുള്ളത്. ഗാനങ്ങളും പ്രകൃതിയുടെ ഭാവങ്ങളും, മയങ്ങി കിടക്കുന്ന ഓർമകൾ ഉണർത്തും. അന്ന്, ഞാൻ ഷഹബാസ് അമന്റെ പാട്ടുകൾ തുടർച്ചയായി കേട്ടുകൊണ്ടിരുന്നു. അതിൽ ‘ആറ്റിന്റെ വക്കത്തൊരൊറ്റ മൈന' എന്ന വരിയുള്ള ഒരു പാട്ടുണ്ടായിരുന്നു. ‘ഒറ്റ മൈന' നമുക്ക് ദുഃഖം കൊണ്ട് വരുന്നു എന്നതാണ് ഞാൻ കൊണ്ടുനടക്കുന്ന ഒരേ ഒരു അന്ധവിശ്വാസം. ആ പാട്ട് കേൾക്കുമ്പോൾ ദുഃഖം ഉറഞ്ഞു കൂടും. എന്നാൽ, നമുക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്ന വേദനകൾ സുഖം തരുന്നത് കൂടിയാണ്. സ്വയം തഴുകി ആശ്വസിക്കാനുള്ള അപൂർവ്വ അവസരവുമാണത്. ശോകഛായയുള്ള ഗസലുകൾ എപ്പോഴും എല്ലാവർക്കും പ്രിയമുള്ളതായിരിക്കുന്നതും അതുകൊണ്ടാണ്.

സ്ത്രീകളും ക്വിയർ വ്യക്തികളുമെല്ലാം കർത്തൃത്വമുള്ളവരായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രണയസങ്കല്പങ്ങളും ദാമ്പത്യസങ്കല്പങ്ങളും ഒരു പാട് മാറി. പഴയ കാലത്തെ പോലെ ആത്മീയ പരിവേഷത്തോടുകൂടിയതോ കാല്പനികമായതോ ആയ വിരഹാനുഭവങ്ങൾ ഇപ്പോൾ ഉണ്ടാകാൻ സാദ്ധ്യത കുറവാണ്. ഒരുമിക്കുമ്പോഴും പിരിയുമ്പോഴും അതിൽ പങ്കാളികളാവുന്ന ഓരോരുത്തരും പ്രധാനമാണ്. അങ്ങനെ ആയില്ലെങ്കിൽ വയലൻസിലെത്തുകയും ചെയ്യും. ബന്ധത്തിന്റെ ഒരു പ്രധാന രസക്കൂട്ട് അതിലെ കൊടുക്കൽ വാങ്ങലുകളാണ്. ഒരാൾ മറ്റേയാളുടെ സൗകര്യത്തിനും ആനന്ദത്തിനും വേണ്ടി വിട്ടു കൊടുക്കുന്ന സ്വന്തം ഇഷ്ടങ്ങൾ; അതെത്രത്തോളം ചെയ്യാൻ കഴിയുന്നു എന്നത് തള്ളി നോക്കലാണത്. ഇത് നിരന്തരം നോക്കി കൊണ്ടിരിക്കുക എന്ന പണി സ്വന്തം ഉത്തരവാദിത്വത്തിൽ ജീവിക്കുന്നവർക്കുണ്ട്. ഒരാൾക്ക് അത് തള്ളിക്കൊണ്ടുപോകാൻ പ്രയാസം വരുന്നുണ്ടെങ്കിൽ അത് മനസ്സിലാക്കാനുള്ള ബാദ്ധ്യത വേദനിപ്പിക്കുന്നതാണെങ്കിൽ കൂടി മറ്റേയാൾക്കുണ്ട്. അപ്പോൾ മാത്രമേ അത് സ്‌നേഹവും കരുതലും ആകുന്നുള്ളൂ. അങ്ങനെ വരുമ്പോൾ പിരിയലും അതിന്റെ വേദനയും പോലും സ്‌നേഹത്തിന്റെ പ്രകാശനമാണ്. ഒരു പക്ഷെ, സ്വന്തം തെരഞ്ഞെടുപ്പുള്ള ബന്ധങ്ങളിൽ മാത്രമേ ഇതൊക്കെ പ്രസക്തമാകുന്നുള്ളൂ. നിർബ്ബന്ധിതമായ വിവാഹബന്ധങ്ങളിൽ അത് വേറെ തരത്തിലായിരിക്കും.

എന്റെ ബംഗാളി സുഹൃത്തായിരുന്ന ഡോ. റോയ് കുടുംബം വിട്ടുപോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തുടക്കം മുതൽ തന്നെ എത്രത്തോളമാണ് മറ്റേയാൾ നമുക്ക് പ്രധാനമായിരിക്കുന്നത്, എത്രത്തോളമാണ് പരസ്പരം തള്ളി നോക്കാൻ കഴിയുന്നത് എന്നൊക്കെയുള്ള ധാരണ ഉണ്ടെങ്കിൽ, ഉള്ളിലെ ശിൽപ്പം ഇടക്കൊക്കെ എടുത്ത് പരിശോധിക്കാൻ കഴിയും. തിരിച്ചറിവിന്റെ തലത്തിൽ ഇത് എളുപ്പമാണെങ്കിലും വൈകാരിക തലത്തിൽ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. എങ്കിലും നമുക്ക് അത് കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ. ഒഴിഞ്ഞ ശിൽപ്പത്തിന്റെ ശൂന്യത പതിയെ ആണെങ്കിലും നികത്താൻ കഴിയും. അല്ലെങ്കിൽ അതൊന്ന് പുതുക്കി അവിടെ തന്നെ വക്കാനും ആകും. അതിന് കുറച്ച് പണിയെടുക്കണമെന്നു മാത്രം.

പ്രണയം പോലെ അല്ലെങ്കിലും വിരഹത്തിന്റേതും മധുരിക്കുന്ന വേദനയാണ്. പൗരാണിക കാലത്തും ആധുനിക കാലത്തുമെല്ലാം അതങ്ങനെ തന്നെയാണ് കാണുന്നത്. പകയും കൊലപാതകങ്ങളും പോലും എഴുത്തുകാർ കൃത്യമായ ചേരുവ കൊണ്ട് പാകപ്പെടുത്തി മനോഹരമായി ചെയ്തു വച്ചിട്ടുണ്ട്. പക്ഷേ, ജീവിതത്തിൽ അവ ഒഴിവാക്കാൻ, എല്ലാവർക്കും കഴിയുന്നില്ലെങ്കിൽ പോലും ഇപ്പോൾ മനുഷ്യർക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകളും മറ്റു പുരുഷേതരരും അവരുടെ നില തിരയാൻ തുടങ്ങിയതോടെയാണ് ഇത് സാദ്ധ്യമാകുന്നത്. പുരുഷന്മാരെ അവരുടെ ക്ഷിപ്രകോപത്തിൽ നിന്നും ദുരഭിമാനത്തിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമം കൂടിയാണത്. പുതിയ നോവലുകളും സിനിമയും, ബന്ധങ്ങളെ പുരുഷ കേന്ദ്രിതവും പാതിവ്രത്യബദ്ധവുമായ മൂല്യങ്ങളിൽ നിന്നും വിടുവിക്കാൻ ശ്രമിക്കുന്നു.

പങ്കാളികൾക്ക് തോന്നുന്ന അസൂയയും അതേ പോലെയുള്ള വികാരങ്ങളുമൊക്കെ പരസ്പരം സംസാരിക്കാൻ കഴിയുന്ന അന്തരീക്ഷം പൊതുവായി നമ്മുടെ നാട്ടിൽ ഇനിയും വികസിക്കേണ്ടതായാണുള്ളത്.

പഴയ സമ്പ്രദായങ്ങളൊക്കെ ഏറെക്കുറെ നിലനിൽക്കുണ്ടെങ്കിലും ബന്ധങ്ങളെ പുതുക്കി മനസ്സിലാക്കുന്ന യുവാക്കൾ ലോകത്തെല്ലാമുണ്ട്. അതേ സമയം പഴയ പോലെ അസൂയയും അധീനപ്പെടുത്തലും പേറി അതിനനുസരിച്ച് ജീവിക്കുന്നവരും വിനാശകരമായി ജീവിതം നയിക്കുന്നവരുമുണ്ട്. ഏതായാലും സമൂഹത്തിൽ നടക്കുന്ന സാംസ്‌കാരിക വ്യവഹാരങ്ങൾക്ക് അതിൽ പങ്കുണ്ടെന്നതാണ്. അതു കൊണ്ട് തന്നെ ലിംഗഭേദങ്ങൾക്കതീതമായി പരസ്പരം അറിഞ്ഞും മാനിച്ചും വളർത്തിയെടുക്കുന്ന ബന്ധങ്ങളിലെ വ്യവഹാരങ്ങൾ വ്യാപകമാകേണ്ടതുണ്ട്.

എന്റെ മകളും അവളുടെ സുഹൃത്തുക്കളും കഴിയുന്ന ലോകം കുറെ കൂടി മെച്ചമായി അറിയാൻ കഴിയുന്നു. പ്രശ്‌നങ്ങളില്ലെന്നല്ല. അവർ സ്വന്തം വികാരങ്ങളേയും പങ്കാളികളുടെ വികാരങ്ങളേയും കൈവെള്ളയിൽ എടുത്ത് പരിശോധിക്കുന്നു. പങ്കാളികൾക്ക് തോന്നുന്ന അസൂയയും അതേ പോലെയുള്ള വികാരങ്ങളുമൊക്കെ പരസ്പരം സംസാരിക്കാൻ കഴിയുന്ന അന്തരീക്ഷം പൊതുവായി നമ്മുടെ നാട്ടിൽ ഇനിയും വികസിക്കേണ്ടതായാണുള്ളത്. മകൾ വളർന്നു തുടങ്ങിയപ്പോൾ ചുറ്റുമുള്ളവർ ചോദിക്കാൻ തുടങ്ങി, ‘കല്യാണമായില്ലേ' എന്ന്. ‘ആദ്യം ഞാൻ വിവാഹം കഴിക്കട്ടെ' എന്ന് ഞാൻ തമാശയായി അവരോട് പറഞ്ഞു. എങ്കിലും നമ്മുടെ വ്യവസ്ഥയിൽ സ്വന്തം ഉത്തരവാദിത്വത്തിൽ പ്രണയബന്ധങ്ങളിൽ ഏർപ്പെടാൻ മക്കളെ ഏൽപ്പിക്കുക വിഷമകരം തന്നെയാണ്. പ്രസവ വേദന പോലെ അത് ഉത്കണ്ഠയും നെഞ്ചിടിപ്പും ആഹ്‌ളാദവും വളർത്തി കൊണ്ടിരിക്കും. മക്കളുടെ ജനനത്തിലുള്ള കൗതുകം വളർച്ചയുടെ എല്ലാ ഘട്ടത്തിലുമുണ്ട്. അവർ വളർന്ന് വേറിടുമ്പോഴും ഉണ്ടാകുന്നത് സുഖമുള്ള നോവാണ്.

അനുപമ സ്വന്തം കുഞ്ഞിനെ ആവശ്യപ്പെട്ടു വന്ന സന്ദർഭത്തിൽ അവരുടെ പങ്കാളിയേയും അയാളുടെ മറ്റു ബന്ധങ്ങളെ പറ്റിയുമൊക്കെ അവരാവശ്യപ്പെടാതെ തന്നെ പൊതുസ്ഥലത്തിട്ടു ചർച്ച ചെയ്യുന്നതുകണ്ടു. യഥാർത്ഥ വിഷയത്തേക്കാൾ ആളുകൾക്ക് താൽപ്പര്യം ഈ ഗോസിപ്പ് ലോകമാണ്. മറ്റുള്ളവരുടെ ബന്ധങ്ങളിൽ നമ്മൾ ഇടപെടേണ്ടതും അഭിപ്രായം പറയേണ്ടതും അതവർ ചർച്ചക്കായി തുറന്നു വക്കുമ്പോഴാണ്. അത് അവരുടെ ജീവിതത്തെ സഹായിക്കാനാകണം. അല്ലെങ്കിൽ ആ സമയം നമ്മുടെ തന്നെ ബന്ധങ്ങളെയും, അതിലെ സൗന്ദര്യത്തേയും വഴുക്കലുകളേയും പറ്റി ഒക്കെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്. നമ്മൾ ഓരോരുത്തരും സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയും പിരിയുകയും ഒക്കെ ചെയ്യുമ്പോൾ അത് ലോകത്തേയും മാറ്റി മറിക്കും. മരണത്തിലൂടെയാണെങ്കിലും പ്രിയപ്പെട്ടവരുടെ വേർപാട് അനിവാര്യമാണല്ലോ. വിനാശകാരിയായി മാത്രം ആ ദു:ഖത്തെ അറിയേണ്ടതില്ല. വിരഹനൊമ്പരങ്ങളിൽ ഈണവും കുടി കൊള്ളുന്നുണ്ട്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments