പരിണാമഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആകെ ഉലഞ്ഞുപോയിട്ടുണ്ട്. രൂപം പുറമെ മാറ്റുന്നതിനേക്കാൾ ആന്തരികമായ അഴിച്ചുപണിയലിന്റെ ഘട്ടത്തിൽ അന്തരാളം ശൂന്യമായിരുന്നിട്ടുണ്ട്. വഴി തെറ്റി പോയിട്ടുണ്ട്.
‘ഒരു പ്രഭാതത്തിൽ അസ്വസ്ഥകരമായ സ്വപ്നങ്ങളിൽ നിന്ന് ഗ്രിഗർ സാംസ ഉണർന്നപ്പോൾ, കിടക്കയിൽ താൻ ഒരു വലിയ ഭീമൻ കീടമായി രൂപാന്തരപ്പെട്ടതായി അറിഞ്ഞു.' കാഫ്കയുടെ ഏറെ പ്രസിദ്ധമായ ‘മെറ്റമോർഫോസിസ്' എന്ന നോവെല്ല തുടങ്ങുന്നതിങ്ങനെയാണ്. അസംബന്ധവും ദുഃഖാതുരവും പ്രവചനാതീതവുമായ മനുഷ്യാവസ്ഥയെ വരച്ചുകാട്ടാനാണ് കാഫ്ക ഇതിലൂടെ ശ്രമിക്കുന്നത്.
പൊടുന്നനെ ഉണ്ടാകുന്ന മാറ്റമാണെങ്കിലും, അതിലേയ്ക്ക് നയിക്കുന്ന ചുറ്റുപാടുകൾ അനാവരണം ചെയ്യപ്പെടുന്നുണ്ട്. നമുക്കുചുറ്റും കാണുന്ന കാര്യങ്ങളെ മികച്ച ആഖ്യാനം കൊണ്ടാണ് എഴുത്തുകാർക്ക് തീവ്രമായി അനുഭവിപ്പിക്കാൻ കഴിയുന്നത്. ഇതേക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും, കൃതി ഞാൻ വായിച്ചിരുന്നില്ല. ഒരു ദിവസം ട്രെയിനിൽ യാത്രചെയ്യുമ്പോൾ പ്രിയദാസ് എന്ന സുഹൃത്ത് അതേപ്പറ്റി വിവരിച്ചത് കേട്ടപ്പോഴാണ് എനിക്കിത് വായിക്കാൻ ആഗ്രഹമുണ്ടായത്. ജീവിതത്തിൽ രണ്ടുതവണയായി കള്ളന്മാർ ഉണ്ടാക്കിയ വിചിത്രവും ഭയമുണ്ടാക്കുന്നതുമായ സ്വന്തം അനുഭവങ്ങളും അദ്ദേഹം വിവരിച്ചിരുന്നു. കഥ പോലെ അതും ഞാൻ അമ്പരപ്പോടെ കേട്ടിരുന്നു. യാത്ര കഴിഞ്ഞ ഉടൻ തന്നെ ഞാൻ കാഫ്കയുടെ നീണ്ട കഥ ഒറ്റയിരുപ്പിൽ വായിച്ചു. അത്യപൂർവമായ അനുഭവമാണ് അത് നൽകിയത്. വേദന പേറുന്ന വൃത്തികെട്ട കീടമായി മാറുമ്പോഴും ബന്ധങ്ങൾ വിടാൻ കഴിയാതെ അന്ത്യം വരെ അതിലേയ്ക്ക് പിടഞ്ഞുവീണുകൊണ്ടിരിക്കുന്ന മനുഷ്യന്റെ നിസ്സഹായത ഗ്രിഗറിയുടെ ദേഹത്ത് തറയ്ക്കുന്ന ആപ്പിൾ പോലെ വായിക്കുന്നവരുടെ ഉള്ളിലും വന്നുതറയ്ക്കുന്നു. രൂപാന്തരം സംഭവിക്കുന്നതോടെ അതുവരെ ഉറ്റവരാകുന്നവർ ഉപേക്ഷിക്കാൻ ശ്രമിക്കുകയും അതിലവരും മുറിവേൽക്കുകയും പരാജയപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്.
ഒരു അനാലജി (സാദൃശ്യം) എന്ന നിലയ്ക്കാണ് മെറ്റമോർഫോസിസ് എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു കോശത്തിൽനിന്നു തുടങ്ങി പലതായി വിഭജിക്കുകയും പന്തുപോലെ ചുരുളുകയും ഉള്ളിലേയ്ക്ക് കുഴിഞ്ഞ് പല പാളികളായി വേർതിരിഞ്ഞ് അവയിൽനിന്ന് അവയവങ്ങൾ രൂപപ്പെടുകയും വളർച്ചയുടെ പല ഘട്ടങ്ങളിലൂടെ പരിവർത്തനത്തിന് വിധേയപ്പെടുകയും ചെയ്യുന്നതാണ് ജീവശാസ്ത്രപരമായ ശരീരങ്ങൾ. അത്തരത്തിൽ എല്ലാ ജീവികളും മെറ്റമോർഫോസിസിന് വിധേയരാകുന്നുണ്ട്. എന്നാൽ, ശലഭങ്ങളെ പോലെയുള്ള ജീവികൾ ലാർവ, പ്യൂപ്പ തുടങ്ങിയ കൃത്യമായ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെ മാത്രമാണ് ജീവശാസ്ത്രത്തിൽ മെറ്റമോർഫോസിസ് ആയി നിർവചിക്കുന്നത്.
നമ്മുടെ പുരാണങ്ങളിലും മിത്തുകളിലും ഇതിഹാസങ്ങളിലും ദൈവങ്ങൾ പല രൂപങ്ങളിൽ അവതരിക്കുന്നുണ്ട്. മനുഷ്യരെ ശാപം കൊണ്ട് അവർ ജന്തുക്കളോ പാറയോ ഒക്കെയായി മാറ്റുന്നു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന "ഒവിഡ്' എന്ന റോമൻ കവി, മിത്തുകളിലുണ്ടായിരുന്ന മെറ്റമോർഫോസിസ് കഥകളെ ക്രോഡീകരിച്ച് കവിതകളാക്കിയിട്ടുണ്ട്. ചരിത്രത്തെ മിത്തുമായി കൂട്ടിക്കുഴച്ചുള്ള ആഖ്യാനമാണ് ഇതിലുള്ളത്. ഇത് മിക്കപ്പോഴും അധികാരത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രകടനങ്ങളായാണ് മിത്തുകളിൽ പ്രകടമാകുന്നത്. പ്രപഞ്ചത്തിലെ ചരാചരങ്ങൾ തമ്മിലുള്ള ബന്ധത്തെയും പരസ്പരം മാറ്റിമറിക്കാനുള്ള അവയുടെ ശക്തിയെയും ഒക്കെയാണ് പൗരാണികമായി ഈ സങ്കൽപനത്തെ നയിച്ചിട്ടുള്ളത്. ദൈവങ്ങൾ തന്നെ പലപ്പോഴും പ്രകൃതിയിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെയായിട്ടാണ് അവതരിക്കുന്നത്. ലൈംഗികാസക്തി പോലെയുള്ള പല മാനുഷിക സ്വഭാവങ്ങളും അതുമായി ബന്ധപ്പെട്ട കീഴടക്കലുകളും പകയും പ്രതികാരവുമെല്ലാം പ്രകൃതിയിലേക്ക് വ്യാപിച്ചു നിൽക്കുന്നതായി പണ്ടത്തെ മനുഷ്യർ കണ്ടെത്തി. അധികാരപീഡകൾക്ക് വിധേയരാകുന്ന മനുഷ്യർ അതിനോടുള്ള പ്രതിരോധമെന്ന നിലക്കും ഈ സങ്കല്പങ്ങൾ ഉപയോഗിച്ചുപോന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിലനിന്നിട്ടുള്ള "ഒടിയൻ' ഇത്തരത്തിലുള്ള പ്രയോഗമായിരുന്നേക്കാം.
നമ്മുടെ ഇക്കാലത്തെ ജീവിതത്തിൽ എങ്ങനെയാണ് രൂപപരിണാമത്തെ കാണുക? മനുഷ്യശരീരത്തിൽ അവബോധം കൂടിച്ചേർന്നിരിക്കുന്നതിനാൽ പുറമെ അറിയാൻ കഴിയില്ലെങ്കിലും ആന്തരികമായ രൂപാന്തരം സംഭവിക്കാം. ചില സാംസ്‌കാരിക ഉപവിഭാഗങ്ങളിൽ കാണുന്നതുപോലെ വേഷം കെട്ടലില്ലെങ്കിൽ സ്വഭാവത്തിലെ മാറ്റങ്ങൾ കൊണ്ട് മാത്രമേ നമുക്ക് മനുഷ്യരിലെ ആന്തരികമാറ്റങ്ങൾ അറിയാൻ കഴിയൂ. മനുഷ്യർക്കുണ്ടാകുന്ന ആന്തരികപരിണാമങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപെട്ടാലോ വ്യവസ്ഥയിൽ നിന്ന് വ്യതിചലിച്ചാലോ ഒക്കെ ഇന്ന് മാനസികരോഗമായി തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് വിധേയമാക്കാനിടയുണ്ട്.
സ്ത്രീകൾ മൗനത്തിലേയ്ക്ക് ചെന്നുവീഴുന്നതോ "ഹിസ്റ്റീരിയ' എന്നു വിളിക്കുന്ന അവസ്ഥയിലേക്ക് പോകുന്നതോ ഒക്കെ കുട്ടിക്കാലത്ത് ഞാൻ കണ്ടിരുന്നു. ""അവൾക്ക് മൗനമാണ്,'' എന്ന് ചില സ്ത്രീകളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞുകേട്ടു.
സ്വാഭാവികം/ അസ്വാഭാവികം എന്ന് ഓരോ കാലത്തും സമൂഹം കല്പിക്കുന്നതിനെ ഇവിടെ പ്രശ്‌നവത്കരിക്കേണ്ടിവരും. പൊതുസമ്മതിയുള്ളത് സ്വാഭാവികമായി മാറുന്നു. അതിനർഥം സ്വാഭാവികത്തിനുപുറത്ത് ഒന്നും സംഭവിക്കുന്നില്ല എന്നല്ല, അസ്വാഭാവികമെന്ന് കരുതുന്നവരെയെല്ലാം ചികിത്സിക്കുന്നതിന് ഉദാഹരണമാണ് സ്വവർഗരതിയും ട്രാന്‌സ്‌ജെൻഡർ ഐഡന്റിറ്റിയും ചികിത്സിച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനർഥം മാനസികരോഗങ്ങളില്ലെന്നോ ആർക്കും ചികിത്സ ആവശ്യമില്ലെന്നോ അല്ല. അതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നതാണ്. ഒരാൾ സ്വയം മാനസികമായി ബുദ്ധിമുട്ടനുഭവിക്കുമ്പോഴോ ഒരാളിന്റെ മാറ്റം മറ്റ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോഴോ ചികിത്സ വേണ്ടിവന്നേക്കാം. എന്നാൽ, ചരിത്രത്തിൽ നമ്മൾ കണ്ടുവരുന്നത് വ്യക്തികളിലുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ സാമൂഹ്യമാറ്റത്തിന്റെ ലക്ഷണങ്ങളും ആകാമെന്നതാണ്.
അവബോധത്തിൽ വരുന്ന മാറ്റം ഒരു വ്യക്തിയിൽ മാത്രമായോ ഒരേ സമയം പലരിലോ സ്വഭാവത്തിൽ പ്രതിഫലിച്ചേക്കാം. ഇങ്ങനെ മാറ്റങ്ങളുണ്ടാകുന്നതിന് ആന്തരിക ഘടകങ്ങളോടൊപ്പം ചുറ്റുപാടുകളും പങ്കുവഹിക്കുന്നു. സ്ത്രീകൾ മൗനത്തിലേയ്ക്ക് ചെന്നുവീഴുന്നതോ "ഹിസ്റ്റീരിയ' എന്നു വിളിക്കുന്ന അവസ്ഥയിലേക്ക് പോകുന്നതോ ഒക്കെ കുട്ടിക്കാലത്ത് ഞാൻ കണ്ടിരുന്നു. ""അവൾക്ക് മൗനമാണ്,'' എന്ന് ചില സ്ത്രീകളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞുകേട്ടു. ബാധ കയറ്റം കുറെയൊക്കെ ദൈവികമായി കരുതി സമൂഹത്തിൽ അംഗീകരിച്ചിരുന്നു. തുള്ളി ഉറയുന്നവർ, ചില സത്യങ്ങൾ വിളിച്ചുപറയുന്നത് മറ്റുള്ളവരിൽ ദൈവഭയം ഉണർത്തി. അവർക്ക് കാണിക്കയും മറ്റും സമർപ്പിച്ച് ആളുകൾ പ്രശ്‌നപരിഹാരത്തിനായി വണങ്ങിനിൽക്കും. ചിലർ തലയിൽ ജഡ വളർത്തുകയും ഭസ്മം വാരി പൂശുകയും മറ്റും ചെയ്ത് ശരീരത്തിന് രൂപാന്തരം വരുത്തും. ഇങ്ങനെയൊന്നും പിടിച്ചുനിൽക്കാൻ കഴിയാത്തവർക്ക് ക്രൂരമായ മന്ത്രവാദചികിത്സകളൊക്കെ ഏൽക്കേണ്ടിവന്നു. ഇപ്പോഴും ഇത്തരം ഏർപ്പാടുകളൊക്കെ കാണാറുണ്ട്. പുരുഷന്മാരിലും മാറ്റങ്ങൾ സംഭവിക്കുമെങ്കിലും, അതിന്റെ ഫലമായി കൂടുതലും നാടുവിട്ടു പോകുന്നതാണ് കാണാറുള്ളത്.
കുടുംബമൊക്കെ ഉപേക്ഷിച്ച് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാകുന്ന പുരുഷന്മാരെ പറ്റി അറിയാൻ കഴിഞ്ഞിട്ടുണ്ട്. കുടുംബം വിട്ട് അലയുന്ന അവധൂതിമാർ എണ്ണത്തിൽ കുറവാണ്. പല ആളുകൾക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിൽ വരുന്ന മാറ്റങ്ങൾ എനിക്ക് കൗതുകമുണ്ടാക്കുന്നു. മനുഷ്യർ പ്യൂപ്പയാവുകയും അതിൽനിന്ന് ചിറകുമുളച്ച് പൊട്ടിവിടരുകയും ചെയ്യുമോ? ചിലർ എന്നെന്നേക്കുമായി സമാധിയിലേയ്ക്ക് പോകുമോ?
പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവർ ആത്മീയ ഗുരുക്കന്മാരായി ചിലപ്പോൾ പരിവർത്തനം ചെയ്യപ്പെടുന്നത് കാണാറുണ്ട്. ലോകം മാറ്റണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവർ സംശയരോഗത്തിനടിപ്പെടുന്നതും കണ്ടിട്ടുണ്ട്. പൊതുവായ നന്മ ആഗ്രഹിക്കുന്ന അവർ ചുറ്റും ഗൂഢാലോചന നടക്കുന്നതായി സംശയിക്കും. വിപ്ലവം അട്ടിമറിക്കാൻ പദ്ധതികളുണ്ടാക്കുന്ന സാങ്കൽപ്പിക ശത്രുക്കളെ അവർ ഭയക്കുന്നു. സാധാരണക്കാരുടെ ഇടയിലും പെട്ടെന്നുള്ള മാറ്റങ്ങൾ കാണാം. ഉദ്യോഗത്തിൽ നിന്ന് വിരമിക്കുമ്പോഴും പ്രായം അധികമാവുമ്പോഴും ചിലരുടെ പെരുമാറ്റത്തിലും ജീവിതവീക്ഷണത്തിലും മാറ്റങ്ങൾ കാണാറുണ്ട്. വിവാഹം ചെയ്ത് പുതിയ ഒരു അന്തരീക്ഷത്തിലേയ്ക്ക് കടക്കുന്ന സ്ത്രീകൾക്ക് പെട്ടെന്ന് ഭാവമാറ്റം വരുന്നതും കണ്ടിട്ടുണ്ട്.
ഒരാളെ രൂപപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന ഘടകങ്ങൾ എന്തൊക്കെയാവാം? നമുക്ക് ലഭിച്ചിട്ടുള്ള ശരീരം എന്ന വിഭവവും അതിന്റെ പരിമിതികളും, ചുറ്റുപാടുകളും ചുറ്റുപാടുകളുമായുള്ള അതിന്റെ ബന്ധവുമായി അത് കാണാൻ പറ്റും.
എന്റെ ചെറുപ്പത്തിൽ ബന്ധുവായ ഒരു ചേച്ചിക്ക് വിവാഹത്തിനുമുൻപ് വരനെ ഇഷ്ടപ്പെട്ടില്ല. വിവാഹത്തിന്റെ തലേദിവസം വരെ അവർ വരന്റെ കുറവുകൾ എണ്ണിയെണ്ണി പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു. കൂട്ടുകാരും അതിനനുസരിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാൽ, വിവാഹശേഷം ആളാകെ മാറി. പിന്നീട് നാട്ടിൽ വന്നപ്പോൾ കൂട്ടുകാരൊക്കെ പഴയ മനോഭാവത്തിൽ തുടർന്ന് വരനെ കളിയാക്കുന്ന തരത്തിൽ സംസാരിക്കുന്നത് ചേച്ചിക്ക് സഹിക്കാനായില്ല. ചിലരോടെങ്കിലും പിണങ്ങി പിരിയുന്ന അവസ്ഥ വരെ അതെത്തി. ഏതാനും ദിവസങ്ങൾ കൊണ്ട്, തുള്ളിച്ചാടി നടന്നിരുന്ന പെൺകുട്ടി ഒരുപാട് ഉത്തരവാദിത്വങ്ങൾ പേറുന്ന വീട്ടമ്മയായി മാറിയതായി തോന്നി. വിവാഹമോചിതരായ പല സ്ത്രീകളും ചിന്തിക്കാനാവാത്ത തരത്തിൽ പരിവർത്തനത്തിന് വിധേയരായതായും കാണുന്നുണ്ട്. എന്നാൽ, വലിയ മാറ്റങ്ങളൊന്നുമില്ലാതെ ജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഭാവത്തിൽ കൊണ്ട് പോകുന്നവരാണധികവും.
ഒരു വ്യക്തിസ്വത്വം തന്നെക്കുറിച്ചും ചുറ്റുമുള്ള ലോകത്തെക്കുറിച്ചും അതുമായുള്ള ബന്ധത്തെക്കുറിച്ചും ഉണ്ടാക്കിയെടുക്കുന്ന അവബോധമാണ് ആളുടെ രൂപത്തെയും രൂപാന്തരത്തെയും നിർമിച്ചെടുക്കുന്നത്. രൂപമെന്നതുകൊണ്ട് ബാഹ്യരൂപം മാത്രമല്ല, രൂപവും ഭാവവും സ്വഭാവവും ചേർന്ന ബാഹ്യവും ആന്തരികവുമായ പ്രകൃതിയെയാണ് ഉദ്ദേശിച്ചത്. ഒരാളെ രൂപപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന ഘടകങ്ങൾ എന്തൊക്കെയാവാം? നമുക്ക് ലഭിച്ചിട്ടുള്ള ശരീരം എന്ന വിഭവവും അതിന്റെ പരിമിതികളും, ചുറ്റുപാടുകളും ചുറ്റുപാടുകളുമായുള്ള അതിന്റെ ബന്ധവുമായി അത് കാണാൻ പറ്റും. ചുറ്റുപാടിൽ, മറ്റു മനുഷ്യരുമായി ബന്ധപ്പെടുന്ന സാമൂഹ്യലോകവും ഭൗതികലോകവും പെടും. യുദ്ധഭീകരത, പ്രകൃതിദുരന്തങ്ങൾ, ജയിൽവാസം, കുടിയേറ്റം തുടങ്ങി വലിയ സ്‌കെയിലിൽ വരുന്ന മാറ്റങ്ങളോ വ്യക്തിബന്ധങ്ങളിൽ പെട്ടെന്ന് വരുന്ന വിടവുകളോ ചില വ്യക്തികളുടെ സ്വാധീനമോ, ജീവിതം പ്രതിസന്ധിയിലാകുന്ന ഏതെങ്കിലും സന്ദർഭമോ ഇതിന് പ്രേരകമായേക്കാം.
മാതാപിതാക്കളുടെ സംരക്ഷണയിൽ സന്തോഷത്തോടെ ജീവിച്ചുവന്ന ഒരു പെൺകുട്ടിക്ക് പെട്ടെന്നുണ്ടായ ദാരിദ്ര്യം മൂലം വീട്ടുജോലിക്കാരിയാകേണ്ടിവന്നു എന്നുകരുതുക. പുറത്ത് പണി ചെയ്യാൻ പോകുന്ന ഏത് സ്ത്രീയ്ക്കും ലൈംഗികപീഡയ്ക്കുള്ള അപകടസാധ്യത കൂടുതലാണെങ്കിലും വീട്ടുജോലിയിൽ അത് വളരെ അധികമാണ്. ഇതേക്കുറിച്ച് സൂചന കിട്ടുന്ന സ്ത്രീ അത് പ്രതിരോധിക്കാനോ തനിക്കനുകൂലമാക്കി മാറ്റാനോ ശ്രമിക്കും. ഇതവരുടെ സ്വഭാവത്തെ തന്നെ മാറ്റിയേക്കും. എന്റെ വീട്ടിൽ ജോലിക്കു വന്നിരുന്ന ഏറെ പ്രിയപ്പെട്ട സാവിത്രി എപ്പോഴും ഒരു അഹന്തയുടെ ആവരണം അണിഞ്ഞിരുന്നു. സ്‌നേഹം ഭാവിച്ച് അടുത്ത് കൂടുന്നവരെയൊക്കെ അവൾ കണ്ടതായി പോലും നടിച്ചില്ല. മുഖം എപ്പോഴും കടുത്തിരുന്നു. ആരോടും പുഞ്ചിരിക്കാൻ കൂട്ടാക്കിയില്ല. ഔദ്ധത്യത്തോടെയുള്ള അവളുടെ മുഖഭാവവും തലയെടുപ്പും കണ്ട് ഞാൻ അവളുടെ ആരാധികയായി. മറിച്ച്, ചൂഷണം ചെയ്യാൻ വരുന്നവരിൽ നിന്ന് പരമാവധി മുതലെടുക്കാം എന്ന് തീരുമാനിക്കുന്ന മിടുക്കികളുമുണ്ടാകും. ലാസ്യഭാവത്തോടെ അവർ ആണുങ്ങളെ വശീകരിക്കുകയും മറ്റു സ്ത്രീകളുടെ ശത്രുക്കളാവുകയും ചെയ്യും. ഇങ്ങനെയൊക്കെയാകുന്നതിൽ തെറ്റും ശരിയുമില്ല. മാറാതെ ജീവിക്കാൻ ശ്രമിക്കുന്നവരാകും ഒരുപക്ഷെ, കൂടുതൽ ചൂഷണത്തിന് വിധേയരാകുന്നത്. വ്യത്യസ്ത ദിശകൾ തെരഞ്ഞെടുക്കാൻ ഓരോരുത്തർക്കുമുള്ള കാരണം അവർ നേരത്തേ ആർജിച്ചിട്ടുള്ള സ്വഭാവഗുണങ്ങളായിരിക്കും.
മൈത്രേയന്റെ സ്ഥലമായ ചിങ്ങോലിയിലേക്ക് കുടിയേറിയ ഞാൻ, പരീക്ഷയൊക്കെ കഴിഞ്ഞിരുന്നതുകൊണ്ട് നാട്ടിൽ നടന്ന ഒരു ചെറിയ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയി. എനിക്ക് തികച്ചും അപരിചിതമായ ഒരു ലോകമായിരുന്നു അത്. അതിൽ പങ്കെടുത്ത കൂടുതൽ പേരും അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിന്റെ കടുത്ത ഫലങ്ങൾ ഒക്കെ അനുഭവിക്കുകയും ചെയ്തവരായിരുന്നു. അവരിൽ ഒരു സ്ത്രീ പോലും ഉണ്ടായിരുന്നുമില്ല. അവർ പറയുന്നത് മനസ്സിലാക്കാനോ ചർച്ചയിൽ പങ്കെടുക്കാനോ എനിക്ക് കഴിഞ്ഞില്ല. ഞാനന്ന് തിളക്കമുള്ള റോസ് നിറത്തിലുള്ള ഒരു കൃത്രിമപ്പട്ടുസാരിയാണ് ധരിച്ചത്. ഗർഭിണി ആയതിനാൽ വയർ ഉന്തിയിരുന്നു. ആ മീറ്റിങ്ങിൽ ഒരു അനാവശ്യ വസ്തു പോലെ ഞാനും ഉന്തിനിൽക്കുന്നതായി എനിക്കുതോന്നി. പക്ഷേ, അവരൊക്കെ സ്‌നേഹമുള്ള നല്ല മനുഷ്യരായി അനുഭവിക്കാൻ കഴിഞ്ഞു.
എല്ലാവരെയും പോലെ തന്നെ ജീവിതത്തിന്റെ നശ്വരതയും പ്രപഞ്ചത്തിന്റെ ഉൽപത്തിയുമൊക്കെയാണ് എന്നെ അലട്ടിയിരുന്നത്. പ്രകൃതിദുരന്തങ്ങളോ ദാരിദ്ര്യമോ ഒന്നും അനുഭവിക്കേണ്ടിയിരുന്നില്ലാത്തതു കൊണ്ടുകൂടിയായിരിക്കും അത്.
വീടിനുപുറത്ത് എനിക്ക് പരിചയമുണ്ടായിരുന്ന പൊതുലോകം സ്‌കൂളും കോളേജും അതിനപ്പുറത്ത് ഗുരുകുലവുമായിരുന്നു. ഗുരുകുലം എന്നുപറയുമ്പോൾ അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അതിന്റെ ഭൗതിക പരിസരവും അതുമായി ബന്ധപ്പെട്ട ആളുകളും എല്ലാം വരും. വീടും വിദ്യാഭ്യാസവും എന്റെ തെരഞ്ഞെടുപ്പല്ലാതിരുന്നപ്പോൾ, ഗുരുകുലം ഒരു തരത്തിലും ആരും സ്വാധീനം ചെലുത്താതെ ഞാൻ തന്നെ ചെന്നുകയറിയ ഇടമാണ്. അങ്ങനെ പറയുമ്പോഴും ഒരു പക്ഷെ, എന്റെ പരിമിതമായ ലോകത്തുനിന്നുള്ള ആ തെരഞ്ഞെടുപ്പിനുതന്നെ ഒരു പരിമിതി ഉള്ളതായി മനസ്സിലാക്കാൻ പറ്റും. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് വിദ്യാർഥികളും അവരുടെ പ്രസ്ഥാനവും ഒക്കെ ഉണ്ടായിരുന്നിട്ടും ഞാൻ എന്തുകൊണ്ട് അതിൽ പങ്കുചേർന്നില്ല? ഇങ്ങനെ ഒരു ചോദ്യം തന്നെ എന്റെ മനസ്സിൽ വന്നത് ഞാൻ അതുമായി ബന്ധപ്പെട്ട ആളുകളെയൊക്കെ പരിചയിക്കാൻ ഇടയായതുകൊണ്ടാണ്. എന്റെ വീടിന്റെ ചുറ്റുപാടിലോ ആ സമയത്ത് പഠിച്ചിരുന്ന വനിതാ കോളേജിന്റെ അന്തരീക്ഷത്തിലോ അതിനുള്ള പ്രേരണ നൽകുന്ന ഒന്നും ഉണ്ടായിരുന്നില്ല. ഒരു പക്ഷേ, ഒരു മിക്‌സഡ് കോളേജിൽ പഠിച്ചിരുന്നെങ്കിലോ, ആദർശം കൊണ്ട് ആകർഷിക്കുന്ന വിപ്ലവകാരികളായ സുഹൃത്തുക്കളെ കണ്ട് മുട്ടിയിരുന്നെങ്കിലോ വേറൊരു തരത്തിലാകുമായിരുന്നിരിക്കാം.
അന്നത്തെ മീറ്റിങ് മാത്രമല്ല, അതിനുമുൻപും മൈത്രേയനോടൊപ്പം പരിചയപ്പെട്ട ആളുകൾ, സമ്മേളനങ്ങൾ, ചർച്ചകൾ, പിന്നീട് ഞാനും കൂട്ടുകാരും ചേർന്ന് രൂപപ്പെടുത്തിയ ഫെമിനിസ്റ്റ് ഗ്രൂപ്പ് ഒക്കെത്തന്നെ എന്റെ ലോകം 360 ഡിഗ്രിയിൽ ചുഴറ്റി. അതുവരെയുള്ള ജീവിതത്തിൽ, പ്രപഞ്ചത്തെക്കുറിച്ചും അതിൽ നിസ്സാരമെങ്കിലും ഒരു സ്ഥാനം എനിക്കുള്ളതിനെ പറ്റിയും ഞാൻ കഷ്ടപ്പെട്ട് ഒരുറപ്പുണ്ടാക്കി എടുത്തിരുന്നു. എല്ലാവരെയും പോലെ തന്നെ ജീവിതത്തിന്റെ നശ്വരതയും പ്രപഞ്ചത്തിന്റെ ഉൽപത്തിയുമൊക്കെയാണ് എന്നെ അലട്ടിയിരുന്നത്. പ്രകൃതിദുരന്തങ്ങളോ ദാരിദ്ര്യമോ ഒന്നും അനുഭവിക്കേണ്ടിയിരുന്നില്ലാത്തതു കൊണ്ടുകൂടിയായിരിക്കും അത്. വീട്ടിൽ, പഠിക്കുക അല്ലാതെ വേറെ വലിയ ജോലി ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും നേടണമെന്ന വലിയ ആഗ്രഹവും ഇല്ലായിരുന്നു. ഒരു വശത്ത് നമ്മൾ അറിയുന്ന എല്ലാ പ്രതിഭാസങ്ങൾക്കും വിശദീകരണം നൽകിക്കൊണ്ടിരിക്കുന്ന സയൻസും മറുവശത്ത് അസ്തിത്വത്തിന്റെ അതിശയം അനുഭവിപ്പിക്കുന്ന ആധ്യാത്മികതയും ഒരേപോലെ എന്നെ ആകർഷിച്ചു.
ദൈനംദിനം നേരിടുന്ന പ്രശ്‌നങ്ങളെ സമാധാനിപ്പിക്കാൻ ഒരു ജീവിതവീക്ഷണം നമ്മൾ എല്ലാവരും രൂപപ്പെടുത്തും. മറ്റുള്ളവർക്കായി ഒരു മടിയും കൂടാതെ സേവനം ചെയ്യാൻ തയാറായിരിക്കുന്ന സാധാരണ ജോലിക്കാർ വളരെ ലളിതമായി അത് ചെയ്തെടുക്കാറുണ്ട്. ധാർമികവും നൈതികവുമായ ഒരു ബോധ്യം മനുഷ്യരുടെ ഉള്ളിലുണ്ട്. അതുണർത്തിയെടുക്കാൻ വലിയ പ്രയാസമില്ല. എന്റെ മകളുടെ ചെറുപ്പത്തിൽ, അവളുടെ കയ്യൊടിഞ്ഞപ്പോൾ ഞാൻ പൂനയിലായിരുന്നു. രാത്രി മുഴുവൻ അടുത്ത വീട്ടിലെ സരസ്വതി അവൾക്കൊപ്പം ഉറക്കമിളച്ചിരുന്നു. ‘‘മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ സഹായം ചെയ്യാനല്ലെങ്കിൽ പിന്നെ ഈ തടി എന്തിനാ,'' എന്നായിരുന്നു സരസ്വതിയുടെ ജീവിതക്കാഴ്ച. എന്നാൽ, എന്നെപ്പോലെ വളരെ സുരക്ഷിതമായും അതേസമയം സ്വാതന്ത്യമില്ലാതെയും വളരുന്നവർക്ക് ധാർമികമായ ഒരു ബോധ്യത്തിലേയ്ക്കെത്താൻ ഒരുപാട് വഴികളിലൂടെ സഞ്ചരിക്കേണ്ടിവരും. എന്നാൽ പോലും, സരസ്വതി ചെയ്യുന്നത്ര എളുപ്പം അടുത്ത വീട്ടിൽ പോയി ഒരു സഹായം ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
ലളിതമായി ജീവിതത്തെ സമീപിക്കാൻ കഴിയാത്ത ഒരു തടവിൽ പെട്ടുപോയതുകൊണ്ടാവണം, അതിന് അർഥം കണ്ടെത്താൻ പല മാർഗങ്ങളും അന്വേഷിച്ചുകൊണ്ടിരുന്നത്. കാലത്തെക്കുറിച്ചുള്ള ബോധം ഉത്കണ്ഠ ഉണ്ടാക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഭാവി എന്തായിരിക്കുമെന്നതിനെ കുറിച്ച് ഒരു പിടിയുമില്ല. ഇപ്പോഴുള്ള സ്വസ്ഥത ഇല്ലാതാകുമോ എന്ന ഭയം ഇടയ്ക്കിടെ ഉണ്ടാകും. ജോലിയും വരുമാനവും ഇല്ലാതായാൽ എങ്ങനെ ജീവിക്കും? ഈ മാതിരി ചിന്തകളൊക്കെ ഒഴിവാക്കാൻ, വ്യക്തിയിലുളവാകുന്ന അഹംബോധം വെടിഞ്ഞ് സമഷ്ടിയിൽ അഥവാ പരമമായ ബോധത്തിൽ ലയിക്കാനാണ് ജ്ഞാനികൾ പറഞ്ഞുവച്ചിരിക്കുന്നത്. ഇത് ചിന്തിക്കുന്ന സമയം ബോധ്യപ്പെടുകയും, വീണ്ടും പഴയ ഇടത്തിൽ തന്നെ വന്നുപതിക്കുകയും ചെയ്യും. എപ്പോഴും മനസ് സങ്കൽപ്പത്തിലേക്ക് വഴുതിക്കൊണ്ടിരിക്കും. ഏതു തരത്തിലാകണമെന്ന് ആഗ്രഹിക്കുന്നോ, അതായി സ്വയം സങ്കൽപിക്കുകയും അതേസമയം, അത് ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വേറൊരാളെ മറുപുറത്ത് വയ്ക്കുകയും ചെയ്യുന്ന ചാപല്യത്തിൽ മനസ് എപ്പോഴും ഏർപ്പെട്ടുകൊണ്ടിരുന്നു.
വെളുത്ത ഭിത്തിയിൽ ഒരു കറുത്ത പൊട്ട് സങ്കൽപ്പിച്ച് അയാൾ അതിലേയ്ക്ക് നോക്കിയിരിക്കും. പലതരം വിഭ്രാന്തിയിലും തലവേദനയിലും പെട്ടെങ്കിലും ചികിത്സയോടൊപ്പം ഈ പരിപാടിയും അയാൾ തുടർന്നു. അത് നിർത്താൻ അപേക്ഷിച്ചെങ്കിലും അയാളത് കേട്ടില്ല.
സങ്കല്പങ്ങളെയും മനസ്സിനെ തന്നെയും നിരോധിക്കാനാണ് വേദാന്തം പറയുന്നത്. ‘‘യോഗഃചിത്തവൃത്തി നിരോധഃ'' എന്നാണ് പതഞ്ജലി, യോഗത്തെക്കുറിച്ച് പറയുന്നത്. പൂർവവാസനകളും ഓർമകളും പേറുന്ന മനസ്സിന്റെ ഉയർന്ന തലമാണ് ഭാരതീയ തത്വചിന്തയിൽ ചിത്തം എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇതെല്ലാം ബൗദ്ധികമായി മനസ്സിലാക്കാൻ വലിയ പ്രയാസമില്ല. എന്നാൽ, വികാരങ്ങൾ എപ്പോഴും തള്ളിക്കയറിവരുന്ന മനസ്സിനെ ഒതുക്കിനിർത്തുക എന്നത് പ്രയോഗത്തിൽ ഒട്ടും എളുപ്പമല്ല. യൗവനത്തിൽ ശരീരവും പൂത്തുലഞ്ഞു നിൽക്കുന്ന മരം പോലെ ഇളവെയിലിലും നിലാവിലും കുളിർകാറ്റിലും അകാരണമായ അനുഭൂതികൊണ്ട് ഉലയുകയും ചിലപ്പോൾ നിശ്ചലമായി വിഷാദത്തിലേക്ക് ഉറയുകയും ചെയ്യും. അറിവുകൊണ്ടു മാത്രമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് മനസ് സമാധാനത്തിലെത്തുക? ധ്യാനവും യോഗവും ഭക്തിയുമാണ് മറ്റു മാർഗങ്ങൾ. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്. ധ്യാനം ഒരു ടെക്നിക് അല്ല. എന്റെ ക്ലിനിക്കിൽ വവെളുത്ത ഭിത്തിയിൽ ഒരു കറുത്ത പൊട്ട് സങ്കൽപ്പിച്ച് അയാൾ അതിലേയ്ക്ക് നോക്കിയിരിക്കും. പലതരം വിഭ്രാന്തിയിലും തലവേദനയിലും പെട്ടെങ്കിലും ചികിത്സയോടൊപ്പം ഈ പരിപാടിയും അയാൾ തുടർന്നു. അത് നിർത്താൻ അപേക്ഷിച്ചെങ്കിലും അയാളത് കേട്ടില്ല. ന്നിരുന്ന ഒരു രോഗി മനസ്സിന് ഏകാഗ്രത ഉണ്ടാക്കാനായി നടത്തുന്ന തീവ്രശ്രമങ്ങളെ പറ്റി വിവരിച്ചിരുന്നത് ഞാനിപ്പോൾ ഓർക്കുന്നു. ഭാര്യയുമായി പിരിഞ്ഞ വിഷമത്തിലും സമ്മർദത്തിലുമായിരുന്നു ആളെന്ന് കൂടുതൽ സംസാരിച്ചപ്പോൾ മനസ്സിലായി. ഭാര്യയുമായുള്ള ഒരു സംസാരം ഒരു പക്ഷേ, ധ്യാനത്തേക്കാൾ അയാളെ സഹായിച്ചേനെ.
മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ മഹർഷി മഹേഷ് യോഗിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെള്ളക്കാരായ സ്ത്രീകൾ ഞങ്ങളെ ധ്യാനം പഠിപ്പിക്കാൻ വന്നു. പട്ടുസാരിയും സ്വർണമാലയും ധരിച്ചുവന്ന സ്ത്രീ ഗുരുക്കന്മാരെ കണ്ണുതുറന്ന് കണ്ടിരിക്കാനാണ് എനിക്ക് തോന്നിയത്. പിന്നീട് ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തും, ആളുകളുടെ ജോലി ചെയ്യാനുള്ള പ്രാപ്തി വർധിപ്പിക്കാനായി മെഡിറ്റേഷൻ ക്ലാസ് നടത്തിയിരുന്നു. എല്ലാവരും കണ്ണടച്ചിരിക്കുമ്പോൾ കണ്ണ് തുറന്ന് പരസ്പരം കണ്ണിറുക്കുന്നവരുടെ കൂട്ടത്തിൽ കൂടാനായിരുന്നു അപ്പോഴെനിക്ക് താൽപര്യം. ഇപ്പോൾ പഠിക്കുന്ന പല കുട്ടികളും പഠിത്തത്തിൽ ശ്രദ്ധ കൂടാൻ ധ്യാനം പരിശീലിക്കുന്നത് കാണാറുണ്ട്. പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാകുന്നത് മത്സരമെന്ന തരത്തിൽ വിഷയം പഠിക്കുന്നത് കൊണ്ടാണ്. ഈ മത്സരം ഒഴിവാക്കി വിഷയത്തിൽ പ്രേമം ഉണ്ടാവുമ്പോൾ മനസ് ധ്യാനാത്മകമാവുകയാണ് ചെയ്യുന്നത്. മറിച്ച് ധ്യാനം ചെയ്തുകൊണ്ട് മത്സരിക്കാൻ കഴിയില്ല. ടെക്നിക് എന്നതിനേക്കാൾ നമ്മൾ വളർത്തിയെടുക്കേണ്ട മനോഭാവമാണ് ധ്യാനം. ദൈനംദിന വൃത്തികൾ കൊണ്ട് തിരക്കുപിടിച്ചിരിക്കുന്ന മനസ്സിൽ നിന്ന് ഈ തിരക്കുകൾ കുറക്കുന്നത് ധ്യാനത്തിലേക്ക് നയിക്കും. അതിനായി കുറച്ച് സമയം സ്വസ്ഥമായി കണ്ണടച്ചിരിക്കാം. തിരക്കുപിടിച്ച ജോലി കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറിച്ചാണ് സംഭവിക്കുന്നത്. ധ്യാനം നമ്മളെ തേടി വരാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് നല്ലതെന്ന് ഒരു സുഹൃത്ത് എനിക്ക് പറഞ്ഞുതന്നത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. യോഗവും ഇങ്ങനെ തന്നെയാണ്. അഭ്യാസങ്ങൾ മറ്റു എക്‌സർസൈസുകളെ പോലെ ശരീരത്തിൽ രക്ത ഓട്ടം വർധിപ്പിക്കും. എന്നാൽ യമനിയമങ്ങൾ ഒക്കെ ശീലിക്കേണ്ടത് സ്വകാര്യമായാണ്. പൊതുസ്ഥലത്തും പരസ്യത്തിന്റെ അകമ്പടിയോടെയും അഭ്യാസങ്ങൾ മാത്രമാണ് ചെയ്യാൻ കഴിയുന്നത്. അത് യോഗത്തിലേയ്ക്ക് എത്തിക്കണമെന്നില്ല.
ഈശ്വരവിശ്വാസമുള്ളവരും മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരുമായവർക്ക് രോഗശാന്തിക്കായി വിശ്വാസം ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന് നോക്കിയിട്ടുണ്ട്. അതത്ര വിജയിച്ചുകണ്ടില്ല.
അറിവിന്റെ വൈകാരികമായ വശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഭക്തിയുടെ മാർഗം. ഗുരുശിഷ്യബന്ധവും സത്സംഗങ്ങളും പരസ്പരം ബന്ധപ്പെടുന്നതിന്റെ ഊഷ്മളത കൂടി വഹിക്കുന്നുണ്ട്. കൃഷ്ണനുമായി ഒരു ബന്ധം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നതിനാൽ ഗീതയിലെ പല വചനങ്ങളും ഞാൻ പ്രിയത്തോടെ ഉൾക്കൊണ്ടിരുന്നു. "മന്മനാ ഭവ', എന്നിൽ മനസ്സുറപ്പിച്ചയാളായി ഭവിക്കൂ എന്നാണ് കൃഷ്ണൻ പറയുന്നത്. നിന്റെ ഭാരം മുഴുവൻ എന്നെ ഏൽപ്പിച്ചോളൂ എന്നാണ്. അങ്ങനെ സങ്കൽപ്പിക്കാൻ കഴിഞ്ഞാൽ മനസ്സിന് സമാധാനം കിട്ടാൻ എളുപ്പമാണ്. എന്നാൽ, ഇല്ലാത്ത ഒന്നിനെ എങ്ങനെ സങ്കൽപ്പിക്കാൻ കഴിയുമെന്ന യുക്തിവാദത്തിൽ കാര്യമില്ല. ഏതൊരു വികാരവും ഉണ്ടാകുന്നത് വിചാരത്തോടെയല്ലല്ലോ. അത് വന്നുചേരുന്നതാണ്. ഒരാളോട് പ്രണയം തോന്നുന്നതുപോലെയാണത്. സങ്കൽപ്പത്തിലുള്ളയാളാകുമ്പോൾ നമുക്കിഷ്ടമുള്ള രീതിയിൽ പ്രതികരണവും സങ്കൽപ്പിക്കാം. എന്നാൽ പ്രണയം പോലെ തന്നെ നിനച്ചിരിക്കാതെ വരുകയും പൊലിയുകയും ചെയ്യുന്നതാണ് ഭക്തിയും. ജ്ഞാനത്തിനും ധ്യാനത്തിനുമൊക്കെ ഒരു പരിധി വരെ അത് താങ്ങിനിർത്താൻ കഴിയുമെന്നുമാത്രം.
ഈശ്വരവിശ്വാസമുണ്ടെന്ന് പറയുന്നവർക്കൊക്കെ ഭക്തി ഉണ്ടാകണമെന്നില്ല. സമ്പൂർണ സമർപ്പണം ആവശ്യമായ ഒന്നാണത്. ആരോഗ്യവും വേണമെന്ന് തോന്നുന്നു. ഈശ്വരവിശ്വാസമുള്ളവരും മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരുമായവർക്ക് രോഗശാന്തിക്കായി വിശ്വാസം ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന് നോക്കിയിട്ടുണ്ട്. അതത്ര വിജയിച്ചുകണ്ടില്ല. ആരാധാലയങ്ങളിൽ നടക്കുന്ന കൂട്ടപ്രാർഥന എത്തിക്കുന്ന ട്രാൻസ് അവസ്ഥയിലാണ് ചിലർ രോഗമുക്തി ഉണ്ടായതായി പറയാറുള്ളത്. സൈക്കോ സൊമാറ്റിക് അസുഖങ്ങൾക്ക് ചിലപ്പോൾ ഭേദമുണ്ടാകുമെങ്കിലും മറ്റു മാനസികപ്രശ്‌നങ്ങൾ കൂടുതൽ മോശമാകുന്നതാണ് കണ്ടിട്ടുള്ളത്. ഏതായാലും സ്വയം വിചാരിച്ചാലല്ലാതെ, ഭക്തി നിർദേശിക്കുന്നതിലൂടെ ആധികൾക്കും വ്യാധികൾക്കും കുറവുവരുമെന്ന് തോന്നുന്നില്ല. പല ഭൗതികസാഹചര്യങ്ങളും ഒത്തുവരുമ്പോഴാണ് വേദാന്തവും ഭക്തിയുമൊക്കെ മനഃസമാധാനം കൊണ്ടുതരുന്നതെന്ന് അനുമാനിക്കാം.
പുസ്തകങ്ങളിലൂടെയും ധ്യാനത്തിലൂടെയും ഭക്തിയിലൂടെയുമെല്ലാം എനിക്ക് സമാധാനിക്കാനാവുന്ന ഒരു ലോകം ഞാൻ ഉണ്ടാക്കിയെടുത്തിരുന്നു. പക്ഷേ, വിദ്യാഭ്യാസത്തിൽ വ്യാപരിച്ചിരുന്ന പാശ്ചാത്യജ്ഞാനമായ സയൻസിനെ എങ്ങനെ നമ്മുടെ അറിവുമായി ചേർത്തിണക്കാമെന്നത് ഒരു പ്രശ്‌നമായിരുന്നു. ഗുരുകുലവുമായി ഞാൻ വളർത്തിയ ബന്ധം പ്രധാനമായും ഇതിനുള്ള ഉത്തരം തേടലായിരുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ചിന്തകളെ ചേർത്തിണക്കാനാണ് ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജഗുരുവും ശിഷ്യനായ നിത്യചൈതന്യ യതിയും ശ്രമിച്ചിരുന്നത്. എന്നാൽ, അതിനപ്പുറം ഒരേപോലെ ചിന്തിക്കുകയും അറിയുകയും ചെയ്യുന്ന ഗുരുകുല സുഹൃത്തുക്കളുമായുള്ള ഒത്തുചേരൽ വൈകാരികമായ ആവശ്യങ്ങളെയും നിറവേറ്റി. സ്വന്തമായി ഒരുക്കിയെടുത്ത ഒരു പ്യൂപ്പക്കൂടിൽ സുഖമായി കഴിഞ്ഞ ഒരു കാലമായി ഇപ്പോൾ ഞാനത് കാണുന്നു.
മൈത്രേയനോടൊപ്പം പുതുതായി വന്നുചേർന്ന ലോകത്തിൽ ഇതുവരെ സ്വരൂപിച്ച അറിവുകൾ മതിയാവുമായിരുന്നില്ല. അതുവരെ പരിചയിച്ചിട്ടുള്ള ലോകം അല്ലാതിരുന്നതിനാൽ ഭാഷ അറിയാത്ത ഒരു സ്ഥലത്ത് എത്തപ്പെട്ട അനുഭവമായിരുന്നു എനിക്കത്. വിമർശമുൾപ്പെടെ, മാർക്‌സിസത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളായിരുന്നു ചുറ്റും നടന്നത്. ഞാനപ്പോൾ അറിഞ്ഞോ അറിയാതെയോ ഏർപ്പെട്ടിരിക്കുന്ന ഫെമിനിസ്റ്റ് പ്രയോഗത്തെ മനസ്സിലാക്കാനായാലും ഒരു രാഷ്ട്രീയവീക്ഷണം കൂടിയേ കഴിയൂ എന്നതിനാൽ അതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചുവന്ന പ്രസ്ഥാനമാണതെങ്കിലും, സ്ത്രീകളുടെ ചരിത്രപരമായ അധഃസ്ഥിതിയോട് ബന്ധപ്പെട്ടുകിടക്കുന്ന ഘടകങ്ങൾ ചികഞ്ഞെടുക്കാൻ മാർക്‌സിസ്റ്റ് സിദ്ധാന്തങ്ങൾ പ്രയോജനപ്പെടുന്നതായി തുടക്കക്കാരായ ഞങ്ങൾക്ക് തോന്നിയിരുന്നു. അതുവരെ ഇല്ലാതിരുന്ന ചില ഉൾക്കാഴ്ചകൾ അത് നൽകി.
ഒന്നാമതായി, സമൂഹമായി ജീവിക്കുന്ന മനുഷ്യരുടെ ഭൗതികസാഹചര്യങ്ങൾക്ക് അത് നൽകിയ കേന്ദ്രസ്ഥാനമാണ്. ഞാൻ അതുവരെ പരിചയിച്ചുപോന്ന ചിന്താപദ്ധതിയിൽ ഭൗതികമായവ സംസാരത്തിലെ / ദൈനംദിന ജീവിതത്തിലെ വ്യവഹാരങ്ങളിൽ പെടുന്നതാണ്. ജ്ഞാനം അതിൽനിന്നുള്ള മോചനമാണ് നൽകുന്നത്. മാത്രമല്ല, ആത്മീയവും പരമവുമായ അറിവ്, ഏതു മാർഗത്തിലൂടെയാണെങ്കിലും ഭൗതിക വ്യവഹാരങ്ങളെക്കുറിച്ചുള്ള അറിവിനെക്കാൾ ഉയർന്നതാണ് എന്ന് കരുതിപ്പോന്നു. എന്നാൽ, ഭൗതികമായ സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങളും അതിൽ വരുത്തുന്ന മാറ്റങ്ങളുമാണ് മനുഷ്യർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാവുക എന്ന മാർക്‌സിസ്റ്റ് വീക്ഷണം അതുവരെയുണ്ടായിരുന്ന ധാരണ മാറ്റിമറിക്കാൻ പോരുന്നതായിരുന്നു. വ്യക്തിയുടെ അഹന്ത പരമമായ അറിവിൽ ലയിപ്പിച്ച് സ്വതന്ത്രമാകുന്നതാണ് ആത്മീയമായ അറിവിന്റെ മാർഗം.
കലയും സാഹിത്യവും മനുഷ്യരുടെ ആനന്ദത്തിനുപകരിക്കുന്നതായും മൂല്യമുള്ളതായും കരുതിയേക്കും. എന്നാൽ അധ്വാനവും, അതിന് പ്രകൃതിയും സർഗാത്മകതയും ജ്ഞാനവുമായുള്ള ബന്ധവും, മനുഷ്യരുടെ സവിശേഷമായ ജീവിതത്തിന്റെ അർഥമായി കണ്ടത് മാർക്‌സിസമാണ്.
ലോകത്തെ ഭൗതികമായി മാറ്റുന്നതിൽ മനുഷ്യർ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവർത്തനത്തെ മാർക്‌സിസം കേന്ദ്രസ്ഥാനത്തു കാണുന്നു. അറിവിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന എനിക്ക് പ്രയോഗത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രയാസമായിരുന്നു. പ്രയോഗം എന്നതിൽ ചിന്തയും പെടും. മനുഷ്യരുടെ പ്രയോഗവുമായി ബന്ധപ്പെട്ടല്ലാതെ അറിവ് നിലനിൽക്കുന്നില്ല എന്നത് എനിക്ക് പുതിയ അറിവായിരുന്നു. വിഭാഗങ്ങളെന്ന നിലയ്ക്ക്, പ്രത്യേകിച്ച് ഉത്പാദനബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെടാതെ എല്ലാ മനുഷ്യരെയും സ്വാഭാവികമായി ഒരേ തരത്തിൽ കാണാൻ കഴിയില്ല എന്ന കാഴ്ചപ്പാട് എന്റെ അവബോധത്തിൽ ആഴ്ന്നിറങ്ങി. ഭൗതികമായ മനുഷ്യോത്പന്നങ്ങളെയും കൈവശം വക്കലിനെയും ഉപയോഗത്തെയും ഒക്കെ വിലകുറച്ചുകാണുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ആത്മീയ പാരമ്പര്യത്തിൽ ഉണ്ടായിട്ടുണ്ട്. അവയെ ഉപേക്ഷിക്കുന്നതു വഴിയാണ് പരമമായ അറിവിലെത്തുന്നതെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ വന്നു.
കലയും സാഹിത്യവും മനുഷ്യരുടെ ആനന്ദത്തിനുപകരിക്കുന്നതായും മൂല്യമുള്ളതായും കരുതിയേക്കും. എന്നാൽ അധ്വാനവും, അതിന് പ്രകൃതിയും സർഗാത്മകതയും ജ്ഞാനവുമായുള്ള ബന്ധവും, മനുഷ്യരുടെ സവിശേഷമായ ജീവിതത്തിന്റെ അർഥമായി കണ്ടത് മാർക്‌സിസമാണ്. ചുറ്റുപാടുകളെ മാറ്റുന്ന അധ്വാനപ്രക്രിയയിലും അതിന്റെ സർഗാത്മകതയിലും, അത് നഷ്ടമാകുമ്പോഴുണ്ടാകുന്ന അന്യവത്കരണത്തിലും മൂല്യവും അർഥവും കാണുമ്പോൾ മാത്രമാണ് വർഗാധിഷ്ഠിതമായ ചൂഷണത്തെയും അതിൽ നിന്നുള്ള വിമോചനസാധ്യതകളെയും തിരിച്ചറിയാനാവുന്നത്.
ഇത് തിരിച്ചറിയുക വഴി ലോകത്തെ മനസ്സിലാക്കാൻ പുതിയ ടൂളുകൾ ലഭിക്കുകയാണ്. സ്ത്രീകൾ സവിശേഷ വിഭാഗമെന്ന നിലയ്ക്ക് നേരിടുന്ന പ്രശ്‌നങ്ങളുടെ ഭൗതികവും ചരിത്രപരവുമായ അടിത്തറയും ഈ വീക്ഷണം കുറെയൊക്കെ വ്യക്തമാക്കി തരുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാരെക്കാൾ ആത്മീയതയിൽ മുന്നിൽ നിൽക്കുന്നു എന്ന് കാണുന്നതിനെക്കാൾ കുറച്ചുകൂടി വ്യക്തത ഈ കാഴ്ചപ്പാടിനുണ്ടെന്നു തോന്നി. ഈ തിരിച്ചറിവിനുശേഷം പ്രയോഗത്തെ മുൻനിർത്തിയല്ലാതെ ജീവിതത്തെ കാണാൻ കഴിയില്ല. എന്താണ് പ്രയോഗം? അത് തിരിഞ്ഞുനോട്ടമില്ലാതെ നടത്തുന്ന പ്രവൃത്തികളല്ല. അറിഞ്ഞുള്ള പ്രവർത്തനവും അതിന്റെ നിരന്തരമായ പ്രതിഫലനവും കൂടിയാണ്. അങ്ങനെയാകുമ്പോഴും മനുഷ്യാസ്തിത്വത്തെ കുറിച്ചുള്ളതുപോലെ മറ്റു പല പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു. മാർക്‌സിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ടീയ പ്രയോഗങ്ങൾക്കുശേഷം, അതിനോടുള്ള വിമർശപരമായ സിദ്ധാന്തങ്ങളെല്ലാം ലോകത്ത് സജീവമായിരിക്കുന്ന കാലത്താണ് മാർക്‌സിസം തന്നെ ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത്. പരിസ്ഥിതി പ്രസ്ഥാനങ്ങളും സ്ത്രീവിമോചനപ്രസ്ഥാനങ്ങളും ക്വിയർ പ്രസ്ഥാനവുമെല്ലാം മാർക്‌സിസത്തോട് സംവദിച്ചും ചിലപ്പോൾ അതിൽനിന്ന് സമൂലമായി വേറിട്ടും വികസിച്ചിരുന്നു. ദ്വൈതാത്മക പാശ്ചാത്യചിന്തയെ തന്നെയാണ് മാർക്‌സിസവും പിന്തുടരുന്നതെന്ന തരത്തിലുള്ള വിമർശം പാശ്ചാത്യചിന്തകർ തന്നെ ഉയർത്തി.
മൈത്രേയന്റെ കൂടെ ജീവിക്കുന്ന സമയത്ത് നേരത്തേ ഗുരുകുലവുമായി ബന്ധമുള്ളവരും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിലുള്ളവരും നവ സാമൂഹ്യപ്രസ്ഥാനങ്ങളിൽ ഉള്ളവരുമായ പലരുമായും അടുത്ത് ഇടപഴകാൻ കഴിഞ്ഞു. വീട്, സമൂഹം എന്നതിനിടയിൽ ഒരു അതിർവരമ്പ് വക്കാതെയാണ് മൈത്രേയൻ ജീവിച്ചുപോരുന്നത്. സ്വകാര്യത എത്രത്തോളം ആകാമെന്നത് എനിക്ക് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത വിഷയമാണ്. എല്ലാത്തരം ആളുകൾക്കും എപ്പോഴും കടന്നുവരാവുന്ന ഇടമായാണ് മൈത്രേയൻ വീട് ഒരുക്കിയിരുന്നത്. എന്നാൽ, എനിക്കതിൽ ബാധ്യതയോ ബുദ്ധിമുട്ടോ ഉണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. വീട്ടിലെ ജോലികളൊന്നും ഞാൻ ഏറ്റെടുത്തിരുന്നില്ല. ബോധ്യങ്ങളിൽ പല മാറ്റങ്ങളിലൂടെയും കടന്നുപോയിരുന്നു എങ്കിലും, പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരെ സഹായിക്കുന്നതിന് സന്നദ്ധമാകുന്നതിൽ മൈത്രേയന് ഒരിക്കലും മാറ്റം വന്നിട്ടില്ല. ജീവിതം എപ്പോഴും സത്യസന്ധമായി തുറന്നുവച്ചുകൊണ്ടാണ് മൈത്രേയൻ ജീവിച്ചുപോന്നത്. പുതിയ കാര്യങ്ങൾ ചെയ്യുന്നതിനും പുതിയ ആളുകളെ പരിചയപ്പെടുന്നതിനുമൊക്കെ കൂടെയുള്ള എല്ലാവർക്കും ഊർജം നൽകി മൈത്രേയനുണ്ടാകും. എനിക്കും അതിന് അവസരമുണ്ടായി.
വ്യത്യസ്തരായ ആളുകളുമായി ഇടപെടുന്നതനുസരിച്ച് നമുക്ക് രൂപാന്തരീകരണം നടക്കും. അതേസമയം തമ്മിൽ ചില യോജിപ്പുകളുള്ളവരുമായിട്ടായിരിക്കും നമ്മൾ കൂടുതൽ ഇടപഴകുന്നത്. സാധാരണ ജീവിതം നോക്കിക്കഴിഞ്ഞാൽ, ഒരേതരത്തിലുള്ള ആളുകളുടെ കൂടിച്ചേരലുകളാണ് കാണാൻ കഴിയുക. വർഗമോ വിദ്യാഭ്യാസമോ ജാതിയോ ഒക്കെ അതിൽ ഘടകങ്ങളായേക്കാം. എന്നാൽ, ജീവിതത്തിന്റെ വ്യത്യസ്താവസ്ഥകളിലുള്ള ആളുകളെ അടുത്തറിയാനുള്ള അവസരം ലഭിച്ചത് ഇങ്ങനെ ഒരു ജീവിതത്തിലേക്കെത്തിയതുകൊണ്ടാണ്. കടം കൊണ്ട് നാട്ടിൽ ജീവിക്കാൻ കഴിയാതെ വന്നവർ, കുറ്റം ചുമത്തപ്പെട്ടവർ, അറിവുതേടി ഇറങ്ങിയവർ, കാമുകീകാമുകന്മാർ, വീടുപേക്ഷിക്കേണ്ടി വന്നവർ, മാനസികരോഗമുള്ളവർ, രാഷ്ട്രീയക്കാർ, ചിത്രം വരയ്ക്കുന്നവർ, ഗായകർ, ചിന്തകർ, സാമൂഹ്യപ്രവർത്തകർ, എഴുത്തുകാർ, ലൈംഗിക വിമതർ എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള മനുഷ്യരെ ഏറ്റവും അടുത്ത് പരിചയിക്കാനായി. ചിലപ്പോൾ അവരോടൊപ്പം ചെസ് കളിക്കുകയും നടക്കാനിറങ്ങുകയും ചായ കുടിക്കാൻ പോവുകയും ചെയ്തു. ചിലരുമായി മണിക്കൂറുകളോളം സംസാരിച്ചു. വിവാഹങ്ങൾക്കും വിവാഹമോചനങ്ങൾക്കും സാക്ഷിയായി.
മൈത്രേയന്റെ സുഹൃത്തെന്ന നിലയിൽ ജീവിതത്തിലെത്തിയ ആളാണ് ടി.എൻ. ജോയ്. വളരെ ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് തീവ്രവാദ രാഷ്ട്രീയത്തിലേക്കിറങ്ങിത്തിരിക്കുകയും അടിയന്തരാവസ്ഥയിൽ മർദനം ഏൽക്കേണ്ടിവരുകയും ചെയ്ത ആളാണ് അദ്ദേഹം. ലോകത്തിൽ എവിടെയും പുതുതായി ഉയർന്നുവരുന്ന സിദ്ധാന്തങ്ങൾ അപ്പപ്പോൾ വായനയിലൂടെ പിന്തുടരുകയും എല്ലാ തലങ്ങളിലുമുള്ള രാഷ്ട്രീയാവസ്ഥകൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ടൈറ്റിൽ പോലെ ""പാർട്ടി മെമ്പർഷിപ്പില്ലാത്ത ചിന്തകളാ''യിരുന്നു എങ്കിലും അവസാനം വരെ കമ്യൂണിസ്റ്റ് ആയി സ്വയം പ്രഖ്യാപിച്ചു. മറ്റൊരാളെ പോലെ എന്നുപറയാനാവാത്ത തരത്തിൽ സവിശേഷതകളുള്ള ഒരു വ്യക്തിയായിരുന്നു ജോയ്. പരിചയപ്പെടുന്ന ആരിലും പോസിറ്റീവോ നെഗറ്റീവോ ആയ ഒരു മുദ്ര പതിപ്പിച്ചിരിക്കും. എന്നെ ഏറ്റവും സ്വാധീനിച്ച കാര്യം, ഏറ്റവും അപമാനിതവും നിന്ദ്യവുമായ മനുഷ്യാവസ്ഥയിൽ പെട്ടിരിക്കുന്നവരോടുള്ള ജോയിയുടെ ശ്രദ്ധയും അനുതാപവുമാണ്. അത് വളരെ വിചിത്രമായ തരത്തിലായിരിക്കും പ്രകടിപ്പിക്കുക. അവരുടെ ഉള്ളിൽ നിമിഷനേരത്തേക്കെങ്കിലും ആശയുടെ ഒരു മിന്നലുണ്ടാകും. അത്തരം അവസ്ഥകളിലേയ്ക്ക് സ്വയം താണുപോയിരുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടും കുറ്റവാളികളെയും നമുക്ക് ഭൗതികമായി ഒഴിവാക്കാൻ കഴിഞ്ഞാൽ പോലും ഉള്ളിൽ നിന്ന് ഇറക്കി വിടാൻ കഴിയില്ല. മനുഷ്യാവസ്ഥകൾ അത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെ അറിയാൻ കഴിഞ്ഞത് മൈത്രേയനും ജോയിയും മനുഷ്യരോട് പെരുമാറുന്നത് കണ്ടിട്ടാണ്.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം ഇടതുപക്ഷ രാഷ്ട്രീയവുമായി ആശയപരമായി ചേർന്നുകൊണ്ടാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ നന്നായി വേരുപിടിച്ചിട്ടുള്ളതുകൊണ്ടുകൂടിയാവണം അത്.
സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങളും നേരത്തേ സമൂഹത്തിൽ നിലനിന്നിരുന്നുവെങ്കിലും ജീവിതവീക്ഷണത്തിൽ മാറ്റമുണ്ടായപ്പോഴാണ് അതൊക്കെ കാണാൻ തുടങ്ങിയത്. ഈ മാറ്റത്തോടെ കൂടുതലായി ബന്ധപ്പെടുന്ന സുഹൃത്തുക്കളും വ്യത്യസ്തരായി. ഒരേപോലെ ചിന്തിക്കുന്ന സ്ത്രീകളുടെ ഒരു നിര പതുക്കെ ഉയർന്നുവരാൻ തുടങ്ങി. കേരളത്തിൽ തന്നെയാണ് ജീവിച്ചുപോന്നതെങ്കിലും ഒരു പുതിയ കേരളമാണ് ആ സമയത്ത് അനുഭവിച്ചത്. നേരത്തേ കേരളത്തിൽ ഉണ്ടായിരുന്ന പ്രസ്ഥാനങ്ങളെപ്പറ്റിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങി. ജനകീയമായ സംഘടിത പ്രസ്ഥാനങ്ങളുമായി ചേർന്നുനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഒരു കടമയായാണ് അന്ന് മനസ്സിലാക്കിയത്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം ഇടതുപക്ഷ രാഷ്ട്രീയവുമായി ആശയപരമായി ചേർന്നുകൊണ്ടാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ നന്നായി വേരുപിടിച്ചിട്ടുള്ളതുകൊണ്ടുകൂടിയാവണം അത്. റാഡിക്കലായ ആശയങ്ങളുണ്ടെങ്കിലും റാഡിക്കൽ പ്രസ്ഥാനങ്ങളുണ്ടായിട്ടില്ല.
അതേസമയം ഫെമിനിസം സ്ത്രീകളിലുണ്ടാക്കിയ അവബോധം, ഒറ്റയ്ക്ക് സ്ത്രീകൾക്ക് പ്രതിരോധം ചെയ്യാനും അത് പൊതുബോധത്തിൽ പ്രഭാവം ചെലുത്താനും സഹായിച്ചിട്ടുണ്ട്. പി.ഇ. ഉഷയുടെ സമരം, കന്യാസ്ത്രീകളുടെ പ്രതിരോധം, എഴുത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജെ. ദേവികയും മറ്റും തീർക്കുന്ന പ്രതിരോധങ്ങൾ, ദലിത് ഫെമിനിസ്‌ററ് രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം ഫെമിനിസത്തെ, ആധിപത്യപരമായ സംഘടിത പ്രസ്ഥാനങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമാക്കുന്നുണ്ട്. ഫെമിനിസം ഒരു വശത്ത് നിലപാട് രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികാടിത്തറയിൽ ഊന്നുന്നു എങ്കിലും, അടിത്തറ കൈവിട്ട നൈതികമായ പ്രയോഗങ്ങളിലൂടെയും കലാസാഹിത്യരചനകളിലൂടെയും സർഗ്ഗാത്മകമായിരിക്കാനുള്ള സാദ്ധ്യത അതിൽ അന്തർലീനമാണ്.
വ്യക്തിപരമായി, 35 വർഷങ്ങൾക്ക് മുൻപ് എനിക്കുണ്ടായ പരിണാമത്തിൽ നിന്നും അടുത്ത പരിണാമഘട്ടത്തിലെത്തുമ്പോഴേക്കും മൂന്നു തലമുറയിലെ ഫെമിനിസ്റ്റുകൾ ചുറ്റും അണിചേരുന്നുണ്ട് എന്നത് ആത്മബലം നൽകുന്നു.
എന്റെ ജീവിതത്തിൽ രൂപപരിണാമം തുടർന്നുകൊണ്ടിരിക്കുന്നതാണ്. പിന്നീടുണ്ടായ പരിണാമത്തിന്റെ സാഹചര്യമുണ്ടാക്കിയത് ഒരു പക്ഷേ, ഫെമിനിസത്തിന്റെ വഴിയിലൂടെയുള്ള സഞ്ചാരം തന്നെയാണ്. ഫെമിനിസ്റ്റ് പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കാൻ മാർക്‌സിസത്തിന് കഴിഞ്ഞു എങ്കിലും അതിന്റെ ദാർശനികമായ പരിമിതികൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ചരിത്രപരമായും ഭൗതികമായും രൂപപ്പെടുന്ന ചുറ്റുപാടുകളുടെ നിർണയത്തിന് മാർക്‌സിസം നൽകിയ ഊന്നലാണ്, പ്രയോഗത്തിന് പ്രാമുഖ്യമുള്ള ജീവിതവീക്ഷണത്തിന് പ്രേരകമായത്. അതേസമയം ആശയങ്ങളും കലാവിഷ്‌കാരങ്ങളും സാഹിത്യവും ആത്മീയതയും ഒക്കെ അടങ്ങുന്ന സൂക്ഷ്മലോകത്തെ, ഉപരിഘടന എന്ന തരത്തിൽ പിൻനിരയിലാക്കുകയും ഭൗതികമായ ഉത്പാദന ബന്ധങ്ങൾ അടങ്ങുന്ന അടിത്തറക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുക വഴി സൂക്ഷ്മലോകത്തിന്റെ സമൂർത്തതയിൽ ശ്രദ്ധിക്കാൻ അതിന് കഴിയാതെ പോയിട്ടുണ്ട്. ഇത് മാർക്‌സിസം തന്നെ സ്വയം വിമർശനപരമായി കണ്ടേക്കാവുന്ന യാന്ത്രികതയിലേക്ക് അതിന്റെ അനുയായികളെ എത്തിക്കുന്നു. സ്വതന്ത്ര ചിന്തയെയും സർഗാത്മകതയെയും ഭയക്കുന്ന ഒരവസ്ഥ അത് സംജാതമാക്കുന്നു.
ഭാരതീയമായ ചിന്താസമ്പ്രദായത്തിന്റെ തുടർച്ചയിലെ വ്യത്യസ്തമായ ആവിഷ്‌കാരമാണ് ഗുരുവിൽ കാണുന്നത്. നമ്മൾ കൈയാളുന്ന ചില അറിവിന്റെ ഉപകരണങ്ങൾ കയ്യൊഴിയുന്നതിലൂടെയാകാം ചിന്ത മറ്റൊരറിവിലേയ്ക്ക് തുറക്കുന്നത്.
ക്വിയർ പ്രസ്ഥാനത്തെയും ലൈംഗിക തൊഴിലാളി പ്രസ്ഥാനത്തെയും ഒക്കെ ദീർഘകാലം സംശയത്തോടെ നോക്കാൻ മാർക്‌സിസ്റ്റ് പ്രസ്ഥാനങ്ങളെ നിർബന്ധിതമാക്കിയത് ഈ പരിമിതിയാവാം. ആദർശാത്മകമായ ഒരു സ്ത്രീത്വത്തെയും കുടുംബത്തെയും മുന്നിൽ വച്ച് അതിലേക്ക് ലക്ഷ്യം വച്ചു പ്രവർത്തിക്കാമെന്നാണ് മാർക്‌സിസ്റ്റു ഫെമിനിസ്റ്റുകൾ കരുതുന്നത്. സ്ഥിരമായ ഒരു അടിത്തറ, വർഗപരമായാലും ലിംഗപരമായാലും വിഭാവനം ചെയ്യുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. എന്നാൽ, സ്ഥിരമായ ഐഡന്റിറ്റി എന്നതിനെക്കാൾ ഭിന്നത തിരിച്ചറിയുന്നതിലൂടെയാണ് സ്വത്വങ്ങൾ സ്വതന്ത്രമാകുന്നത്.
നമ്മുടെ അറിവുൽപാദനം പാശ്ചാത്യമായി വികസിച്ചുവന്നിട്ടുള്ള ചിന്താപദ്ധതികളിൽ അടിപ്പെട്ടുപോയി എന്നതും പരിശോധിക്കേണ്ട വിഷയമാണ്. അക്കാദമികമായും, അതിനുപുറത്ത് രാഷ്ട്രീയമായും അങ്ങനെ തുടരുകയാണ്. സയൻസും, രാഷ്ട്രീയമായി നമ്മളെ സ്വാധീനിച്ച മാർക്‌സിസവും പാശ്ചാത്യലോകത്ത് നിന്ന് വന്നതാണല്ലോ. ഭാരതീയമായ സമ്പ്രദായങ്ങളുടെ തുടർച്ച അറിവിന്റെ കാര്യത്തിൽ നഷ്ടപ്പെട്ടതായി ചിലർ കരുതുന്നുണ്ട്. യൂറോപ്പിതര വിഭാവനകളിലൂടെ ഉണ്മയെക്കുറിച്ചുള്ള ഒരു വിചിന്തനം ഈയിടെ കോഴിക്കോട്, ദിലീപ് രാജ് സംഘടിപ്പിച്ചിരുന്നു. നിസാർ അഹമ്മദ് ആണ് ആ വിഷയം അവതരിപ്പിച്ചത്. നാരായണഗുരു എങ്ങനെ ഭാരതീയചിന്തയുടെ സമ്പ്രദായം, പാരമ്പര്യത്തിൽ നിന്ന് വിടർത്തിയെടുത്ത് തന്റെ ജീവിത പദ്ധതിയ്ക്കായി ഇണക്കിചേർത്തു എന്ന് അദ്ദേഹം പറയുന്നുണ്ട്. എഴുത്തിലെ പ്രാമാണികത മാത്രമായി അറിവിനെ എടുക്കാൻ കഴിയില്ല എന്നതാണ് ഈ സമ്പ്രദായത്തിന്റെ സവിശേഷത. നാരായണഗുരുവിന്റെ സാന്ദർഭികമായ ഉക്തികളിലൂടെയും ജീവിതചര്യകളിലൂടെയും സാമൂഹ്യമായ ഇടപെടലുകളിലൂടെയും ചേഷ്ടകളിലൂടെയുമൊക്കെ കടന്നുപോയിക്കൊണ്ടുമാത്രമേ, രചനകളെ സമീപിക്കാൻ കഴിയൂ. അപ്പോഴും അതിൽ നിന്നെല്ലാം മുക്തമായ, "നിർബാധ്യത' നാരായണഗുരുവിൽ കാണാൻ കഴിയും എന്ന് നിസാർ നിരീക്ഷിക്കുന്നു (ഗുരുചിന്തന-ഒരു മുഖവുര). ഭാരതീയമായ ചിന്താസമ്പ്രദായത്തിന്റെ തുടർച്ചയിലെ വ്യത്യസ്തമായ ആവിഷ്‌കാരമാണ് ഗുരുവിൽ കാണുന്നത്. നമ്മൾ കൈയാളുന്ന ചില അറിവിന്റെ ഉപകരണങ്ങൾ കയ്യൊഴിയുന്നതിലൂടെയാകാം ചിന്ത മറ്റൊരറിവിലേയ്ക്ക് തുറക്കുന്നത്. വർഷങ്ങളായി നിസാറിന്റെ ഭാഷണങ്ങൾ കേൾക്കാൻ ശ്രമിച്ചിട്ടുണ്ട്. തിരക്കില്ലാത്ത വഴികളിലൂടെ ചിന്തയെ നടത്തിക്കൊണ്ടു പോവുകയാണ് നിസാർ ചെയ്യുന്നത്. സാവധാനം ചിന്തയിലൂടെ നടക്കാനുള്ള ഒരു പരിശീലനം പോലെയാണ് അത് തോന്നിയിട്ടുള്ളത്. എനിക്കുണ്ടായിട്ടുള്ള പരിണാമത്തിൽ ഈ നടത്തങ്ങൾക്കും പങ്കുണ്ടാകും.
പരിണാമഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആകെ ഉലഞ്ഞുപോയിട്ടുണ്ട്. രൂപം പുറമെ മാറ്റുന്നതിനേക്കാൾ ആന്തരികമായ അഴിച്ചുപണിയലിന്റെ ഘട്ടത്തിൽ അന്തരാളം ശൂന്യമായിരുന്നിട്ടുണ്ട്. വഴി തെറ്റി പോയിട്ടുണ്ട്. ഭ്രാന്തമായ അപകടങ്ങളിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരിക്കും. ചുറ്റുമുള്ളവർക്കും വേദനിച്ചിട്ടുണ്ടാകാം. ആവരണങ്ങൾ ഉരിഞ്ഞുമാറ്റുന്ന വേദന അനിവാര്യമാണ്. മാറിവരുന്ന ലോകത്തോട് പൊരുത്തപ്പെടാൻ രൂപമാറ്റം മനുഷ്യർക്ക് വേണ്ടിവരുന്നു. എപ്പോഴും മറ്റു മനുഷ്യജീവികളുമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സൂക്ഷ്മലോകം ഉള്ളതിനാൽ, നിരന്തരമായ സൃഷ്ടി പ്രവർത്തനം മനുഷ്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതിനാവശ്യമായ ചിന്തയുടെ ഉപകരണങ്ങളും അവയവങ്ങളും മാറ്റേണ്ടിവരുമ്പോഴാണ് രൂപപരിണാമം (Metamorphosis) സംഭവിക്കുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.