Photo : US Navy, via Wikimedia Commons

മഹാവ്യാധിക്കൊപ്പം

എഴുകോൺ- 49

മനുഷ്യരുടെ പ്രകൃതി മാറുമോ, മാറിയാൽ അതെങ്ങനെ ആകും എന്ന ചിന്തയാണ് കോവിഡാനന്തരലോകത്തെക്കുറിച്ച് ഉയർന്നുവരുന്നത്.

രോഗവ്യാപനശാസ്ത്ര (Epidemiology)വിദ്യാർത്ഥികളോട് കോവിഡ് ഉദ്ഭവിച്ച ശേഷം ‘നിങ്ങൾ ഭാഗ്യമുള്ളവരാണല്ലോ’ എന്ന് ഞാൻ പറയാറുണ്ട്. ഒരു മഹാവ്യാധിയുടെ എല്ലാ ഗുണങ്ങളും തികഞ്ഞ ഒന്ന് നെടുനീളത്തിൽ പഠിക്കാനുള്ള അവസരം അവരുടെ മുന്നിൽ വന്നു കിടക്കുകയാണ്.
അടുത്ത നിമിഷം തന്നെ, ഞാൻ പറഞ്ഞത് ശരിയായോ എന്ന് ചിന്തിക്കും.
ചുറ്റും ആളുകൾ ദുരിതത്തിലേക്കും പരിഭ്രാന്തിയിലേക്കും പൊയ്‌കൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് വിചാരിക്കാൻ കഴിയില്ലല്ലോ. നമുക്ക് സുഹൃത്തുക്കളേയും ബന്ധുക്കളേയും നഷ്ടമായിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക്, പ്രത്യേകിച്ച് നഴ്സുമാർക്കും ഡോക്ടർമാർക്കും റിസ്‌ക് അധികമാണ്. നൂറു കണക്കിന് ആതുരശുശ്രൂഷകർക്ക് ഇന്ത്യയിൽ തന്നെ ജീവൻ നഷ്ടപ്പെട്ടു. നാമോരോരുത്തരുടേയും ഭാവി ഓർത്ത് തന്നെ ഉത്കണ്ഠപ്പെടാനുണ്ട്. പ്രായക്കൂടുതലും പ്രമേഹവും മൂലം എനിക്ക് സ്പെഷ്യൽ പേടിയുണ്ട്. സാമ്പത്തിക വ്യവസ്ഥയിൽ വലിയ വിള്ളലുകളുണ്ടായി. വരും കാലങ്ങളിലെ ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്.
ആലോചിച്ചു നോക്കിയാൽ കോവിഡ് ഇല്ലെങ്കിലും മനുഷ്യരും മറ്റു ജീവികളും, ദൈന്യവും ക്ഷണികവും ചഞ്ചലവുമായ അസ്തിത്വം പേറുന്നവരല്ലേ? എങ്കിലും അൽപം സ്വസ്ഥത വരുമ്പോൾ നമ്മൾ അത് മറന്നു പോകുന്നു എന്ന് മാത്രം. മറന്നു കൊണ്ടേ ഊർജ്വസ്വലതയോടെ നമുക്ക് ജീവിക്കാൻ കഴിയൂ. ദുരന്തങ്ങൾ, മറന്നത് ഓർമ്മപ്പെടുത്തുന്നു.

മനുഷ്യരും മറ്റുള്ള ജീവികൾക്കിടയിലെ ഒരു ജീവിയാണ്. മനുഷ്യരെ അപേക്ഷിച്ച് വളരെ വളരെ ചെറുതെങ്കിലും വൈറസുകൾ അവർക്ക് ഭീഷണിയായി. നമ്മൾ ആലങ്കാരികമായി പറയുന്നതുപോലെ വൈറസ് മനുഷ്യനെതിരെ യുദ്ധം ചെയ്യാൻ വന്നതൊന്നുമല്ല. അതിന്റെ രൂപഭാവങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുക മാത്രമാണ്. മനുഷ്യർ ഭയക്കുന്ന മ്യൂട്ടേഷനുകൾ വൈറസുകൾക്ക് അതിജീവനോപാധിയാണ്. മറ്റു ജീവികളെ ഉപജീവിക്കാൻ ശ്രമിക്കുന്ന ഏതു ജീവിയും അതിന്റെ ആതിഥേയരെ കൊല്ലാൻ ശ്രമിക്കുകയില്ല. ആതിഥേയരെ കൊല്ലുന്നത് അവയുടെ അതിജീവനത്തിന് സഹായകമാകുകയില്ലല്ലോ. എങ്കിലും അറിഞ്ഞും അറിയാതെയും പരസ്പരം ഇല്ലായ്മ ചെയ്തും സഹകരിച്ചുമാണ് പ്രപഞ്ചത്തിൽ ജീവികൾ സഹജീവിതം നയിക്കുന്നത്. കൊലയിൽ രസിക്കുന്ന ജീവി ഒരു പക്ഷേ, മനുഷ്യർ മാത്രമായിരിക്കും.

മഹാവ്യാധികൾ മനുഷ്യഭാവനയിലും ഭാവുകത്വത്തിലും സാമൂഹ്യഘടനയിലും തന്നെ മാറ്റങ്ങളുണ്ടാക്കാൻ പോന്നവയാണ്. അതുകൊണ്ടായിരിക്കാം കോവിഡിന്റെ തുടക്കത്തിൽ തന്നെ, പാൻഡെമിക്കിനു ശേഷം ലോകം പഴയതു പോലെയാവില്ല എന്ന് ചിന്തകർ വിധിയെഴുതിയത്.

ചരിത്രത്തിലുടനീളം പകർച്ചവ്യാധികളും മഹാവ്യാധികളും ഉണ്ടായിരുന്നതായി കാണാം. സാധാരണയിൽ അധികമായ എണ്ണത്തിൽ പകർച്ച രോഗങ്ങളുണ്ടാകുന്നതാണ് പകർച്ച വ്യാധി (epidemic). നമ്മുടെ നാട്ടിൽ ഇടക്കിടെ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്, ഡെങ്കിപ്പനി, അതിസാരം എന്നിവയൊക്കെ പകർച്ചവ്യാധികളാണ്. എന്നാൽ, ലോകത്താകമാനം വ്യാധി, വ്യാപിക്കുകയും നീണ്ടു നിൽക്കുകയും ചെയ്യുമ്പോഴാണ് മഹാവ്യാധി (pandemic) യാകുന്നത്. വൈറസുകൾ പരത്തുന്ന ഫ്‌ളൂ പലപ്പോഴും പാൻഡെമിക് ആയിട്ടാണ് ഉണ്ടാകാറ്​. പൊടുന്നനെ ലോകമാകെ പരക്കുന്ന തരത്തിലുള്ള വ്യാപന സ്വഭാവം, മനുഷ്യരുടെ സഞ്ചാരം, ജനസാന്ദ്രത തുടങ്ങി പല ഘടകങ്ങളും ഒരു പാൻഡെമിക് ഉണ്ടാകുന്നതിൽ പ്രധാന ഘടകങ്ങളാണ്.

ഏറ്റവും കൂടുതൽ ആവർത്തിച്ച് ലോകത്തുണ്ടായ പാൻഡെമിക് പ്‌ളേഗ് ആണ്. ബി.സി യിൽ തന്നെ തുടങ്ങിയ, എലികൾ പരത്തുന്ന ഈ മഹാവ്യാധി ഇപ്പോഴും പല സ്ഥലങ്ങളിലും പൊട്ടി പുറപ്പെടാറുണ്ട്. ഇപ്പോൾ ചികിത്സ ഉള്ളതിനാൽ അധികം വ്യാപിക്കാറില്ല. കോളറയും വസൂരിയും ഇതുപോലെ പടർന്നു പിടിച്ചതാണ്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ പല ഫ്‌ളൂ പാൻഡെമിക്കുകളും ഉണ്ടായിട്ടുണ്ട്. 1918 -1919 കാലത്ത് പടർന്ന് പിടിച്ച സ്പാനിഷ് ഫ്‌ളൂ അഞ്ഞൂറു ദശലക്ഷം പേരെ ബാധിക്കുകയും അൻപതു ദശലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തു. അന്നത്തെ ജനതയുടെ ഏതാണ്ട് മൂന്നിലൊന്നോളം വരുന്ന ജനങ്ങളെ ഇത് ബാധിച്ചതായി കരുതുന്നു. നാൽപ്പതു വയസ്സിൽ താഴെയുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരേയും ഇത് അധികമായി ബാധിച്ചിരുന്നു എന്ന് കാണാം.

ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇത്ര വ്യാപകമായ മറ്റൊരു പാൻഡെമിക് ഉണ്ടാകുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായ സാർസ്, മെർസ് എന്നിവ സമാന സ്വഭാവമുള്ളവ ആയിരുന്നു എങ്കിലും ഇതുപോലെ ലോകം മുഴുവനും വ്യാപിച്ചില്ല. 2020 മാർച്ചിൽ, കോവിഡ്- 19 ഒരു പാൻഡെമിക് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

മഹാവ്യാധികൾ എക്കാലവും മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളേയും പിടിച്ചുലക്കുന്നതാണ്. മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന സംഭവമായതുകൊണ്ട് ദാർശനികരും എഴുത്തുകാരും അവരുടെ ശ്രദ്ധ ഇതിലേക്ക് തിരിക്കുന്നു. വൈറസും രോഗവ്യാപനവും മഹാവ്യാധിയുമൊക്കെ മറ്റു സാമൂഹിക പ്രതിഭാസങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളായി മാറുന്നതും ഇതുകൊണ്ടാണ്. ആൽബർട്ട് കാമു കഴിഞ്ഞ നൂറ്റാണ്ടിൽ മഹായുദ്ധങ്ങൾക്കുശേഷം എഴുതിയ പ്‌ളേഗ് എന്ന നോവൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഫാസിസ്റ്റ് രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതാണ്. ശരീരങ്ങളിലേക്ക് പടർന്നുപിടിക്കുന്ന അണുക്കളെ പോലെ ആശയങ്ങൾ മനുഷ്യമനസ്സുകളിൽ പടർന്നുപിടിച്ച് സാമൂഹ്യജീവിതത്തിൽ രോഗാതുരത പടർത്തുന്നു. മഹാവ്യാധികളെ പോലെ രാഷ്ട്രീയ പ്രതിസന്ധികളും ആവർത്തിച്ചു വരാൻ സാദ്ധ്യതയുണ്ട്. മഹാവ്യാധികൾ മനുഷ്യഭാവനയിലും ഭാവുകത്വത്തിലും സാമൂഹ്യഘടനയിലും തന്നെ മാറ്റങ്ങളുണ്ടാക്കാൻ പോന്നവയാണ്. അതുകൊണ്ടായിരിക്കാം കോവിഡിന്റെ തുടക്കത്തിൽ തന്നെ, പാൻഡെമിക്കിനു ശേഷം ലോകം പഴയതു പോലെയാവില്ല എന്ന് ചിന്തകർ വിധിയെഴുതിയത്.

ഏതായാലും മഹാവ്യാധികൾ എപ്പോഴും ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ആരോഗ്യക്രമത്തിൽ അത് പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നു. സമ്പത്തിന്റെ വിതരണത്തിൽ പുതിയ ക്രമങ്ങൾ നേരിയ തോതിലെങ്കിലും ഉണ്ടാകും. മനുഷ്യഭാവനയെ ഉണർത്തുക വഴി സാഹിത്യത്തിലൂടെയും സിനിമയിലൂടെയും ജീവിതത്തെ സ്വാധീനിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പാനിഷ് ഫ്‌ളൂ ഉണ്ടായപ്പോഴത്തേക്കാൾ രോഗവ്യാപന സാദ്ധ്യത ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ജനസംഖ്യ അന്നത്തേക്കാൾ നാലിരട്ടി വർദ്ധിച്ചു. എന്നാൽ, അതിന് ആനുപാതികമായി നോക്കിയാൽ, കോവിഡ് ബാധയും മരണവും അത്രക്കുണ്ടായിട്ടില്ല എന്നുകാണാം. മരണനിരക്ക് ഇവക്ക് രണ്ടിനും ഏതാണ്ട് ഒരേ പോലെയാണ്. അതിന്റെ ഏറ്റക്കുറച്ചിലുകളെ ബാധിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. രോഗത്തിന്റെ പരിണാമഘട്ടങ്ങളെ കുറിച്ചും വ്യാപനത്തെ കുറിച്ചുമുള്ള വ്യക്തമായ ധാരണകളും, നിയന്ത്രണത്തിനുള്ള ഫലപ്രദമായ ഉപാധികളും, ആ വിജ്ഞാനത്തിന്റെ വിതരണവും, അത് ഏറ്റെടുക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയും, കാര്യക്ഷമതയും എല്ലാം ഇതിൽ പ്രവർത്തിക്കും. ഇവയിലോരോന്നും പഴയതിനേക്കാൾ മെച്ചമാണെന്നതിൽ സംശയമില്ല.

രോഗനിവാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളെ സംബന്ധിച്ച്​ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കാതെ നോക്കിക്കൊണ്ടിരിക്കുക എന്നത് ഏറ്റെടുക്കേണ്ട ഒരു കർത്തവ്യമായിരുന്നു

2019 ഡിസംബറിൽ വുഹാനിൽ റിപ്പോർട്ട് ചെയ്തതു മുതൽ എല്ലാവരും ഇത് നേരിടാനുള്ള തയാറെടുപ്പുകളും തുടങ്ങി. തയാറെടുപ്പുകളുടെയും നിവാരണ പരിപാടികളുടേയും കാര്യത്തിൽ കേരളം വളരെ മുന്നിലാവുകയും ചെയ്തു. 2020 ജനുവരിയിൽ തന്നെ ഞാനും സഹപ്രവർത്തകരും ലഭ്യമായ വിവരങ്ങൾ വച്ച്​ലഘുലേഖകൾ തയാറാക്കി വിതരണം ചെയ്തു. ജനുവരി 30ന്​ വിദേശത്തുനിന്ന് വന്ന ഒരു വിദ്യാർത്ഥിനിക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് പോയവർ എപ്പോഴും കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുമെങ്കിലും ആ സമയത്ത് പാൻഡെമിക് കാരണം കൂടുതൽ ആൾക്കാർ എത്തിച്ചേരുമെന്ന് മുൻകൂട്ടി കണ്ടിരുന്നു. ചൈനയിൽ ഇവിടെ നിന്ന് ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്നുമുണ്ട്. മെഡിക്കൽ കോളേജിൽ ഞങ്ങൾ അപ്പോൾ തന്നെ മൂന്നു റൂമുകൾ ഇതിനായി നീക്കി വച്ചു. പൊതുവെ, രോഗികൾക്ക് ആവശ്യമായത്രയും റൂമുകൾ ഉണ്ടാകാത്തത് കൊണ്ട് ഇതുതന്നെ വളരെ പ്രയാസപ്പെട്ടാണ് അന്ന് ചെയ്തത്. ഏതാനും മാസങ്ങൾക്കകം തന്നെ ആശുപത്രിയുടെ മുക്കാൽ പങ്കും കോവിഡ് രോഗികൾക്കായി മാറ്റിവെക്കേണ്ടി വന്നു എന്നതാണ് രസകരമായ കാര്യം. രണ്ടു വർഷങ്ങൾക്കകത്ത്, കോവിഡ് കൊണ്ട് വന്ന മാറ്റങ്ങൾ അതിനു മുമ്പ് ഭാവന ചെയ്യാൻ കഴിയാത്തതാണ്.

ആദ്യഘട്ടത്തിൽ തന്നെ കോവിഡ് എങ്ങനെയാണ് പകരുന്നതെന്ന ധാരണ ഉണ്ടായിക്കഴിഞ്ഞിരുന്നു. കേരളം ‘ബ്രേക്ക് ദ ചെയ്ൻ കാമ്പയിൻ' തുടങ്ങി. ഒരാൾക്ക് വന്നാൽ ആദ്യ കാലത്ത് ഏകദേശം മൂന്നോ നാലോ പേരിലേക്ക് ഇത് പകരുന്നതായി കണ്ടിരുന്നു. പിന്നീട് രണ്ടിലും താഴെയായി. മാരകമായ രോഗമാണിത്. പുതിയ ഏതു രോഗമുണ്ടായാലും നമ്മൾ പാനിക് ആകും. അജ്ഞാതമായതെന്തും നമ്മളെ ഭയപ്പെടുത്തും. ഡെങ്കിപ്പനി മൂലവും എലിപ്പനി മൂലവും ഉണ്ടായേക്കാവുന്ന മരണസാദ്ധ്യത ഇതിനേക്കാൾ കൂടുതലാണ്. പക്ഷേ, നമുക്കിത്ര ഭയം തോന്നില്ല. ഗവൺമെന്റുകൾ ഭയം പ്രസരിപ്പിക്കുകയാണെന്നും ചിലർ പറഞ്ഞു തുടങ്ങി.

രോഗനിവാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളെ സംബന്ധിച്ച്​ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കാതെ നോക്കിക്കൊണ്ടിരിക്കുക എന്നത് ഏറ്റെടുക്കേണ്ട ഒരു കർത്തവ്യമായിരുന്നു. അത് വിജയിച്ചാൽ രോഗവ്യാപനം ശരിക്കും തടഞ്ഞു നിർത്താൻ സാധിക്കും എന്നത് ഒരു പൊതുതത്വമാണ് . നിപ, സാർസ് തുടങ്ങിയ രോഗങ്ങളൊക്കെ തടഞ്ഞുനിർത്തുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പുറത്തുനിന്നു വന്ന ഒറ്റപ്പെട്ട രോഗികൾ മാത്രമേ ആ സമയത്ത് ഉണ്ടായിട്ടുള്ളൂ. എല്ലാ രാജ്യങ്ങളെയും ഇത് ബാധിച്ചിട്ടില്ല. ആദ്യം ഗൾഫ് നാടുകളിൽ ഇത് ബാധിച്ചിട്ടില്ലെന്നത് വലിയ ആശ്വാസമുണ്ടാക്കിയിരുന്നു. നമ്മുടെ നാട്ടിൽ കൂടുതലും ഗൾഫിൽ നിന്നാണല്ലോ കുടിയേറ്റക്കാർ വരാൻ സാദ്ധ്യത. അന്ന് ദിവസവും രാവിലെ ഏതൊക്കെ രാജ്യങ്ങളിൽ പുതുതായി രോഗം കണ്ടെത്തി എന്നത് ഞങ്ങൾ രേഖപ്പെടുത്തി വച്ചു. ദിവസങ്ങൾ കഴിയുന്തോറും കോവിഡ് കണ്ടെത്തിയ രാജ്യങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നും വന്നവരൊക്കെ ഫോണിൽ വിളിക്കാൻ തുടങ്ങി. എയർ പോർട്ടിൽ വരുമ്പോൾ തന്നെ പരിശോധന നടത്തുകയും രോഗലക്ഷണങ്ങളുള്ളവരെ ഇതിനായി മാറ്റി വച്ചിട്ടുള്ള ആശുപത്രികളിലേക്ക് സ്വന്തം വാഹനത്തിലോ ആംബുലൻസിലോ മാറ്റുകയും കൃത്യമായി ചെയ്തു വന്നു. ലക്ഷണങ്ങളില്ലാത്തവർ, വീട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു.

ആ സമയത്ത് കോവിഡ് ബാധിച്ച ഒരാൾ ആശുപത്രിയിൽ എത്തിയാൽ ഉണ്ടാകാവുന്ന പാനിക് ഊഹിക്കാവുന്നതേ ഉള്ളൂ. പഴുതടച്ചുള്ള രോഗാണു നിയന്ത്രണ പരിപാടികൾ ഞങ്ങൾ ആവിഷ്‌കരിച്ചു. രോഗികൾ വന്നു തുടങ്ങുന്നതിനു മുമ്പ്​ രോഗമുള്ള ഏതു രാജ്യത്ത് നിന്നു വരുന്നവരും രോഗമുണ്ടാകാൻ സാദ്ധ്യതയുള്ളവരാണെണ് സങ്കൽപ്പിച്ചുവേണം ഓരോ സ്റ്റെപ്പും മുന്നോട്ടു പോകാൻ. രോഗിയുടെ മൂക്കിൽ നിന്നു വരുന്ന സ്രവ കണികകൾ അടുത്തുവരുന്ന മറ്റൊരാളുടെ ശ്വാസകോശത്തിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. ആ സ്രവത്തിന്റെ കണികകൾ അടങ്ങിയ വസ്തുക്കൾ കൈകാര്യം ചെയ്ത ശേഷം മൂക്കിലേക്ക് കൈ കൊണ്ടുപോയാലും രോഗം വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ, രോഗം സംശയിക്കുന്ന ആളിൽ നിന്ന്​മൂന്നടി അകന്നു നിൽക്കുക, ശ്വാസങ്ങൾക്കിടയിൽ തടയിടാനായി മൂക്കും വായും മൂടുന്ന മാസ്‌ക് ധരിക്കുക, കൈ നന്നായി സോപ്പും വെള്ളവും ഒഴിച്ച് കഴുകുക എന്നീ കാര്യങ്ങളാണ് സാധാരണ ആളുകൾ ചെയ്യേണ്ടത്. ആശുപത്രിയിൽ പ്രവർത്തിക്കുന്നവർ ഇതിനേക്കാൾ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന N 95 മാസ്‌ക് അതിനു മുമ്പ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതാണ്. അത്യാവശ്യം വരുന്ന സന്ദർഭങ്ങളിൽ രോഗികളെ പരിശോധിക്കുന്നവർ ഉപയോഗിച്ചിരുന്നു എന്നു മാത്രം. പി.പി.ഇ (PPE)എന്നറിയപ്പെടുന്ന പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റും ഇങ്ങനെ തന്നെ ആയിരുന്നു. ഇപ്പോൾ എല്ലാ ആളുകളും ഇത് സാധാരണമെന്ന പോലെ മനസിലാക്കുന്നു.

പി.പി.ഇ. ധരിച്ച് പത്ത് മണിക്കൂർ വരെ പൊരിഞ്ഞ ചൂടിൽ ജൂനിയർ ഡോക്ടർമാർ കാത്തിരുന്നു. ടോയ്‌ലറ്റിൽ പോകാൻ പോലും കൂട്ടാക്കാതെ ഇരുന്ന വനിതാ ഡോക്ടർമാരുണ്ട്. എങ്ങനെയും രോഗം പരക്കാതെ തടയുക എന്ന ഒറ്റ ഉദ്ദേശ്യമായിരുന്നു.

കോവിഡുള്ള രാജ്യങ്ങളിൽ നിന്ന് ആളുകൾ വരാൻ തുടങ്ങിയപ്പോൾ തന്നെ അവരെ പരിശോധിക്കാൻ അത്യാഹിത വിഭാഗത്തിനടുത്ത് ഒരു മുറി പെട്ടെന്ന് ഷീറ്റ് ഒക്കെയിട്ട് കെട്ടിയുണ്ടാക്കി. അവിടെ പി.പി.ഇ. ധരിച്ച് പത്ത് മണിക്കൂർ വരെ പൊരിഞ്ഞ ചൂടിൽ ജൂനിയർ ഡോക്ടർമാർ കാത്തിരുന്നു. ടോയ്‌ലറ്റിൽ പോകാൻ പോലും കൂട്ടാക്കാതെ ഇരുന്ന വനിതാ ഡോക്ടർമാരുണ്ട്. എങ്ങനെയും രോഗം പരക്കാതെ തടയുക എന്ന ഒറ്റ ഉദ്ദേശ്യമായിരുന്നു. ഇതിനായി, പ്രധാന കെട്ടിടത്തിന് പുറത്ത് മറ്റൊന്നില്ലാത്തതു കൊണ്ടും വാർഡുകൾ മുകളിലത്തെ നിലയിലായതു കൊണ്ടും മുകളിൽ വാർഡിൽ എത്തിക്കുന്നതുവരെയുള്ള രോഗാണുനിയന്ത്രണം പ്രധാനമാണ്. ആളുകൾ എയർപോർട്ടിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ പുറപ്പെടുമ്പോൾ തന്നെ ആശുപത്രിയിൽ വിളിച്ചറിയിച്ചിരുന്നു. അവർ എത്തുമ്പോഴേക്കും ട്രോളി, വീൽ ചെയർ, എന്നിവയും അവരെ കൊണ്ട് പോകുന്ന വഴി അപ്പോൾ തന്നെ അണുവിമുക്തമാക്കാനുള്ള ആളുകളും സംവിധാനങ്ങളും എല്ലാം ഒരുക്കി. ഇതിനായി ഒരു പ്രത്യേകം ലിഫ്റ്റും മാറ്റി വച്ചു. ഡോക്ടർമാർ, നഴ്സുമാർ, അറ്റഡർമാർ, ക്ലീനിംഗ് ജോലിക്കാർ തുടങ്ങി എല്ലാ ആശുപത്രി ജീവനക്കാർക്കും സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പരിശീലനം നൽകി. ശരിയായ രീതിയിൽ സുരക്ഷാ കവചങ്ങൾ ഇടുകയും അഴിച്ചു മാറ്റുകയും ചെയ്യുക എന്നത് പരിശീലിക്കേണ്ടതാണ്.

ഫെബ്രുവരി ആദ്യത്തെ ആഴ്ച തന്നെ രോഗികൾ എത്തുമ്പോൾ യാതൊരു വീഴ്ചയും വരാത്ത തരത്തിൽ ആശുപത്രി സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് ഉറപ്പു വരുത്താൻ ഒരു മോക് ഡ്രിൽ (Mock drill) നടത്തി. രോഗിയെ വാഹനത്തിൽ നിന്ന് ഇറക്കുന്നതുമുതൽ വാർഡിൽ എത്തിക്കുന്നതുവരെ കൃത്യമായി പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് നോക്കാനായിരുന്നു അത്. ഇതിൽ പ്രവർത്തിക്കേണ്ട ആളുകളൊന്നും തന്നെ ഇത് മോക് ഡ്രിൽ ആണെന്ന് അറിഞ്ഞിരുന്നില്ല. ഒരു വിദ്യാർത്ഥി രോഗിയായി അഭിനയിക്കാൻ സന്നദ്ധനായി. ആംബുലൻസിൽ നിന്ന് ഇറക്കുന്ന സമയത്ത് രോഗിയെ സ്വീകരിക്കുന്ന സെക്യൂരിറ്റി ഓഫീസർ മുതൽ വാർഡിലെ നഴ്‌സുമാരടക്കം രോഗിയെ പരിചരിക്കുമ്പോൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ മുഴുവനും പിന്തുടർന്നു. ആളെ കിടത്തിയ ശേഷം മാത്രമാണ് ഇത് പരിശീലനത്തിനായിരുന്നു എന്ന് എല്ലാവർക്കും മനസ്സിലായത്. പോയ വഴിയിലൊക്കെ ഉണ്ടായിരുന്ന ആളുകൾ, അത് കോവിഡ് രോഗിയാണെന്ന് ധരിച്ച് ഭയപ്പെടുകയും കയ്യിലുണ്ടായിരുന്ന കർച്ചീഫും വസ്ത്രത്തിന്റെ തുമ്പും ഒക്കെ ഉപയോഗിച്ച് മുഖം മറച്ച് ഓടി മാറുകയും ചെയ്തു. ആ സമയത്ത് ആളുകൾക്കുണ്ടായിരുന്ന ഭയം ഇതിൽ നിന്ന് മനസ്സിലാക്കാം. അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ടെൻഷൻ മൂലം രോഗിയായി അഭിനയിച്ച വിദ്യാർത്ഥിയുടെ നെഞ്ചിടിപ്പും വല്ലാതെ കൂടിയിരുന്നു.

മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗലക്ഷണങ്ങളുള്ളവരെ ജനുവരി അവസാനം മുതൽ ആശുപത്രികളിൽ മാറ്റി പാർപ്പിക്കാൻ തുടങ്ങി. ജനുവരി 31ന്​ ചൈനയിൽ നിന്നൊരാൾ, ഫെബ്രുവരി രണ്ടിന് ജപ്പാനിൽ നിന്ന്, അങ്ങനെ ദിവസം തോറും ആളുകൾ വർദ്ധിച്ചു വന്നു. ഇടക്ക് വുഹാനിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഇവരെ എല്ലാവരെയും ഓരോ മുറികളിലായി കിടത്തുകയും എല്ലാ മുൻ കരുതലുകളും എടുത്തുമാത്രം പരിശോധിക്കുകയും ചെയ്തു. അധികം താമസിയാതെ തന്നെ ഗൾഫ് നാടുകളിലും രോഗമെത്തി. അന്ന് മുതലുള്ള ഡേറ്റ ഷീറ്റുകൾ നോക്കിയാൽ ആദ്യം ചൈന, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവരും പിന്നീട് ആദ്യതരംഗത്തിൽ മിക്കവാറും എല്ലാവരും ഗൾഫ് രാജ്യങ്ങളിൽ നിന്നും അവരുടെ ബന്ധുക്കളുമായിരുന്നു എന്ന് കാണാം. ദീർഘ കാലത്തിനു ശേഷം നാട്ടിൽ വരുമ്പോൾ, വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കേണ്ടി വരുന്നത് അവർക്കും ബന്ധുക്കൾക്കും പ്രയാസമുണ്ടാക്കിയിരുന്നു. ആദ്യമൊക്കെ ഞങ്ങൾ തയാറാക്കുന്ന ഡേറ്റ ഷീറ്റുകളിൽ സംശയിക്കപ്പെടുന്നവരും രോഗികളും ഏത് രാജ്യത്ത് നിന്ന് അല്ലെങ്കിൽ ഏതു സംസ്ഥാനത്ത് നിന്നു വരുന്നു എന്നതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ അതിന് യാതൊരു പ്രാധാന്യവുമില്ലെന്ന് പറയേണ്ടതില്ലല്ലോ.

ദിവസവും മാറി വരുന്ന സാഹചര്യങ്ങൾ വിലയിരുത്തി രോഗനിയന്ത്രണത്തിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ് എപിഡെമിയോളജിസ്റ്റുകളുടെ ജോലി. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെയും ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളുള്ളവരെ അയക്കുന്ന ഉദ്യോഗസ്ഥരുടേയും ആംബുലൻസ് ഡ്രൈവർമാരുടെയും ചെക്ക്​പോസ്റ്റുകളിൽ നിൽക്കുന്നവരുടെയും ഫോൺ കോളുകൾ ഏതാണ്ട് ഇരുപത്തിനാല് മണിക്കൂറുകളും അറ്റൻഡ് ചെയ്യേണ്ട ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അമിത ഉത്കണ്ഠ പിടി കൂടിയ ചിലർക്ക് എന്തെല്ലാം പറഞ്ഞാലും സമാധാനം ഉണ്ടായി കണ്ടില്ല.

എല്ലാവരും എപ്പോഴും ഡേറ്റ ചോദിച്ചു കൊണ്ടിരിക്കുമെങ്കിലും ഇലക്​ട്രോണിക്​ സംവിധാനങ്ങൾ പൂർണമായി വികസിച്ചിട്ടില്ലാത്ത കേരളത്തിൽ കൃത്യമായ ഡേറ്റ ഉണ്ടാക്കി എടുക്കുന്നതിന് പിന്നിലുള്ള അത്യദ്ധ്വാനം ആരും തിരിച്ചറിയാറില്ല.

തുടക്കത്തിൽ, ചുരുക്കം രാജ്യങ്ങളിൽ മാത്രം രോഗമുണ്ടായ സമയത്ത്, വാർഡുകൾ ഒരുക്കുമ്പോൾ അവിടെ ഡ്യൂട്ടി ഉണ്ടായിരുന്ന നഴ്‌സുമാരൊക്കെ നിസ്സംഗമായാണ് പ്രതികരിച്ചത്. എന്നാൽ, ആഴ്ചകൾക്കുള്ളിൽ തന്നെ അവർക്ക് വീട് പോലും ഉപേക്ഷിച്ച് തുടർച്ചയായി ജോലിയും അത് കഴിഞ്ഞ് ഒറ്റപ്പെട്ട ജീവിതവും നയിക്കേണ്ടി വന്നു. മാർച്ചിലാണ് ആദ്യം ഒരാൾ കണ്ണൂരിൽ പോസിറ്റീവായത്. അത് ഞാൻ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിലായിരുന്നു. അന്ന് റിപ്പോര്ട്ടുകൾ എല്ലാം നേരെ തിരുവനന്തപുരത്ത് പോവുകയും അവിടെ നിന്ന് ഞങ്ങളെ വിളിച്ച് അറിയിക്കുകയുമായിരുന്നു. വാർഡുകളിൽ അധികം ബെഡുകൾ ഒഴിവില്ലാത്തതിനാൽ ടെസ്റ്റ് ചെയ്ത ചിലരെ റിസൾട്ട് വരുന്നതിനു മുൻപ് തന്നെ വീട്ടിലേക്കയച്ചിരുന്നു. അങ്ങനെ വീട്ടിലേക്കയച്ച ഒരാളിലാണ് ആദ്യം രോഗം കണ്ടെത്തിയത്. വീട്ടിൽ പോയ ആളിന് വീട്ടിലും ക്വാറൻറയിൻ പാലിക്കാൻ കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു എങ്കിലും, ആ സമയത്ത് എല്ലാവരും ആശങ്കയിലായി. എത്രയും പെട്ടെന്ന് ആളെ തിരിച്ച് ഹോസ്പിറ്റലിൽ എത്തിക്കണമെന്ന് സ്റ്റേറ്റിൽ നിന്ന് നിർദ്ദേശം വന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു എങ്കിലും അടിയന്തിരമായി കോവിഡ് കൺട്രോൾ സെൽ യോഗം ചേർന്നു. പെട്ടെന്ന് തന്നെ ആംബുലൻസ് റെഡിയാക്കി. ആംബുലൻസ് ഡ്രൈവർക്ക് പി.പി.ഇ നൽകി. ഒരു ഡോക്ടറും കൂടെ പോകാൻ തയാറായി. രാത്രി തന്നെ ആളെ എത്തിച്ച് സ്പെഷ്യൽ വാർഡിൽ അഡ്മിറ്റ് ചെയ്തു. ആൾക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. വീട്ടിലുള്ളവരെ എല്ലാം പരിശോധനക്ക് വിധേയരാക്കി. വീടിനു ചുറ്റുമുള്ളവരുടെ സമ്പർക്കത്തിന്റെ വിശദ വിവരങ്ങൾ ശേഖരിച്ചു. സമ്പർക്കമുള്ളവരെയെല്ലാം നിരീക്ഷണ വിധേയമാക്കി. ഏറ്റവും അടുത്ത് സമ്പർക്കം ഉണ്ടായ ആളുകളെയും അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആൾ ആദ്യം ഒരു പ്രൈവറ്റ് ഡോക്ടറെ കണ്ടിരുന്നതു കൊണ്ട് പ്രായക്കൂടുതലുള്ള ആ ഡോക്ടറേയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ആദ്യമൊക്കെ അഡ്മിറ്റ് ആകുന്നവരുടെ കൂടെ ആരെയും നിർത്തിയിരുന്നില്ല. അതിനാൽ, ആ ഡോക്ടർ രാത്രി മുഴുവൻ അസ്വസ്ഥനായിരുന്നു. വളരെ നിർബ്ബന്ധിച്ചും പല പ്രാവശ്യം ഡോക്ടർമാർ പോയി കണ്ടും ആവശ്യമുള്ളതൊക്കെ നൽകിയുമാണ് ഡോക്ടറെ സമാധാനിപ്പിച്ചു കിടത്തിയത്. രണ്ട് വർഷമായപ്പോഴേക്കും ഇപ്പോൾ അവസ്ഥ എങ്ങനെ മാറിയിരിക്കുന്നു എന്നത് അതിശയകരമാണ്. കോവിഡ് മറ്റേതു രോഗവും പോലെ ഇപ്പോൾ മിക്ക പേർക്കും ഏറെക്കുറെ കാണാൻ സാധിക്കുന്നുണ്ട്.

ഈ പുതിയ വൈറസിന്റെ ജനിതകസ്വഭാവം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ടെത്തി എന്നത് നേട്ടമാണ്. ഘടനയെ കുറിച്ചുള്ള അറിവ് പെട്ടെന്ന് ആർജ്ജിക്കാനും, അത് വിവരവിജ്ഞാന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താകമാനമുള്ള ശാസ്ത്രജ്ഞരിലെത്തിക്കാനും കഴിഞ്ഞു. രോഗനിർണയം നടത്താനുള്ള ടെസ്റ്റുകൾ പെട്ടെന്ന് വികസിപ്പിച്ചെടുത്തു. ഇന്ത്യയിൽ ആദ്യം ഇത് പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ആലപ്പുഴയിലും കോഴിക്കോടും ഒക്കെ വന്നു എങ്കിലും ഞങ്ങൾക്ക് കോഴിക്കോട്ടേക്ക് സാമ്പിൾ അയക്കേണ്ടിയിരുന്നു. ഇതിനുള്ള സംവിധാനങ്ങളൊന്നും അന്ന് ഇല്ലാതിരുന്നതിനാൽ എല്ലാ ജോലികളും ഞങ്ങളുടെ ജൂനിയർ ഡോക്ടർമാർ തന്നെ ആയിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ടെസ്റ്റ് ചെയ്യാൻ സൗകര്യങ്ങളും മറ്റു സംവിധാനങ്ങളുമുണ്ട്. എല്ലാവരും എപ്പോഴും ഡേറ്റ ചോദിച്ചു കൊണ്ടിരിക്കുമെങ്കിലും ഇലക്​ട്രോണിക്​ സംവിധാനങ്ങൾ പൂർണമായി വികസിച്ചിട്ടില്ലാത്ത കേരളത്തിൽ കൃത്യമായ ഡേറ്റ ഉണ്ടാക്കി എടുക്കുന്നതിന് പിന്നിലുള്ള അത്യദ്ധ്വാനം ആരും തിരിച്ചറിയാറില്ല. ഫീൽഡിൽ പ്രവർത്തിക്കുന്നവർ മുതൽ വിവിധ തലങ്ങളിൽ ഇതിന്റെ ജോലി ഏകോപിപ്പിച്ച് നടത്തേണ്ടതുണ്ട്. ലാബറട്ടറിയിൽ ജോലി ചെയ്യുന്നവരും മറ്റു അനവധി ആരോഗ്യപ്രവർത്തകരും ജോലി ചെയ്തു തളർന്നു പോയിട്ടുണ്ട്. സ്ത്രീകളായ നഴ്‌സുമാർക്ക് പെട്ടെന്ന് കുടുംബത്തേയും കുട്ടികളെയും വിട്ട് മൂന്നാഴ്ചയോളം മാറി നിൽക്കേണ്ട അവസ്ഥ വന്നു. കുട്ടികളുടെ പരിചരണവും പഠിത്തവും ഒക്കെ നോക്കി കൊണ്ടിരുന്നവർക്ക് അതെ കുറിച്ചുള്ള ആകാംക്ഷയും ഒപ്പം രോഗീ പരിചരണത്തിലുണ്ടാകുന്ന സമ്മർദ്ദവും ഏൽക്കേണ്ടി വന്നു. പി.പി.ഇ ധരിച്ച്​ തുടർച്ചയായി മണിക്കൂറുകളോളം ജോലി ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും വെള്ളം കുടിക്കാതിരിക്കുന്നതു മൂലമുള്ള വിഷമങ്ങളുമൊക്കെ അവർ പറഞ്ഞിരുന്നു.

​ Edit media കേരളത്തിൽ ലോക്ക്ഡൗണിനെ തുടർന്ന് ആളുകളില്ലാതെ ശൂന്യമായി കിടന്ന നിരത്ത് Photo : Wikimedia Commons

മാർച്ച് അവസാനമാകുമ്പോഴേക്കും രോഗം വ്യാപിക്കുന്നത് തടയാൻ ലോക് ഡൗൺ ഏർപ്പെടുത്തി. വളരെ അസാധാരണമായ ഒരു അനുഭവമാണ് അത് നമുക്ക് നൽകിയത്. നേരത്തേ ചൈനയിലെ ഒക്കെ വിജനമായ പൊതു നിരത്തുകൾ കണ്ട് അതിശയിച്ച നമ്മളും അത് നേരിട്ടനുഭവിക്കുകയായി. ആഴ്ചകൾ കഴിഞ്ഞപ്പോൾ കുരങ്ങുകളും മറ്റു വന്യമൃഗങ്ങളും റോഡുകളിലിറങ്ങിത്തുടങ്ങി. വീടുകളിൽ ഒതുങ്ങി കഴിയേണ്ടി വന്നവർക്ക് ആവശ്യമായ ഭക്ഷണപ്പൊതികളും മരുന്നുമൊക്കെ കൊണ്ടു നല്കാൻ സന്നദ്ധരാവുന്ന തരത്തിൽ ഒരു പുതിയ കൂട്ടായ്മ കേരളത്തിൽ ഉണ്ടായത് പ്രളയ കാലത്തെന്ന പോലെ മനുഷ്യരിൽ പരസ്പരവിശ്വാസവും പ്രതീക്ഷയും ഉണർത്തി.

രോഗികൾക്ക് വ്യത്യസ്തമായ അനുഭവങ്ങളാണുള്ളത്. യാതൊരു ലക്ഷണമില്ലാത്തവരും നിസ്സാര ലക്ഷണങ്ങളുള്ളവരും ആശുപത്രിയിൽ അഡ്മിഷൻ കിട്ടാതെ വലഞ്ഞവരും ആശുപത്രികളിൽ നരകയാതന അനുഭവിച്ചവരും ലോകത്തിൽ എല്ലായിടത്തുമുണ്ട്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പൊതുവേ കഷ്ടപ്പാടുകൾ കുറവായിരുന്നു എന്നുപറയാം. ആദ്യം മുതൽ നടത്തിയ തയ്യാറെടുപ്പുകളാണ് ഇത് സാദ്ധ്യമാക്കിയത്. അപൂർവ്വം ചില സന്ദർഭങ്ങളിൽ ചില സ്ഥലങ്ങളിൽ മാത്രമാണ് ആവശ്യമായ സേവനങ്ങൾ കിട്ടാതെ വന്നത്. രോഗികളുടെ എണ്ണം കുത്തനെ കൂടാതിരിക്കാൻ ആളുകൾ കാണിച്ച ശ്രദ്ധയും, സേവനസൗകര്യങ്ങളുടെ നിരന്തരമുള്ള നിരീക്ഷണവും, ആവശ്യത്തിന് സൗകര്യങ്ങൾ വർദ്ധിപ്പിച്ചതും സഹായിച്ചു. സോഷ്യൽ മീഡിയ ഇക്കാലത്ത് നന്നായി എല്ലാവരും ഉപയോഗിച്ചു. നല്ലതും ചീത്തയുമായ അനുഭവങ്ങൾ പലരും അവരവരുടെ പേജിൽ എഴുതി.

കോവിഡ് കൊണ്ട് വലഞ്ഞവരിൽ ഗർഭിണികൾ ഏറെയുണ്ട്. ആദ്യം ഗൾഫ് രാജ്യങ്ങളിൽ നിന്ന് മുൻഗണന കൊടുത്ത് കൊണ്ടു വന്നത് ഗർഭിണികളെ ആയിരുന്നു. നാട്ടിലെത്തുന്നത് അവർക്ക് ആശ്വാസകരമായിരുന്നെങ്കിലും, സാധാരണ ചെയ്യുന്നതു പോലെ എവിടെയും പോയി കാണിക്കാൻ സാധിക്കുമായിരുന്നില്ല. കേരളത്തിൽ പ്രധാനമായും ഗർഭിണികൾ പ്രൈവറ്റ് ആശുപത്രികളെയാണ് ആശ്രയിക്കാറ്​. ആവശ്യത്തിലധികവും ചെക് അപ് നടത്തുന്ന രീതിയാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ, കോവിഡ് ആരംഭിച്ച ആദ്യഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികൾ അതിന് തയാറായിരുന്നില്ല. എല്ലാവർക്കും ഗവൺമെൻറ്​ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വന്നു. പെട്ടെന്നുണ്ടായ മാറ്റവുമായി പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് പ്രയാസമായിരുന്നു. എയർ പോർട്ടിൽ വന്നിറങ്ങുമ്പോൾ മുതൽ ആകാംക്ഷയോടെ, പല സംശയങ്ങളുമായി സ്ത്രീകൾ ഫോൺ ചെയ്തു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആശുപത്രികൾ തോറും കയറിയിറങ്ങിയിട്ടും സേവനം കിട്ടാതെ മരിച്ചവരുടെ ഒക്കെ റിപ്പോർട്ടുകൾ വന്നു. കേരളത്തിൽ അങ്ങനെ ഒന്നും ഉണ്ടായില്ല എന്നു പറയാം. പക്ഷെ, അബോർഷൻ അടക്കം ഗർഭവും പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ധാരാളം പ്രയാസപ്പെട്ടു. അപൂർവമായെങ്കിലും കോവിഡ് ബാധിച്ച് പ്രസവത്തോടനുബന്ധിച്ച് മരിച്ചവരുണ്ട്. അവരിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു. സിസേറിയൻ ഓപ്പറേഷനൊക്കെ പി.പി.ഇ ഇട്ട്​ ചെയ്ത ഗൈനക്കോളജിസ്റ്റുകളുടെ അനുഭവവും ബുദ്ധിമുട്ടുകളും അവർ വിവരിച്ചു. പോസിറ്റീവ് അമ്മമാരുടെ കുഞ്ഞിനെ ആരുടെ കൂടെ കിടത്തും, മുലപ്പാൽ കൊടുക്കാൻ പറ്റുമോ എന്നതെല്ലാം അക്കാലത്ത് ആലോചിക്കേണ്ട വിഷയങ്ങളായിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ നാലാം തരംഗം വന്നു കൊണ്ടിരിക്കുന്നു. നമ്മൾ രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്നു മോചിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളൂ.

ആദ്യ കാലങ്ങളിൽ കോവിഡ് ബാധിച്ച് സുഖമായി വീട്ടിൽ പോകുന്നത് ഹോസ്പിറ്റലിൽ തന്നെ ആഘോഷമാക്കി. രോഗികളും ബന്ധുക്കളും ആശ്വാസത്തോടെ ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ കൊന്നപ്പൂക്കളും ബൊഗൈൻ വില്ലപ്പൂക്കളുമൊക്കെ നൽകി ആശുപത്രി ജീവനക്കാർ ഒപ്പം നിന്നു. അവർ വീടുകളിലെത്തിയ ശേഷവും വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന സമയത്ത്, അതിന് തയാറാകാതെ വരുന്നവർക്ക് വേണ്ട അത്യാവശ്യ വസ്തുക്കൾ പോലും ചിലപ്പോൾ ഉണ്ടാവില്ല. ചെരുപ്പ്, ബ്രഷ് തുടങ്ങിയവയൊക്കെ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്ന നഴ്‌സുമാരൊക്കെ വാങ്ങി നൽകി. ഭക്ഷണം സാമൂഹിക അടുക്കളയിൽ തയാറാക്കി കൊടുത്തു.

പഞ്ചയാത്തുകളും സാമൂഹിക പ്രവർത്തകരും എല്ലാം രോഗനിയന്ത്രണത്തിനും ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനും സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനും ഒക്കെ പ്രവർത്തിച്ചിരുന്നു എങ്കിലും മറു വശത്ത് ഭീതി മൂലം ആളുകൾ ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ടായി. ആദ്യം ഞങ്ങളുടെ ആശുപത്രിയിൽ ഒരു കോവിഡ് മരണമുണ്ടായപ്പോൾ, ശരീരം അടക്കം ചെയ്യാൻ ആരും തയാറായിരുന്നില്ല. അവസാനം ആശുപത്രി അധികൃതർക്ക് തന്നെ അതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടി വന്നു.

രണ്ടു വർഷം കൊണ്ട് തിരമാല പോലെ പൊങ്ങുകയും താഴുകയും ചെയ്ത മഹാവ്യാധിയുടെ മുന്നേറ്റം നമ്മൾ ഇപ്പോഴും അദ്ഭുതത്തോടെ നോക്കി കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നാലാം തരംഗം വന്നു കൊണ്ടിരിക്കുന്നു. നമ്മൾ രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്നു മോചിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളൂ. സമൂഹവ്യാപനത്തെ പരമാവധി തടഞ്ഞു നിർത്താൻ ശ്രമിച്ച സംസ്ഥാനമാണ് കേരളം. ആദ്യം പുറത്തു നിന്ന് വരുന്നവരിൽ നിന്നും​അവരുടെ ബന്ധുക്കളിൽ നിന്നും അവിടെയും ഇവിടെയും ചിലർക്കൊക്കെ രോഗം പകരാൻ തുടങ്ങി. പിന്നീട് മാർക്കറ്റുകളിൽ നിന്നും ആളുകൾ കൂടുന്നിടത്തുനിന്നും പതുക്കെ സമൂഹവ്യാപനത്തിലേക്ക് കടക്കുകയായിരുന്നു. പരമാവധി വ്യാപനത്തിന്റെ തോത് കുറക്കാനും ആരോഗ്യസംവിധാനം തകരാതിരിക്കാനും അതു കൊണ്ട് സാധിച്ചു. കോവിഡ് ബാധിച്ച ഓരോ വ്യക്തിയും നേരത്തേ ആരെല്ലാമായി ബന്ധപ്പെട്ടു എന്നും ഏതെല്ലാം സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്നുമുള്ള വിശദമായ രേഖ തയാറാക്കാനും അവരിൽ നിന്നും അവരോട് അടുത്തവരിൽ നിന്നും വീണ്ടും വ്യാപിക്കാതിരിക്കാനുള്ള തുടർ നിരീക്ഷണം നടത്താനുമുള്ള ബാദ്ധ്യത ആരോഗ്യപ്രവർത്തകർക്കുണ്ടായിരുന്നു. ഇതിനിടയിൽ കള്ളം പറയുന്ന ചില ആൾക്കാരുമുണ്ടാകുന്നത് വലിയ പ്രയാസമുണ്ടാക്കി.

ലോക്ക്​ഡൗണിന്റെ ഫലമായും രോഗ ഭീതി കൊണ്ടും മാനസിക പ്രശ്‌നങ്ങളും അധികമായുണ്ടായി. ആദ്യത്തെ ഒരു വർഷം ഉത്കണ്ഠയും സമ്മർദ്ദവും ഒക്കെ ആയിരുന്നെങ്കിലും രണ്ടാമത്തെ വർഷമായപ്പോഴേക്ക് വിഷാദവും അതേ തുടർന്ന് ആത്മഹത്യകളും വർദ്ധിച്ചു. ലോക് ഡൗൺ സമയത്തുണ്ടായ വർദ്ധിച്ച ഗാർഹിക പീഡനം, കുടുംബമാണ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഇരിപ്പിടമെന്ന മിഥ്യ തകർത്തു. അതോടൊപ്പം എല്ലാ തരം വയലൻസും വർദ്ധിച്ചതായി കാണുന്നുമുണ്ട്.

മരണം നേർക്കുനേർ നിൽക്കുന്ന അനുഭവമാണ് പാൻഡെമിക് ഉണ്ടാക്കിയത്. അന്തസ്സോടെയുള്ള മരണമാണോ, ഗുണമില്ലാതെ ജീവൻ വലിച്ചു നീട്ടുകയാണോ അഭികാമ്യം എന്നതൊക്കെ സംസാരിക്കപ്പെട്ടു. ഭയത്തെ ആളുകൾ പല വിധത്തിലാണ് നേരിടുന്നത്. മരിക്കാൻ പൊതുവേ ഇഷ്ടമില്ലാതിരുന്ന എന്റെ അമ്മക്ക് അവസാന നാളുകളിൽ കുറച്ച് ഓർമ നഷ്ടപ്പെട്ടിരുന്നു. നേരത്തേ കോവിഡിനെ ഭയപ്പെട്ടിരുന്നു എങ്കിലും ആ സമയത്ത് എനിക്ക് കോവിഡ് വേണമെന്ന് അമ്മ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. മരണത്തെ കോവിഡുമായി താദാത്മ്യപ്പെടുത്തി, അതാവശ്യപ്പെടുക ആയിരുന്നോ എന്നൊന്നും അറിയില്ല. ഓർമ നഷ്ടപ്പെടുന്നവരുടെ ചിന്തകൾ മനസ്സിലാക്കാനുള്ള കഴിവ് ഇപ്പോൾ നമുക്കില്ലല്ലോ.

ജയശ്രീ അമ്മയോടൊപ്പം

കൂടുതൽ ഗവേഷണങ്ങൾ നടത്തി വൈറസിന്റെ വ്യാപനത്തിനൊപ്പം തന്നെ മാസങ്ങൾക്കുള്ളിൽ പ്രതിരോധ വാക്‌സിനുകൾ കണ്ടെത്താനുമായി എന്നതും വലിയ നേട്ടമാണ്. ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും വേഗത്തിൽ വാക്‌സിൻ നിർമിക്കാനായി. ഇന്ത്യയും ഇതിൽ മികച്ച സംഭാവന ചെയ്തു. മരുന്നു ഗവേഷണവും നന്നായി പുരോഗമിച്ചിട്ടുണ്ട്.

മഹാവ്യാധികൾ ആരോഗ്യവിഷയത്തിന്റെ പരിധി കടന്ന് സാമ്പത്തികവും രാഷ്ട്രീയവും നൈതികവും അസ്തിത്വപരവുമായ തലങ്ങളിലേക്ക് കടക്കുന്നതാണ് ചരിത്രത്തിൽ എപ്പോഴും കണ്ടിട്ടുള്ളത്. ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് എങ്ങനെ ലോകജനത പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇത് നമുക്ക് കാണിച്ചു തരുന്നു. ഒരിടത്തുണ്ടാകുന്ന പ്രശ്‌നം മറ്റൊരിടത്ത് പ്രതിഫലിക്കുന്നു. മനുഷ്യർ സഞ്ചരിക്കുന്ന അതേ വേഗത്തിൽ യാത്ര ചെയ്ത് വൈറസും വളരെ പെട്ടെന്ന് വ്യാപിച്ചു. ഇതിന്റെ സാമ്പത്തിക രാഷ്ട്രീയ മാനങ്ങൾ ഏറെ ചർച്ച ചെയ്തിട്ടുള്ളതാണ്. നേരത്തേ തന്നെ സാമ്പത്തികമായി വിഭജിതരായിരിക്കുന്നവരുടെ ഇടയിലെ അന്തരം ഇത് വർദ്ധിപ്പിച്ചു. രാജ്യങ്ങൾ സഹകരണത്തേക്കാൾ മത്സരത്തോടെ പെരുമാറാനും തുടങ്ങി.

പൊതുജനാരോഗ്യസംവിധാനങ്ങൾ ശക്തമല്ലാതിരിക്കുന്ന വികസിതരാജ്യങ്ങൾ പാൻഡെമിക് മൂലം തകരുന്നതും ആരോഗ്യത്തിന്റെ സാമ്പത്തികരാഷ്ട്രീയം വീണ്ടും ചർച്ച ചെയ്യാൻ അവസരമൊരുക്കി. എല്ലാ സ്ഥലങ്ങളിലും കറുത്ത വർഗ്ഗക്കാരും, ദിവസക്കൂലിക്കാരും, സ്ത്രീകളും കുടിയേറ്റക്കാരുമൊക്കെയാണ് കൂടുതൽ ബാധിക്കപ്പെട്ടത്. അതേ സമയം കൃത്യമായ മരുന്നുകൾ കണ്ടുപിടിക്കാത്തതിനാൽ, പദവിക്കപ്പുറം ഏതൊരാളെയും ഗുരുതരമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.
ദാർശനികർ എന്തു പറയുന്നു എന്നതിനും ഇത്തരം അവസ്ഥകളിൽ എല്ലാവരും കാതോർക്കും. ലോക് ഡൗണും മാസ്‌കും സാമൂഹിക അകലവും കോവിഡ് കാലത്തെ മുഖമുദ്രകളായി മാറി. ഇവയെല്ലാം സാമൂഹ്യശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും വിമർശനത്തിന് വിധേയമായിട്ടുമുണ്ട്. ജനങ്ങളെ കർശന നിരീക്ഷണത്തിന് വിധേയരാക്കാനും ഭരണകൂടത്തിന്റെ പരമാവധി അധികാരം ഉറപ്പിച്ചെടുക്കാനുമുള്ള അവസരമായി ഇത് പരാമർശിക്കപ്പെടുന്നു. ചരിത്രത്തിൽ ആദ്യമായല്ലെങ്കിലും കൂടുതൽ സൈബർ നിയന്ത്രണങ്ങളുള്ള ഇക്കാലത്ത് ഇത് കൂടുതൽ അപകടകരമായി കാണുന്നവരുമുണ്ട്.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പ്‌ളേഗ് മഹാമാരി തടയാനായി ജനങ്ങളുടെമേൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകളും നിയന്ത്രണങ്ങളും മിഷായേൽ ഫൂക്കോ, ഡിസിപ്ലിൻ ആൻറ്​ പണിഷ് (Discipline and Punish) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. രോഗബാധയാലുള്ള മരണത്തിനും ശിക്ഷക്കും ഇടയിലായിരുന്നു ആളുകളുടെ ജീവിതം നീങ്ങിക്കൊണ്ടിരുന്നത്. നിരീക്ഷണത്തിലൂടെയുള്ള ഭരണകൂടത്തിന്റെ കർശന നിയന്ത്രണത്തെ ജൈവരാഷ്ടീയം എന്ന തരത്തിൽ അവതരിപ്പിച്ചത് ഫൂക്കോയാണ്. ലോക്ക്​ഡൗൺ കാലത്ത് ഇത് വീണ്ടും ധാരാളം ചർച്ച ചെയ്തു കണ്ടു. രോഗനിയന്ത്രണത്തിന് നിരീക്ഷണം കൂടിയേ കഴിയൂ. എന്നാൽ, ഭരണകൂടത്തിന്റെ അമിതാധികാരം സ്ഥാപിതമാകാതിരിക്കാൻ ജനങ്ങൾ ജാഗരൂകരാകേണ്ടതുമുണ്ട്. ലോക്ക്​ഡൗൺ കാലത്ത് കേരളത്തിൽ സംഭവിച്ചതെന്താണെന്ന് നോക്കാം. ഈ സമയത്ത് സ്വാഭാവികമായും ജനങ്ങൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കാനുള്ള ഉത്തരവാദിത്വം പൊലീസിന് വന്നു. പലയിടങ്ങളിലും പൊലീസിന് ഈ പ്രവൃത്തിയിൽ അഭിനന്ദനം കിട്ടി. രോഗമുള്ള വ്യക്തികൾക്ക് രോഗം എങ്ങനെ കിട്ടിയെന്നും, അവർ വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുന്നുണ്ടോ എന്നും നോക്കുന്നത് ഒരു ഘട്ടത്തിൽ പൊലീസിന്റെ ഉത്തരവാദിത്തമായി. ആളുകൾ സ്വയം നിയന്ത്രണം ഏറ്റെടുത്താൽ പോലും അത് വിധേയപ്പെടലാകാതെ സക്രിയമായി ചെയ്യേണ്ടതുണ്ട് എന്നാണ് ജനാധിപത്യത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, നമ്മുടെ ഉള്ളിലും പോലീസ് പ്രവർത്തിക്കുന്നത് കൊണ്ടാകണം, പലരും വിധേയപ്പെടലാണ് ഇഷ്ടപ്പെടുന്നത്. ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ചോദിക്കുമ്പോൾ കൃത്യമായി അത് നല്കാത്തവർ പൊലീസ് ചോദിക്കുമ്പോൾ വിവരങ്ങൾ നൽകുന്നത് കണ്ടിട്ടുണ്ട്. പൊലീസാണെങ്കിൽ രോഗികളെ കുറിച്ചുള്ള വിവരം ചോദിച്ച്​ ആരോഗ്യപ്രവർത്തകർക്കുപിന്നാലെ നടക്കുകയും ചെയ്തിരുന്നു.

രോഗനിയന്ത്രണപരിപാടികളുടെ തിടുക്കത്തിൽ വേറിട്ട ശബ്ദങ്ങളേയും ചോദ്യങ്ങളേയും അറിയാതെ പരിഹസിക്കാനും അമർത്താനുമുള്ള പ്രവണത ഉണ്ടാകും. ഇത് താരതമ്യേന ജനാധിപത്യം മെച്ചമായിരിക്കുന്ന കേരളത്തിൽ പോലും കണ്ടിട്ടുണ്ട്.

അടിയന്തിര ഘട്ടത്തിലും ആളുകളുടെ സ്വകാര്യത കഴിയുന്നത്ര നമ്മൾ മാനിക്കേണ്ടതുണ്ട്. വിവരാവകാശ നിയമ പ്രകാരം ചില ആളുകൾ ചോദ്യം ചോദിക്കുന്നതും പലപ്പോഴും അസംബന്ധം പിടിച്ച തരത്തിലാണ്. പൊലീസിനുള്ള അധികാരം ജനങ്ങൾക്കുമുണ്ടെന്ന് പറയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ, നമ്മുടെ ഉള്ളിലെല്ലാം കിടക്കുന്ന ഒരു പൊലീസ് മുറയെക്കുറിച്ച് കൂടി തിരിച്ചറിയേണ്ടതുണ്ട്. അധികാരം എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നതിനെ കുറിച്ചും ഫൂക്കോ പറയുന്നുണ്ട്. ആ സമയത്ത് എന്റെ സഹപ്രവർത്തകയായ ഒരു ഡോക്ടർക്കുണ്ടായ അനുഭവം പറയാം. അവരുടെ മകൾ വേറൊരു സംസ്ഥാനത്ത് നിന്ന്​ വന്നിരുന്നു. ആ വീട്ടിൽ അമ്മയും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ വീടിന്റെ വാതിലിൽ മാത്രമല്ല, ചറ്റുമുള്ള അയൽക്കാരുടെ വീടുകളിലും പൊലീസുകാർ അടയാളങ്ങൾ പതിപ്പിച്ചു. ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് പറഞ്ഞു. എന്നാൽ അവർക്കാവശ്യമായ സാധനങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നതിന് പൊലീസിന് ഉത്തരമില്ലായിരുന്നു. ഇത്തരം അനുഭവങ്ങൾ ധാരാളം പേർ എഴുതുകയും പറയുകയും ചെയ്തു. അതേ സമയം പഞ്ചായത്തുകളും വളണ്ടിയർമാരും ചേർന്ന് ആളുകൾക്ക് ഭക്ഷണവും മരുന്നും ആവശ്യമായതെന്തും ലഭ്യമാക്കുന്ന കാഴ്ചയും കേരളത്തിൽ കണ്ടു. കമ്യൂണിറ്റി കിച്ചണുകൾ വഴി ആവശ്യമായവർക്ക് ഭക്ഷണം ലഭ്യമാക്കി. ഇതു പോലെയുള്ള സന്ദർഭങ്ങളിൽ ജാഗരൂകരായി കൊണ്ട്, ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത് വഴി വൈറസിനോടൊപ്പം അധികാരദുരുപയോഗവും തടയാൻ ശ്രമിക്കാവുന്നതാണ്. അതെത്രത്തോളം സാദ്ധ്യമാകുമെന്നത് ജനാധിപത്യത്തിന്റെ വികാസത്തെ ആശ്രയിച്ചിരിക്കുന്നു.

കോവിഡ് പാൻഡെമികിന്റെ നിയന്ത്രണ തന്ത്രങ്ങളെ സംശയത്തോടെ വീക്ഷിച്ചവരിൽ പ്രധാനിയാണ് ഇറ്റാലിയൻ തത്വചിന്തകനായ അഗമ്പൻ (Agamben). സാധാരണമായ ഒരു ഫ്‌ളൂവിന്റെ പേരിൽ ഭരണകൂടം അസാധാരണാവസ്ഥ സൃഷ്ടിച്ച് ജനങ്ങളിൽ ഭീതി പരത്തുകയും അവരെ നിയന്ത്രണത്തിൽ കൊണ്ടുവരികയുമാണെന്ന തരത്തിലാണ് അദ്ദേഹം ഇതിനെ സമീപിച്ചത്. പ്രിയപ്പെട്ടവരെ അകറ്റി നിറുത്തുകയും, സ്വന്തം ജീവനുമാത്രം വില കൊടുക്കുകയും ചെയ്യുന്ന അധാർമികമായ ഒരു സാഹചര്യം ഉണ്ടാകുന്നതായാണ് അദ്ദേഹം കാണുന്നത്. സ്‌കൂളുകളും കടകളുമെല്ലാം അടച്ചു പൂട്ടുക വഴി മനുഷ്യർക്ക് ഇപ്പോൾ നഷ്ടപ്പെടുന്ന സാമൂഹ്യജീവിതം ഇനി തിരിച്ചു വരാതിരുന്നേക്കാമെന്നും അഗമ്പൻ ഉത്കണ്ഠപ്പെടുന്നുണ്ട്. ടെക്​നോളജിയെ ഉപജീവിച്ച് ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ചുരുങ്ങുന്നവരായി മനുഷ്യർ മാറി കൊണ്ടിരിക്കുന്നു. അഗമ്പനെ പിന്തുടർന്നും, സമാനമായും ഉള്ള ചിന്തകൾ കേരളത്തിലും ഉണ്ടായി കണ്ടിട്ടുണ്ട്.

ആദ്യം ഉണ്ടായിരുന്ന അത്രയും ഇല്ലെങ്കിലും പാൻഡെമിക്കിനെ കുറച്ചു കൂടി ശുഭാപ്തി വിശ്വാസത്തോടെ കാണാൻ ശ്രമിക്കുന്ന ചിന്തകനാണ് സിസെക് (Zizek). ഭയാനകമായ ദുരന്തങ്ങളും ഗുണകരമായ എന്തെങ്കിലും പരിണിതഫലങ്ങൾ ഭാവിയിലേക്ക് കരുതി വക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. വാക്‌സിൻ നിർമാണത്തിൽ പെട്ടെന്നുണ്ടായ വികാസം അത്തരത്തിൽ ഒന്നാണ്. എന്നാൽ, ഇതുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടുതാനും. ഈ സന്ദർഭത്തിൽ ജനാധിപത്യാവകാശങ്ങൾ നഷ്ടപ്പെട്ടു പോകാൻ നല്ല സാദ്ധ്യത ഉണ്ട്. രോഗനിയന്ത്രണപരിപാടികളുടെ തിടുക്കത്തിൽ വേറിട്ട ശബ്ദങ്ങളേയും ചോദ്യങ്ങളേയും അറിയാതെ പരിഹസിക്കാനും അമർത്താനുമുള്ള പ്രവണത ഉണ്ടാകും. ഇത് താരതമ്യേന ജനാധിപത്യം മെച്ചമായിരിക്കുന്ന കേരളത്തിൽ പോലും കണ്ടിട്ടുണ്ട്. ആളുകൾ ഏതെങ്കിലും പക്ഷം പിടിക്കുകയും മറു വശത്തുള്ളവരെ നിശിതമായ പരിഹാസത്തിലൂടെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നതുകാണാം. അതിന് അധികാരത്തിന്റെ പിന്തുണ കിട്ടുമ്പോൾ അപകടകരമായേക്കും. വിമർശിക്കാനും വിമർശനം സ്വീകരിക്കാനുമുള്ള അന്തരീക്ഷമാണ് ജനാധിപത്യത്തിന്റെ ജീവവായു. പാൻഡെമിക്കിന്റെ പേരിൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പാടില്ല. അതേ സമയം, പാൻഡെമിക് കാലത്ത് മനുഷ്യസഹജമായ, കൂട്ടായ യുക്തിരാഹിത്യത്തിലേക്ക് വഴുതിവീഴാതിരിക്കാൻ ശ്രദ്ധ വേണ്ടതുമുണ്ട്.

അതിശയം കൊണ്ട് തല കറങ്ങിപ്പോകുന്ന തരത്തിലാണ് യുക്തിരഹിതമായ ചികിത്സാ രീതികളും മറ്റും ഈ സമയത്ത് തല പൊക്കുന്നത്. വാക്‌സിനെതിരെയൊക്കെ എത്ര നിരുത്തരവാദപരമായാണ് ഈ പ്രതിസന്ധിഘട്ടത്തിൽ ചില ആളുകൾ സംസാരിക്കുന്നത്. ഇതൊക്കെ വികസിത രാജ്യങ്ങളിലും കേരളത്തിലും കൂടി സംഭവിക്കുമ്പോൾ, മനുഷ്യർ ഇങ്ങനെയും കൂടിയാണ് എന്ന് സങ്കടത്തോടെ തിരിച്ചറിയാനേ സാധിക്കൂ. ഹാനികരമായി പൊതുജനാരോഗ്യപ്രവർത്തനങ്ങളെ എതിർത്തു കൊണ്ടിരുന്ന മോഹനൻ വൈദ്യർക്ക് തന്നെ ജീവഹാനി നേരിടേണ്ടി വന്നു എന്നതും ദുഃഖകരമാണ്.

കോവിഡ് പാൻഡെമിക്, സാമൂഹ്യമായ അസമത്വങ്ങൾ എല്ലായിടത്തും വർദ്ധിപ്പിക്കുകയും അത് വെളിപ്പെടുത്തുകയും ചെയ്തു എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. കുടിയേറ്റക്കാരായ തൊഴിലാളികൾ അങ്ങേയറ്റം ദുരിതത്തിലായത് എല്ലാവരും നേരിട്ടു കണ്ടതാണ്. ഈ പ്രതിഭാസം പുതിയ തരം വർഗസമരത്തിന് വഴി തെളിച്ചേക്കാമെന്ന് സിസെക് പറയുന്നു. ഇന്ത്യയിലും ഇത് പ്രകടമായിരുന്നു. പെട്ടെന്ന് ലോക്ക്​ഡൗൺ സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു പോയ തൊഴിലാളികൾ അതിദൂരം നടന്ന് നാട്ടിലെത്താൻ ശ്രമിച്ചു. വഴിയിൽ വിശ്രമിച്ചവർ ട്രെയിനിന് കീഴ്പ്പെട്ടതും കണ്ടു. മഹാവ്യാധിയാണോ ലോക്ക്​ഡൗൺ പോലെയുള്ള പരിഹാര മാർഗങ്ങളാണോ ജനങ്ങൾക്ക് കൂടുതൽ ദുരിതമുണ്ടാക്കുന്നതെന്ന് പറയാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടായി. പല മേഖലകളിലും സാമ്പത്തിക ഘടന തകരുകയും അത് സ്ത്രീകളെയും പാവപ്പെട്ടവരേയും കൂടുതൽ ബാധിക്കുകയും ചെയ്തിട്ടുമുണ്ട്. കേരളത്തിൽ പൂർണമെന്ന് പറയാൻ കഴിയില്ലെങ്കിലും കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും പാവപ്പെട്ടവരെ കുറിച്ചും ശ്രദ്ധ ഉണ്ടായി എന്നത് കാണാതിരിക്കാൻ കഴിയില്ല.
മനുഷ്യജീവിതത്തിന്റെ അർത്ഥം പ്രതിസന്ധിയിലാവുന്നതാണ് ഇത് പോലെയുള്ള ലോകദുരന്തങ്ങളുണ്ടാകുമ്പോൾ ചിന്തകരെ കുഴക്കുന്നത്.

ജീൻ ലൂക് നാൻസി / Photo : wikimediaCommons ​

ആഗോളവൽക്കരണവും സൈബർ വിപ്ലവവും മാറി വന്ന ഉത്പാദനബന്ധങ്ങളും ടെക്​നോളജിയുടെ അതിവേഗ പുരോഗതിയും പരിസ്ഥിതി ആഘാതങ്ങളുമെല്ലാം ചേർന്ന് മനുഷ്യാനന്തര (post human) കാലത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾ രൂപപ്പെടുമ്പോഴാണ്, കോവിഡ് വന്ന് അതിന് ആക്കം കൂട്ടിയത്.
ചിന്തകരുടെ കൂട്ടത്തിൽ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ സംസാരിച്ചിട്ടുള്ളത് ജീൻ ലൂക് നാൻസി (Jean Luc Nancy) യാണ്. ലെവിനാസിന്റെ ചിന്തകളെ തുടർന്ന് മനുഷ്യർക്ക് അപരരോടുള്ള അനുകമ്പ പ്രകാശിപ്പിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറയുന്നു. ഇത് നഷ്ടപ്പെട്ട നന്മ വീണ്ടെടുക്കലല്ല, മനുഷ്യരുടെ പ്രകൃതമായിരിക്കുന്ന ഉണ്മയുടെ പ്രകാശനം മാത്രമാണ്. ദുരന്തത്തിന്റെ നേർക്കാഴ്ച അതിലേക്കെത്തിക്കാതിരിക്കാൻ കഴിയില്ല. കൂട്ടായ മനുഷ്യരുടെ ജീവിതത്തിന് വേറെ വഴിയില്ല. മുഖാമുഖം വരുന്ന മനുഷ്യന്റെ ദൈന്യതയിൽ നമ്മൾ സ്വാര്ഥം വെടിഞ്ഞ് അപരയായി മാറുന്നു. മുഖത്തിന്റെ പകുതി മറക്കുന്ന മാസ്‌ക് (മുഖപടം) ഇതിന് വിഘാതമാകുമോ? വേണമെന്നില്ല. മുഖത്തിന്റെ കൃത്യതയല്ല, അപരയുമായുള്ള സംവേദനമാണ് പ്രധാനമാകുന്നത് എന്ന് ലെവിനാസ് തന്നെ പറയുന്നുണ്ട്. സാമൂഹിക അകലത്തെ നമ്മൾ ഭൗതികമായ അകലം എന്നു തിരുത്തി സാമൂഹികമായ അടുപ്പമെന്ന് വ്യാഖാനിക്കുന്നതും ഈ സംവേദനത്തെ മുൻ നിർത്തിയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം സൂക്ഷിച്ചിരുന്നത് സ്റ്റെതസ്‌കോപ്പ് എന്ന കുഴലായിരുന്നു എങ്കിൽ, ഇപ്പോൾ അത് പൾസ് ഓക്‌സിമീറ്റർ (Pulse oxy meter) ആയി മാറിയതിൽ നമ്മൾ നിരാശപ്പെടേണ്ടതില്ല. അതും ഒരു ബന്ധമാണ്. മാസ്‌കിടുന്നതു വഴി ചിരിയിലൂടെയുള്ള സൗഹൃദം നമുക്ക് നഷ്ടമാകുന്നു. പകരം ഫോണും സൈബർ ലോകവും നമ്മളെ ബന്ധിപ്പിക്കുന്നുണ്ട്. മാസ്‌കിടുന്നതുതന്നെ അപരരോടുള്ള കരുതലാണ്.

ഭൗതികമായ അകലം അടുപ്പത്തിനുള്ള ആസക്തിയാണോ ആത്മരതിയാണോ വർദ്ധിപ്പിക്കുക എന്നറിയില്ല. മനുഷ്യരുടെ പ്രകൃതി മാറുമോ, മാറിയാൽ അതെങ്ങനെ ആകും എന്ന ചിന്തയാണ് കോവിഡാനന്തരലോകത്തെക്കുറിച്ച് ഉയർന്നുവരുന്നത്.
ഏതായാലും വൈറസിനോടൊപ്പം ജീവിക്കാമെന്ന ഒരു ഒത്തുതീർപ്പിലാണ് നമ്മളിപ്പോൾ. അതൊരു കീഴടങ്ങലാണോ സമരസപ്പെടലാണോ എന്ന് കണ്ടറിയാം. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments