ജലവും വായുവും അഗ്‌നിയും ചേർന്നുള്ള കോലാഹലമായ ലോകം ആലാപം മാത്രമാണ്. ഉലകവും നമ്മളും കളിവാക്കുകൾ മാത്രം. പക്ഷേ, ആ കളി തന്നെയാണ് ജീവിതത്തിന്റെ രസം.
എല്ലാവരും എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യം, എവിടെ സെറ്റിൽ ചെയ്തു എന്നാണ്. എവിടെയും ഇതുവരെ സെറ്റിൽ ചെയ്യാത്തതുകൊണ്ട് ഇനി എവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് അടുത്ത ചോദ്യം വരും. ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ അതനുസരിച്ച് നമുക്കും നീങ്ങിക്കൊണ്ടിരിക്കാനേ പറ്റൂ. നമ്മൾ മാത്രം എങ്ങനെ സെറ്റിൽ ചെയ്യും? ഓരോരുത്തരും കരുതുന്നതുപോലെ എത്രത്തോളം സ്ഥിരത നമുക്കുണ്ട്? അതുപോലെ നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിനും? ഇടയ്ക്ക് അതേക്കുറിച്ച് ഓർക്കുമെങ്കിലും നിരന്തരം ജീവിതപ്രശ്നങ്ങളിൽ മുങ്ങിപ്പോകുന്നു.
വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ. രാവിലെ തുടങ്ങുന്നതുതന്നെ ഏറ്റവും ബോറനും ആവർത്തനവിരസവുമായ പണിയായ പല്ലുതേയ്ക്കലിൽ നിന്നാണ്. നീത്ഷെയുടെ അനശ്വരമായ ആവർത്തന (Eternal recurrence) ങ്ങളിൽ ബ്രഷ് ചെയ്യൽ പെടുന്നുണ്ടോ എന്നറിയില്ല. ആവർത്തനങ്ങളുടെ ഘോഷയാത്രയിലൂടെയാണ് നമ്മൾക്ക് ഒരു ഐഡന്റിറ്റി ഉണ്ടാകുന്നത്. രാവിലെ പാൽക്കാരൻ വരും. പിന്നെ പച്ചക്കറികൾ വാങ്ങണം. ജോലിക്ക് പോകുന്നെങ്കിൽ മുകളിലുള്ളവരോടും താഴെയുള്ളവരോടും സംഘർഷത്തിൽ പെടാതിരിക്കാനുള്ള റോൾ പ്ലേ നന്നായി പ്രാക്ടീസ് ചെയ്യണം. ഫോൺ ബില്ലടയ്ക്കണം. ടാക്സ് കൊടുക്കണം. ഇങ്ങനെ നീണ്ടുനീണ്ടു പോകുന്നു. ഇപ്പോൾ ഇതെല്ലാം ആധാറിലൂടെ നന്നായി ഉറപ്പിച്ചെടുക്കുന്നുമുണ്ട്.
ജനിക്കുന്ന നിമിഷം മുതൽ നാം ലോകത്തോട് പൊരുത്തപ്പെടാൻ ശീലിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിയായി രൂപപ്പെടുന്നത് ചുറ്റുമുള്ളവരുടെ ഇടപെടലിലൂടെയാണ്. പ്രത്യേകിച്ച്, വളർത്തുന്ന ആളുകളിലൂടെ.
ഇങ്ങനെ ഓരോ പണികളിൽ മുങ്ങി ജീവിക്കുകയാണെങ്കിൽ എന്താ കുഴപ്പം? നമ്മുടെ തീരുമാനപ്രകാരമല്ലാതെ ഈ വ്യവഹാരങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണല്ലോ എന്ന് തോന്നിത്തുടങ്ങുമ്പോഴാണ് കുഴപ്പം. അപ്പോൾ ഇതൊക്കെ ചെയ്യുന്നു എന്നുവിചാരിക്കുന്ന നമ്മൾ ആരാണ്? ഞാൻ എന്ന താൻബോധം രൂപപ്പെടുന്നതിൽ ചുറ്റുമുള്ള ആളുകൾക്കും വ്യവഹാരങ്ങൾക്കും എത്രത്തോളം പങ്കുണ്ട്? ശരീരത്തോടൊപ്പം ജനിക്കുമ്പോൾ എന്തൊക്കെ കൊണ്ട് വന്നിട്ടുണ്ട്? എന്ന ചോദ്യങ്ങളൊക്കെയാണ് നമുക്കുമുന്നിൽ വരുന്നത്. നമ്മുടേതെന്ന് തോന്നുന്ന വിഷയങ്ങൾ എത്രമാത്രം നമ്മുടേതാണ്? ചിലപ്പോൾ അത് നമ്മുടെ പ്രിയപ്പെട്ടവരുടേതുമാകും.
ശരീരത്തിന്റെ പ്രശ്നങ്ങൾ വേറെയുമുണ്ട്. വിശപ്പ്, ലൈംഗികത മുതലായവ. സംസ്‌കാരമെന്ന പേരിൽ സാമൂഹ്യനിയമങ്ങൾ അവയെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
ജനിക്കുന്ന നിമിഷം മുതൽ നാം ലോകത്തോട് പൊരുത്തപ്പെടാൻ ശീലിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിയായി രൂപപ്പെടുന്നത് ചുറ്റുമുള്ളവരുടെ ഇടപെടലിലൂടെയാണ്. പ്രത്യേകിച്ച്, വളർത്തുന്ന ആളുകളിലൂടെ. ഇപ്പോൾ വളരെ ചെറുപ്പത്തിലേ പ്ലേ സ്‌കൂളിലും മറ്റും പോയി തുടങ്ങുന്നതുകൊണ്ട് മറ്റു കുഞ്ഞുങ്ങളും ടീച്ചർമാരുമൊക്കെ ഒരാളെ രൂപപ്പെടുത്തുന്നുണ്ടാവും.
എന്റെ അമ്മയും അച്ഛനും ഒരു റോൾ മോഡൽ ആയിരുന്നതായി എനിക്ക് ഓർമയില്ല. പക്ഷെ, ഞാൻ ഒരു നല്ല കുട്ടിയാണെന്ന ഇമേജ് സ്വയം ഉണ്ടാക്കിയെടുക്കാൻ അവർ വളരെ സഹായിച്ചു. നല്ല ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കഥകൾ അമ്മ പറഞ്ഞുതന്നിരുന്നു. ഏഴുവയസ്സ് വരെ ഒറ്റ കുട്ടിയായിരുന്ന എനിക്ക് അമ്മയുടെയും അച്ഛന്റെയും മുഴുവൻ ശ്രദ്ധയും കിട്ടി. അവർ അധ്യാപകരായിരുന്നതുകൊണ്ട് സ്‌കൂളിലും ഞാൻ സുരക്ഷിതത്വം അനുഭവിച്ചു. ആ സുരക്ഷിതത്വത്തിൽ നിന്നുകൊണ്ട് അവരേക്കാൾ പ്രതിഛായ ഉള്ളവരെ മോഡലാക്കാനാണ് ഞാൻ ശ്രമിച്ചത്. തീരെ ചെറുതായിരുന്നപ്പോൾ രവീന്ദ്രനാഥ ടാഗോറായിരുന്നു എന്റെ മോഡൽ. നടരാജഗുരുവിനെ കണ്ടെത്തുന്നതുവരെ അതങ്ങനെ തുടർന്നു. ക്ലാസിൽ മിക്കപ്പോഴും വലിയ ശ്രമമൊന്നും കൂടാതെ തന്നെ ഞാൻ ഒന്നാമതെത്തിയിരുന്നു. എത്തിയില്ലെങ്കിലും എനിക്കത് വലിയ പ്രശ്‌നമായി തോന്നിയില്ല. കാരണം, സ്‌കൂളിലെ വിദ്യാഭ്യാസം വലിയ മെച്ചമുള്ളതല്ലെന്നായിരുന്നു എന്റെ അന്നത്തെ ധാരണ.
നല്ല ഇമേജ് നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നൊന്നുമില്ല. അതാസ്വദിച്ചിരുന്നു എന്നത് വാസ്തവമാണ്. മറ്റുള്ളവരെ മോശക്കാരാക്കി കൊണ്ടാണ് കുറച്ചുപേർ നല്ല ഇമേജ് നിലനിർത്തുന്നതെന്ന ധാരണ ഒന്നും അന്നില്ലായിരുന്നു. നല്ലത്, ചീത്ത എന്ന വേർതിരിവ് മൂല്യബോധത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്നുതന്നെ പറയാം. എങ്കിലും നല്ല ഇമേജ് നിലനിർത്തുന്നതിനും സ്വാതന്ത്ര്യത്തിനിമിടയിൽ ഒരു ട്രേഡ് ഓഫ് ഉണ്ടെന്ന് അന്നുതന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.
ക്ലാസിൽ കയറാതെ ഇരുന്നതൊക്കെയും ഒന്നുകിൽ വെറുതേ ഇരിക്കാനോ അല്ലെങ്കിൽ ഉറങ്ങാനോ ഒക്കെ ആകും. സിനിമക്ക് പോകാൻ പോലും ആലോചിക്കാത്ത അത്രയും പരിമിതമായ ലോകമായിരുന്നു ഞങ്ങളുടേത്.
അസുഖം വരാതിരിക്കാൻ ചൂടുവെള്ളം മാത്രമാണ് അമ്മ തന്നിരുന്നതെങ്കിലും സ്‌കൂളിൽ തന്നെയുള്ള അമ്മയുടെ കണ്ണുവെട്ടിച്ച് കൂട്ടുകാരുടെ വീടുകളിലെല്ലാം പോയി പുളിയും ഉപ്പും കൂട്ടി കിണറിലെ വെള്ളം കോരിക്കുടിച്ച് ഞാൻ എന്റെ സ്വാതന്ത്യം വളർത്തിക്കൊണ്ടിരുന്നു. പ്രായം ഏറുന്നതിനനുസരിച്ച് അത് ക്ലാസ്, കട്ട് ചെയ്യുന്നതിലേയ്ക്കും ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിലേയ്ക്കും പഠിത്തമല്ലാത്ത മറ്റു കാര്യങ്ങളിലേയ്ക്കും ഒക്കെയായി വളർന്നു. ക്ലാസിൽ കയറാതെ ഇരുന്നതൊക്കെയും ഒന്നുകിൽ വെറുതേ ഇരിക്കാനോ അല്ലെങ്കിൽ ഉറങ്ങാനോ ഒക്കെ ആകും. സിനിമക്ക് പോകാൻ പോലും ആലോചിക്കാത്ത അത്രയും പരിമിതമായ ലോകമായിരുന്നു ഞങ്ങളുടേത്. വീട്ടിലറിയാതെ ചെയ്തിരുന്ന കാര്യം പഠിത്തത്തിന് പുറത്തുള്ള മറ്റു പ്രഭാഷണങ്ങൾ കേൾക്കാൻ പോവുകയോ, കലാപരിപാടികളിൽ പങ്കുചേരുകയോ ഒക്കെ ആയിരുന്നു. വീട്ടുകാർ പറഞ്ഞിരുന്നതുപോലെ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാതെ മറ്റു ലോകങ്ങൾ തേടിയതും കൂടിയാണ്, അവരിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വം രൂപപ്പെടുന്നതിലേക്ക് നയിച്ചത്.
വീട്ടിൽ നിന്ന് ലഭിച്ചിരുന്നു എന്ന് കരുതിപ്പോന്ന സുരക്ഷിതത്വം ഒരു പരിധി വരെ അക്കാലത്ത് പ്രബലമായിക്കൊണ്ടിരുന്ന ന്യൂക്ലിയർ ഫാമിലിയുടേതായിരുന്നു എന്നുപറയാം. പഴയപോലെയുള്ള കൂട്ടുകുടുംബത്തിൽ തുടർന്നിരുന്നു എങ്കിൽ പോഷണമുള്ള ആഹാരം അടക്കം ലഭിക്കുമായിരുന്നില്ല. മറ്റുപല അപകടങ്ങളും ഉണ്ടായേക്കാം. എന്നാൽ, ഇവിടെയും പല അപകടങ്ങളും പതിയിരുപ്പുണ്ടെന്നതും കാണാതിരിക്കാൻ കഴിയില്ല. എനിക്ക് അഞ്ചുവയസ്സോ മറ്റോ ഉള്ളപ്പോൾ, അമ്മയ്ക്ക് സഹായത്തിനായി ഒരു പെൺകുട്ടി വീട്ടിലുണ്ടായിരുന്നു. ആ പ്രായത്തിലുള്ള പെൺകുട്ടികളെ സ്‌കൂളിൽ വിടാതെ വീടുകളിൽ നിർത്തുന്നത് ഇപ്പോൾ നിയമവിരുദ്ധമാണ്. അന്ന് വീട്ടിൽ എന്തോ കെട്ടിടം പണി നടക്കുന്നുണ്ടായിരുന്നു. പനി പിടിച്ചതിനാൽ ഞാൻ സ്‌കൂളിൽ പോകാതെ വീട്ടിൽ തന്നെ കുറച്ചുദിവസം നിന്നു. ഞാൻ മാമന്മാർ എന്ന് വിളിച്ച കെട്ടിടം പണിക്കാർ എനിക്ക് ചോക്കു കഷണങ്ങൾ തന്ന് പുറത്തിരുത്തിയശേഷം ആ പെൺകുട്ടിയെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ചോക്കുകൊണ്ട് ചിത്രം വരച്ച് രസിച്ചിരുന്ന ഞാൻ ഇടയ്ക്ക് അകത്തേക്ക് പോയി അവരൊക്കെ അവിടെ തന്നെ ഉണ്ടല്ലോ എന്നുനോക്കും. അവിടെ കണ്ട കാഴ്ച എനിക്ക് വിചിത്രമായി തോന്നിയെങ്കിലും അത് കുഴപ്പമുള്ളതായി തോന്നിയില്ല. പെൺകുട്ടിയെ നഗ്‌നയായി കിടത്തി, അതിലൊരാൾ എന്തൊക്കെയോ ചെയ്യുന്നതായി മാത്രം എനിക്ക് മനസ്സിലായി. ആ ചേച്ചി നിലവിളിക്കുകയോ അസ്വസ്ഥത കാട്ടുകയോ ഒന്നും ചെയ്യാത്തതിനാൽ എനിക്ക് ഭയമൊന്നും തോന്നിയില്ല. ഞാൻ തിരികെ വന്ന് ചിത്രം വരയ്ക്കൽ തുടർന്നു. വൈകുന്നേരം അമ്മ സ്‌കൂളിൽ നിന്ന് തിരികെ വന്നപ്പോൾ ഞാൻ പല വിശേഷങ്ങളും പറഞ്ഞ കൂട്ടത്തിൽ ഇതും പറഞ്ഞു. ചോക്കുകൊണ്ട് ഞാൻ വരച്ച ചിത്രങ്ങളൊക്കെ അമ്മയ്ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. അമ്മ പെട്ടെന്ന് അസ്വസ്ഥയായി. അച്ഛനോട് വിവരം പറയുകയും അവർ രണ്ടുപേരും കൂടി ആ പെൺകുട്ടിയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അവർ ദിവസങ്ങളായി ആ കുട്ടിയോട് ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് മനസ്സിലായത്. ഭയം കൊണ്ടാണോ അവർ ഭീഷണിപ്പെടുത്തിയത് കൊണ്ടാണോ അതോ വെറും കൗതുകത്തിൽ പെട്ടതുകൊണ്ടാണോ അവൾ അത് ആരോടും പരാതിപ്പെടാതെ തുടർന്ന് കൊണ്ടുപോയതെന്ന് പിന്നീട് വലുതായപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. അതിന്റെ പിറ്റേദിവസം അച്ഛൻ ആ രണ്ട് പണിക്കാരെയും വേറെ വേറെ വിളിച്ച് ശകാരിക്കുകയും അവരുടെ ജോലി അവസാനിപ്പിക്കുകയും ചെയ്തു. അടുത്തുള്ള മറ്റു ചില ആളുകളെയും വിളിച്ചുവരുത്തിയിട്ടുണ്ടായിരുന്നു. പെൺകുട്ടിയുടെ അമ്മയെ നാട്ടിൽ നിന്നു വരുത്തി അവളെ കൂടെ പറഞ്ഞയക്കുകയും ചെയ്തു. ഇത്രയുമൊക്കെ ആയപ്പോൾ അതെന്തോ കുഴപ്പമായിരുന്നു എന്നും, ഞാൻ ഒരു പ്രധാന കാര്യമാണ് ചെയ്തതെന്നും എനിക്ക് തോന്നി. എങ്കിലും അതിന്റെ ഗൗരവം പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
സഹജമായി കൈവരുന്ന വിശ്വാസത്തിന്റെയും ചില ധാരണകളുടെയും പിൻബലത്തിൽ കുട്ടികൾ വലിയവരോടൊപ്പം ചേർന്ന് വലുതാവുകയാണ്. തീരെ ചെറിയ കുഞ്ഞുങ്ങൾ എത്ര സുരക്ഷിതത്വബോധത്തോടെയാണ് മുതിർന്നവരുടെ കൈകളിൽ സ്വസ്ഥമായി ഉറങ്ങുന്നത്?
കുട്ടികൾ ലൈംഗികപീഡകളിൽ ഭയം കൊണ്ടും അറിവില്ലാത്തതുകൊണ്ടും നിശ്ശബ്ദരായി പോകുന്നതൊക്കെ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നു. അതേപോലെ, ഇത് പുറത്തുകൊണ്ടു വന്നതുകൊണ്ടും, മറ്റുതരത്തിലുമൊക്കെ, ഞാൻ തന്നെ ഒരപകടസന്ധിയിലായിരുന്നല്ലോ ആ സമയം, എന്ന് ഇപ്പോൾ ഞെട്ടലോടെ മാത്രമേ ഓർക്കാൻ കഴിയൂ. അന്ന് അനുഭവിച്ചിരുന്ന സുരക്ഷിതത്വബോധം തന്നെയും എത്രത്തോളം യഥാർഥമായിരുന്നു എന്ന് ഇപ്പോൾ നമുക്ക് പറയാൻ കഴിയില്ല. സഹജമായി കൈവരുന്ന വിശ്വാസത്തിന്റെയും ചില ധാരണകളുടെയും പിൻബലത്തിൽ കുട്ടികൾ വലിയവരോടൊപ്പം ചേർന്ന് വലുതാവുകയാണ്. തീരെ ചെറിയ കുഞ്ഞുങ്ങൾ എത്ര സുരക്ഷിതത്വബോധത്തോടെയാണ് മുതിർന്നവരുടെ കൈകളിൽ സ്വസ്ഥമായി ഉറങ്ങുന്നത്? വളരുമ്പോൾ നമ്മൾ അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവും കരുതലും ഉള്ളവരായി മാറുന്നു.
ചെറുപ്പകാലം മുതൽ എവിടെനിന്നോ നമ്മുടെമേൽ വന്നുപതിച്ച ഒരു പദ്ധതിക്കനുസരിച്ച് ഓരോരുത്തരും നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളിൽ പോകുന്നതും പരീക്ഷ എഴുതുന്നതും നല്ല മാർക്ക് വാങ്ങുന്നതും നല്ല കുട്ടിയാകുന്നതും സ്വാഭാവികമെന്നോണം എന്റെ തലയിൽ വന്നു പതിച്ചു. ആ ഇമേജ് ഒരു ഐഡൻറിറ്റി ആയി മാറി. ലിംഗപരവും ജാതിപരവുമായ ഐഡൻറിറ്റികളൊക്കെ അതോടൊപ്പം രൂപപ്പെട്ടിട്ടുണ്ടാവണം. സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും ഇതിൽ ഏതെങ്കിലുമൊന്ന് മുന്നിൽ നിൽക്കുന്നത്. വളരുന്തോറും, നമ്മുടെ ലോകം വിശാലമാകുന്തോറും, ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടും തനതായ ജീവി എന്ന നിലയ്ക്കും സംഘർഷങ്ങൾ അനുഭവിച്ചുതുടങ്ങും. എന്നെ പോലെ സംരക്ഷണം ലഭിക്കാത്ത കുട്ടികൾ, ആദ്യം സ്‌കൂളിലെത്തുന്നതുമുതൽ പലതരത്തിൽ പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങുന്നുണ്ടാകും. പൊതുവേ, ഒതുങ്ങിക്കഴിയുന്ന കുട്ടികളെ മറ്റുള്ളവർ മെരുക്കിയെടുക്കാൻ നോക്കും. റാഗിങ് ഒക്കെ അതിന്റെ മറ്റൊരു രൂപമാണ്. ജാതിപ്പേര് വിളിച്ച് മാറ്റിനിർത്തുകയോ അപമാനിക്കുകയോ ചെയ്യും. ചിലപ്പോൾ ചില അധ്യാപകർ പോലും അങ്ങനെ ചെയ്യാറുണ്ട്.
എന്റെ ബന്ധുവീട്ടിൽ ജോലിചെയ്യുകയും സ്‌കൂളിൽ പോവുകയും ചെയ്തു കൊണ്ടിരുന്ന ഒരു ചേട്ടന് സ്‌ത്രൈണ സ്വഭാവം ഉണ്ടായിരുന്നതിനാൽ മറ്റുള്ളവർ നിരന്തരം അപമാനിച്ചു. സ്‌കൂളിൽ പോകുന്ന വഴി കടകളിലൊക്കെ വെറുതേ ഇരിക്കുന്ന മുതിർന്നവർ, നീ ആണാണോ പെണ്ണാണോ എന്നു നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ചുറ്റും കൂടുകയും ആൾ ഭയന്ന് ഓടുകയും ഒക്കെ ചെയ്തിട്ടുണ്ട്. അവസാനം സ്‌കൂളിൽ പോക്ക് കക്ഷി അവസാനിപ്പിച്ചു. ഇങ്ങനെ ഓരോരുത്തരുടെയും ജീവിതം എടുത്താൽ സ്വന്തം തീരുമാനപ്രകാരമല്ലാതെയുള്ള പല ജീവിതങ്ങൾ പേറേണ്ടിവരുന്ന അവസ്ഥയാണ് ചെറുപ്പകാലം മുതലുള്ളത്. ചെറുപ്പത്തിൽ തന്നെ കള്ളനോ കള്ളിയോ തെമ്മാടിയോ ഒക്കെയായി മുദ്ര കുത്തപ്പെടുന്നവരുണ്ട്. അവർക്ക് സ്വയം വിചാരിച്ചാൽ പോലും അതിൽനിന്ന് മോചനം പ്രയാസമായിരിക്കും.
സാമൂഹ്യമായി നമ്മൾ ആദ്യം എത്തിനിൽക്കുന്ന നില മുന്നോട്ടുള്ള നിലകളെ ഏറെക്കുറെ സ്വാധീനിക്കുന്നുണ്ടാകും. അതുപോലെ, പുതുതായി വന്നുചേരുന്ന സാമൂഹ്യ അന്തരീക്ഷവും ഓരോരുത്തരെയും പുതുക്കി പണിഞ്ഞുകൊണ്ടിരിക്കും. എന്റെ ആദ്യത്തെ നില വച്ച് സ്‌കൂളിൽ നിന്ന് കോളേജിലേക്കെത്തുക എന്നത് സ്വാഭാവികമായിരുന്നു. അഥവാ ചുറ്റുമുള്ളവർ അങ്ങനെ പ്രതീക്ഷിച്ചു. അതുവരെ സമ്പാദിച്ച നല്ല ഇമേജ് വച്ച്, നല്ല ജോലി സമ്പാദിക്കുകയും ‘മാന്യമായ' ഒരു വിവാഹബന്ധത്തിൽ ഏർപ്പെട്ട് ജീവിതഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് അത് നിലനിർത്താൻ വേണ്ടിയിരുന്നത്.
കോളേജിൽ പഠിക്കുമ്പോൾ ഞാൻ ആരാധനയോടെ കണ്ടിരുന്ന പ്രസരിപ്പും സ്‌നേഹവും സൗന്ദര്യവും നിറഞ്ഞുനിന്ന ഒരു കൂട്ടുകാരി ഒരു തട്ടിപ്പ് കേസിൽ പ്രതിയായി ജയിലിൽ ആയത് ആർക്കും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്തതായിരുന്നു.
ഇങ്ങനെ ഘട്ടംഘട്ടമായി വികസിച്ച് ശുഭപര്യവസായിയായി ജീവിതം തീരുമെന്ന് കരുതാനും ആവില്ലല്ലോ. അങ്ങനെ കരുതുന്നവരുമുണ്ടാവും. ചിലരുടെ ജീവിതങ്ങൾ അങ്ങനെയാകുന്നുമുണ്ട്. എപ്പോഴും സന്തോഷത്തിൽ കഴിയുന്നവർ. അവരോടൊപ്പം സമയം ചെലവിടാൻ എനിക്ക് എന്നും വലിയ ഇഷ്ടമാണ്. കൂടുതൽ പേരും അങ്ങനെയാവാം ജീവിക്കുന്നത്. എന്നാൽ, അങ്ങനെയല്ലാതെയും നമ്മൾ പലരുടെയും ദുരിതങ്ങൾ കാണുന്നു. എല്ലാവർക്കും പ്രതീക്ഷിക്കുന്നതുപോലെ ജോലി കിട്ടുന്നില്ല. ചിലർ ചെറുപ്പത്തിലേ രോഗികളാകുന്നു. കുഞ്ഞുങ്ങൾക്ക് മാറാരോഗങ്ങളുണ്ടാകാം. പ്രിയപ്പെട്ടവർ അപ്രതീക്ഷിതമായി മരിച്ചുപോകാം. ഏറ്റവും അടുത്തവരിൽ നിന്ന് വഞ്ചനയും ചതിയും ഉണ്ടാകാം. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ ആളുകളുടെ വ്യക്തിത്വങ്ങൾ മാറുന്നതും കണ്ടിട്ടുണ്ട്. ഭൗതികമായ വ്യവഹാരങ്ങളിൽ സുഖം കണ്ടെത്തിക്കൊണ്ടിരുന്നവർ പെട്ടെന്ന് തന്നെ എല്ലാം ത്യജിച്ച് ആത്മീയജീവിതത്തിലേക്ക് മാറുന്നത് കാണാം. കോളേജിൽ പഠിക്കുമ്പോൾ ഞാൻ ആരാധനയോടെ കണ്ടിരുന്ന പ്രസരിപ്പും സ്‌നേഹവും സൗന്ദര്യവും നിറഞ്ഞുനിന്ന ഒരു കൂട്ടുകാരി ഒരു തട്ടിപ്പ് കേസിൽ പ്രതിയായി ജയിലിൽ ആയത് ആർക്കും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്തതായിരുന്നു. ഇങ്ങനെ വ്യവസ്ഥകളില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ഉറപ്പായ ഒരു ‘എന്നെ' പ്രതിഷ്ഠിക്കുന്നതിൽ പണ്ടുമുതലേ എനിക്ക് വൈമുഖ്യം ഉണ്ടായിരുന്നു.
അധികം പഠിക്കുന്ന കുട്ടികളില്ലാത്ത ഗ്രാമപ്രദേശത്തെ സ്‌കൂളിൽ ഒന്നാമതായി എപ്പോഴും ജയിച്ചു എങ്കിലും അത് യാദൃശ്ചികം മാത്രമായിരുന്നു. വിദ്യാഭ്യാസലക്ഷ്യത്തിൽ നിന്ന് സ്‌കൂളിൽ വച്ചുതന്നെ ഞാൻ വഴിതെറ്റി പോയി എന്നതാണ് വാസ്തവം. പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ച് കഷ്ടത്തിലാക്കുന്നത് എപ്പോഴാണെന്ന് അറിയാനാവാത്തവിധം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ മനുഷ്യപ്രകൃതത്തിന് സ്ഥിരമായ ഒരു അടിസ്ഥാനം ഉണ്ടോ എന്ന അന്വേഷണത്തിൽ ഞാനേർപ്പെട്ടു. അതിനായി വായിക്കുകയും ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്തു. എന്റെ വായന വഴിതെറ്റിപ്പോകുന്നു എന്ന് കണ്ടപ്പോൾ അച്ഛൻ തമാശ എന്ന പോലെ പറഞ്ഞു. ‘‘ഇതൊക്ക വയസ്സായവർ വായിക്കേണ്ടതല്ലേ, നീ എന്തിനാ ഇപ്പോൾ ഇതൊക്കെ വായിക്കുന്നതെന്ന്.'' സ്ഥിരമായത് ഉണ്ടോ എന്ന് ഇപ്പോഴും അറിയില്ല. എന്തുകൊണ്ട് മനുഷ്യർ അങ്ങനെ അന്വേഷിക്കുന്നു എന്നതാണ് ഞാനിപ്പോൾ അന്വേഷിക്കുന്നത്.
കോളേജിലെത്തിയപ്പോഴേക്കും അതുവരെയുണ്ടായിരുന്ന ഉറപ്പുകൂടി നഷ്ടപ്പെടാൻ തുടങ്ങി. സ്‌കൂളിൽ ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും ആത്മവിശ്വാസം തകർന്നിട്ടുണ്ടായില്ല. ചില അധ്യാപകരുണ്ടാക്കുന്ന പ്രശ്‌നങ്ങൾ അവരുടേതാണെന്നും അത് നമ്മളെ ബാധിക്കേണ്ടതില്ലെന്നും അന്ന് ഉറപ്പിച്ചിരുന്നു. അച്ഛനമ്മമാരുടെ പിൻബലത്തിൽ നാട്ടിൽ നല്ല ആത്മബലം ഉണ്ടായിരുന്നു. കോളേജിൽ പക്ഷേ, അത് തകരുന്ന അന്തരീക്ഷമാണ് നേരിട്ടത്. അവിടെ നൂറുകണക്കിന് പേരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. നഗരത്തിലെ സ്‌കൂളുകളിൽ പഠിച്ച് വരുന്നവരുടെ ഇടയിൽ, ഗ്രാമത്തിൽ നിന്ന് ബസ് കയറി പാറിപ്പറന്ന തലമുടിയും വിയർത്ത് കരുവാളിച്ച മുഖവുമായി എത്തുന്ന ഞങ്ങൾ സ്വയം രണ്ടാംതരമായി അവരോധിച്ചു. അതിന് മറ്റുള്ളവരെ കുറ്റക്കാരായി കാണേണ്ട കാര്യമൊന്നുമില്ല. കോളേജിൽ ചേർന്ന ആദ്യ ദിവസങ്ങളിൽ ഒന്നിൽ, ക്ലാസിൽ താമസിച്ചെത്തിയ ഒരു സംഭവമുണ്ടായി. ക്ലാസെടുത്തുകൊണ്ടിരുന്ന ടീച്ചർ കയറിയിരിക്കാൻ ആംഗ്യം കാണിച്ചു എന്ന് തെറ്റിദ്ധരിച്ച് ഞാൻ ക്ലാസിൽ കയറി. എന്നാൽ, ആ ടീച്ചറുടെ നോട്ടവും പിന്നാലെ വന്ന ശകാരവും കേട്ടപ്പോഴാണ് എനിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായത്. ടീച്ചറുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ അവരെ ധിക്കരിക്കാൻ മാത്രം ധൈര്യമുള്ള ഒന്നാംവർഷ പ്രീഡിഗ്രി വിദ്യാർഥിനിയുടെ അഹങ്കാരമാണ് കാണുന്നത്. ഞാനാകട്ടെ, നൂറുപേരുള്ള ക്ലാസിൽ എന്റെ അവസ്ഥ അവരെ പറഞ്ഞുമനസ്സിലാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട് ഒരു നിമിഷം കൊണ്ട് കളങ്കപ്പെട്ട ഇമേജിൽ തകർന്നുതരിപ്പണമായി. ഈ ഒരു ചെറിയ സംഭവം തന്നെ എന്നെ ഇത്രയും ഉലച്ചപ്പോൾ, ചെറിയ ക്ലാസുകളിലൊക്കെ കുട്ടികൾ ഏതെല്ലാം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടാവണം എന്ന് ചിന്തിക്കാവുന്നതാണ്.
നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്ഥലത്ത് ഓരോരുത്തരും അപ്രധാനമാണ്. വീട്ടിലും നാട്ടിലും അപ്പോഴും നല്ല ഇമേജ് നിലനിന്നു എന്നത് ആശ്വാസകരമായിരുന്നു. അതേസമയം ഏതുനിമിഷവും അതില്ലാതാകാവുന്ന അവസ്ഥയുമുണ്ട്. കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന ഒരു സീനിയർ വിദ്യാർഥിനി എന്നോട് വളരെ സ്‌നേഹം കാണിച്ചിരുന്നു. സ്നേഹക്കൂടുതൽ കാരണം എന്റെ ചില കൂട്ടുകെട്ടുകൾ വഴിതെറ്റിക്കുന്നു എന്ന തരത്തിൽ അവർ വീട്ടിലേക്ക് കത്തെഴുതി. സ്വാഭാവികമായും എന്റെ മാതാപിതാക്കൾ അസ്വസ്ഥരായി. മറ്റൊരിക്കൽ പരീക്ഷ എഴുതാത്തതിന്റെ പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് കത്തയച്ചു. ആ കത്ത് കിട്ടിയത് എന്റെ കൈയിൽ തന്നെ ആയതുകൊണ്ട്, എന്റെ അതേ അവസ്ഥയിൽപെട്ട കൂട്ടുകാരിയുടെ സഹോദരനായ ഡോക്ടറുടെ കൈയിൽ നിന്ന് ഞങ്ങൾ രണ്ടുപേരും സർട്ടിഫിക്കറ്റ് വാങ്ങി കൊണ്ടുപോയി നൽകി. അതൊന്നും വീട്ടിൽ ആരും അറിഞ്ഞില്ല. വിദ്യാർഥിനി എന്ന നിലയിൽ ഏല്പിക്കപ്പെട്ടിട്ടുള്ള ഐഡന്റിറ്റിയുമായുണ്ടായ പൊരുത്തക്കേടുകളാണ് സൂചിപ്പിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട ആളുകളുടെ ചോദ്യങ്ങളാണ്, ‘നീ ഒരു സ്ത്രീയാണ്' എന്ന ബോധമുണ്ടാക്കുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഐഡന്റിറ്റി അതോടെ പിന്നിൽ സ്ഥാനംപിടിച്ചു.
മറ്റുള്ള ഐഡന്റിറ്റികളും അതുപോലെയാണ്. പൊരുത്തക്കേടുകൾ അഥവാ സംഘർഷങ്ങൾ, അതിൽനിന്ന് വിട്ടുനിൽക്കാനുള്ള ത്വര ഉണ്ടാക്കും. പക്ഷേ അതെത്ര സാധ്യമാണ്, അതിനുള്ള ഉപാധികൾ എന്താണ്, അതിന്റെ ആവശ്യകത എന്താണ് എന്നതൊക്കെ ആലോചിക്കാവുന്ന കാര്യങ്ങളാണ്. ലിംഗപരമായ ഐഡന്റിറ്റി ശരീരത്തിന്റെ കാമനകളുമായി കൂടി ബന്ധപ്പെട്ടതാണ്. അതേസമയം മനുഷ്യരുടെ വിശപ്പും ലൈംഗികതയുമെല്ലാം സാംസ്‌കാരികതയുടെ മാധ്യസ്ഥത്തിൽ മാത്രം നടക്കുന്നതുമാണ്. എങ്കിലും സൂക്ഷ്മതലത്തിൽ പ്രവർത്തിക്കുന്ന സാംസ്‌കാരികതയിൽ നിന്ന് വ്യത്യസ്തമായ ഒരു തലം ശരീരത്തിനുണ്ട്.
കോളേജ് കാലം കഴിയുമ്പോഴേക്കും ലിംഗപരമായ ഐഡന്റിറ്റി മുന്നിലേക്ക് വരാൻ തുടങ്ങി. വിവാഹവുമായി ബന്ധപ്പെട്ട ആളുകളുടെ ചോദ്യങ്ങളാണ്, ‘നീ ഒരു സ്ത്രീയാണ്' എന്ന ബോധമുണ്ടാക്കുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഐഡന്റിറ്റി അതോടെ പിന്നിൽ സ്ഥാനംപിടിച്ചു. ഭാര്യ എന്ന ഒരു മോശം അവസ്ഥയിലേക്ക് വീഴാതിരിക്കാനുള്ള തന്ത്രങ്ങളുണ്ടാക്കുക എന്നത് പ്രധാനമായി മാറി.
ഐഡന്റിറ്റി രൂപീകരിക്കുന്നതിൽ ചുറ്റുമുള്ള സമൂഹം പങ്കുവഹിക്കുന്നതുപോലെ തന്നെ ശരീരത്തെ സ്വയം അനുഭവിച്ചറിയുന്നതിലും അത് ഇടപെടുന്നുണ്ട്. സ്വാഭാവികമായി മനുഷ്യശരീരങ്ങൾ ഏർപ്പെടേണ്ട നൃത്തം, നീന്തൽ എന്നിവയൊക്കെ എന്നെപ്പോലെയുള്ള പെൺകുട്ടികൾക്ക് അപ്രാപ്യമായിരുന്നു. വീട്ടിൽനിന്ന് കിട്ടുന്ന സംരക്ഷണത്തിന്റെ മറുവശമാണത്. ഒരു വശത്ത് വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളുടെ പദവി ഉയർത്തുമ്പോൾ തന്നെ അവരുടെ ശരീരങ്ങളെ ആൺനോട്ടങ്ങളിൽ നിന്നും സ്പർശങ്ങളിൽ നിന്നും സംരക്ഷിച്ചുനിർത്തുക മാതാപിതാക്കളുടെ കടമയാണ്. അതിൽ വീഴ്ച വരുത്തുന്നവർക്ക് സമൂഹത്തിൽ നിന്ന് അപമാനം ഏൽക്കേണ്ടി രുകയും കാത്തുസൂക്ഷിക്കുന്നവർക്ക് അഭിനന്ദനങ്ങൾ കിട്ടുകയും ചെയ്യുന്നു. ഇപ്പോഴും ഇതങ്ങനെ തന്നെ തുടരുന്നതുകൊണ്ടാണല്ലോ വിവാഹത്തിനുമുമ്പ് ഗർഭിണിയായ യുവതിയുടെ പിതാവ് അക്കാര്യം മറച്ചുവെക്കാൻ കാണിച്ച തെറ്റുകളോടുപോലും നാട്ടുകാർ ഐക്യപ്പെടുന്നത്.
ഞാൻ മൈത്രേയനുമായി വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ബന്ധുക്കളെയും മറ്റും ഏതെങ്കിലും വിധത്തിൽ അറിയിച്ച് ഒരു അംഗീകാരം ഉണ്ടാക്കി എടുക്കാൻ അച്ഛൻ തിടുക്കം കൂട്ടി. വിവാഹത്തിനുമുൻപ് ഗർഭിണികളായ ചില യുവതികളുടെ അച്ഛന്മാർക്കുണ്ടായ വിഷമങ്ങൾ ആ സമയത്ത് അച്ഛൻ പറഞ്ഞിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചാലോ എന്ന ആശങ്ക അച്ഛനുള്ളതുപോലെ തോന്നി. അച്ഛന്മാരുടെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പെൺമക്കളുടെ ശരീരങ്ങൾക്ക് ഏറ്റെടുക്കേണ്ടിവരുന്നു.
അബോധത്തിൽ തന്നെ പാപബോധമോ സദാചാരമോ കടന്നുകൂടിയതുകൊണ്ടാണോ എന്നറിയില്ല, ശരീരത്തെ ലൈംഗികകാമനകൾക്ക് ഞാൻ വിട്ടുകൊടുത്തിരുന്നില്ല. നോവലുകളിലും കഥകളിലുമൊക്കെയുള്ള രതിഭാവനകളും വിവരണങ്ങളും നാഡികളിലൂടെ ചില തിരയിളക്കങ്ങളുണ്ടാക്കി എന്നുമാത്രം. എന്നാൽ, ചിലപ്പോൾ ബോധത്തിൽ മിന്നിമറയുന്ന ചില അറിവുകളോ, സംഗീതമോ, കുഴയ്ക്കുന്ന കണക്കുകൾ ചെയ്ത് ഉത്തരം കിട്ടുമ്പോഴുണ്ടാകുന്ന എക്‌സൈറ്റ്‌മെന്റോ ഒക്കെ ശരീരത്തിലൂടെ കുളിരുള്ള ഒരു ഒഴുക്കുണ്ടാക്കിയിരുന്നു. വേദനിക്കുകയും ഉറങ്ങുകയും മണക്കുകയും രുചിക്കുകയും ചെയ്യുന്ന ശരീരത്തിന്, അതിൽനിന്നെല്ലാം വ്യത്യസ്തമായ അനുഭവങ്ങളും ഉണ്ടാകുമെന്ന് അങ്ങനെ ഞാൻ അറിഞ്ഞു. വ്യാവഹാരികമായി അറിയുന്ന ‘ഞാൻ' എന്ന ബോധം ആ നിമിഷങ്ങളിൽ നഷ്ടപ്പെടുകയും ശരീരം സ്വസ്ഥമാവുകയും ചെയ്യും. രതിമൂർച്ഛയിലും, ബോധത്തിൽ അത്തരത്തിലുള്ള വ്യത്യാസവും ശരീരത്തിന് സ്വാസ്ഥ്യവുമാണുണ്ടാകുന്നത്. അറിവിലൂടെയാണെങ്കിലും ഇന്ദ്രിയാനുഭവങ്ങളിലൂടെയാണെങ്കിലും സ്വസ്ഥമാകുന്ന ശരീരം ആനന്ദമുണ്ടാക്കും.
സാമൂഹ്യമായി രൂപപ്പെടുന്ന ഐഡന്റിറ്റിയുടെയും ശരീരത്തിന്റെയും തലങ്ങളിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ ലഘൂകരിച്ച് സ്വസ്ഥതയും സന്തോഷവും നേടാനാണ് മനുഷ്യജീവികൾ ശ്രമിക്കുന്നത്. സ്വാഭാവികമായി അത് കൈവരിച്ച് സന്തോഷത്തോടെ ജീവിക്കുന്നവർ ഉത്കണ്ഠപ്പെടേണ്ടതില്ല. അതില്ലാത്തവർ മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ. നമ്മൾ പേറുന്ന സ്വത്വത്തിന്റെ ഭാരം ഒറ്റയ്ക്ക് താങ്ങേണ്ടതല്ല, എന്ന തിരിച്ചറിവ് തന്നെയാണ് അതിന്റെ ഭാരം കുറക്കുന്നത്. അത് എവിടെ നിന്നോ വന്നതും എവിടേയ്ക്കോ നീങ്ങി പൊയ്‌കൊണ്ടിരിക്കുന്നതുമാണ്. നമ്മൾ അറിയാതെ തന്നെ അതിന്റെ പാളികൾ ഇളകിമാറുകയും പുതിയവ ഉണ്ടാവുകയും ചെയ്യന്നുണ്ട്. അമ്മയെ സ്‌നേഹിച്ചുകൊണ്ടിരുന്ന ആൾ വേറൊരു സ്ത്രീയുടെ ജീവിതപങ്കാളി കൂടിയാകുമ്പോൾ ബന്ധങ്ങളിൽ വരുന്ന മാറ്റത്തിനനുസരിച്ച് സ്വത്വബോധത്തിലും മാറ്റമുണ്ടാകുന്നു. വർണത്തെക്കുറിച്ച് ബോധമില്ലാതിരുന്ന ഒരാൾ മറ്റു വർണക്കാരിൽ നിന്ന് വിവേചനം നേരിടുകയാണെങ്കിൽ അപ്പോൾ വർണപരമായ സ്വത്വബോധം ഉണരുന്നു. ഇങ്ങനെ തെന്നിക്കളിച്ച് നിൽക്കുന്നതായി സ്വത്വത്തെ അറിയുമ്പോൾ, വെള്ളത്തിൽ നീന്തുമ്പോഴെന്ന പോലെ അത് ലഘുവാകും. മറ്റുള്ളവരുമായുള്ള ബന്ധത്തിലൂടെ മാത്രമാണ് സ്വത്വം രൂപപ്പെടുന്നത്. അതില്ലാതെ മനുഷ്യശരീരങ്ങൾക്ക് നിലനിൽക്കാൻ കഴിയുകയുമില്ല. ഇങ്ങനെ അറിയുമ്പോഴും നമ്മൾ ഉത്കണ്ഠപ്പെട്ടു കൊണ്ടേയിരിക്കും. മനുഷ്യരുടെ നിലനിൽപ്പിന്റെ ഒരു വിശേഷസ്വഭാവമായി തന്നെ അത് കാണാം. ഏതെങ്കിലും സവിശേഷമായ തരത്തിലുള്ള ബന്ധങ്ങളിലൂടെ മാത്രമാണ് മനുഷ്യർ നിലനിൽക്കുന്നത്. ബന്ധങ്ങളുടെ ഈ സൂക്ഷ്മലോകം മാറിമറിഞ്ഞുകൊണ്ടുമിരിക്കും. ജീവിക്കാനുപകരിക്കുന്ന ഭാഷയും മറ്റുപകരണങ്ങളും സ്വായത്തമാക്കുന്നതും കുട്ടിക്കാലം മുതലുള്ള ബന്ധങ്ങളിലൂടെയാണ്.
മനുഷ്യർ അവരുടെ ഉറച്ച വിശ്വാസങ്ങളിലും കൂട്ടായ്മകളിലും ജീവിക്കുന്നത് പലപ്പോഴും നിരുപദ്രവകരമാണ്. എന്നാൽ, വർഗീയവും വംശീയവുമായ കടുംപിടുത്തങ്ങൾ ചിലപ്പോൾ വിനാശകരമായ കലഹങ്ങൾക്കും കലാപങ്ങൾക്കും വഴിയൊരുക്കുന്നതും കാണാറുണ്ട്.
ആശയങ്ങളും മൂല്യങ്ങളുമെല്ലാം മനുഷ്യർക്ക് ഒരുമിച്ച് ചേർന്ന് ജീവിക്കാനും ചിലപ്പോൾ മറ്റു വിഭാഗങ്ങളെ എതിർക്കാനുമുള്ള ഉപകരണങ്ങളാണ്. മറ്റുള്ളവരിൽ നിന്ന് ലഭിച്ചവയാണെങ്കിൽപോലും ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുവഴി വ്യക്തിയുടെ ‘താൻബോധം' ഉറയ്ക്കുകയാണ് ചെയ്യുന്നത്. ആ സമയം അനുസ്യൂതമായ മനുഷ്യവിഭാഗത്തിലെയും, പ്രപഞ്ചത്തിലെ അനന്തകോടി ചരാചരങ്ങളിലെയും ഒരു കണ്ണി മാത്രമാണ് താനെന്ന് മനുഷ്യർ മറന്നുപോകുന്നു. അത് നിരന്തരം ഓർമിച്ചെടുക്കുക വഴി താൻബോധത്തിന്റെ ഭാരം കുറയ്ക്കാൻ സാധിക്കും. അതേസമയം, ഈ താൻബോധം തന്നെയാണ് ജീവിസത്വത്തെ നിലനിർത്തുന്നതും. ഈ വൈരുധ്യത്തിൽപെട്ടതാണ് മനുഷ്യജീവിതം.
നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങളിൽ ഉറച്ചുപോയ മനുഷ്യർക്ക് ഈ ഭാരം, ആ നിലയിൽ ജീവിതം തുടർന്നുകൊണ്ടുപോകാൻ സഹായകമായേക്കാം. എന്നാൽ, സാമൂഹ്യബന്ധങ്ങളും അവസ്ഥയും മാറുന്ന സമയത്ത് അവർക്ക് അതിനോട് പൊരുത്തപ്പെടാൻ പ്രയാസം ഉണ്ടാകാനിടയുണ്ട്.
മനുഷ്യർ അവരുടെ ഉറച്ച വിശ്വാസങ്ങളിലും കൂട്ടായ്മകളിലും ജീവിക്കുന്നത് പലപ്പോഴും നിരുപദ്രവകരമാണ്. എന്നാൽ, വർഗീയവും വംശീയവുമായ കടുംപിടുത്തങ്ങൾ ചിലപ്പോൾ വിനാശകരമായ കലഹങ്ങൾക്കും കലാപങ്ങൾക്കും വഴിയൊരുക്കുന്നതും കാണാറുണ്ട്. ഇതിന്റെ വേറൊരു രൂപമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള ചേരിതിരിവുകളിൽ കാണുന്നത്.
പല സമൂഹമാധ്യമ കൂട്ടായ്മകളിലും ഞാൻ അംഗമാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ വന്നവർ, പല ജീവിതവീക്ഷണങ്ങളുള്ളവരും അതുകൊണ്ടുതന്നെ വ്യത്യസ്ത നിലപാടുകൾ ഉള്ളവരുമാണ്. ഒരേ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവർ, ഒരു സിദ്ധാന്തം പിന്തുടരുന്നവർ, ഏതെങ്കിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ, കുടുംബബന്ധങ്ങളുള്ളവർ, ഒരുമിച്ച് പഠിച്ചവർ, സ്ഥാപനത്തിലെ അംഗങ്ങൾ എന്നിങ്ങനെ ഒക്കെയാണ് കൂട്ടായ്മകൾ രൂപപ്പെടുന്നത്. കൂട്ടായ്മകൾ തുടങ്ങുന്നത് സമാനതകളുടെ പേരിലാണെങ്കിലും കുറച്ചുകഴിയുമ്പോൾ ചില സംവാദങ്ങൾ മൂല്യങ്ങളിലെ വ്യത്യാസങ്ങളിലേക്കെത്തിക്കും. ആ സമയത്ത് പലപ്പോഴും വാഗ്വാദങ്ങൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങുന്നത് കാണാം. മറ്റുള്ളവർ ഉദ്ദേശിക്കാത്ത കാര്യങ്ങൾ തന്നെ സ്ട്രാ മാൻ (straw man) വാദങ്ങളിലൂടെ കൊണ്ടുവരും.
എങ്ങനെയെങ്കിലും എതിരാളിയെ നിലംപരിശാക്കുക എന്നതിലേക്ക് സംസാരം നീങ്ങും. വെറുപ്പുമാത്രം പതഞ്ഞുപൊങ്ങും. കൂടുതൽ പേരും ഒരേ ആശയത്തിലുള്ളവരാണെങ്കിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് അതിൽ തുടരാൻ സാധിക്കില്ല. അവർ ഗ്രൂപ്പ് വിട്ടുപോകുന്നതുകാണാം. ഒരുമിച്ച് പഠിച്ചവരുടെ ഒക്കെ കൂട്ടായ്മകളാകുമ്പോൾ അവിടെ സിദ്ധാന്തവും മൂല്യവിചാരവും ഒന്നുമില്ലാത്തതിനാൽ പ്രശ്‌നമില്ലല്ലോ എന്ന് കരുതും. പക്ഷെ, വെറുതെയാണ്. ഒന്നുകിൽ, വെറുതേ തമാശകളൊക്കെ പറഞ്ഞുപോകാം. അങ്ങനെ ആണെന്ന് പറഞ്ഞാലും മാധ്യമങ്ങളിലോ പ്രൊഫഷനിലോ ഒക്കെയുള്ള പ്രമുഖമായ വാർത്തകളും കുറിപ്പുകളും അവിടെയും പ്രത്യക്ഷപ്പെടും. അതെല്ലാം പൊതുബോധത്തിനനുസരിച്ച് മാത്രമായിരിക്കും. അതിന് എതിരായുള്ള കുറിപ്പുകൾ ആരെങ്കിലും ഷെയർ ചെയ്തു എന്ന് വിചാരിക്കുക. വേറിട്ട് ചിന്തിക്കുന്നവർ അങ്ങിങ്ങായി ഉണ്ടാവുമല്ലോ. ഇവിടെ രാഷ്ട്രീയവും സിദ്ധാന്തവും ഒന്നും വേണ്ട എന്ന് ഉടൻ കമന്റുകൾ വരും. അതുവരെ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ഇതെല്ലാമുണ്ടെന്നും അത് ആ കൂട്ടായ്മയുടെ പൊതുബോധമായതുകൊണ്ട് തിരിച്ചറിയാത്തതാണെന്നും ആരും മനസ്സിലാക്കുന്നുണ്ടാവില്ല. എങ്ങനെയാണ് വ്യക്തികളും കൂട്ടായ്മകളും, സ്വത്വങ്ങളും അതിരുകളുമുണ്ടാക്കുന്നതെന്നും, അതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും വയലൻസും ഉണ്ടാകുന്നതെന്നും ഇവ അകത്തുനിന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും. ആശയാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകളിൽ ഇത് രൂക്ഷമാണ്. അഭിപ്രായവ്യത്യാസങ്ങളുള്ളവർക്ക് അതിൽ തുടരാനോ, തുടർന്നാൽ തന്നെ മിണ്ടാനോ പ്രയാസമായിരിക്കും. അവർ ഭൂരിപക്ഷത്താൽ ആക്രമിക്കപ്പെടും. ഏതെങ്കിലും ഒരു പക്ഷത്ത് വാശിയോടെ ഉറച്ചുനിൽക്കാത്തതുകൊണ്ട് എനിക്ക് ഫോളോവർമാർ ഉണ്ടാകാറില്ല.
എന്നാൽ ഇതിനപവാദമായി, മറ്റുള്ളവർ പറയുന്നത് കേൾക്കാനും, സ്വീകരിക്കാവുന്ന ആശയങ്ങൾ സ്വീകരിച്ച് സ്വയം മാറാനും ആളുകൾ സന്നദ്ധരാകുന്ന തരം കൂട്ടായ്മകളും അപൂർവമായി കാണുന്നുണ്ട്. യുവാക്കളും പുതിയ ആശയങ്ങൾ സാമൂഹ്യമായി തന്നെ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നവരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ഇങ്ങനെ കാണുന്നത്. സമൂഹം തങ്ങളിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്ന ഐഡന്റിറ്റിയിൽ നിന്ന് മാറിനിന്ന് നോക്കാൻ താത്പര്യമുള്ളവരായിരിക്കും ഇവർ. ഉറച്ചുപോയ സ്വത്വത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്നവർക്കും, അതിന്റെ അസ്ഥിരത തിരിച്ചറിയാനും പുതിയ ബന്ധങ്ങൾക്കും സാമൂഹ്യാന്തരീക്ഷത്തിനുമായി സ്വയം തുറന്നിരിക്കാനും സാധ്യതയുണ്ട്. മറ്റുള്ളവരുടെ അവസ്ഥകളോട് പൊരുത്തപ്പെടാനും അനുകമ്പനം ചെയ്യാനും അവർക്ക് വഴക്കമേറും. വ്യത്യസ്തതകളെ ഉൾക്കൊള്ളാനുള്ള മനുഷ്യരുടെ സന്നദ്ധതയാണത്.
വ്യത്യസ്തത എല്ലാ ജീവികളുടെയും അതിജീവനകലയാണ്. സസ്യങ്ങളും ജന്തുക്കളുമെല്ലാം അവയുടെ ജനിതകവസ്തുവിലും പ്രകടരൂപങ്ങളിലും വ്യത്യസ്തതകൾ സൂക്ഷിക്കുന്നു. മാറിവരുന്ന പരിതസ്ഥിതികളിൽ, ഇതിൽ ചിലവ അതിജീവനത്തിന് ഉപകരിക്കാറുണ്ട്. പരിണാമശാസ്ത്രത്തിലെ പ്രകൃതി നിർധാരണം ഇത് വിശദമാക്കുന്നു. മനുഷ്യരും വ്യത്യസ്തരായിരിക്കുന്നത് ഈ ഉദ്ദേശ്യത്തോടെ തന്നെയാണ്. അതിൽ ശരീരത്തിന്റെ സവിശേഷതകളും സാമൂഹികമായ ഐഡന്റിറ്റികളുടെതായ സ്വഭാവങ്ങളും വരും. മനുഷ്യർ സാമൂഹ്യമായി ആർജിച്ചെടുത്ത താൻബോധത്തിന്റെ അതിരുകൾ പൂർണമായും അടച്ചുകെട്ടിയതാണോ? അതിരുകളെക്കുറിച്ചുള്ള ബോധം, സ്വന്തം പരിമിതിയെയും ജീവികളുടെ പരസ്പരബന്ധത്തെയും കുറിച്ചുള്ള തിരിച്ചറിവിലേക്ക് നയിക്കേണ്ടതാണ്. തൊലി ഉൾപ്പടെയുള്ള നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ചുറ്റുപാടിനെ സൂക്ഷ്മമായി തൊട്ടറിയുകയും, ആവശ്യമുള്ളത് ഉള്ളിലേക്ക് കടത്തുകയും, ശരീരത്തെ സംരക്ഷിച്ചുനിർത്തുകയുമാണ് ചെയ്യുന്നത്. ഈ കഴിവുകളെല്ലാം ആർജിച്ചെടുക്കുന്നതിൽ നമ്മൾ മറ്റു ജീവികളോട് കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. താൻബോധവും, അതിന്റെ പരിസ്ഥിതിയായ സാമൂഹ്യമണ്ഡലത്തിൽ ഇതുപോലെ തുറന്നുനിൽക്കുകയാണ് വേണ്ടത്. മറ്റുള്ളവരുമായി ഇപ്പോഴും, കഴിഞ്ഞകാലത്തും, ഭാവിയിലും നമ്മൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ആനുഭവികമായി അറിയുമ്പോൾ ഉറച്ചുപോയ താൻബോധത്തിന്റെ ഭാരം കുറയ്ക്കാം. എല്ലാ ഭാരവും എന്റെ മാത്രം ഉത്തരവാദിത്വമാകുന്നില്ല. അപരരെ നമ്മൾ കൈവെടിയാതിരിക്കുമ്പോൾ, കൈകോർക്കലിൽ ഒരു കണ്ണിയായി മാറിക്കൊണ്ട് നമ്മുടെ നിസ്സാരമായ സ്വരൂപം ഗ്രഹിക്കാനാകുന്നു. അടുത്തുവരുന്നതിനോട് അപ്പോഴപ്പോൾ ഇണങ്ങിജീവിക്കാൻ കഴിയും. എല്ലാ ജീവികളും ഇതുതന്നെയാണ് ചെയ്യുന്നത്.
മിലൻ കുന്ദേര ‘അസ്തിത്വത്തിന്റെ അസഹനീയമായ സരളത' (The unbearable lightness of being) എന്ന നോവലിൽ നൈമിഷികവും അപ്രധാനവുമായ മനുഷ്യാസ്തിത്വത്തെക്കുറിച്ചാണ് പറയുന്നത്. (ഇത് മലയാളത്തിൽ, ഉയിരടയാളങ്ങൾ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്). ‘താനാ'യിരിക്കുന്നതിലെ ഭാരവും ഭാരമില്ലായ്മയും ഇതിൽ പ്രമേയമായി വരുന്നുണ്ട്. വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന അനുഭവങ്ങൾ തന്റെതായ ‘ഭാരം' കൊണ്ടുവരുന്നു. ഭാഷയും ആചാരങ്ങളും, നിയമങ്ങളും പ്രോട്ടോകോളുകളും ജീവിതഭാരം കൂട്ടുകയും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സ്വാതന്ത്യവും പുതുമയും സാഹസവും ഇതോടെ നഷ്ടപ്പെടുന്നു. അപരത്വത്തിന്റെ സൗന്ദര്യം കളഞ്ഞുപോകുന്നു. ജീവിതത്തെ പലതരത്തിൽ അനുഭവിക്കുന്ന രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് നോവലിലുള്ളത്. ബന്ധങ്ങൾ സ്ഥിരപ്പെടുത്താതെ വളരെ ലാഘവത്തോടെ ജീവിക്കുന്ന ആളും, ബന്ധത്തിന്റെ ഭാരംകൊണ്ട് വിഷമിക്കുന്നവരും ഉണ്ട്. സംഭവങ്ങളുടെ ആവർത്തനമാണ് മൂല്യത്തോടൊപ്പം ഭാരവുമുണ്ടാക്കുന്നത്. എന്നാൽ നിലയില്ലാത്ത അസ്തിത്വത്തിന്റെ നിസ്സാരത അസഹനീയവുമാണ്. പൊങ്ങിപ്പറന്നുപോകുന്ന അതിനെ പ്രണയത്തിന്റെ സൗന്ദര്യത്തിൽ തളച്ച്, ലഘുവായ ഭാരം അനുഭവിക്കാനാണ് നോവലിസ്റ്റ് ഇഷ്ടപ്പെടുന്നത്.
അറിവിലെത്താനുള്ള വഴി നാരായണഗുരുവിന് വേറെയാണെങ്കിലും, ജനനീ നവരത്‌നമഞ്ജരിയിലും മറ്റും ലാഘവത്വവും ലീലയുമാണ് ലോകമായി തെളിഞ്ഞുനിൽക്കുന്നത്. ‘തല്ലാഘവം പറകിലില്ലാരണം ക്രിയകൾ,' എന്ന് രണ്ടാമത്തെ ശ്ലോകത്തിലും, ‘അഹം ഭാനമാകുമതിനാൽ വൻ ഭാരമാർന്ന തനുവും' എന്ന് ഏഴാമത്തെ ശ്ലോകത്തിലും പറയുന്നു. സ്വരൂപം അറിഞ്ഞവർക്ക്, നിയമപ്രകാരമുള്ള കർമങ്ങളെല്ലാം ചെയ്യുമ്പോൾ തന്നെ അതിൽനിന്നും വിട്ടുനിന്ന്, ലാഘവം/ഭാരമില്ലായ്മ അനുഭവിക്കാനാകുന്നു. അഹംബോധം കൊണ്ട് വലിയ ഭാരമാർന്ന ശരീരത്തെക്കുറിച്ചാണ് ഏഴാമത്തെ ശ്ലോകത്തിൽ പറയുന്നത്.
അഞ്ചാമത്തെ ശ്ലോകത്തിൽ ലോകത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘കീലാല വായ്വനല കോലാഹലം ഭുവന
മാലാപമാത്രമഖിലം '
ജലവും വായുവും അഗ്‌നിയും ചേർന്നുള്ള കോലാഹലമായ ലോകം ആലാപം മാത്രമാണ്. ഉലകവും നമ്മളും കളിവാക്കുകൾ മാത്രം. പക്ഷേ, ആ കളി തന്നെയാണ് ജീവിതത്തിന്റെ രസം. ▮
(അവസാനിച്ചു. ‘എഴുകോൺ’ ട്രൂ കോപ്പി ഉടൻ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.