മൈത്രേയനും ജയശ്രീയും ജയശ്രീയുടെ എഴുകോണിലെ വീട്ടിൽ

​രണ്ടോണങ്ങൾക്കിടയിൽ​

എഴുകോൺ-16

​മൈത്രേയനും ഞാനും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. ആദ്യ ദിവസം മുതൽ അത് ഞങ്ങൾ പ്രകടിപ്പിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ, യോജിക്കുന്ന കാര്യങ്ങളും ധാരാളമുള്ളതു കൊണ്ടാണ് ഒരുമിച്ചുള്ള ജീവിതം സാധ്യമായത്.

ണക്കാലത്ത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കുട്ടിക്കാലം മുതൽ എന്നെ ഒരു റൊമാന്റിക് ലോകത്തെത്തിച്ചിരുന്നു. ഓണത്തോടടുപ്പിച്ച് പറമ്പിലെല്ലാം പുതിയ ഇനം പൂക്കളും പൂമ്പാറ്റകളും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ആകാശമുണ്ടായിരുന്ന അക്കാലത്ത് വെയിലും നിലാവും ഒരേ പോലെ ഉന്മേഷം നൽകി. ഓണനിലാവിനൊപ്പം ദൂരെ നിന്ന് ഓണപ്പാട്ടുകളും ഒഴുകിയെത്തും. ബന്ധുവീടുകളിൽ പോകാനുള്ള അവസരം കൂടിയാണ് ഓണക്കാലം. പുതിയ പല ആളുകളും ഈ സന്ദർഭത്തിൽ വന്നു പോകും. കൂടുതലും ഊഞ്ഞാലാടാൻ പോകുന്ന ഇടങ്ങളിലാണ് പുതിയ കൂട്ടുകാരെ കിട്ടുന്നത്.

ഇത് പോലെ ഒരു ഓണക്കാലത്താണ് ഞാൻ മൈത്രേയന്റെ ചിങ്ങോലിയിലെ വീട്ടിലേക്ക് പോകുന്നത്. ഓണത്തിന് മൈത്രേയൻ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ചിങ്ങോലിയിലേക്കു പോകുന്നത്. അങ്ങനെ ഒരാൾ വീട്ടിൽ വന്നു താമസിക്കുന്നത് തന്നെ നാട്ടുകാർക്ക് ഗോസിപ്പുണ്ടാക്കാൻ പറ്റുന്ന കാര്യമാണ്.

ജയശ്രീയുടെ സഹോദരി രാജശ്രീ

മൈത്രേയൻ കൂടെ ഉണ്ടായിരുന്നതിനാൽ ആ ഓണം തികച്ചും വ്യത്യസ്തമായിരുന്നു. മുൻപുണ്ടായിരുന്ന തരം റൊമാന്റിക് ഭാവമൊന്നും ആ ഓണത്തിനുണ്ടായില്ല. മൈത്രേയന്റെ സാന്നിധ്യം സന്തോഷം നിറച്ചു എങ്കിലും യാഥാർഥ്യബോധം തൊട്ടുരുമ്മി നിന്നു. തൊട്ടടുത്ത് വരാൻ പോകുന്ന പരീക്ഷയും ഭാവിയിൽ എന്ത് ചെയ്യണമെന്നതുമെല്ലാം ആശങ്ക ഉണ്ടാക്കി കൊണ്ടിരുന്നു. എന്നാൽ, അതിനു മീതെ, ആകസ്മികമായുണ്ടായ പുതുമകളും വരാനിരിക്കുന്ന വിസ്മയങ്ങളും ആനന്ദം ചൊരിയുകയും ചെയ്തു. ചിങ്ങോലിയിൽ പോകുന്നതിന്റെ തലേ ദിവസം രാത്രി എന്റെ അനുജത്തി രാജശ്രീ എന്നെ ചേർത്തു പിടിച്ചു. പുതിയ ജീവിതത്തിലേക്ക് പോകുമ്പോൾ വൈകാരികമായി ഞാൻ അനുഭവിച്ച നിമിഷങ്ങൾ അതായിരുന്നു. അന്നും ഇന്നും എപ്പോഴും എനിക്ക് പിന്തുണയായുള്ള ആളാണ് രാജശ്രീ.

അച്ഛൻ, സ്വന്തം ഉത്തരവാദിത്വം നിറവേറ്റാനായി ഞങ്ങളെ അനുഗ്രഹിച്ച് ചിങ്ങോലിയിലേക്ക് പറഞ്ഞു വിട്ടു. ചില ബന്ധുക്കൾ ആ സമയം സന്നിഹിതരായി. നേരെ പോയത് മാടൻനടയിലെ ബസ് സ്റ്റാന്റിലേക്കാണ്. അവിടെ പുറപ്പെടാൻ പാകത്തിൽ ഒരു ബസുണ്ടായിരുന്നു. ഞങ്ങൾ കയറി ഇരുന്നു. സമയമായിട്ടും ബസ് സ്റ്റാർട്ട് ആകുന്നില്ല. മൈത്രേയൻ അടക്കം ഉള്ളിലുണ്ടായിരുന്ന ആണുങ്ങൾ ഇറങ്ങി തള്ളേണ്ടി വന്നു. വേണമെങ്കിൽ അതൊരു ദുശ്ശകുനമായി കാണാം. ആ വക ചിന്തകളൊന്നുമില്ലാത്തതു കൊണ്ട് ഞങ്ങൾക്ക് അതൊരു തമാശ മാത്രമായി. കൊല്ലത്ത് നിന്ന് മറ്റൊരു ബസ്സിൽ കയറി ആദ്യം ഹരിപ്പാട് ഡാണാപ്പടിയിൽ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലെത്തി. വൈകുന്നേരം പിന്നീട് ബസൊന്നുമില്ലാത്തതു കൊണ്ട് ചിങ്ങോലി വരെ നടക്കാൻ തീരുമാനിച്ചു. ഏതാണ്ട് അര മണിക്കൂറോളം നടന്നെന്നു തോന്നുന്നു. കയറും കമ്മ്യൂണിസവും മണക്കുന്ന നാട്ടിൽ, പോകുന്ന വഴിക്കുള്ള വീടുകളിലുള്ളവരോടൊക്കെ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ പോവുകയാണെന്ന് മൈത്രേയൻ പറഞ്ഞു കൊണ്ടിരുന്നു.

ചുറ്റും തോടുകളുള്ള പറമ്പും അതിനു നടുവിൽ നാലുകെട്ടോടും കൂടിയ പഴയ വീടായിരുന്നു അത്. ഞങ്ങൾ ചെല്ലുമ്പോൾ വീട് നിറയെ ചുറ്റിലുമുള്ള കുട്ടികൾ ഉണ്ടായിരുന്നു. അടുത്തുള്ള ചെല്ലമ്മച്ചേച്ചി ഭക്ഷണം ഉണ്ടാക്കി തന്നു. രണ്ട് ദിവസത്തിനകം തന്നെ എനിക്ക് മെഡിക്കൽ കോളേജിലേക്ക് മടങ്ങേണ്ടിയിരുന്നു. ചുറ്റും കണ്ട് കൊതി തീർന്നില്ലെങ്കിലും പരീക്ഷ അടുത്തതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ തിരുവനന്തപുരത്തേക്ക് പോയി. ബാബുവിന്റെ ക്വാർട്ടേഴ്സിൽ ആയിരുന്നു ഞങ്ങൾ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. ബാബുവിന്റെ സഹചാരിണിയായ ഇന്ദിര സ്വന്തം നാടായ തലശ്ശേരിയിലായിരുന്നതിനാൽ അവിടെ മുറികൾ ഒഴിഞ്ഞു കിടന്നു. മിക്ക സമയങ്ങളിലും അവിടെ ധാരാളം സുഹൃത്തുക്കൾ വരുകയും അവരെല്ലാം രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. ഞാനാകട്ടെ, മനസ്സില്ലാ മനസ്സോടെ ഗൈനക്കോളജിയും സർജ്ജറിയും വായിച്ച് കൊണ്ടിരുന്നു. മനസ്സ് ഒരിടത്തും ഉറച്ച് നിന്നില്ല. എനിക്ക് യാതൊരു എത്തും പിടിയുമില്ലാത്ത ഒരു മേഖലയിലേക്ക് ഞാൻ എത്തുകയായിരുന്നു.

ഭാസുരേന്ദ്ര ബാബുവും കളരിക്കൽ രവീന്ദ്രനും മൈത്രേയനും ബാബുവിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്വാട്ടേഴ്‌സിൽ

മൈത്രേയനും ഞാനും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. ആദ്യ ദിവസം മുതൽ അത് ഞങ്ങൾ പ്രകടിപ്പിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ, യോജിക്കുന്ന കാര്യങ്ങളും ധാരാളമുള്ളതു കൊണ്ടാണ് ഒരുമിച്ചുള്ള ജീവിതം സാധ്യമായത്. ഏതോ ഒരു സമയത്ത് കുട്ടികളെ കുറിച്ചുള്ള വിഷയം സംസാരിക്കാനിടയായി. അതുവരെ ഞാൻ കുട്ടികളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ, ആ സമയം എനിക്ക് പ്രസവിക്കണമെന്ന് തോന്നി തുടങ്ങി. കുട്ടി ഉണ്ടാകണം എന്നതിനേക്കാൾ അതിന്റേതായ മൊത്തം പ്രക്രിയയും ജീവിതത്തിലെ വലിയൊരറിവാണെന്നത് എന്നിൽ ആഗ്രഹം വളർത്തി. ഏതാണ്ട് ആ സമയത്തിനടുപ്പിച്ചായിരുന്നു ഞങ്ങൾക്ക് ഇന്റേൺമെന്റ് (Internment) എന്ന് പറയുന്ന പ്രസവപരിചരണ പഠനം നടന്നിരുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ തന്നെ താമസിച്ച് പരമാവധി പ്രസവങ്ങൾ കൈകാര്യം ചെയ്യുന്ന പ്രാക്ടിക്കൽ ആണത്. മറ്റു ബാധ്യതകളൊന്നുമില്ലെങ്കിൽ നന്നായി ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന കോഴ്‌സാണത്. ഞാൻ ആ സമയത്ത് ആശയപ്രതിസന്ധിയിലായിരുന്നതിനാൽ പൂർണമായി ആസ്വദിച്ചു എന്ന് പറയാൻ കഴിയില്ല എങ്കിലും അത് ഏറെ പുതുമയുള്ള അനുഭവം തന്നെയായിരുന്നു.

പ്രസവം എനിക്ക് ഒരു പാഷൻ ആയിരിക്കെയാണ് മൈത്രേയൻ അതിനെതിരായ സിദ്ധാന്തം അവതരിപ്പിക്കുന്നത്. അപ്പോൾ ചില കാര്യങ്ങൾ എനിക്ക് തീരുമാനിക്കാൻ കഴിയില്ലേ എന്ന ചിന്ത അലട്ടാൻ തുടങ്ങി. ഞാൻ അത് തന്നെ പറഞ്ഞ് മൈത്രേയനെയും അലട്ടാൻ തുടങ്ങി

ലേബർ റൂമിൽ ഓരോ ടേബിളിലായി കിടക്കുന്നവരെ ഇടക്കിടെ പരിശോധിക്കുക ഞങ്ങളുടെ ജോലിയാണ്. ഗർഭാശയനാളം എത്രത്തോളം വികസിച്ചു എന്നതും കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മയുടെ പൾസും പ്രഷറുമെല്ലാം ഓരോ പതിനഞ്ചു മിനുട്ടിലും പരിശോധിച്ച് രേഖപ്പെടുത്തണം. അതിനിടെ പ്രസവം നടക്കുകയാണെങ്കിൽ കുഞ്ഞിനെ പുറത്തെടുക്കണം. പ്രസവത്തിനു തൊട്ടു മുമ്പ് യോനീകവാടത്തിൽ കത്രിക ഉപയോഗിച്ച് (episiotomy) മുറിവുണ്ടാക്കും. അത് സീനിയർമാരായിരിക്കും ചെയ്യുന്നത്. ഞങ്ങൾ അസിസ്റ്റ് ചെയ്യുകയായിരിക്കും. താനെ മുറിവുണ്ടായാൽ അത് പലയിടത്തോട്ടും വലിഞ്ഞു കീറി രക്തസ്രാവവും മുറിവ് തുന്നിച്ചുചേർക്കാൻ പ്രയാസവുമുണ്ടാകുമെന്ന ധാരണയിലാണ് കൃതൃമമായി മുറിവുണ്ടാക്കുന്നത്. പ്രസവസമയത്തെ കടുത്ത വേദന മൂലം ഈ കത്രിക പ്രയോഗം മിക്ക സ്ത്രീകളും അറിയുക തന്നെയില്ല. പക്ഷേ, പിന്നീട് അത് വലിയ വേദന ഉണ്ടാക്കും. ഇപ്പോഴത്തെ മാതിരി, അന്ന് വേദന അനുഭവിപ്പിക്കാത്ത തരം പ്രസവമൊന്നും പ്രയോഗത്തിലുണ്ടായിരുന്നില്ല. പല സ്ത്രീകളും വേദന തുടങ്ങുമ്പോൾ തന്നെ ഉച്ചത്തിൽ നിലവിളിച്ചിരുന്നു. നഴ്സുമാർ അകത്തെ മുറിയിൽ കട്ടൻ കാപ്പി തിളപ്പിക്കുകയും അത് ഇടക്കിടെ സ്ത്രീകൾക്ക് നൽകുകയും ചെയ്യും. ചിലപ്പോൾ ഞങ്ങളും ആ ജോലി ഏറ്റെടുക്കും. കുഞ്ഞു പുറത്ത് വന്നാൽ, പൊക്കിൾകൊടി മുറിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി നഴ്സുമാരെ ഏൽപ്പിക്കും. മറുപിള്ള പുറത്തേക്ക് കൊണ്ട് വരുകയും അതിന്റെ ഭാഗമൊന്നും ഉള്ളിൽ ഇല്ലെന്ന് തീർച്ചയാക്കിയ ശേഷം മുറിവ് തുന്നുകയും ചെയ്യുന്നത് ഞങ്ങളുടെ ജോലിയാണ്. അമ്മയെയും കുഞ്ഞിനെയും പരിശോധിച്ച് എല്ലാ വിവരങ്ങളും വിശദമായി കേസ് ഷീറ്റിൽ രേഖപ്പെടുത്തണം. ഇതിനിടെ സിസേറിയൻ ഉണ്ടെങ്കിൽ തിയേറ്ററിൽ പോയി അത് അസിസ്റ്റ് ചെയ്യണം. ജീവിതം തുളുമ്പി നിൽക്കുന്ന, സംഭവ ബഹുലമായ ഇടമാണ് ലേബർ റൂം.

അങ്ങനെ പ്രസവം എനിക്ക് ഒരു പാഷൻ ആയിരിക്കെയാണ് മൈത്രേയൻ അതിനെതിരായ സിദ്ധാന്തം അവതരിപ്പിക്കുന്നത്. അപ്പോൾ ചില കാര്യങ്ങൾ എനിക്ക് തീരുമാനിക്കാൻ കഴിയില്ലേ എന്ന ചിന്ത അലട്ടാൻ തുടങ്ങി. ഞാൻ അത് തന്നെ പറഞ്ഞ് മൈത്രേയനെയും അലട്ടാൻ തുടങ്ങി. പഠനവും പരീക്ഷയും എല്ലാം മറന്ന് ഇത് മാത്രം ഒരു ഒബ്‌സെഷനായി മാറി. രണ്ട് മൂന്നു ദിവസം ഞാൻ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. എന്റെ എല്ലാ മോശം സ്വഭാവങ്ങളും പ്രത്യക്ഷപ്പെട്ടു. നിർബ്ബന്ധം, വാശി, അസൂയ തുടങ്ങി എല്ലാ മനുഷ്യഗുണങ്ങളും എന്നിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. രണ്ട് പേര് തമ്മിൽ പൊരുത്തപ്പെടുക എന്നത് കലാപ്രവർത്തനം പോലെയാണ്. അതിന് നൈസർഗ്ഗികതയും ഒപ്പം പരിശീലനവും വേണം. ഞാൻ അതുവരെ, നമുക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന ദൈവങ്ങളോടാണല്ലോ ആത്മബന്ധം പുലർത്തിയിരുന്നത്. അതിനു പകരം യഥാർത്ഥ മനുഷ്യരോട് പ്രതിബദ്ധമാകുമ്പോൾ കൂടുതൽ ആലോചനയും വിട്ടുവീഴ്ചയുമൊക്കെ വേണ്ടിവരും. നേരത്തെ പ്രണയ ബന്ധങ്ങളിലൊന്നും പരിചയമില്ലാതെ വ്യക്തിത്വം പൂർണമായി രൂപപ്പെട്ട്​ മുതിർന്നതിനുശേഷം ഇത് പരിശീലിച്ചെടുക്കാൻ പ്രയാസമാണ്. പിന്നീട് പലരുടെയും ബന്ധങ്ങളിലെ പ്രശ്‌നങ്ങളിൽ ഇടപെടുമ്പോഴും ഇത് ശരിയാണെന്നു തോന്നിയിട്ടുണ്ട്. ഏതായാലും അവസാനം മൈത്രേയൻ, കുട്ടി ആകാം എന്ന തീരുമാനത്തിലെത്തി.
പരീക്ഷക്ക് പഠിക്കുന്നത് എനിക്കും മൈത്രേയനും താല്പര്യമില്ലായിരുന്നു. എന്നാൽ പരീക്ഷ പാസാകാതെ ജോലി ചെയ്യാൻ കഴിയുകയുമില്ലല്ലോ. ബംഗ്ലാദേശിൽ പോയി ഡോ: സഫറുള്ള ചൗധുരിയോടൊപ്പം സന്നദ്ധസേവനം നടത്തിയാലോ എന്നും ആ സമയത്ത് ഞാൻ ആലോചിച്ചു. പരീക്ഷ ഏതാണ്ട് എഴുതിയെന്ന് വരുത്തി വീണ്ടും ചിങ്ങോലിയിലെത്തി. ഒരു സാങ്കൽപ്പിക ലോകത്തെത്തിയ പ്രതീതിയായിരുന്നു എനിക്ക്. ധാരാളം മാവുകളും മറ്റു ചെടികളുമെല്ലാം നിറഞ്ഞ പറമ്പും കുറെ മുറികളുമുള്ള വീട്. മാമ്പഴം സൂക്ഷിക്കാൻ മാത്രമായി ഒരു മുറി. അടുത്തുള്ള കുട്ടികളൊക്കെ അവിടുണ്ടാകും. നാല് വശത്തും താറാവുകളും മീനുകളും ഒഴുകി നടക്കുന്ന തോടുകൾ. പച്ചക്കറികളും മറ്റും മൈത്രേയൻ കൃഷി ചെയ്തിരുന്നു. തേങ്ങയായിരുന്നു മൈത്രേയന് ചെറിയ വരുമാനം ഉണ്ടാക്കിയിരുന്നത്. തെങ്ങുകളെല്ലാം കാറ്റുവീഴ്ച എന്ന രോഗം ബാധിച്ചിരുന്നതിനാൽ വളരെ കുറച്ച് തേങ്ങ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാൽ, ലോകം മുഴുവൻ ഒറ്റവീടായി കണ്ടിരുന്നത് കൊണ്ട് സമൃദ്ധി മാത്രമാണ് അവിടെ അനുഭവിച്ചത്.

ഉത്സാഹങ്ങൾക്കിടയിലും ഞാൻ ചില പ്രശ്‌നങ്ങൾ അനുഭവിച്ചു. ""ഞാൻ എവിടെ'' എന്ന ചോദ്യമായിരുന്നു അതിൽ പ്രധാനം. അതുവരെയുണ്ടായിരുന്ന എന്റെ തത്വചിന്തയുടെ ലോകം അപ്രസക്തമായി. അത് പങ്കുവയ്ക്കുന്ന ആളുകളൊന്നുമായിരുന്നില്ല ചുറ്റിലും ഉള്ളത്.

അവിടെ എപ്പോഴും ദൂരെ നിന്ന് ആരെങ്കിലുമൊക്കെ വന്ന് താമസിക്കുന്നുണ്ടാവും. പ്രണയിച്ച് വരുന്ന യുവാക്കൾ, ആത്മസംഘർഷത്തിൽ പെട്ട് വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ, വിദ്യാർത്ഥികൾ, പല വിഷയങ്ങളും സംസാരിക്കാൻ എത്തുന്നവർ, അങ്ങനെ പല വിധത്തിലുള്ള ആളുകൾ. വലിയ വീടായതു കൊണ്ട് താമസത്തിന് നല്ല സൗകര്യമുണ്ടായിരുന്നു. ചെല്ലമ്മചേച്ചി നല്ല ഭക്ഷണം ഒരുക്കി തരുകയും ചെയ്തു. അതിനു കുറച്ച് മുമ്പ്, ഇടതുപക്ഷ ചിന്തകരെല്ലാം ഒത്തു ചേരുന്ന ‘ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട്' ആയി ഉപയോഗിപ്പിക്കപ്പെട്ട ഇടം കൂടിയായിരുന്നു അത്. ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ടായിരുന്നു. ഒഴിവുകാലം ചെലവാക്കാൻ പറ്റിയ സ്ഥലം. ആസ്‌ട്രേലിയയിലുള്ള മൈത്രേയന്റെ ജ്യേഷ്ഠൻ ഡോ. ശരത്ചന്ദ്രൻ നാട്ടിൽ വന്നിരുന്നതിനാൽ ചില ദിവസങ്ങളിൽ അദ്ദേഹം സംഗീതോപകരണങ്ങളുമായി വന്ന് പാട്ടുകൾ പാടിയിരുന്നു. ഡോക്ടർ ജോലിയോടൊപ്പം ദിവസവും പാട്ട് പരിശീലിക്കുന്ന ആളാണ് അദ്ദേഹം. ചിലപ്പോൾ ഞാനും പാട്ടു പാടാൻ കൂടും. വൈകുന്നേരങ്ങളിൽ മൈത്രേയൻ വള്ളം തുഴഞ്ഞ് എല്ലാവരെയും തടാകത്തിലേക്കോ കായലിലേക്കോ ഒക്കെ കൊണ്ട് പോകും. ഇതെല്ലാം ചേർന്ന് ഒരു ഉത്സവക്കാലമായിരുന്നു അത്.

അച്ഛൻ കൊടിക്കകത്ത് പ്രഭാകര പണിക്കർക്കൊപ്പം മൈത്രേയൻ

ഈ ഉത്സാഹങ്ങൾക്കിടയിലും ഞാൻ ചില പ്രശ്‌നങ്ങൾ അനുഭവിച്ചു. ‘ഞാൻ എവിടെ' എന്ന ചോദ്യമായിരുന്നു അതിൽ പ്രധാനം. അതുവരെയുണ്ടായിരുന്ന എന്റെ തത്വചിന്തയുടെ ലോകം അപ്രസക്തമായി. അത് പങ്കുവയ്ക്കുന്ന ആളുകളൊന്നുമായിരുന്നില്ല ചുറ്റിലും ഉള്ളത്. തത്വചിന്ത തന്നെ ആവശ്യമില്ലാത്തതാണെന്ന നിലപാടായിരുന്നു മൈത്രേയന്റേത്. ധാരാളം പുസ്തകങ്ങളുണ്ടെങ്കിലും ഏതു പുസ്തകം വായിക്കണമെന്നത് കൺഫ്യൂഷനായി. പ്രയോഗത്തിൽ നിന്ന് വേറിട്ട സിദ്ധാന്തങ്ങൾ അല്ല, പ്രത്യയശാസ്ത്രമാണ് മാർക്‌സിസ്റ്റ് ചിന്തകർ പറഞ്ഞു കൊണ്ടിരുന്നത്. ചുറ്റുപാടുകൾ മാറിയതോടെ എന്റെ ജീവിതം ഫെമിനിസ്റ്റ് പ്രയോഗമായി മാറിയെന്ന തിരിച്ചറിവ് എനിക്കുണ്ടായി കഴിഞ്ഞിരുന്നു. ഗുരുകുലത്തിൽ പിന്നീടൊരിക്കൽ പോയെങ്കിലും അവിടെ നിന്ന് പഴയതു പോലെ ഊഷ്മളമായ ഒരു പ്രതികരണം ഉണ്ടായതുമില്ല. ആരെങ്കിലും ഞങ്ങൾ തമ്മിൽ വിവാഹിതർ പോലെ അതായത് ജീവിതാവസാനം വരെ ഒരുമിച്ച് കഴിയേണ്ടവരാണെന്ന തരത്തിൽ സംസാരിച്ചാൽ മൈത്രേയൻ അതിനെതിരെ തീവ്രമായി പ്രതികരിച്ചു.

മൈത്രേയൻ ഓരോ ആളുകൾക്കും വ്യക്തിപരമായ ശ്രദ്ധ കൊടുക്കുന്ന ആളാണ്. അതെല്ലാം കഴിഞ്ഞ് വളരെ ചെറിയ സമയം മാത്രമാണ് എന്നോടൊപ്പമുള്ളതെന്ന തോന്നലായിരുന്നു എനിക്ക്. ഇക്കാര്യത്തിൽ ഞാൻ നിരന്തരം കലഹിച്ചു കൊണ്ടിരുന്നു.

സ്വതന്ത്ര വ്യക്തികളായി തന്നെയാണ് ഞങ്ങൾ നില കൊള്ളുന്നതെന്ന് നിരന്തരം ഓർമിപ്പിച്ചു. എന്റെ ലോകവും എന്നെ തന്നെയും ഞാൻ പണിതുണ്ടാക്കേണ്ടതുണ്ടെന്ന് ഞാനറിഞ്ഞു. മൈത്രേയൻ അതിന്​ സാഹചര്യം ഒരുക്കി തരികയാണ് ചെയ്തിരുന്നത്. സ്വയം പുതുക്കി പണിയുക എന്നത് പ്രസവം പോലെ, എന്നാൽ അതിനേക്കാൾ എത്രയോ ശ്രമകരമായ പണിയാണ്.

ഇണചേരൽ എന്നത്, എനിക്ക് പ്രധാനമായും പങ്കാളികൾ മാത്രമായി സ്ഥലം പങ്കുവക്കലാണ്. അത് ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരിക്കലാകാം, ഒരുമിച്ച് നടക്കലാകാം, തോണി തുഴഞ്ഞു പോകലാകാം. ഇതൊക്കെ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരിക്കലും എനിക്ക് അത് മതിയായിട്ടുണ്ടായിരുന്നില്ല. മൈത്രേയൻ ഓരോ ആളുകൾക്കും വ്യക്തിപരമായ ശ്രദ്ധ കൊടുക്കുന്ന ആളാണ്. അതെല്ലാം കഴിഞ്ഞ് വളരെ ചെറിയ സമയം മാത്രമാണ് എന്നോടൊപ്പമുള്ളതെന്ന തോന്നലായിരുന്നു എനിക്ക്. ഇക്കാര്യത്തിൽ ഞാൻ നിരന്തരം കലഹിച്ചു കൊണ്ടിരുന്നു. ഇത് പൊതുവേ സ്ത്രീകൾ പറയുന്ന കാര്യമാണ്. എന്നാൽ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, ഞാൻ പൂർണസ്വാതന്ത്ര്യത്തോടെ ഏത് കാര്യത്തിൽ ഏർപ്പെടുന്നതിനും ഏതാളുകളുമായി ബന്ധപ്പെടുന്നതിനും മൈത്രേയന് എതിർപ്പുണ്ടായില്ല എന്നത് അംഗീകരിക്കേണ്ടതുണ്ട്. അതേപോലെ വീട്ടിലെ ഒരു കാര്യങ്ങളും എനിക്ക് നോക്കേണ്ടിയിരുന്നില്ല. ഇതൊക്കെ സാധിക്കുന്നത് മൈത്രേയന്റെ പ്രതിബദ്ധത കൊണ്ടാണെന്ന് എനിക്ക് അറിയുമായിരുന്നു എങ്കിലും വൈകാരിക തലത്തിലുള്ള തൃപ്തിക്കുറവ് ഒരു വശത്ത് കിടന്നു. അത് വ്യക്തിപരമല്ല, സാംസ്‌കാരികമായും ശാരീരികമായും തലമുറകളിലൂടെ ഉരുത്തിരിയുന്ന സ്ത്രീ-പുരുഷ വ്യത്യാസത്തിന്റെ സവിശേഷതകളിലൂടെ ആണെന്ന് മനസ്സിലാക്കാനാവും.

മസ്‌ക്കറ്റിലുള്ള സുഹൃത്തുക്കൾ നൽകിയ സ്വീകരണത്തിൽ മൈത്രേയനും ജയശ്രീയും

ചുറ്റുമുള്ള വെള്ളത്തിൽ ഞങ്ങൾ സമയം ചെലവഴിച്ചപ്പോഴാണ് എനിക്ക് നീന്തൽ വശമില്ലെന്ന കാര്യം ഓർമ്മിച്ചത്. ഞങ്ങളുടെ നാട്ടിൽ വെള്ളമൊന്നും ഇങ്ങനെ ഞാൻ കണ്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ എന്നെ നീന്തൽ പഠിപ്പിക്കാൻ മൈത്രേയൻ സന്നദ്ധനായി. ഒന്ന് രണ്ട് ദിവസമായപ്പോഴേക്കും എനിക്ക് മോർണിങ് സിക്‌നെസ്സ് (Morning sickness) തുടങ്ങി. അത് തിരിച്ചറിഞ്ഞത് സന്തോഷമായിരുന്നെങ്കിലും അതോടൊപ്പം തന്നെ ഞാൻ പരീക്ഷയിൽ ജയിച്ചില്ലെന്ന വിവരവും വന്നു. അത് പ്രതീക്ഷിച്ചതായിരുന്നു എങ്കിലും വീണ്ടും പഠിക്കണമല്ലോ എന്ന ചിന്ത അസ്വസ്ഥത ഉണ്ടാക്കി. ജീവിതത്തിൽ ആദ്യമായാണ് ഒരു പരീക്ഷക്ക് തോൽക്കുന്നത്. എങ്കിലും ധാരാളം കാര്യങ്ങൾ ഒരുമിച്ച് സംഭവിച്ചു കൊണ്ടിരുന്നതിനാൽ വലിയ പ്രയാസമൊന്നും തോന്നിയില്ല. വീണ്ടും ഹോസ്റ്റലിൽ താമസിച്ച് സുഹൃത്തുക്കളോടൊപ്പം കംബൈൻഡ് സ്റ്റഡി ആരംഭിച്ചു. അസാധാരണമായ തരത്തിലുള്ള ഛർദ്ദി ആ സമയത്ത് എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. Hyperemesis gravidarum എന്ന അസാധാരണ അവസ്ഥയായിരുന്നു എനിക്കുണ്ടായിരുന്നത്. സാധാരണ സ്ത്രീകളിൽ ഗർഭകാലത്ത് രാവിലെ മാത്രം ഛർദ്ദി ഉണ്ടാവുകയും മൂന്നു മാസമാകുമ്പോഴേക്കും അത് മാറുകയും ചെയ്യും. ഇതിൽ, അങ്ങനെയല്ല, നിരന്തരം ഛർദ്ദിക്കുകയും അത് ഗർഭകാലം മുഴുവൻ തുടരുകയും ചെയ്യും. പലപ്പോഴും ആശുപത്രിയിൽ പോയി ഡ്രിപ് ഇടേണ്ടി വന്നു. ആ സമയത്ത് കൂട്ടുകാരുടെ സഹായം ഇല്ലെങ്കിൽ പഠിക്കാനാവുമായിരുന്നില്ല. മൈത്രേയൻ കൊണ്ട് വന്നിരുന്ന മാമ്പഴമാണ് കുറെയെങ്കിലും കഴിക്കാൻ പറ്റിയത്. ചിലപ്പോൾ അതും വെറുപ്പുണ്ടാക്കി. അന്നുപയോഗിച്ചിരുന്ന പിച്ചിപ്പൂവിന്റെ മണമുള്ള വെളിച്ചെണ്ണയുടെ മണം ഏറ്റാൽ ഇപ്പോഴും എനിക്ക് തലവേദനയും അസ്വസ്ഥതയും ഉണ്ടാകും. അക്കാലത്ത് കേട്ട വളരെ നല്ല പാട്ടുകൾ പോലും ഇപ്പോഴും ആ ഓർമയുണ്ടാക്കും. ഈ ഓർമയുടെ സയൻസ് ഇപ്പോഴും അജ്ഞാതമാണ്.

ആ സമയത്ത് ഞങ്ങൾ തമ്മിലുണ്ടായ മറ്റൊരു സംഘർഷം ഗർഭത്തിലും പ്രസവത്തിലും വേണ്ട പരിചരണത്തെ സംബന്ധിച്ചായിരുന്നു. ഗർഭവും പ്രസവവും മെഡിക്കലൈസ് ചെയ്യുന്നതിനെതിരെ സ്ത്രീ പ്രസ്ഥാനങ്ങളൊക്കെ രൂപം കൊണ്ട സമയമായിരുന്നു അത്. സ്ത്രീകൾ സ്വയം ചെയ്യേണ്ട കരുതലിനെ പറ്റിയും പ്രസവത്തിൽ പുരുഷപങ്കാളിയും ഒപ്പം ചേരുന്നതിനെ പറ്റിയും ഒക്കെയുള്ള പുസ്തകങ്ങൾ മൈത്രേയന്റെ കൈവശമുണ്ടായിരുന്നു. രണ്ടാമത്തെ മകനായ ഉണ്ണിയെ പ്രസവിക്കുന്നതിനു മുമ്പ് മൈത്രേയൻ അത് സാവിത്രിക്ക് നല്കിയിരുന്നു. അത് തിരികെ വാങ്ങി എനിക്ക് തന്നു. എന്നാൽ, മെഡിക്കൽ സയൻസും ആശുപത്രിയുമൊക്കെ എനിക്ക് ഏറെ അടുപ്പമുള്ള ഇടമാണ്. മാത്രമല്ല, ഈ സമയത്തുള്ള റിസ്‌ക് നേരിടാൻ മോഡേൺ മെഡിസിനേ കഴിയൂ എന്നതിലും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. റിസ്‌കുണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. എങ്കിലും ആശുപത്രി സ്വഗൃഹം പോലെ ആയ സ്ഥിതിക്ക് എന്തിനാണ് റിസ്‌ക് എടുക്കുന്നതെന്ന ചിന്തയായിരുന്നു എനിക്ക്. ഇടക്കിടെ കുമാരപുരത്തുള്ള ഡോ. ലളിതയുടെ വീട്ടിൽ ചെക്കപ്പിന് പോയി. ആ സമയം മൈത്രേയനെ ഞാൻ നിർബ്ബന്ധിച്ച് കൂടെ കൊണ്ട് പോവുകയും അപ്പോഴെല്ലാം ഞങ്ങൾ തർക്കത്തിലേർപ്പെടുകയും ചെയ്തു. മൈത്രേയന് അതിൽ ഒരു യഥാർത്ഥ പങ്കാളിയാകാൻ കഴിയാത്തത് പ്രശ്‌നമായി തോന്നിയിരിക്കാം. എന്നാൽ, ഞാൻ സ്വാർത്ഥതയോടെ എന്റെ മെഡിക്കൽ കുലത്തോട് ചേർന്നുനിന്നു.

ഓരോരുത്തർക്കും മൈത്രേയൻ കൊടുത്ത സമയവും ശ്രദ്ധയും ചിലപ്പോൾ എന്നെ ഭ്രാന്തു പിടിപ്പിച്ചു. അതിൽ സെക്ഷ്വൽ ജലസിയും ഉണ്ടാവും. അതൊരു തരം പരനോയ്ഡ് അവസ്ഥയാണ്.

ഇത്തവണ പരീക്ഷ പാസാകുമെന്ന ആത്മവിശ്വാസത്തോടെ വീണ്ടും ചിങ്ങോലിയിലേക്കു തിരിച്ചു. നല്ല പരിചരണം ലഭിക്കാൻ എന്റെ വീട്ടിൽ താമസിക്കാൻ മൈത്രേയൻ നിർദ്ദേശിച്ചെങ്കിലും ഞാനത് കൂട്ടാക്കിയില്ല. നിർബ്ബന്ധമായും ചിങ്ങോലിയിൽ തന്നെ താമസിക്കാൻ ഞാൻ തീരുമാനിച്ചു. പച്ചക്കറികളെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണത്തിന് ഒരു കുറവുമുണ്ടായില്ല. പോരാത്തതിന് മൈത്രേയൻ ദിവസവും ബക്കറ്റു നിറയെ കരിമീൻ, പള്ളത്തി മുതലായ മീനുകൾ പിടിച്ച് കൊണ്ടുവന്നു. ചെല്ലമ്മചേച്ചി മീൻ വറുത്തതും തീയലും മെഴുക്കുപെരട്ടിയും മറ്റുമായി സമൃദ്ധമായ വിഭവങ്ങൾ ഒരുക്കി. ഇടക്കിടെ ഛർദ്ദി അധികമാവുകയും ഡീ ഹൈഡ്രേഷൻ ഉണ്ടാവുകയും ചെയ്യുമ്പോൾ കായംകുളത്തുള്ള ഡോക്ടറായ മൈത്രേയന്റെ മാമന്റെ വീട്ടിൽ പോയി ഡ്രിപ് ഇട്ട് കിടന്നു.

അതിനിടെ ഗുരുകുലത്തിൽ വച്ച് തന്നെ സുഹൃത്തായിരുന്ന ലീലചേച്ചിക്ക് മൈത്രേയൻ അവിടെ തന്നെ നഴ്‌സറി സ്‌കൂൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. ലീലച്ചേച്ചിക്ക് പിന്നീട് നിധിയെന്ന പേരുള്ള മകളുണ്ടായപ്പോഴും കനിയേയും അവർ നിധി പോലെ നോക്കി വളർത്തിയിരുന്നു. ചിത്രകാരനായിരുന്ന എ.സി.കെ. രാജയുടെ ഭാര്യ സ്റ്റെല്ലയും മകൾ അമ്മുവും മറ്റു പലരും അന്നവിടെ താമസിച്ചിരുന്നു. ഓരോരുത്തർക്കും മൈത്രേയൻ കൊടുത്ത സമയവും ശ്രദ്ധയും ചിലപ്പോൾ എന്നെ ഭ്രാന്തു പിടിപ്പിച്ചു. അതിൽ സെക്ഷ്വൽ ജലസിയും ഉണ്ടാവും. അതൊരു തരം പരനോയ്ഡ് (paranoid) അവസ്ഥയാണ്. കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ യുക്തിക്ക് അവിടെ സ്ഥാനമില്ല. മനുഷ്യർക്ക് ചില സന്ദർഭങ്ങളിലുണ്ടാകുന്ന ഈ വികാരം അവരവരെയും മറ്റുള്ളവരെയും പ്രതികൂലമായി ബാധിക്കാതെ സമചിത്തത വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് അപ്പോൾ ചെയ്യാവുന്നത്. അതിന് ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അവിടെ അടുത്ത പറമ്പിലേക്ക് പോകണമെങ്കിലും ഒറ്റ തെങ്ങിൻ തടിയുടെ മീതെ കൂടി നടക്കണമായിരുന്നു. മുകളിൽ പിടിക്കാൻ ഒരു കയർ ഉണ്ടാകും. മൈത്രേയന്റെ കൂടെ നടക്കാൻ വേണ്ടി മാത്രം പരിചയക്കുറവും വയറിന്റെ വലിപ്പവും ഉള്ളിലുള്ള കുഞ്ഞിനെയും കണക്കാക്കാതെ ഞാൻ ഒറ്റത്തടി പാലത്തിനു മീതെ കൂടി നടന്നു.

മൈത്രേയന്റെയും ജയശ്രീയുടെയും സുഹൃത്ത് ലീലയും മകൾ നിധിയും. നടുക്കുള്ളത് കനി.

ആ വർഷം ഓണത്തിന് മൈത്രേയനും ഞാനും എന്റെ വീട്ടിൽ ഒരുമിച്ച് ഉണ്ടാകണമെന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, കഴിഞ്ഞ വർഷം ഓണത്തിന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മൂലം എനിക്ക് കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ, ഈ വർഷം ഈ വിഷയത്തിൽ കുറേ കൂടി ബോധ്യവും ശേഷിയും ഉണ്ടായതിനാൽ കൂടുതൽ സന്തോഷകരമായ ഒരു ഓണം വീട്ടുകാരുമൊരുമിച്ച് പങ്കുവക്കണമെന്ന ആഗ്രഹമുണ്ടായി. രണ്ടാമത്, പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളതിനാൽ ഏതു നേരത്തും അതുണ്ടാകാൻ സാധ്യത ഉണ്ട്. അപ്പോൾ മൈത്രേയൻ കൂടെയുണ്ടാവണമെന്നും ഞാൻ ആഗ്രഹിച്ചു. എന്നാൽ, മൈത്രേയൻ തലശ്ശേരിയിൽ എന്തോ പരിപാടിക്ക് പോകാനാണ് തീരുമാനിച്ചത്. അങ്ങനെ ആ ഓണത്തിനും ഇടക്കിടെ ഉത്കണ്ഠയുടെ കാർമേഘങ്ങൾ നിലാവിൽ നിഴൽ വീഴ്ത്തി. എന്നാൽ, ഇത്തരം ഉത്കണ്ഠകൾ വളരെ പെട്ടെന്ന് മാഞ്ഞു പോവുകയും ബോധനിലാവ് കൂടുതൽ തെളിമ നേടുകയും ചെയ്തിരുന്നു.▮

​​​​​​​(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments