സാമൂഹ്യ ജീവിതം തുടിച്ചു നിൽക്കുന്ന ഇടമാണ് മെഡിക്കൽ കോളേജ്.
മെഡിക്കൽ കോളേജ് എന്ന് കേട്ടാൽ ഓർമ വരുന്നത്, രോഗം കൂടുതലായ ആൾക്കാരെ ചികിത്സിക്കുന്ന സ്ഥലമെന്നാണ്, ഒരു കോളേജ് എന്നല്ല. അത്, മറ്റു കലാശാലകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാത്രമല്ല, ജനങ്ങളുടെ കൂടി സ്ഥാപനമാണത്.
മരണവും ജനനവും വേദനയും ആശ്വാസവും എല്ലാം ഒരേ സമയം ഉണ്ടായി കൊണ്ടിരിക്കുന്ന സ്ഥലം. ലോകത്തിന്റെ ഒരു പരിഛേദം തന്നെയാണത്. എല്ലാ ജാതിയിലും മതത്തിലും വർഗത്തിലും പെട്ടവർ അവിടെ വ്യാപരിക്കുന്നു. ചുറ്റും ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന കടകൾ. ചെവിത്തോണ്ടി മുതൽ ബെഡ് ഷീറ്റുകൾ വരെ വിൽക്കുന്ന വഴിയോര കച്ചവടക്കാർ. ഉള്ളിൽ, ഒരിക്കലും വിശ്രമിക്കാത്ത കാഷ്വാലിറ്റിയും ഓപ്പറേഷൻ തിയേറ്ററുകളും പ്രസവമുറികളും. കൂട്ടിരിപ്പുകാർക്കിടയിൽ പുതിയ ബന്ധങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുന്ന വാർഡുകൾ, കർമ്മനിരതരായിരിക്കുന്ന നഴ്സുമാർ, അസിസ്റ്റന്റുമാർ. ഡോക്ടർമാർ നയിക്കുന്ന ഗ്രാന്റ് റൗണ്ട്‌സ്. അതിനിടെ ഒഴുകി നടക്കുന്ന വിദ്യാർത്ഥികൾ. സാമൂഹ്യ ജീവിതം തുടിച്ചു നിൽക്കുന്ന ഇടമാണ് മെഡിക്കൽ കോളേജ്.
മെഡിക്കൽ കോളേജിനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ പേപ്പട്ടി വിഷബാധയെക്കുറിച്ച് അവിടെ നിന്ന് പ്രസിദ്ധപ്പെടുത്തിയ വെള്ള കവറുള്ള ഒരു ചെറിയ പുസ്തകമാണ്. പ്രൈമറി സ്‌കൂളിൽ വച്ചു വായിച്ച ആ ലഘുലേഖ എഴുതിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ പ്രിൻസിപ്പൽ ആയിരുന്ന ഡോ: സി.ഒ. കരുണാകരനാണ്. അവിടെ ചേരാൻ ചെന്ന ദിവസം അദ്ദേഹത്തിന്റെ ഫോട്ടോ ഭിത്തിയിൽ കണ്ടു. മലയാളികൾ വേണ്ട രീതിയിൽ ഓർക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് ഈയിടെ ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെടുകയുണ്ടായി. മൈത്രേയന്റെ വലിയമ്മാവൻ കൂടിയാണദ്ദേഹം.
റാഗിങ്ങിനെ കുറിച്ചുള്ള ഭയം ഉൾപ്പെടെ വിവിധ വികാരങ്ങളോടെ 1979 ൽ അവിടെ എത്തിയ ഞങ്ങളുടെ നാൽപ്പതു വർഷത്തെ ഓർമ്മ പുതുക്കാൻ 2018 ൽ എല്ലാവരും ഒത്തു ചേർന്നു. ഞങ്ങളുടെ ബാച്ച് മേറ്റായ ഡോ: തോമസ് മാത്യു ആയിരുന്നു അപ്പോൾ പ്രിൻസിപ്പൽ. വെള്ളപ്പൊക്കമായിരുന്നത് കൊണ്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്താൻ കഴിയാത്തതിനാൽ എനിക്കതിൽ പങ്ക് ചേരാൻ കഴിഞ്ഞില്ല. മയിൽപ്പീലിച്ചെപ്പ് എന്ന പേരിൽ ആ അവസരത്തിൽ ഞങ്ങളിറക്കിയ മാഗസിനിൽ ഞാൻ കുറിച്ച കാര്യങ്ങൾ ഇവിടെ പകർത്തുന്നു. മെഡിക്കൽ കോളേജിൽ വീണ്ടും 200 പേരുള്ള ഒരു വലിയ ക്ലാസിലായിരുന്നു പ്രവേശനം.
ഞങ്ങൾ വന്നപ്പോൾ ആശ ഓടി വന്നു രഹസ്യമായി പറഞ്ഞു. റാഗിംങ് ഉണ്ടെന്ന് തോന്നുന്നു കേട്ടോ. ഓരോരുത്തരായി പതുക്കെ എത്തി തുടങ്ങി. എല്ലാവരും ടെൻഷനിലാണ്. രാത്രിയായി. സീനിയേഴ്‌സ് എല്ലാവരെയും കോമൺ റൂമിലേക്ക് വിളിപ്പിച്ചു.
എന്നാൽ, ഈ സമയം കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. അറ്റൻഡൻസ് വിളിക്കുന്നത് തന്നെ ഒരു മാരത്തോൺ ഓട്ടം പോലെയാണ്. അബ്ദുൽ ലത്തീഫ്, അച്ചൻ കുഞ്ഞ്.... ഫുൾസ്റ്റോപ്പില്ലാത്ത വിളി. ഒരേ പേരിൽ കുറെ ആശമാർ, അനിൽ കുമാരന്മാർ, വിജയകുമാരന്മാർ, തോമസുമാർ. എങ്ങനെ പരിഭ്രമിക്കാതിരിക്കും? അബ്ദുൽ ലത്തീഫ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജ്ജറി വിഭാഗം മേധാവി ആണ്. ഓരോരുത്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ നിലകളിൽ പ്രഗത്ഭരായിരിക്കുന്നു. ഏഴു പേർ അകാലത്തിൽ ഞങ്ങളെ വിട്ടു പോയി. ഒന്നാം വർഷം തന്നെ കാണാതായ ഡിസിൽവയെ ഇപ്പോഴും എല്ലാവരും തിരഞ്ഞു കൊണ്ടിരിക്കുന്നു.
കോളേജിലെ ഫോമാലിറ്റികളൊക്കെ കഴിഞ്ഞ് ഹോസ്റ്റലിലെത്തി. ഹോസ്റ്റൽ വാസം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും മെഡിക്കൽ കോളേജിലെ ആദ്യ നാളുകളിൽ ചെറിയ പേടിയുണ്ടായിരുന്നു. ഞങ്ങളുടെ റൂമിൽ 8 പേരായിരുന്നു. ആദ്യം റൂമിൽ എത്തിയത് ആശ.എൻ.നായർ. ഞങ്ങൾ വന്നപ്പോൾ ആശ ഓടി വന്നു രഹസ്യമായി പറഞ്ഞു. റാഗിംങ് ഉണ്ടെന്ന് തോന്നുന്നു കേട്ടോ. ഓരോരുത്തരായി പതുക്കെ എത്തി തുടങ്ങി. എല്ലാവരും ടെൻഷനിലാണ്. രാത്രിയായി. സീനിയേഴ്‌സ് എല്ലാവരെയും കോമൺ റൂമിലേക്ക് വിളിപ്പിച്ചു. ഓരോരുത്തരെയായി പരിചയപ്പെടലും കളിയാക്കലും. ഇപ്പോൾ ഒരു തമാശയായി മാത്രം കാണാവുന്ന കാര്യങ്ങൾ. ആരെങ്കിലും ബന്ധുക്കളോ പരിചയക്കാരോ ആയി അവിടെ ഉള്ളവരോടും സ്മാർട്ട് എന്ന തോന്നലുണ്ടാക്കുന്നവരോടും ഇത്തിരി അധികം കളിയാക്കൽ. അങ്ങനെയൊന്നും ഇല്ലാത്തതു കൊണ്ട് അധികം ഒന്നുമനുഭവിക്കേണ്ടി വന്നില്ല. എന്നോട് ചോദിച്ചത് ഇത്ര മാത്രം. എം.എസ്.സി കഴിഞ്ഞ് വന്നത് കൊണ്ടാണോ ഇത്രേം പൊക്കം എന്ന്. കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചവരും ഡിഗ്രിക്ക് പഠിച്ചവരും ഒക്കെ അവിടെ സീനിയർമാരായി ഉണ്ടായിരുന്നതിനാലാണോ എന്നറിയില്ല, വലിയ വിഷമം ഒന്നുമുണ്ടായില്ല. അങ്ങനെ ആർക്കെങ്കിലും ഉണ്ടായോ എന്നും അറിയില്ല. പിന്നീട് കോളേജിൽ എത്തുമ്പോൾ ബോയ്‌സിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നമുണ്ടാകുമോ എന്ന ഭയവും എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ, ചില കളിയാക്കലുകളും ചോദ്യങ്ങളും ഒഴിച്ചാൽ പ്രശ്‌നമൊന്നും ഉണ്ടായില്ല. എനിക്ക് രസകരമായ ഓർമ്മകൾ മാത്രം. ചില്ലറ തമാശകൾ. പുസ്തകങ്ങളും മറ്റും വാങ്ങാൻ പോകുമ്പോൾ അനാട്ടമിക്കൽ സ്‌നഫ് ബോക്‌സും (Anatomical snuffbox) സിസ്റ്റേർണ കൈലിയും (Cisterna chyli- ഇത് രണ്ടും ശരീരത്തിന്റെ ഭാഗങ്ങളായി അനാട്ടമി ക്ലാസിൽ പഠിക്കാനുള്ളതാണ്) വാങ്ങണമെന്ന് സീനിയേഴ്‌സ് പറഞ്ഞു വിട്ടതൊക്കെ ഇപ്പോഴും ചിരി വരുത്തുന്ന കാര്യങ്ങൾ മാത്രം.
രണ്ട് പേർക്ക് ഒരു കട്ടിൽ, ഒരു മേശ, കസേര, മെസിലെ ചേച്ചിമാർ, ദോശ, ഫോൺ ഗേൾ തങ്കമണി, നീണ്ട വരാന്തകൾ, പൂമരങ്ങൾ നിറഞ്ഞ കാമ്പസ് ഇതിനോടെല്ലാം പൊരുത്തപ്പെടുന്നതിനോടൊപ്പം ആദ്യ ദിവസം തന്നെ ഇടതടവില്ലാത്ത ഭാരിച്ച പഠനവും ആരംഭിച്ചു.
ലാൻഡ് ഫോൺ മാത്രമുണ്ടായിരുന്ന ആ കാലത്ത് നിറഞ്ഞ പുഞ്ചിരിയുമായി ദേവതയെ പോലെ വന്ന് കാൾ സന്ദേശം തന്നിരുന്ന തങ്കമണിയെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല. ഡ്രെസ് കോഡ് അവിടെ നിർബ്ബന്ധമായിരുന്നു. തലമുടി പുട് അപ് ചെയ്യുക രസകരമായ ഒരു കടമ്പയായിരുന്നു. ഓരോരുത്തരും അവരവരുടെ സ്‌റ്റൈലിൽ അത് പരിശീലിച്ചെടുത്തു. സാരി, ഓവർ കോട്ട്, എന്നിവ കൂടിയായപ്പോൾ ഏതാണ്ട് 25 ശതമാനം ഡോക്ടർ ആയ പോലെ. ഏഴരക്ക് ഹോസ്റ്റൽ മുറ്റത്ത് വന്നു നിൽക്കുന്ന കോളേജ് ബസ് മടിയോടെയാണെങ്കിലും രാവിലെ എഴുന്നേൽക്കാൻ ദിവസവും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഒരു ശരീരത്തിനു ചുറ്റും ഏകദേശം അമ്പത് പേർ. അവർ വീണ്ടും അത് രണ്ട് കയ്യും രണ്ട് കാലും നാല് ഗ്രൂപ്പുകളായി വീതിച്ചെടുക്കും. ഞങ്ങൾക്ക് ആദ്യം ഒരു കയ്യാണ് കിട്ടിയത്.
രാവിലെയുള്ള തിയറി ക്ലാസുകൾ അതിവേഗത്തിൽ നോട്ട് എഴുതി എടുക്കാൻ വേണ്ടി ഉള്ളവയാണ്. അതൊരിക്കൽ പോലും ചെയ്യാൻ കഴിയാതിരുന്ന ഞാൻ പരീക്ഷക്ക് മുൻപ് വായിക്കാൻ ഉദാരമതികളായ കൂട്ടുകാരുടെ നോട്ട് ആശ്രയിച്ചു. ടെക്സ്റ്റ് ബുക്കുകളുടെ വില താങ്ങാൻ കഴിയുന്നതല്ല. അന്ന് ഫോട്ടോസ്റ്റാറ്റും മറ്റുമില്ലല്ലോ. പഠിക്കാൻ ആരെങ്കിലും കഷ്ടപ്പെട്ട് എഴുതുന്ന നോട്ട് തന്നെ ആശ്രയിക്കണം.
അനാറ്റമി പഠനം ആദ്യ ദിവസം തന്നെ തുടങ്ങിയിരുന്നു. അത് ചിലരെയൊക്കെ ഭയപ്പെടുത്തിയിരുന്നെങ്കിലും ജീവനില്ലാത്തതും വലുപ്പമുള്ളതുമായ മനുഷ്യശരീരം കീറി മുറിക്കുന്നതിൽ എനിക്ക് വലിയ പ്രശ്‌നം തോന്നിയില്ല. ഫോമാലിന്റെ ഗന്ധമുള്ള ഡിസക്ഷൻ ഹാളിൽ നാല് ശവശരീര (Cadaver) ങ്ങളുണ്ടാകും. ഒരു ശരീരത്തിനു ചുറ്റും ഏകദേശം അമ്പത് പേർ. അവർ വീണ്ടും അത് രണ്ട് കയ്യും രണ്ട് കാലും നാല് ഗ്രൂപ്പുകളായി വീതിച്ചെടുക്കും. ഞങ്ങൾക്ക് ആദ്യം ഒരു കയ്യാണ് കിട്ടിയത്. ബുക്കിൽ നോക്കി മനസ്സിലാക്കി ഓരോ സ്റ്റെപ് ആയി വിദ്യാർത്ഥികൾ തനിയെ ചെയ്തു നോക്കുകയാണ് പതിവ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ട്യൂട്ടർമാരോട് ചോദിക്കാം. ഒരു കയ്യല്ലേ എന്ന് വിചാരിച്ചിട്ട് കാര്യമില്ല. അതിലുള്ള പേശികളും ടെൻഡനുകളും നാഡികളും ധമനികളും സിരകളുമെല്ലാം എങ്ങനെ ഉത്ഭവിച്ച് എതിലെ കൂടിയെല്ലാം കടന്നു പോകുന്നു എന്ന് കൃത്യമായി മനസ്സിലാക്കി പറയാൻ പഠിക്കണം. മാത്രമല്ല, ബോൺ സെറ്റ് എന്ന് പറയുന്ന അസ്ഥികൂടം വില കൊടുത്ത് വാങ്ങി അതിലെ ഓരോ കുണ്ടും കുഴിയും അതിലൂടെ കടന്നു പോകുന്ന രക്തക്കുഴലുകളും നാഡികളും, പേശികളും ടെണ്ടനുകളും ചേരുന്ന സ്ഥലങ്ങളും ഇവ എല്ലാം തമ്മിലുള്ള സ്ഥാനീയമായ ബന്ധവും കൃത്യമായി പറയാൻ അറിഞ്ഞിരിക്കണം. ഭാവിയിൽ സർജ്ജറി ചെയ്യുന്നതിന് ഇത് അത്യന്താപേക്ഷിതമായതിനാൽ ഒരു വിട്ടുവീഴ്ചക്കും ഇവിടെ ഇടമില്ല.
ഉള്ളം കയ്യിലെ പാമാരിസ് ബ്രെവിസ്(palmaris brevis) എന്ന കുഞ്ഞു പേശിയാണ് ആദ്യം വേർ തിരിച്ചെടുത്തത്. കൂടുതൽ ഉള്ളിലേക്ക് പോകുമ്പോൾ ഒരു ഉള്ളം കൈ തന്നെ എത്ര മാത്രം സങ്കീർണമായി മെനഞ്ഞെടുത്തിരിക്കുന്നു എന്ന് ആരും അതിശയിക്കും. ഇതിന്റെയെല്ലാം പേരുകൾ മനസ്സിലാക്കിയെടുക്കുക തന്നെ ബുദ്ധിമുട്ടാണ്. നല്ല ഓർമ്മശക്തിയുണ്ടെങ്കിലേ പരീക്ഷക്ക് മാർക്ക് കിട്ടുകയുള്ളൂ. ആഴ്ച തോറും നടക്കുന്ന ട്യൂട്ടോറിയലുകളിൽ ഒന്നും ഒന്നരയും മാർക്ക് കിട്ടുന്നത് റാങ്ക് ഒക്കെ വാങ്ങി വന്നവർക്ക് അടി കിട്ടിയത് പോലെ ആയിരുന്നു. എന്നാൽ, അധികം താമസിയാതെ എല്ലാവരും ട്രാക്കിലേക്ക് വീണു. ടേബിൾ മേറ്റ് എന്ന ഐഡന്റിറ്റിയോടെ ഒരേ മേശക്കു ചുറ്റും പഠിക്കുന്നവരുടെ ഇടയിൽ പ്രത്യേക സൗഹൃദമുണ്ടായി വന്നു.
ജീവനുള്ള ശരീരത്തിന്റെ ധർമങ്ങൾ പഠിക്കാൻ ശവശരീരം മാത്രം മതിയാവുകയുമില്ല. അതിന് ജീവനുള്ള ശരീരം തന്നെ വേണം. പരസ്യമായി കൊല ചെയ്യുന്ന സമയത്ത് ജീവനോടെ കീറി മുറിച്ചാണ് പഠനം നടത്തിയിരുന്നത്.
പുതുതായി പഠിച്ച പേരുകൾ പലയിടത്തും പ്രയോഗിക്കുകയും മെഡിക്കൽ കോളേജിൽ പതിവായിരുന്നു. പേശികളുടെ പേരുകൾ അനുകരിച്ച് പൊക്കമുള്ള വിജയകുമാറിന് ലോംഗസ് (Longus) എന്നും കുറഞ്ഞയാൾക്ക് ബ്രെവിസ് (brevis) എന്നും പേര് നൽകി. ആണിന് പേശീബലവും പെണ്ണിന് വികാരങ്ങളും സ്വതസ്സിദ്ധമെന്ന പ്രാചീനഭാവനയാൽ ബോയ്‌സ് ഹോസ്റ്റലും ഗേൾസ് ഹോസ്റ്റലും സന്ധിക്കുന്ന ജംഗ്ഷന് നേരത്തെ തന്നെ ന്യൂറോമസ്‌കുലാർ ജംഗ്ഷൻ (Neuromuscular junction) എന്ന പേര് നിലവിലുണ്ടായിരുന്നു. ഗൈനക്കോളജി വാർഡും പീഡിയാട്രിക്‌സ് വാർഡും ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് അമ്പിലിക്കൽ കോഡ് (Umbilical cord) എന്നും ഏതോ രസികർ പേരിട്ടിരുന്നു.
അനാട്ടമി പഠനത്തിന്റെ ചരിത്രം പരിശോധിച്ചാൽ എത്രയോ നവീകൃതമായ ഒരിടത്താണ് നമ്മൾ എത്തിയിരുന്നതെന്നു തോന്നും. ഇന്നിപ്പോൾ അതിൽ നിന്നും അധികം മാറിയിരിക്കുന്നു. ത്രിമാന ചിത്രങ്ങളുള്ള വീഡിയോയിലൂടെയൊക്കെ ശവശരീരം തൊടാതെ തന്നെ ഇതൊക്കെ കൃത്യമായി പഠിക്കാം. പരീക്ഷ രീതികളിലും ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. മനുഷ്യശരീരം കീറി മുറിക്കുക എന്നത് പണ്ട് കാലത്ത് ചിന്തിക്കാൻ പറ്റാത്തതായിരുന്നു. ആത്മാവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ കൊണ്ടായിരിക്കാമത്. ശവശരീരത്തെ ഇപ്പോഴും നമ്മൾ ബഹുമാനത്തിനപ്പുറം ആത്മാവുമായി ബന്ധപ്പെടുത്തി കാണുന്നുണ്ട്. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് നമ്മൾ ആശംസിക്കുന്നു. അത് ലഭിക്കുന്നത് ശവശരീരം മറ്റുള്ളവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. പഠിക്കാനായി ശവശരീരം സംഭാവന ചെയ്യാൻ ഇപ്പോൾ പലരും സന്നദ്ധരാണെങ്കിലും മറ്റു ചിലർ മടിക്കുന്നത് അത് മൂലമാണ്. ശവശരീരം കീറി മുറിക്കുന്നത് വലിയ പാപമായി കണക്കാക്കിയിരുന്നു.
മുമ്പ്, ശവശരീരം പഠിക്കാനുപയോഗിക്കുന്നത് പലയിടത്തും നിയമവിരുദ്ധമായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗാലൻ (Galan) അത് വരെയുണ്ടായിരുന്ന പഠനങ്ങൾ ക്രോഡീകരിക്കുകയും സ്വന്തമായ സംഭാവനകൾ നൽകുകയും ചെയ്തു. കൂടുതലും മൃഗങ്ങളുടെ ശരീരം കീറി പഠിക്കുകയും അത് മനുഷ്യരിലേക്ക് ആരോപിച്ച് മനസ്സിലാക്കുകയുമാണ് ചെയ്തിരുന്നത്. അങ്ങനെ മനസ്സിലാക്കിയ പലതും തെറ്റായിരുന്നെന്ന് മറ്റൊരു അനാട്ടമിസ്റ്റ് ആയിരുന്ന വെസെലിയാസ് (Vesalius) തെളിയിക്കുകയുണ്ടായി.
ശരീരം പഠിക്കാൻ അനുമതി കൊടുക്കാൻ തുടങ്ങിയപ്പോൾ അത് കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടവരുടെതായിരുന്നു. ജീവനുള്ള ശരീരത്തിന്റെ ധർമ്മങ്ങൾ പഠിക്കാൻ ശവശരീരം മാത്രം മതിയാവുകയുമില്ല. അതിന് ജീവനുള്ള ശരീരം തന്നെ വേണം. പരസ്യമായി കൊല ചെയ്യുന്ന സമയത്ത് ജീവനോടെ കീറി മുറിച്ചാണ് പഠനം നടത്തിയിരുന്നത്. കുറ്റം ചെയ്തവർക്കും മനുഷ്യാവകാശമുണ്ടെന്ന നമ്മുടെ ഇപ്പോഴത്തെ ധാരണയിൽ നിന്ന് എത്രയോ അകലെയാണ് ഈ പ്രവൃത്തികൾ നില കൊള്ളുന്നത്? ശവങ്ങൾ പഠിക്കാനായി കിട്ടാത്തതിനാൽ പലരും ശവപ്പറമ്പുകളിൽ നിന്ന് മോഷണവും നടത്തി വന്നു. അനാഥരുടെ ശവങ്ങൾ ഉപയോഗിക്കാനും ചിലപ്പോൾ അനുമതി കിട്ടി. അച്ചടിയും ഫോട്ടോഗ്രാഫിയും മറ്റും ഇല്ലാതിരുന്ന കാലത്ത് ചിത്രരചനയാണ് കണ്ടെത്തലുകൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്നത്. കലയും ശാസ്ത്രവും തമ്മിൽ അന്ന് വേർതിരിക്കാനാവുമായിരുന്നില്ല. മൈക്കൽ ആഞ്ചലോ അനാട്ടമിസ്റ്റ് കൂടിയായിരുന്നു. അനാട്ടമിയുടെ ചരിത്രം മനുഷ്യ സംസ്‌കാരത്തിന്റെയും നൈതികബോധത്തിന്റെയും കലയുടെയും കൂടി ചരിത്രമാണ്. ഇപ്പോൾ, മരിച്ച വ്യക്തിയെ ഗുരുവായി കണ്ട് ബഹുമാനത്തോടെ ""കഡാവെറിക് പ്രതിജ്ഞ'' എടുത്ത ശേഷം മാത്രമാണ് വിദ്യാർത്ഥികൾ ഡിസെക്ഷൻ ചെയ്യുന്നത്.
പഠിച്ച സയൻസ് ഉള്ളിൽ പശ്ചാത്തലമായി ഒരുക്കി വച്ച് അത് ആ രീതിയിൽ മനസ്സിലാക്കിയിട്ടില്ലാത്ത, രോഗം സംബന്ധിച്ച ആധിയുമായി മുന്നിലിരിക്കുന്ന രോഗിയോട് വിവരങ്ങൾ അവരുടെ ഭാഷയിൽ ചോദിച്ച് മനസ്സിലാക്കി രോഗനിർണയം നടത്തുന്നത് തികച്ചും ഒരു സർഗാത്മക പ്രവർത്തനമാണ്.
മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയത് കൊണ്ട് മാത്രമായില്ല, രോഗികളെ പരിശോധിക്കുമ്പോഴേ മെഡിക്കൽ പഠനം ആണെന്ന് തോന്നുകയുള്ളൂ. അതിന് ആദ്യത്തെ പരീക്ഷ പാസാകണം. അതു കഴിഞ്ഞ് ക്ലിനിക്കൽ പോസ്റ്റിങ് ആകുന്നവർ സ്റ്റെതസ്‌കോപ്പ് ഒക്കെയായി വാർഡിൽ പോയി രോഗികളെ കാണും. ഡോക്ടർമാരുടെ തൊഴിലിന്റെ പ്രതീകമായ സ്റ്റെതസ്‌കോപ്പിനെ കൊറോണ ഇപ്പോൾ അപ്രസക്തമാക്കി. അന്നൊക്കെ രാത്രി പത്ത് മണിക്കുശേഷവും ക്ലിനിക്കിൽ ക്ലാസ് നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഹോസ്റ്റലുകളിൽ കർശന നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. പുറത്തിറങ്ങി നടന്ന് രാത്രി ആസ്വദിക്കുന്നതിന് തടസ്സമൊന്നുമുണ്ടായില്ല.
ക്ലിനിക്കൽ പോസ്റ്റിങ് ആകുമ്പോൾ രോഗികളെ അനുവദിച്ചു കിട്ടും. പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ അടുക്കോടെയും ചിട്ടയോടെയും രോഗ വിവരങ്ങൾ മനസ്സിലാക്കിയാൽ, രോഗ നിർണയത്തിലെത്താം. ശരീര പരിശോധന കൂടി കഴിഞ്ഞാൽ കുറച്ച് കൂടി വ്യക്തതയുണ്ടാകും. ലാബറട്ടറി പരിശോധന കഴിഞ്ഞാൽ പിന്നെ മിക്ക രോഗങ്ങളും നിസ്സംശയം ഉറപ്പിക്കാം. അപൂർവ്വം ചിലപ്പോൾ മാത്രമാണ് സന്ദേഹം അവശേഷിക്കുക. പഠിച്ച സയൻസ് ഉള്ളിൽ പശ്ചാത്തലമായി ഒരുക്കി വച്ച് അത് ആ രീതിയിൽ മനസ്സിലാക്കിയിട്ടില്ലാത്ത, രോഗം സംബന്ധിച്ച ആധിയുമായി മുന്നിലിരിക്കുന്ന രോഗിയോട് വിവരങ്ങൾ അവരുടെ ഭാഷയിൽ ചോദിച്ച് മനസ്സിലാക്കി രോഗനിർണയം നടത്തുന്നത് തികച്ചും ഒരു സർഗാത്മക പ്രവർത്തനമാണ്. അറിവിനതീതമായി ചിലർക്ക് അതിന് പ്രത്യേക
പ്രാവീണ്യമുണ്ടായിരിക്കും. ക്ലിനിക്കൽ പഠനത്തിന്റെ പ്രാഥമികപാഠങ്ങൾ പറഞ്ഞു തന്ന ഡോ:വിജയനെ ഒരിക്കലും മറക്കില്ല. അങ്ങനെ പറഞ്ഞു തരുന്നതിനും പ്രത്യേക വൈദഗ്ധ്യമുണ്ടാവണം. അന്ന്, ഡോ: മാത്യു റോയ് ആയിരുന്നു ക്ലിനിക്കൽ ക്ലാസുകൾക്ക് പ്രശസ്തനായിരുന്നത്. അദ്ദേഹത്തിന്റെ യൂനിറ്റിലായിരുന്നില്ല ഞാൻ.
അതിനാൽ കൂടുതൽ ക്ലാസുകൾ കിട്ടിയിട്ടില്ല. എന്നാൽ, അസുഖം വരുമ്പോൾ, അധ്യാപനം പോലെ ചികിത്സയിലും മികച്ചു നിന്ന ഡോ: റോയിയെ കൺസൾട്ടു ചെയ്യാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വളരെ നേരത്തേ തന്നെ അദ്ദേഹം മരിച്ചു. ഞങ്ങളുടെ മെഡിസിൻ യൂണിറ്റ് പ്രൊഫസറായിരുന്നു ഡോ. എം. രവീന്ദ്രൻ, ചുറ്റും രോഗികൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഔട്ട് പേഷ്യന്റ് മുറിയിലും വിദ്യാർത്ഥികൾക്ക് വേണ്ടി തിയറിയും പ്രാക്ടിക്കലും ചേർത്തിണക്കിയ അറിവ് ഇട മുറിയാതെ ഒഴുക്കി തന്നു. അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ പരപ്പ് കൊതിപ്പിക്കുന്നതായിരുന്നു. ഒരു വശത്ത്, രോഗികളോട് സംസാരിക്കാനുള്ള കഴിവും ഭാഷയും, മറുവശത്ത് സയൻസിന്റെ നിശിത ഭാഷയും ജ്ഞാനവും, ചേർത്തുകൊണ്ട് പോവുക ശ്രമകരമാണ്. ആദ്യത്തെ ക്ലിനിക്കൽ പോസ്റ്റിംഗിൽ, അയൺ ഗുളികകൾ കഴിക്കുന്നുണ്ടോ എന്നതിന് പകരം നിങ്ങൾ ഇരുമ്പുണ്ടകൾ വിഴുങ്ങാറുണ്ടോ എന്ന് ഒരു സഹപാഠി രോഗിയോട് ചോദിച്ചത് ഇപ്പോഴും ചിരി വരുത്തുന്നു. ടേബിൾ മേറ്റുകൾ പോലെയാണ് ക്ലിനിക്കൽ പോസ്റ്റിംഗിൽ, യൂണിറ്റ് മേറ്റുകളും. രോഗികളെ പരിശോധിക്കുന്നതും ക്ലാസുമെല്ലാം ഒരുമിച്ചായതിനാൽ ഞങ്ങൾക്കിടയിൽ പ്രത്യേകമായ ബന്ധം ഉടലെടുത്തു. വാർഡിലെ ജോലി കഴിഞ്ഞ് കുടിലുകളുടെ രൂപത്തിൽ ഉണ്ടാക്കിയിരിക്കുന്ന ശീതൾ എന്ന് പേരുള്ള കാന്റീനിൽ ഒരുമിച്ച് ചായ കുടിക്കാൻ പോകുന്നത് പതിവായിരുന്നു. അങ്ങനെ രൂപപ്പെട്ട അടുപ്പം ഇന്നും എല്ലാവരും കാത്ത് സൂക്ഷിക്കുന്നു.
മരണസമയത്ത് ചേച്ചി വളരെ സൗമ്യനും സ്‌നേഹമുള്ളയാളുമായിരുന്ന ചേട്ടന്റെ പുറത്ത് അമർത്തി പിടിച്ചു. ഞങ്ങൾ ട്യൂബിലൂടെ പ്രാണവായു നൽകി കൊണ്ടിരുന്നു. പ്രൊഫഷനും വൈകാരികാഘാതത്തിനുമിടയിലുള്ള ഒരു നിമിഷമായിരുന്നു അത്.
കുടുംബത്തിന് പുറത്തുള്ളവരുമായും, അടുത്ത ബന്ധം ഉണ്ടാകാനുള്ള പരിശീലനം കൂടിയാണ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്നത്. മെഡിസിന് ചേർന്ന് കഴിഞ്ഞാൽ ബന്ധുക്കളും നാട്ടുകാരും മെഡിക്കൽ കോളേജിലെ ഏതു കാര്യത്തിനും വിദ്യാർത്ഥികളെയാണ് കൂടുതൽ ആശ്രയിക്കുക. ഉള്ളിലെ സങ്കീർണ്ണമായ വ്യവസ്ഥകൾ പൊതുവേ ജനങ്ങളെ വട്ടം ചുറ്റിക്കുന്നതാണ്. ഒ.പിയിൽ നിന്ന് ലാബുകളിലേക്കും വാർഡുകളിലേക്കും തിയേറ്ററുകളിലേക്കുമൊക്കെ എത്തിപ്പെടാൻ പോലും പലരും ബുദ്ധിമുട്ടും. രോഗത്തെക്കുറിച്ചും നിർണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം, ഉള്ള വിവരങ്ങൾ സാങ്കേതിക ഭാഷയിൽ നിന്ന് സാധാരണ ഭാഷയിലേക്ക് പരിവർത്തിപ്പിച്ച് കൊടുക്കാനും മെഡിക്കൽ വിദ്യാർത്ഥികൾക്ക് കഴിയും. ഈ സഹായങ്ങളെല്ലാം, വൈദ്യശാസ്ത്ര പഠനത്തെ വിപുലീകരിക്കുന്നതായി തിരിച്ച റിഞ്ഞാൽ അത് സമയ നഷ്ടമായല്ല, ലാഭമായാണ് മനസ്സിലാക്കാൻ കഴിയുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും നേരിട്ടറിയാനും അവരെ മനസ്സിലാക്കാനുമുള്ള അവസരം കൂടിയാണത്.
ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർക്ക് കൂടുതൽ കാരുണ്യമുള്ളതായി തോന്നി. രോഗം തീവ്രമാകുന്നതിന്റെ ഓരോ ഘട്ടവും വൈകാരികമായും, എന്നാൽ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഉൾക്കൊണ്ടും ഞാൻ അറിയുകയായിരുന്നു
കൂട്ടുകാരിൽ ആരുടെയെങ്കിലും ഒരാളുടെ ബന്ധു അഡ്മിറ്റ് ആയാൽ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഒരു ഗ്രൂപ്പായി അവരുടെ അടുത്തെത്തും. കിടക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും അത് വലിയ ആശ്വാസമാണ്. പല ആളുകളെയും അവരുടെ ജീവിതത്തെയും അങ്ങനെ പരിചയപ്പെടാൻ കഴിയും. ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കാൻ എല്ലാവരും തമ്മിൽ മത്സരമാണ്. ഇതൊക്കെ ചെറുപ്പത്തിലെ ആദർശാത്മക ജീവിതത്തിന്റെ ഭാഗം കൂടിയാണ്. രക്തദാനം ചെയ്യാനും മുന്നിട്ടു നിൽക്കുന്നവരാണ് മിക്ക മെഡിക്കൽ വിദ്യാർത്ഥികളും. ഞാനും രോഗികളായി വന്ന പല ബന്ധുക്കളോടും ഒപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. അതിൽ ഇന്നും വേദന മങ്ങാതെ നിൽക്കുന്നത് ക്യാൻസർ ബാധിച്ച് ചികിത്സക്ക് വന്ന എന്റെ കസിൻ ആയ സുലേഖ ചേച്ചിയുടേതാണ്. ക്യാൻസറിനെ പറ്റിയൊക്കെ അന്ന് പഠിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ചേച്ചിക്ക് വേണ്ടി ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാരുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. ഈ വിഭാഗത്തിലെ ഡോക്ടർമാർക്ക് കൂടുതൽ കാരുണ്യമുള്ളതായി തോന്നി. രോഗം തീവ്രമാകുന്നതിന്റെ ഓരോ ഘട്ടവും വൈകാരികമായും, എന്നാൽ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഉൾക്കൊണ്ടും ഞാൻ അറിയുകയായിരുന്നു. അടുത്ത ഒരാളിന്റെ മരണത്തിന് സാക്ഷിയാകുന്നതും അപ്പോഴാണ്. സ്വഭാവം കൊണ്ട് എല്ലാവർക്കും പ്രിയങ്കരിയായിരുന്ന, മുപ്പതു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചേച്ചിക്ക് അന്ന് ഇരട്ടകളടക്കം നാല് മക്കൾ ഉണ്ടായിരുന്നു. മരണ സമയത്ത് ചേച്ചി വളരെ സൗമ്യനും സ്‌നേഹമുള്ളയാളുമായിരുന്ന ചേട്ടന്റെ പുറത്ത് അമർത്തി പിടിച്ചു. ഞങ്ങൾ ട്യൂബിലൂടെ പ്രാണവായു നൽകി കൊണ്ടിരുന്നു. പ്രൊഫഷനും വൈകാരികാഘാതത്തിനുമിടയിലുള്ള ഒരു നിമിഷമായിരുന്നു അത്. കുഞ്ഞു മക്കളെല്ലാം അപ്പോൾ അവിടെയുണ്ടായിരുന്നു.
ഹൃദയത്തോടടുത്ത് നിൽക്കുന്ന ഇത്തരം സന്ദർഭങ്ങൾ കൂടി മെഡിക്കൽ വിദ്യാഭ്യാസത്തിൽ പ്രാധാന്യമുള്ളതാണെന്നു തോന്നുന്നു. നമ്മുടെ അടുത്തവർക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പഠനത്തിന് താൽപ്പര്യം കൂട്ടുന്നു. അടുത്തെത്തുന്ന ഓരോ രോഗിയെയും നമ്മുടെ സ്വന്തമായി കാണാൻ ഈ അവസരങ്ങൾ പ്രേരിപ്പിക്കും.▮
(തുടരും)