മനുഷ്യർ അല്പത്തങ്ങൾ കാണിക്കുമ്പോൾ, അത് ഹാസ്യമായി ആസ്വദിക്കാൻ പഠിച്ചാൽ ഏതു കരിയറും രസകരമായി കുറെ കാലം മുന്നോട്ടു കൊണ്ടുപോകാം.
പൂനയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽ ഞങ്ങളുടെ ക്ലാസ്മേറ്റായിരുന്ന ഡോ. ഉമ പഠിക്കുന്നുണ്ടായിരുന്നു. ഉമയുടെ ഭർത്താവ് വേണുഗോപാൽ അവിടെ അന്ന് മേജർ ആണ്. ഒഴിവുള്ള പോസ്റ്റ് ഗ്രാജുവേഷൻ സീറ്റുകളിലേക്ക് എൻട്രൻസ് പരീക്ഷ കൂടാതെ, എം.ബി.ബി.എസിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ കിട്ടുമെന്ന് ഉമ ഞങ്ങളെയൊക്കെ അറിയിച്ചു. എൻട്രൻസ് പരീക്ഷയിൽ നിന്ന് മോചനം കിട്ടുമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. അപേക്ഷ അയക്കുകയും അഡ്മിഷൻ കിട്ടുകയും ചെയ്തു.
ട്രെയിൻ ഒന്നും ബുക്ക് ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ല. സങ്കടത്തോടെ ഇ.എസ്.ഐ. ആശുപത്രിയോട് വിട പറഞ്ഞു. ബസ്സിൽ കയറി മൈത്രേയനോടും കനിയോടുമൊപ്പം പൂനയിലേക്കു തിരിച്ചു.
തണുപ്പ് കാലമായതുകൊണ്ട് ഉമയുടെ വീട്ടിലെത്തിയ പാടെ കമ്പിളിപ്പുതപ്പിനടിയിൽ കയറി ഉറങ്ങി ക്ഷീണം മാറ്റി. എല്ലാവരെയും സ്വന്തം പോലെ കരുതുന്ന ആളാണ് ഉമ. ക്ലാസ്‌മേറ്റ്‌സിനിടയിൽ വളരെ പോപ്പുലർ ആയ ചുരുക്കം പേരിൽ ഒരാൾ. അവിടെ ഉണ്ടായിരുന്ന കാലമത്രയും ഇടക്ക് കൂടെ പോയി താമസിക്കാനും എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കാനും ഉണ്ടായിരുന്നത് ഉമയാണ്. ഒരു വർഷം മുമ്പ് തന്നെ ഉമ അവിടെ ഒഫ്താൽമോളജി (ophthalmology) കോഴ്‌സിന് ചേർന്നിരുന്നു. കൂടെ കേരളത്തിൽ നിന്നും ഞങ്ങളുടെ ക്ലാസ്‌മേറ്റ്‌സ് ഉൾപ്പെടെ മറ്റു മലയാളികളുമുണ്ട്. ഞാൻ കമ്മ്യൂണിറ്റി മെഡിസിൻ തന്നെയാണ് ആദ്യത്തെ ചോയ്‌സ് ആയി ആവശ്യപ്പെട്ടിരുന്നത്. അത് തന്നെ ലഭിക്കുകയും ചെയ്തു.
പോകുന്നതിനു മുമ്പ്, എനിക്ക് ജയശ്രീച്ചേച്ചി ഇല്ലാതെ പറ്റില്ല എന്ന് ഒരു പ്രാവശ്യം കനി പറഞ്ഞെങ്കിലും മൈത്രേയനോടൊപ്പം സന്തോഷത്തോടെ തന്നെ അവൾ തിരിച്ചുപോയി..
സൈക്യാട്രിയും ഡെർമറ്റോളജിയും എനിക്കിഷ്ടമായിരുന്നു.
അവിടുത്തെ ഇന്റർവ്യൂ ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്നതായിരുന്നു. പ്രധാനമായും മെഡിക്കൽ ചെക്ക് അപ് ആണ്. അവിടെ പഠിക്കുന്നവർ പുറത്ത് നിന്നുള്ളവരായാലും, ഭാവിയിൽ യുദ്ധമോ സമാനമായ അവസ്ഥകളോ ഉണ്ടാവുകയാണെങ്കിൽ സേവനം ചെയ്യാൻ തയാറാണെന്ന ഒരു കരാർ അഡ്മിഷൻ തരുമ്പോഴുണ്ട്. അതുകൊണ്ട് ആർമിയിൽ റിക്രൂട്ട് ചെയ്യുമ്പോഴെന്ന പോലെ വിശദമായ പരിശോധന നടത്തി പൂർണമായ ആരോഗ്യമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ അഡ്മിഷൻ നൽകൂ. മിക്കവാറും എല്ലാ സ്‌പെഷ്യാലിറ്റികളിലും പോയി എക്‌സ്-റേ, ഇ.സി.ജി അടക്കം എല്ലാ പരിശോധനകളും നടത്തിയതിനാൽ കാമ്പസ് മൊത്തമായി പരിചിതമായി. കേരളത്തിൽ നിന്ന് പത്തോളം പേരുണ്ടായിരുന്നു. എല്ലാവരും അച്ഛനമ്മമാർ, കുട്ടികൾ എല്ലാമടങ്ങുന്ന കുടുംബമായി തന്നെയാണ് എത്തിയത്. ഈ ഒരാഴ്ച ഒരുമിച്ച് നടന്ന് ഒരേ ആശങ്കകൾ പങ്കുവച്ച എല്ലാവരും തമ്മിൽ ചേർന്ന് ഒരു വലിയ കുടുംബമായി. അഡ്മിഷൻ കിട്ടുമോ എന്നത് കൂടാതെ വല്ല രോഗവും കണ്ടുപിടിക്കുമോ എന്ന ഭയവും എല്ലാവർക്കുമുണ്ടായി. നേരത്തെ അഡ്മിഷൻ കിട്ടിയ മലയാളി വിദ്യാർത്ഥികൾ ഇടക്ക് വന്ന് ഞങ്ങൾക്ക് ആശ്വാസം തന്നുകൊണ്ടിരുന്നു. അവസാനം രോഗമൊന്നുമില്ലെന്ന ഉറപ്പും അഡ്മിഷനും സമാധാനം കൊണ്ടുവന്നു.
ഞങ്ങൾക്ക് സ്‌റ്റൈപ്പൻഡ് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വളരെ കുറഞ്ഞ ഫീസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ, താമസത്തിനും ഭക്ഷണത്തിനും പണം കണ്ടെത്തേണ്ടിയിരുന്നു. അവിടുത്തെ ബിരുദ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റൽ മുറികൾ കുറഞ്ഞ വാടകക്ക് തരാൻ അവർ തയാറായി. ഞങ്ങൾ ഹോസ്റ്റലിലേക്ക് മാറിയപ്പോൾ ബന്ധുക്കളെല്ലാം പിരിഞ്ഞു. പോകുന്നതിനു മുമ്പ്, എനിക്ക് ജയശ്രീച്ചേച്ചി ഇല്ലാതെ പറ്റില്ല എന്ന് ഒരു പ്രാവശ്യം കനി പറഞ്ഞെങ്കിലും മൈത്രേയനോടൊപ്പം സന്തോഷത്തോടെ തന്നെ അവൾ തിരിച്ചുപോയി. നാട്ടിൽ എന്റെ അച്ഛനമ്മമാരോടും മൈത്രേയനോടും മറ്റു കൂട്ടുകാരോടുമൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്നുറപ്പുള്ളതുകൊണ്ട് എനിക്കൊട്ടും വേവലാതിയുണ്ടായില്ല.
ഹോസ്റ്റലിൽ അവിടുത്തെ ഗ്രാഡുവേറ്റ് വിദ്യാർത്ഥിനികൾക്ക് നല്ല ഭക്ഷണം നൽകിയിരുന്നു. അവരുടെ പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാർത്ഥികൾക്ക് ക്വാർട്ടേഴ്‌സ് പോലെയുള്ള കൂടുതൽ സൗകര്യങ്ങളും. ഞങ്ങൾക്ക് അവിടെ അടുത്തുള്ള വൈ.എം.സി.എയിൽ നിന്നും ഭക്ഷണം ഏർപ്പാടാക്കി. ചോറ്, ചപ്പാത്തി, കീമ എന്ന് പറയുന്ന ഇറച്ചിക്കറി, പച്ചക്കറി കൊണ്ടുള്ള തോരൻ ഇത്രയുമായിരുന്നു വിഭവങ്ങൾ. എല്ലാ ദിവസവും ഇത് മാത്രമായിരിക്കും. പെട്ടെന്ന് തന്നെ മിക്കവാറും എല്ലാവരും സ്വന്തം പാചകത്തിലേക്ക് മാറി. പാചകം ചെയ്യാൻ ഇഷ്ടമില്ലാതിരുന്നത് കൊണ്ട് ഞാൻ കഷ്ടപ്പെട്ട് ആ ഭക്ഷണത്തിൽ രുചി കണ്ടെത്താൻ ശ്രമിച്ചു. എന്നെ പോലെയുള്ള ആരെങ്കിലും എപ്പോഴും അത് പങ്കുവെക്കാനുണ്ടാകും. ഭക്ഷണം കഴിക്കുന്നതോടൊപ്പം ഗോസിപ്പുകൾ ചെയ്തും മറ്റും ഞങ്ങൾ അതിന് രുചി കൂട്ടി. അവധി ദിവസങ്ങളിൽ ഞാൻ പച്ചക്കറിയും മുട്ടയും പുഴുങ്ങി കഴിച്ചു. ഓരോ മാസവും ആവശ്യമായ പണം മൈത്രേയൻ ബന്ധുക്കളിൽ നിന്ന് കടം വാങ്ങി അയച്ചു തന്നിരുന്നു. അതിൽ നിന്ന് മിച്ചം പിടിച്ച് എനിക്കിഷ്ടമുള്ള പച്ച മുന്തിരി വാങ്ങി കഴിച്ച് പൂർണ്ണ തൃപ്തി നേടി.
ആദ്യം സൗഹൃദം ഭാവിച്ചെങ്കിലും, എന്റെ ആഗമനം, സഹപാഠിയായ സുധാകറിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അതിനുള്ള കാരണവും ഞാൻ പതിയെ തിരിച്ചറിഞ്ഞു.
ഞങ്ങളുടെ ഡിപ്പാർട്ട്‌മെൻറ് ഹെഡ് ആയിരുന്ന ബ്രിഗേഡിയർ ഗോകർണ് സ്‌നേഹസമ്പന്നനായ മനുഷ്യനായിരുന്നു. അതിനാൽ പട്ടാളക്കാരുടെ ഏറ്റവും ഉയർന്ന റാങ്കിൽപെട്ടവർ എങ്ങനെയായിരിക്കും നമ്മളോട് പെരുമാറുന്നതെന്നൊക്കെയുള്ള എന്റെ ആശങ്ക അസ്ഥാനത്തായി. എന്നെ കൂടുതൽ കംഫർട്ടബിൾ ആക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സഹപ്രവർത്തകർക്കെല്ലാം അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. ഡിപ്പാർട്ട്‌മെന്റിലെ താഴ്ന്ന ജീവനക്കാരോടും അദ്ദേഹം തുല്യതയോടെ പെരുമാറുന്നത് എന്നെ അതിശയിപ്പിച്ചു. മറ്റു ചില ഡിപ്പാർട്ട്‌മെന്റിൽ ചേർന്നവർ വിവേചനം അനുഭവിക്കുന്നത് കണ്ടപ്പോൾ ഇവിടെ ചേർന്നത് നന്നായി എന്ന് ഞാൻ കരുതി. ക്ലാസുകൾ നൽകുന്നതിൽ അവിടുത്തെ അധ്യാപകർ ഉന്നത നിലവാരവും ആത്മാർത്ഥതയും പുലർത്തി.
അധ്യാപകരിൽ സ്ത്രീയായി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ എന്നെ പോലെ സിവിലിയൻ ആയിരുന്നു; അഥവാ പട്ടാളക്കാരിയായിരുന്നില്ല. ബാക്കിയുള്ളവരെല്ലാം പട്ടാളവേഷത്തിലായിരുന്നു. വേഷത്തിൽ നന്നായി അഭിമാനിക്കാനാണ് അവർ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. ആർമി, നേവി, എയർ ഫോഴ്‌സ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലുമുള്ളവർക്ക് വ്യത്യസ്ത നിറത്തിലുള്ള വേഷങ്ങളാണ്. റാങ്കിനനുസരിച്ച് വസ്ത്രത്തിലും തൊപ്പിയിലും സ്റ്റാറുകളോ മറ്റു ചിഹ്നങ്ങളോ ഉണ്ടാകും. ഇതിൽ നേവിക്കാരുടെ വെള്ള വസ്ത്രമാണ് പുറത്തുള്ള ഞങ്ങൾക്ക് ആകർഷകമായി തോന്നിയത്. പദവിക്കനുസരിച്ച് ഇവർക്കുള്ള ഔദ്യോഗിക നാമങ്ങളും വ്യത്യസ്തമാണ്. ഇവരൊക്കെ ഡോക്ടർമാരാണെങ്കിലും അങ്ങനെ സ്വന്തമായോ മറ്റുള്ളവരോ വിശേഷിപ്പിക്കാറില്ല. പട്ടാളത്തിലെ ഔദ്യോഗിക പദവി പേര് തന്നെയാണ് അവർ അഭിമാനകരമായി കരുതുന്നത്. നേവിയിൽ നിന്നുള്ളവരെ ""സർജ്ജൻ കമാൻഡർ'' എന്നോ അതിലും ഉയർന്നവരെ ""സർജ്ജൻ കമാൻഡോ'' എന്നും പറഞ്ഞു കേട്ടു. മറ്റു വിഭാഗങ്ങൾക്കൊന്നും മെഡിക്കൽ പദങ്ങൾ ചേർത്ത് കണ്ടില്ല. ഈ പേരുകളും ചിഹ്നങ്ങളുമെല്ലാം അധികാരത്തെയും വ്യത്യസ്ത പദവിയേയും കുറിക്കുന്നതാണ്.
എന്റെ കൂടെ അതേ ബാച്ചിൽ സഹപാഠിയായുണ്ടായിരുന്നത് ആന്ധ്രയിൽ നിന്ന് വന്ന ഒരു ആർമി ഓഫീസറാണ്. ആർമിയിൽ ഏതാനും വർഷങ്ങൾ സേവനം അനുഷ്ഠിച്ചശേഷം മാത്രമാണ് അവർക്ക് ഉന്നത പഠനത്തിനുള്ള അനുമതി ലഭിക്കുന്നത്. അതിനുള്ള ചെലവ് മുഴുവനും വഹിക്കുന്നത് ഗവൺമെന്റ് തന്നെ ആയിരിക്കും. ക്ലാസ്സുകളിൽ ഞങ്ങളോടൊപ്പം ഇൻഡസ്ട്രിയിൽ നിന്ന് ഉപരിപഠനത്തിനു വന്ന ചില സീനിയർ ഓഫീസർമാരുമുണ്ടായിരുന്നു. ഇൻഡസ്ട്രിയൽ ഹെൽത്തിലാണ് അവർ ഡിഗ്രി നേടുന്നതെങ്കിലും ക്ലാസ്സുകൾ ഞങ്ങളോടൊപ്പം പൊതുവായിട്ടായിരുന്നു. ആദ്യം സൗഹൃദം ഭാവിച്ചെങ്കിലും, എന്റെ ആഗമനം, സഹപാഠിയായ സുധാകറിന് (പേര് യഥാർത്ഥമല്ല) ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അതിനുള്ള കാരണവും ഞാൻ പതിയെ തിരിച്ചറിഞ്ഞു.
ആർമിയിൽ പ്രവർത്തിക്കാത്ത വെറുമൊരു സിവിലിയനായ ഞാൻ രണ്ടാംതരം പൗരയാണെന്ന് അയാൾ നിരന്തരം ഓർമിപ്പിച്ചു. അവർ ധരിക്കുന്ന യൂണിഫോമിനു മുന്നിൽ ഞാൻ ധരിച്ചിരുന്ന വെളുത്ത കോട്ട് ലാബ് ടെക്നീഷ്യന്മാരുടേതാണെന്ന് പറഞ്ഞ് അയാൾ കളിയാക്കി. കേരളത്തിൽ നിന്ന് വന്നതുകൊണ്ട് "മല്ലു'കൾക്ക് നേരെയുള്ള എല്ലാ പരിഹാസങ്ങളും എനിക്ക് മീതെ ചൊരിഞ്ഞു.
സ്ത്രീകൾ തീരെ കുറവുള്ള ഒരിടമാണ് ആംഡ് ഫോഴ്സ്സസ് മെഡിക്കൽ കോളേജ്. ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിലെ ഒരേ ഒരു വിദ്യാർത്ഥിനി ആയിരുന്ന എനിക്ക് എല്ലാവരും ആവശ്യത്തിലധികം കരുതലും പരിഗണനയും നൽകി. ഒരു കുഞ്ഞുള്ള ഞാൻ വീട്ടിൽ നിന്ന് ഒരുപാടകലെ മാറി നിൽക്കുന്നതും എല്ലാവർക്കും എന്നോട് കൂടുതൽ സ്‌നേഹം ചൊരിയാൻ കാരണമായി. സ്ത്രീയായതുകൊണ്ട് അപൂർവമായി കിട്ടുന്ന ഈ ലാളനകൾ ഞാൻ നന്നായി ആസ്വദിക്കുകയും ചെയ്തു. അതുവരെ വിദ്യാർത്ഥി ജീവിതത്തിൽ കണ്ടിട്ടുള്ളത് മറിച്ചാണ്. പൊതുവെ, ആൺകുട്ടികളെയാണ് അധ്യാപകർ വില മതിക്കാറുള്ളത്.
ഞങ്ങൾ രണ്ടുപേരും ഒരേ മത്സര പരീക്ഷ എഴുതാൻ പോകുന്നവരാണ്. പരീക്ഷ പാസാകുന്നത് ശ്രമകരവുമാണ്. അങ്ങനെയുള്ളപ്പോൾ എന്നോട് അധ്യാപകർ പക്ഷപാതിത്വം കാണിച്ചാൽ അതയാളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നൊരു ഭയം ആ ചെറുപ്പക്കാരനുണ്ടായതായി എനിക്ക് തോന്നി. അയാൾ എന്നോട് മോശമായി പെറുമാറാനും കിട്ടുന്ന സ്ഥലങ്ങളിൽ എല്ലാം അപമാനിക്കാനും തുടങ്ങി. ആർമിയിൽ പ്രവർത്തിക്കാത്ത വെറുമൊരു സിവിലിയനായ ഞാൻ രണ്ടാംതരം പൗരയാണെന്ന് അയാൾ നിരന്തരം ഓർമിപ്പിച്ചു. അവർ ധരിക്കുന്ന യൂണിഫോമിനു മുന്നിൽ ഞാൻ ധരിച്ചിരുന്ന വെളുത്ത കോട്ട് ലാബ് ടെക്നീഷ്യന്മാരുടേതാണെന്ന് പറഞ്ഞ് അയാൾ കളിയാക്കി. കേരളത്തിൽ നിന്ന് വന്നതുകൊണ്ട് "മല്ലു'കൾക്ക് നേരെയുള്ള എല്ലാ പരിഹാസങ്ങളും എനിക്ക് മീതെ ചൊരിഞ്ഞു. ഒരുമിച്ച് യാത്ര ചെയ്യുകയും എന്റെ കയ്യിൽ വെള്ളമില്ലാതെ ദാഹിക്കുകയും ചെയ്തപ്പോൾ വെള്ളം തന്നില്ല. അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ. മറ്റുള്ളവരെല്ലാം എപ്പോഴും എന്റെ ക്ഷേമത്തിൽ തല്പരരായിരുന്നതു കൊണ്ട് ഇതൊന്നും എന്നെ കാര്യമായി ബാധിച്ചില്ല. എങ്കിലും ഒരുമിച്ച് സൗഹൃദത്തോടെ സഹപാഠികൾ കഴിയുന്ന, ഇതുവരെ അനുഭവിച്ചു പോന്ന ഒരു ചുറ്റുപാട് ഇടക്കൊക്കെ ഞാൻ കൊതിച്ചു.
തീരെ അപക്വമായ അയാളുടെ പെരുമാറ്റം ഇല്ലാതിരുന്നെങ്കിൽ ഒരു പക്ഷെ, ഞാൻ പട്ടാളക്കാരും സാധാരണക്കാരും തമ്മിലുള്ള പദവി വ്യത്യാസം അറിയാതെ പോകുമായിരുന്നു. ആർമിക്കകത്ത് തന്നെയുള്ള ശ്രേണീബദ്ധത താഴ്ന്ന പദവിയിലുള്ളവർക്ക് ഒരുതരം ശ്വാസംമുട്ടലുണ്ടാക്കുന്നുണ്ടാവാം. സ്ത്രീകളുടെ മുന്നിൽവച്ചുള്ള ഇടപെടലുകളിൽ പദവി വ്യത്യാസങ്ങളിലുള്ള വ്യത്യാസം പുരുഷന്മാരെ അസ്വസ്ഥരാക്കുന്നത് പൊതുസമൂഹത്തിലും കാണാവുന്നതാണ്.
കോളേജ് നിൽക്കുന്ന സ്ഥലവും അതിന്റെ ഭാഗമായ ആശുപത്രിയും എല്ലാം കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന കന്റോൺമെന്റ് ഏരിയയിലാണ്. അതിനടുപ്പിച്ച് സാധാരണ മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങൾ കുറവാണ്. ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള ക്ലിനിക്കുകളിൽ കൂടുതലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പട്ടാളക്കാരായിരുന്നു വന്നുകൊണ്ടിരുന്നത്. അവരുമായി കുറെയൊക്കെ ഇംഗ്ലീഷിൽ സംസാരിക്കാം. ഹിന്ദി പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാൻ എനിക്ക് പ്രയാസമായിരുന്നു. ഹിന്ദി ഒട്ടും അറിയാത്ത, മറാഠിയിൽ മാത്രം സംസാരിക്കുന്നവരും അവിടെയുണ്ട്. സാധാരണക്കാർ വരുന്ന ക്ലിനിക്കുകളിൽ ചിലപ്പോൾ അങ്ങനെയുള്ളവരുമുണ്ടാകും. എന്റെ സഹപാഠിയിൽ നിന്നും യാതൊരു സഹായവും കിട്ടുകയുമില്ല. ഒരു ഗൈഡ് വാങ്ങി ഹിന്ദി കുറെയൊക്കെ പഠിച്ചെടുത്തു.
അടുക്കോടെയും ചിട്ടയോടെയും പുസ്തകങ്ങൾ വച്ചിട്ടുള്ള ഗംഭീരമായ ഒരു ലൈബ്രറി അവിടെ ഉണ്ടായിരുന്നു. ക്ലാസും ക്ലിനിക്കും ഇല്ലാത്ത സമയം പഠനത്തിനായി അതുപയോഗിക്കുകയായിരുന്നു പതിവ്. കൊതുകുകൾ പരത്തുന്ന രോഗങ്ങൾക്ക്, പ്രത്യേകിച്ച് മലേറിയക്ക് അവിടെ വലിയ പ്രാധാന്യമുണ്ടായിരുന്നു. കൊതുകുകളുടെ വിവിധ സ്പീഷീസുകളെ ലാബിൽ വളർത്തുകയും പഠന വിധേയമാക്കുകയും ചെയ്തിരുന്നു. എന്റമോളജിസ്റ്റ് ആയിരുന്ന റീന അതിൽ ഗവേഷണം നടത്തുകയും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു.
നമുക്ക് ഒഴിവാക്കാനും പറ്റാത്ത ആൾ അധികാരഭാവത്തോടെ പെരുമാറുന്നു എന്നിരിക്കട്ടെ. ഇത് കണ്ട് ഉള്ളിൽ നമുക്ക് ചിരിക്കുകയും പുറമേ അയാൾക്ക് വിധേയമായ മുഖഭാവം വരുത്തുകയും ചെയ്യാം.
ചിലപ്പോൾ വെളുപ്പിന് നാല് മണിക്കും അഞ്ചു മണിക്കും കൊതുകുകളെ പിടിക്കാൻ ഫീൽഡിൽ പോകേണ്ടിയിരുന്നു. ഒരു ടീമായി പോയിരുന്നത് കൊണ്ട് അതൊന്നും പ്രയാസമായി തോന്നിയില്ല. സുധാകർ മാത്രം എപ്പോഴും എന്നോട് മുഖം കടുപ്പിച്ച് പെരുമാറി എന്ന് മാത്രം. പൂനയിൽ തന്നെയുള്ള ബി.ജെ. മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥികളും ഞങ്ങളും ഒരുമിച്ച് ഇടക്കിടെ സെമിനാറുകൾ നടത്തി. അവിടുത്തെ അധ്യാപകരും ഞങ്ങളുടെ അധ്യാപകരും ഒപ്പമുണ്ടായിരുന്ന അത്തരം സെമിനാറുകളിൽ പബ്ലിക് ഹെൽത്തിലെ സമകാലികമായ വിഷയങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നു. ചിലപ്പോൾ ഞങ്ങൾ ആ കോളേജിലേക്ക് പോവുകയും മറ്റു ചിലപ്പോൾ അവർ ഇവിടേക്ക് വരികയും ചെയ്തു. രണ്ടായാലും എപ്പോഴും യൂണിഫോമിട്ടവർക്ക് കൂടുതൽ ബഹുമാനം കിട്ടി. അവർ കൂടുതൽ പ്രൊഫഷണൽ ആയും വൈദഗ്ധ്യത്തോടെയും വിഷയങ്ങൾ അവതരിപ്പിച്ചു എന്നതും ശരിയാണ്. പല പ്രാവശ്യം റീഹേഴ്സൽ ഒക്കെ നടത്തി പെർഫെക്ട് ആക്കി അവതരിപ്പിക്കാനാണ് ഞങ്ങളെ പരിശീലിപ്പിക്കുന്നത്. അത്തരം പെർഫെക്ഷനേക്കാൾ പെട്ടെന്ന് തോന്നുന്ന കാര്യങ്ങൾ, നമ്മുടെ മനസ്സിൽ വരുന്നത് പോലെ പറയാനാണെനിക്കിഷ്ടം. നേരത്തെ എത്ര പ്രാക്ടീസ് ചെയ്താലും അവതരിപ്പിക്കുന്ന സമയത്ത് ഞാൻ മറ്റൊരു രീതിയിലായിരിക്കും ചെയ്യുന്നത്. ആവർത്തനം എനിക്ക് ഏറ്റവും വിരസതയുണ്ടാക്കുന്നതാണ്. ചിട്ടയിലും ഒരു ചിട്ടയില്ലായ്മയുണ്ടാകുന്നത് കാണാനാണെനിക്കിഷ്ടം. ഏതായാലും ഇങ്ങനെ തെറ്റിച്ചിട്ടും, എന്റെ അവതരണങ്ങൾക്ക് നേരെ കടുത്ത വിമർശനങ്ങളൊന്നും ഉണ്ടായില്ല.
രണ്ടാമത്തെ വർഷമായപ്പോഴേക്കും എനിക്ക് കൂട്ടായി വേറൊരു സിവിലിയൻ സ്റ്റുഡന്റായി ഷീല വന്നുചേർന്നു. ഒരു ബിസിനസ് കുടുംബത്തിൽ നിന്ന് വരുന്ന അവൾ പണമുണ്ടായിട്ടും സ്‌കൂട്ടറിലായിരുന്നു ദിവസവും വന്നത്. സ്വന്തമായി ഡിസൈൻ ചെയ്ത, ലളിതമായ വസ്ത്രങ്ങൾ ധരിച്ച് വന്ന ഷീലക്ക് ആത്മവിശ്വാസത്തിന് ഒരു കുറവുമുണ്ടായില്ല. അധികാര ഗർവ്വുകൾക്ക് താഴെ എങ്ങനെ പരുങ്ങാതെ രസകരമായി ജീവിക്കാമെന്ന് പ്രായോഗികമായി കാണിച്ച് തന്നത് അവളാണ്. കാര്യം വളരെ നിസ്സാരമാണ്. നമ്മളെക്കാൾ അധികാരമുള്ളയാൾ, അതേസമയം നമുക്ക് ഒഴിവാക്കാനും പറ്റാത്ത ആൾ അധികാരഭാവത്തോടെ പെരുമാറുന്നു എന്നിരിക്കട്ടെ. ഇത് കണ്ട് ഉള്ളിൽ നമുക്ക് ചിരിക്കുകയും പുറമേ അയാൾക്ക് വിധേയമായ മുഖഭാവം വരുത്തുകയും ചെയ്യാം. ഷീല ഇത് അനായാസം ചെയ്യുകയും അതിനു ശേഷം ഞങ്ങൾ അതേപറ്റി തമാശ പറയുകയും ചെയ്യും. അതുവരെ നിസ്സാരമായ കാര്യങ്ങൾക്ക് വിഷമിക്കുന്ന ശീലമുണ്ടായിരുന്ന ഞാനും ഇത് അനുകരിക്കാൻ തുടങ്ങി. ഇപ്പോഴും പിന്തുടരുകയും ചെയ്യുന്നു. സ്ഥാപനങ്ങളിൽ പണിയെടുക്കുമ്പോൾ ഇത് ശീലിക്കുന്നത് നമ്മുടെ മാനസികാരോഗ്യം നിലനിർത്താൻ നല്ലതാണ്. എന്നാൽ, ലിംഗപരമോ ജാതിപരമോ ആയ സാമൂഹ്യ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കണമെന്നല്ല, ഇതു കൊണ്ടുദ്ദേശിക്കുന്നത്. അവയൊക്കെ നമ്മൾ പ്രതിരോധിക്കുക തന്നെ വേണം. എന്നാൽ, മനുഷ്യർ അല്പത്തങ്ങൾ കാണിക്കുമ്പോൾ, അത് ഹാസ്യമായി ആസ്വദിക്കാൻ പഠിച്ചാൽ ഏതു കരിയറും രസകരമായി കുറെ കാലം മുന്നോട്ടു കൊണ്ടുപോകാം. കേരളത്തിന് പുറത്ത്, ജീവിതത്തെ ലാഘവത്തോടെ എടുക്കുന്ന പല ബിസിനസ്സുകാരെയും കണ്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ അധികമാരെയും കണ്ടിട്ടില്ല. ബിസ്സിനസ്സ് എപ്പോഴും തകർന്നു പോകാവുന്നതായതുകൊണ്ട് അതിലേക്കിറങ്ങുന്നവർക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യവും നർമ്മബോധവും വേണം. അത്തരക്കാരോട് എനിക്ക് ആരാധനയാണ്.
ഷീലയോടൊപ്പം അരഡസൻ പട്ടാള ഓഫീസർമാരും രണ്ടാം വർഷം ഞങ്ങളുടെ കോഴ്സിന് ചേർന്നു. ആർമിയിൽ നിന്നും എയർഫോഴ്സിൽ നിന്നും നേവിയിൽ നിന്നും ഉള്ളവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ഒരുമിച്ചായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. എന്നാൽ, ഞാൻ വിചാരിച്ച പോലെ അവരാരും സുധാകറിനെ പോലെ മോശമായി പെരുമാറിയില്ല. അവർ എപ്പോഴും നല്ല സുഹൃത്തുക്കളായി ഒപ്പം കൂടി. ഷീലയും ഞാനും ഒഴിവുള്ളപ്പോഴെല്ലാം ടൗണിൽ ചുറ്റിയടിച്ചു. ഐസ്‌ക്രീമും യോഗർട്ടും ജൂസും കഴിക്കുകയും വിൻഡോ ഷോപ്പിംഗ് നടത്തുകയും ചെയ്തു. ഒരുമിച്ച് ലൈബ്രറിയിൽ പോയി. അത്യാവശ്യം ഭാഷകൾ വശത്താക്കാനും അവൾ എന്നെ സഹായിച്ചു.
ബാഗ് എന്റെ കണ്ണിൽ നിന്ന് മറഞ്ഞ ഏതോ സമയം അത് പെട്ടെന്ന് അപ്രത്യക്ഷമായി. അതിൽ കുറച്ച് പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഐഡന്റിറ്റി കാർഡും അതുപോലെ അത്യാവശ്യമുള്ള ചില കാർഡുകളും മറ്റും ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടതിൽ ഞാൻ വല്ലാതെ വിഷമിച്ചു.
ഇതിനിടെ കാമ്പസിലും ഹോസ്റ്റലിലും രസകരമായ പല കാര്യങ്ങളും നടന്നു. കോളേജിലെ വിവിധ വകുപ്പുകൾ പലയിടങ്ങളിലായി ചിതറി കിടന്നിരുന്നതിനാൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ""ടൂ വീലർ'' ആവശ്യമായിരുന്നു. കേരളത്തിൽ നിന്ന് വന്നവരിൽ കൂടുതൽ പേർക്കും അതറിയില്ലായിരുന്നു. എല്ലാവരും ഓരോ വാഹനം വാങ്ങുകയും പഠിപ്പിക്കാനായി ഒരു മലയാളി യുവാവിനെ ഏർപ്പാടാക്കുകയും ചെയ്തു. അയാളുടെ സഹായത്തോടെ കോളേജിനു മുന്നിലെ ഗ്രൗണ്ടിലും പുറത്ത് ഹോഴ്‌സ് റേസ് റോഡിലുമെല്ലാം ഞങ്ങൾ പ്രാക്ടീസ് ചെയ്തു. മുൻപ് സൈക്കിളിൽ നിന്ന് വീണ അനുഭവത്തിനു ശേഷം ടൂ വീലർ പഠിക്കാനും ഓടിക്കാനും ഒന്നും എനിക്ക് യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ, എല്ലാവരും ഒരുമിച്ച് പഠിക്കുന്നത് വളരെ രസകരമായിരുന്നു. ""കൈനറ്റിക് ലൂണ'' എന്ന പേരിൽ ഒറ്റ സീറ്റുള്ള ഒരു ചെറിയ വാഹനമായിരുന്നു എന്റേത്. രണ്ട് ദിവസം കൊണ്ട് തന്നെ നന്നായി പഠിക്കാൻ കഴിഞ്ഞു. അതിനു ശേഷം സൈക്കിൾ ബാലൻസ് ശരീരം സ്വായത്തമാക്കിയത് കൊണ്ട് സൈക്കിൾ ചവിട്ടാനും സാധിച്ചു. ധാരാളം ട്രക്കുകളും മറ്റും കടന്നു പോകുന്ന കോലാപ്പൂർ റോഡായിരുന്നു ഹോസ്റ്റലിന്റെ മുന്നിൽ. ആ റോഡിലും സിറ്റിയിലെ മറ്റു റോഡുകളിലുമെല്ലാം ആ ചെറിയ വണ്ടിയിൽ ധാരാളം യാത്ര ചെയ്തു. പിന്നീട് തിരുവനന്തപുരത്ത് മടങ്ങി വന്ന ശേഷവും കുറെനാൾ അതുപയോഗിച്ചിരുന്നു.
വണ്ടി പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സംഭവമുണ്ടായി. പഴ്സും മറ്റുമുണ്ടായിരുന്ന ഒരു ബാഗ് ഞാൻ ഗ്രൗണ്ടിൽ തന്നെ വച്ചിരുന്നു. എന്നാൽ, ബാഗ് എന്റെ കണ്ണിൽ നിന്ന് മറഞ്ഞ ഏതോ സമയം അത് പെട്ടെന്ന് അപ്രത്യക്ഷമായി. അതിൽ കുറച്ച് പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഐഡന്റിറ്റി കാർഡും അതുപോലെ അത്യാവശ്യമുള്ള ചില കാർഡുകളും മറ്റും ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടതിൽ ഞാൻ വല്ലാതെ വിഷമിച്ചു. ഞാനത് മറന്നു പോയെങ്കിലും കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, പണം ഒഴികെ ബാക്കിയുള്ള കാർഡുകളും മറ്റും പാഴ്സലായി തിരികെ കിട്ടി. അലിവും കരുതലുമുള്ള ആ കള്ളനെ ഞാൻ മനസ്സ് കൊണ്ട് സ്തുതിച്ചു. മോഷണം നടത്തുന്നവരോട് പൊതുവേ എനിക്ക് ദേഷ്യമാണ്. മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നാവുന്നതാണെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ നഷ്ടപ്പെടുമ്പോൾ അത് സങ്കടമുണ്ടാക്കും. എന്നാൽ, കള്ളന്മാരെ മനുഷ്യർ കൂട്ടം ചേർന്ന് ആക്രമിക്കുന്നത് കാണുമ്പോൾ ആ മനുഷ്യരോടാണ് വെറുപ്പ് തോന്നുന്നത്.
പൊതുസമൂഹത്തിലുള്ളവർ കൂടി ചേർന്നാണ് "ദേശാഭിമാന'മെന്ന പേരിൽ ആർമിയിൽ സേവനം ചെയ്യുന്നവരുടെ പദവി ഉയർത്തി നിർത്തുന്നത്. ലോകത്ത് യുദ്ധത്തേക്കാൾ സമാധാനത്തിനും സഹകരണത്തിനും പ്രാമുഖ്യമുണ്ടാകുന്ന കാലത്ത് സാധാരണ പൗരരും പട്ടാളക്കാരും തമ്മിലുള്ള വേർ തിരിവ് ഇല്ലാതാകുമായിരിക്കും.
കൊല്ലത്ത് ‘സദന’ത്തിൽ താമസിക്കുമ്പോൾ ഒരു ദിവസം അതിരാവിലെ മതിലിനപ്പുറമുള്ള ആലിന്റെ ചുവട്ടിൽ ആളുകളുടെ ആരവം കേട്ടാണ് പുറത്തിറങ്ങി നോക്കിയത്. ഒരു ചെറുപ്പക്കാരൻ വളരെ ഉയരമുള്ള ആലിന്റെ ഉച്ചിയിൽ കയറി ഇരിക്കുന്നു. താഴെ, കൂടി നിൽക്കുന്ന ജനക്കൂട്ടത്തെ ഭയന്ന് മാത്രമാക്കിയിരിക്കണം അത്രയും ഉയരത്തിൽ അയാൾക്ക് കയറാൻ സാധിച്ചത്. ആളുകൾ ഉച്ചത്തിൽ അയാളോട് ഇറങ്ങിവരാൻ ആക്രോശിക്കുകയാണ്. അയാൾ ചെകുത്താനും കടലിനും ഇടയിലെന്ന പോലെ ആലിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഏതാണ്ട് അര മണിക്കൂറായിട്ടും അയാൾ ഇറങ്ങി വരുന്നില്ലെന്ന് കണ്ട് കുറെ പേർ വലിയ വടവും വടിയുമായി ആലിൽ വലിഞ്ഞു കയറി. അയാളുടെ അടുത്ത് വരെ എത്താൻ കഴിയാത്തതിനാൽ താഴത്തെ കൊമ്പിൽ നിന്ന് വടമിട്ടു പിടിക്കുകയും തലയിൽ അടിച്ച് ബോധം കെടുത്തുകയും ചെയ്തു. നിമിഷങ്ങൾക്കകം അയാളെ താഴെയിറക്കി. അതിനു ശേഷം കാണാനുള്ള ശേഷി എനിക്കുണ്ടായില്ല. അത്രയും നേരം അത് നോക്കി നിന്ന എന്നെത്തന്നെ ഞാൻ ശപിച്ചു. മനുഷ്യർ എത്ര പെട്ടെന്ന് വികൃതവും വൃത്തികെട്ടതുമായ ഒരു ജീവിക്കൂട്ടമായി പരിണമിക്കുന്നു ഇത്രയും കാലം കഴിഞ്ഞിട്ടും, പാമ്പിന്റെ പത്തി പോലെ അടിച്ചു താഴ്ത്തിയ അയാളുടെ തല മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.
വണ്ടി ഓടിക്കാൻ പഠിച്ച ശേഷം സുഹൃത്തുക്കളുടെ അടുത്ത് പോകാൻ എളുപ്പമായി. മെഡിക്കോ ഫ്രണ്ട്‌സ് സർക്കിൾ എന്ന ജനകീയ ആരോഗ്യ ഗ്രൂപ്പിന്റെ മീറ്റിങ്ങുകളിലും ഞാൻ പങ്കെടുത്തിരുന്നു. പിന്നീട് തീവ്രവാദം ആരോപിച്ച് ദീർഘകാലം ജയിലിൽ കഴിയേണ്ടി വന്ന ഡോ:ബിനായക് സെൻ അതിലെ പ്രധാനപ്പെട്ട ഒരംഗമായിരുന്നു. ഡോ:ആനന്ദ് ഫഡ്‌കെ, മോഹൻ ദേശ്പാണ്ഡെ, കാലിഫോർണിയയിൽ നിന്നുള്ള മീര സദ്ഗോപാൽ, മനീഷ ഗുപ്ത തുടങ്ങി ഇതിലുള്ള എല്ലാവരുമായി അടുപ്പമുണ്ടായി. വിദേശ വനിതയായ മീര ഇന്ത്യയിൽ വന്ന് ഇവിടുത്തെ വേഷവും രീതികളും ശീലിച്ചു. അവരുടെ വീടും ഞാൻ ഇടക്ക് സന്ദർശിച്ചിരുന്നു. തിരികെ പോരുമ്പോൾ ചോറും മുട്ടയും പച്ചക്കറികളും ചേർത്ത് വേവിച്ച ഭക്ഷണം പൊതിയായി അവരെനിക്കു തന്നു. സെൻബുദ്ധിസ്റ്റ് പുസ്തകങ്ങളും. ഔപചാരികതയുടെ ലോകമായ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിലെ അന്തരീക്ഷവുമായി ബാലൻസ് ചെയ്തു പോകാൻ ഇവരോടോത്ത് കഴിഞ്ഞ സന്ദർഭങ്ങൾ സഹായിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ജനപക്ഷത്ത് നിന്ന് കാണുകയും നാടിനാവശ്യമായ ഗവേഷണങ്ങൾ നടത്തുകയും അവ ഗവൺമെന്റുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുമൊക്കെ അവർ ചെയ്തു കൊണ്ടിരുന്നു. ദേശീയ ഗ്രാമീണാരോഗ്യ മിഷൻ പോലെ, ഇന്ത്യയിൽ ആരോഗ്യ രംഗത്ത് കൊണ്ടുവന്ന പല നല്ല മാറ്റങ്ങളിലും ഇവരുടെയൊക്കെ ഇടപെടൽ പ്രതിഫലിക്കുന്നുണ്ട്.
പൂന യൂണിവേഴ്സിറ്റിയിൽ അന്ന് നേരത്തെ ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തിൽ പഠനകാലാവധിയിൽ ഇളവ് നൽകുന്നതായി അറിഞ്ഞു. അതനുസരിച്ച് ഞാനും നേരത്തെ ചെയ്ത സേവനങ്ങളുടെ വിവരങ്ങൾ എഴുതി അപേക്ഷിച്ചു. ആറു മാസത്തെ ഇളവാണ് ഞാൻ പ്രതീക്ഷിച്ചിരുന്നതെങ്കിലും എനിക്ക് ഒരു വർഷം കുറച്ച് കിട്ടി. സുധാകറിന് ആറു മാസവും. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ സമയം പരീക്ഷ എഴുതേണ്ടി വരുന്നില്ല എന്നത് സുധാകറിന് ആശ്വാസമായി കാണണം. അതോടെ പഠനം പെട്ടെന്ന് തീർക്കുന്നതിനും പി.ജി വിദ്യാർത്ഥികൾ നിർബ്ബന്ധമായി ചെയ്തു തീർക്കേണ്ട തീസിസ് ചെയ്യുന്നതിനുമുള്ള ശ്രമം തുടങ്ങി. എല്ലാത്തിനും ഷീല ഒപ്പമുണ്ടായിരുന്നു.
ആർമിയുടെ ലോകത്ത് സിവിലിയൻ എന്നത് രണ്ടാംതരം ആളുകളെ കുറിക്കുന്ന പദമാണ് എന്ന കാര്യം സുധാകർ പ്രകടമാക്കിയില്ലെങ്കിൽ ഞാനത് അനുഭവിച്ച് അറിയുമായിരുന്നില്ല. പൊതുസമൂഹത്തിലുള്ളവർ കൂടി ചേർന്നാണ് "ദേശാഭിമാന'മെന്ന പേരിൽ ആർമിയിൽ സേവനം ചെയ്യുന്നവരുടെ പദവി ഉയർത്തി നിർത്തുന്നത്.
സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പഠനമായിരുന്നു ഞാൻ തീസിസിനായി തെരഞ്ഞെടുത്തത്. സാധാരണക്കാർ താമസിക്കുന്ന ചേരി പോലെയുള്ള ഒരു സ്ഥലത്താണ് അതിനായി പോയത്. കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ജീവിത രീതികളായിരുന്നു അവരുടേത്. സ്ഥലസൗകര്യങ്ങൾ കുറവായിരുന്നു എങ്കിലും എല്ലാ വീട്ടുകാരും എന്തെങ്കിലും കുടിക്കാൻ തന്ന് ഞങ്ങളെ ഉപചരിച്ചു. രോഗങ്ങൾ കണ്ടെത്തിയവർക്ക് ഞങ്ങൾ മരുന്നുകളും നൽകി. ഭാഷ എനിക്ക് വലിയ പ്രശ്‌നമായിരുന്നു കൊണ്ട് ഷീല നന്നായി സഹായിച്ചു. അന്ന് കമ്പ്യൂട്ടറുകൾ ഒന്നും പരിചിതമായിരുന്നില്ല. എന്റെ ഗൈഡ് ആയിരുന്ന കേണൽ സായിപ്രസാദ് മാത്രമായിരുന്നു അവിടെ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നത്. അത് തൊട്ടു നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായില്ല. അദ്ദേഹം തന്നെ എന്റെ ഡേറ്റ അനലൈസ് ചെയ്തു തന്നു. സമയത്തിനു തന്നെ ഞാൻ തീസീസ് എഴുതിയുണ്ടാക്കി. അന്ന് ഇതൊക്കെ ടൈപ്പ് റൈറ്ററിൽ, ടൈപ്പ് ചെയ്‌തെടുക്കുകയായിരുന്നു പതിവ്. അവിടുത്തെ സർജ്ജറി പ്രൊഫസറുടെ അസിസ്റ്റന്റായിരുന്ന രാമചന്ദ്രൻ എന്ന മലയാളിയാണ് എല്ലാവർക്കും ഇത് ചെയ്തു കൊടുത്തിരുന്നത്. അദ്ദേഹത്തിന് ഇലക്ട്രോണിക് മെഷീനുണ്ടായിരുന്നതിനാൽ വൃത്തിയായും പെട്ടെന്നും ചെയ്തു കിട്ടും. കോളേജിൽ ചേരുന്ന സമയത്ത് തന്നെ അദ്ദേഹത്തെ കണ്ട് പരിചയപ്പെടാൻ സീനിയർമാർ ഉപദേശിച്ചിരുന്നു. മെഡിക്കൽ തീസിസ് ചെയ്ത് ചെയ്ത് തെറ്റുവരുത്താതിരിക്കാനുള്ള പ്രാഗത്ഭ്യം അദ്ദേഹം നേടിയിരുന്നു. വൈകുന്നേരങ്ങളിൽ, എഴുതിയ സ്‌ക്രിപ്റ്റുമായി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാത്തിരുന്നു. സമയത്തിന് തന്നെ തീസിസ് സമർപ്പിക്കാനും പരീക്ഷ എഴുതാനും എനിക്ക് കഴിഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ ഉടനെ ഞാൻ ഒരു കമ്പ്യൂട്ടർ കോഴ്സിന് ചേരുകയും ഒരു പഴയ കമ്പ്യൂട്ടർ വാങ്ങുകയും ചെയ്തു. കമ്പ്യൂട്ടർ പഠിക്കാതെ ഇനി ജീവിതം മുന്നോട്ട് പോകില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
എന്റെ പ്രാക്ടിക്കൽ പരീക്ഷയുടെ തലേദിവസം ഒരു ചെറിയ ജലദോഷപ്പനി വന്നതറിഞ്ഞ് പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന പ്രൊഫസർ എന്നെ ഹോസ്റ്റലിൽ വന്നു കണ്ട് സമാശ്വസിപ്പിച്ചു.
എനിക്ക് ലഭിച്ചിരുന്ന സ്‌നേഹവാത്സല്യങ്ങളിൽ സുധാകർ അസൂയപ്പെട്ടതിൽ അത്ഭുതമില്ല. പരിഷ്‌കൃത സമൂഹത്തിലെ അധികാരവിന്യാസങ്ങൾ സൂക്ഷ്മവും എളുപ്പത്തിൽ തിരിച്ചറിയാൻ പ്രയാസമുള്ളതുമാണ്. ആർമിയുടെ ലോകത്ത് സിവിലിയൻ എന്നത് രണ്ടാംതരം ആളുകളെ കുറിക്കുന്ന പദമാണ് എന്ന കാര്യം സുധാകർ പ്രകടമാക്കിയില്ലെങ്കിൽ ഞാനത് അനുഭവിച്ച് അറിയുമായിരുന്നില്ല. പൊതുസമൂഹത്തിലുള്ളവർ കൂടി ചേർന്നാണ് "ദേശാഭിമാന'മെന്ന പേരിൽ ആർമിയിൽ സേവനം ചെയ്യുന്നവരുടെ പദവി ഉയർത്തി നിർത്തുന്നത്. ലോകത്ത് യുദ്ധത്തേക്കാൾ സമാധാനത്തിനും സഹകരണത്തിനും പ്രാമുഖ്യമുണ്ടാകുന്ന കാലത്ത് സാധാരണ പൗരരും പട്ടാളക്കാരും തമ്മിലുള്ള വേർ തിരിവ് ഇല്ലാതാകുമായിരിക്കും. ▮