എനിക്ക് പക്ഷെ മാന്ത്രികം പഠിച്ച് രോഗം മാറ്റണമെന്നായിരുന്നു. ഊതിയുഴിച്ച് പിശാചുക്കളെ കളയണമെന്നായിരുന്നു.
പെൺജിന്നികളുടെ മായാജാലക്കാരി
ജിന്നുകളും സെയ്ത്താനുകളും ദുഷിച്ച പ്രേതങ്ങളും ഒടിയനും മാടനും മറുതയും രക്ഷസ്സും ചേർന്ന അതീന്ദ്രിയതയുടെ വന്യലോകം എനിക്ക് കുട്ടിക്കാലം മുതൽ തന്നെ കൗതുകകരമായിരുന്നു. എന്റെ നാട്ടിൽ ധാരാളം ആളുകൾ ഇത്തരത്തിലുള്ള ശക്തികളിൽ അഭിരമിച്ചു ജീവിച്ചു. അവരെത്തേടി പലഭാഗങ്ങളിൽ നിന്നും മനുഷ്യർ വന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചു. തോടുകളിൽ മന്ത്രമെഴുതിയ ഉടഞ്ഞമുട്ടകൾ ഒഴുകി. സൂചി തറച്ചബൊമ്മകൾ ചോരയും കരിയും ചെത്തിപ്പൂവും ചൂടി കുളങ്ങളിൽ പൊങ്ങിക്കിടന്നു. കോഴിത്തലയും പൂക്കളും മഞ്ഞളും കുരുതിപൂണ്ട് വഴിയരികിൽ ശത്രുവിനെക്കത്തു കിടന്നു.""കുട്ട്യാളെ തൊടല്ലീ''""മറുകണ്ടം ചാടല്ലീ'' വലിയവർ കുട്ടികളെ സദാ ഓർമ്മിപ്പിച്ചു. അറിയാതെ തൊട്ടാൽ, മറി കടന്നു പോയാൽ ജീവിതം തന്നെ പിന്തുടർന്നു തകർത്തു കളയുന്ന സാത്താനിക ശക്തികളെ പ്രതി കുട്ടികൾ ജാഗരൂകരായി...
എനിക്ക് മാന്ത്രിക വിദ്യ സ്വായത്തമാക്കാൻ വലിയ ആഗ്രഹമായിരുന്നു.
ഒടി മുത്താച്ചനും പണിക്കരും തങ്ങളുപ്പാപ്പമാരും എന്നെ ശിഷ്യയാക്കുമോ എന്നു ഞാൻ അന്വേഷിച്ചു കൊണ്ടേയിരുന്നു. എനിക്ക് ഭയമില്ല എന്നതായിരുന്നു എന്നെയതിനു പ്രേരിപ്പിച്ച രണ്ടാമത്തെ ഘടകം. എന്റെ നാട്ടിൽ ശവക്കണ്ടികളിലും ഖബർസ്ഥാനികളിലും കയറാൻ ധൈര്യമുള്ള ഒരേ ഒരുവളെന്ന നിലയിൽ ഞാൻ ഗർവ്വിയായി. ഒളികാട്ടിലെ പാമ്പുകളെ ഭയക്കാത്തവൾ എന്ന നിലയിൽ ഞാൻ അഹങ്കാരിയുമായി.
സ്ത്രീകളും അന്നാട്ടിൽ മാന്ത്രികം ചെയ്തിരുന്നു. അവർ തങ്ങളുടെ ശക്തിയാൽ രോഗം മുതൽ മരണത്തെ വരെ മാറ്റി വെച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. വശ്യം ശത്രുനിഗ്രഹം സന്താനലബ്ധി, ജോലി കിട്ടൽ വരെ നടത്തി
മാപ്പിള സ്‌കൂളിൽ പഠിച്ചതിനാൽ വെള്ളിയാഴ്കളിൽ അവധിയായിരുന്നു. ഞാൻ മന്ത്രവാദികളെ തേടി... അവരെത്തേടി അവരുടെ വീടുകളിലേയ്ക്ക് പോയി. ജിന്നുകളുടെ മാന്ത്രികക്കൊട്ടാരം കണ്ട് പൊട്ടിച്ചിരിക്കാനും സെയ്ത്താന്റെ വലിയ ഖബറു കണ്ട് പൊട്ടിക്കരയാനും ഞാൻ തയ്യാറായിരുന്നു. എനിക്ക് പക്ഷെ മാന്ത്രികം പഠിച്ച് രോഗം മാറ്റണമെന്നായിരുന്നു. ഊതിയുഴിച്ച് പിശാചുക്കളെ കളയണമെന്നായിരുന്നു.
സ്ത്രീകളും അന്നാട്ടിൽ മാന്ത്രികം ചെയ്തിരുന്നു. അവർ തങ്ങളുടെ ശക്തിയാൽ രോഗം മുതൽ മരണത്തെ വരെ മാറ്റി വെച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. വശ്യം ശത്രുനിഗ്രഹം സന്താനലബ്ധി, ജോലി കിട്ടൽ വരെ നടത്തി. മനുഷ്യർക്ക് പറ്റാത്തവയെ മന്ത്രത്താൽ പറ്റിച്ചു.
എന്റെ സ്‌കൂളിലെ സിറാജുന്നീസയുടെ ഉമ്മാമ്മ അത്തരമൊരു സ്ത്രീയായിരുന്നു. കായംകുളത്ത് നിന്ന് ഞങ്ങളുടെ നാട്ടിൽ വന്ന് വലിയമന്ത്രവാദം ചെയ്യുന്ന റാവുത്തർ കുടുംബത്തിലെ ഏതോ ഒരു കാരണവർക്ക് ഒരു പാവം സ്ത്രീയോട് തോന്നിയ താത്പര്യമായിരുന്നു ഉമ്മാമ്മയുടെ ജനനം. ആ ഉപ്പ ഉമ്മൂമ്മയ്ക്ക് വരം കൊടുത്തു. പോരാത്തതിന് മന്ത്രം രക്തത്തിൽ കലർന്നു പിറന്നവൾ. വാക്കിൽ, നോക്കിൽ, വിരൽത്തുമ്പിൽ ജനിതകപ്പകർച്ചയായ് കുത്തിയ രഹസ്യപേർഷ്യൻ മന്ത്രങ്ങളിൽ ഉമ്മാമ്മ ലോകത്തെ ഭരിച്ചു... ഭയരഹിതമായ ജീവിതം. അന്നാട്ടിലെ ആണുങ്ങളും പ്രേതങ്ങളും ഉമ്മൂമ്മാനെ ഭയന്നു.
നരിച്ചീറിനെപ്പോലെയുള്ള വെളുവെളുത്ത മുഖമാണ്, എലിയുടെ ആകൃതിയിൽ സുന്ദരമായത്. കൗതുകം തോന്നുന്നത്. അസാധാരണമാം വിധം പരന്ന ചുണ്ട്. സദാ വെറ്റമുറുക്കി ലിപ്സ്റ്റിക്കിട്ട പോലെ ചോന്നു നിന്നു. എല്ലുകൾ കൃത്യമായ് നിന്ന് ആകൃതിയാർന്ന താടി. പരുന്തിന്റെ കൊക്കു പോലെ ഉയർന്നു വളഞ്ഞ മൂക്ക്, പൂച്ചയുടെ പോലെ നരച്ച വെള്ളാരംകല്ല് കണ്ണ്, കഴുകച്ചെവി, പെൺസർപ്പവളവാർന്ന ഉടലും മൂങ്ങയുടെ പോലത്തെ കഴുത്തും... വന്യമായ മൃഗങ്ങളുടെ ഭാഗങ്ങൾ ചേർത്തു ചേർത്തു വെച്ചാണ് ഉമ്മാമ്മയെ അള്ളാഹു സൃഷ്ടിച്ചത്. ഇന്നായിരുന്നുവെങ്കിൽ അഞ്ചടി ഒമ്പതിഞ്ചുകാരിയായ ഉമ്മാമ ലോക മോഡൽ ആയേനെ... മാസ്മരികമായ ഒരു സൗന്ദര്യമായിരുന്നുവത്. വന്യമായതും മൃഗജാതികളുടെ സ്വഭാവമാർന്നതുമായിരുന്നു അത്.
""സരിക്കും നോക്കിക്കോബളെ. ഇമ്മാമ മൻസ്സത്ത്യല്ല. ജിന്നിയാണ്''""പോ ബളെ.. ജിന്നി'' ഞാനവളെ കളിയാക്കി.""ഇജി നോക്ക് ഇമ്മാമ്മന്റെ മോറിൽക്ക്. എലീന്റെ ചേലിക്ക് മൊകം. പൂച്ചന്റെ കണ്ണ്. കയുതപ്പുലീന്റെ ചേലിക്കാ സംസാരം... മൊരച്ച ഇജി കേട്ടിണോ? ഏതു രൂപവും ഉമ്മാമ്മിച്ചി എളുപ്പത്തിൽ എടുക്കും. ഏത് ജീവിന്റെ ഭാസ്സേലും സംസാരിക്കും. പിന്നെ ഇത് ഞാമ്പറഞ്ഞതല്ല. ഇന്റെ ഉമ്മിച്ചി പറഞ്ഞതാണ്. ഇജി ബേണച്ചാല് ഉമ്മിച്ചിനോട് ചോയ്ച്ചാൾണ്ടീ'' ""നരിച്ചീറു തള്ളച്ചി, പരുന്തുന്തള്ള, കഴുകച്ചി, പൂച്ചാന്തള്ള,'' വൃത്തികെട്ട ശബ്ദത്തിൽ വെറുപ്പോടെ സിറാജ്ജുവിന്റെ ഉമ്മ പ്രാകുന്നത് ഞാൻ എത്രയോ കേട്ടിരിക്കുന്നു...
കുള്ളൻ റഷീദിനു കുഞ്ഞുണ്ടാക്കിയത്. അവിലിടിയുമ്മയുടെ സൈദലവിയ്ക്ക് ഗൾഫിലു മുന്തിയ ജോലി കൊടുത്തത്. ചിരുതേടത്തിയുടേ മോള് ഷീബയ്ക്ക് ചെക്കനെക്കിട്ടിയത്. എന്തൊക്കെ കാര്യങ്ങളുമ്മാമ്മ ചെയ്തു.
സിറാജുന്നീസയ്ക്ക് ഉമ്മാമ്മയെന്നാൽ ആരാധനയാണ്. പ്രാണനാണ്""ഇന്റെ പൊന്നുങ്കട്ടെ'' എന്നല്ലാതെ വിളിക്കില്ല. നിത്യം ഉമ്മാമ്മച്ചി സ്‌കൂളിൽ അവൾക്ക് മീൻ പൊരിച്ചതും ചായക്കടിയും ഇലയിൽ പൊതിഞ്ഞു കൊണ്ടുക്കൊടുത്തു. പുതിയ പെൻസിലും റബ്ബറും വാങ്ങി നൽകി.""അന്റെ ബേഗില് വെക്കണേ.'' ഉമ്മയെ ഭയന്ന് രഹസ്യമായവ എന്റെ ബാഗിൽ സൂക്ഷിച്ചു.
ഉമ്മാമ്മയോട് മിണ്ടരുതെന്ന് എത്ര വിലക്കിയിട്ടും അവൾ മിണ്ടി. വൈകുന്നേരം സ്‌കൂൾ വിട്ടാലുടനെ ഉമ്മാമ്മ ഒരു കുഴമ്പുമായി വന്ന് സിറാജുന്നീസയുടെ വയ്യാത്ത കയ്യും കാലും തടവി. മരുന്നു കൊടുത്തു. ശേഷം സോപ്പിട്ട് വൃത്തിയാക്കി എണ്ണമണം കളഞ്ഞു. ഉമ്മയറിഞ്ഞാൽ തീർന്നു.
സിറാജുന്നീസ്സയുടെ ഇടത് ഭാഗം തളർന്നതാണ്. ജനിക്കുമ്പോഴേ അങ്ങനെയായിരുന്നുവെത്രെ. അതി ദുർബലമായ കാലുകൾ. പ്രത്യേകിച്ച് ഇടതു ഭാഗം. ഇടതു കൈ പൂർണ്ണമായും തളർന്നതാണ്. നാലു വയസ്സുവരെ നടന്നിട്ടില്ല.""മഷി കുടിച്ച് പോയതാണ് കുട്ട്യേ...'' ഉമ്മാമ്മ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ സഹതാപത്തോടെ കോട്ടി.""ആ സൈത്താൻ തള്ള അദല്ലെ പറയൂ.'' സിറാജുവിന്റെ ഉമ്മ കോപം കൊണ്ടു വിറച്ചു.""ഓലെ ഒലക്കമ്മലെ എണ്ണേം കൊയമ്പും'' ഒരിക്കൽ ഉമ്മ കലിതുള്ളി ഉമ്മാമ്മച്ചി തന്ന മരുന്നു കുപ്പികൾ അപ്പാടെ തൊടിയിലെറിഞ്ഞു...""വെശം തരാനും മടിക്കില്ലാത്ത തള്ളേണ്. മാങ്ങ്യാണ്ട് മുൺങ്ങണ്ട സെറാജ്ജ്വോ.. സൊന്തം മകളെക്കൊന്നോളാണ്'' ഉമ്മ പിറുപിറുപ്പു തുടങ്ങി""ഇന്റെ ജീവിദം നായിക്കാട്ടാക്ക്യെത് ആ തള്ളേണ്.'' അവർ മൂക്കു ചീറ്റിക്കരയാനാരംഭിച്ചു...
""ഉമ്മാമ്മയെപ്പറ്റി ഉമ്മ പറഞ്ഞത് ചീത്തയായാണ്''""അല്ലാണ്ട്യും പറഞ്ഞീണ്''
ഞാൻ കുഴങ്ങി ഉമ്മാമ്മയെപ്പറ്റി മൃഗത്തെച്ചേർത്ത് എന്തിന് ഇമ്മിച്ചി അല്ലാതെ പറയണം. അത് വെറുപ്പില്ലാതെ പറയണം.""അന്നോട് പറഞ്ഞിണോ?''""മ്മ്ഹും ബാപ്പിച്ചിനൊട്. രാത്രീല് പറജ്ജണത് ഞാൻ കേട്ട്. ഓലി ഭയങ്കറ ഔലിപ്പെണ്ണാണ്. എന്ത് ജീവീമാകാനോറിക്ക് ക്ജ്ജും''
""ഏയ്യ്.. ഇല്ല. അന്റുമ്മ അങ്ങനെ നല്ലത് പറയൂല'' ഞാൻ തല വെട്ടിച്ചു""മമ്പറത്തെ തങ്ങളാണ്.. മുസ്സാഫാണ് നേര്. പൊള്ള് പറജ്ജല്ല ബളെ. നേരാണ്. ഇമ്മിച്ചിയ്ക്ക്ക് ബെറ്പ്പ് തന്നേണ് എന്നാലു ഉമ്മാമിന്റെ മന്തിരത്തില് ബെല്യ ബിശ്വാസാ. ഇനിക്ക് ഉമ്മാമ്മിച്ചി എണ്ണയിടണത് സിത്സിക്കണതും ഉമ്മിച്ചിയ്ക്ക് നിച്ചണ്ട്. ഇല്ല്യാത്ത ചേലിക്ക് നിക്ക്ണതാ.''
ഉമ്മാമ്മയുടെ മന്ത്രസിദ്ധികൾ സിറാജുന്നീസ പറഞ്ഞു തന്നെയാണ് എനിക്കുമറിയുന്നത്.
കുള്ളൻ റഷീദിനു കുഞ്ഞുണ്ടാക്കിയത്. അവിലിടിയുമ്മയുടെ സൈദലവിയ്ക്ക് ഗൾഫിലു മുന്തിയ ജോലി കൊടുത്തത്. ചിരുതേടത്തിയുടേ മോള് ഷീബയ്ക്ക് ചെക്കനെക്കിട്ടിയത്. എന്തൊക്കെ കാര്യങ്ങളുമ്മാമ്മ ചെയ്തു. ഉമ്മാമ്മ നടക്കുമ്പോൾ ആളുകൾ വിനയത്തോടെ തല കുനിച്ചു. സ്‌നേഹത്തോടെ വെറ്റയും മുറുക്കും സമ്മാനിച്ചു. ചിലർ ദുബായിൽ നിന്നും വരുമ്പോൾ ഉമ്മാമ്മയ്ക് സ്‌പ്രേകൾ സമ്മാനമായി നൽകി. ചിലപ്പോൾ വിലപിടിച്ച മിഠായികൾ... അങ്ങനെ അങ്ങനെ...
എനിക്ക് മന്ത്രവാദം പഠിക്കാതെ വയ്യെന്നായി. സിറാജുന്നീസ എനിക്കു വേണ്ടി ശിപാർശ പറഞ്ഞു.
""എന്തിരിത്താ അന്റെ ചെങ്ങായ്ച്ചീന്റെ പേര്?'' ഉമ്മാമ്മ കവിളിൽ""എന്തിരിത്തിനാണ് അനക്ക് മുട്ടമാന്തിരികം ?''
""വെറുതെ എനിക്കിഷ്ടാണ്''
""അല്ലബളെ ഓളിക്ക് അറബ്യൊക്കെ നിച്ചണ്ടാകുവോ?''""ഉമ്മാമ്മിച്ചി ഓളി ഇന്റൊപ്പം മദ്രസ്സേലും കുത്ത്ർക്കും. മുസ്സാഫൊക്കെ നന്നായ്റ്റ് ഓതും''
""സരിക്കും?'' ഉമ്മാമ്മയുടെ കണ്ണുകളിൽ എന്റെ ഇന്ദ്രനീലയുടുപ്പിന്റെ ചായം കലങ്ങി...""ശരിക്കും നിച്ചണ്ട്.'' ഞാൻ ചിരിച്ചു""ഓള് ഷ്‌കോളിലു അറബിം ഉർദ്ദും പട്ച്ചിനിണ്ട്.'' സിറാജുന്നീസ വീണ്ടും എന്നെ വർണ്ണിക്കുന്നു.""അല്ലെങ്കിൽ ഞാൻ പഠിച്ചോളാം'' എന്റെ വക ഉറപ്പു നൽകി ഞാൻ""ആ നോട്ടെ...''""അദ് പോര ഉമ്മാമ്മച്ചി തമ്മയിക്കണം''""മ്മ്മ്.. സെരി.. ഇദ് കുടിച്ചാളി.''
അവിലും പാലും പഴവും ചേർത്ത പാലവിൽ ഞങ്ങൾക്ക് നീട്ടി... ഉമ്മാമ്മ അത്ര നല്ലതാണ്. എല്ലാർക്കും ഇഷ്ടവുമാണ്.
എപ്പോൾ ചെന്നാലും ഏത് വിരുന്നുകാർക്കും നന്നാറി ശർബത്ത് കലക്കി തരുന്ന, ചക്കരക്കുട്ടി മാങ്ങ തിന്നാൻ തരുന്ന, തേൻ മധുരയോർമ്മയായ ഉമ്മാമ്മയെപ്പറ്റി ഉമ്മമാത്രമെന്തിന് കുറ്റം പറയുന്നതെന്ന് ഞാനും സിറാജുന്നീസയും കൂലങ്കഷമായി ചിന്തിച്ചു... ഞങ്ങൾക്കൊരുത്തരവും കിട്ടിയില്ല.
വെള്ളക്കാച്ചിയും പച്ചക്കരമുണ്ടും തട്ടവും അരയിലെ വെള്ളിബെൽറ്റും കാതിലെ കാറ്റിനോട് രഹസ്യമോതുന്ന അലുക്കത്തും തുള്ളങ്കിയും ഇട്ട് ഹാഫ്ക്കട്ട് ഷൂസും ധരിച്ച് കാലൻ കുട ചൂടി ഉമ്മാമ പോകുന്ന വഴികളിൽ ഞാൻ പിന്തുടർന്നു. മാന്ത്രിക വിദ്യ പഠിക്കാനുള്ള എന്റെ ആദിചോദന. ഉമ്മാമ്മ ഒന്നു രണ്ട് മായാജാലങ്ങൾ എന്നെ പഠിപ്പിച്ചു. പിന്നെ പലതരം പച്ചമരുന്നുകൾ കാട്ടിത്തന്നു. എന്റെ അമ്മയുടെ പ്രായമാണ് ഉമ്മാമ്മയ്ക്ക് എന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തി.
""എത്ര വയസ്സായി ഇങ്ങക്ക്..'' ഖബറു കാട്ടിലെ പച്ചമരുന്നുകൾ പറിച്ചെടുക്കുന്നത് നിർത്തി ഉമ്മാമ്മ ഞെട്ടലോടെ തലയുയർത്തി നോക്കി.""ഇജ്ജെന്താ ഈ മയ്യത്തുങ്കാട്ടില് കാണിക്കണ് വിന്ദൂട്ട്യേ?''""മൈലാഞ്ചി പറയ്ക്കാൻ വന്നതാ'' ""ഈ ഖബറു കുഴീന്റെ ഉള്ളിലാ മൈലാഞ്ചി?'' ""ജിന്നിന്റെ വീട്ടിലേയ്ക്ക് പോകാനേ ഖബറിന്റെ ഉള്ളിക്കൂടാണ് വഴി. വാതിലു നോക്കാണ്''
""അള്ളാ!'' ഖബറുകൾ കുത്തിയിട്ട കുഴിയ്ക്കുള്ളിൽ ഇറങ്ങി ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും ജിന്നുകളുടെ കൊട്ടാരവാതിൽ തിരയുമെന്ന് കേട്ടതും ഉമ്മാമ്മ തലയിൽ കൈവെച്ചു.""ഇന്റെ പിരാന്തത്ത്യേ''
""പിന്നെ ആർക്കും ഇവ്‌ടെത്ത് ചിന്തൂരി മാങ്ങ വേണ്ട. പൂക്കള് വേണ്ട. ഒക്കെം എനിക്ക് സൊന്താ...'' ""പടച്ചോനെ... അനക്ക് പേടില്ല്യേ കുട്ട്യേ?'' ""എനിക്കാരെം പേടിയ്ല്ല. ജിന്നിനെ കണ്ടാൽ ഞാൻ അപ്പത്തന്നെ ഫ്രെൻഡാക്കും''""തെന്ന്യോ..'' ഉമ്മാമ്മ പൊട്ടിച്ചിരിച്ചു.
ഉമ്മാമ്മ രണ്ടായതു പോലെ കണ്ടു. അടുത്ത നിമിഷം രണ്ടു രൂപങ്ങളും ഒന്നായി. മായാജാലജിന്നിയുടെ അത്ഭുതവൃത്തി കണ്ട് ഞാൻ അമ്പരന്നു. പിന്നീട് പുല്ലിന്റെ ആഴമുള്ള പച്ചയിലേയ്ക്ക് ആ രൂപം ആണ്ടു മറഞ്ഞു. മനുഷ്യനോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ജിന്നുബാധയുണ്ടായി.
വെയിൽ താണിരുന്നു. ഖബറിനു മീതെ പൊടിച്ചുയർന്ന മഞ്ഞപ്പുല്ലുകൾ സ്വർണ്ണവർണ്ണമാർന്നു... പച്ചപ്പുല്ലുകൾ വെള്ളിയേറ്റമാതിരി തിളങ്ങി. ഉമ്മാമ്മയുടെ കവിളുകളിൽ വെയിൽ തട്ടി മഞ്ഞപകർന്നു... കാട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്ന സുവർണ്ണസർപ്പത്തെപ്പോലെ ഉമ്മാമ്മയുടെ തൊലി മിനുങ്ങി. ഒരു നിമിഷം അതു ഉമ്മാമ്മയാണോ സർപ്പജിന്നിയാണോ എന്നു ഞാൻ ശങ്കിച്ചു. സൂര്യാസ്തമയ സമയമായിരുന്നു. ദൂരെ കാഞ്ഞിരക്കുന്ന് ചാണകപ്പച്ചത്തലയിളക്കിക്കണ്ടു. അപ്പുറത്ത് വിഷവശ്യ വിഷാദമാർന്ന ആസ്യക്കുന്ന്... രണ്ടിലും പൊൻ വെളിച്ചം. സന്ധ്യയാവുന്നു. അമ്മ വരാറായി. എനിക്കുൾക്കിടിലമുണ്ടായി.
""ഞാൻ പോട്ടെട്ടോ'' ഞാൻ കൈവീശി വീട്ടിലേയ്ക്ക് ഓടി. ഖബറിസ്ഥാന്റെ അറ്റത്ത് നിന്നും ഉമ്മാമ്മയെ വെറുതെ തിരിഞ്ഞു നോക്കി. ഉമ്മാമ്മ രണ്ടായതു പോലെ കണ്ടു. അടുത്ത നിമിഷം രണ്ടു രൂപങ്ങളും ഒന്നായി. മായാജാലജിന്നിയുടെ അത്ഭുതവൃത്തി കണ്ട് ഞാൻ അമ്പരന്നു. പിന്നീട് പുല്ലിന്റെ ആഴമുള്ള പച്ചയിലേയ്ക്ക് ആ രൂപം ആണ്ടു മറഞ്ഞു. മനുഷ്യനോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ജിന്നുബാധയുണ്ടായി. അവ കാറ്റില്ലാതെ ഉന്മാദനൃത്തം ചെയ്തു. ഞാൻ ഞെട്ടിത്തരിച്ചു നിന്നു. ഓടി കാലുകൾ നീട്ടി വെച്ച് ഓടി...
""അന്റുമ്മാമ്മയുടെ രൂപത്തില് ഞാനൊരു ജിന്നിയെക്കണ്ട്'' സിറാജുന്നീസയോട് ചന്ദ്രൻമാഷുടെ കണക്കു ക്ലാസ്സിനിടയിൽ ഞാൻ പറഞ്ഞു. ""അള്ളാ!'' അവൾക്ക് കണക്കുകൾ തെറ്റി. കൂട്ടുമ്പോൾ സംഖ്യകൾ കുറഞ്ഞു വന്നു. കുറയ്ക്കുമ്പോൾ സംഖ്യകൾ കൂടി വന്നു.""ഉമ്മാമിച്ചി എന്തായിന്ന്‌ന്?''""സ്വർണ്ണനാകം.. സ്വർണ്ണനാഗം'' ഞാൻ നാഗിൻ സിനിമയോർത്തു... എന്റെ വക കഥ ചേർത്തു...""ബാ'' ക്ലാസ്സു കഴിഞ്ഞതും അവളെന്നെ വലിച്ചു കൊണ്ടു പോയി.""സരിക്കും ഇജി കണ്ടോ?''""കണ്ടു''
""ഏട്ന്നാ മ്പളെ പള്ളീക്കണ്ടീന്നാ?''
""മ്മ്ഹ്‌മും എങ്ങനെ തിരിഞ്ഞ്?'' സിറാജുന്നീസ്സ അവളുടെ കുഴഞ്ഞ ഇടത്തേക്കയ്യെടുത്ത് മടിയിലേയ്ക്ക് കയറ്റി വെച്ചു. ""ഇജി എങ്ങനറഞ്ഞി ഞാങ്കണ്ടത് പള്ളിക്കണ്ടീലാണ്ന്ന്?'' സിറാജുന്നീസയുടെ മുഖം കുനിഞ്ഞു.
ഒരു വലിയ രഹസ്യം അവളെ നിശബ്ദയാക്കി.""പറയ്യ്'' ഞാൻ നിർബന്ധിച്ചു...""ആടേ ഇജ്ജി ബേറെ ആരേനും കണ്ടീന്യോ?'' സിറാജുന്നീസ്സ വീണ്ടും ചോദ്യമെറിഞ്ഞു.
അത് വേറൊരാളായിരുന്നോ? അതോ ഉമ്മാമ്മ ഇരട്ടിച്ചതോ? പിന്നെ ഒരാളായതോ? ഞാനെന്റെ കാഴ്ച അവളോട് പറഞ്ഞു.""ഞാനവടെ നിക്കുമ്പോ ഉമ്മാമ്മച്ചി മാത്രേ ഉള്ളു. പക്ഷെ ഗെയ്റ്റിന്നു നോക്ക്യേപ്പം രണ്ടായിറ്റ് കണ്ട്.''
""മ്മ്ഹ്‌മ് അത് തന്നെ. കുയ്യിക്കാരൻ മൊയ്മൂട്ടി ഇമ്മച്ചീനോട് എല്ലാം പറഞ്ഞൊട്ത്തീനി.'' വലിയ രഹസ്യങ്ങളഴിയുകയാണ്.
""ഇന്റെ വാപ്പിച്ചീം ഉമ്മാമിച്ചീം തമ്മില് എന്തോ കച്ചോടണ്ട്. അത് ഉമ്മിച്ചി പിടിച്ചീനി. ബാപ്പി ഹാർബറില് ലോറിം കുണ്ട് ബെര്വ ബെള്ളിക്ക് ജുമായ് സമയ്ത്താണ്. പശ്ശെ ഓലി ബീട്ടില് ബെർവ മോന്തിക്കാണ്. വന്നാ എന്നും കച്ചറേണ് ബളെ. കേട്ടൂടാ. ഇദെന്നെ ഇദെന്നെ. ഇജി മുന്നൊരിക്കല് ബന്നപ്പം ഓർമ്മില്ലെ?''
""പൊല്യാട്ച്ചിത്തള്ള, സൈത്താനിച്ചി.. ക്രാതൂഫ്'' ഉമ്മ ക്ഷോഭത്തോടെ ഉമ്മാമ്മയെ ചെരുപ്പെടുത്തെറിഞ്ഞു.""ഇന്റെ ആയിഷൂനെ ഇങ്ങള് കൊന്നതല്ലെ? ബെശം കൊടുത്ത് കൊന്നതല്ലെ?'' ഉമ്മ വിറച്ചു കൊണ്ട് നിന്നു.""അല്ല ഓളിക്ക് ചന്നി വന്നതാണ്'' മുറുക്കുന്ന സാവകാശത്തോടെ ഉമ്മാമ്മ പറഞ്ഞു.""ഇങ്ങള് കൊടുത്ത മരുന്നിന്റെ അല്ലാണ്ടെന്ത്ത്താ? ഇങ്ങനെ തോന്ന്യാസം കാട്ടി നടക്കാൻ പറ്റൂലല്ലോ.'' ഉമ്മ എന്തൊക്കെയോ ചീത്തകൾ പുലമ്പിക്കൊണ്ടേയിരുന്നു.""ആയിഷൂനൊരു തന്തയില്ലല്ലോ. ചോയിക്കാനും പറയാനൂം ആരുല്ല.. ഉളുപ്പില്ലാത്ത തള്ള. ഇന്റെ വാപ്പിനെം ഒടിച്ചിറ്റ് കൊന്നതാണ്''
ഉമ്മാമ്മ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി. കഴുത്തിലെ കാശാളി അസ്വസ്ഥതയോടെ ഇളകി.""അന്റെ ഓനോട് ചോയ്ച്ചാ മതി. അന്റെ അൻസത്തീന്റെ തന്തന്റെ പേര് ഓറ് പറഞ്ഞ് തരും''
ഉമ്മയുടെ തലതാണൂ. അവർ സിറാജുന്നീസ്സയെ പിടിച്ചുന്തി അകത്തേയ്ക്ക് കടന്നു പോയി.""കുട്ടി ങ്ങട്ട് ബാ'' ഉമ്മാമ ഉറുക്കെടുത്തു. മന്ത്രിച്ചൂതി. അവളുടെ അരയിൽ കെട്ടി""ഊരല്ലെട്ടൊ പൊന്നുങ്കട്ടെ'' എന്നു പറഞ്ഞു നടന്നു പോയി. എനിക്കാ സംഭവം ഓർമ്മയുണ്ടായിരുന്നു.
""സൈത്താൻ ബന്ന് കൂടാതിരിക്കാനാണ് ഉറുക്ക്'' സിറാജുന്നീസ്സ അരയിൽ തപ്പി.""ആയിഷുളേമ മയ്യത്തായത് അപസ്മാരള്കീട്ടല്ലെയ്‌നും'' അവൾ ഒച്ച താഴ്ത്തി.""പിന്നെ?'' ""കെന്റിലു ബീണിറ്റാണ്. ആടിന്നാണ് അപസ്മാരളികീത് പോലും'' ""ഒഹ് ഇന്നിട്ട്?''""ഇബളെ ആരോടും ഇജിദ് പറയര്ത്. ആയിഷെളോമ്മയ്ക്ക് പള്ളേലിണ്ടായ്‌നി. ഉമ്മാമ്മിന്റെ മന്തിരം, ഊത്ത് മെരുന്നൊന്നും പറ്റാത്ത ചേല്ക്ക്. ഇന്റെ പോലെന്നെ കാലിന് തളർച്ചേണോലൊ. ആശൂത്രിലും കുണ്ടോയ്യോക്കി. പശ്ശെ പറ്റീല. ഉമ്മാമ്മിച്ചി ഉന്തിട്ടതാണ്ന്നാണ് ഉമ്മ പറജ്ജ്വ.''
""കൊയപ്പല്ല ഇജി പെറ്റോടിയേ ഇമ്മിച്ചി നോക്കിക്കോളാ. പക്ഷെ ആരാണ്ന്ന് പറജണം. തന്തനെ പറജണം. ഞാൻ കൊറേ നോക്കി മോളെ ഓള് പറഞ്ഞിലാ. രാത്രിയ്ക്ക് കെന്റില് ചാട്യൂട്ട് ഇന്റെ കുട്ടി... ഞാന്ത്‌ന്ന്യേ എറങ്ങ്യേത്. പക്ഷെ തീർന്നിനി'' ഉമ്മാമ്മയുടെ കരച്ചിൽ ഞാനോർത്തു...
സങ്കീർണ്ണമായ കുടുംബബന്ധമായിരുന്നു അത്. എന്റെ അമ്മയ്‌ക്കോ അച്ഛനോ ദേവകി വെല്ല്യമ്മയ്‌ക്കോ ഒന്നും ഉത്തരം തരാനാവാത്ത സമസ്യയും നിഗൂഢതയും ആ കുടുംബത്തെ ചുറ്റിപ്പറ്റി നിന്നു. ഉമ്മാമ്മയുടെ പെര ഉമ്മാമ്മ സിറാജുന്നീസ്സയ്ക്കും ഉമ്മയ്ക്കുമായി ഒഴിഞ്ഞു കൊടുത്തതാണ്. ഇടയ്ക്ക് വരും. വഴക്കുകൾ കേൾക്കും. ദേഷ്യപ്പെടുകയോ വഴക്കടിക്കുകയോ ഇല്ല. അന്തസ്സാർന്ന രീതിയിൽ ചിരിക്കും...
ഉമ്മാമ്മയെ കണ്ട് മൂന്നാഴ്ച കഴിഞ്ഞ ഒരു വെള്ളിയാഴ്ച ജുമാ നിസ്‌കാരവും ഖബറിലെ പ്രാർത്ഥനകളും കഴിഞ്ഞ് ആളുകൾ ഒഴിഞ്ഞപ്പോൾ ഒഴിവു ദിവസത്തെ പതിവ് കളികൾക്കായി ഞാൻ പള്ളിക്കണ്ടിയ്ക്കരികിലെ പറമ്പിൽ കാത്തു നിന്നു. അത് കൃഷിപ്പറമ്പാണ്. മൂലയിൽ കൈതച്ചക്ക, ഒരു തൊടിയിൽ പൂള, വാഴ മധുരക്കിഴങ്ങ്, പയറ്... ഓരോ തട്ടിലും ഓരോന്നുണ്ടായിരുന്നു. എനിക്കൊപ്പം പ്രസന്നേച്ചിയും ഉണ്ടായിരുന്നു. അവരുടെ മധുരക്കിഴങ്ങു തോട്ടത്തിൽ പുകയിലക്കഷായം വെച്ച് വെള്ളം നനച്ചു കൊണ്ട് പ്രസന്നേച്ചി വർത്തമാനങ്ങൾ പറഞ്ഞു. പെട്ടെന്നു വടക്കെയരികിലെ പുല്ല് ഭയാനകമായ് കുലുങ്ങി വിറപൂണ്ടു. ഉള്ളിൽ പാമ്പുകൾ പിടയുന്നതായി തോന്നി...
പച്ചപ്പുൽച്ചുഴിയ്ക്കുള്ളിലെ സ്വർണ്ണനാഗങ്ങളെപ്പോലെ അവർ പിണഞ്ഞു നിൽക്കുന്നു... പിണച്ചിലയയുന്നു. കിതപ്പോടെ അവർ കുതറുന്നു. പരസ്പരം കൊത്തുന്നു... ഇടയ്ക്ക് സ്ത്രീയുടെ കഴുത്തിൽ പുരുഷൻ കൊല്ലാനായി കയ്യമർത്തി... അവൾ കരയുന്നില്ല ചിരിക്കുന്നു...
""വിന്ദുട്ട്യേ പാമ്പാടീ അത്?'' പ്രസന്നേച്ചി പണ്ടെ പേറ്റിത്തൂറിയാണ്. തൂറാൻ പറമ്പിൽ പോകുമ്പോൾ ഞാൻ വേണം കൂട്ടു പോകാൻ. പത്താം ക്ലാസിൽ പഠിക്കുന്നവളാണ്. കല്യാണം തീരുമാനിച്ചവളാണ്. പേടി മാത്രം എന്തിനും ബാക്കി.
""കുട്ടി നോക്ക്യാ'' പ്രസന്നേച്ചി എന്നെ നിർബന്ധിച്ചു.
ഞാൻ പൊട്ണി മരം പിടിച്ച് പാറകൊണ്ടുണ്ടാക്കിയ അരമതിലിൽ കയറി. വളഞ്ഞു നിൽക്കുന്ന മാവിനു മുകളിലെ കൊമ്പിൽ ചവിട്ടി മേൽപ്പോട്ട് മേൽപ്പോട്ട് കയറി... ആകാശക്കൊമ്പുള്ള മാവ്. പഴയത്. കാലങ്ങൾ പഴക്കമുള്ളത്. മുഴുവൻ ഖബർസ്ഥാന്റെയും ആകാശക്കാഴ്ചകാണാൻ കഴിയുന്നത്. ഞാൻ ആകാശത്തുഞ്ചീയിൽ നിന്നും ചുറ്റും നോക്കി. കരിപ്പൂർ എയർപ്പോർട്ട്, പള്ളി മിനാരങ്ങൾ, ചേളാരിക്കുന്ന്... പാടങ്ങൾ, തെങ്ങു പറമ്പുകൾ, നിറയെ മീസ്സാൻ കല്ലുകൾ... മഞ്ഞപ്പുല്ലിന്റെയും പച്ചപ്പുല്ലിന്റെയും വന്യവനങ്ങൾ...
അവയ്ക്കിടയിൽ...
ഞാനാ കാഴ്ചകണ്ടു. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകത്തിൽ ആദ്യ അധ്യായത്തിൽ ബാലസരസ്വതി കണ്ട അതേ കാഴ്ച...
ഉടുപ്പില്ലാത്ത ഒരു സ്ത്രീയും പുരുഷനും... ഭയങ്കാവിലെ ഭഗവതിയെപ്പോലെ ചുരുണ്ടമുടിയുള്ള ഒരു സ്വർണ്ണനാഗം. ശൽക്കങ്ങളിൽ വെയിൽ തട്ടി പൊന്തിളക്കം... കിളരമേറിയ ഒരു പുരുഷൻ...
പച്ചപ്പുൽച്ചുഴിയ്ക്കുള്ളിലെ സ്വർണ്ണനാഗങ്ങളെപ്പോലെ അവർ പിണഞ്ഞു നിൽക്കുന്നു... പിണച്ചിലയയുന്നു. കിതപ്പോടെ അവർ കുതറുന്നു. പരസ്പരം കൊത്തുന്നു... ഇടയ്ക്ക് സ്ത്രീയുടെ കഴുത്തിൽ പുരുഷൻ കൊല്ലാനായി കയ്യമർത്തി... അവൾ കരയുന്നില്ല ചിരിക്കുന്നു... എണീറ്റു നിന്നും പുൽത്തകിടിയിൽ ഒരുമിച്ചു വീണും...
ഉടലുകൾ രണ്ടാകുന്നു
ഒന്നാകുന്നു.....
പച്ചപ്പുൽത്തകിടിയിൽ ഒരുമിച്ചു ചേരുന്ന നാഗമനുഷ്യർ... പുൽത്തകിടി വട്ടം ചുഴലുന്നു...
ഞാൻ പെട്ടന്നു തന്നെ വഴുക്കിവഴുക്കി മരമിറങ്ങി. പ്രാചീനമായ മാവിന്റെ കട്ടിമരത്തോലിൽ എന്റെ ഉടലുറഞ്ഞു. തൊലി മാരകമായിളകി. ഉടലിന്റെ മുൻഭാഗമപ്പടി, ഉൾക്കൈ ഉൾത്തുടകൾ. ഭയം കാരണം വേദനയൊന്നും ഞാൻ കാര്യമാക്കിയില്ല. കാഴ്ചയുടെ ഭാരം എന്നെ കീഴോട്ടു വലിച്ചു കൊണ്ടിരുന്നു... അത്രയും വേഗം ഞാൻ ഊർന്നു കുതിച്ചു...
താഴത്തെ കൊമ്പെത്തിയപ്പോഴേയ്ക്കും എനിക്ക് പൂർണ്ണമായും എന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ ചവിട്ടിയ ചവിട്ടു മൂന്നാലു വട്ടംവഴുക്കി. മധുരക്കിഴങ്ങിനു തടമിടാൻ കൂട്ടിവെച്ച ചോന്ന മണ്ണിലേയ്ക്ക് വീണു...
"ഭും' എന്നൊരു ശബ്ദത്തിൽ ചോന്നമണ്ണുയർന്നു...
അപസ്മാരപ്പെരുവിളക്കങ്ങൾ... തലച്ചോറിൽ ഒരു മിന്നാമിന്നിയെപ്പോലെ ഒരു തരിപ്രകാശം. പിന്നെ പലതരികൾ വെളിച്ചത്തിന്റെ സൂചിമുനക്കുത്തുകൾ
തലയ്ക്കുള്ളിൽ ലാവപോലെ ചോരപുളയ്ക്കുന്നു... അപസ്മാരക്കോമരത്തിന്റെ പെരുങ്കളിയാട്ടമാടുന്നു...
എനിക്ക് കണ്ണ് മിന്നിച്ച വന്നു. കാഴ്ച അവ്യക്തമായി. പ്രകാശത്തിന്റെ വലിയ കുഴിയിലേയ്ക്ക് പൂണ്ടപോലെ ഞരമ്പുകൾ പിണഞ്ഞു മുറുകി ഞാൻ പച്ചമണ്ണിൽ പുതഞ്ഞൊരു തന്ത്രീ വാദ്യമായി... ഉടൽ രഹസ്യമായി മീട്ടുമ്പോൾ അപസ്മാര പിടച്ചിലിൽ മണ്ണു ചിതറിക്കൊണ്ടിരുന്നു..
""വിന്ദൂട്ട്യേ'' എന്ന പ്രസന്നേച്ചിയുടെ കാറിച്ച വിളി ദൂരെക്കേട്ടു. ഗുഹയിലൂടന്നവണ്ണം കേട്ടു... ചെവികളിൽ ആ സ്ത്രീയുടെ പൊട്ടിച്ചിരികളായിരുന്നു. അവയുയർന്നു... ""ഉമ്മാമ്മ.. ഉമ്മാമ്മ...'' ഞാൻ ഭയത്തോടെ പിറു പിറുത്തു...
ഒരാഴ്ച എനിക്ക് വിശ്രമമായിരുന്നു. ഡോ. എൻ.എസ്. വേണുഗോപാലിന്റെ അടുത്താണ് എന്റെ അപസ്മാര ചികിത്സ ചെയ്യുന്നത്. വെള്ളം, തീയ്യ്, ഉയരം, തീവണ്ടി, ആഴങ്ങൾ എന്നിവ എനിക്ക് വിലക്കുള്ളതാണ്. എന്നിട്ടും ഞാൻ മരം കയറിയത് ചോദ്യം ചെയ്യപ്പെട്ടു. ഡോക്ടർ വഴക്കു പറഞ്ഞില്ലെങ്കിലും ഗൗരവമായിരുന്നു മുഖം... വാക്കിലെ പാരുഷ്യം മാറ്റാതെ""എന്താപറ്റിയത്?'' എന്ന് ചോദിച്ചു""ഒന്നുമില്ല.''
എനിക്ക് അതോർക്കും തോറും ശ്വാസം മുട്ടി... ഓരോതവണയും ആ മാവിനു മുകളിലെന്ന വണ്ണം ഹൃദയം നിലച്ചു...
""എന്നോട് പറബളെ'' സിറാജുന്നീസ്സ കരയാൻ തുടങ്ങി.""ഇയ്യെന്തിനാ കരേന്നേ?'' ഞാൻ ദേഷ്യപ്പെട്ടു. ആരോടു പറഞ്ഞാലും എനിക്കത് സിറാജുവിനോട് പറയാനാകുമായിരുന്നില്ല.. ""പറബളെ...'' സിറാജുന്നീസ്സ എന്തിനെന്നില്ലാതെ പൊട്ടിക്കരഞ്ഞു..""ഇന്റെ വാപ്പിച്ചിയല്ലേനോ? കൂടെന്റെ വാപ്പിച്ച്യല്ലേനോ?'' അവൾ ഉറക്കെ വിതുമ്പി. ഞാൻ കട്ടിലിൽ നിസ്സഹായതയോടെ കിടന്നു... അവൾക്കെല്ലാമറിയാം. എങ്ങനെ? പക്ഷെ എങ്ങനെ?
""അന്നോട് ഞാൻ പറഞ്ഞിലേ.. ഉരു കാര്യം കൂടി പറജ്ജാണ്. ഇന്റെ വാപ്പിച്ചി തന്നീണ് അയിഷോളോമ്മൂന്റെ വാപ്പ്യും. എന്നും ഇത് പറഞ്ഞ് കച്ചറയാണ്.. വാപ്പിച്ചിക്ക് ഉമ്മാമ്മിച്ചിനോട് പ്രേമാണേലൊ''
എന്റെ കുഞ്ഞുതലയിൽ ഭാരം വന്നു പതിച്ചു. ആരോട് നിവർത്തിക്കും സംശയം? അമ്മ? ദേവകി വെല്ല്യമ്മ? ജാനുവെല്ല്യമ്മ? പ്രസന്നേച്ചി... വേണ്ട ഓരോ മുഖങ്ങളും എന്നെ കുറ്റം ചെയ്തവളെപ്പോലെ നോക്കുന്ന ഓർമ്മയിൽ ഞാനതു വിട്ടു കളഞ്ഞു.""ന്ദൂന് വേണ്ടാത്ത കാര്യങ്ങള് അറിയാൻ നല്ല വാസനയാണ് അല്ലെ?'' തുടയിലെ നുള്ളുപാടിൽ അമ്മയുടെ നഖമുദ്രകൾ.
കട്ടു വായിച്ച ജോയ്സ്സിയുടെ കഥയിൽ ""എനിക്ക് നിങ്ങടെ വെപ്പാട്ടിയാകാൻ വയ്യ'' എന്ന നായികയുടെ വാക്കുകളിലെ വെപ്പാട്ടിയും മംഗളത്തിലെ വസുന്ധര മെഡിക്കൽസിൽ നിന്നും കിട്ടിയ ഷണ്ഡൻ എന്ന പദവും അർത്ഥം ചോദിച്ചതിനാണ്..""അണക്ക് അർത്ഥറിയണോ?''
""വേണ്ടന്റെ പടച്ചോനെ..'' ആ ഓർമ്മയിൽ എന്റെ മനസ്സെന്നെ വിലക്കി. പാടില്ലാത്തതാണാ കാഴ്ചയെന്നത് എനിക്കുറപ്പായിരുന്നു. കുട്ടികൾക്ക് അരുതുള്ളത്....
കാലങ്ങൾ കഴികെയാണത് എനിക്ക് നിവർത്തിച്ച് കിട്ടിയത്... കാലങ്ങൾ കഴിഞ്ഞ്, സിറാജുന്നീസ്സ മൂത്രത്തിൽ പഴുപ്പും രക്താർബുദവും ബാധിച്ച് മരിച്ചതിനുമൊക്കെ ഏറെ അപ്പുറത്ത്.
ആദ്യത്തെ മരത്തിൽ നിന്നുള്ള വീഴ്ചയും തോലുപോക്കും അപസ്മാരവും കഴിഞ്ഞു നാടു തെണ്ടലിൽ നിന്നും ഞാൻ രണ്ടു മാസത്തോളം വിടുതലെടുത്തു.. അപസ്മാരം ഇടക്കിടെ വരാനുള്ളാ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ഡോക്ടർ കർക്കശമായ താക്കീതു നൽകിയിരുന്നു
ഞങ്ങളുടെ അവസാനത്തെ കാഴ്ചയായപ്പോഴേയ്ക്കും രഹസ്യങ്ങൾ കേട്ടു കേട്ടു എന്റെ തല പൊട്ടാറായിരുന്നു. വാപ്പിച്ചിയുടെ അമിതമായ സ്‌നേഹത്തെക്കുറിച്ച് ഭയത്തോടെ സിറാജുന്നീസ്സ സംസാരിക്കെ എനിക്കും ഭയം തോന്നി.. ""ബാപ്പിച്ചി നാട് വിട്ടത് നന്നായി'' അവൾ കരഞ്ഞു കൊണ്ടേയിരുന്നു..
എനിക്ക് ഭയം തോന്നി... ഭീകരമായ ഭയം...
അതു പക്ഷെ സിറാജുവിന്റെ കാര്യം കേട്ടായിരുന്നില്ല.. മയ്യത്തു കണ്ടിയിൽ വെച്ച് എനിക്ക് രണ്ടാമതും അപസ്മാരമിളകിയതിനെ പ്രതിയായിരുന്നു. ഞാനൊരിക്കലും രണ്ടാമത്തെ അപസ്മാരകഥയെപ്പറ്റി അവളോട് പറഞ്ഞില്ല. അവളോടത് പറയരുതെന്ന് ഉമ്മാമ്മയ്ക്കു ഞാൻ സത്യം ചെയ്തു നൽകിയിരുന്നു...
ആദ്യത്തെ മരത്തിൽ നിന്നുള്ള വീഴ്ചയും തോലുപോക്കും അപസ്മാരവും കഴിഞ്ഞു നാടു തെണ്ടലിൽ നിന്നും ഞാൻ രണ്ടു മാസത്തോളം വിടുതലെടുത്തു.. അപസ്മാരം ഇടക്കിടെ വരാനുള്ളാ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ഡോക്ടർ കർക്കശമായ താക്കീതു നൽകിയിരുന്നു. കാഴ്ചകൾ, ഉയരങ്ങൾ, താഴ്ചകൾ എല്ലാം നിർബന്ധമായും ഒഴിവാക്കപ്പെട്ടു.
കുട്ടികൾ കാണാൻ പാടില്ലാത്ത കാഴ്ചകളാണ് ഒറ്റയ്ക്കു സഞ്ചരിക്കുമ്പോൾ നമ്മൾ കാണുക എന്ന് അമ്മ വിശ്വസിച്ചു. അതെന്തുമാകാം. അത് നിയന്ത്രിക്കാനായി അമ്മയുടെ ശ്രമം. പൂർണ വളർച്ചയെത്തിയ മനുഷ്യരുടെ നഗ്‌നതകൾ ഒരു കുട്ടിയെ എന്തു മാത്രം ഭയപ്പെടുത്തുമെന്ന ഓർമ്മയിൽ ഞാൻ അമ്മയെ അനുസരിച്ചു... അതെന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു... ▮
(തുടരും)