ഒരു ഖബറിനു മീതെ മറ്റൊരു ഖബർ പോലെ ഞാൻ കിടന്നു. കോടിയ ഒരു ഉടുപ്പുപോലെ ഉടലപസ്മാരബാധയാൽ വെട്ടിവിറച്ചു കൊണ്ടേയിരുന്നു
മയ്യത്തുംകണ്ടിയിലെ മുറിക്കൈയ്യൻ
അഞ്ചാം ക്ലാസ്സിലെ ഓണക്കാലത്താണ് ഞാൻ പിന്നെ മയ്യത്തും കണ്ടിയിൽ കയറുന്നത്. സെപ്തംബറുച്ചയുറ്റെ ആലസ്യത്തിൽ ഖബറുകളിൽ ശാന്തത മയങ്ങി. മീസാൻ കല്ലുകളിൽ പൊടിച്ചുയർന്ന സർവ്വസുഗന്ധകാരികളായ കാറ്റിൽ പൂമ്പാറ്റകളും ചില്ലു തുമ്പികൾ പാറി.
ചീവീടുകളുടെ സംഗീതം ഉച്ചയിലും വന്യമായ ഒരന്തരീക്ഷമാണതെന്ന് ഓർമിപ്പിച്ചു... പൂക്കൾ തേടി കാടു കയറുമ്പോൾ ശത്രുപ്പാമ്പുകൾ ഒളിഞ്ഞിരിക്കുമെന്ന് എനിക്കാധിയുണ്ടായിരുന്നു.
അതിനാൽ എന്റെ കയ്യിൽ പാമ്പുകളെ ആക്രമിക്കാനുള്ള കൊങ്കിയിരുമ്പു ഞാൻ സൂക്ഷിച്ചു. കഴുത്തിൽ നാലുമൂല പൂക്കൊട്ടകൾ തൂക്കി.
പിൻബാഗിൽ വെള്ളപ്പാത്രവും ബിസ്‌കറ്റും സൂക്ഷിച്ചു.
മയ്യത്തു കാട് പൂത്തു കിടന്നു.
ഖബർസ്ഥാനിലെ പോലെ മനോഹരമായ വസന്തങ്ങൾ ലോകത്ത് ഒരു പൂന്തോട്ടത്തിലുമില്ല. ഒടിച്ചൂത്തികളുടെ വയലറ്റു പൂക്കളും മൈലാഞ്ചിക്കാടുകളും ഒരിടത്ത് പൂത്തു നിന്നു. മറ്റൊരു ഭാഗത്ത് അരിപ്പൂവ്വുകൾ. ഓറഞ്ച് നിറത്തിന്റെ ആളൽ. പിന്നെ പിങ്കു മുത്തുതിർന്ന മണിപ്പൂവുകൾ, ശവംന്നാറിപ്പൂവുകൾ, പലനിറത്തെച്ചികൾ, ചെമ്പരത്തിക്കാടുകൾ...
ചെടികൾ പൂക്കളേന്തി ലജ്ജപൂണ്ടു കൊമ്പ് താഴ്ത്തി നിന്നു.
കാട്ടുഗർവ്വിൻ കിരീടമേന്തി കൃഷ്ണകിരീടം ചോത്തുതളിർത്തു.
മുക്കുറ്റിയും ഈറൻ വയലറ്റ് ആമപ്പൂക്കളും കൂട്ടമായി വിരിഞ്ഞു.
നിറയെ ഓണം പൂത്തു പൂത്തിരുന്നു. തുമ്പിക്കല്യാണവും വണ്ടത്താൻ മേളയും ശലഭനൃത്തങ്ങളും വസന്തത്തെ പരിപൂർണ്ണമാക്കി.
മീസ്സാങ്കല്ലുകൾക്കു മീതെ വള്ളിയിൽ പൂങ്കുലമണികളായിത്തൂങ്ങിയ മണിപ്പൂവുകൾ ഞാനിറുത്തെറുത്തു കൊണ്ടിരുന്നു. എന്റെ പൂക്കൂടകൾ പൂനിറഞ്ഞു നിന്നു. കൊങ്കിയിരുമ്പ് സമീപത്ത് തന്നെ വെച്ചു. ആകാശം മേഘാവൃതനീലയിൽ തണൽ വിരിച്ച നട്ടുച്ചയാണത്.
പൊടുന്നനെ ബലിഷ്ഠമായ ഒരു കൈ എന്റെ വായപൊത്തി.
കുന്തിച്ചിരുന്ന എന്നെ വയറിനു മീതെ കൈ ചുറ്റി പൊക്കിയെടുത്തു. ഞാൻ പല്ലമർത്തി. കുതറി. എന്റെ ഒരൊച്ചപോലും പുറത്തു വന്നില്ല.
കൂടയിലെ മണിപ്പൂവുകൾ തൊഴിഞ്ഞു വീണു പോയി.
എന്റെ തലച്ചോറിനകത്ത് ഞരമ്പുകളുടെ വലിഞ്ഞു മുറുക്കം എനിക്ക് അപസ്മാരമിളകാൻ പോകുന്നതായി ഉടൽ എന്നോട് സന്ദേശങ്ങൾ തന്നു.
അപസ്മാരം, ഉള്ളിൽ സർപ്പം പിടയുവാൻ തുടങ്ങും മുമ്പ് ഞാൻ കണ്ടു.
എന്റെ മുഖത്തിനു മീതെ ഒരു വെള്ളപ്പുലിയെപ്പോലെ വന്നു നിന്ന ആ മുഖം..
ചെമ്പൻ താടി, ചോന്ന ചുണ്ടുകൾ, പുലിക്രൂരത തികട്ടുന്ന വിശപ്പുള്ള കണ്ണുകൾ സിറാജുന്നീസ്സയുടെ വാപ്പാ..
""അമ്മാാാാ..'' എത്ര അലറിയിട്ടും പിച്ചിയിട്ടും കടിക്കാൻ ശ്രമിച്ചിട്ടും അയാളുടെ കൈ മുറുക്കം അയഞ്ഞതേയില്ല. ഞാൻ പൊട്ടിപ്പോകുമെന്നു എനിക്ക് തോന്നി... ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി.""അമ്മാ'' ഞാൻ ആർപ്പിട്ടു കരഞ്ഞു. ഒരൊച്ചയും പുറത്തു വന്നില്ല.. അയാൾ എന്നെ തൂക്കിയെടുത്ത് പുൽത്തകിടി പോലെ കിടക്കുന്ന ഒരു ഖബറിൻമേലിട്ടു... ""അമ്മാ...'' എന്റെ ഒച്ച തൊണ്ടക്കുഴിയിൽ നിന്നും കാറ്റു പോലെ ദുർബലമായി പുറത്തു വന്നു... തല പുഴുക്കം കാരണം മുരണ്ടു... കൈത്തണ്ടയ്ക്കകത്ത് ഗിറ്റാറിൻ തന്ത്രികൾ മുറുകി. ഞാനൊരു വില്ലുപോലെ വളയുന്നു. എന്റെ ഞരമ്പുകൾ മീട്ടാനാകുന്ന അദൃശ്യ ഞാണുകളായി രൂപാന്തരപ്പെടുന്നു. അപസ്മാരത്തിന്റെ ഉന്മാദ സംഗീതം ഉടലിൽ അപൂർവ്വമായൊരു രോഗരാഗം വിസ്തരിക്കാൻ തുടങ്ങി. അപസ്മാരം, ഉള്ളിൽ സർപ്പം പിടയുവാൻ തുടങ്ങും മുമ്പ് ഞാൻ കണ്ടു.
എന്റെ മുഖത്തിനു മീതെ ഒരു വെള്ളപ്പുലിയെപ്പോലെ വന്നു നിന്ന ആ മുഖം..
ചെമ്പൻ താടി, ചോന്ന ചുണ്ടുകൾ, പുലിക്രൂരത തികട്ടുന്ന വിശപ്പുള്ള കണ്ണുകൾ സിറാജുന്നീസ്സയുടെ വാപ്പാ..""അമ്മാ...''
എന്റെ ശബ്ദം ഇത്തവണ പൂർണ്ണമായും വിലക്കി. അയാൾ ഒരു പുലി ഇരതിന്നും പോലെ എന്റെ ചുണ്ടുകളിൽ ചുംബിച്ചു.""ഓട് ഓട്.. അപകടം''
ഞാൻ നഖം കൊണ്ട് അയാളുടെ കവിളുകൾ മാന്തി. കാലുകൾ കൊണ്ട് ദുർബലമായി നെഞ്ചിൽ ചവിട്ടി.
എനിക്ക് തലയിലാകെ വെളിച്ചത്തിന്റെ കുത്തൊഴുക്കായി. തല വല്ലാതെ മിന്നി. അയാൾ എന്റെ ഉടുപ്പുകൾ വലിച്ചൂരാൻ, കീറാൻ നോക്കുന്നത് ഞാനറിഞ്ഞു... അടുത്ത നിമിഷം ടങ്ങ് എന്നൊരു ശബ്ദം കേട്ടു.... എന്റെ മുഖത്തേയ്ക്ക് ചോര തുളിച്ചു വീണു...""എടാ നായെ നിനക്കിനിയും മതിയായിട്ടില്ലേടാ?''
എന്റെ കൊങ്കിയിരുമ്പ് വായുവിൽ പലയാവർത്തി ചുഴറ്റുന്ന ശബ്ദം ഞാൻ കേട്ടു... ഉമ്മാമ്മ ജിന്നിയെപ്പോലെ അയാളുടെ കയ്ക്കും കാലിനുമൊക്കെ പടപടപടാന്ന് ആഞ്ഞടിച്ചു.
ഒരു ഖബറിനു മീതെ മറ്റൊരു ഖബർ പോലെ ഞാൻ കിടന്നു. കോടിയ ഒരു ഉടുപ്പുപോലെ ഉടലപസ്മാരബാധയാൽ വെട്ടിവിറച്ചു കൊണ്ടേയിരുന്നു. തലയിൽ, കണ്ണിൽ തെളിവെളിച്ചമാണ് പാലു പോലെയൊഴുകുന്നത്...""എന്റെ കുഞ്ഞ് പറഞ്ഞപ്പോഴാണെടാ എനിക്ക് ബോധ്യം വന്നത്. ഇപ്പോ അത് സത്യമാണെന്ന് ബോധ്യമായി... എന്ത് സൈത്താനാണെടാ നീയ്യ്...'' കൊങ്കിയിരുമ്പ് ഒരു കയ്യിൽ പിടിച്ച് ഉമ്മാമയെന്നെ കോരിയെടുടുത്തു. നാവു കടിച്ചു മുറിച്ചതിനാൽ കടവായിൽനിന്നും കൊഴുത്ത ചോര ഉമ്മാമയുടെ കുപ്പായത്തിന്റെ നടുപ്പുറത്തേയ്ക്ക് ഉതിർന്നു ചിതറി വീണു കൊണേയിരുന്നു...
എന്റെ ചോരയും അയാളുടെ ചോരയും മണ്ണും ചോത്തു കലങ്ങിയൊഴുകിക്കൊണ്ടിരുന്നു. വെള്ളം എന്നെ തണുപ്പിച്ചു. ദേവകി വെല്ല്യമ്മ ചൂടു വെള്ളം കാച്ചിയെടുത്ത് അതു കൊണ്ട് എന്നെ കുളിപ്പിച്ചു. ഉമ്മാമ്മ തോർത്തി.
""യെന്തെയ്ന്നും സൈദാനിയത്തുമ്മാ?'' ദേവകി വെല്ല്യമ്മ പാഞ്ഞു വന്ന്.""ആ നായി കുട്ടീനെ ഉപദ്രവിക്കാൻ നോക്കി. അയ്‌നു സൊക്കേടേളകി...''""ബളെ ഓന്റെടവാട് തീർത്താളാന്ന് അന്നോട് , എത്തര വട്ടം ഞാനും എന്റെ ആശാരീം പറഞ്ഞതാണ്? ടീച്ചറും മാഷും അറഞ്ഞാലെ ആ നായിനെ ഇബടെ വെച്ചെക്കൂല''
മധുരക്കിഴങ്ങുകൾ നട്ടുപിടിപ്പിച്ച തോട്ടത്തിലൂടെ ആ രണ്ട് സ്ത്രീകളും എന്നെയും കൊണ്ട് പാഞ്ഞു..""ഞാൻ നിന്നില്ലെങ്കി ഖദീസ്സുനെം കുട്ടീനിം കുണ്ടോയ്ക്കാളുന്നാ ഭീഷണി. വല്ലോട്ത്തും കുണ്ടോയിങ്ങാണ്ട്.. എത്തര പറഞ്ഞാലും ഖദീജാക്ക് ബോധ്യാവൂലവളെ..''
ദേവകി വെല്ല്യമ്മയുടെ കിണറ്റു കരയിലെ തടത്തിൽ ഞാൻ തളർന്നു കിടന്നു. ബക്കറ്റിൽ നിന്നും വെള്ളം എന്റെ ഉടലിലൂടെ തലയിലൂടെ പതിയെ ഒഴിച്ചു... മണ്ണു പുതഞ്ഞ കുപ്പായങ്ങൾ ഊരി മാറ്റി.
എന്റെ ചോരയും അയാളുടെ ചോരയും മണ്ണും ചോത്തു കലങ്ങിയൊഴുകിക്കൊണ്ടിരുന്നു. വെള്ളം എന്നെ തണുപ്പിച്ചു. ദേവകി വെല്ല്യമ്മ ചൂടു വെള്ളം കാച്ചിയെടുത്ത് അതു കൊണ്ട് എന്നെ കുളിപ്പിച്ചു. ഉമ്മാമ്മ തോർത്തി. ""കുട്ടി തലനാരെയക്ക് കയ്ച്ചിലായ്യിന്നു പറഞ്ഞാൽ മതി.'' അവർ ദീർഘശ്വാസമെടുത്തു.""വേബ്യേ'' ദേവകി വെല്ല്യമ്മ മൂത്ത് മരുമകളെ വിളിച്ചു.""ഇജ്ജ്യാ പാറോളില് പോയ്യാണ്ട് ഇച്ചിരെ ആട്ടുമ്പാല് വാങ്ങിച്ച് വാ'' ദേവകി വെല്ല്യമ്മ തലതുവർത്തി.""ഓനെന്തായി?''""ഇനി വലത്തേക്കയ്യോണ്ടോന് ഡ്രൈവ്വിയ്യൂല ദേവ്വോ..ഓന്റെ ലോറിപ്പണി തീർന്നിന്'' ഉമ്മാമ്മയുടെ കണ്ണുകൾ ഉഗ്രമായി തിളങ്ങി...""അരളിപ്പറത്തപ്പാ.. ചാക്വോ പണ്ടാറം. ?''""ഏട്ന്ന്. ഒരടി തലയ്ക്ക് കിട്ടീന്. ബാക്കി കയ്യിനും കാലിനും നട്ടൂനുമൊക്കെയാണ്. വലത്തെക്കയ്യ് ഒന്നിനും കൊള്ളൂല്ലിനി. ഓനിനി ഒരു പെണ്ണിനെം തൊടൂലാ''""ഖദീസ്സു പ്രശ്‌നാക്കൂലേ സൈദാ?''
""ഇന്റെ മോളെനിം സിറാജ്ജുന്നിം കൊല്ലും തിന്നുമെന്നൊക്കെ പറഞ്ഞാണ് ഇപ്പളും എന്നെ ഓൻ ബെരുത്തിക്കുന്നത്. അതു ഇന്റെ മോക്കറിയാം പക്ഷെ സിറാജ്ജുനോടടക്കം മോസ്സായിട്ടാണ് ഓന്റെ പെരുമാറ്റന്ന് ഇന്നലേണ് ഓക്ക് തിരിഞ്ഞത്'' ഉമ്മാമ്മ മുഖം പൊത്തിക്കരഞ്ഞു..
""ഈ പൈതം രക്ഷപ്പെട്ടല്ലൊ...'' ദേവകി വെല്ല്യമ്മ നെഞ്ചിൽ കൈവെച്ചു. മരുന്നുകളിട്ടു തിളപ്പിച്ച ചൂടു ആട്ടിൻപാൽ എനിക്കു തന്നു.
ഒന്ന്
രണ്ട്
മൂന്നു
നാല് ദിവസം
ഞാൻ മയങ്ങിക്കൊണ്ടേയിരുന്നു....സംഭവിച്ചത് സ്വപ്നമോ സത്യമോ എന്നു എനിക്ക് വിഭ്രാന്തിയുണ്ടായി... സ്വപ്നമാണതെന്ന് എനിക്ക് തോന്നി... എതോ അപസ്മാരയുച്ചയിൽ ഞാൻ കണ്ട പേടി സ്വപ്നം...
""വാപ്പിച്ചീന്റെ കയ്യ് രണ്ടും ആക്സ്സിഡന്റിൽ മുറിച്ചു കളഞ്ഞു. ഉമ്മിച്ചിനെ മൊയിം ചൊല്ലി'' സിറാജുന്നീസ അതു പറഞ്ഞപ്പോൾ ഞാൻ മയക്കം ഞെട്ടി. ഴാപ്പാണം പുകയിലയുടെ ചൂരുള്ള ഒരു ചുംബനത്തിന്റെ ഓർമ്മ എന്നെ ഓക്കാനിപ്പിച്ചു...
പിന്നീടൊരിക്കലും തിരികെ വരാത്ത വിധം ഉമ്മാമ്മ അയാളെ പറഞ്ഞയച്ചുവെന്നത് എനിക്ക് ആശ്വാസം തന്നു.""ഇനി ബരൂല ഈട ബെരൂല. വെലക്ക് മന്ത്രം ഇട്ടിണ് ഉമ്മാമ'' അവളുടെ മുഖത്ത് ആശ്വാസം കണ്ടു. അവളുടെ മുഖത്ത് അയാളുടെ നഖത്തിന്റെ അടയാളം ഉണ്ടാരുന്നു. എന്റെ തുടയെ നീറ്റിയ അതേ ഒരെണ്ണം...
വർഷങ്ങൾ കഴിഞ്ഞു. സിറാജ്ജുന്നീസയ്ക്ക് രക്താർബുദം അധികമായി വന്നു. വിളറിയ മുഖത്തോടും മൊട്ടത്തലയോടും ശാന്തമായി അവൾ കട്ടിലിലിരുന്നു. ബാങ്കു വിളിയുയർന്നു.. ഉമ്മയും ഉമ്മാമ്മയും ചായ കൊണ്ടു വന്നു തന്നു അകത്തേയ്ക്ക് മടങ്ങി...
""വാപ്പച്ചി എന്നെ ഉപദ്രവിക്കാൻ തൊടങ്ങീനു.. അന്ന് ഉമ്മാമ്മ കൊല്ലാതെ വിട്ടതാ.അന്നു പറയാൻ ഇനിക്കെന്തോ മടിയായിരുന്നു.'' എനിക്കറിയാമെന്ന് ഞാൻ നടിച്ചില്ല. നല്ല കേൾവിക്കാരിയായി മൂളിക്കൊണ്ടിരുന്നു.
റഹ്‌മത്തുള്ള അറിയപ്പെടുന്ന തെമ്മാടിയായിരുന്നു. അയാളമ്മയേയും മോളെയും ഒരേ പോലെ ഉപയോഗിച്ചു. മയക്കു മരുന്നും മദ്യവും കഴിച്ചു വന്ന രാത്രിയിലാണെത്ര അയാൾ ആയിഷുവിനോട് അപമര്യാദയായിട്ട് പെരുമാറിയത്.
വലിയ കഥ... കുട്ടിക്കാലത്തെ സംശയങ്ങൾ ദൂരീകരിക്കുന്ന കഥ....
ഉമ്മാമ്മയുടെ ആദ്യത്തെ ഭർത്താവ് മരിക്കുമ്പോൾ ഉമ്മാമ്മയുടെ പ്രായം 17 ആണ്. ഒക്കത്ത് സിറാജൂന്റെ ഉമ്മച്ചി രണ്ടു വയസ്സിന്റെ അലറിക്കരച്ചിലുമായി പറ്റി നിന്നു... വളരെ കഷ്ടപ്പെട്ട് മകളെ വളർത്തി വരുമ്പോഴാണ് ലോറിക്കാരൻ റഹ്‌മത്തുള്ളയെ പരിചയപ്പെടുന്നത്... 20-ാമത്തെ വയസ്സിൽ രണ്ടാമത്തെ പ്രസവം. ആയിഷ.. ഖദീജയും ആയിഷയും റഹ്‌മത്തുള്ളയ്ക്ക് സ്വന്തം മക്കൾ തന്നെ... സന്തോഷമുള്ള ജീവിതമായിരുന്നെത്രെ അക്കാലത്ത്.
""ഓനി അകന്ന് പോകുന്ന് തോന്നീപ്പള് ഓള് മുട്ടേലു മന്ത്രം കയ്പ്പിച്ച് വെച്ചാൾഞ്ഞി.. വേറൊരുത്തീന്റൊപ്പം പോയാലു പെറക്കണതൊക്കെം ചാപിള്ളയാകണ ചാവു മന്തിരം'' ദേവകി വെല്ല്യമ്മ കഥ പറഞ്ഞു...""ഒടുക്കം റഹ്‌മത്തുള്ളന്റെ കാമുകിനെ കണ്ട് പിടിച്ച്.. അതാണ് ഓളെ വെല്ല്യേ സങ്കടം''..
ദേവകി വെല്ല്യമ്മ ദീർഘശ്വാസമെടുത്തു. ഉമ്മാമ്മ ഭർത്താവിന്റെ കാമുകിമാർക്കും അവരിലുണ്ടാകുന്ന കുട്ടികൾക്കും മുട്ടയിൽ ചെയ്ത വലിയ ശാപത്തിന്റെ ഫലം അനുഭവിച്ചതും ഉമ്മാമ്മയുടെ കുടുംബം തന്നെയായിരുന്നു. മൂത്തമകൾ ഖദീജയും റഹ്‌മത്തുള്ളയുമാണ് പ്രേമത്തിൽ എന്നറിഞ്ഞ ഉമ്മാമ തകർന്നു പോയി. അപ്പോഴേയ്ക്കും സിറാജുന്നീസ്സ ഖദീജയുടെ പള്ളയിലായിക്കഴിഞ്ഞിരുന്നു.. ഉമ്മാമ്മയുടെ മന്ത്രം പ്രവർത്തിച്ചും തുടങ്ങിയിരുന്നു.
""വെല്ലാത്ത കഥ്യാണത്. ഓളെ രണ്ടാമത്തെ കുട്ടീന്റെ വാപ്പ തന്നെ ഓളെ മൂത്ത കുട്ടീനെ കെട്ട്വ'' ദേവകി വെല്ല്യമ്മ കഥയ്ക്കിടയിൽ ദീർഘശ്വാസം വലിച്ചു.
റഹ്‌മത്തുള്ള അറിയപ്പെടുന്ന തെമ്മാടിയായിരുന്നു. അയാളമ്മയേയും മോളെയും ഒരേ പോലെ ഉപയോഗിച്ചു. മയക്കു മരുന്നും മദ്യവും കഴിച്ചു വന്ന രാത്രിയിലാണെത്ര അയാൾ ആയിഷുവിനോട് അപമര്യാദയായിട്ട് പെരുമാറിയത്.""സിറാജുന്നീസന്റെ ഉമ്മ ഖദീസ്സുണ്ടല്ലോ നല്ലോണം അനുഭവിച്ചിക്കി. ഓൾക്കറിയാരുന്നു അൻസത്തീനെ പള്ളേലാകിതും തെന്റെ മാപ്പള്യെന്നാന്ന്. എന്നലോള് അത് തള്ളനോട് പറയണ്ടേ? അത് പറഞ്ഞില്ല. എളെപെണ്ണ് കെന്റിലു ചാടി ചാവെം ചെയ്തു. അപ്പളൂം ഓള് പറഞ്ഞിലാ. ഗർഭിണിയാണേലൊ. കെട്ട്യോനോടാണെങ്കി പെരുത്ത് പിരാന്തും.''
""ഉമ്മാമ മന്തിരം ചെയ്തിറ്റാണ് സിറാജുന്നീസ്സക്ക് വയ്യായി വന്നതെന്ന് പറയുന്നതെന്തിനാ''?
ദേവകി വെല്ല്യമ്മ ഓർമ്മകളിലേയ്ക്ക് പോയി.""ഓനും ഒരു മന്ത്രവാദിയാണ്. ഉള്ളാളിലെ ഒരു വീട്ടില് വെല്ല്യേ എന്തിരുത്തോ ചെയ്യാൻ പോയപ്പോ ഓളിക്ക് കിട്ടിയതാണ് ആ കിബറനെ''
കാസർഗോട്ട് ഉള്ളാൾ ദർഗയ്ക്കടുത്ത് ജിന്നു ബാധിച്ച പെൺകുട്ടിയെ ചികിത്സിക്കാൻ പോയപ്പോൾ കണ്ട പരിചയം. അത് പിന്നീട് ലോഹ്യം. എല്ലാ ആഴ്ചയിലും ബേപ്പൂരു ലോറിയുമായ് വരുമ്പോൾ പേങ്ങാട്ടേയ്ക്കു വരവ്. ഒടുവിൽ ആയിഷയുടെ ജനനം.
ആയിഷ വളർന്നു വരുമ്പോൾ തന്നോടുള്ള റഹ്‌മത്തുള്ളയുടെ ഇഷ്ടത്തിനു ഒരു കുറവുള്ളതു പോലെ ഒരു തോന്നൽ സൈദാനിയത്തിനുണ്ടായി. ആരാണ് എന്നറിയാത്ത ഒരു അജ്ഞാതയായ സ്ത്രീയുടെ സാന്നിധ്യം അവൾക്കനുഭവപ്പെട്ടു. ഭീകരമായ മുട്ടമാന്ത്രികമാണ് ചെയ്തത്. പേർഷ്യൻ മന്ത്രങ്ങളുരുക്കഴിച്ച് ആ കാമുകിയും കുടുംബവും തുലഞ്ഞു പോകാൻ തക്ക ശക്തമായ മാന്ത്രികം.
""എനക്കറയോ മാളെ. ഞാൻ മുട്ടമാന്തിരികം ചെയ്യ്തത് എനക്ക് തന്നെയാണെന്ന്'' ഉമ്മാമ്മയോട് പിന്നീട് കഥകൾ ചോദിക്കെ അവർ നിസ്സാരമായി പറഞ്ഞു.""എനക്ക് അത് അയിക്കാൻ നിച്ചല്ല'' അവർ ഓർമ്മിച്ചെടുക്കാൻ നോക്കി
""ഓനി സെയ്ത്താനാണ്. ഇന്റെ മോള് ഖദീസ്സാണ് ഓന്റെ പുത്യേ ചിറ്റക്കാരി എന്നറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയിനി. ഇന്റെ മോള് ഇന്നെ ശത്രുവാക്കി. ഓളെ അൻസത്തീന്റെ വാപ്പാണ് എന്നെങ്കിലും ഓർക്കണ്ടേ? വസ്യമന്തിരമാണ് മാളെ ഓന് ഓലിക്ക് തേൻ കൊയലില് ചെയ്ത് കൊടുത്തത്. ഞാനും അറിഞ്ഞീല'' ഉമ്മാമ്മയുടെ കണ്ണുകളിൽ തീത്തിളങ്ങി.
""പിന്നെ ഞാന് കായംകുളത്ത് പോയി ഇന്റെ വാപ്പാന്റെ അൻസനെ കണ്ട്. എന്റെ കൊച്ചുപ്പാനെ. ഓലാണ് ആ മുട്ടയെ പൊട്ടിച്ചത്. പക്ഷെങ്കി കാമുകിയ്ക്കും സന്തതിയ്ക്കും കുടുംബത്തിനും ചേർത്ത് വെച്ച കെട്ട് നന്നായിറ്റ് മുറുകീനു. ഖദീസ്സന്റെ പള്ളെല് സിറാജുന്നീസ്സ. അപ്പളാണ് എളയോള്...''
ഉമ്മാമ്മ തല കുമ്പിട്ടിരുന്നു കരയാൻ തുടങ്ങി...""എത്തര ചോയ്ച്ച് ഇജ്ജാരാന്ന് പറ ആയിശുവോന്ന്. ഏട്ന്നു അല്ല ഓളെങ്ങനെ പറജ്ജും? സൊന്തം വാപ്പിച്ചിന്റെ കിബറ്. ഞാനൊന്നും അറിഞ്ഞില്ല. അറിഞ്ഞോളൊട്ട് പറഞ്ഞൂല്ല.''
സിറാജുന്നീസ്സ 8 മാസം ഗർഭമായി വയറ്റിലുള്ളപ്പോഴാണ് ആയിഷ കിണറിൽ വീണത്. റഹ്‌മത്തുള്ള തള്ളിയിട്ടത്. ഖദീജ നിസംഗമായി നോക്കി നിന്നു. ഉമ്മയും അനുജത്തിയും എന്തുമായ്‌ക്കൊള്ളട്ടെ റഹ്‌മത്തിനൊപ്പം ജീവിക്കുക എന്ന ആന്ധ്യമവളെ എന്ത് ക്രൂരതയും ന്യായീകരിക്കുന്ന നിലയിലെത്തിച്ചു.
""സിറാജുന്നീസ്സനെ ഓനു ഉപദ്രവിക്കാൻ നോക്കിയപ്പളാണ് ഓക്ക് നീറിയത്. അതൊരു സൈത്താനാണെന്ന് തോന്ന്യേത്. ഉമ്മനോടും അൻസത്തീനോടും ചെയ്തത് പൊറുക്കാങ്കയ്യാത്തതാണെന്ന് ബോധ്യമായത്. കാലത്തിന്റെ നീതി തെന്നെ. അന്നെന്നെ ഞാനോന്റെ കയ്യൊടിച്ചി. മൊയ്യിം വാങ്ങിച്ച്. അത് ആടെ തീർന്ന്''
""ഓള് പാവാണ്.'' ദേവകി വെല്ല്യമ്മ ഉമ്മാമ്മനെപ്പറ്റി പറഞ്ഞു. എനിക്കെല്ലാം അറിയണമായിരുന്നു. ഉമ്മാമ്മയെ കഥപാത്രമാക്കി കഥയെഴുതണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഏത് പെണ്ണിനേയും ശരീരമായി മാത്രം കാണുന്ന റഹ്‌മത്തുള്ളയുടെ കഥ എഴുതണമെന്നുണ്ടായിരുന്നു. ഞാൻ നിരന്തരം അവരുടെ രഹസ്യങ്ങളിലേയ്ക്ക് എത്തി നോക്കിക്കൊണ്ടിരുന്നു. ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കിട്ടാവുന്ന രഹസ്യങ്ങളെ ശേഖരിച്ചു കൊണ്ടിരുന്നു.
എന്തൊരു വിധിയാണ്... എന്തൊരു ക്രൂരമായ വിധിയാണ്..
ഓർക്കുമ്പോൾ എനിക്ക് എത്തും പിടിയും കിട്ടിയില്ല. എന്തൊരു ജീവിതമാണ് സ്ത്രീകളുടേത്?
""ഖദീജയുടെ സ്വാർത്ഥത.. ഒരു കൊല്ലായപ്പോളെക്കെന്നെ ഓനിക്ക് ഖദീജനെ മടുത്ത്. ഖദീജന്റെ എളമ പോയി. എന്നാ സൈദാനിയത്തിനെ മാണേനും. പിന്നെ ഭീഷണി. മകളുടെ ജീവിതമെങ്കിലും സമാധാനത്തില് ഇരിക്കട്ടെ എന്നു കരുതിയാണ് സൈദാനിയത്ത് ഓനെ സഹിച്ചത്.. ന്നിറ്റോ?''
എന്തൊരു വിധിയാണ്... എന്തൊരു ക്രൂരമായ വിധിയാണ്..
ഓർക്കുമ്പോൾ എനിക്ക് എത്തും പിടിയും കിട്ടിയില്ല. എന്തൊരു ജീവിതമാണ് സ്ത്രീകളുടേത്? ചതിയുടെയും കൊതിയുടെയും രതിയുടെയും നശിച്ച വഴികളിൽ ഒരു കുടുംബമപ്പാടെ വീണു പോയത് എനിക്ക് കാണായി...
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മൂത്രപ്പഴുപ്പ് കിഡ്‌നിയെ ബാധിച്ച് സിറാജു മരിക്കുന്നത്. അതിനും മുമ്പെ ആർ.സി.സിയിൽ രക്താർബുദ ചികിത്സയിലായിരുന്നു. അവളെയും കൊണ്ട് ഉമ്മാമ്മ ദിവസങ്ങളോളം തിരുവനന്തപുരത്തെ ലോഡ്ജുകളിൽ താമസിച്ചു.
""എന്റെ മുട്ടമാന്ത്രികം ഏറ്റത് ഇന്റെ സിറാജ്ജുനാണ്.'' മരണമറിഞ്ഞു ഞാൻ ചെന്നപ്പോൾ ഉമ്മാമ്മ വിതുമ്പി.""ഞാനിനി മന്തിരം ചെയ്യൂലാ മാളെ''
""അല്ല ഉമ്മാമ്മച്ചി. അത് പ്രസവം വൈകിയതു കൊണ്ട് സംഭവിച്ചതാണ്.''
ഖദീജയ്ക്കു പേറ്റു നോവ് വന്നപ്പോൾ കഞ്ചാവ് തലയ്ക്ക് മൂത്ത് കിടന്നു. ഒരു മനുഷ്യനുമില്ലാതെ കരഞ്ഞ് തളർന്ന് ഖദീജയ്ക്ക് ബോധം മറഞ്ഞു. വീട്ടിൽ പ്രസവിക്കാൻ കാത്ത് കൂർക്കം വലിച്ചുറങ്ങുന്ന റഹ്‌മത്തുള്ളയെ തള്ളിമാറ്റി മകളെ താങ്ങിയെടുത്ത് ജീപ്പിൽ കയറ്റിക്കൊണ്ടു പോയത് ഉമ്മാമ്മയാണ്. ഓപറേഷനു പണം കെട്ടിയത്, ഉമ്മയേയും കുട്ടിയെയും ദിവസങ്ങളോളം ഐ.സിയുവിൽ കിടത്തിയപ്പോൾ ഓടിയത്, നോക്കിയത്, പണം ചിലവഴിച്ചത്, ഒക്കെ ഉമ്മാമ്മയാണ്. ബോധം തെളിഞ്ഞപ്പോൾ മുതൽ സിറാജ്ജുന്നീസയുടെ ഉമ്മമാത്രം അവരെ പകയോടെ നോക്കി. ശത്രുവായിക്കണ്ടു. ശാപം വീശി, പ്രാകിക്കൊണ്ട് നിരന്തരം ഉമ്മാമയുമായി പോരിട്ടു...""എന്നിട്ടും അഞ്ചു മാസം ഓളെ പൊരേല് നിന്നു എല്ലാ കാര്യും സൈദെന്നെ ചെയ്‌തൊടുത്തത്. നന്ദില്ലാത്ത സാനാ അദ്'' ദേവകി വെല്ല്യമ്മ പറഞ്ഞു..
വർഷങ്ങൾ കഴിഞ്ഞു. ഉമ്മാമ്മ സിറാജ്ജുവിന്റെ മരണശേഷം കൂടുതൽ ശ്രദ്ധയോടെ ഉമ്മയെ നോക്കി. വീണ്ടും ഒരു കല്യാണം കഴിപ്പിച്ചു. കുട്ടികളായി കുടുംബമായി ആഹ്ലാദമായി. ഉമ്മാമ്മ പഴയ വീട്ടിൽ മന്തിരവും പച്ചമരുന്നും പേറ്റുമരുന്നുകളുമായി പാവങ്ങൾക്കും യത്തീങ്ങൾക്കും അത്താണിയായി ജീവിക്കുന്നു...
ഒരിക്കൽ ഞാൻ ചെന്നു...
കൂട്ടിൽ നിറയെ ആടുകൾ... കൊറ്റനാടിന്റെ ചൂര്
""ഉള്ളാളിയ്ക്ക് ഉറൂസ്സിനു കൊടുക്കാനാ'' ഒരുക്കി കണ്ണെഴുതിയിറക്കിയ ആടിനെക്കണ്ട് ഞാൻ കൗതുകം പൂണ്ടു. ചോന്ന പട്ടും പച്ചപ്പട്ടും ഞെറിയിട്ട ചെറിയ പുതപ്പുകൊണ്ട് സുന്ദരനായിരുന്നു അവൻ. അവന്റെ കഴുത്തിൽ നല്ല മണി കിലുങ്ങി. കാലിൽ ഓട്ടുമണിച്ചിലങ്ക കൊമ്പിൽ സ്വർണ്ണക്കടലാസ്സ് ഒട്ടിച്ച് പൂവെച്ചിരുന്നു... നീണ്ട താടി സ്വർണ്ണനൂലുകൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു... വാലിൽ വെള്ളിനൂൽക്കെട്ട്. എന്നെക്കണ്ട് കൊറ്റൻ പ്രേമത്തോടെ നോക്കി.. ഞാൻ കുട്ടിക്കാലത്തെ കൊറ്റനെയോർത്തു...
ഉള്ളാൾ ദർഗ്ഗയുടെ മണിക്കുടങ്ങൾ ആകാശത്തേയ്ക്ക് ഉയർന്നു നിന്നു. വായുവിൽ ചന്ദനക്കുടം മണക്കുന്നു. ബിരിയാണിയിൽ ആട്ടിറച്ചി വേവുന്ന മണമുയരുന്നു. പടക്കമരുന്നിന്റെയും അനേകമനുഷ്യരുടെയും ഗന്ധമുയരുന്നു...
എന്റെ കുട്ടിക്കാലത്ത് ഉള്ളാൾ ദർഗ്ഗയിൽ നിന്നും പേങ്ങാട്ടങ്ങാടിയിൽ സ്ഥിരമായി നേർച്ച പിരിക്കാൻ വരാറുണ്ടായിരുന്ന മുട്ടനാട്. ട്രെയിനും ബസ്സും കയറി ഒരുങ്ങി കിലോമീറ്ററുകൾ സഞ്ചരിച്ച് നേർച്ച പൈശ പിരിക്കാൻ വരുന്ന ഒന്നൊന്നര കൊറ്റൻ. പെണ്ണുങ്ങളെ കണ്ടാൽ പ്രേമത്തോടെ നോക്കുന്ന കുട്ടികളെക്കണ്ടാൽ വാത്സല്യത്തോടെ നോക്കുന്ന ആടിന്റെ കഴുത്തിലെ സഞ്ചിയിൽനിന്നും ഞാനും സിറാജ്ജുവും നേർച്ച പൈസ അഞ്ചു രൂപ ഇട്ടതും പിന്നെ തിരിച്ചെടുത്തതും ഓർത്തു. അത് സൗഹാർദ്ദത്തോടെ ഞങ്ങൾ കൊടുത്ത അമ്പാഴയില തിന്നു. വീണ്ടും സിറാജുന്നീസ്സ ആടിന്റെ സഞ്ചിയിൽ കയ്യിട്ടു. വാങ്ക് മുഴങ്ങി. ""വേണ്ട വേണ്ടാ'' ഞാൻ വിലക്കുമ്പോഴേയ്ക്കും ആട് സിറാജുവിനെ കുത്തിയിട്ടു. ഉള്ളാളിലെ ആടിനു ദേഷ്യം വന്നാൽ പള്ളകുത്തി ചോരയെടുക്കുമെന്നാണ് കേൾവി.""വേണ്ട ആടെ വേണ്ട.'' ഞാനും ആടിനെ തടയാൻ നോക്കി. എന്നെയും കൊമ്പു കുലുക്കി അവൻ ഭയപ്പെടുത്തി. സിറാജ്ജുന്നീസ വീണിരുന്നു. ഒരു കൈകുത്തി എണീക്കാനവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല... ഞാൻ ആടിന്റെ കൊമ്പിൽ പിടുത്തമിട്ടു.""ഓടി വരണേ'' ആട് എന്നെ തൂക്കിയെടുത്തു മുമ്പോട്ട് ഓടി. വീഴാതിരിക്കാൻ ഞാൻ ആടിന്റെ കൊമ്പിലൊ കഴുത്തിലൊ എവിടെയൊക്കെയോ ചുറ്റിപ്പിടിച്ചു... സ്‌കൂളിനടുത്തെ ചളിയിൽ ആടെന്നെ തള്ളിയിട്ട് ഓടിക്കളഞ്ഞു...
അതു പോലൊരു കൊറ്റനാട്...""എന്നിട്ട് ഞാനിതിനെം നേർച്ചപ്പൈസ്സേനെം സിയാറത്തിനു പോമ്പം ദർഗ്ഗേലു കൊടുക്കും'' ഞാൻ തലയാട്ടി...
കാലങ്ങൾ വീണ്ടും കഴിഞ്ഞു. ഉമ്മാമ്മയെയൊക്കെ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. ഞാനവരെയൊക്കെ ഓർമ്മയിൽ നിന്നും കളഞ്ഞപോലെയായിരുന്നു. കാസർഗോട്ട് ഓഫീസ്സിലെ ഔദ്യോഗിക ടൂറിന്റെ ഭാഗമായി കറങ്ങുമ്പോൾ ആദ്യമായി ഉള്ളാൾ ദർഗ്ഗ കണ്ടു. ഉമ്മാമയെ ഓർത്തു. സിറജുന്നീസ്സയെ ഓർത്തു.
ഞാൻ പരിഭ്രമത്തോടെ ചുറ്റും പരതി. തൊട്ടരികെ കാഞ്ഞിര മരത്തിന്റെ കീഴിൽ കൈപ്പത്തിയില്ലാത്ത കൈകൊണ്ട് പുകയിലച്ചുരുട്ട് വലിച്ചും കൊണ്ട് അയാളിരിക്കുന്നു. ഉമ്മാമ്മ തച്ചു തകർത്ത രണ്ടു കൈകളും പത്തിയ്ക്കു താഴെ മുറിച്ചു മാറ്റിയിരുന്നു...
അഞ്ചാറ് ആടുകൾ കഴുത്തിൽ സഞ്ചിയും തൂക്കി നേർച്ചപ്പൈശയ്ക്കായി നടക്കുന്നതു കണ്ടു. വഴിയോരങ്ങളിൽ നിറയെ ഭിക്ഷക്കാർ. അനവധിയാളുകൾ പ്രാർത്ഥനയ്ക്കും ഭക്ഷണത്തിനുമായി കുത്തിയിരുന്നു...
ഞാൻ ജീപ്പിൽ നിന്നും ഇറങ്ങി. ഉള്ളാൾ ദർഗ്ഗയുടെ മണിക്കുടങ്ങൾ ആകാശത്തേയ്ക്ക് ഉയർന്നു നിന്നു. വായുവിൽ ചന്ദനക്കുടം മണക്കുന്നു. ബിരിയാണിയിൽ ആട്ടിറച്ചി വേവുന്ന മണമുയരുന്നു. പടക്കമരുന്നിന്റെയും അനേകമനുഷ്യരുടെയും ഗന്ധമുയരുന്നു... അവയ്ക്കിടയിൽ എന്നെ ഞെട്ടിച്ചും കൊണ്ട് ഒരു ഗന്ധമുയർന്നു... വീണ്ടും പഴയതും ഭയപ്പെടുത്തുന്നതും ഞാൻ എന്നേയ്ക്കുമായി മറന്നു പോയതുമായ ഒരു ഗന്ധം...
അത് ഴാപ്പാണം പുകയിലയുടേതായിരുന്നു.. പുലിയുടെ മുഖമുള്ള ചെമ്പൻ താടിയും മീശയുമുള്ള ക്രൂരനായ മനുഷ്യന്റെ ഓർമ്മയായിരുന്നു എനിക്കത്. ഞാൻ പരിഭ്രമത്തോടെ ചുറ്റും പരതി. തൊട്ടരികെ കാഞ്ഞിര മരത്തിന്റെ കീഴിൽ കൈപ്പത്തിയില്ലാത്ത കൈകൊണ്ട് പുകയിലച്ചുരുട്ട് വലിച്ചും കൊണ്ട് അയാളിരിക്കുന്നു. ഉമ്മാമ്മ തച്ചു തകർത്ത രണ്ടു കൈകളും പത്തിയ്ക്കു താഴെ മുറിച്ചു മാറ്റിയിരുന്നു... നെറ്റിയിൽ തുന്നിക്കൂട്ടിയതിന്റെ വലിയ അടയാളം
വേട്ടക്കാരൻ മൃഗത്തിന്റെ മുഖം. വാർദ്ധക്യത്തിനും മറയ്ക്കാനാകാത്ത ക്രൂരതയുടെ കാഠിന്യം. എന്റെ കാല് വിറച്ചു. ഞാൻ ജീപ്പിലേയ്ക്ക് ഓടിക്കയറി..
മയ്യത്തുംകണ്ടിയുടെ തണുപ്പുള്ള കാറ്റ് എന്നെ ചുറ്റിത്തിരിഞ്ഞു... വാപൊത്തുന്ന തഴമ്പിച്ച കൈകൾ... പുലിയുടെ നായാട്ടു മുഖം. കാറ്റിൽ ആഞ്ഞടിയ്ക്കുന്ന കൊങ്കിയിരുമ്പ്. തലയോട്ടി പിളരുന്ന ശബ്ദം... പ്രകാശത്തിലേയ്ക്ക് പൂണ്ടു പോകുന്ന അപസ്മാരത്തിന്റെ ചുഴികൾ.
ഞാൻ തിരിഞ്ഞു നോക്കി.. പകയുടെയും തിരിച്ചറിവിന്റയും കണ്ണുകൾ തുറുപ്പിച്ച് ആ മുറിക്കൈയ്യൻ എന്നെ നോക്കി നിൽക്കുന്നു...
വർഷങ്ങൾക്കു ശേഷം അപസ്മാരത്തിന്റെ വലിയ ഗർത്തത്തിൽ വീഴാൻ പോകും മുമ്പെ ചുറയുന്ന വെളിച്ചപ്പൊറ്റകൾ... പിണയുന്ന ഞരമ്പുകൾ... രക്തം ഭൂഗർഭക്കുഴലിലെന്നോണം ചൂടായ് തിളയ്ക്കുന്നു....
അമ്മയും ഉമ്മാമ്മയും ഡോ. എൻ.എസ്.വിയും മരിച്ചു പോയ ഒരു ലോകത്തേയ്ക്ക് അനാഥയും അപസ്മാരക്കാരിയുമായ ഒരു പെൺകുട്ടി ഭയത്തോടെ ചുരുങ്ങി ചൂളിയിരുന്നു...
പള്ളിയിൽ നിന്നും ഏകാകികൾക്ക് വേണ്ടിയുള്ള ബാങ്കുയർന്നു...▮
(തുടരും)