ചിത്രീകരണം: കെ.പി. മുരളീധരൻ

സ്വാർത്ഥഗീതാഞ്ജലി

എന്റെ കഥ- 16

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമത്തിന്റെ പരസ്യകാഴ്ചകൾ അവർക്കിടയിൽ ഉണ്ടായിരുന്നു, രഹസ്യമായല്ല പരസ്യമായി തന്നെ.

ഗീതാഞ്ജലിയോളം സൗഭാഗ്യമുള്ളവളെ ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടിട്ടില്ല. കറുപ്പിലേയ്ക്കു പോകുന്ന മാദകമായ തൊലിപ്പുറം സദാ തിളക്കമാർന്നു നിന്നു.
നീണ്ടു വിടർന്ന കരിങ്കൂവളക്കണ്ണുകൾ, മനോഹരമായ ആകൃതിയൊത്ത ചുണ്ട്, വിലയേറിയ ഉടുപ്പുകൾ ഷൂസുകൾ, ആഭരണങ്ങൾ, സ്‌കൂട്ടറിലെ യാത്ര. ഏറ്റവും ആഹ്‌ളാദവതിയായിരുന്നു എന്നതാണ് വലിയ കാര്യം. അച്ഛന്റെയും അമ്മയുടെയും ഒറ്റക്കുട്ടി. അച്ഛനുമമ്മയുമാണെങ്കിലൊ ഒരു വഴക്കും പിടിക്കാത്ത പരസ്പരം പ്രേമത്തോടെ മാത്രം സംസാരിക്കുന്നവർ.

""വിലാസിനീ..'' എന്ന് ഗീതാഞ്ജലിയുടെ അച്ഛൻ വിളിയ്‌ക്കേണ്ട താമസം, ചിരിച്ച മുഖത്തോടെ അവിടെ അമ്മയെത്തിയിരിക്കും.""പ്രഭേട്ടാ എന്തേ വേണ്ടൂ?'' എന്ന് നെല്ലായ ഭാഷയിൽ ചോദിക്കും. ചിലപ്പോൾ ചായപാർന്ന സ്റ്റീൽ ടംബ്ലറുമായി ഓടി വന്നു. വിലാസിനി മേമ സദാ തിളക്കമുള്ള പട്ടുസാരികൾ ഉടുത്തു. കാഞ്ചീപുരത്തിന്റെ തനത് തറിയിൽ ആനകളും മയിലുകളും തത്തകളും തുന്നിയ പൊങ്കശവിന്റെ ദ്യുതിയിൽ മുഖം തുടുത്തിരുന്നു. അത്രയും ഭംഗിയുള്ള സാരിയുടുത്ത് ഞാനെന്റെ അമ്മയെ കണ്ടിട്ടില്ല. എന്റെമ്മയ്ക്ക് അത്ര വിലയും ഭംഗിയുള്ള സാരിയില്ല. വീട്ടിൽ നിൽക്കുമ്പോൾ ചെട്ടിനാടു കോട്ടൻസാരികളുടുത്തു. കൊണ്ടകെട്ടി കൊണ്ടപ്പിന്നാൽ മുല്ലപ്പൂക്കൾ ചൂടി. കണ്ണൂകളിൽ ജാ ഈ കാജൽ കണ്മഷി തേച്ചു.

""ഏട്‌ത്ത്യേ എനിക്ക് ആ ഡബ്ബ കാണിക്കൂ''""നോക്കിക്കോളൂ ശിങ്കാറു കമ്പിനീടിയാ. ജയലളിത ഇതാണ് ഇടണത്'' തികഞ്ഞ ഗർവ്വോടെ കുങ്കുമ സ്റ്റിക്കർപേസ്റ്റ് അമ്മയ്ക്ക് നീട്ടി.""വട്ടത്തില് തൊട്ടോളൂ സത്യേ. ദാ ഇങ്ങനെ'' തീപ്പെട്ടിക്കൊള്ളികൊണ്ട് വട്ടത്തിൽ വരച്ചു പൊട്ടു വലുതാക്കി. പേസ്റ്റിനു മീതെ കുങ്കുമം കൊണ്ടു തൊട്ടു.
മൊത്തം വിലാസിനിവെല്ല്യമ്മ സ്റ്റാറാണ്. ഊട്ടിയിൽ നിന്നും വരുമ്പോൾ കൊട്ടയിൽ ക്യാരറ്റും കവറിൽ മഞ്ഞപ്പൂക്കളുമുണ്ടാകും. എനിക്കായി പൈങ്കായ് കൊണ്ടുണ്ടാക്കുന്ന ഒരു ഷോപ്പീസ്സും. അവരൊരു പാക്കേജായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമത്തിന്റെ പരസ്യകാഴ്ചകൾ അവർക്കിടയിൽ ഉണ്ടായിരുന്നു, രഹസ്യമായല്ല പരസ്യമായി തന്നെ.

""പ്രഭേട്ടാ പ്രഭേട്ടാ'' എന്നു വിളിച്ച് അവർ കൊഞ്ചി. മുത്തശ്ശിമാർ പരസ്പരം നോക്കി. വേശുവെല്ലിമ്മയെ നോക്കി കോലോത്തമ്മ "ശിവ ശിവ' എന്നു പറഞ്ഞു കൊണ്ട് നിലവിളക്ക് പുളിയും ചാരവുമിട്ട് മെഴുകി. പ്രേമരംഗങ്ങൾ കണ്ട് അമ്പലക്കുളത്തിനു മുമ്പിൽ കുളിക്കുന്ന ചെറുക്കന്മാരും പരസ്പരം നോക്കി. ചെട്ടിച്ചി ചീര്വേമ്മമ്മാത്രം പൊട്ടിച്ചിരിച്ചു കൊണ്ട് കോലായിലിരുന്ന് അവരുടെ പ്രേമനാടകങ്ങളെ നോക്കി.""ഒന്ന് ചൊറഞ്ഞ് തരീം ചെട്ട്യാരെ'' അവർ കൈകളുയർത്തി പുറമെത്തിച്ചു ചൊറിയാൻ നോക്കി.. ചെട്ട്യാർ നെയ്‌തെടുത്ത ഈരിഴത്തോർത്തിനുള്ളിലൂടെ ഉരുണ്ടമുലകൾ കാണായി.

""എനക്ക് വേറേപ്പണീണ്ട് ചീര്വോ'' ചെട്ട്യാർ മോഹവല മുറിക്കാൻ ദുർബലമായി പരിശ്രമിച്ചു. എവിടുന്ന്. ചുവന്ന ചുട്ടിയുള്ള തോർത്തും ചേർത്ത് പിടിച്ചവർ കുണുങ്ങിച്ചിരികളോടെ അകത്തേയ്ക്കു പോയി.
കുളക്കടവിലെ ഊളച്ചെക്കന്മാർ നീട്ടി വിസിലടിച്ചു. അകത്തേയ്ക്ക് പോയ ചീരു അതേ വേഗത്തിൽ തിരിച്ചു വന്നു ഒറ്റ ആട്ട്.""ത്ഭ്ഫാ... ന്താണ്ടാ ഊട്ടിക്കാരത്തീന്റെ കാണുമ്പോ ഇല്ല്യാത്തൊരു ചൊറീം ചൂളോം.. ഇന്റെ ചെട്ട്യാണ്ടാ.'' ചീരു ചവിട്ടിക്കുതിച്ച് അകത്തേയ്ക്ക് പോയി.""നിങ്ങക്ക് അകത്ത്ന്ന് സംസാരിച്ചൂടെ കുട്ട്യോളെ. ഈ പുളിഞ്ചോട്ടില് അപ്പടി ചോണോനിറുമ്പാ'' എന്ന് തങ്കവെല്ല്യമ്മ സമവായം പറഞ്ഞു.""തട്ടീട്ടും പോണില്ല്യേ തട്ടാരെ ചോണോനുറുമ്പ്'' എന്ന ഗാനം കുളക്കരയൂളന്മാർ ഓളിയിട്ട് പാടി.

ഞാനൊക്കെ ജീവിതത്തിലെ പ്രശ്‌നങ്ങളെ അറിഞ്ഞു വരുന്ന സമയമാണ്.
ചില നിയന്ത്രണങ്ങളൊക്കെ അമ്മയുടെ ഭാഗത്ത് നിന്നുള്ള സമയം. വസ്ത്രങ്ങളിലും കളിപ്പാട്ടങ്ങളിലും നിയന്ത്രണം നടപ്പാക്കപ്പെട്ടു. വീടു വളരുകയാണ്. ഒരു പുതിയ കുട്ടിച്ചാത്തങ്കെയുടെ അലർച്ചയാൽ വീട് തളരുകയാണ്. ഒരു വെള്ളപ്പാറ്റ വീട്ടിൽ വന്നു ജനിച്ചു. വാ തുറന്നാലതിനു വിശപ്പാണ്. സെറിലാക്ക് പൗഡർ കൊട്ടിക്കൊട്ടി അമ്മ മടുത്തു. ജോൺസൺ ബേബി പൗഡറിട്ടും ക്രീമിട്ടും തിളക്കാനൊക്കെ പണം വേണം. ഞാനും അനിയനും സങ്കടപ്പെട്ടു. ഈ ജീവിയെന്താണിങ്ങനെയെന്ന് അത്ഭുതപ്പെട്ടു. ഒരു ചെറിയകുട്ടിയ്ക്ക് നാലാളുടെ ചെലവാണെന്നു മനസ്സിലായി. അമ്മുകൂടി വളർന്നു വന്നതോടെ നിയന്ത്രണം അത് അതിന്റെ പാരമ്യത്തിലായി.

എന്റെ അമ്മ പഠിക്കാൻ മടിച്ചിയായിരുന്നു. ഡിഗ്രി തോറ്റിരുന്നു. നന്നായി പഠിക്കുന്നവർ പഠിച്ചോട്ടെ എന്ന മനോഭാവമായിരുന്നു (എന്നാലെനിക്ക് പഠിക്കണ്ടല്ലോ എന്ന യഥാർത്ഥഭാവം അമർത്തിക്കൊണ്ട്). ജീവിതം കൊണ്ടാണ് അമ്മയ്ക്കതിനു വില കൊടുക്കേണ്ടി വന്നത്. 500 രൂപയും 100 രൂപയുമൊക്കെയായിരുന്നു അൺ എയിഡഡ് സ്‌കൂളിലെ ശമ്പളം. മൂന്നു കുട്ടികളെയും കൊണ്ടമ്മ ബുദ്ധിമുട്ടി.

അമ്മയുടെ സാരികൾ വിലാസിനി വെല്ല്യമ്മയുടേത് പോലെയായിരുന്നില്ല. വിലകുറഞ്ഞ കോട്ടൺ സാരികളും ഖാദിസാരികളും ജോർജെറ്റ് സാരികളുമൊക്കെ ഉടുത്ത് അമ്മയങ്ങനെ പോയി. ഞങ്ങൾക്ക് നല്ലതൊക്കെ വാങ്ങിത്തന്നു.
ഗീതാഞ്ജലി ഊട്ടിയുടെ കിടുക്കൻ സ്‌റ്റൈലിൽ നാട്ടിൽ വന്നിറങ്ങി. കാണാനുള്ള ഭംഗിയും ഒറ്റക്കുട്ടിയ്ക്കു കിട്ടിയ അമിത വാത്സല്യവും ഗീതച്ചേച്ചിയെ വഷളാക്കിയിരുന്നു. എല്ലാവരോടും മോശമായി പെരുമാറുക അവർക്ക് ഹരമായിരുന്നു. എല്ലാ കസിൻസിനോടും തികഞ്ഞ പുച്ഛം, അവമതി. എന്തു കിട്ടിയാലും പങ്കിടാത്ത ശീലം. ഞങ്ങളുടെ വീട്ടിൽ പരസ്പരം പങ്കിടൽ വലിയ ഒരു സംഗതിയായാണ് കണക്കാക്കിയിരുന്നത്. ആഹാരം പോലും സ്വന്തം കഴിയ്ക്കുന്ന ഗീതച്ചേച്ചി ഞങ്ങൾ കുട്ടികളെ സങ്കടപ്പെടുത്തി.

ഐസുകാരൻ വരുമ്പോൾ കയ്യിലെ പേഴ്സിൽ നിന്നും ഒറ്റയ്ക്ക് ഐസു വാങ്ങിക്കഴിച്ചും മിഠായികൾ വാങ്ങിയും അവരുടെ അച്ഛൻ കൊണ്ടു കൊടുക്കുന്ന ബിസ്‌കറ്റുകൾ ഒറ്റയ്ക്കു തട്ടിയും കൊച്ചു കുട്ടികളുടെ കൊതിയടക്കം അവർ വാങ്ങി.

ഗീതേച്ചിയെ അച്ഛനോ അമ്മയോ തിരുത്തിയില്ല.
ഗീതേച്ചിയുടെ മുത്തശ്ശിയുടെ സ്വഭാവമാണതെന്ന് ആൾക്കാർ അടക്കം പറഞ്ഞു. സത്യമായിരുന്നു അത്. കണ്ണിൽ ചോരയില്ലാത്ത ആ മുത്തശ്ശിയെ ഞങ്ങൾക്ക് മാത്രമല്ല വലിയവർക്കും ഭയമായിരുന്നു. നീണ്ടു കൂർത്ത പിശാചിനീ നഖങ്ങളാൽ അവർ ഞങ്ങളുടെ തുടകളിലും കൈകളിലും അകാരണമായി നുള്ളി നോവിച്ചു. ഗീതേച്ചിയ്ക്കുമുണ്ടായിരുന്നു ആ സ്വഭാവം. ആളുകളെ നുള്ളുക, അവർ കരയുമ്പോൾ അതിലൊരാഹ്‌ളാദം തുള്ളുക. അച്ഛനുമമ്മയും ഊട്ടിയിലേയ്ക്ക് തിരികെപ്പോയാൽ പിന്നെ മുത്തശ്ശിയും മകളും കൂടി ഞങ്ങളെ കൊല്ലാക്കൊല ചെയ്തു. പ്രത്യക്ഷമായ പക്ഷപാതത്താൽ ഞങ്ങളുഴറി. ഭക്ഷണം കളികൾ സമ്മാനങ്ങൾ ഒക്കെ അന്യായമായി വലിയ മുത്തശ്ശി ഗീതച്ചേച്ചിയ്ക്കു നൽകി. ചെറിയ കുറ്റങ്ങൾക്ക് പോലും അസത്ത് അസത്ത് എന്നു ഞങ്ങളോരോരുത്തരെയും വഴക്കു പിടിയ്ക്കയും നുള്ളുകയും ചെയ്യുന്ന അവർ ഗീതച്ചേച്ചിയുടെ കുറ്റങ്ങളെ ന്യായീകരിച്ചു. എല്ലാ കുട്ടികളും അസ്വസ്ഥരായി.

ഏറ്റവും കൂടുതൽ അനുഭവിച്ചത് വലിയ മുത്തശ്ശിയുടെ മകന്റെ മക്കളായിരുന്നു. ഗീതച്ചേച്ചിയേക്കാളും രണ്ടു വയസ്സു മാത്രം മുതിർന്നവരായിരുന്നു അവർ. അമ്മത്തറവാട്ടിലെ പാരമ്പര്യ ഗുലാബികൾ അനുഭവിക്കുവാൻ ആ പാവങ്ങളാണ് വിധിക്കപ്പെട്ടത്. പ്രഭാകരമാമന്റെ സഹോദരിയായ കല്യാണിയമ്മായിയെയാണ് കുട്ടിമാമൻ കല്യാണം കഴിച്ചത്. മാറ്റക്കല്യാണത്തിന്റെ കഥതന്നെ. കല്യാണിയമ്മായി പാവമായിരുന്നു. പാലക്കാട്ടെ വെച്ചണ്ണു, പോയണ്ണു പാലക്കാട് ഭാഷയിൽ നന്നായി സംസാരിയ്ക്കും. കുട്ടിമാമ നന്നായി മദ്യപിയ്ക്കുകയും സിഗററ്റ് വലിയ്ക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഉറങ്ങാൻ കിടന്ന ശേഷം അദ്ദേഹം ഉണർന്നതേയില്ല. കോമ എന്ന പദം എന്റെ കുടുംബത്തിൽ ആദ്യമായി ഉച്ചരിക്കപ്പെട്ടു.

മെഡിക്കൽ കോളേജിൽ മൂക്കിലും മൂത്രത്തിനും കുഴലിട്ട് അദ്ദേഹം മൂന്നു നാല് മാസത്തോളം കിടന്നു. ബെഡിലേയ്ക്കു പുളിമണം തേടി മുളിറുയുമ്പുകൾ ചിതറിക്കേറി വന്നു കൊണ്ടിരുന്നു. കുട്ടമ്മാമ്മയെ അവറ്റകൾ ഒന്നും ചെയ്തില്ല. സന്ദർശകരെയും കൂട്ടിരുപ്പുകാരെയും വല്ലാതുപദ്രവിച്ചു ഉറുമ്പുകൾ. ഏറ്റവും ഒടുവിലെ മാസങ്ങളിൽ കോളേജിൽ നിന്നും ആശുപത്രി കുട്ടമ്മാമ്മയെ മടക്കി. അദ്ദേഹത്തെ ആംബുലൻസിൽ വീട്ടിൽ കൊണ്ടു വന്നു.
കോലോന്തൊടിയിലേയ്ക്ക് ...
കുളക്കരയിലെ പഴയ തറവാടായ ശ്രീനിലയത്തിലേയ്ക്ക്..ങ്ങ്യേ ങ്ങ്യേ ങ്ങ്യേ ങ്ങ്യേ എന്ന അതിവിചിത്രമായ ശബ്ദത്തിൽ ലൈറ്റിട്ട ആംബുലൻസിൽ അദ്ദേഹം വന്നു. പെണ്ണുങ്ങൾ ജഡം വന്നതു പോലെ ഏങ്ങിക്കരഞ്ഞു.

ജാനുവെല്ല്യമ്മയും അമ്മായിയുമാണ് കുട്ടമ്മാമയെ നോക്കിയിരുന്നവർ.
നന്നായി നോക്കി. മിക്‌സിയിൽ കഞ്ഞിയടിച്ചും ജ്യൂസടിച്ചും ദ്രവരൂപിയാഹാരം കൊടുത്ത് ജീവനെ പിടിച്ചു നിർത്തി.. 40 ഓ 42 ഓ അറിയില്ല, കുട്ടമാമ അങ്ങനെയേ മരിച്ചു. മയക്കത്തിൽ നിന്നുണരാതെ മരണത്തെ പുണരുന്ന ഒരുതരം കളി. ഞാനന്ന് കൊല്ലത്തായിരുന്നു. എന്നെയാരും കൂട്ടിക്കൊണ്ടു വന്നില്ല. കുട്ടമ്മാമയുടെ മരണത്തിൽ കുട്ടിയായ എനിക്കെന്ത് എന്നായിരിക്കണം വീട്ടുകാർ കരുതിയത്.

പക്ഷെ എനിക്ക് അതി കഠിനമായ ദുഃഖമുണ്ടായി. മെഡിക്കൽ കോളേജാശുപത്രിയിലെ ചീയുന്ന ഉടലുകളുടെ രോഗമണം പേറിയ സന്ദർശകയുടെ വ്യഥ. മൂക്കിലൂടെ കുഴലിടുന്നത് കത്തീറ്ററിലൂടെ മൂത്രമെടുക്കുന്നത് ഒക്കെ കാൺകെ രോഗമെന്ന സമസ്യ വേദനയും ദുഃഖവുമാണെന്ന് ഞാൻ മനസ്സിലാക്കി. ഈ ലോകത്ത് ഒറ്റ രോഗികളും ഉണ്ടാകരുതെന്ന് അക്കാലത്ത് നിത്യം പ്രാർത്ഥിച്ചു. കുട്ടമ്മാമ മരിക്കുമെന്നു ഉറപ്പായിരുന്നു. എന്നിട്ടും മരിച്ചെന്നു കേട്ടപ്പോൾ സങ്കടം കടൽകുത്തി അടിച്ചു. തിരപോലെ വിതുമ്മി. മീഞ്ചന്ത ജംഗ്ഷനിലെ ഒരു പെട്ടിപ്പീടികയിൽ നിന്ന് ബീഡി മണക്കുന്ന കൈകളാൽ മിഠായി തരുന്ന സ്‌നേഹത്തെ ഞാനോർത്തു. മദ്യപിക്കുമ്പോൾ സ്‌നേഹമേറെയായിരുന്നു. കരഞ്ഞ് കരഞ്ഞ് വാശിപിടിച്ച എന്നെ കൊല്ലത്തു നിന്നും കോഴിക്കോട്ടെയ്ക്കു കൊണ്ടു വന്നു. കുട്ടമ്മാമ മരിച്ചതിൽ എല്ലാർക്കും വലിയ സങ്കടമുണ്ടായിരുന്നു. എന്നാൽ മദ്യപിച്ച് എന്നും പൂസ്സായി ഉറങ്ങുന്ന ഒരു കുടിയനു വരുന്നതാണിത്തരം അകാലമരണമെന്ന് ലഘൂകരിക്കാനും കോലോന്തൊടിക്കാരുണ്ടായി.

""കല്യാണിയ്ക്ക് കോട്ടമ്മില്ലില് ജോലി കിട്ടൂലോ പിന്നെന്താ. എല്ലാം നടക്കും''
അനാഥരായ അമ്മായിയെയും രണ്ടു പെൺകുട്ടികളെയും സന്ദർശകർ ആശ്വസിപ്പിച്ചു. ഇണയും തുണയുമായ പുരുഷനു ബദലാണ് സർക്കാർ ജോലിയെന്ന സ്ത്രീകളുടെ ന്യായം എന്നെ സത്യത്തിൽ അമ്പരപ്പിച്ചു. അച്ഛന്റെ മരണത്തിന്റെ വിടവ് എന്റെ അമ്മ ഒരു ജോലികൊണ്ടെപ്രകാരം വീട്ടുമെന്ന് ഞാൻ ആലോചിച്ചു നോക്കി. ഒന്നും എനിക്ക് ബോധ്യമായില്ല. ചേച്ചിമാരുടെ അശരണമായ കണ്ണുകളിൽ കടുത്ത വേദനയുണ്ടായിരുന്നു. അച്ഛനില്ലാത്ത രണ്ടു പെൺകുട്ടികളെന്ന ബോധ്യം അവരെ വല്ലാതെ അനാഥരാക്കി. അമ്മായിയോട് സ്ത്രീകൾ നിർലജ്ജം പലതും പറഞ്ഞുകൊണ്ടിരുന്നു.

""അല്ലെങ്കിലും കുടിച്ച് കെടക്കണ കുട്ടേട്ടനു വെളമ്പീട്ടെന്താ. നന്നായേ ഉള്ളു. എത്രകാലച്ച്ട്ടാണിങ്ങനെ കോമേല് നോക്ക്വ?'' അമ്മായി അസഹിഷ്ണുതയോടെ എഴുന്നേറ്റു. അവരാരോടും മറുത്ത് പറയുന്നവളായിരുന്നില്ല. കേട്ടിരിക്കുവാനും അവർക്കാകുമായിരുന്നില്ല. വലിയ മുത്തശ്ശി പ്രാക്കോടെയും അവജ്ഞയോടെയും അമ്മായിയെ നോക്കി. വൈധവ്യത്തിന്റെ അസുഖകരമായ ഭാരത്തിൽ അവർ തലകുമ്പിട്ടു.

അക്കാലങ്ങളിൽ വലിയമുത്തശ്ശിയുടെ കണ്ണുകളിൽ നനവ് കണ്ടു. പക്ഷെ കരയുന്നത് ഞാൻ കണ്ടതേയില്ല. ക്രൂരമായ ആ മുഖഭാവം ഒന്നുകൂടി ചുളുങ്ങി. ഈ മരിച്ചമാസങ്ങളിൽ ഗീതച്ചേച്ചിയുടേയും വിലാസിനി വെല്ല്യമ്മയുടെയും സാന്നിദ്ധ്യമായിരുന്നു ഏറ്റവും ശ്രദ്ധേയം.

ഗീതച്ചേച്ചി ഒഴിവു വേനൽ ആസ്വദിക്കും പോലെയായിരുന്നു. ഐസു വണ്ടിക്കാരൻ വരുമ്പോൾ നിത്യം ഐസുകൾ വാങ്ങിത്തിന്നു. ലക്‌സ് സോപ്പിന്റെ പൂവാസന നിറഞ്ഞ ഉടുപ്പിൽ നൃത്തം ചെയ്തു. അവരനങ്ങുമ്പോൾ എന്റെ മൂക്കിൽ ലിറിൽ പൗഡറിന്റെ നാരങ്ങാമണം നിറഞ്ഞു. 11.30 നു ശേഷം ബോൺവിറ്റ പാലൈസിന്റെയും. ആ വീട്ടിൽ അനേകം കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ മുമ്പിൽ വെച്ച് നിർലജ്ജം ഗീതച്ചേച്ചി ഐസീമ്പിത്തിന്നു. എനിക്ക് സങ്കടം കാരണം ഹൃദയം പൊട്ടിപ്പോയി. അഭിമാനം കാരണം ചോദിക്കാനും വയ്യ.""സാരല്ലട്ടോ. ഞാൻ വാങ്ങിത്തരാട്ടോ'' വീണച്ചേച്ചി എന്നെ ആശ്വസിപ്പിച്ചു. അവരുടെ മുഖത്തെ പാവത്തവും നിസ്സഹായതയും എന്റെ ദുഃഖത്തെ ഇരട്ടിപ്പിക്കയാണുണ്ടായത്. അന്യായം എന്നോട് മാത്രമല്ല അവരോടും കൂടിയാണ് ഗീതച്ചേച്ചി ചെയ്യുന്നത് എന്നെനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

മുടിവെട്ട് സ്‌നേഹം ഒരു ഇടിവെട്ട് സ്‌നേഹം

ഗീതച്ചേച്ചിയുടെ സ്വഭാവത്തിൽ പലതരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സ്വാർത്ഥതയും താൻപോരിമയും അഹന്തയും മുന്നിട്ടു തന്നെ നിന്നു. നല്ല സ്‌നേഹമുള്ളപ്പോൾ തന്നെ പൊടുന്നനെ പിണങ്ങും നമ്മളെ അള്ളുകയും നുള്ളുകയും ചെയ്യും. അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്യും.
നമ്മൾ വേദനകൊണ്ട് പുളഞ്ഞു നിൽക്കുമ്പോൾ ഉറക്കെ വലിയവാവെച്ച് കരഞ്ഞു കൊണ്ട് നമ്മളെ ആക്രമിക്കും. ഇതെന്ത് എന്നാലോചിക്കും മുമ്പേയാണ് ചെയ്യുന്നത്. ആരു കേട്ടാലും കരുതുക നമ്മൾ ഗീതച്ചേച്ചിയെ ആക്രമിച്ചു എന്നാണ്.
നമ്മളെ ഉപദ്രവിച്ച ശേഷം നിലവിട്ടു കരഞ്ഞ് വലിയ മുത്തശ്ശിയ്ക്കരികിലേയ്ക്ക് പോകുകയും ചെയ്യും.""അമ്മമ്മാ യെന്നെയിത്? എന്നെ കാട്ടി അമ്മമ്മാ'' തമിഴ് കലർന്ന മലയാളത്തിൽ അഭിനയിച്ചു വിതുമ്പി.
അച്ഛൻ മരിച്ചിരിക്കുന്ന രണ്ട് പെൺകുട്ടികളും ഗീതച്ചേച്ചിയാൽ വല്ലാതെ ബുദ്ധിമുട്ടി. ഉപദ്രവവും വാക്കുകൊണ്ടുള്ള മുറിപ്പെടുത്തലും ഭയങ്കരമായിരുന്നു. ക്രൂരതയുള്ള പെരുമാറ്റവും ഗീതച്ചേച്ചിയുടെ പ്രത്യേകതയായിരുന്നു.

വലിയ മുത്തശ്ശി ഗീതച്ചേച്ചി പറയുന്നതപ്പടി വെള്ളം തൊടാതെ വിഴുങ്ങി വന്നു വീണച്ചേച്ചിയേയും സിന്ധുച്ചേച്ചിയേയും നന്നായി ഉപദ്രവിച്ചു. തരം കിട്ടുമ്പോൾ അപമാനിച്ചു. വീണച്ചേച്ചിയും സിന്ധുച്ചേച്ചിയും സങ്കടപ്പെട്ട് നിൽക്കുമ്പോൾ വലിയ മുത്തശ്ശി ക്രൂരമായ ആനന്ദത്തോടെ അവരെ പ്രാകി.""തന്തേക്കൊല്ലികള്. ഭാഗ്യം വേണം എന്തിനും ഭാഗ്യം വേണം. നാശങ്ങള്. ഇന്റെ കുട്ടീനെ ഉപദ്രവിക്കാൻ നടക്കുണു.'' അമ്മായി വളരെ പാവമായതിനാലും ഗീതച്ചേച്ചി സ്വന്തം ഏട്ടന്റെ മകളായതിനാലും ഒന്നും കാര്യമാക്കാതെ സഹിച്ചു.""വീണേ വേണ്ട.'' അവർ സ്വന്തം മകൾ ന്യായാന്യായങ്ങൾ നിരത്തുമ്പോഴൊക്കെ ആശ്വസിപ്പിച്ചു.""രണ്ട് കയ്യടിച്ചാലെ ശബ്ദണ്ടാവൂ. ഒന്നും പറയണ്ട. അവള് പോവ്വല്ലെ. വിട്ടാള് വീണേ.അദ് മതി''

ഗീതച്ചേച്ചി കരഞ്ഞാലും വീണാലും നിന്നാലും തിരിഞ്ഞാലും കുറ്റവാളിയായി മുദ്ര കുത്തിയ വീണച്ചേച്ചിയെ അമ്മായി ആശ്വസിപ്പിച്ചു. ജീവിതകാലം മുഴുവനും വീണച്ചേച്ചിക്ക് കടപ്പെടുന്നവളായിരിക്കും താനെന്ന് ഗീതച്ചേച്ചി അക്കാലത്ത് ഓർമ്മിച്ചില്ല. മരണത്തിനപ്പുറം അനാഥനായിപ്പോയ തന്റെ മുലകുടിക്കുഞ്ഞിനെ അനാഥമന്ദിരത്തിൽ വിടാതെ വീണച്ചേച്ചി സ്വന്തം മകനായിട്ട് വളർത്തി. തന്റെ നെഞ്ചിൽ ചേർത്തുറക്കുയും പാലുകൊടുത്തും പൊന്നേപൊട്ടേ പൊടിയേയെന്നു കൊഞ്ചിച്ചും ആ കുഞ്ഞിനോട് വീണച്ചേച്ചി പ്രതികാരം വീട്ടി. കാലത്തിന്റെ കണക്കുപുസ്തകങ്ങൾ എത്ര വിചിത്രമാണ്. അതിൽ എഴുതിച്ചേർത്ത മറുകുറിപ്പുകളും പ്രതികാരങ്ങളുമടക്കം!

വിലാസിനി വെല്ല്യമ്മ ഗീതച്ചേച്ചിയുടെ ഇത്തരം സ്വഭാവങ്ങളെ നിയന്ത്രിച്ചതേയില്ല. ഭർത്താവുമായി സകല സമയവും വർത്തമാനം പറഞ്ഞും മകളെക്കൊഞ്ചിച്ചുമങ്ങനെ നിന്നു. വലിയ മുത്തശ്ശിയെപ്പോലെയോ ഗീതച്ചേച്ചിയെപ്പോലെയോ ക്രൂരമായതോ എടുത്തടിച്ചതോ പോലെയുള്ള പെരുമാറ്റം വിലാസിനി വെല്ല്യമ്മയ്ക്കില്ലായിരുന്നു. എല്ലാവരോടും അവർ മധുരതരമായിപ്പെരുമാറി. ആരും "എന്തൊരു പാവാണ് വിലാസിനി' എന്നു പറയുമ്പോൾ വിനയം പൂണ്ടു നിന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് അമ്മ വീട്ടിൽ വലിയ വിപണിയുണ്ടായിരുന്നു. എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്ന, ന്യായങ്ങൾ കൃത്യമായി സംസാരിക്കുന്ന ഞാൻ വായാടിയായി. തർക്കുത്തരക്കാരിയായി. തന്റേടിയായി. ഗീതച്ചേച്ചിയേയും വലിയ മുത്തശ്ശിയേയും ഞാൻ വർഗ്ഗശത്രുവായി പ്രഖ്യാപിച്ചു.""അണ്ണാച്ചിയാരെടാ ചൊല്ലെടാ ചൊല്ലെടാ അണ്ണാച്ചീ ഗീതെടാ കേട്ടടാ കേട്ടടാ ഒറ്റാന്തീനിയാരെടാ ചൊല്ലെടാ ചൊല്ലെടാ അണ്ണാച്ചീ ഗീതെടാ കേട്ടടാ കേട്ടടാ മുണ്ടി വഴക്കിയാരെടാ ചൊല്ലെടാ ചൊല്ലെടാ അണ്ണാച്ചീ ഗീതെടാ കേട്ടടാ കേട്ടടാ''
എന്റെ പെൻസിലിനു നീളമുള്ളിടത്തോളം കാലം. എന്റെ സ്ലേറ്റ് മായ്ക്കാൻ വെള്ളത്തണ്ടു വെള്ളമിറ്റിക്കുവോളം കാലം എനിക്ക് ആരെയും ഭയമുണ്ടായിരുന്നില്ല. എന്റെ ഗാനരചനയും കവിതയെഴുത്തും അക്കാലത്ത് നാട്ടിൽ കുപ്രസിദ്ധമായി

""കണ്ണൂർക്കായലിലേതോ ഒരു അജ്ഞാതന്റെ കോണം അലയും കാറ്റിലുലയും'' ""വെള്ളട്രൗസ്സറിനുള്ളിലിരിക്കും പുള്ളിത്തവളേ ചാടൂ'' എന്ന പ്രശസ്തഗാനം അഡൾട്ട്‌സ് ഓൺലി ലോകങ്ങളിൽ ഞാനറിയാത്ത അർത്ഥവുമായി പാടിത്തിമർത്തു. കുളത്തിൻ വക്കത്തിരുന്നു കഞ്ചാവ് വലിച്ചു കൊണ്ടിരുന്ന ക്രിസ്ത്യൻ കോളേജിലെ കുട്ടികൾ എനിക്ക് മിഠായി വാങ്ങിത്തന്നു. തീവണ്ടിയിലെ ഗായകർ പാടും പോലെ വയറ്റത്തടിച്ചു ഞാൻ വലിയ ശബ്ദത്തിൽ പാടി.""വെള്ളട്രൗസ്സറിനുള്ളിലിരിക്കും പുള്ളിത്തവളേ ചാടൂ പുള്ളിത്തവളേ ചാടൂ മാനും മയിലുറങ്ങീലെ മാമിയെക്കാണാൻ പോരൂ''

""ഗംഭീരം കുഞ്ഞാവെ'' അവർ കയ്യടിച്ചു.""എങ്ങനെയാണീ പാട്ട് ഓർമ്മ വന്നത്?''""മാമി ഒരു പാട്ട് പാടാൻ പറഞ്ഞു ഞാൻ പാടി''
പട്ടും പൂവും പൊട്ടും തൊട്ട അയ്യരുടെ അതിസുന്ദരിയായ മാമി എന്റെ പാട്ടുകേട്ട് ""മാമാ'' എന്നലറി വിളിച്ചു. ഞാനും എന്റെ പാട്ടും മാമിയും കോളോന്തൊടിയിൽ ഹിറ്റായി ഓടി.""എന്നിട്ടോ?''""മാമ വന്നു പാട്ടു കേട്ട് രണ്ടാളും ചിരിയോ ചിരി''
ചെക്കന്മാർ തലയറുന്നു ചിരിച്ചു.

""തൽക്കുത്തരം പോരാഞ്ഞാണ് തോന്ന്യാസപ്പാട്ടുണ്ടാക്കല്. അസത്ത് , പുസ്തകപ്പുഴു.'' വല്ല്യമുത്തശ്ശി എന്നെ ഭർത്സിച്ചു.
""പോട്ടെ കുട്ട്യല്ലെമ്മെ. അതിനൊന്നും അറിയില്ല'' വിലാസിനി വെല്ല്യമ്മ
എനിക്ക് പക്ഷം ചേർന്നു. എല്ലാർക്കും പക്ഷം ചേർന്നു. ദൈവം താവഴിയിലെ ഒരു കണ്ണിയിൽ ക്രൂരത ചേർത്തിട്ടില്ലെന്നു ഞാനാശ്വസിച്ചു. പക്ഷെ അത് തെറ്റായിരുന്നു. താനും അമ്മയെപ്പോലെയും മകളെപ്പോലെയും ക്രൂരയാണെന്നും ഒട്ടും തന്നെ മോശമല്ലെന്നും വിലാസിനി വെല്ല്യമ്മ തെളിയിച്ചു. തെളിയിച്ചു.

കുട്ടമ്മാമ്മ മരിച്ച് രണ്ട് മൂന്ന് മാസമായ സമയത്ത് വീണച്ചേച്ചിയ്ക്ക് തിരുവാതിര ഞാറ്റുവേലയ്ക്കിത്തിരി മുടി മുറിയ്‌കേണ്ടതായി വന്നു. ചന്തി കവിഞ്ഞു കിടക്കുന്ന ആ മുടിയ്ക്ക് നല്ല ചന്തമായിരുന്നു. ആർക്കും അസൂയ തോന്നും വിധം ഭംഗിയുള്ളത്. കരിമ്പട്ടഴകിയിഴകൾ ഒഴുകി. നല്ല ഭംഗിയിൽ കാറ്റിൽ അത് എല്ലാരെയും അസൂയപ്പെടൂത്തി. ഗീതച്ചേച്ചിയെപ്പോലെ സുന്ദരിയൊന്നുമല്ലാത്ത ഇരു നിറത്തിലുള്ള വീണച്ചേച്ചിയെ അക്കാലത്ത് മുടി ഒരു അഴകിയാക്കി മാറ്റിയിരുന്നു. ഞാറ്റു വേലയ്ക്ക് മുടിയുടെ തുമ്പ് മുറിയ്ക്കുന്ന പതിവുണ്ട്.""അമ്മായി മുറിക്കാലോ'' വിലാസിനിയമ്മായി ഗീതച്ചേച്ചിയുടെ മുടിത്തുമ്പ് വെട്ടിയ ശേഷം വീണച്ചേച്ചിയെ വിളിച്ചു. ഏതു കഷ്ടകാല സമയത്താണോ എന്തോ വിലാസിനിയമ്മായി നന്നായി ചീകി മുടിയുടെ തുമ്പു വെട്ടുന്നതിനു പകരം ഒരു കൈമുഴം നീളത്തിൽ മുടിയുടെ മധ്യഭാഗത്ത് വെച്ച് മുടി വെട്ടിയിട്ടു. എന്താണ് നടന്നതെന്ന് വീണച്ചേച്ചിയ്ക്ക് മനസ്സിലായതു പോലുമില്ല. അതിനുമുമ്പ് എല്ലാം കഴിഞ്ഞു. കുളത്തിൽ നിന്നും ആമ്പല വാസനയുമായി അടിച്ച കാറ്റിൽ പൂഴിമണ്ണ് ചിതറി മുടിയിഴയ്‌ക്കൊപ്പം പരന്നു.""അയ്യോ വിലാസിനീ എന്താണീ കാട്ട്റ്റീത്?''

ജാനു വെല്ല്യമ്മ ഓടി വന്നു. കമലവെല്ല്യമ്മ ഓടി വന്നു. ഏട്ടമ്മ ഓടിവന്നു. പുല്ലാരെ സുധ, സുനീതി, വാസന്തിച്ചേച്ചി എല്ലാവരും സ്തബ്ധരായി. വീണച്ചേച്ചി നെഞ്ച് തകർന്നു പൊട്ടിക്കരഞ്ഞു.

""എന്തിനാ നീയ്യിപ്പം മോങ്ങണത്?'' വിലാസിനി വെല്ല്യമ്മയ്ക്ക് കൂസലേ ഉണ്ടായിരുന്നില്ല. അവരുടെ അത്തരത്തിലൊരു മുഖം ഞാനാദ്യമായായാണ് കാണുന്നത്.""നീയ്യ് പറഞ്ഞിട്ടല്ലെ ഞാൻ വെട്ടീത്? കായ്​മപത്തൂരിലെ സ്‌റ്റൈലു വേണന്ന് പറഞ്ഞിട്ടല്ലെ?'' വിലാസിനി വെല്ല്യമ്മ കളവ് പറയുന്നത് കേട്ട് ഞാനമ്പരന്നു.""ഞാനൊന്നുമ്പറഞ്ഞില്ലല്ലോ അമ്മായി..'' വീണച്ചേച്ചി വിതുമ്പി.

""അസത്ത് നൊണ പറയണത് കണ്ടില്ലെ?'' വലിയമുത്തശ്ശി മകളെ ന്യായീകരിക്കാൻ തുടങ്ങി""തന്തചത്തട്ട് ഒരു കൊല്ലായിട്ടില്ല്യാ. അപ്പ്‌ലീക്കും തൊടങ്ങീലോ ചമയും ഒരുക്കും''""ഏട്ത്തി മിണ്ടാതിരിക്കൂ. എന്താ വിലാസിനീ ഉണ്ടായത്?'' ജാനുവെല്ല്യമ്മ വിട്ടു കൊടുക്കാൻ ഭാവമില്ല.""ഇവൾക്ക് കോയ്മ്പത്തൂർ സ്‌റ്റൈലിലെ. ആനന്ദവികടനിലെ കവറ് പെണ്ണീനെ മാതിരി മുടി വെട്ട്ണന്നു പറഞ്ഞു. ഞാനത് ചെയ്തു കൊട്ത്തു. ഇപ്പതാ മോങ്ങണൂ'' ""ഞാനെപ്പളാ അമ്മായി അങ്ങനെ പറഞ്ഞത്?''""നീയ്യെന്താ നൊണപറയ്യാ?'' വിലാസിനി വെല്ല്യമ്മ കൈ വീശിക്കൊണ്ട് വീണച്ചേച്ചിയെ ആക്രമിച്ചു. വലിയ ഗീതച്ചേച്ചി. അതേ തന്ത്രം അതേ റ്റെക്‌നിക്ക്.

""നുണപറയണത് വിലാസിനി വെല്ല്യമ്മയാണ്''
ഞാൻ പറയാം എല്ലാതും ' വായിച്ചു കൊണ്ടിരുന്ന അമ്പിളിമാമൻ ഞാൻ മടക്കി

""ഹ്‌ഹോ പുസ്തകപ്പുഴ്വോ? നെനക്ക് കണ്ണ് കാൺവ്വോ?'' വലിയ മുത്തശ്ശിയ്ക്ക് എന്ന ഭയമാണ്. എന്റെ കൂസലില്ലായ്മയെ ധൈര്യത്തെയൊക്കെ ഭയമാണ്. ഞാൻ പറയുന്നത് ജാനുവെല്ല്യമ്മയ്ക്ക് വിശ്വാസവുമാണ്.""തുമ്പ് മുറിയ്ക്കാനാ വീണച്ചേച്ചി പറഞ്ഞത്'' ഞാൻ സധൈര്യം പറഞ്ഞു.""പക്ഷെ വിലാസിനി വെല്ല്യമ്മ നടൂലെ വെച്ചു വെട്ടി'' ""പോടീ നുണച്ചീ'' വലിയ മുത്തശ്ശി മകളെ രക്ഷിക്കാൻ ശ്രമിച്ചു.""നിങ്ങടെ മോളാണ് നൊണച്ചി'' ഞാൻ ആരെയും ഭയക്കുന്നവളായിരുന്നില്ല. വലിയ മുത്തശ്ശിയുടെ അന്യായങ്ങളെ പല്ലും നഖവുമുപയോഗിച്ച് ചെറുക്കുന്ന ഒരു പോരാളികൂടിയാണ് ഞാൻ. മീൻ കൂട്ടാത്തവളായിട്ടും ഞാൻ ഗീതച്ചേച്ചിയ്ക്കു മാത്രം രണ്ടാമത് മീൻ കൊടുക്കുമ്പോൾ ഞാൻ പ്രശ്‌നമുങ്ങാക്കി.""എനിക്ക് മീൻ കിട്ടിയിട്ടില്ല. എനിക്ക് കൂട്ടണം''

""എനിക്ക് തരാണ്ടെ ആർക്കും രണ്ടാമത് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല''""കുട്ടിയ്ക്ക് അമ്മായി കടുമാങ്ങ വെച്ചണ്ണു. എടുത്തട്ട് വരട്ടെ ഇത് ഗീത കഴിച്ചോട്ടെ. കാരണം അവൾക്ക് കോയ്മ്പത്തൂർ മീനൊന്നും കിട്ടില്ല.'' കല്യാണി അമ്മായി എന്നെ സമാധാനിപ്പിച്ചു.""പറ്റില്ല്യ. ഇവിടെ എല്ലാം ഗീതച്ചേച്ചിയ്ക്ക് മാത്രം. ബൂസ്റ്റിട്ട പാല്, ബോൺവിറ്റ ഐസ്. മുന്തിരിങ്ങ. ഞങ്ങക്കാർക്കും ഒന്നുല്ല''""മിൽക്ക് ബിക്കീസ്സ്. അതു മറന്നു പോയോ?'' ഇതൊക്കെയെന്തെന്ന തെളിഞ്ഞ പരിഹാസത്തോടേ നിന്ന് ഗീതച്ചേച്ചി എന്നെ പരിഹസിച്ചു.
വലിയമുത്തശ്ശിയ്ക്ക് കിട്ടുന്ന പൈസയ്ക്ക ആരും കാണാതെ മിൽക്ക് ബിക്കീസ്സും ക്രീം ബിസ്‌കറ്റും വാങ്ങിക്കൊടുത്ത ഗർവ്വാണ്. ക്രൂരമായ ആനന്ദത്തോടെ വീണച്ചേച്ചിയും സിന്ധുച്ചേച്ചിയും നോക്കി നിൽക്കെ അതിലെ ക്രീം നാവു കൊണ്ട് വടിച്ചെടുത്തു. വാനിലയുടെ കൊതിപ്പിക്കുന്ന മണം.""ആകുട്ടോക്കും കൂടി ഓരോന്ന് കൊടുക്കടീ'' ജാനു വെല്ല്യമ്മ നിർബന്ധിച്ചു.""വെല്ല്യമ്മ പറഞ്ഞാ കേക്കില്ലേ നീ?''
മനസ്സില്ലാമനസ്സോടെ ക്രീം മുഴുവൻ നക്കിത്തീർത്ത ഒരു പാതി ബിസ്‌ക്കറ്റ് ഗീതച്ചേച്ചി വീണച്ചേച്ചിയ്ക്ക് കൊടുത്തു. അത് തിന്നുമ്പോൾ വീണച്ചേച്ചിയുടെയും സിന്ധുച്ചേച്ചിയുടെയും മുഖം കുനിഞ്ഞു. കുട്ടമ്മാമ്മ എന്നും കൊണ്ടു വരാറുള്ള ബിസ്‌കറ്റായിരുന്നു അത്. ഗീതച്ചേച്ചിയ്ക്ക് അപ്പടി പാക്ക് നീട്ടുന്നവരായിരുന്നു അവർ.

കാലം കഴിഞ്ഞു രണ്ടര വയസ്സുള്ള കുഞ്ഞിന്റെ കയ്യിലും ബ്രിട്ടാനിയാ ക്രീം ബിസ്‌ക്കറ്റ്.""അമ്മി ചിഞ്ഞ് അമ്മിം ചിഞ്ഞ്'' അവൻ ഉണ്ണിക്കൈ കൊണ്ട് വീണച്ചേച്ചിയുടെ വായിലേയ്ക്ക് ബിസ്‌ക്കറ്റ് നീട്ടി.""ചെയ്യ്മ്മിച്ച് മേണോ? കുഞ്ഞ്യൂട്ട്‌ന് മേനൊ?'' അവനെല്ലാർക്കും ബിസ്‌കറ്റ് പകുത്തു നൽകി ചിരിച്ചു. അതെ ഗീതച്ചേച്ചിയുടെ മകൻ.
മൂന്നാം മാസം തൂങ്ങി മരിച്ച് അവനോടുള്ള മുഴുവൻ അമ്മക്കടമയും തീർത്ത അതേ ഗീതച്ചേച്ചിയുടെ മകൻ..
ഗീതച്ചേച്ചി കൊടുക്കാത്ത ബിസ്‌കറ്റുകൾ വീണച്ചേച്ചിയ്ക്ക് കൊടുത്തും
ഗീതച്ചേച്ചി കൊടുക്കാത്ത സ്‌നേഹം വീണച്ചേച്ചിയ്ക്ക് കൊടുത്തും
അവരമ്മയും മകനുമായി ജീവിക്കുന്നു...▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments