ചിത്രീകരണം: കെ.പി. മുരളീധരൻ

വെയിലോരത്തണൽ മര തീരം മഴ ചാറ്റം പൂണ്ടൊരു പെൺനേരം

എന്റെ കഥ-18

"ഗീതച്ചേച്ചി ആ കുഞ്ഞുങ്ങളോട് ചെയ്ത ഏറ്റവും നല്ലകാര്യം എന്താന്നറിയുമോ?''
ഞാനെന്റെ അനുജത്തിയോട് ചോദിച്ചു
"ആ മരണം. അവൾ മരിച്ചതു കൊണ്ട് മാത്രം ആ രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു''

""വീണേ എന്റെ വീണേ..''
ഒരു തുരങ്കക്കുഴലിനപ്പുറത്തു നിന്നും ചോരനനഞ്ഞു തണുത്ത പോലുള്ള ആ നിലവിളി കേൾക്കെ വീണച്ചേച്ചിയുടെ ചോരക്കുഴലുകളിൽ കുയിലുകളുടെ അപരിചിതാക്രാന്ദനമുയർന്നു. നാളുകൾക്കൊക്കെയിപ്പുറത്ത് അപ്രത്യക്ഷയാ യിരുന്ന ഒളിജീവിതക്കാരി ആത്മഹത്യാവക്കിൽ നിന്നും വിളിക്കുകയാണ്
""ഗീതേ...'' വീണച്ചേച്ചിയുടെ സ്വരം സഹതാപാർദ്രമായി.
""ഇയ്യെവിടെയാ?''
""ഇനിക്കാരുല്ല്യെടീ. ഞാന്ന് ചാവാൻ പോവാണ്'' വീണച്ചേച്ചി ഭയന്നു വിറച്ചു. ഒരുവിധം സമാധാനിപ്പിച്ചു. ബംഗ്ലൂരിലെ സിന്ധുച്ചേച്ചിയെ വിളിച്ചു. ആ ഒരു മണിക്കൂറിൽ തന്നെ തീരുമാനമായി. ചേച്ചി ഭർത്താവുമൊന്നിച്ച് കാറു പിടിച്ചു പോയി. ഗീതച്ചേച്ചി വാതിൽക്കൽ തന്നെ ഉലഞ്ഞു നിൽപ്പായിരുന്നു. ഊട്ടിയിലോ കൂനൂരോ ഉള്ള ഒരു മുന്തിരിത്തോട്ടത്തിലെ വലിയെ എസ്റ്റേറ്റു ബംഗ്ലാവിൽ മകനും പെട്ടിയുമായ് പടിത്തിണ്ണയിൽ തണുപ്പത്ത് തന്നെ ഇരുന്നു. കാവൽക്കാരും വാല്യക്കാരും അമ്പരന്നു നിന്നു. പട്ടികൾ പേടിച്ചു കുരച്ചു. മുന്തിരികൾ മാത്രം പഴുത്തു കുലതൂങ്ങിക്കിടന്നു. പച്ചയും കറുപ്പും റോസ്സും ഇടകലർന്നു മഞ്ഞു നനഞ്ഞു മനോഹരമായി കുലകുത്തിക്കിടന്നു.. മുന്തിരിപ്പൂക്കളുടെ നേർത്തഗന്ധം അന്തരീക്ഷത്തിൽ പറ്റി നിന്നു. ഗീതച്ചേച്ചിയുടെ അസാമാന്യമായ വലിയ വയർ കണ്ട് സിന്ധുച്ചേച്ചി സ്തംഭിച്ചു. ഒരു പക്ഷെ പത്തു തികഞ്ഞ നിൽപ്പുപോലെ തോന്നി. ഗർഭത്തിനൊപ്പം കഠിനവിഷാദരോഗത്തിന്റെ ഇരുട്ടു ഗീതച്ചേച്ചിയുടെ കണ്ണുകളിൽ മയങ്ങിക്കിടന്നു. മൂത്തകുട്ടി കാർത്തിക്കിനു കഷ്ടി 8 വയസ്സുണ്ടാവും. കണ്ടാൽ 5 വയസ്സ് മാത്രം. അശ്രദ്ധമായി വളരുന്ന, ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ ഭാവമായിരുന്നു അവന്. അനീമിയ ബാധിച്ചതിനാൽ മുഖത്ത് വിളർച്ചയുണ്ടായിരുനു. നിരതെറ്റിയ മുയല്പപല്ലുകൾ അശ്രദ്ധമായും പുഴുകുത്തിയും മഞ്ഞിച്ചും നിന്നു. വിരലുകളിൽ നീണ്ട നഖങ്ങൾ ചളിയുടെ കറുപ്പടയാളങ്ങൾ ചന്ദ്രകാന്തം പോലെ നീലിച്ചു. അവന്റെ കണങ്കാലുകളിൽ അഴുക്ക് കറുത്തിരുന്നു. വിലകൂടിയ വസ്ത്രങ്ങളിൽ അവൻ ചുളിഞ്ഞു നിന്നു.

സിന്ധുച്ചേച്ചിയുടേത് ചെറിയ ജീവിതമായിരുന്നു. വലിയ ജോലിക്കാരനെയോ പണക്കാരനെയോ ഒന്നും ഭർത്താവായിട്ട് കിട്ടിയില്ല.

പെട്ടിയും ഭാണ്ഡവും ബാധ്യതയും മൊത്തം കാറിൽ കയറ്റി സിന്ധുച്ചേച്ചി ഗീതച്ചേച്ചിയേയും കൊണ്ട് ബാംഗ്ലൂർക്ക് മടങ്ങി. എടുത്ത് തലയിൽ വെച്ചതെന്തെന്ന് അന്നു സിന്ധുച്ചേച്ചിയ്ക്കറിയുമായിരുന്നില്ല. അപകടകരമായ ജീവിതത്തിന്റെ വാതകച്ചോർച്ച ആരംഭിച്ച കാലമായിരുന്നു അത്. പൂവല്ലെ പൊന്നിലയല്ലെ എന്നു സ്‌നേഹിച്ചു നെഞ്ചിലേയ്ക്കു ജിബിജിബിച്ചെടിയേയും പൂവിനെയും ചേർത്തപോലെയാണ്. വിഷമുള്ളു നമ്മുടെ നെഞ്ചിലമർന്നങ്ങനെ കിടക്കും വർഷങ്ങളോളം. സിന്ധുച്ചേച്ചിയുടേത് ചെറിയ ജീവിതമായിരുന്നു. വലിയ ജോലിക്കാരനെയോ പണക്കാരനെയോ ഒന്നും ഭർത്താവായിട്ട് കിട്ടിയില്ല. സാധാരണക്കാരനായ അധ്വാനിയായ മനുഷ്യൻ. കാറുകൾ വാടകയ്ക്കു കൊടുക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിനു. വീണച്ചേച്ചിയാവട്ടെ ബോംബെയിൽ ഭർത്താവുമൊത്ത് നല്ല നിലയിൽ താമസിയ്ക്കുന്നു. അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.

സിന്ധുച്ചേച്ചിയുടെ ചെറിയമ്മ അക്കാലത്ത് ബംഗ്ലൂറിൽ അവർക്കയല്പക്കമായി ജീവിക്കുന്നുണ്ടായിരുന്നു. വീണച്ചേച്ചിയും സിന്ധുച്ചേച്ചിയും ആവശ്യപ്പെട്ട് മേമ എന്നും ഗീതച്ചേച്ചിയ്‌ക്കൊപ്പം പോയി. ഗീതച്ചേച്ചിയുടെ കാര്യവും കുഞ്ഞിന്റെ കാര്യവും എളുപ്പമായി.

ആരാണ് രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനെന്ന് ആർക്കുമറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞു. അത്രമാത്രം അറിയാം..
""എന്നെയയാൾ ചതിയ്ക്ക്യാരുന്നു. ചതിയൻ'' ഗീതച്ചേച്ചി അലമുറയിട്ടു കരഞ്ഞു.
""അയാൾക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. എന്നെ ചതിച്ചു. ചതിയൻ'' കണ്ണീരിറുന്നു നീരുവെച്ച മുഖം ഒന്നുകൂടി ചീർത്തു.
""നെനക്കറിയില്ലെ അയാൾ കല്യാണം കഴിച്ചതാണെന്ന്?''
""ഇല്ല. അറയൊങ്കി ഞാനിത് സമ്മതിയ്‌ക്ക്യോ ?'' ഗീതച്ചേച്ചി പതം പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾ വന്നു. തൃശ്ശൂർക്കാരനൊരു അച്ചായൻ. ബംഗ്ലൂരിലെ മുന്തിരിത്തൊട്ടക്കാരൻ മുതലാളി. എമ്പാടും പണമുണ്ടെന്നു കണ്ടാലറിയാമായിരുന്നു.
""ഗീതേ ഗീതേ'' അയാൾ വിതുമ്പിക്കൊണ്ട് അവരെ കെട്ടിപ്പിടിച്ചു.
""പറയാതെ ഈ വയറും വെച്ച് നീ എന്തിനാണ് പോയത് ഗീതെ?ഞാൻ നിന്നെ സ്‌നേഹിച്ചിട്ടല്ലെ ഉള്ളൂ.. നീ വാ നമക്ക പോകാം''
""ഇല്ല ഞാൻ വരില്ല. നിങ്ങൾക്ക് ഒരു ഭാര്യമതി'' അയാളുടെ മുഖം വിളറി.

പിന്നീട് മനസ്സിലായി ഗീതച്ചേച്ചി നുണകൾ പറഞ്ഞതാണെന്ന്. എല്ലാരോടും പച്ച പറഞ്ഞത് നുണകൾ മാത്രം.

""ഞാനവളെ തല്ലിയെന്നും ഉപദ്രവിച്ചെന്നും പറഞ്ഞ് പൊലീസ്സിൽ കേസ്സു കൊടുത്തു'' പിന്നീടൊരിക്കൽ ശിവേട്ടൻ എന്നോട് പറഞ്ഞു.
""നന്നായി ജീവിക്കാനാണ് ഞാൻ ഗൾഫിലേയ്ക്ക് പോയത്. ഇവിടെ നല്ല സ്‌നേഹവും സമാധാനവും ഉണ്ടായിരുന്നു. പക്ഷെ എന്റെ മെഡിക്കൽ റപ്പ് ജോലികൊണ്ട് വലിയ പ്രയാസമായിരുന്നു.''
ശിവേട്ടന്റെ മുഖം കലക്കമാർന്നു.

ഉന്മാദിയായ ഗീതയെന്ന പത്തു വയസ്സുകാരി മാധവന്റെ നാഭിയ്ക്ക് ഷൂവിട്ട കാലുകൊണ്ട് തൊഴിച്ചു. അവന്റെ ചുക്കുമണിയ്ക്ക് മീതെയാണ് രണ്ടാമത്തെ ചവിട്ടു കിട്ടിയത്. അവൻ ട്രൗസറിൽ മൂത്രമൊഴിച്ചു.

""അവക്കും കുഞ്ഞിനും വേണ്ടിയല്ലെ ഞാൻ പോയത്? ആദ്യത്തെക്കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഭാര്യയെക്കുറിച്ച് മോശം മോശം കാര്യങ്ങളാണ് അറിയാനായത്. എല്ലാം നുണയാണെന്ന് ഞാൻ വിശ്വസിച്ചു. ആദ്യത്തെ ലീവിനു ഞാൻ പെട്ടന്ന് തന്നെ തിരിച്ചു വന്നു. അവൾ വടിയിൽ പാമ്പുമായി നിൽക്കുകയായിരുന്നു. തലേന്ന് ഫോണിലൊഴിക്കിയ തേനും പാലും മറയായിരുന്നു. വിശ്വരൂപംകണ്ട് ഞാൻ അമ്പരന്നു. അവൾ എന്നെ ആക്രമിച്ചു. മുഖം മാന്തിക്കീറി. എന്നിട്ട് വലിയ വായിൽ അലറിക്കരഞ്ഞു. എല്ലാം അവൾ ആദ്യമേ പദ്ധതിയിട്ടിരുന്നു. എന്നെ വീട്ടിൽ കേറ്റിയില്ല. എന്റെ കുഞ്ഞിനെ കാണിച്ചില്ല. അവൻ പേടിച്ച് അലറിക്കരഞ്ഞു. നാലു ബാഗിൽ എന്റെ സാമാനങ്ങൾ എടുത്തു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. '

ശിവേട്ടൻ ആ ദിവസം ഓർമ്മയിൽ തിരഞ്ഞു. അയാളുടെ മുഖത്ത് അപമാനമോ വേദനയോ നിഴലുപറ്റി.

""കോയമ്പത്തൂരെ പൊലീസുകാർ എന്നെ കയ്യാമം വെച്ചാണ്‌കൊണ്ടു പോയത്. ആ തെരുവിലെ തമിഴർ മുഴുവൻ എന്നെ സഹതാപത്തോടെ നോക്കി. എന്തിനു ഗീതാ എന്തിനു ഗീതാ!. എന്റെ മനസ്സ് ഉഴറി. എനിക്ക് എന്താണ് നടക്കുന്നതെന്നു മനസ്സിലായത് കൂടിയില്ല.''

ശിവേട്ടൻ പറഞ്ഞത് മുഴുവൻ എനിയ്ക്ക് അക്ഷരം പ്രതി മനസ്സിലായി. ഉന്മാദിയായ ഗീതയെന്ന പത്തു വയസ്സുകാരി മാധവന്റെ നാഭിയ്ക്ക് ഷൂവിട്ട കാലുകൊണ്ട് തൊഴിച്ചു. അവന്റെ ചുക്കുമണിയ്ക്ക് മീതെയാണ് രണ്ടാമത്തെ ചവിട്ടു കിട്ടിയത്. അവൻ ട്രൗസറിൽ മൂത്രമൊഴിച്ചു. രണ്ടുകൈകളും പരത്തി അവന്റെ മുടിയിഴകൾ കൈകൊണ്ട് പറിച്ചെടുത്തു. കവിളുകൾ അള്ളീക്കീറി. അവന്റെ ഷർട്ടു ആദ്യമേ വലിച്ചു കീറിയിരുന്നു. ട്രൗസർ വലിച്ചൂരി. വീണ്ടും കിട്ടി ഫ്‌ലൂറിനാ ഷൂമടമ്പ് കൊണ്ട് മർമ്മത്ത് തന്നെ. മാധവന്റെ ബോധം പോയി. ശബ്ദം ആദ്യമേ പോയിരുന്നു. എന്നാലത്ര സമയവും ഗീതച്ചേച്ചി അലറിക്കരയുന്നത് ഞാൻ കണ്ടു. വിരലിൽ വ്യാഘ്രനഖങ്ങൾ. അവയ്ക്കുള്ളീൽ മുഴുവൻ മാധവന്റെ തൊലി. ഗീതച്ചേച്ചിയ്ക്ക് വലിയ മുത്തശ്ശിയെപ്പോലെ പിശാചിനീ മുഖമുണ്ടായിരുന്നു. കണ്ണുകൾ ചുവക്കുകയും തൊണ്ടപൊട്ടെ അലറുകയും ചെയ്തു. സ്വന്തം ഉടുപ്പ് വലിച്ചു കീറി. മുടി പിച്ചിപ്പറച്ചു. ഇത് കണ്ടു നിൽക്കുന്ന എന്റെ നേരെ ചാടിവന്നു. ഞാൻ കയ്യിലിരുന്ന കൊങ്കിയിരുമ്പ് മുമ്പൊട്ട് വെച്ചു. എന്നിലെ സർപ്പ വേട്ടക്കാരി ജാഗ്രത്തായി.
""എടീ. നെന്നെ ഞാൻ'' ഉഗ്രമായുള്ള വരവാണ്. പ്രതിരോധിച്ചേ പറ്റൂ. ഞാൻ ലൊങ്കിയിരുമ്പ് വീശി. ഒറ്റയടി മുട്ടിനു താഴെയുള്ള കാലിൽ. പ്രാണൻ പറന്നു പോയതു പോലെ ഗീതച്ചേച്ചി അലറി.
""മാധവനല്ല. ഞാനാണ്. കളിയ്ക്കരുത്. അറിയാലോ പാമ്പിനെ കൊല്ല്ണ സാനാദ്. ഞാൻ ആരെനിം വെറുതെ വിട്ല്ല'' എന്റെ കണ്ണുകളിലെ ഉഗ്രതയോ അടി കിട്ടിയതിന്റെ വേദനയോ എന്താണെന്നറിയില്ല അലറിക്കരഞ്ഞു കൊണ്ട് ഗീതച്ചേച്ചി മണ്ണിൽ കിടന്നുരുണ്ടു.

""എന്നെയാണാക്രമിച്ചത്. എന്നാൽ ഗീത തറയിൽ കിടന്നുരുളുന്നത് കണ്ടാൽ ഏത് മനുഷ്യനും ഞാനവളെ ആക്രമിച്ചെന്നെ പറയൂ. ഡൊമെസ്റ്റിക് വയലൻസ്സാരുന്നു എനിക്കെതിരെ ചാർജ്ജ് ചെയ്തത്. എന്റെ പാസ്സ്‌പോർട്ട് വിസാ, ജോബ് കാർഡ് ഒക്കെ അവരു പിടിച്ചു വെച്ചു. എന്റെയും അവളുടെയും ജീവിതം എന്നെന്നെയ്ക്കുമായി തീർന്നുവെന്നു ആ നിമിഷമെനിക്ക് മനസ്സിലായി''

‘‘ഡിവോർസ്​ പേപ്പറിലൊപ്പിട്ടാൽ ഞാൻ മകനെ തരും. ഡൊമെസ്റ്റിക് വയലൻസ്സ് കേസ്സ് പിൻവലിയ്ക്കും'' ഗീതച്ചേച്ചിയുടെ ഉപായങ്ങൾക്കു മുമ്പിൽ അനുസരിയ്ക്കുക മാത്രമേ ശിവേട്ടനു വഴിയുണ്ടായുള്ളു.

ഏറ്റവും ലളിതമായ കഥയാണ് ഗീതച്ചേച്ചിയുടേത്. സ്വാർത്ഥയും ആസക്തിക്കാരിയുമായ അനാഥയുടെ കഥ. മദ്യത്തിനും മരുന്നിനും അടിമപ്പെട്ട സ്വഭാവം എളുപ്പത്തിൽ അവർ തിരിച്ചു പിടിച്ചു. ശിവേട്ടന്റെ ഒപ്പമുള്ള ദിവസങ്ങളിൽ അവരുടെ നന്മയും അലിവും പുറത്തേയ്ക്കു വന്നിരുന്നു. സൗമ്യരൂപിയായിരുന്നു. കൊടുക്കുവാനും ക്ഷമിക്കുവാനും കഴിഞ്ഞിരുന്നു. ശിവേട്ടൻ ഗൾഫിൽ പോയതോടെ വിഷാദം പതിയെ പുറത്തു വരാൻ തുടങ്ങി. കുട്ടിയെ ആയയുടെ അടുത്താക്കി വൈകുന്നേരങ്ങളിൽ പുറത്തു പോകുവാൻ തുടങ്ങി. പണം ധാരാളം വന്നു കൊണ്ടിരുന്നതിനാൽ മദ്യവും പാർട്ടികളും കൊഴുത്തു. പഴയകാല കാമുകരുടെ വരവിനും പിന്നെ താമസമുണ്ടായില്ല. ജമാൽ കമാൽ എന്നിങ്ങനെ പലവിധ സാധനങ്ങാൾ മദ്യമയക്കത്തിലും മരുന്നുപയോഗത്തിലും ആരു വരുന്നു പോകുന്നു എന്ന് ഗീതച്ചേച്ചിയ്ക്കു തന്നെ അറിയാതെയായി.

""ഡിവോർസ്സ് പേപ്പറിലൊപ്പിട്ടാൽ ഞാൻ മകനെ തരും. ഡൊമെസ്റ്റിക് വയലൻസ്സ് കേസ്സ് പിൻവലിയ്ക്കും'' ഗീതച്ചേച്ചിയുടെ ഉപായങ്ങൾക്കു മുമ്പിൽ അനുസരിയ്ക്കുക മാത്രമേ ശിവേട്ടനു വഴിയുണ്ടായുള്ളു. ഒപ്പിട്ടു കൊടുക്കുമ്പോൾ ശിവേട്ടൻ കരഞ്ഞു. ഗീതച്ചേച്ചി ജമാലിന്റെ തോളിൽ കൂസലെന്യേ ചാരിനിന്നു.

പിന്നെ മറ്റൊരു ജീവിതം. സംഘമായ യാത്രകൾ പതിവായി. ഒരു സംഘം ആണുങ്ങളും പെണ്ണുങ്ങളും... സംഘങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? എക്കാലത്തുമവ അപകടകാരികളാണ്. പലകാരണങ്ങളുണ്ടാവും അവർക്ക് സിനിമ, സാഹിത്യം സംഗീതം, വിപ്ലവം, നൃത്തം നാടകം, ഫെമിനിസം. എന്നാൽ ഇതെല്ലാം കേവല മറമാത്രമാണ്. ഒന്നിച്ചു നിൽക്കാനുള്ള ഓരോരോ കാരണങ്ങൾ. കയ്യിലൊന്നുമില്ലാത്ത മനുഷ്യരാണ് ഈ വ്യാജ സംഗ്രഹങ്ങൾക്ക് പിന്നിലുണ്ടാകുക. രതിയോ ആസക്തിയോ ലഹരിയോ മറ്റു പല രഹസ്യാതമകകാരണങ്ങളോ ആണിവയ്ക്കു പുറകിൽ. അത്തരത്തിലുള്ള വ്യാജസംഘങ്ങൾ യാത്ര ചെയ്യുന്നത് മറ്റു പല ലക്ഷ്യങ്ങളുമായിട്ടായിരിക്കണം.

കുഞ്ഞിന്റെ കയ്യിൽ അടിതിണർത്ത പാടുകൾ. മാന്തുകൾ, നുള്ളടയാളങ്ങൾ. ഭയം കാരണം അവൻ കരയാൻ പോലും മറന്നു നിന്നു. കുഞ്ഞിനെ മർദ്ദിക്കുന്നതെന്തിനെന്ന് ആർക്കും മനസ്സിലായില്ല.

""എന്റെ മുന്തിരിത്തോട്ടത്തിലെ ഹോംസ്റ്റേയിൽ ആത്മഹത്യ ചെയ്യാൻ നിന്ന ഗീതയെ ഞാൻ സമാധാനിപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു സംഘം ആണുങ്ങൾക്കൊപ്പം വന്നതാണ്. ജമാലെന്നൊരുത്തന്റെ കാമുകിയുമാണ്. അവരുമായി പറഞ്ഞു തെറ്റി. ചെറുക്കന്മാർ ഇട്ടിട്ടുപോയി. എന്നിട്ടും ഗീത കരഞ്ഞപ്പോൾ എന്റെ ഹൃദയം അലിഞ്ഞു പോയി. അവളെ അവിടെ താമസിയ്ക്കാൻ ഞാൻ അനുവദിച്ചു. ആത്മഹത്യാ പ്രവണത മാറിയാൽ കോയമ്പത്തൂരെത്തിക്കാമെന്നു കരുതി. എന്നാൽ അവൾ പിന്നീട് പോവാൻ കൂട്ടാക്കിയതേയില്ല. അത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഉപേക്ഷിക്കുവാൻ എനിയ്ക്കും കഴിഞ്ഞില്ല. എന്റെ വലിയ പിഴ.''
ഗീതച്ചേച്ചിയുടെ രണ്ടാമത്തെ ഭർത്താവ് ജോസെഫ് മോർച്ചറിയ്ക്കു മുമ്പിൽ കരഞ്ഞു കൊണ്ട് നിന്നു.
""ഞാൻ എന്റെ ഭാര്യയേയും രണ്ടു കുട്ടികളേയും കുടുംബത്തേയും മറന്നു.. അതിനുള്ള ശിക്ഷയാണിതെല്ലാം'' താൻ ജയിലിലാകുമെന്ന് അയാൾക്കുറപ്പായിരുന്നു. മൂന്നരമാസം പ്രായമായ കുട്ടി അയാളുടെ കയ്യിലിരുന്നു അലറിക്കരഞ്ഞു. വരാൻ പോകുന്ന അപകടകരമായ അനാഥത്വവും വിശപ്പും അതിനെ ദുർബലനാക്കിയിരുന്നു.
""ഗീതയ്ക്ക് ഇത്രയധികം ബന്ധുക്കളുണ്ടെന്നു പോലും ഞാനറിഞ്ഞില്ല. എനിക്ക് അവളെ ചതിക്കുവാൻ യാതൊരുദ്ദേശവും ഇല്ലായിരുന്നു. അങ്ങനെയുണ്ടെങ്കിൽ ഞാനവളെ വിവാഹം കഴിക്കുമായിരുന്നില്ല. എന്റെ കുട്ടിയുടെ അമ്മയായി അവളെ നോക്കുകയുമില്ലായിരുന്നു. ഞാൻ വിവാഹിതനാണെന്നും എനിക്കൊരു പരസ്യദാമ്പത്യം സാധ്യമല്ലെന്നും ഞാനവളെ ബോധിപ്പിച്ചതാണ്.ആയിരം വട്ടം.''

ആളുകൾ അയാളെ തുറിച്ചു നോക്കി. ലക്ഷ്മി മേമയുടെ കയ്യിൽ ഗീതച്ചേച്ചിയുടെ മൂത്ത മകൻ തളർന്നു കിടന്നു. ലക്ഷ്മി മേമയും ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല.

സിന്ധുച്ചേച്ചി ബാംഗ്ലൂരിൽ കൊണ്ടു വന്നു താമസിപ്പിച്ചത് മറ്റൊരു വലിയ പ്രശ്‌നത്തിലേയ്ക്കു പോയി. കുഞ്ഞുങ്ങളെ നോക്കാൻ ലക്ഷ്മിമേമയും വന്നതോടെ പൂരമായി. ബാംഗ്ലൂരിലെ പബ്ബുകളും മാളുകളും തെണ്ടിത്തിരിഞ്ഞ് മദ്യപിച്ച് പൂസ്സായി രണ്ടു മണിയ്ക്കും മൂന്നു മണിയ്ക്കും ബോധമില്ലാതെ കയറി വന്നു. കുട്ടികൾ തളർന്നുറങ്ങി. വീട്ടിനുള്ളിൽ മദ്യക്കുപ്പികൾ ഉരുണ്ടു കളിച്ചു. ലക്ഷ്മിമേമയില്ലാത്തപ്പോൾ ജമാൽ വന്നു കയറി. മൂത്തകുട്ടി ഭയത്തോടെ കട്ടിലിനടിയിൽ ഒളിച്ചു.

""നെനക്ക് വയ്യാച്ചാല് അതിന്റെ തന്തയ്ക്കതിനെ കൊടുക്ക്'' ലക്ഷ്മിമേമ സഹികെട്ട് പറഞ്ഞു. കുഞ്ഞിന്റെ കയ്യിൽ അടിതിണർത്തപാടുകൾ. മാന്തുകൾ, നുള്ളടയാളങ്ങൾ. ഭയം കാരണം അവൻ കരയാൻ പോലും മറന്നു നിന്നു. കുഞ്ഞിനെ മർദ്ദിക്കുന്നതെന്തിനെന്ന് ആർക്കും മനസ്സിലായില്ല. ഗീതച്ചേച്ചിയെപ്പോലുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഞാനെക്കാലത്തും വെറുത്തിരുന്നു . ഗ്രാമ്യവും മാപ്പിള സംസ്‌കാരവും ചേർന്നുള്ളിൽ ഉണ്ടാക്കിയ സദാചാരപ്പയ്യിന്റെ മാത്രം പ്രശ്നമായിരുന്നില്ല അത്. മനുഷ്യർക്കെന്തു ജീവിതവും ജീവിക്കാം. പക്ഷെ കുഞ്ഞുങ്ങൾ പാടില്ല. അവരെ ലോകത്തേയ്ക്ക് കൊണ്ടു വരാനേ പാടില്ല.

""ശിവകുമാർ ചൊള അയച്ച് കൊടുക്കണമെങ്കിൽ കുട്ടി കയ്യിൽ വേണം അത്രതന്നെ. അല്ലാതെ അതിനോട് സ്‌നേഹമുണ്ടായിട്ടാണോ?''
ഗീതച്ചേച്ചിയുടെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ ജോസെഫിന്നു കഴിഞ്ഞില്ല. ഒരാൾക്കും കഴിയില്ല. ഗീതച്ചേച്ചിയുടെ ഭൂതകാലം നന്നായി അറിഞ്ഞു തന്നെയാണ് ജോസെഫ് അവരെ സ്വീകരിച്ചത്. വർത്തമാനവും ഭാവിയും പക്ഷെ വിശ്വസ്തമായിരിക്കണം എന്നയാൾ ശഠിച്ചു. എന്നുമൊപ്പം നിൽക്കണമെന്നതായിരുന്നു ഗീതേച്ചിയുടെ ആവശ്യം.

ഗീതച്ചേച്ചി ലഹരിയുടെയും ലാസ്യലഹരിയുടെയും പരമകോടിയിലായിരുന്നു. കണ്ണുകൾ മിഴിഞ്ഞു തന്നെ നിന്നു. അവർക്ക് സിന്ധുച്ചേച്ചിയുടെ വാക്കുകൾ അസഹനീയമായി...

""എല്ലാ രാത്രിയിലും എനിക്കവൾക്കൊപ്പം കഴിയാൻ പറ്റുമോ?'' അയാൾ ചോദിച്ചതിന്റെ ആഴമറിഞ്ഞ് ആളുകൾ നിശബ്ദരായി. ആർക്കുമൊന്നും പറയാനില്ല.
""എന്റെ ഭാര്യയെ ഞാൻ ചതിച്ചുവെന്നത് വാസ്തവമാണ്. നിങ്ങളുടെ ഗീതയെ ഞാൻ പക്ഷെ ചതിച്ചിട്ടില്ല. അന്യപുരുഷന്മാർക്കൊപ്പം പോകുന്ന ഒരു സ്ത്രീയെ എന്റെ കുട്ടിയുടെ അമ്മയായാൽ പോലും എനിക്ക് സ്വീകാര്യമല്ല. ആ നിലപാട് എനിക്കുണ്ടായിരുന്നുവെന്നത് വാസ്തവമാണ്''

ലക്ഷ്മിമേമ ജോസെഫിന്റെ മുമ്പിൽ തലകുമ്പിട്ടു നിന്നു. അയാൾ പറയുന്നത് സത്യമായിരുന്നു.
""ഇനി ഞാനീ വീട്ടിലേയ്ക്ക് വരില്ല്യ'' മനസ്സ് മടുത്തു ലക്ഷ്മിമേമ പൊട്ടിത്തെറിച്ചു.

""ഓഹ് ഇങ്ങളു വരണ്ട'' ഗീതച്ചേച്ചി ലക്ഷ്മി മേമയുടെ മുഖത്തേയ്ക്ക് സിഗററ്റ് പുക ഊതിവിട്ടു.
ലക്ഷ്മി മേമയ്ക്ക് വരാതിരിക്കാനാവുമായിരുന്നില്ല. രാവിലെ വിശന്ന കുഞ്ഞിക്കണ്ണുകൾ റോഡിലേയ്ക്ക് നീട്ടി തന്നെ കാത്തിരിക്കുന്ന കാർത്തിയെ പറ്റിയോർക്കുമ്പോൾ എല്ലാ ദേഷ്യവും ലക്ഷ്മി മേമ മറന്നു.
ഗീതച്ചേച്ചിയുമായുള്ള ഓരോ വഴക്കിലും കാർത്തി ലക്ഷ്മിമേമയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു അശരണമായി വിതുമ്പി.
""അമ്മമ്മ പോവല്ലേ പോവല്ലേ'' എന്നു കാർത്തിയുറ്റെ ഓരോ തുള്ളിക്കണ്ണീരും എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ അശരണവും ഏകാന്തവുമായ ബാല്യത്തിനു ആകെയുള്ള പ്രതീക്ഷ ലക്ഷ്മിമേമയായിരുന്നു. മിക്കവാറും അവൻ മേമയ്‌ക്കൊപ്പം തന്നെ ഉറങ്ങി. അവൻ മാത്രമല്ല. ചെറുതും. മൂന്നാലുമാസമുള്ള അതിനും മുലകൊടുത്താലായി ഇല്ലെങ്കിലായി.

സിന്ധുച്ചേച്ചിയുടെ ഭർത്താവ് നല്ലവനും മനസ്സലിവുള്ളവനുമായതിനാൽ സെറിലാക്കും ഫാരെക്‌സും ലാക്ടോമിക്ക്‌സുമൊക്കെ പാക്കെറ്റ് പാക്കെറ്റായി വന്നു. പാതി തമിഴനും മലയാളിയുമായിരുന്ന അദ്ദേഹത്തിനു സഹോദരിയുടെ വഴികൾ പ്രയാസമുണ്ടാക്കി.. വളരെ ഹൃദയാലുവും കുടുംബ സ്‌നേഹമുള്ളവനുമായിരുന്നു. ഗീതച്ചേച്ചിയെ തിരുത്താനാകുമെന്നു അവസാനം വരെ വിശ്വസിച്ചു. ഗീതച്ചേച്ചിയുടെ തെറ്റിയ വഴികൾ അറിഞ്ഞ് അദ്ദേഹം സിന്ധുച്ചേച്ചിയെ അറിയിച്ചു.

സിന്ധുച്ചേച്ചി ഭയന്നു, ഗീതച്ചേച്ചിയെ ഉപദേശിക്കുവാൻ ശ്രമിച്ചു.. ഗീതച്ചേച്ചി ലഹരിയുടെയും ലാസ്യലഹരിയുടെയും പരമകോടിയിലായിരുന്നു. കണ്ണുകൾ മിഴിഞ്ഞു തന്നെ നിന്നു. അവർക്ക് സിന്ധുച്ചേച്ചിയുടെ വാക്കുകൾ അസഹനീയമായി...
""എടീ എന്നെ ഉപദേശിക്കണ്ടെടീ. എറങ്ങെടീ എന്റെ വീട്ടിന്ന്'' ഗീതച്ചേച്ചി ക്രൗര്യത്തോടെ ആക്രോശിച്ചു.
""ഞാനെറങ്ങിക്കോളാം. പക്ഷെ ഈ തോന്നിയവാസം ഞാമ്പൊറുപ്പിക്കില്ല''
""പോടിയവടന്ന്'' ഗീതച്ചേച്ചിയുടെ ലഹരി മിഴിഞ്ഞ കണ്ണുകൾ പുച്ഛത്തോടെ കത്തി
""നെനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാമ്പറ്റില്ലെടി'' ക്രൂരമായ ഒരു ചിരിയോടെ സിഗററ്റിനു തീ കൊളുത്തി.
""ഒരു കുന്തവും നീയൊന്നും എന്നെ ചെയ്യില്ല. അതിനു നീയൊന്നും വളർന്നിട്ടില്ല. പിന്നെ നെന്റെ ഓച്ചാരത്തിനൊന്നുമല്ലല്ലോ ഞാൻ ജീവിക്കണെ?''
""പക്ഷെ ജോസെഫ്ഫിന്റെയാണ്'' ഗീതച്ചേച്ചി കണ്ണുകൾ വിടർത്തി ശത്രുതയോടെ സിന്ധുച്ചേച്ചിയെ നോക്കി.
""ഓഹ് അതാണ് അദ്ദാണ് കാര്യം. നീയ്യാണവനെ തിരുപ്പിക്കണത് അല്ലെ?''
തെറ്റിയ തന്റെ വഴികൾ ജോസെഫിനു പറഞ്ഞു കൊടുക്കുന്നത് സിന്ധുച്ചേച്ചിയാണെന്ന് ഗീതച്ചേച്ചി ഉറപ്പിച്ചു.
""എന്താ നെന്റെ ഉള്ളിലിരുപ്പ്. എന്താ അവനെ ഇഷ്ടപ്പെട്ടോ? അവന്റെ കാറും പൈസയുമൊക്കെ നെനക്ക് വേണന്നുണ്ടോ?''
""വൃത്തികേട് പറയരുത്. ഞാൻ കുടുംബമായിട്ട് മര്യാദയ്ക്ക് താമസിയ്ക്കയാണ്'' സിന്ധുച്ചേച്ചി ഇറങ്ങിപ്പോയി.

വിഷാദവും ബൈപ്പോളാറുമതിന്റെ ഉഗ്രസ്ഥായിയിലായി. ലഹരിയുടെ ഉന്മാദവും കൂടിച്ചേർന്നു വന്നപ്പോൾ എല്ലാം പൂർത്തിയായി. കയ്യിലെ കാശു തീർന്നപ്പോൾ എല്ലാ കാമുകന്മാരും അവസാനിച്ച പോലെയായി. ജമാലുമില്ല കമാലുമില്ല.

നന്ദിയെന്നൊരു വാക്ക് ഗീതച്ചേച്ചിയുടെ നിഘണ്ടുവിലില്ല. മനുഷ്യരെ ആവശ്യത്തിനുപയോഗിക്കുകയും ഊറ്റുകയും അവരെ ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുക അതായിരുന്നു രീതി. ഒപ്പം കഠിന വിഷാദവും ഉത്കണ്ഠയും കലർന്ന ബൈപ്പോളാർ പോലുള്ള രോഗപ്രതിസന്ധിയും. താനുമായി വഴക്കിട്ടതിന് സിന്ദുച്ചേച്ചിയെ പാഠം പഠിപ്പിക്കാനായി അടുത്തശ്രമം. സ്വന്തം കുട്ടികൾക്ക് മുലകുടിക്കുഞ്ഞിനടക്കം ഭക്ഷണം കൊടുക്കുന്നത്, വാടക കൊടുക്കുന്നത്, അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതൊക്കെയും സിന്ധുച്ചേച്ചിയാണെന്ന ഓർമ്മ പോലുമില്ലാതെയാണ്, കുമാറേട്ടനടുക്കൽ ചെന്ന് സിന്ധുച്ചേച്ചിയുടെ ചാരിത്ര്യത്തെക്കുറിച്ചും അവിഹിതത്തെക്കുറിച്ചും പറഞ്ഞു കൊടുത്തത്.

""ജോസെഫുമായി ബന്ധമുണ്ട്. '' പീന്നെയും ആരൊക്കെയോ ജാരന്മാരുടെ പേരുകൾ. ഏറ്റവും ശാന്തനായി നിന്നു കുമാറേട്ടൻ എല്ലാം കേട്ടു.
""നീയിപ്പോൾ ഫിറ്റാണ് നമുക്ക് രാവിലെ സംസാരിക്കാം''

രാവിലെയായി. പതിവു പടി എല്ലാം മറന്ന് കുട്ടികളെയും തൂക്കിയെടുത്ത് സിന്ധുച്ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയി. തലേന്നത്തെ പ്രശങ്ങളും പരദൂഷണവും വഴക്കുമൊക്കെ മറന്നു കഴിഞ്ഞിരുന്നു.

""നീയറിഞ്ഞോ ഗീതേ?'' സിന്ധുച്ചേച്ചി വിക്ഷോഭത്തോടെ പറയാനാരംഭിച്ചു.
""എന്തേ സിന്ധുച്ചേച്ച്യേ? എന്താ പറ്റിയ്?'' ഗീതച്ചേച്ചി ആകെ പരിഭ്രാന്തയായി
""എന്നെക്കുറിച്ച് ആരോ കുമാറേട്ടന്റെ അടുക്കൽ മോശം പറഞ്ഞു''
""ഏഹ് നെന്നെക്കുറിച്ചോ? എയ്യ് എന്നെക്കുറിച്ചാവും . അതിരിക്കട്ടെ എന്ത് പറഞ്ഞു?''
""എനിക്ക് ആണുങ്ങളുമായി ചീത്ത ബന്ധമുണ്ടെന്ന്''
""ആരാത്?എന്തൊരു നൊണയാദ്? അടിച്ച് പൊറം പൊളിക്കണം'' ഗീതച്ചേച്ചി ക്ഷുഭിതയായി.

""നീയ്യ് മനസ്സ് വെഷമിക്കണ്ട. ഞാമ്പറയാം കുമാറേട്ടനോട്. നെന്നെ പറ്റിയൊക്കെ ഇങ്ങനെ പറയുന്നോർക്ക് നാശേ ഉണ്ടാവ്ള്ളു'' ഗീതച്ചേച്ചി ചവിട്ടിക്കുതിച്ച് അകത്ത് പോയി.
""പറ ഏട്ടാ ആരാ പറഞ്ഞത്? ഞാമ്പറയിക്കാം സത്യന്താന്ന്? ഇവരൊക്കെ എന്തൊരു നല്ല സൊഭാവക്കാരാന്ന് അറയോ? ഏട്ടനിതൊന്നും വിശ്വസിക്കരുത്'' ഗീതച്ചേച്ചി സിന്ധുച്ചേച്ചിയ്ക്കു വേണ്ടി സംസാരിച്ചു.
""ഇല്ല ഇല്ല''
""ആരാ പറഞ്ഞതെന്നു പറ. ഞാൻ സംസാരിക്കാം.'' കുമാറേട്ടാൻ ഗീതച്ചേച്ചിയെ തുറിച്ചു നോക്കി. പിന്നെ സാവകാശം പറഞ്ഞു.
""നീ തന്നെ ഗീത. നീ നീ'' ഗീതച്ചേച്ചി വല്ലാതെയായി
""ഹെയ് ഞാനോ?''
""അതെ നീ'' മദ്യപിച്ചതിനു ശേഷം പാതിരാത്രിയിലെ തനി ഗീതയെന്തെന്ന് എല്ലാരും മാറി മാറി വിശദീകരിച്ചു.

""നിന്റെ സ്വഭാവമറിഞ്ഞിട്ടും ഞാൻ നിന്നെ ഇവിടെ കൊണ്ടു വന്നതാണ് തെറ്റ്. ഞാനും എന്റെ ഭർത്താവും നിന്നെ സ്വന്തം അനുജത്തിയായി കണ്ടതാണ് തെറ്റ്''
സിന്ധുച്ചേച്ചി അസ്വസ്ഥതയോടെ പറഞ്ഞു.
""നെന്റെ സൊഭാവണ് എല്ലാർക്കും എന്ന് കരുതരുത്. നെന്റെ കുടുംബം പോലെയാണ് എല്ലാ കുടുംബവുമെന്നു കരുതരുത്.''

ഗീതച്ചേച്ചി സ്തബ്ധയായി നിൽക്കുകയാണ്. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ എപ്പോഴത്തേയും പോലെ ഗീതച്ചേച്ചി പൊട്ടിക്കരച്ചിലായി. കാലുപിടിക്കലായി മാപ്പുപറച്ചിലായി. പട്ടിണിയായി. പരിവട്ടമായി. എല്ലാത്തവണത്തെയും പോലെ നല്ല തെളിവിൽ മാപ്പു പറയുകയും ലഹരിയിൽ മറിച്ചു പറയുകയും ചെയ്തു കൊണ്ടേയിരുന്നു.

കാര്യങ്ങളമ്പേ കൈവിട്ടിരുന്നു. ജോസെഫുമായുള്ള വഴക്ക് മൂർച്ഛിച്ചപ്പോൾ അയാളുടെ കുടുംബത്തിൽ വിളിച്ച് ഭാര്യയെ വിവരം അറിയിച്ചു. ആ കുടുംബത്തിന്റെ അടിവേരിളകി. അയാളുടെ ഭാര്യ വഞ്ചനയുടെ ആഴം ഒരാൺകുട്ടിപ്പിറവിയിൽ എത്തിനിന്നതറിഞ്ഞ് വീട്ടിലേയ്ക്ക് കുട്ടികളെയും കൂട്ടി പ്പോയി. കുടുംബത്തിന്റെ സമ്മർദ്ദത്താൽ ജോസെഫ് വരവ് എന്നെന്നേയ്ക്കുമായി നിർത്തി. ഈ പ്രശ്നവും ജമാലിന്റെ പ്രശ്നവും ചേർന്നപ്പോൾ പണം വരവും നിന്നു. വിഷാദവും ബൈപ്പോളാറുമതിന്റെ ഉഗ്രസ്ഥായിയിലായി. ലഹരിയുടെ ഉന്മാദവും കൂടിച്ചേർന്നു വന്നപ്പോൾ എല്ലാം പൂർത്തിയായി. കയ്യിലെ കാശു തീർന്നപ്പോൾ എല്ലാ കാമുകന്മാരും അവസാനിച്ച പോലെയായി. ജമാലുമില്ല കമാലുമില്ല. ഗീതച്ചേച്ചിയെ കണ്ടാൽ കുഞ്ഞുങ്ങൾ പോലും ഭയന്നു അടുത്തു വരാത്ത ഒരവസ്ഥ.

പണമില്ലാതായപ്പോൾ കുറച്ച് ആക്കം വന്നു. കുറേ ദിവസം വീട്ടിൽ അടച്ചിരുന്നു. ലക്ഷ്മിമേമമാത്രം പതിവായി വന്നു. അക്കാലങ്ങളിൽ ഗീതച്ചേച്ചി നാലുമാസക്കാരനായ മകനു വീണ്ടും മുലകൊടുക്കാൻ തുടങ്ങി.

രോഗത്തിന്റെയും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയുമൊക്കെ കടുത്താക്രമണത്തിൽ ഗീതച്ചേച്ചിവലഞ്ഞു. ആരുമില്ലെന്ന അവസ്ഥ. എപ്പോഴും ഓടി വന്നിരുന്ന സിന്ധുച്ചേച്ചിപോലും മുഖം തിരിയ്ക്കുന്ന അവസ്ഥ.

അങ്ങനെയൊരു രാത്രിയിലാണ് ഗീതച്ചേച്ചിവീണ്ടും ജോസെഫിനെ വിളിക്കുന്നത്.

""പറ്റില്ല ഗീതെ ഇനി പറ്റില്ലാന്നു ഞാമ്പറഞ്ഞു. ഒരിക്കലും എനിക്ക് പോകാനാവില്ലാത്ത വിധം ഞങ്ങളുടെ ബന്ധത്തെ ഗീത തന്നെയാണ് എന്റെ കുടുംബത്തിലെത്തിച്ചത്. ജെയ്‌നിയോട് അവൾ തന്നെ എല്ലാം വിളിച്ചു പറഞ്ഞു. എന്റെ കുടുംബം തൊലഞ്ഞു പോയി. എനിക്ക് കുടുംബത്തിലും നാട്ടിലും തലയുയർത്താൻ വയ്യ. പള്ളീലും വയ്യ. ബാംഗ്ലൂരിലേയ്ക്ക് വരാൻ വയ്യ. ഫോൺ ചെയ്യാനോ മെസേജെടുക്കാനോ വയ്യ. എല്ലാം ഗീത കാരണം. ഞാൻ വിവാഹം ചെയ്യുമ്പോഴെ പറഞ്ഞിരുന്നു. ഇതൊരു രഹസ്യബന്ധമായിരിക്കും. എനിക്കൊരു കുടുംബമുണ്ട്. എനിക്കിതിൽ ഇൻവോൾവ്വ് ചെയ്യാൻ കഴിയില്ല. എന്നിട്ടെന്തായി അവൾ നശിപ്പിക്കാവുന്നതിന്റെ പരമാവധി നശിപ്പിച്ചു..'' അയാൾ വിതുമ്പി

""ഞാൻ ഗീതയെ സത്യത്തിൽ രക്ഷിക്കയാണ് ചെയ്തത്. അത് തെറ്റായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു'' ഗീതച്ചേച്ചിയെന്ന മാരണത്തെ പ്രേമിച്ച നിമിഷത്തെ അയാൾ വെറുത്തു. കൂടാതെ ജോസെഫ് ഭയചകിതനുമായിരുന്നു.

""മരിക്കുന്ന അന്ന് എന്നെയും വിളിച്ചിരുന്നു. പരിഭ്രമിച്ചും പൊട്ടിക്കരഞ്ഞും മാപ്പു പറഞ്ഞുമൊക്കെ. എന്നോട് ക്ഷമിക്കുമോ? കൂടെ കൂട്ടുമോ? എന്നൊക്കെ ചോദിച്ചു കരഞ്ഞു.. എനിക്കൊരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലാത്തത്ര അകലത്തിലായിരുന്നു ഗീത... മറ്റൊരാളുടെ കുഞ്ഞിനെ പ്രസവിച്ചിട്ട് മൂന്നു മാസം തീർത്തും ആയിരുന്നില്ല. ഞാനെങ്ങനെ അവളെ സ്വീകരിക്കും.. പക്ഷെ അന്ന് മരിക്കാൻ നിന്നാണ് ചോദിക്കുന്നത് എന്നറിയില്ലായിരുന്നു. എങ്കിൽ ഞാൻ വെറുതെ സമാധാനത്തിനായെങ്കിലും യെസ് എന്ന് പറഞ്ഞേനെ'' ശിവകുമാറേട്ടൻ ഒരിക്കൽ സങ്കടത്തോടെ പറഞ്ഞു..
""എനിക്കവളെ അത്രയ്ക്കുമിഷ്ടായിരുന്നു''.

""ആരു കണ്ടു? ആരുമൊന്നും സത്യത്തിൽ കണ്ടില്ല. അത് ഞാനും ഈ മൊനും മാത്രം'' ലക്ഷ്മിമേമ വേദനയോടെ പറഞ്ഞു.

""അവൾ വല്ലാണ്ടെ ഉൾവലിഞ്ഞീരുന്നു. പഴയ വീര്യമോ വെറുപ്പോ ഒന്നുമില്ലാണ്ടായിരുന്നു. ഒരു മന്ദത ആലസ്യം. കുളിയ്ക്കാനും പല്ലുതേയ്ക്കാനും കഴിക്കാനുമടക്കം മടി. വളരെ അപൂർവ്വായിട്ട് ചെലരെ വിളിയ്ക്കും അവര് ഇടയ്‌ക്കൊക്കെ പുറത്തു പോയി കള്ള് വാങ്ങി വരും. ദാ ത്രശ്ശള്ള കുപ്പീല് അരക്കുപ്പി. ബ്രാണ്ടിയാണ്. ഗ്‌ളാസ്സിലൊഴിച്ച് മരുന്നുപോലെ കുടിയ്ക്കുന്നത് കാണാം. രാത്രിയിലുറക്കമേ ഇല്ലായിരുന്നു. ഒരു ഡോക്ടെറെക്കാണിക്കണമെന്നു ആലോചിക്കുമ്പഴേയ്ക്കും...'' മേമ നെടുവീർപ്പിട്ടു.

എലെക്രിക്ക് ക്രിമറ്റോറിയത്തിന്റെ പുറത്തെ തട്ടുകടയിൽ സന്ധ്യയ്ക്ക് ഇഡ്ഡലി പുഴുങ്ങുന്നതിന്റെ മണം നിറഞ്ഞു. ഉള്ളിച്ചട്ട്ണിയുടെ വാസന നിറഞ്ഞു. ഞങ്ങൾ മുഖാമുഖം നോക്കി

ലക്ഷ്മിമേമ ആ രാത്രി സ്വന്തം വീട്ടിലേയ്ക്കു പോയിരുന്നു. രാവിലെ 8 മണിയ്ക്ക് വരുമ്പോൾ ജനൽ പ്പാളി തുറന്നിട്ട് കൈകൾ വെളിയ്ക്കിട്ട് ""അമ്മുമ്മേ അമ്മുമ്മേ'' എന്ന് കാർത്തി നിലവിളിച്ചു. അവന്റെ മുഖം കടലാസ്സു പോലെ വിളറിയിരുന്നു. മൂത്രമൊഴിക്കാൻ എണീറ്റ അഞ്ചു മണിമുതൽ അവൻ അമ്മയ്ക്ക് കാവലിരുന്നു. അവന്റെ അനുജൻ വിശന്നു വാവിട്ടു കരഞ്ഞപ്പോൾ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പഞ്ചസാരയിട്ട് സ്പൂണിൽ കോരിക്കൊടുത്തു. പിന്നെ ലക്ഷ്മിമേമയെ കാത്ത് അവൻ ജനാൽക്കലിരുന്നു.

റോഡിൽ ലക്ഷ്മിമേമയെക്കണ്ടപ്പോൾ അവൻ സർവ്വം മറന്നു പൊട്ടിക്കരഞ്ഞു.
""അതു പോലെ ഒരു കാഴ്ച എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. എന്റെ കുഞ്ഞ് ജനല്കമ്പിയും പിടിച്ച് വിറച്ചിരിക്കുന്നു. അവൾ തൂങ്ങി നിക്കണു. കണ്ണ് തുറപ്പിച്ചിട്ട് നാവ് പൊറത്തിട്ടിട്ട്‌ചെറ്യേദ് മുട്ടിട്ട് താഴെ മൂത്രത്തില് ന്വെലോളിച്ചും കൊണ്ട് എഴയണു. ഹൗ ന്റെ കുട്ട്യേ.. കാർത്തി ഇനിക്ക് താക്കോല് ഇട്ട് തരാരുന്നു. മോളിലെ കുറ്റി സ്റ്റൂളു വെച്ച് കേറീട്ട് ബോൾട്ടും ഊരി. കിലുകിലു കിലാന്നാ ഈക്കുട്ടി വെറച്ചത്. ഞാനും....''

""അല്ലാ ബളെ മീഞ്ചന്ത്യ്ക്ക് കൊണ്ടോവ്‌ണ്ടോ? ന്തായാലും കോയ്മ്പത്തൂർക്ക് ഇല്ല'' വിലാസിനി വല്ല്യമ്മ മരിച്ചപ്പോൾ കണ്ട അതേ നിസ്സംഗത. ബാംഗ്ലൂരിലേയ്ക്ക് വന്നതു തന്നെ അത്ഭുതം.

""ഇല്ലാച്ചാൽ പോസ്റ്റ്മാട്ടം കഴിഞ്ഞിട്ട് ഇബടത്തെ എലെക്‌സ്റ്റ്രിക്ക് ശ്മശാനത്തിലെന്നെ ആക്കാം'' അപരിചിതയായ ഏതോ ഒരു പെണ്ണിനെക്കുറിച്ചു പറയുന്ന ലാഘവത്വത്തോടെ പ്രഭാകരൻ വെല്ല്യച്ചൻ കാര്യങ്ങൾ തീർപ്പാക്കാനാരംഭിച്ചു
""പിന്നെ ഈ രണ്ട് ചെക്കന്മാര്. ഓരെന്നും എനിക്കേക്കാമ്പറ്റില്ല്യ. എനിക്കെ ഒരു കുട്ടിണ്ട്. തന്താരെന്നെ കൊണ്ടോവ്‌ട്ടെ. ദീപയ്ക്ക് കൊടുക്കാൻ വെച്ച് സൊത്ത് ഇവർക്ക് എഴുതിക്കൊടുക്കാം.''

എലെക്രിക്ക് ക്രിമറ്റോറിയത്തിന്റെ പുറത്തെ തട്ടുകടയിൽ സന്ധ്യയ്ക്ക് ഇഡ്ഡലി പുഴുങ്ങുന്നതിന്റെ മണം നിറഞ്ഞു. ഉള്ളിച്ചട്ട്ണിയുടെ വാസന നിറഞ്ഞു. ഞങ്ങൾ മുഖാമുഖം നോക്കി. വിനോദയാത്രയ്ക്ക് വന്നയാളെപ്പോലെ ഒരുപക്ഷെ തരം കിട്ടിയിരുന്നുവെങ്കിൽ ആ തട്ടുകടയിൽ മകളുടെ ഉടലുരുകുന്നതിന്റെ ഗന്ധത്തിനൊപ്പം രുചിയോടെ അയാൾ ഇഡ്ഡലി കഴിക്കുമായിരുന്നു... ഭസ്മം പോലും അയാൾ വാങ്ങിയില്ല. അയാൾക്കന്നു തന്നെ തിരികെപ്പോകണമായിരുന്നു. വലിയശല്യം ഒഴിഞ്ഞ മുഖത്തോടെ അയാൾ മടങ്ങി. അതും വീണച്ചേച്ചിയും സിന്ധുച്ചേച്ചിയും കൂടി വാങ്ങി....

ജോസഫിന്നു കുട്ടിയെയും കൊണ്ട് നാട്ടിലേയ്ക്ക് മടങ്ങുവാനാകുമായിരുന്നില്ല. അയാൾ ക്രിമറ്റോരിയത്തിന്റെ മുമ്പിൽ നിന്നു പലകുറി ഭാര്യയെ വിളിച്ചു. അപ്പനെയും അമ്മയേയും വിളിച്ചു.
""10 അനാഥക്കുട്ടികളെ കൊണ്ടന്നോ ഞാൻ നോക്കാം ഇദെനിക്ക് വയ്യ'' ജോസെഫിന്റെ ഭാര്യ അയാളെ കയ്യൊഴിഞ്ഞു. അയാൾ പ്രതിസന്ധിയിലായി.

""എന്താ വേണ്ടെന്നു വെച്ചാൽ എഴുതിക്കൊടുത്തെയ്ക്കുക. അനാഥശാലേലാക്കിട്ട് വന്നാൽ മതി. ഇനിയൊരു പോക്ക് പോയാല് ഞാനും എന്റെ കുട്ടികളും പാട്ടിനും പോകും'' ജെയ്‌നി അവസാനത്തെ വാക്കും പറഞ്ഞുറപ്പിച്ചു..
""എന്റെ ജീവിതം പോയി. ജെയ്‌നിയുടെത് പോകാതെ ഞാൻ തിരികെത്തരുന്നു''

മരിക്കണ രാത്രിയിൽ സകലകുറ്റമേറ്റു പറഞ്ഞ് ജെയ്‌നിയ്ക്ക് ഗീതച്ചേച്ചി മെസേജയച്ചിരുന്നു. എല്ലാം തന്റെ തെറ്റാണെന്നും ജോസെഫ് നല്ലവനാണെന്നുമൊരു സാക്ഷ്യവും. താൻ സ്വത്തുകണ്ട് കൂടിയതാണെന്നും അങ്ങനെയെന്തൊക്കെയോ. ഒരു പക്ഷെ ജെയ്‌നിയ്ക്ക് ജോസെഫിനു മാപ്പു നൽകാൻ പറ്റുന്ന തരത്തിൽ എന്തൊക്കെയോ സന്ദേശങ്ങൾ അയച്ചു. പിന്നെ വിളിച്ചു.. നേരിട്ട് മാപ്പു പറഞ്ഞു. ഇനിയൊരിക്കലും ശല്യമാകില്ലെന്നും ജോസെഫുമൊത്ത് ശാന്തമായി ജീവിക്കണമെന്നും പറഞ്ഞു.

തൊട്ടതിനു പിടിച്ചതിനും അടിച്ചും ഇടിച്ചും ദ്രോഹിച്ചും പട്ടിണിയ്ക്കിട്ടും വിരണ്ടു പോയ ബാല്യത്തിന്റെ നിഴലുകൾ അമ്പേ അവനിൽ നിന്നൊഴിഞ്ഞു പോയിരുന്നു. അവനു ഗീതച്ചേച്ചിയുടെ വിടർന്ന കണ്ണുകളും മുഖച്ഛായയുമുണ്ടായിരുന്നു.

ഗീതേച്ചിയായിട്ട് സൃഷ്ടിച്ച പ്രശ്‌നങ്ങളെ ഗീതേച്ചിയായിട്ടു തന്നെ തീർത്തു.. ഭാഗികമായിട്ട്. ഉണ്ടാക്കിയ മുറിവുകൾ മാത്രം ഹൃദയങ്ങളിൽ ഉണങ്ങിയില്ല.. വേരു പൊരിഞ്ഞത് പോലെ വലിയമുത്തശ്ശിയുടെ താവഴി അടഞ്ഞു പോയി. പെൺ വിത്തുകളില്ലാതെ വള്ളിക്കാട്ടെ പെണ്ണുങ്ങൾ അരങ്ങൊഴിഞ്ഞു കൊണ്ടേയിരുന്നു. ഗീതച്ചേച്ചിയ്ക്കു ശേഷം ഞാനായി ഞങ്ങളുടെ തറവാട്ടിലെ മൂത്തപ്പെണ്ണ് അമ്മുവിനുമമ്മിണിയ്ക്കും പെൺകുട്ടികളില്ലാതെ ആ വഴിയും വേരടർന്നു പോയി. കീർത്തിമോൾ അപകടത്തിൽ മരിച്ചതോടെ ആ വഴിയും ചുരുങ്ങിയമർന്നു...

കാർത്തിയെ അവന്റെ അച്ഛൻ വന്നു കൊണ്ടു പോയി. അനാഥശാലയിൽ അയക്കാൻ നിന്ന ഗീതച്ചേച്ചിയുടെ ഇളയമകനെ വീണച്ചേച്ചി ദത്തെടുത്തു. ജോസെഫ് അവനിലുള്ള സകല അവകാശവും നിയമപരമായി അവർക്ക് കയ്യൊഴിഞ്ഞു നൽകി. കാലത്തിന്റെ കണക്കുകൾ വളരെ കൃത്യമാണ്.
""എനിക്ക് വീണയുടെ മുടി ഇഷ്ടമല്ല വെട്ടണം.'' എന്നു പറഞ്ഞു തന്റെ അമ്മയെക്കൊണ്ട് മച്ചുനിച്ചിയുടെ മുടി മുറിപ്പിച്ച ഏറ്റവും നശിച്ച മനസ്സിന്റെ കളിയ്ക്ക്. എന്നും വലിയ മുത്തശ്ശിയെക്കൊണ്ട് പിച്ചും നുള്ളും വാങ്ങിക്കൊടുത്തതിന്റെ പകരത്തിന്​. ഭക്ഷണവും സാധനങ്ങളുമൊന്നും കൊടുക്കാതെ കൊതിപ്പിച്ചു തിന്നതിന്റെ കണക്കുകൾക്ക്.. വീണച്ചേച്ചി സകലതിനും പകരം വീട്ടി. തീനിന്റെ അസൂയയുടെ രക്തബന്ധ അത്രുതയുടെ കണക്കുകൾ ജനിതകപ്പച്ചകുത്തി സന്തതികളിലേയ്ക്ക് മുദ്രിതമാകുന്നുവെന്നു കാലം തെളിയിച്ചു. വെറുപ്പിന്റെയുത്തരം തെളിഞ്ഞ സ്‌നേഹമാണ്. ആത്മാവും ജീവനും ജീവിതവും കൊടുത്ത് പകരം ചെയ്യുന്ന സ്‌നേഹം...

രണ്ടു വർഷങ്ങൾക്കു ശേഷം ഞാൻ കാർത്തിയെക്കാണാൻ അവന്റെ അച്ഛന്റെ പഴയ വീട്ടിലേയ്ക്ക് പോയി. എന്റെ ചെറിയ കസിനും കൂടെയുണ്ടായിരുന്നു... പാലക്കാടിന്റെ ചൂടുള്ള കാറ്റു വീശി. എനിക്ക് ഭയമുണ്ടായിരുന്നു. ശിവേട്ടന്റെ വീട്ടുകാർ ഒരു പക്ഷെ ദേഷ്യപ്പെട്ടേക്കാം. അവരുടെ മകന്റെ ജീവിതം തുലച്ചവളുടെ അനുജത്തിയാണ് ഞാൻ. അവിടം പക്ഷെ ശാന്തമായിരുന്നു. പഴയ പഴയ തറവാട്. മച്ചിൽ ഭഗവതി. ഞങ്ങൾ വരുമ്പോൾ വഴികാണിക്കാനായി കാത്തുനിൽക്കുന്ന കുട്ടികൾ. കൈമുണ്ടും മുണ്ടുമുണ്ടുടുത്ത, കാർത്തിയുടെ അച്ഛമ്മ സ്‌നേഹത്തോടെ മൂവാണ്ടൻ മാങ്ങ ചെത്തി പ്ലേയിറ്റിലിട്ട് അതിഥി മര്യാദ കാണിക്കുന്നു.
""നല്ലോരു പെങ്കുട്ട്യാരുന്നു. കാണാനൊക്കെ എന്തോരു ചന്താരുന്നു. നല്ലോണം പഠിച്ചുമിരുന്നു അല്ലെ? ഇങ്ങനെ മരിയ്ക്കുന്ന് ദുഃ സ്വപ്നത്തിലൂടി കരുതിയില്ല. പാവം'' അവർ കണ്ണീരുരുക്കി.
""ഇവടിക്കു പോരാരുന്നു.. ഞാനും അച്ഛനുമില്ലെ?'' അവർ വേപഥു പൂണ്ടു. ഈ ഗ്രാമത്തിനോ ഹൃദയ നൈർമ്മല്ല്യത്തിനോ ഒതുക്കാനാകുന്നറ്റിലുമപ്പുറം ക്രൂരമായ പെരുമാറ്റവും വന്യമാനസിക സന്ധികളും ഗീതേച്ചിയ്ക്കുണ്ടായിരുന്നുവെന്നെനിയ്ക്ക് പറയാനായില്ല...
""കാർത്തിയെ കണ്ടില്ലെ? നാന്നായിട്ടില്ലെ?'' ആ അമ്മ ആകംക്ഷയോടെ ചോദിച്ചു
""ശരിയ്ക്കും തടിച്ചുരുണ്ട് മിടുക്കനായിരിക്കണു''
""അഹ്വൂ അദ് കേട്ടാമ്മതീ. അമ്മല്ല്യാത്ത ചെക്കനല്ലെ? ശിവനാച്ചാ അബുദാബീലും. ഈ തന്തെം തള്ളെം കൂട്ട്യാ കൂട്വോ എന്നായിരുന്നു പേടി. '' അവർ ആശ്വാസ നിശ്വാസമുതിർത്തു.

""കൊണ്ടന്നപ്പഴേ പേടി തട്ട്യേ പോലിയായിരുന്നു. ഒറ്റയ്ക്കണ്‌ത്രെ കെടന്നെർന്നത്. ഞാനും ഒരു മുറീം കോസടീം ഒക്കെ കുട്ടിയ്ക്ക് കൊട്ത്തു. പാവം രാത്രിലെ എത്ര തവണേണ് ഞെട്ടിന്നീറ്റത്. എന്തിനാ പറയണേ ഒരു സ്പൂൺ വീണാ, ഒരു ഗ്ലാസ്സ് വീണാ കുട്ടി നട്ങ്ങും. ഷോക്കാത്രേ ഡോക്ടെറ് പറഞ്ഞു. ഞങ്ങള് പിന്നെ ഞങ്ങടെ നട്ക്കാ കെടത്തീത്.. ഇപ്പോ ആ ഞെട്ടലും പേടീം ഒക്കെ മാറി. ഒറ്റയ്ക്ക് സൈക്കിളോടിയ്ക്കും. കടേലിക്ക് പോവും''

സ്പൂൺ വീഴത്തിയതിനും ഗ്ലാസ്സ് വീണതിനും മുഖമടച്ച അടി കിട്ടിയ നാലുവയസ്സുകാരൻ കാർത്തിയുടെ ഭീതി അമ്മയുടെ മരണമായിരുന്നില്ല. അമ്മയുടെ ജീവിതമായിരുന്നു. തൊട്ടതിനു പിടിച്ചതിനും അടിച്ചും ഇടിച്ചും ദ്രോഹിച്ചും പട്ടിണിയ്ക്കിട്ടും വിരണ്ടു പോയ ബാല്യത്തിന്റെ നിഴലുകൾ അമ്പേ അവനിൽ നിന്നൊഴിഞ്ഞു പോയിരുന്നു. അവനു ഗീതച്ചേച്ചിയുടെ വിടർന്ന കണ്ണുകളും മുഖച്ഛായയുമുണ്ടായിരുന്നു. ഗീതേച്ചിയുടെ ആണ്മുഖമുഖം. ഒപ്പം അവന് ശിവേട്ടന്റെ കുടുംബത്തിന്റെ സമാധാനവും..

""അവനോട് ചെയ്ത ഏറ്റവും വെല്ല്യെ ചത്യായി ആകുട്ടീടെ മരണം. അമ്മ തൂങ്ങി നിക്കണ കാഴ്ച കണ്ടില്ല്യേ? അദ്പ്പരം ഒരു ദുഃഖമുണ്ടോ? കഷ്ടം അല്ലാണ്ടെന്താ പറയാ?''ശിവേട്ടന്റെ അമ്മ ഞങ്ങൾക്കായി തയ്യാറാക്കിയ ചക്കയട പ്ലേറ്റിലിട്ടു തന്നു.
വേണമെങ്കിൽ വീണ്ടെടുക്കാവുന്ന ജീവിതപ്പച്ചയായിരുന്നു ശിവേട്ടനും വീട്ടുകാരും...

ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ആർത്തികളും സ്വാർത്ഥതകളും തന്നിഷ്ടങ്ങളും ഒന്ന് അടക്കിയിരുന്നെങ്കിൽ ഗീതച്ചേച്ചി ഇന്നും ആരോഗ്യത്തോടെ ഇരുന്നേനെ

""എനിക്കീ ഫ്രാൻസ്സിലു ഒരുങ്ങി മേക്കപ്പിട്ട് പാർട്ടീ ലൈഫായ് പെങ്കുട്ട്യോളെ കാണുമ്പോ ഗീതച്ചേച്ചിയെ ഓർമ്മ വരും. ദേവി എന്നോട് ഫ്രാൻസ്സിൽ വെച്ച് പറഞ്ഞത് ഞാനോർത്തു.

""നല്ല ട്രീറ്റ്‌മെന്റ് കൊടുത്തിരുന്നെങ്കിൽ ഉറപ്പായും ഗീതയെ രക്ഷിക്കാമാരുന്നു'' സിന്ധുച്ചേച്ചി പറഞ്ഞു.
""മയക്കുമരുന്നോ മദ്യമോ അവൾക്ക് മതിയാവാത്ത പോലെ നമ്മളറിയാത്ത ഒരു അഡിക്ഷൻ അവൾക്കുണ്ട്.'' എന്റെ മറ്റൊരു കസിൻ വെളിപ്പെടുത്തി
""ഏഹ് അതെന്താണ്. പുതിയ കുണ്ടാമണ്ടി?''
""അതാണു പുരുഷൻ'' ഒരു നിശബ്ദത ഞങ്ങൾ സ്ത്രീകൾക്കിടയിൽ പടർന്നു.. എല്ലാരും ഒന്നു ഭയന്ന പോലെ തോന്നി.
""അതെ എല്ലാ ദിവസവും സെക്സ്സില്ല്യാണ്ടെ അവൾക്ക് പറ്റില്ലായിരുന്നു... നിംഫ് പോലെയെന്തോ''
""ഏയ്യ് അങ്ങനൊന്നുമല്ല. അങ്ങനൊന്നുമല്ല'' ഞാനെതിർത്തു.
""മയക്കു മരുന്നിന് അടിമയായായ്ൽ പൈസ ഇല്ല്യാതായാൽ സംഭവിക്കണതാണ് ശരീരം എക്‌സ്‌ചേചിയ്യൽ. അല്ലാണ്ടെ ഇതൊന്നുമല്ല''

പാലക്കാട്ടെ വീട്ടിലെ പടിപ്പുരയിറങ്ങി നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കിയതേയില്ല. എന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.
""അമ്മയില്ലാതെ വളർന്ന വേദന അറിഞ്ഞിട്ടും കുഞ്ഞിനെ അനാഥനാക്കീല്ല്യേ. അദേള്ളൂ ആ പെങ്കുട്ട്യോടൊരു കാലുഷ്യം. കുട്ട്യോടെന്തിനാ എനിക്ക്'' അവരെന്റെ കൈകളിൽ മൃദുവായിട്ട് പിടിച്ചു.
""ഞങ്ങളോട് ദേഷ്യമുണ്ടൊ?'' എന്ന ചോദ്യത്തിനു അമ്മ തെളിഞ്ഞു ചിരിച്ചു. ചക്കയടയും നാടൻ മോരുമടങ്ങിയ സഞ്ചി സ്‌നേഹത്തോടെ നീട്ടി.

എന്റെ കുടുംബത്തിലെ പെണ്ണുങ്ങൾക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആ ക്രൂരത എന്റെയുള്ളിലിരുന്നു ചുരമാന്തി വാക്കുകളായി പുറത്തേയ്ക്കു ചിതറി. വന്യമാർന്ന ഒരു പ്രാകൃതജീവി എന്റെയുള്ളീൽ കിടന്നു അട്ടഹസിച്ചു

പൊൻവാളിച്ച നെല്ല് ഗർഭിണിയായ പാടവരമ്പിലൂടെ ഞാൻ ഹൃദയത്തിലേറിയ ഭാരവുമായി നടന്നു. സ്വന്തമായ ഒന്നിനെ എവിടെയോ എപ്പഴോ കാണുമ്പോൾ തോന്നുന്ന ആഹ്ലാദവും നിരാശയും എന്നെ കശക്കി. പൊന്നുനിറമായ പാടങ്ങൾ പിന്നിടെ ഞാൻ തിരിഞ്ഞു നോക്കി പടിപ്പുര വീട്ടിന്റെ വാതിൽക്കൽ നിന്ന് അവൻ ചെറിയമ്മയ്ക്ക് ആഹ്ലാദത്തോടെ കൈ വീശുന്നു.. രക്തബന്ധങ്ങളുടെ നേർത്തതും അദൃശ്യവുമായ വലയ്ക്കുള്ളിലെ രണ്ടുപേർ മാത്രമായിരുന്നു ഞാനും അവനും. വല തുന്നിയ വലിയ മുത്തശ്ശിയോ കുഞ്ഞു മുത്തശ്ശിയോ അമ്മമ്മയോ വിലാസിനി വെല്ല്യമ്മയോ അമ്മയോ ഗീതച്ചേച്ചിയോ ഇല്ലാഞ്ഞും ആ വലയ്ക്കുള്ളിൽ ഞങ്ങളിരുപേരിരിയ്ക്കുന്ന കുലമാന്ത്രികം.

""ഗീതച്ചേച്ചി ആ കുഞ്ഞുങ്ങളോട് ചെയ്ത ഏറ്റവും നല്ലകാര്യം എന്താന്നറിയുമോ?''
ഞാനെന്റെ അനുജത്തിയോട് ചോദിച്ചു
""ആ മരണം. അവൾ മരിച്ചതു കൊണ്ട് മാത്രം ആ രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു''

എന്റെ കുടുംബത്തിലെ പെണ്ണുങ്ങൾക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആ ക്രൂരത എന്റെയുള്ളിലിരുന്നു ചുരമാന്തി വാക്കുകളായി പുറത്തേയ്ക്കു ചിതറി. വന്യമാർന്ന ഒരു പ്രാകൃതജീവി എന്റെയുള്ളീൽ കിടന്നു അട്ടഹസിച്ചു... കൊങ്കിയിരുമ്പു കൊണ്ട് ഗീതച്ചേച്ചിയെ ആക്രമിച്ച അതേ വേട്ടക്കാരിമൃഗം. ഞാൻ കണ്ണാടിയ്ക്ക് മുമ്പിൽ നിന്നു വാപൊളിച്ചു നോക്കി. കാണാനുണ്ടോ ആ വിഷമുതിരും ഉളിദംഷ്ട്ര? ഞാൻ തലയിൽ പരതി. ഉണ്ടോ? ഉണ്ടോ? വിഷമുള്ളാർന്ന ഒറ്റക്കൊമ്പ്? നെഞ്ചിൽ കൈതൊടെ എന്റെ മുലക്കണ്ണ് തടഞ്ഞു. ഉണ്ടോ? വിഷമൂറിയ മുലപ്പാൽ കൊണ്ട് സന്തതികളേ കൊല്ലുന്ന ആദിത്ത്വരയുടെ നീലമണം?▮


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments