ചിത്രീകരണം: കെ.പി. മുരളീധരൻ

രണ്ടാം ഗെയിറ്റിൽ നിന്ന്​ അവനെന്നോട് തുളവീണ ഹൃദയം ചോദിക്കുന്നു

എന്റെ കഥ- 8

അവൻ എന്റെ ഹൃദയം അറപ്പോടെ കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. ചത്തമത്സ്യങ്ങൾക്കിടാൻ കൊണ്ടു വന്ന ഐസുപരലുകൾ വാരി എന്റെ ഹൃദയവിടവിൽ നിറച്ചു

ടുത്ത രണ്ട് പ്രേമങ്ങളിൽ ഒന്ന് ശാരീരികമായ കെട്ടിപ്പിടുത്തവും ഉമ്മകളും ചേർന്ന് എന്നെ വിവാഹത്തിലെത്തിച്ചു. പ്രേമത്തിൽ ഉടലാഴം ഇല്ലാത്തതാണ് ശരാശരി ഇന്ത്യൻ സ്ത്രീയെ സംബന്ധിച്ച് സുരക്ഷിതം എന്ന് മനസ്സിലാക്കാനുള്ള വിവേകം അന്നെനിക്ക് ഇല്ലാതെ പോയി. ആദ്യത്തെ പ്രേമവർഷങ്ങൾ തീർന്ന്​ ചുടലക്കണ്ടികൾ വളരാൻ തുടങ്ങി. രണ്ട് കുട്ടികളായി. അപ്പോഴേയ്ക്കും അദ്ദേഹത്തിനെന്നെ മടുത്തു തുടങ്ങിയിരുന്നു. കലഹങ്ങൾ ആരംഭിച്ചു. ഇല്ലാത്ത മനുഷ്യരുടെ പേരുകൾ ചൂണ്ടി അവരുമായി എനിക്ക് പ്രേമബന്ധമുണ്ടെന്ന് ആക്ഷേപങ്ങൾ തുടങ്ങി.

യഥാർത്ഥത്തിൽ അദ്ദേഹമാണ് മറ്റൊരു സ്‌നേഹവലയിൽ പെട്ടത് എന്ന് തിരിച്ചറിഞ്ഞത് എന്നെ നടുക്കിക്കളഞ്ഞു. ഞാനന്ന് ഗർഭിണികൂടിയാണ്. ക്ഷമിക്കണം പഴയ ബിംബങ്ങൾ കേട്ടു പഴക്കമാർന്നിരിക്കും. അവ ഉപേക്ഷിക്കാനാവുന്നില്ല. ഇതൊക്കെ ചേർത്തെ എനിക്കീ ഭാഗം പൂർത്തിയാക്കാനാകൂ...

ഞാൻ അശരണയായവൾ. വലിഞ്ഞു പൊട്ടാറായ വയർ വലിച്ച് തെരുവിൽ ഞാൻ നടന്നു. സത്യത്തിൽ കൊടിച്ചിപ്പട്ടികളെപ്പോലെ അനാഥയായിട്ടാണ് ഞാൻ നടന്നത്. ഗർഭത്തിൽ പങ്കാളിയായവനെ കാണാനില്ല. അവൻ എറണാകുളത്ത് സിനിമ ചെയ്യുന്നു എന്നു മാത്രം അറിയാം. ഹോസ്പിറ്റലിലെ ചെറിയ ഡോക്ടർക്ക് എന്റെ ഗർഭം അവിഹിതമെന്ന് വരെ സംശയമുണ്ടായിരുന്നു. എട്ടു മാസക്കാലവും ഒറ്റയ്ക്ക് കൺസൾട്ടേഷനു വന്ന ഗർഭിണി, അതും ഹൃദ്രോഗി. അത് അവരെ അമ്പരപ്പിച്ചു. ഗർഭിണിയാണെന്ന് അറിഞ്ഞതിനുശേഷം വന്നതിനു ശേഷം അവസാനമായി വന്നത് എട്ടു മാസവും ആറു ദിവസവും ഉള്ളപ്പോഴാണ്.""ഇനി വെച്ചോണ്ടിരിക്കണ്ട. നമുക്ക് നല്ല ദിവസം നോക്കി ഓപ്പറേഷൻ ചെയ്യാം'' അജിത ഡോക്‌ടർ എന്റെ വിധിയും തീരുമാനിച്ചു.""കുട്ടി മൂന്നേമ്മുക്കാൽ കിലോ ആയിട്ടുണ്ട്. ഇനി വെച്ചാൽ ഭാരം കൂടും അമ്മയ്ക്ക് അത് താങ്ങാനുള്ള ആരോഗ്യം ഇല്ല''

ഗർഭിണിയാകുമ്പോൾ ഹൃദ്രോഗം അതിന്റെ മൂർച്ഛയിൽ എന്നെ കീഴടക്കുമായിരുന്നു. ഒരു കുടന്ന വായുവിനുവേണ്ടിയുള്ള പരാക്രമങ്ങളായിരുന്നു ഞാനും എന്റെ സന്തതിയും തമ്മിൽ. ഒരു ചെറിയ കയറ്റം കയറിയാൽ കടലിൽ നിന്ന്​ പുറത്തെത്തിയ ഗർഭിണി മീനെപ്പൊലെ ഞാൻ വാപിളർത്തി ശ്വാസം ആഞ്ഞാഞ്ഞ് വലിച്ചു. എത്ര വലിച്ചിട്ടും എനിക്ക് മതിവന്നില്ല. വെള്ളം തീർത്തും വറ്റി വിണ്ട മരുപ്പാടത്തെപ്പോലെ തൊണ്ട വിങ്ങി.
എന്റെ ഉള്ളവയവങ്ങൾ വിശപ്പാർന്ന് തൊണ്ട പൊളിച്ച് "ആഹ്' എന്നൊരു നിലയിൽ വായുവെ തേടി.
തല നിശ്ചലമാർന്നു.
ഹൃദയം പടപടാന്നു മിടിച്ചു.
കിതപ്പിന്റെ വന്യത എന്നെ പൊതിഞ്ഞു.
ശാരീരികമായി മാത്രമായിരുന്നില്ല എന്റെ അശരണത.
ആത്മാവിൽ സ്‌നേഹമില്ലായ്മ അനുഭവിക്കെയും എനിക്ക് ശ്വാസം മുട്ടിയ അതേ അനുഭവമുണ്ടായി.
""എന്നെ സ്‌നേഹിക്കൂ'' എന്ന് ദുർബലമായിപ്പോലും സംസാരിക്കാനാവാതെ, വാപിളർത്തി വലിക്കുന്ന വായുവേപ്പോലെ ഞാൻ സ്‌നേഹത്തിനായി നിന്നു അണച്ചു.
നിലത്ത് അദ്ദേഹത്തിന്റെ ചെരുപ്പിൽ പറ്റിയ സ്‌നേഹത്തിനായിപ്പോലും സാഷ്ടാംഗം കുമ്പിട്ട് നക്കിയെടുത്തു.

ശരിക്കും അപ്പന്റിക്‌സ് പോലെയായിരുന്നു എന്റെ ദാമ്പത്യം, എനിക്ക് ഒരു പ്രയോജനവും ചെയ്തില്ല.

ആത്മീയമായും വൈകാരികമായും ശാരീരികമായും സാമൂഹികമായുമൊക്കെ അവഗണനയുടെ കാഠിന്യമല്ലാതെ മറ്റൊന്നും എനിക്ക് നീട്ടാനാബന്ധത്തിനായില്ല. ജീവിതത്തിന്റെ വൻകുടലുകളും ചെറുകുടലുകളും പരസ്പരം ബന്ധിക്കുന്ന ഒരു നശിച്ച വാലു പോലെ അത് രോഗഗ്രസ്തമായി നിന്നു.
ഇടയ്ക്ക് കലഹങ്ങളാലും ഇടയ്ക്ക് കലഹരഹിതമായും അത് പഴുത്തു എന്നെ നീറ്റി. എനിക്ക് പ്രാണസങ്കടമുണ്ടായി.
പക്ഷെ എത്ര കലഹത്തിലും എത്ര സ്പർദ്ധയിലും ആദ്യത്തെ പ്രേമവർഷങ്ങളുടെ ഓർമ ഞങ്ങളിരുപേരെയും വേദനയെ സമാശ്വസിപ്പിച്ചു. പരസ്പരം കഠിനമായ ഒരു സ്‌നേഹത്തിന്റെ ഇരുമ്പുകുഴലങ്ങനെ നിന്നു.

ഭാര്യാഭർത്തൃബന്ധം മുറിച്ചുകളയേണ്ട അപ്പന്റിസൈറ്റിസ്സ് ആയപ്പോഴും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളിൽ ശക്തമായ സ്‌നേഹം ഉണ്ടായതായി എനിക്കനുഭവപ്പെട്ടു.
ഈ വിഷയത്തെക്കുറിച്ച് അനവധി തവണ ഞാനെഴുതി.
വായനക്കാർക്ക് ബോറടിച്ചു.
നോക്കൂ, ഒരു തിരസ്‌കാരം ഇത്രയ്ക്ക് കഠിനതരമാകുമോയെന്നവർ വ്യാകുലരായി. എന്നെ സ്വയം ഞാൻ അടയാളപ്പെടുത്തിയ വാക്കുകൾ പരിമിതമാണെന്ന് എന്റെ കൂട്ടുകാരൻ എന്നെ പരിഹസിച്ചു.
അശരണം, ഹൃദ്രോഗം, ഗർഭവയർ, അനാഥയായ കൊടിച്ചിപ്പട്ടി- ബിംബങ്ങളുടെ മുഷിപ്പിക്കുന്ന പരാമർശങ്ങളാണ് എന്റെ ആത്മാനുഭവങ്ങൾ എന്ന് എന്നെ അപഹസിച്ചു.
സത്യമായിരുന്നു അത്.
ഒരിക്കലും ഓക്കാനിച്ച് തീരാത്ത ഒരു അപമാനക്കയ്പ്പാണ് തിരസ്‌കാരമെന്ന തിരിച്ചറിവിൽ ഞാനെന്റെ ജീവിതത്തെ അടയാളപ്പെടുത്താൻ ശ്രമിച്ചു. ദാമ്പത്യത്തിലേയ്ക്ക് പിന്നീട് വരാം.

മൂന്നാമത്തെ പ്രേമം വലിയ തമാശയായിത്തീർന്നു.
വിവാഹം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണത് ആരംഭിക്കുന്നതു തന്നെ.
പ്രേമിച്ച് വിഹിതമല്ലാത്ത ഒരു ബന്ധമായതു മാറ്റി ചീത്തപ്പേരു കേൾക്കുവാൻ ഞങ്ങളിരുപേരും ആഗ്രഹിച്ചിരുന്നില്ല. നിയമപരമായി വിവാഹം വേർപെടുത്തിയ ശേഷം സമാധാനപൂർണമായൊരു ജീവിതം പരസ്പരമായിക്കൂടെ എന്നു ഞങ്ങൾ ആഗ്രഹിച്ചു.
അവനെന്നെപ്പോലെ തന്നെയായിരുന്നു. അല്ലെങ്കിൽ എന്നെയങ്ങനെ വിശ്വസിപ്പിച്ചിരുന്നു.
ഞാനവനെ വിശ്വസിച്ചിരുന്നു.
ഭാര്യ മരിച്ചുപോയ മറ്റൊരനാഥനായ മനുഷ്യൻ, ഒരു പെൺകുട്ടിയെ നോക്കുന്നവൻ, നരഭോജിയെപ്പോലെ വന്യമാർന്ന ഒരുവൻ. പരുക്കനായവൻ. ഒരിക്കലും മെരുങ്ങാത്ത, തന്നിഷ്ടങ്ങളിൽ അണുവിട ചലിക്കാത്ത ദേഷ്യക്കാരനായ ഒരുവൻ. പോകെപ്പോകെ ആത്മീയമായി ഞങ്ങൾക്കിടയിൽ സുദൃഢമായ ബന്ധം രൂപപ്പെട്ടു. എന്റെ എല്ലാ പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും അവന്റെ നോട്ടമെത്തി, അവനെന്നെ സഹായിച്ചു. വീഴ്ചകളിൽ കൈ നീട്ടി. വീഴാതെ കാത്തു. എന്നാൽ എനിക്കതിനു വലിയവില കൊടുക്കേണ്ടി വന്നു. എന്റെ സമാധാനമായിരുന്നു അത്. മറ്റുള്ളവരിൽ നിന്ന് എന്നെ രക്ഷിക്കയും അവൻ തന്നെ എന്നെ വിമർശിക്കയും ദേഷ്യപ്പെടുകയും ചെയ്യുന്നതായിരുന്നു അവന്റെ ഒരു പൊതുരീതി.

എന്നെ അവൻ സദാ നന്നാക്കുവാൻ ശ്രമിച്ചു.
നടപ്പിൽ, ഇരിപ്പിൽ, സംസാരത്തിൽ, എഴുത്തിൽ, നിലപാടിൽ, സോഷ്യമീഡിയ പ്രവർത്തനങ്ങളിൽ ഒക്കെ അവൻ ഇടപെട്ടു.
എനിക്ക് വഴക്കോട് വഴക്ക്.
ഒരു മനുഷ്യനെ അവനായിരിക്കാൻ അനുവദിക്കാതെ തിരുത്തിത്തിരുത്തി നടക്കുവാൻ ശ്രമിക്കുന്നത് വളരെ കഷ്ടമാണ്.
എനിക്കാ ബന്ധം ഭാരവും ബാധ്യതയുമായിത്തുടങ്ങി. ബന്ധം ആരംഭിച്ചില്ല. അതിനുമുമ്പേ ഭരണം തുടങ്ങുന്ന മലയാളി പ്രതിനിധി. അവനാവട്ടെ രാവും പകലുമെന്നോണം എന്നെ നന്നാക്കി നന്നാക്കിക്കൊണ്ടെയിരുന്നു. സ്‌നേഹം കൊണ്ടായിരിക്കാം. അവനു പക്ഷെ പ്രേമം അറിയുമായിരുന്നില്ല. അറിയുമായിരുന്നെങ്കിൽ തല തിന്നുന്നതു പോലെ പിറകെ വന്നു നന്നാക്കി വെറുപ്പിക്കുമായിരുന്നില്ല. നല്ല ഒരുത്തൻ, പക്ഷെ അമിതമായ അഹന്തയും പൊസെസ്സിവ്‌നെസ്സും അവനെ കലക്കിക്കളഞ്ഞു. ഒപ്പം സ്‌നേഹരാഹിത്യങ്ങളുമുണ്ടായിരുന്നു.

കുടുംബത്തിനകത്ത്, നിയമപരമായി എങ്കിലും ഒരു ബന്ധം നിലനിൽക്കുന്നിടത്തോളം കാലം പുതിയ വിവാഹത്തെപറ്റി ചിന്തിക്കുവാനാകുമായിരുന്നില്ല.

അതിനേക്കാളുമപ്പുറം സമാധാനമെന്നതിനെ പ്രതി ഞാൻ ആകുലപ്പെട്ടു.
അവൻ എന്റെ സമാധാനത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു പ്രേമഫോർമുലയാണ് നടപ്പിലാക്കിയത്. എനിക്ക് ഭയമായി. അതു ചെയ്താൽ, ഇതു ചെയ്താൽ, എന്തു ചെയ്താൽ കുറ്റം എന്ന നിലയായി. അയാളൊരു കർക്കശക്കാരനായ അധ്യാപകനെപ്പോലെയായിത്തീർന്നു. ഇത് കൂടാതെ ചെറിയ രീതിയിൽ അനാവശ്യങ്ങളും പറഞ്ഞു തുടങ്ങി. ആത്മാഭിമാനവും അന്തസ്സും വിട്ടൊരു കളി എനിക്ക് സ്വീകാര്യമായിരുന്നില്ല. പതിയെ എനിക്ക് വെളിവ് വന്നു. എന്നെ റ്റെയ്കൺ ഫോർ ഗ്രാന്റഡ് ആയി എടുക്കുന്ന, സദാ തിരുത്തുന്ന, സ്വെെര്യം തരാത്ത, സർവ്വോപരി എന്നെ വിശ്വസിക്കാത്ത ഒരാളുമായി എനിക്ക് ഒത്തുപോകാനായില്ല.

ആത്മീയ പ്രേമങ്ങളുടെ വിധിയാണത്.
ദീർഘകാലം ആത്മീയമായി നിന്നാൽ അത് പൊളിയും.
പെട്ടെന്ന് കല്യാണം കഴിച്ച് സ്ത്രീപുരുഷപ്രേമം വന്നില്ലെങ്കിൽ അത് കോഞ്ഞാട്ടയായിരിക്കും.
പ്രേമം, വിവാഹം- ഗൗരവമായി തീരുമാനത്തിലെത്തും മുമ്പെ അതങ്ങ് അർദ്ധോക്തിയിൽ നിന്നു.
ഇന്ന ഇന്ന കാരണങ്ങളാൽ പ്രേമമോ വിവാഹമോ നമുക്കിടയിൽ നടക്കില്ല എന്ന് ഞാൻ കട്ടായം പറഞ്ഞു.
ഇനിയതല്ല അത് വേണം എങ്കിൽ ചില കരാറുകൾ ഞാൻ പറഞ്ഞു. പ്രേമിക്കുന്നതിന്റെ ഭാരം ചുമക്കുവാൻ എനിക്ക് നല്ല പ്രയാസമായിരുന്നു. ആത്മാവിലേയ്ക്ക് നിറവോടുള്ള മറുവരവ് ഇല്ലാതെ ഞാൻ ആരെയും പ്രേമിക്കുവാൻ ഒരുക്കമായിരുന്നില്ല. അവൻ ഒന്നിനുമൊരുക്കമായിരുന്നില്ല. ആക്രമണമായിരുന്നു അവന്റെ സ്ഥിരശൈലി. മൂർച്ചയേറിയ നാവുകൊണ്ട്, നഗരത്തിലെ ഏറ്റവും വൃത്തികെട്ട ഒരു പെണ്ണുപിടിയന്റെ പേര് പറഞ്ഞു കൊണ്ട്, അവൻ എന്നെ ആക്രമിക്കാനാരംഭിച്ചു. എനിക്ക് മനം പിരട്ടി. അവന്റെ വിലകുറഞ്ഞ ധാർഷ്ട്യം എന്നെ ദുഃഖിപ്പിച്ചു. അവനൊരിക്കലും എന്നെ തിരികെ വേണമെന്ന് പറഞ്ഞില്ല. എന്നാൽ നീ എന്നെ നഷ്ടപ്പെടുത്തുന്നത് നിനക്ക് വൻനഷ്ടമാണെന്ന് ഇടക്കിടെ ഓർമ്മിപ്പിച്ചു. എന്ത് പരാജയമാണ് എന്റെ തിരഞ്ഞെടുപ്പുകൾ എന്ന് ഞാൻ ഓർമ്മിച്ചു. തലകുമ്പിട്ടു.

എനിക്ക് വേണ്ട. എനിക്ക് വേണ്ട. എന്റെ മനസ്സ് കുതറി. അപരിമിതമായ ആശ്വാസം എനിക്ക് അനുഭവപ്പെട്ടു. ഫോൺ ബിസിയായാൽ, ഔദ്യോഗിക/സാഹിത്യയാത്രകൾ നടത്തിയാലൊക്കെ ഉണ്ടായിരുന്ന വലിയ സമാധാനക്കേടുകൾ ഒഴിഞ്ഞു. ഞാൻ എഫ്.ബിയിൽ സ്വാതന്ത്ര്യത്തോടെ കമന്റിട്ടു. സമാധാനത്തോടെ മനുഷ്യരോട് സംവദിച്ചു. ഇഷ്ടമുള്ള ഉടുപ്പുകൾ ഇട്ടു. രാത്രിയിൽ ശാന്തമായി ഉറങ്ങി.
സമാധാനവും ആത്മാഭിമാനവും പണയം വെച്ചൊരു കളിയില്ല. എത്ര ഒലക്കമ്മലെ പ്ലാറ്റോണിക്ക് സ്‌നേഹമാണെങ്കിലും എന്നെ വിശ്വസിക്കാത്ത, എനിക്ക് വിശ്വസിക്കാനാകാത്ത, എന്നെ ബഹുമാനിക്കാത്ത ഒന്നിലും നിൽക്കാൻ എനിക്ക് കഴിയില്ല. ഒരു സ്ത്രീയ്ക്കും കഴിയില്ല.

സ്ത്രീകൾ ഒരുപക്ഷെ സ്‌നേഹരാഹിത്യം പൊറുക്കുമായിരിക്കും. എന്നാൽ അവളെ അവമതിക്കുന്ന, അവളെ ആദരിക്കാത്ത പുരുഷനെ അവൾ ജീവിതത്തിൽ നിലനിർത്തുകയില്ല. ഞാനും അങ്ങനെ തന്നെ. അവന്റെ സ്‌നേഹക്കുറവിനേക്കാളുപരി അവന്റെ അവമതിയ്ക്കുന്ന പ്രകൃതത്തെ ഞാൻ വെറുത്തു. എപ്പോൾ സംസാരിച്ചാലും കുറ്റപ്പെടുത്തുന്ന, അതിനു മറുപടി നമ്മൾ പറഞ്ഞാൽ അപ്പോൾ മുറിവേൽക്കുന്ന പ്രത്യേകതരം പ്രകൃതം.""എന്നെ നീ ഇൻസൾട്ട് ചെയ്യുന്നു'' അവൻ സദാ പരാതിപ്പെട്ടു.""എന്നെ ചെയ്താൽ ഞാൻ മറിച്ചു ചെയ്‌തെന്നു വരും.'' ഞാൻ ഒച്ചയുയർത്തി.

കലഹം അതിന്റെ മൂർദ്ധന്യത്തിലായി... എന്റെ സത്യസന്ധതയോ, സ്‌നേഹമോ, പ്രതിസന്ധിയോ അവന്റെ ഈഗോയ്ക്ക് വിഷയമായിരുന്നില്ല.
എന്നെ അറിയാത്തിടത്തോളം കാലം, എന്റെ ശരിയെ മനസ്സിലാക്കാത്തിടത്തോളം കാലം, അവനെത്ര വലുതെങ്കിലും എനിക്ക് വേണ്ടായെന്നു ഞാൻ തീരുമാനിച്ചു. എന്റെ ജീവിതത്തിലെ ഏകാന്തതയും അനാഥത്വവും എത്ര നിസാരമെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതിലൊക്കെ വലുതാണ് സമാധാനകരമായ ഒരു ജീവിതം. എനിക്ക് ഇണയായിട്ട് തുണയായിട്ട് ഒരു മനുഷ്യ ജീവിയെ സത്യമായും ആവശ്യമുണ്ടായിരുന്നു. അവനെന്നെപ്രതി നുണകൾ എന്നോടു തന്നെ പറഞ്ഞു. എനിക്ക് പുച്ഛം തോന്നി.

കാലം കഴികെ താനെന്താണ് നഷ്ടപ്പെടുത്തിയതെന്ന് അവനു ബോധ്യം വന്നു. എനിക്കാ ബോധ്യം മുമ്പേ ഉണ്ടായിരുന്നു. എന്നെക്കുറിച്ചുള്ള അപവാദങ്ങൾ അവൻ തുടർന്നു കൊണ്ടേയിരുന്നു. ഞാൻ മോശം, ഞാൻ മോശം... അവനാവർത്തിച്ചു കൊണ്ടേയിരുന്നു. തെളിവുകളില്ല, സാക്ഷ്യങ്ങളില്ല. അവനെ പ്രേമിച്ചില്ലെങ്കിൽ ഞാൻ മോശക്കാരിയാവുന്ന യുക്തി. ഭയങ്കരം. അത് അവനോട് ആരു പറഞ്ഞുവെന്നതായിരുന്നു എന്റെ വിഷയം. അതെങ്കിലും എന്നോട് പറഞ്ഞു തന്നാൽ ഞാൻ എന്റെ പിടിവാശികൾ വിട്ടുകളയാൻ തയ്യാറായിരുന്നു. പക്ഷെ അവനതിനു തയ്യാറായില്ല. പെൺപിടിയനായ ഒരുവന്റെ പേരു ചേർത്ത് എന്നെ അധിക്ഷേപിച്ചു കൊണ്ടെയിരുന്നു. എനിക്ക് മടുത്തു. ഞാൻ വിട്ടു കൊടുക്കാതെ കലഹിച്ചു.

ഇടയ്ക്ക് നിസ്സഹായതയോടെ അനാഥരായ രണ്ട് മനുഷ്യരുടെ പ്രതീക്ഷകളും പ്രത്യാശകളും എങ്ങനെയില്ലാതായി എന്നതിൽ പ്രതി അവനാകുലനായി. എന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ അവനാരംഭിച്ചു. ഞാനവനിൽ നിന്നും അകന്നു മാറി ഒറ്റയ്ക്കിരുന്നു. അവൻ സത്യസന്ധനായിരുന്നു, സുഹൃത്തുക്കളോട് സ്‌നേഹവും കരുണയും അലിവുമുള്ളവനായിരുന്നു. പക്ഷെ അവന്റെ മനസ്സിൽ കറുപ്പുകൾ ഉണ്ടായിരുന്നു. ഒരു സ്ത്രീ എന്തു സഹിച്ചും ഒരു പ്രേമത്തിൽ നിൽക്കുമെന്ന് അവൻ വൃഥാ വിശ്വസിച്ചു. അവനെന്നോടുള്ള സ്‌നേഹം സത്യമായിരുന്നു. വിശുദ്ധവും പരിശുദ്ധവുമായിരുന്നു. പക്ഷെ അവനെനിക്ക് അത് വിളമ്പിയത് ഏറ്റവും മുഷിഞ്ഞതും അഴുക്കാർന്നതുമായ പാത്രത്തിലാണ്. അതിൽ സംശയത്തിന്റെ പുഴുക്കളുണ്ടായിരുന്നു. വിശ്വാസമില്ലായ്മയുടെ അഴുക്കു പുരണ്ടിരുന്നു. ആണഹന്തയുടെ മലീമസ ഗർവിനാലത് ദുർഗന്ധപ്പെട്ടിരുന്നു. എനിക്കത് ഉപേക്ഷിക്ക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ആ പ്രേമത്തെ പറ്റിയോർക്കുമ്പോഴൊക്കെ മഗ്‌നോലിയപ്പൂക്കൾ നട്ടു കുഴിച്ചിട്ട എന്റെ ശവമാടം ഞാനോർത്തു.

മഗ്‌നോലിയ പൂവുകളെ പറ്റിയെന്തോർക്കുമ്പോഴും എനിക്കെന്റെ ശ്മശാന ഭൂമിയെ ഓർമ വരും... മഞ്ഞ് പോലെ പഞ്ഞിച്ച തണുത്ത നഗരത്തിൽ വഴിയോരത്ത് പിങ്ക് തീ പടർന്ന പോലെ എന്റെ മഗ്‌നോലിയാ മരം പൂത്ത കാഴ്ച നിങ്ങളും കാണും....
അതിന്റെ ഇതളുകൾക്ക് പ്രേമഗന്ധമുണ്ടായിരുന്നു. അതിന് ശൈശവ നിഷ്‌കളങ്കമായ എന്റെ പെൺവാസനയായിരുന്നു. ഞാൻ കഞ്ചാവ് അമിതമായ് കഴിച്ചിരുന്നു, എന്റെ കണ്ണുകളിലൂടെ... പ്രേമത്തിന്റെ പരിശുദ്ധകഞ്ചാവ്... പ്രേമത്തിന്റെ ആദ്യകാലങ്ങളിൽ കണ്ട മഗ്‌നോലിയയുടെ മദഗന്ധിയായ ആദ്യകാഴ്ച എന്നെ സദായുന്മത്തയാക്കി. വസന്തകാലത്ത് പൂക്കൾക്കും ഇലകൾക്കും നടുവിൽ ചിത്രശലഭത്തെപ്പോലെ പൂത്ത എന്റെ ഉന്മാദം..

ആ നഗരത്തിൽ മഞ്ഞ വെളിച്ചം വീണു കിടന്നു. അവനെക്കാണാൻ ഞാൻ പോയ പ്രാതഃകാലങ്ങളിൽ നാരങ്ങാ വെളിച്ചം കൊണ്ടുരച്ച റോഡുകൾ തണുത്തു കിടന്നു. ഏകാകിയ്ക്ക് ചേരുന്ന പോലെ സ്വെറ്ററും കൈയ്യുറകളും മഫ്‌ലറും ഞാൻ ധരിച്ചിരുന്നു... ഞാനൊഴികെ ലോകം ഇരട്ടകളായിത്തന്നെയിരുന്നു. മനുഷ്യരാശി അതിന്റെ ശിലായുഗ കാലത്തെന്നവണ്ണം പ്രാകൃതരായ മനുഷ്യരെക്കൊണ്ട് വന്ന് എനിക്കു ചുറ്റും നിറച്ചു. വഴിയോരം പുകയിലയും എരുമപ്പാലും മണത്തു. പട്ടുനൂൽ പുഴുക്കൾ തൂങ്ങിയ കൊട്ടകൾ നിരത്തി സ്ത്രീകൾ പട്ടു തെരുവിലേക്ക് നടന്നു പോയി...

ഞാനൊരു മഗ്‌നോലിയ ചെടിയെ ആദ്യമായി കാണുകയായിരുന്നു. വണ്ടുകളാൽ പരാഗണം നടത്തുന്ന കാലത്ത് പ്രേമിക്കാനാരംഭിച്ച മഗ്‌നോലിയപ്പൂവ്. തേനീച്ചകൾ ഭൂമിയിൽ ജനിക്കുന്നതിനു മുമ്പേ പിറകൊണ്ട ആദിമമായൊരു പൂവ്. നഗരം തണുപ്പു വിട്ടിരുന്നു. ഞാനൊഴിക മറ്റെല്ലാവരും ശാന്തമായി നടന്നു...

മഗ്‌നോലിയയുടെ കവാടം വണ്ടുകൾക്കുള്ളതായിരുന്നു. തേനീച്ചയായ ഞാൻ അതിന്റെ തേനുണ്ടതും വിശപ്പുള്ളവളായി മാറി. എന്റെ സന്യാസം ഇല്ലാതായി. അവനൊപ്പം ജീവിക്കണമെന്ന് ഞാൻ ഉറപ്പിച്ചു.

മുമ്പൊരിക്കൽ ഈ നഗരത്തിൽ നിന്നൊരു പെൺകുട്ടി എന്നെ വിളിച്ചിരുന്നു. ""ഞാൻ നിങ്ങളുടെ ഭർത്താവിന്റെ ഒരേ ഒരു കാമുകിയാണ്.'' അവൾ ഛിദ്രിച്ച ഭ്രൂണത്തിന്റെ പൊക്കിൾക്കൊടിയഴുകിയ വെള്ളം എന്റെ തലയിലൂടെ അവൾ കൊട്ടി. ശരീരം ഒരു തന്ത്രീ വാദ്യമായി. അലക്കാനിട്ട ഉടുപ്പുകളിൽ ഒരു പെൺഗന്ധം ഒളിച്ചത്, ഷാമ്പൂതിളക്കിയ കറുമ്പട്ടുനൂൽ മുടിയിഴയൊന്നു പിടഞ്ഞത്, യാത്രാബാഗിന്റെ രഹസ്യാറകളിൽ വിമാനടിക്കറ്റുകൾ കണ്ടെടുത്തത്... ചുരുട്ടിയ ടിഷ്യൂപേപ്പറുകളിൽ ആൺ പെൺ രഹസ്യങ്ങൾ... ഞാൻ ആശുപത്രിക്കിടക്കയിൽ ജ്വരബാധയാൽ കുളിർന്നു കിടന്നു. ചെറുപ്പകാലത്ത് എന്നെ ബാധിച്ച അപസ്മാരം തിരികെ വരുന്നതു പോലെ തോന്നി. ഞാൻ സന്യാസിനിയായി. നിർമമതയുടെ ഭയങ്കരമായ കറുപ്പും തണുപ്പും വന്നെന്നെ മൂടി... അതേ തണുപ്പാണ് എന്നെ പിടിച്ചിരുന്നത്...
അതേ തണുപ്പേറ്റാണ് ഞാൻ കരിനീലിച്ചത്...

നിങ്ങൾ കരുതും മഗ്‌നോലിയ പൂവിനകത്തേക്ക് പ്രവേശിച്ച ഞാനെങ്ങനെ മരിച്ചു പോയി എന്ന്. അതൊരു കുഴിബോംബായിരുന്നു. പത്തുവർഷത്തെ ചാതുരികൊണ്ട് ഉണ്ടാക്കിയ അപകടകരമായ ഒന്ന്. സൂര്യനിൽ ആ ബോംബ് വെടിച്ചിരുന്നെങ്കിൽ പ്രകാശം കോടിക്കോടിയായി ചിതറിയേനെ ചന്ദ്രനിൽ വെടിച്ചിരുന്നെങ്കിൽ ഇക്കണ്ട നിലാവത്രയും തകർന്ന് ചിതറി രാത്രി നഗ്‌നയായേനെ...

അരുത്, ഭയക്കരുത്, മഗ്‌നോലിയത്തോട്ടത്തിലെ അബോധകരമായ പൂവസന്തം എന്നെ അപസ്മാരക്കാരിയേപ്പോലെ ഉത്​ഭ്രാന്തയാക്കി.
ഞാൻ മതി മറന്നവളായി.
വണ്ടുകൾ പൂവിന്റെ പ്രേമ രേതസ്സ് പുരണ്ട കാലുകളുമായി സഞ്ചരിക്കുന്നത് എന്നെ ഭയപ്പെടുത്തി.
കന്യകാത്വമില്ലാത്ത എന്റെ മഗ്‌നോലിയ പൂക്കൾ... ഞാൻ നോക്കി നിൽക്കെ ബോംബ് അവനെറിഞ്ഞു.
ഒരു നിമിഷം എന്റെ തലയോട്ടി ചിതറും മുമ്പേ അവസാന കാഴ്ചയിൽ ഞാനവന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. വരൂ ഈ തെരുവിലെ മഗ്‌നോലിയയുടെ അനേക വെള്ളപ്പൂക്കളെ രക്തസ്‌നാതമാക്കിയ എന്റെ ചിതറൽ കാണൂ. മഗ്‌നോലിയയുടെ കൊമ്പുകളിൽ ഇളം മൊട്ടു പൊടിപ്പായി എന്റെ തുമ്പപൂ തലച്ചോർ...
തലയില്ലാത്ത എന്റെ ഉടൽ പെട്ടിയിൽ കയറ്റും മുമ്പെ കാലം പത്തു വർഷങ്ങൾ കാത്ത ഒറ്റുകൾ കണ്ടു. ചതികൾ കേട്ടു. ലജ്ജാകരമായി അടയാളപ്പെട്ട എന്റെ ജീവിതത്തെ പ്രതി എനിക്ക് അസൂയ ജനിച്ചു.
വരൂ, എന്റെ ശവപ്പെട്ടിയുടെ താക്കോൽ കട്ടെടുത്തു വരു... മഗ്‌നോലിയയുടെ മുഴുത്ത വിത്തായിക്കരുതി നിങ്ങൾ പറിച്ചെടുത്ത ആ ഹൃദയം, ചതിത്തുളയേറ്റ് പഴകിയ അടിയുടുപ്പുപോലെ അശ്ലീലകരമായി തുള വീണ ആ ഹൃദയം എന്റേതാണ്. അവൻ ഐസുകൾ നിറച്ച ഹൃദയ വിടവിൽ നിങ്ങളെന്റെ ഹൃദയം പൂഴ്ത്തി വെയ്ക്കു...
മണ്ണിനടിയിൽ ഞാനൊര മണ്ണിരക്കുഞ്ഞാകട്ടെ...

എന്റെ ശവകുടീരത്തിൽ മഗ്‌നോലിയയെ നട്ടുവളർത്തിയ മരത്തിൽ വസന്തം ഒഴിഞ്ഞിരിക്കുന്നു. എനിക്കുറപ്പാണ്. ഞാൻ അഴുകിയ ശേഷം മഗ്‌നോലിയുടെ തോട്ടത്തിന് വസന്തത്തിന് എന്റെ പ്രേമകടൽ നൽകുന്ന കണ്ണാടിയായ പൂക്കളെ യുണ്ടാക്കാനാകുമായിരിക്കും.

​ഒരു ശ്മശാനം നിറയെ കൊല്ലപ്പെട്ടവൾക്കുള്ള മഗ്‌നോലിയാ മണം...
അത്രമാത്രം...

ഒരു ശവകുടീരവും അതിൽ മഗ്‌നോലിയകൾ പടർന്ന പ്രാണസങ്കടവും ആയിരുന്നു എന്റെ മൂന്നാമത്തെ പ്രേമം. ഇതിനെല്ലാം ഉള്ളിൽ ഞാൻ അത്ഭുതകരമായ ഒരു രഹസ്യം കണ്ടെത്തി. അവൻ സമാന്തരമായി, ഒന്നരവർഷമായി മറ്റൊരുവളെ പ്രണയിച്ചിരുന്നു. ഗൗരവതരവും ആത്മാർത്ഥവുമായ മറ്റൊരു പ്രേമം. എന്നോടത് അവൻ രഹസ്യമാക്കിയിരുന്നു... എന്തിനായിരിക്കും? എന്റെ തലപൊട്ടി. തലേന്നു കൂടി നമുക്ക് പ്രേമം പുനഃപരിശോധിക്കാമെന്നും വിവാഹം ചെയ്യാമെന്നും കെഞ്ചിയത് എന്തിനായിരുന്നു. ഏതൊക്കെയൊ മനുഷ്യരുടെ പേരു ചേർത്ത് എന്നെ അപമാനിച്ചത് എന്തിനായിരുന്നു. അവന്റെ പുതിയ കാമുകി തന്നെ ഓരോന്നും എന്നോടു പറഞ്ഞു കൊണ്ടിരുന്നു. എന്റെ ഹൃദയം തകർന്നു പോയി. അവന്റെ ഏകാന്തത എത്ര ആഴമുള്ളതായിരുന്നു എന്നോർത്തപ്പോൾ എനിക്കവനോട് അലിവ് തോന്നി. പക്ഷെ എന്തിനു സമാന്തരമായി എന്നോട് വിവാഹം ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി.

എന്തുകൊണ്ടാണ് ഇത്ര പ്രതിസന്ധിയിലും ഞാനവന്റെ പ്രേമത്തിൽ പെടാതിരുന്നത് എന്ന് ഞാനിടയ്‌ക്കൊക്കെ സ്വയം അത്ഭുതപ്പെടുമായിരുന്നു. അതിനുള്ള ഉത്തരം എനിക്ക് കിട്ടി. ചില ബന്ധങ്ങളിലെ ഗൂഢമായ ചാരനിറങ്ങൾ അതീന്ദ്രിയമായി നമ്മൾക്ക് അറിയാനാകും. അബോധമായി ഒരു ചോദന നമ്മെ അങ്ങോട്ടുള്ള യാത്ര തടയും... എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും ആ സ്‌നേഹമുണ്ടാക്കിയ മുറിവ് എന്നിലുണ്ടായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു... ഒറ്റയ്ക്കായിട്ടും അതിൽ പോയിപ്പെടാതിരുന്നതിൽ ഞാൻ ആശ്വസിച്ചു. അപ്പോഴും എന്റെ തകർന്നുപോയ ഹൃദയം ചോരവാർക്കുകയും കണ്ണീരൂത്തുകയും ചെയ്തു.

മഗ്‌നോലിയയുടെ തീപാറും പുഷ്പങ്ങൾ വന്യവസന്തോന്മാദത്തോടെ പൂക്കുകയും വണ്ടുകൾ അവ തേടി വരികയും ചെയ്തു. ഞാനൊരു തേനീച്ചപ്പെണ്ണായിരുന്നു. തേനിനു പകരം വിഷമുണ്ടവൾ. മഗ്‌നോലിയത്തോട്ടത്തിൽ വീണു ചത്ത ഒരുവൾ...
ഒരു പുതുമണ്ണുകുഴി. അതിൽ അതിശാന്തയായ ഇന്ദു മേനോൻ. അവനെന്റെ ഹൃദയം പിളർത്തെടുത്തു. കുഴലുകൾ ഞരമ്പുകൾ തൂങ്ങിയ ഒരു നീരാളിത്താനെപ്പോലെ അവന്റെ കയ്യിൽ രക്തസ്‌നാതമായ എന്റെ ഹൃദയം..അവനതുമായി തീവണ്ടിയിൽ കയറിപ്പോയി. രണ്ടാം ഗെയിറ്റുകഴിഞ്ഞ് പുഴയ്ക്കും കടലിനുമിടയിലൂടെ തീവണ്ടി സഞ്ചരിച്ചു. അവൻ എന്റെ ഹൃദയം അറപ്പോടെ കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. ചത്തമത്സ്യങ്ങൾക്കിടാൻ കൊണ്ടു വന്ന ഐസുപരലുകൾ വാരി എന്റെ ഹൃദയവിടവിൽ നിറച്ചു... അതിന്റെ നീറ്റലിൽ പ്രാണസങ്കടത്തിൽ മരവിച്ചുണർന്ന ഒരു വെള്ളജലലില്ലിപ്പൂവ് എന്റെ ഹൃദയവിടവിൽ പൊടിച്ചുയർന്നു.
കടലിൽ മത്സ്യങ്ങളും ചെമ്മീനും ഞണ്ടുകളും തിന്നു തുളച്ച് ഓട്ടയായ എന്റെ ഹൃദയം അനാഥത്വത്തോടെ ഒഴുകി.▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments