ചിത്രീകരണം : കെ.പി. മുരളീധരൻ‌

​സർപ്പ വേട്ട

എന്റെ കഥ- 9

കൊന്നുതള്ളിയ പാമ്പുകൾ പിണക്കത്തോടെ ഉറക്കത്തിൽ വന്നു. എന്റെ മുന്നിൽ ഇഴയുകയും ഇണചേരുകയും ചെയ്തു.

ഞാനൊരു തികഞ്ഞ സർപ്പവേട്ടക്കാരിയായിരുന്നു.
എന്തുതരം സർപ്പത്തെയും ധൈര്യത്തോടെ ആക്രമിക്കുന്നവൾ...
കീഴടക്കുന്നവൾ. കൊല്ലുന്നവൾ.
മൂർഖനോ അണലിയോ മണ്ഡലിയോ നീർക്കോലിയോ ചേനത്തണ്ടനോ കാട്ടുപാമ്പോ ഏത് തരമെന്നതെനിക്ക് പ്രശ്നമില്ലായിരുന്നു.
വളഞ്ഞു പുളഞ്ഞു പത്തി നീട്ടണമെന്നോ ഇരട്ടനാക്കു വെളിക്കിട്ട് വിഷഗന്ധം സ്ഫുരിപ്പിക്കണമെന്നോ തൊലിയുരിഞ്ഞു പൊന്തിളക്കമാവണമെന്നോ നിർബന്ധമില്ലായിരുന്നു. ഞാഞ്ഞൂലിന്റെ ഏട്ടനായ കുരുടിപ്പാമ്പ് നീർക്കോലി ചേരതൊട്ടു എന്റെ വർഗശത്രുക്കളായി ഞാൻ പ്രഖ്യാപിച്ചു.

""മ്ഹ് എന്തീർത്തിനാണ്ടോ പാമ്പ്? എയയുണ കയറ് കണ്ടാ മതി കുഞ്ഞാവ കൊന്നിരിക്കും'' ആശാരിമാമ പ്രഖ്യാപിച്ചു.""എത്തിനാ വിന്ദുട്ട്യേ? അവ്‌റ്റോളെ കൊല്ല്ണ്? വ്ട്ടാള് പൊന്നുങ്കട്ടെ. പാമ്പുകള് ദൈവാണ്. സർപ്പ യക്ഷി കോപിച്ചാൽ ബയങ്കരാവും''
ദേവകി വെല്ല്യമ്മ എന്നെ സമാശ്വസിപ്പിക്കാൻ, ഭീഷണിപ്പെടുത്തുവാനൊക്കെ ശ്രമിച്ചു. ഞാൻ അതൊന്നും എനിക്ക് പ്രശ്‌നമല്ല എന്ന രീതിയിൽ. തൂവച്ചെടിയിലകൾ പറിച്ച് നീണ്ടകമ്പിനറ്റത്ത് അതുകെട്ടി വെച്ച് ചൊറിത്തോട്ട കെട്ടി. ഒൺക്കോല പന്തം കെട്ടി അതും തോട്ടയാക്കി അറ്റത്ത് തീ കത്തിച്ച് പുകച്ച് മാളത്തിലേയ്ക്ക് കയറ്റി വിട്ടു. മൂന്നു നാലു മിനുറ്റുകൾക്കകം പുകതിന്നു കുഴഞ്ഞ പാമ്പുകൾ ഊതിക്കൊണ്ട് പുറത്തേയ്ക്കു വന്നു. പാമ്പുകൾ മാളത്തിൽ നിന്ന്​ ചാടുമ്പോൾ ഇടം കൈ കൊണ്ട് മണ്ണെണ്ണ വാരി ഒഴിച്ചു. ആസിഡു വീണതു പോലെ പാമ്പുകൾക്ക് ഉടലു പൊള്ളി. ശൽക്കങ്ങൾ അലിഞ്ഞു. അവയുടെ ചർമമുരുകി. അവ പ്രാണവെപ്രാളത്തോടെ കുതറിപ്പുളഞ്ഞു. അപ്പോൾ എന്റെ കൊങ്കിയിരുമ്പുമായി ഞാൻ ചാടി അവറ്റയുടെ തലയിൽ ആഞ്ഞു കുത്തി. പാത്തികൊണ്ട് പടപടാ അടിച്ച് അവറ്റയെ കൊന്നു.

സർപ്പങ്ങളെ അച്ഛനും അച്ഛന്റെ വീട്ടുകാരും വർഗ്ഗശത്രുക്കളായിക്കണ്ടു. അച്ഛന്റെ മച്ചുനിച്ചിയുടെ മകന്റെ 18 വയസ്സുള്ള മകളെ ഒരു മൂർഖൻ പാമ്പ് കടിച്ചതോടെയാണാ കുടുംബപക ആരംഭിക്കുന്നത്.

പാമ്പുമായി ബന്ധപ്പെട്ട് എനിക്ക് ഭയമായിരുന്നില്ല, ശത്രുതയാണാദ്യം തുടങ്ങുന്നത്. കുടുംബശത്രുത. എന്റെ കൂട്ടുകാരെപ്പോലെ ഞാൻ ഒരിക്കലും പാമ്പുകളെ ഭയന്നില്ല. അതിനു കാരണം അച്ഛനായിരുന്നു. സർപ്പങ്ങളെ അച്ഛനും അച്ഛന്റെ വീട്ടുകാരും വർഗ്ഗശത്രുക്കളായിക്കണ്ടു. അച്ഛന്റെ മച്ചുനിച്ചിയുടെ മകന്റെ 18 വയസ്സുള്ള മകളെ ഒരു മൂർഖൻ പാമ്പ് കടിച്ചതോടെയാണാ കുടുംബപക ആരംഭിക്കുന്നത്. ആൺപെൺ വ്യത്യാസമില്ലാതെ പ്രായവ്യത്യാസമില്ലാതെ ആ കുടുംബത്തിലെ എല്ലാർക്കും പാമ്പുകളോട് പക ചുറഞ്ഞു. എവിടെക്കണ്ടാലും മരിച്ചു പോയവൾക്കു വേണ്ടി പകനീറ്റി. പാമ്പുകളുടെ കുലം മുച്ചൂടും മുടിയണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു.
ജ്യോതി എന്നു വിളിയ്ക്കുന്ന മരിച്ചുപോയ പെൺകുട്ടി എന്റെ അച്ഛനു വളരെ പ്രിയങ്കരിയായിരുന്നു. ഒരു സന്ധ്യയ്ക്കാണ്​ അവൾക്ക് കരിമൂർഖന്റെ ദംശനം ഏറ്റത്. മനോഹരിയും മിടുക്കിയുമായ വീട്ടിലെ ഒറ്റപ്പെൺകുട്ടി. ഇടയ്ക്ക് അമ്മയോട് വഴക്കു പിടിച്ചു, പിണങ്ങി ചിണുങ്ങി. സന്ധ്യയെങ്കിലും നീലനിറമുള്ള ഇരുട്ട് വീണു കിടന്നിരുന്നു. അവളതൊന്നും കാര്യമാക്കിയില്ല. കറന്റു പോയ്യതൊന്നും അവൾക്ക് പിണക്കത്തിൽ വിഷയമായിരുന്നില്ല. ടോർച്ചുമെടുത്തില്ല വിളക്കുമെടുത്തില്ല. സീതമാമിയോട്- അവരുടെ അമ്മയോട് പിണങ്ങി ചവിട്ടിക്കുതിച്ച് കുളിമുറിയിലേയ്ക്ക് വെളിച്ചമില്ലാതെ നടന്നു പോയി. എന്നെന്നേയ്ക്കുമായ് അവൾ ഇരുട്ടിലേയ്ക്ക് നടന്നു നടന്നു പോയി.

അൽപ നിമിഷങ്ങൾക്കകം ""അമ്മാ'' എന്ന അലറിക്കരച്ചിൽ കേട്ടപ്പോൾ സീതമാമി പന്തവും കത്തിച്ച് ഓടിവന്നു. തീപ്പുകയിൽ അവന്റെ നീലക്കണ്ണുകൾ തിളങ്ങുന്നതു കണ്ടു. പത്തിവിടർത്തി ഉഗ്രരോഷത്തിൽ ഉശിരായിത്തന്നെ നിൽക്കുകയായിരുന്നു അവൻ. ജ്യോതിയേച്ചിയുടെ കയ്യിൽ ഇരട്ടമുറിവിന്റെ തിളക്കം കാൺകെ സീതമ്മാമിയ്ക്ക് തല ചുറ്റി. അവർ പന്തം വീശി. ഋ കാരം ചുറ്റിക്കെട്ടിയ ഉഗ്രശിരസ്സ്. ഇടയ്ക്കിടെ വെളിയിലേയ്ക്ക് വരുന്ന ചോന്നഇരട്ട നാവ്. മൂന്നു മൂന്നര മീറ്റർ നീളം. ചോന്ന ഗോട്ടിക്കണ്ണുകൾ.. സീതമാമിയേയും ആ വീട്ടിലെ അക്കുട്ടൻ ചേട്ടനേയും മോൻങ്കുട്ടൻ ചേട്ടനേയും കടിക്കാനുള്ള ഉഗ്രതയിൽ അവൻ ചീറ്റിച്ചീറി നിന്നു.
വരിനെടാ വരിൻ എന്ന വീരത്തിൽ അവൻ പത്തി ഉയർത്തിത്തന്നെ നിന്നു.
ഇരുട്ടിൽ അവനെ ചവിട്ടുകയോ തപ്പുകയോ ചെയ്തവളോടുള്ള ഉഗ്രരോഷം ശമിച്ചില്ല. പന്തത്തിന്റെ ഓറഞ്ച് പ്രകാശത്തിൽ അവന്റെ ശൽക്കങ്ങൾ വന്യമായി തിളങ്ങി. ചൂടേൽക്കെ തവിട്ടുമഞ്ഞനിറയുടൽ ചുളിച്ചു. വിഷമണമുള്ള കാറ്റ് കുളിമുറിയിൽ നിറഞ്ഞു. ഇരുട്ടത്ത് ജ്യോതിച്ചേച്ചി കോപ്പ തിരഞ്ഞപ്പോൾ കയ്യിലാണു അവൻ കൊത്തിയത്. വളരെ ആഴത്തിലാണു മുറിവ്. കരിനീലനിറമാണതിന്​.

മൂർഖൻപാമ്പുകൾ ആരെയെങ്കിലും കടിക്കുമ്പോൾ പത്തിരട്ടി വിഷം ഏൽപ്പിക്കും പോലും. ഒരാളിൽ തന്നെ പത്താളെ കൊല്ലാനുള്ള വിഷം. ജ്യോതിച്ചേച്ചിയുടെ ഉടലിൽ വിഷം പെട്ടന്നു തന്നെ വ്യാപിച്ചു. നാഡികൾ പതിയെ കുഴയാൻ തുടങ്ങി. ഉടൽ വിറയ്ക്കാനും ജ്യോതിച്ചേച്ചി ബോധം മറയുവാനും തുടങ്ങി. ജ്യോതിയേച്ചിയെ എടുക്കുമ്പോഴേയ്ക്കും ഓവു ചാൽ വഴിയവൻ പുറത്തെ പേരമരച്ചോട്ടിലെ ഇരുളിലേയ്ക്കു മറഞ്ഞു.

സാത്വികനും സമാധാനക്കാരനുമായ അച്ഛൻ സദാ പാമ്പുകളോട് കലഹിച്ചു. ഒരെണ്ണത്തിനെപ്പോലും വെറുതെ വിട്ടില്ല. അടിച്ച് കൊന്നു. എപ്പോഴും പാമ്പുകളെ പ്രതി ജാഗരൂഗനായി.

ജ്യോതിയേച്ചിയെ ഉടനെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. എന്തുഫലം? കൊടിയ വിഷം മൊത്തമായി ഉടലിൽ നീല നീലയായ് വ്യാപിച്ചിരുന്നു. നാഡികളിൽ അത് പതിയെ പരന്നു. തൊലിപ്പുറം നീലയായ വാടി. അവർ ശ്വാസം കിട്ടാൻ ഏറെ വിഷമിച്ചു. ഹോസ്പിറ്റലിൽ എത്തും മുമ്പെ തന്നെ ബോധം പൂർണമായും മറഞ്ഞു
ജ്യോതിച്ചേച്ചി നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. അതിനാൽ വിഷത്തോട് ശരീരം നിന്നു തന്നെ യുദ്ധം ചെയ്തു. കഷ്ടപ്പെട്ട് ശ്വാസമെടുത്തു... ഹൃദയത്തുടിപ്പുകൾ നിലനിർത്താൻ കഠിനമായ് ശ്രമിച്ചു. മിടിപ്പുകൾ എണ്ണി ജീവിതത്തിലേയ്ക്കു വരാനുള്ള കഠിനശ്രമം ചെയ്തു. എന്തുഫലം? ഒരു ദിവസം കൂടി കഷ്ടി പ്രാണൻ കിടന്നു. മരണവുമായി ഗുസ്തികൂടി നോക്കി. ഒടുവിൽ മൂർഖന്റെ വിഷത്തോട് അശരണയായി തോറ്റു. അവന്റെ വിഷസഞ്ചിയിൽ ഒളിച്ചിരുന്ന ശൈത്യമനകാരയായ അപമൃത്യു ജ്യോതിയെ കീഴടക്കി. ജ്യോതിച്ചേച്ചി കീഴടങ്ങി.

""പിന്നെ ആ കൊച്ചങ്ങ് പോയി'' അച്ഛമ്മ (എന്റെ അച്ഛന്റെ വളർത്തമ്മയ്യും മുറപ്പെണ്ണുമായ നാണിക്കുട്ടിപ്പിള്ളയമ്മ) വിഷമിച്ച് ആ കഥ പറയും. ""തോറ്റ് പോയന്നെ.. അത്രെ ഒണ്ടായിരുന്നൊള്ളു. ഓഹ്'' അച്ഛമ്മയുടെ ഏക ആണ്മകനായ ശങ്കരൻ വല്ല്യച്ചന്റെ ഒരേ ഒരു മകളാണ്. അച്ഛമ്മയുടെ ഇഷ്ടപ്പെട്ട പെൺപേരക്കുട്ടി. അച്ഛമ്മയുടെ കണ്ണുകളിലൂടെ കണ്ണീരു ചാലിട്ടൊഴുകി. മൂക്കുത്തിയുടെ ചോന്നകല്ലു നടുക്കു വെച്ച് സ്വർണ്ണത്തിളക്കവും കണ്ണീരിന്റെ വെള്ളിത്തിളക്കവും.

സീതമ്മാമിയുടെ വീട് ഇരുട്ട് പിടിച്ചപോലെയായി.
രണ്ട് ആണ്മക്കളുണ്ടെങ്കിലും സീതമാമിയുടെ ജീവിതം പ്രകാശം കെട്ടുപോയി. മുഖം എപ്പോഴും വിഷാദഭരിതമായിക്കണ്ടു. ഉമ്മറത്ത് കത്തുന്ന ഒരു ബൾബിട്ട് രണ്ടു പേരുടെ ഫോട്ടോ എന്റെ നേർത്ത ഓർമയിൽ തങ്ങി. ജ്യോതിച്ചേച്ചിയുടെ അച്ഛൻ എന്റെ അച്ഛമ്മയുടെ മകൻ ശങ്കരൻ വല്ല്യച്ചൻ. വല്ല്യച്ചൻ ഒരു പത്രക്കാരനായിരുന്നു. എൻ.എസ്.എസ്സോ മറ്റോ നടത്തിയ മലയാളി പത്രത്തിലായിരുന്നു ദീർഘകാലം. പിന്നീട് പി.കെ. കുഞ്ഞെന്നൊരു മന്ത്രിയുടെ പി.എയോ മറ്റോ ആയി. വല്ല്യച്ഛനു നട്ടെല്ലിൽ കാൻസറായിരുന്നു. മങ്ങാട്ടയത്തെ വീട്ടിൽ തന്നെ കിടന്ന് അദ്ദേഹം മരിച്ചു. ആ സങ്കടം സീതമാമ്മിയ്ക്ക് മാറിയിരുന്നില്ല. സീതയെന്ന പേരുകാർക്ക് ദാമ്പത്യം ദുഃഖഭരിതമാണെന്ന കഥ പറയെ മാമിയും വിതുമ്പി.

""അവനെ മാത്രമല്ല അവന്റെ കുഞ്ഞുങ്ങളെയും കൊല്ലണം'' എന്റെ കുഞ്ഞുമനസ്സിലടക്കം പക ചുരന്നു. എന്റെ അച്ഛനിലും ആ പക ഞാൻ വേറിട്ട് കണ്ടിരുന്നു. സാത്വികനും സമാധാനക്കാരനുമായ അച്ഛൻ സദാ പാമ്പുകളോട് കലഹിച്ചു. ഒരെണ്ണത്തിനെപ്പോലും വെറുതെ വിട്ടില്ല. അടിച്ചുകൊന്നു.
എപ്പോഴും പാമ്പുകളെ പ്രതി ജാഗരൂഗനായി.
കല്ലുകൾ കൂട്ടി വെയ്ക്കില്ല.
ചാക്കുകളോ കവറോ അലക്ഷ്യമായിട്ടിടില്ല.
വീട്ടിൽ ചെടി നടാൻ അനുവദിയ്ക്കില്ല.
ഏത് യാത്രയിലും സഞ്ചിയിൽ റ്റോർച്ച് വെയ്ക്കും.
വീട്ടിൽ സദാ പാമ്പിനെ കൊല്ലുന്ന കൊങ്കിയിരുമ്പെന്ന ആയുധം സൂക്ഷിക്കും. അക്കാലത്ത് ഞാനും അച്ഛനും പാമ്പ് പിടിയന്മാരേക്കാളും അപ്പുറത്ത് ഓരോന്നിനെയും കശാപ്പ് ചെയ്തു. ക്രൂരമായ വംശോന്മൂലനം.""സുരാ കൊങ്കിയിരുമ്പിനിച്ചരൂടെ നീളം വേണം'' അച്ഛൻ പാമ്പടിവടിയ്ക്ക് നീളം കിട്ടുന്നില്ലാത്തതിനാൽ നീളം കൂട്ടാനായി ലോഹപ്പണിക്കാരനെ തേടി. കൊല്ലൻ സുരന്റെ ആലയിൽ ഇരുമ്പ് പഴുത്തു. പാമ്പോടുള്ള പക ചുകന്നു. തലഭാഗം റ കാരം പോലെ മൂർച്ചയുള്ള കൊങ്കിയിരുമ്പിന്റെ തലഭാഗത്ത് കൊടി പോലെ തോന്നുന്ന ഒരു ഭാഗം. നല്ല കനം നല്ല മൂർച്ച. ആദ്യത്തെ അടിയിൽ തന്നെ തലതകർന്ന് പാമ്പ് ചാവും. റകാരക്കുന്തത്താൽ മണ്ണിൽ കുത്തിപ്പിടിച്ച് കൊല്ലുകയും ആവാം.
ഞാനക്കാലങ്ങളിൽ പറക്കും വേട്ടക്കാരിയായിരുന്നു. മുകളിൽ നിന്നും കൊങ്കിയിരുമ്പെടുത്ത് ചാടിക്കുത്തി. കൊങ്കിയിരുമ്പിന്റെ റകാര മൂർച്ചയിൽ പാമ്പുകളുടെ തല പിളർന്നു.

""ഒറ്റെയെണ്ണത്തിനെ വെറുതെ വിടരുത്'' ഞാനാ പ്രതിജ്ഞ ശിരസ്സാ ഏറ്റെടുത്തു. എവിടെക്കണ്ടാലും പാമ്പിനെ കല്ലെറിയുക. ഒരു സ്‌പ്രേ ബോട്ടിലിൽ വെള്ളനിറമുള്ള മണ്ണെണ്ണ നിറച്ചു പത്തി വിടർത്തിയവന്റെ മോന്തയ്ക്ക് സ്‌പ്രേ ചെയ്യുക. വലയിട്ട് പിടിയ്ക്കുക. ഒരിക്കൽ അടുത്തവീട്ടിലെ ആശാരിമാമയുടെ കട്ടിലിനടിയിൽ കേറിയ കരിമൂർഖനെ മണ്ണെണ്ണ ചീറ്റിച്ച് പുറത്തു ചാടിച്ചു. ദേഹം പൊള്ളിയത് പുറത്തേയ്ക്ക് ചാടി. കാവിനിലത്ത് മണ്ണെണ്ണയിൽ കിടന്നു പുളഞ്ഞ് പിടയ്ക്കുമ്പോൾ അടിയോടടി. പടപട പടപടപടാ.. ആശാരിമായുടെ ആണ്മക്കൾ വിവരമറിഞ്ഞ് ഓടി വന്നപ്പോൾ പാമ്പ് അകത്തെ കാവിനിലത്തെ വഴുക്കിക്കിടന്നു കിടന്ന് തിത്തകതിത്തെയ് പിടയ്ക്കുകയാണ്​.

രണ്ട് കിടിലോസ്‌കി സർപ്പങ്ങളെ ഫിനിഷു ചെയ്ത എന്നെ സർപ്പങ്ങൾ ഉപദ്രവിക്കുമോ എന്ന് ഭയന്നു നൂറും പാലും മുട്ടയും കൊടുത്ത് കാവിൽ സർപ്പകളമെഴുതി. തിരിയുഴിഞ്ഞും കളപ്പാട്ട് നാവോറിൽ മീട്ടിയും സർപ്പശാപങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു

""മാറിക്കോ കുഞ്ഞാവേ'' സുന്ദരേട്ടനും സുരേട്ടനും അലറി. വീട്ടിലെ പെണ്ണുങ്ങൾ പേടിച്ച് പുറത്തിറങ്ങാതെ നിൽക്കുകയാണു. ബേബ്യേച്ചി ആദ്യം പേടിച്ചെങ്കിലും പിന്നീട് ചിരിച്ചു പോയി. കാരണം പാമ്പ് പിടയ്ക്കുന്നെന്നേ ഉള്ളു അതിന്റെ തല റോഡ് റോളർ കേറിയപോലെ പതപതപതാന്നു ചതച്ചിട്ടുണ്ട്.""കുഞ്ഞാവേ അത് പോയോ'' ഗംഗാരേട്ടൻ തലയ്ക്ക് കൈവെച്ചു.""ചത്ത്.'' ഞാൻ കൂളായി.""അയ്‌ജ്ജ്യോ ഇന്റെ തറ ഇപ്പെണ്ണ് തല്ലിപ്പൊളീച്ചെല്ലോ?'' എന്ന് പൊട്ടിയ തറ നോക്കി ദേവകിവെല്ല്യമ്മ പിറുപിറുത്തു.""ഓഹ് അമ്മയ്ക്കിപ്പ ഇദാണോ? അതാ പുല്ലായേലോ കട്ടില്ലോ കെടന്നീർന്നെങ്കി സമാധാനാവേനോ? ഇങ്ങക്കെന്താമ്മേ. ആ പെങ്കുട്ട്യല്ലെത് ചെയ്തന്നത്?''""കുണ്ടിയ്ക്ക് കൊത്തണേയ്‌നി അതാ ബെസ്റ്റ്'' ഗംങ്ങാറേട്ടൻ അമ്മയെ കളിയാക്കി.""പോയൂട്‌നാ അവ്ട്ന്ന്.''
പിന്നീടൊരിക്കൽ ആശാരിമാമയുടെ മുറ്റത്തേയ്ക്ക് മുകൾപ്പറമ്പിലെ പറങ്കിമാവിൽ നിന്നും വഴുതി വീണ വെള്ളിക്കട്ടൻ കുഞ്ഞിന്റെ തല ഞാൻ വല്ല്യുളികൊണ്ട് ചെത്തി അറുത്തു.""വേണ്ടാട്ടോ വിന്ദൂട്ട്യേ..'' ആശാരിമാമ എന്നെ വിലയ്ക്കി. ""പൂച്ച ഈ തല കൊണ്ടിടും കട്ടിലിനടീലൊക്കെ. ഇങ്ങനെയുള്ള തല കടിക്കും. കൊറച്ചാളോളു അങ്‌നഗ്‌നിം ചത്തിട്ട്ണ്ട്. പിന്നെ മ്പക്ക് പാമ്പുങ്കാവിള്ളതല്ലെ പൊന്നുങ്കട്ടേ?''

ആശാരിമാമയ്ക്ക് പാമ്പുകൾ പ്രിയങ്കരമാണ്.
ദൈവമാണ്, കാവലാളാണ്.
രണ്ടു സർപ്പക്കാവുകൾ ഉണ്ട്. സ്വർണ്ണമുട്ടകളിടുന്ന വെള്ളിശൽക്കമുള്ള മാന്ത്രികപ്പാമ്പ്.. അതാണവിടുത്തെ നാഗരാജൻ. സർപ്പ വെച്ചാരാധനയുള്ള വീടാണു, അവിടെയാണു ആറു വയസ്സുകാരി പകയോടെ വല്ല്യുളിയെടുത്ത് പാമ്പിൻ കുഞ്ഞിനെ ചാമ്പിയത്. അത്യാവശ്യത്തിലധികം സർപ്പശാപത്തിൽ വിശ്വസിക്കുന്നവരാണ്​ ആശാരിമാമയും കുടുംബവും.. അവർ ഭയചകിതരായി.. രണ്ട് കിടിലോസ്‌കി സർപ്പങ്ങളെ ഫിനിഷു ചെയ്ത എന്നെ സർപ്പങ്ങൾ ഉപദ്രവിക്കുമോ എന്ന് ഭയന്നു നൂറും പാലും മുട്ടയും കൊടുത്ത് കാവിൽ സർപ്പകളമെഴുതി. തിരിയുഴിഞ്ഞും കളപ്പാട്ട് നാവോറിൽ മീട്ടിയും സർപ്പശാപങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. സർപ്പപാട്ടും കൊടുതിയും കൊടുപ്പുമൊക്കെ നടന്നു കൊണ്ടിരിക്കുന്ന അന്ന് വീടിനു മുറ്റത്ത് വന്ന ഒരു കാട്ടു പാമ്പിനെ ഞാൻ കൊങ്കിയിരുമ്പു കൊണ്ട് അടിച്ച് തൂഫാനാക്കി. ""അയ്യയ്യോ'' കാവിൽ നിന്ന്​ നാവോറു വീണയുടെ ശബ്ദം ഉയർന്നു. ആരൊക്കെയോ ആളുകൾ നടന്നു വരുന്നത് കണ്ട് അമ്മ കോലുകൊണ്ട് തോണ്ടി ചത്ത പാമ്പിനെ തെങ്ങിന്തടത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.""കുട്ടീനെ കുളിപ്പിച്ച് ഈറനുടുപ്പിച്ച് കൊണ്ടരീ ഏടത്ത്യേ'' അമ്മ തലയിൽ കൈവെച്ചു. സർപ്പശാപം തീർക്കാൻ കളത്തിലിരുത്താൻ കൂളിയ്ക്കാൻ പോയതാണ് ഞാൻ.""നീയിത് നിർത്ത്.'' അമ്മ എന്റെ മേലു സോപ്പു പതപ്പിച്ചു. ""അടിക്കുമ്പോൾ പാമ്പ് കോലിൽ ചുറ്റിക്കേറി വരും. അപകടാണു. മാത്രല്ല സർപ്പശാപം വന്നാലെ നമക്ക് സന്താനങ്ങൾക്കാണ് ദോഷം'' അമ്മയ്ക്ക് പാമ്പുകളെ പേടിയാണ്. അമ്മയാകട്ടെ ഗർഭിണിയുമാണ്.""അതിനല്ലെ ഞാൻ ആസിഡ് ഒഴിക്കുന്നത്'' ഞാൻ മണ്ണെണ്ണ സ്‌പ്രേ ബോട്ടിൽ ഉയർത്തിക്കാട്ടി. ""അപ്പൊ അവരു ടയേർഡാകും''""ആസിഡോ!? '' അമ്മ പേടിച്ചു. അക്കാലത്ത് ഒരു ലോറി തട്ടി പതിനൊന്നാം മൈൽസ്സങ്ങാടിയിലെ ട്രാൻസ്‌ഫോർമർ ഞങ്ങളുടെ നാട്ടിൽ പൊട്ടിയിരുന്നു. അതിൽ നിന്ന്​ ലീക്കായ ഒരു ചോന്ന വെള്ളം ഞാൻ കുപ്പിയിൽ ശേഖരിച്ചതായി അമ്മയോട് വള്ളി പറഞ്ഞു കൊടുത്തിരുന്നു. അതിനെപ്പറ്റി ചോദിച്ചപ്പോൾ അറിയാത്ത മാതിരി ഞാൻ നിൽക്കുകയും ചെയ്തതാണു. പക്ഷെ അതൊരുതരം ആസിഡാണെന്ന് അമ്മ കണ്ടെത്തി. എന്റെ പാണ്ടോറപ്പെട്ടിയിൽ അതുക്കും മേലെ കാണുമെന്ന് അമ്മയ്ക്കുറപ്പായിരുന്നു.""ഏയ് ആസിഡെന്നാലു മണ്ണെണ്ണ. അത് പാമ്പിന്​ ആസിഡാണ്​. നമ്മക്കല്ല''
ആരു പറഞ്ഞിട്ടും പ്രയോജനമില്ലായിരുന്നു. അവസരം കിട്ടിയാൽ കൊടിത്തൂവകൊണ്ട് പന്തം കെട്ടി പാമ്പിനെ ഇളക്കുകയും മണ്ണെണ്ണ സ്‌പ്രേ ചെയ്ത് ആസിഡ് അറ്റാക്ക് നടത്തുകയും ചെയ്തു. ചിലപ്പോൾ ഒരു ഓസ്​ വെച്ച് പുക മാളത്തിലേയ്ക്ക് നിറച്ചു. താഴെത്തെ തൊടിയിലെ പെരുമ്പാമ്പിന്റെ മേത്ത് നീറിൻ കൂട് പൊട്ടിച്ചിടുക. പടക്കമെറീയുക തുടങ്ങിയ ക്രൂരതകളും കാട്ടി. പാമ്പിനോട് എനിക്കക്കാലത്ത് അടക്കാനാവാത്ത പകയായിരുന്നു. ഓരോ വെക്കേഷനും സീതമാമ്മിയെ കാണുമ്പോൾ ഞാൻ കൊന്ന പാമ്പുകളുടെ ലിസ്റ്റ് പറഞ്ഞു കൊടുത്തു. സീതമ്മാമി മുണ്ട് വായിൽ തിരുകി നിലവിളിച്ചു.

ലോകത്തു നിന്നു തന്നെ പാമ്പുകളെ ഇല്ലായ്മ ചെയ്യൽ എന്റെ ധർമമായിരുന്നുവെന്നു ഞാൻ കരുതി. വലിയ മോട്ടോർ ഉപയോഗിച്ച് പുറ്റിൽ വെള്ളമടിച്ച് അതിനെ കുതിർത്തി ഞാൻ ഇല്ലായ്മ ചെയ്തു

അക്കാലത്ത് തന്നെയാണ് പേങ്ങാട്ട് സ്‌കൂളിൽ നിന്ന്​ പറശിനിക്കടവ് പാമ്പുവളർത്ത് കേന്ദ്രത്തിലേയ്ക്ക് ഞങ്ങളെ ടൂറു കൊണ്ടു പോയത്​. നിറയെ പാമ്പുകൾ പുളയ്ക്കുന്ന ഒരു കിണറിൽ നിന്ന്​ ചേരയോ നീർക്കോലിയോ ആയിരിക്കണം കോരി നൂഡിൽസ്സു പോലെ കുട്ടികൾക്ക് നീട്ടി. എല്ലാരും പേടിച്ചു. കേളനുണ്ടോ കുലുക്കം. കൈനീട്ടി ഒറ്റ വാങ്ങലാണ്​. വാങ്ങിയതും കഴിഞ്ഞു എറിഞ്ഞതും കഴിഞ്ഞു. പാമ്പുകുഞ്ഞുങ്ങൾ തറയിൽ തല്ലിയലച്ചു വീണു.
""എല്ലാത്തിനേം മണ്ണെണ്ണ അടിച്ചു ഞാൻ കൊല്ലും'' എന്നു ഞാൻ ദേഷ്യപ്പെട്ടു.
അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ചിതൽപുറ്റുകൾ ഒരു ദൈവസംഭവമായിരുന്നു ഞങ്ങളുടെ. പുറ്റുകണ്ടാൽ ആ പുറ്റിലെ ദ്വാരത്തിൽ മുട്ടവെയ്ക്കുക, പൂജിക്കുക ലൈനായിരുന്നു നാട്ടുകാർ. ഇതെനിക്ക് ഇഷ്ടപ്പെട്ടില്ല. പുറ്റു വളർന്നാൽ അത് പാമ്പിനു വീടാകുമെന്നു ഞാൻ ഭയന്നു. ലോകത്തു നിന്നു തന്നെ പാമ്പുകളെ ഇല്ലായ്മ ചെയ്യൽ എന്റെ ധർമമായിരുന്നുവെന്നു ഞാൻ കരുതി. വലിയ മോട്ടോർ ഉപയോഗിച്ച് പുറ്റിൽ വെള്ളമടിച്ച് അതിനെ കുതിർത്തി ഞാൻ ഇല്ലായ്മ ചെയ്തു. കുറ്റം പറയരുതല്ലോ. വിശ്വാസികളായ ആൾക്കാർ 100 രൂപ 200 രൂപയൊക്കെ തന്നു. സ്ഥലക്കച്ചോടം പുറ്റുകാരണം കുഴപ്പത്തിലായിരുന്നുവെത്രെ. ആ പുറ്റാണ് വെള്ളമൊഴിച്ച് പ്ലിസാന്നാക്കി കൊടുത്തത്.

പുറ്റിനകത്ത് നിറയെ പാമ്പുണ്ടാകുമെന്നതിനാൽ ഞാൻ നേരിട്ട് പുറ്റ്​ പൊളിയ്ക്കുവാൻ ധൈര്യപ്പെട്ടില്ല. പാമ്പുകളുടെ രാജ്യമാണ് പുറ്റ്. അസംഖ്യം പാമ്പുകൾ ഒരുമിച്ച് ജീവിയ്ക്കുമിടം. മൗഗ്‌ളിയുടെ കഥയിലും മറ്റു കഥയിലുമൊക്കെ നിധിയെക്കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ എവിടെ കണ്ടാലും പുറ്റും മടയും പൊളിക്കാൻ തുടങ്ങിയിരുന്നു. മണ്ണെണ്ണ വീശി വെള്ളമൊഴിച്ചാണെന്നു മാത്രം.
അക്കാലത്ത് ഞണ്ടുകൾക്ക് പോലും ഞാൻ സ്വെെര്യം കൊടുത്തില്ല.
പാമ്പിന്റെ തല തല്ലിപ്പൊളിച്ച് നാഗമാണിക്യം തേടിത്തേടി നടന്നു. നാഗറാണിയേയും നാഗയക്ഷിയേയും കണ്ടാൽ പിഴുത് അടിയിൽ നിധിയുണ്ടോ എന്ന്​ പരിശോധിച്ചു.
സംഭവബഹുലമായിരുന്നു ജീവിതം.
നീലപ്പൊനമാൻ മുട്ടയാണെന്നു കരുതി പാമ്പുമുട്ട കോഴിക്ക് പൊരുന്ന വെച്ചത്, സ്വന്തമായൊരു ചേരയെ വളർത്തിയത്, ആർട്ട്‌സ് കോളേജിലെ ചേരയെ തലവഴികറക്കിക്കൊന്നത്, തലവേദനമാറാൻ പച്ചിലപ്പാമ്പിനെ തലയിൽ കെട്ടിച്ചത്​, കാവു വെളുപ്പിച്ചപ്പോൾ കിട്ടിയ നാഗരാജാവിന്റെ പ്രതിമ വീട്ടിൽ കൊണ്ട് സൂക്ഷിച്ചത്... കഥകൾ അനവധിയാണ്​.

എന്നാൽ സർപ്പം എന്നത് സൗന്ദര്യസങ്കൽപ്പത്തിൽ കയറി വന്നത് നാഗപടത്താലിയിലൂടെയാണ്​. നാഗത്തിന്റെ വിടർന്ന പത്തി തലകീഴായ് തൂക്കിയിട്ട ആഭരണമാണ്​ നാഗപടത്താലി. നാഗപടമാല എന്നും ഇത് അറിയപ്പെടുന്നു. എന്റെ ചെറുപ്പകാലത്തുണ്ടായിരുന്ന സർപ്പമുഖിയായ മാല ഇപ്പോൾ കാണാനേയില്ല. പകരം പാലക്കാക്കല്ലുകൾ പതിപ്പിച്ച പത്തികളാണ്​ ഓരോ നാഗത്തിനും. പച്ചയും ചുവപ്പും വയലറ്റും നിറമുള്ള പത്തികൾ. പണ്ടു കുട്ടിക്കാലത്ത് പാമ്പുവേട്ട നടത്തി കൊങ്കിയിരുമ്പ് കൊണ്ട് ഓരോ നാഗപത്തിയും വെട്ടിയിടുമ്പോൾ ആശാരിമാമയുടെ ഭാര്യ ദേവകിവല്ല്യമ്മ പറയുമായിരുന്നു; ""കാളിയാണു പെണ്ണ്. കൊന്നുങാണ്ട് തലയോട്ടി കഴ്ത്തുമ്മലു തൂക്ക്യേ ചേൽക്ക് ഇബളു മിക്കവാറും പാമ്പുന്തല തൂക്കും''""ദേവ്‌ക്യേ ഇജി വേണ്ടാത്തത് പറഞ്ഞ് കൊടുക്കണ്ട ഇനി പാമ്പിന്റെ തലേം തൂക്കി വെരും. അറിയാലോ അങ്ങനെയൊന്നും പാമ്പുന്തലെൽ ജീവൻ വിടൂലാന്ന്.'' ആശാരിമാമ കണ്ണുരുട്ടുന്നു.""ഇട്ക്കല്ലെട്ടാ പൊന്നുങ്കട്ടേ. ബെലുതാവുമ്പോ ഒരു നാഗപടത്താലി വാങ്ങിച്ചാൾണ്ടീ.''
കല്യാണസമയം തന്നെ, ""എല്ലാം ചെറിയ മാലയായാൽ പറ്റില്ല. ഒന്നു രണ്ടെണ്ണം വലുത് വേണം...'' ...അമ്മ നിർബന്ധം പിടിച്ചു. പച്ചയിൽ നീലനിറം ലയിച്ച പാലയ്ക്കാക്കണ്ണിൽ വിഷം ചീറ്റി ഒരു നാഗപടത്താലി കണ്ണാടിക്കൂട്ടിൽ തെളിഞ്ഞു മിന്നി. വരൂ കന്യകേ എന്നെയണിയൂ എന്ന് കടുമ്പിടുത്തം പിടിച്ചു... ഒരു നാഗവേട്ടക്കാരി അവൾ കൊന്ന സർപ്പങ്ങളെപ്പോലെ കഴുത്തിൽ നാഗപടത്താലി അണിഞ്ഞു. കണ്ണാടിയിൽ ഞാൻ നാഗകന്യകയെ കണ്ടു. നാഗങ്ങളെ കൊല്ലുന്നവൾ. വേട്ടക്കാരി...

കാവിൽ കൊങ്കിയിരുമ്പു ചുഴറ്റെ ഇണ നഷ്ടപ്പെട്ട പാമ്പ് തലതല്ലിക്കരയുന്നതിന്റെ ശബ്ദം ചെവിയിൽ മുഴങ്ങി.. നൂറും പാലും മഞ്ഞളും കുങ്കുമവും ചിതറിയ ജീവിതമുറ്റത്തു കൂടി ഏകാകികളായ സർപ്പങ്ങളിഴഞ്ഞു

നെഞ്ചിൽ ആയിരം പത്തിയുമായ് പതിഞ്ഞ് അലസനായിക്കിടന്നു എന്റെ നാഗപടത്താലി. നടക്കുമ്പോൾ അതിന്റെ പത്തികൾ ഉരഞ്ഞ്​ മൂർഖൻ കുഞ്ഞുങ്ങൾ നാവുരസും പോലെ ശബ്ദമുണ്ടായി..
പാമ്പുകൾ ചീറുന്ന ശബ്ദം...
ജീവിതം വലിയ പാമ്പു പുറ്റുപോലെ എന്നെ വന്നു മൂടുമെന്ന് ഞാനറിഞ്ഞില്ല.. കൊന്നുതള്ളിയ പാമ്പുകൾ പിണക്കത്തോടെ ഉറക്കത്തിൽ വന്നു. എന്റെ മുന്നിൽ ഇഴയുകയും ഇണചേരുകയും ചെയ്തു.
ഞാൻ ഭയത്തോടെ ഞെട്ടിയെണീറ്റു.""ഈ സംഗതികളൊക്കെ സെറ്റിലീത് ഡിവോർസ് വാങ്ങുക. പുത്യേ ഒരു കല്യാണം കഴിയ്ക്കുക. അല്ലെങ്കിൽ പ്രേമിയ്‌ക്കെങ്കിലും ചെയ്യുക'' സൈക്ക്യാട്രിസ്റ്റ് കണ്ണടയൂരി എന്റെ മുഖത്തേയ്ക്കു തുറിച്ചു നോക്കി...
കാവിൽ കൊങ്കിയിരുമ്പു ചുഴറ്റെ ഇണ നഷ്ടപ്പെട്ട പാമ്പ് തലതല്ലിക്കരയുന്നതിന്റെ ശബ്ദം ചെവിയിൽ മുഴങ്ങി.. നൂറും പാലും മഞ്ഞളും കുങ്കുമവും ചിതറിയ ജീവിതമുറ്റത്തു കൂടി ഏകാകികളായ സർപ്പങ്ങളിഴഞ്ഞു, അവയ്ക്കു പുറകിൽ ഞാനും തികച്ചും ഏകാകിയായി നടന്നു... ​▮

​​​​​​​(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments