‘എന്റെ പുരുഷന്മാരെക്കുറിച്ച് ഞാൻ എഴുതിത്തുടങ്ങുകയാണ്. എന്റെ പുരുഷന്മാരെന്നാൽ ഞാനുമായി എന്തെങ്കിലും തരത്തിൽ രക്തബന്ധമുള്ളവർ, സുഹൃത്തുക്കൾ, പലലോകകാലങ്ങളിൽ ഞാൻ കാണുകയും ഇടപഴകുകയും ചെയ്തവർ, ഇടപഴകാത്തവർ... എനിക്കും എന്റെ പുരുഷന്മാർക്കും ഇടയിലെ രസതന്ത്രങ്ങൾ ഒരു കാലത്തും ശരിയായി വന്നിരുന്നില്ല'- ആ തീവ്രമായ അനുഭവങ്ങളാണ് ഇന്ദുമേനോൻ എഴുതുത്തുടങ്ങുന്നത്. ‘എന്റെ കഥ' എന്ന ആത്മകഥയുടെ രണ്ടാം ഭാഗം ട്രൂ കോപ്പി വെബ്‌സീനിൽ തുടങ്ങുന്നു.
‘‘സ്നേഹാധിക്യം പലപ്പോഴും എനിയ്ക്ക് ബാധ്യതയായി. എനിക്കു കിട്ടിയ വലിയ പഠനാവസരങ്ങളെ അച്ഛൻ നിസ്സാരമായി തള്ളിക്കളഞ്ഞു. ജെ.എൻ.യു.വിലോ ഡി.യു.വിലോ പഠിക്കാനുള്ള എന്റെ ആഗ്രഹങ്ങളെ അദ്ദേഹം ശ്രദ്ധിച്ചതേയില്ല. ‘എന്റെ കുട്ടികൾ പ്രത്യേകിച്ച്, പെൺകുട്ടികൾ കല്യാണം വരെയെങ്കിലും എനിയ്ക്കൊപ്പം ജീവിയ്ക്കണം' എന്ന് ആശിച്ചു, നിർബന്ധം പിടിച്ചു. കോഴിക്കോടിന്റെയൊ മലപ്പുറത്തിന്റെയോ അതിരുകൾ ഭേദിച്ച് മകൾ പോവരുതെന്ന് അദ്ദേഹം ശഠിച്ചു. അതിനാൽ, ഉയർന്ന മാർക്കുണ്ടായിട്ടും പിഎച്ച്.ഡി.യടക്കം കേരളത്തിലെ സാധാരണ കോളേജിലോ യൂണിവേസിറ്റികളിലോ ആയി ഞാൻ പഠിച്ചുതീർത്തു. പുരുഷന്റെ സ്നേഹം അവന്റെ സ്ത്രീയെ- അവന്റെ പെണ്മകളെ കൂട്ടിലടയ്ക്കുന്ന തന്തത്താഴെന്ന് ഞാനാ നിമിഷങ്ങളിൽ തിരിച്ചറിഞ്ഞു.''- ഇന്ദു മേനോൻ എഴുതുന്നു.
‘‘അച്ഛനും എന്നെ പലപ്പോഴും അഹങ്കാരി എന്നു വിളിച്ചിരുന്നു. അനിയൻ വിളിച്ചിരുന്നു. ആദ്യപ്രേമത്തിന്റെ കെട്ടുവിട്ടപ്പോൾ എന്റെ ഭർത്താവും നിരന്തരമായി അത് വിളിച്ചുകൊണ്ടിരുന്നു.
‘തികച്ചും ഗ്രാമദേശമായ രാമനാട്ടുകരയെന്ന ഇടത്തിൽ ജീവിച്ച നിന്നെപ്പോലൊരുത്തിയ്ക്ക് എന്തിന്റെ അഹങ്കാരമാണ്?'എന്നാവർത്തിച്ച് ചോദിച്ചു.
‘സോഷ്യോളജി പോലെ ആരും പഠിക്കാത്ത വിഷയം പഠിച്ചതിന്റെയോ?'
‘നാലു ഊത്തക്കഥക്കളെഴുതിയതിന്റെയോ?'
‘ഒരു കരാറ് ജോലി സ്ഥിരമാക്കി കിട്ടിയതിന്റെയോ?'
‘കാണാനുള്ള ഈ കേവല കോലത്തിന്റെയോ? എന്തിന്റെ അഹങ്കാരമാണെടീ നിനക്ക്?'
എന്റെ ചെവികളിൽ ആ ചോദ്യങ്ങൾ സദാ മുഴങ്ങിക്കൊണ്ടിരുന്നു. എല്ലാ ആണുങ്ങളും അപ്രകാരം തന്നെയായിരുന്നു.
‘‘മറ്റൊരിയ്ക്കൽ ഭർത്താവ് എന്നെ ‘വെടി, പത്തുരൂപ വെടി' എന്നു വിളിച്ചു. കഴുത്തിൽ അയാൾ കെട്ടിയ താലി നോക്കി ഞാൻ. അതു കാക്കാപ്പൊന്നുപോലെ കറുത്തിരുന്നു. തീപ്പെട്ട പഴുത്ത ഒരു ലോഹം പോലെ കൃത്യം മുലകൾക്കിടയിലുള്ള നിസ്സഹായമായ വിടവിൽ അത് അത്യുഷ്ണക്കാരിയായ ചങ്ങലയുടെ കൊളുത്തായി. അതെന്റെ ഗതികേടുകളെ സദാ ഓർമിപ്പിച്ചു. ആ സംഭവത്തിനുശേഷം ഞാൻ ആ താലി കഴുത്തിൽ അണിഞ്ഞതേയില്ല. അന്നുമില്ല ഇന്നുമില്ല. ഞാനെന്ന ഒരു ഭാര്യ അന്നു മരിച്ചുപോയി. പിന്നെയൊരിയ്ക്കലും അവൾ ജീവിയ്ക്കുകയുണ്ടായില്ല. അതിൽ നിന്ന് നിർമമമാവാൻ എനിയ്ക്ക് നീണ്ട പത്തു വർഷങ്ങൾ വേണ്ടിവന്നു. അക്കാലത്തെ എന്റെ ജി മെയിലിന്റെ പാസ്‌വേഡ് പത്തുരൂപാ വെടി എന്നു ഞാൻ മാറ്റി. അതുണ്ടാക്കിയ അപമാനം മറന്നുകളയാൻ ഞാൻ തയ്യാറായിരുന്നില്ല. അതിന്റെ വേദനയിൽ മരണപ്പെടാനും ദാമ്പത്യജയിലിനെ പറ്റിയോർമിക്കാനും ആ പാസ്‌വേഡിനാൽ എനിയ്ക്കു കഴിഞ്ഞു.''
‘‘അക്കാലങ്ങളിലത്രയും ലോകത്തെ ഏറ്റവും മോശം പുരുഷനെ കണ്ടെത്തണമെന്നും അയാൾക്കൊപ്പം ശയിച്ച് നീലച്ചിത്രം റെക്കോർഡ് ചെയ്ത് വെടി എന്നുപേരിട്ട് ഭർത്താവിനു നൽകണമെന്നും അങ്ങനെ പ്രതികാരം ചെയ്യണമെന്നും എനിയ്ക്കു തോന്നി.''
നീണ്ട പത്തുവർഷത്തെ അപരിചിത ദാമ്പത്യത്തിനൊടുവിൽ കേട്ടത്:
‘‘നിന്നെ എനിയ്ക്കറിയാമെടീ''
‘‘നിന്റെ കേസുകെട്ടുകളൊക്കെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ടെടീ''
‘‘നിന്നെക്കുറിച്ച് പറയുന്നതുകേട്ടാൽ എന്റെ തൊലി ഉരിഞ്ഞുപോകും.''
‘‘എന്നാൽ നല്ല ഉപ്പും മൊളകും തേച്ച് വറത്തോളൂ'', ഞാൻ തമാശയോടെ പറയും.
‘‘ഈ സ്ത്രീ ഭയങ്കരിയാണ്. ഇതിനോട് സംസാരിയ്ക്കരുത്'', എന്റെ അയൽപക്കത്തു താമസിയ്ക്കുന്ന സ്ത്രീയോട് ഒരിക്കൽ സഹോദരൻ പറഞ്ഞു.
‘‘ഇവൾ ഭയങ്കര പെഴച്ചവളാണ്. മി.പിയ്ക്കൊപ്പമുള്ള ചുറ്റിക്കളി എനിയ്ക്കറിയാം'' അരദിവസം എന്റെ റിസർച്ച് അസ്സിസ്റ്റന്റുമാരൊപ്പം, സഹപ്രവർത്തകരൊപ്പം ഒരു ഉദ്യോഗസ്ഥനെ എസ്‌കോർട്ട് ചെയ്തതിന് ഒരു സ്ത്രീ കേൾക്കേണ്ടുന്ന അപവാദം.
എത്ര മനോഹരമായ ലോകം. എന്തൊരു സാഹോദര്യം. എനിയ്ക്ക് ഓക്കാനം വന്നു. വയസ്സുകാലത്ത് തന്നെ നോക്കാനായി ചെക്കനെ പോറ്റി വളർത്തിയ അമ്മയെ ഓർത്തു. അമ്മ മരിയ്ക്കുന്ന സമയത്ത് മദ്യപിച്ച് മദോന്മത്തനായി കിടന്ന അവനെയും ഓർത്തു. അമ്മയെപ്പോലെ എന്റെ കാര്യങ്ങളും ചെയ്തു തരുമെന്നു അമ്മ വിശ്വസിച്ച അതേ സഹോദരനെ പറ്റിയോർത്തു...''
തീവ്രമായ അനുഭവങ്ങളുടെ ‘എന്റെ കഥ'
എന്റെ കഥ (എന്റെ ആണുങ്ങളുടെയും)
മഹാവ്യസനങ്ങളുടെ വിശുദ്ധമറിയം, മഹാവിഷാദങ്ങളുടെ കന്യാമറിയം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 56ൽ വായിക്കാം, കേൾക്കാം