ഇന്ദുമേനോൻ

പകമുല

എന്റെ കഥ- 21

അവളെന്തു ചെയ്യുമ്പോഴും അവളിലൊരു ചൂഷണം ചെയ്യപ്പെട്ട കൊച്ചു പെൺകുട്ടി നിസ്സഹായമായി നിലവിളിയ്ക്കുന്നത് ഞാൻ കണ്ടു. അവളീ ലോകത്തോട് ചെയ്യുന്നത് പലതും അവളോട് ലോകം ചെയ്തതാണ്.

ണം കടം വാങ്ങുകയും തിരികെ കൊടുക്കാതിരിക്കയും ചെയ്യുന്നത് അവളുടെ ഒരു ശീലമായിമാറിയിരുന്നു. വിവാഹത്തിനും എത്രയോ മുമ്പേ അതെ. ആദ്യമൊക്കെ ഗതികേടു കൊണ്ടായിരുന്നു. പിന്നീട് പിന്നീടതു മാറി. ഗതികേടാണെന്ന് പറയുമ്പോഴും അവൾ ധരിച്ച വിലകൂടിയ പട്ടുവസ്ത്രങ്ങൾ, തുകൽ ചെരുപ്പ്, നവതലമുറ മൊബൈൽ, നിരന്തര യാത്രകൾ ഇവയൊക്കെ നമ്മെ നോക്കി പല്ലിളിച്ചു കാണിക്കും.

എവിടെ നിന്നാണിത്രയും പണമെന്ന് എല്ലാവരും അമ്പരന്നു.
അവൾക്ക് വലിയ തുകകൾ ഒരിക്കലും നൽകുവാൻ പാടില്ല എന്ന ബോധ്യവും എല്ലാവർക്കും വന്നു. അവൾ ആഢംബര ജീവിതമാണ്​ നയിച്ചിരുന്നത്. മറ്റുള്ളവരുടെ അധ്വാനത്തിൽ നിന്ന്​ കരഞ്ഞും കട്ടും തട്ടിയെടുക്കുന്ന പണം. പിന്നീടത് പ്രേമിച്ചും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായി.
ജോലിയില്ല, ഭർത്താവില്ല. കുടുംബത്തിൽ പണമില്ല. എങ്കിലും ധാരാളിത്തത്തിനോ ധൂർത്തിനോ വേണ്ടിയുള്ള പണത്തിന് മുട്ടില്ല. കടം വാങ്ങിക്കുന്നതിനൊക്കെയുമില്ലെ ഒരു പരിധി. എവിടെനിന്നു പൈസ ഇങ്ങനെ വരുന്നു എന്തെന്നതിനാകട്ടെ ഒരു തെളിവുമില്ല. പതിയെപ്പതിയെ കുഴൽപ്പണം, ഹവാല എന്നൊക്കെ നാട്ടുകാർ പറഞ്ഞു തുടങ്ങി.

ശരിയായതായിരുന്നില്ല അവളുടെ ജീവിതത്തിൽ നടക്കുന്നത്. അവളെന്തു ചെയ്യുമ്പോഴും അവളിലൊരു ചൂഷണം ചെയ്യപ്പെട്ട കൊച്ചു പെൺകുട്ടി നിസ്സഹായമായി നിലവിളിയ്ക്കുന്നത് ഞാൻ കണ്ടു. അവളീ ലോകത്തോട് ചെയ്യുന്നത് പലതും അവളോട് ലോകം ചെയ്തതാണ്. പക്ഷെ അൽപകാലം കഴിഞ്ഞപ്പോൾ ഓരോ ഇരയും ആത്യന്തികമായി വേട്ടക്കാരനാകുന്ന ആ അത്ഭുതം അവളുടെ ജീവിതത്തിലുമുണ്ടായി. എന്തുമേതും മറ്റുള്ളവരെ ചൂഷണം ചെയ്തും ഉപദ്രവിച്ചും തട്ടിയെടുത്തും ജീവിതമേ അങ്ങനെയായി മാറി.

ഞാൻ കാണുമ്പോൾ പരിണാമത്തിന്റെ അറ്റത്ത് എത്തിയിരുന്നു.
ഒരു വശത്ത് ഗതിയില്ലാതെ കടം വാങ്ങൽ, മറുവശത്ത് അതുപയോഗിച്ച് ആഢംബര ജീവിതം. കൊണ്ടോട്ടിയിലെ ജെ ജ്വല്ലറിയിൽ കയറി 30 പവനോ മറ്റോ വാങ്ങിയത് അക്കാലത്ത് വലിയ തമാശയായിരുന്നു. ഇപ്പോൾ പൈസ എടുത്തുവാരാമെന്നോ അതോ തൽക്കാല കടമോ മറ്റോ പറഞ്ഞ് ജ്വല്ലറിക്കാരനെ പറ്റിച്ച്​ സ്വർണമെടുത്തു. തൊട്ടടുത്ത കടയിൽ ആ ആഭരണങ്ങൾ വിറ്റ് ആ പൈസ കൊണ്ടു ജീവിച്ചു കുറേക്കാലം.

അക്കാലത്തുതന്നെ ടിയാരി കടം വാങ്ങിയും ലോണെടുത്തും ഒരു ഫാൻസി ഷോപ്പ് ആരംഭിച്ചു. നേരേ ജീവിക്കാനുള്ള അവസാന പരിശ്രമമായാണ് ഞാനതിനെ കണ്ടത്. തട്ടിപ്പും വെട്ടിപ്പും കാണിക്കുമ്പോൾ നഷ്ടപ്പെടുന്ന സമാധാനം തിരികെ പിടിക്കാനുള്ള ഒരു ശ്രമം. എവിടുന്ന്! തട്ടിപ്പിന്റെയും ചതിയുടെയും കേന്ദ്രമായിരുന്നു അത്. ഇഷ്ടം പോലെ പൈസ പൊട്ടിക്കുകയും ചെയ്തു. ജോലി ചെയ്യാതെ, കടയിലിരിക്കാതെ കറങ്ങി നടന്നാൽ ബിസിനസ്​ പൊളിയുമല്ലോ. ജീവിതത്തിൽ, ഒരു ടീ സ്​പൂൺ എടുത്ത് മാറ്റിവെക്കുക പോലും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ ഇനിയുമൊരു ഉദ്ദേശ്യവുമില്ല എന്ന് അവൾ ജീവിതം കൊണ്ട് ബോധിപ്പിച്ചു.

എന്നാൽ ഉള്ളു വിലക്കി; ഇക്കാണുന്നതല്ല സത്യം. അവളഭിനയിക്കുകയാണ്.
എന്നെ വീണ്ടും പറ്റിക്കാൻ ശ്രമിക്കുകയാണ്. പിന്നീട് ഞാൻ വൈകാരികമായി കണ്ടു നോക്കി. ഇത്തിരി ആഢംബരഭ്രമം കൊണ്ട് പറ്റുന്ന അബദ്ധങ്ങളിൽ കവിഞ്ഞ് മറ്റൊന്നും പറയാനില്ല

കൂടുതൽ അറിയും തോറും ഞാനവളെ പൂർണമായും ഒഴിവാക്കി.
ഗതികേടാണെന്നു പറയുമ്പോഴും വലിയ വലിയ കാറിലാണ്​ സഞ്ചാരം. വലിയ ഹോട്ടലുകളിലാണ് നിത്യഭക്ഷണം. നിരന്തര യാത്രകളാണ്. ഒന്നും യുക്തിയ്ക്ക് യോജിക്കുന്നില്ല. നമ്മൾ തന്നെ അമ്പരക്കുന്ന വിധം. ഒരു വശത്ത് പെൺമകളുമൊത്ത് എങ്ങനെയോ ജീവിച്ചു പോകുന്ന അവസ്ഥയുണ്ട്. അവിടെയും ഇവിടെയുമൊക്കെ കടം, പ്രശ്‌നങ്ങൾ, കടക്കാർ. മറുവശത്ത് ഒരു രൂപ കിട്ടിയാൽ ചെയ്യുന്ന ദീവാളി. ജീവിതം അതിസങ്കീർണമായിരുന്നു. എങ്ങനെയൊക്കെയൊ തുഴഞ്ഞു പോകുന്ന ആ കാലത്ത് വീണ്ടും എന്റെ അടുത്തുവന്ന് ഒരു കാര്യം ആവശ്യപ്പെട്ടു; ‘‘രാജു അവളുടെ പുറകെ നടക്കുന്നു. സദാ ഉപദ്രവിക്കുന്നു. ഒന്നു രക്ഷിക്കണം. വേറെ വഴിയില്ല.’’

അവൾ പറഞ്ഞതിലൊക്കെ ന്യായമുണ്ടായിരുന്നു.
എന്റെ മനസ്സ് വീണ്ടും സംഘർഷഭരിതമായി. സ്വതേ ഗതിയില്ലാത്തവൾ, ഡിവോർസി, കടക്കാരി...
എന്നാൽ ഉള്ളു വിലക്കി; ഇക്കാണുന്നതല്ല സത്യം. അവളഭിനയിക്കുകയാണ്.
എന്നെ വീണ്ടും പറ്റിക്കാൻ ശ്രമിക്കുകയാണ്. പിന്നീട് ഞാൻ വൈകാരികമായി കണ്ടു നോക്കി. ഇത്തിരി ആഢംബരഭ്രമം കൊണ്ട് പറ്റുന്ന അബദ്ധങ്ങളിൽ കവിഞ്ഞ് മറ്റൊന്നും പറയാനില്ല. അവളുടെ കണ്ണീരിൽ, അഭിനയത്തിൽ എന്റെ മനസ്സലിഞ്ഞു. എന്റെ സർവ്വയുക്തിയും പൊളിഞ്ഞു. ചേതമില്ല. അവളെ ഉപദ്രവിക്കരുതെന്നു പറഞ്ഞാൽ മതിയല്ലോ.
ഒരാൾ ഗതികെട്ട് ജീവിക്കുന്നുവെന്നത് ആർക്കും അവളെക്കേറി ഉപദ്രവിക്കുവാനുള്ള ലൈസൻസല്ലല്ലോ. അവളുടെ കണ്ണീരിന്റെ ആ പരിപൂർണത കണ്ടതോടെ ഞാൻ മറ്റെല്ലാം മറന്നു.

എന്തെങ്കിലുമാകട്ടെ ഞാൻ രാജുവിനെ വിളിച്ചു സംസാരിച്ചു.
അയാൾ ഒരക്ഷരവും പറഞ്ഞില്ല. എല്ലാം മൂളിക്കേട്ടു. കുറേനേരം നിശബ്ദനായി മറുതലയ്ക്കൽ നിന്നു. എന്നിട്ട് പറഞ്ഞു; ‘‘നേരിട്ടു വരാം. മൂന്നു ദിവസം കഴിയും. അമ്മയെ ഇട്ടുപോരാൻ വയ്യ . ആരുമില്ല നോക്കാൻ.’’
മൂന്നു ദിവസം കഴിഞ്ഞതോടെ അയാൾ നേരിട്ടു വന്നു.
പണ്ടു കണ്ട രാജുവല്ല. ഒരു പേക്കോലം. ഉണങ്ങി മെലിഞ്ഞ് ദുർബലമായ കൈകൾ. ഉന്തിയ കവിളെല്ല്. ദാരിദ്ര്യം അയാളെ വലയം ചെയ്തു പിടിച്ചിരുന്നു. പട്ടിണിയാണെന്ന് മുഖം കണ്ടാലറിയാം. അയാൾ ഇടറിപ്പൊട്ടി പല കാര്യങ്ങൾ പറഞ്ഞു. കയ്യിലെ ഫയലിൽ കുറേയേറെ തെളിവുകൾ. അതെല്ലാം കണ്ടതോടെ അതുവരെ അവളെപ്രതി കേട്ടതു മുഴുവൻ സത്യമായിരുന്നെന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്തെല്ലാം തരം തെളിവുകൾ! കണ്ടു. കേട്ടു. അറിഞ്ഞു.

കടം വാങ്ങിക്കുക മാത്രമല്ല മനുഷ്യരെ നായാടി എല്ലാമില്ലാതാക്കലും ഓടിച്ച് ജീവനെടുക്കും പോലെ ആക്രമിക്കലും അവളുടെ ഇഷ്ടവിഷയമായിരുന്നു. ക്രൂരമായിരിക്കുമ്പോൾ കിട്ടുന്ന ആനന്ദനിർവൃതി.

കടം വാങ്ങിക്കുക മാത്രമല്ല മനുഷ്യരെ നായാടി എല്ലാമില്ലാതാക്കലും ഓടിച്ച് ജീവനെടുക്കും പോലെ ആക്രമിക്കലും അവളുടെ ഇഷ്ടവിഷയമായിരുന്നു. ക്രൂരമായിരിക്കുമ്പോൾ കിട്ടുന്ന ആനന്ദനിർവൃതി.
രാജുവിന്റെ കുടുംബവും വീട്ടുകാരുമൊക്കെ രാമനാട്ടുകരയിലെ ഏറ്റവും പണക്കാരായ തറവാട്ടുകാരായിരുന്നു. പണത്തിന്റെ ധാരാളിത്തവും സുഖസമൃദ്ധിയും ഉണ്ടായിരുന്ന പേരു കേട്ട തറവാട്. വലിയ നാലുകെട്ട്.
ഇരുട്ടും തണുപ്പും വീണുകിടക്കുന്ന ഭസ്മരസമണമേറിയ മുറികൾ.
കൊട്ടത്തളവും ചാറ്റടിയും നെല്ലുപാടങ്ങളുടെ മണമുതിർന്നു വരുന്ന വരാന്തകളും. ഭംഗിയേറിയ തുളസിത്തറ. മച്ചകത്തിൽ ഉഗ്ര ഭഗവതി. രാജുവിന്റെ അമ്മവീട്ടുകാരട്ടെ അച്ഛൻ തറവാട്ടുകാരെപ്പോലെ തന്നെ പ്രതാപികളായിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ സ്വർണമിട്ട് വിവാഹം ചെയ്തു വന്നവൾ. വല്ല്യമ്മയും അമ്മമ്മയുമൊക്കെ കോഴിക്കോട്ടെ ഡോക്​ടർമാരാണ്​. ബന്ധുക്കൾ, കസിൻസ്​ ഒക്കെ വിദേശത്ത്. ഒരു ഡോക്​ടർ വല്ലിമ്മ സിംഗപ്പൂരിൽ സ്ഥിര താമസം. സഹോദരൻ ഗവണ്മെൻറ്​ ജോലിക്കാരൻ, അനിയത്തി വിവാഹിത. തറവാട് വിറ്റ പൈസയിൽ അമ്മയുടെയും അനിയത്തിയുടെയും അയാളുടെയും ഓഹരി പൈസ ഏതാണ്ട് 15 ലക്ഷം രൂപയോളം എടുത്ത് ആലീനയ്ക്ക് കൊടുത്തു കഴിഞ്ഞു. കരഞ്ഞും ഇരന്നും നിർബന്ധിച്ചും വാങ്ങി. കൊണ്ടോട്ടിയിൽ സ്ഥലം വാങ്ങാനായിരുന്നെത്രെ പണം നൽകിയത്.
‘‘ഒരു ഡോക്യുമെന്റുമില്ലാതെ?'' ഞാൻ തലയിൽ കൈവെച്ചു.
‘‘ഞങ്ങൾ പ്രേമത്തിലായിരുന്നു. വിവാഹിതരാകാമെന്നു തീരുമാനിച്ചിരുന്നു.’’
‘‘കൊള്ളാം. ബെസ്റ്റ്.’’
‘‘അത് സ്ഥലം വിറ്റ പൈസ മാത്രാണ്.’’
‘‘പിന്നെ? എന്റെ ദൈവമേ?'', ഞാൻ വാപൊളിച്ചു നിന്നു.
സ്ഥലം വിറ്റ പണം പോരാഞ്ഞ് രാജുവിന്റെ സഹോദരി വിരുന്നു വന്നപ്പോൾ അവളുടെ ആഭരണം വാങ്ങി പണയം വെച്ച് ആ പൈസയും കൂടി അവൾക്ക് കൊടുത്തു.
‘‘എന്തിന്​?’’
‘‘കടക്കാർ വരുമ്പോ രക്ഷയില്ലാഞ്ഞാണ്.’’
കടക്കാർ വന്ന്​ അവളെ പുലയാട്ടു പറയുമ്പോൾ അവൾ രാജുവിനെ വിളിച്ച് അശരണമായി കരഞ്ഞു. അഭിനയിച്ചു. ‘എനിക്ക് രാജ്വേട്ടനില്ലാതെ ആരുമില്ല’ എന്ന്​ആർത്തിരമ്പിക്കരഞ്ഞു. രാജു നാനാഭാഗത്തു നിന്നും കടം വാങ്ങി അവളെ രക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
‘വല്ലിമ്മയുടെ എട്ടു പവൻ മാലയും മറ്റു ചില ആഭരണങ്ങളും പണയപ്പെടുത്തിയും അവൾക്ക് ഞാൻ പൈസ കൊടുത്തു.’’
‘‘എന്തിന്​?'' ഞാൻ ഞെട്ടിപ്പോയി.
‘‘ഞാനും മകളും ആത്മഹത്യ ചെയ്യേണ്ടി വരും, രാജ്വേട്ടനില്ലാതെ വേറാരുമില്ല, എന്നെ രക്ഷിക്കില്ലെ? എന്നു പറഞ്ഞ് പൊട്ടിക്കരയുമ്പോൾ എനിക്ക് സഹിക്കാനായില്ല. ഞാൻ സ്‌നേഹിക്കണ പെണ്ണല്ലെ? സഹിക്കാനാവണില്ലാരുന്നു. ഒരു വർഷമായിട്ട് തുടങ്ങിയ പ്രേമമാണ്​. ഇങ്ങോട്ട് വന്നതാണ്. ഞാനാവലയിൽ വീണുപോയി.’’

രാജുവും അവളും യാത്രയും ഫോൺ വിളികളും നിരന്തരം ഉണ്ടായിരുന്നു. രഹസ്യമായി ബന്ധം വെയ്ക്കാൻ അവൽ രാജുവിനെ ചട്ടം കെട്ടി. നാട്ടുകാരറിഞ്ഞാലുണ്ടാകുന്ന ഹിന്ദു -മുസ്​ലിം ലഹളയായിരുന്നു തുറുപ്പ്.
‘‘ഹിന്ദുവും മുസ്​ലീമും കല്യാണം കഴിച്ചാ കൊണ്ടോട്ടിയങ്ങാടി കത്തും. എന്നെ ചൂലെടുത്ത് അടിച്ചെറക്കും''; ആലീന പറഞ്ഞു.
‘‘ഒരു സംശയവും വേണ്ട, എന്നെയും'', രാജു മച്ചകത്തെ ഭഗവതിയുടെ ക്രോധം, ബന്ധുക്കളുടെ കോപം ഒക്കെ ഭയന്നു.
‘‘അങ്ങനെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. നമുക്ക് ജീവിക്കാനൊരു സ്ഥലമെങ്കിലും വേണം എന്നു പറഞ്ഞ് കൈപ്പറ്റിയ പൈസയാണ്​. സ്ഥലം ഇരുപേരുടെയും പേരിൽ വാങ്ങാമെന്നായിരുന്നു ധാരണ. പക്ഷെ എന്നെ ചതിച്ച്​ വാക്ക് ആദ്യം മാറി. രജിസ്​ട്രേഷന്​ അവൾക്കൊപ്പം ഇക്കാക്ക വന്നത്രെ. നൊണയാണ്​. പിന്നെ ആ സ്ഥലം പണയം വെച്ച് എനിക്ക് പൈസ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ വിശ്വസിച്ചു. പൈസ കിട്ടിയതോടെ അവൾ സുഖമായി മുങ്ങി. ഫോണിൽ കിട്ടാത്തവിധം ഒളിഞ്ഞു. എത്ര വിളിച്ചു എന്നറിയുമോ?''

മകൾ മരിച്ചശേഷം രാജുവിന്റെ അമ്മ അധികനാൾ എണീറ്റു നടന്നില്ല. കോണിപ്പടിയിൽ നിന്നോ മറ്റോ വീണ് നട്ടെല്ലും മനസ്സും തകർന്ന ആ അമ്മ പൂർണമായും കിടപ്പിലായി. പിന്നീടൊരിക്കലും ജീവിതത്തിലേയ്ക്ക് എഴുന്നേറ്റു വരാനാകാത്ത വിധം അവർ കട്ടിലിൽ മലർന്നു കിടന്നു

രാജുവിന്റെ സഹോദരിക്ക് ഭർത്തൃവീട്ടിൽ തിരികെ പോകേണ്ട സമയമായിരുന്നു. കയ്യിലും കഴുത്തിലുമുള്ളവയില്ലാതെ എങ്ങനെ മടങ്ങും, നാട്ടിൻപുറത്ത്​ ഒരു തരി പൊന്നിന്​ കണക്കുള്ളയിടത്ത്. അവൾ ശൂന്യമായ കൈകളോടും കഴുത്തോടും മടങ്ങിപ്പോയി. അവളുടെ ഭർത്താവിട്ട മാലയടക്കം ചേട്ടന്​ ഊരി നൽകിയിരിക്കയാണ്. വലിയ പ്രശ്ന​മായി. സഹോദരി പലകുറി ആവശ്യപ്പെട്ടിട്ടും സ്വർണം എടുത്ത് കൊടുക്കുവാൻ രാജുവിനു കഴിഞ്ഞില്ല. ഭർത്താവിന്റെ വീട്ടിൽ അതിലേറെ പ്രശ്‌നമായി. അവർ അവളെ വീട്ടിലേയ്ക്ക് തിരിച്ചു പറഞ്ഞയച്ചു.
‘‘ആദ്യം പോയ പോലെ തിരിച്ചു വന്നാൽ മതി.’’
തിരികെ വീട്ടിലെത്തിയ ആ പെൺകുട്ടി ഒരു ദിവസം കുളിമുറിയിൽ മരിച്ചു കിടന്നു. തലയിലെ രക്തക്കുഴലുകൾ പൊട്ടിയിരുന്നു. കനത്ത രക്തസ്രാവമുണ്ടായതായി ഓട്ടോപ്‌സിയിൽ അറിയാൻ കഴിഞ്ഞു. എങ്ങനെ രക്തസ്രാവമെന്ന് ആർക്കും മനസ്സിലായില്ല. ചെറിയ പെൺകുട്ടിയ്ക്കിത്ര മേൽ സമ്മർദ്ദമോ? ഒരു പക്ഷെ അത്രമേൽ സമ്മർദ്ദം ജീവിതത്തെ പ്രതിയുണ്ടായതിനാലാവാം. അന്നു ആലീന ആ വീട്ടിൽ വന്നുപോയതായി നാട്ടുകാർ അടക്കം പറഞ്ഞു.

മകൾ മരിച്ചശേഷം രാജുവിന്റെ അമ്മ അധികനാൾ എണീറ്റു നടന്നില്ല. കോണിപ്പടിയിൽ നിന്നോ മറ്റോ വീണ് നട്ടെല്ലും മനസ്സും തകർന്ന ആ അമ്മ പൂർണമായും കിടപ്പിലായി. പിന്നീടൊരിക്കലും ജീവിതത്തിലേയ്ക്ക് എഴുന്നേറ്റു വരാനാകാത്ത വിധം അവർ കട്ടിലിൽ മലർന്നു കിടന്നു. കണ്ണുകളിൽ സദാ കണ്ണീർ ചോരച്ചൊഴുകി. മരിച്ചുപോയ ചെറിയ മകളെ പ്രതി പ്രാണസങ്കടം വിതുമ്പി.
തന്റെ സ്വത്തെല്ലാം ഇളയ മകന്​ എഴുതി നൽകിയതിൽ ക്ഷുഭിതനായ മൂത്തമകൻ അമ്മയെ എന്നോ കയ്യൊഴിഞ്ഞിരുന്നു. കിടപ്പിലായ അമ്മയുടെ പൂർണ ഉത്തരവാദിത്തം രാജുവിനായി. അമ്മയെ നോക്കുകയാണ്​ രാജു. ജോലിയ്ക്കു പോലും പോകാൻ പറ്റില്ല. ഒരാളെ വെയ്ക്കാനുള്ള സാമ്പത്തികമില്ല. വീടില്ല. പണമില്ല. അമ്മയെ കുളിപ്പിക്കണം, ആഹാരം കഴിപ്പിക്കണം, വിസർജ്ജ്യങ്ങൾ എടുത്തു കളയണം. അയാൾ പറയുന്നതുകേട്ട് ഞാൻ സ്​തബ്​ധയായി നിന്നു. മകനാണ്, ശുശ്രൂഷകനാണ് എന്നാലും അമ്മ എന്തുമാത്രം വേദനയനുഭവിക്കുന്നുണ്ടാകും?
‘‘എന്റെ പൈസ തന്നിരുന്നുവെങ്കിൽ... ഞാനതിനാണ്​ പോകുന്നത്. എന്റെ പൈസയ്ക്ക്. അവൾ എന്നെ ചതിക്കുകയായിരുന്നു. അല്ലാണ്ട് അവളെ പ്രേമിക്കാനൊന്ന്വല്ല. എന്റെയമ്മയ്ക്ക് മരുന്നു വേണം.’’

ഞാൻ രാമനാട്ടുകരയിലെ എന്റെ സുഹൃത്തുക്കളെ വിളിച്ചു. കവി പ്രദീപ്, സജിത്ത്, പ്രസാദ്. പല പല സത്യങ്ങൾ. ഞങ്ങൾ സുഹൃത്തുക്കൾ സത്യാവസ്ഥയുടെ ആഴമറിഞ്ഞ് അമ്പരന്നു.
‘‘ഞാനാ പൈസ കിട്ടാൻ വേണ്ടി മാത്രമാണു നടക്കുന്നത്'', രാജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇടയ്ക്ക് ഞാൻ രാമനാട്ടുകര ബസ്​ സ്​റ്റാൻറിൽ ഇലക്​ട്രിക്​ ഷോപ്പുകാരൻ മമ്മാലി രാജുവിനെ ചീത്ത പറയുന്നതുകണ്ടു. പച്ചപ്പുലയാട്ടാണ് വിളിയ്ക്കുന്നത്. അയാൾ ഒരു എല്ലിൻകൂടു പോലെ നിശബ്ദനായി തല കുമ്പിട്ടു നിൽക്കുന്നുണ്ടായിരുന്നു. രാമനാട്ടുകരക്കാർ വട്ടം കൂടി. ഒരു ചിലന്തിവലയ്ക്കുള്ളിൽപ്പെട്ട കഴുത്തൊടിഞ്ഞ പ്രാണിയെപ്പോലെ അയാൾ.
അൽപ്പനേരം കഴിഞ്ഞ്​ ഞാൻ ഫോൺ വിളിച്ചപ്പോൾ അയാൾ നാണമില്ലാതെ കരഞ്ഞു.
‘‘അവളുടെ ചേച്ചീടെ വീട്ടിലേയ്ക്ക് മോട്ടോർ വാങ്ങിയത് എന്റെ പരിചയക്കാരന്റെ കടയിൽ നിന്നാണ്. അവള് മുങ്ങിയല്ലോ. ഞാനെന്തീയ്യാനാണ്?''
‘‘എന്നിട്ട്?''
‘‘അയാളെന്നെ പിടിച്ചു നാട്ടുകാരുടെ മുമ്പിൽ വെച്ച് പുലയാട്ടു പറഞ്ഞു. പിടിച്ചു തള്ളി’’, ആ രംഗത്തിനു മുമ്പ് അതുമുണ്ടായോ! ഞാൻ സങ്കടത്തോടെ അയാളെ കേട്ടുകൊണ്ടിരുന്നു.
സ്‌നേഹവും നന്മയുമൊക്കെ മനുഷ്യർക്ക് പാടില്ലാത്തതാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. പ്രേമിച്ചവളെ വിശ്വസിച്ചവനും സഹോദരനെ വിശ്വസിച്ചവൾക്കുമൊക്കെ നഷ്ടങ്ങൾ മാത്രം.
‘‘ഒന്നും ചെയ്യാനില്ലാതായപ്പോൾ ഞാൻ വീട്ടിലെ ഉരുളി വിറ്റു. അമ്മയ്ക്ക് ഭയങ്കര പ്രിയപ്പെട്ട ഒരു ഉരുളി. മരുന്നിന്നായിട്ടോ വെശന്നിട്ടോ പോലും ഞങ്ങളത് വിറ്റിരുന്നില്ല'', എനിക്കൂഹിക്കാനാകുന്നുണ്ടായിരുന്നു. അപമാനത്താൽ നിസ്സഹായരായ മനുഷ്യർ എന്തും ചെയ്തുകളയും.
‘‘അമ്മയെ ഓർത്താണ്. ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു.’’

വിശപ്പടക്കാനും മരുന്നിനും വേണ്ടി വാടകവീട്ടിൽ സ്വന്തമായുണ്ടായ ഒരോന്നും വിൽക്കപ്പെട്ടു. ഒടുവിൽ ഒന്നുമില്ലാതായി, രണ്ടു മനുഷ്യർ മാത്രം. വലിയ വിശപ്പും അനാരോഗ്യവും മാത്രം. മരുന്നു പോലും പരിതാപകരമാകെ വാടക കൊടുക്കാത്തതിനാൽ അവിടെനിന്ന്​ ഇറക്കി വിട്ടു.
‘‘അമ്മ കിടന്ന കട്ടിൽ വിറ്റ് കുറച്ചു പൈസ കിട്ടി. അതിന്​ ലോഡ്ജിലൊരു മുറിയും കിട്ടി'', പുരുഷന്മാർക്ക് ദിവസ വാടകയ്ക്കു കിട്ടുന്ന ലോഡ്ജിൽ ആ അമ്മ അശരണമായിക്കിടന്നു. അത് ഓർക്കുമ്പോൾ ചങ്കു പൊള്ളി.
എന്തൊരു അവസ്ഥയാണിത്. മകനെ വിശ്വസിച്ചതിന്റെ വില.

കണ്ടതൊന്നുമല്ല ആലിന എന്നു മനസ്സിലായി. എമ്പാടും കാമുകന്മാർ, ഒരേ ശൈലി, ഒരേ രീതി. പണം തട്ടിപ്പ്. അവളെക്കുറിച്ച് അന്വേഷിച്ച് കിട്ടിയ തെളിവുകളൊക്കെയും ഭയങ്കരമായിരുന്നു.

മറ്റൊരിക്കൽ രാത്രി രാജു എന്നെ വിളിച്ചു. ശബ്ദം ഭയത്താൽ ചിതറി.
‘‘ഇന്നെ രക്ഷിക്കണം. കൊണ്ടോട്ടി പൊലീസ്​ സ്റ്റേഷനിൽ പിടിച്ച് വെച്ചിക്ക്യാണ്. അമ്മ ഒറ്റയ്‌ക്കേയുള്ളു. ഭക്ഷണം കൊടുക്കണം, മൂത്രമൊഴിച്ചിട്ടുണ്ടാകും..'', അയാളുടെ ചകിതമായ സ്വരത്തിൽ കരച്ചിൽ കലർന്നുവെന്നു തോന്നി.
‘‘പൈസ തരാന്ന് വിളിച്ച് പറഞ്ഞിട്ട്​ വന്നതാണ്.''
ഞാൻ പൊലീസ്​ സ്റ്റേഷനിൽ വിളിച്ച്​ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ആദ്യമൊന്നു ബലം പിടിച്ചെങ്കിലും അവരയാളെ വിട്ടു.
അവളുടെ പൊയ്​മുഖങ്ങൾ അഴിഞ്ഞുകൊണ്ടേയിരുന്നു. വിഷപ്പല്ലും വിഷനാവും വെളിപ്പെട്ടു. ക്രൂരനഖങ്ങൾ മുളച്ചു വന്നു.
‘‘ഓളുടെ ഒരു പൊലീസുണ്ടവടെ’’, രാജു ഭയത്തോടെ വിറച്ചു നിന്നു.

രാജു പറഞ്ഞ വിവരങ്ങളുടെ നിജസ്ഥിതി ഞാൻ ഓരോന്നോരോന്നായി അന്വേഷിച്ചു. കണ്ടതൊന്നുമല്ല ആലിന എന്നു മനസ്സിലായി. എമ്പാടും കാമുകന്മാർ, ഒരേ ശൈലി, ഒരേ രീതി. പണം തട്ടിപ്പ്. അവളെക്കുറിച്ച് അന്വേഷിച്ച് കിട്ടിയ തെളിവുകളൊക്കെയും ഭയങ്കരമായിരുന്നു. എയർപോർട്ട്​ സ്‌കൂളിലെ മാഷിനെ ചതിച്ചു. ഒടുക്കം അവരുടെ ഭാര്യയെത്തി വഴക്കുണ്ടാക്കി. മാഷ് പീഢിപ്പിച്ചെന്നു പരാതി കൊടുക്കുവാൻ പറ്റാതെപോയി. അവർ തനിക്ക് കിട്ടാനുള്ള അണപൈ വാങ്ങിക്കൊണ്ടു പോയി. ഭർത്താവിനെ അടുപ്പിച്ചില്ല.

മഞ്ചേരിയിലെ ഒരു പൊലീസുകാരി, നിരവധി ജ്വല്ലറിയുടമകൾ, കോഴിക്കോട്​ സെൻട്രൽ ലൈബ്രറിയ്ക്ക് സമീപത്തെ ജ്യൂസുകടക്കാരൻ.... അവളുടെ ചതിയിൽ പെട്ടവർ ഏറെയായിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തി അവൾ തന്റെ വഴികളിൽ മുമ്പോട്ടു പോയി. ഞാനവളെ വിളിച്ച് രാജുവിന്റെ വിഷയത്തിൽ എന്നോട് നുണപറഞ്ഞതിൽ ക്ഷുഭിതമായി സംസാരിച്ചു. പിന്നെ സമവായം സംസാരിച്ചു. അറിഞ്ഞ വിവരങ്ങൾ പലതും അറിയാത്തതുപോലെ നിന്നു. തന്റെ ഗതികേടു കൊണ്ട് സംഭവിച്ചുപോയതാണെന്നും ഒരു വർഷം കൊണ്ട് ഗഡുക്കളായി പണം നൽകാമെന്നും അവൾ സമ്മതിച്ചു.

‘‘മുദ്രപത്രത്തിൽ കരാറെഴുതിത്തരണം. എനിക്ക് നിന്നെ വിശ്വസിക്കാൻ കഴിയില്ല'';
ഞാൻ കട്ടായമായിട്ടു തന്നെ നിന്നു. എന്റെ വാശിയ്ക്കും നിർബന്ധത്തിനും വഴങ്ങി ഒടുവിൽ അവൾ തയ്യാറായി. ഒരു കരാറെഴുതി ഒപ്പിട്ടു. ഒമ്പതു ലക്ഷമോ മറ്റോ നൽകാമെന്നായിരുന്നു ഞങ്ങൾ എടുത്ത തീരുമാനം.
‘‘മുപ്പതിലധികം തരാനുണ്ട്''; രാജു നിസ്സഹായനായി എന്നെ നോക്കി.
‘‘ഞാനെന്തു ചെയ്യാനാണ്? അതൊന്നും കിട്ടുമെന്നു എനിക്ക് തോന്നുന്നില്ല. ഇതു തന്നെ കിട്ടിയാൽ ഭാഗ്യമെന്നെ പറയാനുള്ളു'', ആദ്യമെതിർത്തെങ്കിലും അത്രയേറെ ഗതികെട്ട രാജു അതിനും ഒടുവിൽ തയ്യാറായി.

ആദ്യ ഗഡു ഒന്നര- രണ്ട് ലക്ഷം അവൾ കൊടുത്തു. സന്തോഷത്തോടെ എന്റെ ഓഫീസിൽ വന്നു, പിന്നെ മുങ്ങി. ഒറ്റമുങ്ങ്. ഫോൺ വിളിച്ചാൽ എടുക്കില്ല. ഇനി എടുത്താലോ. ആദ്യം വരുന്ന വഴിയിൽ കാർ ആക്‌സിഡന്റായി എന്നു പറയും. പിന്നെ പിന്നെ പല കാരണങ്ങൾ. ഒരിക്കൽ അവളുടെ വീട്ടിൽ പോയി. അപ്പോൾ അവൾ അവിടെയില്ലെന്ന്​ ഉമ്മ പറഞ്ഞു.
‘‘ഓള്യൊന്ന്​ വിളീച്ചോക്ക്യാണി മോളെ'', ഉമ്മ പറഞ്ഞു.
ഞാൻ വിളിച്ചതും പതിവിനു വിപരീതമായി ഫോണെടുത്തു. ശബ്ദത്തിൽ ഭാവാഭിനയം. ഒരു കെ.പി. എ.സി ലളിത വിതുമ്പി. ഉമ്മ മരണാസന്നയായി ആശുപത്രി ഐ.സി.യുവിലാണെന്നു പറഞ്ഞു. ഒരു കരച്ചിലും. എന്തു പറയാനാണ്. ഫോണിലൂടെ പറഞ്ഞത് ഉമ്മ കേട്ടുകാണുമോ എന്തോ. എനിക്ക് ആ ഉമ്മയോട് പാവം തോന്നി.
‘‘നിങ്ങളുടെ മകളെ പോലെ ഒരുത്തിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ലുമ്മാ'' എന്നു പറഞ്ഞു. അവർ അപമാനത്തോടെ തലതാഴ്ത്തി.
‘‘കുട്ടി ഒന്നൂടി വിളിച്ചോക്ക്യാണ്'', അവർക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അപമാനത്തിന്റെ എത്രയോ ഇത്തരം സന്ദർഭങ്ങൾ ആ ഉമ്മ കടന്നു പോയിട്ടുണ്ടായിരുന്നു.
‘‘ഏയ്യ്, ഇനിം ഓളെ പൊള്ള് കേക്കാനാ ഉമ്മാ? നിങ്ങളു മയ്യത്താകാനായി ആശൂത്രിലാണെന്നാ പറഞ്ഞെ. എന്ത് പറയാനാ?'' ഞാനിറങ്ങി നടന്നു.

അക്കാലത്ത് എല്ലാ കാര്യങ്ങളിലും ഒരു പൂർണത വന്നു.
ടിയാരിയെപ്പറ്റിയുള്ള എ- സെഡ് കാര്യങ്ങൾ തെളിവ് സഹിതം കിട്ടിക്കഴിഞ്ഞിരുന്നു. ചൂഷണം ചെയ്യപ്പെട്ട മനുഷ്യർ വേട്ടക്കാരാകുമ്പോൾ ക്രൂരതയ്ക്ക് കയ്യും കണക്കുമുണ്ടാകില്ല.
മറ്റൊരിക്കൽ ഞാൻ മെഡിക്കൽ കോളേജിൽ രാജുവിന്റെ അമ്മയെ കണ്ടു. ആശുപത്രിക്കിടക്കയിൽ ഒരു ഒരെല്ലിൻ കഷണം. കിടപ്പിന്റെ വ്രണങ്ങളും മുറിവും... പരിക്കാർന്ന രൂപം. അസ്ഥിയ്ക്കു മീതെ തോലുകൊണ്ടൊരു കവറിട്ട മാതിരി. അവിടവിടം ദ്രവിച്ച ജീവനുള്ള ഒരാൾ. ഒരുപക്ഷെ അതൊരു മനുഷ്യരൂപമോ എന്നു പോലും ഞാൻ ശങ്കിച്ചു. കൺപോളകളിളകി.
അവർ വർഷങ്ങളോളം അങ്ങനെ തന്നെ കിടന്നു. ഒടുവിൽ നരകിച്ച് മരിച്ചു പോയി.
‘‘ഒരു പക്ഷെ പട്ടിണികിടന്നായിരിക്കും'', അവരുടെ സഹോദരീയുടെ ഭർത്താവ് വിഷമത്തോടെ പറഞ്ഞു.
‘‘അല്ല അവള് കൊന്നു’’; ചികിത്സിക്കാൻ പണമില്ലാതെ, കിടക്കാൻ വീടില്ലാതെ ഏതോ ലൈൻ മുറിയിലൊ ലോഡ്ജിലോ വെച്ചാണ് അവർ മരിച്ചതെന്നറിഞ്ഞ് സിംഗപ്പൂരിൽ നിന്നെത്തിയ അവരുടെ മൂത്തസഹോദരി പകയോടെ പറഞ്ഞു.
‘‘എന്നോടെങ്കിലും പറയാരുന്നു. ആ ചെറിയ കുട്ടീനെം കൊന്നതാണ്​. മോളെയെനിം. അദാ അവൾക്ക് ദണ്ണായത്.''
ആക്ഷൻ കൗൺസിലുണ്ടായതും പ്രശ്നങ്ങളുമൊക്കെ അവർ ആവർത്തിച്ചു.
‘‘ഏതൊക്കെയോ ഉന്നതർ ഇടപെട്ട് അന്വേഷണമൊക്കെ ഇല്ല്യാണ്ടാക്കി.''

അന്വേഷണത്തിനിടെ ഒരു കാര്യം ബോധ്യപ്പെട്ടു. ഈ പുതിയ കൂട്ടുകാർക്കൊക്കെ ഈ കുറ്റകൃത്യങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ കൈയുണ്ട്. പ്രത്യക്ഷമായും പരോക്ഷമായുമുണ്ട്.

ഹവാല, കുഴൽപ്പണം, മയക്കുമരുന്ന്​, സ്വർണക്കടത്ത്, വിവാഹ/പ്രേമവാഗ്ദാനം നൽകി തട്ടിപ്പ്.. അവളുടെ ധനമാർഗങ്ങളെപ്പറ്റി അക്കാലത്ത് കൂടുതൽ അറിഞ്ഞു. അവളെക്കുറിച്ചുള്ള ഓരോ സത്യവും ഞെട്ടിക്കുന്നതായിരുന്നു.
ഒരു ബോൺ ക്രിമിനൽ. കൂടത്തായി ജോളിയുടെ പകർപ്പ്. ആർക്കും ഒരു സംശയവുമില്ലാത്ത ഒരുവൾ. ഭാഗ്യത്തിന്​ പ്രൊഫസറാണെന്നു പറഞ്ഞില്ല. ബാക്കിയെല്ലാം സമാനമായിരുന്നു. ആരെയെങ്കിലും നേരിട്ടു കൊന്നോ എന്നെനിക്കറിയില്ല. പക്ഷെ, മനുഷ്യരെ ചതിച്ച് കൊന്നിട്ടുണ്ട്. പലരെയും ഉന്മൂലനം ചെയ്തിട്ടുണ്ട്. ഭീഷണിയുടെയും വഞ്ചനയുടെയും ഒടുക്കം നാടു വിട്ട് പ്രാണനും കൊണ്ട് പോയവരുണ്ട്.
‘‘ഞാൻ മരിച്ചെന്നു കേട്ടാൽ പോലും എന്റെ വീട്ടിൽ കയറിപ്പോകരുത്, പോ സാത്താനെ'', ഒടുക്കം ഞാനവളെ ആട്ടി. ഒമ്പതു വർഷങ്ങൾക്കു മുമ്പ് എന്നന്നെക്കുമായി ആട്ടി.
പിന്നെക്കാണുന്നത് ഇപ്പോഴാണ്.
വീണ്ടും വർഷങ്ങൾക്കു ശേഷം. എന്റെ സുഹൃത്തായി ആ ചേച്ചിക്കൊപ്പം അവരുടെ വാട്ട്‌സ്​ആപ്പിന്റെ ഡീപിയിൽ. അവളെ കണ്ടതിൽ പിന്നെ അവരെപ്രതി എനിക്ക് ഭയങ്കരമായ അപകട ഭീതി തോന്നി. കാര്യങ്ങളറികെ എന്റെ സുഹൃത്തുക്കളായ പലരും അവളുടെ വലയിൽ വീണിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. എഴുത്തുകാരിൽ നിന്ന്​ പുസ്തകങ്ങൾ ഓതേഴ്​സ്​ കോപ്പിയായി അഞ്ചാറെണ്ണം വാങ്ങിച്ചുവെച്ചു, ഫോൺ കോളുകൾ, കത്തുകൾ... ഓരോ സൗഹൃദവും അവൾക്ക് ഇൻവെസ്​റ്റുമെൻറാണ്​. ആ ഇൻവെസ്​റ്റുമെൻറ്​ അവൾ വേണ്ടുവോളം ഉണ്ടാക്കി.
അന്വേഷണത്തിനിടെ ഒരു കാര്യം ബോധ്യപ്പെട്ടു. ഈ പുതിയ കൂട്ടുകാർക്കൊക്കെ ഈ കുറ്റകൃത്യങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ കൈയുണ്ട്. പ്രത്യക്ഷമായും പരോക്ഷമായുമുണ്ട്. സ്വതന്ത്ര സ്ത്രീത്വത്തിന്റെ ചിഹ്നം എന്ന്​ വനിതാ മാഗസിനിൽ ഫോട്ടോയും ആർട്ടിക്കിളും ചെയ്തു നൽകി അവരിൽ ചിലർ അവളോടുള്ള നന്ദി പ്രകടിപ്പിച്ചു. അവളെ അവർ സമൂഹത്തിൽ വെളുപ്പിച്ചെടുത്തു കൊണ്ടേയിരിക്കുക എന്നതും പദ്ധതിയായിരുന്നു.
പണം വെളുപ്പിക്കാത്ത വിഴുപ്പുകളില്ല. അഴുക്കുകളില്ല.

വിഹിതമല്ലാത്തവയ്ക്ക് കൂട്ടുനിന്നും വണ്ടികൾ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകിയും സൽക്കരിച്ചും, വിരുന്നുകളൊരുക്കിയും ഒളിക്യാമറയിൽ സുഹൃത്തുക്കളെ കുടുക്കിയും അവൾ അത്തരക്കാർക്കൊപ്പം തന്നെ കൂടി. രഹസ്യസൂക്ഷിപ്പുകാരിയായും മനഃസാക്ഷി സൂക്ഷിപ്പുകാരിയായുമൊക്കെ പ്രത്യക്ഷപ്പെട്ടു. അവിഹിതങ്ങൾക്ക് സ്വന്തം കിടപ്പുമുറി വാടകയില്ലാതെ നൽകിയും ഹോട്ടൽ മുറികളിൽ കാവൽ നിന്നു കൊടുത്തുമൊക്കെ അവൾ അസംഖ്യം സുഹൃത്തുക്കളെ ഉണ്ടാക്കി. മനുഷ്യരുടെ വിവരങ്ങൾ വ്യാപാരം ചെയ്​തു ജീവിക്കുന്നവരുടെ ചങ്ങലയിലെ റാണിയായി.
ആരുമറിയാതെ അസംഖ്യം മനുഷ്യരെ അവൾ കുളിപ്പിച്ച് കിടത്തി.

വീണ്ടും ഒമ്പതു വർഷങ്ങൾക്കുശേഷം അവളെക്കുറിച്ചുള്ള എന്റെ ഓർമയും അന്വേഷണവും, അമ്മയുടെ മരണശേഷം ഭ്രാന്തനെപോലെ ഓടി നടന്ന രാജുവിലെത്തി. രാമനാട്ടുകര പി.ടി.എസിനു മുമ്പിൽ ഞാനും ഭർത്താവും നിൽക്കെ അയാൾ പാഞ്ഞു വന്ന്​ 50 രൂപ ആവശ്യപ്പെട്ടു. എനിക്ക് ലജ്ജയും സങ്കടവും തോന്നി. എന്റെ ഭർത്താവ് അയാൾക്ക് മുമ്പിലേയ്ക്ക് ചായയും പഫ്സ്സും നീക്കിവെച്ചു. അയാൾ ആർത്തിയോടെ വിഴുങ്ങി. അയാളുടെ കയ്യും ഉടലും വിറച്ചു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചിട്ട്​ രണ്ടു മൂന്നു ദിവസമായിട്ടുണ്ടായിരുന്നിരിക്കണം. അയാൾ മഴയത്തേയ്ക്കിറങ്ങിപ്പോയപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു; ‘‘എന്നാലും ഇയാളും നീയും പ്രേമത്തിലാണെന്നൊക്കെ പറഞ്ഞപ്പോഴാ!''
ഞാൻ വായ പൊളിച്ചു നിന്നു. ആലിന എനിക്കിട്ടും പണിയാൻ ശ്രമിച്ചിരുന്നുവെന്നു സാരം.
അവളെ കുറിച്ച് എഫ് ബിയിൽ കുറിപ്പിട്ട പുറകെ മൂന്ന്​ പൊലീസുകാർ വിളിച്ചു. ഒരെണ്ണം അന്വേഷണമായിരുന്നു. മറ്റ് രണ്ടെണ്ണം അന്വേഷണമാണോ ഭീഷണിയാണോ എന്നെനിക്ക് മനസ്സിലായില്ല. അവളീക്കണ്ടതൊന്നുമല്ല, കാണാത്തതാണധികം എന്നു മാത്രമെനിക്ക് മനസ്സിലായി.
അവളെക്കുറിച്ചു കേട്ട് എനിക്ക് ഫേസ്​ബുക്കിൽ ഒരു സ്ത്രീ മെസേജ് അയച്ചെന്നു പറഞ്ഞല്ലോ, അവർ പിന്നെയും എന്നെ വിളിച്ചു കരഞ്ഞു. അവരുടെ രണ്ടാം ഭർത്താവ് അവരെ ഉപദ്രവിക്കുന്നു എന്നവർ പറഞ്ഞു.
‘‘എനിക്ക് പൈസ മാത്രമല്ല. എന്റെ ദാമ്പത്യവും പോയി. അവളെന്റെ ഭർത്താവിനെയും എടുത്തു. അവളുടെ പുതിയ കാമുകനാണ് എന്റെ ഭർത്താവ്'', അവർ നിസ്സംഗമായി പറഞ്ഞു.
‘‘ജീവിതമൊക്കെ ആദ്യമേ പോയവളാണ് ഞാൻ. ഒന്നു തെഴുത്തു വന്നതായിരുന്നു, അതാ പിശാച് കടിച്ചു തിന്നു. എന്റെ ഭർത്താവിന്​ കൈ വയ്യാതിരുന്ന സമയത്ത്, ഓർക്കണം, ചായയിടാൻ ഞാൻ അകത്തു പോയതാണ്; ആ പത്തു മിനുട്ടിൽ അവൾ തടവിത്തടവി എന്റെ ഭർത്താവിനെ പാട്ടിലാക്കി. ഇത്തരം ആൾക്കാർ ഒഴിഞ്ഞു പോകുന്നതാണ് നല്ലത്.’’

ഞാൻ നെടുവീർപ്പിട്ടു.
എത്ര ജീവിതങ്ങൾ കിടക്കുന്നു ഇനിയുമവൾക്ക് കുട്ടിച്ചോറാക്കാൻ.
എത്ര കുടുംബങ്ങൾ കിടക്കുന്നു അവൾക്ക് നശിപ്പിക്കാൻ.
പൊടുന്നനെ ഞാനതോർത്തു. കുട്ടിയേയും കൊണ്ട് ഡിവോർസ്​ വിവരം പറയാൻ വന്ന ദിവസം. അവൾ തനിക്ക് കുഞ്ഞിനെ മുലയൂട്ടണമെന്നാവശ്യപ്പെട്ടു.
ശരി, ഞാൻ ചായയെടുക്കാമെന്നും പറഞ്ഞു. നല്ല മുറുക്കമുള്ള വാതിലാണ്. ബേബിലോക്ക് അമർത്തിയടച്ച്​ ഞാൻ പുറത്തു വന്നു.
ചായയുമായി തിരികെ വരുമ്പോൾ ആ വാതിൽ തുറന്നുകിടക്കുകയായിരുന്നു. അവൾ കട്ടിലിൽ പാലൂട്ടുകയും.
കൃത്യമായി പറഞ്ഞാൽ അവളുടെ ഉരുണ്ട മുലകൾ പ്രദർശനത്തിനെന്നവണ്ണം വാതിലിനുനേരെ നോക്കിക്കൊണ്ടിരുന്നു. അത് എന്റെ വീട്ടിലെ പുരുഷന്മാരെ തേടുകയായിരുന്നിരിക്കണം. അവിചാരിതമായി ആ വാതിൽ തുറക്കുകയില്ല. അഥവാ തുറന്നാൽ തന്നെയും ഒരു സ്ത്രീയും വാതിലിനു നേരെ കിടന്ന്​മുലയൂട്ടുകയില്ല. എല്ലാം മനഃപ്പൂർവം തന്നെയായിരുന്നിരിക്കണം...
ഞാൻ ഓടിച്ചെന്ന്​ കതകടച്ചു. കുഞ്ഞ് ഉറങ്ങിയിരുന്നു. പുരുഷന്മാരെ ആസക്തിയോടെ തുറിച്ചു നോക്കുന്ന മുല എന്നെ പകയോടെ നോക്കി. ▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments