ചെമ്മരത്തിക്കാവ്

എന്റെ കഥ- 25

പൊല്യാട്ച്ചി ആയ ഒരു പെണ്ണ്, പൊല്യാട്ച്ചി ആയ ഒരു വേശ്യ, പൊലയാടിച്ചി ആയ ഒരു അമ്മ... ജീവിതം അനിലയ്ക്ക് കൊടുത്ത എല്ലാ റോളുകളും അവൾ കൃത്യമായും ഭംഗിയായും അഭിനയിച്ചു കൊണ്ടേയിരുന്നു

ഭംഗിയുള്ള നെല്ലുപാടങ്ങളും മലകളും നാട്ടിടവഴികളും കണ്ടാൽ ചിരിയ്ക്കുകയും സ്‌നേഹം നിറയ്ക്കുകയും ചെയ്യുന്ന മനുഷ്യരെക്കണ്ടാൽ നാം കരുതും, നാടിനൊരു കരുതലുണ്ടെന്ന്. ഒരു സ്‌നേഹമുണ്ടെന്ന്. നിഷ്‌കളങ്കമായ നന്മയും സത്യസന്ധതയുമുണ്ടെന്ന്..
ഒന്നുമല്ല, എല്ലാ നാട്ടിൻ പുറങ്ങളുടെയും നാട്യമാണത്.
യഥാർത്ഥത്തിൽ നാട്ടിൻപുറങ്ങൾ ഒട്ടും സുഖകരമല്ല.
എല്ലാസമയവും ഒരു വൃദ്ധയായ നോട്ടക്കാരിയെപ്പോലെ അത് മനുഷ്യരെ കണ്ണുവിടർത്തി നോക്കിക്കൊണ്ടേയിരിയ്ക്കുന്നു.

പോക്കുകൾ വരവുകൾ, നടപ്പുകൾ ഇരുപ്പുകൾ... എന്തിന്?, മൂച്ചുവിടലടക്കം കിറുകൃത്യമായി രേഖപ്പെടുത്തപ്പെടും. വിലയിരുത്തും, വിമർശിക്കും, ദ്രോഹിക്കും. ശബ്ദിക്കുന്നവരും ചോദ്യം ചെയ്യുന്നവരും നാട്ടിൻപുറത്തിനെപ്പോഴും ശത്രുസ്ഥാനീയരാണ്. വിധവകളോട്, വിവാഹമോചിതകളോട്, ഒറ്റയ്ക്ക് ജീവിക്കുന്ന ഗതികെട്ട സ്ത്രീകളോട് സദാചാരത്തിന് നിയമാവലികൾ കാണിച്ച് അവരുടെ മേൽ സദാ കുതിര കയറി നാട്ടിൻപുറം അതിന്റെ അധികാരങ്ങൾ ആൺദായകക്രമത്തിലങ്ങനെ വളർത്തിക്കെണ്ടേയിരിക്കുന്നു.

അപ്പോഴൊരു ശരീരവിൽപ്പനക്കാരിയായ പൊല്ല്യാട്ച്ചിയുടെ കാര്യം പറയണോ!
പണമില്ലാത്ത ബന്ധുക്കളില്ലാത്ത, പല പുരുഷന്മാരുടെ മക്കളെ പെറ്റുപാലൂട്ടിയ ഒരുവൾ?
അനില അതിന്റെയെല്ലാം ഇരയായിരുന്നു. അവളുടെ ഓരോ വിദേശയാത്രകളും രാമനാട്ടുകരയിൽ നിറം പിടിപ്പിച്ച കഥകളായി മാറി. ഓരോ കുഞ്ഞുങ്ങളുടെ പിറവിയും അവളെക്കൂടുതൽ കൂടുതൽ പ്രതിസന്ധിയിലാക്കി. ഒരുതരം ഊരു വിലക്ക് അവൾക്കുമേലെ നടപ്പിലാക്കപ്പെട്ടു.

പുരുഷന്മാരുടെ സ്‌നേഹം മഞ്ഞുമല പോലെ അപകടകരം. പുറമെക്കാണുന്നതെന്ത് ഒരു തുമ്പ് മാത്രം; അതിനുള്ളിൽ ഏത് പെൺകപ്പലുകളെയും തകർത്തുകളയാവുന്ന ഭീതിതമായ അടിക്കട്ടകളുണ്ടാകും.

അനില വെറുക്കുന്നവരും അനിലയെ കാണുമ്പോൾ ആഞ്ഞുതുപ്പിയവരും മുഖം തിരിച്ചു നടന്നുപോയവരുമായ പല പുരുഷന്മാരും രാത്രിയാകുമ്പോൾ അവളെ സ്‌നേഹിക്കുവാൻ പരിശ്രമിച്ചു. പുരുഷന്മാരുടെ സ്‌നേഹം മഞ്ഞുമല പോലെ അപകടകരം. പുറമെക്കാണുന്നതെന്ത് ഒരു തുമ്പ് മാത്രം; അതിനുള്ളിൽ ഏത് പെൺകപ്പലുകളെയും തകർത്തുകളയാവുന്ന ഭീതിതമായ അടിക്കട്ടകളുണ്ടാകും. കാമത്തിന്റെ മാരകമായ പരൽരൂപത്തിൽ തണുത്തുമുറഞ്ഞുമതങ്ങനെ പതുങ്ങിനിൽക്കും. ചെന്നു തട്ടിയാലും കുഴപ്പം, നിന്നുരുകിപ്പരന്നാലും കുഴപ്പം. മൊബൈലുകളും വ്യാപകമായി വരുന്ന കാലമാണ്. എങ്ങനെയോക്കെയോ പ്രേമയാചകർ അനിലയുടെ മൊബൈൽ നമ്പർ കണ്ടുപിടിച്ചു. കാമയാചകർ. ലൈംഗികമായ വിശപ്പുകൊണ്ട് ആരോടും കൈനീട്ടുന്ന ദയനീയാവസ്ഥക്കാർ. ചിലർ സന്ധ്യമയങ്ങുമ്പോഴേയ്ക്കും അനിലയെ വിളിക്കാൻ ആരംഭിച്ചു.
‘‘കിട്ടുമോ കിട്ടുമോ?''
‘‘ഒന്നു കിട്ടുമോ?''
‘‘ഒരു കളി ഒപ്പിച്ചൂടെടീ''
‘‘തർവോടീ''

തങ്ങളുടെ നാട്ടിൽ ഒരുത്തി കച്ചവടം നടത്തുന്നതും നാരങ്ങാമിട്ടായി തങ്ങൾക്ക് വിൽപ്പന ഇല്ലാതിരിക്കുന്നതും വരത്തൻമാർക്ക് അവളെ കിട്ടുന്നതും ഓർത്ത് നാട്ടിൻപുറത്തെക്കൂട്ടങ്ങൾ കൂടുതൽ വിളറി പിടിച്ചു.

അനിലയുടെ നൈതികബോധത്തെ കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അനില അതിനാൽ തന്നെയും ചില കാര്യങ്ങളിൽ അത്യധികം നിഷ്‌കർഷ പുലർത്തി പോന്നു. യാതൊരു കാരണവശാലും യാതൊരു പ്രതിസന്ധിയാലും തന്റെ നാട്ടിലെയോ നാടുമായി ബന്ധമുള്ള ദേശങ്ങളിലുള്ള മനുഷ്യരെയോ ഇടപാടുകാരായി സ്വീകരിച്ചില്ല. എന്ത് ദുർഘട കാലാവസ്ഥയിലും എന്ത് ദാരിദ്ര്യത്തിലും ഒരു ഇടപാടുകാരനെയും വീട്ടിലേക്ക് അല്ലെങ്കിൽ പരിസര പ്രദേശത്തേക്ക് അടുപ്പിച്ചതുമില്ല. വീട്ടിൽ വന്ന ഒരേയൊരാൾ ഫിറോസായിരുന്നു. അവൾക്ക് അയാളൊരു ഇടപാടുകാരൻ ആയിരുന്നില്ല. അവളുടെ ഇടപാടുകാരെല്ലാം ദൂരദേശത്തുകാരായിരുന്നു. കാറുകളിൽ വരികയും വൈദ്യരങ്ങാടി റോഡിൽ വന്ന് ഫോൺ വിളിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഒരു കിലോമീറ്ററോളം നടന്നുമാത്രം ആ കാറിലേക്ക് അവൾ കയറി. ഒരു കാറു പോലും അവളെ അന്വേഷിച്ച് വീടിന്റെ അടുത്തേക്ക് വന്നില്ല. തന്റെ നാടിനോട് താൻ പാലിക്കേണ്ട സാമാന്യ മര്യാദ എല്ലാകാലത്തും അവൾ പാലിച്ചിരുന്നു. അവൾ നാട്ടിലെ ഒരാണുങ്ങളെയും വശീകരിച്ച് കേടാക്കി കളഞ്ഞില്ല. ഒരുവളുടെയും താലിയറുത്തില്ല. പക്ഷേ മിക്കവാറും ഭൈമീകാമുകൻമാരുടെയും നെഞ്ചിടിഞ്ഞു.

‘‘ത്താ ബളെ, എന്റെ ലുള്ളതും ചൊളയാണ്. പിന്നെന്താ?''
‘‘കൂടുതൽ പൈസ വേണമെങ്കിൽ തരാം. മ്പളെ നാട്ടിലൊരുത്തിണ്ടായ്റ്റ് മ്പൾവായിറ്റ് ഒരു കിസ്സയില്ലാന്നു പറഞ്ഞാ എങ്ങനാ?''
‘‘തോനെ പൈശ തരാ''

പല കാരണങ്ങൾ പറഞ്ഞ് അവരവളെ പ്രലോഭിപ്പിക്കാൻ ആരംഭിച്ചു. അവളതിലൊന്നും കൂസിയില്ല. പ്രലോഭനങ്ങളിലൊന്നും വശംവദയായതുമില്ല.
ഞങ്ങളുടെ നാട്ടിൽ മറ്റ് പൊലയാടിച്ചികൾ ഉണ്ടെങ്കിലും അവരാരും അനിലയോളം നോട്ടപ്പുള്ളികളായില്ല. അത്ര സുന്ദരിയല്ലാഞ്ഞിട്ടും അനിലയത്തേടി ദൂരദേശക്കാർ വരുന്നതെന്തന്നോർത്ത് ഗ്രാമത്തിൽ അശ്ലീലകരമായ കൗതുകം പൊന്തിനിവർന്നു. ആണുങ്ങൾ ഭാവന ചേർത്തു തെറി പറഞ്ഞ് പുളച്ചു. അനിതരസാധാരണമായ ഒരു വെറുപ്പാണ് അനിലയോട് എക്കാലത്തും ഞങ്ങളുടെ ഗ്രാമം സൂക്ഷിച്ചുവന്നത്.

പഞ്ചായത്തിൽ നിന്ന് കിണർ ശുദ്ധീകരണത്തിന് അനിലയുടെ കിണറ്റിലിട്ടു കൊടുക്കേണ്ട രണ്ട് ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡറടക്കം വിലക്കപ്പെട്ടു -അവളുടെ കിണറുകൾ ശുചീകരണത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു.

അനിലയുടെ ധാർഷ്ട്യം, താൻപോരിമ, കൂസാനോ തോൽക്കാനോ ഉള്ള മനസ്സില്ലായ്മ, പറക്കുട്ടി ദൈവത്തെപ്പോലുള്ള അഹന്ത... എല്ലാം നാട്ടിലെ പുരുഷന്മാരെ അസ്വസ്ഥരും അപമാനിതരുമാക്കി. അവർക്ക് മെതിക്കാൻ കിട്ടാത്ത പെണ്ണും അവളുടെ രതിയും അവരെ സദാ വിവശരാക്കി. അനിലയെ തൊടാൻ പോലും കിട്ടാതെ ഇരിക്കുന്നതിന് സ്പർദ്ധ ഭയാനകമായിരുന്നു. പക മൂത്ത പാമ്പുകളെ പോലെ പത്തിവിടർത്തി അവറ്റകൾ ഇഴഞ്ഞു. തങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന അനിലയുടെ പ്രലോഭനങ്ങൾ ഭാര്യമാരോട് പറഞ്ഞ് അനിലയെ പ്രതിസ്ഥാനത്ത് നിർത്തി. സ്ത്രീകൾക്കുള്ളിലും അനിലയോട് വെറുപ്പ് ഉണ്ടാക്കുന്നതിൽ ഇത്തരക്കാർ വിജയിച്ചു.

അനിലയുടെ വീട്ടിലെ കിണറ്റിലെ വെള്ളം എക്കാലത്തും രുചിയുള്ളതായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. സ്‌കൂൾ കാലഘട്ടത്തിൽ ഞങ്ങൾ വെള്ളം കുടിക്കാൻ പോകുമ്പോൾ അനിലയുടെ ഒഴിച്ച് മറ്റെല്ലാ കിണറുകളിലും ക്ലോറിൻ ചുവയുള്ള ജലം ആയിരുന്നു കിട്ടിയിരുന്നത് എന്നുപറഞ്ഞത് ഓർമയില്ലേ. അതുപോലും ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പഞ്ചായത്തിൽ നിന്ന് കിണർ ശുദ്ധീകരണത്തിന് അനിലയുടെ കിണറ്റിലിട്ടു കൊടുക്കേണ്ട രണ്ട് ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡറടക്കം വിലക്കപ്പെട്ടു -അവളുടെ കിണറുകൾ ശുചീകരണത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. അവളുടെ ഓടകളിലെ കൊതുകുകളെ കൊല്ലുവാൻ അവർ വന്നില്ല. മന്തുഗുളികകൾ സൗജന്യമായിട്ടവൾക്ക് കിട്ടിയില്ല. രഹസ്യമായ ഒരുതരം ഭ്രഷ്ട്, ഒരുതരം ഊരുവിലക്ക്, അതു പോലെയായിരുന്നു അത്.
അനിലയുടെ വീടിന്റെ എതിർവശം ഒരു വാർഡ് കൗൺസിലറുടെ വീടായിരുന്നു. അനിലയെ ഒരു പാമ്പിനെപ്പോലെ കണ്ടവരും ആ വീട്ടുകാരായിരുന്നു.

പൊലയാടിച്ചി അനിലയെ കാണുമ്പോൾ ആ വീട്ടിലെ ഓരോരുത്തരും കാർക്കിച്ചു തുപ്പി. അവളുടെ ഇത്തിരി മുറ്റത്തേയ്ക്കു വേസ്റ്റുകളെറിഞ്ഞും അഴുക്കുവെള്ളം ഒഴുക്കിവിട്ടും ഉപദ്രവിച്ചു. എത്ര പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. പഞ്ചായത്ത് വഴിയുള്ള അധികാരം ഉപയോഗിച്ചും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും അവളെയില്ലാതാക്കുകയായിരുന്നു ലക്ഷ്യം.

‘‘സത്യത്തില് ഞാനും ആ വീട്ടുകാരും തമ്മിൽ പ്രശ്‌നമൊന്നും ഇല്ലേയ്‌നു. ഓലെ ഒരു ചെക്കൻ ഇല്ലേ ഹരീഷ്, ഓനെ കുറെ നാളുകളായി എന്റെ മേലൊരു വേണ്ടാത്ത നോട്ടണ്ട്. കണ്ണുകാട്ടലും ഗോഷ്ടിം. ഒരൂസം ഗേറ്റ് ചാടി ഇന്റെ പൊരേയ്ക്ക് വന്ന് വാതിമ്മലു തട്ടി''; അവൾ ചിരിച്ചു.
അതിനുശേഷം അയാൾ മൃദുവായി ജനലിന് തട്ടി.
‘‘അനിലേ ഞാനാണ്, ഹരീഷ്, വായ്ൽ തൊറക്ക്''
ജനലിന്റെ കൊളുത്തുകൾ ഇളകി. കയ്യിൽ ഒരു പാത്രം വെള്ളവുമായി അനില. ഒറ്റ പാരലായിരുന്നു മുഖത്ത്;
‘‘ഭ, നായെ പോടാ, ഇറങ്ങിപ്പോടാ എരപ്പെ'', അവൾ അവനെ ആട്ടി.
‘‘ഇനി വന്നാൽ ചുടുവെള്ളം ഒയ്ച്ചളയും നായെ''

ഓരോ വരവിലും പരിശ്രമത്തിലും ഓരോ എതിർപ്പിലും അവനിലെ പുരുഷ കാമന വാശിയോടെ ഉണർന്നുവന്നു. എതിർക്കും തോറും അയാൾക്ക് വാശി കൂടി. അനില ഉപദ്രവിക്കരുതെന്ന് കെഞ്ചി നോക്കി. കേണും ഭീഷണിപ്പെടുത്തിയും നോക്കി. ഒടുക്കം സഹികെട്ട് അനില അവന്റെ വീട്ടിൽ ചെന്നുനിന്ന് വഴക്കുണ്ടാക്കി.
‘‘പണ്ടാരപ്പൊല്യാടിച്ച്യേ ഇറങ്ങിപ്പോടീ ഇന്റെ മുറ്റത്തുന്ന്'', കൗൺസിലർ തനി നാട്ടിൻപുറത്തുകാരിത്തള്ളയായി അലറി.
‘‘തള്ളേ, ങ്ങളെ മോൻ ഇന്റെ പെരേല് വന്ന് ശല്യപ്പെടുത്തുന്നത് ഇനിക്ക് സഹിക്കാമ്പറ്റ്ന്നില്ല. ഇടെ വന്ന് പറഞ്ഞത് അത് ങ്ങളെ കൊണ്ട് തീർപ്പ്ണ്ടാക്കൻ പറ്റ്ന്നുച്ചിട്ടാ. പറ്റൂലാച്ചാ പറഞ്ഞാളീ, ഞാൻ സ്റ്റേഷനിൽ പറഞ്ഞോളാ.''

അനിലയെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഒരു സംഭവമായിത്തീർന്നു അത്. കൗൺസിലറും കുടുംബവും അനിലയ്ക്ക് പൂർണമായും എതിരായി. ഒരെലിയെ പൂച്ചക്കൂട്ടം മാളത്തിൽ ചെന്നും തീയിട്ടു പുകച്ചു ചാടിയ്ക്കുന്നതുപോലെയായിരുന്നു കാര്യങ്ങൾ. ചെറിയ ചെറിയ പരദൂഷണങ്ങളും കുറ്റം പറച്ചിലുകളും മാലിന്യനിക്ഷേപങ്ങളും ആനുകൂല്യ നിഷേധവും കൊണ്ടൊന്നും അനില കുലുങ്ങില്ലെന്നവർക്ക് ബോധ്യമായപ്പോൾ അനില തന്റെ വീട്ടിലെ പുരുഷന്മാരെയും അയൽപക്കത്തെ പ്രായപൂർത്തിയാവാത്ത കൊച്ചുകുട്ടികളെയും വഴിപിഴപ്പിക്കാൻ, വശീകരിക്കാൻ ശ്രമിക്കുന്നെന്ന് ഒരു കള്ളപ്പരാതി പൊലീസ് സ്റ്റേഷനിലുണ്ടായി. മിക്കാവാറും ആണുങ്ങൾ അതിൽ ഒപ്പിട്ടിരുന്നു. അതിനു മുമ്പേ, വിശക്കുന്ന പുരുഷനാട്ടുകാർ അനിലയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രവർത്തനങ്ങൾക്ക് നേതാവായി കൗൺസിലർ വന്നു. ആദ്യകാലം മുതൽ തന്നെ തുടർന്നുവന്നിരുന്ന ക്രൂരതകൾ ഒന്നുകൂടി മൂർച്ചപ്പെടുകയാണുണ്ടായത്.

100 രൂപയ്ക്കും 200 രൂപയ്ക്കും വരെ കടം വാങ്ങേണ്ടുന്ന അവസ്ഥയിലുള്ള അനില വീണ്ടും ഗർഭിണിയാകുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല. അനിലയുടെ ഉള്ളിലുള്ള കുടുംബം എന്ന ആദിചോദനയാണ് അവളെക്കൊണ്ടത്രയും ചെയ്യിക്കുന്നതെന്ന് എനിക്കുതോന്നി.

ആ കുടുംബത്തിനർഹമായ ആനുകൂല്യങ്ങൾ എല്ലാ രീതിയിലും തടസപ്പെട്ടു. ദാരിദ്ര്യരേഖക്കുകീഴിൽ ആകേണ്ടവൾ ദാരിദ്ര്യരേഖക്ക് മുകളിലായി. എന്തെങ്കിലും തരത്തിൽ സർക്കാരിൽ നിന്നുള്ള ഒരു ആനുകൂല്യവും അനിലയ്‌ക്കോ കുടുംബത്തിനോ ലഭിച്ചില്ല. പൂർണമായും അതിനെല്ലാം അർഹമായ ദുർബലയായ സ്ത്രീയായിട്ടുപോലും നാട്ടുകാരുടെയും കൗൺസിലറുടെയും ഇടപെടലുകാരണം അനിലക്ക് എല്ലാം നഷ്ടപ്പെട്ടു.

കുട്ടികൾക്കുള്ള വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ കിട്ടാതെയായി. ജാതി സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചു. അനിലയ്ക്ക് താൻ നൈതികമായി സ്വീകരിച്ച ശരിയായ ഒരു നിലപാടിനെച്ചൊല്ലിയാണ് ഇത്രമാത്രം ദ്രോഹിക്കപ്പെടുന്നതെന്ന് ഉറപ്പുണ്ടായിരുന്നു. അവളുടെ കുട്ടികളോടോ വൃദ്ധനും രോഗിയുമായ പിതാവിനോടോ പോലുമവർ അലിവ് കാണിച്ചില്ല. ചീത്തവിളികളിൽ നിന്നും മുറുമുറുക്കലിൽ നിന്നും അവരെയെങ്കിലും ഒഴിവാക്കുവാനുള്ള മര്യാദ ഞങ്ങളുടെ നാട്ടുകാർ കാണിച്ചില്ല. പറക്കുട്ടിയും പൂക്കുട്ടിയും കരിങ്കുട്ടിയും ചെമ്മരത്തിച്ചോട്ടിലിരുന്ന് അവളെ തുറിച്ചു നോക്കി. ഈ മൂന്നു ദൈവങ്ങളൊഴികെ അവർക്ക് മറ്റാരും ഉണ്ടായിരുന്നില്ല. ഹോസ്റ്റലിലായതിനാൽ ഞാനിതൊന്നും അറിഞ്ഞതു പോലുമില്ല. രണ്ടുമൂന്നു തവണ അനില വീട്ടിൽ വന്നിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയാക്കാനുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ് അപേക്ഷ തയ്യാറാക്കാനായിരുന്നു അത്. പിന്നീട് വന്നപ്പോഴൊന്നും ഞാനുണ്ടായിരുന്നില്ല.

‘‘ഇന്റെ ഫോണില് വിളീച്ചോടേന്യോ?''
‘‘അമ്മ നമ്പർ തന്നില കുട്ട്യേ'', അവൾ ചിരിച്ചു.
‘‘പൊല്യാട്ച്ചിയായൊര്ത്തിയ്ക്ക് കുട്ടീന്റെ നമ്പറ് കൊടുക്കല്ലിട്ടോ ടീച്ചറേ''; വിച്ചാളൂവമുമ്മയുടെ പെട്ടെന്നുള്ള പറച്ചിലിൽ അനില ചൂളിപ്പോയി.
‘‘സോറി അനില. ഇതെന്താണ് സംഭവം?''; അവളുടെ ഗർഭവയർ കണ്ട് നടുക്കം മാറാതെ ഞാൻ ചോദിച്ചു.

100 രൂപയ്ക്കും 200 രൂപയ്ക്കും വരെ കടം വാങ്ങേണ്ടുന്ന അവസ്ഥയിലുള്ള അനില വീണ്ടും ഗർഭിണിയാകുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല. അനിലയുടെ ഉള്ളിലുള്ള കുടുംബം എന്ന ആദിചോദനയാണ് അവളെക്കൊണ്ടത്രയും ചെയ്യിക്കുന്നതെന്ന് എനിക്കുതോന്നി. അനില കുടുംബത്തിൽ വിശ്വസിച്ചിരുന്നു. ഭർത്താവും എമ്പാടും കുട്ടികളുമുള്ള വീട്ടിലെ അമ്മയായി ജീവിക്കാനവൾ അത്രമേൽ ആശിച്ചിരുന്നു. മറ്റ് കുടുംബങ്ങളെ തകർക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു. കുടുംബമെന്നത് പരമമായ സത്യമാണെന്നടക്കം അവൾ വിശ്വസിച്ചിരുന്നു. താനെന്ന പൊല്യാട്ച്ചിപ്പെണ്ണ് കാരണം ഒരു വീട്ടിലും ഒരു സ്ത്രീയുടെയും കണ്ണുനീർ വീഴരുത് എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. തന്റെ ജോലി ചെയ്യുമ്പോൾ താനറിയാതെ, ആഗ്രഹിക്കാതെ തന്നെ കുടുംബങ്ങളിലേക്ക് കയറിച്ചെല്ലേണ്ടി വരുമെന്നും അദൃശ്യമായ പാപം തന്നെ ചുഴറ്റിയെറിയുമെന്നും അവൾ ഭയന്നിരുന്നു.

‘‘കരിങ്കുട്ടി മുത്താ കാത്തോളണേ'', അവൾ ഗുരുസിപാർന്നു. കോഴിയെ നേർന്നു. കള്ളും ആട്ടിങ്കരളും വാട്ടി തേങ്ങാക്കൊത്തു ചേർത്ത് അവർക്ക് മാസാമാസം വെച്ചും കൊടുത്തു. പെണ്ണിന്റെ കണ്ണുനീരോടുള്ള അതേ ഭയം കൊണ്ടുതന്നെ തന്റെ ചുറ്റുമുള്ളവരെയും ബന്ധുക്കളെയും നാട്ടുകാരെയും അറിയുന്ന പ്രദേശത്തുള്ള എല്ലാവരെയും അവൾ മനഃപൂർവ്വം ആ ദുരിതത്തിൽ നിന്ന് ഒഴിവാക്കി നിർത്തി. എത്രയധികം പണം തരാമെന്ന് പറഞ്ഞാലും ആ നിലപാടിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
‘‘ഇജി ഞങ്ങളെങ്കൂടി ഒന്ന് കണക്കാക്ക. അന്റെ കൊയപ്പങ്ങള് ഞങ്ങള് തീർക്കാാം.'', കോഴി പ്രദീപൻ നേരിട്ടു പറഞ്ഞു.
‘‘പോടാവട്ന്ന്. കുണ്ടിക്കുഴിയൻ'', അനില പച്ചച്ചീത്ത പറഞ്ഞു.

അതുകൊണ്ടൊക്കെത്തന്നെ അനിലയുടെ ശത്രുക്കൾ നാട്ടിനകത്തുനിന്നുതന്നെ ദിനേന പെരുകിപ്പൊന്തി. നിരസിക്കപ്പെട്ട പ്രേമത്തേക്കാൾ അപകടകാരിയാണ് നിരസിക്കപ്പെട്ട കാമം. അത് പുരുഷന്മാരെ വശ്യം ചെയ്യുന്നു. അവരെ മത്ത് പിടിപ്പിക്കുകയും ഭ്രാന്ത് പിടിപ്പിക്കുകയും ഉന്മാദികളാക്കുകയും ചെയ്യുന്നു. അവനെ ആസക്തിയുടെ വിഷപ്രതികാരത്തിലേക്ക് തള്ളിയിടുന്നു. കൗൺസിലറുടെ മകൻ ഹരീഷിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. നീതിപൂർണമായ ഒരു നിലപാട് എടുത്തിട്ടും അനില എല്ലാവരുടെ മുന്നിലും കുറ്റക്കാരിയായി. ഹരീഷിന്റെ കുടുംബത്തിന്റെയും അമ്മയുടെയും പ്രതികാരത്തിനിരയായി.

‘‘ഇന്യക്ക് എന്ത് നോക്കാനാണ് കുട്ട്യെ?'', അനില തന്റെ 39 വയസ്സിലെ ഗർഭത്തെ കൈ കൊണ്ടുതഴുകി.
‘‘ഇക്കുട്ടിയ്ക്ക് ബുദ്ധിക്കൊറവുണ്ടോന്നൊരു ടെസ്റ്റിണ്ടെയ്‌നു. പ്രായായ ഗർഭല്ലെ? അത് ഓക്കേയാണ്'', കറുപ്പ് വീണ കവിളുകൾ, നിരാശക്കണ്ണുകൾ.
‘‘മേലും കീഴും യ്ക്ക് നോക്കാല്ല്യ. കൊറേ ഞാൻ ശ്രമിച്ചു. എന്നെ ഉപദ്രവിക്കുന്നതിൽ ഇവറ്റോക്കൊക്കെ ഒരു രസമുണ്ട്. ഒരു ഹരം. ഇവരുടെ ആണുങ്ങൾ ചെയ്യുന്നതൊന്നും കുറ്റമല്ല, ഞാൻ മാത്രം കുറ്റക്കാരി ആക്വാണ്. ഒരു വല്ലാത്ത സംഗതിയാണപ്പാ.''
‘‘അല്ല അതിന് ഗർഭിണി ആയാ മത്യോ? ങ്ങളുടെ ചീത്തപ്പേര് മാറുമോ? ഓര് പരദൂഷണം നിർത്ത്വോ?''
എനിക്ക് അനിലയുടെ യുക്തി മനസ്സിലായില്ല.
‘‘ആ ഹരീഷിന്റെ കാര്യം അറിഞ്ഞിനല്ലൊല്ലെ? എന്റെ കയ്യിൽ നിന്ന് അടി വരെ വാങ്ങി. എന്ത് പ്രയോജനം? ഓര പൊരക്കാര് ഇന്നേണ് കുറ്റക്കാര്യാക്കിയത്. സഹിക്യവയ്യാതെ ഞാമ്പണികൊട്ത്ത്. ഓനെ, ഹരീഷിനെ വിളിച്ച് പോരെല് കേറ്റി. ഗർഭിണിയുമായി.''

തന്നെ ഉപദ്രവിച്ചവരെ തിരിച്ച് ഉപദ്രവിക്കാനുള്ള ഏറ്റവും വലിയ വടിയായി അവൾ തന്റെ ഗർഭധാരണത്തെ കരുതി. അത് സത്യവുമായിരുന്നു.

അനില ഒരു വലിയ തമാശ പറഞ്ഞതുപോലെ പൊട്ടിച്ചിരിച്ചു.
‘‘ന്നിട്ട് ഞാനിന്റെ കളി തൊടങ്ങി. ഓന്റെ വീടിന്റെ മുന്നിൽ പോയി കുത്തിയിരുന്നു; ഗർഭസത്യാഗ്രഹം വിളിച്ചു. വെല്യ പ്രശ്‌നേയ്‌നി. ഇന്റെ പൊരേയ്ക്ക് ചണ്ടില്ല, അഴ്​ക്കുവെള്ളല്ല; ഒന്നൂല്ല. എല്ലാം ഓലെന്നെ ഒതുക്കി. ഇക്കി കാർഡും കിട്ടി. ഞാൻ വിട്ടില്യ കുട്ട്യേ. പൈശയും വാങ്ങി. മൂന്നു ലക്ഷം രൂപയാണ് കിട്ടിയത്.
ഇത് പൈശയാണ്, മോളെ പൈശ. ബാങ്കിലിട്ട ഫിക്‌സഡ്'', വാത്സല്യത്തോടെ അനില വയർ തൊട്ടു.

നാട്ടിൽ നിന്ന് ഓടിപ്പോകാതിരിക്കാൻ, തനിക്കും കുട്ടികൾക്കും കിട്ടേണ്ടുന്ന ന്യായങ്ങളും നീതികളും കിട്ടാൻ, തന്നെ ദ്രോഹിക്കാതിരിക്കാൻ അനിലയുടെ മുന്നിൽ മറ്റ് പോംവഴികൾ ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ഉപദ്രവിച്ചവരെ തിരിച്ച് ഉപദ്രവിക്കാനുള്ള ഏറ്റവും വലിയ വടിയായി അവൾ തന്റെ ഗർഭധാരണത്തെ കരുതി. അത് സത്യവുമായിരുന്നു. അവളുടെ ഗർഭം വളർന്നുവളർന്നുവരുംതോറും കൗൺസിലറുടെ വീട് കത്തിപ്പുകഞ്ഞുകൊണ്ടിരുന്നു. വർഷങ്ങളായുള്ള ആ കുടുംബ വീട് വിട്ട് അവർ മറ്റൊരിടത്തേക്ക് താമസം മാറ്റി. അനില പൂക്കുട്ടിയ്ക്കും പറകുട്ടിക്കും കരിംകുട്ടിക്കും ഗുരുസി കഴിച്ചു.
ചുവന്ന തിണ്ണയിൽ ചുണ്ണാമ്പും മഞ്ഞളും നീറി.
കരിങ്കുരുസിയിൽ ഉള്ളിലെ കറുപ്പ് നീറി.
ചാത്തന്മാർ കണ്ണു തുറന്ന് നിറവോടെ നിന്നു.
അവർ അനിലയുടെ ഗർഭത്തെ കാത്തു.

പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ അനിലയെ കാണുന്നത്.
വാർദ്ധക്യം അവളെ ബാധിച്ചു തുടങ്ങിയിരുന്നു.
ജീവിതകാലം മുഴുവൻ ജോലിചെയ്ത്, ശരീരം കൊണ്ട് അധ്വാനിച്ച്, സ്വയം പിഴിഞ്ഞ് ചണ്ടി ആയിപ്പോയവളുടെ ഉടൽ. നെറ്റിയിൽ ജരാവരകൾ പൂച്ച മാന്തിയതുപോലെ കാലം മാന്തി വച്ചു. മുടിയിൽ നരകൾ. വെള്ളിലത്താളിയില തിളങ്ങി. അവളുടെ മുറ്റത്ത് ചെമ്പരത്തികൾ ചോത്തു. അവളുടെ മുഖത്ത് സമാധാനമുണ്ടായിരുന്നു.

‘‘ഇപ്പോ പഴേ ജോലിയൊന്നുമില്ല കുട്ട്യെ. അസ്സുമാപ്പ്‌ളെന്റെ തളർന്ന് കെട്ക്ക്ന്ന ചെക്കനില്ലെ? ഓന്റെ കാര്യം നോക്കലാ. വേറൊന്നുല്ല. പിന്നെ കുടുംബശ്രീലുണ്ട്. അച്ചാറും കൊണ്ടാട്ടോം.'' അവൾ ബാഗിൽ നിന്ന് ഒരു കവർ കൊണ്ടാട്ടം നീട്ടി.
‘‘സ്‌പെഷലാ.. താമരേന്റെ''
‘‘എത്രാ?''
‘‘ഒയ്യൊ. എന്താ പറയ്ന്ന്‌നെ? ഒന്നും വേണ്ട'' അവൾ സന്തോഷത്തോടെ ചിരിച്ചു.
‘‘പിന്നെ ഞാന് വീണ്ടും വഴക്കിനു പോയി. ഹരിഷിന്റെ കല്യാണത്തലേന്ന്. അഞ്ചു ലക്ഷം കൂടി കിട്ടി. സമാധാനണ്ട്. പിടിച്ചുപറിച്ചു വാങ്ങിച്ചിട്ടാണെങ്കിലും സമാധാനമുണ്ട്. ഇന്റെ കുട്ടികൾക്ക് ആവ്വല്ലോ. സൊത്ത് ഭാഗം വെയ്ക്കുമ്പോ കുട്ടനുള്ളത് കിട്ടും. രഹസ്യായ്ട്ട്. അതും തീർപ്പാക്കി. കാരണമാര് ഇന്റെ പൊരേല് വന്ന് തീർപ്പാക്കി''

ഞാൻ അനിലയുടെ മക്കളെ നോക്കി.
ചോത്തു വിടർന്ന ചെമ്പരത്തിപ്പൂ പോലെ. രണ്ടുപേരും യുവതികളായി മാറിയിരിക്കുന്നു. കറുത്ത ടാൻസാനിയൻ മുഖമുള്ള കുട്ടി കൂടുതൽ ഉയരവും കടഞ്ഞ ഉടലുമായി നിന്നു. അവളുടെ മുഖത്ത് ലോകത്തോടുള്ള നിർവികാരത തെളിഞ്ഞുനിന്നു. അവൾ തന്റെ അസാധാരണമായി ചുരുണ്ട കാപ്പിരിമുടിയിൽ ക്ലിപ്പുകളും പൂക്കളും ചൂടിയിരുന്നു. കണ്ണുകൾ മഷിതേച്ച് തിളയ്ക്കി. വന്യമായൊരു സൗന്ദര്യം അവളെ മൂടിനിന്നു. ലോകം ആ കുട്ടിയെ ഒരു ദിവസം പോലും വെറുതെ വിട്ടിട്ടില്ല എന്നതിന്റെ തെളിവായിരുന്നു അവളുടെയാ തണുത്ത പ്രകൃതം. രണ്ടാമത്തെ കുട്ടിയാകട്ടെ തനി മിഷ്‌റിപ്പെണ്ണ്. തൊലിയുടെ തിളക്കവും മുടിയുടെ അഴകും അവളെ വ്യത്യസ്തയാക്കി. അവൾക്ക് സൗന്ദര്യമുള്ളതിന്റെ പേരിൽ മാത്രമേ പ്രതിസന്ധി ഉണ്ടാകുകയുള്ളൂ.
‘‘ആദ്യം മൂത്തോളെ ഗൾഫിലേക്ക് വിടണം. എയർഹോസ്റ്റസിന് പഠിപ്പിക്കുകയാണ്. പിന്നെ എളയോളെം'', അനില കണക്കുകൂട്ടി പറഞ്ഞു.
‘‘ഇന്റെ അച്ഛൻ മരിച്ചു. അറിഞ്ഞിന്നോ?''
‘‘മ്'', ഞാൻ മൂളി.''

അനിലയുടെ കുട്ടിച്ചാത്തന്മാരെയും ദൈവങ്ങളെയും തേടി നാട്ടുകാർ വന്നു.
​കാടു ചോത്തു. ചെമ്മരത്തികൾ വാനോളം വളർന്നു പൂത്തു...
ചാത്തന്മാർ അവളെ ഉറക്കെ വിളിച്ചു; ‘‘അമ്മാ''

എന്തിനെന്നറിയാത്ത ഒരു വേദന തൊണ്ടക്കുഴികളിൽ വ്യാപിച്ചിരുന്നു.
മൂന്നു കുട്ടികളും ഒരമ്മയും ആ ചെറിയ വീടിന്റെ ഉമ്മറത്ത് ഗ്രില്ലു പിടിച്ച് നനഞ്ഞ മുഖത്തോടെ എത്രയോ ദിവസം നിന്നിരുന്നു. ഒറ്റമുറിയിൽ അടുക്കളയിൽ കരിങ്കുട്ടിയും പൂക്കുട്ടിയും മാത്രം കൂട്ടായി ഒരു ജീവിതം കഴിച്ചുകളയുന്നതിനെ പറ്റി ഓർക്കെ എനിക്ക് വേദന തോന്നി.
‘‘വല്ലാത്ത നാട്ട്കാരാ കുട്ട്യേ. ഇടുത്ത നാട്ടുകാര് ഒട്ടും ശരിയല്ല. പെങ്കുട്ടിയാളോട് മോശമായിട്ട് സംസാരിക്കുകയാണ്. എത്രയും വേഗം മുത്തോളെ ഞാൻ ഇടുന്ന് അയക്കാണ്. എല്ലാ കടലാസും ശരിയായിട്ട്ണ്ട്. ഇന്നെക്കാള് കൂടുതൽ കൂടുതൽ പ്രശ്‌നാണിവൾക്ക്. ഞാൻ അനുഭവിച്ചെയ്‌ന്റെ അപ്പുറത്ത്. അവളെ ആളുകൾ ഉപദ്രവിക്കേണ്. ദുബായിലോ മറ്റെവിടെയെങ്കിലും പോയാൽ ഒരു കൊഴപ്പോം ഉണ്ടാവില്ല. സുഖമായി ജീവിക്കാൻ കയ്യും. ഓളെ തന്ത റ്റാൻസാനിയക്കാരൻ ജോലി ശരിയാക്കാന്ന് പറഞ്ഞിട്ടുണ്ട്. എയർലൈൻസിൽ ഒരു ജോലി കിട്ടണമെന്നാണ്. ഓള് ജയിക്കും, നന്നായിട്ട് ജോലി കിട്ടും.''
അനില പതീക്ഷയോടെ പറഞ്ഞു.

പൊല്യാട്ച്ചി ആയ ഒരു പെണ്ണ്
പൊല്യാട്ച്ചി ആയ ഒരു വേശ്യ
പൊലയാടിച്ചി ആയ ഒരു അമ്മ...
ജീവിതം അനിലയ്ക്ക് കൊടുത്ത എല്ലാ റോളുകളും അവൾ കൃത്യമായും ഭംഗിയായും അഭിനയിച്ചു കൊണ്ടേയിരുന്നു. ചിലതില് വിജയിച്ചു. ചിലതില് തോറ്റു.

സന്ധ്യ ചാത്തു. സായംകാല ചെമ്മരത്തികൾ പൂത്തു.
കുട്ടിച്ചാത്തന്മാർ ഗുരുസിക്ക് കാത്തിരുന്നു.
​നൂറും പാലും തേടി വന്ന നാഗത്താന്മാർക്കും ആ ഇത്തിരിപ്പറമ്പിൽ അനില കാവു കൂട്ടി. ചേക്കുട്ടിച്ചാത്തനെ കിട്ടിയപ്പോൾ തൊട്ടിലുകെട്ടിയാട്ടി.
അനിലയുടെ കുട്ടിച്ചാത്തന്മാരെയും ദൈവങ്ങളെയും തേടി നാട്ടുകാർ വന്നു.
​കാടു ചോത്തു. ചെമ്മരത്തികൾ വാനോളം വളർന്നു പൂത്തു...
ചാത്തന്മാർ അവളെ ഉറക്കെ വിളിച്ചു; ‘‘അമ്മാ'' ▮

(തുടരും)


Comments