വിവാഹം സത്യത്തിൽ വലിയ പ്രശ്‌നമുയർത്തി. ഒന്ന് ഞാനുൾക്കൊള്ളുന്ന മുസ്‌ലിം സമൂഹം. മറ്റേത് ബ്രാഹ്മണ സമൂഹം. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നതമെന്ന് കരുതപ്പെടുന്ന ഒരു സമൂഹം. ഞങ്ങളുടെ പ്രദേശത്തെ ഇസ്‌ലാം മതം അതിന്റെ കുടുംബപശ്ചാത്തലം, യാഥാസ്ഥിതിക പശ്ചാത്തലം ഇത് രണ്ടുംവെച്ച് സത്യത്തിൽ ഈ വിവാഹം വലിയൊരു സ്‌ഫോടനം തന്നെ സൃഷ്ടിക്കേണ്ടതാണ്.
ഇത് കുറേ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാക്കി. വിവാഹത്തിന്റെ ഓരോ സന്ദർഭത്തിലും എന്റെ വീട്ടിലും എന്റെ ഭാര്യയുടെ വീട്ടിലുമൊക്കെ നിരന്തരം സംസാരിക്കുന്നുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ തുടർച്ചയായിട്ടുള്ള സംഭാഷണത്തിന്റെ അവസാനമാണ് ഈ കല്ല്യാണം നടക്കുന്നത് എന്നതുകൊണ്ടുതന്നെ തുടക്കത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ കുറേയേറെ പരിഹരിക്കപ്പെട്ടു.
ഉദാഹരണമായിട്ട് എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ഭാര്യയുടെ തിരൂരിലെ വീട്ടിൽ പോകുന്നുണ്ട്. അച്ഛനോടും അമ്മയോടും എല്ലാവരോടും സംസാരിക്കുന്നുണ്ട്. എന്റെ വീട്ടിലും ഞാൻ ഈ കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതായത്, പൊതുവിൽ കല്ല്യാണം കഴിക്കാൻ താൽപര്യം കുറവാണ്. കഴിക്കുകയാണെങ്കിൽ മതനിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടിലേ കഴിക്കാൻ താൽപര്യമുള്ളൂ എന്ന് വീട്ടിൽ പറഞ്ഞിരുന്നു. അതുകൊണ്ട് വീട്ടിൽ വലിയ അമ്പരപ്പുളവാക്കിയതായിട്ട് പറയാൻ കഴിയില്ല. അവർ പ്രതീക്ഷിക്കുന്നുണ്ട്. പലരീതിയിലുള്ള കല്ല്യാണവും.
ഞാൻ ആദ്യമായിട്ട് എം.ഇ.എസ് കോളജ് പൊന്നാനിയിൽ ദിവസക്കൂലിക്ക് രണ്ടുമാസം വർക്കു ചെയ്തിരുന്നു. എം.ഫിലിന് പഠിക്കുന്ന സമയത്ത്. ഇവിടെ ജോലി സാധ്യതയുണ്ട് എന്ന് അവർ പറഞ്ഞിരുന്നു. അപ്പോൾ അവിടെ വലിയ പൈസ വാങ്ങുന്ന സമയമാണ്. അപ്പോൾ ഞാൻ പറഞ്ഞു, പൈസയോ. അതാണോ പ്രശ്‌നം, നിങ്ങൾക്ക് പൈസ ബാലൻസ് ഉണ്ടാവും എന്തായാലും. അവരുദ്ദേശിക്കുന്നത്, ഒരു കല്ല്യാണം കഴിച്ചാൽ മതി, എന്നാൽ കോളജിൽ കൊടുക്കാനുള്ള പൈസയും കിട്ടും, വരുമാനമായി കുറച്ചു പൈസയും കയ്യിലുണ്ടാവും എന്ന്. അങ്ങനെയെന്തായാലും ഉദ്ദേശിക്കുന്നില്ലയെന്ന് ഞാൻ പറഞ്ഞു.
സർ സയ്യിദ് കോളജിലാണ് പിന്നെ ഞാൻ ജോലി ചെയ്തത്. അവിടെ അന്നത്തെ പതിവ്, റാങ്ക് ലിസ്റ്റിൽ റാങ്കുള്ളവരെ എടുക്കുക, പക്ഷേ മിനിമം ഒരു ഡോണേഷൻ കൊടുക്കണം. അന്ന് അത്, എനിക്കു തോന്നുന്നത്, പതിനായിരം രൂപയാണെന്നാണ്. ആ ഡൊണേഷൻ ജോലി കിട്ടി പോകുകയാണെങ്കിൽ തിരിച്ചു കൊടുക്കും. ആ ഡൊണേഷൻ തന്നെ സാലറിയിൽ നിന്നും ചെറിയ ഘടുവായിട്ട് എടുത്താൽ മതി. അങ്ങനെ കുറേ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ഞാനവിടെ ചേർന്നു. പതിനായിരം രൂപയൊക്കെ ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞു, അപ്പോൾ എന്നോട് അവിടുത്തെ ഒരാൾ ചോദിച്ചത് മംഗലം കഴിച്ചിട്ടുണ്ടോയെന്നാണ്. മംഗലം എന്നുള്ളത് എനിക്ക് പെട്ടന്ന് മനസിലായില്ല. കാര്യങ്ങളൊക്കെ മംഗളകരമായല്ലോ ജോലി കിട്ടിയല്ലോ എന്നാണ് ഞാൻ വിചാരിച്ചത്. പിന്നീടാണ് മനസിലായത്, അയാൾ പറഞ്ഞു, ഇവിടെ കൊടുക്കാനുള്ള പൈസ കഴിച്ച് എത്രയോ പൈസ നിങ്ങൾക്ക് കയ്യിൽ കിട്ടും, നിങ്ങൾ ഒന്നും അറിയേണ്ട. അന്നത്തെ ഒരു അവസ്ഥ അങ്ങനെയാണ്.
വീട്ടിൽ ഇത്തരത്തിലുള്ള ആലോചനകൾ വന്നപ്പോൾ അത് സാധ്യമല്ലയെന്നൊരു നിലപാട് ഞാൻ എടുത്തു. കല്ല്യാണത്തിന് സാധ്യമല്ലയെന്ന നിലപാട് എടുത്തപ്പോൾ എന്റെ വീട്ടിൽ നിന്നും ഒരു സന്ദർഭത്തിൽ എന്റെ ബാപ്പ പറഞ്ഞു, എന്നാൽ നീ നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്‌തോയെന്ന്. അതെനിക്കൊരു അനുകൂലവാക്യമായിരുന്നു.
ഉമ്മയോട് ഞാൻ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഉമ്മ അത് കുഴപ്പമില്ലയെന്നു പറഞ്ഞു. ബാപ്പ ഇങ്ങനെയൊരു വാക്യം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അതിന്റെ മുകളിൽ പിടിച്ചപ്പോൾ, ബാപ്പ പറഞ്ഞു, അത് ഏതുമാവാം, സ്ത്രീധനം വാങ്ങിയിട്ടോ വാങ്ങാതെയോ ഒക്കെയാവാം, പക്ഷേ ഇത് പറ്റില്ല, ഇത് മതപരിവർത്തനം നടത്തുകയാണെങ്കിൽ മാത്രമേ അംഗീകരിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ ഞാൻ പറഞ്ഞു, ഒന്നാമത് എനിക്ക് മതമില്ല, പിന്നെ അവൾക്കും മതമില്ല, മതമില്ലാത്ത ആളുകൾക്ക് മതപരിവർത്തനത്തിന്റെ പ്രശ്‌നമില്ലെന്ന്. ഏതെങ്കിലുമൊരു മതമുണ്ടെങ്കിൽ അവിടെ നിന്നും വേറെ മതത്തിലേക്ക് മാറാം. ഇത് മാറാൻ പറ്റില്ലല്ലോ എന്നു പറഞ്ഞു. ബന്ധുക്കളൊക്കെ ഈ കാര്യത്തിലായിരുന്നു ഊന്നിയത്.
കല്ല്യാണം നിർബന്ധമായും നടത്തുമെന്ന് വന്നപ്പോൾ മതംമാറണമെന്ന്. മതംമാറില്ലെന്ന് പറഞ്ഞപ്പോൾ എന്റെ ബാപ്പയൊക്കെ സുഹൃത്തുക്കൾ വഴി മുന്നോട്ടുവെച്ച നിർദേശം, മതംമാറിയെന്ന് അവർ പറയും, ഞങ്ങൾക്ക് മതംമാറിയിട്ടില്ലയെന്നും പറയാം. ഞാൻ പറഞ്ഞു, അത് നടക്കില്ല. കാരണം അതൊരു ശരിയായ രീതിയല്ലല്ലോ എന്നു പറഞ്ഞു. അന്ന് ബാലകൃഷ്ണൻ മാഷ് എന്നു പറഞ്ഞിട്ട് ഒരു മാഷുണ്ട്. പുത്തുമടം സ്‌കൂളിൽ എന്നെ പഠിപ്പിച്ച മാഷാണ്. മാഷുമായി ഞങ്ങൾക്ക് വേറൊരു ബന്ധമുണ്ട്. ഞങ്ങളുടെ പീടികയിലായിരുന്നു മാഷുടെ പറ്റ്. അന്ന് സ്‌കൂളു വിട്ട് വന്നാൽ എന്റെ പ്രധാനപ്പെട്ട പണി, ബാപ്പയൊരു ശീട്ടുതരും, മാസം തോറും എല്ലാ മാഷുടെയും വീട്ടിലും അതുമായിട്ട് പൈസ പിരിക്കാൻ പോവുകയാണ്. മിക്കവാറും മാഷമ്മാർ ഒരുമാസത്തെ പറ്റ് ബാക്കിവെക്കും. എപ്പോൾ അവര് പൈസ തീർത്ത് അടച്ചാലും ഒരുമാസം ബാലൻസ് ഉണ്ടാവും. അങ്ങനെയല്ലാതെ അടയ്ക്കുന്ന മാഷാണ് ബാലകൃഷ്ണൻ മാഷ്. ബാപ്പയുടെ അടുത്ത സുഹൃത്താണ്. ഞാൻ പ്രശ്‌നം ബാലകൃഷ്ണൻ മാഷോടു പറഞ്ഞു. ബാലകൃഷ്ണൻ മാഷ് പറഞ്ഞു, അതൊന്നും പ്രശ്‌നമില്ലെടാ. ഞാൻ പറഞ്ഞോളാമെന്ന്. അങ്ങനെ ബാലകൃഷ്ണൻ മാഷ് ബാപ്പയെ കണ്ടു. ബാപ്പ പറഞ്ഞു, എന്തും സമ്മതിക്കാം, പക്ഷേ ഇത് മതംമാറാതെ സമ്മതിക്കുന്ന പ്രശ്‌നമില്ലയെന്ന്. അപ്പോൾ ഒരുകാര്യം ഉറപ്പായി, കല്ല്യാണം കഴിക്കാൻ പറ്റും, പക്ഷേ അവിടെ പിന്നെ ഒരുവിധ പരിഗണനയോ താമസിക്കാനുള്ള സൗകര്യമോ ഒന്നുമുണ്ടാവില്ല.
അന്നത്തെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധിയാണ്. കോളജിൽ ജൂനിയർ ലക്ചർഷിപ്പൊക്കെയുള്ള കാലമാണ്. ചെറിയ പൈസയേ കിട്ടുകയുള്ളൂ. അപ്പോൾ അങ്ങനെയിരിക്കുമ്പോൾ എവിടെ താമസിക്കുമെന്ന പ്രശ്‌നം വന്നു. ആന്ധ്രയിൽ നിന്നും ഡോ. രാമമൂർത്തിയെന്നയാള് പെരുമണ്ണയിൽ പീപ്പിൾസ് ക്ലിനിക്ക് തുടങ്ങിയിരുന്നു. കക്ഷി ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. രാമമൂർത്തിയോട് കാര്യം പറഞ്ഞപ്പോൾ, ഇതിലെന്താണ് പ്രശ്‌നമെന്നു പറഞ്ഞു, മൂപ്പർ പൂവാട്ടുപറമ്പില് വീട് എടുത്തിരുന്നു. ഒരു ലൈൻവീട്. അതിന്റെ ഒരു മുറിയിൽ നിങ്ങൾക്ക് താമസിക്കാമെന്നു പറഞ്ഞു. ആ ഡോക്ടറൊരു ഇടതുപക്ഷ, കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ആളുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്. തീരെ രക്ഷയില്ലാത്തവരോട് ഫീസ് വാങ്ങില്ല. മിനിമം രണ്ടുരൂപയാണ് ഫീസ്. രാമമൂർത്തിയുടെ വീട്ടിലാണ് ഞങ്ങൾ വാടകയില്ലാതെ താമസിച്ചിരുന്നത്.
ഞങ്ങൾ ഡോക്ടർ രാമമൂർത്തിയുട വീട്ടിൽ താമസിക്കുമ്പോൾ ഉണ്ടായിരുന്ന തമാശ എന്തായിരുന്നുവെന്നാൽ, ഈ ലൈൻ വീട്ടുകാരന് ഇതിന്റെ അപ്പുറത്തും ഇപ്പുറത്തുമൊക്കെ വീടുണ്ട്. ഞങ്ങൾ അവിടെ സൗജന്യമായി താമസിക്കുന്നുവെന്നത് മൂപ്പർക്കൊരു പ്രശ്‌നമായി. മൂപ്പർ ഡോക്ടറോട് പറഞ്ഞു, അവർക്ക് സുഖമായിട്ട് താമസിക്കാൻ വീട് ഞാൻ കൊടുക്കാമെന്ന് പറഞ്ഞു. കാരണം അയാൾക്ക് വാടകയുടെ പ്രശ്‌നമാണ്. നിങ്ങൾക്കല്ലേ ഞാൻ വീട് തന്നത് എന്നൊക്കെ പറഞ്ഞ് ചെറിയ പ്രശ്‌നമുണ്ടാക്കി. അപ്പോഴും ഞങ്ങളവിടെ താമസിച്ചു. അതിലേറ്റവും രസകരമായ സംഭവം എന്താണെന്നുവെച്ചാൽ ആന്ധ്രയിൽ നിന്നും ഡോക്ടറുടെ അമ്മയൊക്കെ വന്നു. അവരാണെങ്കിൽ പൂർണ സസ്യബുക്കാണ്. ആന്ധ്ര ബ്രാഹ്മിൺസ് ആണല്ലോ. ഞങ്ങള് സസ്യ ഭക്ഷണം മാത്രമല്ല, ഇടയ്ക്ക് മാംസ ഭക്ഷണവും കഴിക്കും. അവര് വന്നതിനുശേഷം ഞങ്ങൾ ആ റൂം വാതിലടച്ചിട്ട് കഴിക്കും. ഇവർക്ക് മനസിലായിട്ടുണ്ട്. പക്ഷേ അവര് കുഴപ്പമൊന്നുമുണ്ടാക്കിയിട്ടില്ല. പഴയപോലെ സൗഹൃദം തുടങ്ങി.
പിന്നെ അവിടുന്ന് ഞങ്ങൾ പല വാടകവീടുകളിലേക്ക് താമസം മാറി. അങ്ങനെ ഞങ്ങള് പരിയങ്ങാട് താമസം മാറിയപ്പോൾ ആ പ്രദേശത്തെ ഒന്നുരണ്ട് ആർ.എസ്.എസ് സുഹൃത്തുക്കൾ വന്നു. ഞങ്ങളിതിനൊന്നും എതിരില്ലയെന്ന മട്ടിൽ. അപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾ എതിരല്ലയെന്നു പറയുന്നത് പൂർണമായും ശരിയല്ല, കാരണം നിങ്ങളല്ലേ പോസ്റ്ററൊക്കെ എഴുതിവെച്ചത്. തട്ടിക്കൊണ്ട് പോണുവെന്നു പറഞ്ഞ്. അതൊക്കെ ആ പ്രദേശത്തെ ആരെങ്കിലുമായിരിക്കും, അതുമായി ഞങ്ങൾക്ക് ബന്ധമില്ല എന്നൊക്കെ പറഞ്ഞു. അതായത്, വൻ സംഘർഷമുണ്ട്. ഇപ്പോൾ ഫറൂഖ് കോളജിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഫറൂഖ് കോളജിലെ, ഇവരുടെ വീട്ടിലെ, കുടുംബങ്ങളിലെ ഒക്കെ ആളുകൾക്ക് ഇതിനോട് വിയോജിപ്പുണ്ട്. അവരുടെ ഭാഗത്തുനിന്നും ഒരു സഹായവുമുണ്ടാവില്ല. പക്ഷേ ഉപദ്രവമൊന്നും ഉണ്ടായിട്ടില്ല. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. ഒരുപക്ഷേ, ഈ വിവാഹം നടക്കാതിരിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
അവരുടെ വീട്ടിൽ നിന്നും ആദ്യം പറഞ്ഞ വാദം വളരെ രസകരമായിരുന്നു. എന്റെ സുഹൃത്തുക്കൾ എന്നു പറഞ്ഞിട്ടുള്ള ആളുകളാണ് ഇതുവരെ വീട്ടിലേക്ക് വന്നത്. എന്റെ ഒരു ബന്ധുവും വീട്ടിലേക്ക് വന്നിട്ടില്ലയെന്നു പറഞ്ഞു. അപ്പോൾ ഞാൻ ഒരു ബന്ധുവിനെ കൊണ്ടുപോകണമല്ലോ. ഏതു ബന്ധുവിനെയാണ് കൊണ്ടുപോകുക? ഞാൻ ഹമീദ് ചേന്നമംഗലൂരിനോടു പറഞ്ഞു. അപ്പോൾ ഹമീദ് പറഞ്ഞു, അതിനെന്താ, നമുക്ക് നാളെത്തന്നെ പോകാമെന്ന്.
ഹമീദും ഞാനും കൂടി പോയി. ഞാൻ പറഞ്ഞു, ഇത് ഹമീദ്, എന്റെ ബന്ധുവാണ്. ഓ ഒരു ബന്ധുവെങ്കിലും വന്നല്ലോ എന്ന് അവര് പറഞ്ഞു. ഹമീദ് പിന്നെ ബന്ധുവിന്റെ റോളിലേക്ക് ഉയർന്നു. മൂപ്പർക്ക് അതിന്റെ വലിയ പ്രയാസമൊന്നുമില്ല. കുറച്ച് ഡയലോഗൊക്കെ പറഞ്ഞു. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു. പക്ഷേ അപ്പോഴും അവർ ഉത്കണ്ഠപ്പെട്ടത്, ഇവരുടെ അച്ഛൻ ദിവാകരൻ നമ്പൂതിരി സ്‌കൂളിലെ മാഷാണ്. ചിത്രമൊക്കെ വരക്കും. സീരിയൻസ് മാൻ എന്നാണ് മൂപ്പരുടെ നാട്ടിലെ ടൈറ്റിൽ. വളരെ പൊക്കമുള്ളയാളാണ്. അധികം സംസാരിക്കുകയൊന്നും ചെയ്യില്ല. അദ്ദേഹം പറഞ്ഞു, നിങ്ങള് വളരെ മുന്നിലാണ്.
ഞങ്ങള് കുറേ വാദങ്ങളൊക്കെ നിരത്തുന്നുണ്ട്. മനുഷ്യന്മാർക്ക് അടുപ്പമുണ്ടായിക്കഴിഞ്ഞാൽ എന്തെങ്കിലും നോക്കേണ്ടതുണ്ടോയെന്നൊക്കെ. ഇനി അഥവാ മതവിശ്വാസമോ ജാതിയോ ഉണ്ടെങ്കിൽ രണ്ടുപേർക്കും തുടരാമല്ലോ. രണ്ടുപേർക്കും ഇല്ല. ഇനി അഥവാ ഉണ്ടായാൽ രണ്ടുപേർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോയെന്നൊക്കെ.
അദ്ദേഹം പറഞ്ഞു, നിങ്ങള് വളരെ മുന്നിലാണ്. പക്ഷേ കാലം വളരെ പിറകിലാണ്. നിങ്ങളെ കൊന്നുകളയും എന്നൊക്കെ. ഞാൻ പറഞ്ഞു, അങ്ങനെ സംഭവിക്കാനുള്ള സാധ്യതയില്ല. അതിന്റെ ഇടയിൽ അദ്ദേഹത്തിന്റെ കൂടെപഠിച്ച വേറൊരു നമ്പൂതിരി, അയാളൊരു ക്ഷേത്രത്തിലെ ശാന്തിക്കാരൻ കൂടിയാണ്. ഇടതുപക്ഷക്കാരനാണ്. അപ്പോൾ അതും നല്ല തമാശയാണ്. 'കറുത്തപാറ'യെന്നാണ് അയാളെ വിളിച്ചിരുന്നത്. ഡി.വൈ.എഫ്.ഐയിലൊക്കെയുള്ള ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനാണ്. തിരൂരിൽ നിന്നും ഞങ്ങളൊരു ഹോട്ടലിൽ കയറി. അവളുടെ അച്ഛന്റെ കൂടെ പഠിച്ചയാളാണ്. അച്ഛനെയൊന്ന് സ്വാധീനിക്കാൻ വേണ്ടി നമ്മൾ കൊണ്ടുപോകുകയാണ്. ഹോട്ടലിൽ കയറിയപ്പോൾ ഉണ്ടായ തമാശയെന്താണെന്നുവെച്ചാൽ, നിങ്ങളൊക്കെ എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, മാംസമാണെന്ന്. അത് നമ്മളെ കടിക്കുമോയെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു സാധ്യത കുറവാണ്. നമുക്ക് കഴിക്കാലോ എന്ന് പറഞ്ഞു. അപ്പോൾ തന്നെ നമുക്കൊരു ഊർജം കിട്ടുമല്ലോ. പക്ഷേ അദ്ദേഹം വീട്ടിലേക്ക് ചെന്ന് കാര്യം സംസാരിക്കാൻ ശ്രമിച്ചപ്പോൾ മാഷ് കുറച്ചു രൂക്ഷമായി. നിങ്ങളും ഇതിന് കൂട്ടുനിൽക്കുകയാണോ എന്ന അർത്ഥത്തിൽ. പക്ഷേ പൊതുവിൽ വളരെ നല്ല നിലയിലാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പ്രധാനമായിട്ട് പങ്കുവെച്ച ഉത്കണ്ഠ ഇതാണ് സമൂഹമിത് സമ്മതിക്കില്ലയെന്നത്. പിന്നെ തീരുമാനം എന്താണെന്നുവെച്ചാൽ അതിനനുസരിച്ച് എന്ന മട്ടിൽ.
ആലോചിക്കുമ്പോൾ എനിക്ക് ആഹ്ലാദം തോന്നുന്നതെന്താണെന്നുവെച്ചാൽ ഓരോ സന്ദർഭത്തിലും ഒരു ജനാധിപത്യ കാഴ്ചപ്പാട് പുലർത്താൻ പറ്റിയിട്ടുണ്ട്. സാധാരണ പ്രണയത്തിലൊക്കെ സംഭവിക്കുംപോലെ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാവുന്ന പെരുമാറ്റമൊന്നുണ്ടായിട്ടില്ല. ഓരോ സമയവും സംസാരിച്ച് സംസാരിച്ച്, എല്ലാവരോടും സംസാരിക്കുന്നുണ്ട്. അപ്പോൾ അവര് തന്നെ പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ അവർക്ക് അങ്ങനെയങ്ങ് പരസ്യമായി സമ്മതിക്കാനും പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ പിൽക്കാലത്ത് വലിയ പ്രശ്‌നങ്ങളില്ല. സൗഹൃദം തന്നെയാണുള്ളത്.
നിങ്ങൾ തമ്മിൽ എവിടെ വെച്ചാണ് കാണുന്നത്. എവിടെവെച്ചാണ് പരിചയം. പ്രണത്തിലേക്ക് വരുന്നത് എങ്ങനെയാണ്?
പ്രണയം എന്നു പറയുന്നത്, സാമ്പ്രദായിക രീതിയിലുള്ള പ്രണയമല്ല ശരിക്ക്. കാരണം ഞാൻ കണ്ടിട്ടില്ല. അതായത്, ഞങ്ങളന്ന് കോളജിലൊക്കെ സാംസ്‌കാരിക പ്രഭാഷണങ്ങൾക്കൊക്കെ പോകും. ആ കൂട്ടത്തിൽ ഗുരുവായൂരപ്പൻ കോളജിൽ സാംസ്‌കാരിക പ്രഭാഷണത്തിന് പോയിരുന്നു. അന്ന് അവിടെ നിന്നൊരു കത്ത് തരുന്നതാണ്. പിന്നെ അതിന് മറുപടിയെഴുതുന്നു. ഇത് തുടരുന്നു. ആളെ കാണുന്നില്ല. ഇതൊരു സൗഹൃദമായി ശക്തിപ്പെട്ട് വളരെക്കാലങ്ങൾക്കുശേഷം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് ഇന്ന ട്രെയിനിൽ വരുമെന്ന് പറഞ്ഞു, അവിടെവെച്ചാണ് കാണുന്നത്. അതായത്, കാണുന്നതിനു മുമ്പേ തന്നെ രൂപപ്പെട്ട ഒരു സൗഹൃദമാണ്. കത്തുകൾ കുറേ എഴുതിയിട്ടുണ്ടാവും. ഏകദേശം കാണുന്നതിനു മുമ്പുതന്നെ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനമെടുത്തിരുന്നു.
അട്ടപ്പാടിയിൽവെച്ചാണ് ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ആകെ ചിലവ് 70രൂപയാണ്. സാക്ഷികളായുണ്ടായിരുന്നത് പെരുമണ്ണയിൽ തന്നെയുണ്ടായിരുന്ന രണ്ടുപേരാണ്. അട്ടപ്പാടിയിലാക്കാൻ കാരണം എന്റെ സുഹൃത്ത് രാജൻ എന്നു പറയുന്ന ഓഫീസർ അട്ടപ്പാടിയിലുണ്ടായിരുന്നു. ഗോപാലകൃഷ്ണൻ എന്നു പറയുന്ന സുഹൃത്തുമുണ്ട്. രാജനവിടെ ജോലി ചെയ്യുകയായിരുന്നതുകൊണ്ടും ആ രജിസ്റ്റർ ഓഫീസിലെ ഒന്നുരണ്ടാളുകളും മൊത്തം ചിലവ് 70 രൂപ. അട്ടപ്പാടിയിൽ അവിടുത്തെ ഗസ്റ്റ്ഹൗസിൽ താമസം. ഇതാണ് വിവാഹത്തിന്റെ ചടങ്ങ്.
കത്തുകളെഴുതിയിരുന്നുവെന്ന് പറഞ്ഞല്ലോ. എന്തായിരുന്നു ഈ കത്തുകളുടെ സ്വഭാവം?
കത്തുകൾ പൊതുവിൽ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളായിരുന്നു. പിന്നെ ആ കാലത്തുണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെ അതിൽ സ്വാഭാവികമായിട്ടും കടന്നുവരും. മിക്കവാറും ഇൻലൻഡിലാണ് എഴുതിയിരുന്നത്. വളരെക്കൂടുതലെഴുതിയെന്നു പറഞ്ഞുകൂടാ. കത്ത് കുറേയെഴുതിയിട്ടുണ്ടാവും. പക്ഷേ, കത്തിന്റെ മാറ്ററൊക്കെ, ഇപ്പോൾ തിരിഞ്ഞ് നിന്ന് ആലോചിക്കുമ്പോൾ, സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പശ്ചാത്തലമുണ്ടാവുന്ന ചില പ്രയോഗങ്ങൾ. അല്ലാതെ കത്തുകൾക്ക് എന്തെങ്കിലും പുതുമയുണ്ടെന്ന് തോന്നുന്നില്ല. പ്രണയത്തിന്റെ പഴയ ഗ്രാമറുണ്ടല്ലോ, അതിൽപ്പെട്ട കത്തുകൾതന്നെയാണ് അധികവും.
ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന സമയത്ത് ഏതെങ്കിലും നിലയിൽ നിങ്ങളുടെ ഇടയിൽ മതം ഡിസ്‌കസ് ചെയ്തിട്ടുണ്ടോ?
അങ്ങനെ ഡിസ്‌കസ് ചെയ്തിട്ടില്ല. കാരണം എന്താണെന്നുവെച്ചാൽ സത്യത്തിൽ അത് നോൺ ഇഷ്യൂ ആയിരുന്നു. കാരണം എനിക്ക് ഒരു മതം ഇല്ല. പിന്നെ വേറെ ആളുകൾക്ക്, നമ്മളുമായി ബന്ധമുള്ളവർക്ക് എക്‌സ് ഓർ വൈ മതമുള്ളത് എനിക്കൊരു പ്രശ്‌നവുമായിരുന്നില്ല. അത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിപ്പെട്ടതുകൊണ്ട് ഇവർക്കും മതമില്ല. എസ്.എഫ്.ഐ പ്രവർത്തനത്തിന്റെയൊക്കെ ഭാഗമായിട്ട് മതമില്ല. രണ്ടുപേർക്കും മതമില്ല, അതുകൊണ്ട് ബാക്കി കാര്യങ്ങൾ അങ്ങനെ ആലോചിക്കേണ്ടി വന്നിട്ടില്ല. കാരണം എനിക്കിപ്പോൾ ആർക്ക് മതമുണ്ടെങ്കിലും പ്രശ്‌നമില്ല. ഞങ്ങളുടെ മകൻ അവൻ ഇപ്പോഴും മതം തെരഞ്ഞെടുക്കുകയാണെങ്കിൽ എനിക്കു പ്രശ്‌നമില്ല. അത് അവന്റെ പ്രശ്‌നമാണ്. എനിക്കൊരു മതവിശ്വാസമുണ്ടാവുകയാണെന്ന് വിചാരിക്കുക, എന്റെയൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, എനിക്കാമതം സ്വീകരിക്കാവുന്നതാണ്. എന്റെ ഭാര്യയ്ക്ക് മതം സ്വീകരിക്കണമെന്ന് തോന്നുകയാണ്. അവർക്കത് തെരഞ്ഞെടുക്കാവുന്നതാണ്. ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ആശയം അതെന്നെ സംബന്ധിച്ചിടത്തോളം എന്റെയൊരു പുളകവുമാണ്. അതെന്താണെന്നുവെച്ചാൽ ഒരുവീട്ടിൽ തന്നെ വിവിധ മതത്തിൽപ്പെട്ടവരും ഒരു മതത്തിലും പെടാത്തവരും ജീവിക്കാൻ കഴിയുന്നത്ര നമ്മുടെ വീട് വികസിക്കണം.
ഇതുമായി ബന്ധപ്പെട്ടൊരു തമാശയുണ്ട്, യൂണിവേഴ്‌സിറ്റി യൂണിയന്റെ ഒരു ഉദ്ഘാടന യോഗത്തിൽ, എനിക്കു തോന്നുന്നത് കോഴിക്കോട് തന്നെയാണെന്നാണ്. ഞങ്ങൾ രണ്ടുപേരുമുണ്ട്. മകനുമുണ്ട്. അവൻ ചെറുതാണ്. അപ്പോൾ ഞാൻ പറഞ്ഞു, നമ്മുടെ വീടുകൾ വലുതാവണമെന്ന്. ഇവൻ മുന്നിലിരിക്കുന്നുണ്ട്. ഇവൻ പെട്ടെന്ന് ചാടിയെണീറ്റിട്ട് 'അതിന് വീടുവളരുമോ പോട്ടാ'ന്ന് എന്നോട് ചോദിച്ചു. അപ്പോൾ എന്താണ് പ്രശ്‌നമെന്നുവെച്ചാൽ സ്‌കൂളിലോ നഴ്‌സറിയിലോ മറ്റോ ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്, മരം വളരും, വീട് വളരില്ല, വളരുന്നതും വളരാത്തതും, അത് പഠിച്ച ഊർജ്ജത്തിലാണവൻ. അവിടെനിന്നാണ് ഞാൻ പ്രസംഗിക്കുന്നത്. നമ്മുടെ വീട് ഇങ്ങനെയൊന്നും ആയാൽപോരാ, ഇത് നന്നായിട്ട് വളരണം എന്ന്.
സത്യത്തിൽ നമ്മുടെ വീട് വളരുകയാണെങ്കിൽ, അവിടെ മതമുള്ളവർക്കും മതമില്ലാത്തവർക്കും ഒന്നിച്ച് ജീവിക്കാൻ പറ്റും. കാരണം മതം എന്നുള്ളത് ഒരാളുടെ സ്വയംബോധ്യത്തിന്റെ ആഴത്തിൽ നിന്നുണ്ടാവുന്ന, അയാൾക്ക് സ്വാതന്ത്ര്യം നൽകുന്ന, അയാളുടെ വിശ്വാസത്തിന്റെ ലോകമല്ലേ. അത് മറ്റൊരാളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ. ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അതൊരു നന്മയായിരിക്കും. നന്മയുടെ സംഘനൃത്തമായിരിക്കും. ആഴത്തിൽ മതബോധ്യമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് കൂടുതൽ കൂടുതൽ തന്നെത്തന്നെ നവീകരിക്കേണ്ടിവരും. ആചാരങ്ങളുടെ അടിസ്ഥാനത്തിലുള്ള മതമല്ല, ദാർശനികതയുടെ അടിസ്ഥാനത്തിലുള്ള മതം ഒരാൾ സ്വീകരിച്ചു കഴിഞ്ഞാൽ അയാൾക്ക് അയാളെ നിരന്തരം നവീകരിക്കേണ്ടിവരും. അയാൾ എന്നും പുതുതായിക്കൊണ്ടിരിക്കും. അത് മറ്റുള്ളവർക്ക് ആഹ്ലാദമുണഅടാക്കുന്ന ഒന്നായിരിക്കും. പിന്നെ വേണമെങ്കിൽ ഒരു സൈദ്ധാന്തിക സംവാദത്തിന് സ്‌കോപ്പുണ്ട്.
നിരവധി മതങ്ങളും മതരഹിതരുമുള്ള ഒരു വീട്ടിൽ രാവിലെ തന്നെ ചായ കുടിച്ച് കഴിഞ്ഞ് കുറേസമയം, സൈദ്ധാന്തിക സംവാദത്തിന് സ്‌കോപ്പുണ്ട്. അപ്പോൾ അതെന്റെയൊരു കൺസേൺ അല്ല. അതുകൊണ്ട് മതത്തെക്കുറിച്ചുള്ള യാതൊരു ഉത്കണ്ഠയും തുടക്കം മുതലേ ഉണ്ടായിരുന്നില്ല. ഇവിടേക്ക് ഇപ്പോൾ ഒരു സന്യാസി വരുമ്പോഴും മൗലവി വരുമ്പോഴും എനിക്ക് ഏറെക്കുറേ തുല്യമാണ്. പുറത്തുനിന്നുള്ള ആൾക്കാർക്ക് സന്യാസിവരുമ്പോഴുണ്ടാവുന്ന ഫീലിങ്ങായിരിക്കില്ല ഒരുപക്ഷേ മൗലവി വരുമ്പോഴുണ്ടാവുന്നത്. അത് അവരുടെ പ്രശ്‌നമാണ്. അപ്പോൾ തീർച്ചയായിട്ടും മതം അങ്ങനെയൊരു ഭാരമായിട്ട് അനുഭവപ്പെട്ടിട്ടില്ല.