ഇന്ദുമേനോൻ

ക്രൂരമാണ്, ആണുങ്ങളുടെ ആത്മകഥകൾ

ക്രൂരമാണ്, ആണുങ്ങളുടെ ആത്മകഥകൾ

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വെബ്‌സീൻ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ "എന്റെ കഥ'യുടെ ഒന്നാം ഭാഗം ഏറെ ഇഷ്ടത്തോടെയാണ് വായിച്ചത്, പ്രത്യേകിച്ച്, അത് അവരുടെ മാത്രമല്ല, അവരുടെ ജീവിത്തിലെ സ്ത്രീകളുടെ കൂടി "എന്റെ കഥ'കൾ ആയിരുന്നുവല്ലോ. മലയാളിയുടെ മധ്യവർഗ- സവർണ ബോധത്തെ നിശിതമായി വിചാരണ ചെയ്യുന്നതും ആക്രമിക്കുന്നതുമായിരുന്നു ആ ആഖ്യാനങ്ങൾ. സദാചാരം, കുടുംബവ്യവസ്ഥ, വ്യക്തിബന്ധങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട മൂല്യങ്ങളെയാണ് ഇന്ദുമേനോൻ, അതിൽ ചോദ്യം ചെയ്തത്.

സ്ത്രീകളുടെ സ്വയം നിർണയാവകാശത്തെക്കുറിച്ച് പറയുമ്പോൾ, നമ്മളെല്ലാവരും ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങൾ, പലതരം പ്രിവിലേജുകളുള്ള സ്ത്രീകളെയായിരിക്കും. അതായത്, ബോധപൂർവമോ അല്ലാത്തയോ ആയ ഒരു തെരഞ്ഞെടുപ്പ് നടക്കാറുണ്ട്, അത് ഒരു വിഭാഗം സ്ത്രീകളെ അരികുവൽക്കരിക്കാറുമുണ്ട്. എന്നാൽ, ഈ സ്ത്രീപക്ഷ വിനിമയങ്ങളുടെ ഈ പക്ഷപാതിത്വത്തെ മറികടക്കുന്നതായിരുന്നു ഇന്ദുമേനോന്റെ ആഖ്യാനം. അവർ അവതരിപ്പിച്ച ജീവിതങ്ങളെല്ലാം തികച്ചും നിസ്വരും ഗ്രാമീണരും ദരിദ്രരുമൊക്കെയായ സ്ത്രീകളായിരുന്നു, അതേസമയം, അവരാകട്ടെ, വിസ്മയകരമായ രീതിയിൽ പുരുഷാധിപത്യത്തോടും കുടുംബ സംവിധാനത്തോടും ലിംഗവിവേചനത്തോടും സ്വന്തം ജീവിതങ്ങൾ കൊണ്ട് പോരടിക്കുന്നവരുമായിരുന്നു.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 56 - കവർ

ആ ജീവിതങ്ങളുടെ മറുപുറമാണ് കഴിഞ്ഞ പാക്കറ്റിൽ തുടങ്ങിയ "എന്റെ കഥ'യുടെ രണ്ടാം ഭാഗം എന്ന് തോന്നുന്നു. അതായത്, ജീവിതത്തിലെ ആണുങ്ങളുടെ ആത്മകഥ. സ്വന്തം ജീവിതത്തിലെ തന്നെ ആണുങ്ങളെയാണ് അവർ തെരഞ്ഞെടുത്തിരിക്കുന്നത്. അത് അധികമാർക്കും കഴിയാത്ത സത്യസന്ധമായ ഒരു ഇടപെടൽ കൂടിയാണ്. ഭർത്താവ്, സഹോദരൻ, അച്ഛൻ എന്നിവരെയാണ് അവർ സ്വന്തം ജീവിതം വച്ച് മാറ്റുരക്കുന്നത്, തെളിഞ്ഞുവരുന്നതോ, കൊടും ദ്രോഹികളായ ചിലർ.

ഭർത്താവിനെക്കുറിച്ച് അവർ എഴുതിയത് വായിച്ച് ഞെട്ടിപ്പോയി, അയാൾ കെട്ടിയിട്ട, "കാക്കപ്പൊന്നുപോലെ കറുത്ത' ആ താലി ഉപേക്ഷിച്ചുകളഞ്ഞ അവരുടെ ആർജവമോർത്ത് അഭിമാനവും തോന്നി.

സ്വന്തം സഹോദരന്റെ കൂടി അധികാരപ്രയോഗത്തിന് അവർ ഇരയാകുന്നുണ്ട്. സാധാരണ വീടുകളിൽ സംഭവിക്കാറുള്ളതേ ഇവരുടെ വീട്ടിലും സംഭവിച്ചിട്ടുള്ളൂ. എന്നാൽ, അതിനോട് കലഹിക്കാൻ അവർ പ്രകടിപ്പിക്കുന്ന ശേഷിയാണ്, ആ സാധാരണത്വത്തെ അസാധാരണമാക്കുന്നത്. "എന്റെ കഥ'യുടെ ബാക്കി ഭാഗങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.

ഷിൽജ ബാബു,കക്കോടി, കോഴിക്കോട്


ഇന്ദുമേനോന്റെ തുറന്നെഴുത്തുകൾക്ക് കാത്തിരിക്കുന്നു, സ്‌നേഹത്തോടെ

ന്ദുമേനോൻ എഴുതിത്തുടങ്ങിയ ആത്മകഥയുടെ രണ്ടാം ഭാഗം (പാക്കറ്റ് 56) വായിച്ചുതുടങ്ങിയതുതന്നെ എന്റെ സ്വന്തം അനുഭവത്തിലൂടെയാണ്. ബാധ്യതയാകുന്ന സ്‌നേഹാധിക്യത്തെക്കുറിച്ച് അവർ പറയുന്നുണ്ട്, പ്രത്യേകിച്ച് അച്ഛന്മാർക്ക് പെൺകുട്ടികളോടുള്ള അമിത വാത്സല്യം ഉണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ച്.

ഇന്ദു മേനോന്റെ അച്ഛനെപ്പോലൊരു അച്ഛൻ എനിക്കുമുണ്ടായിരുന്നു. സ്‌കൂളിലേക്ക്, ബസ് സ്‌റ്റോപ്പുവരെ കൂടെ വരികയും ആൺസുഹൃത്തുക്കളെ സംശയത്തോടെ അകറ്റിനിർത്താൻ നിർബന്ധിക്കുകയും ഒരു കടയിൽ പോലും പറഞ്ഞയക്കാതെ, കൂട്ടിലിട്ട കിളിയെപ്പോലെ, സമയാസമയത്ത് "എല്ലാം' ഒരുക്കിത്തന്നിരുന്ന, അതാണ് സ്‌നേഹം എന്ന് തെറ്റിധരിച്ച് ഒരു അച്ഛൻ. ഒരു ദിവസം അദ്ദേഹം വീട്ടിലില്ലാതിരുന്ന സമയത്ത് പാചകഗ്യാസ് തീർന്നുപോയി. ഞാനൊറ്റക്കേയുള്ളൂ. ഞാൻ ഒരു ഓട്ടോറിക്ഷ വിളിച്ച് ഒഴിഞ്ഞ ഗ്യാസ് കുറ്റിയും കൊണ്ട് ഏജൻസി കടയിൽ പോയി നിറച്ച കുറ്റിയും വാങ്ങി തിരിച്ചുവന്ന് ഭക്ഷണമുണ്ടാക്കി. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു ഇത്.

വൈകുന്നേരം തിരിച്ചുവന്ന അച്ഛനോട് അഭിമാനത്തോടെ ഞാനിത് പറഞ്ഞു. എന്നെ ഞെട്ടിപ്പിച്ച്, ഒരു പൊട്ടിക്കരച്ചിലായിരുന്നു പ്രതികരണം. "എന്റെ മോൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നുവല്ലോ' എന്നത് ഒരു കുറ്റബോധം പോലുമായി ഏറെനാൾ അദ്ദേഹത്തിൽ നീറിക്കിടന്നു! പിന്നെ, കോളേജിൽ പഠിക്കുമ്പോൾ, ഒരു ആൺസുഹൃത്ത് പിറന്നാളിന് സമ്മാനമായി നൽകിയ, എന്റെ പേരുള്ള ഒരു ലോക്കറ്റ് മാലയിൽനിന്നൂരിക്കളയിച്ച് ആരെയും പ്രേമിക്കില്ല എന്ന സത്യം ചെയ്യിച്ചു. ഇതെല്ലാം സ്‌നേഹത്തിന്റെ പേരിലാണെന്ന തെറ്റിധാരണയായിരുന്നു എനിക്കും. ഡിഗ്രിക്ക് കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് പഠിക്കാൻ വലിയ ആഗ്രഹമുണ്ടായി. എന്നാൽ, 12 കിലോമീറ്റർ ദൂരത്തുള്ള ഒരു കോളേജിൽ, എനിക്കിഷ്ടമില്ലാത്ത ഒരു വിഷയം മെയിനായെടുത്ത് എനിക്ക് മൂന്നുവർഷം പാഴാക്കേണ്ടിവന്നു- സ്‌നേഹം എന്ന ക്രൂരതയുടെ പേരിൽ. ആണധികാരം സ്വന്തം വീട്ടിലെ സ്ത്രീകൾക്കുമേൽ പ്രയോഗിക്കപ്പെടുന്ന വിചിത്രവഴികളെക്കുറിച്ച് തിരിച്ചറിയാനും അതിനെതിരെ നിൽക്കാനും ജീവിതത്തിന്റെ വിലപ്പെട്ട വർഷങ്ങളാണ് പാഴാക്കേണ്ടിവന്നത്. ഇന്ദുമേനോന്റെ തുറന്നെഴുത്ത്, തീർച്ചയായും വിലപ്പെട്ടതാണ്, നിരവധി സ്ത്രീകൾക്ക് അത് വഴികാട്ടിയാകും, ഉറപ്പ്.

പി.എ. നയീമ, മഞ്ചേരി, മലപ്പുറം.


യഥാർഥ ഹരിത വിപ്ലവകഥ, ഇതാ ജസ്ബീർ കൗർ പറയുന്നു

രിതവിപ്ലവത്തിന്റെ പലതരം പ്രത്യാഘാതങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും, അത് കാർഷിക മേഖലയിലെ ഗ്രാമീണ സ്ത്രീകളെ എങ്ങനെയാണ് ബാധിച്ചത് എന്ന, പഞ്ചാബിലെ കർഷക നേതാവ് ജസ്ബീർ കൗർ നഥിന്റെ വിശദീകരണം, യഥാർഥത്തിൽ ഒരു വെളിപ്പെടുത്തലാണ്. വിദഗ്ധർ അവഗണിച്ചുകളഞ്ഞ ഗൗരവമുള്ള ഒരു പ്രശ്‌നമാണ്, അവരുമായി നീതു ദാസ് നടത്തിയ അഭിമുഖം (പാക്കറ്റ് 56) ചർച്ച ചെയ്യുന്നത്.

ഹരിതവിപ്ലവം ഭൂമിയിൽ മാത്രമല്ല, സ്ത്രീകളുടെ ജൈവപ്രകൃതിയെപ്പോലും താറുമാറാക്കിയെന്ന വിവരം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. കീടനാശിനികളുടെയും വളങ്ങളുടെയും അമിതമായ ഉപയോഗം കാൻസർ പോലുള്ള രോഗങ്ങൾ വ്യാപകമാക്കുകയും സ്ത്രീപുരുഷന്മാരുടെ പ്രത്യുൽപാദനശേഷി തകരാറിലാക്കുകയും ചെയ്തതായി അവർ പറയുന്നു. ഒരുതരം ആശ്രിത കാർഷിക സമൂഹത്തെയാണ് ഹരിത വിപ്ലവം യഥാർഥത്തിൽ സംഭാവന ചെയ്തത്. വിളവിന്റെ കാര്യത്തിലുണ്ടായ "അഭിവൃദ്ധി' സമ്പന്നവർഗത്തെയാണ് സൃഷ്ടിച്ചത്. ചെറുകിടക്കാർക്ക് കുത്തകകളെയും വായ്പാസംഘങ്ങളെയുമെല്ലാം ആശ്രയിക്കേണ്ടിവന്നു.

ജസ്ബീർ കൗർ നഥ് / Photo: K. Sajimon

അത്യുൽപാദനശേഷിയുള്ള വിത്തുകൾക്കൊപ്പം രാസവളങ്ങളും കീടനാശിനികളും കൂടിയാണ് കർഷകരിലേക്ക് എത്തിയത്. അത്, ചെറുകിട കർഷകരിലെ ആശ്രിതത്വം വർധിപ്പിച്ചു. ഹരിത വിപ്ലവത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്, ഗ്രാമങ്ങളിലെ കർഷക ആത്മഹത്യകൾ എന്ന് പറയേണ്ടിവരും. കഴിഞ്ഞ 15 വർഷത്തിനിടെ പഞ്ചാബിൽ മാത്രം 7500ഓളം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയുടെ പഠനം പറയുന്നു. ദാരിദ്ര്യവും കടക്കെണിയുമാണ് പകുതിയിലേറെ ആത്മഹത്യയുടെയും കാരണം. ചെറുകിട കർഷകരിലേറെ പേരും കടക്കെണിയിലായി. ഹരിത വിപ്ലവത്തിനുശേഷം പഞ്ചാബിലെ ധാന്യ ഉൽപദാനം പത്തുവർഷം കൊണ്ട് മൂന്നിരട്ടിയായി കുതിച്ചു. എന്നാൽ, അത് അവിടുത്തെ കർഷകരുടെ ജീവിതത്തിൽ എന്തുകൊണ്ട് പ്രതിഫലിച്ചില്ല? അവർക്ക് എന്തുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്നു? ഏതു ദുരന്തവും അടിസ്ഥാനപരമായി ആ സമൂഹത്തിലെ സ്ത്രീകളെയാണ് ഇരകളാക്കുക. ഈ ആത്മഹത്യകളുടെയും കടക്കെണിയുടെയും ഇരകളും ഗ്രാമീണ സ്ത്രീകൾ തന്നെയാണ്.

കെ.എൻ. തിലകൻ, കരമന, തിരുവനന്തപുരം.


മാട്ടുംഗയിലെ ആ ജീവിതം ഓർമിപ്പിച്ചു

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഞാൻ മുംബൈയിലെത്തുന്നത്. അന്നുമുതൽ മാട്ടുംഗയുടെ ഒരു ആരാധകനാണ്. ആദ്യ ആകർഷണം അവിടുത്തെ വൈവിധ്യമാർന്ന ഭക്ഷണങ്ങളായിരുന്നു. പിന്നെ, കെ.സി. ജോസ് എഴുതുന്നതുപോലെയുള്ള (പാക്കറ്റ് 56) സാധാരണ മനുഷ്യന്മാരുമായുള്ള സൗഹൃദങ്ങൾ. അവരിൽ മലയാളികൾ മാത്രമല്ല, മറാഠികളും തമിഴ്‌നാട്ടുകാരും ആന്ധ്രക്കാരുമെല്ലാമുണ്ട്. ബി.എസ്.ടി ബസുകൾ, മലയാളം പത്രങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, കൊച്ചു ഗുരുവായൂരപ്പൻ ക്ഷേത്രം, വില കുറവിന് സ്വാദുള്ള ഭക്ഷണം കിട്ടുന്ന ചെറിയ ഹോട്ടലുകൾ... വെബ്‌സീനിലെ മാട്ടുംഗ യാത്ര വായിച്ചപ്പോൾ, എല്ലാം വീണ്ടും ഓർമയിലെത്തി. ഷൺമുഖാനന്ദ ഹാളിൽ എത്രയോ നാടകങ്ങൾ കണ്ടിരിക്കുന്നു. രാത്രി നാടകവും കഴിഞ്ഞ് തെരുവോരത്തെ കടയിൽ കയറി ഭക്ഷണവും കഴിച്ച്, പാതി രാത്രിയെപ്പോഴോ റൂമിലെത്തിയിരുന്ന, "ചോദിക്കാനും പറയാനും ആരുമില്ലാത്ത' ആ ദിനങ്ങൾ ശരിക്കും മാട്ടുംഗയുടെ സംഭാവനകളാണ്.

കെ.സി. ജോസ്

കെ.സി. ജോസ് എഴുതുന്ന ബോംബെ സ്‌കെച്ചുകൾ, ഒരു ബോംബെ പ്രവാസി എന്ന നിലയ്ക്ക് അതീവ താൽപര്യത്തോടെയാണ് വായിക്കുന്നത്. അദ്ദേഹം സഞ്ചരിച്ച, ജീവിച്ച സ്ഥലങ്ങളെല്ലാം എന്റെ ജീവിതത്തിലെയും ഇടങ്ങളായിരുന്നു ഒരിക്കൽ. വീണ്ടും അവിടങ്ങളിലേക്കുപോയി, ഓർമ പുതുക്കാനുള്ള ഭാഗ്യം മാത്രമല്ല, അവ വായനക്കാരുടെ അനുഭവങ്ങളാക്കി മാറ്റാനും അദ്ദേഹത്തിന് കഴിയുന്നു.

ജോസഫ് അഗസ്റ്റിൻ, ദാദർ, മുംബൈ.


ആ പ്രസ്താവനയുടെ മുഖത്തേക്ക് തുപ്പുന്ന കവിത

വേദനിപ്പിക്കുന്ന ഒരു കവിതയാണ് ബിനു ആനമങ്ങാട് എഴുതിയ മൂന്നാം ക്ലാസിലെ ഒരു മഴ ദിവസം (പാക്കറ്റ് 56). കൂട്ടം ചേരാനാകാതെ, ഒലിച്ചുപോകുന്ന, കൺമുന്നിൽനിന്ന് പൊടുന്നനെ അപ്രത്യക്ഷരാകുന്ന മനുഷ്യരെക്കുറിച്ചുള്ള കവിത. എട്ടുവയസ്സിൽ മാത്രമല്ല, ഇത്തരം കാണാതാകലുകളെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എത്ര വയസ്സിലായാലും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും, ഒരുതരം പരിഹാരങ്ങളുമില്ലാതെ. കവിയുടെ കണ്ണിൽ പതിഞ്ഞ വെള്ളാരങ്കണ്ണുകളും മഞ്ഞയിൽ കറുപ്പുവരയുള്ള കുപ്പായവും നെഞ്ചത്തടുക്കിപ്പിടിച്ച സ്ലേറ്റും മാത്രം ബാക്കിയാകും.

ബിനു ആനമങ്ങാട്​

തിണ്ടിനപ്പുറത്തുനിന്ന് ഒരു നിലവിളി പോലും ആരും കേൾക്കില്ല. "ചെറിയ' ഓർമകൾ വലിയ സത്യങ്ങളെ അനാവരണം ചെയ്യും. പ്രത്യേകിച്ച് കവിതയിൽ. "പെൺകവികൾ തൊണ്ണൂറുശതമാനവും പാഴാണ്' എന്ന് ഒരു പുരുഷകവി ആക്രോശിച്ചത് ഈയിടെയാണല്ലോ. ബിനു ആനമങ്ങാടിന്റെ ഈ കവിത, ആ പ്രസ്താവനയുടെ മുഖത്തേക്കുള്ള ഒരു തുപ്പാണ്.

അനുപ്രിയ, വടക്കാഞ്ചേരി, തൃശൂർ.


കോൺഗ്രസ് എന്ന ബ്രാഹ്മണ കക്ഷി

"രണ്ടു ചോദ്യങ്ങൾ' എന്ന പംക്തിയിൽ ടി.ടി. ശ്രീകുമാറിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. ഇന്ത്യൻ ഭരണയുക്തി മൃദുഹിന്ദുത്വത്തിന്റേതാണ് എന്ന അഭിപ്രായം തികച്ചും ശരിയാണ്. സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടം മാറി മറ്റൊന്ന് വന്നാലും അധികാര- ഭരണകൂട രാഷ്ട്രീയത്തിന്റെ അന്തർധാരയായി വർത്തിക്കുക ഈ മൃദുഹിന്ദുത്വബോധമായിരിക്കും. ആ നിലയ്ക്ക് നോക്കിയാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ സുതാര്യത നരേന്ദ്രമോദിക്കുണ്ട് എന്ന് പറയേണ്ടിവരും. കാരണം, മതേതരമായ ഒരു സംഘടനാ ചട്ടക്കൂടിനകത്തുനിന്ന് എന്ന് തെറ്റിധരിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നത്.

ടി.ടി. ശ്രീകുമാർ

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ മതിഭ്രമം മുമ്പും നാം കണ്ടിട്ടുണ്ട്. ഏതാനും വർഷം മുമ്പ് ഒരു തെരഞ്ഞെടുപ്പുകാലത്താണ്, താൻ ഒരു ദത്താത്രേയ ബ്രാഹ്മണനാണ് എന്ന് രാഹുൽ വീര്യം പ്രകടിപ്പിച്ചത്. ബി.ജെ.പിയോട് നേരിടാൻ കോൺഗ്രസിലെ കൈയിലുള്ള ഏക ആയുധം ഈ ബ്രാഹ്മണ്യമാണ്. ഇപ്പോൾ, യു.പി. തെരഞ്ഞെടുപ്പിലും "ഹിന്ദു കോൺഗ്രസും' ഹിന്ദുത്വ ബി.ജെ.പിയും തമ്മിലാണല്ലോ മത്സരം. നെഹ്‌റുവിയൻ കാലത്തെ സെക്യുലറിസം കൈവെടിഞ്ഞ്, ദേശീയപ്രസ്ഥാനകാലത്തുതന്നെ, കോൺഗ്രസിൽ ആന്തരികമായി തക്കം പാർത്തുകഴിഞ്ഞിരുന്ന വൈദിക ബ്രാഹ്മണ്യത്തിന്റെ വിത്ത് മുളക്കാനുള്ള വളക്കൂറുള്ള മണ്ണാണ് ഇപ്പോഴത്തെ നേതൃത്വം ഒരുക്കിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ രാഹുൽ ഗാന്ധിയും ശശി തരൂരുമെല്ലാം അടങ്ങുന്ന പുതുതലമുറ നേതൃത്വം ഒരുതരം ബ്രാഹ്മണ നേതൃത്വം കൂടിയാണ്. യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നിൽ കണ്ട് സംഘ്പരിവാർ ദലിത്- പിന്നാക്ക- ഒ.ബി.സി വോട്ട്ബാങ്ക് സുരക്ഷിതമാക്കി നിർത്തുമ്പോൾ, അവർ ഒരു കാലത്ത് തങ്ങളുടെ വോട്ടുബാങ്കായിരുന്നു എന്ന ഓർമ പോലും ഈ നേതൃത്വം സൗകര്യപൂർവം മറക്കുന്നത്, അതൊരു ബ്രാഹ്മണ നേതൃത്വമായതിനാലാണ്.

ടി.എസ്. രഘുനാഥ്, അജാനൂർ, കാസർകോട്.


നിറവും വസ്ത്രവും നോക്കി ഹിംസിക്കുന്ന പൊലീസ്

രണകൂടവും സമൂഹത്തിലെ അധികാര അസമത്വങ്ങളും പൗരന്മാർക്കുമേൽ അടിച്ചേൽപ്പിക്കുന്ന ഹിംസകളെക്കുറിച്ചുള്ള വെബ്‌സീൻ പാക്കറ്റ് 55, ചില സമീപകാല സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. ഒരു മൊബൈൽ ഫോൺ മോഷണസംശയത്തിന്റെ പേരിൽ എട്ടു വയസ്സുകാരിയെ നടുറോഡിൽ വച്ച് പിങ്ക് പൊലീസ് ചോദ്യം ചെയ്ത സംഭവത്തിൽ, നഷ്ടപരിഹാരം നൽകാനാകില്ല എന്നാണ് സർക്കാർ കോടതിയിൽ എടുത്ത നിലപാട്. അതിനായി, നാല് സാക്ഷിമൊഴികളെയും സർക്കാർ ഹാജരാക്കി. എന്നാൽ, കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച കോടതി നടത്തിയ ചില പരാമർശങ്ങൾ, പൗരന്മാർക്കുനേരെയുള്ള ഭരണകൂട ഹിംസ തുറന്നുകാട്ടുന്നതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നുവെങ്കിൽ കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നേനെ. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ നടക്കുന്നുണ്ടാകണം.

ഹിംസയെ ആധാരമാക്കിയുള്ള സാമൂഹിക- സാമ്പത്തിക വ്യവസ്ഥകളിലാണ് നാമെല്ലാവരും ജീവിക്കുന്നത് എന്ന അനാമിക അജയ് എഴുതിയത് ഈ സന്ദർഭവുമായി ചേർത്തുവായിക്കാം. അതായത്, ഭരണകൂട ഉപകരണമായ പൊലീസിനെ ഭരിക്കുന്ന ബോധം, നമ്മുടെ സമൂഹം വച്ചുപുലർത്തുന്ന അതേ ബോധം തന്നെയാണ്. ജാതിയും വംശവും നിറവും ലിംഗവുമെല്ലാമാണ് ഹിംസയുടെ ഇരയെ തീരുമാനിക്കുന്ന കാര്യങ്ങൾ. വർഷങ്ങൾക്കുമുമ്പ് തൃശൂർ ജില്ലയിൽ വിനായകൻ എന്നൊരു ദലിത് യുവാവിനെ പൊലീസ് അതിക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ഇയാൾ ജീവനൊടുക്കുകയും ചെയ്ത സംഭവം ഇപ്പോൾ ആരുടെയും ഓർമയിൽ പോലുമുണ്ടാകില്ല. കാലിൽ ബൂട്ടിട്ട് ചവുട്ടുകയും മുലക്കണ്ണ് ഞെരിച്ചുടക്കുകയും ലിംഗത്തിന് മുറിവേൽപ്പിക്കുകയുമൊക്കെയാണ് പൊലീസ് ചെയ്തത്. മാല പൊട്ടിക്കുന്ന സംഘത്തിൽ പെട്ടയാൾ എന്ന സംശയത്തിലാണ് പൊലീസ് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

വിനായകൻ

വിനായകൻ കഞ്ചാവ് വലിക്കുന്നയാളാണെന്ന് സ്ഥാപിക്കാൻ പൊലീസ് പറഞ്ഞ ന്യായം, മുടി നീട്ടിവളർത്തിയിരിക്കുന്നു എന്നാണ്. അന്വേഷണത്തിനുശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്തു. ഏതാനും ദലിത് സംഘടനകളൊഴിച്ച്, മറ്റാരും, ഒരു രാഷ്ട്രീയപാർട്ടിയും ഇടപെടാനുണ്ടായില്ല. തികച്ചും സാധാരണമായ ഒരു ഹിംസ എന്ന മട്ടിൽ അത് അവഗണിക്കപ്പെട്ടു. ദലിത് യുവാവ് എന്ന ഒറ്റക്കാരണത്താലാണ് വിനായകന്റെ ഹിംസ സാധാരണമാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, അനാമിക അജയ് മുന്നോട്ടുവക്കുന്ന വാദം- സമൂഹത്തിലെ ദൈനംദിന ഹിംസയെ അഭിമുഖീകരിക്കാനുള്ള ഏക വഴി അംബേദ്കർ ആണ് എന്നത്, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കൃത്യമാണ്.

വി.എസ്. കിഷോർബാബു, പാലക്കാട്.


സ്വകാര്യബസുകളുടെ ശവപ്പറമ്പിലൂടെയാണ് കെ- റെയിൽ വരുന്നത്

വെബ്‌സീൻ പാക്കറ്റ് 54ൽ പ്രസിദ്ധീകരിച്ച, കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഡോ. രാജേന്ദ്രസിംഗിന്റെ നിരീക്ഷണങ്ങൾ (ഇത്തരം വികസന പദ്ധതികളുടെ ആവശ്യം കേരളത്തിനുണ്ടോ?) ഏറെ പ്രസക്തമായ ഒരു സമയമാണിത്. കാരണം, സംസ്ഥാനത്തെ ഏറ്റവും വലിയ ഒരു നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ ഉന്നയിക്കപ്പെട്ടിരിക്കുന്നു. കെ- റെയിൽ അടിസ്ഥാനപരമായി ആരുടെ സൗകര്യത്തിനുവേണ്ടിയുള്ളതാണ് എന്ന ചോദ്യം ഏറ്റവുമാദ്യം ചോദിക്കേണ്ട ഇടതുപക്ഷം തന്നെയാണ് ആ ചോദ്യം മറച്ചുപിടിച്ച് ഈ പദ്ധതിയുടെ നടത്തിപ്പുകാർ എന്നതാണ് ഏറെ വിചിത്രവും ദുരന്തവും.

ഡോ. രാജേന്ദ്ര സിങ്.

കാരണം, പൊതുവാഹനസൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരിക്കലും നാലുമണിക്കൂർ കൊണ്ട് കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഈ സംവിധാനം ഉപയോഗപ്പെടുത്താനാകില്ല. യാത്രാ ചെലവ് ഒന്നുകൊണ്ടുമാത്രം. എന്നാൽ, ഈ പദ്ധതിയുടെ ഇരകൾ ആരാണ്? അവർ തന്നെ. പ്രകൃതിവിഭവങ്ങളുടെ നാശം എന്നു പറയുമ്പോൾ, പ്രകൃതിവാദികൾ എന്ന് ഇടതുപക്ഷക്കാർ തന്നെ പരിഹസിക്കും. എന്നാൽ, നശിക്കാൻ പോകുന്നത്, വെറും പ്രകൃതിവിഭവങ്ങളല്ല, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതോപാധികളായ ജലസ്രോതസ്സുകളും കൃഷിയിടങ്ങളും പാടങ്ങളുമൊക്കെയാണ്. സിംഹവാലൻ കുരങ്ങുകൾക്കുവേണ്ടിയുള്ള നിലവിളി എന്ന, സൈലന്റ് വാലിക്കാലത്തെ പരിഹാസം, കെ- റെയിലിൽ ബാധകമാകില്ല എന്നർഥം. ഇനി, കെ- റെയിൽ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു വികസന പദ്ധതി തന്നെയാണെന്നു വക്കുക. എന്തുകൊണ്ട് അതിന്റെ വിശദാംശങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യുന്നില്ല.

എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ള കാര്യമല്ലേ? തുറന്ന ഒരു ചർച്ചക്ക് എന്തിനാണ് സർക്കാറിന് മടി? പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തന്നെയാണ്, ഇതിനെ ജനവിരുദ്ധമായ ഒന്നാക്കുന്നത്. ഇപ്പോഴിതാ, കല്ലിടലും സർവേയും പല ഭാഗത്തും പുരോഗമിക്കുമ്പോൾ, നിയമലംഘനങ്ങളും പുറത്തുവരികയാണ്. സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ കെ- റെയിൽ എന്ന് രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നത് ഹൈകോടതി തടഞ്ഞിരിക്കുകയാണ്. സ്ഥലമെടുപ്പിന് അംഗീകാരം ലഭിക്കുന്നതിനുമുമ്പാണ് കല്ലുകൾ സ്ഥാപിക്കുന്നത്. പലയിടത്തും ഭൂവുടകമകളെ അധികാരികൾ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഒരുതരം കൈയേറ്റത്തിന്റെ സ്വരവും നടപടികളുമാണ് പലയിടത്തും നടക്കുന്നത്. ഇനി, സർക്കാറിന്റെ ശ്രദ്ധയിൽ ഒരിക്കലും വരാത്ത ഒരു കണക്ക് പറയാം: സംസ്ഥാനത്ത് സമീപകാലത്ത് ജോലി നഷ്ടപ്പെട്ട സ്വകാര്യബസ് ജീവനക്കാരുടെ എണ്ണം 32,000 ആണ്. 4100 ബസുകൾ സർവീസ് നിർത്തിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 32000 മനുഷ്യർക്ക് ജോലി നഷ്ടമായി എന്നു പറഞ്ഞാൽ, അത്രയും കുടുംബങ്ങളുടെ ഉപജീവനം മുടങ്ങി എന്നുകൂടിയാണ് അർഥം. പൊതുഗതാഗതമേഖലയിൽ കേരളത്തിന് അനുയോജ്യമായ മുൻഗണനകളിൽ, ഈ മനുഷ്യർ ജോലി ചെയ്തിരുന്ന സ്വകാര്യ ബസുകളും കൂടി പെടും എന്ന് ഭരണകൂടത്തെ ആരാണ് ബോധ്യപ്പെടുത്തിക്കൊടുക്കുക?

പി. സക്കീർഹുസൈൻ, അരീക്കോട്, മലപ്പുറം.


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഫസലുൽ ഹാദിൽ ഓഡിയോ/വീഡിയോ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർപ്രതീഷ് കെ.ടി. കവർ ഇലസ്ട്രേഷൻ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]


Comments