ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

ഫാക്​ടിന്​ പുതിയ വളം ഉണ്ടാക്കിയെടുക്കാൻ വെറും 7500 രൂപ

സോയിൽ ലാബിൽ പുതിയ വളം പരീക്ഷണങ്ങൾ വിജയിച്ചത് ഗവേഷണവിഭാഗത്തിന് വലിയ മാനക്കേടുണ്ടാക്കി. അവരും ഊർജ്ജിതമായി പ്രവർത്തിച്ച് ഒരു ടൺ വളം ഉല്പാദിപ്പിച്ചു. അവരുടേത് ലിഗ്‌നൈറ്റ് ഉപയോഗിച്ചുള്ള പ്രോം ആയിരുന്നെങ്കിൽ ഞങ്ങൾ നിർമിച്ചത് കോഴിവളത്തിൽനിന്ന്​ നിർമിക്കുന്ന ജൈവവളം ഉപയോഗിച്ചായിരുന്നു.

ചെന്നൈ അഗ്രിക്കൾച്ചർ കോളേജിൽനിന്നുവന്ന റിപ്പോർട്ട് കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി!
മിക്ക പരാമീറ്ററുകളും എഫ്. സി. ഒ മാർഗനിർദ്ദേശങ്ങൾക്ക് അടുത്തെങ്ങും എത്തുന്നില്ല! സൂക്ഷ്മമായി പരിശോധിച്ചപ്പോൾ റിസൽട്ടുകളിൽ വലിയ പൊരുത്തക്കേടുള്ളതായി മനസ്സിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ ജൈവവളങ്ങൾ അനലൈസ് ചെയ്യാനുള്ള ലാബിലല്ല ഇവ പരിശോധിച്ചതെന്ന് മനസ്സിലായി. അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയിലെ ഒരു സാധാരണ കെമിക്കൽ ലാബിൽ കെമിക്കലുകൾ അനാലിസിസ് ചെയ്യുന്ന മാർഗ്ഗങ്ങൾ അവലംബിച്ചാണ് ഈ അനാലിസിസുകൾ നടത്തിയിരിക്കുന്നത്. അവയാകട്ടെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതും യുക്തിരഹിതവുമായ റിസൽട്ടുകളും. എഫ്.സി. ഒ നിർദ്ദേശിച്ച അനാലിസിസ് മെഥേഡിന്റെ കോപ്പി ഞാനവർക്ക് അയച്ചുകൊടുത്തു. എങ്കിലും അവരുടെ അനാലിസിസ് റിപ്പോർട്ടിനെ പൂർണമായും ആശ്രയിക്കാനാവില്ല എന്ന് ഞാനുറപ്പിച്ചു.

തിരുവനന്തപുരത്ത് ഒരു എൻ. ജി. ഒ യുടെ ലാബിന്റെ തലവനായ എന്റെ സുഹൃത്ത് ഡോ. രാധാകൃഷ്ണനോട് ഞാൻ ഈ വിവരം പറഞ്ഞു, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കേരള കാർഷിക സർവ്വകലാശാലയിലെ വെള്ളാനിക്കരയിലുള്ള, ജൈവവളങ്ങൾ അനാലിസിസ് ചെയ്യാൻ പ്രാപ്തിയുള്ള ലബോറട്ടറിയിലേയ്ക്ക് സാമ്പിളുകൾ നേരി​ട്ടെത്തിച്ചു.

രണ്ടു ദിവസത്തിനകം അവർ റിപ്പോർട്ട് അയച്ചുതന്നു. റിപ്പോർട്ട് കണ്ടപ്പോൾ ഞങ്ങൾക്കുണ്ടായ ആഹ്‌ളാദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു! ആറു സാമ്പിളുകളിൽ ഒരെണ്ണമൊഴിച്ച് എല്ലാം എഫ്. സി. ഒ നിർദ്ദേശിക്കുന്ന മാനദണ്ഡത്തിനുള്ളിൽ വന്നിരിക്കുന്നു! ഒന്നൊന്നര മാസത്തെ പരിശ്രമം ഫലം കണ്ടിരിക്കുന്നു. എല്ലാവരിലും അതൊരു വലിയ ഊർജ്ജമായി. ഡയറക്ടറും ജനറൽ മാനേജരുമുൾപ്പടെ എല്ലാവർക്കും വലിയ സന്തോഷം.

ഡയറക്ടർ ഞങ്ങളെ ഒരു മീറ്റിങിലേയ്ക്ക് വിളിപ്പിച്ചു. ഇനി ഒന്നരമാസത്തോളമേയുള്ളൂ, നവംബർ 31 ന്​. അതിനിടയിൽ ഈ വളം ഒരു ടൺ ഉല്പാദിപ്പിക്കണം. എഫ്. സി. ഒ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് റിപ്പോർട്ടുള്ളതുകൊണ്ട് സർക്കാർ അനുമതിക്ക്​ തടസമില്ല. പക്ഷേ ഒരു ടൺ എങ്ങനെ, എവിടെ, ഉല്പാദിപ്പിക്കും? ആരത് ചെയ്യും? ഇതായിരുന്നു മീറ്റിങ്ങിലെ ചർച്ചാവിഷയം.

അവസാനം അക്കാര്യവും വിനുവും ഞാനും കൂടി ചെയ്യണമെന്നായി!
​ലാബിലേയ്ക്ക് ആളെ വേണം എന്നാവശ്യപ്പെട്ടിരുന്നതും അത് തരാമെന്നേറ്റിട്ട്​ ഇതുവരെ ആളെ കിട്ടിയില്ലെന്നും ഈ ജോലി കൂടി ഞങ്ങൾ ഏറ്റെടുത്താൽ ലാബിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ഞാൻ മീറ്റിങ്ങിൽ പറഞ്ഞു. (ഉടൻ ആളെ തരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന ഡയറക്ടർ ഉൾപ്പടെയുള്ളവർ ആ ഫയലിട്ട് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയായിരുന്നു!) ഉടനേ ആളെ തരാം എന്ന് വീണ്ടും വാഗ്ദാനം! (അവസാനം ആളെത്തിയപ്പോഴേക്കും എല്ലാ ആവശ്യങ്ങളും കഴിഞ്ഞിരുന്നു എന്നതാണ് രസകരം!)

ഫാക്ടിന്റെ ആലുവയിലുള്ള ഗോഡൗണിൽ വളം നിർമിക്കാൻ ധാരണയായി. വളം നിർമിക്കാനുള്ള ബ്ലെൻഡറിന്റെ ഫയൽ ‘കോൾഡ് സ്റ്റോറേജി'ൽ കയറ്റിയ കഥ പറഞ്ഞിരുന്നല്ലോ! അതുകൊണ്ട് ഒരു ടൺ നിർമിക്കണമെങ്കിൽ ഷവൽ കൊണ്ട് ഇളക്കിമറിക്കേണ്ടിവരും. അത് ചൂണ്ടിക്കാട്ടിയപ്പോൾ, ഒരാളെ അതിനായി ദിവസ വേതനത്തിനു നിയമിക്കാമെന്ന് ധാരണയായി. അതുവരെയുള്ള ധാരണകളൊന്നും നടന്നുകാണാത്തതുകൊണ്ട് ആളെ ഉടൻ പോസ്റ്റ് ചെയ്യണമെന്നും എങ്കിലേ ഉല്പാദനപ്രക്രിയ തുടങ്ങാനാവൂ എന്നുമുള്ള നിലപാടിൽ ഞങ്ങൾ ഉറച്ചുനിന്നതിനാൽ ഒരാളെ അതിന്​ പൊസ്റ്റ് ചെയ്തു. ട്രയലിൽ ഏറ്റവും മികച്ച റിസൽട്ട് കിട്ടിയ ഫോർമുലേഷൻ ഉപയോഗിക്കാനും തീരുമാനമായി.

ട്രയലിന് അനുവദിച്ച രണ്ടുലക്ഷം രൂപയിൽനിന്ന്​ ഉപകരണങ്ങൾ വാങ്ങാൻ പതിനായിരം രൂപ അഡ്വാൻസ് എടുത്തിരുന്നു. അതിൽ 7500 രൂപയേ ചെലവായുള്ളൂ. ട്രയൽ റൺ പൂർത്തിയായതുകൊണ്ട് ബാക്കി തുക കണക്കുസഹിതം തിരിച്ചടച്ചു. ഒരു പുതിയ വളം ഉണ്ടാക്കിയെടുക്കുന്നതിന് ഫാക്ടിന് ചെലവായ തുക വെറും 7500 രൂപയിൽ താഴെ! (അപ്പോഴും ഗവേഷണ വിഭാഗത്തിൽ ലക്ഷങ്ങൾ മുടക്കിയുള്ള പരീക്ഷണം വർഷങ്ങളായി പൂർത്തിയാവാതെ തുടരുകയായിരുന്നു!)

അങ്ങനെ വിനും ഞാനും കൂടി ആലുവ ഗോഡൗണിലെത്തി, അതിനിടയിൽ അസംസ്‌കൃത വസ്തുക്കൾ അവിടെ എത്തിച്ചിരുന്നു. അവിടെ പോസ്റ്റ് ചെയ്ത ജീവനക്കാരനോട് കാര്യങ്ങളെല്ലാം വിശദമാക്കിക്കൊടുത്തു. ഒരു ടണ്ണിനുള്ള കൂട്ട് ഉണ്ടാക്കി, ബാക്ടീരിയ കൾച്ചർ സ്‌പ്രേ ചെയ്തു. ട്രയലിലുണ്ടായ ചില വീഴ്ചകൾ ഇല്ലാതാക്കി കുറ്റമറ്റ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. ദിവസവും ഉദ്യോഗണ്ഡലിൽനിന്ന് വിനുവും ഞാനും ആലുവ ഗോഡൗണിലെത്തി നിരീക്ഷിക്കുകയും, നിർദ്ദേശങ്ങൾ നൽകുകയും, സാമ്പിളുകൾ ശേഖരിച്ച് ലാബിലെത്തി അനാലിസിസ് ചെയ്ത് അതനുസരിച്ചുള്ള ചെയ്യേണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തുപോന്നു.

എല്ലാം വിചാരിച്ചപോലെ ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. ചില ദിവസങ്ങളിൽ ഞങ്ങളും കൂടിച്ചേർന്ന് ഷവലുപയോഗിച്ച് വളക്കൂട്ട് ഇളക്കി മറിക്കേണ്ടിവന്നു. പണ്ടേ ഡിസ്‌ക് പ്രോബ്ലമുള്ള എനിക്കത് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയും ആവേശവും കാരണം അത് പ്രശ്‌നമാക്കിയില്ല. ദിവസവും ഉദ്യോഗമണ്ഡലിൽനിന്ന് ആലുവ ഗോഡൗണിലേയ്ക്ക് വാഹനം ഏർപ്പാടു ചെയ്യാമെന്ന് മാനേജ്‌മെൻറ്​ ഏറ്റിരുന്നെങ്കിലും ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് കിട്ടാതായി. ഞങ്ങൾക്ക് അവിടെ കൃത്യസമയത്ത് എത്തി കാര്യങ്ങൾ ചെയ്യേണ്ടതുകൊണ്ട് മിക്കപ്പോഴും സ്വന്തം വാഹനം ഉപയോഗിക്കേണ്ടിവന്നു. ഇത് വിനുവിന്റേയും എന്റേയും മാത്രം കാര്യമാണെന്ന് തോന്നുന്ന നിലയിലായി കാര്യങ്ങൾ.

നവംബർ 15 ആയപ്പോഴേക്കും മുകളിൽനിന്ന് കാര്യങ്ങൾ അന്വേഷിച്ചുതുടങ്ങി. ‘എല്ലാം ശരിയായില്ലേ' എന്ന മട്ടിലുള്ള അന്വേഷണങ്ങൾ! ഇതിനിടയിൽ സോയിൽ ലാബിൽ പുതിയ വളം പരീക്ഷണങ്ങൾ വിജയിച്ചത് ഗവേഷണവിഭാഗത്തിന് വലിയ മാനക്കേടുണ്ടാക്കി. അവരും ഊർജ്ജിതമായി പ്രവർത്തിച്ച് ഒരു ടൺ വളം ഉല്പാദിപ്പിച്ചു. അവരുടേത് ലിഗ്‌നൈറ്റ് ഉപയോഗിച്ചുള്ള പ്രോം ആയിരുന്നെങ്കിൽ ഞങ്ങൾ നിർമിച്ചത് കോഴിവളത്തിൽനിന്ന്​ നിർമിക്കുന്ന ജൈവവളം ഉപയോഗിച്ചായിരുന്നു.

ചർച്ചകൾക്കൊടുവിൽ ഈ രണ്ടു വളങ്ങളും നവംബർ 31 ന് പുറത്തിറക്കാൻ തീരുമാനമായി. പക്ഷേ രണ്ടു വളങ്ങളും രണ്ടുതരമാണല്ലോ. ചാക്കിലാണെങ്കിൽ ‘ഫാക്ട് പ്രോം' എന്നുമാത്രമാണ് പേര്. അതുകൊണ്ട് ഗവേഷണ വിഭാഗം വികസിപ്പിച്ച വളത്തിന്റെ ചാക്കിൽ ‘Lignite Based' എന്നൊരു ടെംപ്‌ളേറ്റ് അടിക്കാൻ തീരുമാനമായി. ഉദ്ഘാടനവേദിയുടെ ചുമതലയും ഈ ടെംപ്ലേറ്റ് അടിക്കുന്ന ചുമതലയുമെല്ലാം ഞങ്ങളുടെ തലയിൽ വന്നുവീണു. വിനുവും ഞാനും കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പോയി സ്റ്റീലിന്റെ ഒരു ടെംപ്ലേറ്റ് ഉണ്ടാക്കിച്ചു. ഗവേഷണവിഭാഗത്തിന് ആവശ്യമായത്ര ചാക്കുകളിൽ ഈ ടെംപ്ലേറ്റ് ഉപയോഗിച്ച് സ്‌ക്രീൻ പ്രിൻറ്​ ഞങ്ങൾതന്നെ ചെയ്ത് അവർക്ക് എത്തിച്ചുകൊടുത്തു.
ഒരു ബാഗിങ്ങ് മെഷീനും വെയിങ് മെഷീനും ഗോഡൗണിലെത്തിച്ച് ഒരു ടൺ വളവും ബാഗുകളിലാക്കി സ്റ്റിച്ച് ചെയ്യിച്ചു. അതിൽനിന്ന്​ രണ്ട് ബാഗുകൾ കാറിലെടുത്തിട്ട് മാർക്കറ്റിങ് ഓഫീസിൽ കൊണ്ടുവന്നു. അത് ജനറൽ മാനേജരെ ഏല്പിച്ചതോടെ വിജയകരമായ ഒരു ദൗത്യം ഞങ്ങൾ അഭിമാനത്തോടെ പൂർത്തിയാക്കുകയായിരുന്നു.

വളരെ ഗംഭീരമായി ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ വച്ച് ഈ രണ്ടു വളങ്ങളുടെയും റിലീസ് നവംബർ 31ന് നടത്താൻ തീരുമാനമായി. വേദിയിലെ ബാക്ക്‌ഡ്രോപ്പുൾപ്പടെയുള്ളവ ഞാൻ തന്നെ ഡിസൈൻ ചെയ്യേണ്ടിവന്നു!
അങ്ങനെ പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് പ്രോമിന്റെ ലോഞ്ചിങ്ങ് നടന്നു. മാർക്കറ്റിങ് ഡയറക്ടർ അന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചത് ‘100 ദിവസമാണ് ഞങ്ങൾ ഈ വളം ഫോർമുലേറ്റ് ചെയ്ത് നിർമിച്ചെടുക്കാൻ നൽകിയിരുന്നത്. ഇന്ന് തൊണ്ണൂറാമത്തെ ദിവസമാണ്. ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല!'' എന്നാണ്.

ചെയർമാൻ ഞങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അഭിമാനം തുളുമ്പിയ നിമിഷങ്ങളായിരുന്നു അത്. അതിനുശേഷം പ്രമുഖരെല്ലാം വളത്തോടൊപ്പം പോസ് ചെയ്യലായിരുന്നു. ഒരു ഘട്ടത്തിൽ ജനറൽ മാനേജർ അനിൽ രാഘവൻ ഞങ്ങളെ വിളിച്ചുനിർത്തി ഒരു ഫോട്ടോ എടുപ്പിച്ചു.

ഞങ്ങളുടെ ജോലി കഴിഞ്ഞെന്നും ഇനി വിസ്മൃതിയിലേയ്ക്ക് മടങ്ങുമെന്നും മുൻ അനുഭവങ്ങൾ വച്ച് എനിക്കറിയാമായിരുന്നു. പക്ഷേ വിനു വളരെ ആഹ്‌ളാദവാനായിരുന്നു. അടുത്തിറങ്ങുന്ന ഹൗസ് മാഗസിനിൽ പ്രസിദ്ധീകരിക്കാനായി ഞങ്ങളുടെ ഫോട്ടോസഹിതം ഒരു ആർട്ടിക്കിൾ തയ്യാറാക്കി ജനറൽ മാനേജർ അയച്ചിരുന്നു. പക്ഷേ മാഗസിൻ വന്നപ്പോൾ ആ ആർട്ടിക്കിളോ, പ്രോമിനെപ്പറ്റിയുള്ള റിപ്പോർട്ടുകളിൽ ഞങ്ങളുടെ പേരോ ഉണ്ടായിരുന്നില്ല! മാഗസിന്റെ ചുമതലയുള്ള പി. ആർ ഓഫീസറെ വിളിച്ച് ഞാൻ കാര്യം ചോദിച്ചു. എഡിറ്റോറിയൽ ബോർഡിലുള്ള ഗവേഷണ വിഭാഗം തലവൻ അത് പ്രസിദ്ധീകരിക്കേണ്ടെന്നും ഞങ്ങളുടെയൊന്നും പേര് പരാമർശിക്കരുതെന്നും കർശനമായി നിർദ്ദേശം കൊടുത്തത്രേ! ഇതൊന്നും പുതിയ കാര്യമല്ലാത്തതുകൊണ്ട് ഞാനും കാര്യമാക്കിയില്ല.

അക്കൊല്ലത്തെ ഫാക്ട് റിപ്പബ്ലിക് ഡേ അവാർഡിന് വിനുവിനെയും എന്നെയും നിർദ്ദേശിച്ച്​ ജനറൽ മാനേജർ എച്ച്. ആർ വിഭാഗത്തിനു കത്തയച്ചെങ്കിലും, മുൻ കൊല്ലത്തെ പ്രവർത്തനങ്ങൾക്കാണ് അക്കൊല്ലം അവാർഡ് കൊടുക്കുന്നതെന്നും അടുത്തകൊല്ലമേ പരിഗണിക്കാനാവൂ എന്നും പറഞ്ഞ് ആ നിർദ്ദേശം അവർ തള്ളിക്കളഞ്ഞു.

മാർക്കറ്റിങ് ഡയറക്ടർ നന്ദകുമാർ വിരമിക്കാൻ രണ്ടു മാസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. അദ്ദേഹം മേധാവി എച്ച്. ആർ മേധാവി കൂടിയാണ്. അദ്ദേഹം എനിക്കു നൽകിയ ശിക്ഷയിൽ ആറുകൊല്ലത്തെ പ്രമോഷൻ നിരോധനമാണുണ്ടായിരുന്നത്. അതിനിടയിൽ ഗ്രേഡുകളൊന്നും തരാനാവില്ലെന്ന് എച്ച്. ആർ നിലപാടെടുത്തു. ഞാനീക്കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. ഗ്രേഡുകൾ തന്നാൽ റിട്ടയർമെൻറിനു മുമ്പ്, ശിക്ഷാകാലാവധി കഴിഞ്ഞ്, എനിക്കൊരു പ്രമോഷൻ കിട്ടാൻ സാദ്ധ്യതയുണ്ടാവും. അങ്ങനെയായാൽ റിട്ടയർ ചെയ്യുമ്പോൾ ഗ്രാറ്റുവിറ്റിയിലും പെൻഷനിലും വലിയ നഷ്ടങ്ങളില്ലാതിരിക്കും. മറിച്ചായാൽ ഭീമമായ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്യും. ഞാനീക്കാര്യം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ചെയ്ത തെറ്റിന് കിട്ടാവുന്നതിലധികം ശിക്ഷ ഞാൻ അനുഭവിച്ചുകഴിഞ്ഞു, മരണംവരെ ശിക്ഷിക്കരുത് എന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ‘‘നോക്കട്ടെ എന്തുചെയ്യാമെന്ന്'' എന്നദ്ദേഹം അന്ന് പറഞ്ഞിരുന്നു.

പ്രോം പരീക്ഷണം വിജയിച്ചു. അതുമൂലം കമ്പനിക്ക് കേന്ദ്ര രാസവളവകുപ്പിൽനിന്ന് നല്ല ഗ്രേഡിങ് കിട്ടി. ഈ സാഹചര്യത്തിലാണ് വീണ്ടും ഞാൻ നന്ദകുമാറിനെ കാണുന്നത്. ‘‘ഒരു കത്ത് എനിക്കു തരൂ, ഞാൻ നോക്കട്ടെ'' എന്ന് പറഞ്ഞ പ്രകാരം വിശദമായ ഒരു അപേക്ഷ അദ്ദേഹത്തിനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞുകാണും, എച്ച്. ആറിലുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ചുപറഞ്ഞു, ‘‘നീ കൊടുത്ത ആപ്ലിക്കേഷൻ ഇവിടെ എത്തിയിട്ടുണ്ട്. അതിൽ നന്ദകുമാർസാർ ഒന്നും എഴുതിയിട്ടില്ല. ‘പരിഗണിക്കണം' എന്നെങ്കിലും എഴുതിയിരുന്നെങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാവുമായിരുന്നു. നീയൊന്ന് അദ്ദേഹത്തെക്കണ്ട് സംസാരിക്ക്.''

അതുപ്രകാരം ഞാനദ്ദേഹത്തിന്റെ ഓഫീസിലെത്തി വിവരം പറഞ്ഞു.
ഒരു ഭാവവ്യത്യാസവും കൂടാതെ നന്ദകുമാർ എന്നോടു പറഞ്ഞത്, ‘‘അതിനു മറുപടി പ്രദീപിനു കിട്ടിയില്ലേ? അത് നടക്കില്ല. പ്രദീപ് ഒരു കാര്യം ചെയ്യൂ. കേസിനു പോവൂ. കേസ് ജയിച്ചുവരുമ്പോൾ കമ്പനി അപ്പീൽ പോവാതിരിക്കാൻ ഞാൻ വേണ്ടത് ചെയ്യാം.''

എനിക്ക് ദേഷ്യവും വിഷമവും അടക്കാനായില്ല. എന്തെങ്കിലും മിണ്ടിയാൽ എന്റെ നിയന്ത്രണം വിട്ടുപോവുമെന്ന് തോന്നി. ഞാൻ ‘ശരി' എന്നുമാത്രം പറഞ്ഞ് പുറത്തിറങ്ങി. ഒരു കപടനാട്യക്കാരൻ മുഖംമൂടി ഊരിമാറ്റി എന്നെനോക്കി പല്ലിളിക്കുന്നതായി എനിക്കുതോന്നി. 2007 ലെ ശമ്പളക്കുടിശ്ശികയ്ക്കുവേണ്ടി 2022 വരെ കേസ് നടത്തേണ്ടിവരികയും സുപ്രീംകോടതിവരെ പോവേണ്ടിവരികയും ചെയ്യേണ്ടിവന്നു, പെൻഷനായിപ്പോയ തൊഴിലാളികൾക്ക്! അപ്പോഴാണ് റിട്ടയർ ചെയ്യാൻ രണ്ടുമാസം മാത്രം ബാക്കിയുള്ള മഹാൻ എന്നോട് രണ്ടുമാസം കൊണ്ട് കേസ് ഫയൽ ചെയ്ത് ജയിച്ചുവരാനും, എന്നിട്ട് അദ്ദേഹം അപ്പീൽ പോകാതെ ഔദാര്യം കാട്ടി എന്നെ രക്ഷിക്കാമെന്നും പറയുന്നത്!
കഴിഞ്ഞ രണ്ടുമൂന്നുമാസത്തെ ആത്മാർത്ഥമായ പ്രവർത്തനത്തിനുള്ള പ്രതിഫലം വട്ടപ്പൂജ്യം മാത്രമല്ല, പാതാളത്തിലേയ്ക്കുള്ള ചവിട്ടിത്താഴ്ത്തൽകൂടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ! ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments