അന്നത്തെ ആ ഓട്ടത്തിന്റെ കിതപ്പ് ഇപ്പോഴും നെഞ്ചിലുണ്ട്.
പെരുമഴ നനഞ്ഞ്, പ്രാണനും കയ്യിൽ പിടിച്ചുള്ള ഓട്ടത്തിൽ എനിക്കുമുമ്പിൽ കാഴ്ചകൾ ചിന്നിച്ചിതറി. മഴ നനയുന്ന വീടുകളും കെട്ടിടങ്ങളും പാതകളും പിന്നിലാക്കി ഓടിയ ഓട്ടത്തിൽ ഞാൻ റെയിൽപാളം മുറിച്ചുകടന്നിരുന്നു. അതിലൂടെ ട്രെയിൻ വരുമെന്നോ, അത് എന്നെ തട്ടിത്തെറിപ്പിച്ച് കടന്നു പോവുമെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു.
അന്തരീക്ഷമാകെ വലിയൊരു നിതംബമായി മാറി. അതിന്റെ വിടവുകളിൽ ഞാനെന്ന പ്രാണി ശ്വാസം കിട്ടാതെ പിടഞ്ഞു. മഴ പാറിയെത്തുന്ന ആ സിമൻറു തിണ്ണയിൽ തളർന്നിരിക്കുമ്പോൾ ഞാൻ ഉമ്മാനെ ഓർത്തു
നിർത്താതെ പെയ്യുന്ന മഴയിൽ തെരുവുവിളക്കുകൾ പാതിയും അണഞ്ഞു പോയിരുന്നു. ഒരു വെളിച്ചത്തിൽ നിന്ന് മറുവെളിച്ചത്തിലേക്കുള്ള ഇരുട്ടിൽ വാഹനങ്ങൾ എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നുപോയി. ആരൊക്കെയോ അതിനുള്ളിൽനിന്ന് എന്നെ ചീത്ത വിളിച്ചു. മഴ നനഞ്ഞ അരക്കെട്ടിൽ വേദന നീറ്റലായി മാറി. ബദാം പരിപ്പുകൾ നീറി. അതിനെ പൊതിഞ്ഞ ചെറിയ സഞ്ചിയുടെ തൊലി നീറി. അവിടെ തൊട്ടുനോക്കിയ ഞാൻ എന്നെത്തന്നെ ഭയന്നു.
അണയാതെനിന്ന വിളക്കുകളിലേക്ക് ആൾക്കൂട്ടം ചിതറിപ്പരക്കുന്നത് കണ്ടു. ഗംഗ തിയേറ്റർ നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞിററങ്ങിയ ആളുകളായിരുന്നു അത്. അവർക്ക് കുടയുണ്ടായിരുന്നു. കുടയില്ലാത്തവർ തലയിൽ പ്ലാസ്റ്റിക് കവറുകൾ തൊപ്പിയാക്കി ധരിച്ചിരുന്നു. അവരുടെ കൂടെയായപ്പോൾ എന്റെ ഓട്ടം വേഗം കുറഞ്ഞ് നടത്തമായി. ആ നടത്തം അടഞ്ഞുകിടന്ന കടയുടെ മുമ്പിലെത്തിനിന്നു. ഷട്ടറിട്ട ആ കടകളുടെ തിണ്ണയിൽ കയറിനിന്ന് ഞാൻ കിതപ്പാറ്റി. എത്ര തള്ളി മാറ്റിയിട്ടും മുഖത്തുനിന്ന് മാറാതെ ആ വലിയ നിതംബം മഴ നനഞ്ഞുനിന്നു.
അന്തരീക്ഷമാകെ വലിയൊരു നിതംബമായി മാറി. അതിന്റെ വിടവുകളിൽ ഞാനെന്ന പ്രാണി ശ്വാസം കിട്ടാതെ പിടഞ്ഞു. മഴ പാറിയെത്തുന്ന ആ സിമൻറു തിണ്ണയിൽ തളർന്നിരിക്കുമ്പോൾ ഞാൻ ഉമ്മാനെ ഓർത്തു. ഉമ്മാ, ഉമ്മാന്റെ മോൻ ഇവിടെയാണ്, ഈ വിദൂരതയിൽ, ഈ ഇരുട്ടിൽ, മഴ പാറിയെത്തുന്ന ഈ സിമൻറ് തിണ്ണയിൽ. കുളിപ്പിക്കുമ്പോൾ ഉമ്മ സോപ്പ് തൊടാതിരുന്ന എന്റെ ബദാം പരിപ്പുകളുടെ സഞ്ചിയിൽ ഇപ്പോൾ പല്ലടയാളങ്ങളുണ്ട്. വേദനയും നീറ്റലുമുണ്ട്. ഉമ്മ ഈ മോനെ ഓർക്കുന്നുണ്ടോ? ഉമ്മാന്റെ എട്ടാമത്തെ സന്തതി ആരുടെയൊക്കെയോ ആർത്തവരക്തം പുരണ്ട മുഖവുമായി ഈ വഴിവക്കിൽ ഇരിക്കുകയാണ്. ഈ മോന് ഉമ്മാനെ ചേർന്ന് കിടക്കണമെന്നുണ്ട്. ഈ മഴയത്ത് ഉമ്മാന്റെ മണമുള്ള പുതപ്പിനുള്ളിൽ ഉമ്മാനെ കെട്ടിപ്പിടിച്ച് കിടക്കണം...
നമ്മുടെ വീട്ടിലേക്കുള്ള വഴി പോലും എനിക്കിപ്പോൾ ഓർമ്മയില്ല. ഏട്ടൻ എത്ര തല്ലിയാലും എനിക്ക് അങ്ങോട്ട് വരണം ഉമ്മാ.. ഉപ്പാനെയും അനിയത്തിയെയും കാണണം. ആ ഓലച്ചുമരുകൾക്കുള്ളിൽ ഉമ്മാന്റെ മകൻ സുരക്ഷിതനാണ്. പക്ഷേ ആ വാതിൽ എനിക്കുമുമ്പിൽ അടഞ്ഞു കിടക്കുകയാണ്. സ്‌നേഹത്തിന്റെ മണമുള്ള വാതിലുകൾ പുറത്തേക്കടച്ച്, ഉമ്മാന്റെ മോൻ ഓടിയ ഓട്ടം ഇവിടെ ഈ മഴ പെയ്യുന്ന അന്തരീക്ഷത്തിൽ, വേദനയുടെയും നീറ്റലിന്റെയും സിമൻറുതിണ്ണയിൽ എത്തി നിൽക്കുകയാണ്.
കുടപിടിച്ച് നടന്നുവന്ന ഒരാൾ എന്നെയും കടന്ന് കുറച്ചു ദൂരം പോയി തിരികെ വന്നു. ഞാൻ ഭയന്നു. സാഹിബ് പറഞ്ഞയച്ച ആളാവും. എന്നെ പിടിച്ചുകൊണ്ടു പോവാൻ വന്നതാവും.
ഇനി ഉമ്മാന്റെ മോൻ എങ്ങോട്ടാണ് ഓടേണ്ടത്? എന്തിലേക്കാണ് ഓടേണ്ടത്?എനിക്ക് വെശക്ക്ണ് ണ്ട് ഉമ്മാ... വക്ക് പൊട്ടിയ അലൂമിനിയ പാത്രത്തിലേക്ക് ഉമ്മ അളന്നൊഴിക്കുന്ന കഞ്ഞിയും മുളക് ചമ്മന്തിയും ഇനി എന്നാണ് ഈ മകന് കിട്ടുക? ഉമ്മാ, ഉമ്മ എന്നെ കേൾക്കുന്നുണ്ടോ? എന്റെ കണ്ണുകൾ നീറുന്നു. അരക്കെട്ട് നീറുന്നു. ഉരക്കടലാസിന്റെ പെൺനാവുകൾ നക്കിത്തോർത്തിയ ഓരോ ശരീരഭാഗവും നീറുന്നു. ആ നീറ്റലിലേക്ക് ഇനിയെന്ത് എന്ന ചോദ്യം മുളകു പൊടിയായി വന്നുവീഴുന്നു.
അകലത്തായി ഞാൻ ട്രെയിനിന്റെ ശബ്ദം കേട്ടു. ഞാനിരുന്ന സിമൻറ് തിണ്ണ തരിക്കുന്നതറിഞ്ഞു. കൈത്തണ്ടയിൽ ചൂടുള്ള കണ്ണീര് വീഴുന്നതറിഞ്ഞു. ഷട്ടറുകൾക്കുമുകളിലെ പോളയ്ക്കുള്ളിൽ കൂടുകൂട്ടിയ ചെറുകിളികൾ മുരളുന്ന ഒച്ച കേട്ടപ്പോൾ അവരുടെയത്രപോലും സുരക്ഷിതത്വം ഇല്ലാത്ത എന്നെയോർത്ത് ഞാൻ കരഞ്ഞു. കച്ചിയും പേപ്പറും കൊണ്ട് അവർ തീർത്ത കൂടിനുള്ളിൽ അവർക്ക് സുഖമായി ഉറങ്ങാം. അപരിചിതമായ ഈ പാതകളിൽ, ഈ മഴയിൽ എവിടെയാണ് ഞാനുറങ്ങുക? എനിക്കായി ആരാണ് കൂടൊരുക്കുക.
മാനുട്ടൻ എപ്പോഴും പാടുന്ന പാട്ട്, അപ്പോൾ പെരുമഴ മുറിച്ച് എന്നെ തേടിയെത്തി;പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലാ, ഈ മണ്ണിലിടമില്ലാ...
ഞാനിരുന്ന കടത്തിണ്ണയിലേക്ക് വെളിച്ചം വീഴുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിലേക്ക് പെയ്യുന്ന മഴയെ നോക്കി ഞാനിരുന്നു. ആകാശമിറങ്ങി വരുന്ന ഭൂമിയുടെ ആ കണ്ണീരിന്റെ ദൃശ്യം ഞാൻ പിന്നീട് മണിരത്‌നം സിനിമകളിലാണ് കണ്ടിട്ടുള്ളത്. പക്ഷേ, അപ്പോൾ ആ മഴവെളിച്ചത്തിന്റെ സൗന്ദര്യം എന്നെ തൊട്ടതേയില്ല.
കുടപിടിച്ച് നടന്നുവന്ന ഒരാൾ എന്നെയും കടന്ന് കുറച്ചു ദൂരം പോയി തിരികെ വന്നു. ഞാൻ ഭയന്നു. സാഹിബ് പറഞ്ഞയച്ച ആളാവും. എന്നെ പിടിച്ചുകൊണ്ടു പോവാൻ വന്നതാവും. വേദനകളെ ഭയം വിഴുങ്ങിയ ആ ഇരുട്ടിൽ ഞാനൊരു അട്ടയെപ്പോലെ ചുരുണ്ടുകൂടി. എഴുന്നേറ്റോടണമെന്നുണ്ട്. പക്ഷേ കാലുകൾ അനങ്ങുന്നില്ല. ആ കാലടികൾ എന്റെ അരികിലേക്ക് നടന്നുനടന്ന് വരുന്ന ശബ്ദം മഴയുടെ ഒച്ചയിലും ഞാൻ വ്യക്തമായി കേട്ടു. അയാൾ എന്നെ തൊട്ടതും ഞാൻ പറഞ്ഞു, ‘ഞാൻ വരൂല, കൊന്നാലും ഞാൻ വരൂല.’
പുകവലിക്കുന്നവരെ, പ്രത്യേകിച്ച് സിഗരറ്റ് വലിക്കുന്നവരെ എനിക്ക് മറ്റു കാരണമെന്നും ഇല്ലാതെ തന്നെ ഇഷ്ടമായിരുന്നു. സിഗരറ്റിന്റെ പുക വായിലാക്കി വട്ടത്തിൽ ഊതിവിടുന്നവരെ ഞാൻ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്.
അയാൾ എന്നെ അന്തംവിട്ട് നോക്കി. അവസാന പുകയും വലിച്ചെടുത്ത് ചുണ്ടിലെ സിഗരറ്റ് മഴയിലേക്ക് വലിച്ചെറിഞ്ഞ് അയാൾ എന്റെ അരികിലിരുന്നു. പാന്റും ഷർട്ടുമായിരുന്നു അയാളുടെ വേഷം. കുടപിടിച്ചുകൊണ്ടുതന്നെയാണ് അയാൾ ഇരുന്നത്. ആ കുടയിൽനിന്ന് മഴവെള്ളം എന്റെ ചുമലിലേക്ക് വീണു. ഒന്നും ചോദിക്കാതെ തന്നെ ഞാൻ പറഞ്ഞു, ‘ഞാനങ്ങട്ട് വരൂല, എന്നെ കൊണ്ടോവാൻ നോക്കണ്ട.’
‘എങ്ങട്ട്....?'
അയാളുടെ ചോദ്യത്തിൽ അമ്പരപ്പുണ്ടായിരുന്നു. ഇത് ഞാൻ പേടിച്ച ആളല്ലെന്നു തോന്നിയപ്പോൾ ഞാൻ ആശ്വാസത്തോടെ പറഞ്ഞു, ‘കൊട്ടാരത്ത്ക്ക് '
‘കൊട്ടാരോ...?’
അയാൾ ചിരിച്ചു, അപ്പോൾ ആ മുഖം ഒരു കുഞ്ഞിന്റെ മുഖമായി മാറി. എന്റെ പേടി മഴയിൽ ഒലിച്ചുപോയി. അയാൾ പാന്റിന്റെ കീശയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരു സിഗരറ്റ് എനിക്ക് നീട്ടി, ‘വലിച്ചോ....'
ഞാൻ അന്തംവിട്ട് അയാളെ നോക്കി. അതുവരെ ഞാൻ പുക വലിച്ചിട്ടില്ല. പുകവലിക്കുന്നവരെ, പ്രത്യേകിച്ച് സിഗരറ്റ് വലിക്കുന്നവരെ എനിക്ക് മറ്റു കാരണമെന്നും ഇല്ലാതെ തന്നെ ഇഷ്ടമായിരുന്നു. സിഗരറ്റിന്റെ പുക വായിലാക്കി വട്ടത്തിൽ ഊതിവിടുന്നവരെ ഞാൻ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്. ആദ്യമായിട്ട് ഒരാൾ ഇതാ... എനിക്ക് സിഗരറ്റ് നീട്ടുന്നു. വീട്ടിൽ ഉപ്പ മാത്രമാണ് പുകവലിക്കാരൻ. ഉപ്പ ബീഡിയാണ് വലിക്കാറ്. ബീഡിയുടെ മണം ഇഷ്ടമല്ലാഞ്ഞിട്ടും ഞാൻ ഉപ്പ വലിച്ചിട്ട ബീഡിക്കുറ്റികൾ പൊറുക്കി സ്വകാര്യമായി വലിച്ചുനോക്കിയിട്ടുണ്ട്. ആ പുകയുടെ കൈപ്പും നാറ്റവും തൊണ്ടയിൽ കുരുങ്ങി ചുമച്ച് ശ്വാസം മുട്ടിയിട്ടുണ്ട്.
‘തണുപ്പിന് നല്ലതാണ് വലിച്ചോ...', അതും പറഞ്ഞ് അയാൾ തന്റെ സിഗരറ്റിന് തീ കൊളുത്തി, അതേ തീപ്പെട്ടിക്കോല് എനിക്കും കാണിച്ചുതന്നു. അണയാറായ ആ തീയിൽ നിന്ന് ഞാനെന്റെ ആദ്യ സിഗരറ്റിന് തീയെടുത്തു. ഇന്നും തുടരുന്ന പുകവലി എന്ന ദുശ്ശീലത്തിന് ആ രാത്രിമഴയിലാണ് തുടക്കം കുറിച്ചത്. സിഗരറ്റ് ചുണ്ടിൽവച്ച് രണ്ട് കൈകൊണ്ടും കൂട്ടിപ്പിടിച്ച് പുകവലിച്ചപ്പോൾ തൊണ്ടയിലേക്ക് കൈപ്പിന്റെ കടൽ ഇരച്ചുകടന്നു. ഞാൻ ചുമച്ചു. അയാൾ ചിരിച്ചു. എന്റെ ചുമ കൂടുന്തോറും അയാളുടെ ചിരിയും ഉച്ചത്തിലായി. ചുമച്ചിട്ടും ശ്വാസംമുട്ടിയിട്ടും ഞാനാ സിഗരറ്റ് കളഞ്ഞില്ല.
ഏതോ മഹാമന്ത്രം പഠിപ്പിക്കുന്ന ഗുരുവിനെപ്പോലെ അയാൾ എന്നെ പുകവലിക്കാൻ പഠിപ്പിച്ചു. അയാൾ കാട്ടിത്തന്നപോലെ സിഗരറ്റ് പിടിച്ച്, പറഞ്ഞുതന്ന പോലെ വലിച്ചപ്പോൾ ഞാൻ ചുമച്ചില്ല.അകത്തേക്കെടുത്ത പുകയുടെ കയ്പ് കുറഞ്ഞു. അത് വലിച്ചെറിയാൻ പറഞ്ഞ്, അയാൾ മറ്റൊരു സിഗരറ്റ് എനിക്കായി എടുത്ത് തീപ്പെട്ടിയുരച്ച് കത്തിച്ചുതന്നു. ഞാൻ സുഖസുന്ദരമായി പുക വിട്ടു. വായിൽനിന്നുപോയ പുകയ്ക്കപ്പുറം അന്തരീക്ഷം മഴ തോർന്നു നിന്നു. തണുത്ത കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു. വേദനയും സങ്കടവും മറന്ന്, മുതിർന്ന ഒരാളെപ്പോലെ ഞാൻ സിഗരറ്റ് വലിച്ചു. വട്ടത്തിൽ പുക വിടാൻ നോക്കിയപ്പോൾ ചുമച്ചു.
‘ഇരുന്നിട്ട് കാല് നീട്ടിയാൽ പോരേ....?', അയാൾ ചിരിയോടെ എന്റെ തോളിൽ തൊട്ടു. അത് ഭാസ്‌കരേട്ടനായിരുന്നു. നഗരത്തിൽ ഇരിക്കാനും കാല് നീട്ടാനും ഓടാനും എന്നെ പഠിപ്പിച്ചത് ആ മനുഷ്യനാണ്. ഭാസ്‌കരേട്ടൻ ബുഹാരി ഹോട്ടലിലെ സപ്ലയറായിരുന്നു. കുഞ്ഞിന്റെ ചിരിയും ചെറിയൊരു ചെകുത്താന്റെ സ്വഭാവമുള്ള ആ മനുഷ്യൻ എന്നോട് ചെയ്ത ക്രൂരതകൾക്ക് അറ്റമില്ല. എന്നോടുമാത്രമല്ല, മണിയോടും നാസറിനോടും ലത്തീഫിനോടും, ബുഹാരി ഹോട്ടലിൽ ദിവസം പത്തു രൂപ കൂലിക്ക് പണിയെടുക്കുന്ന എല്ലാ കുട്ടികളോടും അയാൾ ക്രൂരത കാട്ടി.
അക്കാലത്ത് കോഴിക്കോട് അങ്ങാടിയിൽ ഏത് ഹോട്ടലിൽ പണിയെടുത്താലും അവിടെയൊക്കെ ‘കുണ്ടന്മാരെ’ പ്രണയിക്കുന്ന കാമുകന്മാരുണ്ടായിരുന്നു. ബുഹാരിയിലല്ലാതെ കോഴിക്കോട് നഗരത്തിൽ ഏഴോളം ഹോട്ടലിൽ, ഞാൻ ക്ലീനിങ് ബോയിയെന്ന ഓമനപ്പേരിൽ എച്ചിൽമേശകൾ തുടച്ചിട്ടുണ്ട്. അവിടങ്ങളിലൊക്കെ, രാത്രികൾക്ക് സ്വവർഗരതിയുടെ ശുക്ലഗന്ധമായിരുന്നു. ഹോട്ടലിൽ മാത്രമല്ല സിനിമാതിയേറ്ററുകളിൽ, കടൽത്തീരങ്ങളിൽ, വർക്ക് ഷോപ്പുകളിൽ, ടെക്സ്റ്റയിൽസുകളിൽ... എവിടെയും ആൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
ഏത് ഇരുട്ടിൽ നിന്നും കൈകൾ നീണ്ടുവരാം. വസ്ത്രങ്ങൾ അഴിച്ച് മാറ്റപ്പെടാം. ഗുദമെന്നോ വായയെന്നോ തുടയെന്നോ വേർതിരിവില്ലാതെ എവിടേക്കും ചുട്ടുപഴുത്ത മാംസക്കമ്പികൾ തുളച്ചുകയറാം.
വദനസുരതത്തിനും ഗുദമൈഥുനത്തിനും കുട്ടികൾ നിർബന്ധിതരായി. തടയാൻ നോക്കിയ കൈകളെ, പുരുഷവീര്യങ്ങൾ ഞെരിച്ചുടച്ചു. അലറാൻ നോക്കിയ വായകളെ അഗ്‌നിച്ചൂടുള്ള കാമങ്ങൾ അടിച്ച് ചുണ്ടുപൊട്ടിച്ചു. ചോരയും ശുക്ലവും ഒരുമിച്ച് വിഴുങ്ങാൻ നഗരം അവരെ പഠിപ്പിച്ചു. ഇരുണ്ട ഇടങ്ങളെ പകൽവെട്ടത്തിൽ പോലും കുട്ടികൾ ഭയന്നു. ഏത് ഇരുട്ടിൽ നിന്നും കൈകൾ നീണ്ടുവരാം. വസ്ത്രങ്ങൾ അഴിച്ച് മാറ്റപ്പെടാം. ഗുദമെന്നോ വായയെന്നോ തുടയെന്നോ വേർതിരിവില്ലാതെ എവിടേക്കും ചുട്ടുപഴുത്ത മാംസക്കമ്പികൾ തുളച്ചുകയറാം. എതിർക്കാൻ നോക്കിയാൽ ചോര രുചിക്കുവോളം അടി കിട്ടും.
ഓടിപ്പോവാൻ ഞങ്ങൾക്ക് മറ്റിടങ്ങളില്ലായിരുന്നു. സ്വന്തം വീടുകൾ വിട്ട് ഓടിപ്പോന്നവരാണ് ഏറിയ പങ്കും. ബാക്കിയുള്ളവർക്ക് ദിവസം കിട്ടുന്ന ചെറിയ തുക കൂട്ടിവച്ച്, സ്വന്തം വീടുകളിലേക്ക് എത്തിക്കണമായിരുന്നു. ആ ചെറിയ തുക കൊണ്ട് പട്ടിണി മാറ്റുന്ന അനേകം കുടുംബങ്ങളുണ്ടായിരുന്നു. ഞങ്ങൾ എല്ലാം സഹിച്ചു. നഗരം അതിന്റെ തിരമാലകളാൽ ഞങ്ങളെ മറച്ചുപിടിച്ചു. ആരും ഞങ്ങളെ കണ്ടില്ല, ആരും ഞങ്ങളുടെ സങ്കടങ്ങളെ കേട്ടില്ല. മണിയും നാസറും ലോണപ്പനും സിദ്ദീക്കും ലത്തീഫുമടക്കം ഒരു നഗരം അതിന്റെ ഭ്രാന്തൻ തിരമാലകളാൽ മറച്ചുപിടിച്ച മുഖങ്ങളൊക്കെ ഇന്ന് ഒരുപാട് മുതിർന്നിട്ടുണ്ട്.
സിനിമാ തിയേറ്ററുകളിലെ ഇടുങ്ങിയ ടിക്കറ്റ് കൗണ്ടറുകളിലേക്ക് ബലമായി വലിച്ചെറിയപ്പെടുന്ന ഒരു പതിനഞ്ചുകാരനെ നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ? ആ ഇരുട്ടിൽ അവന്റെ തല ബലമായി താഴ്ത്തപ്പെടുന്നത്? അവന്റെ വായ്ക്കുനേർക്ക് ചുട്ടുപഴുത്ത മാംസക്കമ്പി നീണ്ടുവരുന്നത് ?അവന്റെ വായ പഴത്തൊലി അടർത്തും പോലെ അടർത്തപ്പെടുന്നത്? അതിലേക്ക് ആ മാംസക്കമ്പി തുളച്ചുകയറുന്നത്? ഉമിനീരിൽ, ദുർഗന്ധങ്ങളും അണുക്കളും അലിഞ്ഞുചേരുന്നത്? ശ്വാസത്തിനായി അവന്റെ കണ്ണുകൾ തുറിക്കുന്നത്?
സിനിമാ തിയേറ്ററുകളിൽ അപ്പോൾ ആളുകൾ തിരശ്ശീലയിലെ കൃത്രിമ ദുഃഖങ്ങൾക്കായി കണ്ണ് നിറയ്ക്കുന്നുണ്ടാവും. തൂവാല കൊണ്ട് ആ കണ്ണീര് അവർ തുടക്കുന്നുണ്ടാവും. ഇവിടെ ഭയവും അറപ്പും കൂടിക്കലർന്ന ജീവിതത്തിന്റെ നിസ്സഹായമായ ഇരുട്ടിലേക്ക്, ഭ്രാന്തമായി ചലിക്കുന്ന മാംസക്കമ്പികൾ അലറി വിളിക്കുന്നുണ്ടാവും. പാതകളിലൂടെ വാഹനങ്ങൾ അലറിപ്പായുന്നുണ്ടാവും. കൈ കോർത്തുപിടിച്ച് ഇണകൾ നടക്കുന്നുണ്ടാവും. ആ കുട്ടിക്ക് മറ തീർത്ത് അപ്പുറത്തും ഇപ്പുറത്തും മറ്റ് മാംസക്കമ്പികൾ ഊഴം കാത്ത് നിൽപ്പുണ്ടാവും. നൂറ് രൂപക്കായി തങ്ങളെ മാടിവിളിക്കുന്ന സ്ത്രീരൂപങ്ങളെ, ആ മാംസക്കമ്പികൾ തേടി ചെല്ലില്ല. പണം കൊടുത്ത് വാങ്ങേണ്ട ദ്വാരത്തിനേക്കാൾ വഴുവഴുപ്പുള്ള ദ്വാരങ്ങൾ അവർക്ക് ഇവിടെ വെറുതെ കിട്ടുകയാണ്. ആ ദ്വാരത്തിലേക്ക് സ്ഖലിക്കുന്ന, പല്ലിമുട്ടകളുടെ ഗന്ധമുള്ള ശുക്ലത്തെ തുപ്പിക്കളയാനാവാതെ കുടിച്ചിറക്കാൻ വിധിക്കപ്പെട്ട ഞാനടക്കമുള്ള കുട്ടികളോട് എന്ത് നഗരമാഹാത്മ്യമാണ് നിങ്ങൾക്ക് പറയാനുള്ളത്?
ഒരു മാംസക്കമ്പി അതിന്റെ ചൂടാറ്റി, മാറിനിൽക്കുമ്പോൾ അടുത്ത മാംസക്കമ്പി നടന്നുവരുന്നു.
എല്ലാം ആവർത്തിക്കപ്പെടുന്നു.
അതേ ദുർഗന്ധം.
അതേ മൂത്രാണുകൾ.
അതേ അടിവസ്ത്രങ്ങൾ.
അതേ ചൂട്.
അതേ ചലനങ്ങൾ.
അതേ സ്ഖലനങ്ങൾ.
ശുക്ലം കുടിച്ച് വയറു നിറഞ്ഞ കുട്ടിയോട് ഏത് ഭക്ഷണ വൈവിധ്യത്തെ കുറിച്ചാണ് നിങ്ങൾ പറയുക? ഏത് കോഴിക്കോടൻ ഹൽവയ്ക്കാണ് അവന്റെ ആത്മാവിലെ ചവർപ്പിനെ ഇല്ലാതാക്കാൻ കഴിയുക?
ഇന്നും ഒരു കോഴിക്കോടിനുപകരം എത്രയോ കോഴിക്കോടുകൾ നമ്മുടെ രാജ്യത്തിൽ, ചോരത്തിരമാലകളാൽ കുട്ടികളെ മറച്ചുപിടിച്ച് വശ്യമായി ചിരിക്കുന്നുണ്ടാവും?
മാംസക്കമ്പികൾ കിതപ്പാറ്റിയെടുങ്ങുമ്പോൾ ആ കുട്ടിക്ക് സിനിമാടിക്കറ്റ് എടുക്കാൻ പോലും പറ്റില്ല. അവൻ തിരശ്ശീല കാഴ്ചകൾക്കായി കരുതിവച്ച പണം അവനിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത് മാംസക്കമ്പികൾ അവനെ ആട്ടിയോടിക്കും. ആ ഓട്ടത്തിൽ അവനെ തടഞ്ഞുനിർത്തി തങ്ങൾക്ക് ജീവിക്കാനുള്ള അമ്പതും നൂറും നഷ്ടമാക്കിയതിന് അവനെ ചീത്ത പറയുന്ന മെല്ലിച്ച സ്ത്രീ രൂപങ്ങളെ കൂടി സങ്കൽപ്പിക്കുക.
അവന്റെയുള്ളിൽ അലറിവിളിക്കുന്ന സങ്കടക്കടലുകളാൽ, അതിന്റെ ചോരത്തിരമാലകളാൽ നനഞ്ഞതാണ് നിങ്ങളുടെ കേളികേട്ട കോഴിക്കോട് നഗരം. ഇന്നും ഒരു കോഴിക്കോടിനുപകരം എത്രയോ കോഴിക്കോടുകൾ നമ്മുടെ രാജ്യത്തിൽ, ചോരത്തിരമാലകളാൽ കുട്ടികളെ മറച്ചുപിടിച്ച് വശ്യമായി ചിരിക്കുന്നുണ്ടാവും?
കണ്ടതുമാത്രമല്ല നഗരം, കാണാത്ത ദുരിതക്കടലുകളെ ഒളിപ്പിച്ചുവെക്കുന്ന നരകങ്ങൾ കൂടിയാണ് ഓരോ നഗരവും. നിങ്ങളുടെ പ്രിയപ്പെട്ട നഗരം ഇങ്ങനെ ചിലതുകൂടിയാണെന്ന് പറയാതെ വയ്യ. ഇനി പറയാൻ പോവുന്നതിനെ നിങ്ങൾ കേൾക്കാതെ പോവരുത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.