ബുഹാരി ഹോട്ടലിലെ ടെറസിന്റെ മുകളിൽ ഭാസ്‌കരേട്ടൻ എനിക്ക് കിടക്കാനിടം കാണിച്ചുതന്നു. അവിടെ, തെരുവുവിളക്കുകളുടെ വെളിച്ചം തട്ടാത്ത ഇരുട്ടിൽ, മണിയും നാസറും ലോണപ്പനും ലത്തീഫും കിടന്നു. കോണിക്കൂടിന്റെ മേൽക്കൂരക്കുതാഴെയുള്ള ഇത്തിരിയിടത്തിൽ ആറുകുട്ടികൾ, എന്റെ പ്രായക്കാരായ കുട്ടികൾ.
അവർ കിടന്ന ഇടത്തിനപ്പുറം ടെറസിൽ മഴവെള്ളം കെട്ടിക്കിടന്നു.
ഭാസ്‌കരേട്ടൻ പോയപ്പോൾ ഞാനാ ടെറസിലൂടെ വെറുതെ നടന്നു. മുൻവശത്തായി ബ്ലൂ ഡയമണ്ട് തിയേറ്ററിൽ വെളിച്ചങ്ങൾ അണയാതെ നിന്നു. പായൽ പിടിച്ച ആ ടെറസിൽ വഴുക്കാതിരിക്കാൻ ശ്രദ്ധിച്ചുനടക്കുമ്പോൾ ഞാൻ നഗരത്തിന്റെ ഉറക്കം കണ്ടു. അടഞ്ഞുകിടക്കുന്ന കടകൾ, റോഡിൽ കെട്ടിക്കിടന്ന മഴജലത്തെ ചീറ്റിത്തെറിപ്പിച്ച് ഓടുന്ന വാഹനങ്ങൾ...
ഞാൻ എന്നോടുതന്നെ പറഞ്ഞു, ‘ഇവിടെ, ഇവിടെയാണ് ഇനി നിന്റെ വീട്. ഇവിടെയാണ് നിനക്ക് ജോലി, ഇവിടേക്ക് പെണ്ണുടലുകൾ നിന്നെ തേടി വരില്ല.'
നിലാവത്ത് ആ മെല്ലിച്ച രൂപങ്ങൾ ഞാൻ കണ്ടു. കൈയില്ലാത്ത ബനിയനും കള്ളിത്തുണിയും ധരിച്ച കുട്ടി, തൊട്ടടുത്ത് കിടക്കുന്ന പാൻറുകാരനെ കെട്ടിപ്പിടിച്ചുറങ്ങുന്നു. പാൻറുകാരൻ തൊട്ടപ്പുറത്ത കുട്ടിയെ, ഏറ്റവും ഒടുക്കത്തിൽ പായയും സിമന്റും അതിർത്തി പങ്കിടുന്ന ആ കുളിരിൽ ഞാൻ കിടന്നു.
ഭാസ്‌കരേട്ടൻ എനിക്ക് വാങ്ങിച്ചുതരാൻ പോവുന്ന ജോലി എന്താണെന്ന്മനസ്സിലായില്ലെങ്കിലും ആ ഇരുട്ടിൽ ചുരുണ്ടുകൂടി കിടക്കുന്ന എന്റെ പ്രായക്കാരായ കുട്ടികൾ ചെയ്യുന്ന ജോലി തന്നെയാവും അതെന്ന് ഊഹിക്കാൻ കഴിഞ്ഞു. താഴത്തെ അടുക്കളയിൽനിന്ന് ഭാസ്‌കരേട്ടൻ എനിക്ക് പൊറോട്ടയും സാമ്പാറും വിളമ്പി തന്നിരുന്നു. അത് കഴിക്കുമ്പോൾ ഹോട്ടലിന്റെ സമചതുരത്തിൽ കസേരകളെല്ലാം മേശകൾക്കുമേൽ കയറ്റിവെച്ചിരുന്നു. ചില്ലുവാതിലൂടെ പുറത്തുനിന്ന് കാണാൻ പാകത്തിൽ ക്ലോസ്ഡ് എന്ന ബോർഡും തൂക്കിയിട്ടിരുന്നു.
ആ ആറ് കുട്ടികളുടെ അറ്റത്ത് അവരുടെ പുൽപ്പായയിൽ ഇത്തിരി സ്ഥലമുണ്ടാക്കി ഞാൻ കിടന്നു. കോണിക്കൂടിന്റെ നീണ്ടുനിന്ന വാർപ്പിനപ്പുറം ആകാശം തെളിയാൻ തുടങ്ങുകയായിരുന്നു. നക്ഷത്രങ്ങൾ പൂക്കാൻ തുടങ്ങി. ചന്ദ്രനെ മറച്ച മേഘങ്ങൾ നീങ്ങിയപ്പോൾ ആയിരം നഗരവെളിച്ചങ്ങളുമായി നിലാവ് വന്നു. നിലാവത്ത് ആ മെല്ലിച്ച രൂപങ്ങൾ ഞാൻ കണ്ടു. കൈയില്ലാത്ത ബനിയനും കള്ളിത്തുണിയും ധരിച്ച കുട്ടി, തൊട്ടടുത്ത് കിടക്കുന്ന പാൻറുകാരനെ കെട്ടിപ്പിടിച്ചുറങ്ങുന്നു. പാൻറുകാരൻ തൊട്ടപ്പുറത്ത കുട്ടിയെ, ഏറ്റവും ഒടുക്കത്തിൽ പായയും സിമന്റും അതിർത്തി പങ്കിടുന്ന ആ കുളിരിൽ ഞാൻ കിടന്നു. തൊട്ടപ്പുറത്തെ കൈ ഉറക്കത്തിലും എന്നെ വന്ന് കൂട്ടിപ്പിടിച്ചു.
ആ നഗരരാത്രിയിൽ, ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുന്ന ടെറസിൽ, കുളിര് മാറ്റാൻ എന്നെ ചേർത്തുപിടിച്ചത് മണിയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ആർക്കുമാർക്കും എത്താതെ പോവുന്ന കൂറക്കാട്ടത്തിന്റെ മണമുള്ള പുതപ്പ് ഞാനും പങ്കിട്ടു. അപ്പോൾ പെരുംചിലമ്പിലെ വീട്ടിൽ, മൺതറയിൽ ഏട്ടന്മാർക്കൊപ്പം കിടന്ന നല്ല കാലത്തിന്റെ സുരക്ഷിതത്വമാണ് എനിക്കുതോന്നിയത്. മണിയുടെ വസ്ത്രങ്ങളുടെയും കൂറക്കാട്ടത്തിന്റെയും മണങ്ങൾ എന്റെ മണം കൂടിയായി മാറുകയായിരുന്നു.
നഗരമണങ്ങൾ ആ കൂറക്കാട്ടത്തിൽ നിന്നാണ് തുടങ്ങിയത്. കിട്ടി എന്നാവുമ്പോൾ പുതപ്പ് അപ്പുറത്തേക്ക് നീങ്ങിപ്പോവും. പകലൊക്കെ നടുവൊടിയെ പണിയെടുത്തുതളർന്ന അവർ പരസ്പരം പങ്കിട്ട സ്‌നേഹത്തിന്റെ ആ പുതപ്പിനുള്ളിൽ കിടന്ന് ഞാൻ നഗരനിലാവിനെ നോക്കി. ചന്ദ്രനിൽ അപ്പോൾ ഞാൻ കണ്ടത് വല്യാത്താന്റെ മുഖമായിരുന്നു. വിവാഹം കഴിഞ്ഞ, ആ രാത്രി ഞാനവളെ തേടി ചെല്ലുമ്പോൾ ഇതേപോലെ നിലാവുണ്ടായിരുന്നു. നോക്കുന്തോറും വല്യാത്ത ചന്ദ്രനുള്ളിൽ വലുതാവാൻ തുടങ്ങി. അവളുടെ ശബ്ദം എന്നെ തൊട്ടു, ‘മോനേ, എടാ അബ്ബാസേ... '
അന്ന്, ചാറ്റൽമഴ പെയ്യുന്ന ആ അന്തരീക്ഷത്തിൽ, ഉണരാൻ തുടങ്ങുന്ന നഗരത്തിൽ, ഞാൻ പല്ല് തേച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും, മണീ, നീയാ ചായ എന്റെ ചുണ്ടോടു ചേർത്തു പിടിച്ചു. നിന്റെ ഉമിനീര് എന്റെ ചുണ്ടിൽ പുരണ്ടു.
താരാട്ടുപാട്ട് പോലെ ആ വിളി കേട്ടുകിടന്ന് ഞാൻ ഉറക്കത്തിലേക്ക് പടം മറിഞ്ഞ് വീണു. വല്യാത്ത എന്നെ വിളിച്ചുണർത്തുമ്പോൾ അവിടെക്കിടന്ന ആറു കുട്ടികളും എഴുന്നേറ്റ് പോയിരുന്നു. ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. കൂറക്കാട്ടത്തിന്റെ മണമുള്ള പുതപ്പും പുൽപ്പായയും അവിടെ മടക്കിവെച്ചിരുന്നു. വെറും നിലത്താണ് കിടക്കുന്നത് എന്നറിഞ്ഞപ്പോൾ തണുപ്പ് സൂചിമുനകളായി എന്നെ തൊട്ടു. ഞാൻ എഴുന്നേറ്റിരുന്നു.
എന്റെ മുമ്പിൽ മണി നിന്നു...
കടും ചുവപ്പ് കുപ്പായവും കറുത്ത പാന്റുമായിരുന്നു അവന്റെ വേഷം. അവൻ ചിരിച്ചപ്പോൾ ഞാൻ ഭൂമിയിലെ ചന്ദ്രനെ കണ്ടു. കറുകറുത്ത അവന്റെ മുഖത്തെ ആ ചിരിത്തിളക്കം, ഏത് സങ്കടത്തിലും അവൻ സൂക്ഷിച്ച കവചമായിരുന്നു.
കുടിച്ചുകൊണ്ടിരുന്ന ചായ അവൻ എനിക്കുനീട്ടി. ഞങ്ങൾക്കപ്പുറം ടെറസിലും താഴെ നഗരപാതകളിലും മഴ പെയ്തു. വാങ്ങാൻ മടിച്ചുനിന്ന എന്റെ അടുത്തിരുന്ന് അവൻ ചായ ക്ലാസ് എന്റെ കയ്യിൽ പിടിപ്പിച്ചു, ‘കുടിച്ചോ, തണുപ്പൊക്കെ പോട്ടേ...'
അന്ന്, ചാറ്റൽമഴ പെയ്യുന്ന ആ അന്തരീക്ഷത്തിൽ, ഉണരാൻ തുടങ്ങുന്ന നഗരത്തിൽ, ഞാൻ പല്ല് തേച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും, മണീ, നീയാ ചായ എന്റെ ചുണ്ടോടു ചേർത്തു പിടിച്ചു. നിന്റെ ഉമിനീര് എന്റെ ചുണ്ടിൽ പുരണ്ടു. പാലക്കാട് ജില്ലയിലെ ഏതോ ഗ്രാമത്തിൽ നിന്ന് അമ്മയെ ഭയന്ന് ഓടിപ്പോന്ന നീയും, മലപ്പുറം ജില്ലയിലെ ഗ്രാമത്തിൽ നിന്ന് ഏട്ടനെ ഭയന്ന് ഓടിപ്പോന്ന ഞാനും കോഴിക്കോട് നഗരത്തിലെ ആ കോർപ്പറേഷൻ കെട്ടിടത്തിന്റെ ടെറസിൽ ഒരേ ചായ പങ്കിടണമെന്നത് ആരുടെ തീർപ്പായിരുന്നു എന്ന് എനിക്കറിയില്ല.
പ്രിയ സുഹൃത്തേ, നിന്റെയും എന്റെയും ജീവിതങ്ങൾക്ക് കാര്യമായ വ്യത്യാസമൊന്നും ഇല്ല. നീയും ഞാനും വീടുപേക്ഷിച്ചു, ബന്ധങ്ങളുപേക്ഷിച്ചു, ഒരേ നഗരത്തിൽ ഒരേ ഹോട്ടലിൽ എച്ചിൽ മേശ തുടച്ചു, എച്ചിൽ പാത്രം കഴുകി. ആവശ്യത്തിനും അനാവശ്യത്തിനും അന്യരുടെ അടികൊണ്ടു. എന്തിനാണ് അടികിട്ടിയതെന്നുപോലും അറിയാതെ ഈ മുഴുലോകത്തിന്റെയും നിസ്സഹായതയുമായി നീ മാനേജരെ നോക്കിയ നോട്ടങ്ങളെല്ലാം ഇപ്പോഴും, കരളിൽ തറച്ചുകയറിയ കരിങ്കൽ ചീളായി എന്റെ ഉള്ളിലുണ്ട്. തൊലി കറുത്തുപോയി എന്ന ഒറ്റക്കാരണത്താൽ നിന്റെ ദേഹത്തിൽ വീണ അടികളൊക്കെയും എന്റെ നെഞ്ചിലാണ് വീണ് നൊന്തത്. അന്നവും ആനന്ദവും സങ്കടങ്ങളും നമ്മൾ ഒരുമിച്ച് പങ്കിട്ടു.
അന്നത്തെ ആ പുലരിയിൽ നീ എനിക്ക് നീട്ടിയ നനഞ്ഞ ടർക്കി, എച്ചിൽ മണമുള്ള ആ ടക്കി ടവ്വലിന്റെ നാറ്റമായിരുന്നു പിന്നീടങ്ങോട്ട് എനിക്ക്, എനിക്കുമാത്രമല്ല, നിനക്കും. നമ്മുടെ ഗന്ധങ്ങൾ ഒന്നായിരുന്നു, വേദനകൾ ഒന്നായിരുന്നു. ആട്ടിയോടിക്കപ്പെടുന്ന ബാല്യങ്ങളുടെ ആൾരൂപമായി, കറുത്ത തുടയിലെ മുറിപ്പാടുമായി പെരുമഴ പെയ്യുന്ന എന്റെയീ അന്തരീക്ഷത്തിൽ നീ വന്നു നിൽക്കുന്നു.
എനിക്ക് നിന്റെ ചിരിനിലാവിനെ കാണാം. കട്ടികൂടിയ പുരികവും ചുരുൾമുടിയും കാണാം. ചിരിക്കുമ്പോൾ തെളിയുന്ന മോണച്ചുവപ്പ് കാണാം. അടുക്കളയ്ക്കും മൂത്രപ്പുരയ്ക്കും ഇടയിലെ, ആ ഇടുങ്ങിയ വഴിയിൽ നീയിരിക്കുന്നു. നിന്റെ കയ്യിൽ നിറയെ വിളമ്പിയ ചോറ്റുപാത്രം. അതിന്റെ ഒരു മൂലയിൽ വെച്ച പൊരിച്ച മീൻ, നീ നുള്ളി തുടങ്ങും മുമ്പ് ഭാസ്‌കരേട്ടൻ നിന്നെ കാലുയർത്തി തൊഴിച്ചു. മലമൂത്രങ്ങളുടെ മണമുള്ള ആ നിലത്ത് നീ മലർന്നുവീണു. നീ കരഞ്ഞില്ല, മറുത്തൊന്നും പറഞ്ഞില്ല.
‘നിന്റെ തന്ത ഉണ്ടാക്കി വെച്ച മുതലാണോടാ ഇങ്ങനെ എടുത്ത് തിന്നാൻ?' എന്ന അലർച്ചയിൽ ഓടിക്കൂടിയവർക്കുമുമ്പിൽ, മൂത്രപ്പുരയിൽ നിന്നിറങ്ങുന്ന ആളുകൾക്കുമുമ്പിൽ, നീ അതേ കിടപ്പ് കിടന്നു. നിന്റെ കണ്ണുകൾ നിറഞ്ഞില്ല. തൊണ്ട ഇടറിയില്ല. നിലത്തിട്ട് നിന്നെ തൊഴിക്കുന്ന ഭാസ്‌കരേട്ടനെ മാനേജർ തടഞ്ഞില്ല. സൂപ്പർവൈസർ തടഞ്ഞില്ല. ഞാനടക്കം എല്ലാവരും കാഴ്ച കണ്ടുനിന്നു.
അയാളെ തടയാനുള്ള കരുത്ത് എനിക്കില്ലായിരുന്നു മണീ, ഞാൻ നിന്റെ കിടപ്പ് കണ്ടു. നിന്റെ ചെവിയിലും ചുണ്ടിലും പൊടിഞ്ഞ ചോര കണ്ടു. നിന്റെ നോട്ടം ചെന്നെത്തിയ ആ പൊരിച്ച മീനിന്റെ മേൽ ആരൊക്കെയോ ചവിട്ടി കടന്നുപോയി. നിന്റെ വയറിനേയും നാവിനേയും മോഹിപ്പിച്ചുകൊണ്ട് ആ ചതഞ്ഞ മീൻ അവിടെ കിടന്നു. കലിയടങ്ങിയവരും കാഴ്ച മടുത്തവരും പോയപ്പോൾ നീ എഴുന്നേറ്റിരുന്നു.
ഒരു പൊരിച്ച അയല മീനിന്റെ വില അഞ്ച് രൂപയാണ്. എന്റെയും നിന്റെയും ദിവസക്കൂലിയായ പത്തുരൂപയുടെ നേർ പകുതി. ആ അഞ്ച് രൂപ വിലയുള്ള അന്നത്തിനു വേണ്ടിയാണ് നീയാ അടിയും തൊഴിയുമൊക്കെ കൊണ്ടത്
ആ ഇരുത്തം വർഷങ്ങൾക്കു മുമ്പ്, മൂത്രം മണക്കുന്ന ഇടനാഴികയിലല്ല ഞാൻ കാണുന്നത്, ഇവിടെ, ഞാൻ എഴുതുന്ന ഈ പേപ്പറിനപ്പുറം ചുവന്ന കാവി നിലത്തിൽ, പ്രിയപ്പെട്ട മണീ, നീ എഴുന്നേറ്റിരിക്കുകയാണ്. അപ്പോഴും നിറയാതെ നിന്ന നിന്റെ കണ്ണുകളെ ഓർത്ത് എന്റെ നെഞ്ച് എന്തിനാണ്
കനത്തതെന്ന് അറിയില്ല. നിന്നെയും താങ്ങിപ്പിടിച്ച് അടുക്കളയ്ക്കപ്പുറത്തെ ചെറിയ പാസേജിലേക്ക് നടക്കുമ്പോൾ ഞാൻ കരഞ്ഞു.
എന്റേതല്ലാത്ത വേദനകൾക്കായി ഞാൻ ആദ്യം കരഞ്ഞത് അന്നാണ്. അന്ന്, ഒരു പൊരിച്ച അയല മീനിന്റെ വില അഞ്ച് രൂപയാണ്. എന്റെയും നിന്റെയും ദിവസക്കൂലിയായ പത്തുരൂപയുടെ നേർ പകുതി. ആ അഞ്ച് രൂപ വിലയുള്ള അന്നത്തിനു വേണ്ടിയാണ് നീയാ അടിയും തൊഴിയുമൊക്കെ കൊണ്ടത്. ചോര രുചിച്ചിട്ടും നിന്റെ നാവിൽ അയല മീനിന്റെ രുചി കൊതിനീരായി ഊറി നിന്നു.
കൈപ്പണ്ടാരിയായിരുന്ന ഹമീദാക്ക, പാസേജിലേക്ക് നിനക്ക് ചോറ് കൊണ്ടുതന്നു. അത് നിനക്ക് വാരിത്തരാൻ എന്നോട് പറഞ്ഞു. ആ ചോറ്റുപാത്രത്തിൽ പൊരിച്ച അയല ഉണ്ടായിരുന്നു. ഒന്നല്ല രണ്ടെണ്ണം. ചുണ്ടിൽ അപ്പോഴും കിനിയുന്ന ചോര പോലും കഴുകിക്കളയാതെ, എന്റെ കയ്യിൽ നിന്ന് പാത്രം പിടിച്ചുവാങ്ങി മീൻ തിന്നുന്ന നിന്നെ കണ്ടപ്പോൾ കരച്ചിലിനപ്പുറത്ത് ഇരുണ്ട ആകാശത്തിന്റെ ശൂന്യതയിൽ എന്റെ ബോധം തറഞ്ഞുനിന്നു.
മണീ...
നിന്റെയും എന്റെയും കഥകൾ ആരാണ് ഇന്ന് കേട്ടിരിക്കുക? ഒരു ചായക്കും പൊരിച്ച മീനിനും വരട്ടിയ ഇറച്ചിക്കും വേണ്ടി, നമ്മൾ തല്ലും തൊഴിയും അപമാനങ്ങളും ഏറ്റുവാങ്ങിയാണ് മുതിർന്നത്, എന്നുപറഞ്ഞാൽ എന്റെ മക്കൾ പോലും വിശ്വസിക്കില്ല, അവർ പറയും; ‘തള്ളി മറിക്കല്ലേ ഇപ്പച്ചിയേ’ എന്ന്.
ഞാനും നീയും തള്ളലിനും മറിക്കലിനും കൊടുത്ത അർത്ഥങ്ങളല്ല ഇന്ന് ആ വാക്കുകളുടെ അർത്ഥം. വാക്കുകളുടെ അർത്ഥം പോലും മാറിമറിഞ്ഞ ഈ കാലത്തിൽ നിന്ന് ഞാൻ നിന്നെക്കുറിച്ച് എഴുതുകയാണ്. ഒട്ടും ശക്തിയില്ലാത്ത എന്റെ വാക്കുകൾക്ക് നമ്മുടെ അന്നത്തെ ജീവിതത്തിന്റെ സങ്കടങ്ങളെ, മോഹങ്ങളെ, പീഡനങ്ങളെ, ക്രൂരതകളെ പകർത്താൻ കഴിയാതെ വരുമ്പോൾ പ്രിയപ്പെട്ട കൂട്ടുകാരാ, നീയെന്നോട് പൊറുക്കുക. എന്റെ ഈ വാക്കുകൾ നീ എന്നെങ്കിലും വായിക്കാനിട വന്നാൽ മറവിക്ക് വിട്ടുകൊടുക്കാതെ നിന്റെ നിലാച്ചിരിയെ ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നറിയുക.
ഒരു തിയേറ്ററിൽ നിന്ന് ഫസ്റ്റ് ഷോ കണ്ട്, സെക്കൻറ് ഷോക്കുവേണ്ടി മറ്റൊരു തിയേറ്ററിലേക്ക് നമ്മൾ ഓടിയ കോഴിക്കോട് നഗരം ഇന്ന് വല്ലാതെ മാറിപ്പോയിരിക്കുന്നു. ആ പാതകൾ മാറി. കെട്ടിടങ്ങൾക്ക് ഉയരം കൂടി. ഇന്ന് കോഴിക്കോട്ടെ ഹോട്ടലുകളിൽ മുഷിഞ്ഞുനാറുന്ന വസ്ത്രങ്ങളും ജലം കാണാത്ത ശരീരങ്ങളുമായി നമ്മുടെ പ്രായമുള്ള കുട്ടികൾ മേശ തുടക്കാനുള്ള നാറ്റത്തുണിയുമായി നിൽക്കുന്നുണ്ടാവില്ല.
സിനിമയെന്ന ഭ്രാന്തിനുപിന്നാലെ നമ്മൾ ഓടിയ ഓട്ടം ഇന്ന് ആ പ്രായക്കാർ ഓടുന്നില്ല. അവരുടെ വിരൽത്തുമ്പിൽ സിനിമയുണ്ട്. ലോകം മുഴുവനായും ഉണ്ട്. നമ്മുടെ ദുരിതകഥകൾ കേൾക്കാൻ ഇന്ന് ആരും ഇഷ്ടപ്പെടുന്നില്ല. അല്ലെങ്കിൽ നമ്മുടെ ജീവിതങ്ങൾ പലയാവർത്തി പലരും പറഞ്ഞും എഴുതിയും
വിരശമായി കഴിഞ്ഞു.
എന്നിട്ടും എന്തിന് അതൊക്കെ എഴുതുന്നു അബ്ബാസേ എന്നു നീ ചോദിച്ചാൽ എനിക്ക് കൃത്യമായ ഉത്തരമില്ല മണീ. അടികൊണ്ടത് നമുക്കാണ്, ചോര പൊടിഞ്ഞത് നമ്മുടെ ദേഹത്താണ്. നമ്മളെ അടിച്ചവരും നമ്മുടെ ദുരിതം കണ്ടു നിന്നവരുമാണ് നമ്മളെക്കുറിച്ച് എഴുതിയതും പടം പിടിച്ചതും. നമ്മൾ, അടികൊണ്ടവർ അതിനെക്കുറിച്ച് എഴുതിയിട്ടില്ല. ഞാൻ അതിന് ശ്രമിക്കുകയാണ്, ശ്രമിക്കുക മാത്രമാണ്... ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.