ആ പെൺകുട്ടി നിന്നിൽ നിന്ന് വളരെ ദൂരെ എത്തിയിരിക്കണം. അവളുടെ നിലവിളിയുടെ കത്തിമൂർച്ച ചെവിയിൽ കേട്ട വിനാഴികയിൽ നീ മെയിൻ സ്വിച്ച് ഓണാക്കിയിരിക്കണം. വെള്ളക്കുമ്മായം പൂശിയ ചുമരുകളിൽ നിന്റെ ഇറച്ചിയും ചോരയും പറ്റിപ്പിടിച്ചുനിന്നത് ഞാൻ കണ്ടതാണ്. ജീവന്റെ ഒടുക്കത്തെ തരിയുമായി നീ ഇഴഞ്ഞ പള്ളിഹാളിൽ നിറയെ ചോരയായിരുന്നു. വാതിൽ തുറന്ന ഉമ്മാന്റെ കാൽക്കൽ നീ കുഴഞ്ഞു വീണപ്പോൾ നിന്നെ ഗർഭം ചുമന്ന ആ വയറ്റിലേക്ക് നിന്റെ ചോര തെറിച്ചു വീണിരുന്നു.
സ്‌കൂൾ വിട്ട് വിശപ്പിന്റെ തിരമാലകളിൽ കയറി ആടിയുലഞ്ഞ് ഞാൻ വീട്ടിലേക്കുവരുമ്പോൾ മാസ്റ്ററുടെ വീടിനുമുമ്പിൽ നിറയെ ആളുകൾ ...
എല്ലാ മുഖങ്ങളിലും ആകാംക്ഷയും കൗതുകവും ... കാര്യം കൃത്യമായി മനസ്സിലായില്ലെങ്കിലും കുറച്ചുദിവസങ്ങളായി അന്തരീക്ഷത്തിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രണയത്തിന്റെ വിറകുകൊള്ളികൾ എന്റെ കണ്ണുകളെ നീറ്റി.
ആ വാർപ്പുവീടിന്റെ വരാന്തയിലെ വെള്ളയും പച്ചയും പെയിന്റടിച്ച ഗ്രില്ലിന്റെ കർട്ടൻ പതിവില്ലാതെ താഴ്ന്നുകിടന്നു.
എന്തോ ഒന്ന് സംഭവിക്കാനുണ്ടെന്ന് മനസ് പറഞ്ഞു.
ശമനവഴികളില്ലാത്ത വിശപ്പും പേറി ഞാനാ ആൾകൂട്ടത്തിന്റെ ഓരം ചേർന്നുനിന്നു.
മുകളിൽ എന്റെ വീടിനുചുറ്റും മറ്റൊരു ആൾക്കൂട്ടം ...
രണ്ട് ആൾക്കൂട്ടത്തിനും ഇടയിലെ ദൂരത്തിലൂടെ ആളുകൾ കാഴ്ച കാണാൻ അങ്ങോട്ടുമിങ്ങോട്ടും ഓടി. ആ അന്തരീക്ഷത്തിനുമുകളിൽ ചുവപ്പണിയാൻ തുടങ്ങുന്ന ആകാശത്തിൽ അന്തിപ്പറവകൾ കൂടുതേടി പറന്നു.
കൊടുങ്കാറ്റുപോലെ മകളെയും വലിച്ചിഴച്ച് അയാൾ പുറത്തേക്കുവന്നു.
അവളുടെ ചുണ്ട് പൊട്ടി ചോര ഒലിച്ചു. ആ ചോരത്തുള്ളികൾ എന്റെ ഏട്ടനുവേണ്ടിയാണ് ഒലിക്കുന്നതെന്ന അറിവിൽ ഞാനെന്ന കുട്ടി ആനന്ദിച്ചു.
മാസ്റ്ററുടെ വരാന്തയിലെ ഗ്രില്ലിന്റെ വാതിൽ തുറന്നപ്പോൾ ആൾക്കൂട്ടം ആവേശകരമായ ഒരു രംഗം കാണുന്ന സിനിമാഹാളിൽ എന്നപോലെ ആർപ്പു വിളിച്ചു. വെള്ളവസ്ത്രങ്ങൾ ധരിച്ച മാസ്റ്റർ ആരുടെയോ കൈ പിടിച്ചു വലിച്ച് പുറത്തേക്കിറങ്ങി. ആ കൈ പറിഞ്ഞുപോരുമോന്ന് ഞാൻ ഭയന്നു.
അത് സാജിദാന്റെ കൈയായിരുന്നു.
ആ കയ്യിലെ സ്വർണവള ഞെളുങ്ങിയമർന്ന് ചോര പൊടിഞ്ഞു.
കയ്യിന്റെ പിന്നാലെ അവളെയും മാസ്റ്റർ വലിച്ച് പുറത്തേക്കിട്ടു.
‘ഇന്നെ കൊണ്ടോവണ്ടപ്പാ ... ന്നെ കൊണ്ടോവണ്ട' എന്നവൾ അലറിക്കരഞ്ഞു. ആൾക്കൂട്ടം ഒന്നാകെ ആ കരച്ചിൽ കണ്ട് രസിച്ചു.
മാസ്റ്ററുടെ വീടിനു മുറ്റത്തായി മെയിൻ റോഡിനോട് ചാരി വെളുത്ത അംബാസഡർ കാർ കിടന്നിരുന്നു. അതിന്റെ വാതിൽ തുറന്നുപിടിച്ച് അർളോസ് നിന്നു.
അയാളുടെ മുടിയിൽ കാറ്റ് പിടിക്കുന്നത് ഞാൻ കണ്ടു.
മുകളിൽ എന്റെ വീടിനുമുമ്പിലെ ആൾക്കൂട്ടത്തിലേക്ക് എന്റെ കണ്ണുകൾ തിരിഞ്ഞപ്പോൾ സാജിദ മാസ്റ്ററുടെ കയ്യിൽ കടിച്ച് പിടിവിടുവിച്ച് വീടിനകത്തേക്ക് ഓടി. ആ വാതിൽമറവിലേക്ക് അവളുടെ മഞ്ഞപ്പാവാട മറയുന്നതാണ് ഞാൻ കണ്ടത്.
അവൾ തലയിലിട്ട കടുംചുവപ്പ് തട്ടം റോഡിൽ വീണുകിടന്നു.
അതിന്മേൽ ചവിട്ടി കോപം കൊണ്ട ഒരു മൃഗത്തെപ്പോലെ മാസ്റ്റർ അകത്തേക്കുപാഞ്ഞു.
ആൾക്കൂട്ടത്തിന്റെ ഉത്സാഹം കൂടി.
സിനിമാ തിയേറ്ററുകളിലെ തിരശ്ശീലയിൽ മാത്രം അവർ കണ്ടിട്ടുള്ള രംഗങ്ങൾ കൺമുമ്പിൽ നടക്കുകയാണ്. എനിക്ക് പേരും മുഖവും അറിയാത്ത ഒരു ചെറുപ്പക്കാരൻ ഉച്ചത്തിൽ ആ രംഗത്തിന് കട്ട് പറഞ്ഞു.
അയാൾ സിനിമാ ഷൂട്ടിങ്ങുകൾ കാണുന്ന ആളായിരിക്കണം.
വീടിനകത്ത് മാസ്റ്ററുടെ അടി കൊണ്ട് സാജിദ ഉറക്കെ കരഞ്ഞു.
അവളുടെ ഒച്ച കുറച്ചൊന്ന് പൊന്തിയപ്പോൾ മാസ്റ്ററുടെ അടിയുടെ ഊക്ക് കൂടി. കൊടുങ്കാറ്റുപോലെ മകളെയും വലിച്ചിഴച്ച് അയാൾ പുറത്തേക്കുവന്നു.
അവളുടെ ചുണ്ട് പൊട്ടി ചോര ഒലിച്ചു. ആ ചോരത്തുള്ളികൾ എന്റെ ഏട്ടനുവേണ്ടിയാണ് ഒലിക്കുന്നതെന്ന അറിവിൽ ഞാനെന്ന കുട്ടി ആനന്ദിച്ചു.
ഇത്തവണ മാസ്റ്റർ അവളെ ഒരു ചാക്കുകെട്ടിനെയെന്ന പോലെ വാരിയെടുത്ത് കാറിനുള്ളിലേക്ക് എറിഞ്ഞു. കാറിനുള്ളിൽ അവളുടെ ഉമ്മ തലതാഴ്ത്തി ഇരിക്കുന്നത് ഞാൻ അപ്പഴാണ് കണ്ടത്. മാസ്റ്റർ കാറിനുള്ളിലേക്ക് കയറുമ്പോൾ അവളെ കാലുകൊണ്ട് തൊഴിച്ചു.
അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾക്കുതാഴെ കവിളുകളിൽ മാസ്റ്ററുടെ കയ്യൂക്ക് വീഴ്ത്തിയ അടയാളങ്ങൾ കണ്ടപ്പോൾ എനിക്കാ മനുഷ്യനോട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വെറുപ്പ് തോന്നി.
നിലത്തു കിടന്ന തട്ടമെടുത്ത് അർളോസ് അവളുടെ തലയിൽ ഇട്ടു കൊടുത്തപ്പോൾ അവൾ ഇടം കാലുയർത്തി അയാളെ തൊഴിച്ചു. ആൾക്കൂട്ടം ക്രൂരമായ ആനന്ദത്തിൽ കൈയ്യടിച്ചു. കൂക്കിവിളിച്ചു. വെറും മണ്ണിലേക്ക് മലർന്നടിച്ചു വീണ അർളോസ് ഉടൻ എഴുന്നേറ്റ് കാറിന്റെ ഡോർ തുറന്നു പിടിച്ചു.
മാസ്റ്ററുടെ വെള്ള കുപ്പായത്തിൽ മകളുടെ ചോര അടയാളപ്പെട്ടു കിടന്നു.
ചുണ്ടിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര അവളുടെ താടിയും കടന്ന് കഴുത്തിൽ തടഞ്ഞുനിന്നു.
ഇത്തവണ മാസ്റ്റർ അവളെ ഒരു ചാക്കുകെട്ടിനെയെന്ന പോലെ വാരിയെടുത്ത് കാറിനുള്ളിലേക്ക് എറിഞ്ഞു. കാറിനുള്ളിൽ അവളുടെ ഉമ്മ തലതാഴ്ത്തി ഇരിക്കുന്നത് ഞാൻ അപ്പഴാണ് കണ്ടത്. മാസ്റ്റർ കാറിനുള്ളിലേക്ക് കയറുമ്പോൾ അവളെ കാലുകൊണ്ട് തൊഴിച്ചു. എന്നിട്ട് എല്ലാ ആണധികാരങ്ങളുടേയും ഗർവ്വോടെ ഡോറ ടച്ച് പുറത്തേക്ക് നീട്ടിത്തുപ്പി.
"ഇന്നെ കൊണ്ടോവണ്ടപ്പാ... ന്നെ കൊണ്ടോവണ്ടാന്ന് പറയീ ഉമ്മാ ...' ന്ന് സാജിദ അലറിക്കരഞ്ഞു.
ഉമ്മാന്റയും ഉപ്പാന്റെയും നടുവിലിരുന്ന് അവൾ ഞരങ്ങി തെറിച്ചു.
കൈനഖം കൊണ്ട് മാസ്റ്ററെ മാന്തിപ്പൊളിച്ചു.
അപ്പുറത്തെ ഡോറ് തുറക്കാനാവാത്ത വണ്ണം അവളുടെ ഉമ്മ ബലം പിടിച്ച് ഇരുന്നു.
അർളോസ് ഡ്രൈവിങ് സീറ്റിലേക്ക് കയറി ഡോറടച്ചു. വണ്ടി സ്റ്റാർട്ടായി.
മുകളിൽ എന്റെ വീടിനുമുമ്പിലെ ആൾക്കൂട്ടത്തിലേക്ക് ആരുടെയൊക്കെയോ പിടി വിടുവിച്ച് ഏട്ടൻ വീടിനകത്തു നിന്ന് ചാടിയിറങ്ങിയിരിക്കണം. അവന്റെ കൂട്ടുകാർ അവനെ പിടിച്ചു നിർത്തിയിരിക്കണം. ആൾക്കൂട്ടത്തിനിടയിലൂടെ അവന്റെ ചുരുണ്ട തലമുടി ഞാൻ കണ്ടു. നെഞ്ചു പിളർന്ന് എന്റെ ഉമ്മ കരയുന്നത് ഞാൻ കേട്ടു.
ആ വെള്ള അംബാസഡർ കാർ ഒന്നാം വളവ് കഴിഞ്ഞ് മറയുവോളം ഞാൻ നോക്കി നിന്നു. അതിനുള്ളിൽ നിന്ന് വരുന്ന സാജിദാന്റെ കരച്ചിൽ ഞാൻ കേട്ടു. കുറേ കുട്ടികൾ ആ കാറിനു പിന്നാലെ ഓടുന്നത് ഞാൻ കണ്ടു. വയറ്റിൽ നിന്ന് ഉയർന്ന് തലയിലെത്തി തലയാകെ കനപ്പിക്കുന്ന വിശപ്പിന്റെ തിരമാലകളിൽ ആടിയുലഞ്ഞ് ഞാൻ വീട്ടിലേക്കുനടന്നു. ആളുകൾ എന്നെ തിക്കിത്തിരക്കിക്കൊണ്ട് കാഴ്ച്ച കാണാൻ എന്റെ വീടിനുനേർക്ക് ഓടി.
ജീവന്റെ ഒടുക്കത്തെ തരിയുമായി നീ ഇഴഞ്ഞ പള്ളിഹാളിൽ നിറയെ ചോരയായിരുന്നു. പടവുകളിൽ ചോരയായിരുന്നു. നമ്മുടെ വീട്ടുവാതിൽക്കൽ ചോരയായിരുന്നു.
കാഴ്ചകൾ ...
വെറും കാഴ്ച്ചകളായി ചുരുങ്ങുന്ന ജീവിതമെന്ന ചുടുനോവിനുമുമ്പിൽ ഞാൻ ആദ്യമായി അന്തിച്ചുനിന്ന അസ്തമനമായിരുന്നു അത്.
പള്ളിക്കും പാതകൾക്കും വീടുകൾക്കും ആളുകൾക്കും ശബ്ദങ്ങൾക്കും മുകളിൽ ആകാശം അന്തിച്ചുവപ്പിൽ നിന്ന് രാവിരുട്ടിലേക്ക് നിറം മാറുകയായിരുന്നു.
പാവപ്പെട്ടവന് നഷ്ടമാവുന്ന പ്രണയത്തെ കുറിച്ചുള്ള സിനിമാ ഡയലോഗുകൾ ആരൊക്കെയോ ആനന്ദ സ്വരത്തിൽ ഉരുവിടുന്നത് കേട്ടപ്പോൾ ഞാൻ കണക്കുകൂട്ടി. ആ വെള്ള അംബാസഡർ കാറ് ഇപ്പോൾ രണ്ടാം വളവും കഴിഞ്ഞ് ചതുരവിള എസ്റ്റേറ്റിനു മുമ്പിൽ എത്തിയിട്ടുണ്ടാവും. കാറിനകത്ത് സാജിദ കരയുന്നുണ്ടാവും. മാസ്റ്റർ അവളെ അടിക്കുന്നുണ്ടാവും. ചീത്ത വിളിക്കുന്നുണ്ടാവും.
ആൾക്കൂട്ടത്തെ ചിതറി തെറിപ്പിച്ചു കൊണ്ട് ഏട്ടൻ കുറുക്കുവഴിയിലൂടെ ഓടുന്നതും ചതുരവിള എസ്റ്റേറ്റിന്റെ മതിൽ എടുത്തു ചാടി ആ കാറിനു മുമ്പിൽ നീണ്ടുനിവർന്നു നിൽക്കുന്നതുമൊക്കെ കാണാൻ എന്നിലെ കുട്ടി വല്ലാതെ ആശിച്ചു.
കണക്കുകൾ തെറ്റാത്ത, കാലം ഇടറാത്ത തിരശ്ശീല സിനിമയല്ല ജീവിതമെന്ന് ഞാൻ അറിയുകയായിരുന്നു. എന്റെ ഉപ്പാന്റെ മുഖത്ത്, ഇതൊക്കെയാണ് ജീവിതം എന്ന് എഴുതിവെച്ചത് ഞാൻ വായിക്കുകയായിരുന്നു. ഉമ്മാന്റെ കരച്ചിൽ വല്യാത്തയിലേക്കും മറ്റുള്ളവരിലേക്കും പടർന്ന് കൂട്ടക്കരച്ചിലായി മാറിയിരുന്നു. എന്റെ കണ്ണുകൾ ഏട്ടനെ തിരഞ്ഞു. ഏട്ടൻ തന്റെ പെണ്ണിനായി പണികഴിപ്പിച്ച ഇഷ്ടിക ചുമരുള്ള മുറിയിൽ അവൾക്കായി വാങ്ങിയ കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. ആ കണ്ണുകളിൽ പൊടിഞ്ഞുനിന്ന കണ്ണീരിന് രക്തത്തിന്റെ നിറമാണെന്ന് എനിക്കുതോന്നി.
വല്യാക്ക വാങ്ങി കൊണ്ടുവന്ന അവിലും ശർക്കരയും തേങ്ങയും നടുമുറിയിൽ ചിതറിക്കിടന്നു. അവനെ അവിടെയെങ്ങും കാണാനില്ലായിരുന്നു. അനിയൻ ഉമ്മാന്റെ പുറം തടവിക്കൊടുത്ത് നിശബ്ദം കരഞ്ഞു. കണ്ണീര് പൊടിയാത്ത എന്റെ കണ്ണിനെ ഓർത്ത് ഞാൻ വേദനിച്ചു. വിശപ്പും കണ്ട കാഴ്ചകളിലെ ചോരച്ചുവപ്പും ചേർന്ന് എന്റെ ശരീരമാകെ വല്ലാതെ വിറച്ചു.
ആൾക്കൂട്ടം മെല്ലെ മെല്ലെ പിരിഞ്ഞുപോയി. പാലൈവനം നാട്ടിലേക്ക് പോയതിനാൽ മജീദാണ് അന്നത്തെ മഗ്‌രിബ് ബാങ്ക് വിളിച്ചത്. നടക്കാൻ പോകുന്ന കാര്യങ്ങളൊക്കെ മുൻകൂട്ടി അറിഞ്ഞ പാലൈവനം അവിടന്ന് മാറിനിൽക്കുകയായിരുന്നു എന്ന് പിന്നീടാണ് എല്ലാർക്കും മനസ്സിലായത്.
ഒരു നിലയ്ക്കും തങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ സാജിദാക്ക് പതിനെട്ട് വയസ്സ് തികയുന്ന അന്ന് ഞങ്ങളുടെ അമ്മാവൻ പാർക്കുന്ന കുറ്റ്യാടി എന്ന ദേശത്തേക്ക് മനോഹരന്റെയും അർളോസിന്റെയും സഹായത്തോടെ ഒളിച്ചോടി പോവാനാണ് ഏട്ടനും സാജിതയും പ്ലാനിട്ടത്. പ്ലാനിനൊന്നും കാര്യായ കുഴപ്പമില്ലായിരുന്നു.
മകളെ തന്റെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരുത്തൻ കല്യാണം കഴിക്കുന്നത് സഹിക്കാനാവാത്ത മാസ്റ്റർ അന്നത്തെ കാലത്തെ 5000 രൂപയാണ് ആ ഒറ്റിന് പ്രതിഫലമായി അർളോസിനു നൽകിയത്.
മനോഹരൻ തക്കലയിൽ നിന്ന് രാത്രി ടൂറിസ്റ്റ് ടാക്‌സി പറഞ്ഞയക്കുന്നു. എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അർളോസിന്റെ സഹായത്തോടെ സാജിദ വീട്ടിൽ നിന്നിറങ്ങുന്നു. മനോഹരൻ പറഞ്ഞയച്ച ടൂറിസ്റ്റ് ടാക്‌സി ചതുരവിള എസ്റ്റേറ്റിനു മുമ്പിൽ കാത്തുകിടക്കുന്നു. കുറുക്കുവഴിയിലൂടെ ഏട്ടനും സാജിതയും കാറിൽ കയറി കുറ്റ്യാടിയിലേക്ക് പോകുന്നു.
അവിടെ അമ്മാവന്റെ മകനും കൂട്ടുകാരും ചേർന്ന് രജിസ്റ്റർ വിവാഹത്തിന് വേണ്ടതൊക്കെ ചെയ്യുന്നു. അവിടെ തന്നെ ഏട്ടന് ടാപ്പിംങ് ജോലി ശരിയാക്കുന്നു. രണ്ടുപേരും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.
പക്ഷേ തന്റെ അനിയന് കിട്ടേണ്ട ജോലി തട്ടിയെടുത്ത ഏട്ടനോട് അർളോസ് പക കരുതിവെച്ചിരുന്നു. ആ പകയും മാസ്റ്ററോടുള്ള കൂറും കൂടി ചേർന്നപ്പോൾ അർളോസ് സാജിദാനെ ചതിച്ച് അവളുടെ ഉപ്പാക്ക് കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു.
മകളെ തന്റെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരുത്തൻ കല്യാണം കഴിക്കുന്നത് സഹിക്കാനാവാത്ത മാസ്റ്റർ അന്നത്തെ കാലത്തെ 5000 രൂപയാണ് ആ ഒറ്റിന് പ്രതിഫലമായി അർളോസിനു നൽകിയത്. തന്റെ നാടായ നിലമ്പൂരിലേക്കാണ് മാസ്റ്റർ അന്ന് മകളെ കൊണ്ടുപോയത്.
മജീദിന്റെ ബാങ്ക് വിളി കേട്ടിട്ടും ഏട്ടൻ കിടന്നിടത്തുനിന്ന് എഴുന്നേറ്റില്ല.
സാധാരണ ബാങ്ക് വിളിക്കുമുമ്പേ പള്ളിയിലെത്തുന്ന മകനെ നോക്കി ഉമ്മ കണ്ണീർ പൊഴിച്ചു. കരഞ്ഞുകരഞ്ഞ് ഉമ്മാന്റെ ഒച്ച അടഞ്ഞു പോയിരുന്നു. മറ്റുള്ളവരുടെ കരച്ചിലൊക്കെ നിലച്ചിട്ടും ഉമ്മാന്റെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു. എല്ലാ ദുഃഖങ്ങളും നെഞ്ചേറ്റാൻ വിധിക്കപ്പെട്ട ആ അമ്മമനസ്സിന്റെ വേദന അങ്ങനെ കരഞ്ഞുതീരുന്ന ഒന്നായിരുന്നില്ല.
മഗ്‌രിബ് നിസ്‌കാരത്തിന് അന്ന് പള്ളിയിൽ ആളു കുറവായിരുന്നു.
ശിശിരം ഇല പൊഴിച്ചിട്ട റബർതോട്ടങ്ങളിൽ ഇരുട്ട് പരന്നുകിടന്നു.
കണ്ണീരുപ്പിന്റെ നീറ്റലിൽ തൊടാൻ കുളിർകാറ്റ് വന്നു. വീട്ടിൽ അന്ന് ഒരു വസ്തുവും ഉണ്ടാക്കിയില്ല. ഒരു മേൽക്കൂരക്കുകീഴിൽ 12 മനുഷ്യർ 12 ലോകങ്ങളിലായി ഒറ്റ നൂൽപ്പാലത്തിലൂടെ നടന്നു .
വിശന്നുതളർന്ന് ഞങ്ങൾ ഉറങ്ങി.
ഉറക്കത്തിൽ ആ അംബാസഡർ കാർ തടഞ്ഞുനിർത്തി ഏട്ടൻ സാജിദാന്റെ കയ്യും പിടിച്ച് നടന്നുവന്ന് ഞങ്ങളുടെ വീട്ടിലേക്ക് കയറി. ഞങ്ങൾ നാല് അനിയന്മാരും ആ രാത്രി കണ്ടത് ഏതാണ്ട് ഇതേ സ്വപ്നം തന്നെയായിരുന്നു എന്ന അറിവ് കാലങ്ങൾക്കുശേഷം ഞങ്ങൾ പരസ്പരം പങ്കിട്ടു.
എന്റെ സ്വപ്നത്തിൽ ഏട്ടന് പാന്റും ഷർട്ടും ഉണ്ടായിരുന്നു. ഏട്ടന്റെ കയ്യിൽ പിസ്റ്റൾ ഉണ്ടായിരുന്നു. വാ പൊളിച്ചുനിൽക്കുന്ന മാസ്റ്റർ എന്ന, എം. എൻ. നമ്പ്യാർ ഉണ്ടായിരുന്നു. എല്ലാ സ്വപ്നങ്ങൾക്കും അപ്പുറം ഉണർന്നു കിടന്ന ഏട്ടൻ ഉമ്മയും ഉറങ്ങി എന്നുറപ്പു വരുത്തി പള്ളിയിലേക്ക് പോയി.
ഏട്ടാ...
ഇത്രയും കാലങ്ങൾക്കു ശേഷം ഈ അനിയൻ ആ രാത്രിയെ ഓർത്തെടുക്കുകയാണ്.
പാത മുറിച്ചുകടന്ന് പള്ളിയിലേക്ക് കയറുമ്പോൾ നിന്നെ കൈ വിട്ട ദൈവത്തെ നീ ഓർത്തിരിക്കണം.
മുമ്പിലെ ലോകം മുഴുവൻ നിറം കെട്ടതായി നിനക്ക് തോന്നിയിരിക്കണം.
നീ സാജിദാനെ ഓർത്തിരിക്കണം.
അവൾ ആദ്യമായി നിന്നോട് പ്രണയം പറഞ്ഞ നിമിഷത്തെ ഓർത്തിരിക്കണം. അവൾ തന്ന സ്‌നേഹചുംബനങ്ങളെ, അവളുടെ ഗന്ധങ്ങളെ, അവളുടെ വസ്ത്രവർണങ്ങളെ, അവൾ ജീവിച്ച വീടിനെ, അവൾ നടന്ന വഴികളെ സകലതും നീ ഓർത്തിരിക്കണം.
നിന്റെ ദൈന്യം പിടിച്ച ജീവിതത്തിലേക്ക്, നമ്മുടെ വീട്ടിലേക്ക് വരാനായി ഒടുക്കത്തെ നിമിഷത്തിലും ആശിച്ച ആ പെൺകുട്ടി നിന്നിൽ നിന്ന് അപ്പോൾ വളരെ ദൂരെ എത്തിയിരിക്കണം.
കരഞ്ഞ് തളർന്നുറങ്ങുന്ന നമ്മുടെ ഉമ്മാനെ ഓർത്തിരിക്കണം.
നമ്മുടെ ദൈന്യം പിടിച്ച അടുക്കളയെ ഓർത്തിരിക്കണം.
നിന്റെ മുമ്പിൽ അലറിക്കരഞ്ഞ വിശപ്പിന്റെ വയറുകളെ ഓർത്തിരിക്കണം.
നിന്നെ ചതിച്ച അർളോസിനെ ഓർത്തിരിക്കണം.
ഓർമകൾ കൊണ്ട് കനം തൂങ്ങിയ തലയിൽനിന്ന് എല്ലാം തെറിച്ചു പോവാനായി നീ തല കുടഞ്ഞിരിക്കണം.
ഒന്നും തെറിച്ചു പോയിട്ടുണ്ടാവില്ല.
യാതൊരു മുന്നൊരുക്കവുമില്ലാതെ പള്ളി വരാന്തയിൽ കിടന്ന ഇലക്ട്രിക് വയർ നീ എടുത്തിരിക്കണം.
അതിൽനിന്ന് തോന്നിയത് മുറിച്ചെടുത്ത് അതിന്റെ തൊലി നീക്കിക്കളഞ്ഞ് നീയത് നെഞ്ചത്ത് വരിഞ്ഞ് കെട്ടിയിരിക്കണം.
പാലൈവനത്തിന്റെ മുറിയിലെ മെയിൻ സ്വിച്ച് ഓഫാക്കി , നെഞ്ചത്ത് വരിഞ്ഞുകെട്ടിയ ചെമ്പുകയറിന്റെ മറ്റേയറ്റം പ്ലഗ്ഗിൽ കുത്തി ഒരു നിമിഷം നീ അന്തിച്ച് നിന്നിരിക്കണം.മരണത്തിനും ജീവിതത്തിനും ഇടയിലെ ആ ഒറ്റനിമിഷത്തിൽ പാതയിലൂടെ വലിച്ചിഴക്കപ്പെട്ട് ഒരു അറവുമൃഗത്തെപ്പോലെ തല്ലിയും ചവിട്ടിയും കാറിലേക്ക് വാരിയിടപ്പെട്ട അവളുടെ കണ്ണീരിന്റ ഉപ്പ് നീ നാവിൽ രുചിച്ചിരിക്കണം.
ടൈഗർ ബാമിന്റെ ഗന്ധമാണെന്ന് ഞാൻ തെറ്റിദ്ധരിച്ച ആ രാത്രിയുടെ ഗന്ധം മരണത്തിന്റെതായിരുന്നു. വെന്ത മനുഷ്യമാംസത്തിന്റെതായിരുന്നു. ഉപ്പാന്റെ കണ്ണീരിന്റയും ഉമ്മാന്റെ പ്രാണന്റെയും ഗന്ധമായിരുന്നു.
നിന്റെ ദൈന്യം പിടിച്ച ജീവിതത്തിലേക്ക്, നമ്മുടെ വീട്ടിലേക്ക് വരാനായി ഒടുക്കത്തെ നിമിഷത്തിലും ആശിച്ച ആ പെൺകുട്ടി നിന്നിൽ നിന്ന് അപ്പോൾ വളരെ ദൂരെ എത്തിയിരിക്കണം.
അവളുടെ നിലവിളിയുടെ കത്തി മൂർച്ച ചെവിയിൽ കേട്ട വിനാഴികയിൽ നീ മെയിൻ സ്വിച്ച് ഓണാക്കിയിരിക്കണം. നെഞ്ചിലെ മാംസം തെറിച്ച് ചോര ചീറ്റി ഒഴുകിയിരിക്കണം. ആ മുറിയിലെ വെള്ളക്കുമ്മായം പൂശിയ ചുമരുകളിൽ നിന്റെ ഇറച്ചിയും ചോരയും പറ്റിപ്പിടിച്ചുനിന്നത് ഞാൻ കണ്ടതാണ്. ഒരു മനുഷ്യജീവനെടുക്കാനുള്ള ശേഷിയില്ലാതെ മെയിൻ സ്വിച്ചിന്റെ ഫീസ് അടിച്ചുപോയിരിക്കണം. നിലവിളികളില്ലാതെ നീ ആ പുൽപ്പായയിലേക്ക് തെറിച്ച് വീണിരിക്കണം.
ഏട്ടാ ...എനിക്ക് ഓർമയുണ്ട്.
ജീവന്റെ ഒടുക്കത്തെ തരിയുമായി നീ ഇഴഞ്ഞ പള്ളിഹാളിൽ നിറയെ ചോരയായിരുന്നു. പടവുകളിൽ ചോരയായിരുന്നു. നമ്മുടെ വീട്ടുവാതിൽക്കൽ ചോരയായിരുന്നു. വാതിൽ തുറന്ന ഉമ്മാന്റെ കാൽക്കൽ നീ കുഴഞ്ഞു വീണപ്പോൾ നിന്നെ ഗർഭം ചുമന്ന ആ വയറ്റിലേക്ക് നിന്റെ ചോര തെറിച്ചു വീണിരുന്നു.
എന്റെ ഉറക്കം ഞെട്ടിയത് ഉപ്പാന്റെ നിലവിളി കേട്ടാണ്.
നമ്മുടെ ഉപ്പ ചോരയൊലിക്കുന്ന നിന്നെയും മടിയിൽ കിടത്തി ഒരു കൊച്ചുകുട്ടിയെപ്പോലെ ഉറക്കെയുറക്കെ കരയുന്നത് അന്നാണ് ഞാൻ കണ്ടത്. ബോധംകെട്ട് വീണു കിടക്കുന്ന ഉമ്മാനെ ഞാൻ കണ്ടു. ചുറ്റുപാടു നിന്നും ആളുകൾ ഓടികൂടുന്ന ഒച്ച ഞാൻ കേട്ടു.
ടൈഗർ ബാമിന്റെ ഗന്ധമാണെന്ന് ഞാൻ തെറ്റിദ്ധരിച്ച ആ രാത്രിയുടെ ഗന്ധം മരണത്തിന്റെതായിരുന്നു. വെന്ത മനുഷ്യമാംസത്തിന്റെതായിരുന്നു. ഉപ്പാന്റെ കണ്ണീരിന്റയും ഉമ്മാന്റെ പ്രാണന്റെയും ഗന്ധമായിരുന്നു.
ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോൾ ആ ഗന്ധം എനിക്കുചുറ്റും പടർന്നുപൊള്ളുകയാണ്. ▮