ചിത്രീകരണം:ദേവപ്രകാശ്

പ്രണയം മിടിക്കുന്നു ആ നെഞ്ചിൻകൂട്ടിലിപ്പോഴും

വെറും മനുഷ്യർ- 20

ഏട്ടന്റെ തുടയിൽ നിന്ന് മാംസമെടുത്ത് നെഞ്ചിൽവെച്ച് പിടിപ്പിക്കുകയാണെന്ന അറിവിൽ എന്റെ രാപ്പകലുകൾ പൊള്ളിപ്പിടഞ്ഞു. തുടയിൽ നിന്ന് ഇറച്ചി അരിഞ്ഞെടുക്കുമ്പോൾ ഏട്ടന് വേദനിക്കുമല്ലോ എന്നോർത്ത് എന്റെ നെഞ്ച് കനത്തു.

ജീവന്റെ നാലഞ്ച് തുള്ളികളുമായി ഉമ്മറവാതിൽക്കൽ മരണം കാത്തുകിടന്ന ഏട്ടനെ നാഗർകോവിലിലെ ആശുപത്രിയിൽ എത്തിച്ചത് മനോഹരൻ പറഞ്ഞയച്ച ടൂറിസ്റ്റ് ടാക്‌സിയിലായിരുന്നു. പുതിയ ജീവിതത്തിലേക്കുള്ള ഏട്ടന്റെയും സാജിദാന്റെയും യാത്രയ്ക്കായി അക്കണ്ട നേരമത്രയും അവിടെ കാത്തു കിടന്ന ആ കാറിൽ നാഗർകോവിലിലെത്തുമ്പോൾ ആ നാലഞ്ച് തുള്ളികളിൽ ഒന്നോ രണ്ടോ തുള്ളികളേ ബാക്കിയുണ്ടായിരുന്നുള്ളൂ ...

കാഴ്ച കണ്ടുനിന്ന ആൾക്കൂട്ടത്തിന്റെ മുഖത്ത് ആനന്ദവും കൗതുകവും ഉണ്ടായിരുന്നില്ല. ആൾക്കൂട്ടത്തെ രണ്ടുഭാഗത്തേക്കും വകഞ്ഞുമാറ്റി ഏട്ടനെയും കൊണ്ടുപോയ ആ കാറിൽ ആരൊക്കെയാണ് കയറിപ്പറ്റിയതെന്ന് അപ്പോൾ ഞാൻ അറിഞ്ഞില്ല.
എനിക്കുമുമ്പിൽ ഇരുട്ടായിരുന്നു.
പള്ളി മിന്നാരത്തിലെ വെളിച്ചങ്ങൾ അണഞ്ഞുപോയിരുന്നു.

മദ്രസയിലേക്കെന്നും പറഞ്ഞ് വന്ന കുട്ടികൾ പള്ളിപ്പടവുകളിൽ കട്ടപിടിച്ചുകിടന്ന ചോരയിൽ ചവിട്ടാതെ ഞങ്ങളുടെ വീട്ടിലേക്ക് ഏന്തിവലിഞ്ഞ് നോക്കി. അക്കൂട്ടത്തിൽ ആബിദ ഇല്ലായിരുന്നു.

പാതയിലെ ഒടുക്കത്തെ ആളും പിരിഞ്ഞുപോയപ്പോൾ നേരം പുലരുകയായിരുന്നു. വീടിനകത്തും പുറത്തും എന്റെ അന്തരീക്ഷത്തിലാകെയും ടൈഗർ ബാമിന്റെ ഗന്ധമായിരുന്നു. ഉമ്മയും ഉപ്പയും വല്യാക്കയും വീട്ടിലുണ്ടായിരുന്നില്ല.
ആരും അടുപ്പ് കത്തിച്ചില്ല. ഒന്നും തിന്നാൻ കിട്ടിയില്ല.
ആയിരം മരണവീടുകളുടെ മൂകതയുമായി എന്റെ വീട് നിന്നു.
നിശ്വാസത്തിന്റെ ശബ്ദം പോലും കേൾക്കാമായിരുന്നു.
താഴത്തെ വീട്ടിൽ നിന്ന് ചാരായബഹളങ്ങൾ വന്നില്ല.
പള്ളിയിൽ സുബഹി ബാങ്ക് വിളിച്ചില്ല.
​പുലരിയുടെ പക്ഷികൾ മാത്രം പതിവുശബ്ദങ്ങളുമായി അന്നംതേടി പറന്നു.

ഗോവിന്ദച്ചാമിയുടെ നെൽപ്പാടങ്ങൾ തൊട്ടുഴിഞ്ഞെത്തിയ കാറ്റിൽ എന്റെ താടിയെല്ലുകൾ വിറച്ചു. വിശപ്പ് ചത്തുപോയ വയറ്റിൽ കിടന്ന് ഏതൊക്കെയോ സൂക്ഷ്മജീവികൾ എനിക്കറിയാത്ത ഭാഷയിൽ സങ്കടങ്ങൾ പറഞ്ഞു. അന്നേരം നാഗർകോവിലിലെ ഹോസ്പിറ്റലിൽ ഏട്ടന്റെ ജീവന്റെ തുള്ളികളുടെ എണ്ണം കൂട്ടാനായി ഡോക്ടർമാർ പെടാപ്പാട് പെടുകയായിരുന്നു.
പാലൈവനം സ്ഥലത്ത് ഇല്ലാത്തതിനാൽ അന്ന് മദ്രസ ഉണ്ടായില്ല. മദ്രസയിലേക്കെന്നും പറഞ്ഞ് വന്ന കുട്ടികൾ പള്ളിപ്പടവുകളിൽ കട്ടപിടിച്ചുകിടന്ന ചോരയിൽ ചവിട്ടാതെ ഞങ്ങളുടെ വീട്ടിലേക്ക് ഏന്തിവലിഞ്ഞ് നോക്കി. അക്കൂട്ടത്തിൽ ആബിദ ഇല്ലായിരുന്നു. അനിയത്തിയേയും അനിയനെയും കൂട്ടിപ്പിടിച്ച് വല്യാത്ത അടുക്കളയിൽ ഇരുന്നു. അവളുടെ കണ്ണുകളിൽ ഭയത്തിന്റെ വെളുപ്പ് തെളിഞ്ഞു നിന്നു.

വീടിനുപിറകിലെ കരിമ്പാറയിൽ കയറിയിരുന്ന് കിതപ്പാറ്റി ഞാൻ ചുറ്റും നോക്കി. പതിവുകാഴ്ചകൾ പതിവില്ലാത്ത നിറങ്ങളിലും രൂപഭാവങ്ങളിലും എന്നെ തുറിച്ചു നോക്കി. എനിക്കു പിറകിൽ തരിശുനിലങ്ങൾക്കും റബ്ബർ തോട്ടങ്ങൾക്കും അപ്പുറത്തെ ആകാശം ഉദയവർണ്ണങ്ങളണിഞ്ഞുനിന്നു.
കണ്ണുകളിൽ കനം തൂങ്ങി നിന്ന ഉറക്കം എന്നെ ആ കരിമ്പാറയിൽ പിടിച്ചു കിടത്തി. പിന്നെ ഗണപതി സാറും തങ്കരാജും ചേർന്ന് എന്നെ വിളിച്ചുണർത്തുമ്പോൾ സൂര്യൻ എന്റെ തലക്കുമുകളിൽ എത്തിയിരുന്നു. ഞാൻ തങ്കരാജിനെ തുറിച്ചുനോക്കി. അവന്റെ ചെവിയിൽ നിന്നൊലിക്കുന്ന മഞ്ഞ ചലം സൂര്യവെളിച്ചം തട്ടി തിളങ്ങി.

താഴെ...
സെന്തിലിന്റെ വീട്ടുപടിക്കൽ മുത്തയ്യൻ സാറും പൊന്നഴകി ടീച്ചറും എന്നെ കാത്തുനിന്നിരുന്നു. അവരുടെ അടുത്തേക്കാണ് ഗണപതി സാറ് എന്നെ കൊണ്ടുപോയത്. കരിമ്പാറ ഇറങ്ങുമ്പോൾ ഞാൻ ഓർത്തത് എന്റെ ചത്തുപോയ വിശപ്പിനെയായിരുന്നു. സ്‌നേഹത്തിന്റെ മുഖങ്ങൾക്കും തലോടലുകൾക്കും നടുവിൽ നിൽക്കുമ്പോൾ ഞാൻ ഉപ്പാന്റെ കരച്ചിൽ കേട്ടു. ടൈഗർ ബാമിന്റെ ഗന്ധം തടുക്കാനായി ഞാൻ മൂക്കു പൊത്തി.

മുത്തയ്യൻ സാറ് എന്നെ ചേർത്തുപിടിച്ച് നടന്നു. മുമ്പിലെ പാതയിൽ വെയിലാളുന്നത് ഞാൻ കണ്ടു. ആ വെയിലിന് എന്റെ വീട്ടുവാതിൽക്കൽ വീണുകിടന്ന ഏട്ടന്റെ ചോരയുടെ നിറമായിരുന്നു. എത്ര പൊത്തി പിടിച്ചിട്ടും എന്റെ മൂക്കിലേക്ക് ടൈഗർ ബാമിന്റെ ഗന്ധം തുളച്ചുകയറി. വറ്റി വരണ്ട തൊണ്ടയ്ക്ക് വെള്ളം വേണമായിരുന്നു.

വായിൽ ജീവനില്ലാതെ കിടന്ന നാവ് അനക്കാൻ ശ്രമിച്ച് ഞാൻ പരാജയപ്പെട്ടു. എന്റെ മുമ്പിൽ കാഴ്ചകൾ മങ്ങി. മഞ്ഞുവീണ കണ്ണാടിയിലൂടെ, മുൻപിൽ നടക്കുന്ന ഗണപതി സാറിനെയും തങ്കരാജിനെയും പൊന്നഴകി ടീച്ചറെയും ഞാൻ കണ്ടു. ആ മഞ്ഞിനെയും മുടിക്കൊണ്ട് ടൈഗർ ബാമിന്റെ ഗന്ധവുമായി ചോരയുടെ ചുവപ്പ് തെളിഞ്ഞപ്പോൾ മൂക്ക് പൊത്താൻ പോലുമാവാതെ ഞാൻ ആ പാതയിലേക്ക് കമിഴ്ന്നുവീണു.

ബോധം തെളിയുമ്പോൾ ഞാൻ തങ്കരാജിന്റെ വീട്ടിലായിരുന്നു. ചാണകം മെഴുകിയ തറയിൽ വിരിച്ച പനമ്പായയിൽ എന്റെ അരികത്തായി അവന്റെ അമ്മ ഇരുന്നു. അവരെനിക്ക് കുടിക്കാൻ വെള്ളം തന്നു. അവരെ ചാരായം മണത്തിരുന്നു. പക്ഷേ എനിക്ക് പേടി തോന്നിയില്ല. അവരുടെ മടിയിൽ ചാരിയിരുന്ന് ഞാൻ വെള്ളം കുടിച്ചു. വെള്ളത്തിന്റെ തണുപ്പ് തൊണ്ടയും കടന്ന് നെഞ്ചിലൂടെ വയറിൽ എത്തുന്നത് ഞാൻ അനുഭവിച്ച് അറിഞ്ഞു. തങ്കരാജിന്റെ ഇളയ അനിയത്തി തൊട്ടിലിൽ കിടന്ന് കരഞ്ഞു. അവളുടെ തീരെ ചെറിയ കാലുകൾ തൊട്ടിലിൽ നിന്ന് പുറത്തേക്കുചാടി കാൽപാദങ്ങളുടെ വെൺമയെ എനിക്ക് കാണിച്ചു തന്നു.
തങ്കരാജിന്റെ കരിംതുടയിൽ വാക്കത്തികൊണ്ട് വെട്ടി ഉറഞ്ഞുതുള്ളുന്ന ആ സ്ത്രീ അപ്പോൾ തികഞ്ഞ ശാന്തതയോടെ എന്റെ തല മടിയിൽ നിന്നെടുത്ത് പായയിൽ വെച്ചിട്ട് പറഞ്ഞു.

ആ ഉമ്മ ഏതോ ആശുപത്രി മുറിയിൽ മകന്റെ ജീവൻ ചോർന്നുപോവാതിരിക്കാൻ ദൈവത്തോട് ഉള്ളുപിടഞ്ഞ് പ്രാർത്ഥിക്കുന്നത് മാസ്റ്റർ അറിയുന്നുണ്ടാവുമോ ...? സാജിദ അറിയുന്നുണ്ടാവുമോ...? തന്റെ മകൾക്കായി ജീവൻ വെടിയാൻ തയാറായ ചെറുപ്പക്കാരനെ മാസ്റ്റർ ഓർക്കുന്നുണ്ടാവുമോ...?

‘കൊഞ്ചം പൊറു രാസാ ... കഞ്ചി ദോ ഇപ്പൊ തറ്‌റേൻ.'
കഞ്ഞി എന്നുകേട്ടതും അതുവരെ ചത്തുകിടന്ന വിശപ്പിന്റെ ജീവികൾ എന്റെ വയറ്റിൽ മുരളാൻ തുടങ്ങി . മുരളൽ മാന്തിപ്പറിക്കലായി മാറി. തലേന്ന് ഉച്ചക്കാണ് ഞാൻ വല്ലതും തിന്നത് എന്ന ഓർമയിൽ ആ മാന്തി പറിക്കലിന് ശക്തി കൂടി. അടുക്കളയിൽ നിന്ന് അരി വേവുന്ന സുഗന്ധം വന്നു. ഓലച്ചുമരുകളുടെ പഴുതുകളിലൂടെ വെയിൽ വന്നു. തങ്കരാജിന്റെ അനിയത്തി തൊട്ടിലിൽ നിന്ന് ഇഴഞ്ഞിറങ്ങി മുട്ടുകുത്തി എന്റെ പായയിലേക്ക് വന്നു. ആ കുഞ്ഞിക്കൈകൾ എന്റെ കാൽവിരലിൽ തൊട്ടപ്പോൾ പൊരുളറിയാത്തൊരു ആശ്വാസത്തിൽ ഞാൻ കുളിർന്നു.

ഞാൻ ഉമ്മാനെ ഓർത്തു. ആ ഉമ്മ ഏതോ ആശുപത്രി മുറിയിൽ മകന്റെ ജീവൻ ചോർന്നുപോവാതിരിക്കാൻ ദൈവത്തോട് ഉള്ളുപിടഞ്ഞ് പ്രാർത്ഥിക്കുന്നത് മാസ്റ്റർ അറിയുന്നുണ്ടാവുമോ ...? സാജിദ അറിയുന്നുണ്ടാവുമോ...? തന്റെ മകൾക്കായി ജീവൻ വെടിയാൻ തയാറായ ചെറുപ്പക്കാരനെ മാസ്റ്റർ ഓർക്കുന്നുണ്ടാവുമോ...? ഓർത്തിരിക്കണം. കാലങ്ങൾക്കുശേഷം ഏട്ടന്റെ വാക്കുകളിലൂടെ മാസ്റ്റർ ഹോസ്പിറ്റലിൽ വന്നതും, ഏട്ടന്റെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ചതും, കുറെ പണം ഉപ്പാക്ക് കൊടുക്കാൻ നോക്കിയതും, ഉമ്മ അയാളെ ചീത്തവിളിച്ചു ഓടിച്ചതുമൊക്കെ ഞാൻ കേട്ടിട്ടുണ്ട്. യാതൊരു നിർവചനങ്ങൾക്കും വഴങ്ങാത്ത ജീവിയാണ് മനുഷ്യനെന്നും തോന്നിയിട്ടുണ്ട്.

തങ്കരാജ് വന്നുകയറിയത് കൈയ്യിൽ ഒരു പൊതിയുമായിട്ടാണ്. അന്നാണ് ബട്ടണുള്ള നിക്കറിട്ടു നിൽക്കുന്ന അവനെ ഞാൻ ആദ്യമായും അവസാനമായും കണ്ടത്. അവന്റെ കണ്ണുകളിൽ എനിക്കുവേണ്ടി ഉരുണ്ടുകൂടിയ കാർമേഘങ്ങൾ ഞാൻ കണ്ടു. ഒലപ്പഴുതിലൂടെ വന്ന വെയിൽ വെളിച്ചം അവന്റെ കഴുത്തിലെ മഞ്ഞച്ചലത്തിൽ തട്ടി ചിരിക്കുന്നതും കണ്ടു. അവൻ അനിയത്തിയെ വാരിയെടുത്ത് അടുക്കളയിലേക്ക് പോയി. തല ചരിച്ച് നോക്കിയാൽ കാണാവുന്ന അടുക്കളയിലെ വിറകടുപ്പിൽനിന്ന് അവന്റെ അമ്മ കഞ്ഞിക്കലം ഇറക്കി വെച്ചു. എന്നിട്ടതിൽ നിന്ന് കുറച്ചെടുത്ത് ചൂടാറ്റി.

തങ്കരാജിന്റെ എളിയിൽ നിന്ന് ഊർന്നിറങ്ങിയ അനിയത്തി ഇഴഞ്ഞിഴഞ്ഞ് എന്റെ അരികിൽ തന്നെ എത്തി. തികച്ചും അപരിചിതനായ എന്നോട് യാതൊരു മറയുമില്ലാതെ അവൾ ചിരിച്ചു. ഞാൻ അവളുടെ നേരെ കൈ നീട്ടിയപ്പോൾ അവൾ മുട്ടിലിഴഞ്ഞ് അകന്നുപോയി.
ചൂടാറിയ കഞ്ഞി ഒരു മൺപാത്രത്തിൽ ഒഴിച്ച് തങ്കരാജിന്റെ അമ്മ എന്റെ അരികിൽ വന്നിരുന്നു. തങ്കരാജ് അവൻ കൊണ്ടു വന്ന് പൊതി അഴിച്ച് അതിലുള്ളത് ഒരു അലൂമിണിയ പാത്രത്തിലേക്കിട്ട് കഞ്ഞിയുടെ അടുത്ത് കൊണ്ട് വെച്ചു.
'എള്ന്തിരി രാസാ...' തങ്കരാജിന്റെ അമ്മ എന്ന പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി. തലയുടെ വട്ടം കറങ്ങൽ നിലച്ചിരുന്നു. ഞാൻ എഴുന്നേറ്റിരിക്കുമ്പോൾ എന്റെ കാൽച്ചുവട്ടിലായി പനമ്പായയുടെ പുറത്ത് തങ്കരാജിന്റെ അനിയത്തി ശബ്ദമുണ്ടാക്കിക്കൊണ്ട് തൂറി. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. തങ്കരാജ് കൊണ്ടുവച്ച പാത്രത്തിൽ ഇറച്ചിയായിരുന്നു. അവൻ അത് കുട്ടൻനായരുടെ ഹോട്ടലിൽ നിന്ന് വാങ്ങിയതാവുമെന്ന് ഞാൻ ഊഹിച്ചു.
അവന്റെ അമ്മ എനിക്ക് കഞ്ഞി കോരി തന്നു. ഇളംചൂടുള്ള ആ കഞ്ഞി നീണ്ട ഇരുപത്തിയാറ് മണിക്കൂറുകൾക്കു ശേഷം ഞാൻ കഴിക്കുന്ന അന്നമായിരുന്നു. ഇക്കാലമത്രയും ഞാൻ കഴിച്ച അന്നങ്ങളിൽ ഏറ്റവും രുചിയുള്ള അന്നമായിരുന്നു അത്. തങ്കരാജ് അനിയത്തിയെ പൊക്കിയെടുത്ത് മറ്റൊരിടത്ത് ഇരുത്തി. അപ്പോഴേക്കും അവൾ കയ്യിലാകെ തീട്ടം പുരട്ടി കഴിഞ്ഞിരുന്നു. പാത്രത്തിലെ ഇറച്ചി ഞാൻ ആർത്തിയോടെ എടുത്ത് കഴിച്ചു. അതുവരെ അത്ര രുചിയുള്ള ഇറച്ചി ഞാൻ കഴിച്ചിരുന്നില്ല.

‘നീങ്കെ പണ്ണിക്കൊളമ്പ് ശാപ്പ്ട മാട്ടീങ്കളാ ...'
തങ്കരാജിന്റെ അമ്മ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് മനസ്സിലായി അത് പന്നിയിറച്ചിയാണെന്ന്. ഒരു മാത്ര ഞാൻ ശങ്കിച്ചിരുന്നു. പാലൈവനം ഉസ്താദ് പഠിപ്പിച്ചുതന്ന ഹറാമും ഹലാലും എന്റെ വിരൽത്തുമ്പിൽ പറ്റിപ്പിടിച്ചുനിന്നു. എല്ലാ ഹറാമുകളെയും റദ്ദ് ചെയ്യുന്ന വിശപ്പെന്ന മൃഗം എന്റെ വയറ്റിൽ അതിന്റെ കൈ നഖങ്ങൾ കൊണ്ട് മാന്തുന്നുണ്ടായിരുന്നു. വിരൽതുമ്പിൽ പറ്റിപ്പിടിച്ച് നിന്ന ഹറാമും ഹലാലുമൊക്കെ ആ മൃഗം തട്ടിത്തെറിപ്പിച്ചു.

തങ്കരാജിന്റെ അമ്മയോട് മറുപടിയൊന്നും പറയാതെ ഞാനാ ഇറച്ചി മുഴുവൻ തിന്നു തീർത്തു. കഞ്ഞി കൂടി കുടിച്ചു കഴിഞ്ഞപ്പോൾ ഞാൻ പുതിയൊരു ആളായി. വയറ് നിറഞ്ഞപ്പോൾ പന്നിയിറച്ചിയെന്ന നിഷിദ്ധ വസ്തു എന്നെ ഭയപ്പെടുത്തി. ദീനിൽ നിന്ന് പുറത്താവാൻ മാത്രം പന്നിയിറച്ചി ഞാൻ തിന്നിട്ടില്ലെന്ന് പലവട്ടം ഞാൻ എന്നോട് തന്നെ പറഞ്ഞുറപ്പിച്ചു. എന്നിട്ടും പാലൈവനം ഉസ്താദ് വിവരിച്ചുതന്ന നരകം അതിന്റെ വാതിലുകൾ കാട്ടി എന്നെ കുറേയേറെ ദിവസം പേടിപ്പിച്ചു കൊണ്ടിരുന്നു.

അന്നത്തെ ആ രാത്രിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഏട്ടനെ നാലുമാസം കഴിഞ്ഞാണ് ഞങ്ങൾ പിന്നെ കാണുന്നത്. ആ നാലുമാസത്തെ ജീവിതം ഏത് നരകവും തോറ്റുപോകുന്ന തീയിന്റെതായിരുന്നു. ഉമ്മ ഇല്ലാത്ത അടുക്കള അനാഥമായി കിടന്നു. എപ്പോഴെങ്കിലും ഉപ്പ കൊണ്ടുവരുന്ന അരി വല്യാത്ത കഴുകി അടുപ്പിൽ വെച്ചു. വേവ് മുഴുവനാവും മുമ്പേ ഞങ്ങളിൽ കൈയ്യൂക്കുള്ളവർ അത് കോരി കുടിച്ചു. ഓരോ തവണ ആശുപത്രിയിൽ നിന്നും ഉമ്മ വരുമ്പോഴും എന്തെങ്കിലുമൊക്കെ തിന്നാൻ ഉണ്ടാക്കും. എന്നിട്ട് അതിന്റെ മുക്കാൽപങ്കും ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകും. തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ച മകൻ മെല്ലെ മെല്ലെ ജീവനിലേക്കും ജീവിതത്തിലേക്കും തിരിച്ചു നടക്കുന്നത് ഉമ്മ ആനന്ദത്തോടെ കാണുകയായിരുന്നു.
ഏട്ടന്റെ തുടയിൽ നിന്ന് മാംസമെടുത്ത് നെഞ്ചിൽവെച്ച് പിടിപ്പിക്കുകയാണെന്ന അറിവിൽ എന്റെ രാപ്പകലുകൾ പൊള്ളിപ്പിടഞ്ഞു. തുടയിൽ നിന്ന് ഇറച്ചി അരിഞ്ഞെടുക്കുമ്പോൾ ഏട്ടന് വേദനിക്കുമല്ലോ എന്നോർത്ത് എന്റെ നെഞ്ച് കനത്തു.

വിദൂരതയിൽ ഒരു ആശുപത്രി മുറിയിൽ കാൽത്തുടകളിൽ കുഴികളുമായി ചോരയൊലിപ്പിച്ചുകിടക്കുന്ന ഏട്ടനെ സങ്കൽപ്പിച്ചെടുത്ത ഞാൻ ഏട്ടൻ മടങ്ങിവന്നപ്പോൾ ആ നെഞ്ചിലെ പാടുകൾ കണ്ട് ഉറക്കെ കരഞ്ഞത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു.

ആ ദിവസങ്ങളിലൊക്കെയും എനിക്കുള്ള ഉച്ചച്ചോറ് മുത്തയ്യൻ സാറിന്റെ വീട്ടിൽ നിന്ന് സാറ് കൊണ്ടുവന്നു. സാറിന്റെ ഭാര്യ ഉണ്ടാക്കിയ തൈര് സാദവും കൊണ്ടാട്ടമുളകും ഊറുകയുമൊക്കെ എനിക്കതുവരെ കിട്ടാത്ത ഭക്ഷണമായിരുന്നു. സംഭവിച്ച കാര്യങ്ങളെ കുറിച്ചൊന്നും സാറ് എന്നോട് ചോദിച്ചില്ല. ടീച്ചർമാരോ മറ്റു കുട്ടികളോ ആ സംഭവത്തിലേക്ക് ശ്രദ്ധ തിരിച്ചാൽ സാറ് ഉടൻ ഇടപെട്ട് മറ്റെന്തെങ്കിലും പറയും.

എനിക്ക് ഏട്ടനെ കാണണം എന്നുണ്ടായിരുന്നു. പക്ഷേ നാഗർകോവിലിലെ ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റലിലേക്ക് പെരുംചിലമ്പിൽ നിന്നും രണ്ട് ബസ് മാറിക്കയറണം. അര ടിക്കറ്റിന്റെ കാശും വേണം. അനിയനെ ഉമ്മ ഇടയ്ക്ക് കൊണ്ടുപോയി. ഞങ്ങൾ രണ്ടാളെയും കൊണ്ടുപോവാനുള്ള ബസുകൂലി ഉമ്മാന്റെ കയ്യിലുണ്ടായിരുന്നില്ല. നടന്നുപോകാവുന്ന ദൂരത്തായിരുന്നില്ല നാഗർകോവിൽ.
വിദൂരതയിൽ ഒരു ആശുപത്രി മുറിയിൽ കാൽത്തുടകളിൽ കുഴികളുമായി ചോരയൊലിപ്പിച്ചുകിടക്കുന്ന ഏട്ടനെ സങ്കൽപ്പിച്ചെടുത്ത ഞാൻ ഏട്ടൻ മടങ്ങിവന്നപ്പോൾ ആ നെഞ്ചിലെ പാടുകൾ കണ്ട് ഉറക്കെ കരഞ്ഞത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു. ഇപ്പോഴും നെഞ്ചിൽ നഷ്ടപ്രണയത്തിന്റെ മുറിപ്പാടുകളുമായി എന്റെ ഏട്ടൻ ജീവിച്ചിരിപ്പുണ്ട്. എനിക്ക് നടന്നെത്താവുന്ന ദൂരത്തിൽ... ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments