‘‘ആ പെൺകുട്ടി നിന്നിൽ നിന്ന് അപ്പോൾ വളരെ ദൂരെ എത്തിയിരിക്കണം. അവളുടെ നിലവിളിയുടെ കത്തി മൂർച്ച ചെവിയിൽ കേട്ട വിനാഴികയിൽ നീ മെയിൻ സ്വിച്ച് ഓണാക്കിയിരിക്കണം. നെഞ്ചിലെ മാംസം തെറിച്ച് ചോര ചീറ്റി ഒഴുകിയിരിക്കണം. ആ മുറിയിലെ വെള്ളക്കുമ്മായം പൂശിയ ചുമരുകളിൽ നിന്റെ ഇറച്ചിയും ചോരയും പറ്റിപ്പിടിച്ചുനിന്നത് ഞാൻ കണ്ടതാണ്. ഒരു മനുഷ്യജീവനെടുക്കാനുള്ള ശേഷിയില്ലാതെ മെയിൻ സ്വിച്ചിന്റെ ഫീസ് അടിച്ചുപോയിരിക്കണം. നിലവിളികളില്ലാതെ നീ ആ പുൽപ്പായയിലേക്ക് തെറിച്ച് വീണിരിക്കണം''- അകന്നകന്നുപോയ പ്രണയിനിയെ ഓർത്തോർത്ത് ജീവനൊടുക്കിയ സ്വന്തം ചേട്ടനെ, വർഷങ്ങൾക്കുശേഷം ഓർത്തെടുക്കുകയാണ്, ‘വെറും മനുഷ്യർ' എന്ന ആത്മകഥയിലൂടെ മുഹമ്മദ് അബ്ബാസ്.
ചോരയിറ്റുന്ന ആ അധ്യായം ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 35ൽ വായിക്കാം.
‘‘മാസ്റ്ററുടെ വരാന്തയിലെ ഗ്രില്ലിന്റെ വാതിൽ തുറന്നപ്പോൾ ആൾക്കൂട്ടം ആവേശകരമായ ഒരു രംഗം കാണുന്ന സിനിമാഹാളിൽ എന്നപോലെ ആർപ്പു വിളിച്ചു. വെള്ളവസ്ത്രങ്ങൾ ധരിച്ച മാസ്റ്റർ ആരുടെയോ കൈ പിടിച്ചു വലിച്ച് പുറത്തേക്കിറങ്ങി. ആ കൈ പറിഞ്ഞുപോരുമോന്ന് ഞാൻ ഭയന്നു. അത് സാജിദാന്റെ കൈയായിരുന്നു.
ആ കയ്യിലെ സ്വർണവള ഞെളുങ്ങിയമർന്ന് ചോര പൊടിഞ്ഞു. കയ്യിന്റെ പിന്നാലെ അവളെയും മാസ്റ്റർ വലിച്ച് പുറത്തേക്കിട്ടു.''
‘ഇന്നെ കൊണ്ടോവണ്ടപ്പാ ... ന്നെ കൊണ്ടോവണ്ട' എന്നവൾ അലറിക്കരഞ്ഞു. ആൾക്കൂട്ടം ഒന്നാകെ ആ കരച്ചിൽ കണ്ട് രസിച്ചു.
‘‘മാസ്റ്റർ അവളെ ഒരു ചാക്കുകെട്ടിനെയെന്ന പോലെ വാരിയെടുത്ത് കാറിനുള്ളിലേക്ക് എറിഞ്ഞു. കാറിനുള്ളിൽ അവളുടെ ഉമ്മ തലതാഴ്ത്തി ഇരിക്കുന്നത് ഞാൻ അപ്പോഴാണ് കണ്ടത്. മാസ്റ്റർ കാറിനുള്ളിലേക്ക് കയറുമ്പോൾ അവളെ കാലുകൊണ്ട് തൊഴിച്ചു. ഉമ്മാന്റയും ഉപ്പാന്റെയും നടുവിലിരുന്ന് അവൾ ഞരങ്ങി തെറിച്ചു. കൈനഖം കൊണ്ട് മാസ്റ്ററെ മാന്തിപ്പൊളിച്ചു.''
ആ വെള്ള അംബാസഡർ കാർ ഒന്നാം വളവ് കഴിഞ്ഞ് മറയുവോളം ഞാൻ നോക്കി നിന്നു. അതിനുള്ളിൽ നിന്ന് വരുന്ന സാജിദാന്റെ കരച്ചിൽ ഞാൻ കേട്ടു.
ഏട്ടാ...
ഇത്രയും കാലങ്ങൾക്കു ശേഷം ഈ അനിയൻ ആ രാത്രിയെ ഓർത്തെടുക്കുകയാണ്.
പാത മുറിച്ചുകടന്ന് പള്ളിയിലേക്ക് കയറുമ്പോൾ നിന്നെ കൈവിട്ട ദൈവത്തെ നീ ഓർത്തിരിക്കണം.
മുമ്പിലെ ലോകം മുഴുവൻ നിറം കെട്ടതായി നിനക്ക് തോന്നിയിരിക്കണം.
നീ സാജിദാനെ ഓർത്തിരിക്കണം.
അവൾ ആദ്യമായി നിന്നോട് പ്രണയം പറഞ്ഞ നിമിഷത്തെ ഓർത്തിരിക്കണം. അവൾ തന്ന സ്നേഹചുംബനങ്ങളെ, അവളുടെ ഗന്ധങ്ങളെ, അവളുടെ വസ്ത്രവർണങ്ങളെ, അവൾ ജീവിച്ച വീടിനെ, അവൾ നടന്ന വഴികളെ സകലതും നീ ഓർത്തിരിക്കണം. നിന്റെ ദൈന്യം പിടിച്ച ജീവിതത്തിലേക്ക്, നമ്മുടെ വീട്ടിലേക്ക് വരാനായി ഒടുക്കത്തെ നിമിഷത്തിലും ആശിച്ച ആ പെൺകുട്ടി നിന്നിൽ നിന്ന് അപ്പോൾ വളരെ ദൂരെ എത്തിയിരിക്കണം. കരഞ്ഞ് തളർന്നുറങ്ങുന്ന നമ്മുടെ ഉമ്മാനെ ഓർത്തിരിക്കണം.
യാതൊരു മുന്നൊരുക്കവുമില്ലാതെ പള്ളി വരാന്തയിൽ കിടന്ന ഇലക്ട്രിക് വയർ നീ എടുത്തിരിക്കണം.
അതിൽനിന്ന് തോന്നിയത് മുറിച്ചെടുത്ത് അതിന്റെ തൊലി നീക്കിക്കളഞ്ഞ് നീയത് നെഞ്ചത്ത് വരിഞ്ഞ് കെട്ടിയിരിക്കണം. പാലൈവനത്തിന്റെ മുറിയിലെ മെയിൻ സ്വിച്ച് ഓഫാക്കി , നെഞ്ചത്ത് വരിഞ്ഞുകെട്ടിയ ചെമ്പുകയറിന്റെ മറ്റേയറ്റം പ്ലഗ്ഗിൽ കുത്തി ഒരു നിമിഷം നീ അന്തിച്ച് നിന്നിരിക്കണം. മരണത്തിനും ജീവിതത്തിനും ഇടയിലെ ആ ഒറ്റനിമിഷത്തിൽ പാതയിലൂടെ വലിച്ചിഴക്കപ്പെട്ട് ഒരു അറവുമൃഗത്തെപ്പോലെ തല്ലിയും ചവിട്ടിയും കാറിലേക്ക് വാരിയിടപ്പെട്ട അവളുടെ കണ്ണീരിന്റ ഉപ്പ് നീ നാവിൽ രുചിച്ചിരിക്കണം.
ഏട്ടാ ...എനിക്ക് ഓർമയുണ്ട്.
ജീവന്റെ ഒടുക്കത്തെ തരിയുമായി നീ ഇഴഞ്ഞ പള്ളിഹാളിൽ നിറയെ ചോരയായിരുന്നു. പടവുകളിൽ ചോരയായിരുന്നു. നമ്മുടെ വീട്ടുവാതിൽക്കൽ ചോരയായിരുന്നു. വാതിൽ തുറന്ന ഉമ്മാന്റെ കാൽക്കൽ നീ കുഴഞ്ഞു വീണപ്പോൾ നിന്നെ ഗർഭം ചുമന്ന ആ വയറ്റിലേക്ക് നിന്റെ ചോര തെറിച്ചു വീണിരുന്നു...
വെറും മനുഷ്യർ-19
മുഹമ്മദ് അബ്ബാസ് എഴുതുന്ന ആത്മകഥ
ട്രൂ കോപ്പി വെബ്‌സീനിൽ തുടരുന്നു