മുഹമ്മദ്​ അബ്ബാസ്​ / ഫോട്ടോ: മുഹമ്മദ് ഹനാൻ

വെറും മനുഷ്യർ

‘‘എന്റെ ഈ എഴുത്ത് ഒരിക്കലും നിങ്ങളെ രസിപ്പിക്കില്ല. വ്യാകരണ പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകർത്തുമ്പോൾ പലതും ചോർന്ന് പോയെന്ന് വരാം. ദയവായി നിങ്ങളിതിൽ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങൾ, അല്ല ഒരുപാട് ജീവിതങ്ങൾ അങ്ങനെയാണ്’’... എട്ടാം ക്ലാസും തമിഴും മാത്രം കൈമുതലായ, കൂലിപ്പണിയും പെയിന്റുപണിയും ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അബ്ബാസ് എന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ആത്മകഥ ആരംഭിക്കുന്നു

റവാട്ടുമഹിമ കൊണ്ട് വയറുനിറയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് എന്റെ ഉപ്പ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ വേളിമലയിലേക്ക് ടാപ്പിംങ്ങ് തൊഴിലാളിയായി കുടിയേറിയത്. മലബാറിൽ നിന്നുള്ള അക്കാലത്തെ കുടിയേറ്റങ്ങൾ എല്ലാം അന്നം തേടിയുള്ള അലച്ചിൽ തന്നെയായിരുന്നു. പലതിനോടും പൊരുതി പലരും പലതും നേടി, ചിലർ ഉള്ളത് കൂടി നഷ്ടപ്പെടുത്തി ജീവിതത്തിൽ നരകം പണിതു.

ഉപ്പ എത്തും മുമ്പേ വേളിമലയിലെ വലിയ റബ്ബർ തോട്ടങ്ങളിൽ ജോലിക്കാർ തികഞ്ഞിരുന്നു. അപ്പോൾ മലയുടെ താഴ്‌വരകളിലും പരിസരങ്ങളിലുമുള്ള ചെറിയ റബ്ബർ തോട്ടങ്ങളിൽ ഒന്നിൽ ഉപ്പ ജോലിക്കുചേർന്നു. ഉപ്പ ദൈവവിശ്വാസിയും മതവിശ്വാസിയുമാണ്. മക്കളെ മതം പഠിക്കാൻ വിട്ടു. പക്ഷേ ദൈവത്തിൽ വിശ്വസിക്കാനോ മതം ആചരിക്കാനോ മക്കളെ ഒരിക്കലും നിർബന്ധിച്ചില്ല. ""ഇങ്ങളെയൊക്കെ ദീൻ പഠിക്കാൻ ഞാൻ വിട്ടിട്ടുണ്ട്. ഇങ്ങളൊക്കെ ദീൻ പഠിച്ചിട്ടുമുണ്ട്. ബാക്കിയൊക്കെ ഇങ്ങളും പടച്ചോനും തമ്മിലാണ്'' എന്നാണ് ഉപ്പ എപ്പഴും പറയാറ്.
​ഒട്ടും പരിചയമില്ലാത്ത പരിസരങ്ങളിലും തൊഴിലിലും ഉപ്പ പിടിച്ചുനിന്നത് കുടുംബം പോറ്റുക എന്നതിലുപരി സ്വന്തം ജീവിതം ജീവിക്കാൻ വേണ്ടി കൂടിയാണ്. സിനിമ ഹറാമായ അന്നത്തെ മലപ്പുറത്തുനിന്നാണ് ഉപ്പ വേളിമലയിലെത്തിയത്. ഉപ്പാക്ക് സിനിമ ലഹരിയായിരുന്നു.

ലഹരിയേക്കാൾ ഉപരി സിനിമ ഉപ്പാക്ക് ജീവിതമായിരുന്നു. ഉപ്പ ജീവിച്ച ജീവിതത്തിൽ നിന്ന് സിനിമകളെ എടുത്തു മാറ്റിയാൽ പിന്നെ കാര്യമായിട്ടൊന്നും അവിടെ ബാക്കിയുണ്ടാവില്ല

കൂട്ടുകാരെല്ലാം പണി കഴിഞ്ഞ് മറ്റു ലഹരികൾ തേടി പോയപ്പോൾ ഉപ്പ പന്ത്രണ്ട് മൈൽ അകലെയുള്ള തക്കലയിലേക്ക് സിനിമയുടെ ലഹരിയും പൊരുളും തേടി കാട്ടുപാതകളിലൂടെ നടന്നു. അവിടെയെത്തി രണ്ട് ഷോ കണ്ടിട്ടാണ് മടങ്ങാറ്. പലപ്പോഴും കണ്ട സിനിമ തന്നെ ഒരു വട്ടം കൂടി കണ്ടു. ലഹരിയേക്കാൾ ഉപരി സിനിമ ഉപ്പാക്ക് ജീവിതമായിരുന്നു. ഉപ്പ ജീവിച്ച ജീവിതത്തിൽ നിന്ന് സിനിമകളെ എടുത്തു മാറ്റിയാൽ പിന്നെ കാര്യമായിട്ടൊന്നും അവിടെ ബാക്കിയുണ്ടാവില്ല.
തന്റെ ജീവിതത്തേക്കാൾ സുന്ദരമായ ജീവിതങ്ങളും സാഹചര്യങ്ങളും തിരശ്ശീലയിൽ നിന്നിറങ്ങി ഉപ്പാന്റെ തലച്ചോറിൽ കയറിയിരുന്നു. സുന്ദരിയായ കാമുകിയെപ്പോലെ സിനിമ ഉപ്പാനെ എപ്പോഴും മാടിവിളിച്ചു. ആ വിളിക്ക് ഉത്തരം നൽകാതിരിക്കാൻ ഉപ്പാക്ക് കഴിയുമായിരുന്നില്ല. ഒരു പക്ഷേ ഹറാമെന്ന് വിധിക്കപ്പെട്ട ഒന്നിനെതിരെ ഉപ്പ ജീവിതം കൊണ്ട് ജിഹാദ് നടത്തിയതാവാം.

രണ്ടാമത്തെ കളിയും കഴിഞ്ഞ് ഇരുട്ടിലൂടെ, പതിയിരിക്കുന്ന അപകടങ്ങളിലൂടെ താൻ കണ്ട സിനിമകളിലെ പാട്ടുകളും പാടി ഉപ്പ നിർഭയനായി നടന്നു. വഴിയിൽ കണ്ടുമുട്ടുന്ന കാട്ടാനകൾ സമ്മതിച്ചിരുന്നെങ്കിൽ ഉപ്പ അവർക്ക് താൻ കണ്ട സിനിമകളുടെ കഥ പറഞ്ഞുകൊടുത്തേനെ. വാളില്ലാതെ തന്നെ വാൾ പയറ്റ് കാണിച്ചു കൊടുത്തേനേ...

എന്റെ ഉപ്പ അങ്ങനെയൊക്കെയായിരുന്നു. ആ മനുഷ്യൻ മരണം വരെ നടന്ന ദൂരങ്ങളിലൊന്നും തണലിടങ്ങൾ ഉണ്ടായിരുന്നില്ല. കാലങ്ങൾക്കുശേഷം ഒരുപാട് പൂച്ചകളും അതിലേറെ രോഗങ്ങളുമായി ഉപ്പ കിടപ്പിലായപ്പോൾ ഞാൻ ഉപ്പാക്ക് ആ പഴയ ബ്ലാക്ക് & വൈറ്റ് സിനിമകൾ എൽ.സി.ഡി.യിൽ കാണിച്ചു കൊടുത്തു. ആ സീഡികൾ വാങ്ങാൻ കോട്ടക്കലും തിരൂരും കോഴിക്കോട് വരെയും ഞാൻ അലഞ്ഞു. രോഗവും വാർദ്ധക്യവും തളർത്തിയ ആ ശരീരം താൽക്കാലികമായെങ്കിലും ഉണർന്നു ത്രസിക്കുന്നത് വേദനയോടെ ഞാൻ കണ്ടു നിന്നു. ആ കണ്ണുകളിലേക്ക് പഴയ നായികമാർ സ്വപ്നങ്ങളെ മടക്കിക്കൊടുത്തു. എം.ജി.ആറും എം.എൻ നമ്പ്യാരും തമ്മിലുള്ള വാൾപ്പയറ്റുകൾ പിന്നെയും പിന്നെയും പിറകോട്ടടിച്ച് ഉപ്പ കണ്ടു. ആ മുഖത്ത് ചിരിയും ആവേശവും മടങ്ങി വന്നു. ഭൂമിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച അതായിരുന്നു. അപ്പോഴേക്കും സിനിമയുടെ മേലുള്ള ഹറാം കുറച്ചൊക്കെ നീങ്ങിയിരുന്നു. പക്ഷേ, പ്രായമുള്ളൊരാൾ, രോഗിയായ ഒരാൾ മകനോടൊപ്പം അതും വീട്ടിലിരുന്ന് സിനിമ കാണുന്നതിനെതിരെ ഹറാമിന്റെ സ്വരമുള്ള മുറുമുറുപ്പുകൾ ഉയർന്നു. ഉപ്പയോ ഞാനോ അത് ഗൗനിച്ചില്ല. കയ്യിൽ ദസ്ബി മാല പിടിച്ചുകിടക്കുന്നതിനേക്കാൾ സിനിമ കാണാനാണ് ഉപ്പ ഇഷ്ടപ്പെട്ടത്. നിന്ന് നിസ്‌കരിക്കാൻ കഴിയാത്ത ഉപ്പ ഒരു കസേരയിൽ ഇരുന്ന് നിസ്‌കരിച്ചു. സ്വന്തം പ്രയാസങ്ങളെ ആരോടും പറയാതെ ദൈവത്തോടുമാത്രം പറഞ്ഞ ആ മനുഷ്യന്റെ കണ്ണുകളിൽ ആനന്ദം നിറയ്ക്കുന്ന സിനിമയെന്ന ഹറാം എനിക്കും ഒത്തിരി ഇഷ്ടമാണ്.

ഇതിന്റെയൊക്കെ മറുപുറത്ത് മറ്റൊരു കാഴ്ചയുണ്ട്. എന്റെ ഉമ്മ... മക്കൾക്ക് വിളമ്പാൻ ഭക്ഷണമില്ലാതെ വിശന്നിരുന്ന ഉമ്മ. ഭർത്താവിന്റെ സിനിമാപ്രാന്തൊടുങ്ങാൻ സകല നേരവും ദൈവത്തോട് പ്രാർത്ഥിച്ച ഒരു ഭാര്യ. ഇരുട്ടത്ത് സിനിമാപ്പാട്ടും പാടി ഉപ്പ വീടണയുമ്പോൾ ഉപ്പാന്റെ തോർത്തുമുണ്ടിൽ അരിക്കെട്ട് ഉണ്ടാവും. ആ കെട്ടഴിക്കുമ്പോൾ കരയാൻ പോലുമാവാതെ അന്തിച്ച് നിൽക്കുന്ന ഉമ്മയെ വാക്കുകളിലേക്ക് പകർത്താൻ കഴിയില്ല. ചില വേദനകളെ, ചില സ്‌നേഹങ്ങളെ, വാക്കുകൾ പോലും പുറന്തള്ളും.

തന്റെ മുമ്പിൽ അലറി വിളിച്ച വയറുകൾ നിറയ്ക്കാൻ ഉമ്മ മരച്ചീനി തോട്ടങ്ങളിൽ ജോലിക്ക് പോയി. അവിടെ ഒരുപാട് അമ്മമാർ ജോലി ചെയ്തു. അവർ പറഞ്ഞ കൊടും തമിഴ് ഉമ്മാക്കും ഉമ്മ പറഞ്ഞ മലപ്പുറം മലയാളം അവർക്കും പിടി കിട്ടിയില്ല.

വിശപ്പിന്റെ തളർച്ചയിൽനിന്ന് ഉറക്കത്തിന്റെ മയക്കത്തിലേക്ക് ചായുന്ന മക്കൾക്ക് ആ അരി വേവിച്ച് കൊടുക്കാൻ എന്റെ ഉമ്മ ഊതിയ കനലുകൾക്ക് കണ്ണീരിന്റെ നിറമായിരുന്നു. പാതി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കോരി കുടിച്ച് നാവുപൊള്ളിയ ആ കഞ്ഞിയിലും തൊട്ടുകൂട്ടിയ മുളകുചമ്മന്തിയിലും ഉമ്മ ചേർത്തത് ആ കണ്ണീരുപ്പാണെന്ന് ഞങ്ങൾ മക്കൾക്ക് അറിയില്ലായിരുന്നു. വേളിമലയ്ക്കും ചെറുകുന്നുകൾക്കും താഴെ സമതലങ്ങളിൽ നെൽപ്പാടങ്ങളും മരച്ചീനി തോട്ടങ്ങളും ഉണ്ടായിരുന്നു. അതിനുനടുവിലെ പാതയിലൂടെയാണ് ഞാൻ സ്‌കൂളിലേക്ക് നടന്നത്.

മലപ്പുറത്തെ കാറ്റും വെളിച്ചവും തട്ടാത്ത ഒരു ഗ്രാമത്തിൽ നിന്ന് ഭർത്താവിന്റെ കൈയ്യും പിടിച്ച് അപരിചിതമായ ദേശത്ത് എത്തിയപ്പോൾ ഉമ്മ അന്തിച്ച് നിന്നിരിക്കണം. അർത്ഥമറിയാത്ത തമിഴ് പേച്ചിന്റെ അന്തരീക്ഷത്തിൽ ഇതാണ് ജീവിതമെന്ന യഥാർത്ഥ്യം ഉൾക്കൊണ്ടിരിക്കണം. ഞങ്ങളുടെ വിശപ്പ് മാറ്റാനാണ് ഉമ്മ ജോലിക്കിറങ്ങിയത്. ഉമ്മാക്ക് ടാപ്പിങ്ങ് അറിയില്ലായിരുന്നു. പാടത്തെ പണിയും അറിയില്ലായിരുന്നു.

ഉമ്മ ഗോവിന്ദച്ചാമിമാരുടെ ഉരൽപ്പുരകളിൽ അരിയിടിച്ചു. അതിന്റെ കൂലിയായി കിട്ടിയ അരി കൊണ്ട് ഞങ്ങൾ ഉച്ചക്കഞ്ഞി കുടിച്ചു. തന്റെ മുമ്പിൽ അലറി വിളിച്ച വയറുകൾ നിറയ്ക്കാൻ ഉമ്മ മരച്ചീനി തോട്ടങ്ങളിൽ ജോലിക്ക് പോയി. അവിടെ ഒരുപാട് അമ്മമാർ ജോലി ചെയ്തു. അവർ പറഞ്ഞ കൊടും തമിഴ് ഉമ്മാക്കും ഉമ്മ പറഞ്ഞ മലപ്പുറം മലയാളം അവർക്കും പിടി കിട്ടിയില്ല.

പക്ഷേ അവർക്കിടയിൽ അദൃശ്യമായ ഒരു നദി ഒഴുകി. അത് വിശപ്പിന്റെതായിരുന്നു... കരുണയുടെയും കരുതലിന്റേതുമായിരുന്നു. അലറി വിളിക്കുന്ന വയറുകൾക്ക് അന്നം വേണമായിരുന്നു. ആ അറിവിൽ നൊന്ത് പിടഞ്ഞത് എക്കാലത്തും അമ്മമാർ തന്നെയായിരുന്നു.

മരച്ചീനി തോട്ടങ്ങളിൽ പുരുഷന്മാർ മരച്ചീനി കടപുഴക്കിയിട്ടു. സ്ത്രീകൾ ആ കൊമ്പുകളിൽ നിന്ന് മരച്ചീനി പറിച്ചെടുത്ത് കൂട്ടം കൂട്ടിയിട്ടു. ഗോവിന്ദചാമിമാർ പുരുഷന്മാർക്ക് ചാരായക്കൂലിയും അവരേക്കാൾ അദ്ധ്വാനിക്കുന്ന സ്ത്രീകൾക്ക് മരച്ചീനി പൊട്ടുകളും കൂലിയായി കൊടുത്തു.

എന്റെ ഉമ്മ നിസ്‌കരിക്കുമായിരുന്നു, നോമ്പ് നോൽക്കുമായിരുന്നു. അതൊരു നോമ്പ് കാലമായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ മരച്ചീനി തോട്ടത്തിൽ നിന്ന് ഓടിച്ചിട്ട് പിടിച്ച പെരുച്ചാഴികളെ ചുള്ളിക്കമ്പ് കൂട്ടി അതിൽ ചുട്ടെടുത്തു. മുതലാളി കാണാതെ മരച്ചീനി കട്ടെടുത്ത് അതും ചുട്ടെടുത്ത് വീതം വെച്ച് കഴിച്ചു.
ഉമ്മാക്ക് നോമ്പായിരുന്നു. എന്താണ് നോമ്പെന്ന് ഒപ്പമുള്ളവർക്ക് അറിയില്ലായിരുന്നു. എലിയെ ചുടുന്ന മണം സഹിക്കാനാവാതെ ഉമ്മ ദൈവത്തെ വിളിച്ച് കരഞ്ഞിരിക്കാം. ഉമ്മാന്റെ കരച്ചിൽ കണ്ട് ഒപ്പമുള്ളവരുടെ മനസ്സ് അലിഞ്ഞിരിക്കണം. അത് വിശപ്പറിഞ്ഞവരുടെ അലിവായിരുന്നു. ഉള്ളതിൽ ഒരോഹരി ഉമ്മാക്ക് കൊടുത്ത് അത് തിന്നാൻ അവർ പറഞ്ഞിരിക്കണം. ഉമ്മ പറഞ്ഞതൊന്നും അവർക്ക് മനസ്സിലായില്ല. പടച്ചവൻ ഉമ്മാന്റെ വിളി കേൾക്കാത്തത്ര ദൂരത്തായിരുന്നിരിക്കണം.

അറിയാത്ത ഭാഷക്കും ഓക്കാനമുണ്ടാക്കുന്ന ഭക്ഷണത്തിനും മുമ്പിൽ നിസ്സഹായയായി നിന്ന എന്റെ ഉമ്മാനെ സ്‌നേഹത്തിന്റെ ആ വാക്കുകൾ നിർബന്ധിച്ചിരിക്കണം. ഉമ്മ ഞങ്ങളെ ഓർത്തിരിക്കണം. ഒരു തുണ്ട് എലിയിറച്ചി എന്റെ ഉമ്മാന്റെ വായിലേക്ക് അവർ കരുണയോടെ നീട്ടിയിരിക്കണം. ചുണ്ടിൽ അത് തൊട്ടതും എന്റെ ഉമ്മ ബോധംകെട്ട് വീണു. വിശന്നുതളർന്ന് വീണതാവുമെന്ന് കരുതി ഒപ്പമുള്ളവർ എന്റെ ഉമ്മാക്ക് വെള്ളം കൊടുത്തു. ജീവിതത്തിന്റെ നല്ല പങ്കും പുണ്യം കിട്ടാത്ത നോമ്പുകൾ നോറ്റ എന്റെയുമ്മാന്റെ ചുണ്ടിൽ അന്നവർ ഇറ്റിച്ച് കൊടുത്ത വെള്ളം ദൈവം നിഷേധിച്ച വെള്ളമായിരുന്നു. ദൈവം നിഷേധിക്കുന്നിടത്ത് വെറും മനുഷ്യർ നിഷേധങ്ങളില്ലാത്ത ദൈവങ്ങളായി മാറുന്നുവെന്ന് സ്വന്തം ജീവിതം കൊണ്ട് ഞാനറിഞ്ഞതാണ്.

സ്വന്തം മക്കളെപ്പോലും തിരിച്ചറിയാനാവാതെ എന്റെയുമ്മ ജീവിച്ചിരിപ്പുണ്ട്. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ഉപ്പാക്ക് ചോറു വിളമ്പുന്നുണ്ട്. മരണം കൊണ്ടുപോലും ദൈവം അനുഗ്രഹിക്കാത്ത ആ കൈകളിൽ ദസ്ബി മാലയുണ്ട്. ഉമ്മ ദിക്‌റ് ചൊല്ലുകയല്ല. ജീവിതപുസ്തകത്തിന്റെ താളുകളെ ക്രമം തെറ്റി, വ്യാകരണം പിഴച്ച് അക്ഷര തെറ്റോടെ ഉമ്മ വായിക്കുകയാണ്.

ഇന്നായിരുന്നു അവരാ വെള്ളം കൊടുത്തതെങ്കിൽ മുസ്‌ലിമിന്റെ നോമ്പ് മുറിച്ച ഹിന്ദുവിനെ ചൊല്ലി ആ ഗ്രാമം കത്തിയെരിയുമായിരുന്നു. അനീതികൾ നടക്കാതെ തന്നെ നഗര ഗ്രാമങ്ങൾ കത്തിയെരിയുന്ന വർത്തമാനകാലത്ത് എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട്. ഓർമകളുടെ വാതിലുകൾ എല്ലാം അടഞ്ഞുപോയ തലച്ചോറുമായി. സ്വന്തം മക്കളെപ്പോലും തിരിച്ചറിയാനാവാതെ എന്റെയുമ്മ ജീവിച്ചിരിപ്പുണ്ട്. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ഉപ്പാക്ക് ചോറു വിളമ്പുന്നുണ്ട്. മരണം കൊണ്ടുപോലും ദൈവം അനുഗ്രഹിക്കാത്ത ആ കൈകളിൽ ദസ്ബി മാലയുണ്ട്. ഉമ്മ ദിക്‌റ് ചൊല്ലുകയല്ല. പശവിട്ട് പോയ ജീവിതപുസ്തകത്തിന്റെ താളുകളെ ക്രമം തെറ്റി, വ്യാകരണം പിഴച്ച് അക്ഷര തെറ്റോടെ ഉമ്മ വായിക്കുകയാണ്.

ആ ഉമ്മാന്റെ എട്ടാമത്തെ മകനായ എന്റെ ഈ എഴുത്ത് ഒരിക്കലും നിങ്ങളെ രസിപ്പിക്കില്ല. വ്യാകരണ പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകർത്തുമ്പോൾ പലതും ചോർന്ന് പോയെന്ന് വരാം. ദയവായി നിങ്ങളിതിൽ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങൾ, അല്ല ഒരുപാട് ജീവിതങ്ങൾ അങ്ങനെയാണ്. ഓർത്തെടുക്കാൻ മൂല്യമുള്ളതൊന്നും ഇല്ലാത്ത വെറും ജീവിതങ്ങൾ. മിന്നലേറ്റ് മരിച്ചുവീണ കർഷകന്റെ ചെരുപ്പിന്റെ ചിത്രം ഈയടുത്താണ് കണ്ടത്. കമ്പി കൊണ്ട് തുന്നിക്കൂട്ടിയ ആ ചെരിപ്പ് അയാളുടേതുമാത്രമല്ല. എന്റെയുപ്പയടക്കം ലക്ഷോപലക്ഷം പേരുടെ ചെരുപ്പാണത്. ആ ചെരുപ്പുകൾക്ക് പറയാനറിയുന്ന ജീവിത കഥകളെ എനിക്കും പറയാനുള്ളൂ...
എഴുതുവാൻ സ്വർണക്കസേരകളിൽ ഇരിക്കുന്നവരെ അവരുടെ കുപ്പായം നെയ്തവർ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ ആ കവിക്ക് സ്വസ്തി...▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments