ചിത്രീകരണം: ദേവപ്രകാശ്

ചെള്ളിത്താത്ത

വെറും മനുഷ്യർ- 13

എത്രയോ ചെള്ളിത്താത്തമാർ ഈ ഭൂമിയിൽ ജീവിച്ച് മരിക്കുന്നു. അടയാളങ്ങൾ ഒന്നും ബാക്കിയാക്കാതെ കടന്നു പോവുന്ന ആ ജീവിതങ്ങളെ സഹനത്തിന്റെ ആ ഘോഷയാത്രയെ ഞാൻ എങ്ങനെ അടയാളപ്പെടുത്താനാണ്.

ല്യാത്താക്ക് പതിനഞ്ച് വയസ് തികയും മുമ്പേ ഞങ്ങളുടെ വീടിനുമുമ്പിലൂടെയും പൊട്ടേൻ കാക്കയുടെ വാടക സൈക്കിളുകൾ ഓടിത്തുടങ്ങി. വല്യാത്താക്കുവേണ്ടിയും പ്രണയഗാനങ്ങൾ കേട്ടുതുടങ്ങി.
പാലൈവനത്തിന്റെ വിരസപാഠങ്ങൾ കേട്ടുമടുത്ത ഞാൻ മദ്രസയിലിരുന്ന് വീടിനു നേർക്ക് നോക്കും. വീടിനും പള്ളിക്കും ഇടയിലെ പാതയിലൂടെ ടി. രാജേന്ദ്രർ സ്‌റ്റൈലിൽ മുടി വെട്ടിയ ചെറുപ്പക്കാർ സൈക്കിൾ ചവിട്ടും. ഞങ്ങളുടെ വീട് കടന്ന് കുറച്ചുദൂരം മാത്രം ചെന്നിട്ട് ആ സൈക്കിളുകൾ മടങ്ങിവരും. അപ്പോൾ അവരിൽ നിന്ന് പ്രണയത്തിന്റെ കടലാസുപറവകൾ ഞങ്ങളുടെ വീടിനുനേർക്ക് പറക്കും.

അടുക്കള മുറ്റത്ത് പാത്രം കഴുകിയും തുണിയലക്കിയും വിറകുവെട്ടിയും ജീവിതത്തോട് യുദ്ധം ചെയ്യുന്ന വല്യാത്ത ആ പാട്ടുകൾ കേട്ടില്ല. ഒന്നെടുത്തുനോക്കുക പോലും ചെയ്യാതെ തനിക്കായി പറന്നുവന്ന പ്രണയ പറവകളെ അടിച്ചുവാരി അവൾ അടുപ്പിൽ കൊണ്ടിട്ടു. ആരുടെയൊക്കെയോ പ്രണയം നനഞ്ഞ ആ കടലാസുകൾ അടുപ്പിൽ കിടന്ന് പുകഞ്ഞു. ആ പുകച്ചിലിൽ ഉമ്മാന്റെ കണ്ണ് നീറി. ആ നീറ്റൽ കണ്ണിൽ മാത്രം ഒതുങ്ങാതെ ഉമ്മാന്റെ നെഞ്ചിലേക്കുകടന്ന് ആധിയായി മാറി.

അക്കാലത്ത് പതിനഞ്ച് വയസ് എന്നത് മുസ്‌ലിം പെൺകുട്ടികളുടെ വിവാഹ പ്രായമാണ്. ഒരു കടുകുമണി തൂക്കം പോലും പൊന്നില്ലാത്ത മകളുടെ ദേഹത്തെ ഓർത്ത് ഉമ്മ വേദനിച്ചു. ഒപ്പം മകളുടെ നീണ്ട് ഇടതൂർന്ന മുടിയിലും കണ്ണുകളിലെ സൂര്യവെളിച്ചത്തിലും ആനന്ദിച്ചു.

വല്യാത്ത എപ്പോഴും അടുക്കളപ്പുറത്താണെന്ന് മനസ്സിലാക്കിയ പ്രണയക്കൂട്ടം വീടിനുപിറകിലെ കരിമ്പാറയിൽ വന്ന് ചേക്കേറി. അവിടെയിരുന്ന് നോക്കിയാൽ ഞങ്ങളുടെ വീടിന്റെ അടുക്കളമുറ്റവും അലക്കുകല്ലും ഓലച്ചുമരുകളുടെ അടുക്കളയും കാണാം. അടുക്കളയിലും മുറ്റത്തും അലക്കു കല്ലിലുമായി ഓടിനടന്ന് ജോലി ചെയ്യുന്ന സുന്ദരിയായ പെൺകുട്ടിക്കുവേണ്ടി ചെറുപ്പക്കാർ കവിതകളെഴുതി. ആരൊക്കെയോ കണ്ണദാസന്റെയും ഭാരതിയാരുടെയും കവിതകളെ വരിമാറ്റി വികലമാക്കി ഉറക്കെ ചൊല്ലി.
അത് കേൾക്കുമ്പോൾ ഉമ്മ ആരോടെന്നില്ലാതെ ചോദിക്കും; ""എത്താ അയ്റ്റങ്ങള് അവിടെര്ന്ന് ഓലിയിട്ണ്ടത് ..?''
ഉപ്പ അതൊക്കെ വെറും കുട്ടിക്കളികളായി എഴുതിത്തള്ളി. ചിലപ്പൊ എം.ജി.ആർ സിനിമകളിലെ പ്രണയഗാനങ്ങൾ വരിതെറ്റാതെ ഉപ്പ അവർക്ക് അങ്ങോട്ടും പാടിക്കൊടുത്തു. ചെറിയാക്ക ആ പ്രണയക്കൂട്ടങ്ങൾക്കുനേരെ കല്ലെടുത്തെറിഞ്ഞു. അക്കൂട്ടത്തിൽ അവന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികളോട് അവരെ എറിഞ്ഞോടിക്കാൻ അവൻ പറഞ്ഞെങ്കിലും എനിക്കതിന്റെ പൊരുൾ മനസ്സിലായില്ല.

ഉമ്മാന്റെ ആധിയും പേടിയും നാൾക്കുനാൾ കൂടിക്കൂടി വന്നു. യാതൊരു ഉത്തരവാദിത്വവുമില്ലാതെ സിനിമയും കണ്ട് പാട്ടും പാടി നടക്കുന്ന ഭർത്താവിനെയോർത്ത് ഉമ്മ വേദനിച്ചു. ആ വേദന ചിലപ്പോഴൊക്കെ മുറുമുറുപ്പുകളായി പുറംചാടി. ഉപ്പ അത് കേട്ടാലും മറുപടി ഒന്നും പറയില്ല. എല്ലാം അതാതിന്റെ സമയത്ത് നടക്കുമെന്ന ഉദാസീനത ഉപ്പാക്കുണ്ടായിരുന്നിരിക്കണം.
എന്റെ വീട്ടുമുറ്റത്തെ ടാറിട്ട പാതയിൽ റോസ് നിറത്തിൽ വല്യാത്താക്കുവേണ്ടിയും ആരെങ്കിലുമൊക്കെ "ഉയിരുള്ളവരൈ ഹാജറ' എന്ന് എഴുതിയിടുമെന്ന് ഞാൻ കരുതി. ഒരുപക്ഷേ പള്ളി മിനാരത്തിലെ വെളിച്ചം രാത്രി മുഴുവൻ അണയാതെ കിടന്നതുകൊണ്ടാവണം അത്തരമൊരു എഴുത്ത് എനിക്ക് കാണാൻ കഴിയാതെ പോയത്. സുലൈഖയേക്കാൾ എത്രയോ സുന്ദരിയായിരുന്നു എന്റെ വല്യാത്ത.

ഇതിനിടയിൽ പൊട്ടേൻ കാക്കയുടെ രണ്ടാമത്തെ മകൻ കൃത്യം അഞ്ചുനേരം പള്ളിയിൽ വന്നുതുടങ്ങി. അതുവരെ അങ്ങാടി തെണ്ടി നടന്ന ചെക്കൻ ഒറ്റനേരവും മുടങ്ങാതെ പള്ളിയിൽ വരുന്നതുകണ്ടപ്പോൾ പാലൈവനത്തിന് സന്തോഷമായി. തന്റെ വെള്ളിയാഴ്ച പ്രസംഗങ്ങളുടെ സ്വാധീനശക്തി ഓർത്ത് അയാൾ അഭിമാനിച്ചു. യൂസുഫ് എന്ന ആ ചെറുപ്പക്കാരൻ പള്ളി വരാന്തയിൽ ഞങ്ങളുടെ വീടിനഭിമുഖമായി ഇരുന്ന് ഖുർആൻ ഓതി. തസ്ബി മാലയെടുത്ത് ദിക്‌റുകൾ ചൊല്ലി. പലപ്പോഴും പള്ളിയിൽ തന്നെ അന്തിയുറങ്ങി.

കാര്യങ്ങളിങ്ങനെ ഏതാണ്ടൊരു ഔലിയ സ്‌റ്റൈലിൽ പോവുന്നതിനിടയ്ക്കാണ് യൂസുഫ് പള്ളിയിലിരുന്ന് മൂളിപ്പാട്ട് പാടിത്തുടങ്ങിയത്. ഒരു തലൈ രാഗത്തിലെ, കടവുൾ വാഴും കോവിലിലെ എന്ന ഗാനം മൂളിപ്പാട്ടായും പിന്നെ വായ്പ്പാട്ടായും പള്ളിയിൽ നിന്നൊഴുകിവന്ന് വല്യാത്താനെ തൊട്ടു. അവർക്കിടയിൽ അദൃശ്യമായ പ്രണയപ്പറവകൾ പറന്നു. വടക്കിനി മുറ്റത്തെ കരിമ്പാറയിൽ തന്നെ കാണാൻ കാത്തിരിക്കുന്നവരെ ഒക്കെ ഒഴിവാക്കി അവൾ ആ പാട്ടിനായി ചെവിയോർത്തുനിന്നു. ഒറ്റപ്പെട്ട സൈക്കിളുകൾ അവരുടെ പ്രണയ ചരടിനെ മുറിച്ച് പാതയിലൂടെ കടന്നുപോയി.

രാത്രികളിലും ആ പാട്ട് പള്ളിയിൽ നിന്ന് മുഴങ്ങിത്തുടങ്ങിയപ്പോൾ പാലൈവനം യൂസഫിനെ വഴക്ക് പറഞ്ഞു. കോവിലുകളും പളളിക്കൂടങ്ങളും കാതൽ പാടിയില്ലെങ്കിൽ പിന്നെ മറ്റെവിടെയാണ് കാതൽ പാട്ടായി മാറുക എന്നർത്ഥം വരുന്ന ഒരു തമിഴ് പാട്ട് ഉറക്കെ പാടി യൂസഫ് പാലൈവനത്തിനെ ആകെ കുഴപ്പത്തിലാക്കി. അപ്പോഴേക്കും മറ്റു പ്രണയ മോഹികളെല്ലാം യൂസഫിന്റെ ശത്രുക്കളായി മാറിക്കഴിഞ്ഞിരുന്നു. കരിമ്പാറയിൽ നട്ടുച്ച വെയിലിലും മാരിമുത്തുമാത്രം എന്നെങ്കിലും സ്വീകരിക്കപ്പെട്ടേക്കാവുന്ന തന്റെ പ്രണയത്തിനായി കാത്തിരുന്നു.

നാട്ടിലും വീട്ടിലും യൂസഫിന്റെ കടവുൾ വാഴും കോവിലിലെ കർപ്പൂര ദീപം എന്ന പാട്ട് പല പല കഥകളായി പരന്നുതുടങ്ങിയപ്പോൾ മാസ്റ്ററുടെ നേതൃത്വത്തിൽ ഉപ്പയും പൊട്ടേൻ കാക്കയും പരിഹാര ചർച്ചക്ക് ഇരുന്നു. തൊപ്പിയും വെള്ളത്തുണിയും വെള്ളക്കുപ്പായവുമൊക്കെ ഊരി മാറ്റി സാധാരണ വേഷമണിഞ്ഞ് യൂസഫ് ഞങ്ങളുടെ വീടിനുമുമ്പിലൂടെ നടന്നുതുടങ്ങി. യൂസഫിന്റെ പാട്ടിനായി വല്യാത്ത വരാന്തയിലേക്ക് ഓടുന്നതുകണ്ടപ്പോൾ ഉമ്മ ഉള്ളിൽ ചിരിച്ചിരിക്കണം. തന്നിലൂടെ നിലാവായും മഴയായും കടന്നുപോയ ആ മായിക കാലത്തിന്റെ ഓർമകളിൽ ഉമ്മ സ്വയം മുഴുകിയിരിക്കണം.

വല്യാത്താന്റെയും യൂസഫിന്റെയും കല്യാണം ഉറപ്പിച്ചു. ഒപ്പം മറ്റൊരു ഒത്തുതീർപ്പ് കൂടി നടന്നു. വല്യാക്കാന്റെയും പൊട്ടേൻ കാക്കയുടെ മൂത്ത മകൾ കദീജയുടെയും വിവാഹം. ആ മാറ്റക്കല്യാണത്തിന്റെ വാർത്തയറിഞ്ഞപ്പോൾ വല്യാക്ക ആദ്യമൊക്കെ എതിർത്തു. പിന്നെ സഹോദരിയുടെ ഭാവികൂടി ഓർത്തിരിക്കണം. ആ രണ്ട് കല്യാണങ്ങളും ഒരുമിച്ച് ഒരു ദിവസം ഒരു പന്തലിൽ നടന്നു. വല്യാത്ത പുതിയെണ്ണായി അണിഞ്ഞൊരുങ്ങി നീല സാരിയും ചുറ്റി ഞങ്ങളുടെ വീട്ടിൽനിന്ന് താഴേക്കുനടന്നു. അവൾ നടന്നെത്തിയ വീട്ടിൽ നിന്ന് കുറച്ചുനേരം കഴിഞ്ഞ് കദീജാത്ത പുതിയെണ്ണായി അതേ നീല സാരി മാറ്റിച്ചുറ്റി ഞങ്ങളുടെ വീട്ടിലേക്കും വന്നുകയറി. വല്യാക്കാന്റെ അവിലിനും ചക്കക്കുരുവിനും ഹലുവയ്ക്കുമൊക്കെ തട്ടിമാറ്റാൻ കഴിയാത്ത ഒരു അവകാശി കയറിവരികയായിരുന്നു.
മാറ്റക്കല്യാണങ്ങൾ പലപ്പോഴും അപകടത്തിലാവും ചെന്നുചാടുക. ഒരു ബന്ധത്തിൽ എന്തെങ്കിലും വിള്ളൽ വീണാൽ മറ്റേ ബന്ധവും കൂടി തകരും. പക്ഷേ കാര്യമായ വിള്ളലേതുമില്ലാതെ ആ ബന്ധം പിണക്കമായും ഇണക്കമായും ഉദാസീനതയായും സഹനമായും കലഹമായും ഇപ്പോഴും മുന്നോട്ടുപോവുന്നുണ്ട്.

അവൾ വീട്ടിൽനിന്ന് പോയപ്പോൾ വല്ലാത്ത ശൂന്യതയായിരുന്നു. ചെമ്പരത്തി താളിയുടെ ഗന്ധമില്ലാത്ത രാത്രികളിൽ ഞാൻ ചുരുണ്ടുകൂടി കിടന്നു. നിറം മങ്ങി പിഞ്ഞിയ അവളുടെ വസ്ത്രങ്ങൾ വടക്കിനി മുറ്റത്തെ അയയിൽ ആർക്കും വേണ്ടാതെ കിടന്നു. ഞാനത് മണത്തുനോക്കി. വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും മണമുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് അവൾ പോയ ഞങ്ങളുടെ വീട് ഖബറിടം പോലെ മൂകമായി കിടന്നു. വലിയാക്കാന്റെ പുതിയെണ്ണ് വല്യാത്താന്റെ ജോലികൾ ഏറ്റെടുത്തു. നന്നേ മെലിഞ്ഞ അവൾ വീടിനകത്ത് അധികം സംസാരിച്ചില്ല. എന്തോ തെറ്റുചെയ്ത കുട്ടിയെപ്പോലെ വളരെ പതിയെ തല താഴ്ത്തി നടന്നു.

ഞാൻ സ്‌കൂളിലേക്ക് പോവുമ്പോൾ വല്യാത്താനെ പലപ്പോഴും കണ്ടു. അവൾ സുലൈഖയോടൊപ്പം അവരുടെ വടക്കിനി മുറ്റത്ത് പാത്രങ്ങൾ കഴുകുന്നുണ്ടാവും. അല്ലെങ്കിൽ തുണിയലക്കുന്നുണ്ടാവും. എന്ത് മാറ്റമാണ് കല്യാണം കൊണ്ട് അവളുടെ ജീവിതത്തിൽ ഉണ്ടായതെന്ന് ഞാൻ അത്ഭുതപ്പെടും. അതേ പാത്രങ്ങൾ ... അതേ തുണികൾ. പക്ഷേ അവളുടെ മുഖത്ത് പ്രണയച്ചുവപ്പുണ്ടായിരുന്നു. കണ്ണുകളിലെ സൂര്യവെളിച്ചത്തിന് തിളക്കം കൂടിയിരുന്നു. ആരെങ്കിലും എന്നെ ആ വീട്ടിൽ നിന്ന് മാടിവിളിച്ചാൽ പൊരുളറിയാത്ത കാരണം കൊണ്ട് ഞാനവിടെ നിന്ന് ഓടി രക്ഷപ്പെടുമായിരുന്നു. സ്‌കൂളിലെ പുതിയ വിശേഷങ്ങളൊന്നും പങ്കുവെക്കാൻ എനിക്കവളെ കിട്ടിയില്ല. രാത്രികളിൽ ശെൽവമണിയുടെയും കുമരേശന്റെയും കൊലവിളികൾ കേട്ടുകിടക്കുമ്പോൾ ഞാനവളെ ഓർത്തു. എന്നെ ചേർത്തുപിടിച്ചിരുന്ന ആ കൈകളുടെ സ്‌നേഹച്ചൂടിനെ ഓർത്തു. ഉറക്കം ഞെട്ടിയുണരുമ്പോഴൊക്കെ ഞാനവളെ തിരഞ്ഞു. അവളിപ്പോൾ സുലൈഖയുടെ വീട്ടിൽ എന്തുചെയ്യുകയാവുമെന്നോർത്ത് അത്ഭുതപ്പെട്ടു. നടന്നെത്താവുന്ന ദൂരത്തുണ്ടായിരുന്നിട്ടും അവൾ വന്നില്ലല്ലോന്ന് വേദനിച്ചു.

ഇങ്ങോട്ട് വന്നില്ലെങ്കിൽ അങ്ങോട്ടുചെന്ന് കാണാമെന്ന തീരുമാനത്തിൽ കല്യാണം കഴിഞ്ഞ് കൃത്യം മൂന്നാം ദിവസം രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അടുക്കള വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി. എനിക്കവളോട് വിശേഷങ്ങൾ പറയണമായിരുന്നു. പാത ഇരുണ്ടുകിടന്നു. ശെൽവമണിയും മുരുകനും പരസ്പരം തെറി വിളിക്കുന്നുണ്ടായിരുന്നു. പൊട്ടേൻ കാക്കയുടെ വീടിനുമുമ്പിലെത്തി ഞാൻ അന്തം വിട്ട് നിന്നു. അവളാ വീടിനുള്ളിൽ എവിടെയാണ് കിടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. സൈക്കിളുകൾ തട്ടി മറിയാതെ ശ്രദ്ധിച്ച് ഞാൻ വീടിന്റെ വടക്കിനി പുറത്തേക്ക് നടന്നു. അവൾ വടക്കിനിയിലാവും കിടക്കുക എന്നുതോന്നി. വടക്കിനിയുടെ കിളി വാതിലിൽ മെല്ലെ മുട്ടി ഞാൻ വിളിച്ചു.""വല്യാത്താ...''
മറുപടിയൊന്നും കേൾക്കാനില്ല.
വാഴത്തോപ്പുകൾ കടന്നെത്തിയ കാറ്റിന് വല്ലാത്ത തണുപ്പ്.
വീണ്ടും വിളിച്ചു; ""വല്യാത്താ...''
അവൾ വിളി കേട്ടില്ല.

ഒരു പക്ഷേ അവൾ ഉറങ്ങിയിട്ടുണ്ടാവും. എനിക്കുപകരം അവൾ സുലൈഖയെ ചേർത്തുപിടിച്ചിട്ടുണ്ടാവുമെന്ന ചിന്തയിൽ എന്റെ നെഞ്ച് കനത്തു. ഇനിയൊരിക്കലും അവൾ വീട്ടിലേക്ക് വരികയോ എന്റെയൊപ്പം ഒരേ പുതപ്പിന് കീഴിൽ കിടക്കുകയോ ചെയ്യില്ലെന്ന തോന്നലിൽ ഞാൻ കരഞ്ഞു. കണ്ണീരോടെ ഞാൻ വീട്ടിലേക്ക് ചെന്ന് കേറുമ്പോൾ ഉമ്മ എന്നെ തിരയുകയായിരുന്നു.""ഇജ്ജ് എവിടേക്കാടാ പോയത്...?''""ഞാൻ വല്യാത്താനെ കാണാൻ പോയതാണ്.''""ഓളിപ്പൊ ആരാന്റെ പെരീത്തെ കുട്ടിയാണ്. അന്നെ എന്നും പറ്റിപ്പിടിച്ച് കെടക്കാൻ ഓളെ കിട്ടൂലാ...''
എന്റെ കരച്ചിൽ ഉച്ചത്തിലായപ്പോൾ ഉമ്മ ആശ്വസിപ്പിച്ചു.""ന്റെ പൊട്ടാ, ഓള് നാലഞ്ചീസം കഴിഞ്ഞാ ഇങ്ങട്ട് വിരുന്നിന് വരൂലെ...?''
കല്യാണത്തോടെ വിരുന്നുകാരിയായി മാറിയ വല്യാത്താന്റെ അവസ്ഥ ഓർത്ത് അന്നുരാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ കിടന്നു.

വീട്ടിൽ വല്യാത്താന്റെ വിടവ് കുറെയൊക്കെ നികത്തിയത് വല്യാക്കാന്റെ ഭാര്യയാണ്. കൈകാലുകളും ശരീരവും മെലിഞ്ഞിരുന്ന അവളെ ചെള്ളി എന്നാണ് എല്ലാരും വിളിച്ചത്. ചെള്ളിയുടെ കൂടെ താത്തയും കൂടി കൂട്ടിച്ചേർത്ത് ഞങ്ങൾ അവരെ ചെള്ളി താത്ത എന്നുവിളിച്ചു. ഞങ്ങൾ ആ നാടുവിട്ട് പോരുന്ന കാലത്ത് വല്യാക്കാക്ക് വേളിമല എസ്റ്റേറ്റിൽ ജോലി കിട്ടിയിരുന്നു.അത് കൊണ്ട് ചെള്ളിത്താത്തയും വല്യാക്കയും വേളിമലയിലെ പാടിയിൽ പാർത്തു.

വാക്കുകളിലേക്ക് പകർത്താനാവാത്ത സഹനത്തിന്റെ ആൾരൂപമായിരുന്നു അവർ. ആ മുഖത്ത് ഒരിക്കലും ചിരി വിരിഞ്ഞില്ല. ചെല്ലുന്നിടത്തൊക്കെ ഒരു അന്യയായി അവർ പെരുമാറി. വേളിമലയിലെ ജോലി ഒഴിവാക്കി ഏട്ടൻ വന്നപ്പോൾ അവർക്ക് മൂന്നുമക്കളുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും. പെൺകുട്ടികൾ രണ്ടുപേർക്കും ചെളളി താത്താന്റെ അതേ രൂപവും സ്വഭാവവുമായിരുന്നു.
കൂട്ടുകുടുംബത്തിൽ താമസിക്കുമ്പോൾ കാര്യമായ വരുമാനമില്ലാത്ത ഒരു മകന് നേരിടേണ്ടി വരുന്ന അപമാനങ്ങളുടെ എത്രയോ ഇരട്ടിയാവും അയാളുടെ ഭാര്യക്ക് നേരിടേണ്ടി വരുന്നത്. അതൊക്കെയും സഹിച്ച് ആരോടും പരാതി പറയാതെ ചെള്ളിത്താത്ത അടുക്കളയെ ജീവിതമാക്കി മാറ്റി. സദാനേരവും അവർ ജോലി ചെയ്തു. അടുക്കളയിൽ, അടുപ്പിൽ, കിണറ്റിൻ കരയിൽ, അലക്കു കല്ലിൽ എവിടെയും അവരേ ഉണ്ടായിരുന്നുള്ളൂ... കുന്ന് പോലെ മുമ്പിൽ കൂടിക്കിടന്ന എച്ചിൽ പാത്രങ്ങൾ അവർ കഴുകി വൃത്തിയാക്കുമ്പോഴേക്കും അടുത്ത കുന്ന് മുമ്പിൽ ഉയർന്നുവരും.

എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടാണ് അവർ അടുക്കള വിട്ടുപോരുക. അപ്പോഴേക്കം ഏട്ടനും ഉറങ്ങിയിട്ടുണ്ടാവും. വിശപ്പ് മാറാനുള്ള അന്നത്തിനായി മാത്രം ഒരു ജീവിതം. പിന്നീട് വല്യാക്ക വാടക ക്വാർട്ടേഴ്‌സിലേക്ക് മാറിയപ്പോഴും ചെള്ളിത്താത്തയുടെ ജീവിതത്തിനോ സ്വഭാവത്തിനോ കാര്യമായ മാറ്റമൊന്നും വന്നില്ല. വാടക കൊടുക്കാൻ ഇല്ലാതാവുമ്പോഴും തൊഴിലിടങ്ങൾ മാറുമ്പോഴും ഏട്ടൻ ക്വാർട്ടേഴ്‌സുകൾ മാറി. അവരുടെ കുട്ടികൾ വളർന്നു. തന്റെ പെൺകുട്ടികളെ അണിയിച്ചൊരുക്കാനോ, ഉള്ള വസ്ത്രങ്ങൾ ഭംഗിയായി ധരിപ്പിക്കാനോ പോലും സമയമില്ല. അവരുടെ ജീവിതം വീട്ടുജോലികളിൽ പുതഞ്ഞു കിടന്നു. ഒരുക്കങ്ങളോ ചമയങ്ങളോ ഇല്ലാഞ്ഞിട്ടും അവർ രണ്ടുപേരും നല്ല സുന്ദരിക്കുട്ടികളായിരുന്നു. ചെള്ളി താത്താന്റെ അതേ ചുരുൾമുടിയും നിലാവ് പടർന്ന കണ്ണുകളുമായി അവർ സ്‌കൂളിലേക്ക് പോയി. മദ്രസയിലേക്ക് പോയി.

വാടക വീടുകളിൽ നിന്നുള്ള മോചനം ചെള്ളിത്താത്താന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അവരത് ഭർത്താവിനോട് മാത്രം പറഞ്ഞു. പ്രത്യേകിച്ച് ഒരു തൊഴിലും അറിയാത്ത ഏട്ടൻ കിട്ടുന്ന തൊഴിലെടുത്ത് കുടുംബം പോറ്റുന്നതിനിടയിൽ ആ പറച്ചിലുകളെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തേക്ക് വിട്ടു. മൂത്തവളുടെ വിവാഹം നടന്നത് ഞാനിപ്പൊ താമസിക്കുന്ന ഈ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ്.

നീണ്ട പതിനെട്ട് വർഷത്തെ സൗദി വാസം കൊണ്ട് വല്യാക്ക ഒരു ചെറിയ വിട് പണിതു. പണിതീരാത്ത ആ വീട്ടിൽ താമസം തുടങ്ങുമ്പോൾ രണ്ടാമത്തെ മകളെ കെട്ടിച്ചയക്കേണ്ട ബേജാറായിരുന്നു താത്താക്ക്. മക്കളുടെ ഭാവിയെ ഓർത്ത് എന്നും വേവലാതിപ്പെട്ടത് അവരാണ്. രണ്ടാമത്തെ മകളെയും വിവാഹം കഴിച്ചയക്കുമ്പോൾ വല്യാക്കാന്റെ വീട് പണയത്തിലായിരുന്നു.

പിന്നീട് മകൻ വിവാഹം കഴിച്ച് കാണാൻ ആശിച്ച താത്താന്റെ വയറിനകത്ത് ഞണ്ടുകൾ താമസം തുടങ്ങിയിരുന്നു. ഇടക്കുണ്ടാവുന്ന വയറുവേദന ആരോടും പറയാതെ ഉലുവ തിളപ്പിച്ച് കുടിച്ചും ദിക്‌റുകൾ ചൊല്ലിയും താത്ത നേരിട്ടു. ഭൂമിയിലെ ഒരു ഉലുവയും ഫലിക്കാതെ വന്നപ്പോൾ ഡോക്ടർമാർ താത്താന്റെ വയറ് വേദനയ്ക്ക് ക്യാൻസർ എന്ന പേര് ചാർത്തി തന്നു.
മകന്റെ വിവാഹം സ്വപ്നം കണ്ട അവർ അതുകാണാതെ തന്നെ ജീവിതമെന്ന നീണ്ട വേദനയ്ക്ക് വിരാമമിട്ട് പള്ളിക്കാട്ടിലേക്ക് അന്ത്യവിശ്രമത്തിനായി പോയി.

എനിക്ക് വ്യക്തമായ ഓർമയുണ്ട്...
അതൊരു മഴക്കാലമായിരുന്നു.
അവരുടെ മരണ തിയതി ഡോക്ടർമാർ ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞപ്പോൾ എനിക്കവരെ കണ്ടുനിൽക്കാൻ വയ്യാതെയായി. അത്രമാത്രം അവർ ക്ഷീണിച്ച് എല്ലും തോലുമായി കഴിഞ്ഞിരുന്നു.

അവരുടെ മരണവാർത്ത എന്നെ തേടിയെത്തിയപ്പോൾ ഭാര്യയോടുപോലും പറയാതെ ഞാൻ ഇറങ്ങി നടന്നു. മരണവീട്ടിലേക്ക് ഞാൻ പോയില്ല. ഇന്നും പൊരുളറിയാത്ത കാരണങ്ങളാൽ എന്റെ കാലുകൾ അന്ന് നടന്നെത്തിയത് ഇവിടെ അടുത്തുള്ള ഡിസ്‌പെൻസറിയിലായിരുന്നു.
എനിക്കുമുന്നിൽ മഴ പെയ്തു. അവിടുത്തെ സിമന്റ് ബെഞ്ചിലിരുന്ന് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അടഞ്ഞ കണ്ണുകൾക്കുള്ളിൽ നീല സാരിയും ചുറ്റി അവർ വന്നുകയറി. കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ അവർ നിന്നു. നിലാവ് പടർന്ന ആ കണ്ണുകളിൽ നിന്ന് ജീവിതം അടർന്നുവീണുകൊണ്ടിരുന്നു. മഴപ്പാറ്റകൾ ഭുമി തുരന്ന് പുറത്തേക്ക് വന്നു. ആരൊക്കെയോ എന്നെ തിരഞ്ഞു. ഞാനിരിക്കുന്ന ഇടം കണ്ടെത്താനാവാതെ അവർ മടങ്ങിപ്പോയി. അവസാനമായി ഒരു നോക്ക് കാണാനുള്ള കരുത്തില്ലാത്ത എന്നെ വിട്ട് താത്ത പോയി.

മഴപ്പാറ്റകളെ ചവറ്റിലക്കിളികൾ കൊത്തി തിന്നുന്നതും നോക്കി ഞാനിരുന്നു. ഞാൻ ഓർത്തു... ഇന്നേരം വെള്ള പുതച്ച് മയ്യത്തും കട്ടിലിലേറി അവർ പള്ളിക്കാട്ടിലേക്ക് പോവുന്നുണ്ടാവും. ആരൊക്കെയോ കരയുന്നുണ്ടാവും. കണ്ണീരും വിശപ്പും അലച്ചിലുമില്ലാത്ത പ്രതീക്ഷകളുടെ മറുലോകം അവരെ വരവേൽക്കാൽ ഒരുങ്ങുകയാവും. ആ മെലിഞ്ഞ ശരീരം ഏറ്റുവാങ്ങിയിട്ടും ഖബറിടത്തിൽ പിന്നെയും സ്ഥലം ബാക്കിയുണ്ടാവും. അതേ ചുരുൾമുടിയുമായി എന്റെ ഏട്ടന്റെ മക്കൾ കരഞ്ഞ് തളർന്ന് കിടക്കുന്നുണ്ടാവും.
ആശ്വാസ വാക്കുകൾ ഒന്നുമില്ലാത്ത ആ അവസ്ഥയിൽ എന്റെ കണ്ണുകൾ എന്നെ ചതിച്ചു കൊണ്ട് ഒഴുകി. അറ്റൻഡർ എന്നെ തൊട്ട് വിളിച്ചു.""കുറേ നേരായല്ലോ ഇങ്ങനെ ഇരിക്ക്ണു, ടോക്കൺ എടുക്കണ്ടേ...?''

മരണത്തിലേക്ക് ടോക്കൺ എടുത്തുപോയ ഒരു ജീവിതത്തിന്റെ മരണത്തണുപ്പിലേക്ക് ഞാനിറങ്ങി നടന്നു. ഇപ്പോൾ അവസാനത്തെ പിടി മണ്ണും വാരിയിട്ട് മീസാൻ കല്ലുകൾ നാട്ടി ആളുകൾ പിരിഞ്ഞുപോയിട്ടുണ്ടാവും. ഇനി ജീവിതമെന്ന വലിയ വേദനയില്ലാതെ ചെള്ളിത്താത്താക്ക്​ വിശ്രമിക്കാം. ചാറ്റൽ മഴ പെരുമഴയായി എനിക്ക് മുന്നിൽ പെയ്തു. പാതകളിലൂടെ കലങ്ങിയൊഴുക്കുന്നത് കണ്ണീരാണെന്ന് തോന്നി. ഒരു ആയുഷ്‌കാലമത്രയും എന്റെ താത്ത ഒതുക്കിപ്പിടിച്ച സങ്കടങ്ങളുടെ ജലപ്രവാഹം... പള്ളിക്കാട്ടിലെ പുതുമണ്ണിനുമേൽ പെയ്യുന്ന മഴ എന്റെയുള്ളിലും ചെയ്തു. കാലമിത്രയായിട്ടും ആ മഴയാണ് എന്റെയുള്ളിൽ ഇന്നും ചെയ്യുന്നത്. സഹനത്തിന്റെ ആ ആൾരൂപമാണ് എന്നെ പലപ്പോഴും ജീവിതത്തോട് ചേർത്തുനിർത്തുന്നത്. അവരുടെ വീടിന്റെ ഓരോ മൂലയിലും എന്റെ കണ്ണുകൾ അവരെ ഇപ്പോഴും തിരയാറുണ്ട്. അടുക്കളയിൽ നിന്നും ആ പതിഞ്ഞ ശബ്ദം വന്നേക്കാം.

അബ്ബാസെ ...വാ.. വന്ന് ചായ കുടിച്ചോ....
എത്രയോ ചെള്ളിത്താത്തമാർ ഈ ഭൂമിയിൽ ജീവിച്ച് മരിക്കുന്നു. അടയാളങ്ങൾ ഒന്നും ബാക്കിയാക്കാതെ കടന്നു പോവുന്ന ആ ജീവിതങ്ങളെ സഹനത്തിന്റെ ആ ഘോഷയാത്രയെ ഞാൻ എങ്ങനെ അടയാളപ്പെടുത്താനാണ്. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments