ചിത്രീകരണം: ദേവപ്രകാശ്

പച്ചവെള്ളത്തിൽ പപ്പടം പൊരിച്ച ഹാറൂൺ മുസ്‌ലിയാർ

വെറും മനുഷ്യർ-15

സുന്ദര നാടാരുടെ വീട്ടിലെ രാത്രി പൂജ തുടങ്ങിയ അന്നുതന്നെ ഹാറൂണിന് തന്റെ സിദ്ധികളൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് ബുള്ളറ്റിൽ കയറി ജീവനും കൊണ്ട് ഓടിപോരേണ്ടി വന്നു. പിറ്റേന്ന് പുലർച്ചെ ഹാറൂണിന്റെ കത്തിക്കരിഞ്ഞ ബുള്ളറ്റ് കണികണ്ടാണ് പെരുംചിലമ്പ് ഉണർന്നത്.

വിട്ടുമാറാത്ത വയറുവേദനയ്ക്ക് ചികിത്സ തേടി പാലൈവനം നാട്ടിലേക്കുപോയപ്പോൾ പകരം വന്നത് ഹാറൂൺ മുസ്‌ലിയാർ. അയാളുടെ വരവുതന്നെ പെരുംചിലമ്പാകെ ഇളക്കിമറിച്ചായിരുന്നു. അന്നത്തെ കാലത്ത് പെരുംചിലമ്പിൽ ആരും അതുവരെ കണ്ടിട്ടില്ലാത്ത ബുള്ളറ്റിലാണ് അയാൾ വന്നത്. അതിന്റെ ശബ്ദം ചെടയാറോളം കേൾക്കാമായിരുന്നു.

ശബ്ദം കേട്ട കുട്ടികളും മുതിർന്നവരുമെല്ലാം പള്ളിമുറ്റത്ത് തടിച്ചുകൂടി. പാതയും നിറഞ്ഞ് ഞങ്ങളുടെ വീടിന്റെ വരാന്തയിലും ആളുകൾ കയറിനിന്ന് ബുള്ളറ്റിനെയും ഹാറൂണിനെയും കണ്ടു. ഹാറൂൺ ചെറുപ്പക്കാരനായിരുന്നു. നല്ല ഉറച്ച ശരീരവും വൃത്തിയുള്ള വസ്ത്രങ്ങളും ചുരുൾ മുടിയും കൂളിംങ്ങ് ഗ്ലാസും ഒക്കെ അയാളെ കൂടുതൽ സുന്ദരനാക്കി. ഞങ്ങൾ ബുള്ളറ്റ് തൊട്ടുനോക്കി. നിലമ്പൂരിൽ നിന്ന് അക്കണ്ട ദൂരമത്രയും ഓടി വന്ന ബുള്ളറ്റിന്റെ പല ഭാഗങ്ങളും ചൂടുപിടിച്ചിരുന്നു.

പാന്റും ഷർട്ടുമായിരുന്നു അയാളുടെ വേഷം. ഇങ്ങനെയും ഉസ്താദുമാരോന്ന് മുതിർന്നവർ അത്ഭുതപ്പെട്ടപ്പോൾ ഞങ്ങൾ കുട്ടികൾ അയാളുടെ കയ്യിൽ ചൂരൽ ഉണ്ടായിരിക്കുമോന്ന് വേവലാതിപ്പെട്ടു. പ്രകാശിക്കുന്ന ആ കണ്ണുകൾ ഞങ്ങളോട് ചുരലോ ചൂരലടിയോ ഉണ്ടാവില്ലെന്ന് പറയും പോലെ തോന്നി.
പള്ളിമുറ്റത്ത് ബുള്ളറ്റിന് മഴയും വെയിലും കൊള്ളാതെ ജീവിക്കാൻ ഓലപ്പന്തലുയർന്നു. അതിനുതാഴെ എന്നെ നോക്കെടാ എന്ന അഹങ്കാരത്തോടെ ബുള്ളറ്റ് നിന്നു.

വാളുമായി ഒട്ടകപ്പുറത്തേറിയും നടന്നും ഓടിയും യുദ്ധം ചെയ്യുന്ന റസൂലിന്റെ ചിത്രം ഞങ്ങളുടെ അബോധത്തിന്റെ ചുമരുകളിൽ അയാൾ വരച്ചിട്ടു. അതിന്റെ കടുംവർണ്ണങ്ങളിലൂടെ ഞങ്ങൾ കണ്ടത് മറ്റൊരു റസൂലിനെയായിരുന്നു

ഹാറൂണിന്റെ ഭക്ഷണവും മാസ്റ്ററുടെ വീട്ടിൽ നിന്നായിരുന്നു. മദ്രസയിലെ ആദ്യത്തെ ദിവസം അയാൾ ഞങ്ങൾ കുട്ടികൾക്ക് കഥകൾ പറഞ്ഞുതന്നു. ബദറിന്റെയും ഉഹ്ദിന്റെയും ഖന്തക്കിന്റെയും പോരാട്ട കഥകൾ.
ഉമ്മമാർ വീടിനകത്ത് ഒച്ചയില്ലാതെ പാടിയിരുന്ന ബദർ ഖിസ്സപ്പാട്ടിന്റെ പിന്നിലെ ചരിത്രം അയാളിലൂടെയാണ് കുട്ടികൾ അറിഞ്ഞത്.

ആബിദ അപ്പോഴും നിലത്തിരുന്നില്ല. പഴയപടി ഉസ്താദിന്റെ കസേരയിലും ഉസ്താദ് കസേരയിൽ ഇരിക്കുമ്പോൾ മൂപ്പരുടെ മടിയിലും ഇരുന്നു. ആ കാഴ്ച എന്തുകൊണ്ടോ ഞങ്ങളുടെയുള്ളിൽ അസൂയയല്ല പൊരുളറിയാത്ത കൗതുകമാണ് ഉണ്ടാക്കിയത്. വാളുമായി ഒട്ടകപ്പുറത്തേറിയും നടന്നും ഓടിയും യുദ്ധം ചെയ്യുന്ന റസൂലിന്റെ ചിത്രം ഞങ്ങളുടെ അബോധത്തിന്റെ ചുമരുകളിൽ അയാൾ വരച്ചിട്ടു. അതിന്റെ കടുംവർണ്ണങ്ങളിലൂടെ ഞങ്ങൾ കണ്ടത് മറ്റൊരു റസൂലിനെയായിരുന്നു. മദ്രസ കഴിഞ്ഞാൽ ഹാറൂൺ പള്ളിയിൽ ഇരുന്നില്ല. ബുള്ളറ്റിൽ കയറി ശബ്ദമുണ്ടാക്കി തോന്നിയ പാതകളിലൂടെയൊക്കെ സഞ്ചരിച്ചു. ക്ലാസ്മുറിയിലിരുന്ന് ഞങ്ങളാ ശബ്ദം കേട്ടു. മുത്തയ്യൻ സാറിന് ഞാൻ പുതിയ ഉസ്താദിന്റെ വിശേഷങ്ങൾ പറഞ്ഞുകൊടുത്തു.

മദ്രസയിൽ നിന്ന് തന്റെ അധികാരപരിധി ഹാറൂൺ ഉസ്താദ് സ്‌കൂളിലേക്കും നീട്ടിയെടുത്തു. അതുവരെ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയിൽ പോകാതെ സ്‌കൂളിൽ കഴിഞ്ഞിരുന്ന മുസ്‌ലിം കുട്ടികളെ അയാൾ പള്ളിയിലേക്ക് ക്ഷണിച്ചു. സ്‌കൂളിലേക്ക് ബുള്ളറ്റ് ഓടിച്ചുവന്ന് സ്‌കൂളാകെ വിറപ്പിച്ച്, ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് കയറി. മുസ്‌ലിം കുട്ടികളെ വെള്ളിയാഴ്ച പള്ളിയിലേക്ക് വിടാനും വെള്ളിയാഴ്ച്ച ഖുതുബ പാവപ്പെട്ടവന്റെ ഹജ്ജാണെന്നും അയാൾ ഹെഡ്മാസ്റ്റർക്ക് ക്ലാസെടുത്തു.

ബുള്ളറ്റിന്റെ ശബ്ദം കൊണ്ടുതന്നെ പകച്ചുപോയ ഗണപതി സാറിന് ഹജ്ജും ഖുതുബയും ഒന്നും മനസ്സിലായില്ലെങ്കിലും മുസ്‌ലിം കുട്ടികളെ ജുമായുടെ നേരത്ത് പള്ളിയിലേക്ക് വിടാമെന്ന് സമ്മതിച്ചു. മടിച്ച് മടിച്ചാണെങ്കിലും ഞാനും അന്ന് മുതൽ ജുമുഅക്ക് പോയിതുടങ്ങി. ജുമുഅ കഴിഞ്ഞ് സ്‌കൂളിലെത്തുമ്പോൾ തങ്കരാജ് എനിക്കുള്ള ചോറുകൂടി വാങ്ങി എന്നെയും കാത്തിരിക്കുന്നുണ്ടാവും. അത് തിന്നുകഴിയുമ്പഴേക്കും ഉച്ചബെല്ലിന്റെ സമയം തീരും. തങ്കരാജ് നിരാശനായി മടങ്ങിപ്പോവും.

ആമിനയും കദീജയും സുലൈഖയും നസീമയും അടക്കം പതിനാറ് പെൺകുട്ടികളും ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നബിദിനത്തിന്റെയന്ന് രാത്രി പള്ളിമുറ്റത്ത് കെട്ടുന്ന സ്റ്റേജിൽ നിന്നും അവർ ഒഴിവാക്കപ്പെട്ടു.

പിന്നെയും ഹാറൂണിന്റെ പരിഷ്‌കാരങ്ങൾ വന്നു. അതുവരെ നബിദിനത്തിന്റെ ഘോഷയാത്രയിലും കലാപരിപാടികളിലും പങ്കെടുത്തിരുന്ന മദ്രസയിലെ പെൺകുട്ടികളെ അതിൽ നിന്നൊക്കെ ഹാറൂൺ ഒഴിവാക്കി. സത്യത്തിൽ വിലക്കുകയാണ് ചെയ്തത്. മുതിർന്നവരിൽ ചിലരൊക്കെ അതിനോട് വിയോജിച്ചെങ്കിലും ഹാറൂൺ ഉറച്ചുനിന്നു. ""ഈ അണ്ണാച്ചി നാട്ടിലേ ഇതൊക്കെ നടക്കുള്ളൂ, ഞമ്മളെ നാട്ടിലൊന്നും പെൺകുട്ട്യാളെ സ്റ്റേജിമ്മ കേറ്റ്ണ ഈ തോന്ന്യാസം നടക്കൂല.''
അത് ശരിയാണെന്ന് മുതിർന്നവരും സമ്മതിച്ചപ്പോൾ ആബിദയും റുഖിയയും ആമിനയും കദീജയും സുലൈഖയും നസീമയും അടക്കം പതിനാറ് പെൺകുട്ടികളും ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നബിദിനത്തിന്റെയന്ന് രാത്രി പള്ളിമുറ്റത്ത് കെട്ടുന്ന സ്റ്റേജിൽ നിന്നും അവർ ഒഴിവാക്കപ്പെട്ടു. അതുകൊണ്ടുമാത്രം അതുവരെ പ്രസംഗത്തിന് രണ്ടാം സ്ഥാനം നേടിയിരുന്ന ഞാൻ ഒന്നാംസ്ഥാനക്കാരനായി. ഒന്നാം സ്ഥാനം നേടിയിരുന്ന ആമിന ഞങ്ങളുടെ വീട്ടുമുറ്റത്തെ പെൺകൂട്ടത്തിലിരുന്ന് നെഞ്ച് പിടയുന്ന വേദനയോടെ ഞാൻ സമ്മാനം വാങ്ങുന്നത് കണ്ടുനിന്നിരിക്കണം.

അവളടക്കം ആ പതിനാറ് പെൺകുട്ടികളും തങ്ങൾക്ക് മുന്നിൽ നിവർന്ന വിലക്കിന്റെ തിരശ്ശീലയെ ശപിച്ചിരിക്കണം. ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ കിട്ടിയിരുന്ന മിഠായി മധുരങ്ങളെ ഓർത്ത് വേദനിച്ചിരിക്കണം. അംഗീകാരത്തിന്റെ ചെറിയ അടയാളങ്ങൾ പോലും ഇല്ലാതാക്കിയ ഹാറൂൺ മുസ്‌ലിയാരെ വെറുത്തിരിക്കണം.

ഇന്നും നമ്മുടെ നാട്ടിലെ നബിദിനഘോഷയാത്രയിൽ നിങ്ങൾക്ക് പെൺകുട്ടികളെ കാണാൻ കഴിയില്ല. ഒരുമിച്ച് പഠിക്കുന്ന കുട്ടികളെ നന്നേ ചെറുപ്പത്തിലേ നിങ്ങൾ രണ്ട് ലിംഗത്തിൽ പെട്ടവരാണെന്നും പെൺകുട്ടി മതിലിനുള്ളിൽ നിന്ന് ഘോഷയാത്രകൾ കാണാൻ മാത്രം ഉള്ളവളാണെന്നും കലാപരിപാടികൾ കേൾക്കാൻ മാത്രമുള്ളവളാണെന്നും അവളെ പഠിപ്പിക്കുന്ന ഈ മദ്രസാഭാസം എന്തിനാണെന്ന് എനിക്ക് പിടിത്തം കിട്ടുന്നതേയില്ല.

പിന്നെയുമുണ്ടായി ഹാറൂണിന്റെ പരിഷ്‌കാരങ്ങൾ. അതുവരെ തലയിൽ തട്ടം മാത്രമിട്ട് മദ്രസയിലേക്ക് വന്നിരുന്ന പെൺകുട്ടികൾക്ക് മുഖ മക്കന വിധിക്കപ്പെട്ടു. കാശ് കടം വാങ്ങിയാണ് പലരും മക്കൾക്ക് മുഖ മക്കനകൾ വാങ്ങിക്കൊടുത്തത്. അതോടെ ചുരുൾമുടികളും കോലൻ മുടികളും ചെമ്പൻ മുടികളും മുഖ മക്കനകൾക്കുള്ളിലേക്ക് ഒളിപ്പിക്കപ്പെട്ടു. അതിനുശേഷം ആബിദാന്റെ ചുരുൾ മുടികൾ എന്നെ കൗതുകത്തോടെ നോക്കിയിട്ടേയില്ല. ഈ പരിഷ്‌കാരം മദ്രസയിൽ ഒതുക്കാതെ മുതിരുന്ന സ്ത്രീകളിലേക്കും അടിച്ചേൽപ്പിക്കാൻ ഹാറൂൺ മുസ്‌ലിയാർ അക്കൊല്ലം റമദാനിലെ പാതിരാപ്രസംഗങ്ങൾ ഉപയോഗിച്ചു. 19 ദിവസം നീണ്ടുനിന്ന ആ പാതിരാപ്രസംഗങ്ങൾ മുഴുവൻ തലമുടി പുറത്ത് കാണിക്കുന്ന സ്ത്രീകൾക്ക് നാളെ പരലോകത്തിൽ കിട്ടുന്ന ശിക്ഷയെ കുറിച്ചായിരുന്നു. പരലോകത്തിൽ മാത്രമല്ല, മരിച്ച് ഖബറിലെത്തുമ്പോൾ തലമറയ്ക്കാതെ നടക്കുന്ന പെണ്ണുങ്ങൾക്ക് കിട്ടുന്ന ശിക്ഷ ഭയാനകമായി അയാൾ വിവരിച്ചു.

അന്യപുരുഷന്റെ മുമ്പിൽ തലമുടി കാണിക്കുന്ന പെണ്ണ് നരകത്തിലാണെന്നും നരകത്തിലെ പാമ്പുകളെയും പുഴുക്കളെയും അവൾക്ക് തിന്നേണ്ടി വരുമെന്നും ഉള്ള അറിവുകൾ എന്നെ സന്ദേഹിയാക്കി. ഇത്രയൊക്കെ പ്രശ്‌നക്കാരനാണ് ഈ തലമുടിയെങ്കിൽ അത് മൊട്ടയടിച്ചുകളഞ്ഞാൽ പോരേ എന്ന് ഞാൻ സ്വയം ചോദിച്ചു. അതിനുമപ്പുറമുള്ള ചോദ്യങ്ങൾ ഇന്നും നിങ്ങൾക്ക് ചോദിക്കാൻ കഴിയില്ല. ചോദിച്ചാൽ നിങ്ങൾ സമൂഹത്തിൽ ഒറ്റപ്പെടും. വിവാഹ, മരണ, കർമങ്ങളിലെല്ലാം നിങ്ങൾക്ക് അതിന്റെ ഉത്തരം ലഭിക്കും. ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആ ഉത്തരങ്ങൾ ക്രൂരവും മനുഷ്യത്യരഹിതവുമാണ്.

അതുവരെ പള്ളി വരാന്തയിൽ ഇടകലർന്നിരുന്ന ഞങ്ങളെ അയാൾ ആണും പെണ്ണുമാക്കി തിരിച്ചു. എന്നിട്ട് രണ്ട് ഭാഗത്തായി ഇരുത്തി. അതോടെ ഞങ്ങൾ പരസ്പരം പങ്കുവെച്ചിരുന്ന പുളിങ്കുരുവും അരിനെല്ലിക്കകളും സ്‌നേഹച്ചൂട് നഷ്ടമായി കയ്ക്കാൻ തുടങ്ങി.

ഹാറൂണിന്റെ പ്രസംഗങ്ങൾ പല വീടുകളിലും മാറ്റങ്ങൾ വരുത്തി. സിനിമ ഹറാമാണെന്ന് വിധിച്ച ഹാറൂൺ മുസ്‌ലിയാരെ ഉപ്പ കാര്യമാക്കി എടുക്കാത്തതിനാൽ ഞങ്ങളുടെ വീട്ടിലേക്ക് മുഖമക്കനകൾ വിരുന്നുവന്നില്ല. വല്യാത്തയും ചെറിയാത്തയും ഉമ്മയും പഴയപടി തട്ടം മാത്രമിട്ട് നടന്നു.
മദ്രസയിലെ ഇരുത്തത്തിലും അയാൾ മാറ്റങ്ങൾ വരുത്തി. അതുവരെ പള്ളി വരാന്തയിൽ ഇടകലർന്നിരുന്ന ഞങ്ങളെ അയാൾ ആണും പെണ്ണുമാക്കി തിരിച്ചു. എന്നിട്ട് രണ്ട് ഭാഗത്തായി ഇരുത്തി. അതോടെ ഞങ്ങൾ പരസ്പരം പങ്കുവെച്ചിരുന്ന പുളിങ്കുരുവും അരിനെല്ലിക്കകളും സ്‌നേഹച്ചൂട് നഷ്ടമായി കയ്ക്കാൻ തുടങ്ങി. മാറിനിന്ന് നോക്കി കാണുകയും കൃത്യമായ അകലം പാലിക്കുകയും ചെയ്യേണ്ട രണ്ട് ജീവിവർഗ്ഗങ്ങളാണ് ഞങ്ങളെന്ന ബോധം അന്നുമുതലാണ് ഞങ്ങളിൽ ഉറച്ചത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഹാറൂൺ മുസ്‌ലിയാർക്ക് എന്നെ ഇഷ്ടമായിരുന്നു. അല്ലെങ്കിൽ എനിക്ക് അങ്ങനെ തോന്നി. വിശ്വാസികൾക്കിടയിൽ മൊത്തത്തിൽ ഒരു ഓളമുണ്ടാക്കി കഴിഞ്ഞിട്ടാണ് അയാൾ തന്റെ മറ്റ് സിദ്ധികൾ പുറത്തെടുക്കാൻ തുടങ്ങിയത്.

മാസ്റ്ററുടെ ഭാര്യയുടെ ദേഹത്ത് കൂടിയിരുന്ന പിശാചിനെ അയാൾ ഒഴിപ്പിച്ചെടുത്തത് മദ്രസയിൽ വെച്ച് എല്ലാവരും കാൺകെയാണ്. രാത്രിയായാൽ പ്രത്യേക ഈണത്തിൽ കൂക്കി വിളിച്ച് ബോധം കെട്ട് വീണിരുന്ന അവരെ ആദ്യം അയാൾ വീട്ടിൽ ചെന്നുകണ്ടു. ചില മന്ത്രങ്ങളൊക്കെ ചൊല്ലി അവരുടെ മേലേക്ക് ഊതിയിട്ട് പിശാചിനെ പോക്കറ്റിലാക്കി മടങ്ങിവന്നു. പിന്നെ കുട്ടികളും മുതിർന്നവരും ഒക്കെ നോക്കിനിൽക്കെ പള്ളി വരാന്തയിൽ ഒരു ചീനച്ചട്ടി വരുത്തിച്ച് അതിൽ നിറയെ വെള്ളം എടുത്തുവെച്ചു. എന്നിട്ട് മൂപ്പർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഒരു പൊതി എടുത്തുകൊണ്ടുവന്നു. അത് എല്ലാവരുടെയും മുമ്പിൽ വെച്ച് തുറന്നു.
അത്ഭുതങ്ങൾ ഒന്നുമില്ലാത്ത വെറും പപ്പടമായിരുന്നു അത്. ഒരു കെട്ട് പപ്പടം. അന്നേരമത്രയും അയാൾ ഒന്നും സംസാരിച്ചിരുന്നില്ല. ഏതൊക്കെയോ മന്ത്രങ്ങൾ നിശബ്ദമായി ഉരുവിടുന്നുണ്ടെന്ന് ആ ചുണ്ടുകൾ പറഞ്ഞു. ചീന ചട്ടിയിലെ വെള്ളത്തിൽ മാസ്റ്ററോട് അയാൾ കൈ മുക്കാൻ പറഞ്ഞു. മാസ്റ്റർ കൈ മുക്കി. ""ചൂട് ണ്ടോ...?''
അയാൾ ചോദിച്ചു.""ഇല്ല'' മാസ്റ്റർ പറഞ്ഞു.

പിന്നെ രണ്ട് കൈയ്യും മേൽപ്പോട്ടുയർത്തി ഉറക്കെ എന്തൊക്കെയോ അറബി വാക്കുകൾ പറഞ്ഞു. ശേഷം പപ്പട കെട്ടിൽ നിന്ന് ഒരു പപ്പടം എടുത്തുതന്നിട്ട് എന്നോട് അത് ചീനച്ചട്ടിയിലെ വെള്ളത്തലിടാൻ പറഞ്ഞു. ഞാൻ ആ പപ്പടം പച്ചവെള്ളത്തിലേക്കിട്ടു. എല്ലാവരുടേയും കണ്ണുകളെ തുറിപ്പിച്ചുകൊണ്ട് പപ്പടം ആ പച്ച വെള്ളത്തിൽ കിടന്ന് പൊരിഞ്ഞു. ചുറ്റും അത്ഭുതത്തിന്റെ ഒച്ചകളുണ്ടായി. ഞാൻ കൗതുകത്തോടെ അത് കണ്ടുനിന്നു. ഉമ്മ തിളച്ച എണ്ണയിൽ പപ്പടം കാച്ചും പോലെ തന്നെ... പക്ഷേ ആ കൊതിപ്പിക്കുന്ന മണമില്ല. പപ്പടത്തിന് കുമിളകൾ പോലും ഉണ്ട്... കണ്ണുകളടച്ച് തല ഇടത്തോട്ട് ആട്ടി അയാൾ മാസ്റ്ററോട് പറഞ്ഞു; ""അന്റെ പെണ്ണിനെ ശല്യം ചെയ്തീര്ന്ന ഉദിരി ശൈത്താനാണ് ഈ പൊരിഞ്ഞ് കെടക്ക്ണ്ടത് അത് എട്ക്ക്.''

മാസ്റ്റർ പപ്പടം ചട്ടിയിൽ നിന്നെടുത്തു. അത്ഭുതം! മാസ്റ്ററുടെ കൈ പൊള്ളിയില്ല. ഹാറൂൺ പറഞ്ഞു; ""ഇഞ്ഞ് വപ്പടം പൊട്ടിച്ച് ഒര് കണ്ടം തിന്നേ...''
ഒരു മാത്ര ശങ്കിച്ച് നിന്നിട്ട് മാസ്റ്റർ പപ്പടം പൊട്ടിച്ച് ഒരു തുണ്ട് തിന്നു. കണ്ണുകൾ തുറന്ന് തലയാട്ടൽ നിർത്തിയിട്ട് മാസ്റ്ററുടെ കയ്യിൽ നിന്ന് ആ പപ്പടത്തിന്റെ ബാക്കി വാങ്ങി. മുമ്പിൽ നിന്ന എനിക്കും മജീദിനും ഒരോ തുണ്ട് തന്നിട്ട് അയാൾ ഞങ്ങളോടും അത് തിന്നാൻ പറഞ്ഞു. മജീദ് ശങ്കയൊന്നുമില്ലാതെ ഉദിരി സൈത്താനെ ആവാഹിച്ച പപ്പട തുണ്ട് വായിലേക്കിട്ടു. മടിച്ചുനിന്ന എന്നോട് ശകാര രൂപത്തിൽ ഹാറൂൺ പറഞ്ഞു;""തിന്നടാ മുദിരി സൈത്താനേ...''
ഞാനത് തിന്നു. ഉമ്മ പൊരിക്കുന്ന പപ്പടത്തിന്റെ രുചിയല്ല. അടുപ്പിൽ ചുട്ടെടുക്കുന്ന രുചിയുമല്ല. രണ്ടിന്റെയും നടുവിലെവിടെയോ ഉദിരി സൈത്താന്റെ രുചിയുമായി ആ പപ്പടത്തുണ്ട് എന്റെ വയറ്റിലേക്ക് ഇറങ്ങിപ്പോയി. ആൾക്കൂട്ടമാകെ അമ്പരന്നുനിന്നു. ഹാറൂൺ മാസ്റ്ററോടായി പറഞ്ഞു; ""ഇഞ്ഞ് ഓന്റെ സല്യം ണ്ടാവൂല ഓനെ കൊന്നതിന് ളള ദേഷ്യം ഓന് ഇന്നാടാണ് ണ്ടാവ്വാ ... അദ് ഞാന് നോക്കിക്കോളാ...''

ഭാര്യയുടെ ദേഹത്തെ ഉദിരി ശൈത്താനെ ആവാഹിച്ച് വെറും പച്ച വെള്ളത്തിലിട്ട് പൊരിച്ചുകളഞ്ഞ ഹാറൂൺ മുസ്‌ലിയാർക്ക് മാസ്റ്റർ വലിയൊരു തുക കൊടുത്തെങ്കിലും അയാൾ അത് വാങ്ങിയില്ല. അത് അയാളുടെ ഒരു പരസ്യപ്രചാരണം മാത്രമായിരുന്നെന്നും ഇത്തിളിനുള്ളിൽ (കുമ്മായം) കാറ്റ് തട്ടാതെ കുറേ ദിവസം പപ്പടം പൂഴ്ത്തിവെച്ചാൽ ഏത് പച്ചവള്ളത്തിലും അത് പൊരിച്ചെടുക്കാമെന്നും അന്നെനിക്ക് അറിയില്ലായിരുന്നു.
ഒറ്റ പപ്പടം കാച്ചൽ കൊണ്ടുതന്നെ ഹാറൂൺ മുസ്‌ലിയാർ ഹീറോ ആയി. ജാതി മത ഭേദമില്ലാതെ എല്ലാവരും അയാളെ ആദരവോടെ നോക്കി. അയാളുടെ ബുള്ളറ്റ് രാത്രികാലങ്ങളിലും ഉറക്കെ ശബ്ദമുണ്ടാക്കി പല വീടുകളിലേക്കും പാഞ്ഞു. സ്വന്തം മക്കൾക്ക് മൂന്നുനേരം കഞ്ഞി കൊടുക്കാൻ വകയില്ലാത്തവർ പോലും ഹാറൂണിനു വേണ്ടി കോഴികളെ അറുത്ത് വിരുന്നൊരുക്കി. പട്ടിണിയും കഷ്ടപ്പാടും മാറി നല്ല കാലം വരാനായി ഒരു പാട് വീടുകളിലെ കോഴികൾ ജീവൻ വെടിഞ്ഞു. ഒരു പാട് കൈകൾ തേങ്ങയരച്ച് കുഴങ്ങി. മാസ്റ്ററുടെ ഭാര്യ പിന്നീട് ഒരിക്കലും കൂക്കിവിളിച്ച് ബോധം കെട്ടുവീണില്ല.

സുന്ദര നാടാരുടെ വീട്ടിലെ രാത്രി പൂജ തുടങ്ങിയ അന്നുതന്നെ ഹാറൂണിന് തന്റെ സിദ്ധികളൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് ബുള്ളറ്റിൽ കയറി ജീവനും കൊണ്ട് ഓടിപ്പോരേണ്ടി വന്നു.

കുട്ടികളില്ലാത്ത സ്ത്രീകൾക്ക് കുട്ടികളുണ്ടാവാൻ വീടുകളിൽ പ്രത്യേക പൂജകളും മന്ത്രിച്ചൂത്തും നടന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അത്തരം പൂജകളെപ്പറ്റി പല കഥകളും നാട്ടിൽ പ്രചരിച്ചു. വീട്ടിലെ മറ്റുള്ളവരെയെല്ലാം ഒഴിപ്പിച്ച്, കുട്ടികൾ ഉണ്ടാവേണ്ട സ്ത്രീയെ മാത്രം അകത്താക്കി അയാൾ ചെയ്ത പൂജകളും കർമങ്ങളും അത്ഭുതങ്ങളായിരുന്നില്ല. തികച്ചും സാധാരണ പ്രവൃത്തികൾ മാത്രം. ദോഷം പറയരുതല്ലോ... രണ്ട് സ്ത്രീകൾ ഹാറൂണിന്റെ മന്ത്രവാദം കൊണ്ട് ഗർഭിണികളായി. ഗർഭം ധരിക്കാൻ ശേഷിയില്ലാത്തവരുടെ വീടുകളിൽ അന്ത്യമില്ലാത്ത രാത്രി പൂജകൾ നടന്നു.

എന്താണ് ആ പൂജകളുടെ സ്വഭാവമെന്ന് ആരും പുറത്തുറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ പൂജയുടെ ഫലം ഇല്ലാതാവുമെന്നും മറ്റ് അപകടങ്ങൾ ഉണ്ടാവുമെന്നും അയാൾ ആ വീട്ടുകാരെ മുഴുവൻ വിശ്വസിപ്പിച്ചിരുന്നു.
സുന്ദര നാടാരുടെ വീട്ടിലെ രാത്രി പൂജ തുടങ്ങിയ അന്നുതന്നെ ഹാറൂണിന് തന്റെ സിദ്ധികളൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് ബുള്ളറ്റിൽ കയറി ജീവനും കൊണ്ട് ഓടിപ്പോരേണ്ടി വന്നു. പിറ്റേന്ന് പുലർച്ചെ ഹാറൂണിന്റെ കത്തിക്കരിഞ്ഞ ബുള്ളറ്റ് കണികണ്ടാണ് പെരുംചിലമ്പ് ഉണർന്നത്. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments