ചിത്രീകരണം: ദേവപ്രകാശ്​

തീട്ടം തിന്നാൻ വകയില്ലാത്തോൻ

വെറും മനുഷ്യർ- 16

‘ഉസ്താദിന് തീട്ടം തിന്നാൻ വകയില്ലാത്തോനെ കാണണോ?' എന്നെയാണ് അവൾ ചൂണ്ടിക്കാട്ടുക എന്നറിഞ്ഞിട്ടും ആ മനുഷ്യൻ എപ്പോഴും കൗതുക ഭാവത്തിൽ ചോദിച്ചു; ‘എവ്‌ടെ? '. അവൾ എന്റെ നേരെ കൈ ചൂണ്ടി പറയും; ‘ദാ ഇരിക്കുണു.'

മാസ്റ്ററുടെ മുത്ത മകളാണ് ബീവി എന്ന വിളിപ്പേരുള്ള സാജിദ. ഇരുനിറത്തിൽ കണ്ണുകളിൽ നക്ഷത്രങ്ങൾ ഒളിപ്പിച്ച് വെച്ച മുട്ടോളം നീണ്ടുകിടക്കുന്ന മുടിയുള്ള സുന്ദരി പെൺകുട്ടി. വീടിനകത്തും വടക്കിനി പുറത്തുമായി ഒതുങ്ങിക്കൂടിയ സാജിദ പെരുംചിലമ്പിലെ ആദ്യത്തെ പത്താം ക്ലാസുകാരിയായിരുന്നു. തക്കലയിലെ സ്‌കൂളിൽ നിന്നാണ് അവൾ ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായത്.

അവൾക്ക് തമിഴും മലയാളവും എഴുതാനും വായിക്കാനും അറിയാമായിരുന്നു. കുടിയേറ്റ മലയാളികൾ നാട്ടിലേക്കയച്ച കത്തുകളൊക്കെ അവളുടെ കൈപ്പടയിലായിരുന്നു. മാസ്റ്ററുടെയോ ഭാര്യയുടെയോ അവരുടെ മറ്റു മക്കളുടേയോ സ്വാഭാവമായിരുന്നില്ല സാജിദാക്ക്. വീട്ടിൽ വരുന്നവരെയൊക്കെ അവൾ സ്‌നേഹത്തോടെ സ്വീകരിച്ചു. കത്തെഴുതിക്കാൻ വരുന്നവരെ സ്വന്തം മുറിയിൽ സ്വീകരിച്ചിരുത്തി അവൾ സൽക്കരിച്ചു. താൻ അന്നാട്ടിലെ ഏറ്റവും സമ്പന്നന്റെ മകളാണെന്ന് അവൾ മുഖത്തെഴുതിയൊട്ടിച്ചില്ല. മാസ്റ്ററുടെ മുഖത്തിലും ഭാവത്തിലും ആ എഴുത്ത് ആർക്കും വായിക്കാൻ പാകത്തിൽ അഹങ്കാരത്തോടെ തെളിഞ്ഞുനിന്നിരുന്നു.

ചെറിയാക്കാക്കും സാജിദാക്കുമിടയിൽ പ്രണയത്തിന്റെ ബലമുള്ള പാത രൂപപ്പെട്ടുകഴിഞ്ഞിരുന്നു. സമ്പത്തിന്റെ കാര്യത്തിൽ സാജിദ എവറസ്റ്റായിരുന്നെങ്കിൽ ഏട്ടൻ വേളി മലയോളം ചെറുതായിരുന്നു. പക്ഷേ ഏട്ടൻ ആ ദൂരമത്രയും നടന്നുകയറാൻ തന്നെ ഉറപ്പിച്ചു.

തന്റെ വീടിനു ചുറ്റുമുള്ള ഉപ്പാന്റെ റബ്ബർ തോട്ടത്തിൽ ടാപ്പിംങിന് വരുന്ന പണിക്കാർക്ക് പണിയുടെ ഇടവേളകളിൽ അവൾ ചായയും പലഹാരങ്ങളും കൊടുത്തു. അക്കാര്യത്തിലുള്ള വീട്ടുകാരുടെ എതിർപ്പൊന്നും അവൾ മൈന്റ് ചെയ്തതേയില്ല. ആ റബ്ബർ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന ക്രിസ്റ്റഫർ മറ്റെന്തോ പണി കിട്ടി പോയപ്പോൾ പകരം പണിക്ക് കയറിയത് എന്റെ രണ്ടാമത്തെ ഏട്ടനാണ്. ചെറിയാക്ക എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഏട്ടൻ ആ പണിയിൽ കയറിപ്പറ്റാൻ മറ്റാർക്കും അറിയാത്ത ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. മാസ്റ്ററുടെ സൂപ്പർവൈസറായ അർളോസിന്റെ അനിയനായിരുന്നു ക്രിസ്റ്റഫർ. അർളോസ് തന്റെ മറ്റൊരു അനിയനെ ആ ജോലിയിൽ കയറ്റാൻ കെണിഞ്ഞ് നോക്കിയെങ്കിലും വീടിനകത്തുനിന്നുള്ള രഹസ്യ ശുപാർശയെ അയാൾക്ക് തള്ളിക്കളയാൻ കഴിഞ്ഞില്ല. അത് സാജിദയുടെ ശുപാർശയായിരുന്നു.

ചെറിയാക്കാക്കും സാജിദാക്കുമിടയിൽ പ്രണയത്തിന്റെ ബലമുള്ള പാത രൂപപ്പെട്ടുകഴിഞ്ഞിരുന്നു. മാസ്റ്ററടക്കം മറ്റാരും ഈ പാതയെക്കുറിച്ച് അറിഞ്ഞില്ല. സമ്പത്തിന്റെ കാര്യത്തിൽ സാജിദ എവറസ്റ്റായിരുന്നെങ്കിൽ ഏട്ടൻ വേളി മലയോളം ചെറുതായിരുന്നു. പക്ഷേ ഏട്ടൻ ആ ദൂരമത്രയും നടന്നുകയറാൻ തന്നെ ഉറപ്പിച്ചു.
അക്കാലത്ത് ഏട്ടൻ പല പല ജോലികളും ചെയ്തു. ഒരു പത്തൊമ്പതുകാരന് താങ്ങാവുന്നതിലും അധികം ജോലികൾ. മാസ്റ്ററുടെ തോട്ടത്തിലേയും മറ്റ് ചെറിയ ചെറിയ തോട്ടങ്ങളിലേയും റബ്ബർക്കുരു പാട്ടത്തിനെടുത്തു. ആ റബ്ബർ കുരുക്കൾ ഒറ്റക്ക് പെറുക്കി ചാക്കുകളിലാക്കി കൂടുതൽ വില കിട്ടാൻ കുമാരപുരം ചന്തയോളം തലച്ചുമടായി കൊണ്ടുപോയി വിറ്റു. മൺകട്ടകൾ കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീടിന്റെ ചുമരുകൾ ഏട്ടന്റെ വിയർപ്പിന്റെ വില കൊണ്ട് സിമന്റണിഞ്ഞു. ഏട്ടൻ തന്നെ അതിൻമേൽ പിങ്ക് നിറമുള്ള പെയിന്റും അടിച്ചു.
മാസ്റ്ററുടെ വീടിന്റെ കളറും പിങ്കായിരുന്നു. മാസ്റ്ററുടെ വീട് അതിന്റെ കുപ്പായങ്ങൾ മാറുമ്പോഴൊക്കെ ഏട്ടൻ ഞങ്ങളുടെ വീടിന്റെ കുപ്പായവും മാറ്റി പുതുപുത്തനാക്കി. പിന്നെ മുൻഭാഗത്ത് പുതിയൊരു മുറി പണികഴിപ്പിച്ചു. അതിന്റെ ചുമരുകൾ ഇഷ്ടിക കൊണ്ടായിരുന്നു. മാസ്റ്ററുടെ ഔട്ട് ഹൗസിന്റെ ചുമരുകളും ഇഷ്ടിക കൊണ്ടായിരുന്നു.

പ്രായത്തിലധികം പക്വതയുള്ള ഏട്ടനെ മാസ്റ്റർക്കും ഇഷ്ടമായിരുന്നു. ഏട്ടന് സ്വന്തമായി പുതിയ സൈക്കിൾ വാങ്ങാൻ മാസ്റ്ററാണ് പണം കടം കൊടുത്തത്. ഏട്ടൻ ആ കടം വീട്ടീത്തീർക്കുമെന്ന് മാസ്റ്റർക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ചാക്കുകെട്ടുകളുമായി കുമാരപുരം ചന്തയിലേക്ക് എട്ടന്റെ സൈക്കിൾ വിശ്രമമില്ലാതെ ഓടി. സമപ്രായക്കാരൊക്കെ സിനിമാനടൻമാരുടെ ഹെയർ സ്‌റ്റൈൽ സ്വീകരിച്ചപ്പോൾ ഏട്ടൻ സ്വന്തം സ്‌റ്റൈലിൽ ഉറച്ചുനിന്നു. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് ചുരുണ്ട് ഇടതിങ്ങിയ മുടിയും പാറിച്ച് ഏട്ടൻ നടന്നുപോവുന്നത് കാണാൻ തന്നെ വല്ലാത്തൊരു ചന്തമായിരുന്നു.

വീട്ടിൽ രണ്ട് വിവാഹങ്ങൾ കഴിഞ്ഞതിനാൽ അടുത്ത ഊഴം ഏട്ടന്റെതായിരുന്നു. ആ അറിവിന്റെ ഉൾക്കുളിരിൽ സാജിദയുടെ കണ്ണുകളിലെ കടൽ ചിപ്പികളെണ്ണി ഏട്ടൻ ജീവിച്ചു. പ്രണയം ഏട്ടനുചുറ്റും പ്രകാശവലയമായി ഒളിപരത്തി നിന്നു.
ഉമ്മ ആനന്ദത്തോടെ പറയും; "ചെക്കൻ ആളാകെ മാറി. വെല്യ കുട്ടിയായി.'
ചിലപ്പൊ ഏട്ടനെ കളിയാക്കും; "എന്താടാ അനക്കൊരു ഹാല്? ഏതെങ്കിലും നാടാത്തിയാളെ കണ്ട് വെച്ച്ക്ക്ണാ ...'
"നാടാത്തിം കീടാത്തിം ഒന്നും അല്ല ഉമ്മാ ...'
"പിന്നെ? '
ഉമ്മാന്റെ ആ പിന്നേക്ക് എട്ടൻ ഒരിക്കലും ഉത്തരം പറഞ്ഞില്ല.

മാസ്റ്ററുടെ വീടിനകത്ത് മറ്റൊരു ആത്മാവ് അതിന്റെ നേരിൽ വന്ന് തൊട്ട വെളിച്ചത്തിലേക്ക് മുഖം നീട്ടി പൂത്തുനിന്നു.ആ നക്ഷത്രക്കണ്ണുകളിലെ കടൽ ചിപ്പികൾ പ്രണയസംഗീതം പൊഴിച്ചു. വാക്കുകൾ അവർക്കിടയിൽ വിറകൊണ്ട് നിന്നു. അവർ രണ്ടാളും മറ്റൊരു ലോകത്തായിരുന്നു. രണ്ട് മനുഷ്യർക്കിടയിൽ രൂപം കൊള്ളാവുന്ന ഏറ്റവും വിശുദ്ധമായ ഒരു ലോകത്ത്...

അവളുടെ ഉപ്പാന്റെ സമ്പത്തിൽ നിന്ന് ഞങ്ങളുടെ ഓലവീട്ടിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. ഒരു പത്തൊമ്പനുകാരന് എത്തിച്ചേരാൻ കഴിയാത്ത ദൂരം ... പക്ഷേ ഏട്ടൻ വാശിയോടെ ആ ദൂരത്തിൽ നടന്നു. ഓരോ രൂപയും സൂക്ഷിച്ച് ചെലവഴിച്ചു.

വനാതിർത്തിയിലുള്ള കൃഷിയിടങ്ങളിലെ ഏറുമാടങ്ങളിൽ ഏട്ടൻ രാത്രി കാവലിരുന്നു. വിദൂരതയിൽ എവിടെയോ തനിച്ചിരിക്കുന്ന ഏട്ടനെയോർത്ത് സാജിദ ഉറങ്ങാതിരുന്നു. ഏട്ടന് പണം ഉണ്ടാക്കണമായിരുന്നു. അതിനായി വളഞ്ഞ വഴികളൊന്നും സ്വീകരിച്ചില്ല. ഒരു വിനാഴികയുടെ വിശ്രമം പോലുമില്ലാതെ അധ്വാനിച്ചു. വാഴയിലകൾ വെട്ടി തുണ്ടമാക്കി കെട്ടുകളാക്കി കൊറ്റിയോട്ടിലെ ഹോട്ടലുകളിൽ കൊണ്ടുകൊടുത്തു. കണക്ക് പറഞ്ഞ് പണം വാങ്ങി.
മാസ്റ്ററുടെ തൊഴുത്തിലെ പശുക്കൾ പ്രസവിച്ചപ്പോൾ ഒരു പശുക്കുട്ടിയെ ഏട്ടന് കിട്ടി. അതിന്റെ പിന്നിലും സാജിദ ഉണ്ടായിരുന്നിരിക്കണം. തനിക്ക് പ്രിയപ്പെട്ടവൻ പണക്കാരനായി കാണാൻ ആ മനസ് വല്ലാതെ മോഹിച്ചിരിക്കണം. പക്ഷേ അവളുടെ ഉപ്പാന്റെ സമ്പത്തിൽ നിന്ന് ഞങ്ങളുടെ ഓലവീട്ടിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. ഒരു പത്തൊമ്പനുകാരന് എത്തിച്ചേരാൻ കഴിയാത്ത ദൂരം ... പക്ഷേ ഏട്ടൻ വാശിയോടെ ആ ദൂരത്തിൽ നടന്നു. ഓരോ രൂപയും സൂക്ഷിച്ച് ചെലവഴിച്ചു.

ഉപ്പാന്റെ ഉദാസീനത വീട്ടിലുണ്ടാക്കിയ പട്ടിണിക്ക് പരിഹാരം കാണേണ്ട ചുമതലയും ഏട്ടനായിരുന്നു. ചിട്ടികൂടി കിട്ടിയ വലിയൊരു തുകയുമായി ഏട്ടൻ നാഗർകോവിലിലെ ചന്തയിലേക്ക് പശുക്കളെ വാങ്ങാൻ പോയി. തിരികെയുള്ള യാത്ര മൂന്ന് പശുക്കളെയും കൊണ്ടായതിനാൽ അത് രണ്ടുദിവസം നീണ്ടുനിന്നു. ആ രണ്ട് ദിവസവും ഞങ്ങൾ ഏട്ടനെ കാത്തിരുന്നു. വീടിനു പിറകിലെ ചെറിയ തൊഴുത്ത് വലുതായി മാറുന്നതും അതിൽ നിറയെ പശുക്കൾ ചിരിച്ച് നിൽക്കുന്നതും ഞങ്ങൾ സങ്കൽപ്പിച്ചെടുത്തു.

തങ്കരാജിന് പാൽച്ചായ കൊടുക്കുന്നതുവരെ മനസിൽ കണ്ട് പുളകം കൊണ്ട് ഞാൻ നിന്നപ്പോൾ ഏട്ടന്റെ ആ മൂന്ന് പശുക്കളിൽ ഒന്ന് വഴിയിൽ തന്നെ കുഴഞ്ഞുവീണ് മരിച്ചു. സ്വന്തം ലക്ഷ്യത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന ഏട്ടൻ ബാക്കി രണ്ട് പശുക്കളുമായി ഉത്സാഹത്തോടെ വീട്ടിലെത്തി. മൂന്നും ചെനയുള്ള പശുക്കളായിരുന്നു. വന്നുകയറിയ രാത്രി തന്നെ മറ്റൊന്നുകൂടി തൊഴുത്തിൽ മരിച്ച് വീണു. അവശേഷിച്ചത് പിറ്റേന്ന് പകലും ...

പശുക്കളുടെ വയറ് വീർത്ത് നിൽക്കാൻ വേണ്ടി മണ്ണിൽ കുഴച്ച എന്തോ ഭക്ഷണം കൊടുത്ത് കച്ചവടത്തിന് നിർത്തുന്ന ചതി നാഗർകോവിലിലെ കച്ചവടക്കാർക്ക് ഉണ്ടായിരുന്നു. പശുക്കളെ കുറിച്ച് വല്യ ധാരണയൊന്നുമില്ലാത്ത ഏട്ടൻ സങ്കടമൊന്നുമില്ലാതെ ആ രണ്ട് പശുക്കളെയും വീടിനുപിറകിൽ കുഴികുത്തി മൂടി. എന്നിട്ട് മീസാൻ കല്ലുകൾ പോലെ ആ കുഴിയുടെ രണ്ട് തലയ്ക്കലും മൈലാഞ്ചി കൊമ്പുകൾ നട്ട് വെള്ളവും ഒഴിച്ചുകൊടുത്തു. ചതിയുടെയും നഷ്ടത്തിന്റെയും ഓർമകളായി ആ മൈലാഞ്ചി ചെടികൾ വളർന്നുവലുതായി .ആ മിണ്ടാപ്രാണികളുടെ മയ്യത്തിൽ നിന്ന് വളം വലിച്ചെടുത്ത് മൈലാഞ്ചികൾ പൂത്തു. പെൺകുട്ടികളും മുതിർന്ന സ്ത്രീ കളും കൈകൾക്ക് അഴകേറ്റാൻ മൈലാഞ്ചി ഇലകൾ നുള്ളിയെടുക്കുന്നത് ഏട്ടൻ നിർവികാരനായി കണ്ടുനിന്നു.

ഏട്ടന്റെ പശുക്കൾ മരിച്ച അന്നും പിറ്റേന്നും സാജിദ ഭക്ഷണമൊന്നും കഴിച്ചില്ല. എത്ര മൂടി വെച്ചാലും സുഗന്ധം പരത്തുന്ന പ്രണയമെന്ന സത്ത മെല്ലെ മെല്ലെ അവളുടെ വീട്ടിൽ മൈലാഞ്ചിപ്പൂക്കളുടെ സുഗന്ധമായി പരന്നു. പള്ളിക്കാട്ടിലെ മൈലാഞ്ചിക്കെന്ന പോലെ അവളുടെ പ്രണയ മൈലാഞ്ചിക്കും വീട്ടിൽ നിന്ന് വിലക്കുകളുണ്ടായി.

ഏട്ടന് ചായ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് സാജിദ വിലക്കപ്പെട്ടു. അപ്പോൾ അവൾ പുറത്തെ കുളിമുറിയുടെ വാതിൽ തുറന്നിട്ട് അവിടെ നിന്ന് തുണിയലക്കി. അവിടെ നിന്ന് ഏട്ടൻ റബ്ബർ വെട്ടുന്നതും പാലെടുക്കുന്നതും നോക്കി കണ്ടു.

അതുവരെ മകളെ ശ്രദ്ധിക്കാതിരുന്ന ഉമ്മ അവളുടെ ഓരോ ചലനത്തെയും ശ്രദ്ധിക്കാൻ തുടങ്ങി. ടാപ്പിംങ്ങിന്റെ ഇടവേളയിൽ ഏട്ടന് അവൾ ചായ കൊണ്ടുകൊടുക്കുമ്പേൾ ആ കണ്ണുകളിലെ കടൽ ചിപ്പികൾ പൊഴിക്കുന്ന പ്രണയസംഗീതം ആ ഉമ്മ തിരിച്ചറിഞ്ഞു. മകളുടെ മുടി മുഴുവൻ അന്യപുരുഷന്റെ മുമ്പിൽ വെളിപ്പെടുന്നതും ആ ഉമ്മ ഞെട്ടലോടെ കണ്ടെത്തി. പ്രണയം ഒരു വ്യക്തിയിലുണ്ടാക്കുന്ന ചെറിയ ചെറിയ മാറ്റങ്ങൾ പോലും ആ ഉമ്മ തിരിച്ചറിഞ്ഞു.
മാസ്റ്റർ ഏട്ടനോട് കാര്യം തിരക്കിയെങ്കിലും അങ്ങനെയൊന്നും ഇല്ലെന്നും മാസ്റ്ററുടെ മോളെ മോഹിക്കാൻ മാത്രം അഹങ്കാരിയല്ല ഞാനെന്നും ഏട്ടൻ പറഞ്ഞിരിക്കണം.

""എന്നാ അനക്ക് നല്ലത്, ല്ലെങ്കി ഇജ് രണ്ട് കാല് മ്മെ നടക്കല്ണ്ടാവൂല.''
ഒട്ടും ഉൾഭയമില്ലാതെ ഏട്ടനത് കേട്ടുനിന്നിരിക്കണം. എത്ര ഓടിയാലും താൻ മാസ്റ്ററുടെ ഒപ്പമെത്തില്ലെന്ന അറിവിൽ ഏട്ടൻ ദൈവത്തെ അഭയം പ്രാപിച്ചു. രാത്രികളിൽ പടച്ചോനോട് സങ്കടം പറഞ്ഞ് പളളിയിൽ തന്നെ കിടന്നുറങ്ങി. അറിയാവുന്ന പ്രാർത്ഥനകളും ദിക്‌റുകളും ജോലിക്കിടയിൽ പോലും ചൊല്ലി. എന്നും ഖുർആൻ ഓതി ദുആ ഇരന്നു.

വിലക്കുകളെയെല്ലാം അവഗണിച്ച് പ്രണയം അതിന്റെ അടയാളങ്ങൾ കാണിച്ചുകൊണ്ടിരുന്നു. ഏട്ടന് ചായ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് സാജിദ വിലക്കപ്പെട്ടു. അപ്പോൾ അവൾ പുറത്തെ കുളിമുറിയുടെ വാതിൽ തുറന്നിട്ട് അവിടെ നിന്ന് തുണിയലക്കി. അവിടെ നിന്ന് ഏട്ടൻ റബ്ബർ വെട്ടുന്നതും പാലെടുക്കുന്നതും നോക്കി കണ്ടു. റബ്ബർ പാലിന്റെ വെണ്മയായി പ്രണയം അവർക്കിടയിൽ ഇറ്റി വീണു. ഹൃദയത്തിന്റെ ചിരട്ടകൾ നിറഞ്ഞുകവിഞ്ഞ് അത് വെറും മണ്ണിൽ വിരഹമായും വേദനയായും പറ്റിപ്പിടിച്ചുകിടന്നു. അവർക്കുമാത്രം മനസിലാവുന്ന അടയാളങ്ങൾ ആ റബ്ബർമരങ്ങളിൽ ഏട്ടൻ വരഞ്ഞുവെച്ചു. അവളത് വായിച്ച് ആ വരപ്പാടുകളിൽ വിരലോടിച്ചു.

ചെവിയിലേക്ക് കൈമാറിയെത്തിയ കഥകൾ ഉമ്മാനെ ഭയപ്പെടുത്തി. ഉമ്മ ഏട്ടനോട് പറഞ്ഞു; "ഓലൊക്കെ പൈസക്കാരാണ്. മാണ്ടാത്തത് മോഹിച്ചിട്ട് ഇന്റെ കുട്ടി കരയാൻ എട വരരുത്.'
കരയാൻ മാത്രമല്ല, ജീവൻ കളയാൻ പോലും പാകത്തിൽ തന്റെയുള്ളിൽ ആ നക്ഷത്ര പ്രകാശം അടയാളപ്പെട്ട് കഴിഞ്ഞെന്ന് ഏട്ടൻ പറഞ്ഞില്ല.
ഭയത്തിന്റെ നാളുകളായിരുന്നു അത്. ഏതുസമയത്തും അരുതാത്തതെന്തും സംഭവിക്കാമെന്ന് ഞങ്ങളുടെ വീടാകെ ഭയന്നു. തന്റെ വിലക്കുകളൊന്നും വകവെക്കാത്ത മകനെയോർത്ത് ഉമ്മ കരഞ്ഞു. ഉമ്മാന്റെ കണ്ണീർ ഞങ്ങളിലേക്കും പടർന്നു. ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടുവിഭാഗം ഈ ഭൂമിയിലുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.

ആബിദ സ്‌കൂളിലും മദ്രസയിലുമൊക്കെ വെച്ച് എന്നെ കളിയാക്കി.
"ഓന്റെ കാക്കാക്ക് ഇന്റെ താത്താനെ കെട്ടണേലോ ... തീട്ടം തിന്നാൻ വകല്ല, ന്നാലും പൂതിക്കൊരു കൊറവും ല്ല.'
ഒരു പതിനാലുകാരിയുടെ വായിൽ നിന്ന് ആ വാക്കുകൾ വീഴാൻ കാരണം അവളുടെ സമ്പത്താണെന്ന തിരിച്ചറിവ് എന്നെ വല്ലാതെ പൊള്ളിക്കുക തന്നെ ചെയ്തു.

കാലങ്ങൾക്കുശേഷം കോഴിക്കോട്ടെ പുതിയ ബസസ്റ്റാന്റിലെ ബുഹാരി ഹോട്ടലിൽ എച്ചിൽ തുടപ്പുകാരനായി ഞാൻ ജോലി ചെയ്യുമ്പോൾ അറിയാതെ ഒരു എല്ലിൻ കണ്ടം ദേഹത്തേക്ക് വീണതിന് വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ഏതോ ഒരു സ്ത്രീ എന്റെ കവിളത്ത് മാറിമാറി അടിച്ചപ്പോൾ ഞാൻ ഓർത്തത് ആബിദാന്റെ ആ വാക്കുകളാണ്. മാപ്പുപറഞ്ഞിട്ടും വീണ്ടും വീണ്ടും ആ സ്ത്രീ എന്റെ കവിളത്ത് അടിച്ചു കൊണ്ടിരുന്നു. ശീതീകരിച്ച ആ മുറിയുടെ വെള്ളച്ചുമരിൽ രക്ത നിറത്തിൽ എഴുതിവെച്ചത് ഞാനന്ന് വായിച്ചു, തീട്ടം തിന്നാൻ വകയില്ലാത്തവൻ.

ആ മേൽക്കൂരക്കുതാഴെ ഞാൻ സംതൃപ്തനായിരുന്നു. അതിന്റെയുള്ളിൽ മക്കൾക്കായി ജീവിക്കുന്ന ഒരു ഉമ്മയുണ്ട്. ആബിദാന്റെ താത്താനെ മോഹിച്ച എന്റെ ചെറിയാക്കയുണ്ട്.

മദ്രസയിൽ പാലൈവനത്തിന്റെ മടിയിൽ കയറിയിരുന്ന് അവൾ ചോദിക്കും.
"ഉസ്താദിന് തീട്ടം തിന്നാൻ വകയില്ലാത്തോനെ കാണണോ?'
എന്നെയാണ് അവൾ ചൂണ്ടിക്കാട്ടുക എന്നറിഞ്ഞിട്ടും ആ മനുഷ്യൻ എപ്പോഴും കൗതുക ഭാവത്തിൽ ചോദിച്ചു.
"എവ്‌ടെ? '
അവൾ എന്റെ നേരെ കൈ ചൂണ്ടി പറയും, "ദാ ഇരിക്കുണു.'
ചുറ്റും കൂട്ടച്ചിരിയുയരും. കരയാൻ പോലുമാവാതെ ഞാനെന്റെ വീടിനുനേർക്ക് നോക്കും. ഓലയുടെ മേൽക്കൂരയുമായി ഏട്ടൻ സാജിദാന്റെ വീടിനെ അനുകരിച്ച് തേച്ച പിങ്ക് നിറമണിഞ്ഞ് കോമാളിയായി എന്റെ വീട് അവിടെ തന്നെ നിൽക്കുന്നുണ്ടാവും.

ആ മേൽക്കൂരക്കുതാഴെ ഞാൻ സംതൃപ്തനായിരുന്നു. അതിന്റെയുള്ളിൽ മക്കൾക്കായി ജീവിക്കുന്ന ഒരു ഉമ്മയുണ്ട്. ആബിദാന്റെ താത്താനെ മോഹിച്ച എന്റെ ചെറിയാക്കയുണ്ട്. ചെറിയാക്ക സാജിദയ്ക്കായി ഒരുക്കിയിട്ട ഇഷ്ടിക ചുമരുകളുള്ള മണിയറയുണ്ട്. ആ മണിയറയിൽ കട്ടിലുണ്ട്. ഞങ്ങളുടെ വീട്ടിലെ ഒരേയൊരു കട്ടിൽ...
ഏട്ടന്റെ കൈ പിടിച്ച് എന്നെങ്കിലും ഒരിക്കൽ സാജിദ ഞങ്ങളുടെ വീട്ടിലേക്ക് കയറിവരുമെന്നുതന്നെ ഞാൻ വിശ്വസിച്ചു. പക്ഷേ ഏട്ടന്റെ പ്രണയം കാരണം ആ വീടും നാടും വിട്ട് ഞങ്ങളുടെ കുടുംബത്തിന് അവിടുന്ന് പോരേണ്ടി വരുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ഒരാളുടെ മോഹത്തിനും മോഹഭംഗത്തിനും ഒരു കുടുംബം ഒന്നാകെ വില കൊടുക്കേണ്ടി വരുന്ന തമാശക്കും ജീവിതം എന്നുതന്നെയാണ് പേര്. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments