ചിത്രീകരണം: ദേവപ്രകാശ്

​പടച്ചോന്റെ പേന

വെറും മനുഷ്യർ- 24

ഭാര്യയുടെ കയ്യിൽ നിന്ന് പേന വാങ്ങി അതിന്റെ മൂടി തുറക്കുമ്പോൾ കാലം പോലെ മുഷിഞ്ഞ മഷിമണം എന്റെ മൂക്കിൽ വന്ന് തൊട്ടു. ഞാൻ ചോദിച്ചു; ‘ഇജ് പടച്ചോനെ കണ്ടിട്ടുണ്ടോ?'

രീക്ഷഫലം വന്നു.
ഗിരീഷിനെ രണ്ടുശതമാനം മാർക്കിന് പിന്നിലാക്കി ഞാൻ ഒന്നാം സ്ഥാനം നേടി. വലിയ സന്തോഷമൊന്നും തോന്നിയില്ല. പട്ടിണി കിടന്നും ചോര പുരണ്ട ഓർമകളിൽ പിടഞ്ഞും എഴുതിയ പരീക്ഷയാണ്.

മുത്തയ്യൻ സാറും ഹെഡ്മാസ്റ്ററും പൊന്നഴകി ടീച്ചറും വീട്ടിലേക്ക് ഒരുമിച്ചുവന്ന് അഭിനന്ദിച്ചു. ഗിരീഷ് വഴിയിൽ വെച്ച് കണ്ടപ്പോൾ എന്നെ കെട്ടിപ്പിടിച്ചു.
തങ്കരാജ് എട്ടാംക്ലാസ് തോറ്റു. അവന് അതൊരു വാർത്തയേ അല്ലായിരുന്നു. അവന്റെ തോൽവിക്കും എന്റെ ജയത്തിനും അപ്പുറം അവൻ തന്നെ കാത്തുകിടന്ന തേളിമീനുകൾക്കായി ചൂണ്ടയിൽ ഇര കോർത്തു.

ഉപ്പ വീട് വിറ്റത് ഗോവിന്ദച്ചാമിക്കാണ്.
പെരുംചിലമ്പിൽ വിൽക്കപ്പെടുന്ന ഭൂമിയെല്ലാം വാങ്ങിക്കൂട്ടിയത് ഗോവിന്ദചാമിയായിരുന്നു. പ്രളയജലം പോലെ അയാളുടെ സമ്പത്ത് കൂടിക്കൂടി വന്നു. അയാളുടെ ഏകമകൻ ആ സമ്പത്തുകൾക്ക് നടുവിലൂടെ കാൽചങ്ങലയുമായി, എം. ആർ. രാധയുടെ സിനിമാ ഡയലോഗുകൾ ഉറക്കെ പറഞ്ഞ് തന്റെ സിനിമാമോഹവുമായി അലഞ്ഞുനടന്നു.
ഹെഡ്മാസ്റ്ററും മുത്തയ്യൻ സാറും ചേർന്ന് എന്റെ സ്‌കോളർഷിപ്പിന് വേണ്ട പേപ്പറുകളൊക്കെ ശരിയാക്കിവെച്ചിരുന്നു. ഞാൻ ആ നാട് വിട്ടുപോകും എന്നറിഞ്ഞിട്ടും അവരത് ചെയ്തത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. രണ്ടാംതവണ വീട്ടിലേക്ക് വന്നപ്പോൾ ഗണപതി സാറ് ഉപ്പാനോടു പറഞ്ഞു; ‘‘പുള്ളെയുടെ പടിപ്പ് തൊലഞ്ചിടും ല്ലേ, അവനെ ഇങ്കയേ വിട്ടുറുങ്കളേ, അരസാങ്ക സാർബിലെ അവനുക്ക് മേലും പടിച്ച് പെരിയ ആളാകലാം.''

മുത്തയ്യൻ സാറ് പ്രതീക്ഷയോടെ ഉപ്പാനെ നോക്കി. ഉപ്പ എന്നെ നോക്കി.
എന്റെ കണ്ണുകളിലെ പ്രതീക്ഷകൾ വായിച്ചെടുക്കാൻ ഉപ്പാക്ക് കഴിഞ്ഞിട്ടുണ്ടാവില്ല.
‘‘അതല്ല സാറേ, ഓനെ മാത്രം ഇവിടെയാക്കീട്ട് ഞങ്ങളെങ്ങനെയാ പോവാ ...?''
‘‘അത്‌ക്കെന്നെ'', മുത്തയ്യൻ സാറ് പറഞ്ഞു.
‘‘അരസാങ്ക ഹാസ്റ്റല് ഇര്ക്ക്തു ല്ലേ ... അങ്കെ തങ്കലാമേ, അപ്പുറം നാങ്കെ എല്ലാം ഇങ്ക താനേ ഇറുക്കോം നാങ്കെ പാത്ത്ക്ക്‌ലാം.''

ഉപ്പയെങ്ങാനും സമ്മതിച്ചാലോന്ന് ഭയന്ന് ഉമ്മ പറഞ്ഞു; ‘‘ഓന് അവ്ടുത്തെ ഉസ്‌കൂളിലും പോവാലോ.''
പിന്നെ സംസാരമൊന്നും ഉണ്ടായില്ല.
അവർ ഉമ്മ കൊടുത്ത ചായയും കുടിച്ച് പോയി .
പോവുമ്പോൾ മുത്തയ്യൻ സാറ് പറഞ്ഞു; ‘‘ഒറ് നാള് എൻ വൂട്ട്ക്ക് വായേം.''
ഞാൻ ഉപ്പാനെ നോക്കി.
ഉപ്പ സമ്മത ഭാവത്തിൽ തലയാട്ടി.

അപ്പോൾ അവിടെ വെച്ച് എന്റെ വിദ്യാഭ്യാസം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. ഗോവിന്ദച്ചാമി ഉപ്പാക്ക് അഡ്വാൻസ് കൊടുത്തു. ആ അഡ്വാൻസുമായി ഉപ്പ കോട്ടക്കലിലേക്ക് പോയി. ഒരാഴ്ച അവിടെ താമസിച്ച് അവിടുത്തെ സ്ഥലത്തിന് അഡ്വാൻസും കൊടുത്ത് ഉപ്പ ഉത്സാഹത്തോടെ മടങ്ങിവന്നു; ‘‘തറവാടിന്റെ അട്ത്താണ്. ചുറ്റുവട്ടത്തൊക്കെ തത്രം പള്ളിക്കാര്ണ്ട്.''
അപ്പൊ അതാണ് എന്റെ വീട്ടുപേര്. തത്രംപള്ളി. സ്‌കൂളിലോ നാട്ടിലോ വീട്ടിലോ അതുവരെ തത്രംപള്ളി എന്ന തറവാട്ടുപേര് അധികം ഉച്ചരിക്കേണ്ടി വന്നിട്ടില്ല.
‘പള്ളി അട്ത്ത് ണ്ടാ?'
ഉമ്മ ചോദിച്ചു. ഉമ്മാന്റെ തറവാടും ഉപ്പാന്റെ തറവാടും തമ്മിൽ വലിയ ദൂരമില്ലെങ്കിലും ഉമ്മ അവിടെയൊന്നും കാര്യമായി കണ്ടിട്ടില്ല.
‘പളളിം മദ്രസിം ഒക്കെ ണ്ട്. ബാങ്ക് കൊടുക്ക്ണ്ടത് അങ്ങട്ട് കേൾക്കാ.'

എവിടെയോ ഒരു പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി എനിക്കുചുറ്റും മുഴങ്ങി. തലയിൽ തൊപ്പി വെച്ച കുട്ടികൾ പുലരിപ്പാതകളിലൂടെ മദ്രസയിലേക്ക് പോകുന്നത് ഞാൻ കണ്ടു. മുതിർന്നവർ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ കുട്ടികളുടെ ഇഷ്ടം നോക്കാറില്ല. അവർക്ക് നഷ്ടമാവുന്നതിനെക്കുറിച്ച് ഓർക്കാറില്ല. തങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് മാത്രമാണ് ചിന്തിക്കാറ്. എന്റെ ഉമ്മയും ഉപ്പയും മുതിർന്നവരാണ്. അവർ അവരുടെ ബന്ധങ്ങളിലേക്ക് മടങ്ങി പോവുകയാണ്. അന്ന് കുടുംബത്തിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നെങ്കിൽ ഞങ്ങൾ പത്ത് മക്കളിൽ എട്ടു പേരും ആ നാടുവിട്ട് പോരാൻ സമ്മതിക്കില്ലായിരുന്നു.

സ്‌കൂളിന്റെ മതിൽ ചാടിക്കടന്ന് തങ്കരാജും ഞാനും സ്‌കൂൾ മുറ്റത്തുകൂടി നടന്നു. മുൻകൂട്ടി തീരുമാനിച്ചിട്ടൊന്നുമല്ല ഞങ്ങൾ അവിടെ എത്തിയത്. മദ്രസ കഴിഞ്ഞ് ഒന്നും ചെയ്യാനില്ലാതെ ഞാൻ തങ്കരാജിനെ തേടി ഇറങ്ങിയതായിരുന്നു. അവൻ നെൽപ്പാടങ്ങൾക്കു നടുവിലെ താമരക്കുളത്തിന്റെ വക്കത്ത് ചൂണ്ടയും പിടിച്ച് നിന്നിരുന്നു.

താഴെ ജലത്തിന്റെ ലോകത്തിൽ അവന്റെ ഇരയും കാത്തുകിടന്ന തേളിമീനുകളുടെ തൊണ്ടയിൽ ചൂണ്ടക്കൊളുത്ത് കുടുങ്ങുന്നതും അതും വലിച്ച് അവ ഓടുമ്പോൾ ജലത്തിനു മുകളിലെ ചെറിയ ചുള്ളിക്കമ്പ് വെള്ളത്തിലേക്ക് താണുതാണ് പോകുന്നതും നോക്കി, ഒന്നും മിണ്ടാതെ ഞാൻ നിന്നു. നെൽപ്പാടങ്ങൾക്കപ്പുറം കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കും പോലെ കുമാരപുരം പട്ടണം കിടന്നു .അതിന്റെ പാതകളിലൂടെ ഓടുന്ന വാഹനങ്ങൾ അവിടെ നിന്ന് നോക്കിയാൽ കളി വണ്ടികളായി തോന്നും.

തങ്കരാജ് ചൂണ്ട വലിച്ചെടുത്തപ്പോൾ അതിന്റെ തുഞ്ചത്ത് അവന്റെ കൈ മുട്ടോളം വലുപ്പമുള്ള തേളിമീൻ കിടന്ന് പിടഞ്ഞു. അവനതിന്റെ തൊണ്ടയിൽനിന്ന് കൊളുത്ത് വലിച്ചെടുക്കുന്നതും, ചെകിളയിലൂടെ ഈർക്കിൽ കയറ്റി കോർമ്പൽ കോർക്കുന്നതും കണ്ടുനിൽക്കവേ എന്തിനെന്നില്ലാതെ എന്റെ കണ്ണ് കലങ്ങി. രക്തബന്ധങ്ങളുടെ ഇര കോർത്ത വലിയൊരു ചൂണ്ട ഈ നാടിന്റെ ജലത്തിൽ നീന്തുന്ന എന്റെ തൊണ്ടയിലും കുരുങ്ങി കിടക്കുകയാണ്. ചൂണ്ടയും വലിച്ച് ഏറെ ദൂരം എനിക്ക് ഓടാനാവില്ല. മറ്റൊരു ദേശത്തിന്റെ കരയിലേക്ക് എന്നെ വലിച്ചിടുന്നത് ഓർത്തപ്പോൾ എന്റെ കണ്ണ് നീറി.
‘ഏണ്ടാ അള്‌റേ ...?'
മഞ്ഞ ചലമൊലിക്കുന്ന ചെവിയുമായി തങ്കരാജ് എന്റ മുമ്പിൽ നിന്നു.
അവന്റെ കണ്ണുകളിൽ എന്റെ ഭൂത കാലത്തിന്റെ രേഖാചിത്രങ്ങൾ തെളിഞ്ഞു മായുന്നത് ഞാൻ കണ്ടു.
‘എത്ക്ക്ടാ അള്‌റേ പശിക്ക്താ ... ?'
പശിയെപ്പോലും തോൽപ്പിക്കുന്ന എന്തോ ഒന്ന് എന്റെ നെഞ്ചിൽ കിടന്ന് കനത്തു.
നെൽപാടങ്ങൾ കടന്നെത്തിയ കുളിർ കാറ്റുകൾ ഞങ്ങളെ തഴുകി.
‘‘നീങ്കെ ഇന്ത ഊരെ വിട്ടിട്ട് പോറീങ്കളാ?''
തങ്കരാജ് ചോദിച്ചു. അവന്റെ കോർമ്പലിൽ കിടന്ന് തേളിമീനുകൾ പിടയുന്നത് ഞാൻ കണ്ടു. അവയുടെ ചെകിളയിലൂടെ ഒലിച്ച ചോര കണ്ടു .ആ മീൻ കണ്ണുകളിൽ മരണത്തിന്റെ തണുപ്പും അമ്പരപ്പും ഒടുക്കത്തെ ചുവട് വെക്കുകയായിരുന്നു.
‘എത്ക്ക് താൻ പോറീങ്കോ?'
എന്തിനാണ് പോകുന്നത്...? എനിക്ക് ഉത്തരമില്ലായിരുന്നു. നിലത്ത് ഊരിയിട്ട നിക്കറെടുത്ത് ധരിച്ച്, മീൻ കോർമ്പല വെള്ളമില്ലാത്തിടത്ത് വെച്ച് അവൻ പറഞ്ഞു; ‘വാ ... ണമുക്ക് ആത്ത്‌ല കുളിക്കലാം.'
‘വേണാം ടാ...'; ഞാൻ പറഞ്ഞു; ‘നീ പള്ളിക്കൂടത്ത്ക്ക് വര് റിയാ?'

അവനെന്നെ മിഴിച്ചു നോക്കി. എന്റെ കണ്ണുകളിലെ ഒടുക്കത്തെ മീൻ പിടപ്പ് അവൻ കണ്ടിരിക്കണം. അവൻ മുമ്പിൽ നടന്ന് പാടവരമ്പിൽ നിന്ന് പാതയിലേക്ക് കയറുമ്പോൾ കുമുദം വിറകുകെട്ടുമായി ഞങ്ങളുടെ മുമ്പിൽനിന്നു.
അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
‘ടെയ് അപ്പാസ്... ഉണക്ക് താൻ പെരിയ മാർക്ക്ണ്ണ് കേൾവി പട്ടേനേ ... ഉൺമയാ?'
ഞാൻ അതെ എന്ന് തലയാട്ടി.
അവളുടെ മുഖത്ത് നഷ്ടമായ ക്ലാസ് മുറിയും സത്തുണവും കണ്ണീർ പടങ്ങൾ വരയ്ക്കുന്നത് ഞാൻ കണ്ടു.
‘മേലും നല്ലാ പടിച്ച്ക്കടേയ്, പടിച്ച് പെരിയ പട്ടത്ത്ക്ക് വരുമ്പോത് എങ്കളെയെല്ലാം മറന്തിടാതുടേയ്.'
അതും പറഞ്ഞ് തലയിലെ വിറക് കെട്ടിൽ ഇരുകൈയും കൊരുത്ത് അവൾ ഓടി.
ആ ചുവന്ന ജമ്പറിൽ വിയർപ്പിന്റെ ഉപ്പ് പാടങ്ങൾ നീറുന്നത് എനിക്ക് കാണാമായിരുന്നു.

ഞാനീ നാട് വിട്ടു പോവുകയാണെന്നോ ഇനി ഇവിടെ പടിക്കലുണ്ടാവില്ലെന്നോ എനിക്കവളോട് പറയാൻ സമയം കിട്ടിയില്ല. ചർച്ചിന്റെ വാതിൽക്കൽ എത്തിയപ്പോൾ ചെടയാറിന്റെ ജല സംഗീതം ഞാൻ കേട്ടു. കന്യാമറിയത്തിന്റെ ചില്ലുകൂടിന് മേലേക്ക് ദുഃഖമായി കണ്ണീരായി പഴുത്ത ബദാം ഇലകൾ പൊഴിഞ്ഞു വീണു.

ഒറ്റച്ചാട്ടത്തിന് തങ്കരാജ് സ്‌കൂൾ മതിലിനു അപ്പുറത്തെത്തി.
ഞാൻ മതിലിൽ പൊത്തിപ്പിടിച്ച് കയറുമ്പോൾ മുനിയാർ പാണ്ടിയുടെ അടഞ്ഞുകിടന്ന മുറുക്കാൻ കടയുടെ മുമ്പിലെ പട്ടികൾ ഉറക്കെ കുരച്ചു. പേടി കൊണ്ട് ഉരുണ്ടുപിരണ്ട് ഞാൻ മതിലിൽ നിന്ന് താഴേക്ക് വീണു.
ഞങ്ങൾ സ്‌കൂൾ വരാന്തയിലൂടെ നടന്നു. ആ സിമൻറ്​ തറയിൽ വീണു വറ്റിയ കണ്ണീർമഴകളും ചിരിവെയിലുകളും എനിക്കുചുറ്റും കലമ്പൽ കൂട്ടി. ചോറ്റുപുരയുടെ അപ്പുറത്തെ കുറ്റിക്കാട്ടിൽ ചെറുജീവികൾ കരഞ്ഞു. അവിടേക്ക് ഗിരീഷിന്റെ ചോറ്റുപാത്രവുമായി ഓടി വരുന്ന തങ്കരാജിനെ ഞാൻ കണ്ടു. മനമില്ലാ മനമോടെ അവൻ ഇപ്പോൾ എനിക്കുവേണ്ടി മാത്രം എന്റെ ഒപ്പം നടക്കുകയാണ്.
‘പോതും ടാ ... വാ കുളിപ്പാട്ട പോലാം'; അവൻ പറഞ്ഞു.
ചെടയാറിന്റെ ഉൾത്തണുപ്പുള്ള ജലം എന്നെയും മാടി വിളിച്ചെങ്കിലും ഞാൻ പറഞ്ഞു; ‘ഇല്ലെ , തങ്കരാജ്, എനക്ക് വൂട്ടുക്ക് പോണോം.'
‘ശരി ,ണാം പോട്ടുമാ?'

ആ സ്‌കൂൾമുറ്റത്ത് എന്നെ തനിച്ചാക്കി സങ്കടങ്ങളൊന്നുമില്ലാതെ, വലത്തെ കൈ കൊണ്ട് നിക്കറും താങ്ങിപ്പിടിച്ച് അവൻ ഓടി. അവന്റെ കറുത്ത മുതുകും പിഞ്ഞിയ നിക്കറും എണ്ണ കാണാത്ത തലമുടിയും മതിലിനപ്പുറത്തേക്ക് മറയുന്നത് എന്റെ മാത്രം സങ്കടങ്ങളുടെ അസ്തമനത്തിൽ ചാരി നിന്ന് ഞാൻ കണ്ടു. എനിക്ക് അവനെ നഷ്ടമാവുകയാണ്. ഇനി ഞാൻ ജീവിതത്തിൽ ഒരിക്കലും അവനെ കാണില്ല .അവന് എന്നെ പിരിയുന്നതിൽ സങ്കടമൊന്നും ഇല്ലല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണ് നീറി.

ഒരുപാട് ദിവസങ്ങളിൽ അന്നം തന്ന ചോറ്റുപുരയുടെ മുമ്പിൽ ഞാൻ കണ്ണടച്ചുനിന്നു. സാമ്പാറിന്റെ മണം അന്നേരം എന്റെ മൂക്കിൽ വന്നു തൊട്ടു. ആൽമരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയെന്ന പൊളിഞ്ഞ മാളത്തിലും ആ സാമ്പാർ മണം എനിക്ക് കൂട്ടുവന്നു.

സ്‌കൂളിന്റെ തെക്ക് ഭാഗത്തെ വേലി നൂണ്ടുകടന്ന് വാഴത്തോപ്പുകളിലൂടെ ഞാൻ സെന്തിലിന്റെ വീട്ടിലേക്ക് നടന്നു. എത്ര മെഴുകിയാലും പണിതീരാത്ത ആ വീട്ട് മുറ്റത്ത് അവന്റെ അമ്മ കയ്യിൽ പുരണ്ട ചാണകവുമായി ഇരുന്നു. അവന്റെ ശബ്ദമൊന്നും കേൾക്കാനില്ല. അവൻ എവിടെ എന്ന എന്റെ കൺ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു; 'ഉള്ളാലെ പട്ത്ത് തൂങ്ക് റാൻ സോമ്പേരി.'
എന്തെങ്കിലും തിന്ന് അവൻ വയറ് നിറച്ചിരിക്കണം. ഇല്ലെങ്കിൽ ഇന്നേരം അവനിവിടെ അലമുറ കൊണ്ട് തിരുവിള തീർക്കുമായിരുന്നു. വീടിനകത്ത് ആകെയുള്ള നടുത്തളത്തിന്റെ മൂലയിൽ പിഞ്ഞിയ പനമ്പായയിൽ അവൻ കിടന്നു. വിശക്കുമ്പോൾ തിന്നാനായി അവൻ പറിച്ചു വെച്ച പച്ചപ്പുളികൾ അവന്റെ തലക്കാമ്പുറത്ത് കാവൽ നിന്നു.

ഞാൻ അവനെ വിളിച്ചു. ഉണരാഞ്ഞപ്പോൾ കുലുക്കി വിളിച്ചു. ഉറക്കം ഞെട്ടിയ ഈർഷ്യയിൽ അവനെന്നെ തുറിച്ചു നോക്കി. അവനും എട്ടാം ക്ലാസ് തോറ്റതാണ്. ഇനി അപ്പന്റെ കൂടെ മൺവെട്ടിയുമായി ജോലിക്ക് പോവേണ്ടതാണ്. അവൻ പായയിൽ എഴുന്നേറ്റിരുന്ന് കണ്ണു തിരുമ്മി കോട്ടുവായിട്ടു; ‘എന്ന വേണം ഉനക്ക്?'
എന്തായിരുന്നു എനിക്ക് വേണ്ടത്? എന്തിനാണ് ഞാനവനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയത്? യാത്ര പറയാനോ?
‘ശുമ്മാ താൻ ...'; ഞാൻ വിക്കി.
‘പൈത്തിയമാ ഉണക്ക്? തൂങ്ക്‌റവനെ എളുപ്പീട്ട് ശുമ്മാണ്ണ് സൊല്ല്‌റെ? '
അവന്റെ പറച്ചിൽ ഉച്ചത്തിലായിരുന്നു. അതുകേട്ട അവന്റെയമ്മ പറഞ്ഞു; ‘ഇവറ് പെരിയ രാസാ, ശുമ്മാ കൂപ്പ്ട കൂടാത്. പണം തന്ത് താം കൂപ്പ്ടണം.'
അവൻ പായയിലേക്കുതന്നെ വീണു. ആ നടുത്തളത്തിലേക്ക് ചാണകത്തിന്റെ മണം വന്നു. പുറത്തേക്കിറങ്ങുമ്പോൾ അവന്റെ അമ്മ എന്നോട് ചോദിച്ചു; ‘അട പുള്ളേ... നീ താ ക്ലാസിലെ മുതലാ വന്തത്ണ്ണ് ഇവയ് സൊ ണ്ണാ ... ഇനിയെങ്കെ പടിക്ക പോറേ...?'

എനിക്കറിയില്ലായിരുന്ന ല്ലോ, ഇനി ഞാൻ എവിടെയാണ് പഠിക്കാൻ പോവുന്നത് എന്ന്. പങ്കുവയ്ക്കാൻ ആളില്ലാത്ത സങ്കടങ്ങൾ അവനവനുചുറ്റും തന്നെ ചുഴലിയായി രൂപം മാറുമെന്ന് ഞാനറിഞ്ഞു. നേരെ വീട്ടിലേക്ക് പോവാമെന്ന് കരുതിയെങ്കിലും എന്റെ കാലുകൾ സിറാജിന്റെയും മജീദിന്റെയും വീടിന് നേർക്കാണ് നടന്നത്. സിറാജ് പരീക്ഷ ജയിച്ചിരുന്നു; പക്ഷേ സ്‌കോളർഷിപ്പിനുള്ള മാർക്ക് ഇല്ലായിരുന്നു. അവന്റെ വീട്ടിലേക്ക് ഞാൻ കയറുമ്പോൾ അവന്റെ ഉമ്മ കൈസേ യി താത്ത കൈയിലൊരു സഞ്ചിയുമായി പുറത്തേക്കിറങ്ങി വന്നു.
‘ഇങ്ങള് എന്നാ പോണത്?’; അവർ ചോദിച്ചു.
‘അറിയില്ല കൈസേയി താത്താ ...സിറാജ് എവടെ? '
‘ഓന് എവിടെങ്കിലും തെണ്ടി നടക്ക്ണ് ണ്ടാവും. പരീക്ഷൊക്കെ ജോറായി ജയിച്ചതല്ലേ...'

അതും പറഞ്ഞ് അവർ പടിയിറങ്ങിപ്പോയി.
ആ മുറ്റത്തെ കുറച്ചുനേരം അന്തിച്ച് നിന്നിട്ട് മജീദിന്റെ വീട്ടിലേക്ക് പോവാതെ ഞാൻ എന്റെ വീട്ടിലേക്ക് നടന്നു.
വലിയ ഒരു ലോറിയിലാണ് ഞങ്ങൾ പോവുന്നതെന്ന് ഉറപ്പായപ്പോൾ ഉമ്മ കിട്ടാവുന്നത്ര വിറക് ശേഖരിച്ച് വെച്ചു. അനിയനും മറ്റ് ഏട്ടന്മാരും വിറക് തേടി റബ്ബർ തോട്ടങ്ങളിലേക്ക് പോയതായിരുന്നു. ഉമ്മയും ഞാനും തനിച്ചായ ആ അവസരത്തിൽ ഞാൻ ചോദിച്ചു; ‘ഉമ്മാ... ഞാനിവിടെ നിന്ന് പഠിച്ചോട്ടേ? '
‘ഈ നാട്ടില് അന്നെ ഒറ്റയ്ക്കാക്കി പോവാന് ഉമ്മാക്കേയ് പിരാന്തൊന്നും ല്ല. അനക്ക് അവടെ ചെന്നാലും പടിക്കാലോ ...?'
‘ന്നാലും... '
‘ഒര് എന്നാലും ഇല്ല.'

അവസാനത്തെ ആണിയും അടിച്ച് ഉറപ്പിച്ച്, ഉമ്മ എന്റെ പ്രതീക്ഷകളുടെ വാതിൽ എന്നെന്നേക്കുമായി അടച്ചു. പിന്നെ ചോദ്യങ്ങൾക്കോ അപേക്ഷകൾക്കോ പ്രസക്തി ഉണ്ടായിരുന്നില്ല.

പിറ്റേന്ന് മുത്തയ്യൻ സാറിന്റെ വീട്ടിൽ ഞാൻ എത്തുമ്പോൾ സമയം രാവിലെ പത്തര മണി ആയിരുന്നു. ഒരിക്കൽ കണ്ടിട്ടുണ്ടെങ്കിലും ഞാനാ വീട്ടിലേക്ക് കയറിയിട്ടില്ല. മുറ്റത്ത് അരിപ്പൊടി കോലം കാറ്റ് തട്ടി ചിതറി കിടന്നു. അതുതന്നെ നോക്കി നിന്നപ്പോൾ സാറ് എന്നെ വിളിച്ചു; ‘ഉള്ളെ വാ ....'
വരാന്തയിൽ നാലഞ്ച് ചൂരൽ കസേരകൾ ഇട്ടിരുന്നു. ചുമരിൽ തന്തൈ പെരിയോരുടെ ചിത്രം തൂങ്ങിക്കിടന്നു. സാറിന്റെ അപ്പൻ അകത്തു നിന്ന് ശബ്ദമുണ്ടാക്കി; ‘യാര് പുള്ളേ അങ്കെ? '
‘ണാ സൊല്ലിയിരുക്കേൻ ല്ലേ... അപ്പാസ്. എന്നുടെ അൻപു മാനവൻ.'
മുത്തയ്യൻ സാർ അപ്പനോടായി പറഞ്ഞു. സാറിന്റെ പ്രിയ ശിഷ്യനായി ഞാൻ അഭിമാനം കൊണ്ട് നിന്നു.
‘ഉക്കാര് ടാ ...'; സാറ് പറഞ്ഞു.
‘ആസിരിയറും മാനവ ണുമെല്ലാം പള്ളിക്കൂടത്തിലെ.'
എന്നിട്ടും ഞാൻ മടിച്ചു നിന്നപ്പോൾ സാറെന്റെ തോളിൽ കൈ വെച്ചു.
കൈലിമുണ്ടും, കയ്യില്ലാത്ത ബനിയനുമായിരുന്നു സാറിന്റെ വേഷം.
ആ വേഷത്തിൽ സാറിന് കൂടുതൽ പ്രായം തോന്നിച്ചു.
‘ടിഫിൻ ശാപ്പ്ട്ടിയാ ...?'; എതിരെയുള്ള കസേരയിൽ ഇരുന്ന് സാറ് ചോദിച്ചു.
ഞാൻ കള്ളം പറഞ്ഞു; ‘ശാപ്‌ട്ടേൻ സാർ.'
പറഞ്ഞത് കള്ളമാണെന്ന് സാറിന് മനസിലായിരിക്കണം.

സാറ് അകത്തേക്ക് തല നീട്ടി വിളിച്ചു; ‘അട പുള്ളേ...യാര് വന്തിരിക്കാണ്ണ് പാറ്.'
യാര് , എന്ന് ചോദിച്ചു കൊണ്ട് സാറിന്റെ ഭാര്യ പുറത്തേക്ക് വന്നു .നീല കരയുള്ള വെള്ള ചേല ചുറ്റിയ ആ രൂപത്തിന്റെ മുഖത്ത് അത്ഭുതം. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത എന്നെയവർ തിരിച്ചറിഞ്ഞു.
‘നമ്മ പുള്ളെ അപ്പാസ് താനേ ഇത്'
എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
എനിക്കു വേണ്ടി സ്‌നേഹത്തോടെ തൈര് സാതവും കൊണ്ടാട്ടം മുളകും ഉണ്ടാക്കിയ കയ്യാണത്. സാറിന്റെ ചോറ്റു പാത്രത്തോടൊപ്പം തുളസി മണക്കുന്ന മറ്റൊരു ചെറിയ ചോറ്റുപാത്രം കൂടി വെച്ച കരുതലിന്റെ ചേലയാണത്.
‘ടിഫിൻ എട് അപ്പാസുക്ക്'; സാറ് അവരോട് പറഞ്ഞു.

ആ വിരലുകൾ എന്റെ മുടിയിൽ തൊട്ടു. കരുണയും കരുതലും ഉറവപൊട്ടുന്ന ജീവിത വഴികളെ ഓർത്ത് എന്റെ നെഞ്ച് കനത്തു. വിശന്ന് വലഞ്ഞ് ഗിരീഷിന്റെ എച്ചിൽ തിന്നവന് അന്നം വിളമ്പിയ ആ കൈകൾ ഞാൻ കൂട്ടിപ്പിടിച്ചു. അതിന്റെ മഞ്ഞൾ മണം മൂക്കിലേക്ക് അടുപ്പിച്ചു.ആ കൈ വെള്ളയിൽ കണ്ണീർ തൊട്ടപ്പോൾ അവരെന്നെ ചേർത്തുപിടിച്ചു.
‘എത്ക്ക് അള്കിറേ പുള്ളേ ...'
എന്തിനാണ് കരയുന്നതെന്ന് എനിക്കറിയില്ലായിരുന്നു.
സൂര്യവെളിച്ചം വീണ മുറ്റത്ത് ചിതറിക്കിടന്ന അരിപ്പൊടി കോലത്തിലേക്ക് നോക്കി ഞാൻ കരഞ്ഞു. എനിക്ക് കരയണമായിരുന്നു. ഇല്ലെങ്കിൽ എന്റെ നെഞ്ച് അതിന്റെ കൂട് തകർക്കുമെന്ന് തോന്നി.
‘അഴാതെ പുള്ളേ ... അഴാതെ.'
എന്തിന്റെയൊക്കെയോ നിറവിൽ സാറിന്റെ കണ്ണുകളിൽ ജലം നിറഞ്ഞു.
ആ മനുഷ്യൻ എഴുന്നേറ്റു വന്ന് പറഞ്ഞു; ‘പുള്ളയെ അള വെച്ചിട്ടിയേടീ, പോ പോയി ടിഫിനെ എടുത്തു ട്ട് വാ.'
അവർ അകത്തേക്ക് പോയി. വരാന്തയിലെ കാവി ചുമരിൽ വെളുത്ത അക്ഷരങ്ങളിൽ എഴുതിവെച്ച തിരുക്കുറൾ ശ്ലോകം ഞാൻ വായിച്ചു: ‘അവൈയറിൻതു ആ റായ്ൻതു സൊല്ലുക സൊല്ലിൻ തൊകൈയറിൻത തൂയ് മൈ യവർ.'

അതിന്റെ അർത്ഥം ഓർത്തെടുക്കാൻ ഞാൻ പണിപ്പെടുമ്പോൾ സാറിന്റെ മകൻ വന്നു. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന്റെ ഇളപ്പം മാത്രം. മുത്തയ്യൻ സാറിന്റെ അതെ കണ്ണുകൾ. അവൻ അപ്പനോട് സ്വകാര്യം ചോദിച്ചു. അതിന് മറുപടിയായി സാറ് പറഞ്ഞു; ‘‘ആമാ അപ്പാസണ്ണൻ താൻ. അണ്ണനെപ്പോലവേ നല്ലാ പടിക്കണം പുരിയിതാ?''

എന്നെയറിയുന്ന എനിക്കറിയാത്ത ഒരു കുടുംബം എനിക്ക് നടന്നെത്താവുന്ന ദൂരത്തിൽ ഇവിടെയുണ്ടായിരുന്നു. വാതിൽ മറവിൽ നിന്ന് നോക്കിയ സാറിന്റെ തങ്കച്ചിമാർക്കും എന്നെ അറിയാമായിരുന്നു. ഈ കുടുംബം കരുതിവെച്ച സ്‌നേഹമാണ് ഏറെകാലം എനിക്ക് അന്നമയി മാറിയത്.
ടിഫിൻ വന്നു. സ്റ്റീൽ തളികയിൽ ഇഡ്ഡലിയും സാമ്പാറും പരിപ്പ് പൊടിയും വലിയ ഗ്ലാസ്സിൽ പാലൊഴിച്ച കാപ്പിയും. കൈകഴുകാൻ സാറ് വെള്ളമൊഴിച്ച് തന്നു. ഞാൻ ഭക്ഷണം കഴിക്കുന്നതും നോക്കി സാറിന്റെ അമ്മയടക്കം ആ കുടുംബം മുഴുവൻ വരാന്തയിൽ ഇറങ്ങി നിന്നു. എനിക്കൊട്ടും സങ്കോചം തോന്നിയില്ല. കഴിച്ച് കഴിഞ്ഞ് പാത്രം എടുത്തപ്പോൾ സാറിന്റെ അമ്മ വിലക്കി; ‘നീയും ഇന്ത വീട്ട് പുള്ളെ താനേ...'

ഏതൊക്കെയോ ചരടിൽ കോർത്ത ബന്ധങ്ങൾ എനിക്കു ചുറ്റും കാവലായി നിന്നിരുന്നുവെന്ന അറിവിൽ ഞാൻ നാവിൽ ഉപ്പ് രുചിച്ചു. കൈയും മുഖവും കഴുകി കഴിഞ്ഞപ്പോൾ സാറെന്നെ ഓഫീസ് റൂമിലേക്ക് കൊണ്ട് പോയി. അവിടെ ഷെൽഫിൽ ഭാരതിയാരും കണ്ണദാസനും തന്തൈ പെരിയോറും അണിനിരന്ന് നിന്നു. ആ മുറിക്ക് കളഭത്തിന്റെ മണമായിരുന്നു. ഞാനറിഞ്ഞ ദൈവങ്ങളുടെ മണം. വിശപ്പിന് അന്നമായി തീർന്ന മണം.
മേശപ്പുറത്ത് കരുതിവെച്ചിരുന്ന തിരുക്കുറൾ സാറ് എനിക്ക് തന്നു. ഞാൻ അത് മറിച്ചു നോക്കി. തിരുക്കുറളിന്റെ സമ്പൂർണ്ണ വ്യാഖ്യാനമായിരുന്നു അത്.
‘എണ്ണെയ്ക്ക് താൻ പോറീങ്കോ? '
‘ഇന്നും കൊഞ്ചം നാൾ താൻ സാർ '
സാറ് ചുമരിൽ തൂങ്ങിക്കിടന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് സ്വർണ നിറമുള്ള ഫൗണ്ടൻ പേനയെടുത്ത് എനിക്ക് നീട്ടി; ‘എങ്കെ വാൾന്താലും നല്ലാ പടിച്ച് നല്ലവനാ വാഴണം.'

നല്ലോണം പഠിച്ച് ഞാൻ നല്ലവനായി ജീവിച്ചോ എന്ന ചോദ്യത്തിന് ഇന്ന് എനിക്ക് കിട്ടുന്ന ഉത്തരം ഇല്ല എന്നുതന്നെയാണ്. അന്ന് കളഭമണമുള്ള ആ മുറിയിൽ നിന്ന് സാറിന്റെ സ്‌നേഹ സമ്മാനങ്ങൾ വാങ്ങി ആരോടും യാത്ര പോലും പറയാതെ ഓടിപ്പോരുകയാണ് ഞാൻ ചെയ്തത്.

സ്‌നേഹം വേദന കൂടിയാണെന്ന് ഞാൻ അറിഞ്ഞത് അന്നാണ്.

എന്റെ മുമ്പിൽ കാറ്റ് തട്ടിയ അരിപ്പൊടി കോലങ്ങൾ ചിതറിക്കിടന്നു. തിരുക്കുറളും കയ്യിൽ പിടിച്ച്, ചെടയാറോളം ഞാൻ താണ്ടിയ ദൂരം വളരെ വലുതായിരുന്നു. കാലം എനിക്കായി കാത്തുവെച്ച കനിവിന്റെ ഉറവകൾ എന്നെ നയിച്ച ദൂരമായിരുന്നു അത്. മഴ ഇല്ലാഞ്ഞിട്ടും ഞാൻ മഴയെ അറിഞ്ഞു. ചെടയാറിന്റെ കണ്ണീർ തെളിച്ചമുള്ള ജലത്തിൽ ആ മഴ പെയ്തു. അതിന്റെ വെള്ള മണൽപ്പുറങ്ങളിൽ വീണുകിടന്ന ചുവന്ന അരളിപ്പൂക്കളിൽ മഴ പെയ്തു. ദൈവ സാന്നിധ്യമായ ആ മഴ എന്നെയാകെ നനച്ചു.
ചെടയാറ്റിലെ സ്വർണ്ണനിറമുള്ള മീനുകൾ എന്റെ കാലിൽ കൊത്തി. പോക്കറ്റിലെ ഫൗണ്ടൻ പേന എടുത്ത് ഞാൻ കൈയിൽ എഴുതി മണത്തു നോക്കി. മഷിയുടെ മണം. എത്രയോ കുട്ടികളുടെ പരീക്ഷ പേപ്പറിൽ ഈ പേന കൊണ്ടാണ് സാറ് മാർക്കിട്ടത്.

കാലങ്ങൾക്കു ശേഷം വാടകവീട്ടിലെ, കടലാസു പെട്ടിയിൽ നിന്ന് ആ ഫൗണ്ടൻ പേന കണ്ടെടുത്ത എന്റെ ഭാര്യ, അത് ആരുടേതാണെന്ന് ചോദിച്ചപ്പോൾ എന്റെ മുമ്പിൽ ആ കാലത്തിന്റെ മഴ മുഴുവൻ പെയ്തു. സാറിന്റെ മുറിയിൽ ആ പേനയും പിടിച്ചുനിന്ന പതിമൂന്നുകാരൻ എന്റെയുള്ളിലെ അരിപ്പൊടി കോലങ്ങൾ തട്ടി തെറിപ്പിച്ചു. സാറ് തന്ന തിരുകുറൾ എനിക്ക് നഷ്ടമായി കഴിഞ്ഞിരുന്നു. തിരുക്കുറളിന്റെ പൊരുൾ ഉള്ളിലുണ്ടല്ലോ എന്നതൊന്നും ആശ്വാസമായി തോന്നിയില്ല.
ഭാര്യയുടെ കയ്യിൽ നിന്ന് പേന വാങ്ങി അതിന്റെ മൂടി തുറക്കുമ്പോൾ കാലം പോലെ മുഷിഞ്ഞ മഷിമണം എന്റെ മൂക്കിൽ വന്ന് തൊട്ടു. ഞാൻ ചോദിച്ചു; ‘ഇജ് പടച്ചോനെ കണ്ടിട്ടുണ്ടോ?'
അവൾ അത്ഭുതത്തോടെ എന്നെ നോക്കി. മക്കൾ അതിലേറെ അത്ഭുതത്തോടെ എന്നെ തുറിച്ചു നോക്കി; ‘ഇത് പടച്ചോന്റെ പേനയാണ്.'

ഞാൻ പറഞ്ഞു. ഉപ്പാന്റെ ചെറിയ ചെറിയ ഭ്രാന്ത്യകളെ കുറിച്ച് അറിയാവുന്ന എന്റെ മക്കൾ കൂട്ടത്തോടെ ചിരിച്ചു. ആ ചിരിക്കപ്പുറം ചെടയാറിന്റെ ജല സംഗീതം ഞാൻ കേട്ടു. അതിന്റെ തീരങ്ങളിൽ പൊഴിഞ്ഞുകിടന്ന ചുവന്ന അരളി പൂക്കളിൽ ചവിട്ടി ഓടുന്ന തങ്കരാജിനെ ഞാൻ കണ്ടു. കളഭ മണവുമായി ദൈവത്തിന്റെ കാറ്റുകൾ എന്നെ വന്നു തൊട്ടു.

ഈ കുറിപ്പെഴുതുമ്പോൾ ആ ഫൗണ്ടൻ പേന എന്റെ ബാക്കിയിരുപ്പുകളുടെ കടലാസുപെട്ടിയിൽ കിടന്ന് എന്നെ നോക്കുന്നുണ്ട്. ഈ പേനയിൽ മഷി നിറച്ചാണ് പണ്ട് ഞാൻ തങ്കരാജിനും ശെന്തിലിനും മലയാളത്തിൽ കത്തുകൾ എഴുതിയത്. തങ്കരാജും സെന്തിലും ഭാഷയറിയാതെ ചുരുട്ടിക്കൂട്ടി എറിഞ്ഞ ആ കത്തുകളെല്ലാം ഞാൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു: ‘പ്രിയ സുഹൃത്തേ, മറന്നുവോ എന്നെ ...? '

മറവികൾക്കും ഓർമകൾക്കും ഇടയിലെ നൂൽപ്പാലത്തിൽ നിന്ന് ഞാൻ വഴുതിവീണ ഇടങ്ങളിലൊന്നും മണൽത്തിട്ടകൾ ഉണ്ടായിരുന്നില്ല. അരളിപ്പൂക്കൾ ഉണ്ടായിരുന്നില്ല. ദൈവ സാന്നിധ്യമായി ഞാനറിഞ്ഞ കളഭ മണം മറവിക്ക് വഴങ്ങാതെ ഓർമകളിൽ മങ്ങാതെ ഇപ്പോഴും എന്റെ അന്തരീക്ഷത്തിലുണ്ട്. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments