ചിത്രീകരണം: ദേവപ്രകാശ്

തീ പിടിച്ച ബദാം ഇലകൾ എന്റെ മേലേക്ക് അടർന്നുവീണു

വെറും മനുഷ്യർ- 26

എന്റെ ആദ്യത്തെ ആത്മഹത്യാശ്രമത്തിൽ അറുപത് ഉറക്കഗുളികകൾ കഴിച്ച് ആശുപത്രി വരാന്തയിൽ കിടന്നു ഞാൻ പിച്ചും പേയും പറയുമ്പോൾ മുറിയിൽ കയറി ഡയറി തുറന്ന് അതിലെവിടെയും പ്രണയനൈരാശ്യം കാണാനാവാതെ എന്റെ ഭ്രാന്തുകൾ കുറിച്ചിട്ട കവിതകൾ കീറിക്കളഞ്ഞത് അവളാണ്-മുഹമ്മദ്​ അബ്ബാസിന്റെ​ ആത്മകഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നു

ർക്കുമ്പോൾ അത്ഭുതം തോന്നുന്നു...
കാലങ്ങൾക്കുമുമ്പ് ഈ പാതയിലാണ് ഒരു ലോറി വന്നുനിന്നത്.
അതിൽ ഒരു കുടുംബം മുഴുവനും ഉണ്ടായിരുന്നു; സ്വന്തം വേരുകളിലേക്ക് മടങ്ങിയ മാതാപിതാക്കളും സ്വന്തം വേരുകൾ നഷ്ടമായ അവരുടെ മക്കളും.
പുലരി ആയിരുന്നു അത്.
യാത്രയിലുടനീളം ഉറക്കം നഷ്ടമായ ഞാനെന്ന കുട്ടി ഒന്ന് മയങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

ഒച്ചയും ബഹളവും കേട്ട് ഉണരുമ്പോൾ ചുറ്റും വിജനമായ പറമ്പുകൾ... സൂര്യനെ നോക്കിനിന്ന പറങ്കിമാവുകൾ... അതിൽ പഴുത്തുനിന്ന പറങ്കിമാങ്ങകൾ.
ലോറിക്കുചുറ്റും കുട്ടികൾ ഓടിക്കൂടിയിരുന്നു. ആ പാതയിലൂടെ അന്നാണ് ഒരു ലോറി കടന്നുവരുന്നത് അവർ കാണുന്നത്. മുന്നോട്ടുനീങ്ങാൻ ഇടമില്ലാതെ അന്തിച്ചുനിന്ന ലോറിക്കുചുറ്റും കുട്ടികൾ കൗതുകത്തോടെ നിന്നു. വീട്ടുപകരണങ്ങളും വിറകും ഇറക്കുമ്പോൾ അവരിലാരോ ഉറക്കെ വിളിച്ചു കൂവി.
"സർക്കസുകാര് വന്നുക്കുണോയ്...'

കുട്ടികൾ മാത്രമല്ല മുതിർന്നവരും കരുതിയത് സർക്കസുകാർ വന്നതാണ് എന്നാണ്. അവർക്ക് പരിചയമില്ലാത്ത ആട്ടുകല്ലും തമിഴിന്റെ തനിമയുള്ള വീട്ടുപകരണങ്ങളും നോക്കി, കാണാൻ പോകുന്ന സർക്കസിനെ ഓർത്ത് അവർ ആനന്ദിച്ചു. ഒരു കോമാളിയുടെ വേഷവുമായി ഈ പാതകളിലൂടെ എനിക്ക് നടക്കേണ്ടതുണ്ട് എന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.

എല്ലാവരും ചേർന്ന് വീട്ടുപകരണങ്ങൾ ഇറക്കിവെച്ചു. എങ്ങോട്ടാണ് പോകേണ്ടതെന്ന് ഉപ്പായ്ക്ക് കൃത്യമായി അറിയില്ലായിരുന്നു. ഏട്ടൻ വന്നുനിൽക്കാം എന്നു പറഞ്ഞതാണ്. പക്ഷേ ഏട്ടനെ അവിടെയെങ്ങും കാണാനില്ല. ഞങ്ങൾക്കായി ഒരു പുത്തൻവീട് ഒരുങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഏട്ടൻ ഏർപ്പാടാക്കിയ വാടക വീട്ടിലേക്കാണ് ഞങ്ങൾക്ക് പോകേണ്ടതെന്നും, ഉപ്പ വാങ്ങിയ സ്ഥലത്ത് ഞങ്ങൾ എത്തിയിട്ടുവേണം പുതിയ വീട് പണിയാനെന്നും ഉമ്മായ്ക്ക് പോലും അറിയില്ലായിരുന്നു.

അന്ന് ലോറി വന്നുനിന്ന സ്ഥലത്തിന്റെ ഇടതുഭാഗം വെളിമ്പറമ്പായിരുന്നു.
പിന്നീടാണ് അവിടെ എൻ.എസ്.എസിന്റെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വന്നത്.
സാധനങ്ങളെല്ലാം ഇറക്കിക്കഴിഞ്ഞപ്പോൾ ഉപ്പ ലോറിക്കാരന് നോട്ടുകൾ എണ്ണിക്കൊടുത്തു. ലോറി അവിടെയിട്ട് തിരിക്കാൻ പറ്റാത്തതിനാൽ അത് പതിയെ പിറകോട്ട് നീങ്ങിത്തുടങ്ങി. പെരുംചിലമ്പുമായി എന്നെ ബന്ധിപ്പിച്ച ഒടുക്കത്തെ കാഴ്ചയും മറഞ്ഞില്ലാതാവുന്നതും നോക്കി ആ പെരുവഴിയിൽ ഞാൻ നിന്നു.
തൊട്ടപ്പുറത്ത് കണ്ട വീട്ടിലേക്ക് ഉമ്മയും പെങ്ങന്മാരും പോയി.
പാതയിൽ ചാക്കുകെട്ടുകളും ആട്ടുകല്ലും അമ്മിക്കല്ലും കട്ടിലും വിറകും അനാഥമായി കിടന്നു. വയറ്റിലെ ഇടിമുഴക്കങ്ങളെ ഇല്ലാതാക്കാൻ ഞാൻ അമ്മിക്കല്ലിൽ അമർന്നിരുന്നു. ദാഹിക്കുന്നുണ്ടായിരുന്നു കരുതിയ വെള്ളമൊക്കെ ഞങ്ങൾ കുടിച്ചുതീർത്തിരുന്നു. ഞങ്ങൾ പരസ്പരം നോക്കി എല്ലാ മുഖങ്ങളിലും അമ്പരപ്പായിരുന്നു. ഉപ്പ ശ്രദ്ധയോടെ ബീഡി വലിക്കുകയാണ്. അനിയൻ വയറ് പൊത്തിപ്പിടിച്ച് ദയനീയമായി ഞങ്ങളെ നോക്കി.

ഉമ്മ കയറിച്ചെന്ന വീട് ഉമ്മാന്റെ കളിക്കൂട്ടുകാരിയുടേതായിരുന്നു.
കാലങ്ങളുടെ മാറാലയും പൊടിയും പൂപ്പലും നീക്കി ഉമ്മ ആ മുഖം ഓർത്തെടുത്തു.
പക്ഷേ, അവർ ഈ നാട്ടിലെ അന്നത്തെ ഏറ്റവും സമ്പന്നരായിരുന്നു. അഗതിയെപ്പോലെ മക്കളെയും കൂട്ടിവന്ന് പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്ന ഉമ്മാനെ അവർ മനസ്സിലായതായി നടിച്ചില്ല. എന്നാലും ഉമ്മായ്ക്കും പെങ്ങന്മാർക്കും കക്കൂസിൽ പോവാനും മുഖം കഴുകാനുമുള്ള സൗകര്യം അവർ ചെയ്തുകൊടുത്തു.
ആ വീട്ടിലെ മൂത്തമകൻ വലിയൊരു കന്നാസിൽ വെള്ളവുമായി വന്നു. മറ്റുള്ളവരുടെ കുടിയൊക്കെ കഴിഞ്ഞ് ബാക്കിയായ വെള്ളം, ഇന്നാട്ടിലെ ആദ്യത്തെ വെള്ളം, മലയാളത്തിന്റെ രുചിയുള്ള വെള്ളം ഞാൻ കുടിച്ചു. കന്നാസിന്റെ വായ്ത്തലപ്പിന് വിനാഗിരിയുടെ ഗന്ധമായിരുന്നു.
ഉപ്പാന്റെ നേരനിയൻ പാർക്കുന്നത് ഇവിടെയാണെന്ന് ഉപ്പായ്ക്ക് അറിയാമായിരുന്നു. പക്ഷേ ആ വീട്ടിലേക്കുള്ള വഴി കൃത്യമായി ഉപ്പായ്ക്ക് അറിയില്ലായിരുന്നു. ഉപ്പ അനിയന്റെ ആ വീട് കണ്ടുപിടിക്കാൻ പോയി. ഉപ്പ നടന്നുമറയുന്ന ഇടവഴിയുടെ ഇരുവശത്തും വിജനമായ വെളിമ്പറമ്പുകൾ വെയിലുകൊണ്ട് കിടന്നു. പറങ്കിമാവുകളിൽ വെയില് ചിരിച്ചപ്പോൾ ഞാൻ പെരുംചിലമ്പിലെ നെൽപ്പാടങ്ങളെ ഓർത്തു. കടലുപോലെ അനന്തമായി പരന്നുകിടന്ന ആ നെൽപ്പാടങ്ങളിലും ഇപ്പോൾ വെയിൽ വീഴുന്നുണ്ടാവും.

തലയിൽ മീൻ കുട്ടയും ചുമന്ന് ഒരു മനുഷ്യൻ ഞങ്ങളെ ശ്രദ്ധിക്കാതെ ഓടി. ഓട്ടത്തിനിടയിലും അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു; "അയില... അയില... അയിലോയ്...'

ഉമ്മയും പെങ്ങന്മാരും മടങ്ങിവന്നു. അനിയൻ വയറ്റിലെ ഇടിമുഴക്കത്തിന് മറുപടി നൽകാൻ വലതുവശത്തെ പറമ്പിലേക്ക് ഓടുന്നതുകണ്ട് ഉമ്മ അടക്കം എല്ലാവരും ചിരിച്ചു. എനിക്ക് ചിരി വന്നില്ല. കുറച്ചു ദൂരം മാത്രം ഓടി നിക്കർ താഴ്ത്തി അവൻ നിലത്തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഉപ്പാനോടും ഉമ്മാനോടും മുഴുലോകത്തോടും കടുത്ത ദേഷ്യം തോന്നി. സുഖസുന്ദരമായി കളിച്ചുനടന്ന നാടുവിട്ട് ഈ പെരുവഴിയിൽ വിശന്നിരിക്കാൻ വിധിക്കപ്പെട്ട ആ അവസ്ഥയിൽ എന്റെ ഉള്ള് പിടഞ്ഞു.

ആരോടും അനുവാദം ചോദിക്കാതെ പാതയിലേക്ക് നീണ്ടുനിന്ന പറങ്കിമാവിൻ കൊമ്പിൽനിന്ന് മഞ്ഞ നിറമുള്ള പറങ്കിമാങ്ങ ഞാൻ പറിച്ചുതിന്നു. അതിന്റെ നീര് എന്റെ താടിയിലൂടെ ഒലിച്ച് കുപ്പായത്തിൽ പടർന്ന് കറയായി മാറി. ഏട്ടന്മാരും പറങ്കിമാങ്ങകൾ പറിച്ചുതിന്നാൻ തുടങ്ങി.

ഏറെ കാലത്തിനുശേഷം കണ്ടുമുട്ടിയ കളിക്കൂട്ടുകാരിയെ പെരുവഴിയിൽ ഇരിക്കാൻ വിട്ട് വീടിനകത്ത് സുരക്ഷിതമായി ഇരുന്ന ആ സ്ത്രീയെ ജീവിതത്തിൽ ഒരിക്കലും എനിക്ക് കരുണയോടെ നോക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ആദ്യനോട്ടത്തിൽ അവരുടെ കാതിൽ മിന്നിത്തിളങ്ങിയ സ്വർണച്ചിറ്റുകൾ മരണം വരെയും അവരുടെ കാതിൽ അഹങ്കാരത്തോടെ ചിരിച്ചു നിന്നു.
ആ വീട്ടിലെ ഒരു കുട്ടി എന്റെ അടുത്ത കൂട്ടുകാരനാവുമെന്നോ, അവന്റെ കൂടെ ആ വീട്ടിൽ ഞാൻ അന്തിയുറങ്ങുമെന്നോ, വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ച ഒരു ജീവിത ഘട്ടത്തിൽ അവനോട് പണം കടം ചോദിച്ച് കിട്ടാതെ ഞാൻ പരിഹാസ്യനാവുമെന്നോ ആ പറങ്കിമാവിൻ രുചി നുണയുമ്പോൾ എനിക്ക് അറിയില്ലായിരുന്നു.

ഉപ്പ മടങ്ങിവരുമ്പോൾ ഉപ്പാന്റെ ഒപ്പം ഒരു കൊച്ചുപെൺകുട്ടിയും ഉണ്ടായിരുന്നു. അവളുടെ അസാധാരണമായ വെളുപ്പ് നിറവും ചുവചുവന്ന ചുണ്ടുകളും കണ്ട് ഞാൻ വാ പൊളിച്ചുപോയി. അത് എന്റെ ഏട്ടത്തി ആയിരുന്നു. ഉപ്പാന്റെ അനിയന്റെ മകൾ. സെലീന എന്നായിരുന്നു അവളുടെ പേര്.

പച്ച പാവാടയിലെ വെയിൽച്ചിരിയുമായി ഞങ്ങൾക്ക് വഴികാട്ടി അവൾ മുമ്പേ നടന്നു. അവളുടെ വീടിനടുത്തായിരുന്നു ഏട്ടൻ ഞങ്ങൾക്ക് പറഞ്ഞേൽപ്പിച്ച വാടകവീട്. ഇന്ന് അതെന്റെ തറവാട് വീടാണ്. അവിടെ മൊഴിചൊല്ലപ്പെട്ട ഏട്ടത്തിയും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത എന്റെ അനിയത്തിയുമാണ് താമസിക്കുന്നത്.

അന്ന് അവളെയും എടുത്തുകൊണ്ട് ഉമ്മ നടക്കുമ്പോഴും അതിനുമുമ്പും ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു, അവൾക്ക് ഈ ഭൂമിയിലെ ശബ്ദങ്ങൾ കേൾക്കാനോ, ഉള്ളിലുള്ളത് ഭാഷയിലേക്ക് പകർത്താനോ കഴിയില്ലെന്ന്... അവൾ കരയുമായിരുന്നു, ചിരിക്കുമായിരുന്നു, അർത്ഥമില്ലാത്ത ശബ്ദങ്ങൾ ഉണ്ടാക്കുമായിരുന്നു. അവൾ സംസാരിക്കാൻ വൈകുകയാണ് എന്നാണ് ഞങ്ങൾ എല്ലാവരും കരുതിയത്.

സെലീന നടത്തിച്ച വഴികളിലൂടെ ഞങ്ങൾ വീട്ടുസാധനങ്ങളും ചുമന്നു നടന്നു. അവളുടെ അനിയത്തി നസീമയും തനിക്ക് പൊങ്ങാത്ത ചൂലും തലയിലേറ്റി ഉടുതുണിയില്ലാതെ ഞങ്ങളോടൊപ്പം നടന്നു. കൊണ്ടുപോയ ചൂലുമായി തിരികെ വന്ന് പിന്നെയും അത് തലയിലേറ്റി, ഇടയ്ക്ക് മറിഞ്ഞു വീണും അവൾ ഞങ്ങളുടെ ഒപ്പം നിന്നു.

പെട്ടെന്ന് വന്നെത്തിയ അതിഥികളെ സൽക്കരിക്കാൻ ഒന്നുമില്ലാതെ എളാമ്മ വേവലാതിപ്പെട്ടു. മധുരമില്ലാത്ത കട്ടൻചായയും പാതിവെന്ത പൂളയും തന്ന് അവർ ഞങ്ങളുടെ വിശപ്പിനു മേൽ വെള്ളം തളിച്ചു. ഓലമേഞ്ഞ ഒരു ചെറിയ വീടായിരുന്നു അവരുടേത്. എളാപ്പ ജോലിക്ക് പോയതായിരുന്നു. ആ വീടിന്റെ മൺതറയിൽ ഇരുന്ന് അനിയത്തി തന്റെ പ്ലാസ്റ്റിക് വണ്ടിയുമായി കളിച്ചു. പെരുംചിലമ്പിൽ നിന്ന് അക്കണ്ട ദൂരമത്രയും അവൾ ആ ചുവന്ന കളിവണ്ടി നെഞ്ചോട് ചേർത്ത് പിടിച്ചതാണ്.

തലച്ചുമട് ഇറക്കിവെച്ച് ഞാൻ നോക്കുമ്പോഴൊക്കെ ഉമ്മ ഉത്സാഹത്തോടെ എളാമ്മയോട് സംസാരിക്കുകയായിരുന്നു. എളാമ്മയുടെ കാതിൽ വെള്ളിച്ചിറ്റുകളാണുണ്ടായിരുന്നത്.
വെളിമ്പറമ്പിലെ ചവിട്ടടിപ്പാതയിലൂടെ ഞങ്ങൾ തലച്ചുമടുമായി നടക്കുമ്പോൾ സലീന ഈണത്തിൽ പാടി.
"ഒട്ടകങ്ങൾ വരിവരിവരിയായ്...
കാരക്ക മരങ്ങൾ നിരനിരനിരയായ്... '
ഞാൻ ജീവിതത്തിൽ ആദ്യം കേട്ട മലയാളം പാട്ടായിരുന്നു അത്. പതിനഞ്ചാം വയസ്സിൽ വിവാഹിതയായി പതിനേഴാം വയസ്സിൽ അമ്മയായി മുപ്പത്തിയേഴാം വയസിൽ വല്ലിമ്മ ആയി മാറിയ അവൾ ഇപ്പോഴും ഈ പാതകളിലൂടെ കടന്നുപോകാറുണ്ട്. ഇടയ്ക്ക് വഴിയിൽവെച്ച് കണ്ടുമുട്ടുമ്പോൾ ഞാൻ ചോദിക്കും.

"എലിയേ... എന്ത് ണ്ട്?'
"എന്ത് ണ്ടാവാനാ ടാ... ഞാന് വെല്ലിമ്മയായി. ഇജ്ജെന്നാ വെല്ലിപ്പയാവാ...?'
ചുവചുവന്ന ചുണ്ടുകൾക്കുള്ളിലെ പല്ലുകൾ കേടുവന്ന് പറിച്ചെടുത്ത് കവിളൊട്ടി അകാല വാർധക്യവുമായി അവൾ എന്റെ മുമ്പിൽ നിൽക്കുമ്പോൾ കാലം തച്ചുതകർത്തിട്ടതൊക്കെയും എന്റെ മുമ്പിൽ തെളിയും. എന്റെ ആദ്യത്തെ ആത്മഹത്യാശ്രമത്തിൽ അറുപത് ഉറക്കഗുളികകൾ കഴിച്ച് ആശുപത്രി വരാന്തയിൽ കിടന്നു ഞാൻ പിച്ചും പേയും പറയുമ്പോൾ മുറിയിൽ കയറി ഡയറി തുറന്ന് അതിലെവിടെയും പ്രണയനൈരാശ്യം കാണാനാവാതെ എന്റെ ഭ്രാന്തുകൾ കുറിച്ചിട്ട കവിതകൾ കീറിക്കളഞ്ഞത് അവളാണ്. അവൾ സ്‌കൂൾ വിട്ട് വരുമ്പോൾ ഒരു നോക്കുകാണാൻ വഴിവക്കിൽ കൂട്ടം കൂടിയിരുന്ന എന്റെ കൂട്ടുകാരൊക്കെ ഇപ്പോൾ സ്വന്തമായൊരു വീടും കുടുംബവും എന്ന ലക്ഷ്യം നേടി ആദ്യ നര കയറിത്തുടങ്ങിയ മുടിയുമായി ഈ ഗ്രാമത്തിലുണ്ട്.

എന്താണ് ലക്ഷ്യമെന്നുപോലും ഇനിയും തിരിച്ചറിയാനാവാതെ ഞാനെന്ന മനുഷ്യൻ ഈ കുറിപ്പെഴുതുമ്പോൾ ആ പുലരിയെ ഓർക്കുകയാണ്. പച്ച പാവാടയിൽ വെയിൽ ചിരിയുമായി ഈ പാതകളിൽ വഴികാട്ടിയായി നടന്ന സെലീനയെ ഓർക്കുകയാണ്. ഓരോ വഴിത്തിരിവിലും കൈവന്ന ശരീര മാറ്റങ്ങളുമായി അനേകം ഓർമച്ചിത്രങ്ങൾ കലമ്പുമ്പോഴും ആ ആദ്യകാഴ്ചയിലെ പച്ച പാവാട ചന്തം എന്റെ കണ്ണിൽ വന്നുതൊടുകയാണ്. വ്യാകരണപ്പിഴവുള്ള ചിന്തകൾക്കുമേൽ ചുവചുവന്ന ചുണ്ടുകൾ വിടരുകയാണ്. പതിഞ്ഞ ഈണത്തിൽ ഒരു കൊച്ചുകുട്ടി പാടുകയാണ്.
ഒട്ടകങ്ങൾ വരിവരിവരിയായ്...
കാരക്ക മരങ്ങൾ നിരനിരനിരയായ്...

ആരൊക്കെയോ നടന്നുതേഞ്ഞ ഈ പാതകളിലെ ഓർമ്മകൾക്കു മുകളിൽ ആദ്യം ചെമ്മണ്ണും പിന്നെ ടാറും വന്നുവീഴുകയാണ്. അന്ന് തോളിൽ വിറകും ചുമന്ന് ഞാൻ നടന്നത് ഈ ടാറിട്ട പാതയിലൂടെയാണെന്ന് വിശ്വസിക്കാനാവുന്നില്ല. കള്ളി തിരിച്ച് കൂറ്റൻ മതിലുകൾ കെട്ടി പടുകൂറ്റൻ വീടുകൾ പണിഞ്ഞ് ആകെ താറുമാറായ ഈ വിശാലമായ പറമ്പിൽ അന്ന് ഒരു ആഞ്ഞിലി മരം ഉണ്ടായിരുന്നു. അതിന്റെ കൊമ്പിലിരുന്നാണ് ഞാൻ ലത്തീഫിനും ഹംസക്കും നാരായണനും വേണ്ടി മലയാളത്തിൽ പ്രണയലേഖനങ്ങൾ എഴുതിയത്. എത്ര എഴുതിയിട്ടും ബാക്കി വന്ന വാക്കുകൾ കുറിച്ചിട്ട ആ നോട്ടുബുക്കിന്റെ നിറം ഇന്ന് മഞ്ഞയാണ്. ഇനിയീ മഞ്ഞയിലേക്ക് ചിതലുകൾ അരിച്ചുകയറും. ഒടുക്കത്തെ പ്രണയവാചകത്തെയും ചിതൽ തിന്ന് തീർത്താലും എന്റെ പ്രണയ വാചകങ്ങൾ വായിച്ച, ലത്തീഫിന്റെയും ഹംസയുടെയും നാരായണന്റെയും കാമുകിമാർ എന്നെ അറിയില്ല. അവർ വായിച്ച പ്രണയലേഖനങ്ങളിലെ വാക്കുകൾ എന്റേതായിരുന്നു എന്നറിയാതെ അവരീ ഭൂമി വിട്ടുപോകും. ചിലരൊക്കെ പോയിക്കഴിഞ്ഞു.

ജീവിതം അങ്ങനെയാണ്. ഒന്നും ബാക്കിവെക്കാതെ എല്ലാം കടലെടുക്കും. അനന്തമായ ജലപ്രവാഹത്തിൽ ലയിച്ചുചേരും. മണ്ണിൽ ദേഹങ്ങളെന്ന പോലെ, ചിതയിൽ ശവശരീരങ്ങളെന്ന പോലെ...
എന്തൊക്കെയാണ് ഞാൻ എഴുതുന്നത്? ഭ്രാന്തമായി...
വീട്ടുസാധനങ്ങൾ എല്ലാം ഒതുക്കി ഉമ്മ അടുപ്പിൽ തീ പിടിപ്പിക്കുമ്പോൾ സമയം രാത്രിയായിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഞങ്ങൾ സർക്കസുകാർ അല്ലെന്നും കന്യാകുമാരിക്കാരാണെന്നും ഇവിടെ ജീവിക്കാൻ വന്നതാണെന്നും എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. ഞങ്ങൾ അണ്ണാച്ചികളാണെന്നും അതല്ല മലയാളികൾ തന്നെയാണെന്നും ഉള്ള രണ്ട് വിശ്വാസങ്ങൾ ഇന്നാട്ടുകാർ സ്വീകരിച്ചു കഴിഞ്ഞിരുന്നു.

പരിസരത്തൊന്നും അധികം വീടുകളുണ്ടായിരുന്നില്ല. ഓലയും പുല്ലും മേഞ്ഞ ഒരു വീടായിരുന്നു അത്. മണ്ണുകൊണ്ട് നിർമിച്ച് മണ്ണുകൊണ്ട് ചാന്ത് തേച്ച ആ ചുമരുകൾക്ക് അപരിചിതമായ ഗന്ധമായിരുന്നു. മുറ്റത്തിനപ്പുറം വെളിമ്പറമ്പുകൾ. ഇരുട്ടുവീഴാൻ തുടങ്ങുന്ന അന്തരീക്ഷത്തിൽ ആ വെളിമ്പറമ്പുകളിൽ പറങ്കിമാവുകൾ ശിഖരങ്ങൾ പടർത്തിനിന്നു. അന്ന് ഞങ്ങൾ കാര്യമായി തിന്നത് പറങ്കിമാങ്ങകൾ ആയിരുന്നു. മഞ്ഞയും ചുവപ്പും നിറമുള്ള പറങ്കിമാങ്ങകൾ.
പറങ്കിമാങ്ങ അരിഞ്ഞിട്ട് അതിൽ ഉപ്പും മുളകുപൊടിയും വിതറി തിന്നാൽ കൂടുതൽ രുചി ആണെന്ന് സെലീന കാണിച്ചുതന്നു. എളാപ്പ പണി കഴിഞ്ഞുവന്ന് ഞങ്ങൾക്കുള്ള മീൻ വാങ്ങിത്തന്നു. ഉപ്പയും എളാപ്പയും കൂടി പള്ളിയിലേക്ക് പോയി. ഉപ്പാന്റെ മുഖത്ത് നിറയെ സന്തോഷത്തിന്റെ മഴ പെയ്തു. ആ മഴ നനഞ്ഞ് ഉപ്പ മടങ്ങിവന്നു.

വിശപ്പും ചുമടെടുക്കലും കാരണം എല്ലാവരും തളർന്നുപോയിരുന്നു. രാത്രി ഉറക്കം തൂങ്ങി അയലക്കറിയും കൂട്ടി ചോറ് തിന്നുമ്പോൾ പെരുമഴ പോലെ പെരുംചിലമ്പ് ആർത്തലച്ചുവന്നു. സ്‌കൂൾ മുറ്റവും തങ്കരാജും ശെന്തിലും അരിപ്പൊടിക്കോലം ചിതറിയ വീട്ടുമുറ്റവും ഞാൻ ചോറ്റുപാത്രത്തിൽ കണ്ടു. പള്ളിമിനാരത്തിൽ കത്തുന്ന വെളിച്ചത്തിൽ ഞങ്ങളുടെ വീട് അടഞ്ഞുകിടക്കുന്നതുകണ്ടു. അതിനുള്ളിൽ ഞങ്ങൾ ഇല്ലെന്ന് വിശ്വസിക്കാനായില്ല. വീടിനുപിറകിലെ കരിമ്പാറയിൽ ഇപ്പോൾ ഇരുട്ട് വീണിരിക്കും. കരിമ്പാറയ്ക്കുമുകളിലെ ആ ചെറിയ ഉറവയിൽ മീനുകൾ നീന്തുന്നുണ്ടാവും. തങ്കരാജ് അനിയത്തിയെ ചേർത്തുപിടിച്ചു കിടക്കുന്നുണ്ടാവും. അവൻ എന്നെ ഓർക്കുന്നുണ്ടാവുമോ?
സുഹൃത്തേ... ഞാൻ ഇവിടെയാണ്. ഈ വിദൂരതയിൽ... അപരിചിതമായ ദേശത്തിൽ... എനിക്കുചുറ്റും അപരിചിതമായ മുഖങ്ങളാണ്.

വരാന്തയോട് ചേർന്നുള്ള മുറിയിലാണ് ഞാനും അനിയനും ഏട്ടന്മാരും കിടന്നത്. ഉറക്കത്തിൽ ഞാൻ സ്‌കൂൾമുറ്റം കണ്ടു. അവിടെ ഉയർന്ന നീല തുണിപ്പന്തൽ കണ്ടു. എട്ടാംക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ എനിക്കുതരാൻ മുത്തയ്യൻ സാറ് ഉയർത്തിപ്പിടിച്ച ട്രോഫി കണ്ടു. അത് തട്ടിപ്പറിച്ചെടുത്ത് ഓടുന്ന ഗിരീഷിനെ കണ്ടു. അവന്റെ പിന്നാലെ ഓടുന്ന തങ്കരാജിനെയും ശെന്തിലിനെയും കണ്ടു. തങ്കരാജ് വാഴയില പൊതിയിൽനിന്ന് ഉണ്ണിയപ്പം എടുത്ത് ഗിരീഷിനെ എറിഞ്ഞു. അവന്റെ മുതുകത്ത് കൊണ്ട ആ ഉണ്ണിയപ്പഏറിൽ അവന്റെ കുപ്പായം കത്താൻ തുടങ്ങി. അവന്റെ കയ്യിൽ നിന്ന് തെറിച്ചുവീണ ട്രോഫി നിലത്തുവീണ് കത്തി. ആബിദ ആ തീയിലേക്ക് അവളുടെ ചുരുൾമുടി നിവർത്തിയിട്ടു. മുടിയിൽ പടർന്ന തീ അവളുടെ മുഖത്തേക്ക് കത്തിക്കയറി. അലറി വിളിച്ചുകൊണ്ട് ഞാൻ ഞെട്ടി ഉണർന്നു. ഇരുട്ടത്ത് ഒന്നും കാണാനാവാതെ ഞാൻ ഉറക്കെ കരഞ്ഞു. എഴുന്നേറ്റുചെന്ന് വാതിൽ തുറക്കാൻ നോക്കിയപ്പോൾ ചുമരിൽ തലയിടിച്ചു. പറങ്കിമാവിൻ തോട്ടങ്ങളിൽ നിന്ന് കുറുക്കന്മാർ ഓലിയിട്ടു. മനുഷ്യപുത്രനെ നെഞ്ചേറ്റിയ കന്യാമറിയത്തിന്റെ ചില്ലുകൂട്ടിനു മുമ്പിൽ ഞാൻ കമിഴ്ന്നുവീണു. തീ പിടിച്ച ബദാം ഇലകൾ എന്റെ മേലേക്ക് അടർന്നുവീണു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments