ചിത്രീകരണം: ദേവപ്രകാശ്

ആട്ടിൻചൂരുള്ള ഒരു നരകം എന്നെ പൊതിഞ്ഞു

വെറും മനുഷ്യർ- 27

അയാളുടെ കുഴഞ്ഞുകിടന്ന ലിംഗം ബലൂൺ വീർക്കുന്നതുപോലെ വീർക്കുന്നത് ഞാൻ കണ്ടു. ഞാൻ നിലത്തേക്ക് കിടത്തപ്പെട്ടു. നിലത്തെ മണ്ണിൽ കുഴിയാനകളുടെ ചെറുകുഴികൾ. എനിക്ക് ശ്വാസം മുട്ടി. എന്റെ കണ്ണുകൾ തുറിച്ചു.

ല്ലാവരും ഉള്ളിൽ ഒരു കണക്കുപുസ്തകം സൂക്ഷിക്കാറുണ്ടോ എന്നറിയില്ല.
എന്റെയുള്ളിൽ അങ്ങനെ ഒന്നുണ്ട്. അതിന്റെ പേജുകളിൽ ചുവന്ന മഷിയിൽ ഞാൻ എഴുതിവെച്ച ഒരുപാട് പേരുകളുണ്ട്. ശത്രുവും മിത്രവും രക്തബന്ധുവും പ്രണയബന്ധുവും എല്ലാം ആ പേരുകളിലുണ്ട്. അതിന്റെ ആദ്യ പേജിൽ എഴുതിവെച്ച പേരാണ് അവോക്കരാജി എന്ന അബൂബക്കർ ഹാജി. ഇന്നും നിറം മങ്ങാതെ ആ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ട്.
ഉപ്പ വാങ്ങിയ സ്ഥലം കാണാൻ പോയതായിരുന്നു ഞങ്ങൾ. വിജനമായ വെളിമ്പറമ്പുകളുടെ പടിഞ്ഞാറേ മൂലയിൽ ആ ആറ് സെന്റ് കൊട്ടൻ പാറ കണ്ട് ഉമ്മാന്റെ കണ്ണുനിറഞ്ഞു. ഒരു കറിവേപ്പില തൈ നടാൻ പോലുമുള്ള മണ്ണ് അവിടെയുണ്ടായിരുന്നില്ല. ചിതൽപ്പുറ്റുകൾ പോലെ ഉയർന്നുനിന്ന ചെങ്കൽ പാറകൾക്കിടയിൽ കുറുക്കൻ മൈലാഞ്ചിച്ചെടികൾ അതിരിട്ടുനിന്നു. അതിന്റെ ഇലകൾക്ക് സുഗന്ധത്തിനും ദുർഗന്ധത്തിനും ഇടയിലെ മണമായിരുന്നു.
ആ പറമ്പിനുതാഴേക്ക് കുത്തനെയുള്ള ചരിവായിരുന്നു. ഇടതിങ്ങി തിന്ന പറങ്കിമാവുകളുടെ ആ കാഴ്ചകൾക്കുതാഴെ പച്ചപ്പുല്ല് പടർന്നുനിന്ന സമതലം കണ്ടപ്പോൾ ഞാനാ ചരിവിറങ്ങി. നരിമട എന്നുപേരുള്ള ഒരു ഗുഹ ഉണ്ടായിരുന്നു ആ ചരിവിൽ. ഗുഹാമുഖത്ത് മുള്ളൻപന്നിയുടെ മുള്ളുകൾ കിടന്നിരുന്നു. ആ കാഴ്ചകളിലൊന്നുമല്ല എന്റെ കണ്ണുടക്കിയത്, താഴെ സമതലത്തിൽ പച്ചവിരിച്ച കിടന്ന പുൽത്തകിടിയിൽ കിടന്ന് ഉരുളാനും ആ പച്ച മുഴുവൻ അരച്ച് കലക്കി കുടിക്കാനും എനിക്കുതോന്നി.

പുലരി മഞ്ഞിൽ നനഞ്ഞുകിടന്ന പുൽത്തകിടികളിൽ കുഞ്ഞുപൂവുകൾ തല നീട്ടി നിന്നു. സൂര്യ ചുംബനമേറ്റ മഞ്ഞുതുള്ളികൾ സ്ഫടികങ്ങളായി. ആ സ്ഫടികത്തണുപ്പിൽ കാലുവെച്ചപ്പോൾ വിവരിക്കാനാവാത്ത അനുഭൂതിയിൽ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ചരിവ് ഇറങ്ങിയപ്പോൾ കാലിൽ കൊണ്ട മുളളിൻമുറിവുകൾ നീറ്റലറിഞ്ഞു. ദേഹത്ത് തൊരടി മുള്ളുകൾ കൊണ്ട് ചോര പൊടിഞ്ഞിരുന്നു.

കണ്ണുതുറന്ന് ഞാൻ ചുറ്റും നോക്കി. മുകളിലും താഴെയും വശങ്ങളിലും പറങ്കിമാവിൻ തോട്ടങ്ങൾ... മഞ്ഞയും ചുവപ്പും നിറമണിഞ്ഞ പറങ്കി മാങ്ങകൾ. സമതലത്തിന്റെ വടക്കുഭാഗത്തായി ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്. അതിന്റെ മേൽക്കൂരയിൽ ഓടുകളൊന്നും ഇല്ലായിരുന്നു. കഴുക്കോലുകൾ ദ്രവിച്ച് പൂപ്പൽ പിടിച്ചുനിന്നു. അന്തരീക്ഷത്തിന് പറങ്കി മാങ്ങകളുടെ മണമായിരുന്നു.
പച്ച പുൽത്തകിടിയിലെ ചവിട്ടടിപ്പാതയിലൂടെ ഞാനാ വീട്ടിലേക്ക് നടന്നു. അതിന്റെ ചുമരുകൾ വെട്ടുകല്ലിന്റേതായിരുന്നു. പെരുംചിലമ്പിൽ എവിടെയും ഞാൻ കാണാത്ത ആ ചുവന്ന വെട്ടുകല്ലുകൾ എന്നെ മാടിവിളിച്ചു. ഞാനാ ചുവപ്പിൽ തൊട്ടുനോക്കി. കല്ലുകൾക്കിടയിലെ കൽപ്പൂയിയുടെ ചാന്ത് നഖം കൊണ്ട് ചുരണ്ടി നോക്കി.

ആ പറങ്കിമാവിൻ തോട്ടങ്ങളും സമതലവും പിന്നെയും താഴേക്ക് അതിരുകളില്ലാതെ നീണ്ടുകിടന്ന ഭൂമിയെല്ലാം അവോക്കരാജിയുടേതായിരുന്നു. ഗോവിന്ദചാമിമാരുടെ സ്ഥാനത്ത് അവോക്കരാജിമാർ മണ്ണിന്റെ ഉടമകളായി എല്ലാ ദേശങ്ങളിലുമുണ്ടെന്ന് ഞാൻ അറിയുകയായിരുന്നു.

പിന്നിൽ നിന്ന് അവോക്കരാജി നടന്നുവരുന്നത് ഞാൻ കണ്ടു. നല്ല ഉയരമുള്ള മനുഷ്യൻ. ഭംഗിയിൽ വെട്ടിയൊതുക്കിയ നരച്ച തലമുടിയും താടി മീശയും. വായിലെ മുറുക്കാന്റെ ചുവന്ന നീര് പച്ചപ്പുല്ലിലേക്ക് തുപ്പി ആ മനുഷ്യൻ എന്റെ നേർക്ക് നടന്നുവന്നു. ഭയം തോന്നി. അനുവാദമില്ലാതെയാണ് ഞാനിവിടേക്ക് കടന്നത്. നെഞ്ചിടിപ്പിന്റെ വേഗം കൂടി . അടുത്തെവിടെയോ വിരിഞ്ഞ കവുങ്ങിൻ പൂക്കളുടെ സുഗന്ധവുമായി കാറ്റുകൾ എന്നെ വന്ന് തൊട്ടു.

എന്റെ അടുത്തെത്തിയതും യാതൊരു മുന്നറിയിപ്പുമില്ലാതെ ആ മനുഷ്യൻ എന്നെ വീടിനകത്തേക്ക് പിടിച്ചുതള്ളി. താഴെ വീണില്ലെങ്കിലും എന്റെ ദേഹമാകെ ഭയംകൊണ്ട് വിറച്ചു. വീടിനകത്ത് പൂപ്പലിന്റെയും മണ്ണെണ്ണയുടെയും മണമായിരുന്നു. എന്തോ ഒന്ന് സംഭവിക്കാൻ പോവുകയാണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഈ സമതലത്തിനും കുന്നിനും മുകളിൽ ഉപ്പയും ഉമ്മയും ഏട്ടന്മാരും ഒക്കെയുണ്ട്. ഉറക്കെ വിളിച്ചുകൂവാൻ തോന്നിയെങ്കിലും എന്തോ ഒന്ന് എന്നെ തടഞ്ഞു. ആ മനുഷ്യൻ ഒരു ലുങ്കി മാത്രമാണ് ഉടുത്തിരുന്നത്. അയാളുടെ നെഞ്ചിൽ നരച്ച രോമങ്ങൾ കാടുപിടിച്ച് കിടന്നു. മേൽക്കൂരയില്ലാത്ത ആ വീടിനുള്ളിൽ ഞാൻ ഭയന്നുവിറച്ച് നിന്നു.

എനിക്കറിയാത്ത വികാരത്തിരകൾ ആ കണ്ണുകളിൽ ഇരമ്പിയാർക്കുന്നത് ഞാൻ കണ്ടു. മേൽക്കൂരയിലെ കഴുക്കോലുകൾക്കും പട്ടികകൾക്കും ഇടയിലൂടെ വെയിൽ വന്നു. കാറ്റുകൾ വന്നു. ആ മനുഷ്യൻ ഉടുമുണ്ട് അഴിച്ചിട്ടു. പിന്നെ മെല്ലെ നടന്നുവന്ന് എന്റെ കയ്യിൽ പിടിച്ചു. വിറയ്ക്കുന്ന എന്റെ ശരീരം കണ്ട് അയാൾ ചിരിച്ചു.
‘എത്തിനാ പേടിച്ച്ണ്ട്? ഇദൊക്കെ ഒര് രസല്ലേ ...? '

അയാൾ വല്ലാതെ കിതച്ചു. കണ്ണുകളിലെ തിരയിരമ്പം ഉച്ചത്തിലായി. എന്റെ കൈ പിടിച്ച് അയാൾ തന്റെ കുഴഞ്ഞുകിടന്ന ലിംഗത്തിൽ തൊടുവിച്ചു. ഒരു പാമ്പിനെ തൊട്ടാലുണ്ടാവുന്ന ഭയത്തിലും അറപ്പിലും ഞാൻ കൈ വലിച്ചെടുത്തു. കയ്യിൽ ഭയം പുരണ്ടു. ഞാൻ കൈ എന്റെ മുണ്ടിൽ തോർത്തുന്നത് കണ്ട് അയാൾ ഉറക്കെ ചിരിച്ചു. ചിരിച്ചപ്പോൾ വായിൽനിന്ന് മുറുക്കാൻ നീര് ചോര നിറത്തിൽ പുറത്തേക്ക് തെറിച്ചു. എന്റെ മുഖത്തും തലമുടിയിലും ആ ചുവന്ന മുറുക്കാൻ നീര് പാമ്പിൻ സ്പർശമായി വീണു.

ഞാൻ ഉറക്കെ നിലവിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. വീണ്ടും നിലവിളിച്ചു. ശബ്ദം നഷ്ടമായതറിഞ്ഞ് എന്റെ പേടി കൂടി. സൂര്യനെ മേഘങ്ങൾ മറച്ചിരിക്കണം. ചുറ്റും ഭയത്തിന്റെ മണമുള്ള ഇരുട്ട് പരന്നു. വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞ് എന്നെ പിടിച്ചുവലിച്ച് അയാൾ തന്നിലേക്ക് അടുപ്പിച്ചു. എന്റെ മുഖം അയാളുടെ നഗ്‌നമായ വയറിൽ ഉരഞ്ഞു. ആടിന്റെ മണമുള്ള ആ വയറിൽ എന്റെ മുഖം പിടിച്ചമർത്തി അയാൾ നിന്ന് കിതച്ചു.

അയാളുടെ കുഴഞ്ഞുകിടന്ന ലിംഗം ബലൂൺ വീർക്കുന്നതുപോലെ വീർക്കുന്നത് ഞാൻ കണ്ടു. ഞാൻ നിലത്തേക്ക് കിടത്തപ്പെട്ടു. നിലത്തെ മണ്ണിൽ കുഴിയാനകളുടെ ചെറുകുഴികൾ. മേൽക്കൂര ഇടിഞ്ഞു വീഴുമ്പോലെ അയാൾ എന്റെ മേലേക്ക് ഇടിഞ്ഞുവീണു. എനിക്ക് ശ്വാസം മുട്ടി. എന്റെ കണ്ണുകൾ തുറിച്ചു. അയാൾ ഇരു കൈയ്യും നിലത്ത് കുത്തി നിന്ന് എന്റെ മുഖത്ത് ഉമ്മവെച്ചു. ആട്ടിൻചൂരുള്ള ഒരു നരകം എന്നെ പൊതിയുകയായിരുന്നു. അതിന്റെ തീച്ചൂടിൽ ഞാനെന്ന കുട്ടി വെന്ത് പിടഞ്ഞു.

മുഖമാകെ വെറ്റില നീരുമായി, ശബ്ദങ്ങൾ നഷ്ടമായി സംഭവിക്കാൻ പോകുന്നത് എന്തെന്നറിയാതെ ഞാൻ ഭയത്തിന്റെ കടലിൽ, ഭയത്തിന്റെ ഉപ്പുരുചിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു. കണ്ണുകൾ ഇറുക്കിയടച്ചിട്ടും നീണ്ട ഒരു ഇരുമ്പ് ബലൂൺ വീർത്ത് വരുന്നത് ഞാൻ കണ്ടു. കഫം കാറി തുപ്പുന്ന ഒച്ച ഞാൻ കേട്ടു. ആ കഫം പുരണ്ട ചുട്ടുപഴുത്ത ഒരു മാംസക്കമ്പി എന്റെ തുടയിടുക്കിലേക്ക് തുളച്ചു കയറിയപ്പോൾ ഞാൻ ജീവിതത്തിൽ ആദ്യമായി ഉള്ളറിഞ്ഞ് ദൈവത്തെ വിളിച്ചു.
മണ്ണെണ്ണ മണമുള്ള ആ മൺതറയിൽ കുഴിയാനകളുടെ ചുഴിവൃത്തങ്ങളിൽ നിസ്സഹായനായി ഞാൻ മലർന്നു കിടന്നു. വെറ്റില നീരിന്റെ അറപ്പിക്കുന്ന ഗന്ധവുമായി ചുണ്ടുകൾ എന്നെ ചുംബിച്ചു. ഒരു മല ഒന്നാകെ എന്റെ മുകളിൽ ഉയർന്നുതാണുകൊണ്ടിരുന്നു. ആ മല വികൃതമായ ശബ്ദങ്ങൾ ഉണ്ടാക്കി. വല്ലാതെ കിതച്ചു. വല്ലാതെ ചലിച്ചു. ചലനങ്ങൾ ഒടുങ്ങി അതെന്റെ മേലേക്ക് അടർന്നുവീണപ്പോൾ പല്ലിമുട്ടകളുടെ മണമുള്ള ദ്രാവകം എന്റെ തുടകളിൽ ഇളം ചൂടോടെ വന്നു വീണു.

എന്തിനെന്നില്ലാതെ ഞാൻ മുത്തയ്യൻ സാറിനെ ഓർത്തു. കളഭമണമുള്ള ആ ദൈവ സ്പർശത്തിന്റെ ഓർമയിൽ ഞാൻ പൊട്ടിക്കരഞ്ഞു. ഇത്തവണ എന്റെ ശബ്ദം ഞാൻ കേട്ടു. കേൾക്കുന്തോറും തിരിച്ചുകിട്ടിയ ശബ്ദത്തിന്റെ ഉറപ്പിനായി ഞാൻ കൂടുതൽ ഉച്ചത്തിൽ കരഞ്ഞു. കിതപ്പുകൾ ഒടുങ്ങിയ കൈകൾ എന്റെ വായ് പൊത്തി. ഞാനാ കയ്യിൽ കടിച്ചു ഉടൻ എന്റെ മുഖമടച്ച് അടി വീണു.
‘മുണ്ടര്ത് നായിന്റെ മോനേ ... അറുക്കും ഞാൻ.'

അതും പറഞ്ഞ് ആ മനുഷ്യൻ അഴിച്ചിട്ട മുണ്ടെടുത്ത് ഉടുത്തു. പിന്നെ മുണ്ടിന്റെ കോന്തല കെട്ടഴിച്ച് അഞ്ച് രൂപയുടെ ഒരു നോട്ടെടുത്ത് എനിക്ക് ഇട്ടുതന്നു.
ഞാൻ അതേ കിടപ്പ് കിടന്നു. തുടയിലെ പല്ലിമുട്ടകൾ അലിഞ്ഞില്ലാതായി. വിരൽകൊണ്ട് അവിടെ തൊട്ടപ്പോൾ ആ ഒട്ടിപ്പിടിക്കലിൽ എന്റെ മനം മറിഞ്ഞു. അനേകം പല്ലിമുട്ടകൾ എന്റെ മുഖത്ത് വീണു പൊട്ടി. ഓക്കാനിച്ച് ഞാൻ എഴുന്നേറ്റിരുന്നു. ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് ഞാൻ ഛർദിച്ചു. രാവിലെ തിന്ന ചോറും മുരിങ്ങയിലയും അപ്പാടെ പുറത്തേക്കുചാടി. ആ പച്ചയും വെള്ളയും കണ്ടപ്പോൾ വീണ്ടും ഞാൻ ഛർദിച്ചു. ആ മനുഷ്യൻ അലറി.
‘നീച്ച് പോടാ പന്നീ ... '

എന്റെ അനുവാദമില്ലാതെ ഞാൻ വീണ്ടും വീണ്ടും ചർദ്ദിച്ചു.
കയ്​പും ചവർപ്പുമുള്ള മഞ്ഞ നീരിൽ ചുവപ്പ് കാണുവോളം ഛർദ്ദിച്ചു. അയാൾ മറ്റൊരു അഞ്ചു രൂപ കൂടി എനിക്ക് ഇട്ടുതന്ന് ആ വീട്ടിൽ നിന്നിറങ്ങിപ്പോയി. പച്ചപ്പുല്ലിലെ ചവിട്ടടി പാതയിലൂടെ നടന്നുമറയുന്ന അയാളുടെ പിൻഭാഗം നോക്കി ഞാനിരുന്നു. മുണ്ടുകൊണ്ട് തുടയിലെ പല്ലിമുട്ട നീര് തുടച്ച് എഴുന്നേൽക്കുമ്പോൾ അഞ്ചുരൂപയുടെ ആ രണ്ട് നോട്ടുകൾ എന്നെ മാടിവിളിച്ചു. കവലയിലെ ഭരണികളിൽ കണ്ട പലവർണ മധുരങ്ങൾ എന്നെ മാടിവിളിച്ചു.

ആ രണ്ട് നോട്ടുകളും എടുത്ത് മുണ്ടിന്റെ കോന്തലയ്ക്കൽ കെട്ടിയിടുമ്പോൾ, അഞ്ച് രൂപക്കും കുറച്ച് വിറകിനും വേണ്ടി എത്രയോ കുട്ടികൾ ആ പല്ലിമുട്ട ഗന്ധങ്ങൾ സ്വീകരിക്കാൻ തയ്യാറായി മേൽക്കൂരയില്ലാത്ത ആ വീടിന്റെ കുട്ടിയാനച്ചുഴികളിലേക്ക് വരാറുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
എന്റെ ലൈംഗികബോധത്തിലേക്ക് എക്കാലത്തേക്കുമായി പല്ലിമുട്ടകൾ വന്ന് വീഴുകയായിരുന്നു എന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.
ഈ നാട്ടിലെത്തി അഞ്ചാം നാളാണ് വീടിനുപുറത്തേക്ക് തനിയെ പോകാനുള്ള അനുമതി ഉപ്പയിൽ നിന്ന് കിട്ടിയത്. വിജനമായി കിടന്ന പറമ്പുകളിലെ ഇടവഴിയിലൂടെ നടക്കുമ്പോൾ നഷ്ടമായ നാടിനെ കുറിച്ച് ഓർക്കുന്നില്ലല്ലോന്ന് അത്ഭുതപ്പെടുകയായിരുന്നു ഞാൻ. കവലയെ മുറിച്ച് കോട്ടക്കലിലേക്കുള്ള ടാറിട്ട പാത കിടന്നു. പാതയ്ക്കപ്പുറം ഓടിട്ട, നീണ്ട വരാന്തയുള്ള മിനാരമില്ലാത്ത പള്ളി. പള്ളിയോടു ചാരി മറ്റൊരു ചെറിയ കെട്ടിടത്തിൽ മദ്രസ. പാലൈവനം ഉസ്താദുമാരും അവരുടെ ചൂരൽവടികളും ഇവിടെയും ഉണ്ടാവുമെന്ന് എനിക്ക് തോന്നി.
മദ്രസയും കഴിഞ്ഞ് മറ്റൊരു കെട്ടിടം. അതിലൊരു മുറി ചായപ്പീടികയാണെന്ന് അതിന്റെ ഭാവങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. മറ്റൊന്ന് ബാർബർഷോപ്പായിരുന്നു. അവിടത്തെ മരക്കസേരയിലിരുന്ന് ഒരു മനുഷ്യൻ കൈ ഉയർത്തി കൊടുക്കുന്നതും ബാർബർ ആ കക്ഷം വടിക്കുന്നതും കണ്ടപ്പോൾ ഞാൻ കുഞ്ഞാലനെ ഓർത്തു. അവിടുത്തെ കണ്ണാടിയിൽ കണ്ട എന്റെ മുഖം ഓർത്തു.

സമയം സന്ധ്യയായിരുന്നു. കോട്ടക്കലിലേക്ക് പോകുന്ന ബസ് വെള്ളയും കടും പച്ചനിറവുമായി വന്നുനിന്ന് കിതച്ചു. അതിന്റെ തലയിൽ ഇംഗ്ലീഷിൽ എഴുതി വച്ച കാരാടൻ എന്ന വാക്ക് "കറടൻ ' എന്ന് ഞാൻ വായിച്ചു. താഴെ വെളുത്ത ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ എഴുതിവെച്ച മലയാള വാക്ക് എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ബസ് പോയിക്കഴിഞ്ഞാണ് ഞാൻ ബാർബർഷോപ്പിനുമുമ്പിലെ അര തിണ്ടിൽ എഴുതിവെച്ച ബിസ്മില്ലാ സലൂൺ എന്ന വാക്കിലുടക്കിയത് . നീലപെയിന്റടിച്ച് അതിൻമേൽ ഇളം മഞ്ഞ നിറത്തിൽ എഴുതിവച്ച ആ അക്ഷരങ്ങൾ വായിച്ചെടുക്കാനാവാതെ ഞാൻ അന്തിച്ചു നിന്നു.
മലയാളം...

മലയാളത്തിൽ മലയാളം എന്ന് എഴുതാനോ വായിക്കാനോ അറിയാത്ത ഞാൻ ഇനിയെങ്ങനെ ഇവിടത്തെ വാക്കുകളും വാചകങ്ങളും വരികളും വായിച്ചെടുക്കുമെന്ന് വേവലാതിപ്പെട്ടു. കണ്ടുനിന്ന കടൽ പെട്ടെന്ന് ഇല്ലാതെയായാൽ അവിടെ തികഞ്ഞ ശൂന്യത കാണേണ്ടി വന്നാലുണ്ടാവുന്ന വിവരിക്കാനാവാത്ത വേവലാതിയയിരുന്നു അത്. ഇക്കണ്ട കാലമത്രയും ഞാൻ പഠിച്ച, എഴുതിയ, ഭാഷ കൊണ്ട് എനിക്കിവിടെ ഒരു ഉപകാരവും ഉണ്ടാവില്ല എന്ന വല്ലാത്ത തിരിച്ചറിവിൽ ഞാൻ ഭയന്നു. നെഞ്ചിൽ കനമായി രൂപപ്പെട്ട ആ ഭയം പിന്നീട് സെലീനാന്റെ സ്‌കൂൾ പുസ്തകങ്ങൾ മറിച്ചുനോക്കുമ്പോൾ കണ്ണിലേക്ക് കയറി കണ്ണീരായി മാറി. അറിയാത്ത ഭാഷ അച്ചടിച്ച ആ പുസ്തകത്തിലേക്ക് എന്റെ കണ്ണീര് ഇറ്റി വീണു.

‘ഇജെന്തിനാ കരയ്ണ്ടത്?' സെലീന ചോദിച്ചു.
എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഓരോ പാഠപുസ്തകത്തിലും അച്ചടിമഷി പുരണ്ടുകിടന്ന അപരിചിതമായ അക്ഷരക്കടലിൽ വിരൽ തൊട്ട് ഞാനിരുന്നു. അവളുടെ ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക് എനിക്ക് വായിക്കാൻ കഴിയുമായിരുന്നു. ഞാനത് വായിച്ചപ്പോൾ അവൾ ചോദിച്ചു, ‘ഇജ് ഇംഗ്ലീഷാരനാ?'

ഇംഗ്ലീഷ് അല്ലാതെ മറ്റൊന്നും വായിക്കാനറിയാത്ത, സായിപ്പല്ലാത്ത ഞാൻ, തമിഴ് നഷ്ടമായ ഞാൻ, ആ പുസ്തകങ്ങളിലേക്കുതന്നെ തുറിച്ചുനോക്കി. ഏതൊക്കെയോ അക്ഷരങ്ങൾക്ക് എന്റെ അക്ഷരങ്ങളുമായി സാമ്യമുണ്ടായിരുന്നു. ആ സാമ്യത്തിന്റെ തുമ്പ് പിടിച്ച്, "ഥ' എന്ന അക്ഷരം ചൂണ്ടി ഞാൻ ചോദിച്ചു; ‘‘ഇത് ‘മ' അല്ലേ...?''
‘‘അജ്ജേ ... അത് "ഥ' യാ ണ്. കഥാന്ന് എഴുതുമ്പള്ള ഥ.''

ഥ യും, മ യും, എന്നെ ചതിച്ചുകൊണ്ട്, മറ്റു സാമ്യങ്ങളെ ഉച്ചരിക്കാൻ വിടാതെ, എന്റെ മുമ്പിൽ വലിയൊരു മതിലുതീർത്തു. അന്നുരാത്രി മുഴുവൻ ഞാനാ മലയാള പുസ്തകങ്ങളുമായി സംസാരിച്ചു നോക്കി. അവയിലെ വാക്കുകൾ എന്നോട് മറുപടി ഒന്നും പറഞ്ഞില്ല. ചിത്രങ്ങൾ മാത്രം ലോകഭാഷയായി മുമ്പിൽ ചിരിച്ചുനിന്നു.
പാഠപുസ്തകങ്ങൾ മാത്രമല്ല, ഹോട്ടലിലെ പത്രവും അങ്ങാടിയിലെ ബോർഡുകളും സ്റ്റാളുകളിൽ തൂങ്ങിക്കിടന്ന വീക്കിലികളും എന്നെ നോക്കി പരിഹസിച്ചുചിരിച്ചു. ആ ചിരികൾക്കുനടുവിൽ ഞാനെന്ന പതിമൂന്നുകാരൻ മരുഭൂമിയിലെ ഉഷ്ണക്കാറ്റിൽ ദിക്കറിയാതെ കുടുങ്ങിപ്പോയ യാത്രക്കാരനായി സ്വയം ശപിച്ചുനിന്നു.
ഉണക്കമീൻ പൊതിഞ്ഞു കിട്ടിയ തമിഴ് പത്രത്തിന്റെ തുണ്ട് കണ്ടപ്പോൾ ആർത്തിയോടെ ഞാനത് മുഴുവൻ വായിച്ചു. വായിക്കുമ്പോൾ പൊന്നഴുകി ടീച്ചറുടെ മധുരശബ്ദത്തിൽ എന്റെ ഉൾക്കാത് തിരുക്കുറൾ കേട്ടു. ‘പുനർച്ചി പഴകുതൽ വേണ്ടാ ഉണർച്ചി താൻ നട്പാങ്ക് കിഴമൈ തറും.'

സെലീന ഞാൻ തമിഴ് പത്രം വായിക്കുന്നത് കൗതുകത്തോടെ കേട്ടിരുന്നു. വായിച്ചു തീർന്നപ്പോൾ അവൾ ചോദിച്ചു; ‘ജ് അണ്ണാച്ചിയാ ...? വെറക് കൊത്താൻ വര്ണ്ട അണ്ണാച്ചി ഇങ്ങനേണ് വർത്താനം പറയല്.'

അണ്ണാച്ചി എന്ന വാക്ക് ഒരു ബഹുമാന പദമാണെന്ന് എത്ര പറഞ്ഞു കൊടുത്തിട്ടും അവൾക്ക് മനസ്സിലായില്ല. അവളുടെ മാത്രമല്ല, എനിക്കുചുറ്റുമുള്ള മനുഷ്യരുടെ നിഘണ്ടുവിൽ അണ്ണാച്ചി എന്ന വാക്ക് ചീത്ത വാക്കായിരുന്നു. മുതിർന്നവരും കുട്ടികളും തങ്ങളുടെ ചീത്തവിളികളിലെ ഏറ്റവും മാരകമായ വാക്കായി അണ്ണാച്ചി ഉപയോഗിച്ചു. ‘പോടാ നായേ ...' എന്ന ചീത്തവിളിയേക്കാൾ ' പോടാ അണ്ണാച്ചിയേ... ‘എണ്ണ ചീത്തവിളിക്ക് പ്രഹരശേഷി കൂടുതലായിരുന്നു. ദിവസങ്ങൾ ചെല്ലെ കവലയിലേക്കുള്ള എന്റെ നടത്തത്തിൽ ലക്ഷം വീട് കോളനിയിൽ നിന്നും, മതിലുകൾക്കപ്പുറത്ത് നിന്നുമൊക്കെ ആ വിളി സ്ഥിരമായി വന്നു തുടങ്ങി.
ടാ ... അണ്ണാച്ചിയേ...
അതാടാ അണ്ണാച്ചി പോണു...

അണ്ണാച്ചി എന്ന ആ ബഹുമാനപദം മറ്റൊരർത്ഥത്തിൽ കേട്ടുകേട്ട് എന്റെയുള്ളിലും അതിന്റെ അർത്ഥം മാറി അതൊരു പരിഹാസ വാക്കായി രൂപപ്പെട്ടു. അനിയനും ഏട്ടന്മാരു മൊക്കെ ഈ അണ്ണാച്ചി വിളികളിൽ പ്രകോപിതരായി. അപ്പോൾ കൂടുതൽ ഉച്ചത്തിൽ കുട്ടികൾ ആർത്തുവിളിച്ചു.
അണ്ണാച്ചി പോണോയ്...

സ്വപ്നങ്ങളിലേക്കുപോലും ആ വിളി കടന്നുവന്നു. ഏതാണ്ട് പതിനഞ്ച് വർഷത്തോളം ആ വിളി ഞാൻ കേട്ടു. എന്നോടുള്ള ബഹുമാനം കൊണ്ടാണ് അവർ അങ്ങനെ വിളിക്കുന്നത് എന്ന് സങ്കൽപിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട ഞാൻ സ്വയം അംഗീകരിച്ചു.
അതെ.
ഞാൻ അണ്ണാച്ചിയാണ്.
അണ്ണാച്ചിയും മനുഷ്യനാണ്.
അണ്ണാച്ചിക്കും വിശക്കും.
അണ്ണാച്ചിയും തൂറും.
അണ്ണാച്ചിയുടെ ചോരക്കും നിറം ചുവപ്പ് തന്നെയാണ്.
എന്നിട്ടും ആ വാക്കിന്റെ അർത്ഥം മാറിമറിഞ്ഞതിനെ എനിക്ക് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments